സി.വി. രാമൻപിള്ള
'മലയാളത്തിലെ
വാൾട്ടർ സ്‌കോട്ട്', 'മലയാള നോവൽ സാഹിത്യത്തിലെ കുലപതി' എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന
എഴുത്തുകാരൻ. 1858 മെയ് 19-ന് തിരുവനന്തപുരത്ത് പടിഞ്ഞാറേ കോട്ടവാതിലിനടുത്ത് കൊച്ചുകണ്ണച്ചാർ
വീട്ടിലായിരുന്നു ജനനം. വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ രാഷ്ട്രീയവും സാമൂഹികവുമായ
പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നു. ബി.എ പാസായ ശേഷം 'കേരള പേട്രിയട്ട്' എന്ന ഇംഗ്ലീഷ്
പത്രം ആരംഭിച്ചു. 'മലയാളി സഭ' എന്ന പേരിൽ അക്കാലത്ത് രൂപം കൊണ്ട സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു.
സംഘടനയ്ക്കു വേണ്ടി 'മലയാളി' എന്ന പത്രമാരംഭിച്ചു. മലയാളത്തിലെ ഗദ്യസാഹിത്യത്തിൽ മാത്രമല്ല
നോവൽസാഹിത്യത്തിലും നവീനചലനങ്ങൾ സൃഷ്‌ടിച്ച സി.വി. ആദ്യമായി പ്രഹസനങ്ങളും ചരിത്രനോവലുകളും
മലയാളത്തിൽ രചിച്ചു. ചന്ദ്രമുഖീവിലാസം, കുറുപ്പില്ലാക്കളരി എന്നീ പ്രഹസനങ്ങളും (ഫലിതവും
ആക്ഷേപഹാസ്യവും നിറഞ്ഞ നാടകങ്ങളാണ് പ്രഹസനങ്ങൾ), മലയാളസാഹിത്യത്തിലെ അതുല്യസൃഷ്‌ടികളായ
മാർത്താണ്ഡവർമ (1891), ധർമരാജ (1913), രാമരാജബഹദൂർ (1918) എന്നീ ചരിത്രനോവലുകളും ഇദ്ദേഹത്തിന്റേതാണ്.
അസാമാന്യവ്യക്തിത്വമുള്ള കഥാപാത്രങ്ങളുടെ അവതരണമാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.
ചരിത്രകഥകളാണ്
സി.വി നോവലിന് വിഷയമാക്കിയത്. സി.വിയുടെ ആദ്യത്തെ ചരിത്രനോവലാണ് മാർത്താണ്ഡവർമ. ഇത്
1891ൽ പ്രസിദ്ധീകരിച്ചു. രാമവർമ്മ മഹാരാജാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ പത്മനാഭൻ
തമ്പിയും അനന്തരവനായ മാർത്താണ്ഡവർമ്മയുമായി രാജ്യാവകാശത്തെച്ചൊല്ലി തർക്കമുണ്ടായി.
തമ്പിയെ സഹായിക്കാൻ നാട്ടിലെ പ്രഭുക്കളായ എട്ടുവീട്ടിൽപിള്ളമാരുണ്ടായിരുന്നു. എന്നാൽ
മാർത്താണ്ഡവർമ്മ ശത്രുക്കളെയെല്ലാം അടിച്ചമർത്തി ഭരണം ഉറപ്പിച്ചു. ഇങ്ങനെ പോകുന്നു
മാർത്താണ്ഡവർമ്മയുടെ കഥ. 1913ൽ മറ്റൊരു ചരിത്രനോവൽ സി.വി.രാമൻ പിള്ള പ്രസിദ്ധീകരിച്ചു;
ധർമരാജ. തിരുവിതാംകൂർ രാജാവായ ധർമരാജയാണ് അതിലെ നായകൻ. രാമരാജബഹദൂറാണ് സി.വി.യുടെ അടുത്ത
ചരിത്ര നോവൽ. ചരിത്ര നോവലുകളെക്കൂടാതെ 'പ്രേമാമൃതം' എന്നൊരു സാമൂഹ്യ നോവലും ധാരാളം
നാടകങ്ങളും സി.വി.രാമൻപിള്ള എഴുതിയിട്ടുണ്ട്. 1922 മാർച്ച് 20-ന് ദിവംഗതനായി.
പ്രധാന പുസ്തകങ്ങൾ
◆ മാർത്താണ്ഡവർമ
◆ ധർമരാജ
◆ രാമരാജബഹദൂർ
◆ പ്രേമാമൃതം
◆ കുറുപ്പില്ലാക്കളരി
◆ പണ്ടത്തെ
പാച്ചൻ
◆ തെന്തനാംകോട്ടു
ഹരിശ്ചന്ദ്രൻ
◆ കൈമളശ്ശന്റെ
കടശ്ശിക്കൈ
◆ ചെറുതേൻ
കൊളംബസ്
◆ ബട്ലർ പപ്പൻ
