ചെറുശ്ശേരി

Arun Mohan
0

ചെറുശ്ശേരി

'കൃഷ്ണഗാഥ' എന്ന ഒറ്റകാവ്യം കൊണ്ടു തന്നെ മലയാള സാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ കവിയാണ് ചെറുശ്ശേരി. പതിനഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന മഹാകവിയാണ് ചെറുശ്ശേരി. ഉത്തരകേരളത്തിലെ കുറുമ്പ്രനാട് താലൂക്കിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു എന്നു കരുതുന്നു. കോലത്തുനാട്ടിലെ രാജാവായ ഉദയവർമൻ കോലത്തിരിയുടെ സദസ്യനായിരുന്നുവെന്ന് കൃഷ്ണഗാഥയിലൊരിടത്ത് കാണുന്നു. കോലത്തിരിയുടെ ആജ്ഞയനുസരിച്ചാണ് കൃഷ്ണഗാഥ രചിക്കപ്പെട്ടതെന്ന് കരുതുന്നു. തമിഴ് ഭാഷയുടെ സ്വാധീനമില്ലാത്ത ആദ്യത്തെ മലയാള കൃതി എന്ന് കൃഷ്ണഗാഥയെ വിശേഷിപ്പിക്കാം. അഗാധസൗന്ദര്യസങ്കല്‌പത്തിനുടമയായ ഇദ്ദേഹത്തിന്റേതായി കൃഷ്‌ണഗാഥ മാത്രമേ കിട്ടിയിട്ടുള്ളൂ. കൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള ഭാഗമാണ് കൃഷ്ണഗാഥയ്ക്ക് ഇതിവൃത്തം. ശ്രീ കൃഷ്ണകഥയെ അവലംബമാക്കി മലയാളത്തിലെ ആദ്യ കാവ്യമാണിത്. മഞ്ജരി വൃത്തത്തിന്റെ മാധുര്യം മലയാളിക്ക് നുകരുവാൻ ഇതിലപ്പുറം നല്ലൊരു കൃതി വേറെ ഇല്ല തന്നെ. എഴുത്തച്ഛന് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് ആയിരുന്നു ജീവിതകാലം.

പ്രധാന കൃതികൾ

◆ കൃഷ്ണഗാഥ

ഗാഥാ സാഹിത്യം

ഗാനം എന്നാണ് 'ഗാഥ' എന്ന പദത്തിനർഥം. മഞ്ജരി വൃത്തത്തിലുള്ള ഗാനങ്ങളെയാണ് മലയാളത്തിൽ 'ഗാഥ' എന്ന സങ്കൽപ്പം കൊണ്ടർഥമാക്കുന്നത്. ദ്രാവിഡതാളങ്ങളുടെ ഉൾത്തുടിപ്പും സംസ്കൃതത്തിന്റെ ശക്തിയുമാണ് ഗാഥാ സാഹിത്യത്തെ ആകർഷകമാക്കുന്നത്. ചതുരംഗത്തിൽ തോൽക്കാതിരിക്കുവാനായി ഒരു രാജാവിന് പത്നി നൽകിയ 'ആളെയുന്ത്' എന്ന പാട്ടുരീതിയാണ് ഗാഥാ സങ്കൽപ്പത്തിനടിസ്ഥാനം എന്ന കഥ പ്രസിദ്ധമാണ്. കഥ ഇപ്രകാരമാണ്. ഒരിക്കൽ ഉദയവർമ്മരാജാവും ചെറുശ്ശേരിയും ചതുരംഗം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്ത്രപരമായ നീക്കങ്ങളിലൂടെ ചെറുശ്ശേരി ഉദയവർമ്മനെ പരാജയത്തിന്റെ വക്കിലെത്തിച്ചു. ആളിന്റെ കരു മുന്നോട്ടു നീക്കിയാൽ രാജാവ് ജയിക്കുമെന്ന് രാജ്ഞിക്ക് മനസിലായി. കുഞ്ഞിനെ തൊട്ടിലിൽ ആട്ടികൊണ്ട് സമീപത്തു നിൽക്കുകയാണ് രാജ്ഞി. രാജ്ഞി ഈണത്തിൽ ഒരു താരാട്ടുപാടി. "ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു, ന്തുന്തുന്തു ന്തുന്തുന്തു ന്താളേയുന്ത്". പാട്ടിന്റെ അർഥം രാജാവിന് മനസിലായി. ആളിനെ നീക്കി അദ്ദേഹം കളി ജയിക്കുകയും ചെയ്തു. രാജ്ഞി പാടിയ പാട്ടിന്റെ ഈണം ഉദയവർമന് ഇഷ്ടപ്പെട്ടു. അതേ മട്ടിൽ ഒരു കാവ്യം നിർമ്മിക്കാൻ അദ്ദേഹം ചെറുശ്ശേരിയോട് ആവശ്യപ്പെട്ടു. അപ്രകാരം ചെറുശ്ശേരി എഴുതിയ കാവ്യമാണത്രേ കൃഷ്ണഗാഥ. ഗാഥാ സാഹിത്യത്തിലെ ആദ്യ കൃതിയാണ് കൃഷ്ണഗാഥ.

കൃഷ്ണഗാഥ

ശുദ്ധമലയാളത്തിന്റെ സൗന്ദര്യവും ശക്തിയും ആദ്യമായി കാണുന്നത് 'കൃഷ്ണഗാഥ' എന്ന മനോഹരകൃതിയിലാണ്. സംസ്കൃത പദങ്ങളും തമിഴ്‌പദങ്ങളും ഉപേക്ഷിച്ച് ശുദ്ധമായ മലയാളഭാഷയിലാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. ചെറുശ്ശേരി നമ്പൂതിരിയാണ് കൃഷ്ണഗാഥ രചിച്ചത്. 1446 മുതൽ 1475 വരെ കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമയുടെ താൽപ്പര്യപ്രകാരമാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചതെന്നു പറയപ്പെടുന്നു. ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണകഥ വരെയാണ് കൃഷ്ണഗാഥയിലെ പ്രമേയം. മധുരവ്യഞ്ജനങ്ങളിലൂടെയുള്ള വർണനകളാണ് കൃഷ്ണഗാഥയെ മനോഹരമാക്കുന്നത്. മഹാഭാഗവതം ദശമസ്കന്ധവും പതിനൊന്നാം സ്കന്ധവുമാണ് കൃതിയ്ക്കാധാരം. മഹാകാവ്യ നിയമങ്ങൾക്കനുസരണമായ രചനാരീതി പിന്തുടർന്നതുകൊണ്ട് 'മലയാളത്തിലെ ആദ്യ മഹാകാവ്യം' എന്ന വിശേഷണവും ചിലർ കൃഷ്ണഗാഥയ്ക്കു നൽകിപ്പോരുന്നുണ്ട്. ഗാഥാവൃത്തമായ മഞ്ജരിയിലാണ് കാവ്യരചന. 16,842 വരികളുള്ള കൃഷ്ണഗാഥ മലയാളത്തിലെ ഭക്തിപ്രസ്ഥാനത്തെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. ശൃംഗാര രസികനായ കവിയാണ് ചെറുശ്ശേരിയെങ്കിലും സമർപ്പണഭക്തിക്കാണ് പ്രാധാന്യം.

Post a Comment

0 Comments
Post a Comment (0)