ഉണ്ണായി വാര്യർ
ആട്ടകഥാ സാഹിത്യത്തിലെ നിസ്തുല പ്രതിഭ. നളചരിതം ആട്ടക്കഥയുടെ കർത്താവ്. എ.ഡി പതിനെട്ടാം ശതകത്തിൽ തൃശൂരിലെ ഇരിങ്ങാലക്കുട അകത്തൂട്ടു വാര്യത്ത് ജനിച്ചു. തിരുവിതാംകൂറിലെ മാർത്താണ്ഡവർമ മഹാരാജാവ്, കൊച്ചിരാജാവ് എന്നിവരുടെ ആശ്രിതനായിരുന്നു. കുഞ്ചൻ നമ്പ്യാരുടെയും രാമപുരത്തുവാര്യരുടെയും സമകാലീനനായിരുന്ന ഉണ്ണായിവാര്യർ, നമ്പ്യാരോടൊപ്പം കാർത്തികതിരുനാൾ രാമവർമ മഹാരാജാവിന്റെ സദസ്യനായിരുന്നു. നളചരിതം ആട്ടക്കഥ എന്ന ഒറ്റകൃതി കൊണ്ടുതന്നെ ആട്ടക്കഥാരംഗത്തും സാഹിത്യരംഗത്തും വാര്യർ ചിരപ്രതിഷ്ഠ നേടി. 1749-ൽ നളചരിതം ആട്ടക്കഥ കഥകളിയായി, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അരങ്ങേറിയതായി ഗ്രന്ഥങ്ങളിൽ കാണുന്നു. ഭാഷാപരമായ നിരങ്കുശത്വമാണ് വാര്യരുടെ പ്രത്യേകത. അന്ത്യപ്രാസം വാര്യരുടെ രചനയുടെ മുഖമുദ്രയാണ്. മഹാഭാരതം വനപർവ്വത്തിലെ നളോപാഖ്യാനമാണ് നളചരിതം ആട്ടക്കഥയായി വാര്യർ രൂപപ്പെടുത്തിയത്. ഗിരിജാ കല്യാണം, രാമപഞ്ചശതി എന്നീ കൃതികൾ ഉണ്ണായി വാര്യരുടേതാണെന്ന് അഭിപ്രായമുണ്ട്.
നളചരിതം ആട്ടക്കഥ
മാർത്താണ്ഡവർമ്മ
മഹാരാജാവിന് കഥകളി വലിയ ഇഷ്ടമായിരുന്നു. ആട്ടക്കഥകൾ എഴുതുന്ന ആളുകളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
ധർമ്മരാജാവും കഥകളിയെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇവരുടെ സദസ്യനായിരുന്ന ഉണ്ണായി വാര്യർ
ആട്ടക്കഥാകാരന്മാരിൽ ഒന്നാമനായിരുന്നു. ഇദ്ദേഹത്തിന്റെ ആട്ടക്കഥയാണ് 'നളചരിതം'. കാളിദാസന്റെ
ശാകുന്തളത്തിനൊപ്പം മാഹാത്മ്യം നളചരിതത്തിനുണ്ട്. 'കേരളത്തിന്റെ ശാകുന്തളം' എന്നാണ്
ഈ കൃതി അറിയപ്പെടുന്നത്. നളചരിതം കഥ നാല് ദിവസമായി അരങ്ങേറുന്ന വിധത്തിൽ ഉണ്ണായിവാര്യർ
നളദമയന്തിമാരുടെ കഥ നളചരിതം എന്ന പേരിൽ ചിട്ടപ്പെടുത്തി. നാലു രാത്രികളിലായാണ് നളചരിതത്തിലെ
നാലു ഭാഗങ്ങളും അഭിനയിച്ചിരുന്നത്. അനുപമമായ ശില്പചാതുര്യവും വാങ്മയ മാധുര്യവുമാണ്
നളചരിതത്തിന്റെ പ്രത്യേകത. നളചരിതത്തിന് എ.ആർ.രാജരാജവർമ രചിച്ച വ്യാഖ്യാനമാണ് 'കാന്താരതാരകം'.
'രസിക കൗതുകം' എം.എച്ച്.ശാസ്ത്രികളുടെ നളചരിതം വ്യാഖ്യാനമാണ്.
കുഞ്ചനെ തോൽപ്പിച്ച ഉണ്ണായി
ഉണ്ണായി വാര്യരും കുഞ്ചൻ നമ്പ്യാരും വലിയ കൂട്ടുകാരനായിരുന്നത്രേ! രണ്ടുപേരും മാർത്താണ്ഡവർമ്മയുടെ ആശ്രിതരും. അങ്ങോട്ടുമിങ്ങോട്ടും കളിയാക്കുന്നത് അവരുടെ പ്രധാന വിനോദമായിരുന്നു. ഒരു ദിവസം രാജാവ് രണ്ടുപേരെയും വിളിപ്പിച്ചു. "രണ്ടുപേരും നാളെത്തന്നെ നമുക്ക് ഒരു കാവ്യമെഴുതി സമർപ്പിക്കണം" രാജാവ് കല്പിച്ചു.
'ഒറ്റരാത്രികൊണ്ട് ഒരു കവിതയോ!' വാര്യർക്ക് ചിന്തിക്കാൻപോലും കഴിഞ്ഞില്ല. നമ്പ്യാരാകട്ടെ പെട്ടെന്ന് കാവ്യങ്ങളെഴുതി ശീലമുള്ള ആളായതിനാൽ രാജകല്പനകേട്ട് ഒട്ടും കുലുങ്ങിയില്ല. അദ്ദേഹം രാത്രിയിലിരുന്ന് കാവ്യമെഴുത്തു തുടങ്ങി. ഉണ്ണായിവാര്യരാകട്ടെ സുഖമായി കിടന്നുറങ്ങുകയും ചെയ്തു. പിറ്റേദിവസം കുഞ്ചൻ നമ്പ്യാർ വലിയൊരു കാവ്യവുമായി രാജസന്നിധിയിലെത്തി ചൊല്ലാൻ തുടങ്ങി. ചൊല്ലിയിട്ടും കാവ്യം തീർന്നില്ല. രാജാവ് മടുത്തു. "കുഞ്ചൻ ചൊല്ലിയത് മതി, ഇനി ഉണ്ണായി ചൊല്ലൂ" രാജാവ് കല്പിച്ചു.
"അടിയന് ഒരു നിമിഷം മതി കാവ്യം ചൊല്ലാൻ" ഉണ്ണായിയുടെ കാവ്യത്തിന് ഒറ്റ ശ്ലോകം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ അർഥം ഇങ്ങനെയാണ് : 'പെൺപന്നി വളരെ വേഗം അനേകം കുട്ടികളെ പ്രസവിക്കും. പിടിയാന വളരെക്കാലം കൊണ്ടേ പ്രസവിക്കുകയുള്ളൂ. ആന പ്രസവിക്കുന്നതാകട്ടെ എല്ലാവർക്കും ഇഷ്ടമുള്ള ആനക്കുട്ടിയും.' ഇതിന്റെ അർത്ഥം മനസിലായില്ലേ? അതായത് മോശം കവികൾക്ക് പെട്ടെന്നുപെട്ടെന്ന് അനേകം കവിതകൾ എഴുതാൻ കഴിയും. പക്ഷേ നല്ല കവിക്ക് വളരെ പെട്ടെന്നൊന്നും എഴുതാനാവില്ല. വളരെ നാൾക്കൊണ്ട് നല്ല കവി എഴുതുന്നതൊക്കെ ഗംഭീര കാവ്യങ്ങളുമായിരിക്കും. അങ്ങനെ ഉണ്ണായി വാര്യർ കുഞ്ചനെ തോല്പിച്ചുവെന്നാണ് കഥ.
