ഒ. ചന്തുമേനോൻ
ഒരിക്കൽ ഒരിടത്ത്
ഒരു ഗംഭീരൻ സദ്യ നടക്കുകയായിരുന്നു. ഊണൊക്കെ കഴിച്ച് ചിലർ വർത്തമാനം ആരംഭിച്ചു. കൈക്കൂലി
വാങ്ങുന്ന സർക്കാരുദ്യോഗസ്ഥരെക്കുറിച്ചായിരുന്നു ചർച്ച. "കൈക്കൂലി വാങ്ങാത്തവരായി
ആരെങ്കിലുമുണ്ടോ?" ഇടയ്ക്ക് ഒരാൾ ചോദിച്ചു. പെട്ടെന്ന് ഊണ് കഴിക്കുന്നവരുടെയിടയിൽ
നിന്ന് ഒരാൾ ചാടിയെഴുന്നേറ്റു. കോപത്തോടെ അദ്ദേഹം പറഞ്ഞു; "കൈക്കൂലി വാങ്ങാത്തവനായി
ഒരുത്തനുണ്ടെടോ, ഞാൻ, ഒയ്യാരത്ത് ചന്തുമേനോൻ...". ആ സത്യസന്ധനായ ആ സർക്കാരുദ്യോഗസ്ഥന്
മലയാള സാഹിത്യ ചരിത്രത്തിൽ സ്ഥാനമുണ്ട്; മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയുടെ
കർത്താവ് എന്ന സ്ഥാനം!
വടക്കേ മലബാറിലെ
തലശ്ശേരിയിൽ 1847 ജനുവരി 9-ന് ഒയ്യാരത്ത് ചന്തുമേനോൻ ജനിച്ചു. കോടതിഗുമസ്‌തൻ, മുൻഷി,
ഹെഡ്‌മുൻഷി, മുൻസിഫ്, അഡീഷണൽ ജഡ്‌ജി എന്നീ ഉദ്യോഗങ്ങളിലിരുന്നു. 1897-ൽ കോഴിക്കോട്
സബ്‌ജഡ്‌ജിയായി. 1878-ൽ 'റാവുബഹാദൂർ' സ്ഥാനം നേടി. ചന്തുമേനോന്റെ ആദ്യകൃതിയായ ഇന്ദുലേഖ
(1887) ലക്ഷണമൊത്ത ആദ്യ മലയാളനോവലായി ഇന്നും പരിഗണിക്കപ്പെട്ടുവരുന്നു. തന്റെ
കൃതികളിലൂടെ അന്നത്തെ നായർ-നമ്പൂതിരി സമുദായങ്ങളിലെ യാഥാസ്ഥിതികത്വത്തെയും അനാചാരങ്ങളെയും
ദുഷ്പ്രവണതകളെയും നിശിതമായി വിമർശിച്ചു. 1899 സെപ്റ്റംബർ 7-ന് നിര്യാതനായി.
ഒ. ചന്തുമേനോൻ
കൃതികൾ
1889 ലാണ് ചന്തുമേനോൻ
ഇന്ദുലേഖ പ്രസിദ്ധീകരിച്ചത്. മലയാളികൾ ഒന്നടങ്കം അതിനെ സ്വാഗതം ചെയ്തു. വളരെ രസകരമാണ്
ഇന്ദുലേഖയുടെ കഥ. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഇന്ദുലേഖയാണ് നോവലിലെ നായിക. ഇംഗ്ലീഷ്
വിദ്യാഭ്യാസമുള്ള മാധവൻ നായകനും. ഇന്ദുലേഖയെ കല്യാണം കഴിക്കാൻ പമ്പരവിഡ്ഢിയായ സൂരി
നമ്പൂതിരിപ്പാട് വരുന്നു. ബുദ്ധിമതിയായ ഇന്ദുലേഖ സൂരിനമ്പൂതിരിപ്പാടിനെ സമർഥമായി കബളിപ്പിക്കുന്നു.
ഒടുവിൽ നായകനായ മാധവനുമായി ഇന്ദുലേഖയുടെ വിവാഹം നടക്കുന്നു - ഇതാണ് ഇന്ദുലേഖയിലെ കഥ.
ഇന്ദുലേഖയെക്കൂടാതെ 'ശാരദ' എന്നൊരു നോവലും ചന്തുമേനോൻ എഴുതിത്തുടങ്ങിയിരുന്നു. എന്നാൽ
നോവലിന്റെ പകുതി എഴുതാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.
