നാലപ്പാട്ട് നാരായണമേനോൻ
മലയാള സാഹിത്യത്തിൽ
ഭാവഗീത പ്രസ്ഥാനത്തിന് നേതൃത്വം നൽകി. അദ്ദേഹത്തിന്റെ 'കണ്ണുനീർത്തുള്ളി' എന്ന കൃതി
മലയാള കവിതാരംഗത്ത് അത്ഭുത പ്രതിഭാസമായി ഇന്നും നിൽക്കുന്നു. 1887 ഒക്ടോബർ
7-ന് പൊന്നാനിയ്ക്കടുത്തുള്ള വന്നേരി നാലപ്പാട്ട് തറവാട്ടിൽ ജനനം. നാലപ്പാട്ട്, തൃശൂർ,
കോഴിക്കോട് എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം നേടി. ഇംഗ്ലീഷും വേദാന്തവും പഠിച്ചു.
കവി, വിവർത്തകൻ എന്നീ നിലകളിൽ പ്രശസ്തി നേടി. വള്ളത്തോളിന്റെ സൗഹൃദം മേനോനും മേനോന്റെ
ചങ്ങാത്തം വള്ളത്തോളിനും അവരുടെ വളർച്ചയ്ക്കും വലിയ വളമായിരുന്നു. കുട്ടിക്കൃഷ്ണ മാരാരുമായും
നിരന്തരം നാലപ്പാടൻ സൗഹൃദം പുലർത്തിയിരുന്നു. 'കണ്ണുനീർത്തുള്ളി' ഇത്രയും പ്രശസ്തമാവാനുള്ള
കാരണം, അതിനു മാരാർ എഴുതിയ വ്യാഖ്യാനം തന്നെയാണ്. കവിപോലും കാണാതെപോയ ആഴങ്ങളിലേക്ക്
പഠിതാക്കളെ കൊണ്ടെത്തിക്കാൻ മാരാർക്കു കഴിഞ്ഞു. കാല്പനികഭാവഗീതപ്രസ്ഥാനത്തിന് പരിപോഷണം
നൽകിയവരുടെയിടയിൽ മുൻപന്തിയിലാണ് ഇദ്ദേഹം. വിലാപകാവ്യപ്രസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ
കണ്ണുനീർത്തുള്ളി എന്ന കൃതിക്ക് പ്രമുഖസ്ഥാനമുണ്ട്. പാശ്ചാത്യ വിലാപകാവ്യങ്ങളെ മാതൃകയാക്കിക്കൊണ്ട്,
സ്വന്തം പത്നിയുടെ അകാലചരമത്തിൽ വിലപിച്ചെഴുതിയ പ്രസ്‌തുത കൃതി ഭാവതീക്ഷ്‌ണതയും തനിമയും
പുലർത്തുന്നതാണ്. വികാരസാന്ദ്രമായ തത്ത്വചിന്തയാണ് ഈ കൃതിയുടെ സവിശേഷത. വിക്‌ടർഹ്യൂഗോയുടെ
'ലാ മിറാബലെ' എന്ന നോവൽ പാവങ്ങൾ എന്ന പേരിൽ മൂന്നു വാല്യങ്ങളായി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി.
രതിസാമ്രാജ്യം മറ്റൊരു കൃതിയാണ്. എഡ്വിൻ അർനോൾഡിന്റെ 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന കൃതിയുടെ
വിവർത്തനവും (പൗരസ്ത്യദീപം) അദ്ദേഹത്തിന്റേതായി ലഭിച്ചിട്ടുണ്ട്. കവയിത്രി ബാലാമണിയമ്മ
ഇദ്ദേഹത്തിന്റെ ഭാഗിനേയിയാണ്. 1984 ഒക്ടോബർ 24-ന് ദിവംഗതനായി.
പ്രധാന കൃതികൾ
◆ പാവങ്ങൾ
◆ കണ്ണുനീർത്തുള്ളി
(വിലാപകാവ്യം)
◆ ചക്രവാളം
(കവിത)
◆ ആർഷജ്ഞാനം
(തത്ത്വചിന്ത)
◆ പൗരസ്ത്യദീപം
(വിവർത്തനം)
◆ രതിസാമ്രാജ്യം
◆ ചക്രവാളം
◆ സുലോചന
◆ പുളകാങ്കുരം
