ഇരയിമ്മൻ തമ്പി

Arun Mohan
0

ഇരയിമ്മൻ തമ്പി

1783-ൽ തിരുവനന്തപുരത്ത് കരമനയിൽ ജനിച്ച തമ്പി കൗമാരത്തിൽത്തന്നെ ദേവീസ്തോത്രങ്ങൾ രചിച്ച് പ്രസിദ്ധനായി. 1815-ൽ തിരുവിതാംകൂറിലെ ആസ്ഥാന കവിയായി. 'ഓമനത്തിങ്കൾക്കിടാവോ' എന്ന താരാട്ടുപാട്ടിലൂടെ ജനസാമാന്യത്തിനിടയിൽ പ്രശസ്‌തനായ കവി. സംസ്കൃതത്തിലും മലയാളത്തിലുമായി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. സംസ്‌കൃതപണ്ഡിതനായിരുന്ന ഇരയിമ്മൻതമ്പി മൂന്ന് ആട്ടക്കഥകൾ രചിച്ചു. ഉത്തരാസ്വയംവരം, ബകവധം, കീചകവധം എന്നീ മൂന്നു കൃതികളും ആട്ടക്കഥാ സാഹിത്യത്തിന്റെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. സുഭദ്രാഹരണം കൈകൊട്ടിക്കളിപ്പാട്ടും മുറജപപ്പാനയും ചില ഒറ്റശ്ലോകങ്ങളും ആട്ടക്കഥകളും തമ്പിയുടേതായുണ്ട്.

ഇരയിമ്മൻ തമ്പി ജീവചരിത്രം

1783 ഒക്ടോബറിൽ തിരുവനന്തപുരത്താണ് ഇരയിമ്മൻ തമ്പി ജനിച്ചത്. തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുള്ള കരമന പുതുമന അമ്മവീടാണ് തമ്പിയുടെ കുടുംബം. പിതാവിൽ നിന്ന് സാഹിത്യത്തിലും സംഗീതത്തിലും ശിക്ഷണം ലഭിച്ചു. പതിനാലാമത്തെ വയസ്സിൽ ഇരയിമ്മൻ തമ്പി കവിത എഴുതിത്തുടങ്ങി. 32 മത്തെ വയസ്സിൽ രാജകൊട്ടാരത്തിലെ ആസ്ഥാനകവികളിൽ ഒന്നാമനായി. ജനം 'മഹാകവി' ബിരുദം നൽകി ആദരിച്ചു. അതിമനോഹരമായ ഗാനങ്ങൾ തമ്പി രചിക്കുമായിരുന്നു. ആട്ടക്കഥാരചനയിൽ അദ്വൈതഭാവം പ്രകടിപ്പിച്ച മഹാനുഭാവനാണ് അദ്ദേഹം. കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നീ മൂന്ന് ആട്ടക്കഥകൾ കഥകളി രംഗത്ത് ഏറ്റവും പ്രചാരമുള്ളവയാണ്. സുഭദ്രാഹരണം, കൈകൊട്ടിക്കളിപ്പാട്ട്, മുറജപപ്പാന, നവരാത്രിപ്രബന്ധം, ഓമനത്തിങ്കൾക്കിടാവോ എന്ന താരാട്ട് പാട്ട്, വാസിഷ്ഠം കിളിപ്പാട്ട്, രാസക്രീഡ, രാജസേവാക്രമം മണിപ്രവാളം എന്നിവയാണ് തമ്പിയുടെ കൃതികൾ. തമ്പിയുടെ ആട്ടക്കഥകൾ നളചരിതത്തിനൊപ്പം കീർത്തിനേടി. ആടാനും പാടാനും കൊള്ളാവുന്ന ഏതാനും ചില ആട്ടക്കഥകളിൽ ഇത് ഗണനീയമായി. 'ദക്ഷയാഗം' ഏറെ പ്രശസ്തി പിടിച്ചുപറ്റി. 'പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ' എന്നുതുടങ്ങുന്ന ഗാനവും 'ഒരുനാൾ നിശി ചെയ്ത ലീലകൾ ഒരിക്കലും ഹൃദി മറക്കുമോ സഖി' എന്നാരംഭിക്കുന്ന ഗാനവും അനശ്വരമായ രതിഗീതങ്ങളാണ്. ഭാഷാകവികളുടെ കൂട്ടത്തിൽ ഉദാത്തവും സമുന്നതവുമായ ഒരു സ്ഥാനമാണ് ഇരയിമ്മൻ തമ്പിക്ക് ഉള്ളത്. സംഗീതകൃതികൾ രചിച്ചിട്ടുള്ള അപൂർവം കേരളീയകവികളിൽ ഒന്നാമനാണ് ഇരയിമ്മൻ തമ്പി. 29 സംസ്കൃത കീർത്തനങ്ങളും, 27 മണിപ്രവാള കീർത്തനങ്ങളും രചിച്ചിട്ടുണ്ട്. 1856-ൽ അദ്ദേഹം അന്തരിച്ചു.

Post a Comment

0 Comments
Post a Comment (0)