വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
കേരളത്തിലെ ആദ്യകാല പത്രപ്രവർത്തകരിൽ ഒരാളായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ. കേസരി എന്ന തൂലികാനാമത്തിലറിയപ്പെട്ട കുഞ്ഞിരാമൻ നായനാർ ആദ്യകാല സാഹിത്യ വിമർശകനും നർമോപന്യാസകാരനുമായിരുന്നു. 1860-ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ചിറയ്ക്കലിൽ മാതമംഗലത്ത് ജനിച്ചു. മലയാളത്തിന്റെ ആദ്യത്തെ കഥയെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്ന വാസനാവികൃതിയുടെ കർത്താവാണ് കേസരി. 1891-ൽ 'വിദ്യാവിനോദിനി'യിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഹാസ്യത്തിന്റെ മേമ്പൊടിയുള്ള ഭാഷയിലാണ് അദ്ദേഹം ഈ കഥ രചിച്ചിരിക്കുന്നത്. മദ്രാസ് നിയമസഭയിൽ അംഗമായിരുന്ന ഇദ്ദേഹത്തിന്റേതായി ധാരാളം ഹാസ്യരചനകളും പുറത്തുവന്നിട്ടുണ്ട്. ദ്വാരക, പരമാർത്ഥം എന്നീ കഥകൾ പ്രശസ്തമാണ്. വാസനാവികൃതിക്കു മുമ്പ് വേറെയും ചെറുകഥകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും സ്വതന്ത്ര രചനകളായിരുന്നില്ല. ദ്വാരക എന്ന കഥയിൽ ഇദ്ദേഹം പറഞ്ഞ വസ്‌തുതകൾ സമീപകാല ഗവേഷണഫലങ്ങൾ ശരിവയ്ക്കുന്നു. കേരളചന്ദ്രിക, കേരളപത്രിക, വിദ്യാവിനോദിനി, മിതവാദി, മനോരമ തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതി. ദേശാഭിമാനി, വജ്രബാഹു, വജ്രസൂചി എന്നീ തൂലികാനാമങ്ങളിലും ഇദ്ദേഹം അറിയപ്പെട്ടു. കുറച്ചുകാലം കേരളസഞ്ചാരി, വിദ്യാവിനോദിനി എന്നീ പത്രങ്ങളുടെ പത്രാധിപരായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 1914-ൽ ദിവംഗതനായി.
