പഞ്ചവത്സര പദ്ധതി

പഞ്ചവത്സര പദ്ധതികൾ (Five Year Plans in India)

രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്താനായി ആവിഷ്കരിച്ച പദ്ധതികളാണ് പഞ്ചവത്സര പദ്ധതികൾ. ഒരു പ്രത്യേക മേഖലയ്ക്ക് മുൻഗണന നൽകി അഞ്ചുവർഷംകൊണ്ട് ലക്ഷ്യം നേടുക എന്നതായിരുന്നു പഞ്ചവത്സര പദ്ധതികളുടെ ഉദ്ദേശ്യം. ആസൂത്രണ കമ്മീഷനായിരുന്നു പദ്ധതികളുടെ നടത്തിപ്പു ചുമതല. മുൻ സോവിയറ്റ് യൂണിയനെയാണ് പഞ്ചവത്സര പദ്ധതികൾക്ക് ഇന്ത്യ മാതൃകയാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1951 - 1956 ആയിരുന്നു. കാർഷികമേഖലയ്ക്കാണ് പദ്ധതി ഊന്നൽ നൽകിയത്. ഒന്നാം പദ്ധതിക്കാലത്ത്, 1952 ലാണ് ഇന്ത്യയിൽ കുടുംബാസൂത്രണ പദ്ധതി തുടങ്ങിയത്. നാഷണൽ എക്സ്റ്റൻഷൻ സർവീസ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം എന്നിവയും തുടങ്ങിയത് ഒന്നാം പദ്ധതിക്കാലത്താണ്. 1956 - 61ലെ വ്യവസായ മേഖലയ്ക്കാണ് രണ്ടാം പഞ്ചവത്സരപദ്ധതി ഊന്നൽ നൽകിയത്. 1961 - 66ലെ മൂന്നാം പദ്ധതി ഊന്നൽ നൽകിയത് ഗതാഗതം, വാർത്താവിനിമയം, ഭക്ഷ്യ സ്വയംപര്യാപ്തത, സമ്പദ്ഘടനയുടെ സ്വയംപര്യാപ്തത എന്നിവയ്ക്കാണ്. ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ചത് 1965ലാണ്. സി. സുബ്രഹ്മണ്യമായിരുന്നു കേന്ദ്ര കൃഷിമന്ത്രി. ഇന്ത്യയിൽ 1966 - 69 കാലയളവിൽ 'പ്ലാൻ ഹോളിഡേ' നടപ്പിലാക്കി. 1969 - 74ലെ നാലാം പഞ്ചവത്സര പദ്ധതി സ്ഥിരതയോടുകൂടിയ വളർച്ച, സ്വാശ്രയത്വം എന്നിവയ്ക്കാണ് ഊന്നൽ നൽകിയത്. 1974 - 79ലെ അഞ്ചാം പഞ്ചവത്സര പദ്ധതി ദാരിദ്ര്യനിർമാർജനത്തിന് ഊന്നൽ നൽകി. ജനതാ ഗവൺമെന്റിന്റെ ഭരണകാലത്ത്, 1978 - 80 കാലയളവിലാണ് 'റോളിങ് പദ്ധതികൾ' നടപ്പിലാക്കിയത്. 1980 - 85 ലെ ആറാം പദ്ധതി, കാർഷിക - വ്യാവസായിക മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ ലക്ഷ്യമായി പ്രഖ്യാപിച്ചു. 1985 - 1990ലെ ഏഴാം പഞ്ചവത്സര പദ്ധതി ഊർജമേഖല, ആധുനികവത്കരണം - തൊഴിലവസരങ്ങളുടെ വർധനവ് എന്നിവയ്ക്ക് ഊന്നൽ നൽകി. ഇന്ത്യയിൽ 1990 - 92 കാലയളവിൽ 'വാർഷികപദ്ധതികൾ' നടപ്പിലാക്കി. 1992 - 1997ലെ എട്ടാം പഞ്ചവത്സര പദ്ധതി മാനവശേഷി വികസനം ലക്ഷ്യമായി പ്രഖ്യാപിച്ചു. ഒമ്പതാം പദ്ധതി ഗ്രാമീണവികസനവും വികേന്ദ്രീകൃതാസൂത്രണവും സാമൂഹികനീതിക്കും തുല്യതയ്ക്കുമൊപ്പമുള്ള വളർച്ചയും ലക്ഷ്യമായി പ്രഖ്യാപിച്ചു. 2002 - 2007ലെ പത്താം പഞ്ചവത്സര പദ്ധതി മൂലധന നിക്ഷേപം വർധിപ്പിക്കുന്നതിൽ ഊന്നൽ നൽകി. പത്താം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വാർഷിക വളർച്ചാനിരക്ക് എട്ടുശതമാനമായിരുന്നു. 7.8 ശതമാനമായിരുന്നു ഇക്കാലത്തെ സാമ്പത്തിക വളർച്ച. 2007 - 2012 ലെ പതിനൊന്നാം പദ്ധതി, മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി) 10 ശതമാനം വളർച്ച ലക്ഷ്യമിട്ടു. 2012 - 2017ലെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ സുസ്ഥിര വികസനം, ത്വരിതഗതിയിലുള്ള വളർച്ച, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയായിരുന്നു. 2015 ജനുവരി 1ന് ആസൂത്രണ കമ്മീഷനു പകരം നീതി ആയോഗ് നിലവിൽ വന്നതോടെ പഞ്ചവത്സര പദ്ധതി നിർത്തലാക്കി.

പഞ്ചവത്സര പദ്ധിതികൾ ഒറ്റനോട്ടത്തിൽ

ഒന്നാം പഞ്ചവത്സര പദ്ധതി (1951 - 56)

രണ്ടാം പഞ്ചവത്സര പദ്ധതി (1956 - 61)

മൂന്നാം പഞ്ചവത്സര പദ്ധതി (1961 - 66)

പ്ലാൻ ഹോളിഡേ (1966 - 69)

നാലാം പഞ്ചവത്സര പദ്ധതി (1969 - 74)

അഞ്ചാം പഞ്ചവത്സര പദ്ധതി (1974 - 79)

റോളിങ് പ്ലാൻ (1978 - 80)

ആറാം പഞ്ചവത്സര പദ്ധതി (1980 - 85)

ഏഴാം പഞ്ചവത്സര പദ്ധതി (1985 - 90)

വാർഷിക പദ്ധതി (1990 - 92)

എട്ടാം പഞ്ചവത്സര പദ്ധതി (1992 - 97)

ഒൻപതാം പഞ്ചവത്സര പദ്ധതി (1997 - 2002)

പത്താം പഞ്ചവത്സര പദ്ധതി (2002 - 2007)

പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007 - 2012)

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012 - 2017)

PSC ചോദ്യങ്ങൾ

1. എത്ര വ്യവസായികള്‍ യോജിച്ചാണ്‌ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കുവേണ്ടി മുംബൈ പദ്ധതി തയ്യാറാക്കിയത്‌? - എട്ട്

2. 1944ല്‍ പീപ്പിള്‍സ്‌ പ്ലാന്‍ ഫോര്‍ ഇന്ത്യ തയ്യാറാക്കിയത്‌ ആര്‌? - എം.എന്‍.റോയ്

3. ഔദ്യോഗികാധികാരം നിമിത്തം പ്ലാനിംഗ്‌ കമ്മീഷന്റെ ചെയര്‍മാന്‍ ആര്‌? - പ്രധാനമന്ത്രി

4. പ്ലാനിംഗ്‌ കമ്മീഷന്‍ രൂപീകരിച്ചതെന്ന്‌? - 1950ല്‍

5. ആസൂത്രണത്തിന്‌ വേണ്ടി കേന്ദ്രം തെരഞ്ഞെടുക്കുന്ന നിയമപ്രകാരമല്ലാത്ത കമ്മീഷന്റെ പേരെന്ത്‌? - പ്ലാനിംഗ്‌ കമ്മീഷന്‍ ഓഫ്‌ ഇന്ത്യ

6. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ ആരിൽനിന്നുമാണ് കടമെടുത്തിരിക്കുന്നത്‌ - യു.എസ്‌.എസ്‌.ആര്‍‌

7. പഞ്ചവത്സര പദ്ധതികള്‍ക്ക്‌ അംഗീകാരം കൊടുക്കുന്നതാര്‌? - നാഷണല്‍ ഡെവലപ്പ്മെന്റ്‌ കൗണ്‍സില്‍

8. ആസൂത്രണ കമ്മീഷൻ വിഭാവനം ചെയ്ത പദ്ധതികൾ അറിയപ്പെടുന്നത് - പഞ്ചവത്സര പദ്ധതികൾ

9. പഞ്ചവത്സര പദ്ധതികളുടെ ഉദ്ദേശ്യം - ഒരു പ്രത്യേകമേഖലയ്ക്ക് മുൻഗണന നൽകി അഞ്ച് വർഷം കൊണ്ട് ലക്ഷ്യം നേടുക

10. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾക്ക് തുടക്കം കുറിച്ചത് - ജവാഹർലാൽ നെഹ്‌റു

11. പഞ്ചവത്സര പദ്ധതി ലോകത്ത് ആദ്യമായി നടപ്പിലാക്കിയത് - ജോസഫ് സ്റ്റാലിൻ

Post a Comment

Previous Post Next Post