കേരളത്തിലെ നാടൻ പാട്ടുകൾ
എഴുതിയ സാഹിത്യം പോലെ തന്നെ എഴുതപ്പെടാത്ത സാഹിത്യവുമുണ്ട്. തലമുറകളിലൂടെ വാമൊഴിയായാണ് ഇത്തരം സാഹിത്യം കൈമാറ്റം ചെയ്യപ്പെടുന്നത്. നാടൻ പാട്ടുകളും പഴഞ്ചൊല്ലുകളുമൊക്കെ ഈ വിഭാഗത്തിൽ പെടുന്നു. കേരളത്തിന്റെ ഓരോ പ്രദേശത്തിന്റെയും കഥ പറയുന്ന വായ്‌മൊഴിയായുള്ള പാട്ടുകളാണ് നാടൻ പാട്ടുകൾ. വ്യത്യസ്ത പ്രാദേശിക ജീവിതരീതിയും ആഘോഷങ്ങളും വെളിവാക്കുന്ന പാട്ടുകളാണ് ഇത്. പ്രാദേശികമായി നിർമിച്ച വാദ്യോപകരണങ്ങളാണ് പൊതുവെ നാടൻപാട്ടുകൾക്ക് ഉപയോഗിക്കുന്നത്. സംഗീതത്തിലെ ഏറ്റവും ജനപ്രിയമായ മേഖലകളിലൊന്നാണ് നാടൻപാട്ടുകൾ. മലയാളത്തിൽ നൂറുകണക്കിനു നാടൻ പാട്ടുകളുണ്ട്. അവയിൽ ചിലത് ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. കല്യാണപ്പാട്ട്, തുയിലുണർത്തുപ്പാട്ട്, സർപ്പപ്പാട്ട്, കൈകൊട്ടിക്കളിപ്പാട്ട് ഇങ്ങനെ പോകുന്നു അനുഷ്ഠാനപരമായ നാടൻ പാട്ടുകൾ. മനോഹരമായ കഥകൾ പറയുന്ന നാടൻപാട്ടുകളുമുണ്ട്. നമ്മുടെ നാടൻ പാട്ടുകളെ തെക്കൻ പാട്ടുകളെന്നും വടക്കൻ പാട്ടുകളെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. വടക്കൻ പാട്ടുകളും തെക്കൻപാട്ടുകളും സാധാരണയായി ആലപിക്കുന്നത് പാണർ വിഭാഗത്തിൽപ്പെടുന്ന ഗായകരാണ്. യുദ്ധവീരന്മാരായ നായകന്മാരുടെ കഥകളാണ് വടക്കൻ പാട്ടുകളിൽ. യുദ്ധവും സാഹസികതയും ചതിയും ലഹളയും നിറഞ്ഞു നിൽക്കുന്ന വടക്കൻ പാട്ടുകളിലെ കഥകൾ രസകരമാണ്. തെക്കൻ പാട്ടുകളിൽ തമിഴിന്റെ സ്വാധീനം തെളിഞ്ഞു കാണാവുന്നതാണ്. പ്രശസ്തമായ ഒരു തെക്കൻ പാട്ടാണ് 'ഇരവിക്കുട്ടിപ്പിള്ളപ്പോര്'. പല ജാതിയിൽ പെട്ടവർക്ക് അവരുടേതായ പാട്ടുകൾ ഉണ്ടായിരുന്നു. വേലൻ പാട്ട്, ചാറ്റുപാട്ട്, മാപ്പിളപ്പാട്ട് എന്നിവ ഉദാഹരണങ്ങളാണ്. എഴുതപ്പെട്ട സാഹിത്യം എല്ലാവർക്കും കിട്ടിയെന്ന് വരികയില്ല. എന്നാൽ നാടൻ പാട്ടുകൾ എല്ലാവരുടെയുമായിരുന്നു. സാധാരണക്കാരും കൃഷിക്കാരുമെല്ലാം നാടൻ പാട്ടുകൾ പാടിനടന്നിരുന്നു. ദൈവത്തെ പ്രാർത്ഥിക്കുവാനും പ്രകൃതിയെ ആരാധിക്കുവാനും തനതായ നാടൻ പാട്ടുകൾ ഉണ്ട്. സംഗീതാംശം അനുസരിച്ച് നാടൻപാട്ടുകളെ പൊതുവെ പരിഷ്കൃതം, അപരിഷ്കൃതം എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. അപരിഷ്കൃതമായ നാടോടിപ്പാട്ടുകളിൽ ഉൾപ്പെടുന്നവയാണ് ഞാറ്റുപാട്ട്, വേടൻപാട്ട്, താനാട്ടം, വട്ടിപ്പാട്ട്, അടിതളിപ്പാട്ട്, കാണിപാട്ട് തുടങ്ങിയവ. ഇത്തരം വിഭജനങ്ങൾക്ക് ഏറെ പരിമിതികൾ ഉള്ളതിനാൽ ഡോ.എം.വിഷ്ണു നമ്പൂതിരി നാടൻ പാട്ടുകളെ നാല് വിഭാഗങ്ങളായി തരം തിരിച്ചു - വംശീയ (സാമുദായിക) പാട്ടുകൾ, അനുഷ്ഠാന പാട്ടുകൾ, വിനോദപ്പാട്ടുകൾ, പണിപ്പാട്ടുകൾ/തൊഴിൽപ്പാട്ടുകൾ.
■ വംശീയ (സാമുദായിക) പാട്ടുകൾ
നാടൻ പാട്ടുകളിൽ ഭൂരിഭാഗവും ജാതി, വർഗ, സാമുദായിക, വംശീയ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവയാണ്. ഈ പാട്ടുകളിൽ അവ കൈകാര്യം ചെയ്യുന്ന സമുദായത്തിന്റെ സാംസ്കാരികവും ഭാഷാപരവുമായ പ്രത്യേകതകൾ കാണാൻ സാധിക്കും.
ഉദാഹരണം - പുള്ളുവൻ പാട്ട്, വേലർപാട്ട്, മലയർ പാട്ട്, ബ്രാഹ്മണി പാട്ട്, പുലയർ പാട്ട്, മാപ്പിളപ്പാട്ട്
■ അനുഷ്ഠാന പാട്ടുകൾ
ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി അനുഷ്ഠിക്കുന്ന ജാതി/മതപരമായ കർമ്മങ്ങൾ, ആരാധനകൾ, മന്ത്രവാദക്രിയകൾ, ഉച്ചാടന കർമ്മങ്ങൾ, ദേവതോപാസന, അനുഷ്ഠാനപരമായ ഉത്സവാഘോഷങ്ങൾ തുടങ്ങിയവയ്ക്കു വേണ്ടി പാടുന്ന പാട്ടുകളാണ് അനുഷ്ഠാന പാട്ടുകൾ.
ഉദാഹരണം - തോറ്റംപാട്ടുകൾ, സർപ്പപ്പാട്ടുകൾ, മുടിയേറ്റുപ്പാട്ടുകൾ, പടയണിപ്പാട്ടുകൾ, കുത്തിയോട്ടപ്പാട്ടുകൾ, കണ്ണേർ പാട്ട്, കളം പാട്ടുകൾ
■ വിനോദ പാട്ടുകൾ
വിനോദത്തിനും കളികൾക്കും വേണ്ടി പാടുന്ന പാട്ടുകൾ.
ഉദാഹരണം - കോൽക്കളി, ചവിട്ടുകളി, കൈകൊട്ടിക്കളി, ദഫ്‌കളി, ചരടുപിന്നിക്കളി, പരിചകളി
■ തൊഴിൽപ്പാട്ടുകൾ
ആളുകളുടെ തൊഴിലുമായി ബന്ധപ്പെട്ട പാട്ടുകളാണിവ. തൊഴിലിന്റെ ആയാസം കുറയ്ക്കുന്നതിനുവേണ്ടി ആനന്ദവും ആശ്വാസവും നൽകുകയാണ് ഇത്തരം പാട്ടുകളുടെ ധർമ്മം. ഓരോ തൊഴിലിനും യോജിച്ച ഈണത്തിൽ വളരെ സാധാരണമായ നാടൻ വാക്കുകൾ കൊണ്ടാണ് ഈ പാട്ടുകൾ ഉണ്ടാക്കിയിരിക്കുന്നത്.
ഉദാഹരണം - വള്ളപ്പാട്ട്, ചക്രപ്പാട്ട്, കൊയ്ത്തുപാട്ട്
നാടൻപാട്ടുകളെ അവയുടെ വംശീയ പാരമ്പര്യം, അവതരണ പശ്ചാത്തലം, ഇതിവൃത്ത സ്വഭാവം, ദേശഭേദം, പാട്ടുകളുടെ ധർമം, രസാനുഭൂതി തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലും വർഗീകരിച്ചു കാണുന്നുണ്ട്. ഉള്ളൂർ.എസ് പരമേശ്വരയ്യരുടെ കേരള സാഹിത്യ ചരിത്രത്തിൽ, ഗാനപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ ഓലയുടെയും നാരായത്തിന്റെയും ഒത്താശ കൂടാതെ പ്രചരിക്കുന്ന നാടോടിപ്പാട്ടുകളെ ദേവതാപൂജ, വീരപുരുഷാരാധന, വിനോദം, ശാസ്ത്രം, കുലവൃത്തി, സദാചാരം എന്നീ വിഷയങ്ങളിലായി ആറ് വിധത്തിലാണു വിഭജിച്ചു കാണുന്നത്.
