കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
വെൺമണി അച്ഛൻ
നമ്പൂതിരിപ്പാടിന്റെ മകനായി 1864 സെപ്റ്റംബറിൽ കൊടുങ്ങല്ലൂരിൽ ജനിച്ചു. കൊടുങ്ങല്ലൂർ
കോവിലകത്ത് കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയാണ് മാതാവ്. ദ്രുതകവനത്തിലായിരുന്നു തമ്പുരാന്
ഭ്രമം. ആദ്യകാല സാഹിത്യമാസികകളിൽ തമ്പുരാന്റെ കൃതികൾ പ്രസിദ്ധീകൃതമായി. സുഭദ്രാഹരണം,
ജരാസന്ധവധം, ശ്രീശങ്കരഗുരുചരിതം തുടങ്ങിയ സംസ്‌കൃതകൃതികളും ചില രൂപകങ്ങളും ഗാഥാകൃതികളും
ഖണ്ഡകൃതികളും ഇദ്ദേഹത്തിന്റേതായുണ്ട്. മഹാഭാരതത്തിന്റെ വിവർത്തനം 'കേരളവ്യാസൻ' എന്ന
വിശേഷണം ഇദ്ദേഹത്തിന് നേടിക്കൊടുത്തു. 18 പർവങ്ങളും 2000 അധ്യായങ്ങളും 1,20,000 ശ്ലോകങ്ങളും
ഉൾപ്പെട്ട മഹാഭാരതം 874 ദിവസം കൊണ്ടാണ് തമ്പുരാൻ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്‌തത്.
ദിവസം ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണത്രെ വിവർത്തനത്തിനുവേണ്ടി നീക്കിവച്ചത്!
1913-ൽ അന്തരിച്ചു.
പ്രധാന കൃതികൾ
◆ കവിഭാരതം
◆ മദിരാശിയാത്ര
◆ പാലുള്ളിചരിതം
കുഞ്ഞിക്കുട്ടൻ
തമ്പുരാനും പച്ചമലയാളവും
വെണ്മമണി പ്രസ്ഥാനം
മലയാളത്തിന്റെ പരിവർത്തന ഘട്ടമായിരുന്നു. തെക്കൻ കേരളത്തിൽ കേരളവർമ വലിയകോയിത്തമ്പുരാനും
കൂട്ടരും മണിപ്രവാളത്തിന് ശക്തി പകർന്നപ്പോൾ വടക്ക് വെണ്മണിമാർ മലയാളത്തനിമ പുനഃപ്രതിഷ്ഠിക്കുവാനുള്ള
ശ്രമമാണ് ആരംഭിച്ചത്. ഭാഷാ സാഹിത്യത്തിൽ നിന്നും സംസ്കൃത ഭാഷയെ അകറ്റി നിർത്താനുള്ള
വളരെ ബോധപൂർവ്വമായ ശ്രമമാണ് പച്ചമലയാള പ്രസ്ഥാന രൂപീകരണത്തിലെത്തിച്ചത്. വെണ്മണിക്കവികളിൽ
പ്രമുഖനായിരുന്നു വെണ്മണി അച്ഛൻ. വെണ്മണി അച്ഛന്റെ മക്കളാണ് വെണ്മണി മഹനും, കുഞ്ഞിക്കുട്ടൻ
തമ്പുരാനും. രണ്ടു മക്കളും ഒന്നിനൊന്ന് മെച്ചപ്പെട്ട കവികൾ.
ഒരു സംസ്കൃത പദം
പോലും ഇല്ലാതെ ഒരു കാവ്യം മുഴുവൻ മലയാളത്തിൽ എഴുതാൻ കഴിയുമോ? ഒരാൾ കുഞ്ഞിക്കുട്ടൻ തമ്പുരാനെ
വെല്ലുവിളിച്ചു. തമ്പുരാൻ വിടുമോ? ഒറ്റ സംസ്കൃത പദം പോലുമില്ലാതെ തമ്പുരാൻ ഒരു കാവ്യം
രചിച്ചു. 'നല്ല ഭാഷ' എന്നായിരുന്നു കാവ്യത്തിന്റെ പേര്. പച്ചമലയാള പ്രസ്ഥാനത്തിന്റെ
ഉദയം അങ്ങനെയായിരുന്നു. പച്ചമലയാള പ്രസ്ഥാനമെന്നാൽ സംസ്കൃത പദങ്ങളില്ലാതെ ശുദ്ധമലയാളത്തിൽ
കവിത രചിക്കുക. 'നല്ല ഭാഷ'യായിരുന്നു പച്ചമലയാള
പ്രസ്ഥാനത്തിലെ ആദ്യ കൃതി. 1891-ൽ 'വിദ്യാവിനോദിനി' എന്ന പ്രസിദ്ധീകരണത്തിൽ നല്ലഭാഷ
അച്ചടിച്ചുവന്നു. സാമൂതിരിയുടെയും കൊച്ചി രാജാവിന്റെയും സമർത്ഥമായ ഇടപെടലിലൂടെ മോഷണം
കണ്ടെത്താനുള്ള ശ്രമങ്ങളാണ് 51 ശ്ലോകങ്ങളുള്ള നല്ല ഭാഷയുടെ ഉള്ളടക്കം. 21 ശ്ലോകങ്ങളടങ്ങിയ
'ഒടി' എന്നൊരു കൃതിയും പിന്നീട് തമ്പുരാൻ പച്ചമലയാളത്തിൽ രചിച്ചു. പണ്ടുകാലത്ത് നാട്ടിൻ
പുറങ്ങളിൽ നിലനിന്നിരുന്ന 'ഒടിവിദ്യ' ആയിരുന്നു ഒടിയുടെ പ്രമേയം. കണ്ണൻ, കോമപ്പൻ, ശക്തൻ
തമ്പുരാൻ, പാക്കനാർ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മറ്റ് പ്രധാന പച്ചമലയാള കൃതികൾ.
