കൊട്ടാരത്തിൽ
ശങ്കുണ്ണി
ഐതിഹ്യമാലയുടെ കർത്താവ്. കവി, വൈദ്യൻ, വൈയാകരണൻ എന്നീ നിലകളിൽ പ്രശസ്‌തൻ. കോട്ടയത്തിനടുത്ത് കോടിമതയിൽ 1855 ഏപ്രിൽ 4-ന് ജനിച്ചു. വാസുദേവൻ ഉണ്ണി എന്നത് ശരിയായ നാമം. 16 വയസ്സുകഴിഞ്ഞാണ് പഠനം ആരംഭിച്ചത്. പിന്നെ കഠിന പരിശ്രമമായിരുന്നു. അഷ്ടാംഗഹൃദയം പഠിച്ച് നല്ല ചികിത്സകനാകാനുള്ള സാമർഥ്യംവരെ ശങ്കുണ്ണി നേടുകയുണ്ടായി. കോട്ടയം എം.ഡി. ഹൈസ്‌കൂളിൽ മലയാളം അധ്യാപകനായിരുന്നു. 12 വർഷക്കാലം വിദേശികളെ മലയാളം പഠിപ്പിച്ചു. മലയാള മനോരമ തുടങ്ങിയ കാലം മുതൽ അവിടെ പ്രവർത്തിക്കുകയും ഭാഷാ സേവനം സ്തുത്യർഹമായ നടത്തുകയും ചെയ്ത വ്യക്തിയായിരുന്നു. പച്ചമലയാളപ്രസ്ഥാനത്തെ പരിപോഷിപ്പിച്ചവരിൽ ഒരാൾ. ലളിതമായ ഭാഷ, ഗദ്യത്തിൽത്തന്നെ അലങ്കാരഭംഗി വരുത്തിയുള്ള രചന ഇവ ഇദ്ദേഹത്തിന്റെ ശൈലിയുടെ പ്രത്യേകതകളാണ്. സാഹിത്യവിഷയങ്ങളെക്കുറിച്ച് സംസാരിക്കുവാൻ ശങ്കുണ്ണിക്കു നന്നായി കഴിഞ്ഞിരുന്നു. ഭാഷാപോഷിണി, വിദ്യാവിനോദിനി തുടങ്ങി എല്ലാ മാസികകളിലും ശങ്കുണ്ണി എഴുതിയിരുന്നു. പദ്യരചനയ്ക്ക് പ്രേരകമായത് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണെങ്കിൽ ഗദ്യ രചനയ്ക്ക് പ്രേരകമായത് കണ്ടത്തിൽ വറുഗീസ് മാപ്പിളയായിരുന്നു. മുന്നൂറ് ശ്ലോകങ്ങളുള്ള സുഭദ്രാഹരണമാണ് ആദ്യത്തെ പദ്യ കൃതി. മിക്ക സാഹിത്യ സമ്മേളനങ്ങളിലും ശങ്കുണ്ണി പങ്കെടുക്കുമായിരുന്നു. ഒരു പത്രത്തിന്റെ സഹപത്രാധിപരെന്ന നിലയിൽ ഏവരും ബഹുമാനിച്ചിരുന്നു. ശങ്കുണ്ണിയുടെ ഏറ്റവും ജനശ്രദ്ധ നേടിയ ഗ്രന്ഥം ഐതിഹ്യമാല തന്നെ. ഐതിഹ്യമാല (8 ഭാഗം) കൂടാതെ 50-ലേറെ കൃതികൾ ഇദ്ദേഹത്തിന്റേതായുണ്ട്. 13 മണിപ്രവാള കൃതികൾ, 3 സംസ്കൃത കൃതികൾ, 4 പുരാതന കഥകൾ, 2 കല്പിത കഥകൾ, 5 ആട്ടക്കഥകൾ, 8 കൈക്കൊട്ടിക്കളിപാട്ടുകൾ, 6 ശീതങ്കൻ തുള്ളലുകൾ, 2 വഞ്ചിപ്പാട്ടുകൾ തുടങ്ങിയവ പ്രധാന കൃതികൾ. വിക്രമോർവശീയം, മാലതീമാധവം എന്നീ സംസ്കൃത നാടകങ്ങൾ പരിഭാഷപ്പെടുത്തി. ധാരാളം ആട്ടക്കഥകളും രചിച്ചിട്ടുണ്ട്. 1937 ജൂലൈ 22-ന് അന്തരിച്ചു.
ഐതിഹ്യമാല
കാവ്യരചനയിലും ഗദ്യരചനയിലും പണ്ഡിതനായിരുന്നു കൊട്ടാരത്തിൽ ശങ്കുണ്ണി. ആ പേര് കേൾക്കുമ്പോൾ മലയാളി ആദ്യം ഓർക്കുന്നത് 'ഐതിഹ്യമാല' എന്ന ഗ്രന്ഥത്തെ കുറിച്ചാണ്. ആദ്യകാലത്ത് എട്ട് ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ആ വലിയ ഗ്രന്ഥം എല്ലാ മലയാളിയും വായിച്ചിട്ടുണ്ട്. ഇപ്പോഴും നല്ല വായനക്കാരുള്ള ഗ്രന്ഥമാണ് ഐതിഹ്യമാല. മലയാളികൾ ഇന്നും ഏറെ താത്‌പര്യപൂർവം വായിക്കുന്ന കൃതിയാണ് ഐതിഹ്യമാല. മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചതാണ് ഐതിഹ്യമാല. ക്ഷേത്രപ്രതിഷ്ഠകളുടെ പിന്നിലുള്ള ചരിത്രം, വിവിധ ദേശചരിത്രങ്ങൾ, മഹദ്‌ചരിതങ്ങൾ തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ഈ ഗ്രന്ഥത്തിൽ വന്നിട്ടുണ്ട്. 'കടമറ്റത്തു കത്തനാർ' പോലെ പിൽക്കാലത്ത് ഭ്രമിപ്പിക്കുന്ന പല ഇതിവൃത്തങ്ങളും സാഹിത്യത്തിനു ലഭിച്ചത് ഈ കൃതിയിൽനിന്നാണ്. മതപരവും സാമുദായികവും സാമൂഹികവുമായ ആചാരാനുഷ്‌ഠാനങ്ങളും വിശ്വാസങ്ങളുമാണ് ഇതിൽ പ്രതിഫലിക്കുന്നത്. ചില അധ്യായങ്ങളിലെ ഉള്ളടക്കങ്ങൾക്ക് ചരിത്രവസ്തുതകളോട് അടുപ്പമുണ്ട്. 1909 - 34 കാലഘട്ടത്തിൽ 8 വാല്യങ്ങളിലായി മംഗളോദയം കമ്പനി ഈ കൃതി പ്രസിദ്ധീകരിച്ചു.
