കേരളത്തിലെ സാമൂഹ്യ ക്ഷേമ പദ്ധതികൾ

Arun Mohan
0

കേരളത്തിലെ സാമൂഹ്യ ക്ഷേമ പദ്ധതികൾ (Social Welfare Schemes in Kerala)

ദാരിദ്ര്യം ലഘൂകരിക്കുന്നതിനും തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിനുമായി നിരവധി ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളും അടിസ്ഥാന സൗകര്യ വികസന പരിപാടികളും കേരളത്തിൽ നടപ്പിലാക്കി വരുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും 'കുടുംബശ്രീ' നിലവിൽ വന്നിട്ടുണ്ട്. സാമൂഹ്യക്ഷേമവകുപ്പിനു കീഴിൽ നിരവധി ക്ഷേമസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്കുവേണ്ടി 40ൽ അധികം പെൻഷൻ പദ്ധതികളാണ് കേരളത്തിൽ ഉള്ളത്. അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി കേരളത്തിൽ നിരവധി ക്ഷേമനിധി ബോർഡുകളുണ്ട്. കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കിവരുന്നു.

കുടുംബശ്രീ - സ്വയം സഹായ സംഘങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും സ്ത്രീ ശാക്തീകരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുക്കൂടി ആരംഭിച്ച പദ്ധതിയാണ് കുടുംബശ്രീ.

ആശ്രയ - സമൂഹത്തിന്റെ മുഖ്യധാരയിൽ ഇടംലഭിക്കാത്ത നിരാലംബരായ ആളുകൾക്ക് അതിജീവന ആവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്ന സംരംഭമാണ് ആശ്രയ.

മഹിളാമന്ദിരം - വിധവകൾ, വിവാഹമോചിതർ, അഗതികളായ സ്ത്രീകൾ എന്നിവർക്കു താമസ സൗകര്യമൊരുക്കുന്ന സ്ഥാപനം. ആറു വയസ്സുവരെയുള്ള കുട്ടികളെ കൂടെ താമസിപ്പിക്കാം.

സനാഥ ബാല്യം - അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി.

കോട്ടയം യുവജന സംരംഭക സഹകരണ സംഘം - യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് കേരള സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ ആരംഭിച്ച ആദ്യ യുവജന സഹകരണ സംഘം.

സഹജീവനം ഭിന്നശേഷി സഹായ കേന്ദ്ര പദ്ധതി - സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് നിലവിൽ വന്ന സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി.

ശരണബാല്യം - കുട്ടികൾക്കെതിരെയുള്ള ചൂഷണം (ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം) തടയുന്നതിനായി സാമൂഹ്യനീതിവകുപ്പ് ആരംഭിച്ച പദ്ധതി.

കെ.ഫോൺ - ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യമായി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുവാനായി കേരള സർക്കാർ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതി.

അഭയകിരണം - അഭയസ്ഥാനമില്ലാത്ത വിധവകൾക്ക് അഭയവും കുടുംബ ചുറ്റുപാടും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി.

കവചം - ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വീടിനകത്തും പുറത്തും സുരക്ഷിതമായ ജീവിതം ഉറപ്പാക്കുന്നതിനായുള്ള കേരള പോലീസിന്റെ പദ്ധതി.

തീരമൈത്രി - കേരളത്തിലെ തീരദേശമേഖലയുടെ വികസനം ലക്ഷ്യമാക്കി വനിതാ മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതി.

വാത്സല്യനിധി - പട്ടികജാതി വികസനവകുപ്പ്, എൽ.ഐ.സി എന്നിവ സംയുക്തമായി പെൺകുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആരംഭിച്ച ഇൻഷുറൻസ് പദ്ധതി - വാത്സല്യനിധി

പരിരക്ഷ - അംഗപരിമിതർക്ക് അടിയന്തിരഘട്ടങ്ങളിൽ സഹായം നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി.

ജനകീയ ഭക്ഷണശാല (ആലപ്പുഴ) - വിശപ്പു രഹിത കേരളം എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്ക് സൗജന്യമായി ഭക്ഷണം നൽകുന്നതിനായി ആരംഭിച്ച സംരംഭം.

നവകേരള നിധി - കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനും ജനങ്ങൾ, സ്ഥാപനങ്ങൾ, തുടങ്ങിയവരിൽ നിന്നും സ്വമേധയായുള്ള സാമ്പത്തിക സഹായം സമാഹരിക്കുന്നതിനും വേണ്ടി ആരംഭിച്ച സംരംഭം.

ജനനി ജന്മരക്ഷ - കേരളത്തിലെ പട്ടികവർഗ്ഗക്കാരായ ഗർഭിണികൾക്കും അമ്മമാർക്കും പോഷകാഹാരത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതി.

കിസാൻ അഭിമാൻ - 60 വയസ്സ് കഴിഞ്ഞ കർഷകർക്കുവേണ്ടി കൃഷിവകുപ്പ് ആരംഭിച്ച പെൻഷൻ പദ്ധതി. കർഷകർക്കു വേണ്ടി പെൻഷൻ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.

ഗോത്ര വാത്സല്യനിധി - പട്ടികവർഗ്ഗത്തിൽപ്പെട്ട പെൺകുട്ടികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി.

അന്നദായിനി - കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തിൽ ആദിവാസി വിഭാഗങ്ങൾക്ക് പോഷകാഹാരം നൽകുന്ന പദ്ധതി.

സ്‌മൃതിവനം - നിർധനരായ പട്ടികജാതി കുടുംബങ്ങളിലെ അംഗങ്ങൾ മരിച്ചാൽ ശവസംസ്‌കാരത്തിന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുമായി ചേർന്ന് ശ്മശാനങ്ങൾ സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പദ്ധതി.

വിജ്ഞാൻ വാടി - പട്ടികജാതി കോളനികളോടനുബന്ധിച്ച് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ, ലൈബ്രറി, വായനശാല എന്നിവ സജ്ജീകരിക്കുന്ന പദ്ധതി.

ഓപ്പറേഷൻ സുലൈമാനി - കോഴിക്കോട് നഗരത്തിൽ ആരും വിശന്നിരിക്കാതിരിക്കാൻ ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷൻ സുലൈമാനി. മലപ്പുറമാണ് ഓപ്പറേഷൻ സുലൈമാനി നടപ്പിലാക്കിയ രണ്ടാമത്തെ ജില്ല. 'ഓപ്പറേഷൻ സുലൈമാനി'ക്ക് നേതൃത്വം നൽകിയ കോഴിക്കോട് ജില്ലാ കളക്ടർ, എൻ.പ്രശാന്ത്.

സമഗ്ര - ആദിവാസി ഊരുകളിലെ ജനങ്ങൾക്ക് സാക്ഷരത ഉറപ്പുവരുത്തുന്ന സംസ്ഥാന സാക്ഷരതാ മിഷന്റെ പദ്ധതി.

മാതൃജ്യോതി - പലതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്ക് ധനസഹായം നൽകുന്നതിനുള്ള കേരള സർക്കാർ പദ്ധതി.

പുനർഗേഹം - തീരപ്രദേശത്തു നിന്ന് 50 മീറ്റർ വരെ ദൂരത്തിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി.

ഉജ്ജീവൻ - പ്രളയ ബാധിതർക്കു 10 ലക്ഷം രൂപ വരെ വായ്‌പ നൽകുന്ന കേരള സർക്കാർ പദ്ധതി.

MEDISEP - കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി.

വയോക്ഷേമ - നിരാലംബരും നിർധനരുമായ വയോധികരെ സംരക്ഷിക്കുന്നതിനായി കേരളത്തിലെ എല്ലാ ജില്ലയിലും ആരംഭിച്ച കോൾ സെന്റർ.

സഫലം - ഡിഗ്രി, ഡിപ്ലോമ തലത്തിലുള്ള പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നതിനായി ഭിന്നലിംഗക്കാർക്ക് സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി.

ഹാർബർ ടു മാർക്കറ്റ് - ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഗുണമേന്മയുള്ള മത്സ്യം ന്യായവിലയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി.

വിശപ്പുരഹിത കേരളം - സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഭക്ഷണ വിതരണ പദ്ധതി.

പടവുകൾ പദ്ധതി (Padavukal Scheme)

വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായ പദ്ധതിയാണ് 'പടവുകൾ'. വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള പദ്ധതിയാണിത്. വിവിധ പ്രൊഫഷണൽ കോഴ്‌സുകൾക്ക് സർക്കാർ - എയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ പഠിക്കുന്ന അവരുടെ കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുന്ന പദ്ധതി. 2018-19 മുതലാണ് ഇത് നടപ്പാക്കിത്തുടങ്ങിയത്. പദ്ധതി ഗുണഭോക്തതാവിന്റെ കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. ഒരു കുടുംബത്തിലെ 2 പേർക്ക് ധനസഹായത്തിന് അർഹതയുണ്ട്.

മംഗല്യ പദ്ധതി (Mangalya Scheme)

സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർ വിവാഹത്തിന് 25000 രൂപ ധനസഹായം നൽകുന്നതാണ് മംഗല്യ പദ്ധതി. 2008 മുതൽ സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കിവരുന്നു. ഈ പദ്ധതിയുടെ നിർവഹണച്ചുമതല ജില്ലാ വനിത - ശിശുവികസന ഓഫീസർക്കാണ്. 18 നും 50 നും മധ്യേ പ്രായമുള്ള വിധവകളുടെ പുനർവിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്.

സഹായ ഹസ്‌തം പദ്ധതി (Sahayahastham Scheme)

വിധവകൾക്ക് സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയാണ് സഹായഹസ്‌തം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തതും 55 വയസിന് താഴെയുള്ളവരുമായ വിധവകൾക്ക് ഗ്രാന്റായി 30000 രൂപ അനുവദിക്കുന്നു. ജില്ലാതല മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ കമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗുണഭോക്താവിനാണ് പദ്ധതിയുടെ ധനസഹായം ലഭിക്കുക. ഒരു ജില്ലയിൽ നിന്നും ഒരു വർഷം 10 പേർക്ക് ഇപ്രകാരം ധനസഹായം അനുവദിക്കുന്നു. ഭിന്നശേഷിക്കാരായ മക്കളുള്ളവർ, പെൺകുട്ടികൾ മാത്രമുള്ളവർ, പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തവർ എന്നിവർക്ക് പദ്ധതിയിൽ മുൻഗണന ഉണ്ട്. കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, വനിതാ കൂട്ടായ്‌മകൾ തുടങ്ങിയ ഗ്രൂപ്പുകളിൽ അംഗമായിട്ടുള്ളവർക്കും മുൻഗണന ലഭിക്കുന്നു. 2018 - 19 മുതൽ നടപ്പാക്കി വരുന്ന പദ്ധതിയാണിത്. വിധവകളെക്കൂടാതെ വിവാഹ മോചിതർ, ഭർത്താവ് ഉപേക്ഷിച്ചവർ എന്നിവരും ഈ ധനസഹായത്തിന് അർഹരാണ്. ഗുണഭോക്തതാവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം.

സാന്ത്വനം പദ്ധതി (Santhwanam Scheme)

ആരോഗ്യപരിപാലനരംഗത്ത് കുടുംബശ്രീ മുഖാന്തരം നടപ്പാക്കുന്ന പദ്ധതിയാണ് സാന്ത്വനം. ജീവിതശൈലി രോഗങ്ങൾ തിരിച്ചറിയാനായി വീടുകളിലെത്തി രക്തപരിശോധന ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകാനും അതുവഴി സ്ത്രീകളുടെ ഉപജീവനത്തിനുള്ള അവസരമാക്കി മാറ്റാനും സാന്ത്വനം പദ്ധതിയിലൂടെ കഴിയുന്നു. 2006ൽ ആണ് സാന്ത്വനം പദ്ധതി ആവിഷ്‌കരിച്ചത്. ബി.പി, പ്രമേഹം എന്നിവ വീടുകളിൽ നേരിട്ടെത്തി പരിശോധിക്കുന്ന പദ്ധതിയാണിത്.

ഉജ്ജ്വല ഹോം പദ്ധതി (Ujjawala Home Scheme)

ലൈംഗികചൂഷണം തടയുക, ചൂഷണത്തിനിരയായവരെ മോചിപ്പിക്കുക, അവരെ പുനരധിവസിപ്പിക്കുക, പുനരേകീകരിക്കുക, സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരിക തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കാൻ അംഗീകൃത സംഘടനകൾക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ഉജ്ജ്വല. സംസ്ഥാനത്ത് നിലവിൽ മൂന്ന് ഹോമുകളാണ് ഉജ്ജ്വല പദ്ധതിപ്രകാരം പ്രവർത്തിച്ചുവരുന്നത്. കൾച്ചറൽ അക്കാദമി ഫോർ പീസ് (എറണാകുളം), സെന്റ് ബർണഡിറ്റ് ഹോം ഫോർ വിമൻ (കോഴിക്കോട്), പി.സരോജിനി അമ്മ സ്‌മാരക മഹിളാ സമാജം (മഞ്ചേരി, മലപ്പുറം). പദ്ധതിപ്രകാരം മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു ഹോമിന് ഒരു ലക്ഷം രൂപയും പുനരധിവാസപ്രവർത്തനങ്ങൾക്ക് ഒരു ഹോമിന് 25,23,500 രൂപയും എന്ന നിരക്കിൽ 60:30:10 എന്ന അനുപാതത്തിൽ യഥാക്രമം കേന്ദ്രം, സംസ്ഥാനം, സംഘടന എന്നിവർ വഹിക്കുന്നു.

പദ്ധതിയുടെ ലക്ഷ്യങ്ങൾ:

ബോധവത്ക്കരണ പരിപാടികൾ, സെമിനാറുകൾ, പ്രാഭാഷണങ്ങൾ എന്നിവ വഴി ജനങ്ങളിൽ അവബോധം സൃഷ്ടിച്ച് സ്ത്രീകളിലെയും കുട്ടികളിലെയും ലൈംഗിക ചൂഷണം തടയുക.

ചൂഷണം നടന്ന സ്ഥലത്ത് നിന്നും ഇരകളെ മോചിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കുക.

ചൂഷണത്തിന് ഇരയായവർക്ക് താമസം, വസ്ത്രം, ഭക്ഷണം, കൗൺസലിംഗ്, വൈദ്യസഹായം, നിയമ സഹായം, തൊഴിൽ പരിശീലനം എന്നിവ നൽകി പുനരധിവസിപ്പിക്കുക.

ചൂഷണത്തിനു ഇരയായവരെ പുനരേകീകരിച്ച് കുടുംബത്തിലേക്കും സമൂഹത്തിലേയ്ക്കും തിരികെ എത്തിക്കുക.

ചൂഷണത്തിനിരയായ പ്രവാസികളെ പുനരധിവസിപ്പിക്കുക.

പ്രത്യാശ പദ്ധതി (കുടുംബശ്രീ) : സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട ദരിദ്രജനവിഭാഗങ്ങളിൽ ഉൾപ്പെടുന്ന സ്ത്രീകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും തൊഴിലവസരം സൃഷ്ടിക്കുകയും സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാക്കുകയുമാണ് പ്രത്യാശ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2017 ലാണ് പ്രത്യാശ പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. ദാരിദ്ര്യ നിർമ്മാർജ്ജനം, സ്ത്രീശാക്തീകരണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

പ്രത്യാശ പദ്ധതി (കേരള സാമൂഹ്യ സുരക്ഷ മിഷൻ) : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് സഹായധനം നൽകാനുള്ള പദ്ധതിയാണിത്. കേരള സാമൂഹ്യ സുരക്ഷ മിഷൻ കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.

പ്രത്യാശ (കേരള സർക്കാർ) : പബ്ലിക് റിഹാബിലിറ്റേഷൻ സെന്ററുകളിൽ താമസിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മുതിർന്ന പൗരന്മാർ, അഗതികൾ, വികലാംഗർ, മാനസിക വെല്ലുവിളി നേരിടുന്നവർ, അനാഥർ തുടങ്ങിയവരെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള പദ്ധതി. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ PRC കളിലും ക്ഷേമസ്ഥാപനങ്ങളിലും താമസിക്കുന്ന 100 പേരെ തിരഞ്ഞെടുത്ത് നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കുന്നു. ഇതര സംസ്ഥാനക്കാരെ അവരുടെ കുടുംബത്തിലേക്ക് മടക്കി അയക്കുകയോ അല്ലെങ്കിൽ സമ്മതപത്രം സ്വീകരിച്ച് അവരുടെ ജന്മ ജില്ലയിലെ ഒരു ക്ഷേമ സ്ഥാപനത്തിൽ പാർപ്പിക്കുകയോ ചെയ്യും.

കെപ്കോ പദ്ധതികൾ (KEPCO Schemes)

കോഴി വളർത്തൽ മേഖലയുടെ സമഗ്രവികസനം, നവീകരണം എന്നിവയിലൂടെ കോഴിയിറച്ചി, മുട്ട എന്നിവയുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന സർക്കാർ സംരംഭമാണ് കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ (കെപ്കോ).

കെപ്കോ ആശ്രയ : വിധവകൾക്കായുള്ള കെപ്കോയുടെ ആശ്വാസ പദ്ധതിയാണ് ആശ്രയ. ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗുണഭോക്തതാവിന് 10 കോഴിയും 3 കിലോ തീറ്റയും മരുന്നും സൗജന്യമായി നൽകുന്നു.

നഗരപ്രിയ : നഗരങ്ങളിലെ മുട്ടയുത്പാദനം വർധിപ്പിക്കാനും മാലിന്യങ്ങളുടെ സുഗമമായ നിർമാർജനത്തിനും വഴിയൊരുക്കി നഗരവാസികളായ സ്ത്രീകളെ ലക്ഷ്യമിട്ട് കെപ്കോ നടപ്പാക്കുന്ന പദ്ധതിയാണ് നഗരപ്രിയ. ഓരോ ഗുണഭോക്തതാവിനും അഞ്ച് കോഴി, അഞ്ച് കിലോ തീറ്റ, ആധുനികരീതിയിലെ ഒരു കൂട്, മരുന്ന് എന്നിവ പദ്ധതിയിലൂടെ ലഭ്യമാക്കുന്നു.

വനിതാമിത്രം : കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങൾക്കായി നടപ്പാക്കുന്നതാണ് കെപ്കോ വനിതാമിത്രം പദ്ധതി. ഓരോ ഗുണഭോക്താവിനും 10 കോഴിയും ഒരു കിലോ തീറ്റയും മരുന്നുമാണ് നൽകുന്നത്.

നിഴൽ പദ്ധതി (Nizhal Scheme)

രാത്രികാലങ്ങളിൽ പൊതു ഇടങ്ങളിലോ വീടുകളിലോ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാനായി കേരളാ പോലീസ് നടപ്പാക്കുന്ന പദ്ധതിയാണ് നിഴൽ. 112 എന്ന നമ്പറിൽ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അതത് സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽനിന്ന് സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. മുതിർന്ന പൗരൻമാർക്കും ഈ സേവനം ലഭിക്കും. തിരുവനന്തപുരത്തെ പോലീസ് അസ്ഥാനത്താണ് ഈ സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് ആസ്ഥാനത്തെ കമാൻഡ് സെന്ററിലാണ് ഫോൺ കോളുകൾ ലഭിക്കുക.  നിഴല്‍ സംവിധാന പ്രകാരം കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നും ഏത് സമയത്തും ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്.

വയോമിത്രം പദ്ധതി (Vayomithram Project)

65 വയസ്സിനുമുകളിലുള്ള വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് വയോ മിത്രം. സംസ്ഥാനത്തെ മുനിസിപ്പൽ/ കോർപ്പറേഷൻ പ്രദേശങ്ങളിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2010 - 2011 സാമ്പത്തികവർഷം തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലാണ് പദ്ധതി ആരംഭിച്ചത്. പിന്നീട് മറ്റു ജില്ലാ ആസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. മൊബൈൽ ക്ലിനിക്, പാലിയേറ്റീവ് കെയർ, ഹെൽപ്പ് ഡെസ്ക് എന്നിവയിലൂടെ സൗജന്യമായി മരുന്നുകൾ നൽകുന്നു. ആംബുലസ്, ഹെൽപ്പ് ഡെസ്ക് എന്നിവ പദ്ധതിയുടെ ഭാഗങ്ങളാണ്. ഈ പദ്ധതിയിൽ പാലിയേറ്റിവ് കെയറുകളിലൂടെ കിടപ്പിലായ രോഗികൾക്ക് സൗജന്യ പരിചരണം നൽകുന്നു.

ആശ്വാസകിരണം പദ്ധതി (Aswasakiranam Scheme)

പ്രായാധിക്യംകൊണ്ടും കാൻസർ മുതലായ പലവിധ രോഗങ്ങളാലും കിടപ്പിലാകുകയും ദൈനംദിനകാര്യങ്ങൾ നിർവഹിക്കാൻ പരസഹായം ആവശ്യമാകുകയും ചെയ്യുന്ന അവസ്ഥയിലുള്ള ആളുകളെയും അവരുടെ പരിചാരകരെയും ഉൾപ്പെടുത്തി, പരിചരിക്കുന്നവർക്ക് പ്രതിമാസം സഹായധനമനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. കേരള സർക്കാരാണ് പദ്ധതി ആരംഭിച്ചത്. തീവ്രമായ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർക്കും 100 ശതമാനം അന്ധത ബാധിച്ചവർക്കും ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി എന്നീ രോഗങ്ങൾ ബാധിച്ചവർക്കും ഈ പദ്ധതി ഉപയോഗപ്പെടുത്താം. കേരള സാമൂഹ്യ സുരക്ഷ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്.

ആരോഗ്യ കിരണം പദ്ധതി (Arogyakiranam Scheme)

18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടകീഴിൽ കൊണ്ടുവരുന്ന പദ്ധതിയാണ് ആരോഗ്യകിരണം. രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുന്ന 30 രോഗങ്ങൾക്കുപുറമെയുള്ള എല്ലാ രോഗങ്ങൾക്കും ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സ സഹായം ലഭിക്കും. സംസ്ഥാന സർക്കാരാണ് സഹായധനം ലഭ്യമാക്കുന്നത്. ആശ്വാസകിരണം പദ്ധതിയിലൂടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മരുന്നുകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവ സൗജന്യമായി ലഭിക്കും. സർക്കാർ ആശുപത്രിയില്‍ നിന്നും ലഭിക്കാത്ത സേവനങ്ങൾ ആശുപത്രിയുമായി എംപാനല്‍ ചെയ്തിട്ടുള്ള തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും.

പരിണയം പദ്ധതി (Parinayam Scheme)

ഭിന്നശേഷിമൂലം സാമ്പത്തികക്ലേശം അനുഭവിക്കുന്നവരുടെ പെൺമക്കൾക്കും, ഭിന്നശേഷിയുള്ള പെൺകുട്ടികൾക്കും നിയമാനുസൃത വിവാഹം നടത്താനുള്ള ചെലവിന് ധനസഹായം നൽകുന്ന പദ്ധതിയാണ് പരിണയം. ഗുണഭോക്താക്കൾക്ക് 30,000 രൂപ വരെയാണ് സഹായം ലഭിക്കുക. കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. ഒരു വ്യക്തിയുടെ രണ്ട് പെൺമക്കളുടെ വിവാഹത്തിന് ധനസഹായത്തിനായി അപേക്ഷ നൽകാവുന്നതാണ്. എന്നാൽ ആദ്യത്തെ വിവാഹത്തിന് ധനസഹായം ലഭിച്ചുകഴിഞ്ഞ് ചുരുങ്ങിയത് മൂന്ന് വർഷത്തിനുശേഷം മാത്രമേ രണ്ടാമത്തെ കുട്ടിയുടെ ധനസഹായ അപേക്ഷ സമർപ്പിക്കാൻ കഴിയുള്ളൂ.

മാതൃജ്യോതി പദ്ധതി (Mathru Jyothi Scheme)

ഭിന്നശേഷിയുള്ള അമ്മമാർക്ക് കുഞ്ഞിന് രണ്ട് വയസ്സ് തികയുന്നതുവരെ പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് മാതൃജ്യോതി. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാർക്ക് കുഞ്ഞിന്റെ പരിചരണം മികച്ച രീതിയിൽ പൂർത്തിയാക്കാൻ ഇതിലൂടെ കഴിയുന്നു. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. പരമാവധി രണ്ട് തവണ വരെയാണ് മാതൃജ്യോതി പ്രകാരം ആനുകൂല്യം ലഭിക്കുക. സാമൂഹ്യ നീതി വകുപ്പാണ് പദ്ധതി ആരംഭിച്ചത്.

എന്റെ കൂട് പദ്ധതി (Ente Koodu Scheme)

അഗതികളും തെരുവോരങ്ങളിൽ കഴിയുന്നവരുമായ സ്ത്രീകൾക്ക് സുരക്ഷിതമായി അന്തിയുറങ്ങാനുള്ള സംവിധാനമാണ് എന്റെ കൂട് പദ്ധതി. നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും രാത്രി കാലങ്ങളിൽ സുരക്ഷിതമായി താമസിക്കുവാൻ ഒരു രാത്രികാല അഭയകേന്ദ്രം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ വിഭാവനം ചെയ്‌ത പദ്ധതിയായിരുന്നു എന്റെ കൂട്. നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും 12 വയസ്സുവരെയുള്ള കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സാമൂഹിക നീതി വകുപ്പ് ആരംഭിച്ച സംരംഭമാണിത്. കുട്ടികൾക്ക് മാത്രമായി അഡ്‌മിഷൻ അനുവദിക്കില്ല. വൈകുന്നേരം 5 മണി മുതൽ പിറ്റേന്ന് രാവിലെ ഏഴ് മണി വരെയാണ് സ്ഥാപനത്തിന്റെ പ്രവർത്തന സമയം. മാസത്തിൽ ഒരാൾക്ക് പരമാവധി 3 ദിവസത്തേക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. അധികമായി വേണ്ടിവരുന്ന ഓരോ ദിവസത്തിനും 150 രൂപ ക്രമത്തിൽ അടച്ച് പ്രവേശനം നേടാവുന്നതാണ്. 2015 ഓഗസ്റ്റിലാണ് പദ്ധതിക്ക് തുടക്കമായത്. കോഴിക്കോട്ടെ പുതിയറയിലാണ് ആദ്യത്തെ 'എന്റെ കൂട്'. 2018ൽ തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനനിലെ KTDFC കെട്ടിടത്തിലും പ്രവർത്തനമാരംഭിച്ചു.

ശരണ്യ പദ്ധതി (Sharanya Scheme)

കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർചെയ്തിട്ടുള്ള തൊഴിൽരഹിതരായ വിധവകൾ, ഭർത്താവ് ഉപേഷിച്ചവർ, നിയമാനുസൃതം വിവാഹബന്ധം വേർപ്പെടുത്തിയവർ, അവിവാഹിതർ, പട്ടികവർഗത്തിലെ അവിവാഹിതരായ അമ്മമാർ എന്നീ വിഭാഗത്തിൽ വരുന്ന അശരണരായ സ്ത്രീകൾക്കായി വിഭവനംചെയ്തിരിക്കുന്ന സ്വയംതൊഴിൽ പദ്ധതിയാണ് ശരണ്യ. 2010 - 2011 സാമ്പത്തികവർഷത്തിലാണ് പദ്ധതി ആരംഭിച്ചത്. 18 നും 55 നും ഇടയ്ക്ക് പ്രായമുള്ളവരാണ് ആനുകൂല്യത്തിനർഹർ.

സ്വാശ്രയ പദ്ധതി (Swasraya Scheme)

തീവ്രമായ ശാരീരിക - മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സംരക്ഷിക്കുന്ന സ്ത്രീകൾക്ക് സ്വയംതൊഴിൽ ആരംഭിക്കാനുള്ള ഒറ്റത്തവണ ധനസഹായ പദ്ധതിയാണ് സ്വാശ്രയ. ജീവിതത്തിൽ പല കാരണങ്ങളാൽ ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്കാണ് പദ്ധതി ഉപകരിക്കുക. പദ്ധതിയിലൂടെ ഒറ്റത്തവണ ധനസഹായമായി 35,000 രൂപ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നു. 70% അല്ലെങ്കിൽ അതിൽ കൂടുതൽ വൈകല്യമുള്ള ബി.പി.എൽ കുടുംബത്തിലെ കുട്ടികളുടെ മാതാപിതാക്കൾക്കാണ് സഹായം ലഭിക്കുക.

വി-കെയർ പദ്ധതി (WE-CARE Scheme)

സാമൂഹികനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷനിലൂടെ തുടക്കം കുറിച്ച സംരംഭമാണ് വി കെയർ. വ്യക്തികൾ, സന്നദ്ധസംഘടനകൾ, ഫൗണ്ടേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവയിൽ നിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള വിഭവസമാഹരണം നടത്തി ആ തുക ഉപയോഗിച്ച് പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹിക - രാഷ്ട്രീയ സംഘടനാ സംവിധാനങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാ വിഭാഗങ്ങളെയും കോർത്തിണക്കി ഒരു സാമൂഹികാധിഷ്ഠിത പരിചരണ - സേവന ശൃംഖലയ്ക്ക് രൂപം നൽകലാണ് വി-കെയർ വൊളന്റിയർ കോറിന്റെ ലക്ഷ്യം.

സമാശ്വാസം പദ്ധതി (Samaswasam Scheme)

നാലുവിഭാഗങ്ങളിലായാണ് സമാശ്വാസം പദ്ധതി നടപ്പാക്കുന്നത്. വൃക്കയ്ക്കു തകരാർ സംഭവിച്ച് മാസത്തിൽ ഒരുപ്രാവശ്യമെങ്കിലും ഡയാലിസിസ് ചെയ്യേണ്ടിവരുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് പ്രതിമാസം സഹായധനം അനുവദിക്കുന്നതാണ് സമാശ്വാസം - 1 പദ്ധതി. വൃക്ക-കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായ രോഗികൾക്ക് ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവർഷം വരെ സഹായധനം നൽകുന്നതാണ് സമാശ്വാസം - 2 പദ്ധതി. രക്തം കട്ടപിടിക്കാൻ കാലതാമസമെടുക്കുന്ന ഹീമോഫീലിയയും അനുബന്ധരോഗങ്ങളും ബാധിച്ചവർക്ക് പ്രതിമാസം സഹായധനമനുവദിക്കുന്നതാണ് സമാശ്വാസം - 3 പദ്ധതി. സംസ്ഥാനത്തെ അരിവാൾരോഗം ബാധിച്ച പട്ടികവർഗക്കാരല്ലാത്ത രോഗികളാണ് സമാശ്വാസം 4 പദ്ധതിയുടെ ഗുണഭോക്താക്കൾ.

കാരുണ്യ ബെനവലന്റ് ഫണ്ട് (Karunya Benevolent Fund)

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ, കാരുണ്യ പ്ലസ് എന്നീ പ്രതിവാര ഭാഗ്യക്കുറികളിൽനിന്നുള്ള അറ്റാദായം വിനിയോഗിച്ച് ചികിത്സാസഹായം നടക്കുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാസഹായധനപദ്ധതി. കാൻസർ, ഹൃദയശസ്ത്രക്രിയ, മസ്‌തിഷ്‌ക - കരൾ ശസ്ത്രക്രിയകൾ, വൃക്ക-കരൾ-ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ, വൃക്കരോഗ ചികിത്സ, ഹീമോഫീലിയ, സാന്ത്വന ചികിത്സ, മാരകമായ ശ്വാസകോശ രോഗങ്ങൾ, നട്ടെല്ല്-സുഷുമ്‌നാനാഡി എന്നിവയ്ക്കുള്ള ഗുരുതരക്ഷതങ്ങൾ എന്നിവയാണ് പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള രോഗങ്ങൾ.

നവകേരള മിഷൻ പദ്ധതികൾ

കേരള സംസ്ഥാന രൂപീകരണത്തിന്റെ  വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതിയാണ് നവകേരള മിഷൻ. 2016 നവംബർ 10ന് കേരള ഗവർണർ പി.സദാശിവം നവകേരള മിഷൻ ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, കൃഷി എന്നീ മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സമ്പൂർണ വികസനമാണ് നവകേരള മിഷൻ ലക്ഷ്യമിടുന്നത്. നവകേരള മിഷനുമായി ബന്ധപ്പെട്ട് ആരംഭിച്ച പദ്ധതികളാണ് - ലൈഫ് പദ്ധതി, ആർദ്രം മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരള മിഷൻ എന്നിവ.

ലൈഫ് മിഷൻ പദ്ധതി (LIFE, Livelihood, Inclusion and Financial Empowerment)

അധ്യക്ഷൻ - മുഖ്യമന്ത്രി

സഹ അധ്യക്ഷൻ - തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി

ഉപാധ്യക്ഷൻ - ധനകാര്യം, റവന്യൂ, ഭവന നിർമ്മാണം, സാമൂഹ്യനീതി, വൈദ്യുതി, ജലവിഭവം, തൊഴിൽ, പട്ടിക ജാതി പട്ടികവർഗ്ഗ വികസനം, ഫിഷറീസ് വകുപ്പ് മന്ത്രിമാരും ആസൂത്രണ ബോർഡ് ഉപാധ്യക്ഷനും.

പ്രത്യേക ക്ഷണിതാവ് - പ്രതിപക്ഷ നേതാവ്

മിഷൻ സെക്രട്ടറി - തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

സ്വന്തമായി ഭൂമിയുള്ളവർക്ക് വീട് പൂർത്തിയാക്കാനുതകുന്ന തരത്തിലുള്ള ധനസഹായം ഉറപ്പാക്കുകയും നിർമാണം പൂർത്തിയാകാത്ത വീടുകളുടെ നവീകരണത്തിന് സഹായം ലഭ്യമാക്കുകയും, അതോടൊപ്പം ഭൂരഹിത ഭവന രഹിത കുടുംബങ്ങൾക്ക് ഭവന സമുച്ചയങ്ങൾ അടിസ്ഥാനമാക്കിയുള്ള സമഗ്ര പുനരധിവാസ പദ്ധതിയും, സ്വന്തം ജീവനോപാധി കണ്ടെത്താനുള്ള കൈത്താങ്ങും ലൈഫ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സമ്പൂർണ്ണ പാർപ്പിടം എന്നതാണ് ലൈഫ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലൈഫ് പദ്ധതിയിലൂടെ 5 വർഷത്തിനുള്ളിൽ ലക്ഷ്യമിടുന്ന നേട്ടങ്ങൾ.

പാവപ്പെട്ട ഭവനരഹിതരിൽ സ്വന്തമായി ഭൂമിയുള്ള എല്ലാവർക്കും വീട് ലഭ്യമാക്കുക.

മുൻകാലങ്ങളിൽ ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിച്ചതിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്ത വീടുകളുടെ പൂർത്തീകരണം സാധ്യമാക്കുക.

വാസയോഗ്യമല്ലാത്ത വീടുകളുടെ പുനരുദ്ധാരണം നടത്തുകയും, അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാൻ കഴിയാത്ത വീടുകളിൽ താമസിക്കുന്നവർക്ക് പുതിയ വീട് ലഭ്യമാക്കുകയും ചെയ്യുക.

പാവപ്പെട്ട എല്ലാ ഭൂരഹിത - ഭവനരഹിതർക്കും സുരക്ഷിതമായ വീടുകൾ ലഭ്യമാക്കുക.

ഭൂരഹിതർക്കും ഭവന രഹിതർക്കും പാർപ്പിട സൗകര്യത്തോടൊപ്പം, ഉൽപ്പാദന - സേവന മേഖലകളിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തി സ്ഥിരവരുമാനം ഉറപ്പിക്കാനുള്ള തൊഴിൽ ഉൾപ്പെടെ സമഗ്ര ഉപജീവന സുരക്ഷയും പദ്ധതിയിലൂടെ ലഭിക്കുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം (General Education Protection Mission)

അധ്യക്ഷൻ - മുഖ്യമന്ത്രി

സഹ അധ്യക്ഷൻ - വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉപാധ്യക്ഷൻ - ധനകാര്യം, തദ്ദേശസ്വയംഭരണം, സാമൂഹ്യനീതി വകുപ്പ് മന്ത്രിമാർ

പ്രത്യേക ക്ഷണിതാവ് - പ്രതിപക്ഷ നേതാവ്

മിഷൻ സെക്രട്ടറി - പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി

വിദ്യാഭ്യാസ മേഖലയിലെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുക, സ്മാർട്ട് ക്ലാസ് റൂമുകൾ, ശുചിമുറികൾ, ലബോറട്ടറികൾ, പഠന കളരികൾ തുടങ്ങിയ ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഓരോ വിദ്യാലയങ്ങളിലും ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററിവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 1000 സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുക.

ഹൈസ്‌കൂൾ - ഹയർ സെക്കന്ററി തലത്തിൽ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികളാക്കി, പഠന പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകുക.

സ്കൂൾ മാനേജ്‌മെന്റുകൾ, അധ്യാപക - രക്ഷകർത്യ സംഘടനകൾ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ കാലോചിതമായി വികസനം ഉറപ്പാക്കി പൊതുവിദ്യാലയങ്ങളുടെ പ്രസക്തി വീണ്ടെടുക്കുക.

ആർദ്രം മിഷൻ പദ്ധതി (Aardram Mission)

അധ്യക്ഷൻ - മുഖ്യമന്ത്രി

സഹ അധ്യക്ഷൻ - ആരോഗ്യവകുപ്പ് മന്ത്രി

ഉപാധ്യക്ഷൻ - ധനകാര്യം, തദ്ദേശസ്വയം  ഭരണം, ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിമാർ

പ്രത്യേക ക്ഷണിതാവ് - പ്രതിപക്ഷ നേതാവ്

മിഷൻ സെക്രട്ടറി - ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി

പൊതുജനങ്ങൾക്ക് പ്രത്യേകിച്ച് പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ആർദ്രം മിഷൻ. സർക്കാർ ആശുപത്രികളുടെ വിപുലീകരണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റൽ, ജീവിത ശൈലി രോഗങ്ങളിൽ നിന്നുള്ള പരിരക്ഷ, കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാക്കൽ, നഴ്‌സിംഗ് വിദ്യാഭ്യാസരംഗത്തെ അന്താരാഷ്ട്ര നിലവാരം, ആരോഗ്യ സ്ഥാപനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ എന്നീ പ്രവർത്തനങ്ങൾക്കായാണ് ആർദ്രം മിഷൻ പ്രധാനമായും രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. സമകാലിക ആരോഗ്യ പ്രശ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കുന്നതിനോടൊപ്പം ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ, പ്രായാധിക്യമുള്ളവർ എന്നിവരുടെ ആരോഗ്യാവശ്യങ്ങൾ നിറവേറ്റുന്നതിനും ആർദ്രം മിഷൻ ലക്ഷ്യമിടുന്നു.

ആർദ്രം മിഷന്റെ ലക്ഷ്യങ്ങൾ

പൊതു ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സ തേടുന്നവർക്ക് ഗുണമേന്മയുള്ളതും സൗഹാർദപരവുമായ സേവനം ഉറപ്പാക്കുക.

മെഡിക്കൽ കോളേജ് ആശുപത്രികളുടെയും മറ്റ് ഗവൺമെന്റ് ആശുപത്രികളുടെയും ഔട്ട്പേഷ്യന്റ് വിഭാഗങ്ങളുടെ രോഗീസൗഹൃദപരിവർത്തനം, ജില്ലാ-താലൂക്കുതല ആശുപത്രികളെ മാതൃകനിലവാരത്തിലേക്ക് ഉയർത്തൽ.

മെഡിക്കൽ കോളേജ്, ജില്ലാ താലൂക്ക് ആശുപത്രികളിൽ ഘട്ടംഘട്ടമായി അത്യാവശ്യമായ സ്പെഷ്യാലിറ്റി / സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കുക.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക.

രോഗികൾക്ക് ട്രീറ്റ്‌മെന്റ് പ്രോട്ടോകോൾ പ്രകാരം ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ലഭ്യമാക്കുക.

നഴ്‌സിംഗ് രംഗത്ത് നൈപുണ്യ വികസനത്തിനും മനുഷ്യ വിഭവശേഷി വർദ്ധനവിനും ഊന്നൽ നൽകുക.

സ്റ്റാൻഡേർഡുകളിലൂടെയും അക്രഡിറ്റേഷൻ സംവിധാനങ്ങളിലൂടെയും ചികിത്സകർക്കും ആരോഗ്യ പ്രവർത്തകർക്കും തൊഴിൽ സംബന്ധമായ അപായ സാധ്യതകളിൽ നിന്ന് സുരക്ഷിതത്വം ഉറപ്പാക്കുക.

ആയുർവേദ ചികിത്സാ രീതികളും പാരമ്പര്യ ചികിത്സാ മേഖലകളും കാലോചിതമായി ശക്തിപ്പെടുത്തി വിപുലീകരിക്കുക.

ഹരിത കേരളം മിഷൻ പദ്ധതി

അധ്യക്ഷൻ - മുഖ്യമന്ത്രി

സഹ അധ്യക്ഷൻ - തദ്ദേശസ്വയംഭരണം, കൃഷി, ജലവിഭവം വകുപ്പ് മന്ത്രിമാർ

ഉപാധ്യക്ഷൻ - ധനകാര്യം, ആരോഗ്യം, വനം വകുപ്പ് മന്ത്രിമാരും ആസൂത്രണ ബോർഡ് ഉപാധ്യക്ഷനും

പ്രത്യേക ക്ഷണിതാവ് - പ്രതിപക്ഷ നേതാവ്

മിഷൻ സെക്രട്ടറി - ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി

കൃഷി, ജലസംരക്ഷണം, ശുചിത്വം എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഹരിത കേരളം മിഷൻ. 2016 ഡിസംബർ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്‌ഘാടനം ചെയ്തു. ശുചിത്വവും ജലസമൃദ്ധിയും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുക എന്നിവയാണ് ഹരിത കേരളം മിഷന്റെ മുഖ്യലക്ഷ്യങ്ങൾ.

ഹരിത കേരളം മിഷന്റെ പൊതുവായ ലക്ഷ്യങ്ങൾ

ഭൂമിയും മണ്ണും ജലവും വായുവും മലിനമാക്കാതെയുള്ള വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ജല സ്രോതസ്സുകളിൽ ജലസാന്നിധ്യം ഉറപ്പാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തി നിർവ്വഹിക്കുന്നതിനുമായി സമൂഹത്തെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും പ്രാപ്തരാക്കുക.

പാരിസ്ഥിതിക സുരക്ഷയും ഉത്പാദന ക്ഷമതയും സ്വയം പര്യാപ്തതയും ലക്ഷ്യമിട്ടു കൊണ്ടുള്ള സാങ്കേതിക പദ്ധതികൾ രൂപീകരിക്കുന്നതിന് പ്രേരക ശക്തിയായി പ്രവർത്തിക്കുക.

ശുചിത്വ - മാലിന്യ സംസ്‌കരണ മേഖലയിലെ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുക. ജനപങ്കാളിത്തത്തോടെ ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കുക.

മഴവെള്ള സംഭരണം വ്യാപകമാക്കുക, ഭൂഗർഭജലം സംരക്ഷണം ഉറപ്പാക്കുക.

ഫലവൃക്ഷങ്ങൾ, വിവിധോദ്ദേശ്യ മരങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ വ്യാപകമായി വച്ചുപിടിപ്പിക്കുക.

ഹരിതകേരളം മിഷന്റെ ഉപദൗത്യങ്ങൾ

ശുചിത്വ - മാലിന്യ സംസ്കരണം.

ജലസംരക്ഷണം (ജലസമൃദ്ധി).

ജൈവകൃഷി രീതിക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കൃഷി വികസനം (സുജലം സുഫലം)

കേരള സാമൂഹിക സുരക്ഷാ മിഷൻ (Kerala Social Security Mission)

നിരാലംബരായവർ, വൃദ്ധർ, ദരിദ്രർ, കുട്ടികൾ, സ്ത്രീകൾ, അർബുദം ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ പിടിപെട്ടവർ, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവർക്ക് സേവനവും പിന്തുണയും നൽകുന്നതിന് രൂപം നൽകിയ സംവിധാനമാണ് കേരള സാമൂഹിക സുരക്ഷാ മിഷൻ (കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ). ഒരു ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന ഈ സ്ഥാപനം 2008 ഒക്ടോബർ 14ലെ സർക്കാർ ഉത്തരവുപ്രകാരമാണ് നിലവിൽ വന്നത്. തിരുവനന്തപുരത്താണ് ആസ്ഥാനം. 65 കോടി രൂപ അടിസ്ഥാന പ്രവർത്തന ഫണ്ടുമായാണ് മിഷന്റെ പ്രവർത്തനം ആരംഭിച്ചത്.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

ദരിദ്രർ, വയോധികർ, കുട്ടികൾ, സ്ത്രീകൾ, നിത്യരോഗികൾ തുടങ്ങിയ പരിചരണവും സംരക്ഷണവും ആവശ്യമുള്ള ജനവിഭാഗങ്ങൾക്ക് സേവനവും പിന്തുണയും നൽകുന്നതിനായി സംസ്ഥാനത്തുടനീളം സാമൂഹിക സുരക്ഷാ പരിപാടികൾ സംഘടിപ്പിക്കുക.

വയോജനങ്ങളുടെ സംരക്ഷണത്തിനും അവർക്കുള്ള പിന്തുണക്കും വേണ്ടിയുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.

സംസ്ഥാനത്തെ സാമൂഹ്യക്ഷേമസ്ഥാപനങ്ങളുടെ നവീകരണം.

ദരിദ്രരുടെ പോഷകാഹാര നിലവാരം, ആരോഗ്യനില എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുക.

നിത്യരോഗികളായ ദരിദ്രർക്കും നിർധനരായ പൗരന്മാർക്കും ചികിത്സാ ചെലവുകൾ ഉൾപ്പെടെയുള്ള സഹായം നൽകുക

കാൻസർ ബാധിതരായ കുട്ടികൾക്ക് ചികിത്സാ സഹായം നൽകുന്നതിന് ഒരു കാൻസർ കെയർ പദ്ധതി നടപ്പിലാക്കുക.

സർക്കാർ ആശുപത്രികളിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യപ്പെടുന്ന നിരാലംബരായ പൗരന്മാരുടെ ക്ഷേമത്തിനായി പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുക.

സംസ്ഥാനത്തെ വിവിധ സാമൂഹ്യക്ഷേമ പരിപാടികളുടെ വിവര കേന്ദ്രമായി പ്രവർത്തിക്കുക.

കേരള സാമൂഹിക സുരക്ഷാ മിഷന്റെ വിവിധ പദ്ധതികൾ

ക്യാൻസർ സുരക്ഷ : 18 വയസ്സിന് താഴെയുള്ള ക്യാൻസർ ബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകാനുള്ള പദ്ധതിയാണിത്. 2008 നവംബർ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്.

സ്നേഹപൂർവ്വം : മാതാപിതാക്കളിൽ ഒരാൾ മരിക്കുകയും ജീവിച്ചിരിക്കുന്നയാൾക്ക് കുട്ടികളെ സംരക്ഷിക്കാൻ സ്ഥിതിയില്ലാതെയാകുകയും ചെയ്യുന്ന വീടുകളിലെ കുട്ടികൾ അനാഥാലയങ്ങളിൽ തള്ളപ്പെടാതെ അവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണത്തിൽ വളർന്ന് വിദ്യാഭ്യാസം നേടുക എന്ന ഉദ്ദേശ്യത്തോടെ പ്രതിമാസം ധനസഹായം അനുവദിക്കുന്ന പദ്ധതി. 2013 നവംബറിൽ ആരംഭിച്ചു.

താലോലം : മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി. ഡയാലിസിസ് ഒഴികെയുള്ള കിടത്തി ചികിത്സയുള്ള രോഗികൾക്ക് ധനസഹായം. 2010 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്.

ആശ്വാസകിരണം : പ്രായാധിക്യംകൊണ്ടും പലവിധ രോഗങ്ങളാലും കിടപ്പിലായവരെ പരിചരിക്കുന്നവർക്ക് സഹായധനമനുവദിക്കുന്ന പദ്ധതി.

വയോമിത്രം : കേരളത്തിലെ കോർപ്പറേഷൻ, മുനിസിപ്പൽ പ്രദേശങ്ങളിൽ താമസിക്കുന്ന 65 വയസ്സിനു മുകളിലുള്ള വയോജനങ്ങക്ക് ആരോഗ്യ പരിരക്ഷയും പിന്തുണയും നൽകുന്നതിനായി നിലവിൽ വന്ന പദ്ധതി.

ഹംഗർ ഫ്രീ സിറ്റി : നഗരങ്ങളിലുള്ള നിരാലംബര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി.

കാരുണ്യ ഡെപ്പോസിറ്റ് സ്‌കീം : ഒരു ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കുന്ന വ്യക്തിക്ക് ഒരു വർഷത്തിനുശേഷം നിക്ഷേപിച്ച തുക തിരികെ നൽകുകയും ആകെ തുകയിൽനിന്നുള്ള പലിശയും സാമൂഹ്യ സുരക്ഷാ മിഷന്റെ ഫണ്ടിൽ നിന്നുള്ള തത്തുല്യതുകയും ചേർത്ത് മാനസിക വെല്ലുവിളി നേരിടുന്ന ഒരു കുട്ടിക്ക് നൽകുകയും ചെയ്യുന്ന പദ്ധതിയാണ് കാരുണ്യ ഡെപ്പോസിറ്റ് സ്‌കീം. ഗുണഭോക്താവിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിക്ഷേപകർക്കു നൽകുന്നു.

പ്രത്യാശ : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് സഹായധനം നൽകാനുള്ള പദ്ധതിയാണിത്. കേരള സാമൂഹ്യ സുരക്ഷ മിഷൻ കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.

സ്നേഹസാന്ത്വനം : കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതർക്ക് പ്രതിമാസ പെൻഷൻ നൽകുന്ന പദ്ധതിയാണിത്. എൻഡോസൾഫാൻ മൂലം കിടപ്പുരോഗികളായവർക്ക് 2200 രൂപ വീതമാണ് നൽകുന്നത്.

സമാശ്വാസം : നാലുവിഭാഗങ്ങളിലായാണ് സമാശ്വാസം പദ്ധതി നടപ്പാക്കുന്നത്. സമാശ്വാസം - 1, സമാശ്വാസം - 2, സമാശ്വാസം - 3, സമാശ്വാസം - 4. വൃക്ക, കരൾ, ഹീമോഫീലിയ, അരിവാൾരോഗം തുടങ്ങിയവ ബാധിച്ചവർക്ക് നാലുവിഭാഗങ്ങളിലായി പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതി.

സമുന്നതി പദ്ധതികൾ (Samunnathi Schemes)

സംസ്ഥാനത്ത് സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്ന സംവരണേതര സമുദായാംഗങ്ങളുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കി കേരള സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) നടപ്പാക്കുന്ന പദ്ധതികളാണ് വിദ്യാസമുന്നതി, സംരംഭസമുന്നതി, നൈപുണ്യസമുന്നതി, ഭവനസമുന്നതി എന്നിവ.

വിദ്യാസമുന്നതി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്‌കൂൾ മുതൽ ബിരുദാനന്തര ബിരുദതലം വരെ പഠനത്തിന് സ്കോളർഷിപ്പുകൾ നൽകുന്ന പദ്ധതിയാണ് വിദ്യാസമുന്നതി.

സംരംഭസമുന്നതി : സ്വയംതൊഴിൽ മേഖലയിൽ കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സംവരണേതര സമുദായാംഗങ്ങൾ ഉൾപ്പെട്ട സ്വയംസഹായ സംഘങ്ങൾക്കും കൂട്ടുത്തരവാദിത്വ സംരംഭകത്വ സംഘങ്ങൾക്കും സംരംഭസമുന്നതി പലിശ സഹായപദ്ധതിയുടെ കീഴിൽ ധനസഹായം ലഭ്യമാക്കുന്നു.

നൈപുണ്യസമുന്നതി : സംവരണേതര സമുദായങ്ങളിലെ യുവജനങ്ങൾക്കു പുത്തൻ ദിശാബോധം നല്കു‌ക‌ എന്ന ലക്ഷ്യത്തോടുകൂടി നടപ്പിലാക്കുന്ന നൂതന തൊഴിൽനൈപുണ്യ പരിശീലന പദ്ധതിയാണ് നൈപുണ്യസമുന്നതി. മുന്നാക്കസമുദായങ്ങളി‌ലെ‌ അഭ്യസ്തവിദ്യരാ‌യ‌ യുവജനങ്ങൾക്കായുള്ള പദ്ധ‌തി‌യാണിത്.

ഭവനസമുന്നതി : നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന അഗ്രഹാരങ്ങളുടെയും ജീർണാവസ്ഥയിലായ പരമ്പരാഗത വീടുകളുടെയും പുനരുദ്ധാരണവും നവീകരണവുമാണ് ഭവനസമുന്നതി പദ്ധതി.

അവളിടം ക്ലബ്ബുകൾ പദ്ധതി (Avalidam Clubs)

സ്ത്രീ-ശാക്തീകരണം ലക്ഷ്യമിട്ടുള്ള യുവജനക്ഷേമ ബോർഡിന്റെ പ്രത്യേക ഉദ്യമമാണ് അവളിടം ക്ലബുകൾ. 'അവളിടം - Voice of Young Women' എന്ന പേരിൽ സംസ്ഥാനത്തുടനീളം ആയിരത്തിലേറെ യുവതി ക്ലബ്ബുകൾക്ക് രൂപം നൽകിയിട്ടുണ്ട്. സ്ത്രീകളിൽ അവബോധവും ആത്മവിശ്വാസവും വളർത്തി സ്ത്രീശാക്തീകരണത്തിന് അടിത്തറ പാകാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബുകളുടെ രൂപവത്കരണം. സ്ത്രീധനത്തിനെതിരെയും സ്ത്രീകളോട് അതിക്രമണങ്ങൾക്കെതിരെയുമുള്ള ബോധവത്കരണ പരിപാടികൾ, സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. സാമ്പത്തികമുൾപ്പെടെയുള്ള കാര്യങ്ങളിൽ സ്ത്രീകളെ സ്വയംപര്യാപ്തമാക്കാനുള്ള സ്വയംതൊഴിൽ പരിശീലനത്തിനും അവളിടം ക്ലബ്ബുകൾ വഴിയൊരുക്കുന്നു.

ഗൃഹസ്ഥലി പൈതൃകസംരക്ഷണ പദ്ധതി (Grihasthali Heritage Protection Scheme)

സംസ്കാരികരംഗത്തെ കേരളത്തിന്റെ മുതൽക്കൂട്ടായ ശ്രേഷ്ഠനിർമിതികൾ സംരക്ഷിക്കാനും തനതു പൈതൃകം നിലനിർത്താനുമുള്ള പദ്ധതിയാണ് ഗൃഹസ്ഥലി പൈതൃകസംരക്ഷണ പദ്ധതി. ചരിത്രപ്രാധാന്യവും പൈതൃക മൂല്യവും വാസ്തുശില്പചാരുതയുമുള്ള രമ്യഹർമ്യങ്ങളിൽ കേരള വാസ്തുശില്പ മാതൃകയിൽ നിർമിച്ച, സാംസ്കാരികത്തനിമയുള്ളതും 50 വർഷം പഴക്കമുള്ളതും ആധുനിക സൗകര്യങ്ങളുള്ള അതിഥി സത്കാരമന്ദിരങ്ങളാക്കി മാറ്റാൻ കഴിയുന്നതുമായ കെട്ടിടം സംരക്ഷിച്ച് നിലനിർത്താൻ താത്പര്യമുള്ള സംരംഭകർക്ക് ചെലവിന്റെ 25 ശതമാനം തുകവരെ വിനോദ സഞ്ചാര വകുപ്പ് നൽകുന്നതാണ് പദ്ധതി.

പ്രവാസി ക്ഷേമ പദ്ധതികള്‍ (NRI Welfare Schemes)

സാന്ത്വന പദ്ധതി : നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് സഹായധനം നൽകാനുള്ള പ്രവാസികാര്യ വകുപ്പിന്റെ (നോർക്ക) പദ്ധതിയാണ് സാന്ത്വന. ചികിത്സാസഹായധനം, മരണാനന്തരസഹായധനം, വിവാഹ സഹായധനം, വീൽചെയർ - ക്രച്ചസ് വാങ്ങാനുള്ള സഹായധനം എന്നിവയാണ് പദ്ധതിയിലുൾപ്പെടുന്നത്.

കാരുണ്യം പദ്ധതി : പ്രവാസിയായിരുന്ന (വിദേശത്തോ കേരളത്തിനു പുറത്തോ) കേരളീയന്റെ മൃതദേഹം വിമാനത്തിലോ ട്രെയിനിലോ മറ്റേതെങ്കിലും വാഹനത്തിലോ ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ സ്വദേശത്തെത്തിക്കാൻ, മരണമടഞ്ഞ പ്രവാസിയുടെ നിയമാനുസൃതമുള്ള അവകാശികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് കാരുണ്യം. നോർക്ക വഴിയുള്ള പദ്ധതിയാണിത്.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (Karunya Arogya Suraksha Padhathi)

സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിലൊന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്.പി). കേരളത്തിലെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് ദ്വിതല, ത്രിതല പരിചരണത്തിനും ചികിത്സക്കുമായി ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സാ സഹായം ലഭിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. കേന്ദ്രവും സംസ്ഥാനവും 60:40 എന്ന അനുപാതത്തിലാണ് പദ്ധതിയിൽ ഫണ്ട് പങ്കിടുന്നത്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ചിസ്, എസ്-ചിസ്, കരുണ്യ ബെനവലന്റ് ഫണ്ട്, ആയുഷ്മാന്‍ ഭാരത് (പി.എം.ജെ.വൈ) എന്നീ ആരോഗ്യ സുരക്ഷാ പദ്ധതികൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാണ്.

ശലഭം പദ്ധതി (Shalabham Programme)

നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ശലഭം’. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ കോംപ്രിഹെൻസീവ് ന്യൂബോൺ സ്ക്രീനിങ് പ്രോഗ്രാം (ശലഭം) പരിശോധനയിലൂടെ മറ്റ് രോഗമോ വൈകല്യമോ ഉണ്ടെങ്കിൽ കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കി ആരോഗ്യപൂർണമായ അതിജീവനത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആശ്വാസ നിധി പദ്ധതി (Aswasanidhi Scheme)

അതിക്രമങ്ങൾ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര ധനസഹായമെന്ന നിലയിൽ ആരംഭിക്കപ്പെട്ട പദ്ധതിയാണ് ആശ്വാസ നിധി. ലൈംഗികാതിക്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, ഗാർഹിക പീഡനം, ഹീനമായ ലിംഗവിവേചനം തുടങ്ങിയവ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര ധനസഹായം നൽകുന്ന പദ്ധതിയാണ് ആശ്വാസ നിധി. വനിതാ സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ തുടങ്ങിയവർ നൽകുന്ന അന്വേഷണ റിപ്പോർട്ടും ശിപാർശയും അടിസ്ഥാനമാക്കി വനിതാ - ശിശു വികസന വകുപ്പാണ് ധനസഹായം അനുവദിക്കുന്നത്. 25,000 രൂപ മുതൽ രണ്ട് ലക്ഷം വരെയാണ് അടിയന്തര ധനസഹായമായി നൽകുന്നത്. സ്ത്രീകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കുമാണ് ധനസഹായം നൽകുക.

ആശ്വാസ നിധി പദ്ധതിയുടെ ഭാഗമായി വിവിധ പരാതികളിൽ ആശ്വാസ ധനമായി അനുവദിക്കുന്ന തുക

പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത കേസുകൾ - 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ

പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങൾ - 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ

ജീവൻ നഷ്ടം - 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ

ഗാർഹിക പീഡനം മൂലം ഗുരുതരമായ ശാരീരിക/മാനസിക പരിക്ക് - 25,000 രൂപ മുതൽ 50,000 രൂപ വരെ

മനുഷ്യക്കടത്തലിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകളും കുട്ടികളും - 25,000 രൂപ മുതൽ 50,000 രൂപ വരെ

ആസിഡ് ആക്രമണത്തിന് വിധേയരായവർ - 1 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ

ബലാത്സംഗം മൂലം ഗർഭിണിയായവർ - 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ

ശരീരത്തിന്റെ ഏതെങ്കിലും അവയവമോ ഭാഗമോ നഷ്ടപ്പെടുത്തുന്നത് - 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ

ആക്രമണത്തിന്റെ ഫലമായി ഉണ്ടാകുന്ന ഗർഭം അലസൽ - 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ

പൊള്ളലിന് വിധേയരായവർ - 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ

കൈതാങ്ങ് പദ്ധതി (സ്ത്രീകൾക്കും കുട്ടികൾക്കുമായി ആരംഭിച്ച പദ്ധതി)

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾ വിവിധ മേഖലകളിൽ കൂട്ടായി ആരംഭിച്ച പദ്ധതിയാണ് കൈതാങ്ങ്. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ, ആശാ വർക്കേഴ്‌സ്, മഹിളാ പ്രദാൻ ഏജന്റുമാർ, ജനമൈത്രി പോലീസ്, യൂത്ത് ക്ലബ്ബുകൾ, റസിഡന്റ് അസോസിയേഷനുകൾ തുടങ്ങിയവയ്‌ക്കൊപ്പം ഒരു പ്രതികരണ സംഘം രൂപീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത ഓരോ വാർഡിലും മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവ മൂലം തകർന്ന കുടുംബങ്ങളെയും പ്രതികൂലമായി ബാധിച്ച കുടുംബങ്ങളെയും തിരിച്ചറിയുക, അവർക്ക് ആവശ്യമായ സാമൂഹിക പിന്തുണ നൽകികൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

  കൈതാങ്ങ് പദ്ധതി (പട്ടികവർഗ കുട്ടികളെ സംരക്ഷിക്കുവാൻ ആരംഭിച്ച പദ്ധതി)

അനാഥരായ പട്ടികവർഗ കുട്ടികളെ സംരക്ഷിക്കുന്നതിനായി പ്രതിമാസം ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് കൈതാങ്ങ്. പട്ടികവർഗ കുട്ടികളുടെ ക്ഷേമത്തിനായി ആരംഭിച്ച പദ്ധതിയാണിത്.

ശ്രദ്ധ പദ്ധതി (Sraddha Scheme)

വനിത - ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർക്കും സേവന ദാതാക്കൾക്കും നിയമപരമായ അവബോധം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ശ്രദ്ധ. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ തിരിച്ചറിയുന്നതിനും അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ച് വെളിച്ചം വീശാനും കഴിയുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, സേവന ദാതാക്കൾ, റെസിഡൻഷ്യൽ കോളേജുകൾ, യൂത്ത് ക്ലബ്ബുകൾ, റസിഡന്റ് അസോസിയേഷനുകൾ, വോളന്റിയർമാർ, മഹിളാ പ്രദാൻ ഏജന്റുമാർ, ആശാ വർക്കേഴ്‌സ്, സാക്ഷരതാ പ്രേരക് എന്നിവർക്ക് പദ്ധതി വഴി ബോധവൽക്കരണ ക്ലാസുകൾ നൽകും.

മാർജിൻ മണി ഗ്രാന്റ് (Margin Money Grant Scheme)

സംരംഭ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളിലൊന്നാണ് മാർജിൻ മണി ഗ്രാന്റ് പദ്ധതി. ചെറുകിട യൂണിറ്റുകൾ ആരംഭിക്കുന്നതിനായി മാർജിൻ മണി ഗ്രാന്റ് അനുവദിക്കുന്ന പദ്ധതിയാണിത്. ഉത്പന്ന നിർമാണം, ഭക്ഷ്യസംസ്കരണം, സേവന മേഖലയിലെ ചെറുസംരംഭങ്ങൾ എന്നിവ ഉൾപ്പെടെ ആകെ പദ്ധതി ചെലവ് 10 ലക്ഷം രൂപവരെയുള്ള യൂണിറ്റുകൾ ആരംഭിക്കുന്നവർക്കാണ് ധനസഹായം ലഭിക്കുക. വനിതകൾക്ക് പുറമെ വിമുക്തഭടൻമാർ, വികലാംഗർ, പട്ടികവിഭാഗങ്ങളിൽപ്പെടുന്നവർ എന്നിവർക്കും മാർജിൻ മണി ഗ്രാന്റ് ലഭിക്കുന്നതിൽ മുൻഗണനയുണ്ട്.

Post a Comment

0 Comments
Post a Comment (0)