എ.ആർ. രാജരാജ വർമ്മ
കേരള പാണിനി എന്നറിയപ്പെടുന്നു.
കവി, വൈയാകരണൻ, ഭാഷാശാസ്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ അഗ്രഗണ്യൻ. 1863 ഫെബ്രുവരി 20-ന്
ചങ്ങനാശ്ശേരിയിൽ ജനിച്ചു. അധ്യാപകൻ, സംസ്കൃത പാഠശാലാ ഇൻസ്‌പെക്ടർ, സംസ്കൃത കോളേജ് പ്രിൻസിപ്പൽ
തുടങ്ങിയ പദവികൾ വഹിച്ചു. എ.ആറിന്റെ മലയവിലാസം എന്ന ഖണ്ഡകാവ്യമാണ് മലയാള സാഹിത്യത്തിൽ
കാല്പനികവസന്തത്തിന് തുടക്കം കുറിച്ച ആദ്യകൃതി. മാതുലനായ വലിയ കോയിത്തമ്പുരാനുമായി
നടന്ന ദ്വിതീയാക്ഷര പ്രാസവാദത്തിൽ നിർണായകമായ പങ്കുവഹിച്ചു. ഭാഷയ്ക്കും സാഹിത്യത്തിനും
വേണ്ട നിയമങ്ങൾ ആവിഷ്കരിച്ചു. മലയവിലാസം, പ്രസാദമാല, ആംഗലസാമ്രാജ്യം തുടങ്ങിയ സാഹിത്യകൃതികളും
കേരളപാണിനീയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം തുടങ്ങിയ ഭാഷാ-സാഹിത്യ നിയമഗ്രന്ഥങ്ങളും
ഇദ്ദേഹത്തിന്റേതായുണ്ട്. കേരളപാണിനീയമാണ് വ്യാകരണപഠനത്തിന് ഇന്നും അടിസ്ഥാനഗ്രന്ഥം.
കേരള പാണിനി എന്നറിയപ്പെടുന്ന എ.ആർ രാജരാജവർമ്മ മലയാളത്തിലും സംസ്കൃതത്തിലും ധാരാളം
കൃതികൾ എഴുതിയിട്ടുണ്ട്. കൂടാതെ മേഘസന്ദേശം, ശാകുന്തളം തുടങ്ങിയ കൃതികൾ വിവർത്തനം ചെയ്യുകയും
ചെയ്തു. 1918 ജൂൺ 18-ന് നിര്യാതനായി.
രാജരാജവർമ്മ പ്രസ്ഥാനം
എ.ആർ. രാജരാജ
വർമ്മയുടെ സാഹിത്യസമീപനമാണ് ഈ പ്രസ്ഥാനം. കേരളവർമ്മ പ്രസ്ഥാനത്തിന് എതിരായ സമീപനവുമാണിത്.
സ്വതന്ത്രമായ ഒരു മലയാളശൈലിയാണ് എ.ആർ മുന്നോട്ടുവെച്ചത്. അനിവാര്യമാണെങ്കിൽ മാത്രം
മലയാളത്തോടടുത്ത് നിൽക്കുന്ന സംസ്കൃത പദങ്ങൾ ഉപയോഗിക്കാം. അതായത്, ഇവിടെ രൂപത്തിലല്ല ഭാവത്തിലാണ് കാവ്യത്തിന്റെ ജീവൻ. പ്രാസത്തിനുവേണ്ടി അർഥം ബലികഴിക്കേണ്ടതില്ല. ഇതനുസരിച്ച്
എ.ആർ.വിവർത്തനം ചെയ്ത കൃതിയാണ് 'മലയാള ശാകുന്തളം'. ശബ്ദസൗന്ദര്യത്തിൽ നിഷ്ഠ വെച്ചാൽ
കാവ്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുമെന്നാണ് എ.ആറിന്റെ അഭിപ്രായം.
പ്രധാന കൃതികൾ
◆ കേരള പാണിനീയം
◆ ഭാഷാ ഭൂഷണം
◆ വൃത്തമഞ്ജരി
◆ സാഹിത്യ സാഹ്യം
◆ ശബ്ദശോധിനി
◆ മധ്യമ വ്യാകരണം
◆ മലയാള ശാകുന്തളം
◆ മലയവിലാസം
◆ പ്രസാദമാല
◆ ഭാഷാകുമാരസംഭവം
