രാമപുരത്തു വാര്യർ

Arun Mohan
0

രാമപുരത്തു വാര്യർ

വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിലെ പ്രമുഖനായ കവിയാണ് രാമപുരത്തു വാര്യർ. 1703 ഫെബ്രുവരി 13-ന് കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ രാമപുരത്ത് ജനിച്ചു. ആദ്യകാലത്ത് അധ്യാപകനായിരുന്നു എങ്കിലും കഷ്ടപ്പാടിലായിരുന്നു വാര്യരുടെ ജീവിതം. പിൽക്കാലത്ത് തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമയുടെ ആശ്രിതനും സദസ്യനുമായി. രാജാവിന്റെ ആജ്ഞപ്രകാരം വാര്യർ രചിച്ച ആദ്യ വഞ്ചിപ്പാട്ടുകൃതിയാണ് കുചേലവൃത്തം വഞ്ചിപ്പാട്ട്. ഇത് സംവിധാനഭംഗിയിലും ഭാഷാലാളിത്യത്തിലും കല്പനാവൈഭവത്തിലും മികവുറ്റ കൃതിയാണ്. കുചേലന്റെ ഭക്‌തിയും കൃഷ്ണന്റെ ഭക്‌തവാത്സല്യവുമാണ് കവിതാ വിഷയം. കർമവിമുഖരായി ഭക്തിയിൽ മാത്രം മുഴുകിക്കഴിയുന്നവർക്കുള്ള ഉപദേശം കൂടിയാണ് കുചേലവൃത്തം വഞ്ചിപ്പാട്ട്. ജയദേവകൃതിയായ ഗീതാഗോവിന്ദത്തിന്റെ പരിഭാഷയായ ഭാഷാഷ്ടപദി ഇദ്ദേഹത്തിന്റെ കൃതിയാണ്. 1753-ൽ അന്തരിച്ചു.

കുചേലവൃത്തം വഞ്ചിപ്പാട്ടും രാമപുരത്തു വാര്യരും

ഒരിക്കൽ വൈക്കം മഹാദേവക്ഷേത്രത്തിലെത്തിയ മാർത്താണ്ഡവർമ്മ മഹാരാജാവിനെ മുഖം കാണിച്ച വാര്യർ ചില ശ്ലോകങ്ങൾ ചൊല്ലിക്കേൾപ്പിച്ചു. തൃപ്തനായ രാജാവ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് വഞ്ചിയിലായിരുന്നു യാത്ര. വഴിമധ്യേ യാത്രയിൽ രാജാവിന്റെ ആവശ്യപ്രകാരം എഴുതിയതാണത്രേ കുചേലവൃത്തം. കൃഷ്ണന്റെയും കുചേലന്റെയും കഥയെ ആസ്പദമാക്കിയാണ് കൃതി രചിച്ചത്. രാജാവിന് വാര്യർ നൽകിയ ശ്ലോകത്തിൽ, തന്നെ കുചേലനും മഹാരാജാവിനെ ശ്രീകൃഷ്ണനുമായും അവതരിപ്പിച്ചതുകൊണ്ടാണ് കുചേലവൃത്തത്തിന്റെ ഇതിവൃത്തം ഇങ്ങനെ ആയതെന്നും പറയുന്നു. രാമപുരത്തു വാര്യർ സ്വന്തം ദാരിദ്ര്യമാണത്രെ കാവ്യത്തിലൂടെ പറഞ്ഞത്. രാജാവിന് വാര്യരുടെ അവസ്ഥ മനസ്സിലായി. വാര്യർ തിരിച്ച് നാട്ടിലെത്തിയപ്പോൾ കുചേലകഥയിലെപ്പോലെ മഹാരാജാവ് അവിടെ ഒരു മാളിക പണിതുകഴിഞ്ഞിരുന്നു എന്നാണു കഥ. മലയാള സാഹിത്യത്തിൽ കുചേലവൃത്തം വഞ്ചിപ്പാട്ടിന് അതുല്യമായ സ്ഥാനമാണുള്ളത്. ആർക്കും മനസ്സിലാകുന്ന ശുദ്ധമലയാളത്തിലാണ് കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയത്. ഈ ഒറ്റകാവ്യം കൊണ്ടുതന്നെ രാമപുരത്തു വാര്യർ മലയാള സാഹിത്യത്തിന് ഒരിക്കലും മറക്കാനാവാത്ത വ്യക്തിയായി.

കുചേലവൃത്തത്തിന്റെ കഥ

ശ്രീകൃഷ്ണന്റെ ചെറുപ്പത്തിലെ കൂട്ടുകാരനാണ് കുചേലൻ. പക്ഷേ, കുചേലനിപ്പോൾ വലിയ ദാരിദ്ര്യത്തിലാണ്. ഒരു ദിവസം കുചേലന്റെ പത്നി അദ്ദേഹത്തോട് പറഞ്ഞു: "ശ്രീകൃഷ്ണഭഗവാനോട് നമ്മുടെ ദുഖങ്ങളെപ്പറ്റി പറഞ്ഞാൽ അദ്ദേഹം സഹായിക്കില്ലേ?" കുചേലന് കാര്യം ശരിയാണെന്ന് തോന്നി. പക്ഷേ, എങ്ങനെ വെറുംകയ്യോടെ പോകും. ഭഗവാന് സമ്മാനംകൊടുക്കാൻ ഒന്നും കൈയിലില്ല. അവസാനം കുറച്ച് അവിൽ പൊതിഞ്ഞെടുത്ത് കുചേലൻ യാത്രയായി. തന്റെ പ്രിയകൂട്ടുകാരൻ നടന്നുവരുന്നത് ശ്രീകൃഷ്ണൻ ദൂരെനിന്നേ കണ്ടു. അദ്ദേഹം ഓടിവന്ന് കുചേലനെ ആലിംഗനം ചെയ്തു കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. വിശേഷങ്ങൾ ചോദിച്ചു. പക്ഷേ, ദാരിദ്ര്യത്തെക്കുറിച്ച് പറയാൻ കുചേലൻ മറന്നു. ശ്രീകൃഷ്ണൻ കുചേലനോട് അവിലുവാങ്ങി അതിൽ നിന്ന് ഒരു പിടി കഴിച്ചു. വൈകാതെ, വന്ന കാര്യം പറയാൻ മറന്ന് പാവം കുചേലൻ തിരിച്ചു യാത്രയായി. വീട്ടിൽചെന്നപ്പോഴല്ലേ രസം. വീടിരുന്നിടത്ത് ഒരു വലിയ മാളിക. കുചേലൻ അത്ഭുതപ്പെട്ടു പോയി. കുചേലന്റെ ഭാര്യ എത്തി കഥകളെല്ലാം പറഞ്ഞു. ശ്രീകൃഷ്ണൻ ഒരു പിടി അവില് കഴിച്ചപ്പോൾ തന്നെ കുചേലന് അളവറ്റ സമ്പാദ്യങ്ങളും കൊട്ടാരവുമൊക്കെ ലഭിച്ചിരുന്നു. ഈ കാവ്യത്തിലെ കുചേലൻ മഹാദാരിദ്ര്യത്തിലായിരുന്ന രാമപുരത്തു വാര്യർ തന്നെ ആയിരുന്നത്രേ. ശ്രീകൃഷ്ണൻ മഹാരാജാവ് മാർത്താണ്ഡവർമ്മയും. അവിലോ? കുചേലവൃത്തം വഞ്ചിപ്പാട്ടും.

പ്രധാന കൃതികൾ

◆ കുചേലവൃത്തം വഞ്ചിപ്പാട്ട്

◆ ഭാഷാഷ്‌ടപദി

◆ നൈഷധം

◆ തിരുവാതിരപ്പാട്ട്

Post a Comment

0 Comments
Post a Comment (0)