എം.പി. പോൾ
1904 മേയ് 1-ന് എറണാകുളം ജില്ലയിലെ വരാപ്പുഴയിൽ ജനിച്ചു. എറണാകുളത്ത് പ്രാഥമിക വിദ്യാഭ്യാസമാരംഭിച്ച ഇദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദം നേടി. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ സ്ഥാപകാംഗവും പ്രസിഡന്റുമായിരുന്നു. പുരോഗമന സാഹിത്യ സംഘടനയുടെ സ്ഥാപകാധ്യക്ഷൻ കൂടിയായിരുന്നു. സാഹിത്യം മനുഷ്യജീവിതത്തിന് പ്രയോജനം ചെയ്യണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. തനിക്കു ലഭിക്കുന്ന കാവ്യാനുഭൂതികളെ ഗാഢചിന്തയുടെയും യുക്തിബോധത്തിന്റെയും തലത്തിൽ അപഗ്രഥിച്ചാണ് പോൾ രചന നടത്തിയത്. നിഷ്പ്രയോജനമായ കാവ്യസൗന്ദര്യത്തെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നില്ല. അസ്ഥാനത്തോ, അകാരണമായോ ഒരു കൃതിയേയും വാഴ്ത്തിപ്പാടാനോ, ചവിട്ടിത്താഴ്ത്താനോ അദ്ദേഹം ശ്രമിച്ചിട്ടില്ല. 'നവകേരളം' എന്ന പേരിൽ ആഴ്ചപ്പതിപ്പും 'ചെറുപുഷ്പം' എന്ന പേരിൽ ഒരു മാസികയും അച്ചടിച്ചിറക്കിയിരുന്നു. നിരൂപകത്രയത്തിൽ ഒരാളാണ് എം.പി.പോൾ. ജോസഫ് മുണ്ടശ്ശേരി, കുട്ടികൃഷ്ണ മാരാര് എന്നിവരാണ് മറ്റു രണ്ടുപേർ. നോവൽസാഹിത്യം, സൗന്ദര്യലഹരി, ചെറുകഥാപ്രസ്ഥാനം, സൗന്ദര്യനിരീക്ഷണം, ഗദ്യഗതി, സാഹിത്യവിചാരം, കാവ്യദർശനം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. 1952 ജൂലൈ 12-ന് അന്തരിച്ചു.
