വള്ളത്തോൾ നാരായണമേനോൻ

Arun Mohan
0

വള്ളത്തോൾ നാരായണമേനോൻ ജീവചരിത്രം

മലയാള കവിതയുടെ ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ നടുനായകനായിരുന്നു വള്ളത്തോള്‍ നാരായണ മേനോന്‍. 1878 ഒക്ടോബര്‍ 16 നായിരുന്നു വള്ളത്തോളിന്റെ ജനനം. തിരൂരിനു സമീപം ചെന്നറ ഗ്രാമത്തിലാണ് വള്ളത്തോൾ ജനിച്ചത്. മാതാവിന്റെ പേര്‌ കുട്ടിപ്പാറുവമ്മ. പിതാവ്‌ ദാമോദരന്‍ ഇളയത്‌; നാരായണന്‍ എന്നാണ്‌ കുട്ടിക്ക്‌ പേരിട്ടത്‌. എല്ലാവരും അവനെ “കുട്ടന്‍” എന്നുവിളിച്ചു. കൂട്ടിപ്പാറുവമ്മയ്ക്ക്‌ സാമാന്യവിദ്യാഭ്യാസം ലഭിച്ചിരുന്നു. ദാമോദരന്‍ ഇളയതിന്‌ കാര്യമായ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്‌ വലിയൊരു കഴിവ്‌ ഉണ്ടായിരുന്നു. കഥ പറഞ്ഞ്‌ ആളുകളെ രസിപ്പിക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദാമോദരന്‍ ഇളയതിന്റെ കഥകള്‍ ഇഷ്ടമായിരുന്നു. അച്ഛന്റെ കഥകള്‍ കേള്‍ക്കാന്‍ കുട്ടന്‌ ഏറെ ഇഷ്ടമായിരുന്നു. ആ കഥകള്‍ കുട്ടന്റെ ഭാവനയെ വളര്‍ത്തി.

അഞ്ചു വയസു മുതല്‍, നാരായണന്‍ വീട്ടിലെ ആശ്രിതനായ കുഞ്ഞന്‍നായരുടെ ശിക്ഷണത്തില്‍ സംസ്കൃതം പഠിക്കാന്‍ തുടങ്ങി. മൂന്നു വര്‍ഷം കൊണ്ട്‌ പ്രാഥമിക പാഠങ്ങളെല്ലാം പഠിച്ചു. വള്ളത്തോളിന്റെ അമ്മാവനായിരുന്നു പ്രസിദ്ധ പണ്ഡിതനും വൈദ്യനുമായിരുന്ന വള്ളത്തോള്‍ രാമുണ്ണി മേനോന്‍. അദ്ദേഹത്തിന്റെ കീഴിലായിരുന്നു തുടര്‍ന്നുള്ള പഠനം. സംസ്കൃതകാവ്യങ്ങളായിരുന്നു അമ്മാവന്‍ അഭ്യസിപ്പിച്ചത്‌. മരുമകന്‍ മിടുക്കനാണെന്ന്‌ അമ്മാവന്‌ വളരെ വേഗത്തില്‍ മനസിലായി. തന്നെപ്പോലെതന്നെ നാരായണനും ഒരു വൈദ്യനായി തീരണമെന്ന്‌ അദ്ദേഹം കരുതി. എന്നാല്‍ കാവ്യങ്ങള്‍ പഠിച്ചത്തോടെ കവിത വള്ളത്തോളിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. പിന്നെ പദ്യങ്ങള്‍ ഏഴുതാന്‍ തുടങ്ങി. പതിനൊന്നാം വയസ്സില്‍ സംസ്കൃത ശ്ളോകങ്ങള്‍ തെറ്റു കൂടാതെ എഴുതിത്തുടങ്ങിയത്രേ. 12-ാം വയസ്സിൽ 'കിരാതശതകം' എന്ന മണിപ്രവാളകൃതി രചിച്ചുകൊണ്ട് മലയാള സാഹിത്യത്തിലേക്ക് പ്രവേശിച്ച മലയാളത്തിന്റെ മഹാകവി വളരെ ചെറുപ്പത്തിൽ തന്നെ അഷ്ടാഗഹൃദയം, സംസ്കൃതം, തർക്കശാസ്ത്രം എന്നിവ അഭ്യസിച്ചിരുന്നു.

കൂട്ടുകാരുമൊത്തു കാവ്യരചനാ മത്സരത്തിൽ ഏര്‍പ്പെടുക വള്ളത്തോളിന്റെ മുഖ്യവിനോദമായിരുന്നു. എല്ലായ്‌പ്പോഴും ഒന്നാം സമ്മാനം വള്ളത്തോളിനു തന്നെകിട്ടി. പതിമൂന്നു വയസിനുള്ളില്‍ വ്യാസാവതാരം, കിരാതശതകം എന്നിങ്ങനെ ചില കൃതികളും വള്ളത്തോള്‍ രചിച്ചിരുന്നു. കവിതയോടെന്ന പോലെ വള്ളത്തോളിനു മറ്റൊന്നിനോടു കൂടി താല്‍പര്യമുണ്ടായിരുന്നു; നാടകം. നാടകങ്ങള്‍ അഭിനയിക്കുക വള്ളത്തോളിന്റെയും കൂട്ടുകാരുടെയും വിനോദമായിരുന്നു. അമ്മാവന്റെ കീഴിലുള്ള പഠനത്തിനു ശേഷം ഏതാണ്ട്‌ ഒരു വര്‍ഷത്തോളം വള്ളത്തോള്‍ സംസ്കൃതം പഠിച്ചു. കൈക്കുളങ്ങര രാമവാര്യര്‍, പാറക്കുളം സുബ്രഹ്മണ്യ ശാസ്ത്രികള്‍ എന്നിവരായിരുന്നു ഗുരുക്കന്മാര്‍. ആ പഠനം പൂര്‍ത്തിയാക്കുന്നതില്‍ വള്ളത്തോളിനു വലിയ താല്‍പര്യമില്ലായിരുന്നു.

പതിനാറു വയസാപ്പോഴേക്കും വള്ളത്തോളിനെ സാഹിത്യലോകം ശ്രദ്ധിച്ചുതുടങ്ങിയിരുന്നു. 'ഭാഷാപോഷിണി സഭ' സംഘടിപ്പിച്ച കവിതാമത്സരത്തില്‍ ഒന്നാമനായതോടെയാണ്‌ വള്ളത്തോള്‍ ശ്രദ്ധാകേന്ദ്രമായത്‌. പിന്നീട്‌ ഭാഷാപോഷിണി, കേരളസഞ്ചാരി തുടങ്ങിയ മാസികകളിൽ വള്ളത്തോളിന്റെ നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചു. വള്ളത്തോളിന് വയസ്‌ പതിനെട്ട്‌. കൊടുങ്ങല്ലൂരെ ഒരു കവി സമ്മേളനവേദി. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഒരു സംസ്കൃത നാടകം വായിക്കുന്നു. ഏതോ ഭാഗം നമ്മുടെ വള്ളത്തോളിന്‌ മനസ്സിലായില്ല. വള്ളത്തോള്‍ തമ്പുരാനോട്‌ ഒരിക്കല്‍ക്കൂടി ആ ഭാഗം വായിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അതിന്‌ മറുപടി പറഞ്ഞത്‌ പുന്നശ്ശേരി നമ്പി എന്ന പണ്ഡിതനാണ്‌.

“കവിത എഴുതിയാല്‍ മാത്രം പോരാ അറിവുകൂടി വേണം." വെറും ഫലിതം, എന്ന മട്ടിലായിരുന്നു നമ്പി അങ്ങനെ പറഞ്ഞത്‌. എന്നാല്‍ അതു ചെന്നു കൊണ്ടത്‌ വള്ളത്തോളിന്റെ ഹൃദയത്തിലായിരുന്നു. അന്നു മുതല്‍ വള്ളത്തോള്‍ വളരെ ശ്രദ്ധാപൂര്‍വം ഗ്രന്ഥങ്ങള്‍ വായിക്കാന്‍ ആരംഭിച്ചു. സംസ്കൃതകാവ്യങ്ങള്‍, ഇതിഹാസങ്ങള്‍, ചമ്പുക്കള്‍ എല്ലാം ശ്രദ്ധാപൂര്‍വം മനസ്സിലാക്കി. കാവ്യരചനയ്ക്ക്‌ കരുത്തുള്ള അടിത്തറ നല്‍കാന്‍ ഈ വായന സഹായിച്ചു. 1905 നോടടുത്ത് വള്ളത്തോളിന്റെ കുടുംബം പൊന്നാനിക്കടുത്തുള്ള വന്നേരി എന്ന സ്ഥലത്തേക്ക് താമസം മാറി. ഇവിടെ താമസിക്കുന്ന സമയത്താണ് വള്ളത്തോള്‍ പ്രധാനപ്പെട്ട പല രചനകളും നടത്തിയത്‌. പലസാഹിത്യ മാസികകളുടേയും പത്രാധിപസ്ഥാനം തുടർന്നു വന്ന വള്ളത്തോൾ, കേരളകല്പദ്രുമം (തൃശൂർ) പ്രസ്സിന്റെ മാനേജർ, 'കേരളോദയം', 'ആത്മപോഷിണി' എന്നിവയുടെ പത്രധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഈ കാലഘട്ടത്തിൽ അനേകം പുരാണങ്ങളും മലയാളത്തിലേക്കു തർജ്ജമചെയ്തു. 1909-ൽ വളരെ പ്രശസ്തമായ വാല്മീകി രാമായണം പ്രസിദ്ധപ്പെടുത്തി. 'ചിത്രയോഗ' മാണ് മഹാകാവ്യം. ദേശാഭിമാനിയായിരുന്ന വള്ളത്തോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിലും പ്രവർത്തിച്ചു. അണുബാധയെതുടർന്ന്‌ ബധിരനായ അദ്ദേഹം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ 'ബധിര വിലാപം' എന്ന ഖണ്ഡകാവ്യം രചിച്ചു.

മലയാളത്തിന് വളരെ വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹം 1937-ൽ ചെറുതുരുത്തിയിൽ കേരള കലാമണ്ഡലം സ്ഥാപിക്കുന്നതിനുവേണ്ടി ധനശേഖരണാർഥം നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചു. മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തിൽ കഥകളി അവതരിപ്പിക്കുന്നതിനുവേണ്ടി കുന്നംകുളം കോവിലകത്ത് ഒരു വിദ്യാലയമെന്ന നിലയിലായിരുന്നു തുടക്കം. 1938 ൽ കൊച്ചി രാജാവ് ചെറുതുരുത്തിയിൽ ഭാരതപുഴയുടെ തീരത്ത് സ്ഥലമനുവദിച്ചു. പിൽകാലത്ത് കലാമണ്ഡലം വള്ളത്തോൾ നഗറിലേക്ക് മാറ്റി. കൊച്ചി രാജാവ് 'കവി സാർവ്വഭൗമൻ' എന്ന ബിരുദവും 1947-ൽ മദ്രാസ് ഗവൺമെൻറ് 'കേരളത്തിന്റെ ആസ്ഥാനകവി' എന്ന സ്ഥാനവും നൽകി ആദരിച്ചു. കൂടാതെ ഇന്ത്യ-ഗവൺമെന്റ് പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. കേരളസാഹിത്യപരിഷത്തിന്റെ അധ്യക്ഷൻ, കേന്ദ്രസാഹിത്യ അക്കാദമി അംഗം, കേരളസാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 1958 - ൽ മഹാകവി വള്ളത്തോൾ അന്തരിച്ചു. കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ ഉൾപ്പെട്ട കവിത്രയത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന അദ്ദേഹം 'ശബ്ദസുന്ദരൻ' എന്ന് വിശേഷിപ്പിക്കപ്പെട്ടു. 1937-ൽ സ്ഥാപിച്ച കലാമണ്ഡലത്തിലൂടെ അദ്ദേഹം കഥകളിയെയും മോഹിനിയാട്ടത്തെയും പുനരുദ്ധരിച്ചു.

അപരനാമങ്ങൾ

കേരള വാല്‌മീകി

കേരള ടെന്നിസൺ

ശബ്ദസുന്ദരൻ

പ്രധാന കൃതികൾ

ബന്ധനസ്ഥനായ അനിരുദ്ധൻ

ശിഷ്യനും മകനും

മഗ്ദലനമറിയം

ബധിരവിലാപം

ഗണപതി

പ്രസംഗവേദിയിൽ

ചിത്രയോഗം (മഹാകാവ്യം)

സാഹിത്യമഞ്ജരി

കൊച്ചുസീത

അച്ഛനും മകളും

അഭിവാദ്യം

ഓണപ്പുടവ

കാവ്യാമൃതം

ദണ്ഡകാരണ്യം

ദിവാസ്വപ്നം

നാഗില

കൈരളീകടാക്ഷം

 ഒരു കത്ത്

മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്ത പ്രധാന കൃതികൾ

 വാല്മീകി രാമായണം

 ഋഗ്വേദം

 ശാകുന്തളം

വൈദ്യഗ്രന്ഥങ്ങൾ

■ ഗർഭരക്ഷാക്രമം

■ ആരോഗ്യ ചിന്താമണി

കവിമൊഴികൾ

"കൊട്ടാരം ചിന്തയാൽ ജാഗരംകൊള്ളുന്നു

കൊച്ചുകുടിൽക്കത്രെ നിദ്രാസുഖം"

"ക്രിസ്തുവാം കൃഷ്ണന്റെ ധർമ്മോപദേശമാം

നിസ്തുല കോമള വേണുഗാനം"

"ഭാരതമെന്നപേർ കേട്ടാലഭിമാന

പൂരിതമാകണമന്തരംഗം

കേരളമെന്നു കേട്ടാലോ തിളയ്ക്കണം

ചോരനമുക്കു ഞരമ്പുകളിൽ"

"ബന്ധുരക്കാഞ്ചന കൂട്ടിലാണെങ്കിലും

ബന്ധനം ബന്ധനം തന്നെ പാരിൽ"

"മറ്റുള്ളഭാഷകൾ കേവലം ധാത്രിമാർ

മർത്യനു പെറ്റമ്മ തൻഭാഷതാൻ"

PSC ചോദ്യങ്ങൾ

1. ആദ്യത്തെ വള്ളത്തോൾ അവാർഡിനർഹനായത് - പാലാ നാരായണൻ നായർ

2. പദ്മഭൂഷൺ നേടിയ ആദ്യ മലയാളി - വള്ളത്തോൾ നാരായണ മേനോൻ

3. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ ഉപാധ്യക്ഷൻ - വള്ളത്തോൾ

4. 1930 ൽ കേരള കലാമണ്ഡലം സ്ഥാപിച്ചത് - വള്ളത്തോൾ നാരായണ മേനോൻ

5. ശബ്ദസുന്ദരൻ എന്നറിയപ്പെട്ട മലയാള കവി - വള്ളത്തോൾ

6. ലോകമേ തറവാടു തനിക്കീച്ചെടികളും പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ എന്ന് പാടിയത് - നാരായണ മേനോൻ

7. വെയിൽസ്‌ രാജകുമാരന്റെ ബഹുമതി (1922) നിരസിച്ച മലയാള കവി - വള്ളത്തോൾ

8. ഋഗ്വേദവും വാല്‌മീകി രാമായണവും വിവർത്തനം ചെയ്ത മലയാള കവി - നാരായണ മേനോൻ

9. സ്റ്റാമ്പിലിടം നേടിയ രണ്ടാമത്തെ മലയാള കവി - വള്ളത്തോൾ

10. ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിന്റെ ആസ്ഥാനകവിയായി തിരഞ്ഞെടുത്തത് - വള്ളത്തോൾ

11. ബധിര വിലാപം രചിച്ചതാര് - നാരായണ മേനോൻ

12. കേരള വാല്‌മീകി എന്നറിയപ്പെട്ടത് - വള്ളത്തോൾ

13. ഗാന്ധിജിയെക്കുറിച്ച് "എന്റെ ഗുരുനാഥൻ" എന്ന കവിത രചിച്ചത് - വള്ളത്തോൾ

14. ഏതു കലാരൂപത്തെയാണ് വള്ളത്തോൾ നാരായണമേനോൻ പുനരുദ്ധരിച്ചത് - കഥകളി

15. സാഹിത്യമഞ്ജരിയുടെ കർത്താവ് - വള്ളത്തോൾ

16. "വന്ദിപ്പിൻ മാതാവിനെ" എന്നാരംഭിക്കുന്ന ദേശഭക്തിഗാനം രചിച്ച കവി - വള്ളത്തോൾ

17. "ചിത്രയോഗം" കർത്താവ് - വള്ളത്തോൾ

18. എഴുത്തച്ഛനെ വള്ളത്തോൾ വിശേഷിപ്പിക്കുന്നത് എങ്ങനെ - പുതുമലയാണ്മതൻ മഹേശ്വരൻ

19. ഔഷധാഹരണം ആട്ടക്കഥ രചിച്ചത് - വള്ളത്തോൾ

20. മലയാളത്തിന്റെ തല എന്ന വള്ളത്തോൾ കവിത ആരെക്കുറിച്ചുള്ളതാണ് - ശ്രീശങ്കരാചാര്യർ

21. "കർമഭൂമിയുടെ പിഞ്ചുകാൽ", "എന്റെ ഗുരുനാഥൻ", "ബാപ്പൂജി" എന്നീ ഗാന്ധിയൻ കാവ്യങ്ങൾ രചിച്ചതാര് - വള്ളത്തോൾ

22. ബധിരവിലാപം, ചിത്രയോഗം, മഗ്ദലനമറിയം തുടങ്ങിയ കാവ്യങ്ങൾ രചിച്ച കേരള കലാമണ്ഡല സ്ഥാപകനും ദേശഭക്തനുമായ മലയാള കവിയാര്? - വള്ളത്തോൾ നാരായണമേനോൻ

23. വള്ളത്തോൾ എഴുതിയ മഹാകാവ്യം ഏത്? - ചിത്രയോഗം

24. 'ശിഷ്യനും മകനും' എന്ന ഖണ്ഡകാവ്യം രചിച്ചതാര്? - വള്ളത്തോൾ

25. 'അച്ഛനും മകളും' എന്ന ഖണ്ഡകാവ്യത്തിലെ അച്ഛൻ ആര്? മകൾ ആര്? - വിശ്വാമിത്രൻ (അച്ഛൻ), ശകുന്തള (മകൾ)

26. 'ശിഷ്യനും മകനും' എന്ന ഖണ്ഡകാവ്യത്തിലെ ശിഷ്യൻ ആര്? മകൻ ആര്? - പരശുരാമൻ (ശിഷ്യൻ), ഗണപതി (മകൻ)

27. 'ഗീതയ്ക്ക് മാതാവായ ഭൂമിയെ ദൃഢമിതു മാതിരിയൊരു കർമ്മയോഗിയെ പ്രസവിക്കൂ' - വള്ളത്തോളിന്റെ ഈ വരികളിലെ കർമയോഗി ആര്? - മഹാത്മാഗാന്ധി

28. 'എന്റെ ഗുരുനാഥൻ' എന്ന കവിതയിൽ വള്ളത്തോൾ പ്രകീർത്തിക്കുന്ന ഗുരുനാഥൻ ആര്? - മഹാത്മാഗാന്ധി

29. നബിയെ പ്രകീർത്തിച്ചുകൊണ്ട് വള്ളത്തോൾ രചിച്ച കാവ്യം? - ജാതകം തിരുത്തി

30. ബുദ്ധമത തത്ത്വശാസ്ത്രത്തെ പ്രകീർത്തിക്കുന്ന വള്ളത്തോളിന്റെ കവിത ഏത്? - നാഗില

31. ആദ്യകാലങ്ങളിൽ കേരളം ടാഗോർ എന് വിശേഷിപ്പിച്ചിരുന്നത് ആരെ? - വള്ളത്തോളിനെ

32. വള്ളത്തോൾ കവിതയിലെ ദേശീയതയുടെ പൂർണ്ണതയും മികവും കാണാൻ കഴിയുന്ന കൃതി - സാഹിത്യമഞ്ജരി നാലാം ഭാഗം

33. വള്ളത്തോൾ എഴുതിയ ആട്ടക്കഥ ഏത്? - ഔഷധാഹരണം 

34. വള്ളത്തോളിന്റെ ഏതെല്ലാം കൃതികളെയാണ് ആട്ടക്കഥാരൂപം നൽകി അവതരിപ്പിക്കുന്നത്? - ശിഷ്യനും മകനും, മഗ്ദലനമറിയം, നാഗില

35. പുലിക്കോട്ടിൽ ജോസഫ് ഡീക്കന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ആത്മപോഷിണിയുടെ പത്രാധിപരായിരുന്നത് - വള്ളത്തോൾ

Post a Comment

0 Comments
Post a Comment (0)