കണ്ടത്തിൽ വറുഗീസ് മാപ്പിള
സാഹിത്യകാരനും
മലയാള മനോരമ പത്രത്തിന്റെ സ്ഥാപകനുമായിരുന്നു കണ്ടത്തിൽ വറുഗീസ് മാപ്പിള. 1857-ൽ കണ്ടത്തിൽ
കുടുംബത്തിന്റെ ഭാഗമായ തിരുവല്ലയിലെ കറുത്തനല്ലൂർ വീട്ടിൽ ജനിച്ചു. 1881 ജനുവരി 1 മുതൽ
ഒരു കൊല്ലത്തോളം കൊച്ചിയിലെ കേരളമിത്രത്തിന്റെ പത്രാധിപരായി. കേരളത്തിലെ ആദ്യത്തെ വൃത്താന്തപത്രമായി
(വാർത്താ പ്രധാനമായ പത്രം) കണക്കാക്കപ്പെടുന്നത് 'കേരളമിത്ര'മാണ്. 1881ൽ ഗുജറാത്തുകാരനായ
ദേവ്ജി ഭീംജിയായിരുന്നു പത്രം ആരംഭിച്ചത്. കണ്ടത്തിൽ വറുഗീസ് മാപ്പിളയായിരുന്നു ആദ്യത്തെ
പത്രാധിപർ. പിന്നീട് തിരുവിതാംകൂറിൽ തന്റെ പത്രാധിപത്യത്തിൽ ഒരു പത്രം ആരംഭിക്കുന്നതിനായി
അദ്ദേഹം ശ്രമമാരംഭിച്ചു. കേരളവർമ വലിയ കോയിത്തമ്പുരാനാണ് പത്രത്തിന് മലയാള മനോരമ എന്ന പേര് നിർദേശിച്ചത്.
1888 മാർച്ച് 14-ന് പത്രം തുടങ്ങുന്നതിന് ഒരു കമ്പനി രജിസ്‌റ്റർ ചെയ്തു. 1890 മാർച്ച്
22-ന് കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ കോട്ടയത്തു നിന്ന് മലയാള മനോരമയുടെ
ഒന്നാം ലക്കം പുറത്തുവന്നു. കേരളവർമ വലിയ കോയിത്തമ്പുരാന്റെ അധ്യക്ഷതയിൽ 1891-ൽ തുടങ്ങിയ
കവിസമാജത്തിന്റെ കാര്യദർശിയായിരുന്നു. 1892-ൽ മനോരമ നാടകസഭ സ്ഥാപിച്ചു. 1892 ഏപ്രിൽ
മുതൽ ചതുർമാസികയായി ഭാഷാപോഷിണി ആരംഭിച്ചു. 14 വർഷം കണ്ടത്തിൽ വറുഗീസ് മാപ്പിളയായിരുന്നു
മലയാള മനോരമയുടെ പത്രാധിപർ. മലയാള നാടിനും ഭാഷയ്ക്കും സാഹിത്യത്തിനും പുരോഗതി കൈവരിക്കാൻ
അദ്ദേഹത്തിന്റെ പ്രവർത്തനം സഹായകമായി. മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ തുടങ്ങിയ
പ്രക്ഷോഭണങ്ങളെല്ലാം അദ്ദേഹം പത്രത്തിൽ വേണ്ടത്ര വാർത്താ പ്രാധാന്യം നൽകി. 1904 ജൂലൈ
6-ന് അദ്ദേഹം അന്തരിച്ചപ്പോൾ കെ.സി.മാമ്മൻ മാപ്പിള മലയാള മനോരമയുടെ പത്രാധിപത്യം ഏറ്റെടുത്തു.
ദർപ്പവിച്‌ഛേദം, യോഷാഭൂഷണം, എബ്രായക്കുട്ടി (നാടകം), കലഹനിനീദമനകം വിസ്‌മയജനകം (കവിത)
എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
