ഇന്ത്യൻ ഭരണഘടന

Arun Mohan
0

ഇന്ത്യൻ ഭരണഘടന

ബ്രിട്ടീഷ് ഇന്ത്യയിലെ നിയമനിർമ്മാണങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. ഏറ്റവും ചെറിയ ലിഖിത ഭരണഘടന അമേരിക്കയുടേതാണ്. അലിഖിത ഭരണഘടനയുള്ള രാജ്യങ്ങളാണ് ബ്രിട്ടൻ, ഇസ്രായേൽ എന്നിവ.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്റെ സ്വാധീനം കൊണ്ടുവന്ന ആദ്യത്തെ നിയമമാണ് ‌1773ലെ റഗുലേറ്റിങ്‌ ആക്ട്‌.

'ഗവര്‍ണര്‍ ജനറല്‍ ഓഫ്‌ ബംഗാൾ' 'ഗവര്‍ണര്‍ ജനറല്‍ ഓഫ്‌ ബ്രിട്ടീഷ്‌ ഇന്ത്യ' ആയി മാറിയത്‌ 1883ലെ ചാര്‍ട്ടര്‍ ആക്ട്‌ പ്രകാരമാണ്‌.

'ഗവര്‍ണര്‍ ജനറല്‍' എന്ന സ്ഥാനപ്പേര്‌ മാറി 'വൈസ്രോയി' എന്ന സ്ഥാനപ്പേര്‌ വന്നത്‌ 1858ലെ ഗവണ്‍മെന്റ് ഓഫ് ‌ ഇന്ത്യാ ആക്‌ പ്രകാരം.

ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ കീഴിലായത്‌ 1858-ലെ ഗവണ്‍മെന്‍റ്‌ ഓഫ്‌ ഇന്ത്യ ആക്ട്‌ പ്രകാരം.

ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറലിന്റെ എക്സിക്യൂട്ടീവ്‌ കൗണ്‍സിലില്‍ ഇന്ത്യക്കാര്‍ക്ക്‌ പ്രവേശനം അനുവദിച്ച ആക്ട്‌-1909ലെ ഇന്ത്യന്‍ കൗണ്‍സില്‍സ്‌ ആക്ട് (ഈ നിയമം 'മിനേറാ- മോര്‍ലി' ഭരണപരിഷ്കാരങ്ങൾ എന്നറിയപ്പെടുന്നു).

പ്രവിശ്യകളില്‍ (provinces) ദ്വിഭരണ സമ്പ്രദായം നടപ്പാക്കിയ നിയമം - 1919ലെ ഗവണ്‍മെന്‍റ്‌ ഓഫ്‌ ഇന്ത്യാ ആക്ട്‌ (ഇത്‌ 'മൊണ്‍ടേഗു- ചെംസ്‌ഫോര്‍ഡ്‌' ഭരണപരിഷ്കാരങ്ങൾ എന്നറിയപ്പെടുന്നു)

പ്രവിശ്യകളില്‍ ദ്വിഭരണം മാറ്റി സ്വയംഭരണാവകാശം കൊടുത്ത നിയമമാണ്‌ 1935ലെ ഗവണ്‍മെന്‍റ്‌ ഓഫ്‌ ഇന്ത്യാ ആക്ട്‌

ഇന്ത്യക്കാര്‍ക്ക്‌ അവരുടെ സ്വന്തം ഭരണഘടന തയ്യാറാക്കാനുള്ള നിര്‍ദേശം കൊണ്ടുവന്ന പ്ലാന്‍ - വേവല്‍പ്ലാന്‍ (1945)

ആഗസ്റ്റ്‌ 15, 1947ന്‌ ഇന്ത്യയുടെ ഭരണം ഇന്ത്യക്കാര്‍ക്ക്‌ കൈമാറിക്കൊണ്ട്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്‍റ്‌ പാസാക്കിയ നിമയം - ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ആക്ട്‌, 1947 (ജൂലായ്‌ 18ന്‌).

ഭരണഘടനാ നിർമ്മാണ സഭ (കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി)

ഒരു രാജ്യം ഭരിക്കപ്പെടേണ്ടതിനെക്കുറിച്ചുള്ള അടിസ്ഥാന നിയമരേഖയാണ് ഭരണഘടന. ജനാധിപത്യത്തിൽ യഥാർത്ഥധികാരം കൈയാളുന്നത് ജനങ്ങളാണ്. ഇന്ത്യൻ ഭരണഘടനപ്രകാരം നമ്മുടെ രാഷ്ട്രത്തിന്റെ പേര് 'ഇന്ത്യ' (ഭാരതം). ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതി തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന 1949 നവംബർ 26-ന് ഔപചാരികമായി അംഗീകരിച്ചു. 1950 ജനുവരി 26-ന് ഇന്ത്യ ഒരു റിപ്പബ്ലിക്കായതോടെ നമ്മുടെ ഭരണഘടന പ്രാബല്യത്തിൽ വന്നു. ഭരണഘടന നിർമ്മാണ സഭയിൽ മൊത്തം 389 അംഗങ്ങളാണ് ഉണ്ടായിരുന്നത്. പാക്കിസ്ഥാനിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ അംഗങ്ങൾ പിന്മാറിയതോടെ അവസാന അംഗസംഖ്യ 299 ആയി. 17 മലയാളികളാണ് ഭരണഘടന നിർമ്മാണ സഭയിൽ അംഗങ്ങളായി ഉണ്ടായിരുന്നത്. നിയമ നിർമാണ സഭയുടെ ആദ്യത്തെ സമ്മേളനം 1946 ഡിസംബർ 9 - ന് ഡോ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്നു. തുടർന്ന് ഇന്ത്യൻ ഭരണഘടന പരമാധികാരം ജനങ്ങളിലാണെന്ന് പ്രഖ്യാപിക്കുന്നു. രാഷ്ട്രത്തലവൻ രാഷ്ട്രപതിയാണെങ്കിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രി സഭയ്ക്ക് യഥാർത്ഥ അധികാരം.

ഭരണഘടന ആമുഖം (Preamble of Indian Constitution)

 ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും പ്രധാന പ്രത്യേകതകളിലൊന്നാണ് ആമുഖം. ആമുഖത്തിൽ പറഞ്ഞിരിക്കുന്ന ആശയങ്ങൾ ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിൽ ജവാഹർലാൽ നെഹ്‌റു അവതരിപ്പിച്ചവയാണ്.

 ആമുഖം ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ്മതേതരത്വജനാതിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു.

 ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി സംഘടിക്കാനുള്ള ഉറച്ച തീരുമാനത്തെ ഭരണഘടനയുടെ ആമുഖം വിളംബരം ചെയ്യുന്നു.

 ജവാഹർലാൽ നെഹ്രുവാണ് ആമുഖം തയ്യാറാക്കിയത്. അമേരിക്കൻ ഭരണഘടനയുടെ ആമുഖം മാതൃകയാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം സെക്കുലർസോഷ്യലിസ്റ്റ്ഇന്റെഗ്രിറ്റി എന്നീ ആശയങ്ങൾ ആമുഖത്തിൽ ഉൾപ്പെടുത്തി. ആമുഖം ആരംഭിക്കുന്നത് 'ഇന്ത്യയിലെ ജനങ്ങളായ നാംഎന്നാണ്.

 ആമുഖത്തിൽ 'സോഷ്യലിസംമതേതരത്വംഎന്നീ ആശയങ്ങൾ ഉൾപ്പെടുത്തിയത് 1976-ലെ 42 ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ്.

മൗലികാവകാശങ്ങൾ (Fundamental Rights in Indian Constitution)

6 മൗലികാവകാശങ്ങളാണ് ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്നത്.

1. സമത്വത്തിനുള്ള അവകാശം

2. സ്വാതന്ത്ര്യത്തിനുള്ള അവകാശം

3. ചൂഷണത്തിനെതിരെയുള്ള അവകാശം

4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം.

6. മൗലികാവകാശങ്ങൾ കോടതിയിലൂടെ സ്ഥാപിച്ചു കിട്ടുന്നതിനുള്ള അവകാശം.

റിട്ടുകൾ (Writs in Indian Constitution)

മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നു പറയുന്നു. ഭരണഘടനയുടെ 32 ആം വകുപ്പു പ്രകാരമാണ് സുപ്രീം കോടതിഹൈക്കോടതി എന്നിവ റിട്ടുകൾ പുറപ്പെടുവിക്കുന്നത്. ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ 5 റിട്ടുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

1. ഹേബിയസ് കോർപ്പസ് (Habeas Corpus): അന്യായമായി തടഞ്ഞുവച്ചയാളെ മോചിപ്പിക്കാൻ പുറപ്പെടുവിക്കുന്ന നിർദേശമാണ് ഹേബിയസ് കോർപ്പസ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മാത്രമായി നിക്ഷിപ്തമാണ്.

2. മാൻഡമസ് (Mandamus): വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിച്ചുകൊണ്ട് സുപ്രീം കോടതിയോ ഹൈകോടതിയോ നൽകുന്ന കല്പനയാണ് മാൻഡമസ് റിട്ട്.

3. ക്വോ വാറന്റോ (Quo-Warranto): അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്ന് തടയാനോ പദവി ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോ വാറന്റോ.

4. സെർഷ്യോററി (Certiorari): അധികാരതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കീഴ്‌ക്കോടതിയിൽനിന്ന് കേസ് മേൽക്കോടതിയിലേക്ക് മാറ്റാൻ കൽപ്പിക്കുന്ന റിട്ടാണ് സെർഷ്യോററി.

5. പ്രൊഹിബിഷൻ (Prohibition): കീഴ്‌ക്കോടതികൾ അധികാരാതിർത്തി ലംഘിക്കുന്നതും നീതിനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും തടയാൻ പുറപ്പെടുവിക്കുന്ന റിട്ടാണിത്.

രാഷ്‌ട്രപതി

ഇന്ത്യയുടെ പ്രഥമപൗരനും രാജ്യരക്ഷാ സേനകളുടെ പരമാധികാരിയുമാണ് രാഷ്‌ട്രപതി. ഭരണഘടനയുടെ 53 ആം വകുപ്പനുസരിച്ച് കേന്ദ്ര സർക്കാരിന്റെ നിർവഹണാധികാരം രാഷ്ട്രപതിയ്ക്കാണ്. 35 വയസ്സ് പൂർത്തിയാവുകയും ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിന് അർഹതയുള്ളതുമായ ഒരു പൗരനായിരിക്കണം എന്നതാണ് രാഷ്‌ട്രപതി സ്ഥാനാർഥിയുടെ ആദ്യ യോഗ്യത. കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ ഉൾപ്പെടെ ആദായം പറ്റുന്ന ഉദ്യോഗത്തിലിരിക്കുന്നവർക്കും പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ അംഗമായിരിക്കുന്നവർക്കും രാഷ്‌ട്രപതി സ്ഥാനാർഥിയാകാൻ സാധ്യമല്ല. അഞ്ച് കൊല്ലത്തേക്കാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.

ഉപരാഷ്ട്രപതി (Vice President)

ഇന്ത്യൻ ഭരണഘടന 63-ആം വകുപ്പനുസരിച്ച് ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടാകേണ്ടതാണ്. ഉപരിസഭയിൽ (രാജ്യസഭ) അധ്യക്ഷത വഹിക്കുകയാണ് പ്രധാന ചുമതല. രാഷ്‌ട്രപതി സ്ഥാനത്തിന് ഏതെങ്കിലും കാരണവശാൽ (മരണം, രാജി, അയോഗ്യത) ഒഴിവു വരികയാണെങ്കിൽ പരമാവധി ആറുമാസം വരെ ഉപരാഷ്ട്രപതിക്ക് രാഷ്‌ട്രപതി സ്ഥാനം വഹിക്കാവുന്നതാണ്. ആ കാലഘട്ടത്തിൽ രാഷ്ട്രപതിയുടെ എല്ലാ അധികാരങ്ങളും പ്രത്യേക അവകാശങ്ങളും ഉണ്ടായിരിക്കും. 35 വയസ്സു പൂർത്തിയാവുകയും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാൻ അർഹതയുള്ളതുമായ ഏതൊരു ഇന്ത്യൻ പൗരനും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനു മത്സരിക്കാൻ അർഹതയുണ്ട്. രാജ്യസഭയിൽ ഭൂരിപക്ഷത്തോടെ ഒരു പ്രമേയം പാസ്സാക്കുകയും ലോക്‌സഭ അതിന് അംഗീകാരം നൽകുകയും ചെയ്താൽ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കും. എന്നാൽ ഇതേ വേളയിൽ രാഷ്ട്രപതിയുടെ പദവി വഹിക്കുകയാണെങ്കിൽ രാഷ്ട്രപതിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്.

ഇന്ത്യൻ പ്രധാനമന്ത്രി (Prime Minister)

പാർലമെന്ററി വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമേറിയ സ്ഥാനം പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും തന്നെയാണ്. എക്സിക്യൂട്ടീവ് അധികാരി രാഷ്ട്രപതിയാണെങ്കിലും അദ്ദേഹം പ്രവർത്തിക്കുന്നത് പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശാനുസരണമാണ്. ഭരണഘടനയുടെ 74-ആം വകുപ്പനുസരിച്ച് രാഷ്‌ട്രപതി പ്രധാനമന്ത്രിയെ നിയമിക്കുകയും പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം മറ്റു മന്ത്രിമാരെയും നിയമിക്കുകയും ചെയ്യുന്നു. ഭരണനിർവഹണരംഗത്ത് ഉന്നതസ്ഥാനം വഹിക്കുന്ന മന്ത്രിമാർ പാർലമെന്റ് അംഗങ്ങൾ കൂടിയാണെന്നുള്ളതാണ് കാബിനറ്റ് സമ്പ്രദായത്തിലുള്ള ഗവൺമെന്റിന്റെ സവിശേഷത.

പാർലമെൻറിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവെന്ന നിലയ്ക്കും മന്ത്രിസഭയുടെ അധ്യക്ഷൻ എന്ന നിലയ്ക്കും പ്രധാനമന്ത്രിയാണ് രാഷ്ട്രത്തെ നയിക്കുന്നത്. കാബിനറ്റ് മന്ത്രിമാർ, സഹമന്ത്രിമാർ, ഡെപ്യൂട്ടി മന്ത്രിമാർ എന്നിവരടങ്ങുന്നതാണ് നമ്മുടെ കേന്ദ്ര മന്ത്രിസഭ. രാഷ്ട്രപതിയെ ഉപദേശിക്കുന്നത് പ്രധാനമന്ത്രിയും കാബിനറ്റും മാത്രമാണ്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത് ഒന്നുകിൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും വലിയ പാർട്ടിയുടെ നേതാവോ മുന്നണിയുടെ നേതാവോ അല്ലെങ്കിൽ ഏറ്റവും വലിയ ഒരു കക്ഷിയുടെ നേതാവോ ആയിരിക്കും. മന്ത്രിസഭയുടെ കാലാവധി അഞ്ചു വർഷമാണ്. സഭയുടെ പിന്തുണ ഉള്ളിടത്തോളംകാലം പ്രധാനമന്ത്രിപദത്തിൽ തുടരാവുന്നതാണ്. ലോക്‌സഭയുടെ വിശ്വാസം നഷ്ടപ്പെട്ടാൽ അദ്ദേഹം രാജിവയ്‌ക്കേണ്ടതാണ്.

പ്രധാനമന്ത്രിയുടെ അധികാരങ്ങളും ചുമതലകളും

ഭരണഘടനയിൽ പ്രധാനമന്ത്രിയുടെ അധികാരങ്ങളും ചുമതലകളും വിവരിക്കുന്നില്ല. എങ്കിലും രാഷ്ട്രത്തെ നയിക്കുന്നത് അദ്ദേഹമായതിനാൽ വിപുലമായ അധികാരങ്ങളും ചുമതലകളും നിലവിലുണ്ട്.

എല്ലാ സംസ്ഥാനങ്ങൾക്കും, പട്ടികജാതി-പട്ടികവർഗ വനിതാ പ്രാതിനിധ്യം എന്നിവ പരിഗണിച്ചും മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയും മന്ത്രിസഭ രൂപീകരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആദ്യ ചുമതല. മന്ത്രിമാർക്കു ചുമതലകൾ വിഭജിച്ചു നൽകുന്നതും മീറ്റിങ്ങുകളിൽ അധ്യക്ഷത വഹിക്കുന്നതും അദ്ദേഹമാണ്. പ്രസിഡന്റിനുവേണ്ടി യൂണിയനിലെ പ്രധാന അധികാര കേന്ദ്രങ്ങളിൽ ഭരണകർത്താക്കളെ നിയമിക്കുന്നത് പ്രധാനമന്ത്രിയാണ്. രാഷ്ട്രപതിയെയും ക്യാബിനറ്റിനെയും ബന്ധിപ്പിക്കുന്നത് പ്രധാനമന്ത്രിയാണ്. ഇന്ത്യയുടെ മുഖ്യ വിദേശകാര്യ വക്താവ് എന്നതു മാത്രമല്ല എല്ലാ വകുപ്പുകളുടെയും നയനിർമാണവും നടപ്പാക്കലും പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിലാണ്. അദ്ദേഹം നീതി ആയോഗിന്റെ ചെയർമാൻ കൂടിയാണ്. യുദ്ധത്തിലും സമാധാനത്തിലും ഇന്ത്യയെ നയിക്കുന്നതും അതുപോലെ ഗവൺമെന്റിന്റെ വിജയത്തിനും പരാജയത്തിനും അദ്ദേഹം ഒരുപോലെ ഉത്തരവാദിയും ആയിരിക്കും. ചുരുക്കത്തിൽ ഇന്ത്യയുടെ 'മാനേജർ' എന്ന് പ്രധാനമന്ത്രിയെ വിശേഷിപ്പിക്കാം. പ്രധാനമന്ത്രിയെപോലെത്തന്നെ പ്രാധാന്യമർഹിക്കുന്നതാണ് പിഎംഒ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഓഫീസും.

ലോകസഭ (Lok Sabha)

ലോകസഭ അഥവാ അധോമണ്ഡലം ജനങ്ങളുടെ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ വരുന്ന പ്രതിനിധികളുടെ സഭയാണ്. ഇതിലെ പരമാവധി അംഗസംഖ്യ 552 ൽ കവിയാൻ പാടുള്ളതല്ല. ഇതിൽ പരമാവധി 530 അംഗങ്ങൾ സംസ്ഥാനങ്ങളിൽ നിന്നും 20 വരെ അംഗങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമാണ്. രണ്ടുപേർ രാഷ്ട്രപതിയാൽ നിർദേശിക്കപ്പെടുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളാണ്. ഇത് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെടാത്ത സാഹചര്യത്തിലാണ്. ഇപ്പോഴത്തെ ലോകസഭയിൽ അംഗസംഖ്യ 538 ആണ്.

ലോകസഭയുടെ കാലാവധി ആദ്യ സമ്മേളനം മുതൽ അഞ്ചു വർഷത്തേക്കാണ്. എന്നാൽ അടിയന്തരാവസ്ഥയിൽ ഒരു പ്രാവശ്യം ഒരു വർഷം വരെ രാഷ്ട്രപതിക്ക് കാലാവധി ദീർഘിപ്പിക്കാവുന്നതാണ്. കൂടാതെ അടിയന്തരാവസ്ഥ മാറിയാൽ ആറുമാസത്തിലധികം ദീർഘിപ്പിക്കാനും കഴിയില്ല. നമ്മുടെ ഭരണഘടന സഭാ അംഗത്വത്തിന് അയോഗ്യതയ്ക്കുള്ള കാരണങ്ങളും നിർദേശിച്ചിട്ടുണ്ട്. ഒരംഗത്തിന് ഇന്ത്യയിൽ എവിടെനിന്നു വേണമെങ്കിലും മത്സരിക്കുകയും ഒന്നിലധികം സീറ്റുകളിൽ മത്സരിക്കുകയും ചെയ്യാമെങ്കിലും വിജയിച്ചു കഴിഞ്ഞാൽ ഒരു സീറ്റ് നിലനിർത്തിക്കൊണ്ട് മറ്റുള്ളവയിൽനിന്നു പിന്മാറണം. അതുപോലെ സംസ്ഥാന നിയമസഭയിലോ പാർലമെന്റിന്റെ ഇരുസഭകളിലോ ഏതെങ്കിലും ഒന്നിൽ മാത്രമേ ഒരേസമയം അംഗമാകാൻ കഴിയൂ. അഥവാ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഒരംഗത്വം മാത്രം നിലനിർത്തി മറ്റുള്ളവ രാജിവയ്‌ക്കേണ്ടിവരും. അറുപതു ദിവസത്തിലേറെ സഭാ നടപടികളിൽ സഭയുടെ അനുവാദമില്ലാതെ പങ്കെടുക്കാതിരുന്നാലും അംഗത്വം നഷ്ടമാകും. അംഗത്വം നഷ്ടമാകുന്ന മറ്റ് സാഹചര്യങ്ങൾ: പാപ്പരാകുക, ബുദ്ധി സ്ഥിരതയില്ലാതെ വരിക, ശമ്പളം പറ്റുന്ന ജോലിയിൽ ഏർപ്പെടുക, കുറ്റവാളിയെന്നു വിധിക്കപ്പെടുക, വിദേശ പൗരത്വം സ്വീകരിക്കുക, വിദേശ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുക തുടങ്ങിയവയാണ്. 25 വയസ്സു പൂർത്തിയായ വോട്ടർ പട്ടികയിൽപേരുള്ള ഏതൊരു ഇന്ത്യൻ പൗരനും ലോക്സഭയിലേക്കു മത്സരിക്കാം.

രാജ്യസഭ (Rajya Sabha)

രാജ്യസഭ അഥവാ ഉപരിസഭ. വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള 238 പ്രതിനിധികളും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള പ്രതിഭകളിൽ നിന്ന് രാഷ്‌ട്രപതി തിരഞ്ഞെടുക്കുന്ന 12 അംഗങ്ങളും ചേർന്ന 250 അംഗ സ്ഥിരസമിതിയാണ്. ആറു വർഷത്തേക്കാണ് ഒരംഗത്തിനെ തിരഞ്ഞെടുക്കുന്നത്. ഓരോ രണ്ടു വർഷം കഴിയുമ്പോഴും മൂന്നിലൊന്നു സ്ഥാനത്തേക്ക് അംഗങ്ങളെ വീണ്ടും തിരഞ്ഞെടുക്കുന്നു. 30 വയസ്സു പൂർത്തിയാക്കിയ വോട്ടർ പട്ടികയിൽ പേരുള്ള ഏതൊരു ഇന്ത്യൻ പൗരനും രാജ്യസഭാംഗമായി മത്സരിക്കാം.

സുപ്രീം കോടതി (Supreme Court)

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പരമോന്നത സ്ഥാനമാണ് സുപ്രീംകോടതി. ഇന്ത്യ അനുവർത്തിക്കുന്ന ഫെഡറൽ വ്യവസ്ഥയിൽ സുപ്രീംകോടതി അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. ക്രിമിനലും സിവിലും അധികാരങ്ങളോടുകൂടിയ പരമാവധി കോടതിയാണിത്. സുപ്രീംകോടതിയുടെ മൂന്നു പ്രധാന അധികാരങ്ങൾ ഒറിജിനൽ, അപ്പീൽ സംബന്ധിച്ചത്, ഉപദേശപരം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു.

ചീഫ് ജസ്റ്റിസ് (Chief Justice)

സുപ്രീംകോടതിയിൽ ഒരു ചീഫ് ജസ്റ്റിസും 25 ജഡ്ജിമാരും ഉണ്ട്. ഇന്ത്യൻ പൗരനായ, അഞ്ചുവർഷമെങ്കിലും ഹൈക്കോടതികളിൽ ജഡ്ജിയായി പരിചയസമ്പത്തുള്ള അല്ലെങ്കിൽ ഹൈക്കോടതികളിൽ പത്തുവർഷത്തിലധികം വക്കീലായി അനുഭവസമ്പത്തുള്ളവരാണ് സുപ്രീംകോടതിയിൽ ജഡ്ജിയായി പരിഗണിക്കപ്പെടാൻ യോഗ്യതയുള്ളത്. സാധാരണയായി സുപ്രീകോടതിയിലെ ഏറ്റവും സീനിയറായ ജഡ്‌ജിയെയാണ് ചീഫ് ജസ്റ്റിസായി പരിഗണിക്കുന്നത്. ഹരിലാൽ ജെ.കനിയ ആയിരുന്നു സുപ്രീംകോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ്. 1950 ജനുവരി മുതൽ 1951 നവംബർ വരെ അദ്ദേഹം പദവിയിലിരുന്നു. എം.പതഞ്‌ജലി ശാസ്ത്രിയായിരുന്നു രണ്ടാമത്തെ ചീഫ് ജസ്റ്റിസ്. ഏറ്റവും കൂടുതൽ കാലം ഈ പദവി അലങ്കരിച്ചത് വൈ.ബി.ചന്ദ്രചൂഡ് (1978-1985) ആയിരുന്നു.

അറ്റോർണി ജനറൽ ഓഫ് ഇന്ത്യ (Attorney General of India)

ഭരണഘടനയുടെ  76 ആം വകുപ്പാണ് അറ്റോർണി ജനറലിനെക്കുറിച്ച് പരാമർശിക്കുന്നത്. നിയമകാര്യങ്ങളിൽ ഭാരത സർക്കാരിനെ ഉപദേശിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രാഥമിക ചുമതല. പ്രസിഡന്റാണ് അറ്റോർണി ജനറലിനെ നിയമിക്കുന്നത്. സുപ്രീംകോടതി ജഡ്ജിയാവാൻ വേണ്ട യോഗ്യതകൾ ഉള്ളയാളാവണം. എന്നാൽ മിനിമം പ്രായം, വിരമിക്കൽ എന്നിവയെക്കുറിച്ച് ഭരണഘടനയിൽ പറയുന്നില്ല. ഇന്ത്യയിലെ ഏതു കോടതിയിലും നേരിട്ടു ഹാജരായി അഭിപ്രായം പറയാൻ അറ്റോർണി ജനറലിന്‌ അധികാരമുണ്ട്. പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ചകളിൽ പങ്കെടുക്കാനും അദ്ദേഹത്തിനാവും. ഇതിനു തത്തുല്യമായി സംസ്ഥാനങ്ങളിലുള്ള പദവിയാണ് അഡ്വക്കേറ്റ് ജനറൽ. എം.സി.സെതൽവാദ് ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ അറ്റോർണി ജനറൽ. സോളി സൊറാബ്ജി, മിലൻ കെ.ബാനർജി എന്നിവർ രണ്ടുതവണ ഈ പദവി വഹിച്ചിട്ടുള്ളവരാണ്.

സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ (Solicitor General of India)

അറ്റോർണി ജനറലിനെ സഹായിക്കുന്ന ഉദ്യോഗസ്ഥനാണ് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നിയമോദ്യോഗസ്ഥനാണിദ്ദേഹം.  അറ്റോർണി ജനറൽ ഭരണഘടനാ സ്ഥാപനമാണെങ്കിൽ സോളിസിറ്റർ ജനറൽ അപ്രകാരമല്ല. നിയമപരമായ സ്ഥാപനം മാത്രമാണിത്. അറ്റോർണി ജനറലിനെ ഔദ്യോഗിക കാര്യങ്ങളിൽ സഹായിക്കുന്നവരാണ് സോളിസിറ്റർ ജനറലും അഡീഷണൽ സോളിസിറ്റർ ജനറൽമാരും. സോളിസിറ്റർ ജനറലും അഡീഷണൽമാരും കേന്ദ്രസർക്കാരിനെ നിയമപരമായ കാര്യങ്ങളിൽ ഉപദേശിക്കുന്നവരാണ്. കൂടാതെ ഇവർ കേന്ദ്രസർക്കാരിനായി വിവിധ കോടതികളിൽ ഹാജരാവുകയും ചെയ്യുന്നു. പ്രധാനമന്ത്രി തലവനായുള്ള കാബിനറ്റ് അപ്പോയിൻമെന്റസ് കമ്മിറ്റിയാണ് സോളിസിറ്റർ ജനറലിനെ നിയമിക്കുന്നത്. സി.കെ.ദഫ്‌താരി ആയിരുന്നു ഇന്ത്യയുടെ ആദ്യത്തെ സോളിസിറ്റർ ജനറൽ.

നിയമസഭ 

ഇന്ത്യൻ ഭരണ സംവിധാനത്തിൽ രാഷ്ട്രീയ ഉപഘടകമായ സംസ്ഥാനത്തിലെ നിയമനിർമ്മാണസമിതിയാണ് സംസ്ഥാന നിയമസഭ. സംസ്ഥാന നിയമസഭകൾക്ക് പാർലമെന്റ് പോലെ ലെജിസ്ലേറ്റീവ്‌ കൗൺസിൽ, ലെജിസ്ലേറ്റീവ്‌ അസംബ്ലി എന്നിങ്ങനെ ഉപരിസഭയും അധോസഭയും ആവാം. രണ്ടുമുള്ള സംവിധാനത്തെ ബൈകാമറൽ എന്നും ലെജിസ്ലേറ്റീവ്‌ അസംബ്ലി മാത്രമുള്ള സംവിധാനത്തെ യൂണികാമറൽ എന്നും പറയുന്നു. ലെജിസ്ലേറ്റീവ്‌ അസംബ്ലിമാത്രമുള്ള കേരളം യൂണികാമറൽ സംസ്ഥാനമാണ്. കാലാവധിയും തിരഞ്ഞെടുപ്പുരീതിയും ഏറെക്കുറെ പാർലമെന്റിലേതിനു സമാനമാണ്. ഒരു സംസ്ഥാനത്ത് സംസ്ഥാന നിയമസഭയ്ക്ക് നിയമനിർമാണത്തിലും ഭരണ നിർവഹണത്തിലും പരമോന്നത സ്ഥാനമാണുള്ളത്. ഭരണഘടനയുടെ IV ആം ഭാഗത്തിൽ 168 മുതൽ 212 വരെയുള്ള ആർട്ടിക്കിളുകളിൽ സംസ്ഥാന നിയമസഭകളുടെ ഘടന, രൂപവത്കരണം, കാലാവധി, ഓഫീസർമാർ, നടപടിക്രമങ്ങൾ, അധികാര അവകാശങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നു.

ഗവർണർ 

ഭരണഘടനയുടെ ആറാം ഭാഗത്താണ് സംസ്ഥാന ഭരണത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ഇതനുസരിച്ച് സംസ്ഥാനത്തിന്റെ കാര്യനിർവഹണാധികാരത്തിന്റെ തലവൻ ഗവർണറാണ്. അദ്ദേഹത്തിന്റെ പേരിലാണ് സംസ്ഥാന സർക്കാർ ഭരണം നടത്തുന്നതും.

സംസ്ഥാന മന്ത്രിസഭ

163 ഉം 164 ഉം ആർട്ടിക്കിളുകൾ സംസ്ഥാന മന്ത്രിമാരെക്കുറിച്ച് വ്യവസ്ഥചെയ്യുന്നു. സംസ്ഥാനതല പദ്ധതി ആവിഷ്കരണവും ഭരണനിർവഹണവും അതത് സംസ്ഥാന മന്ത്രിസഭകളുടെയും അവരുടെ കീഴിലുള്ള വകുപ്പുകളുടെയും ചുമതലയാണ്. സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി തലവനായുള്ള സംസ്ഥാന മന്ത്രിസഭ ഗവർണർക്ക് ഭരണനിർവഹണത്തിൽ സഹായവും ഉപദേശവും നൽകണം.

ഹൈക്കോടതി

ഓരോ സംസ്ഥാനത്തിനും ഒരു ഹൈക്കോടതി ഉണ്ടായിരിക്കേണ്ടതാണെന്ന് 214 ആം വകുപ്പ് അനുശാസിക്കുന്നു. എന്നാൽനിയമം വഴി രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്കും ഒരു യൂണിയൻ പ്രദേശത്തിനും വേണ്ടിയോ ഒരു പൊതു ഹൈക്കോടതി സ്ഥാപിക്കാൻ പാർലമെന്റിന് അധികാരമുണ്ട്. നിലവിൽ 25 ഹൈക്കോടതികളാണുള്ളത്. ഭരണഘടനയിലെ 214 മുതൽ 231 വരെയുള്ള വകുപ്പുകൾ ഹൈക്കോടതിയുടെ സ്ഥാപനംസംവിധാനം തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്നു. ഒരു ചീഫ് ജസ്റ്റിസും രാഷ്‌ട്രപതി കാലാകാലങ്ങളിൽ നിയമിക്കുന്ന ജഡ്ജിമാരും അടങ്ങുന്നതാണ് ഒരു ഹൈക്കോടതി.

പഞ്ചായത്ത് രാജ്

ഗാന്ധിജിയുടെ സങ്കല്പപ്രകാരം താഴേ തലത്തില്‍ നിന്ന്‌ ഉദയംകൊള്ളുന്ന സ്വാതന്ത്യം മാത്രമേ അര്‍ഥപൂര്‍ണവും സമ്പൂര്‍ണവും ആകുകയുള്ളൂ. ആഭ്യന്തര കാര്യങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ ഗ്രാമവും ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായിരിക്കണം. അതേപോലെ ഗ്രാമങ്ങള്‍ തമ്മിലുള്ള ബന്ധം പരസ്‌പരം സ്നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായിരിക്കുകയും വേണം. ഓരോ വ്യക്തിയും സമൂഹനന്മയ്ക്കു വേണ്ടി സ്വയം അർപ്പണം ചെയ്യുവാന്‍ സന്നദ്ധനായിരിക്കണം. സുതാര്യത, വര്‍ധിച്ച ജനപ്രാതിനിധ്യം, പ്രത്യക്ഷ ജനപങ്കാളിത്തം, ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണ പ്രക്രിയ, കാര്യശേഷിക്കുടുതല്‍ തുടങ്ങിയവയാണ്‌ പഞ്ചായത്ത്‌ രാജ്‌ സംവിധാനത്തിന്റെ എടുത്തുപറയത്തക്ക പ്രത്യേകതകള്‍.

പഞ്ചായത്ത് രാജ് കേരളത്തിൽ

1957 ല്‍ ബല്‍വന്ത്‌ റോയ്‌ മേത്ത കമ്മിറ്റി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ കേരളത്തില്‍ അന്നത്തെ വ്യവസായ മന്ത്രി ചെയര്‍മാനായി ഒരു ഭരണപരിഷ്‌കാര കമ്മിറ്റി ഒരു കരട്‌ ബില്ലിനു രൂപം നല്‍കിയെങ്കിലും മന്ത്രിസഭ പിരിച്ചുവിട്ടതിനെ തുടര്‍ന്ന്‌ അതു സംബന്ധിച്ച നടപടികള്‍ തുടരാൻ കഴിഞ്ഞില്ല.

1959 മുതല്‍ 1978 വരെ ഇത്തരത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടന്നു. ബില്ലുകള്‍ തയ്യാറാക്കല്‍, ഓരോ മന്ത്രിസഭയും അതില്‍ മാറ്റം വരുത്തല്‍, മന്ത്രിസഭകള്‍ ഇല്ലാതാകല്‍, പഞ്ചായത്ത്‌ തിരഞ്ഞെടുപ്പു നിര്‍ത്തിവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നടന്നുവന്നു. 16 കൊല്ലത്തോളം ഒരേ പഞ്ചായത്ത്‌ സമിതികള്‍ തന്നെ തുടര്‍ന്നുവന്നു. ഇതൊക്കെ കേരളത്തിലെ പഞ്ചായത്ത്‌ സംവിധാനത്തെ പാടേ നിശ്ചലമാക്കി.

1979-ല്‍ ജില്ലാഭരണനിയമം പാസ്സായി. തുടർന്നും പ്രവര്‍ത്തന സൗകര്യത്തിനായി 1987 ൽ ഏറെ നിര്‍ദ്ദേശങ്ങളും ഭേദഗതികളും അംഗീകരിക്കപ്പെട്ടു. 1991-92 ൽ ജില്ലാ തിരഞ്ഞെടുപ്പു നടന്നു. 1993 ഓടെ 73, 74 ഭരണഘടനാ ഭേദഗതി സംബന്ധിച്ച നടപടിക്രമങ്ങള്‍ ആരംഭിച്ചു. 73 ആം ഭരണഘടനാ പ്രകാരമുള്ള കേരള പഞ്ചായത്ത്‌ രാജ്‌ നിയമം 1994 ഏപ്രിൽ 23നും 74 ആം ഭരണഘടനാ പ്രകാരമുള്ള കേരള മുനിസിപ്പാലിറ്റി നിയമം 1994 മേയ്‌ 30 നും നിലവില്‍ വന്നു. 1995 ഒക്ടോബര്‍ രണ്ടിനു തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ അധികാരത്തില്‍ വന്നു.

പഞ്ചായത്തീരാജ് നിയമം (Panchayati Raj Act)

1959 ഒക്ടോബർ രണ്ടിന് രാജസ്ഥാനിലെ നാഗൂർ ജില്ലയിൽ അന്നത്തെ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്‌റു ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് സംവിധാനം ഉദ്‌ഘാടനം ചെയ്തു. 199273 ആം ഭേദഗതിയിലൂടെ പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകി. തുടർന്ന് 1993 ഏപ്രിൽ 24-ന് പഞ്ചായത്തീരാജ് നിയമം പ്രധാനമന്ത്രി നരസിംഹറാവു പാസാക്കി. പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനാ വകുപ്പിലെ അനുച്ഛേദം 40 പ്രകാരമാണ്.

ഭരണഘടനാ ഭേദഗതികൾ

പഞ്ചായത്തീരാജ് നിയമം ഭരണഘടനയുടെ ആം ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ പഞ്ചായത്ത്‌ സ്ഥാപനങ്ങളുടെ രൂപീകരണത്തിനു വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 243, 243A മുതല്‍ 243O വരെയുള്ള 16 വകുപ്പുകളും പഞ്ചായത്തുകളുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുത്തേണ്ട 29 വിഷയങ്ങള്‍ അടങ്ങിയ 11 ആം ഷെഡ്യൂളുമാണ്‌ 73 ആം ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 1993 ഏപ്രില്‍ 24 നാണ്‌ 73 ആം ഭരണഘടനാ ഭേദഗതി നിലവില്‍ വന്നത്‌.

നഗരസമിതികളുടെ അധികാര പരിധിയില്‍ വരുന്ന 18 വിഷയങ്ങള്‍ (243 P മുതല്‍ 243 Z,G വരെയുള്ള 18 വകുപ്പുകള്‍) അടങ്ങിയ 120 ആം പട്ടികയാണ്‌ 74 ആം ഭേദഗതിയില്‍ വരുന്നത്‌. 1993 ജൂണ്‍ ഒന്നിനാണ്‌ 74 ആം ഭേദഗതി നിലവില്‍ വന്നത്. പഞ്ചായത്തീരാജ് സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ്.

73 ആം ഭരണഘടനാ ഭേദഗതിയുടെ പ്രത്യേകത

ഓരോ ഗ്രാമത്തിലും അതിലെ മുഴുവൻ വോട്ടർമാരും അംഗങ്ങളായുള്ളതാണ് ഗ്രാമസഭ, സംസ്ഥാന നിയമസഭ പാസ്സാക്കുന്ന അധികാരാവകാശങ്ങളും ചുമതലകളും ഗ്രാമസഭയില്‍ നിക്ഷിപ്തമായിരിക്കും. എല്ലാ സംസ്ഥാനങ്ങളും ത്രിതല പഞ്ചായത്തീരാജ് സംവിധാനം രൂപീകരിക്കണം. ജനസംഖ്യ ഇരുപതു ലക്ഷത്തില്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ മധ്യതലമായ ബ്ലോക്ക് ഒഴിവാക്കി ദ്വിതല സംവിധാനം നടപ്പിലാക്കിയാല്‍ മതി. സിക്കിം, ഗോവ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവ ദ്വിതല സംവിധാനത്തില്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പിലൂടെ വരുന്ന അംഗങ്ങളായിരിക്കണം എല്ലാ തലത്തിലും അധികാരത്തില്‍ വരേണ്ടത്‌. അധ്യക്ഷപദം അലങ്കരിക്കേണ്ട വരെ സഭയിലെ അംഗങ്ങളില്‍ നിന്ന്‌ അവര്‍ തന്നെ തിരഞ്ഞെടുക്കണം.

പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്ക് അവരുടെ ജനസംഖ്യാനുപതികമായി സീറ്റുകള്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ മൂന്നു തലങ്ങളിലും സംവരണം ചെയ്യണം. ത്രിതല പഞ്ചായത്തിലെ ഭരണകാലാവധി അഞ്ചുവര്‍ഷമാണ്‌. പഞ്ചായത്ത്‌ അംഗമാകുവാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സാണ്‌. നിശ്ചിത കാലാവധിക്കു മുന്‍പു പഞ്ചായത്ത്‌ പിരിച്ചുവിടുകയാണെങ്കില്‍ ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടത്തണം.

വിഭവ സമാഹരണത്തിനായി നികുതികള്‍, തീരുവ, ചുങ്കം എന്നിവ ചുമത്തുവാന്‍ പഞ്ചായത്തുകളെ നിയമം മുഖേന അധികാരപ്പെടുത്തണം. പഞ്ചായത്ത്‌ സമിതികളുടെ സാമ്പത്തിക ഭദ്രത പുനരവലോകനം ചെയ്യുവാന്‍ ഓരോ 5 വര്‍ഷത്തിലും ഒരു ധനകാര്യ കമ്മീഷനെ ഗവര്‍ണര്‍ നിയമിക്കേണ്ടതാണ്‌.

പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പൂര്‍ണ ചുമതല സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനായിരിക്കും. സീറ്റ്‌ വിഭജനം നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയം, പഞ്ചായത്ത്‌ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ മുതലായ വിഷയങ്ങളില്‍ കോടതി ഇടപെടാന്‍ പാടില്ല. പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികള്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന ആളായിരിക്കും കൈകാര്യം ചെയ്യുക.

കേരള പഞ്ചായത്തീരാജ് നിയമത്തിലെ പ്രധാനപ്പെട്ട വകുപ്പുകൾ

1 മുതൽ 9 വരെ - പഞ്ചായത്ത് രൂപീകരണം സംബന്ധിച്ച്

10 മുതൽ 28 വരെ - മണ്ഡലങ്ങളുടെ അതിർത്തിനിർണയം, വോട്ടർപട്ടിക

29 മുതൽ 37 വരെ - അംഗത്വയോഗ്യത, അയോഗ്യത എന്നിവ സംബന്ധിച്ച്‌

38 മുതൽ 151 വരെ - തിരഞ്ഞെടുപ്പു വ്യവസ്ഥകള്‍, സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അധികാരങ്ങൾ

152 മുതല്‍ 178 വരെ - പഞ്ചായത്ത് അംഗങ്ങള്‍, പ്രസിഡന്റ്‌ എന്നിവരുടെ ചുമതലകള്‍, കർത്തവ്യങ്ങൾ, അധികാരങ്ങൾ തുടങ്ങിയവ സംബന്ധിച്ച്‌

179 മുതല്‍ 185 വരെ - പഞ്ചായത്ത്‌ ഉദ്യോഗസ്ഥരുടെ നിയമന സേവന വ്യവസ്ഥകള്‍

186 - സംസ്ഥാന ധനകാര്യ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍

187 മുതല്‍ 194 വരെ - പഞ്ചായത്ത്‌ സംഘടനയുടെ രൂപീകരണം, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച്

195 മുതല്‍ 217 വരെ - ധനകാര്യം, നികുതി ചുമത്തല്‍ തുടങ്ങിയവ

218 മുതല്‍ 234 വരെ - ആരോഗ്യ പരിപാലനം

235 മുതൽ 253 വരെ - കെട്ടിടങ്ങള്‍ക്കു നമ്പരിടല്‍, ലൈസന്‍സുകള്‍, ഉത്തരവുകള്‍ എന്നിവ

254 മുതൽ 264 വരെ - ചട്ടങ്ങൾ ലംഘിച്ചാലുള്ള ശിക്ഷകള്‍, ശിക്ഷകളെ സംബന്ധിച്ച വിശദീകരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍

265 മുതൽ 271 വരെ - സ്വകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ

ഗ്രാമവികസനവുമായി ബന്ധപ്പെട്ട കമ്മിറ്റികൾ

ബൽവന്ത്റായ് മേത്ത കമ്മിറ്റി - ത്രിതല പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കുന്നതിനുള്ള ശുപാർശ.

അശോക് മേത്ത കമ്മിറ്റി - പഞ്ചായത്തീരാജ്

കുമരപ്പ കമ്മിറ്റി - ഭൂപരിഷ്കരണം

നരസിംഹം കമ്മിറ്റി - ഗ്രാമപ്രദേശങ്ങളിലെ ബാങ്കിങ് സംവിധാനം.

എസ്.ബി. സെൻ കമ്മിറ്റി - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം.

ഭാനുപ്രതാപ് സിംഗ് കമ്മിറ്റി - കൃഷി സംബന്ധമായ നയങ്ങളും പരിപാടികളും.

അടിയന്തരാവസ്ഥ (The Emergency)

ഇന്ത്യന്‍ ഭരണഘടനയിലെ ഭാഗം 18-ലെ 352 മുതല്‍ 380 വരെയുള്ള വകുപ്പുകള്‍ പ്രതിപാദിക്കുന്നത്‌ അടിയന്തരാവസ്ഥയെക്കുറിച്ചാണ്‌. രാജ്യം മറ്റൊരു രാജ്യവുമായി യുദ്ധത്തിലേര്‍പ്പെടുമ്പോഴോ യുദ്ധസമാനമായ സാഹചര്യങ്ങളിലോ രാജ്യത്ത്‌ ആഭ്യന്തര സുരക്ഷിതത്വം ഭീഷണി നേരിടുന്ന സാഹചര്യത്തിലോ രാഷ്‌ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്‌. ഭരണഘടനയുടെ 352 ആം വകുപ്പ്‌ പ്രകാരമാണ്‌. ചൈനീസ്‌ ആക്രമണ കാലത്ത്‌ 1962 ഒക്ടോബര്‍ 26-നാണ്‌ ഇന്ത്യയില്‍ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. ഈ അവസരത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്റുവും രാഷ്‌ട്രപതി ഡോ. എസ്‌. രാധാകൃഷ്ണനുമായിരുന്നു. 1975-ല്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്താണ്‌ രാജ്യത്തുടനീളം വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമായ അടിയന്തരാവസ്ഥ പ്രഖ്യാപനം. ജൂണ്‍ 26-ന്‌ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത്‌ പിന്‍വലിച്ചത്‌ 1977 മാര്‍ച്ച്‌ 21-ന്‌ ബി.ഡി. ജട്ടിയാണ്‌.

സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ഭരണത്തിന് അനുവാദം നൽകുന്നത് 356 ആം വകുപ്പാണ്. ഏറ്റവും ആദ്യം സംസ്ഥാന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് പഞ്ചാബിലാണ്. സാമ്പത്തികാടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് 360 ആം വകുപ്പാണ്. ഇന്ത്യയിൽ ഇന്നുവരെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല.

അവിശ്വാസ പ്രമേയം & വിശ്വാസപ്രമേയം

മന്ത്രിസഭയ്ക്ക് ഭൂരിപക്ഷപിന്തുണ നഷ്ടപ്പെട്ടാൽ പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം (No Confidence Motion) കൊണ്ടുവരാം. പ്രതിപക്ഷത്തുള്ള ഒരു അംഗം അവിശ്വാസപ്രമേയത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകും. സ്പീക്കർ അനുമതി നൽകിയ ശേഷം പ്രമേയം അവതരിപ്പിക്കാം. സഭ ചർച്ച ചെയ്തശേഷം പ്രമേയം വോട്ടിനിടും. ഭൂരിപക്ഷം അംഗങ്ങൾ അതിന് അനുകൂലമായി വോട്ട് ചെയ്താൽ അവിശ്വാസ പ്രമേയം പാസാവുകയും മന്ത്രിസഭ പുറത്താവുകയും ചെയ്യും. മറിച്ചായാൽ പ്രമേയം തള്ളിക്കളഞ്ഞ് മന്ത്രിസഭ തുടരും. സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് പ്രതിപക്ഷം ആരോപിച്ചാൽ ഭരണപക്ഷത്തിന് വിശ്വാസ പ്രമേയവും കൊണ്ടുവരാം. പ്രമേയം ചർച്ച ചെയ്ത് വോട്ടിനിട്ട് കൂടുതൽ വോട്ട് നേടി വിശ്വാസം തെളിയിക്കാം. വിശ്വാസപ്രമേയം പരാജയപ്പെട്ടാൽ രാജിവച്ച് ഒഴിയണം.

നിഷേധ വോട്ട് (NOTA)

മത്സരിക്കുന്ന ഒരു സ്ഥാനാർഥിക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലെങ്കിൽ വോട്ടർക്ക് നിഷേധവോട്ട് ചെയ്യാം. 'നോട്ട' എന്നാണ് ഇതറിയപ്പെടുന്നത്. 2013 സെപ്റ്റംബർ 27 ലെ സുപ്രീം കോടതി വിധിയിലൂടെയാണ് നോട്ട ഇന്ത്യയിൽ നടപ്പിലാക്കിയത്. സുപ്രീം കോടതി ജസ്റ്റിസ്മാരായ പി.സദാശിവം, രഞ്ജന പ്രകാശ്, രഞ്ജൻ ഗെഗോയി എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചത്. കേരളത്തിൽ 2016 മുതലാണ് നോട്ടയ്ക്ക് ബാലറ്റുപേപ്പറിലും വോട്ടിംഗ് യന്ത്രത്തിലും ചിഹ്നമുണ്ടായി തുടങ്ങിയത്. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ പ്രഫസർ തരുൺദീപ് ഗിരിധർ ആണ് ചിഹ്നം രൂപകൽപന ചെയ്തത്.

ഇന്ത്യൻ ഭരണഘടന ഭേദഗതികൾ (Indian Constitution Amendments)

ഭരണഘടനാ വകുപ്പുകളിൽ കാലാനുസൃതമായി മാറ്റങ്ങൾ വരുത്തുന്നതിനാണ് ഭേദഗതികൾ നടപ്പാക്കുന്നത്. പാർലമെന്റിന്റെ ഭൂരിപക്ഷ പിന്തുണയോടെ മാത്രമേ ഇതു സാധിക്കൂ. ഇതുവരെ 105 ഭരണഘടനാ ഭേദഗതികൾ നടപ്പിലാക്കിയിട്ടുണ്ട്.

ഒന്നാം ഭരണഘടന ഭേദഗതി (1951)

1951ൽ ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയും ഡോ.രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയുമായിരുന്നപ്പോഴാണ് ഒന്നാം ഭരണഘടന ഭേദഗതി നടപ്പിലാക്കിയത്. 15, 19, 31, 85, 87, 174, 176, 341, 342, 372, 376 എന്നീ വകുപ്പുകൾക്ക് മാറ്റം വരുത്തി. ഒമ്പതാം പട്ടിക കൂടി ഭരണഘടനയിൽ എഴുതിച്ചേർത്തു (ഭൂപരിഷ്‌കരണ നിയമം). അടിയന്തരാവസ്ഥാ സമയത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്താൻ വ്യവസ്ഥ ചെയ്‌തു. അനുഛേദം 31A, 31B എന്നിവ കൂട്ടിച്ചേർത്തു. പൊതുതാല്പര്യവും മറ്റു രാജ്യങ്ങളുമായുള്ള സുഹൃദ്‌ബന്ധവും മറ്റും കണക്കിലെടുത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനു ന്യായമായ നിയന്ത്രണം ഏർപ്പെടുത്തുവാൻ ഒന്നാം ഭരണഘടന ഭേദഗതി അനുമതി നൽകുന്നു. നിയമത്തിന്റെ മുന്നിൽ സമത്വം, സ്വത്തിനുള്ള അധികാരം, അഭിപ്രായ സ്വാതന്ത്ര്യം എന്നീ മൗലികാവകാശങ്ങൾ പ്രാവർത്തികമാക്കുന്നതിൽ വരുന്ന ബുദ്ധിമുട്ടുകൾ നീക്കം ചെയ്യുക എന്നതായിരുന്നു ഭേദഗതിയുടെ ഉദ്ദേശ്യം.

രണ്ടാം ഭരണഘടന ഭേദഗതി (1952)

1951ലെ സെൻസസ് അനുസരിച്ച് ലോകസഭയിൽ നിയോജകമണ്ഡലങ്ങളുടെ പ്രാതിനിധ്യം ക്രമീകരിക്കുന്ന ഭരണഘടനാ ഭേദഗതി.

7th ഭരണഘടന ഭേദഗതി (1956)

1956ൽ ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയും ഡോ.രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയുമായിരുന്നപ്പോഴാണ് ഏഴാം ഭരണഘടന ഭേദഗതി നടപ്പിലാക്കിയത്. ഏഴാം ഭരണഘടന ഭേദഗതി പ്രകാരം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ചു. ഭാഷാ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള നടപടികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേന്ദ്രഭരണപ്രദേശങ്ങളുടെ രൂപീകരണത്തിന് അനുമതി നൽകി. ഒരു വ്യക്തിയെത്തന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളിൽ ഗവർണ്ണറായി നിയമിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്‌തു. 258A, 290A, 298, 350A, 350B, 371, 372A, 378A എന്നീ അനുഛേദങ്ങൾ കൂട്ടിച്ചേർത്തു.

9th ഭരണഘടന ഭേദഗതി (1960)

1960ൽ ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയും ഡോ.രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയുമായിരുന്നപ്പോഴാണ് ഒൻപതാം ഭരണഘടന ഭേദഗതി നടപ്പിലാക്കിയത്.1958ലെ ഇന്ത്യാ പാക് അതിർത്തി തർക്കം പരിഹരിച്ചതിനെ തുടർന്നുള്ള കരാർ പ്രകാരം ഇന്ത്യ ചില പ്രദേശങ്ങൾ (പശ്ചിമ ബംഗാൾ) പാക്കിസ്ഥാന് നൽകാൻ വ്യവസ്ഥ ചെയ്‌തു.

10th ഭരണഘടന ഭേദഗതി (1961)

1961ൽ ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയും ഡോ.രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയുമായിരുന്നപ്പോഴാണ് പത്താം ഭരണഘടന ഭേദഗതി നടപ്പിലാക്കിയത്. ഈ ഭേദഗതി പ്രകാരം പോർച്ചുഗീസുകാരുടെ അധിനിവേശ പ്രദേശമായിരുന്ന ദാദ്രാ നാഗർ ഹവേലിയെ കേന്ദ്രഭരണ പ്രദേശമായി ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്തു.

11th ഭരണഘടന ഭേദഗതി (1961)

1961ൽ ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയും ഡോ.രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയുമായിരുന്നപ്പോഴാണ് പതിനൊന്നാം ഭരണഘടന ഭേദഗതി നടപ്പിലാക്കിയത്. ഈ ഭേദഗതി പ്രകാരം പാർലമെന്റിന്റെ സംയുക്ത സമ്മേളനം വഴി ഉപരാഷ്ട്രപതിയെ തിരഞ്ഞെടുത്തിരുന്ന രീതി മാറ്റി ഇലക്ടറൽ കോളേജ് ഏർപ്പെടുത്തി.

12th ഭരണഘടന ഭേദഗതി (1961)

പോർച്ചുഗീസുകാരുടെ അധീനതയിലുണ്ടായിരുന്ന ഗോവ, ദാമൻ & ദിയു (കേന്ദ്രഭരണ പ്രദേശമായി) എന്നിവ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്തു.

13th ഭരണഘടന ഭേദഗതി (1962)

അനുഛേദം 371 A പ്രകാരം നാഗാലാ‌ൻഡ് സംസ്ഥാനത്തിന്റെ രൂപീകരണം.

14th ഭരണഘടന ഭേദഗതി (1962)

അനുഛേദം 239A പ്രകാരം പുതുച്ചേരിയെ ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർത്തു.

15th ഭരണഘടന ഭേദഗതി (1963)

ഹൈക്കോടതി ജഡ്‌ജിമാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 62 ആക്കി ഉയർത്തി. ഹൈക്കോടതികളുടെ സിറ്റിങിൽ വിരമിച്ച ജഡ്‌ജിമാരെ നിയമിക്കാം എന്ന് വ്യവസ്ഥ ചെയ്‌തു (അനുഛേദം 224A).

16th ഭരണഘടന ഭേദഗതി (1963)

രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ പൗരാവകാശങ്ങളുടെ മേൽ ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സ്റ്റേറ്റിനെ അധികാരപ്പെടുത്തുന്നു.

18th ഭരണഘടന ഭേദഗതി (1966)

പഞ്ചാബി സംസാരിക്കുന്ന പഞ്ചാബും ഹിന്ദി സംസാരിക്കുന്ന ഹരിയാനയുമായി പഞ്ചാബിനെ പുനഃസംഘടിപ്പിക്കുന്നു. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെയും മറ്റും പ്രതിപാദിക്കുന്ന മൂന്നാം അനുഛേദത്തിലെ സ്റ്റേറ്റ് എന്ന പദത്തിൽ കേന്ദ്രഭരണപ്രദേശവും ഉൾപ്പെടുമെന്നും പാർലമെന്റിനുള്ള അധികാരത്തിൽ ഏതെങ്കിലും സ്റ്റേറ്റിന്റെയോ കേന്ദ്രഭരണ പ്രദേശത്തിന്റെയോ ഒരുഭാഗം മറ്റേതെങ്കിലും സ്റ്റേറ്റിനോടോ കേന്ദ്രഭരണ പ്രദേശത്തോടോ സംയോജിപ്പിച്ച് ഒരു പുതിയ സ്റ്റേറ്റോ കേന്ദ്രഭരണപ്രദേശമോ രൂപീകരിക്കാനുള്ള അധികാരവും ഉൾപ്പെടുന്നുവെന്നു വ്യക്തമാക്കുന്നു.

19th ഭരണഘടന ഭേദഗതി (1966)

തിരഞ്ഞെടുപ്പുകളുടെ മേൽ അന്വേഷണം തിരഞ്ഞെടുപ്പു കമ്മീഷനിൽ നിക്ഷിപ്തമാക്കാൻ വ്യവസ്ഥ ചെയ്യുന്നു. 324th അനുഛേദത്തിൽ പാർലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളിലെ തർക്കങ്ങളുടെ തീർപ്പിനുവേണ്ടി ട്രൈബ്യൂണലുകളുടെ നിയമനം ഉൾപ്പെടുത്തിയിരുന്നതും വിട്ടുകളയുന്നു.

21st ഭരണഘടന ഭേദഗതി (1967)

എട്ടാം പട്ടികയിൽ പതിനഞ്ചാമത് ഭാഷയായി സിന്ധി ഉൾപ്പെടുത്തി.

22nd ഭരണഘടന ഭേദഗതി (1969)

അസമിൽനിന്നു മേഘാലയത്തെ പ്രത്യേക സംസ്ഥാനമാക്കുന്നു.

24th ഭരണഘടന ഭേദഗതി (1971)

മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏത് ഭാഗവും ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമുണ്ടെന്ന് സ്ഥാപിച്ചു. ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്‌ട്രപതി നിർബന്ധമായും അംഗീകാരം നൽകണമെന്ന് വ്യവസ്ഥ ചെയ്‌തു.

26th ഭരണഘടന ഭേദഗതി (1971)

മുൻ നാട്ടുരാജാക്കന്മാർക്ക് നൽകിയിരുന്ന പ്രിവിപഴ്‌സ്‌ നിർത്തലാക്കി.

27th ഭരണഘടന ഭേദഗതി (1971)

മിസോറം, അരുണാചൽ പ്രദേശ് എന്നിവ കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്നു.

29th ഭരണഘടന ഭേദഗതി (1972)

കേരള ഭൂപരിഷ്‌കരണ നിയമങ്ങൾക്ക് സംരക്ഷണം നൽകി. കേരള ഭൂപരിഷ്കരണ നിയമങ്ങളെ ഒൻപതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി.

31st ഭരണഘടന ഭേദഗതി (1973)

ലോക്സഭയിലെ അംഗസംഖ്യ 525ൽ നിന്ന് 545 ആക്കി മാറ്റി. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നു പാർലമെന്റിലേക്കുള്ള അംഗങ്ങളുടെ സംഖ്യ 25ൽ നിന്ന് 20 ആയി കുറയ്ക്കുന്നു.

32nd ഭരണഘടന ഭേദഗതി (1974)

ആന്ധ്ര പ്രദേശ് സംസ്ഥാനത്തിലെ തെലങ്കാന - ആന്ധ്രാ എന്നീ പ്രദേശങ്ങളുടെ അവകാശ സംരക്ഷണം. അനുഛേദം 371 D, 371 E എന്നിവ കൂട്ടിച്ചേർത്തു.

33rd ഭരണഘടന ഭേദഗതി (1974)

എം.പി, എം.എൽ.എ എന്നിവർ സമ്മർദ്ദത്തിന് വിധേയരായി രാജിവെയ്ക്കുന്നത് തടയുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി.

35th ഭരണഘടന ഭേദഗതി (1974)

സിക്കിമിന് അസോസിയേറ്റ് സംസ്ഥാനം എന്ന പദവി നൽകി.

36th ഭരണഘടന ഭേദഗതി (1975)

അസോസിയേറ്റ് സ്റ്റേറ്റ് ആയിരുന്ന സിക്കിമിന് സംസ്ഥാന പദവി നൽകി. ഇന്ത്യയുടെ ഇരുപത്തിരണ്ടാം സംസ്ഥാനമാണ് സിക്കിം.

37th ഭരണഘടന ഭേദഗതി (1975)

അരുണാചൽ പ്രദേശിനു നിയമസഭയും മന്ത്രിസഭയും ഉണ്ടാക്കാൻ അനുമതി നൽകുന്നു.

38th ഭരണഘടന ഭേദഗതി (1975)

രാഷ്‌ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോ രാഷ്ട്രപതിയോ ഗവർണറോ കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണത്തലവന്മാരോ ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നതോ കോടതിയിൽ ചോദ്യംചെയ്യാനാവില്ലെന്നു വ്യവസ്ഥ ചെയ്യുന്നു.

39th ഭരണഘടന ഭേദഗതി (1975)

രാഷ്ട്രപതിയുടെയോ ഉപരാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിമാരുടെയോ സ്പീക്കറുടെയോ തിരഞ്ഞെടുപ്പു കോടതിയിൽ ചോദ്യം ചെയ്യുവാൻ പാടില്ലെന്നു വ്യവസ്ഥ ചെയ്യുന്നു.

40th ഭരണഘടന ഭേദഗതി (1976)

രാജ്യത്തിന്റെ സമുദ്രമേഖലയ്ക്കുള്ളിലും മറ്റുമുള്ള ധാതുക്കളും മൂല്യമുള്ള വസ്‌തുക്കളും കേന്ദ്രത്തിൽ നിക്ഷിപ്തമാക്കാനുള്ള ഭേദഗതി.

42nd ഭരണഘടന ഭേദഗതി (1976)

മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതിയാണ് 42th ഭരണഘടന ഭേദഗതി. ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലിരിക്കെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടത്തിലാണ് 42th ഭേദഗതി നിലവിൽ വരുന്നത്. ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്‌ത ഏക ഭരണഘടനാ ഭേദഗതിയാണ് 42th ഭരണഘടന ഭേദഗതി. ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി സോഷ്യലിസ്റ്റ്, സെക്യുലർ, ഇന്റഗ്രിറ്റി എന്നീ മൂന്ന് വാക്കുകൾ കൂട്ടിച്ചേർത്തു.

44th ഭരണഘടന ഭേദഗതി (1978)

സ്വത്തവകാശം മൗലികാവകാശമല്ലാതാക്കുന്നു. ആഭ്യന്തര കുഴപ്പങ്ങൾമൂലം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ല. സായുധ കലാപമുണ്ടായാൽ മാത്രമേ അതിന് അനുവാദമുള്ളൂ എന്നു വ്യവസ്ഥ ചെയ്യുന്നു.

52nd ഭരണഘടന ഭേദഗതി (1985)

കൂറുമാറ്റ നിരോധന നിയമം എന്നറിയപ്പെടുന്നു. പാർലമെന്റ് അംഗങ്ങൾ, സംസ്ഥാന നിയമസഭാ അംഗങ്ങൾ എന്നിവരുടെ അയോഗ്യതയെക്കുറിച്ച് പ്രതിപാദിക്കുന്നു.

53rd ഭരണഘടന ഭേദഗതി (1986)

ഒരു പുതിയ വകുപ്പ് (371 ജി) മിസോറമിനു സംസ്ഥാന പദവി നൽകിക്കൊണ്ടു കൂട്ടിച്ചേർത്തു.

55th ഭരണഘടന ഭേദഗതി (1986)

അരുണാചൽപ്രദേശിനു സംസ്ഥാന പദവി നൽകികൊണ്ടുള്ള ഭേദഗതി.

56th ഭരണഘടന ഭേദഗതി (1987)

ഗോവ ഇന്ത്യയുടെ ഇരുപത്തി അഞ്ചാം സംസ്ഥാനമായി. അനുഛേദം 371I കൂട്ടിച്ചേർത്തു.

61st ഭരണഘടന ഭേദഗതി (1988)

വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 വയസായി കുറച്ചു. ഭരണഘടനയുടെ 326 വകുപ്പിലാണ് ഭേദഗതി വരുത്തിയത്.

65th ഭരണഘടന ഭേദഗതി (1990)

ദേശീയ പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്‌തു. ഇതനുസരിച്ച് ദേശീയ പട്ടിക ജാതി - പട്ടിക വർഗ്ഗ കമ്മീഷൻ 1992ൽ നിലവിൽ വന്നു.

69th ഭരണഘടന ഭേദഗതി (1991)

ഡൽഹിയെ ദേശീയ തലസ്ഥാന പ്രദേശമായി പ്രഖ്യാപിക്കുന്നു. അനുഛേദങ്ങൾ 239AA, 239AB എന്നിവ കൂട്ടിച്ചേർത്തു.

71st ഭരണഘടന ഭേദഗതി (1992)

കൊങ്കണി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകൾ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തി.

72nd ഭരണഘടന ഭേദഗതി (1992)

പഞ്ചായത്തുകളിലെ എല്ലാ സീറ്റുകളിലേക്കും നേരിട്ടുള്ള തിരഞ്ഞെടുപ്പിനും പട്ടികജാതി/വർഗക്കാർക്കു സംവരണത്തിനും ആകെ സീറ്റുകളിൽ മൂന്നിലൊരു ഭാഗം സ്ത്രീകൾക്കായി നീക്കിവയ്ക്കാനും അധികാരം നൽകുന്ന ഭേദഗതി.

73rd ഭരണഘടന ഭേദഗതി (1992)

പഞ്ചായത്തീരാജ് നിയമം എന്നറിയപ്പെടുന്നു. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകി. പതിനൊന്നാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 243 മുതൽ 243-ഒ വരെ ഭരണഘടനയുടെ ഭാഗം IXൽ കൂട്ടിച്ചേർത്തു.

74th ഭരണഘടന ഭേദഗതി (1992)

നഗരപാലികാ നിയമം, മുനിസിപ്പാലിറ്റി നിയമം എന്നിങ്ങനെ അറിയപ്പെടുന്നു. ഭാഗം IX-A ഭരണഘടനയിൽ കൂട്ടിച്ചേർത്തു (ആർട്ടിക്കിൾ 243 P മുതൽ 243 ZG വരെ). പന്ത്രണ്ടാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു.

84th ഭരണഘടന ഭേദഗതി (2001)

ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ മൂന്നു പുതിയ സംസ്ഥാനങ്ങൾ നിലവിൽ വന്നു. ലോക്‌സഭാ മണ്ഡലങ്ങളുടെയും സംസ്ഥാന അസംബ്ലി മണ്ഡലങ്ങളുടെയും എണ്ണം 2026 വരെ തൽസ്ഥിതി തുടരുവാൻ വ്യവസ്ഥ ചെയ്‌തു.

86th ഭരണഘടന ഭേദഗതി (2002)

പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റി. ആർട്ടിക്കിൾ 21 എ ഭരണഘടനയിൽ കൂട്ടിച്ചേർത്തു.

89th ഭരണഘടന ഭേദഗതി (2003)

ദേശീയ പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷനെ വിഭജിച്ച് ദേശീയ പട്ടികജാതി കമ്മീഷൻ (ആർട്ടിക്കിൾ 338), ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ (ആർട്ടിക്കിൾ 338A) എന്നിങ്ങനെ രണ്ട് പ്രത്യേക കമ്മീഷനുകൾ രൂപീകരിച്ചു.

91st ഭരണഘടന ഭേദഗതി (2003)

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മന്ത്രിമാരുടെ എണ്ണം അധോസഭയുടെ പതിനഞ്ച് ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്‌തു. എന്നാൽ സംസ്ഥാനങ്ങളുടെ കാര്യത്തിൽ മന്ത്രിമാരുടെ എണ്ണം 12ൽ കുറയാനും പാടില്ല. കൂറുമാറ്റ നിരോധന നിയമം വഴി അയോഗ്യനാക്കപ്പെടുന്ന ഒരു എം.പിയെയോ എം.എൽ.എയെയോ അയോഗ്യതയുടെ കാലാവധി അവസാനിക്കുന്നതുവരെ മന്ത്രിയായി നിയമിക്കാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്‌തു.

92nd ഭരണഘടന ഭേദഗതി (2003)

ബോഡോ, ദോഗ്രി, മൈഥിലി, സന്താളി എന്നീ നാലുഭാഷകളെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തി.

93rd ഭരണഘടന ഭേദഗതി (2005)

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെടുന്നവർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (പ്രൈവറ്റ് ഉൾപ്പെടെ) സംവരണം നൽകുന്നതിന് വ്യവസ്ഥ ചെയ്‌തു.

94th ഭരണഘടന ഭേദഗതി (2006)

പുതുതായി രൂപീകരിക്കപ്പെട്ട ഛത്തീസ്ഗഢ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഓരോ ട്രൈബൽ വെൽഫയർ മന്ത്രിമാരെ നിയമിക്കുന്നതിന് വ്യവസ്ഥ ചെയ്‌തു.

95th ഭരണഘടന ഭേദഗതി (2009)

ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും പട്ടികജാതി-പട്ടികവർഗ്ഗ സംവരണം 2020 വരെയാക്കി ദീർഘിപ്പിച്ചു.

96th ഭരണഘടന ഭേദഗതി (2011)

ഭരണഘടനയുടെ ഒന്നാം പട്ടികയിൽ 'ഒറീസ്സ' എന്നതിനു പകരം 'ഒഡിഷ' എന്നാക്കി മാറ്റി. എട്ടാം പട്ടികയിൽ 'ഒറിയ' എന്നതിനു പകരം 'ഒഡിയ' എന്നാക്കി മാറ്റി.

97th ഭരണഘടന ഭേദഗതി (2011)

കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് എന്ന തലക്കെട്ടോടുകൂടി ഭാഗം IX-B ഭരണഘടനയിൽ കൂട്ടിച്ചേർത്തു. 2021 ജൂലൈ 20ന് സുപ്രീംകോടതി ഭാഗം IX-B ഭരണഘടനാ വിരുദ്ധമെന്ന് വിധി പ്രസ്താവിച്ചു. ആർട്ടിക്കിൾ 43 B കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 19 (1)(C) ഭേദഗതി ചെയ്‌തു.

98th ഭരണഘടന ഭേദഗതി (2012)

ആർട്ടിക്കിൾ 371J ഭരണഘടനയിൽ കൂട്ടിച്ചേർത്തു. കർണ്ണാടക സംസ്ഥാനത്തിന് വേണ്ടി പ്രത്യേക വകുപ്പുകൾ കൂട്ടിച്ചേർത്തു. ഹൈദരാബാദ് - കർണ്ണാടക പ്രദേശത്തിന് വേണ്ടി പ്രത്യേക വികസന ബോർഡ് രൂപീകരിക്കാൻ കർണ്ണാടക ഗവർണറെ ചുമതലപ്പെടുത്തി.

99th ഭരണഘടന ഭേദഗതി (2014)

2014 ഡിസംബർ 31ന് നിലവിൽ വന്നു. ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് 2015 ഒക്ടോബർ 16ന് ഭേദഗതി നിയമം സുപ്രീംകോടതി റദ്ദാക്കുകയുണ്ടായി.

100th ഭരണഘടന ഭേദഗതി (2015)

2015 മെയ് 28ന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലാൻഡ് ബൗണ്ടറി എഗ്രിമെന്റ് (LBA) നടപ്പിലാക്കുന്നതിന് വേണ്ടിയാണിത്. കരാർ പ്രകാരം 51 ബംഗ്ലാദേശ് അധിനിവേശ പ്രദേശങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കുകയും, ഇന്ത്യ 111 പ്രദേശങ്ങൾ ബംഗ്ലാദേശിന് വിട്ടുനൽകുകയും ചെയ്‌തു.

101st ഭരണഘടന ഭേദഗതി (2016)

ജി.എസ്.ടി നിയമം നിലവിൽ വന്നു. 246 A, 279 A എന്നീ അനുഛേദങ്ങൾ കൂട്ടിച്ചേർത്തു.

102nd ഭരണഘടന ഭേദഗതി (2018)

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ചു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനെക്കുറിച്ച് പരാമർശിക്കുന്നതിനായി 102 ആം ഭേദഗതി പ്രകാരം പുതുതായി ചേർക്കപ്പെട്ട അനുഛേദമാണ് 338 B.

103rd ഭരണഘടന ഭേദഗതി (2019)

സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം ഏർപ്പെടുത്തി.

104th ഭരണഘടന ഭേദഗതി (2020)

ഭരണഘടനയുടെ 104 ആം ഭേദഗതി നിയമനിർമ്മാണ സഭകളിലെ SC/ST, ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങളിലെ റിസർവേഷൻ സംബന്ധിക്കുന്ന ഭാഗങ്ങളിൽ ഭേദഗതി വരുത്തി. ഈ ഭേദഗതി പ്രകാരം ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലേക്കുമുള്ള SC/ST വിഭാഗങ്ങളുടെ സംവരണം 2030 ജനുവരി 25 വരെ നീട്ടുകയും, ആംഗ്ലോ - ഇന്ത്യക്കാരുടെ നാമനിർദ്ദേശം റദ്ദാക്കുകയും ചെയ്‌തു.

105th ഭരണഘടന ഭേദഗതി (2021)

2021 മെയ് 11ലെ സുപ്രീകോടതി വിധി അസാധുവാക്കികൊണ്ട് സംസ്ഥാനങ്ങൾക്ക് സ്വന്തം OBC ലിസ്റ്റുകൾ ഉണ്ടാക്കാനുള്ള അധികാരം പുനസ്ഥാപിച്ചു. 338B, 342A, 366 എന്നീ അനുഛേദങ്ങൾ ഭേദഗതിചെയ്‌തു.

ലോക്‌പാൽ (Lokpal)

പൊതുഭരണം അഴിമതിമുക്തമാക്കാൻ 2014 ജനുവരി 16 ൽ നടപ്പാക്കിയ നിയമം. പാർലമെന്റംഗമായിരുന്ന എൽ.എം.സിങ്‌വിയാണ് 1963 ൽ ലോക്പാൽ എന്ന പ്രയോഗം ഉപയോഗിച്ചത്. പൊതുഭരണത്തലത്തിലെ അഴിമതിയാരോപണങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തയും നിയമം വ്യവസ്ഥചെയ്യുന്നു. ചെയർപേഴ്‌സണടക്കം ഒമ്പതംഗങ്ങളുള്ള സമിതിയാണ് ലോക്‌പാൽ. ഇതിൽ 50 ശതമാനം ജുഡീഷ്യൽ അംഗങ്ങളും ബാക്കി പിന്നാക്ക, ന്യൂനപക്ഷ, സ്ത്രീവിഭാഗങ്ങളിൽനിന്നുള്ളവരുമായിരിക്കണം. രാഷ്ട്രപതിക്കാണ് അംഗങ്ങളുടെ നിയമനാധികാരം. ലഭ്യമാവുന്ന പരാതികളിൽ ലോക്പാലിന്റെ മേൽനോട്ടത്തിൽ കേന്ദ്ര വിജിലൻസ് കമ്മിഷനെയോ സി.ബി.ഐയെയോകൊണ്ട് അന്വേഷണം നടത്തിക്കാം.

പ്രാഥമികപരിശോധനയ്ക്ക് മൂന്നുമാസവും (മൂന്നുമാസംകൂടി നീട്ടാം), അന്വേഷണത്തിന് ആറുമാസവും (ആറുമാസംകൂടി നീട്ടാം), വിചാരണയ്ക്ക് ഒരുവർഷവും (ഒരുവർഷംകൂടി നീട്ടാം) അനുവദിക്കും. പ്രധാനമന്ത്രി, മന്ത്രിമാർ, എം.പി.മാർ, ഈ പദവി മുൻപ് വഹിച്ചവർ, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ, സർക്കാർസഹായം സ്വീകരിച്ച് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ, വിദേശ ധനസഹായ നിയന്ത്രണ നിയമപ്രകാരം പ്രതിവർഷം പത്തുലക്ഷം രൂപയിലധികം വിദേശത്തു നിന്ന് സംഭാവന സ്വീകരിക്കുന്ന സ്ഥാപനങ്ങൾ എന്നിവ ലോക്പാലിന്റെ പരിധിയിൽ വരും. എന്നാൽ മത, ധർമസ്ഥാപനങ്ങൾക്ക് ഈ നിയമം ബാധകമാവില്ല. പ്രധാനമന്ത്രിക്കെതിരെയുള്ള പരാതികളിൽ പ്രാഥമികാന്വേഷണത്തിന് ലോക്പാലിന്റെ ഫുൾബെഞ്ചിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ അംഗീകാരം ഉണ്ടായിരിക്കണം. വ്യാജപരാതികൾ നൽകുന്നവർക്ക് ഒരുലക്ഷംരൂപ പിഴയും ഒരുവർഷംവരെ തടവും വിധിക്കാം.

ലോകായുക്ത (Lokayukta)

സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ഓംബുഡ്‌സ്‌മാന്റെ മാതൃകയിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലുള്ള അഴിമതി വിരുദ്ധ സംവിധാനമാണ് ലോകായുക്ത. മൊറാർജി ദേശായി അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷന്റെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശയായിരുന്നു ലോകായുക്തയുടെ രൂപവത്കരണം. എന്നാൽ ലോകായുക്തയ്ക്ക് ആരെയും ശിക്ഷിക്കാനുള്ള അധികാരമില്ല. അതുകൊണ്ടുതന്നെ അഴിമതിക്കെതിരെ ഫലപ്രദമായ ഇടപെടൽ നടത്താനും കഴിയുന്നില്ല. ലോകായുക്ത ആദ്യമായി സ്ഥാപിതമായത് മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 1999 ലെ കേരള ലോകായുക്ത നിയമപ്രകാരമാണ് ലോകായുക്തയെ നിയമിച്ചിട്ടുള്ളത്. ഒരു ലോകായുക്തയും രണ്ട് ഉപലോകായുക്തയുമാണ് ഈ സംവിധാനത്തിലുള്ളത്. അഞ്ചുവർഷമാണ് നിയമന കാലാവധി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചവരായിരിക്കണം ലോകായുക്ത.

ലോക് അദാലത്ത് (Lok Adalat)

അനുരഞ്ജനത്തിലൂടെയും ചർച്ചയിലൂടെയും കേസുകൾ ഒത്തുതീർപ്പാക്കുന്ന സംവിധാനമാണ് ലോക് അദാലത്ത്. ജനങ്ങളുടെ കോടതി എന്നാണ് ഈ പദത്തിന്റെ അർഥം. 1986 ൽ ചെന്നൈയിലാണ് ആദ്യത്തെ ലോക് അദാലത്ത് നടന്നത്. 1982 മാർച്ചിൽ ഗുജറാത്തിലാണ് ലോക് അദാലത്ത് പരീക്ഷണാർഥം നടത്തിയത്. മൂന്നുപേരടങ്ങുന്ന സമിതിയാണ് ലോക് അദാലത്തിൽ കേസുകൾ ഒത്തുതീർപ്പാക്കുക. ഒരു റിട്ട. ജഡ്ജിയാവും അധ്യക്ഷൻ. സാധാരണമായി ഒരു അഭിഭാഷകനോ സാമൂഹിക പ്രവർത്തകനോ ആവും അദാലത്തിലെ മറ്റു രണ്ടംഗങ്ങൾ. ലോക് അദാലത്തിൽ തീർപ്പാക്കിയ കേസുകൾ തുടർന്ന് അപ്പീൽ പറ്റില്ല.

ഇന്ത്യയിലെ കമ്മീഷനുകൾ

മനുഷ്യാവകാശ കമ്മീഷന്‍ (Human Rights Commission)

1993 സെപ്റ്റംബർ 28 ലെ ദേശീയ മനുഷ്യാവകാശ നിയമമനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് 1993 ഒക്ടോബർ 12 നാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യുട്ടറി ബോഡിയാണ്. ചെയർമാൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാളാവണം എന്ന വ്യവസ്ഥയുള്ളത് ദേശീയ മനുഷ്യാവകാശ കമ്മീഷനാണ്. ഇന്ത്യൻ രാഷ്ട്രപതിയാണ് ചെയർമാനെ നിയമിക്കുന്നത്. ചെയർമാനെ കൂടാതെ നാല് സ്ഥിരാംഗങ്ങളാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനിലുള്ളത്. കൂടാതെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ, ദേശീയ പട്ടികജാതി കമ്മീഷൻ, ദേശീയ പട്ടിക വർഗ്ഗ കമ്മിഷൻ, ദേശീയ വനിതാ കമ്മിഷൻ എന്നിവയുടെ അദ്ധ്യക്ഷൻ ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ എക്‌സ്-ഒഫിഷ്യോ അംഗങ്ങളാണ്. കേരള സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ 1998 ഡിസംബർ 11 നു നിലവിൽ വന്നു. ജസ്റ്റിസ് എ.എം പരിതുപിള്ളയായിരുന്നു ആദ്യത്തെ ചെയർമാൻ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്നയാളാവണം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെന്നു വ്യവസ്ഥയുണ്ട്. ചെയർമാനെ നിയമിക്കുന്നത് ഗവർണർ.

തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission of India and Kerala)

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെല്ലാം നിയന്ത്രിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് അറിയാമല്ലോ. 1950 ജനുവരി 25 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽവന്നു. ന്യൂ ഡൽഹിയിലാണ് ഇതിന്റെ സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത്. ചീഫ് ഇലക്ഷൻ കമ്മീഷണറാണ് തലവൻ. ഇദ്ദേഹത്തെ കൂടാതെ രണ്ട് ഇലക്ഷൻ കമ്മീഷണർമാർ കൂടിയുണ്ട്. രാഷ്ട്രപതിയാണ് ഇവരെ നിയമിക്കുന്നത്. ചീഫ് ഇലക്ഷൻ കമ്മീഷണറുടെയും ഇലക്ഷൻ കമ്മീഷണർമാരുടെയും കാലാവധി ആറു വർഷമാണ്. ഓരോ സംസ്ഥാനത്തിനും പ്രത്യേകം ചീഫ് ഇലക്ടറൽ ഓഫീസർ ഉണ്ട്. കൂടാതെ ഓരോ ജില്ലയിലെയും മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് നടത്തിപ്പ് നിയന്ത്രിക്കാൻ ഡിസ്ട്രിക്റ്റ് ഇലക്ഷൻ ഓഫീസർ, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ, റിട്ടേണിങ് ഓഫിസർ എന്നീ ഉദ്യോഗസ്ഥരുമുണ്ട്. രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാംഗങ്ങൾ, രാജ്യസഭാംഗങ്ങൾ, സംസ്ഥാന നിയമസഭാംഗങ്ങൾ തുടങ്ങിയവരുടെ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനാണ്. സുപ്രീംകോടതി ജഡ്ജിയുടേതിനു തുല്യമായ സ്ഥാനവും വേതനവുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾക്കുള്ളത്.

ധനകാര്യ കമ്മീഷൻ (Finance Commission)

ഭരണഘടനയുടെ 280 ആം വകുപ്പ് പ്രകാരം ഓരോ അഞ്ചു വർഷം കൂടുമ്പോഴും പ്രസിഡന്റ് പുതിയ ധനകാര്യ കമ്മീഷനെ നിയമിക്കുവാൻ ബാധ്യസ്ഥനാണ്. ഒരധ്യക്ഷനും നാല് അംഗങ്ങളും അടങ്ങുന്നതാണ് കമ്മീഷന്റെ ഘടന. പാർലമെന്റാണ് ഇവരുടെ യോഗ്യതയും തിരഞ്ഞെടുക്കേണ്ട രീതിയും നിശ്ചയിക്കുന്നത്.  സംസ്ഥാനത്തലത്തിൽ പ്രവർത്തിച്ചുവരുന്നതാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ. ഇത് ഒരു ഭരണഘടനാ സ്ഥാപനമാണ്. 1992 ൽ നിലവിൽ വന്ന 73 ആം ഭരണഘടന ഭേദഗതി പ്രകാരമാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ രൂപംകൊണ്ടത്.

വിവരാവകാശ കമ്മീഷൻ (Central and State Information Commission)

2005 ഒക്ടോബർ 12 നാണ് കേന്ദ്രവിവരാവകാശ കമ്മീഷൻ രൂപവത്കൃതമായത്. 2005-ലെ വിവരാവകാശനിയമ പ്രകാരം സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചു. കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്രവിവരവകാശ കമ്മീഷൻ. പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, ഒരു ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതി തിരഞ്ഞെടുക്കുന്ന കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ന്യൂഡൽഹിയിലെ സി.ഐ.സി ഭവനാണ് ആസ്ഥാനം. കേരളാ സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപവത്കൃതമായത് 2005 ഡിസംബർ 19ന്. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ.

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ (Other Backward Classes Commission)

സുപ്രീം കോടതിയുടെ മണ്ഡൽ വിധിന്യായത്തെ (1992) തുടർന്ന് 1993 - ലാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ രൂപവത്കരിച്ചത്. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായിരുന്നു. 2018 ലെ 102 ആം ഭരണഘടന ഭേദഗതിയോടെ ഭരണഘടനാ പദവി ലഭിച്ചു. ഒ.ബി.സി (അദർ ബാക്വേഡ് ക്ലാസസ്) പട്ടികയിൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ച് പരിശോധിക്കുകയും സർക്കാറിനെ ഉപദേശിക്കുകയുമാണ് ചുമതല. കമ്മീഷന്റെ ഉപദേശം നടപ്പാക്കാൻ നിയമപ്രകാരം സർക്കാർ ബാധ്യസ്ഥനാണ്. ഒരു ചെയർപേഴ്‌സണും വൈസ് ചെയർപേഴ്‌സണും മൂന്ന് അംഗങ്ങളുമാണുള്ളത്. ആസ്ഥാനം ന്യൂഡൽഹി.

വിജിലൻസ് കമ്മീഷൻ (Central and State Vigilance Commission)

1964 ഫെബ്രുവരിയിലാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപവത്കൃതമായത്. സന്താനം കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകരിച്ചത്. 2003-ൽ സെൻട്രൽ വിജിലൻസ് കമ്മീഷൻ ബിൽ ലോകസഭയും രാജ്യസഭയും പാസ്സാക്കിയതിനെ തുടർന്ന് സെൻട്രൽ വിജിലൻസ് കമ്മീഷൻ നിയമം പ്രാബല്യത്തിൽ വന്നു. ഇതുപ്രകാരം സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചു. വിസിൽ ബ്ലോവേഴ്‌സ് നിയമപ്രകാരം ഉദ്യോഗസ്ഥരുടെ അഴിമതി ചൂണ്ടിക്കാട്ടിക്കൊണ്ട് കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ വിജിലൻസ് കമ്മീഷന് പരാതി നൽകാം. ഒരു ചെയർപേഴ്സണും (സെൻട്രൽ വിജിലൻസ് കമ്മീഷണർ) രണ്ട് അംഗങ്ങളും (വിജിലൻസ് കമ്മീഷണർമാർ) അടങ്ങുന്നതാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ. നാല് വർഷം അഥവാ 65 വയസ്സ് ഏതാണോ ആദ്യം അതാണ് ഒരംഗത്തിന്റെ കാലാവധി. പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതി തിരഞ്ഞെടുക്കുന്ന സെൻട്രൽ വിജിലൻസ് കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ന്യൂഡൽഹിയാണ് ആസ്ഥാനം. കേരള സംസ്ഥാനത്തിൽ വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ ആണ് അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത്.

ദേശീയ ന്യൂനപക്ഷ കമ്മീഷൻ (National Commission for Minorities)

1978 ജനുവരിയിലാണ് ന്യൂനപക്ഷ കമ്മീഷൻ രൂപവത്കൃതമായത്. 1992-ലെ നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ് ആക്ട് പ്രകാരം സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ (നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ്) എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1993 മെയ് 17-നാണ് ഇതുപ്രകാരമുള്ള ആദ്യ കമ്മീഷൻ പ്രവർത്തനം തുടങ്ങിയത്. മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധിസം, ജൈനിസം, സൊറോസ്ട്രിയൻ (പാഴ്‌സി) എന്നീ മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിരിക്കുന്നത്. 1995 ൽ നിയമം ഭേദഗതി ചെയ്തു. ഒരു ചെയർപേഴ്സൺ, ഒരു വൈസ് ചെയർപേഴ്സൺ അഞ്ച് അംഗങ്ങൾ എന്നിവരാണ് കമ്മീഷനിലുള്ളത്. ന്യൂഡൽഹിയിലെ ലോക്നായക് ഭവനാണ് ആസ്ഥാനം.

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി)

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ചുമതല കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനവിനിയോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുക എന്നതാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും  വരവ് ചെലവ് കണക്കുകളിൽ മേൽനോട്ടം വഹിക്കുക, കണക്കുകൾ പരിശോധിക്കുക, പണം ദുർവിനിയോഗം ചെയ്യുന്ന കേസുകൾ പുറത്തുകൊണ്ടുവരിക, ഗവൺമെന്റുമായി ബന്ധപ്പെട്ട കേസുകൾ നിയമനിർമ്മാണ സഭയ്ക്ക് റിപ്പോർട്ട് ചെയ്യുക എന്നിവയാണ് സി.എ.ജിയുടെ ചുമതലകൾ. ഒരർഥത്തിൽ അദ്ദേഹം "പൊതുഖജനാവിന്റെ കാവൽക്കാര'നാണ്. ഇത് സംബന്ധിക്കുന്ന റിപ്പോർട്ട് കേന്ദ്രത്തെ സംബന്ധിക്കുന്നത് പ്രസിഡന്റിനും സംസ്ഥാനങ്ങളെ സംബന്ധിക്കുന്നത് അതത് ഗവണർമാർക്കും സമർപ്പിക്കേണ്ടതാണ്. സി.എ.ജിയെ നിയമിക്കുന്നത് പ്രസിഡന്റാണ്. ആറു വർഷമോ 65 വയസ്സുവരെയോ ഈ പദവിയിൽ തുടരാനാവും. സുപ്രീംകോടതി ജഡ്ജിയെ നീക്കുന്ന രീതിയിൽ മാത്രമേ സി.എ.ജിയെ നീക്കാനാവൂ.

ദേശീയ വനിതാ കമ്മീഷൻ (National Commission for Women)

1990 ലെ നാഷണൽ കമ്മീഷൻ ഫോർ വിമെൻ ആക്ടിനു കീഴിൽ 1992 ജനുവരി 31-ന് നിലവിൽ വന്നു. ദേശീയ വനിതാ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്. സ്ത്രീകൾക്ക് ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷ ഉറപ്പുവരുത്തുക, നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കുകയും ഭേദഗതികൾ നിർദേശിക്കുകയും ചെയ്യുക, സ്ത്രീകളുടെ പരാതികളിൽ വേഗത്തിൽ തീർപ്പുണ്ടാവുക തുടങ്ങിയവയാണ് കമ്മീഷന്റെ ലക്ഷ്യങ്ങൾ. ചെയർപേഴ്സണും അഞ്ച് അംഗങ്ങളുമാണ് കമ്മീഷനിലുള്ളത്. മൂന്നുവർഷമോ 65 വയസ്സോ ഏതാണോ ആദ്യം അതാണ് ഒരംഗത്തിന്റെ കാലാവധി. ആദ്യ ചെയർപേഴ്സൺ ജയന്തി പട്നായിക് ആയിരുന്നു. ന്യൂഡൽഹിയാണ് ആസ്ഥാനം.

പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി)

ഭരണഘടനയുടെ 315 ആം വകുപ്പനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും പബ്ലിക് സർവീസ് കമ്മീഷനുകളെ രൂപവത്കരിക്കാം. ഇതിലെ അംഗസംഖ്യ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ കാര്യത്തിൽ പ്രസിഡന്റും സംസ്ഥാന കമ്മീഷനുകളുടെ കാര്യത്തിൽ ഗവർണറുമാണ് തീരുമാനിക്കുന്നത്. ഇവരെ നിയമിക്കുന്നതും യഥാക്രമം പ്രസിഡന്റും ഗവർണറുമാണ്. കമ്മീഷനിലെ പകുതി അംഗങ്ങൾ കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ കീഴിൽ ഏതെങ്കിലും പദവി 10 വർഷക്കാലമെങ്കിലും വഹിച്ചിരിക്കണം എന്നല്ലാതെ (316 ആം വകുപ്പ്) ഇവർക്ക് ഭരണഘടന പ്രത്യേകം യോഗ്യതകളൊന്നും നിശ്ചയിച്ചിട്ടില്ല. ആറുവർഷമോ 65 വയസ്സോ (യു.പി.എസ്.സി), ആറുവർഷമോ 62 വയസ്സോ (പി.എസ്.സി) ഏതാണോ ആദ്യം അതാണ് ഒരംഗത്തിന്റെ കാലാവധി. വിരമിച്ചതിനുശേഷം യു.പി.എസ്.സി അധ്യക്ഷന് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് കീഴിൽ ഒരു ഉദ്യോഗവും വഹിക്കാൻ കഴിയില്ല. കമ്മീഷനുകൾ ഓരോ വർഷവും അവയുടെ പ്രവർത്തന റിപ്പോർട്ട് പ്രസിഡന്റിന്/ഗവർണർക്ക് സമർപ്പിക്കണം.

ദേശീയ പട്ടികജാതി/ പട്ടികവ൪ഗ്ഗ കമ്മീഷൻ

1990 ലെ 65 ആം ഭരണഘടനാ ഭേദഗതി പ്രകാരമാണ് ദേശീയ സംയുക്ത പട്ടികജാതി പട്ടികവർഗ കമ്മീഷൻ 1992 മാർച്ച് 12 ന് നിലവിൽ വന്നത്. ശ്രീ രാംധനായിരുന്നു കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ. 2003 ലെ 89-ാമത് ഭരണഘടനാ ഭേദഗതി നിലവിൽ വരുന്നതുവരെ പട്ടികജാതി പട്ടികവർഗക്കാർക്ക് പൊതുവായ ഒറ്റ കമ്മീഷനാണ് നിലവിലുണ്ടായിരുന്നത്. 2003 ലെ 89 ആം ഭരണഘടനാ ഭേദഗതി പ്രകാരം സംയുക്ത പട്ടികജാതി പട്ടികവർഗ കമ്മീഷനെ വിഭജിച്ച് പട്ടിക വർഗക്കാർക്കും പട്ടിക ജാതിക്കാർക്കും വെവ്വേറെ കമ്മീഷനുകൾ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തു. 2004 ൽ ദേശീയ പട്ടികജാതി കമ്മീഷനും ദേശീയ പട്ടികവർഗ്ഗ കമ്മീഷനും നിലവിൽ വന്നു. ഇവ രണ്ടും ഭരണഘടനാ സ്ഥാപനമാണ് (കോൺസ്റ്റിറ്റ്യുഷണൽ ബോഡി). ചെയർമാനടക്കം അഞ്ച് അംഗങ്ങളാണ് നിലവിലുള്ളത്. ന്യൂഡൽഹിയാണ് ആസ്ഥാനം.

Post a Comment

0 Comments
Post a Comment (0)