ഇന്ത്യയിലെ സാമൂഹ്യക്ഷേമ പദ്ധതികൾ

Arun Mohan
0

ഇന്ത്യയിലെ സാമൂഹിക ക്ഷേമ പദ്ധതികൾ

ശ്രീനികേതൻ പരീക്ഷണം (Sriniketan Project)

നൊബേൽ സമ്മാന ജേതാവായ മഹാകവി രവീന്ദ്രനാഥ ടാഗോർ മാനുഷിക മൂല്യങ്ങളിൽ നിന്നുള്ള പ്രചോദനമുൾക്കൊണ്ട് 1914ൽ ശ്രീനികേതനു ചുറ്റുമുള്ള ഏതാനും വില്ലേജുകളെ ഉൾപ്പെടുത്തി അവിടത്തെ ഗ്രാമീണ ജനതയുടെ സാമ്പത്തികവും സാംസ്‌കാരികവുമായ പുനരധിവാസം ലക്ഷ്യമാക്കി നടപ്പാക്കിയ ഉൾക്കാഴ്ചയുള്ള പ്രവർത്തനങ്ങളാണ് പിൽക്കാലത്ത് ശ്രീനികേതൻ പരീക്ഷണമായി അറിയപ്പെടുന്നത്. സഹകരണാടിസ്ഥാനത്തിൽ ഗ്രാമീണ ആരോഗ്യ സംഘങ്ങൾ രൂപീകരിച്ച് കൈത്തൊഴിലുകൾ തുടങ്ങിയതും പുതിയ ഇനം വളങ്ങളും കൃഷി ആയുധങ്ങളും പരിചയപ്പെടുത്തിയും പശുക്കൾ, പച്ചക്കറി കൃഷി, കോഴികൾ എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകൾ കൊണ്ടു വന്നതും സ്‌കൂളുകൾ തുടങ്ങിയവയുമാണ് ശ്രീനികേതനിൽ പുനരധിവാസ ശ്രമങ്ങൾ നടപ്പിലാക്കിയത്.

ചില വില്ലേജുകളിൽ മാത്രം ഒതുങ്ങിനിന്നുകൊണ്ടുള്ള ഈ പ്രവർത്തനങ്ങൾ ഗ്രാമീണ ജനതയുടെ വരുമാനത്തിലും ജീവിത നിലവാരത്തിലും ഗണ്യമായ പുരോഗതിയുണ്ടാക്കിയെന്നത് എടുത്തു പറയേണ്ട വസ്തുതകളാണ്. എന്നാൽ ചില പ്രയാസങ്ങളും പ്രതിബന്ധങ്ങളും ഈ പരീക്ഷണത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. തൊഴിൽപരമായ മാർഗനിർദേശം വിരളമായിരുന്നതും ഉന്നത തലങ്ങളിൽ ഗ്രാമക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അനുഭവജ്ഞാനക്കുറവുമാണ് ഈ പ്രസ്ഥാനത്തെ പ്രതികൂലമായി ബാധിച്ച കാര്യങ്ങൾ.

ഗർഗവോൺ സംരംഭം (Gurgaon Project)

1920ൽ ഗർഗവോൺ ജില്ലയിലെ ഡെപ്യുട്ടി കമ്മീഷണറായി വന്ന ഇന്ത്യൻ സിവിൽ സർവീസിലെ എഫ്.എൽ.ബ്രെയ്ൻ എന്ന ഉദ്യോഗസ്ഥനാണ് ഗർഗവോൺ സംരംഭത്തിന്റെ ഉപജ്ഞാതാവ്. ദാരിദ്ര്യത്തിന്റെയും ക്ഷാമത്തിന്റെയും മഴക്കുറവിന്റെയും അനാരോഗ്യത്തിയും ആഘാതമേറ്റ് വലഞ്ഞ ഗർഗവോൺ ജില്ലയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമെന്ന നിലയിലാണ് ഈ ഗ്രാമവികസന പദ്ധതി നടപ്പാക്കിയത്. ഗ്രാമീണരിൽ തന്നെ അവരുടെ ഗ്രാമങ്ങളെക്കുറിച്ചുള്ള താല്പര്യം ജനിപ്പിച്ചെങ്കിലേ ഗ്രാമങ്ങളുടെ പുരോഗതി കൈവരിക്കുകയുള്ളു എന്ന മനസിലാക്കിയ അധികാരികൾ ഇതിനു വേണ്ടി ഒത്താശയും മാർഗനിർദ്ദേശവും നൽകി. ഗ്രാമീണ കർഷകരുടെ പരിതസ്ഥിതിയും കഴിവും മനസിലാക്കി അധികാരികൾ അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ഗർഗവോൺ സംരംഭത്തിന്റെ ഭാഗമായി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സ്ഥാപനാപരമായ പ്രവർത്തനങ്ങൾ, സഹകരണ പ്രവർത്തനങ്ങൾ തുടങ്ങി ഒരു രാജ്യത്തിന്റെ പുനർ നിർമാണത്തിനാവശ്യമായ പല ഘടകങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ആദ്യകാലത്ത് ഗ്രാമീണർ വളരെ അർപ്പണബോധത്തോടെ പ്രവർത്തിച്ചുവെങ്കിലും പിൽക്കാലത്ത് ഈ സംരംഭത്തെ അലംഭാവത്തോടെയാണ് സമീപിച്ചത്. ആയതിനാൽ ഈ പ്രസ്ഥാനത്തിനും ഉദ്ദേശിച്ച ഫലം ഉണ്ടാക്കാൻ കഴിഞ്ഞില്ല.

മാർത്താണ്ഡം പദ്ധതി (Marthandam Project)

മാർത്താണ്ഡം എന്ന സ്ഥലത്ത് മൂന്നു മൈൽ ചുറ്റളവിലുള്ള നാൽപതോളം വില്ലേജുകൾ ഉൾപ്പെടുത്തിക്കൊണ്ട് 1928ൽ ഡോ.സ്‌പെൻസർ ഹാച്ച് നടപ്പാക്കിയ ഗ്രാമപുനർനിർമ്മാണ പ്രവർത്തനമാണ് മാർത്താണ്ഡം പദ്ധതി എന്നറിയപ്പെടുന്നത്. സ്വയം സഹായിക്കൽ ആണ് ഈ പദ്ധതിയുടെ തത്വശാസ്ത്രം. മാതൃകാ കൃഷിത്തോട്ടങ്ങൾ, കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, തേനീച്ച വളർത്തൽ തുടങ്ങി മാതൃകാ കുടിൽ വ്യവസായങ്ങൾ വരെയുള്ള പ്രവർത്തനങ്ങൾ മാർത്താണ്ഡത്തെ ഗ്രാമപുനർനിർമ്മാണ കേന്ദ്രത്തിൽ നടത്തിയിരുന്നതിനു പുറമേ, ഗ്രാമങ്ങളിലെ പ്രവർത്തനങ്ങൾ അതതു പ്രദേശത്തേക്ക് അനുയോജ്യമായ രീതിയിൽ രൂപപ്പെടുത്തി സഹകരണാടിസ്ഥാനത്തിൽ സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു. ഈ പരിപാടി വൻ വിജയമായി മാറുകയും രാജ്യമെമ്പാടുമുള്ളവരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്‌തു.

ഗ്രാമ പുനർ നിർമ്മാണ പ്രസ്ഥാനം (Rural Reconstruction Movement)

പരമ്പരാഗതമായി ജനങ്ങൾ കാലാവസ്ഥയെ ആശ്രയിച്ചുള്ള കൃഷിയെയാണ് പിന്തുടർന്നിരുന്നത്. അതിനാൽ ഉപജീവനമാർഗത്തിനായി സ്ഥിരതയുള്ള തൊഴിലവസരങ്ങൾ കുറവായിരുന്നു. ഇതു ഗ്രാമീണ ജീവിതത്തെ സാരമായി ബാധിച്ചു. 1932 - 33ൽ നവ്‌സാരി ജില്ലയിൽ കൊസാംബയ്ക്കു ചുറ്റുമുള്ള ഏതാനും ഗ്രാമങ്ങളെ സംഘടിപ്പിച്ചു കൊണ്ടാണ് ബറോഡ ഗ്രാമ പുനർ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. കർഷകരുടെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുവാൻ ഉപതൊഴിലുകൾ സൃഷ്ടിക്കുക എന്നത് ലക്ഷ്യമാക്കികൊണ്ട് പ്രവർത്തനം ആരംഭിച്ച പ്രസ്ഥാനം നെയ്ത്ത്, പട്ടുനൂൽ പുഴുവളർത്തൽ, കോഴി വളർത്തൽ, അടുക്കളത്തോട്ടം നിർമ്മിക്കൽ, കൃഷിയിടങ്ങൾ അഭിവൃദ്ധിപ്പെടുത്തൽ, സഹകരണ പ്രസ്ഥാനം എന്നിവ ആരംഭിച്ചു. കാർഷിക വിളവർധന ഉണ്ടാകണമെങ്കിൽ ഗ്രാമങ്ങളിലെ കിണറുകളും, റോഡുകളും മറ്റു സൗകര്യങ്ങളും വികസിപ്പിച്ചെടുത്തെങ്കിലേ പറ്റു എന്ന വസ്‌തുത തുടക്കത്തിലേ അംഗീകരിച്ചുവെന്നതും ഈ പ്രസ്ഥാനത്തിന്റെ നേട്ടമായിരുന്നു. ഓരോ വില്ലേജിനും ഓരോ പഞ്ചായത്ത് ഉണ്ടായിരുന്നതും ഔദ്യോഗിക അനൗദ്യോഗിക ജനവിഭാഗങ്ങളുടെയും കൂട്ടായ പ്രവർത്തനവും ഈ പ്രസ്ഥാനത്തെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റാൻ സഹായിച്ചു.

സേവാഗ്രാം ഗ്രാമ പുനർനിർമ്മാണ പദ്ധതി (Sevagram Project)

മഹാത്മാഗാന്ധിയാണ് സേവാഗ്രാം ഗ്രാമ പുനർനിർമ്മാണ പദ്ധതിക്കു രൂപം കൊടുത്തത്. ഗ്രാമീണ ശുചിത്വം, തൊട്ടുകൂടായ്‌മ ഇല്ലാതാക്കൽ, സ്വയംപര്യാപ്തത, ഗ്രാമീണ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കൽ, ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കൽ എന്നീ മഹത്തായ കാര്യങ്ങളിൽ അധിഷ്ഠിതമായിരുന്നു ഈ പദ്ധതി.

ഫർക്ക വികസന പദ്ധതി (Firka Development Project)

ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന മാതൃക ലക്ഷ്യമാക്കി 1946ൽ മദിരാശി ഗവൺമെന്റ് നടപ്പിലാക്കിയ ഫർക്ക വികസന പദ്ധതിയിൽ ഹ്രസ്വ കാലാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലും നാനാമുഖമായ വികസനത്തിനു വേണ്ട പരിപാടികൾ ഉൾക്കൊള്ളിച്ചിരുന്നു. ഗ്രാമീണ വ്യവസായം, ഖാദി, ഹരിജനോദ്ധാരണം, പഞ്ചായത്തുകൾ, ജലസംഭരണവും വിതരണവും, സഹകരണപ്രസ്ഥാനങ്ങൾ, കൃഷി, ജലസേചനം, മൃഗസംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഈ പ്രസ്ഥാനത്തിലൂടെ നടപ്പിലാക്കിയിരുന്നു. ദേശീയ വികസന പരിപാടിയുടെ ആവിർഭാവത്തോടെ ഈ പദ്ധതി അതിലേക്കു ലയിപ്പിക്കുകയുണ്ടായി.

ഇട്ടാവ പ്രോജക്ട് (Etawah Project)

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം സാമൂഹിക വികസന പരിപാടികളിലേക്കു വഴിതെളിച്ച ഒരു സുപ്രധാന പദ്ധതിയാണ് 1948ൽ നടപ്പിലാക്കിയ ഇട്ടാവ പ്രോജക്ട്. സന്നദ്ധ സേവാപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സർക്കാരിന്റെ കൂട്ടായ പ്രവർത്തനത്തിലൂടെ ഗ്രാമവികസനം നടപ്പിലാക്കുക എന്ന മഹത്തായ ആദർശവും ചെറിയ പരീക്ഷണങ്ങളിലൂടെ സ്വീകാര്യമായവയും അല്ലാത്തവയും തിരിച്ചറിയുക എന്ന സമീപനവും പുതിയ പരിപാടികളും രീതികളും സാങ്കേതികവശങ്ങളും തുണ്ടുഭൂമികളിൽ പ്രദേശികമായി പരിശോധിച്ചതിനുശേഷം മാത്രം നടപ്പിലാക്കുക എന്ന സംവിധാനവും ഇട്ടാവ പ്രോജക്ടിന്റെ പ്രത്യേകതകളാണ്. വിശാലാടിസ്ഥാനത്തിൽ രൂപംകൊടുത്ത ഈ പദ്ധതി കൃഷി, മൃഗസംരക്ഷണം, ഗ്രാമീണവ്യവസായം, വിദ്യാഭ്യാസം, സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങി സംയോജിത ഗ്രാമവികസനത്തിനാവശ്യമായ പശ്ചാത്തലം സൃഷ്ടിക്കുന്നതിനായിരുന്നു. ഗ്രാമ വികസന പ്രവർത്തകർ ജനങ്ങൾക്കുവേണ്ടിയോ ജനങ്ങൾക്കു മുകളിലോ അല്ലാ പ്രവർത്തിക്കേണ്ടതെന്നും നേരെമറിച്ച് ജനങ്ങളിലൂടെ ജനങ്ങളോടൊത്തുവേണം പ്രവർത്തിക്കുവാണെന്നും ആഹ്വാനം ചെയ്‌ത ഇട്ടാവ പ്രോജക്ട് വികസന രംഗത്ത് തികച്ചും നൂതനമായ ഒരു പാത വെട്ടിത്തുറക്കുകയായിരുന്നു. ഈ പദ്ധതിയിലൂടെ കാർഷികോത്പാദനം അൻപതു ശതമാനത്തിലധികം വർധിപ്പിക്കുവാൻ സാധിച്ചുവെന്നും പദ്ധതി പ്രദേശത്ത് നൂതന കൃഷിമുറകൾ സാധാരണമാക്കാൻ സാധിച്ചുവെന്നും ഒരു ജനായത്ത ഭരണവ്യവസ്ഥിതി പ്രയോഗിക്കാൻ കഴിഞ്ഞുവെന്നും പദ്ധതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

നീലോക്കേരി പരീക്ഷണം (Nilokheri Project)

ഇന്ത്യയിൽ വളരെ ചർച്ച ചെയ്യപ്പെട്ട ഒരു പദ്ധതിയാണിത്. നമ്മുടെ രാജ്യത്തിന്റെ വിഭജനത്തെത്തുടർന്ന് പാകിസ്ഥാനിൽ നിന്നും വന്ന അഭയാർത്ഥികളെ തൊഴിൽ നൽകി പുനരധിവസിപ്പിക്കുവാൻ എസ്.കെ.ഡേയുടെ നേതൃത്വത്തിൽ 1948ൽ ഒരു പുതിയ ടൗൺഷിപ്പ് ഹരിയാനയിലെ നീലോക്കേരിയിൽ വികസിപ്പിച്ചെടുക്കുകയുണ്ടായി. ഒരു സംയോജിത ഗ്രാമവികസനമായിരുന്നു ഇതിന്റെ പിന്നിലെ ഉദ്ദേശ്യം. കൃഷി, കോഴിവളർത്തൽ, മൃഗസംരക്ഷണം എന്നീ പ്രവർത്തനങ്ങൾ ഒരുഭാഗത്തു വികസിപ്പിച്ചെടുക്കുമ്പോൾ മറുഭാഗത്ത് തൊഴിൽ പരിശീലന കേന്ദ്രങ്ങളും എഞ്ചിനീയറിങ് വർക്ക്‌ഷോപ്പുകളും പോളിടെക്നിക്കുകളും പ്രിന്റിങ് പ്രസ്സുകളും, നെയ്ത്ത്, സോപ്പ് നിർമ്മാണം, തുകൽ വ്യവസായം എന്നുതുടങ്ങി ഒരുകൂട്ടം തൊഴിലധിഷ്ഠിത പ്രവർത്തനങ്ങളും ആരംഭിക്കുകയുണ്ടായി എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മേന്മ. പിൽക്കാലത്തുണ്ടായ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾക്ക് ഒരു പ്രേരണയായിരുന്നു നീലോക്കേരി പരീക്ഷണം. നീലോക്കേരിയിലെ പ്രവർത്തനങ്ങൾ കണ്ടിട്ട് നമ്മുടെ രാജ്യത്തൊട്ടാകെ പതിനായിരം നീലോക്കേരികൾ ഉണ്ടായി കാണാനുള്ള ആഗ്രഹം മുൻ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്‌റു പ്രകടിപ്പിക്കുകയുണ്ടായി.

സാമൂഹിക വികസന പദ്ധതി (Community Development Programme)

ഇന്ത്യയിലെ സാമൂഹിക വികസനം നടപ്പാക്കാൻ 1952 ഒക്ടോബർ 2ന് ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് സാമൂഹിക വികസന പദ്ധതി (CDP). ഗ്രാമങ്ങളിലെ ഭൗതികവും മാനുഷികവുമായ വിഭവങ്ങളുടെ പരിപൂർണ്ണമായ വികസനമാണ് പദ്ധതി ലക്ഷ്യംവെച്ചിരുന്നത്. ഗ്രാമീണ മേഖലയുടെ വികസനമാണ് പദ്ധതി കേന്ദ്രീകരിച്ചിരുന്നത്. നഗരമേഖലയിലെ സാമൂഹിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന രീതിയിൽ ഗ്രാമീണ മേഖലകളിൽ പദ്ധതി പ്രവർത്തകർ സാമൂഹിക വികസനം നടപ്പാക്കുന്നതിനുവേണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്)

ഇന്ത്യാ ഗവൺമെന്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969 സെപ്റ്റംബർ 24ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ.വി.കെ.ആർ.വി.റാവു ഉദ്‌ഘാടനം ചെയ്‌തു. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന സ്ഥാപിതമായത്. പതിനൊന്നാം ക്ലാസ് മുതൽ കോളേജ് തലത്തിൽ വരെയാണ് സംഘടനയുടെ പ്രവർത്തനം. "നോട്ട് മീ ബട്ട് യു" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. മഹാത്മാഗാന്ധിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് എൻ.എസ്.എസ് സ്ഥാപിച്ചത്. ഇന്ത്യാ ഗവൺമെന്റിന്റെ യുവജന ക്ഷേമ, കായിക മന്ത്രാലയത്തിനു കീഴിലാണ് നാഷണൽ സർവീസ് സ്കീം പ്രവർത്തിക്കുന്നത്.

ഡ്രോട്ട് പ്രോൺ ഏരിയാസ് പ്രോഗ്രാം (DPAP)

വരൾച്ച ബാധിത പ്രദേശങ്ങളിലെ കാർഷിക വികസനത്തിനായി 1973ൽ ആരംഭിച്ച പദ്ധതിയാണ് ഡ്രോട്ട് പ്രോൺ ഏരിയാസ് പ്രോഗ്രാം (വരൾച്ച ബാധിത പ്രദേശങ്ങൾക്കായുള്ള പദ്ധതി). കൃഷിയും കന്നുകാലി സമ്പത്തും സംരക്ഷിക്കുക, ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനം എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 50:50 എന്ന അനുപാതത്തിൽ പദ്ധതി ചെലവുകൾ വഹിക്കണമെന്നായിരുന്നു വ്യവസ്ഥ.

കമാന്റ് ഏരിയ വികസന പദ്ധതി (CADP)

അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ 1974ൽ നടപ്പാക്കിയ പദ്ധതിയാണ് കമാന്റ് ഏരിയ വികസന പദ്ധതി (CADP). ജലലഭ്യത വർധിപ്പിക്കുന്നതിലൂടെ കാർഷിക ഉൽപാദനം വർധിപ്പിക്കുക എന്നതായിരുന്നു 1974ൽ നടപ്പിലാക്കിയ പദ്ധതിയുടെ ലക്ഷ്യം. ഭൂഗർഭ ജലസേചനം, ജലസംരക്ഷണത്തിനിണങ്ങുന്ന വിധത്തിൽ ഭൂമിയുടെ ക്രമീകരണം, കന്നുകാലികളുടെ വികസനം എന്നിവ പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങളാണ്.

ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസ് (ICDS)

അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ 1975 ഒക്ടോബർ രണ്ടിന് ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസിയായ യൂണിസെഫിന്റെ സഹകരണത്തിലൂടെ കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസ് (ICDS). ICDS പദ്ധതിക്ക് നേതൃത്വം നൽകുന്നത് കേന്ദ്ര വനിതാ - ശിശുക്ഷേമ മന്ത്രാലയമാണ്. ICDS പദ്ധതി പ്രകാരം അംഗൻവാടി കെട്ടിടവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നത് ലോക ബാങ്കാണ്. രോഗപ്രതിരോധം, പോഷകാഹാര വിതരണം, കുട്ടികൾക്ക് പ്രീ സ്‌കൂൾ വിദ്യാഭ്യാസം, ആരോഗ്യ പരിശോധന തുടങ്ങിയവയാണ് ICDS പദ്ധതിയുടെ പ്രധാന സേവനങ്ങൾ. അംഗൻവാടി കേന്ദ്രങ്ങളിലൂടെയാണ് ICDSന്റെ സേവനങ്ങൾ ലഭ്യമാക്കുന്നത്. ആറു വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ തുടങ്ങിയവരാണ് ICDSന്റെ പ്രധാന ഗുണഭോക്താക്കൾ. ബ്ലോക്ക് തലത്തിൽ ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്‌ട് ഓഫീസറും ജില്ലാതലത്തിൽ ഡിസ്‌ട്രിക്‌റ്റ് പ്രോഗ്രാം ഓഫീസറുമാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. 2004ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം 2005ICDSന്റെ സേവനം രാജ്യം മുഴുവനുമായി. ICDS പദ്ധതിയുടെ കീഴിൽ 11 - 18 വയസിന് ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിടുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് കിഷോരി ശക്തി യോജന.

ഇരുപതിന പരിപാടി (TPP, 1975)

അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ 1975ൽ ആരംഭിച്ച പദ്ധതിയാണ് ഇരുപതിന പരിപാടി (ട്വന്റി പോയിന്റ് പ്രോഗ്രാം). ദാരിദ്ര്യം ഇല്ലാതാക്കുക, സാധാരണക്കാരന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചത്. 1982ലും 1986ലും പരിഷ്‌കാരങ്ങൾ വരുത്തി പദ്ധതി പുനരാവിഷ്‌ക്കരിച്ചു. രാജ്യാന്തര സംഘടനകൾ വിഭാവനം ചെയ്യുന്ന തരത്തിൽ പുനരാവിഷ്‌ക്കരിച്ച ഇരുപതിന പരിപാടി 2007 ഏപ്രിൽ ഒന്നിന് നിലവിൽ വന്നു.

ഫുഡ് ഫോർ വർക്ക് പ്രോഗ്രാം (FFW)

അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്ത് 1977 ഏപ്രിൽ ഒന്നിന് ദാരിദ്ര്യ നിർമ്മാർജ്ജനം, സ്വയം പര്യാപ്തത എന്നിവയ്ക്ക് പ്രാമുഖ്യം നൽകി ആരംഭിച്ച പദ്ധതിയാണ് ഫുഡ് ഫോർ വർക്ക് പ്രോഗ്രാം. ദരിദ്രരായ ഗ്രാമീണർക്ക് തൊഴിലവസരങ്ങൾ നൽകി സ്ഥായിയായ ആസ്തികൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1977 ഏപ്രിൽ ഒന്നിന് ആരംഭിച്ച പദ്ധതിയാണ് ഫുഡ് ഫോർ വർക്ക് പ്രോഗ്രാം. ഗ്രാമീണ മേഖലകളിലെ തൊഴിൽ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി 1980ൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി (NREP) എന്ന പേരിൽ പരിഷ്‌കരിക്കപ്പെട്ടു.

ഡെസർട്ട് ഡവലപ്മെന്റ് പ്രോഗ്രാം (DDP)

വരൾച്ചയുടെയും മരുവൽക്കരണത്തിന്റെയും പ്രതികൂല ഘടകങ്ങളെ അതിജീവിച്ച് കാർഷികോല്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1977-78 കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് ഡെസർട്ട് ഡവലപ്മെന്റ് പ്രോഗ്രാം (DDP). രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഉഷ്‌ണ മരുഭൂമികളിലും ജമ്മു-കശ്മീരിലെയും ഹിമാചൽ പ്രദേശിലെ ശൈത്യമരുഭൂമികളിലുമാണ് പദ്ധതി ആരംഭിച്ചത്. 1996 മുതൽ ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 75:25 എന്ന ക്രമത്തിലായിരുന്നു പദ്ധതിച്ചെലവ് വ്യവസ്ഥ. കന്നുകാലി സമ്പത്ത് വർധിപ്പിക്കുക, പരിസ്ഥിതി സന്തുലനത്തിനുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുക എന്നിവയും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളായിരുന്നു.

സംയോജിത ഗ്രാമവികസന പരിപാടി (IRDP)

ദാരിദ്ര്യനിര്‍മാര്‍ജനം എന്ന ലക്ഷ്യം മുന്നില്‍ കണ്ട്‌ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ തുല്യതോതില്‍ ചെലവു പങ്കിട്ടിരുന്ന ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ്‌ സംയോജിത ഗ്രാമവികസനപരിപാടി. 1978 ലാണ്‌ ഈ പദ്ധതിക്കു തുടക്കം കുറിച്ചത്‌. സ്വയംതൊഴില്‍ സംരംഭങ്ങള്‍ ഏറ്റെടുത്തുകൊണ്ട്‌ ദാരിദ്ര്യം ഉന്മൂലനം ചെയ്യാന്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഗ്രാമീണ കുടുംബങ്ങളെ സഹായിക്കുകയാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക്‌ വരുമാന ക്ഷമമായ ആസ്തിയും നിക്ഷേപവും നല്‍കി വരുമാനം വര്‍ധിപ്പിക്കുവാനാണ്‌ പരിപാടിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്‌. ഇതിനായി ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയും സര്‍ക്കാരില്‍ നിന്നു ധനസഹായവും ലഭ്യമാക്കുന്നു.

പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ സഹായിക്കുക എന്ന അന്ത്യോദയ സമീപനമാണ്‌ ഐ.ആര്‍.ഡി.പി. പദ്ധതിക്ക്‌ അനുവര്‍ത്തിച്ചിരുന്നത്‌. ചെറുകിട - പരിമിത കര്‍ഷകര്‍, കര്‍ഷക ത്തൊഴിലാളികള്‍, ഗ്രാമീണ കൈത്തൊഴിലുകാര്‍ എന്നിങ്ങനെയുള്ള വിഭാഗക്കാര്‍ ലക്ഷ്യ വിഭാഗത്തില്‍പ്പെടുന്നു. പട്ടികജാതി /പട്ടികവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും ഈ പദ്ധതിയിലൂടെ പ്രത്യേക പരിഗണന ഉറപ്പാക്കിയിട്ടുണ്ട്‌. ആകെ വാര്‍ഷിക ലക്ഷ്യത്തിന്റെ 50% പട്ടികജാതി / പട്ടികവര്‍ഗക്കാര്‍ക്കായും, 40% സ്ത്രീകള്‍ക്കും, 3% വികലാംഗര്‍ക്കായും സംവരണം ചെയ്തിരിക്കുന്നു. ഈ പദ്ധതിയുടെ സുഗമമായ നിര്‍വഹണത്തിനു കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മല്‍സ്യബന്ധനം, വ്യവസായം, സഹകരണം തുടങ്ങിയ വകുപ്പികളുടെയും ഖാദി, സിവില്‍ സപ്ലൈസ്‌ കോര്‍പറേഷന്‍, കൈത്തറി/കരകൗശല കോര്‍പറേഷന്‍, മില്‍മ, കയര്‍ ബോര്‍ഡ്‌, മല്‍സ്യഫെഡ്‌ തുടങ്ങി സർക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കിയിട്ടുണ്ട്‌. ഇതിനായി വിവിധ വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുവേണ്ട സംവിധാനങ്ങൾ ബ്ലോക്ക്‌, ജില്ലാ, സംസ്ഥാനതലങ്ങളിൽ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നടപ്പിലാക്കിയ ഏറ്റവും വലിയ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയായിരുന്നു ഐ.ആര്‍.ഡി. പി. പിന്നിട്‌ ഈ പദ്ധതി 1999 ഏപ്രില്‍ 1 ന്‌ ആരംഭിച്ച സ്വര്‍ണജയന്തി ഗ്രാമസ്വ റോസ്ഗാര്‍ യോജനയില്‍ ലയിപ്പിക്കപ്പെട്ടു.

ട്രൈസം (Training of Rural Youth for Self Employment (TRYSEM))

ഗ്രാമീണ യുവജനങ്ങള്‍ക്ക്‌ ചെറുകിട കുടില്‍ വ്യവസായ സര്‍വീസ്‌ മേഖലകളില്‍ സ്വയം തൊഴില്‍ പരിശീലനം നല്‍കി, അവര്‍ക്ക്‌ ഐ.ആര്‍.ഡി.പി.യുടെ പൂര്‍ണ പ്രയോജനം ലഭ്യമാക്കാനുദ്ദേശിക്കുന്നതാണ്‌ ഈ പദ്ധതി. 18നും 35നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നാതാണ് പദ്ധതിയുടെ ലക്ഷ്യം.  പരിശീലനാനന്തരം സ്വയംതൊഴില്‍ ചെയ്യുന്നതിനു വായ്പയും സബ്സിഡിയും കൊടുത്ത്‌ നിശ്ചിത തൊഴില്‍ മേഖലകളില്‍ അവരെ കുടിയിരുത്തുന്നതിന്‌ ഐ.ആര്‍.ഡി.പിയുടെ ഈ അനുബന്ധ പദ്ധതി സഹായിക്കുന്നു. പരിശീലനം നല്‍കുന്ന സ്ഥാപനത്തിനു /വിദഗ്ധനു പരിശീലനച്ചെലവും പരിശീലനാര്‍ഥിക്ക്‌ പ്രതിമാസ സ്റ്റൈപ്പൻഡും പദ്ധതിയുടെ ഭാഗമായി നല്‍കിയിരുന്നു. 1999 ഏപ്രിൽ 1ന് ട്രൈസം പദ്ധതി സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജനയിൽ സംയോജിക്കപ്പെട്ടു.

ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി (NREP)

ആറാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ 1980ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി (NREP). ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി നടപ്പാക്കിയത്. തൊഴിൽ രഹിതരായ ഗ്രാമീർണർക്കു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. അതിനുതകുന്ന അടിസ്ഥാന സൗകര്യങ്ങളും ആസ്തികളും മെച്ചപ്പെടുത്തുകയും തന്മൂലം ഗ്രാമീണരുടെ പൊതുജീവിതനിലവാരം ഉയർത്തുകയുമാണ് മറ്റുദേശ്യങ്ങൾ. ഡിസ്ട്രിക്ട് റൂറൽ ഡെവലപ്മെന്റ് ഏജൻസിയാണ് പദ്ധതിയുടെ മേൽനോട്ടം നിർവ്വഹിച്ചിരുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം തൊഴിൽ പരിശീലനവും NREP നൽകിയിരുന്നു. തൊഴിലാളികൾക്ക് കൂലിയായി ദിവസേന ഭക്ഷ്യധാന്യവും ശമ്പളവും നൽകിയിരുന്നു. 1989 ഏപ്രിലിൽ ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതിയെ ജവാഹർ തൊഴിൽ ദാന പദ്ധതിയിൽ ലയിപ്പിച്ചു.

ദേശീയ ഗ്രാമ വികസന പദ്ധതി (NRDP)

1982ൽ ആറാം പഞ്ചവത്സര പദ്ധതിക്കാലത്ത് നടപ്പാക്കിയ പദ്ധതിയാണ് ദേശീയ ഗ്രാമ വികസന പദ്ധതി (NRDP). ദേശീയ ഗ്രാമ വികസന പദ്ധതി ഒരു സർക്കാർ ഇതര പദ്ധതിയാണ്. അവിദഗ്ധരും കൂലിത്തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരുമായ ഗ്രാമീണർക്ക് അധിക തൊഴിൽ നൽകുക, ഗ്രാമങ്ങളിലെ പാവപ്പെട്ടവർക്ക് ഭക്ഷ്യസുരക്ഷിത്വം ഉറപ്പുവരുത്തുക, ഗ്രാമീണമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ഭൂഗർഭജല വിനിയോഗത്തിലൂടെ ചെറുകിട ജലസേചനം ഗുണഭോക്തതകൾക്ക് ലഭ്യമാക്കുക, കുടിവെള്ള കിണറുകൾ നിർമ്മിക്കുക, ഗ്രാമീണ റോഡുകൾ നിർമ്മിക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് ദേശീയ ഗ്രാമ വികസന പദ്ധതി നടപ്പാക്കിയത്.

ഗ്രാമീണ വനിതാ ശിശു വികസന പദ്ധതി (DWCRA)

ഐ.ആര്‍.ഡി.പിയുടെ അനുബന്ധമായി നടപ്പിലാക്കിയിരുന്ന ഒരു പദ്ധതിയാണിത്‌. 1982ലാണ് ഈ പദ്ധതി ആരംഭിച്ചത്‌. ഈ പദ്ധതി പ്രകാരം വനിതകളുടെ സ്വാശ്രയത്വം മുന്‍നിര്‍ത്തി അവരുടെ കുടുംബവരുമാനം വര്‍ധിപ്പിക്കുന്നതിനാവശ്യമായ കൂട്ടായ സാമ്പത്തിക പരിപാടികള്‍ക്കു വായ്പയും ധനസഹായവും നല്‍കിവരുന്നു. വ്യക്തികള്‍ക്കല്ല, വനിതകളുടെ ഗ്രൂപ്പുകള്‍ക്കാണ്‌ ഇതില്‍ പ്രാധാന്യം നല്‍കി വരുന്നത്‌. 10 മുതല്‍ 15 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്കാണ്‌ ധനസഹായം നല്‍കുന്നത്‌. ഗ്രൂപ്പ് അംഗങ്ങളുടെ വായ്പ ഒരുമിച്ചു സമാഹരിക്കുന്നതിനാല്‍ മെച്ചപ്പെട്ട തൊഴില്‍ സംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയും. വനിതകളുടെ ഉന്നമനത്തോടൊപ്പം സാമൂഹിക ഉന്നമനവും ഇതുമൂലം സാധിച്ചിരുന്നു. വായ്പ, ധനസഹായം എന്നിവയ്ക്കു പുറമെ കേന്ദ്ര - സംസ്ഥാന സർക്കാരുകളും യൂണിസെഫും തുല്യമായി പങ്കുവഹിച്ച് ഒരു റിവോൾവിങ് ഫണ്ടും നൽകിവന്നിരുന്നു. ഈ പദ്ധതി 1999 ഏപ്രില്‍ 1 ന്‌ ആരംഭിച്ച സ്വര്‍ണജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജനയില്‍ ലയിപ്പിക്കപ്പെട്ടു.

ഗ്രാമീണ ഭൂരഹിത തൊഴിൽ ഭദ്രതാ പരിപാടി (RLEGP)

ആറാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ 1983-84കളിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് ഗ്രാമീണ ഭൂരഹിത തൊഴിൽ ഭദ്രതാ പരിപാടി (RLEGP). ഭൂരഹിത ഗ്രാമീണ തൊഴിലാളി കുടുംബത്തിലെ ഒരാൾക്കെങ്കിലും വർഷത്തിൽ കുറഞ്ഞത് 100 പ്രവൃത്തി ദിനങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഗ്രാമീണ ഭൂരഹിത തൊഴിൽ ഭദ്രതാ പരിപാടി. 1989ൽ ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതിയും ഗ്രാമീണ ഭൂരഹിത തൊഴിൽ ഭദ്രതാ പരിപാടിയും സംയോജിപ്പിച്ച് ജവഹർ റോസ്ഗാർ യോജന ആരംഭിച്ചു.

ഇന്ദിരാ ആവാസ് യോജന (IAY)

1985ൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പട്ടിക ജാതി/പട്ടിക വർഗക്കാർക്കും ഇതര സമുദായങ്ങളിൽപെട്ടവർക്കും സൗജന്യമായി വീട് നിർമ്മിക്കാനുള്ള സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഇന്ദിരാ ആവാസ് യോജന. 1995-96 മുതൽ വിധവകൾക്കും, യുദ്ധത്തിൽ മരിച്ച സൈനിക ഉദ്യോഗസ്ഥരുടെ കുടുംബത്തിനും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. 1989IAY, ജവഹർ റോസ്ഗാർ യോജനയുടെ ഉപപദ്ധതിയായി. പിന്നീട് 1996 ജനുവരി ഒന്നിന് IAY ഒരു സ്വതന്ത്ര പദ്ധതിയായി മാറി. ഗുണഭോക്താക്കൾ സ്വന്തമായി രണ്ടുസെന്റ് ഭൂമിയെങ്കിലും ഉള്ളവരും വാസയോഗ്യമായ വീടില്ലാത്തവരുമായിരിക്കണം. ഇതര സമുദായങ്ങളിൽ പെട്ടവർക്കുള്ള വിഹിതം മൊത്തം വിഹിതത്തിന്റെ 40 ശതമാനത്തിൽ കൂടാൻ പാടില്ല. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് ചുമതല വഹിക്കുന്നത്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല ഗ്രാമസഭകൾക്കാണ്. ഐ.എ.വൈ വീടുകൾ നിർമിക്കുന്നതിനു കരാറുകാരെ ഏർപ്പെടുത്തുവാൻ പാടില്ല. വീടുനിർമാണത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ഗുണഭോക്താക്കളിൽ നിക്ഷിപ്തമാണ്. പദ്ധതി പ്രകാരം വീട് നിർമാണത്തിനു സമതലപ്രദേശങ്ങളിൽ 70000 രൂപയും ഉയർന്ന പ്രദേശങ്ങളിൽ 75000 രൂപയുമാണ് സാമ്പത്തിക സഹായം. വീടുകൾ നന്നാക്കുന്നതിന് 15000 രൂപയാണ് അനുവദിക്കുന്നത്. പദ്ധതിയുടെ ചെലവ് 75:25 എന്ന അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിക്കുന്നു. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ 90:10 എന്ന അനുപാതത്തിലും കേന്ദ്രഭരണ പ്രദേശങ്ങളിൽ 100:0 എന്ന അനുപാതത്തിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെലവ് വഹിക്കുന്നു. ഇന്ദിരാ ആവാസ് യോജന പ്രകാരം ഭവന രജിസ്ട്രേഷൻ നൽകുന്നത് ഭാര്യയുടെ അല്ലെങ്കിൽ ഭാര്യയുടെയും ഭർത്താവിന്റെയും പേരിലാണ്. 2016ൽ ഇന്ദിരാ ആവാസ് യോജന, പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ (PMAY-G) എന്ന് പുനർനാമകരണം ചെയ്‌തു. ഇന്ദിരാ ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകൾ 15 വർഷത്തേയ്ക്ക് കൈമാറ്റം ചെയ്യാൻ സാധിക്കില്ല.

മില്യൺ വെൽസ് സ്‌കീം (ദശലക്ഷം കിണർ പദ്ധതി)

പട്ടിക ജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട പാവപ്പെട്ട കർഷകർക്ക് സൗജന്യമായി കിണർ നിർമ്മിച്ചു നൽകുകയെന്ന ലക്ഷ്യത്തോടെ 1988-89 കാലയളവിൽ നിലവിൽ വന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് മില്യൺ വെൽസ് സ്‌കീം. ഏഴാം പഞ്ചവത്സര പദ്ധതിയുടെ കാലത്ത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ പദ്ധതിയായിരുന്നു ദശലക്ഷം കിണർ പദ്ധതി. ജവാഹര്‍ റോസ്ഗാര്‍ യോജനയ്ക്കായി ലഭിക്കുന്ന മൊത്തം വിഹിതത്തിന്റെ 30% തുക ഈ പദ്ധതിക്കായി മാറ്റിവച്ചിരുന്നു. മുഖ്യമായും പട്ടികജാതി - പട്ടികവര്‍ഗക്കാര്‍ക്കായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ്‌ മില്യണ്‍ വെൽസ് സ്‌കീം. ഐ.ആര്‍.ഡി.പി. സര്‍വ്വേപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പട്ടികജാതി - വര്‍ഗ വിഭാഗത്തിലെ ചെറുകിട - നാമമാത്ര കര്‍ഷകര്‍, അടിമപ്പണിയില്‍ നിന്നു മോചനം ലഭിച്ചവര്‍ എന്നിവരാണ്‌ മുഖ്യ ഗ്രുപ്പ്‌. ഇവരെ കൂടാതെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മറ്റുവിഭാഗത്തിലെ ചെറുകിട നാമമാത്ര കർഷകർക്കും ഈ പദ്ധതിയിൽ ധനസഹായത്തിനർഹതയുണ്ട്. 1989MWS പദ്ധതി ജവഹർ റോസ്ഗാർ യോജനയിൽ ലയിച്ചു. 1996 ജനുവരി 1ന് ജവഹർ റോസ്ഗാർ യോജനയിൽ നിന്നും വേർപ്പെട്ട് സ്വതന്ത്ര പദ്ധതിയായി മാറി.

നെഹ്‌റു റോസ്ഗാർ യോജന (NRY)

1989ൽ ഏഴാം പഞ്ചവത്സര പദ്ധതിക്കാലത്താണ് നെഹ്‌റു റോസ്ഗാർ യോജന ആരംഭിച്ചത്‌. നഗരങ്ങളിലെ ദരിദ്ര യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനുള്ള ഈ പദ്ധതി 1989ൽ ആരംഭിച്ചു. 60:40 അംശബന്ധത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ പദ്ധതിക്കായി തുക ചെലവഴിക്കുന്നത്. 1997ൽ സ്വർണ ജയന്തി ഷഹാരി റോസ്ഗാർ യോജനയിൽ ലയിപ്പിച്ചു.

ജവഹർ റോസ്ഗാർ യോജന (Jawahar Rozgar Yojana)

1989 ഏപ്രിലില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ്‌ ജവാഹര്‍ തൊഴില്‍ദാന പരിപാടി (ജവഹർ റോസ്ഗാർ യോജന) ആരംഭിച്ചത്‌. അതുവരെ നിലവിലുണ്ടായിരുന്ന ദേശീയ ഗ്രാമീണ തൊഴില്‍ദാന പരിപാടി (NREP), ഗ്രാമീണ ഭൂരഹിത തൊഴില്‍ ഭദ്രതാ പരിപാടി (RLEGP) എന്നിവയെ ഈ പദ്ധതിയില്‍ ലയിപ്പിച്ചു.

തൊഴില്‍ രഹിതരായ ഗ്രാമീണര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്‌ പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. അതിനുതകുന്ന അടിസ്ഥാന സൗകര്യങ്ങളും ആസ്തികളും മെച്ചപ്പെടുത്തുകയും തന്മൂലം ഗ്രാമീണരുടെ പൊതു ജീവിതനിലവാരം ഉയര്‍ത്തുകയുമാണ്‌ മറ്റുദ്ദേശ്യങ്ങള്‍. പദ്ധതികളുടെ ചെലവ്‌ 80:20 എന്ന അനുപാതത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വഹിച്ചിരുന്നു. ഈ പദ്ധതി 1999 ഏപ്രിൽ 1ന് ജവാഹര്‍ ഗ്രാമ സമൃദ്ധി യോജനയിൽ (JGSY) ലയിച്ചു.

കൈത്തൊഴിലുപകരണ വിതരണ പദ്ധതി (SITRA)

ഗ്രാമീണ കൈത്തൊഴിലുകാര്‍ക്ക്‌ അവരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും വരുമാനം മെച്ചപ്പെടുത്തുന്നതിനുമായി 1992-93 സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന ഈ പരിപാടി സംയോജിത ഗ്രാമവികസന പരിപാടിയുടെ മറ്റൊരനുബന്ധമാണ്‌. മരപ്പണി, ഇരുമ്പുപണി, സ്വര്‍ണപ്പണി, പോട്ടറി നിര്‍മ്മാണം, ചെരിപ്പു നിര്‍മാണം എന്നീ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുക. ഗുണഭോക്താവിന്റെ അഭീഷ്ടപ്രകാരമുള്ള ആധുനിക തൊഴില്‍ ഉപകരണങ്ങളാണ്‌ നല്‍കിയിരുന്നത്‌. ആധുനിക തൊഴിലുപകരണങ്ങള്‍ ഉപയോഗിക്കേണ്ട പരിശീലനവും നല്‍കും. പട്ടികജാതി - പട്ടികവര്‍ഗത്തില്‍പെട്ട ഗ്രാമീണ കൈത്തൊഴിലുകാര്‍ക്ക്‌ മുന്‍ഗണന ലഭിച്ചിരുന്നു. 1999 ഏപ്രിൽ 1ന് കൈത്തൊഴിലുപകരണ വിതരണ പദ്ധതി സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജനയിൽ സംയോജിക്കപ്പെട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP)

1993-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രാധാനമന്ത്രി പ്രഖ്യാപിച്ച പരിപാടിയാണ് തൊഴിലുറപ്പുപദ്ധതി. ഗ്രാമങ്ങളിൽ വസിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കു കാർഷിക പ്രവർത്തനങ്ങൾക്കു മാന്ദ്യമുള്ള സമയങ്ങളിൽ വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയാണിതിന്റെ പ്രഥമലക്ഷ്യം. സ്ഥായിയായ വികസനത്തിനും തൊഴിലവസര സൃഷ്ടിക്കും പ്രയോജനപ്പെടുന്ന സാമ്പത്തികാടിസ്ഥാന സൗകര്യങ്ങളുടെയും സാമൂഹികാസ്തികളുടെയും സൃഷ്ടി അനന്തരലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നു.

തൊഴിൽ ആവശ്യമുള്ളവർക്കും അത് അന്വേഷിക്കുന്നവർക്കും അത് കണ്ടെത്താൻ കഴിയാത്തവർക്കുമാണ് തൊഴിലുറപ്പു പദ്ധിതിയിൽ തൊഴിൽ ലഭിക്കുക. കാർഷിക മേഖലയിലോ ബന്ധപ്പെട്ട മറ്റു രംഗങ്ങളിലോ ആയിരിക്കും തൊഴിൽ നൽകുക. കായികാദ്ധ്വാനം ആവശ്യമുള്ള അവിദഗ്‌ധ തൊഴിലായിരിക്കും ഗുണഭോക്താക്കൾക്കു ലഭിക്കുക. പദ്ധതി നടപ്പിലാക്കുന്ന ബ്ലോക്കുകളിൽ താമസിക്കുന്ന 18 നും 60 നും മദ്ധ്യേ പ്രായമുള്ള സ്ത്രീക്കും പുരുഷനും തൊഴിൽ ലഭിക്കാൻ അർഹതയുണ്ടാകും. പദ്ധതി പ്രകാരം ഒരാൾക്ക് (താമസസ്ഥലത്തിന് 5 കി.മീ ചുറ്റളവിൽ) ഒരു വർഷം നൂറ് ദിവസം തൊഴിൽ നൽകുന്നു. 2001ലെ സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന പദ്ധതിയും 2004ലെ നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാമും NREGPയിൽ ലയിപ്പിച്ചു. 2005 സെപ്റ്റംബർ മാസം ദേശീയ തൊഴിലുറപ്പുനിയമം പാർലമെന്റ് പാസ്സാക്കി. ഈ നിയമപ്രകാരം ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിനും ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തുന്നു. 2008 ഏപ്രിൽ 1 മുതൽ രാജ്യത്തെ എല്ലാ ജില്ലകളിലും പദ്ധതി പ്രാബല്യത്തിൽ വന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി (MGNREGP) യെന്നാണ് ഇപ്പോൾ ഈ പദ്ധതി അറിയപ്പെടുന്നത്.

മഹിളാ സമൃദ്ധി യോജന (MSY)

എട്ടാം പഞ്ചവത്സര പദ്ധതി കാലത്ത് പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ 1993 ഒക്ടോബർ രണ്ടിന് നടപ്പാക്കിയ പദ്ധതിയാണിത്. ഗ്രാമീണ വനിതകൾ സ്വയംപര്യാപ്തരാകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പതിനെട്ട് വയസിനു മുകളിലുള്ള ഗ്രാമീണ വനിതകളാണ് മഹിളാ സമൃദ്ധി യോജന പദ്ധതിയുടെ ഉപഭോക്താക്കൾ. MSYയ്ക്ക് നേതൃത്വം നൽകുന്നത് വനിതാ - ശിശുക്ഷേമ മന്ത്രാലയമാണ്. സ്ത്രീകൾക്കുവേണ്ടിയുള്ള മൈക്രോ ഫിനാൻസ് പദ്ധതിയായ MSY പ്രകാരം ലഭിക്കുന്ന വായ്‌പാ തുക 25000 രൂപയാണ്.

പ്രധാനമന്ത്രി റോസ്ഗാർ യോജന (PMRY)

എട്ടാം പഞ്ചവത്സര പദ്ധതി കാലത്ത് പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ 1993 ഒക്ടോബർ രണ്ടിന് നടപ്പാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി റോസ്ഗാർ യോജന. പ്രധാനമന്ത്രി റോസ്ഗാർ യോജന പദ്ധതി ആരംഭിച്ചത് 1993 ഒക്ടോബർ രണ്ടിനാണ്. രാജ്യത്തെ തൊഴിൽ രഹിതരായ യുവ ജനങ്ങൾക്കു സ്വയംതൊഴിലിലൂടെ വരുമാനം ലക്ഷ്യമിട്ടുട്ടുള്ള പദ്ധതി. ജില്ലാ - വ്യവസായ കേന്ദ്രങ്ങൾ അംഗീകരിക്കുന്ന പദ്ധതികൾക്ക് ദേശസാത്കൃത ബാങ്ക് വഴിയാണു വായ്‌പ ലഭിക്കുന്നത്. എട്ടാം ക്ലാസ് പാസായിരിക്കണം, 40000 രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനം പാടില്ല, താമസിക്കുന്ന സ്ഥലത്ത് കുറഞ്ഞത് മൂന്ന് വർഷമെങ്കിലും സ്ഥിരമായി താമസിച്ചിരിക്കണം എന്നിവയാണ് ഈ പദ്ധതിയിൽ അംഗമാകുന്നതിനുള്ള മാനദണ്ഡങ്ങൾ. സ്ത്രീകൾക്കും ദുർബല വിഭാഗങ്ങൾക്കുമാണ് ഈ പദ്ധതിയിൽ മുൻഗണന ലഭിക്കുന്നത്. 2008 ഏപ്രിൽ ഒന്നിന് PMRY പദ്ധതി പ്രധാൻമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാമുമായി (PMEGP) ലയിപ്പിച്ചു.

പുനരാവിഷ്‌കൃത കേന്ദ്ര ഗ്രാമ ശുചിത്വ പരിപാടി (RCRSP)

എട്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ 1994ൽ നടപ്പാക്കിയ പദ്ധതിയാണ് പുനരാവിഷ്‌കൃത കേന്ദ്ര ഗ്രാമ ശുചിത്വ പരിപാടി (RCRSP). 1986ൽ നടപ്പിലാക്കിയ കേന്ദ്ര ഗ്രാമീണ ശുചിത്വ പരിപാടിയിൽ മാറ്റം വരുത്തിക്കൊണ്ടാണ് പുനരാവിഷ്‌കൃത കേന്ദ്ര ഗ്രാമ ശുചിത്വ പരിപാടി (CRSP) ആരംഭിച്ചത്. കുറഞ്ഞ സബ്‌സിഡി, കൂടുതൽ ഉപഭോക്തൃ വിഹിതം, ഗ്രാമീണ ശുചിത്വ വിപണനകേന്ദ്രം, നിർമാണ സാമഗ്രികൾ ഉത്പാദിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങൾ, സ്‌കൂൾ സാനിറ്റേഷൻ പരിപാടി, ആരോഗ്യ വിദ്യാഭ്യസ വിജ്ഞാന വ്യാപനം എന്നിവ ഉൾപ്പെടുന്ന സമഗ്ര സമീപനം പുനരാവിഷ്‌കൃത കേന്ദ്ര ഗ്രാമശുചിത്വ പരിപാടികളുടെ പ്രത്യേകതയാണ്. ശുചിത്വ സംവിധാനങ്ങളുടെ നിർമാണം പൂർത്തിയാക്കിയാശേഷം ഇവ ഗുണഭോക്താക്കൾ സ്ഥിരമായി ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം.

ഇന്ദിരാഗാന്ധി ദേശീയ വയോജന പെൻഷൻ പദ്ധതി (IGNOAPS)

എട്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് പി.വി.നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച പദ്ധതിയാണ് ഇന്ദിരാഗാന്ധി ദേശീയ വയോജന പെൻഷൻ പദ്ധതി (IGNOAPS). 1995ലാണ് ഇന്ദിരാഗാന്ധി ദേശീയ വയോജന പെൻഷൻ പദ്ധതി നിലവിൽ വന്നത്. 60 വയസ്സിന് മുകളിലുള്ള ബി.പി.എൽ വിഭാഗത്തിലുള്ള വയോജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് 600 മുതൽ 1000 രൂപ വരെ പെൻഷൻ നൽകുന്നു.

ഉച്ചഭക്ഷണം പദ്ധതി (മിഡ് ഡേ മീൽ പദ്ധതി)

വിദ്യാലയങ്ങളിൽ പ്രവൃത്തി ദിവസങ്ങളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി. 1960ൽ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജാണ് ഉച്ചഭക്ഷണം പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. 1995 ഓഗസ്റ്റ് 15നാണ് ഇന്ത്യയിൽ ഔദ്യോഗികമായി നാഷണൽ പ്രോഗ്രാം ഓഫ് ന്യൂട്രീഷനൽ സപ്പോർട്ട് ടു പ്രൈമറി എജ്യൂക്കേഷൻ (NPNSPE) എന്ന പേരിൽ ഉച്ചഭക്ഷണം പദ്ധതി ആരംഭിച്ചത്. 2001ൽ എല്ലാ സംസ്ഥാനങ്ങളോടും ഈ പദ്ധതി നടപ്പിലാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. 2008 ഏപ്രിൽ ഒന്നു മുതൽ ഇന്ത്യ മുഴുവൻ ഈ പദ്ധതി നടപ്പിലാക്കി. പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികവത്കരിക്കുന്നതിനായി സ്‌കൂൾ പ്രവേശനം വർദ്ധിപ്പിക്കുക, സ്ക്കൂളിൽ പഠനം പൂർത്തിയാക്കാൻ സാഹചര്യം ഒരുക്കുക, ഹാജർ നില ഉയർത്തുക, വിദ്യാലയങ്ങളിൽ എത്തുന്നവർക്ക് പോഷകാഹാരം ലഭ്യമാക്കുക തുടങ്ങിയവ NPNSPEയുടെ ലക്ഷ്യങ്ങളായിരുന്നു.

ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി (RIDF)

നബാർഡ് 1995-96ൽ ആരംഭിച്ചതാണ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി അഥവാ RIDF പദ്ധതി. ഈ പദ്ധതിയുടെ കീഴിൽ സംസ്ഥാന ഗവൺമെന്റ് രൂപകൽപ്പന ചെയ്യുന്ന ഗ്രാമീണ റോഡുകൾ, പാലങ്ങൾ, ചെറുകിട ജലസേചനം എന്നിവ ഉൾപ്പെടുന്നു. ഈ പദ്ധതി നടത്തിപ്പിനായി ദീർഘകാല വായ്‌പകൾ നബാർഡിൽ നിന്ന് നൽകിവരുന്നു. ആദ്യം ബ്ലോക്ക് പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ടിൽ നിന്നു തുക ചെലവഴിക്കുകയും തുടർന്നു നബാർഡിൽ നിന്നു തുക വസൂലാക്കുകയുമാണ് പതിവ്.

അട്ടപ്പാടി ജൈവവികസന പദ്ധതി (AWCECOP)

ജൈവവൈവിധ്യംകൊണ്ടും വനസമ്പത്തുകൊണ്ടും സവിശേഷമായ പ്രദേശമാണ് പാലക്കാട് ജില്ലയിലെ അട്ടപ്പാടി. വനനശീകരണം കൊണ്ടു തകരാറിലായ ഈ പ്രദേശത്തിന്റെ ദുസ്ഥിതിക്ക് ഒരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ അട്ടപ്പാടിയുടെ സമഗ്രവികസനത്തിനായി ഗ്രാമവികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് "Attappady Wasteland Comprehensive Environmental Conservation Project". എന്ന പേരിലറിയപ്പെടുന്നത്. ജപ്പാൻ ഗവൺമെന്റിന്റെ സഹായത്തോടെ നടപ്പിലാക്കിയ ഈ പദ്ധതി 1996 മാർച്ച് 26നു നിലവിൽവന്നു. മണ്ണുസംരക്ഷണം, ജലവിഭവ വികസനം, കരകൃഷി, ഹോർട്ടിക്കൾച്ചർ, പട്ടുനൂൽകൃഷി, കാർഷിക വനവൽക്കരണം, സാമൂഹ്യവനവൽക്കരണം, മൃഗസംരക്ഷണം, മീൻവളർത്തൽ, തേനീച്ച വളർത്തൽ തുടങ്ങിയവയാണ് ഈ പദ്ധതിപ്രകാരം ഏറ്റെടുക്കാൻ ഉദ്ദേശിച്ച പ്രവർത്തനങ്ങൾ. പദ്ധതി പ്രദേശത്തെ എല്ലാ പട്ടികവർഗ കുടുംബങ്ങളിലെയും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മറ്റെല്ലാ കുടുംബങ്ങളിലെയും ഒരാൾക്കുവീതമെങ്കിലും ഈ പദ്ധതി പ്രകാരം തൊഴിൽ ലഭിക്കും. അട്ടപ്പാടിയിലെ മലയോര വികസന സൊസൈറ്റി എന്ന പേരിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ഭരണസമിതിക്കാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല.

ബാലിക സമൃദ്ധി യോജന (BSY)

രാജ്യത്തെ പെൺകുട്ടികളുടെ ക്ഷേമത്തിനായി 1997ൽ ആരംഭിച്ച പദ്ധതിയാണ് ബാലിക സമൃദ്ധി യോജന. 1999ൽ ഈ പദ്ധതി പുനരാവിഷ്‌കരിച്ചു. 15-08-1997നോ അതിനുശേഷമോ ജനിച്ച ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക് ഗവൺമെന്റ് 500 രൂപ ഗ്രാന്റ് നൽകുന്നു. സ്‌കൂൾ വിദ്യാഭ്യാസ കാലയളവിൽ വാർഷിക സ്കോളർഷിപ്പും ലഭ്യമാക്കുന്നു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഈ പദ്ധതി നടപ്പാക്കുന്നു.

സ്‌കൂൾ വിദ്യാഭ്യാസ കാലയളവിൽ ലഭിക്കുന്ന വാർഷിക സ്കോളർഷിപ്പ്

Class 1 to 3 - Rs 300/- per annum for each class

Class 4 - Rs 500/- per annum

Class 5 - Rs 600/- per annum

Class 6 & 7 - Rs 700/- per annum for each class

Class 8 -  Rs 800/- per annum

Class 9 & 10 - Rs 1000/- per annum for each class

കുടുംബത്തിനും സമൂഹത്തിനും പെൺകുട്ടികളോടുള്ള മനോഭാവം മാറ്റുക, കൂടുതൽ പെൺകുട്ടികളെ സ്കോളർഷിപ്പുകളിൽ ചേർക്കുക, പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുക, വരുമാനം കണ്ടെത്തുന്നതിനായി പെൺകുട്ടികളെ സഹായിക്കുക തുടങ്ങിയവയാണ് ബാലിക സമൃദ്ധി യോജനയുടെ ലക്ഷ്യങ്ങൾ. പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ നിന്നും പെൺകുട്ടി അവിവാഹിതയാണെന്നുള്ള സാക്ഷ്യപത്രം നൽകികൊണ്ട് അക്കൗണ്ടിൽ നിന്ന് നിക്ഷേപിച്ച തുകയും അതിന്റെ പലിശയും ലഭിക്കും. എന്നാൽ 18 വയസ്സിനു മുമ്പേ പെൺകുട്ടി വിവാഹം ചെയ്താൽ Post Birth ഗ്രാന്റായ 500 രൂപയും അതിന്റെ പലിശയും ഒഴികെ ബാക്കിയെല്ലാം നഷ്ടമാകും. 18 വയസ്സിനു മുമ്പേ പെൺകുട്ടി മരണപ്പെടുകയാണെങ്കിൽ മുഴുവൻ തുകയും ഗവൺമെന്റിനു പിൻവലിക്കാം.

ഗംഗ കല്യാൺ യോജന (GKY)

1997 ഫെബ്രുവരി 1ന് ഗ്രാമീണ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി ആവിഷ്കരിച്ച പദ്ധതിയാണിത്‌. ബോര്‍വെല്ലുകളും ട്യൂബുവെല്ലുകളും സ്ഥാപിച്ച്‌ ഭൂഗര്‍ഭജല വിനിയോഗത്തിലൂടെ ചെറുകിട ജലസേചനം ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പുതിയ ആസ്തികള്‍ സൃഷ്ടിക്കാനും നിലവിലുള്ളവയെ സംരക്ഷിക്കാനും ഈ പദ്ധതിയിലൂടെ ശ്രമിച്ചു.

സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRY)

ഒൻപതാം പഞ്ചവത്സര പദ്ധതി കാലത്ത് ഐ.കെ.ഗുജ്റാൾ പ്രധാനമന്ത്രിയായിരുന്നപ്പോൾ 1997 ഡിസംബർ ഒന്നിന് നടപ്പാക്കിയ പദ്ധതിയാണ് സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRV). നഗരപ്രദേശങ്ങളിലെ തൊഴിൽരഹിതർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് SJSRV. 1997 ഡിസംബർ ഒന്നിന് നിലവിൽവന്നു. നെഹ്‌റു റോസ്ഗാർ യോജന, അർബൻ ബേസിക് സർവീസ് ഫോർ പുവർ, പ്രൈം മിനിസ്റ്റേഴ്‌സ് ഇന്റഗ്രേറ്റഡ് അർബൻ പോവർട്ടി ഇറാഡിക്കേഷൻ പ്രോഗ്രാം (PMIUPEP) എന്നീ മൂന്ന് പദ്ധതികൾ കൂട്ടിച്ചേർത്താണ് സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന നിലവിൽ വന്നത്. ഈ പദ്ധതിക്ക് രണ്ട് ഉപ പദ്ധതികളുണ്ട് - നഗര സ്വയം തൊഴിൽ സംരംഭക സഹായ പദ്ധതി (USEP), നഗര വേതനം ലഭിക്കുന്ന തൊഴിൽ പദ്ധതി (UWEP).

ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (TPDS)

ഇന്ത്യയിൽ റേഷൻ സംവിധനം രണ്ടാം ലോകയുദ്ധകാലത്താണ് ആരംഭിച്ചത്. 1960കളിൽ ഭക്ഷ്യക്ഷാമം നേരിട്ടപ്പോൾ റേഷൻ സംവിധാനം ശക്തിപ്പെടുത്തുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്‌തു. എന്നാൽ സാമ്പത്തികപരിഷ്‌കാരങ്ങളുടെ ഭാഗമായി റേഷൻ ദരിദ്രകുടുംബങ്ങൾക്കുമാത്രമായി പരിമിതപ്പെടുത്തി. ഇതിന്റെ ഭാഗമായി "ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സംവിധാനം (ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം)" ഇന്ത്യയിൽ നിലവിൽ വന്നു. ഇതനുസരിച്ച് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള കുടുംബങ്ങൾക്കും (എ.പി.എൽ), ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളകുടുംബങ്ങൾക്കും (ബി.പി.എൽ) പ്രത്യേക തരത്തിലുള്ള റേഷൻ കാർഡുകൾ നൽകുകയും വ്യത്യസ്ത വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

കുടുംബശ്രീ (Kudumbashree)

സംസ്ഥാനസർക്കാരും നബാര്‍ഡും തദ്ദേശഭരണസ്ഥാപനങ്ങള്‍ മുഖേന ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയാണ്‌ കുടുംബശ്രീ. 1998 മേയ്‌ 17 നു പ്രധാനമ്രന്തി അടല്‍ ബിഹാരി വാജ്പേയിയാണ്‌ മലപ്പുറത്തു കുടുംബ്രശീയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. പത്തുവര്‍ഷം കൊണ്ട്‌ നമ്മുടെ നാട്ടിലെ പാവപ്പെട്ട കുടുംബങ്ങളിലെ ദാരിദ്യം ഉന്മൂലനം ചെയ്യുക എന്ന ദൗത്യമാണ്‌ ഈ ബൃഹദ്‌ പദ്ധിതികൊണ്ട് ഉദ്ദേശിക്കുന്നത്‌. സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയെന്ന നിലയിലാണ്‌ കുടുംബശ്രീ ശ്രദ്ധേയമായത്‌. അയല്‍ക്കൂട്ടങ്ങള്‍, ഏരിയ വികസന സമിതികള്‍, കമ്യൂണിറ്റി വികസന സമിതികള്‍ എന്നിവയാണ്‌ കുടുംബശ്രീയുടെ നടത്തിപ്പിനായുള്ള മൂന്നു തലത്തിലുള്ള സാമൂഹ്യാധിഷ്ഠിത സംഘടനകൾ.

അയൽക്കൂട്ടങ്ങൾ

നാലോ അതിൽ കൂടുതലോ അംഗങ്ങൾ ഉള്ള പാവപ്പെട്ട കുടുംബങ്ങളെ കോർത്തിണക്കികൊണ്ടാണ് അയൽക്കൂട്ടങ്ങൾ തുടങ്ങുന്നത്. ഒരു കുടുംബത്തില്‍നിന്നു പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ മാത്രം അംഗമാക്കിക്കൊണ്ട്‌ 15 നും 40 നും മധ്യേ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാമൂഹികാധിഷ്ഠിത സംഘടനയാണ്‌ അയല്‍ക്കൂട്ടം. 1982-ല്‍ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലാണ്‌ ഇതിനു തുടക്കം കുറിച്ചത്‌. ഓരോ വാര്‍ഡിലെയും അയല്‍ക്കുട്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ്‌ ഏരിയാ വികസന സമിതിക്കു രൂപം കൊടുക്കുന്നത്‌. പഞ്ചായത്തിന്റെ ബഹുജന അടിത്തറയും: ജനാധിപത്യ സംവിധാനവും വിപുലമാക്കുവാന്‍ സഹായിക്കുന്ന പൊളിറ്റിക്കല്‍ യൂണിറ്റ്‌ എന്ന നിലയിലാണ്‌ ഇതിനു കൂടുതല്‍ പ്രസക്തി വരുന്നത്‌. കേരള സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന് അയൽക്കൂട്ടങ്ങൾക്കു വളരെയധികം പ്രാധാന്യമുണ്ട്.

സമഗ്ര ആവാസ് യോജന (SAY)

ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 1999 ഏപ്രിൽ ഒന്നിന് നടപ്പിലാക്കിയ പദ്ധതിയാണ് സമഗ്ര ആവാസ് യോജന. സമഗ്ര ആവാസ് യോജന പദ്ധതി ആരംഭിച്ചത് 1999 - 2000 സാമ്പത്തിക വർഷത്തിൽ. ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുക എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഭവന നിർമാണം, ശുചിത്വപദ്ധതികൾ, കുടിവെള്ള പദ്ധതികൾ എന്നിവ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന (SGSY)

ഗ്രാമീണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി 1999 ഏപ്രില്‍ ഒന്നിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ്‌ സ്വര്‍ണജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന. 1978 ലും അതിനുശേഷവും വിവിധ വര്‍ഷങ്ങളിലായി നിലവില്‍ വന്ന ഐ.ആര്‍.ഡി.പി, ട്രൈസം, മില്യണ്‍ വെല്‍ പദ്ധതി, ഗംഗാ കല്യാണ്‍ യോജന, ഗ്രാമീണ കൈത്തൊഴിലുപകരണ പരിപാടി, ഡി.ഡബ്ല്യു.സി.ആര്‍.എ എന്നീ പദ്ധതികളെ സംയോജിപ്പിച്ചു കൊണ്ടാണ്‌ ഈ പരിപാടി ആരംഭിച്ചത്‌. സ്വയം തൊഴില്‍ പരിപാടിയുടെ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര പദ്ധതിയാണ്‌ എസ്‌. ജി.എസ്‌ .വൈ. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങളെ സ്വയം സഹായസംഘങ്ങളായി സംഘടിപ്പിക്കുക. അവര്‍ക്ക്‌ ആവശ്യമായ പരിശീലനങ്ങള്‍, സാങ്കേതികജ്ഞാനം, വായ്പാ സബ്‌സിഡി, അടിസ്ഥാന സൗകര്യങ്ങള്‍, വിപണന സൗകര്യം മുതലായവ ലഭ്യമാക്കുക എന്നിവ ഈ പദ്ധതി ലക്ഷ്യമിടുന്നു.

വൃത്യസ്‌തങ്ങളായ നിരവധി വരുമാനജന്യ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കുക എന്നതല്ല ഈ പദ്ധതിയിലെ രീതി. മറിച്ചു പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങൾ, ജനങ്ങളുടെ തൊഴിൽ വൈദഗ്ധ്യം, വിപണന സൗകര്യങ്ങൾ മുതലായവ പരിഗണിച്ച് ഏതാനും മുഖ്യസാമ്പത്തിക പ്രവർത്തനങ്ങൾ ഓരോ ബ്ലോക്കിലും തിരഞ്ഞെടുത്ത് അതിലുള്ള പദ്ധതികള്‍ക്കു സഹായം നൽകുക എന്ന സമീപനമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്‌.

എസ്‌. ജി. എസ്‌. വൈ. പദ്ധതിക്ക് രണ്ടുഘടകങ്ങളാണ്‌ - വായ്പയും സബ്സിഡിയും. വ്യക്തിഗത പൊതു വിഭാഗത്തിനു സബ്സിഡി പരമാവധി 7500 രൂപ എന്ന പരിധിക്കു വിധേയമായി പദ്ധതിചെലവിന്റെ 30 ശതമാനവും എസ്‌.സി, എസ്‌.ടിക്കാരുടെ കാര്യത്തില്‍ ഇത്‌ യഥാക്രമം 10,000 രൂപയും 50 ശതമാനവും ആയിരിക്കും. സ്വയം സഹായ സംഘങ്ങളുടെ കാര്യത്തില്‍ ആളോഹരി 10,000 രൂപയോ പരമാവധി 1.25 ലക്ഷം രൂപയോ ഏതാണ്‌ കുറവ്‌ എന്ന പരിധിക്കു വിധേയമായി 50% സബ്സിഡി അനുവദിക്കും. SGSY ഗുണഭോക്താക്കളില്‍ 50% പട്ടികജാതി, പട്ടികവര്‍ഗക്കാരും 40% സ്ത്രീകളും 3% വികലാംഗരും ആയിരിക്കണം. പദ്ധതിയുടെ 10% തുക പരിശീലനത്തിനായി വിനിയോഗിക്കാവുന്നതാണ്‌. രണ്ടു തരത്തിലുള്ള പരിശീലനം ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്‌. ഒന്ന്‌, അടിസ്ഥാന അവബോധന പരിശീലനവും രണ്ടാമത്തേത്‌ വൈദഗ്ധ്യ വികസന പരിശീലനവുമാണ്‌.

നിർമ്മൽ ഭാരത് അഭിയാൻ (NBA)

ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 1999ന് നടപ്പിലാക്കിയ ശുചിത്വ പദ്ധതിയാണ് നിർമ്മൽ ഭാരത് അഭിയാൻ. ടോട്ടൽ സാനിട്ടേഷൻ ക്യാംപയ്ൻ എന്നാണ് നിർമ്മൽ ഭാരത് അഭിയാൻ ഔദ്യോഗികമായി അറിയപ്പെടുന്നത്. NBAയുടെ ഭാഗമായി ഓരോ കുടുംബത്തിനും സർക്കാർ 10000 രൂപ ഗ്രാന്റായി അനുവദിക്കുന്നു. 2017 ഓടുകൂടി ഇന്ത്യയെ ശുചിത്വ പൂർണമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് നിർമ്മൽ ഭാരത് അഭിയാൻ പദ്ധതി ആരംഭിച്ചത്.

ജവഹർ ഗ്രാം സമൃദ്ധി യോജന (JGSY)

ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 1999 ഏപ്രിൽ 1ന് നടപ്പിലാക്കിയ ഗ്രാമീണ വികസന പദ്ധതിയാണ് ജവഹർ ഗ്രാം സമൃദ്ധി യോജന. വില്ലേജ് - പഞ്ചായത്ത് തലത്തിലാണ് ജവഹർ ഗ്രാം സമൃദ്ധി യോജന പൂർണ്ണമായും നടപ്പിലാക്കുന്നത്. പദ്ധതിയുടെ ചെലവ് 75:25 എന്ന അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിക്കുന്നു. 2001 സെപ്റ്റംബർ 25ന് ജവഹർ ഗ്രാം സമൃദ്ധി യോജനയും എംപ്ലോയ്‌മെന്റ് അഷുറൻസ് സ്‌കീമും (EAS) യോജിപ്പിച്ച് സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY) രൂപീകരിച്ചു.

അന്ത്യോദയ അന്ന യോജന (AAY)

ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2000 ഡിസംബർ 25ന് ആരംഭിച്ച പദ്ധതിയാണ് അന്ത്യോദയ അന്ന യോജന. പൊതുവിതരണ ശൃംഖലയിലൂടെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്കു കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകുന്ന പദ്ധതി. രണ്ടായിരത്തിലാണ് പദ്ധതി നിലവിൽ വന്നത്. 35 കിലോഗ്രാം ഭക്ഷ്യധാന്യമാണ് ഈ പദ്ധതി പ്രകാരം നൽകുന്നത് (2012 മുതൽ. അതുവരെ 25 കിലോഗ്രാം ആയിരുന്നു). ഗോതമ്പ് രണ്ടു രൂപ നിരക്കിലും അരി മൂന്നു രൂപ നിരക്കിലുമാണു നൽകുന്നത്. തുടക്കത്തിൽ AAY നടപ്പിലാക്കിയത് രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിലാണ്. ഭൂരഹിതരായ കർഷകത്തൊഴിലാളികൾ, ഗ്രാമീണ മേഖലയിലെ കരകൗശല ജീവനക്കാർ, വിധവകളുടെ കുടുംബങ്ങൾ, എച്ച്.ഐ.വി രോഗികളുടെ കുടുംബങ്ങൾ, ആദിമ ഗോത്ര വിഭാഗങ്ങൾ, അറുപതു വയസ്സിനു മുകളിലുള്ള സ്ഥിരവരുമാനമില്ലാത്തവരും കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്നവർ, ഗുരുതരമായ രോഗങ്ങളുള്ളവർ എല്ലാം അന്ത്യോദയ അന്ന യോജന കാർഡിന് അർഹരാണ്. അന്ത്യോദയ അന്ന യോജനയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഫീസ് സൗജന്യമാണ്.

ജനശ്രീ ബീമ യോജന (JBY)

ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2000 ഓഗസ്റ്റ് 10ന് ആരംഭിച്ച പദ്ധതിയാണ് ജനശ്രീ ബീമ യോജന. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും 18നും 60നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട ജനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണ് ജനശ്രീ ബീമ യോജന (JBY). എൽ.ഐ.സിയാണ് ജനശ്രീ ബീമ യോജനയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത്. 2013 ജനുവരി ഒന്നിന് ജനശ്രീ ബീമ യോജന ആം ആദ്‌മി ബീമാ യോജനയിൽ ലയിച്ചു.

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (PMGSY)

സംസ്ഥാനത്ത് ഒറ്റപ്പെട്ടു കിടക്കുന്ന സങ്കേതങ്ങളെയും മലയോര പ്രദേശങ്ങളെയും പ്രധാന റോഡുകളുമായി ബന്ധപ്പെടുത്തുന്നതിന് ഉതകുന്ന വിധത്തിൽ എല്ലാ കാലാവസ്ഥകളിലും ഗതാഗത യോഗ്യമായ റോഡ് നിർമിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2000 - 2001ൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന. നൂറു ശതമാനവും കേന്ദ്രവിഹിതം ലഭിക്കുന്നതാണ് പദ്ധതി. കേന്ദ്ര നഗരവികസന മന്ത്രാലയമാണ് പദ്ധതി നിയന്ത്രിക്കുന്നത്. ഈ പദ്ധതിയിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിഹരിക്കാനുള്ള മാനദണ്ഡം നിഷ്കർഷിച്ചിട്ടില്ല. കണക്ടിവിറ്റിക്കുള്ള റോഡ് വികസനമാണ് ലക്ഷ്യം. ആയതിനാൽ ഈ പ്രോജക്ടുകൾ ടെൻഡർ ചെയ്യേണ്ടതാണെന്നു കേന്ദ്ര മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ മൂന്നാം ഘട്ടമാണ് നിലവിലുള്ളത്. കാലയളവ് 2019 - 2020 to 2024 - 2025. മൂന്നാം ഘട്ടത്തിൽ 60:40 അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെലവ് വഹിക്കുന്നത്. എന്നാൽ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാലയൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ 90:10 അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെലവ് വഹിക്കുന്നത്.

സർവ ശിക്ഷാ അഭിയാൻ (SSA)

ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2000 - 2001 സാമ്പത്തിക വർഷത്തിൽ നടപ്പാക്കിയ പദ്ധതിയാണ് സർവ ശിക്ഷ അഭിയാൻ (SSA). 6 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്‌കൂളുകളുടെ അടിസ്ഥാന ഭൗതിക സൗകര്യവികസനം, സൗജന്യ പാഠപുസ്തക വിതരണം, പെൺകുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കൽ, അധ്യാപക പരിശീലനം തുടങ്ങിയവയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. പദ്ധതി ആരംഭിച്ചപ്പോൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ചെലവിന്റെ അനുപാതം 75:25 ആയിരുന്നു. ഇപ്പോഴത് യഥാക്രമം 60:40 എന്നായിട്ടുണ്ട്. സ്‌കൂൾ സംവിധാനങ്ങളുടെ സാമൂഹ്യ ഉടമസ്ഥതയിലൂടെ പ്രാഥമിക വിദ്യാഭ്യാസം സർവത്രികമാക്കാനുള്ള ശ്രമമായിരുന്നു ഈ പദ്ധതി. വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്നതിന് പുറമെ അവരിലെ സർഗ്ഗശേഷികളെ വികസിപ്പിക്കുന്നതിനും ഈ പദ്ധതി അവസരം നൽകുന്നു.

മഹിള സ്വയം സിദ്ധ യോജന (MSSY)

ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2001ൽ ആരംഭിച്ച പദ്ധതിയാണ് മഹിള സ്വയം സിദ്ധ യോജന (MSSY). ഗ്രാമപ്രദേശത്തെ സ്ത്രീകളെ സ്വയംസഹായ സംഘങ്ങളിലൂടെ സാമൂഹികമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെ 2001ൽ നിലവിൽ വന്ന പദ്ധതിയാണ് മഹിള സ്വയം സിദ്ധ യോജന (MSSY). വനിത - ശിശുക്ഷേമ മന്ത്രാലയമാണ് MSSYയ്ക്ക് നേതൃത്വം നൽകുന്നത്.

വാല്മീകി അംബേദ്‌കർ ആവാസ് യോജന (VAMBAY)

ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2001 ഡിസംബർ രണ്ടിന് ആരംഭിച്ച പദ്ധതിയാണ് വാല്മീകി അംബേദ്‌കർ ആവാസ് യോജന (VAMBAY). നഗരപ്രദേശങ്ങളിലെ ചേരികളിൽ താമസിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വീട് വച്ചു നൽകാനുള്ള പദ്ധതിയാണ് VAMBAY. ചേരിനിവാസികൾക്ക് വേണ്ടി മാത്രം നടപ്പിലാക്കിയ ആദ്യത്തെ പദ്ധതിയായിരുന്നു VAMBAY. VAMBAY പദ്ധതിയ്ക്ക് 50:50 അനുപാതത്തിലാണ് കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകൾ ചെലവ് വഹിച്ചിരുന്നത്. 2005 ഡിസംബർ 3ന് VAMBAY പദ്ധതി ഇന്റഗ്രേറ്റഡ് ഹൗസിംഗ് ആൻഡ് സ്ലം ഡെവലപ്മെന്റ് പ്രോഗ്രാമിൽ (IHSDP) ലയിപ്പിച്ചു.

സമ്പൂർണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY)

2001ലെ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒരു ഗ്രാമീണ തൊഴിൽദാന പരിപാടിയാണ് സമ്പൂർണ ഗ്രാമീൺ റോസ്ഗാർ യോജന, രാജ്യത്ത് ഗ്രാമപഞ്ചയത്തുകൾ മുഖാന്തരം നടപ്പിലാക്കിവന്നിരുന്ന ജവാഹർ ഗ്രാമീണ റോസ്ഗാർ യോജനയും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ മുഖാന്തരം നടപ്പിലാക്കി വന്നിരുന്ന തൊഴിലുറപ്പു പദ്ധതിയും തമ്മിൽ സംയോജിപ്പിച്ചാണ് ഈ പദ്ധതിക്കു രൂപം കൊടുത്തത്. ഈ പദ്ധതിയുടെ തുക കേന്ദ്ര സംസ്ഥാന സർക്കാരുകൾ 75:25 എന്ന അനുപാതത്തിൽ ചെലവിടുന്നതാണ്. നിലവിലുള്ള തൊഴിൽദാന പരിപാടികളിൽ നിന്നും വ്യത്യസ്തമായി തൊഴിലിൽ ഏർപ്പെടുന്നവർക്ക് വേതനത്തിന്റെ ഭാഗമായി ഭക്ഷ്യധാന്യം കൂടി വിതരണം ചെയ്യുന്നു. അവിദഗ്ധരും കൂലിത്തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരുമായ ഗ്രാമീണർക്ക് അധിക തൊഴിൽ നൽകുക, ഗ്രാമങ്ങളിലെ പാവപ്പെട്ടവർക്ക് ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്തുക, ഗ്രാമീണമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സ്ഥായിയായ ആസ്തികളുടെ നിർമാണവും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതനുസരിച്ചു ഗ്രാമവാസികളായ ജനങ്ങൾക്കു താമസസ്ഥലത്തിനു സമീപനത്തോ, ഗ്രാമങ്ങളിലോ തൊഴിലവസരങ്ങൾ ലഭ്യമാകും. ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 2008ൽ ഈ പദ്ധതി NREGPയിൽ ലയിച്ചു.

ദേശീയ സമ്പാദ്യ പദ്ധതി (NSS)

ധനിക - ദരിദ്ര ഭേദമെന്യേ ജനങ്ങളിൽ സമ്പാദ്യശീലം വളർത്തുന്നതിനു ഭാരത സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള മുഖ്യപരിപാടികളിൽ ഒന്നാണ് ദേശീയ സമ്പാദ്യ പദ്ധതി (നാഷണൽ സേവിങ്സ് സ്‌കീം). ഈ പദ്ധതിയുടെ നടത്തിപ്പിൽ ബ്ലോക്കുകൾക്കു നിർണായക സ്ഥാനമാണുള്ളത്. പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ ഗ്രാമീണ ജനതയെ വികസന പ്രക്രിയയിൽ പങ്കാളികളാകുന്നു. ഇതിനായി എം.പി.കെ.ബി.വൈ ഏജന്റുമാരായ ഒരു കൂട്ടം വനിതകൾ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു. അഭ്യസ്തവിദ്യരായ വനിതകൾക്ക് ഉപജീവനമാർഗവും രാഷ്ട്ര വികസനത്തിനു സാമ്പത്തികാടിത്തറയും നിക്ഷേപങ്ങൾക്കു സുരക്ഷിതത്വവും നൽകുന്നു എന്നതാണ് ദേശീയ സമ്പാദ്യപദ്ധതിയുടെ പ്രത്യേകത.

സ്വജൽധാര (Swajaldhara Development Scheme)

പത്താം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2002 ഡിസംബർ 25ന് ആരംഭിച്ച പദ്ധതിയാണ് സ്വജൽധാര. ഗ്രാമീണ മേഖലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് സ്വജൽധാര. സമൂഹ പങ്കാളിത്തത്തോടെയാണ്  സ്വജൽധാര കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. ഗ്രാമപ്രദേശങ്ങളിലെ കുടിവെള്ള വിതരണത്തിൽ നൂതന ആശയങ്ങൾ നടപ്പിലാക്കുക, കുടിവെള്ള വിതരണത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചത്. ഗ്രാമീണ വികസന മന്ത്രാലയത്തിനായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. ബോർവെല്ലുകളും ട്യൂബുവെല്ലുകളും സ്ഥാപിച്ച് ഭൂഗർഭജല വിനിയോഗത്തിലൂടെ ചെറുകിട ജലസേചനം ഗുണഭോക്‌താക്കൾക്ക് ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.

പുര പദ്ധതി (PURA)

ഗ്രാമീണ ജനതയുടെ സമഗ്രവികസനം ലക്ഷ്യമാക്കി 2004ൽ ആരംഭിച്ച പദ്ധതിയാണ് പുര പദ്ധതി. നഗരങ്ങളിലെ സൗകര്യങ്ങൾ ഗ്രാമീണ മേഖലയ്ക്കു പ്രദാനം ചെയ്യുകയെന്നതാണ് പുര പദ്ധതിയുടെ ലക്ഷ്യം. ഗതാഗതം, ഊർജം, ഇലക്ട്രോണിക്സ് രംഗം, വൈജ്ഞാനിക രംഗം എന്നീ നാലു മേഖലകളുടെ സമഗ്രവികസനത്തിലൂടെ ഗ്രാമീണ ജനതയുടെ സമൂല വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. പുര പദ്ധതിയ്ക്ക് സാങ്കേതിക സഹായം നൽകുന്നത് ഏഷ്യൻ ഡവലപ്മെന്റ് ബാങ്കാണ്. ഇന്ത്യയിൽ ആദ്യമായി പുര പദ്ധതി ആരംഭിച്ച സംസ്ഥാനം ബിഹാറാണ്. തൊഴിലവസരങ്ങൾക്കായി ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള യുവാക്കളുടെ ചേക്കേറലിനെ നിയന്ത്രിക്കുവാൻ കൂടിയാണ് പുര പദ്ധതി നടപ്പിലാക്കിയത്.

നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം (NFFWP)

പത്താം പഞ്ചവത്സര പദ്ധതിക്കാലത്ത് ഡോ.മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ 2004 നവംബർ 14ന് നടപ്പാക്കിയ പദ്ധതിയാണ് നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം (NFFWP). സംസ്ഥാനങ്ങളിൽ ഗ്രാമീണ മന്ത്രാലയം തൊഴിലാളികൾക്ക് വേതനത്തോടൊപ്പം ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന് നടപ്പാക്കിയ പദ്ധതിയാണ് നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം (NFFWP). NFFWPയുടെ വിഹിതം 100%വും വഹിക്കുന്നത് കേന്ദ്ര സർക്കാരാണ്. NFFWP പൂർണമായും ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണ്. ജില്ലാ തലത്തിൽ പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത് ജില്ലാ കളക്ടറാണ്.

രാജീവ് ഗാന്ധി ശ്രമിക് കല്യാൺ യോജന (RGSKY)

പത്താം പഞ്ചവത്സര പദ്ധതിക്കാലത്ത് ഡോ.മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ 2005 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന പദ്ധതിയാണ് രാജീവ്ഗാന്ധി ശ്രമിക് കല്യാൺ യോജന (RGSKY). എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനാണ് (ESIC) പദ്ധതി ആരംഭിച്ച ഏജൻസി. ESI സ്‌കീമിന്റെ കീഴിൽ വരുന്ന തൊഴിലാളികൾക്ക് തൊഴിലില്ലായ്‌മ വേതനം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് രാജീവ് ഗാന്ധി ശ്രമിക് കല്യാൺ യോജന. 12 മാസമാണ് തൊഴിലില്ലായ്‌മ വേതനം നൽകുന്ന കാലയളവ്.

ജനനി സുരക്ഷാ യോജന (JSY)

പത്താം പഞ്ചവത്സര പദ്ധതിക്കാലത്ത് ഡോ.മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ 2005 ഏപ്രിൽ 12ന് ആരംഭിച്ച പദ്ധതിയാണ് ജനനി സുരക്ഷാ യോജന (JSY). നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ജനനി സുരക്ഷാ യോജന. നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. നാഷണൽ മെറ്റേർനിറ്റി ബെനിഫിറ്റ് സ്‌കീമിന്റെ (NMBS) പുനരാവിഷ്‌കൃത പദ്ധതിയാണ് ജനനി സുരക്ഷാ യോജന. പദ്ധതിയുടെ 100% വിഹിതവും കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്.

ഭാരത് നിർമ്മാൺ പദ്ധതി (Bharat Nirman Yojana)

പത്താം പഞ്ചവത്സര പദ്ധതിക്കാലത്ത് ഡോ.മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ 2005 ഡിസംബർ 16ന് ആരംഭിച്ച പദ്ധതിയാണ് ഭാരത് നിർമ്മാൺ പദ്ധതി. പ്രധാൻമന്ത്രി ഗ്രാമ സഡക് യോജന, ഇന്ദിരാ ആവാസ് യോജന, ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി, രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതി എന്നിവ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതി. 2005 ഡിസംബർ 16ന് പദ്ധതി ആരംഭിച്ചു. ഗ്രാമപ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യം.

ഭാരത് നിർമ്മാൺ ഘടകങ്ങൾ

കുടിവെള്ളം (ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി)

റോഡുകൾ (പ്രധാൻമന്ത്രി ഗ്രാം സഡക് യോജന)

പാർപ്പിടം (ഇന്ദിര ആവാസ് യോജന)

വാർത്താവിനിമയം (ടെലിഫോൺ)

വൈദ്യുതി (രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതികരൺ യോജന)

ജലസേചനം

ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ (NRHM)

പത്താം പഞ്ചവത്സര പദ്ധതിക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഡോ.മൻമോഹൻ സിംഗ് 2005ൽ നടപ്പിലാക്കിയ പദ്ധതിയാണ് ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ (NRHM). ഗ്രാമീണ മേഖലയിലെ പാവപ്പെട്ട ജനങ്ങൾക്കു ഗുണനിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗ്രാമതല ആരോഗ്യപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി 2005ൽ ഗ്രാമീണാരോഗ്യ രംഗത്ത് നിലവിലുണ്ടായിരുന്ന നിരവധി കേന്ദ്ര സർക്കാർ പദ്ധതികൾ ഏകോപിപ്പിച്ചാണ് 'ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ' രൂപം നൽകിയത്. ഗ്രാമീണർക്ക്, പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, നിർദ്ധനർ എന്നിവർക്ക് മെച്ചപ്പെട്ട ആരോഗ്യസേവനം എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പദ്ധതിയിലൂടെ ആരോഗ്യ സംബന്ധമായ സേവനങ്ങൾ ജനങ്ങളിലെത്തിക്കുന്ന പ്രവർത്തകർ ആശാ പ്രവർത്തകർ എന്നറിയപ്പെടുന്നു.

സംയോജിത പാർപ്പിട - ചേരി വികസന പരിപാടി (IHSDP)

പത്താം പഞ്ചവത്സര പദ്ധതിക്കാലത്ത് ഡോ.മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ 2006-07ൽ ആരംഭിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് സംയോജിത പാർപ്പിട - ചേരി വികസന പരിപാടി (IHSDP). നഗരങ്ങളിലെ ചേരികളുടെ സമഗ്രവികസനത്തിനായി ആരംഭിച്ച പദ്ധതിയാണ് IHSDP. ചേരി നിവാസികൾക്ക് ആവശ്യമായ പാർപ്പിടത്തിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് പതിനായിരത്തിലധികം വീടുകളുടെ നിർമാണം തുടങ്ങുകയും പൂർത്തീകരിക്കുകയും ചെയ്‌തു.

ആം ആദ്‌മി ബീമ യോജന (AABY)

ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരായ ഓരോ കുടുംബത്തിനും (ഗൃഹനാഥന്) ഇൻഷുറൻസ് ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന (AABY). 2007 ഒക്ടോബർ രണ്ടിനാണ് പദ്ധതി ആരംഭിച്ചത്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം ഇൻഷുറൻസ് ചെയ്‌ത വ്യക്തിയുടെ സ്വാഭാവിക മരണത്തിന് 30,000 രൂപയും, അപകട മരണത്തിന് 75000 രൂപയും ലഭിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് 37500 രൂപ വരെയും നൽകുന്നു. 18 - 59 വയസ്സിനിടയിലുള്ളവർക്കു നൽകുന്ന ഇൻഷുറൻസ് പരിരക്ഷയാണിത്. രണ്ടായിരത്തിൽ നിലവിൽ വന്ന ജനശ്രീ ബീമാ യോജനയുടെ പുനരാവിഷ്‌കൃത പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന.

രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന (RSBY)

പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഡോ.മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ 2008 ഏപ്രിൽ ഒന്നിന് ആരംഭിച്ച ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന (RSBY). സാമ്പത്തിക ബാധ്യതകളുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ഉപഭോക്താക്കൾ. ഒരു വർഷം 30 രൂപയാണ് RSBY Card എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള തുക. ഒരു കുടുംബത്തിലെ അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പായിരിക്കും ഉപഭോക്താക്കൾ. പദ്ധതി പ്രകാരം ബി.പി.എൽ കുടുംബങ്ങൾക്ക് വർഷം 30000 രൂപ സൗജന്യ ചികിത്സയ്ക്കായി ലഭിക്കുന്നു. പദ്ധതി ചെലവിന്റെ 75 ശതമാനം കേന്ദ്ര സർക്കാരും 25 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമ പദ്ധതി (National Action Plan on Climate Change - NAPCC)

2008 ജൂൺ 30 നാണ് കേന്ദ്ര പരിസ്ഥിതി, വന, കാലാവസ്ഥാ വ്യതിയാന വകുപ്പ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമ പദ്ധതി (NAPCC) ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനത്തെ മനസ്സിലാക്കുക, ഊർജ്ജക്ഷാമം, പ്രകൃതി വിഭവ സംരക്ഷണം എന്നിവയാണ് NAPCCയുടെ ലക്ഷ്യങ്ങൾ.

NAPCCനു കീഴിലുള്ള എട്ട് ദേശീയ ദൗത്യങ്ങൾ

1. നാഷണൽ സോളാർ മിഷൻ

2. നാഷണൽ മിഷൻ ഫോർ എൻഹാൻസ്ഡ് എനർജി എഫിഷൻസി

3. നാഷണൽ മിഷൻ ഓൺ സസ്റ്റൈനബിൾ ഹാബിറ്റാറ്റ്

4. നാഷണൽ വാട്ടർ മിഷൻ

5. നാഷണൽ മിഷൻ ഫോർ സസ്റ്റൈനിങ് ദി ഹിമാലയൻ എക്കോ സിസ്റ്റം

6. നാഷണൽ മിഷൻ ഫോർ എ ഗ്രീൻ ഇന്ത്യ

7. നാഷണൽ മിഷൻ ഫോർ സസ്റ്റൈനബിൾ അഗ്രികൾച്ചർ

8. നാഷണൽ മിഷൻ ഓൺ സ്ട്രാറ്റെജിക് നോളേജ് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച്

ഈ എട്ട് ദൗത്യങ്ങളിൽ ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലുള്ള ദൗത്യങ്ങൾ

1. നാഷണൽ മിഷൻ ഫോർ സസ്റ്റൈനിങ് ദി ഹിമാലയൻ എക്കോ സിസ്റ്റം

2. നാഷണൽ മിഷൻ ഓൺ സ്ട്രാറ്റെജിക് നോളേജ് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച്

സ്വവലംബൻ യോജന (SY)

പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഡോ.മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ 2010ൽ ആരംഭിച്ച പദ്ധതിയാണ് സ്വവലംബൻ യോജന (SY). അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ നൽകുവാനാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയിൽ അംഗമായവരിൽ ഒരു വർഷം 1000 മുതൽ 12000 രൂപ വരെ നിക്ഷേപമുള്ള ഓരോ നാഷണൽ പെൻഷൻ സ്‌കീം (NPS) അക്കൗണ്ടിലേക്കും കേന്ദ്ര സർക്കാർ 1000 രൂപ വീതം സംഭാവന ചെയ്യും. സ്വവലംബൻ യോജന പരിഷ്‌കരിച്ച് രൂപീകരിച്ച പുതിയ പദ്ധതിയാണ് അടൽ പെൻഷൻ യോജന (APY).

സബല പദ്ധതി (RGSEAG (SABLA))

പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഡോ.മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ 2010 നവംബർ 19ന് ആരംഭിച്ച പദ്ധതിയാണ് സബല പദ്ധതി. പതിനൊന്നിനും പതിനെട്ടിനും ഇടയ്ക്കു പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യപരവും പോഷകാഹാരപരവുമായ കാര്യങ്ങളിലെ പുരോഗതിക്കും തൊഴിൽ പരിശീലനത്തിനും വേണ്ടി 2010ൽ ആരംഭിച്ച പദ്ധതിയാണ് സബല പദ്ധതി.

പ്രധാനമന്ത്രി ആദർശ് ഗ്രാമ യോജന (PMAGY)

പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഡോ.മൻമോഹൻ സിംഗ് പ്രധാമന്ത്രിയായിരുന്നപ്പോൾ 2010 ജൂലൈ 23ന് നടപ്പാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി ആദർശ് ഗ്രാമ യോജന (PMAGY). ഇന്ത്യയിലെ ഗ്രാമങ്ങളെ ആദർശ ഗ്രാമം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആരംഭിച്ചത്. 50 ശതമാനത്തിലധികം പട്ടികജാതിക്കാരുള്ള ഗ്രാമങ്ങളുടെ വികസനമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി ആദ്യമായി നടപ്പിലാക്കിയത് 2010ൽ രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലെ 18 ബിബി വില്ലേജിലാണ്.

ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY)

പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഡോ.മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ പദ്ധതിയാണ് ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY). 2010ൽ കേന്ദ്ര ശിശു വികസന മന്ത്രാലയത്തിന്റെ കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സ്ത്രീകളുടെയും കുട്ടികളുടെയും പോഷകകുറവിനു പരിഹാരം കണ്ടെത്താനുള്ള പദ്ധതിയാണ് IGMSY. ഈ പദ്ധതി പ്രകാരം 19 വയസ്സോ അതിന് മുകളിലോ പ്രായമുള്ള സ്ത്രീകൾക്ക് ആദ്യത്തെ രണ്ട് പ്രസവത്തിന് സാമ്പത്തിക സഹായം നൽകിവരുന്നു. അംഗൻവാടി കേന്ദ്രങ്ങളിലൂടെയാണ് പദ്ധതിയുടെ സേവനം ലഭ്യമാക്കുന്നത്.

നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷൻ (NRLM)

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഡോ.മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ 2011 ജൂൺ മൂന്നിന് ആരംഭിച്ച പദ്ധതിയാണ് നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷൻ (NRLM). സ്വർണ്ണ ജയന്തി ഗ്രാം സ്വറോസ്ഗാർ യോജനയാണ് നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷനായി പുനരാവിഷ്കരിച്ചത്. ഗ്രാമീണ മേഖലയിൽ ലാഭകരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സ്വയം തൊഴിൽ സംരംഭങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കി കൊണ്ട് ദാരിദ്ര്യം കുറയ്ക്കുക എന്നിവയാണ് NRLMന്റെ ലക്ഷ്യങ്ങൾ. 2016 മാർച്ച് 29ന് NRLM, DAY-NRLM ആയി പുനർനാമകരണം ചെയ്തു.

നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ (NULM)

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഡോ.മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ 2013 സെപ്റ്റംബർ 24ന് ആരംഭിച്ച പദ്ധതിയാണ് നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ (NULM). ലാഭകരമായ സ്വയം തൊഴിലവസരങ്ങൾ വിവിധ മേഖലകളിൽ നൈപുണ്യ തൊഴിൽ പരിശീലനം എന്നിവ നൽകികൊണ്ട് നഗര പ്രദേശങ്ങളിലെ ദാരിദ്ര്യം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ. NULMന് നേതൃത്വം നൽകുന്നത് ഹൗസിങ് ആൻഡ് അർബൻ പോവർട്ടി അല്ലീവിയേഷൻ മന്ത്രാലയ (MHUPA) മാണ്. NULM നിലവിൽ അറിയപ്പെടുന്നത് ദീൻദയാൽ അന്ത്യോദയ യോജന - നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ (DAY - NULM) എന്നാണ്.

രാഷ്ട്രീയ ബാൽ സ്വാസ്ത്യ കാര്യക്രം (RBSK)

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഡോ.മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ 2013  ആരംഭിച്ച പദ്ധതിയാണ് രാഷ്ട്രീയ ബാൽ സ്വാസ്ത്യ കാര്യക്രം (RBSK). 18 വയസ്സുവരെയുള്ള കുട്ടികളുടെ ജനിതക രോഗങ്ങൾ, വൈകല്യങ്ങൾ എന്നിവ നേരത്തെ കണ്ടെത്തി ഭേദമാക്കുന്നതിനായി ആരംഭിച്ച സംരംഭമാണ് രാഷ്ട്രീയ ബാൽ സ്വാസ്ത്യ കാര്യക്രം (RBSK). ദേശീയ ഗ്രാമീണ ആരോഗ്യ മിഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

ദീൻദയാൽ ഉപാധ്യായ അന്ത്യോദയ യോജന (DAY)

പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യയുടെ സ്മരണാർത്ഥം കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ദീൻ ദയാൽ ഉപാധ്യായ അന്ത്യോദയ യോജന (DAY). പാവപ്പെട്ട ജനങ്ങൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 2014 സെപ്റ്റംബർ 25ന് ആരംഭിച്ച പദ്ധതിയാണ് ദീൻദയാൽ ഉപാധ്യായ അന്ത്യോദയ യോജന (DAY). ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന എന്നാണ് DAY പദ്ധതി ഗ്രാമ പ്രദേശങ്ങളിൽ അറിയപ്പെടുന്നത്. DAY പദ്ധതിയുടെ നടത്തിപ്പിനായി ഗ്രാമതലത്തിലും നഗരതലത്തിലും പ്രത്യേകം ഘടകങ്ങളുണ്ട്. 15 വയസ്സിൽ കുറയാത്ത വ്യക്തികൾക്കാണ് DAY പദ്ധതിയിൽ അംഗത്വം ലഭിക്കുന്നത്.

സാക്ഷാം (SAKSHAM (RGSEAB))

2014ൽ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് രാജീവ് ഗാന്ധി സ്‌കീം ഫോർ എംപവർമെന്റ് ഓഫ് അഡോളസെന്റ് ബോയ്‌സ് (RGSEAB). ഈ പദ്ധതി സാക്ഷാം എന്നുമറിയപ്പെടുന്നു. കൗമാരക്കാരായ ആൺകുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ചതാണ് സാക്ഷാം പദ്ധതി. പതിനൊന്ന് മുതൽ പതിനെട്ട് വയസ്സ് വരെയുള്ള ആൺകുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വനിതാ - ശിശുക്ഷേമ മന്ത്രാലയമാണ് സാക്ഷാം പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

നമാമി ഗംഗ പദ്ധതി (Namami Gange Programme)

ഗംഗാ ശുചീകരണത്തിനായി ഗവൺമെന്റ് തയ്യാറാക്കിയ പദ്ധതിയാണ് നമാമി ഗംഗ പദ്ധതി. മൂന്നുതരം പ്രോജക്ടുകൾ ഇതിലുണ്ട്. എൻട്രി ലെവൽ പ്രോജക്ടുകൾ, അഞ്ച് വർഷം കൊണ്ട് നടപ്പാക്കുന്ന മീഡിയം ടേം പ്രവർത്തനങ്ങൾ, പത്തുവർഷംകൊണ്ട് നടപ്പാക്കുന്ന ലോങ് ടേം പദ്ധതികൾ എന്നിവയാണ് ഇവ. അഴുക്കുചാലുകളുടെ നിർമാണം, ജലോപരിതല ശുചീകരണം, ഗംഗയിലെ ജൈവസമ്പത്തിന്റെ സംരക്ഷണം, വനം വച്ചുപിടിപ്പിക്കൽ, ഗംഗയുടെ തീരഗ്രാമങ്ങളിൽ ആവശ്യത്തിന് ശൗചാലയങ്ങൾ നിർമിക്കുന്ന 'ഗംഗാഗ്രാം പദ്ധതി' എന്നിവയൊക്കെയാണ് നമാമി ഗംഗ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

മെയ്‌ക്ക് ഇൻ ഇന്ത്യ (Make in India)

ഇന്ത്യയിലെ ഉൽപാദന മേഖലയെ ഉന്നതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കർമ പദ്ധതിയാണ് മെയ്‌ക് ഇൻ ഇന്ത്യ. 2014 സെപ്റ്റംബർ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി 'മെയ്‌ക്ക് ഇൻ ഇന്ത്യ' പ്രഖ്യാപനം നടത്തി. തൊഴിലാളികളുടെ കഴിവു വർധിപ്പിക്കുക, ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുക, പുതിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, വിവിധരംഗങ്ങളിൽ വൻതോതിൽ നടത്തിവരുന്ന ഉപകരണങ്ങളുടെയും മറ്റും ഇറക്കുമതി കുറച്ച് പരമാവധി ഇന്ത്യയിൽ തന്നെ നിർമ്മിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രതിരോധ, ഇലക്ട്രോണിക്സ് നിർമാണ വ്യവസായങ്ങളിലാണ് 'മെയ്‌ക്ക് ഇൻ ഇന്ത്യ'യുടെ ഫലങ്ങൾ ആദ്യമായി കണ്ടുതുടങ്ങിയത്.

വരിഷ്ട പെൻഷൻ ബീമ യോജന (VPBY)

മുതിർന്ന പൗരൻമാർക്ക് വേണ്ടി 2014 - 15 കേന്ദ്ര ബജറ്റിൽ ഉൾക്കൊള്ളിച്ച പെൻഷൻ പദ്ധതിയാണ് വരിഷ്ട പെൻഷൻ ബീമ യോജന (VPBY). 60 വയസ്സാണ് വരിഷ്ട പെൻഷൻ ബീമ യോജനയുടെ മിനിമം പ്രായപരിധി. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് പദ്ധതിയുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന ഏജൻസി. പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള കൂടിയ പെൻഷൻ തുക പ്രതിമാസം 5000 രൂപയും കുറഞ്ഞ പെൻഷൻ തുക പ്രതിമാസം 500 രൂപയുമാണ്.

സൻസദ് ആദർശ് ഗ്രാമ യോജന (SAGY)

2016 ഓടെ 2500 ഗ്രാമങ്ങളെ ആദർശ് ഗ്രാമങ്ങളാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതിയാണ് സൻസദ് ആദർശ് ഗ്രാമ യോജന (SAGY). 2014 ഒക്ടോബർ 11ന് (ജയപ്രകാശ് നാരായണന്റെ ജന്മവാർഷികം) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. ഒരു വർഷം ഒരു ഗ്രാമം ദത്തെടുക്കുകയും അവിടെ ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് ആദർശഗ്രാമമായി വളർത്തിയെടുക്കുകയുമാണ് ലക്ഷ്യം. പാർലമെന്റിലെ ഓരോ എംപിയും അവരവരുടെ മണ്ഡലത്തിലെ ഒരു ഗ്രാമം ഈ പദ്ധതി പ്രകാരം ഏറ്റെടുക്കണം. വീടില്ലാത്തവർക്കു വീട് വച്ചു നൽകുക, സാനിറ്റേഷൻ എന്നിവയാണു പ്രധാന ലക്ഷ്യങ്ങൾ.

സ്വച്ഛ്‌ ഭാരത് മിഷൻ (SBM)

ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടെ ഭാരതത്തിലൊട്ടാകെ സമ്പൂർണ ശുചിത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 2014 ഒക്ടോബർ രണ്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പരിപാടിയാണ് സ്വച്ഛ്‌ ഭാരത് മിഷൻ (SBM). പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജനരഹിതഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായാണ് കേന്ദ്രസർക്കാർ ഈ പദ്ധതി നടപ്പാക്കിയത്. കേന്ദ്രസർക്കാർ മുൻപ് നടത്തിവന്ന നിർമൽ ഭാരത് അഭിയാൻ എന്ന പദ്ധതി ഇതിനായി പുനരാവിഷ്‌കരിക്കുകയും ചെയ്‌തു. സ്വച്ഛ്‌ ഭാരത് മിഷൻ പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 75:25 അനുപാതത്തിലാണ്  ചെലവ് വഹിക്കുന്നത്.

അടൽ പെൻഷൻ യോജന (APY)

കൃഷിക്കാർ, സ്വയംതൊഴിൽ ചെയ്യുന്നവർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്കുള്ള കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതി. 2015ൽ നിലവിൽ വന്നു. 18 വയസ്സിനു മുകളിൽ 40 വയസ്സുവരെ പ്രായമുള്ളവർക്ക് ഈ പദ്ധതിയിൽ അംഗങ്ങളാകാം. മാസംതോറും നിശ്ചിത വരിസംഖ്യ കുറഞ്ഞത് 20 വർഷക്കാലം അടയ്ക്കണം. വരിസംഖ്യ ബാങ്ക് അക്കൗണ്ടിൽനിന്നു നേരിട്ട് അടയ്ക്കാവുന്നതാണ്. അറുപതു വയസ്സിനുശേഷം മാസ അടവ് പ്രകാരം ആയിരം രൂപ മുതൽ 5000 രൂപ വരെ പ്രതിമാസം പെൻഷൻ ലഭിക്കുന്നു. പദ്ധതിപ്രകാരം 18 വയസ്സിൽ പദ്ധതി ആരംഭിക്കുന്ന ഗുണഭോക്താവിന് പ്രതിമാസം 1000 രൂപ പെൻഷൻ ലഭിക്കുന്നതിനായി അടയ്‌ക്കേണ്ട മാസവരിസംഖ്യ 42 രൂപയും, ഇതേ വ്യക്തി 5000 രൂപ പെൻഷൻ ലഭിക്കുന്നതിനായി 210 രൂപ മാസവരിസംഖ്യയായി അടയ്ക്കണം. ഈ പദ്ധതി പ്രകാരം 40 വയസ്സിൽ പദ്ധതി ആരംഭിക്കുന്ന ഗുണഭോക്താവിന് പ്രതിമാസം 1000 രൂപ പെൻഷൻ ലഭിക്കുന്നതിനായി അടയ്‌ക്കേണ്ട മാസ വരിസംഖ്യ 291 രൂപയും, ഇതേ വ്യക്തി 5000 രൂപ പെൻഷൻ ലഭിക്കുന്നതിനായി 1454 രൂപ മാസവരി സംഖ്യയായി അടയ്ക്കണം.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (BBBP)

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2015 ജനുവരി 22ന് ആരംഭിച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (BBBP). പെൺകുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ലിംഗവിവേചനം അവസാനിപ്പിക്കുക, പെൺകുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, സാമൂഹികാന്തരീക്ഷം എന്നിവ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. 2015ൽ ഹരിയാനയിലെ പാനിപ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ശിശുലിംഗാനുപാതത്തിലുണ്ടാകുന്ന വ്യത്യാസം കുറയ്ക്കുക സ്ത്രീ ശാക്തീകരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കേന്ദ്ര ആരോഗ്യമന്ത്രാലയം, ശിശുക്ഷേമവകുപ്പ്, കേന്ദ്ര മാനവശേഷി വികസനവകുപ്പ് എന്നിവയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

സുകന്യ സമൃദ്ധി യോജന (Girl Child Prosperity Scheme)

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയോടൊപ്പം പെൺകുട്ടികൾക്കായി 2015ൽ ആരംഭിച്ച മറ്റൊരു പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി പെൺകുട്ടികൾക്കായി ആരംഭിച്ച അക്കൗണ്ടാണ് സുകന്യ സമൃദ്ധി അക്കൗണ്ട്. പെൺകുഞ്ഞുങ്ങളോട് വിവേചനം കാണിക്കാതിരിക്കാനും കുടുംബത്തിലെ വിഭവങ്ങളും അവസരവും സമ്പാദ്യവും ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും തുല്യമായി നൽകാനുള്ള പദ്ധതിയാണ് സുകന്യ സമൃദ്ധി അക്കൗണ്ട്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാൻ പെൺകുട്ടിയുടെ പേരിൽ മാതാപിതാക്കൾ ഓരോ വർഷവും നിശ്ചിത തുക പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ അടയ്ക്കണം. അക്കൗണ്ട് തുടങ്ങുന്ന സമയത്ത് പെൺകുട്ടിയുടെ പ്രായം 10 വയസ്സിൽ കൂടാൻ പാടില്ല. ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന (RGGVY)

ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2015 ഏപ്രിലിൽ ആരംഭിച്ച പദ്ധതിയാണ് രാജീവ്ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന (RGGVY). പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്നപ്പോളാണ് പദ്ധതി നടപ്പിലാക്കുന്നത്. റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനാണ് RGGVYയുടെ സേവനം ലഭ്യമാക്കുന്ന ഏജൻസി. ഈ പദ്ധതിയുടെ ചെലവ് വിഹിതം സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ 90 ശതമാനവും റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ 10 ശതമാനവുമാണ് വഹിക്കുന്നത്.

ദീൻദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന (DDUGJY)

ഗ്രാമങ്ങളിൽ സമ്പൂർണ്ണ വൈദ്യുതീകരണം ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സർക്കാർ 2015 ജൂലൈ 25ന് ആരംഭിച്ച പദ്ധതിയാണ് ദീൻദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന (DDUGJY). രാജ്യത്തെ എല്ലാ ഭവനങ്ങളിലും 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുകയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. സബ്‌സ്റ്റേഷനുകളുടെ നിർമ്മാണം, വിതരണ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കൽ, ഊർജമീറ്ററുകൾ മാറ്റിസ്ഥാപിക്കൽ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സർവീസ് കണക്‌ഷൻ നൽകൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ.

പ്രധാനമന്ത്രി ആവാസ് യോജന - ഹൗസിംഗ് ഫോർ ആൾ (അർബൻ)

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2015 ജൂൺ 25ന് നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന - ഹൗസിംഗ് ഫോർ ആൾ (അർബൻ). 2022 ഓടുകൂടി നഗരപ്രദേശങ്ങളിലെ നിർധരരായ ജനങ്ങൾക്ക് ഭവനം നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന - ഹൗസിംഗ് ഫോർ ആൾ (അർബൻ). കുടുംബനാഥയുടെയോ, ദമ്പതികളുടെയോ അല്ലെങ്കിൽ കുടുംബനാഥയുടെ അഭാവത്തിൽ മുതിർന്ന പുരുഷ അംഗത്തിന്റെ പേരിൽ വീട് രജിസ്റ്റർ ചെയ്യാം. 21 മുതൽ 55 വയസ്സ് വരെയുള്ളവർക്കാണ് പദ്ധതി പ്രകാരം വീടുകൾ നിർമ്മിച്ച് നൽകുന്നത്. പ്രധാനമന്ത്രി ആവാസ് യോജന - ഹൗസിംഗ് ഫോർ ആൾ (അർബൻ) പദ്ധതിയുടെ ചെലവ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വഹിക്കുന്നത് 75:25 എന്ന അനുപാതത്തിലാണ്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ 90:10 അനുപാതത്തിലാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചെലവ് വഹിക്കുന്നത്.

പ്രധാനമന്ത്രി സുരക്ഷ ബീമ യോജന (PMSBY)

ബാങ്കുകളുമായി സഹകരിച്ച് കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷ ബീമ യോജന (PMSBY). ഇൻഷുറൻസ് പരിരക്ഷ പരമാവധി രണ്ടു ലക്ഷം രൂപ വരെ. ഭാഗികമായി അംഗവൈകല്യം സംഭവിക്കുന്നവർക്ക് 1 ലക്ഷം രൂപ ഇൻഷുറൻസ് തുകയായി ലഭിക്കും. പൂർണ അംഗവൈകല്യത്തിനും മരണത്തിനും ഈ തുക ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് പരമാവധി ഒരു ലക്ഷം രൂപ ലഭിക്കും. പ്രായപരിധി 18 മുതൽ 70 വയസ്സുവരെ. പ്രീമിയം തുക രൂ. 12+ സർവീസ് ടാക്‌സ്. കാലാവധി ഒരു വർഷം. ഒരു വർഷത്തെ കാലാവധിക്കുശേഷം പ്രീമിയം അടച്ച് ഇൻഷുറൻസ് പുതുക്കണം.

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY)

ബാങ്കുകളുമായി സഹകരിച്ച് കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന (PMJJBY). രണ്ടു ലക്ഷം രൂപയാണ് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ. പ്രായപരിധി 18 മുതൽ 50 വയസ്സുവരെ. പ്രീമിയം തുക രൂ. 330+ സർവീസ് ടാക്‌സ്. സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ള ഏതൊരാൾക്കും ഈ പദ്ധതിയിൽ അംഗമാകാം.

സ്മാർട്ട് സിറ്റി മിഷൻ (SCM)

ഇന്ത്യയിൽ നടപ്പാക്കിയ പ്രധാനപ്പെട്ട നഗര വികസന പദ്ധതികളിൽ ഒന്നാണ് സ്മാർട്ട് സിറ്റി മിഷൻ (SCM). സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പ്രാദേശിക വികസനത്തിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യവുമായി 2016 ജൂൺ 25ന് ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതിയാണ് സ്മാർട്ട് സിറ്റി മിഷൻ. 2016ൽ ആരംഭിച്ച പദ്ധതിയിൽ 100 നഗരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ പ്രധാനപ്പെട്ട വികസന പദ്ധതിയാണ് സ്മാർട്ട് സിറ്റി മിഷൻ (SCM). നഗരഗതാഗതം, വിനോദസഞ്ചാരം, സോഫ്റ്റ്‌വേർ വികസനം എന്നിവയാണ് സ്മാർട്ട് സിറ്റി പദ്ധതിയിൽ ഊന്നൽ നൽകുക. കേരളത്തിൽ നിന്നും പദ്ധതിയിൽ തിരഞ്ഞെടുത്ത ആദ്യത്തെ ജില്ലയാണ് കൊച്ചി.

പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ (PMAY-G)

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2016 നവംബർ 20ന് നിലവിൽ വന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ (PMAY-G). ആഗ്രയിലാണ് (ഉത്തർ പ്രദേശ്) പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ ഉദ്‌ഘാടനം ചെയ്‌തത്‌. ഇന്ദിര ആവാസ് യോജനയുടെ നവീകരിച്ച പദ്ധതിയാണിത്. 2022 ഓടുകൂടി ഗ്രാമപ്രദേശങ്ങളിലെ എല്ലാവർക്കും ഭവനം നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിപ്രകാരം വീട് രജിസ്റ്റർ ചെയ്‌തു നൽകുന്നത് ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും പേരിലോ അല്ലെങ്കിൽ വിധവകൾ, വിവാഹമോചനം നേടിയവർ, അവിവാഹിതർ എന്നിവരുടെ പേരിലോ ആയിരിക്കും. 60:40 എന്ന അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ചെലവ് വഹിക്കുന്നത്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ 90:10 എന്ന അനുപാതത്തിലാണ് പദ്ധതിയുടെ ചെലവ് വഹിക്കുന്നത്. കേന്ദ്രഭരണപ്രദേശങ്ങളിൽ 100% ചെലവും വഹിക്കുന്നത് കേന്ദ്രസർക്കാരാണ്. ഡൽഹി, ചണ്ഡീഗഢ് എന്നീ സ്ഥലങ്ങളെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി വയ വന്ദന യോജന (PMVVY)

രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം വഴി നൽകുന്ന പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന (PMVVY). തുടക്കത്തിൽ 2017 മുതൽ 2020 മാർച്ച് വരെയായിരുന്നു പദ്ധതിയുടെ കാലയളവ്. എന്നാൽ 2020ൽ കേന്ദ്ര മന്ത്രിസഭ പദ്ധതിയുടെ കാലയളവ് 2023 മാർച്ച് വരെ ദീർഘിപ്പിച്ചു. ഒറ്റതവണയായി അടച്ച തുകയ്ക്ക് 7.4% നിരക്കിൽ വാർഷിക പലിശ കിട്ടും. പദ്ധതിപ്രകാരം ഏറ്റവും കുറഞ്ഞ മാസ പെൻഷനായ 1000 രൂപ ലഭിക്കുന്നതിനായി 162162 രൂപയും, കൂടിയ മാസ പെൻഷൻ തുകയായ 9250 രൂപ ലഭിക്കുന്നതിനായി 15 ലക്ഷം രൂപയും ഗുണഭോക്താവ് ഒറ്റതവണയായി മുൻ‌കൂർ അടയ്ക്കണം. ഗുണഭോക്താവിന് സ്വന്തം സൗകര്യാർത്ഥം 1 മാസം/ 3 മാസം/ 6 മാസം/ 1 വർഷം എന്നീ രീതികളിൽ പെൻഷൻ തുക കൈപ്പറ്റാം. PMVVYയുടെ നടത്തിപ്പ് ചുമതല ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കാണ്.

രാഷ്ട്രീയ വയോശ്രീ യോജന (RVY)

മുതിർന്ന പൗരന്മാർക്കുവേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് രാഷ്ട്രീയ വയോശ്രീ യോജന (RVY). 2017ലാണ് രാഷ്ട്രീയ വയോശ്രീ യോജന നിലവിൽ വന്നത്. ഗുണഭോക്താക്കൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സഹായ ഉപകരണങ്ങൾ നൽകുകയാണ് RVY പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട കാഴ്ചകുറവ്, കേൾവി കുറവ്, നാഡീസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ള മുതിർന്ന പൗരന്മാരാണ്  RVYയുടെ ഗുണഭോക്താക്കൾ. കേന്ദ്ര സാമൂഹിക നീതി - ശാക്തീകരണ മന്ത്രാലയമാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ആയുഷ്‌മാൻ ഭാരത് യോജന (PMJAY)

2018ലെ കേന്ദ്ര ബജറ്റിൽ ധനകാര്യ മന്ത്രി അവതരിപ്പിച്ച ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്‌മാൻ ഭാരത്. 2018 സെപ്റ്റംബർ 23നാണ് ആയുഷ്‌മാൻ ഭാരത് ഉദ്‌ഘാടനം ചെയ്‌തത്‌. ആയുഷ്‌മാൻ ഭാരതിന്റെ ഘടകങ്ങൾ.

1. ഹെൽത്ത് ആന്റ് വെൽനസ്സ് സെന്റർ

2. പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (PM-JAY)

പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന മുൻപ് അറിയപ്പെട്ടിരുന്നത് നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്‌കീം എന്നാണ്. ഇന്ത്യയിലെ ദരിദ്രരായ 10 കോടി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ/ഒരു കുടുംബത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണ് PM-JAY.

Post a Comment

0 Comments
Post a Comment (0)