ജോസഫ് മുണ്ടശ്ശേരി
1903 ജൂലൈ 17-ന് തൃശൂർ ജില്ലയിൽ കണ്ടശ്ശാംകടവിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഫിസിക്‌സിൽ ബിരുദം. പിന്നീട് സംസ്കൃതം, മലയാളം എം.എ. നേടി. സെന്റ് തോമസ് കോളേജിൽ അധ്യാപകനായിരുന്നു. കൈരളി, പ്രേഷിതൻ, നവജീവൻ എന്നീ പത്രങ്ങൾ നടത്തി. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്നു അദ്ദേഹം. നിരൂപകത്രയത്തിൽ ഒരാളാണ് ജോസഫ് മുണ്ടശ്ശേരി. എം.പി.പോൾ, കുട്ടികൃഷ്ണ മാരാര് എന്നിവരാണ് മറ്റു രണ്ടുപേർ. പാശ്ചാത്യ-പൗരസ്ത്യ സാഹിത്യ നിരൂപണ സമ്പ്രദായങ്ങളെ മലയാളത്തിൽ അവതരിപ്പിച്ചു. പാശ്ചാത്യ സിദ്ധാന്തങ്ങളും സംസ്കൃത സിദ്ധാന്തങ്ങളും യോജിപ്പിച്ചുള്ള വിമർശന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. പ്രൗഢമായ ഗദ്യശൈലിയാണ് മുണ്ടശ്ശേരിയുടേത്. ആധുനിക കവിത്രയത്തെക്കുറിച്ചുള്ള പഠനമാണ് മുണ്ടശ്ശേരിയെ ശ്രദ്ധേയനാക്കിയത്. കുമാരനാശാന്റെ പ്രസക്തി മലയാളികൾക്കു കാട്ടിക്കൊടുക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു. അദ്ദേഹം ആശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിശേഷിപ്പിച്ചു. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ അംഗം. നാടകാന്തം കവിത്വം, കരിന്തിരി, രാജരാജന്റെ മാറ്റൊലി, മനുഷ്യകഥാനുഗായികൾ, മാനദണ്ഡം, കാലത്തിന്റെ കണ്ണാടി, കൊഴിഞ്ഞ ഇലകൾ (ആത്മകഥ), കൊന്തയിൽ നിന്ന് കുരിശിലേക്ക്, കാവ്യപീഠിക തുടങ്ങി ഒട്ടേറെ കൃതികളുടെ കർത്താവാണ്. 1977 ഒക്ടോബർ 25-ന് അന്തരിച്ചു.
