കേരളത്തിലെ സാഹിത്യകാരന്മാർ - Part 2

പൊൻകുന്നം വർക്കി

1910-ൽ എടത്വായിൽ ജനിച്ചു. അധ്യാപകനായിരുന്നു. കഥകളെഴുതിയതിന്റെ പേരിൽ ധാരാളം പീഡനങ്ങൾക്ക് വിധേയനായി. കേരള സാഹിത്യഅക്കാദമിയുടെയും സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെയും പ്രസിഡന്റായിരുന്നു. വികാരസദനം, നിവേദനം, ആരാമം, ശബ്ദിക്കുന്ന കലപ്പ, ഡമോക്രസി, തിരഞ്ഞെടുത്ത കഥകൾ (രണ്ടു ഭാഗങ്ങൾ), ജേതാക്കൾ, സ്വർഗം നാണിക്കുന്നു, വിശറിക്ക് കാറ്റുവേണ്ട എന്നിവയാണ് പ്രധാന കൃതികൾ. കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്‌ഛൻ പുരസ്‌കാരം 1997-ൽ ലഭിച്ചു. എന്റെ വഴിത്തിരിവ് എന്ന പേരിൽ ആത്മകഥ രചിച്ചിട്ടുണ്ട്. 2004 ജൂലൈ 2-ന് അന്തരിച്ചു.

വൈക്കം മുഹമ്മദ് ബഷീർ

1910-ൽ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ ജനിച്ച ബഷീർ മലയാള ചെറുകഥയെയും നോവലിനെയും പുതിയ മാർഗത്തിലൂടെ നയിച്ചു. സവിശേഷമായൊരു വ്യക്തിത്വവും കാഴ്ചപ്പാടും ശൈലിയും കഥകളെ പെട്ടെന്ന് ശ്രദ്ധേയമാക്കി. 1972-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി. ധാരാളം ഫെലോഷിപ്പുകളും ഡോക്ടറേറ്റും ലഭിച്ചു. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, ശബ്ദങ്ങൾ, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, മുച്ചീട്ടുകളിക്കാരന്റെ മകൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, ആനവാരിയും പൊൻകുരിശും, മതിലുകൾ, പ്രേമലേഖനം തുടങ്ങിയവ പ്രധാന കൃതികളാണ്. ഓരോ കൃതിയും വായനക്കാരനെ ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകകൂടി ചെയ്യുന്നു. 1982-ൽ പത്മശ്രീ ബഹുമതിയിലൂടെ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങിയ അദ്ദേഹം 1994 ജൂലൈ 5-ന് ഈ ലോകത്തോട് യാത്ര പറഞ്ഞു.

ശൂരനാട്ട് കുഞ്ഞൻപിള്ള

1911 ജൂൺ 24-ന് ജനിച്ചു. പണ്ഡിതനും വിദ്യാഭ്യാസവിചക്ഷണനും. കോളേജ് അധ്യാപകൻ, അസിസ്റ്റന്റ് സെക്രട്ടറി, മലയാള നിഘണ്ടുവിന്റെ എഡിറ്റർ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചു. 1953-1971 കാലങ്ങളിൽ മലയാള നിഘണ്ടുവിന്റെ എഡിറ്ററായിരുന്നു. അംബാദേവി, സാഹിത്യഭൂഷണം, പുഷ്പാഞ്ജലി മുതലായ കൃതികളും ഉണ്ണുനീലിസന്ദേശം, ലീലാതിലകം തുടങ്ങിയവയ്‌ക്കെഴുതിയ പഠനങ്ങളും ഇരയിമ്മൻ തമ്പി, പുനം നമ്പൂതിരി തുടങ്ങിയവരുടെ കൃതികൾക്കെഴുതിയ വ്യാഖ്യാനങ്ങളും ശ്രീചിത്രാവ്യാകരണ മഞ്ജരിയും ഉൾപ്പെടെ ഒട്ടേറെ കൃതികളുടെ കർത്താവാണ്. 1993-ൽ കേരളസർക്കാരിന്റെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ അദ്ദേഹത്തിന് പത്മശ്രീ ഉൾപ്പെടെയുള്ള മറ്റു പല പുരസ്കാരങ്ങളും ലഭിച്ചു. നിര്യാണം 1995 മാർച്ച് 8-ന്.

ചങ്ങമ്പുഴ കൃഷ്‌ണപിള്ള

ഇടപ്പള്ളിയിലെ ചങ്ങമ്പുഴ വീട്ടിൽ 1911 ഒക്ടോബർ 10-ന് ജനിച്ചു. 40-കളിലും 50-കളിലും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കവിയായിരുന്നു ചങ്ങമ്പുഴ. മലയാള കാവ്യലോകത്തെ ഗാനഗന്ധർവനായി അറിയപ്പെടുന്ന ചങ്ങമ്പുഴ, തന്റെ സുഹൃത്തായ ഇടപ്പള്ളി രാഘവൻപിള്ളയുടെ മരണത്തിൽ മനംനൊന്തെഴുതിയ പ്രസിദ്ധമായ കൃതിയാണ് രമണൻ. ചങ്ങമ്പുഴയും ഇടപ്പള്ളിയും കൂടി മലയാളത്തിൽ പ്രചരിപ്പിച്ച ഭാവഗീതപ്രസ്ഥാനം കവിതാലോകത്ത് വസന്തം സഷ്ടിച്ചു. ബാഷ്പാഞ്ജലി, സങ്കല്പകാന്തി, യവനിക, സ്വരരാഗസുധ, പാടുന്ന പിശാച്, സ്പന്ദിക്കുന്ന അസ്ഥിമാടം തുടങ്ങി നാല്പതിൽപരം കവിതാസമാഹാരങ്ങൾ 37 വർഷത്തെ ചുരുങ്ങിയ ജീവിതത്തിനിടയിൽ ഇദ്ദേഹം രചിച്ചു. 1948 ജൂൺ 17-ന് ചരമം പ്രാപിച്ചു.

തകഴി ശിവശങ്കരപ്പിള്ള

ജ്ഞാനപീഠജേതാവ്. 1912 ഏപ്രിൽ 17- ന് തകഴിയിൽ ജനിച്ചു. മോപ്പസാങ് കൃതികളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കഥകളെഴുതി. കർഷകന്റെ ജീവിതവും വേദനയും വർണിക്കുന്നതിൽ മികവ് കാട്ടിയ തകഴിയെ 'കുട്ടനാടിന്റെ കഥാകാരൻ' എന്ന് വിളിക്കുന്നു. ലളിതവും ശക്തവുമായ ഭാഷാശൈലി, യഥാർഥമായ ആവിഷ്‌കരണം എന്നിവ അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷതകളാണ്. രണ്ടിടങ്ങഴി, ചെമ്മീൻ, കയർ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങി 25-ലധികം നോവലുകളുടെയും ഇരുന്നൂറോളം കഥകളുടെയും കർത്താവായ തകഴി 1984-ൽ ജ്ഞാനപീഠവും വയലാർ അവാർഡും 1985-ൽ പത്മഭൂഷൺ ബഹുമതിയും നേടിയിട്ടുണ്ട്. 1994-ൽ എഴുത്തച്ഛൻ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 1999 ഏപ്രിൽ 10-ന് ചരമമടഞ്ഞു.

വൈലോപ്പിള്ളി ശ്രീധരമേനോൻ

1911 മെയ് 11-ന് ജനിച്ചു. ശ്രീ എന്ന തൂലികാനാമത്തിൽ കവിതയെഴുതിത്തുടങ്ങി. കുടിയൊഴിക്കൽ, കന്നിക്കൊയ്ത്ത്, യുഗപരിവർത്തനം, കണ്ണീർപ്പാടം, കടൽക്കാക്കകൾ തുടങ്ങിയ കവിതകളിലൂടെ സാമൂഹിക പ്രശ്നങ്ങളെ സാധാരണക്കാരന്റെ മുന്നിൽ അനുഭൂതിസാന്ദ്രമായ രീതിയിൽ അവതരിപ്പിച്ചു. കന്നിക്കൊയ്ത്തിലെ മാമ്പഴം, സഹ്യന്റെ മകൻ, പന്തങ്ങൾ തുടങ്ങിയ കവിതകൾ വൈലോപ്പിള്ളിയെ പ്രശസ്‌തിയിലേയ്ക്കുയർത്തി. വയലാർ അവാർഡ്, സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ശ്രീരേഖ, ഓണപ്പാട്ടുകാർ, കുന്നിമണികൾ, വിത്തും കൈക്കോട്ടും, വിട, കയ്പവല്ലരി, മകരക്കൊയ്ത്‌ത് തുടങ്ങിയവ മറ്റ് കൃതികളാണ്. 1985 ഡിസംബർ 22-ന് അന്തരിച്ചു.

എസ്.കെ. പൊറ്റെക്കാട്ട്

1981-ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവ്. കോഴിക്കോട് കോട്ടൂളിപ്പാടത്ത് പൊറ്റെക്കാട്ട് വീട്ടിൽ 1913 മാർച്ച് 14-ന് ജനിച്ചു. സഞ്ചാര സാഹിത്യകാരന്മാരിൽ പ്രധാനി. 1940-45 കാലത്ത് ബോംബെയിൽ ഉദ്യോഗം. 1962-67 കാലത്ത് ലോകസഭാംഗമായിരുന്നു. 1949-ൽ ആരംഭിച്ച ദേശാന്തരയാത്രയ്ക്കിടയിൽ അദ്ദേഹം പല തവണ യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവ സന്ദർശിച്ചു. സാഹിത്യ അക്കാദമിയിൽ എക്സിക്യൂട്ടീവ് അംഗമായിരുന്നു. ഒരു ദേശത്തിന്റെ കഥ, വിഷകന്യക, ഒരു തെരുവിന്റെ കഥ, നാടൻപ്രേമം, ബാലിദ്വീപ്, കാപ്പിരികളുടെ നാട്ടിൽ ഇവ പ്രധാന കൃതികൾ. 1982 ആഗസ്‌റ്റ് 6-ന് നിര്യാതനായി.

എം.പി. അപ്പൻ

1913-ൽ തിരുവനന്തപുരത്ത് ജഗതിയിൽ ജനിച്ചു. ഗവൺമെന്റ് സ്കൂ‌ളിൽ അധ്യാപകനും ഹെഡ്മാസ്‌റ്ററുമായി. ഗദ്യപദ്യ വിഭാഗങ്ങളിലായി 40-ൽ അധികം കൃതികൾ രചിച്ചു. കൃത്രിമ വർണപ്പകിട്ടും ഭാവതീക്ഷ്ണതയും കുറഞ്ഞ കാവ്യാന്തരീക്ഷവും, അവിച്ഛിന്നഗതിയായ ശൈലിയും, ഏകാഗ്രമായ സൗന്ദര്യോപാസനയുമാണ് അപ്പന്റെ കൃതികളിൽ പ്രതിബിംബിക്കുന്നത്. കേരള സാഹിത്യ അക്കാദമി അവാർഡ്, മൂലൂർ അവാർഡ്, ആശാൻ പ്രൈസ്, വള്ളത്തോൾ അവാർഡ്, 1998-ൽ എഴുത്തച്ഛൻ പുരസ്കാരം തുടങ്ങിയവ അദ്ദേഹത്തിനു ലഭിച്ചു. വെള്ളിനക്ഷത്രം, ലീലാസൗധം, അമൃതബിന്ദുക്കൾ, പനിനീർപ്പൂവും പടവാളും, പ്രസാദം, ഉദ്യാനസൂനം തുടങ്ങിയവ പ്രമുഖകൃതികളാണ്. 2003 ഡിസംബർ 9-ന് അന്തരിച്ചു.

മുട്ടത്തു വർക്കി

1915 ഏപ്രിൽ 28-ന് ചങ്ങനാശ്ശേരിക്കടുത്ത് വരാപ്പുഴയിൽ ജനിച്ചു. സാധാരണക്കാരെ നോവലുകളുമായടുപ്പിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. നോവലുകൾ, ചെറു കഥാസമാഹാരങ്ങൾ, വിവർത്തനങ്ങൾ തുടങ്ങി 180-ലധികം കൃതികൾ രചിച്ചു. 21 വർഷം ദീപിക പത്രത്തിന്റെ സഹപത്രാധിപരായിരുന്നു. മറിയക്കുട്ടി, പാടാത്ത പൈങ്കിളി, ഇണപ്രാവുകൾ, അക്കരപ്പച്ച തുടങ്ങിയ നോവലുകളും കല്യാണരാത്രി എന്ന ചെറുകഥാസമാഹാരവും ആത്‌മാഞ്ജലി എന്ന കവിതാസമാഹാരവും ഡോ. ഷിവാഗോ എന്ന വിവർത്തനഗ്രന്ഥവും ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. മുപ്പതോളം നോവലുകൾ സിനിമയാക്കിയിട്ടുണ്ട്.1989 മെയ് 28-ന് അന്തരിച്ചു.

കെ.എം. ജോർജ്

1914 ഏപ്രിൽ 20-ന് ഇടയാറന്മുളയിൽ ജനിച്ചു. ഗവേഷകനും സാഹിത്യകാരനുമാണ്. കേന്ദ്ര സാഹിത്യ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി, സർവ്വവിജ്ഞാനകോശം ചീഫ് എഡിറ്റർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാല്‌പതിലധികം മലയാള ഗ്രന്ഥങ്ങളും 10 ഇംഗ്ലീഷ്ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. മലയാളസാഹിത്യത്തെയും സാഹിത്യകാരന്മാരെയും ലോകശ്രദ്ധയിലേയ്ക്ക് കൊണ്ടുവരാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. 1987-ൽ സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ്, 1988-ൽ പത്മശ്രീ, എഴുത്തച്ഛൻ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. പ്ലെയിസ് നെയിംസ് ഓഫ് സതേൺ ഇന്ത്യ, മലയാളം ലിറ്ററേച്ചർ, വെസ്റ്റേൺ ഇൻഫ്ളുവൻസ് ഓൺ മലയാളം ലാങ്ഗ്വേജ് ആന്റ് ലിറ്ററേച്ചർ, ജീവചരിത്രസാഹിത്യം, അന്വേഷണങ്ങൾ പഠനങ്ങൾ തുടങ്ങിയവ പ്രധാന കൃതികളാണ്. 2001-ൽ പത്മഭൂഷൺ ബഹുമതി ലഭിച്ചു. 2002 നവംബർ 19-ന് തിരുവനന്തപുരത്ത് അന്തരിച്ചു.

എൻ.വി. കൃഷ്ണ‌വാരിയർ

1916 മെയ് 15-ന് തൃശൂരിൽ ഞെരുവിശ്ശേരിയിൽ ജനിച്ച എൻ.വി. വിവിധ കോളേജുകളിൽ അധ്യാപകനായിരുന്നു. 1942-ൽ ജോലിരാജിവെച്ച് സ്വാതന്ത്ര്യസമരസേനാനിയായി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് തുടങ്ങി ധാരാളം പുരസ്‌കാരങ്ങൾ ലഭിച്ചു. നീണ്ട കവിതകൾ, കുറേക്കൂടി നീണ്ട കവിതകൾ, ഗാന്ധിയും ഗോഡ്സെയും, അമേരിക്കയിലൂടെ തുടങ്ങി കവിതകളായും പഠനങ്ങളായും ലേഖനങ്ങളായും വിവർത്തനങ്ങളായും ധാരാളം കൃതികൾ ഇദ്ദേഹത്തിന്റേതായുണ്ട്. മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. 1980 ഒക്ടോബർ 12-ന് ദിവംഗതനായി.

ഉറൂബ് (പി.സി. കുട്ടിക്കൃഷ്ണൻ)

പൊന്നാനിയിൽ പരുത്തൊള്ളി ചാലപ്പുറത്ത് വീട്ടിൽ 1915 ഓഗസ്‌റ്റ് 15-ന് ജനിച്ചു. അദ്ധ്യാപകൻ, ക്ലാർക്ക്, കമ്പൗണ്ടർ എന്നിങ്ങനെ പല ജോലികൾ നോക്കി. ആകാശവാണിയിൽ പ്രൊഡ്യൂസറായിരുന്നു. കുങ്കുമം എഡിറ്ററും മലയാള മനോരമ ആഴ്‌ചപ്പതിപ്പ് എഡിറ്ററും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായിരുന്നു. 1952 മുതൽ ഉറൂബ് എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങി. സുന്ദരികളും സുന്ദരന്മാരും (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ഉമ്മാച്ചു (കേരള സാഹിത്യ അക്കാദമി അവാർഡ്), ആമിന, അണിയറ, മിണ്ടാപ്പെണ്ണ്, തുറന്നിട്ട ജാലകം എന്നിവ പ്രധാനകൃതികൾ. നിര്യാണം 1979 ജൂലൈ 10ന്.

എസ്. ഗുപ്‌തൻനായർ

അധ്യാപകൻ, ഉപന്യാസകാരൻ, വിമർശകൻ, നടൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തൻ. 1919 ഓഗസ്‌റ്റ് 22-ന് ഓച്ചിറയിൽ ജനിച്ചു. വിവിധ കോളേജുകളിൽ പ്രൊഫസർ, പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഗ്രന്ഥാലോകം, വിജ്ഞാനകൈരളി, സന്നിധാനം എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. എൻ.ബി.എസ്., കേരള സാഹിത്യ അക്കാദമി എന്നിവയുടെ അധ്യക്ഷനായിരുന്നു. 1967ൽ കേരള സാഹിത്യ അക്കാദമിയുടേയും 1984-ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടേയും അവാർഡുകൾ നേടിയ അദ്ദേഹത്തിന് 2005-ൽ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു. സമാലോചന, ഇസങ്ങൾക്കപ്പുറം, ക്രാന്തദർശികൾ, ടാഗൂർ, കാവ്യസ്വരൂപം, ചങ്ങമ്പുഴ-കവിയും കവിതയും തുടങ്ങി ഒട്ടേറെ കൃതികളുടെ രചയിതാവ്. 2006 ഫെബ്രുവരി 6-ന് അന്തരിച്ചു.

സി.ജെ. തോമസ്

1918 നവംബർ 14-ന് കൂത്താട്ടുകുളത്ത് ജനിച്ചു. 1930 കാലങ്ങളിൽ കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പുരോഗമന സാഹിത്യ സംഘടനയിലും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിലും എം.പി. പോളുമൊന്നിച്ച് പ്രവർത്തിച്ചു. നാടകകൃത്ത് എന്ന നിലയിൽ മലയാളസാഹിത്യത്തിനും നാടകവേദിക്കും വിലപ്പെട്ട സംഭാവനകൾ നൽകി. സ്വതന്ത്ര നാടകവിവർത്തനങ്ങളും അനുകരണങ്ങളും റേഡിയോനാടകങ്ങളും രചിച്ചിട്ടുണ്ട്. സോഷ്യലിസം, മതവും കമ്യൂണിസവും, അവൻ വീണ്ടും വരുന്നു, ഉയരുന്ന യവനിക, വിലയിരുത്തൽ, ശലോമി, ആ മനുഷ്യൻ നീ തന്നെ, 1128-ൽ ക്രൈം 27, ധിക്കാരിയുടെ കാതൽ, വിഷവൃക്ഷം എന്നിവയാണ് പ്രധാന കൃതികൾ. 1960 ജൂലൈ 14-ന് നിര്യാതനായി.

കോവിലൻ (വി.വി. അയ്യപ്പൻ)

കോവിലൻ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന വി.വി. അയ്യപ്പൻ 1923 ജൂലൈ 9-ന് തൃശൂർ കണ്ടാണശ്ശേരിയിൽ ജനിച്ചു. 1969-ൽ സൈനികസേവനത്തിൽനിന്ന് വിരമിച്ചു. പട്ടാളക്കഥകളെഴുതിയാണ് ആദ്യകാലത്ത് കോവിലൻ പ്രശസ്‌തി നേടിയത്. തോറ്റങ്ങൾ, ഹിമാലയം, ഏഴാമെടങ്ങൾ, എ മൈനസ് ബി, തേർവാഴ്‌ചകൾ, തട്ടകം തുടങ്ങിയ ധാരാളം നോവലുകളും ശകുനം, തിരഞ്ഞെടുത്ത കഥകൾ തുടങ്ങിയ കഥാസമാഹാരങ്ങളും ഇദ്ദേഹത്തിന്റേതാണ്. തോറ്റങ്ങൾ, ശകുനം തുടങ്ങിയവ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 1999-ൽ വയലാർ അവാർഡും 2006-ൽ എഴുത്തച്‌ഛൻ പുരസ്കാരവും ലഭിച്ചു. 2010 ജൂൺ 2-ന് അന്തരിച്ചു.

ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

1923 ജനുവരി 10-ന് പാലക്കാട് ഒളപ്പമണ്ണ മനയിൽ ജനിച്ചു. ഒളപ്പമണ്ണ എന്ന് പ്രസിദ്ധനായി. സാഹിത്യപ്രവർത്തക സഹകരണസംഘം വൈസ് പ്രസിഡന്റും കേരള കലാമണ്ഡലം ചെയർമാനുമായിരുന്നു. നവം നവങ്ങളായ കാവ്യവസ്‌തുക്കൾ, തുളുമ്പാത്ത നിറകുടതുല്യമായ ഭാവനാശക്തി, ആധുനികതയോടുള്ള പ്രണയം, ജീവിതാവബോധം ഇവ ഒളപ്പമണ്ണയുടെ പ്രത്യേകതകളാണ്. വീണ, കല്പ‌ന, നങ്ങേമക്കുട്ടി, പാഞ്ചാലി, കഥാകവിതകൾ, വരിനെല്ല്, ജാലകപ്പക്ഷി, നിഴലാന തുടങ്ങിയ ഇരുപതോളം കൃതികൾ രചിച്ചിട്ടുണ്ട്. 1989-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2000 ഏപ്രിൽ 10-ന് അന്തരിച്ചു.

പി. ഭാസ്കരൻ

കവി, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, നിർമാതാവ്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. 1924 ഏപ്രിൽ 21-ന് കൊടുങ്ങല്ലൂരിൽ ജനനം. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭണവുമായി ബന്ധപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചു. ദേശാഭിമാനി, ജയകേരളം, ദീപിക എന്നിവയുടെ പത്രാധിപരായിരുന്നു. ആകാശവാണിയിൽ പ്രൊഡ്യൂസറായും കേരള സംഗീത നാടക അക്കാദമി ചെയർമാനായും ഫിലിം ഡവലപ്മെന്റ് കോർപറേഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓടക്കുഴലും ലാത്തിയും, വില്ലാളി, പാടുന്ന മൺതരികൾ, മുൾക്കിരീടം, സത്രത്തിൽ ഒരു രാത്രി, ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തംബുരു തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഓടക്കുഴൽ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങിയ പുരസ്ക്‌കാരങ്ങൾ നേടി. 2007 ഫെബ്രുവരി 25-ന് അന്തരിച്ചു.

തോപ്പിൽ ഭാസി

1924 ഏപ്രിൽ 8-ന് ആലപ്പുഴ വള്ളിക്കുന്നത്ത് ജനനം. നാടകപ്രസ്ഥാനത്തിന്റെ നവോത്ഥാന നായകൻ, നാടക-സിനിമാ സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായി. ആയുർവേദവും സംസ്കൃതവും പഠിച്ചു. രണ്ടുതവണ കേരളനിയമസഭാംഗമായി. 1945-ൽ മുന്നേറ്റം എന്ന നാടകം അരങ്ങേറി. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം, ഏറ്റവുമധികം തവണ രംഗത്തവതരിപ്പിച്ച നാടകം എന്ന ഖ്യാതി നേടി. മുടിയനായ പുത്രൻ, മൂലധനം, അശ്വമേധം, ശരശയ്യ, പുതിയ ആകാശം പുതിയ ഭൂമി, തുലാഭാരം, കൈയും തലയും പുറത്തിടരുത്, പാഞ്ചാലി, സർവ്വേക്കല്ല്, രജനി തുടങ്ങിയവയാണ് മറ്റ് പ്രധാന നാടകങ്ങൾ. 1968-ൽ നാടകങ്ങൾക്കുള്ള ദേശീയ അവാർഡ് അശ്വമേധത്തിന് ലഭിച്ചു. 1992 ഡിസംബർ 5-ന് അന്തരിച്ചു.

പാറപ്പുറത്ത് (കെ.ഇ. മത്തായി)

അരനാഴികനേരം എന്ന നോവലിലൂടെ പ്രശസ്ത‌നായ കെ.ഇ. മത്തായി എന്ന പാറപ്പുറത്ത് 1924 നവംബർ പതിനാലാം തീയതി മാവേലിക്കരയിലെ കുന്നത്ത് ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. അനേകം പട്ടാളക്കഥകളും എഴുതിയിട്ടുണ്ട്. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. നിരവധി സിനിമകൾക്ക് തിരക്കഥയെഴുതി. 1971-ൽ അരനാഴികനേരം എന്ന തിരക്കഥയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. നിണമണിഞ്ഞ കാല്പാടുകൾ, അന്വേഷിച്ചു കണ്ടെത്തിയില്ല, കീഴടങ്ങൽ, മരിക്കാത്ത ഓർമകൾ, ആകാശത്തിലെ പറവകൾ തുടങ്ങിയവ പ്രധാന കൃതികൾ. 1981 ഡിസംബർ 30-ന് ദിവംഗതനായി.

തിരുനെല്ലൂർ കരുണാകരൻ

1924 ഒക്ടോബർ 8-ന് കൊല്ലത്തിനടുത്ത് പെരിനാട് എന്ന സ്ഥലത്ത് ജനിച്ചു. കോളേജ് വിദ്യാഭ്യാസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പൂർത്തീകരിച്ചു. കൊല്ലം എസ്.എൻ. കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975-ൽ കേരള പബ്ളിക് സർവീസ് കമ്മീഷൻ അംഗമായി. പ്രേമം മധുരമാണ്; ധീരവുമാണ്, റാണി, സൗന്ദര്യത്തിന്റെ പടയാളികൾ എന്നിവയാണ് മികച്ച കവിതാസമാഹാരങ്ങൾ. മേഘസന്ദേശം, മലയാള ഭാഷാപരിണാമം; സിദ്ധാന്തങ്ങളും വസ്തു‌തകളും, ഒരു യുദ്ധത്തിന്റെ പര്യവസാനം എന്നിവയാണ് മറ്റു ചില കൃതികൾ. തിരുനല്ലൂരിന്റെ കവിതകൾ എന്ന കവിതാ സമാഹാരം 1988-ലെ വയലാർ അവാർഡിന് അർഹമായി. 2006 ജൂലൈ 5-ന് നിര്യാതനായി.

ചെമ്മനം ചാക്കോ

1926 മാർച്ച് ഏഴാം തീയതി വൈക്കത്തിനടുത്ത് മുളക്കുളത്ത് ജനിച്ചു. സാമൂഹിക ദോഷങ്ങൾ എങ്ങനെ കണ്ടുവോ, അതേരൂപത്തിൽത്തന്നെ വിളിച്ചുപറയുന്ന കവി, നമ്പ്യാർക്ക് ശേഷം വിമർശന ഹാസ്യ കവിതാശാഖയ്ക്ക് ശക്തിപകർന്ന കവി അങ്ങനെ വിവിധ വിശേഷണങ്ങൾ ചെമ്മനം ചാക്കോയ്ക്ക് നൽകാം. ഇരുപതോളം വിമർശന ഹാസ്യകൃതികളടക്കം ഇരുപത്തഞ്ചോളം കൃതികളുടെ കർത്താവ്. രാജപാതയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ അവാർഡും കിഞ്ചനവർത്തമാനത്തിന് ഹാസ്യസാഹിത്യത്തിനുള്ള അവാർഡും ആളില്ലാക്കസേരകൾക്ക് കുട്ടമത്ത് അവാർഡും ലഭിച്ചു. കനകാക്ഷരങ്ങൾ, നെല്ല്, അസ്ത്രം, ആഗ്നേയാസ്ത്രം, ആവനാഴി, ദുഃഖത്തിന്റെ ചിരി, നർമസങ്കടം എന്നിവ പ്രധാന കൃതികളാണ്. 2018 ഓഗസ്റ്റ് 14ന് നിര്യാതനായി.

സുകുമാർ അഴീക്കോട്

പ്രഭാഷകൻ, എഴുത്തുകാരൻ. 1926 മെയ് 26-ന് ജനിച്ചു. കൗമാരത്തിൽ ഉപനിഷത്ത് പഠിച്ചു. പല പത്രങ്ങളിലും പത്രാധിപരായി പ്രവർത്തിച്ചു. പല സ്‌കൂളുകളിലും കോളേജുകളിലും അധ്യാപകനായിരുന്നു. ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു, തത്ത്വമസി, അഴീക്കോടിന്റെ ലേഖനങ്ങൾ (നാലു വാള്യം), നവയാത്രകൾ, ഗുരുവിന്റെ ദുഃഖം, പാതകൾ കാഴ്‌ചകൾ, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, എന്താണ് ഭാരതീയത തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികൾ. 2004-ൽ എഴുത്തച്ഛൻ പുരസ്കാരം നേടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു. 2012 ജനുവരി 24-ന് നിര്യാതനായി.

കുഞ്ഞുണ്ണി മാഷ്

കേരളത്തിലെ ബാലസാഹിത്യ രംഗത്ത് അതിപ്രശസ്‌തനായ കുഞ്ഞുണ്ണിമാഷ് 1927 മെയ് 10-ന് തൃശൂർ ജില്ലയിലെ വലപ്പാട്ട് ജനിച്ചു. സ്കൂ‌ൾ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. കുട്ടികളുടെ കഥകളും കുഞ്ഞുകവിതകളുമാണ് മാഷിന്റെ സാഹിത്യസംഭാവനകൾ. രൂപപരമായി കുഞ്ഞുണ്ണിക്കവിതകൾ പഴഞ്ചൊല്ലുകളോടും നാട്ടുമൊഴികളോടും അടുത്തു നിൽക്കുന്നു. ചിരിയേക്കാൾ ചിന്തയെ ഉണർത്തുന്ന കുഞ്ഞുണ്ണിമാഷുടെ കവിതകൾ ഏതു തരക്കാരനും ആസ്വാദ്യമാണ്. അമൃതകഥകൾ, അക്ഷരത്തെറ്റ് ഊണുതൊട്ടുറക്കം വരെ, കുഞ്ഞുണ്ണിക്കവിതകൾ, കുട്ടിക്കവിതകൾ, കുറുംകവിതകൾ, പഴഞ്ചൊല്ലുകൾ തുടങ്ങി ധാരാളം കൃതികൾ രചിച്ചു. അക്ഷരത്തെറ്റിനും കുഞ്ഞുണ്ണിക്കവിതകൾക്കും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2006 മാർച്ച് 26-ന് അന്തരിച്ചു.

അക്കിത്തം

അച്യുതൻ നമ്പൂതിരി എന്ന അക്കിത്തം 1926 മാർച്ച് 18-ന് പാലക്കാട്ട് കുമരനല്ലൂരിൽ ജനിച്ചു. ഇടശ്ശേരി, നാലപ്പാട്ട്, മാരാര്, വി.ടി.,എം.ആർ.ബി. തുടങ്ങിയവരുമായി ചങ്ങാത്തമുണ്ടായിരുന്ന കവി ഒരു സാമൂഹ്യപ്രവർത്തകനായിരുന്നു. 1972-ൽ ബലിദർശനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും 1975-ൽ നിമിഷക്ഷേത്രത്തിന് ഓടക്കുഴൽ അവാർഡും ലഭിച്ചു. വൈദിക സാഹിത്യ പോഷണം, ആധ്യാത്മിക പ്രചാരണം, കാവ്യോപാസന എന്നിവ പരിഗണിച്ച് 2004-ലെ അമൃതകീർത്തി പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. സാഹിത്യത്തിനുള്ള സമഗ്രസംഭാവനകൾ മാനിച്ച് 2007-ലെ ബാലാമണിയമ്മ പുരസ്കാരവും 2008-ൽ എഴുത്തച്ഛൻ പുരസ്കാരവും അദ്ദേഹത്തിനു സമ്മാനിച്ചു. സ്പ‌ർശമണികൾ, ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, മാനസപൂജ, മനോരഥം, ഇടിഞ്ഞുപൊളിഞ്ഞ ലോകം തുടങ്ങി ധാരാളം കൃതികൾ ഇദ്ദേഹം രചിച്ചു. ശ്രീ മഹാഭാഗവതത്തിന്റെ കാവ്യപരിഭാഷയും ഇദ്ദേഹം രചിക്കുകയുണ്ടായി.

വയലാർ രാമവർമ

1928 മാർച്ച് 25-ന് ജനിച്ച കവി ചലച്ചിത്ര ഗാനരചനാരംഗത്താണ് കൂടുതൽ പ്രസിദ്ധനായത്. 400-ൽപരം ചിത്രങ്ങൾക്കായി 2000-ലേറെ ഗാനങ്ങൾ രചിച്ചു. സർഗ്ഗസംഗീതം എന്ന കൃതി 1961-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടി. 1974-ൽ ഗാനരചനയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. താടക എന്ന ദ്രാവിഡ രാജകുമാരി, രാവണപുത്രി, ആയിഷ തുടങ്ങിയവ വയലാറിന്റെ വ്യത്യസ്‌തമുഖമാണ് സഹൃദയന് നൽകുന്നത്. കൊന്തയും പൂണൂലും, മുളങ്കാട്, എനിക്കു മരണമില്ല, ഒരു ജൂഡാസ് ജനിക്കുന്നു തുടങ്ങി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. 1975 ഒക്ടോബർ 27-ന് നിര്യാതനായി.

മലയാറ്റൂർ രാമകൃഷ്ണൻ

1927 മെയ് 30-ന് പാലക്കാട്ട് കല്പാത്തിയിൽ ജനിച്ചു. 1959-ൽ ഐ.എ.എസ്.ലഭിച്ചു. സാഹിത്യകാരൻ, ഭരണതന്ത്രജ്ഞൻ, കാർട്ടൂണിസ്‌റ്റ്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ ഖ്യാതിനേടി. 1981-ൽ സർവ്വീസിൽ നിന്ന് രാജിവച്ചു. നോവൽ, ചെറുകഥ, തിരക്കഥ തുടങ്ങിയ മേഖലകളിൽ ധാരാളം സംഭാവന നൽകിയിട്ടുണ്ട്. ഓർമ്മകളുടെ ആൽബം, എന്റെ ഐ.എ.എസ്. ദിനങ്ങൾ, സർവ്വീസ് ‌സ്റ്റോറി എന്നീ ആത്മകഥാപരമായ കൃതികളും, 1979-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വേരുകൾ, 1979-ലെ വയലാർ അവാർഡ് നേടിയ യന്ത്രം, യക്ഷി, അഞ്ചുസെന്റ്, പൊന്നി, ദ്വന്ദ്വയുദ്ധം, നെട്ടൂർ മഠം, അമൃതം തേടി, ആറാം വിരൽ തുടങ്ങിയവയും മുഖ്യകൃതികളാണ്. 1997 ഡിസംബർ 27-ന് അന്തരിച്ചു.

എൻ.പി. മുഹമ്മദ്

1929 ജൂലൈ ഒന്നിന് കോഴിക്കോട് ജില്ലയിൽ കുണ്ടുങ്ങലിൽ ജനിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്ററായിരുന്നു. ദൈവത്തിന്റെ കണ്ണ് എന്ന നോവൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടി. പ്രസിഡന്റിന്റെ ആദ്യത്തെ മരണം എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും സമസ്ത കേരള സാഹിത്യ പരിഷത് അവാർഡും ലഭിച്ചു. എണ്ണപ്പാടം, മരം, അറബിപ്പൊന്ന് (എം.ടിയുമൊത്ത്) ഇവ പ്രസിദ്ധ നോവലുകൾ. സി.വി. പുരസ്‌കാരം ലഭിച്ച വീരരസം സി.വി. കൃതികളിൽ, മാനുഷ്യകം, മന്ദഹാസത്തിന്റെ മൗനരോദനം, തൊപ്പിയും തട്ടവും എന്നിവ വിമർശനകൃതികളാണ്. 2003 ജനുവരി 3-ന് അന്തരിച്ചു.

വൈക്കം ചന്ദ്രശേഖരൻ നായർ

1928-ൽ വൈക്കത്ത് അരാവേലിലിൽ ജനിച്ചു. നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്‌ൻ. കല, സംഗീതം, സാഹിത്യം, ദർശനം തുടങ്ങിയവയിൽ പ്രാവീണ്യം നേടി. കേരളഭൂഷണം, മലയാള മനോരമ, പൗരപ്രഭ, കേരളം, ജനയുഗം, കൗമുദി, ചിത്രകാർത്തിക തുടങ്ങിയ ആനുകാലികങ്ങളിൽ എഡിറ്ററായിരുന്നു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ (1978-81) ആയിരുന്നു. സ്‌മൃതികാവ്യം, നഖങ്ങൾ, പഞ്ചവൻകാട്, ജാതൂഗൃഹം, മാധവിക്കുട്ടി, സ്വാതിതിരുനാൾ എന്നിവ കൃതികൾ. ജാതൂഗൃഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2005 ഏപ്രിൽ 13-ന് ദിവംഗതനായി.

കെ. അയ്യപ്പപ്പണിക്കർ

1930 സെപ്റ്റംബർ 12-ന് ആലപ്പുഴയിലെ കാവാലത്ത് ജനിച്ചു. വിവിധ കോളേജുകളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കേരള സർവകലാശാലാ ഇംഗ്ലീഷ് വിഭാഗം അധ്യക്ഷനായി. കവിതയ്ക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാർഡുകൾ ലഭിച്ചു. 1990-ൽ സാഹിത്യ അക്കാദമിയുടെ മധ്യകാലഭാരതീയസാഹിത്യം എന്ന ഗ്രന്ഥത്തിന്റെ ചീഫ് എഡിറ്ററായി. അയ്യപ്പപ്പണിക്കരുടെ കൃതികൾ എന്ന പേരിൽ ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 2005-ലെ സരസ്വതി സമ്മാൻ പുരസ്കാരം ഈ കൃതിക്ക് ലഭിച്ചു. ഇന്ത്യൻ റിനൈസൻസ്, കെ.എം. പണിക്കർ, മലയാളം ആന്തോളജി, എ പെഴ്സസ്പെക്ടീവ് ഓഫ് മലയാളം ലിറ്ററേച്ചർ, ഇന്ത്യൻ ഇംഗ്ലീഷ് ലിറ്ററേച്ചർ, തകഴി ശിവശങ്കരപ്പിള്ള, വി.കെ. കൃഷ്ണമേനോൻ തുടങ്ങിയ ഇംഗ്ലീഷ് കൃതികളടക്കം ധാരാളം കൃതികൾ ഇദ്ദേഹത്തിന്റേതായുണ്ട്. 2006 ഓഗസ്‌റ്റ് 23-ന് നിര്യാതനായി.

എം. ലീലാവതി

സാഹിത്യവിമർശകയും അധ്യാപികയും. 1929 സെപ്റ്റംബർ 16-ന് ഗുരുവായൂരിൽ ജനിച്ചു. കോളേജ് അധ്യാപികയായിരുന്നു. സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ട‌ർ ബോർഡ് അംഗമായിരുന്നിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും സുവർണകൈരളി അവാർഡും ലഭിച്ച കവിതാധ്വനി, കേരള സാഹിത്യ അക്കാദമി അവാർഡും (1980) ഓടക്കുഴൽ അവാർഡും (1979) ലഭിച്ച വർണരാജി, ജീയുടെ കാവ്യജീവിതം, മലയാളകവിതാസാഹിത്യചരിത്രം, കവിതാരതി, കവിതയും ശാസ്ത്രവും, നമ്മുടെ വിലാപകാവ്യങ്ങൾ എന്നിവ മുഖ്യകൃതികൾ. സാഹിത്യത്തിനുള്ള സമഗ്ര സംഭാവന അവാർഡും പത്മശ്രീയും എഴുത്തച്‌ഛൻ പുരസ്ക്കാരവും (2010) നൽകപ്പെട്ടു. 2011-ലെ മാതൃഭൂമി സാഹിത്യ അവാർഡ്, 2014-ലെ കെ.പി. കേശവമേനോൻ അവാർഡ് ഉൾപ്പെടെ മറ്റനേകം പുരസ്‌കാരങ്ങൾ നേടി.

ഒ.വി. വിജയൻ

1931-ൽ പാലക്കാട് ജില്ലയിൽ മണലിയിൽ ജനിച്ച ഇദ്ദേഹം നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കാർട്ടൂണിസ്‌റ്റ്, രാഷ്ട്രീയചിന്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ വിഖ്യാതനായി. മുഴുവൻ പേര് ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ. ശങ്കേഴ്‌സ് വീക്കിലിയിലും പേട്രിയട്ട് ദിനപത്രത്തിലും ജോലിചെയ്തു. 1967 മുതൽ സ്വതന്ത്രലേഖകനായി. പല പത്രങ്ങൾക്കും വേണ്ടി കാർട്ടൂണുകൾ വരച്ചു. ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിമർശന പരമ്പരയും പ്രസിദ്ധമാണ്. ഖസാക്കിന്റെ ഇതിഹാസം, ധർമപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി എന്നിവ പ്രഖ്യാതമായ കൃതികളാണ്. ഗുരുസാഗരത്തിന് 1990-ൽ കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളും 1991-ൽ വയലാർ അവാർഡും 2001-ൽ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു. 2005 മാർച്ച് 30-ന് നിര്യാതനായി.

ഒ.എൻ.വി. കുറുപ്പ്

1931 മെയ് 27-ന് കൊല്ലത്ത് ചവറയിൽ ജനിച്ചു. കവിയും അധ്യാപകനും കലാമണ്ഡലം അദ്ധ്യക്ഷനായിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോഴേ കവിതാരചനയാരംഭിച്ചു. 1949-ൽ പൊരുതുന്ന സൗന്ദര്യം എന്ന ആദ്യ കവിതാസമാഹാരം പുറത്തിറക്കി. ഞാൻ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, അഗ്നിശലഭങ്ങൾ (കേരള സാഹിത്യ അക്കാദമി അവാർഡ്), ഉപ്പ് (വയലാർ അവാർഡ്), അക്ഷരം (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ഉജ്ജയിനി ഇവ പ്രധാന കൃതികൾ. 1998-ൽ പത്മശ്രീയും 2010-ൽ പത്മവിഭൂഷണും ലഭിച്ചു. 2007-ൽ ജ്ഞാനപീഠ പുരസ്കാരത്തിനും എഴുത്തച്ഛൻ പുരസ്‌കാരത്തിനും അർഹനായി. ഗാനരചനയ്ക്ക് നിരവധി തവണ കേരള സ്‌റ്റേറ്റ് ഫിലിം അവാർഡും ഒരു തവണ ദേശീയ അവാർഡും നേടി. ആധുനിക കവിതാസാഹിത്യത്തറവാട്ടിലെ ആചാര്യനായ ഒ.എൻ.വി. 2016 ഫെബ്രുവരി 13-ന് ഈ ലോകത്തോട് വിടപറഞ്ഞു.

സി.എൽ. ജോസ്

1932 എപ്രിൽ 4-ന് അങ്കമാലിയിൽ ജനിച്ചു. 1956-ൽ ആദ്യനാടകമായ മാനം തെളിഞ്ഞു പ്രസിദ്ധീകരിച്ചു. 36 സമ്പൂർണ്ണ നാടകങ്ങളും, കുട്ടികൾക്കുള്ള ഒരു നാടകവും, 11 സമാഹാരങ്ങളിലായി 60 ഏകാങ്കങ്ങളും, നാടകത്തിന്റെ കാണാപ്പുറങ്ങൾ എന്ന ആത്മകഥയും, ചിരിയുടെ പൂരം എന്ന ഫലിതസമാഹാരവും, ഓർമകൾക്ക് ഉറക്കമില്ല എന്ന ജീവിതസ്‌മരണകളും പ്രസിദ്ധപ്പെടുത്തി. ജ്വലനം എന്ന നാടകത്തിന് 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്; 2001-ലെ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് തുടങ്ങി പതിനഞ്ചോളം അവാർഡുകൾ ലഭിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ടി. പത്മനാഭൻ

1931 ഫെബ്രുവരി 5-ന് കണ്ണൂരിൽ പള്ളിക്കുന്നിൽ ജനിച്ചു. ഫാക്‌ടിൽ ജോലിനോക്കി. 1948 മുതൽ ചെറുകഥാരംഗത്ത് സജീവമായ അദ്ദേഹം ആധുനിക ചെറുകഥാസാഹിത്യത്തിന് സ്വതന്ത്രമായ ആഖ്യാനശൈലി നൽകി. സാക്ഷി എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി 1973-ൽ നൽകിയ അവാർഡ് നിരസിച്ചുകൊണ്ട് സാഹിത്യലോകത്ത് ചലനം സൃഷ്ടിച്ചു. പ്രകാശം പരത്തുന്ന പെൺകുട്ടി, കാലഭൈരവൻ, ഗൗരി, പുഴകടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്, കടൽ തുടങ്ങി ധാരാളം കഥകളെഴുതിയിട്ടുണ്ട്. 1995-ൽ ഓടക്കുഴൽ അവാർഡ്, 1996-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 1998-ൽ ലളിതാംബിക അന്തർജനം അവാർഡ്, 2000-ൽ വയലാർ അവാർഡ്, 2001-ൽ വള്ളത്തോൾ അവാർഡ്, 2003-ൽ എഴുത്തച്ഛ‌ൻ അവാർഡ് എന്നിവ ലഭിച്ചു. 2015-ലെ മാതൃഭൂമി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

എം.ടി. വാസുദേവൻ നായർ

1995-ലെ ജ്ഞാനപീഠജേതാവ്. 1933 ജൂലൈ 15-ന് പൊന്നാനിയിലെ കൂടല്ലൂരിൽ ജനിച്ചു. ചെറുകഥയിലും നോവലിലും മൗലികമായ മാർഗം തുറന്നു. തിരക്കഥാരചനയിലെ സംഭാവനകൾ അതിനെ ഒരു സാഹിത്യരൂപം തന്നെയാക്കി. നാലുകെട്ട്, അസുരവിത്ത് തുടങ്ങിയ നോവലുകൾ അദ്ദേഹത്തെ ജനസാമാന്യത്തിന്റെ സാഹിത്യകാരനാക്കി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. അഞ്ച് ചലച്ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നിരവധി തവണ നേടി. രണ്ടാമൂഴം, നാലുകെട്ട്, കാലം തുടങ്ങിയ നോവലുകൾ പ്രഖ്യാതങ്ങളാണ്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്നു. 2004-ൽ പത്മഭൂഷൺ ബഹുമതിയും 2011-ൽ എഴുത്തച്ഛൻ പുരസ്‌കാരവും ലഭിച്ചു.

വി.കെ.എൻ

വടക്കേക്കൂട്ടാല നാരായണൻനായർ എന്ന വി.കെ.എൻ. 1932 ഏപ്രിൽ 6-ന് തിരുവില്വാമലയിൽ ജനിച്ചു. മലയാളത്തിലെ ആക്ഷേപഹാസ്യ നോവലിനെ സാധാരണക്കാരുടെ സാഹിത്യരൂപമായി വികസിപ്പിച്ചു. ആനുകാലിക സാമൂഹ്യ-രാഷ്ട്രീയ സംഭവങ്ങളെ കുറിക്കുകൊള്ളുന്ന നർമപരിഹാസത്തിലൂടെ ചിത്രീകരിക്കുന്നവയാണ് വി.കെ.എൻ. കൃതികൾ. ആരോഹണം എന്ന നോവലിന് 1969-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അസുരവാണി, മഞ്ചൽ, പിതാമഹൻ (മുട്ടത്തുവർക്കി അവാർഡ്), സിൻഡിക്കേറ്റ് തുടങ്ങി ധാരാളം നോവലുകളുടെയും മന്ദഹാസം, ക്ലിയോപാട്ര, സൽക്കാരം, പയ്യൻകഥകൾ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്) തുടങ്ങിയ കഥകളുടെയും രചയിതാവാണ്. 2004 ജനുവരി 24-ന് തിരുവില്വാമലയിൽ അന്തരിച്ചു.

സുഗതകുമാരി

1934 ജനുവരിയിൽ ജനിച്ചു. മലയാള കവയിത്രിയും സാമൂഹ്യപ്രവർത്തകയും. കവി ബോധേശ്വരന്റെ മകൾ. വിവിധ കോളേജുകളിൽ പ്രൊഫസറായിരുന്നു. പാതിരാപ്പൂക്കൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, രാത്രിമഴയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, 2006-ൽ പത്മശ്രീ, 2009-ൽ എഴുത്തച്ഛൻ പുരസ്കാരം 2013-ൽ സരസ്വതി സമ്മാൻ, വ്യക്ഷമിത്ര തുടങ്ങി പല അവാർഡുകളും നേടി. അമ്പലമണി, പാവം മാനവഹൃദയം, മുത്തുച്ചിപ്പി, പ്രണാമം, ഇരുൾച്ചിറകുകൾ, ദേവദാസി, മണലെഴുത്ത് തുടങ്ങി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. ലളിതമായ ഭാഷ, തീക്ഷ്‌ണമായ ആഖ്യാനശൈലി, നിർഭയമായ വികാരപ്രകടനം, യഥാതഥമായ ആവിഷ്‌കാരം ഇവ കവയിത്രിയുടെ മുഖമുദ്രയാണ്. കേരളത്തിലെ പ്രഥമ വനിതാകമ്മീഷൻ അധ്യക്ഷയായും പ്രവർത്തിച്ചു. 'അഭയ' എന്ന സാമൂഹികസംഘടനയുടെ ചുമതല വഹിച്ചിട്ടുണ്ട്.

മാധവിക്കുട്ടി (കമലാദാസ്, കമലാ സുരയ്യ)

1934 മാർച്ച് 31-ന് നാലപ്പാട്ട് ബാലാമണിയമ്മയുടെയും വി.എം. നായരുടെയും മകളായി ജനിച്ചു. ശരിയായ നാമം കമലാദാസ്. പിന്നീട് സുരയ്യ എന്ന് പേര്. 1969-ൽ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്ക്കുള്ള അവാർഡ്, 1997-ലെ വയലാർ അവാർഡ്, 2002-ൽ എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലും ധാരാളം പുരസ്‌കാരങ്ങൾ നേടി. മതിലുകൾ, നരിച്ചീറുകൾ പറക്കുമ്പോൾ, തരിശുനിലം, അരുണ, പക്ഷിയുടെ മണം, ചുവന്ന പാവാട, എന്റെ സ്നേഹിത, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ, ചന്ദനമരങ്ങൾ, ചേക്കേറുന്ന പക്ഷികൾ, മാധവിക്കുട്ടിയുടെ മൂന്നു നോവലുകൾ തുടങ്ങിയ കൃതികൾ മലയാളത്തിലും സമ്മർ ഇൻ കൽക്കട്ട, ഓൾഡ് പ്ലേഹൗസ്, കളക്ടഡ് പോയംസ് തുടങ്ങിയ ഇംഗ്ലീഷ് കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009 മേയ് 31-ന് നിര്യാതയായി.

കടമ്മനിട്ട രാമകൃഷ്ണൻ

കവിയരങ്ങുകളിലൂടെ കവിതയെ സാധാരണക്കാരിലേയ്ക്ക് കൊണ്ടുവന്ന ഇദ്ദേഹം 1935 മാർച്ച് 17-ന് പത്തനംതിട്ട കടമ്മനിട്ടയിൽ ജനിച്ചു. പോസ്റ്റൽ സർവ്വീസിൽ സേവനമനുഷ്ഠിച്ചു. 1982-ൽ കടമ്മനിട്ടയുടെ കവിതകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ആശാൻ പ്രൈസും ലഭിച്ചു. 1995-ൽ ആറന്മുളയിൽനിന്ന് നിയമസഭാംഗമായി. കവിത, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ഇവ കാവ്യസമാഹാരങ്ങൾ, സാമുവൽ ബെക്കറ്റിന്റെ ഗോദോയെക്കാത്ത്, ഒക്ടോവിയോ പാസിന്റെ സൂര്യശില എന്നിവയുടെ വിവർത്തനങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അധ്യക്ഷനായിരുന്നു. 2004-ൽ ബഷീർ പുരസ്‌കാരത്തിന് അർഹനായി. 2008 മാർച്ച് 31-ന് അന്തരിച്ചു.

യൂസഫലി കേച്ചേരി

1934-ൽ തൃശൂരിലെ കേച്ചേരിയിൽ ജനിച്ചു. മലയാളകവിയും ചലച്ചിത്രഗാന രചയിതാവും. വക്കീലായി പ്രാക്‌ടീസാരംഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൃഷ്‌ണഭക്‌തിമയമായ ഭാവഗാനങ്ങൾ ധാരാളം രചിച്ചിട്ടുണ്ട്. സൈനബ, അഞ്ചു കന്യകകൾ, ഓർമയ്ക്കു താലോലിക്കാൻ, നാദബ്രഹ്മം തുടങ്ങി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. സിന്ദൂരച്ചെപ്പ് എന്ന തിരക്കഥയും, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആയിരം നാവുള്ള മൗനം, ഓടക്കുഴൽ അവാർഡ് നേടിയ കേച്ചേരിപ്പുഴ എന്നീ കവിതാസമാഹാരങ്ങളും ഇദ്ദേഹത്തിന്റേതാണ്. 2015 മാർച്ച് 21-ന് അന്തരിച്ചു.

ആനന്ദ്

1936-ൽ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജനിച്ചു. പി. സച്ചിദാനന്ദൻ എന്ന് ശരിയായ പേര്. 1958-ൽ സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. യശ്‌പാൽ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, സമസ്തകേരള സാഹിത്യ പരിഷത്ത് അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഗോവർദ്ധന്റെ യാത്രകൾ എന്ന കൃതി 1997-ലെ സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായി. 2015-ൽ വള്ളത്തോൾ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. ആൾക്കൂട്ടം, മരണസർട്ടിഫിക്കറ്റ്, ഉത്തരായനം, അഭയാർത്ഥികൾ, മരുഭൂമികളുണ്ടാകുന്നത്, വ്യാസനും വിഘ്നേശ്വരനും (നോവലുകൾ), ജൈവമനുഷ്യൻ (പഠനം), വീടും തടവും, ഇര, ഒടിയുന്ന കുരിശ്, സംവാദം, അശാന്തം (കഥകൾ), ശവഘോഷയാത്ര, മുക്തിപഥം (നാടകങ്ങൾ) തുടങ്ങിയവ പ്രധാന കൃതികൾ.

കാക്കനാടൻ

ജോർജ് വർഗീസ് എന്ന കാക്കനാടൻ 1935 ഏപ്രിൽ 23-ന് കൊല്ലത്ത് ജനിച്ചു. സ്‌കൂളധ്യാപകൻ, റെയിൽവേ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഒറോത എന്ന കൃതിക്ക് 1984-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ആൾവാർ തിരുനഗറിലെ പന്നികൾ എന്ന കഥാസമാഹാരത്തിനും കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു. ജാപ്പാണപ്പുകയില എന്ന കഥാസമാഹാരം 2005-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹമായി. ഉഷ്ണമേഖല, ഏഴാംമുദ്ര, വസൂരി, സാക്ഷി, പറങ്കിമല, ചുമർച്ചിത്രങ്ങൾ, മഴയുടെ ജ്വാലകൾ, രണ്ടാം പിറവി, മഴനിഴൽപ്രദേശം, പ്രളയത്തിനുശേഷം, കൊളോസസ് തുടങ്ങിയവ പ്രധാന കൃതികൾ. 2011 ഒക്ടോബർ 19-ന് അന്തരിച്ചു.

പുനത്തിൽ കുഞ്ഞബ്ദുള്ള

1941 ഏപ്രിൽ 3-ന് ജനനം. അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം. അലിഗഢിലെ തടവുകാരൻ, സൂര്യൻ, കത്തി, സ്മാരകശിലകൾ, കലീഫ, മരുന്ന്, മലമുകളിലെ അബ്ദുള്ള, കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങൾ, ദുഃഖിതർക്കൊരു പൂമരം, സതി, മിനിക്കഥകൾ, തെറ്റുകൾ, നരബലി, കൃഷ്‌ണന്റെ രാധ, ആകാശത്തിനു മറുപുറം, എന്റെ അച്‌ഛനമ്മമാരുടെ ഓർമയ്ക്ക്, കാലാൾപ്പടയുടെ വരവ്, കന്യാവനങ്ങൾ, നടപ്പാതകൾ തുടങ്ങിയ കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. നവഗ്രഹങ്ങളുടെ തടവറ സേതുവുമൊന്നിച്ചെഴുതിയ നോവലാണ്. മലമുകളിലെ അബ്‌ദുള്ളയ്ക്ക് കേരളസാഹിത്യഅക്കാദമി അവാർഡും സ്മാരകശിലകൾക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും മരുന്നിന് വിശ്വദീപം അവാർഡും ലഭിച്ചിട്ടുണ്ട്. 2017 ഒക്ടോബർ 27ന് അന്തരിച്ചു.

പി.വത്സല

1938 ഏപ്രിൽ 4-ന് കോഴിക്കോട്ട് ജനിച്ചു. സ്കൂ‌ൾ അധ്യാപികയും സാഹിത്യപ്രവർത്തകസഹകരണസംഘം ഡയറക്ട‌ർ ബോർഡ് അംഗവുമായിരുന്നു. നെല്ല് എന്ന ആദ്യ നോവലിന് കുങ്കുമം അവാർഡും നിഴലുറങ്ങുന്ന വഴികൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. നെല്ല് അതേപേരിൽ രാമു കാര്യാട്ട് ചലച്ചിത്രമാക്കി. ആഗ്നേയം, ഗൗതമൻ, പാളയം, ചാവേർ, അരക്കില്ലം, തകർച്ച, കൂമൻകൊല്ലി, നമ്പരുകൾ, വിലാപം (നോവലുകൾ), തിരക്കിലല്പം സ്ഥലം, പഴയ-പുതിയ നഗരം, ആനവേട്ടക്കാരൻ, അനുപമയുടെ കാവൽക്കാരൻ, ഉണിക്കോരൻ ചതോപാധ്യായ, ഉച്ചയുടെ നിഴൽ, കറുത്ത മഴ പെയ്യുന്ന താഴ്വര (കഥാസമാഹാരങ്ങൾ) ഇവയാണ് മറ്റു കൃതികൾ.

എം. മുകുന്ദൻ

1942 സെപ്റ്റംബർ 10-ന് മയ്യഴിയിൽ ജനിച്ചു. ഈ ലോകം അതിലൊരു മനുഷ്യൻ (കേരള സാഹിത്യ അക്കാദമി അവാർഡ്), മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (എം.പി. പോൾ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്), ദൈവത്തിന്റെ വികൃതികൾ (കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്) എന്നിവ മുഖ്യകൃതികൾ. ആവിലായിലെ സൂര്യോദയം, ഡൽഹി, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു, ആകാശത്തിനു ചുവട്ടിൽ, ഒരു ദളിത് യുവതിയുടെ കദന കഥ, കിളിവന്നു വിളിച്ചപ്പോൾ, കേശവന്റെ വിലാപങ്ങൾ (നോവലുകൾ), തേവിടിശ്ശിക്കിളി, മുകുന്ദന്റെ കഥകൾ, റഷ്യ (ചെറുകഥാസമാഹാരങ്ങൾ), എന്താണ് ആധുനികത (പഠനം) തുടങ്ങിയവ പ്രധാനകൃതികളാണ്. 1998-ൽ ഫ്രഞ്ച് ഗവൺമെന്റിന്റെ 'ഷെവലിയർ ഓഫ് ആർട്ട്സ് ആന്റ് ലെറ്റേഴ്സ്' പദവി ലഭിച്ചു.

ജോർജ് ഓണക്കൂർ

മലയാള നോവൽസാഹിത്യരംഗത്ത് അതുല്യ സംഭാവനകൾ നൽകിയ ജോർജ് ഓണക്കൂർ 1941 നവംബർ 16-ന് മൂവാറ്റുപുഴയിൽ ജനിച്ചു. മാർ ഇവാനിയോസ് കോളേജ് പ്രൊഫസർ, ഫിലിം സെൻസർ ബോർഡ് അംഗം, കേരള സാഹിത്യ അക്കാദമി ഭരണസമിതി അംഗം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാക്ഷരതാസമിതി എന്നിവയുടെ ഡയറക്ട‌ർ, സ്‌റ്റേറ്റ് റിസോഴ്സ് സെന്റർ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉൾക്കടൽ, ഇല്ലം (സാഹിത്യ അക്കാദമി അവാർഡ്), കൽത്താമര, ഉഴവുചാലുകൾ, കാമന, സമതലങ്ങൾക്കപ്പുറം, ഒലിവുമരങ്ങളുടെ നാട്ടിൽ എന്നിവ മുഖ്യകൃതികളാണ്. അടരുന്ന ആകാശം എന്ന യാത്രാവിവരണത്തിന് 2005ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

സക്കറിയ

എഴുത്തുകാരനും മാധ്യമപ്രവർത്തകനും, പാലായ്ക്കടുത്ത് ഉരുളിക്കുന്നത്ത് 1945 ജൂൺ 5-ന് ജനിച്ചു. കോളേജധ്യാപകനായിരുന്നു. ഏഷ്യാനെറ്റിന്റെ പ്രോഗ്രാം കൺസൾട്ടന്റായിരുന്നു. ചെറുകഥാലോകത്ത് ചില നവീനതകൾ സൃഷ്ടിച്ചു. കൃതികൾ- ഒരിടത്ത്, ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും, ആർക്കറിയാം, സലാം അമേരിക്ക, കണ്ണാടികാൺമോളവും (കഥാസമാഹാരങ്ങൾ), ഭാസ്കരപട്ടേലരും എന്റെ ജീവിതവും, പ്രെയ്‌സ്‌ ദ ലോർഡ്, എന്തുണ്ട് വിശേഷം പീലാത്തോസേ (നോവൽ), ആശാരിയും ഇഷ്‌ടികയും, ഗോവിന്ദം ഭജ മൂഢമതേ, ബുദ്ധനും ഞാനും (ലേഖനങ്ങൾ). 2004-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് സക്കറിയയുടെ കഥകൾ എന്ന കൃതിക്ക് ലഭിച്ചു. അൽഫോൻസാമ്മയുടെ മരണവും ശവസംസ്‌കാരവും എന്ന കൃതിക്ക് 2012ലെ ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം ലഭിച്ചു.

പി. പത്മരാജൻ

1945 മെയ് 23-ന് കായംകുളത്ത് ജനിച്ചു. കഥാകൃത്തും നോവലിസ്റ്റും ആയിരുന്നു. എങ്കിലും, ഏറെ ശ്രദ്ധേയനായത് സിനിമാരംഗത്താണ്. തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്നു. കാവ്യാത്മകതയാണ് പത്മരാജന്റെ തിരക്കഥയുടെ പ്രത്യേകത. ഉദകപ്പോള, പെരുവഴിയമ്പലം, കള്ളൻ പവിത്രൻ തുടങ്ങിയവ നോവലുകൾ. പെരുവഴിയമ്പലം, ഒരിടത്തൊരു ഫയൽവാൻ, ദേശാടനക്കിളി കരയാറില്ല, തൂവാനത്തുമ്പികൾ, ഞാൻ ഗന്ധർവ്വൻ, അപരൻ എന്നിവ പ്രധാന തിരക്കഥകളാണ്. 1991 ജനുവരി 23-ന് അന്തരിച്ചു.

സാറാ ജോസഫ്

1946 ഫെബ്രുവരി 10-ന് തൃശൂർ കുരിയച്ചിറയിൽ ജനിച്ചു. തിരൂർ സെന്റ് തോമസ് ഹൈസ്‌കൂൾ, പട്ടാമ്പി സംസ്കൃത കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ് എന്നിവിടങ്ങളിൽ അധ്യാപികയായി ജോലി നോക്കി. കേരളത്തിലെ ഫെമിനിസ്‌റ്റ് പ്രസ്ഥാനത്തിന്റെ സംഘാടകയാണ്. കേരള സാഹിത്യ അക്കാദമി അംഗം. ആലാഹയുടെ പെൺമക്കൾ, മാറ്റാത്തി, ഷെൽട്ടർ, മനസ്സിലെ തീ മാത്രം, കാടിന്റെ സംഗീതം, നന്മതിന്മകളുടെ വൃക്ഷം, പാപത്തറ, നിലാവ് അറിയുന്നു തുടങ്ങിയവ പ്രസിദ്ധ കൃതികളാണ്. ആലാഹയുടെ പെൺമക്കൾക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മാറ്റാത്തിക്ക് ഒ. ചന്തുമേനോൻ പുരസ്‌കാരവും ലഭിച്ചു.

സച്ചിദാനന്ദൻ

വിവർത്തകൻ, വിമർശകൻ, അധ്യാപകൻ. 1946 മെയ് 25-ന് കൊടുങ്ങല്ലൂരിൽ ജനിച്ചു. മിക്ക ഇന്ത്യൻ ഭാഷകളിലേയ്ക്കും വിദേശഭാഷകളിലേയ്ക്കും സച്ചിദാനന്ദന്റെ കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്. കവിതയും ജനതയും എന്ന കൃതി 1984-ൽ കേരളസാഹിത്യഅക്കാദമി അവാർഡ് നേടി. അഞ്ചുസൂര്യൻ, ആത്മഗീത, പീഡനകാല കവിത, എഴുത്തച്ഛനെഴുതുമ്പോൾ, ഇവനെക്കൂടി, മലയാളം, കവിബുദ്ധൻ, അപൂർണ്ണം തുടങ്ങിയ കവിതകളും കവിതാപര്യടനങ്ങൾ, കറുത്തകവിത, നെരൂദയുടെ കവിതകൾ എന്നീ വിവർത്തനങ്ങളും സംഭാഷണങ്ങൾ, മുഹൂർത്തങ്ങൾ തുടങ്ങിയ ലേഖനങ്ങളും പല ലോകം പല കാലം എന്ന യാത്രാവിവരണവും സച്ചിദാനന്ദന്റെ കൃതികളാണ്.