മേല്പത്തൂർ നാരായണ ഭട്ടതിരി
പതിനാറാം ശതകത്തിന്റെ
ഉത്തരാർധത്തിൽ പൊന്നാനി താലൂക്കിൽ, മേല്‌പത്തൂർ ഇല്ലത്തു ജനിച്ചു. നാരായണീയം അദ്ദേഹത്തിന്റെ
മുഖ്യകൃതിയാണ്. തികഞ്ഞ ശ്രീകൃഷ്‌ണഭക്തനായിരുന്ന മേല്പത്തൂർ ഗുരുവായൂരമ്പലത്തിലാണ് വസിച്ചിരുന്നത്.
ഈ ക്ഷേത്രത്തിലിരുന്നാണ് നാരായണീയം രചിച്ചതെന്ന് ഐതിഹ്യമുണ്ട്. സ്തോത്രങ്ങൾ, ചമ്പുക്കൾ,
മുക്തകങ്ങൾ, ശാസ്ത്രഗ്രന്ഥങ്ങൾ തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന്റെ കാവ്യസപര്യ വ്യാപിച്ചു
കിടക്കുന്നു. നാരായണീയം, ശ്രീപാദസപ്തതി, ഗുരുവായൂർപുരേശസ്തോത്രം, പ്രക്രിയാസർവസ്വം
തുടങ്ങി ഇരുപതിലധികം കൃതികൾ മേല്‌പത്തൂർ ഭട്ടതിരിയുടേതായിട്ടുണ്ട്.
നാരായണീയം
മേല്പത്തൂരിന്റെ ഏറ്റവും പ്രധാന കൃതിയാണ് നാരായണീയം. സംസ്കൃതഭാഷയിലാണ് രചനയെങ്കിലും മലയാളവും മലയാളിയും തങ്ങളുടെ കാവ്യംപോലെ കരുതുന്നു. ഒരു പ്രാർത്ഥനയുടെ രൂപത്തിലാണ് കൃതി എഴുതിയിരിക്കുന്നത്. ഭാഗവതപുരാണത്തിലെ 18,000 ശ്ലോകങ്ങളുടെ ചുരുക്കമാണ് 1034 ശ്ലോകങ്ങളുള്ള നാരായണീയം. നൂറാം ദശകം മഹാവിഷ്ണുവിന്റെ ആപാദചൂടവർണനയാണ്. വേണുഗോപാല രൂപത്തിൽ ഭഗവദ് ദർശനമുണ്ടായി എന്നു പറയുന്നു. പൂർണമായ ജ്ഞാനമാണ് ഭക്തിയുടെ രൂപത്തിൽ നാരായണീയത്തിൽ പ്രത്യക്ഷമാകുന്നത്.
