ലോക ഭൂമിശാസ്ത്രം
ഭൂമിയുടെ
ഘടന (Earth
Structure)
ഭൂമിയുടെ
ഘടനയെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. ഭൗമോപരിതലത്തിൽ നിന്ന് ഉള്ളിലേക്ക്
പോകുന്തോറും താപവും മർദ്ദവും വർധിക്കുന്നത് ഉള്ളറയെപ്പറ്റി നേരിട്ട്
മനസ്സിലാക്കുന്നതിന് തടസ്സമായി നിൽക്കുന്നു. ഭൂമിയിലെ ഖനികളുടെ പരമാവധി താഴ്ച്
ഏകദേശം 9 കിലോമീറ്ററാണ്. അഗ്നിപർവ്വതങ്ങളിലൂടെ
ഭൗമോപരിതലത്തിൽ എത്തുന്ന ശിലാദ്രവങ്ങൾ പോലും ഏതാണ്ട് 64 കിലോമീറ്ററുകൾക്കുള്ളിൽ ഉള്ളവ
മാത്രമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭൂകമ്പസമയത്ത് സൃഷ്ടിക്കപ്പെടുന്ന വിവിധ
തരംഗങ്ങൾ ഭൂമിക്കുള്ളിൽ സഞ്ചരിക്കുന്ന രീതി വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ
ഭൂമിയെ ഭൂവൽക്കം,
മാന്റിൽ, പുറക്കാമ്പ്, അകക്കാമ്പ് എന്നിങ്ങനെ വ്യത്യസ്‌ത
പാളികളായി തരംതിരിച്ചിരിക്കുന്നു. ഭൂമിയുടെ വ്യാസാർദ്ധം, അതായത് ഭൂമിയുടെ ഉപരിതലത്തിൽനിന്ന്
ഭൂകേന്ദ്രത്തിലേക്കുള്ള ദൂരം ഏകദേശം 6378
കിലോമീറ്ററാണ്.
ഭൂമി
പാളികളുടെ ഏകദേശ ആഴം
◆ ഭൂവൽക്കം
- 0 മുതൽ 40 കിലോമീറ്റർ വരെ
◆ മാന്റിൽ
- 40 മുതൽ 2900 കിലോമീറ്റർ വരെ
◆ പുറക്കാമ്പ്
- 2900 മുതൽ 5150 കിലോമീറ്റർ വരെ
◆ അകക്കാമ്പ്
- 5150 മുതൽ 6378 കിലോമീറ്റർ വരെ
ഭൂമിയുടെ
ഉള്ളറകളെപ്പറ്റി മനസിലാക്കാൻ സഹായിക്കുന്ന മാർഗങ്ങൾ
◆ അഗ്നിപർവ്വതസ്ഫോടനങ്ങളിലൂടെ
ഭൗമോപരിതലത്തിൽ എത്തിച്ചേരുന്ന വസ്തുക്കളിൽ നിന്ന്.
◆ ഖനികളിൽ
നിന്നു ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ.
◆ ഭൂകമ്പസമയത്തുണ്ടാകുന്ന
തരംഗങ്ങളുടെ ചലനം വിശകലനം ചെയ്യുന്നതിലൂടെ.
ഭൗതിക
സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ഉപരിഭാഗത്ത് നിന്നും അകക്കാമ്പ് വരെ ചെന്നെത്തുന്ന
ഭൂമിയുടെ ഉൾഭാഗത്തെ വിവിധ മേഖലകളായി തരംതിരിച്ചിട്ടുണ്ട്. ശിലാമണ്ഡലം, അസ്തനോസ്ഫിയർ, ഉപരിമിസോസ്ഫിയർ, അധോമിസോസ്ഫിയർ, ബാഹ്യഅകക്കാമ്പ്, ആന്തരഅകക്കാമ്പ് എന്നിവ.
ഭൂവൽക്കം
(Crust)
മാന്റിൽ (Mantle)
ഭൂവൽക്കത്തിന്
താഴെയായി കാണപ്പെടുന്ന ഭാഗമാണ് മാന്റിൽ. ഇതിന്റെ ഉപരിഭാഗം ഖരാവസ്ഥയിൽ കാണപ്പെടുന്നു.
ഭൂവൽക്കപാളിക്ക് താഴെ മോഹോ പരിവർത്തന മേഖലയിൽ തുടങ്ങി 2900 കിലോമീറ്റർ വരെ മാന്റിൽ
വ്യാപിച്ചിരിക്കുന്നു. ഉപരിമാന്റിൽ, അധോമാന്റിൽ
എന്നീ രണ്ടു ഭാഗങ്ങളാണ് മാന്റിലിനുള്ളത്. സിലിക്കൺ സംയുക്തങ്ങൾ കൊണ്ട് നിർമിതമായ
ഉപരിമാന്റിൽ ഖരാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. ഉപരിമാന്റിലിന് താഴെയായി
സ്ഥിതിചെയ്യുന്ന അധോമാന്റിൽ പദാർത്ഥങ്ങൾ അർധദ്രവാവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്.
കാമ്പ് (Core of the Earth)
മാന്റിലിന്
താഴെയായി കാണപ്പെടുന്ന ഭാഗമാണ് കാമ്പ്. 2900
കിലോമീറ്റർ ആഴത്തിൽ അവസാനിക്കുന്ന മാന്റിലിന്റെ അതിർവരമ്പിൽ നിന്നാണ് കാമ്പ്
ആരംഭിക്കുന്നത്. പ്രധാനമായും നിക്കൽ, ഇരുമ്പ്
എന്നീ മൂലകങ്ങളടങ്ങിയ ശിലകളാൽ നിർമ്മിതമായ ഈ ഭാഗം നിഫെ (Nife) എന്ന പേരിലും അറിയപ്പെടുന്നു. കാമ്പിന്
പുറക്കാമ്പ്, അകക്കാമ്പ് എന്നിങ്ങനെയുള്ള
രണ്ടു ഭാഗങ്ങൾ ഉണ്ട്. പുറക്കാമ്പിലെ ശിലകൾ ഉരുകിയ അവസ്ഥയിലാണ് കാണപ്പെടുന്നത്.
ഭൂമിയുടെ കേന്ദ്രഭാഗത്ത് ഏകദേശം 11000 ഡിഗ്രി സെൽഷ്യസ് താപവും വളരെ
ഉയർന്ന മർദ്ദവും അനുഭവപ്പെടുന്നുണ്ട്. ഇതിനാൽ അകക്കാമ്പ് ഖരാവസ്ഥയിൽ
സ്ഥിതിചെയ്യുന്നു.
ശിലാ
മണ്ഡലം (Lithosphere)
മാന്റിലിന്റെ
ഉപരിഭാഗവും ഭൂവൽക്കവും ചേർന്നതാണ് ശിലാമണ്ഡലം (ലിത്തോസ്ഫിയർ). ശിലാമണ്ഡലത്തിന്റെ
കനം 10 കിലോമീറ്റർ മുതൽ പരമാവധി 200 കിലോമീറ്റർ വരെ ആണെന്നാണ്
കണ്ടെത്തിയിട്ടുള്ളത്. ഒരു മുട്ടയുടെ പുറന്തോട് പൊട്ടിയിരിക്കുന്ന രീതിയിൽ പല
കഷ്ണങ്ങളായാണ് ശിലാമണ്ഡലം കാണപ്പെടുന്നത്. ഭൗമോപരിതലം മുതൽ ഭൂകേന്ദ്രംവരെയുള്ള
കനവുമായി താരതമ്യം ചെയ്യുമ്പോൾ ശിലാമണ്ഡലത്തിന്റെ കനം വളരെ കുറവാണ്. ഭൂമിയുടെ
പുറന്തോടായ ശിലാമണ്ഡലം ഏഴ് വലിയ ഖണ്ഡങ്ങളും ഒരു ഡസനോളം ചെറുഖണ്ഡങ്ങളുമായാണ്
കാണപ്പെടുന്നത്. അനേകായിരം കിലോമീറ്റർ വിസ്തൃതിയും പരമാവധി നൂറു കിലോമീറ്റർ വരെ
കനവുമുള്ള ഇത്തരം ശിലാഖണ്ഡങ്ങളെ ഫലകങ്ങൾ എന്നാണ് വിളിക്കുന്നത്
ശിലാമണ്ഡലത്തിന്റെ
മുകൾ ഭാഗത്ത് ഭൂവൽക്കവും അതിനു താഴെ മാന്റിലിന്റെ ഉപരിഭാഗവുമാണ്
സ്ഥിതിചെയ്യുന്നത്. ഈ രണ്ട് മണ്ഡലങ്ങളും കൂടിച്ചേർന്ന് ശിലാമണ്ഡലത്തെ ഉറച്ച
ശിലാപാളിയാക്കി മാറ്റുന്നു. പരസ്പരം അതീവ മന്ദഗതിയിൽ വിവിധ ദിശയിലുള്ള ചലനത്തിൽ
ഏർപ്പെട്ടിരിക്കുന്ന നിരവധി ടെക്ടോണിക് പ്ലെയിറ്റുകളുടെ സംഗമമാണ് ശിലാമണ്ഡലം.
ഉരുകിയ ശിലകൾ ശിലാമണ്ഡലത്തിന്റെ മൊത്തം വ്യാപ്തത്തിന്റെ 0.1 ശതമാനമാണെന്ന്
കണക്കാക്കപ്പെട്ടിരിക്കുന്നു.
അസ്തനോസ്ഫിയർ
(Asthenosphere)
ഉപരിമാന്റിലിന്
താഴെയുള്ള ഭാഗത്തെ ശിലകൾ ഉരുകി ദ്രാവാവസ്ഥയിൽ സ്ഥിതിചെയ്യുന്നു. ഈ ഭാഗത്ത്
അനുഭവപ്പെടുന്ന ഉയർന്ന താപമാണ് ഇതിനു കാരണം. മാന്റിലിന്റെ ഈ ഭാഗം അസ്തനോസ്ഫിയർ
എന്നറിയപ്പെടുന്നു. ഏകദേശം 400 കിലോമീറ്റർ വരെ അസ്തനോസ്ഫിയർ
വ്യാപിച്ചു കിടക്കുന്നു. അസ്തനോസ്ഫിയറിൽ ഉരുകുന്ന ശിലകൾ ഭൂമിക്കുള്ളിൽ
ശിലാദ്രവങ്ങളുടെ സംവഹനപ്രവാഹങ്ങളായി ചലിക്കുന്നു. ഇത്തരത്തിലുള്ള സംവഹനപ്രവാഹങ്ങൾ
ഫലകാതിർത്തികളിൽ ചെലുത്തുന്ന സമ്മർദ്ദമാണ് ഫലകങ്ങളുടെ ചലനങ്ങൾക്ക് കാരണമാകുന്നത്.
ദുർബലവും
ബാഹ്യ സമ്മർദ്ദബലത്തിന് വിധേയമാകുമ്പോൾ രൂപമാറ്റത്തിന് വിധേയമാകുന്ന സ്വഭാവം
പ്രദർശിപ്പിക്കുന്നതുമായ മണ്ഡലമാണിത്. അസ്തനോസ്ഫിയർ ശിലാമണ്ഡലം പോലെ ഉറച്ച
ഖരാവസ്ഥയിലല്ല ഉള്ളത്. എന്നാൽ ദ്രവകാവസ്ഥയിലുമല്ല. അർധദ്രാവകാവസ്ഥയിലുള്ള
ചലനവിധേയമായ മണ്ഡലമാണിത്. വർഷം തോറും ഈ മണ്ഡലം നിരവധി സെന്റിമീറ്റർ
ചലനവിധേയമാകുന്നു. അസ്തനോസ്ഫിയറിന്റെ രാസഘടന ശിലാമണ്ഡലത്തിന്റെ രാസഘടനയോട്
ഏറെക്കുറെ സമാനമാണ്.
ഭൂമധ്യരേഖ
(Equator)
പൂജ്യം
ഡിഗ്രി അക്ഷാംശമാണ് ഭൂമധ്യരേഖ. ഭൂമധ്യരേഖ ഭൂഗോളത്തെ ഉത്തരാർധഗോളം, ദക്ഷിണാർധഗോളം എന്നിങ്ങനെ വേർതിരിക്കുന്നു. ഇക്വഡോർ, കൊളംബിയ, ബ്രസീൽ, ഗാബോൺ, റിപ്പബ്ലിക് ഓഫ് കോംഗോ, ഡെമോക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യുഗാണ്ട, കെനിയ, സൊമാലിയ, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളിലൂടെ
ഭൂമധ്യരേഖ കടന്നുപോകുന്നു. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം
ഇൻഡൊനീഷ്യയാണ്.
അക്ഷാംശം, രേഖാംശം
ഭൗമോപരിതലത്തിലെ
ഏതു സ്ഥലത്തിന്റെയും സ്ഥാനനിർണയം വളരെ കൃത്യമായി നടത്താനുള്ള സംവിധാനമാണ് അക്ഷാംശം, രേഖാംശം എന്നിവ. അക്ഷാംശരേഖകൾ
ഭൂമധ്യരേഖയ്ക്ക് സമാന്തരവും രേഖാംശരേഖകൾലംബവുമായിട്ടാണുള്ളത്.
പ്രധാന
വസ്തുതകൾ
■ ഭൂമിയുടെ ഉപരിതലത്തിലെ ദൂരം, സമയം എന്നിവ കണ്ടെത്താൻ അക്ഷാംശവും
രേഖാംശവും ഉപയോഗിക്കുന്നു.
■ ഭൂമധ്യരേഖയിൽ നിന്ന് വടക്കോട്ടോ
അല്ലെങ്കിൽ തെക്കോട്ടോ ഉള്ള ദൂരം കണ്ടെത്താൻ അക്ഷാംശരേഖകളെ ഉപയോഗിക്കുന്നു.
■ ഗ്രീൻവിച്ച് മെറിഡിയന് സമാനമായി
ഭൂമിയിലെ ഒരു പ്രത്യേക സ്ഥലത്തിന്റെ സമയം കണ്ടെത്താൻ രേഖാംശം ഉപയോഗിക്കുന്നു.
■ ഒരു പ്രത്യേക സ്ഥലത്തിന്റെ കാലാവസ്ഥയും
ഋതുഭേദങ്ങളും അക്ഷാംശം ഉപയോഗിച്ച് കണ്ടെത്താൻ കഴിയും.
■ ഭൂമധ്യരേഖയുടെ അക്ഷാംശം പൂജ്യം
ഡിഗ്രിയാണ്. അക്ഷാംശത്തെ "സമാന്തരങ്ങൾ" എന്നും വിളിക്കുന്നു.
■ ഉത്തരധ്രുവം 90 ഡിഗ്രി ഉത്തര അക്ഷാംശവും ദക്ഷിണധ്രുവം
90 ഡിഗ്രി ദക്ഷിണ അക്ഷാംശവുമാണ്.
■ തൊട്ടടുത്തുള്ള രണ്ട് അക്ഷാംശങ്ങൾ
തമ്മിലുള്ള വ്യത്യാസമാണ് 111 കിലോമീറ്റർ.
■ ഭൂമധ്യരേഖ ഉത്തര, ദക്ഷിണ അർദ്ധഗോളങ്ങളെ വിഭജിക്കുന്നു.
■ പ്രൈം മെറിഡിയൻ ലണ്ടനിലെ ഗ്രീൻവിച്ച്
വഴി കടന്നുപോകുന്നു.
■ അന്താരാഷ്ട്ര ദിനാങ്ക രേഖ 180 ഡിഗ്രി മെറിഡിയൻ വഴി കടന്നുപോകുന്നു.
■ അന്താരാഷ്ട്ര ദിനാങ്ക രേഖയുടെ ഇരുവശവും
തമ്മിൽ ഒരു ദിവസത്തെ വ്യത്യാസമുണ്ട്.
■ അന്താരാഷ്ട്ര ദിനാങ്ക രേഖ ബെറിങ്
കടലിടുക്ക്, ഫിജി ദ്വീപ്, ടോംങ ദ്വീപ് എന്നീ സ്ഥലങ്ങളിലൂടെ
കടന്നുപോകുന്നു.
■ ഭൂമിയെ 24 സമയ മേഖലകളായി വിഭജിച്ചിരിക്കുന്നു.
■ ലോകത്ത് ഏറ്റവുമധികം സമയമേഖലകൾ ഉള്ളത്
റഷ്യയിലാണ്. റഷ്യയ്ക്ക് 11 സമയ മേഖലകളുണ്ട്.
■ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (Indian Standard Time) ഗ്രീൻവിച്ച് ശരാശരി
സമയത്തേക്കാൾ അഞ്ചര മണിക്കൂർ കൂടുതലാണ്. ഗ്രീൻവിച്ച് ശരാശരി സമയം രാവിലെ 11 മണിയാണെങ്കിൽ, ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം വൈകുന്നേരം
4:30 മണിയാണ്.
■ ഏറ്റവും കൃത്യമായി സമയം അളക്കുവാനുള്ള
ഉപകരണമാണ് 'സീസിയം ക്ലോക്ക്'.
■ മാർച്ച് 21, സെപ്റ്റംബർ 23 എന്നീ ദിവസങ്ങളിലാണ് സൂര്യൻ
ഭൂമധ്യരേഖയ്ക്ക് എതിർവശത്ത് വരുന്നത്. ഈ ദിവസങ്ങളെ 'വിഷുവങ്ങൾ' (Equinox) എന്ന് വിളിക്കുന്നു.
■ 'ഇക്വിനോക്സ്' എന്നാൽ 'തുല്യ രാത്രികൾ'. വിഷുവദിവസങ്ങളിൽ (Equinox) ഭൂമധ്യരേഖ സ്ഥലങ്ങളിൽ.
രാത്രിയും പകലും 12 മണിക്കൂർ വീതം ആയിരിക്കും.
■ മാർച്ച് 21 നെ മഹാവിഷുവദിവസമെന്നും, സെപ്റ്റംബർ 23 നെ കർക്കടക സംക്രമണദിവസമെന്നും
അറിയപ്പെടുന്നു.
■ ഇക്വഡോർ, ഉഗാണ്ട, ബ്രസീൽ, സൊമാലിയ, റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്തോനേഷ്യ, കെനിയ, കൊളംബിയ, ഗാബോൺ എന്നീ രാജ്യങ്ങളിലൂടെ ഭൂമധ്യരേഖ
കടന്നുപോകുന്നു. മധ്യരേഖാ സ്ഥലങ്ങൾ മഴക്കാടുകൾ നിറഞ്ഞതാണ്.
■ ഉത്തരായനരേഖ എന്നാൽ വടക്ക് അക്ഷാംശം 23 ഡിഗ്രി 26 മിനിറ്റ് 22 സെക്കൻഡാണ്. ദക്ഷിണായനരേഖ എന്നാൽ
തെക്ക് അക്ഷാംശം 23 ഡിഗ്രി 26 മിനിറ്റ് 22 സെക്കൻഡാണ്.
■ ഉത്തരായനരേഖക്ക് മീതെ സൂര്യനെത്തുന്നത്
ജൂൺ 21നും (കർക്കടക സംക്രാന്തി), ദക്ഷിണായനരേഖക്ക് മീതെ
സൂര്യനെത്തുന്നത് ഡിസംബർ 22നുമാണ് (മകര സംക്രാന്തി).
ഉത്തരായനം, ദക്ഷിണായനം
വടക്കൻ
അക്ഷാംശം 23 ഡിഗ്രി, 26 മിനിറ്റ്, 22 സെക്കൻഡ് അറിയപ്പെടുന്ന പേരാണ്
ഉത്തരായനരേഖ (Tropic
of Cancer). സൂര്യൻ
ഉത്തരായനരേഖയ്ക്ക് മുകളിൽ വരുന്നത് എല്ലാവർഷവും ജൂൺ 20/21 നാണ്. ഉത്തരായനം, കർക്കടക സംക്രാന്തി എന്നിങ്ങനെ ഈ ദിവസം
അറിയപ്പെടുന്നു. ദക്ഷിണ അക്ഷാംശം 23
ഡിഗ്രി, 26 മിനിറ്റ്, 22 സെക്കൻഡ് അറിയപ്പെടുന്ന പേരാണ്
ദക്ഷിണായനരേഖ (Tropic
of Capricorn). സൂര്യൻ
ദക്ഷിണായനരേഖയ്ക്ക് മുകളിൽ വരുന്നത് എല്ലാവർഷവും ഡിസംബർ 21/22 നാണ്. ദക്ഷിണായനം, മകരസംക്രാന്തി എന്നിങ്ങനെ ഈ ദിവസം
അറിയപ്പെടുന്നു.
1.
ഉത്തരായനരേഖ (Tropic of Cancer) എന്നാൽ എന്ത്- വടക്ക് അക്ഷാംശം
23 ഡിഗ്രി 26 മിനിറ്റ് 22 സെക്കൻഡ്
2.
ദക്ഷിണായനരേഖ (Tropic of Capricorn) എന്നാൽ എന്ത് - തെക്ക്
അക്ഷാംശം 23 ഡിഗ്രി 26 മിനിറ്റ് 22 സെക്കൻഡ്
3.
ഉത്തരായനരേഖക്ക്
മീതെ സൂര്യനെത്തുന്നത് - ജൂൺ 21
(കർക്കടക
സംക്രാന്തി/ഉത്തരായനം)
4.
ദക്ഷിണായനരേഖക്ക്
മീതെ സൂര്യനെത്തുന്നത് - ഡിസംബർ 22
(മകര
സംക്രാന്തി/ദക്ഷിണായനം)
ധ്രുവങ്ങൾ
ഭൂമിയുടെ
ഉത്തരാർധഗോളത്തിലെ 66
ഡിഗ്രി 33 മിനിറ്റ് 39 സെക്കൻഡ് വടക്കൻ അക്ഷാംശം ആർട്ടിക്ക്
വൃത്തം എന്നും ദക്ഷിണാർധഗോളത്തിലെ 66 ഡിഗ്രി
33 മിനിറ്റ് 39 സെക്കൻഡ് ദക്ഷിണ അക്ഷാംശം
അന്റാർട്ടിക്ക് വൃത്തം എന്നും അറിയപ്പെടുന്നു.
അറോറ
പ്രതിഭാസം (Auroras)
ഭൂമിയുടെ
ധ്രുവപ്രദേശങ്ങളിൽ രാത്രികാലത്ത് ആകാശത്തു ദൃശ്യമാവുന്ന വർണക്കാഴ്ചകളാണ്
ധ്രുവദീപ്തങ്ങൾ അഥവാ അറോറ. ഉത്തരധ്രുവത്തിലെ ദീപ്തിയാണ് 'അറോറ ബോറിയാലിസ്'. ഉത്തരദീപ്തി (Northern Light) എന്നും ഇതറിയപ്പെടുന്നു. ഭൂമിയുടെ
ദക്ഷിണ ധ്രുവപ്രദേശത്ത് ദൃശ്യമാകുന്ന ദീപ്തികളാണ് 'അറോറ ഓസ്‌ട്രേലിസ്'. ദക്ഷിണദീപ്തി (Southern Light) എന്നും ഇതറിയപ്പെടുന്നു.
ഭൂമിയുടെ കാന്തികമണ്ഡലത്തിൽ ചാർജ് ചെയ്യപ്പെട്ട കണങ്ങൾ വന്നിടിക്കുന്നതിന്റെ
ഫലമാണ് ധ്രുവദീപ്തികൾ. തെർമോസ്ഫിയർ പാളിയിലാണ് ഇവ കാണപ്പെടുന്നത്.
ദിനാന്തരീക്ഷ
സ്ഥിതിയും കാലാവസ്ഥയും (Weather
and Climate)
ഒരു
പ്രദേശത്ത് ഒരു പ്രത്യേക സമയത്തോദിവസത്തിലോ ഉള്ള അന്തരീക്ഷാവസ്ഥയെ കുറിക്കുന്നതാണ്
ദിനാന്തരീക്ഷസ്ഥിതി (Weather).
എന്നാൽ ഒരു
പ്രത്യേക പ്രദേശത്ത്,
നീണ്ട കാലയളവിൽ
അനുഭവപ്പെടുന്ന ദിനാന്തരീക്ഷസ്ഥിതിയുടെ ആകെ തുകയാണ് കാലാവസ്ഥ (Cimate). ഏറ്റവും കുറഞ്ഞത് 30 വർഷമെങ്കിലുമായി ഒരു പ്രദേശത്തുള്ള
ദിനാന്തരീക്ഷസ്ഥിതിയാണ് കാലാവസ്ഥ എന്നറിയപ്പെടുന്നത്. കാലാവസ്ഥയെക്കാളും കൂടുതൽ
തീവ്രമായിരിക്കും ദിനാവസ്ഥ. ഇത് കൊണ്ടർത്ഥമാക്കുന്നത് നിത്യേനയുള്ള ഊഷ്മാവിന്റെയും
മഴയുടെയും മർദ്ദത്തിന്റെയും കാറ്റിന്റെയും പരിധി നീണ്ട കാലയളവിലുള്ള
കാലാവസ്ഥയെക്കാളും അധികമായിരിക്കും.
ക്ലൈമറ്റും
വെതറും
ക്ലൈമറ്റ്, വെതർ എന്നീ ഇംഗ്ലീഷ് പദങ്ങൾ കാലാവസ്ഥയെ
കുറിക്കാൻ ഉപയോഗിക്കാറുണ്ട്. ഭൗമാന്തരീക്ഷത്തിൽ കാറ്റ്, മഴ, ചൂട്, ആർദ്രത എന്നിവയുടെ അവസ്ഥ
വിവരിക്കുന്നതാണ് ഈ രണ്ടു വാക്കുകളും. ഒരു പ്രത്യേക പ്രദേശത്തെ ചുരുങ്ങിയ സമയത്തെ
കാലാവസ്ഥയാണ് വെതർ. എന്നാൽ,
വിസ്തൃതമായ
പ്രദേശത്തെ ദീർഘ കാലയളവിലെ കാലാവസ്ഥയാണ് ക്ലൈമറ്റ്. ക്ലൈമറ്റിനെ ശരാശരി വെതർ എന്നു
വിശേഷിപ്പിക്കാം.
അന്തരീക്ഷം
(Atmosphere)
ഭൂമിയെ
പൊതിഞ്ഞിരിക്കുന്ന വാതകങ്ങളുടെ ആവരണമാണ് വായുമണ്ഡലം അഥവാ അന്തരീക്ഷം. ഭൂമിയുടെ
ഉപരിതലത്തിൽനിന്നു അനേകം കിലോമീറ്റർ ഉയരം വരെ അന്തരീക്ഷം വ്യാപിച്ചിരിക്കുന്നു.
അന്തരീക്ഷത്തെ ഭൂമിയോട് ചേർത്ത് നിർത്തുന്നത് ഭൂഗുരുത്വാകർഷണമാണ്. സ്വഭാവത്തിന്റെ
അടിസ്ഥാനത്തിൽ അന്തരീക്ഷത്തെ കുത്തനെയുള്ള രണ്ട് മേഖലകളായി തരംതിരിയ്ക്കാം -
ഹോമോസ്ഫിയർ, ഹെറ്ററോസ്ഫിയർ.
ഹെറ്ററോസ്ഫിയർ
(Heterosphere)
ഭൂമിയുടെ
ഉപരിതലത്തിൽ നിന്നും 100 കിലോമീറ്ററിൽ കൂടുതൽ
ഉയരത്തിലുള്ള അന്തരീക്ഷ മേഖലയാണ് ഹെറ്ററോസ്ഫിയർ. താരതമ്യേന തന്മാത്രാ പിണ്ഡം കൂടിയ
വാതകങ്ങൾ താഴ്ന്ന മേഖലയിലും കുറവുള്ളത് ഉയർന്ന തലങ്ങളിലും കാണപ്പെടുന്നു. 1000 കിലോമീറ്ററിനപ്പുറം ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ വാതകങ്ങളാണ് ധാരാളമായി
കണ്ടുവരുന്നത്. തന്മാത്രാഭാരം കൂടിയ ദ്വയാറ്റോമിക് നൈട്രജൻ വാതകം 500 കിലോമീറ്ററിനു മുകളിൽ വളരെ കുറഞ്ഞ
തോതിൽ മാത്രമേ കാണപ്പെടുന്നുള്ളു.
ഹോമോസ്ഫിയർ
(Homosphere)
ഭൗമോപരിതലത്തിൽ
നിന്നും അന്തരീക്ഷം കാണുന്ന മേഖലയാണ് ഹോമോസ്ഫിയർ. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും
ഏകദേശം 100 കിലോമീറ്റർ വരെ ഉയരത്തിൽ
വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷ മേഖലയാണിത്. ഹോമോസ്ഫിയറിൽ വാതകങ്ങളുടെ ശക്തമായ
മിശ്രണം വാതക തന്മാത്രകളുടെ പ്രസരണത്തേക്കാൾ അധികമാണ്. അന്തരീക്ഷത്തിന്റെ രാസഘടന ഈ
ഭാഗത്തിന്റെ ഉയർന്ന തലം വരെ ഐകരൂപ്യമുള്ള പോലെ കാണപ്പെടുന്നത് കൊണ്ടാണ് ഹോമോസ്ഫിയർ
എന്ന പേര് നൽകിയിട്ടുള്ളത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും മുകളിലേക്ക് പോകുന്തോറും
അന്തരീക്ഷ ഊഷ്‌മാവിൽ വ്യതിയാനം സംഭവിക്കുന്നു. ഈ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ
അന്തരീക്ഷപാളിയായ ഹോമോസ്ഫിയറിനെ അഞ്ച് വ്യത്യസ്‌ത പാളികളായി
തരംതിരിച്ചിരിക്കുന്നു. ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മീസോസ്ഫിയർ, തെർമോസ്ഫിയർ (അയണോസ്ഫിയർ), എക്സോസ്ഫിയർ എന്നിവ.
അന്തരീക്ഷ
ഘടന
ഭൂമിയുടെ
അന്തരീക്ഷത്തെ പ്രധാനമായും ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മീസോസ്ഫിയർ, തെർമോസ്ഫിയർ (അയണോസ്ഫിയർ), എക്സോസ്ഫിയർ എന്നിങ്ങനെ
തിരിച്ചിരിക്കുന്നു.
ട്രോപ്പോസ്ഫിയർ
(Troposphere)
ഭൂമിയുടെ
ഉപരിതലത്തോടു ചേർന്നുനിൽക്കുന്ന അന്തരീക്ഷ മണ്ഡലമാണ് ട്രോപ്പോസ്ഫിയർ. 'തിരച്ചിൽ' എന്നർത്ഥം വരുന്ന ട്രോപ്പോസ് എന്ന
ഗ്രീക്ക് പദത്തിൽ നിന്നാണ് ട്രോപ്പോസ്ഫിയർ എന്ന വാക്കുണ്ടായത്. വായു ഏറെ
ഇളകിമറിയുന്ന മേഖലയാണിത്. സ്ഥലകാലഭേദങ്ങളനുസരിച്ചും ഋതുവ്യത്യാസങ്ങളനുസരിച്ചും
ട്രോപ്പോസ്ഫിയറിന്റെ ഉയരം വ്യത്യാസപ്പെട്ട് കാണപ്പെടുന്നു. ധ്രുവപ്രദേശങ്ങളിൽ 8 കിലോമീറ്ററും ഭൂമധ്യരേഖാപ്രദേശങ്ങളിൽ 17 കിലോമീറ്ററുമാണ് ഈ മേഖലയുടെ ശരാശരി
ഉയരം. ചൂട് കൂടുതലായി അനുഭവപ്പെടുന്ന മേഖലകളിൽ ട്രോപ്പോസ്ഫിയറിന്റെ ഉയരം കൂടുതലും
തണുപ്പ് കൂടുതലായി അനുഭവപ്പെടുന്ന മേഖലകളിൽ ട്രോപ്പോസ്ഫിയറിന്റെ ഉയരം കുറവും
ആയിരിക്കും. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വായുവിന്റെ സംവഹനപ്രവാഹങ്ങൾ കൂടുതൽ
ഉയരങ്ങളിലേക്ക് വ്യാപിക്കുന്നു. എന്നാൽ ശൈത്യമേഖലകളിൽ സംവഹനപ്രവാഹങ്ങൾക്ക്
ഉയരങ്ങളിലേക്കുള്ള വ്യാപനം കുറവാണ്. സംവഹനപ്രവാഹത്തിന്റെ വ്യാപനത്തിലുണ്ടാകുന്ന ഈ
ഏറ്റക്കുറിച്ചിലുകളാണ് ട്രോപ്പോസ്ഫിയറിന്റെ ഉയരവ്യത്യാസത്തിന് കാരണം.
ട്രോപ്പോസ്ഫിയറിന്റെ വ്യാപ്‌തി നിർണ്ണയിക്കുന്ന പ്രധാന ഘടകം താപനിലയാണ്.
ട്രോപ്പോസ്ഫിയറിൽ
ഉയരക്രമമനുസരിച്ച് താപം കുറയുന്നത് ഒരു നിശ്ചിത നിരക്കിലാണ്. അതായത് ഓരോ 165 മീറ്റർ ഉയരം കൂടുന്നതനുസരിച്ച് ഒരു
ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ അന്തരീക്ഷതാപം കുറയുന്നു. ഇത് ക്രമമായ താപനഷ്ടനിരക്ക്
(Normal lapse
rate) എന്നറിയപ്പെടുന്നു.
ഭൂമിയിൽ മനുഷ്യജീവിതം രൂപപ്പെടുത്തുന്നതിൽ ട്രോപ്പോസ്ഫിയറിന്റെ പങ്ക്
നിർണ്ണായകമാണ്. മേഘം,
മഴ, മഞ്ഞ്, ഇടിമിന്നൽ, കൊടുങ്കാറ്റ് തുടങ്ങിയ പ്രതിഭാസങ്ങൾ
ട്രോപ്പോസ്ഫിയറിൽ മാത്രം കാണപ്പെടുന്നവയാണ്. വായുവിലുള്ള നീരാവിയുടെ അംശം, പൊടിപടലങ്ങൾ എന്നിവയുടെ സാന്നിധ്യവും ഈ
അന്തരീക്ഷമണ്ഡലത്തിലാണുള്ളത്. ട്രോപ്പോസ്ഫിയറിനു മുകളിലായി താപം സ്ഥിരമായി
നിൽക്കുന്ന മേഖലയാണ് ട്രോപ്പോപാസ്. ട്രോപ്പോസ്ഫിയറിനും സ്ട്രാറ്റോസ്ഫിയറിനും
ഇടയിലുള്ള സംക്രമണമേഖലയാണിത്.
സ്ട്രാറ്റോസ്ഫിയർ
സ്ട്രാറ്റോസ്ഫിയറിന്റെ
താഴ്ന്ന വിതാനങ്ങളിൽ സമതാപസ്വഭാവം കണ്ടുവരുന്നു. അതായത് ഉയരം കൂടുന്നതിനനുസരിച്ച്
താപവ്യത്യാസം അനുഭവപ്പെടുന്നില്ല. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ ഉയരംവരെ ഈ നില തുടരുന്നു.
തുടർന്ന് 50 കിലോമീറ്റർ വരെ താപം
വർദ്ധിക്കുന്നു. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്‌ത്
ഓക്സിജൻ തന്മാത്രകളുടെ വിഘടനവും ഓസോൺ വാതകത്തിന്റെ നിർമ്മിതിയും നടക്കുന്നത് ഈ
അന്തരീക്ഷമണ്ഡലത്തിലാണ്. ഇതിന്റെ ഫലമായി പുറത്തുവിടുന്ന ലീനതാപമാണ് ഇവിടെ താപം
വർദ്ധിക്കുന്നതിന് കാരണമാകുന്നത്. ഇവിടെ നൈസർഗ്ഗികമായി ഉല്പാദിപ്പിക്കപ്പെടുന്ന
ഓസോൺ വാതകം ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളി എന്നറിയപ്പെടുന്നു.
സ്ട്രാറ്റോസ്ഫിയറിന് മുകളിലുള്ള സംക്രമണ മേഖലയാണ് സ്ട്രാറ്റോപ്പാസ്.
മിസോസ്ഫിയർ
സമുദ്രനിരപ്പിൽ
നിന്ന് 50 കിലോമീറ്ററിനും 80 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന
അന്തരീക്ഷപാളിയാണിത്. ഉയരം കൂടുന്തോറും മിസോസ്ഫിയറിലെ താപനില കുറഞ്ഞുവരുന്നു.
മിസോസ്ഫിയറിന്റെ ഉപരിഭാഗത്ത് -83 ഡിഗ്രി സെൽഷ്യസ് മുതൽ -100 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവ്
കുറയാറുണ്ട്. ഈ മേഖലയുടെ ഉപരിഭാഗത്തായി താപനിലയിൽ സ്ഥിരത കാണിക്കുന്ന സംക്രമണ
മേഖലയെ മിസോപ്പാസ് എന്നു വിളിക്കുന്നു.
തെർമോസ്ഫിയർ
ക്രമാതീതമായി
ഊഷ്മാവ് വർദ്ധിക്കുന്ന ഒരു മേഖലയാണിത്. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ മുതൽ 400 കിലോമീറ്റർ ഉയരത്തിലുള്ള
തെർമോസ്ഫിയറിന്റെ ഭാഗത്തെ അയണോസ്ഫിയർ എന്നു വിളിക്കുന്നു. അയോണീകരണ പ്രക്രിയയിലൂടെ
ഈ മണ്ഡലത്തിലെ താപം ക്രമാതീതമായി വർദ്ധിച്ചു കാണുന്നു. അയോണീകരണ പ്രക്രിയ
പകൽസമയത്ത് ഏറെ സജീവവും രാത്രികാലങ്ങളിൽ നിർജ്ജീവവുമാണ്. സൂര്യപ്രകാശത്തിൽ നിന്നുള്ള
എക്സ്റേ രശ്‌മികൾ പോലുള്ള ഹ്രസ്വതരംഗങ്ങളാണ് അയോണീകരണം സാധ്യമാക്കുന്നത്.
അയണോസ്ഫിയർ റേഡിയോതരംഗങ്ങളുടെ ഒരു പ്രതിഫലകമാണ്. പകൽ സമയങ്ങളിൽ അയണോസ്ഫിയർ ഏറെ
സജീവമായതിനാൽ റേഡിയോതരംഗങ്ങളെ ശക്തമായി പ്രതിഫലിപ്പിക്കുന്നു. ഉയരം
കൂടുന്നതിനനുസരിച്ച് തെർമോസ്ഫിയറിൽ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നു. തെർമോസ്ഫിയർ
പാളി 'തെർമോപാസ് എന്ന സംക്രമണമേഖലയിൽ
അവസാനിക്കുന്നു.
അയണോസ്ഫിയർ (Ionosphere)
ചാർജ്ജുള്ള
കണികകൾ (അയോണുകൾ) അധികമായി കാണപ്പെടുന്ന തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗത്തെയാണ്
അയണോസ്ഫിയർ എന്നു വിളിക്കുന്നത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങളെ
ആഗിരണം ചെയ്‌ത് അന്തരീക്ഷ വാതകങ്ങളിലെ ആറ്റങ്ങളിൽ നിന്ന് ഇലക്ട്രോൺ
നഷ്ടപ്പെടുമ്പോഴാണ് അയോണുകൾ ഉണ്ടാകുന്നത്. ഏകദേശം 80 മുതൽ 300 കിലോമീറ്ററാണ് അയണോസ്ഫിയറിന്റെ ഉയരം.
വൈദ്യുതിയെ കടത്തിവിടുന്ന മേഖലയാണിത്. ദീർഘദൂര വാർത്താവിനിമയത്തിന് സഹായകരമാകുന്ന
ഭാഗമാണിത്. അന്തരീക്ഷത്തിലെത്തുന്ന റേഡിയോ തരംഗങ്ങളെ ഇത് ഭൂമിയിലേയ്ക്ക് തിരിച്ച്
പ്രതിഫലിപ്പിക്കുന്നു. അറോറ എന്ന പ്രതിഭാസവും തെർമോസ്ഫിയറിന്റെ ഈ ഭാഗത്താണ്
കാണപ്പെടുന്നത്.
എക്സോസ്ഫിയർ
അന്തരീക്ഷത്തിന്റെ
ഏറ്റവും മുകളിലത്തെ പാളിയാണിത്. ഭൗമോപരിതലത്തിൽ നിന്ന് 500 - 1000 കിലോമീറ്റർ ഉയരെയാണ് ഇതിന്റെ തുടക്കം.
വാതക തന്മാത്രകൾ ബാഹ്യാകാശത്തിലേയ്ക്ക് നിരന്തരം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇവിടെ.
കാർമൻ രേഖ
ഭൗമോപരിതലത്തിൽ
നിന്ന് 100 കിലോമീറ്റർ ഉയരെയുള്ള ഭാഗത്തെയാണ്
ഭൗമാന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർത്തിയായി അന്താരാഷ്ട്ര എയ്‌റോനോട്ടിക്
ഫെഡറേഷൻ നിശ്ചയിച്ചിരിക്കുന്നത്. ഈ അതിർവരമ്പ് അറിയപ്പെടുന്ന പേരാണ് കാർമൻ രേഖ.
എയ്‌റോനോട്ടിക് ശാസ്ത്രജ്ഞൻ തിയോഡോർ വോൺ കാർമന്റെ സ്മരണാർഥമാണ് ഈ പേര്
നൽകിയിരിക്കുന്നത്.
കാലാവസ്ഥ
ഒരു
പ്രദേശത്ത് ഒരു പ്രത്യേക സമയത്തോദിവസത്തിലോ ഉള്ള അന്തരീക്ഷാവസ്ഥയെ കുറിക്കുന്നതാണ്
ദിനാന്തരീക്ഷസ്ഥിതി (Weather).
എന്നാൽ ഒരു
പ്രത്യേക പ്രദേശത്ത്,
നീണ്ട കാലയളവിൽ
അനുഭവപ്പെടുന്ന ദിനാന്തരീക്ഷസ്ഥിതിയുടെ ആകെ തുകയാണ് കാലാവസ്ഥ (Cimate). ഏറ്റവും കുറഞ്ഞത് 30 വർഷമെങ്കിലുമായി ഒരു പ്രദേശത്തുള്ള
ദിനാന്തരീക്ഷസ്ഥിതിയാണ് കാലാവസ്ഥ എന്നറിയപ്പെടുന്നത്.
മഴ
രൂപപ്പെടുന്നതിന്റെ
അടിസ്ഥാനത്തിൽ മഴയെ മൂന്നായി തിരിക്കുന്നു. സംവഹനവൃഷ്ടി (Convectional Rainfall), ശൈലവൃഷ്ടി (Orographic Rainfall), ചക്രവാതവൃഷ്ടി (Cyclonic Rainfall). ചൂടുപിടിച്ച അന്തരീക്ഷവായു
നീരാവിയോടൊപ്പം ഉയർന്നുപൊങ്ങുകയും ഉയരങ്ങളിൽവെച്ച് തണുത്ത് മഴയായി പെയ്യുകയും
ചെയ്യുന്നത് സംവഹനവൃഷ്ടി എന്നറിയപ്പെടുന്നു. ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയാണ്
സാധാരണമായി സംവഹനവൃഷ്ടി ഉണ്ടാകുന്നത്. കേരളത്തിലെ തുലാമഴ ഇതിനുദാഹരണമാണ്. കടലിൽ
നിന്നുള്ള നീരാവി പൂരിതമായ വായു പർവ്വതങ്ങളിൽ തട്ടി ഉയർന്നുപൊങ്ങി, തണുത്ത് മഴയായി പെയ്യുന്നതാണ്
ശൈലവൃഷ്ടി. ഒരു ന്യൂനമർദ്ദ പ്രദേശത്തോട് ബന്ധപ്പെട്ടാണ് ചക്രവാതവൃഷ്ടി
ഉണ്ടാകുന്നത്.കൊടുങ്കാറ്റ് അടിക്കുന്ന മേഖലകളിലാണ് കാറ്റിന് അകമ്പടിയായി ചക്രവാതവൃഷ്ടി
ഉണ്ടാകുന്നത്.
ഘനീകരണം (Condensation)
നീരാവി
തണുത്തുറഞ്ഞ് ജലമായി മാറുന്ന പ്രക്രിയയെ പറയുന്നതാണ് ഘനീകരണം. അന്തരീക്ഷ ഊഷ്‌മാവ്
കുറയുമ്പോൾ ഘനീകരണ പ്രക്രിയയുടെ വേഗത കൂടുന്നു. അന്തരീക്ഷം പൂരിതാവസ്ഥയിൽ
എത്തിയതിനുശേഷവും നീരാവി അന്തരീക്ഷത്തിലെത്തുകയോ താപനില ഗണ്യമായി കുറയുകയോ ചെയ്താൽ
നീരാവിക്ക് ഘനീകരണം സംഭവിക്കുന്നു.
ഉദാഹരണം
: ഐസ് കഷണങ്ങൾ നിറച്ച ഗ്ലാസിന് ചുറ്റും ജാലകണികകൾ കാണപ്പെടുന്നതിനും അവ താഴേക്ക്
വീഴുന്നതിനുമുള്ള കാരണമാണ് ഘനീകരണം. അന്തരീക്ഷ വായുവിൽ അടങ്ങിയിരിക്കുന്ന നീരാവി
കപ്പിന്റെ തണുത്ത പ്രതലങ്ങളിൽ തട്ടി തണുക്കുമ്പോൾ അത് ജലകണികകളായി മാറി ഗ്ലാസിന്
ചുറ്റും പറ്റിപിടിക്കുന്നു. കൂടുതൽ ഘനീഭവിക്കുന്നതിലൂടെ ജലകണികകളുടെ വലിപ്പവും
ഭാരവും കൂടുന്നതിനാൽ ഭൂമിയുടെ ഗുരുത്വാകർഷണത്തിന് വിധേയമായി അവ താഴേയ്ക്ക്
വീഴുന്നു.
■ ഘനീകരണ രൂപങ്ങൾ
അന്തരീക്ഷത്തിലെ
നീരാവി ഘനീഭവിക്കുന്നതിലൂടെ മേഘങ്ങൾ, മൂടൽ
മഞ്ഞ് (ഹിമം),
തുഷാരം എന്നിവ
രൂപപ്പെടുന്നു.
◆ മേഘങ്ങൾ
(Clouds) : അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന
നേർത്ത പൊടിപടലങ്ങളെ കേന്ദ്രമാക്കി നീരാവി ഘനീഭവിച്ചുണ്ടാകുന്ന ജലകണികകൾ
കൂടിച്ചേർന്ന് മേഘങ്ങൾ രൂപംകൊള്ളുന്നു.
◆ മൂടൽമഞ്ഞ്
(Fog) : താഴ്വരകളിലും ജലാശയങ്ങൾക്കു
മുകളിലും പുക പോലെ നേർത്ത ജലകണികകൾ തങ്ങി നിൽക്കുന്ന പ്രതിഭാസത്തെ പറയുന്നതാണ്
മൂടൽമഞ്ഞ്.
◆ തുഷാരം
(Dew) : തണുപ്പുള്ള പ്രഭാതങ്ങളിൽ
പുൽനാമ്പുകളിലും മറ്റ് തണുത്ത പ്രതലങ്ങളിലും ജലകണികകൾ പറ്റിപിടിച്ചിരിക്കുന്ന
പ്രതിഭാസത്തെയാണ് തുഷാരം എന്നു പറയുന്നത്.
■ വർഷണം (Precipitation) : തുടർച്ചയായ ഘനീകരണം മൂലം
മേഘങ്ങളിലെ ജലകണികകളുടെ വലിപ്പം കൂടുകയും അന്തരീക്ഷത്തിൽ തങ്ങിനിൽക്കാനാകാതെ അവ
ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് വർഷണം. മഴ, മഞ്ഞുവീഴ്ച, ആലിപ്പഴം എന്നിവയാണ് വർഷണത്തിന്റെ
വിവിധ രൂപങ്ങൾ. ജലകണികകളുടെ രൂപത്തിലുള്ള വർഷണമാണ് മഴ. നേർത്ത ഹിമകണികകളുടെ
രൂപത്തിലുള്ള വർഷണമാണ് മഞ്ഞുവീഴ്ച. മഞ്ഞുകട്ടകളുടെ രൂപത്തിലുള്ള വർഷണമാണ്
ആലിപ്പഴം.
തുഷാരം (Dew)
പ്രഭാതങ്ങളിൽ
പുൽക്കൊടികളിലും ഇലകളിലും മറ്റു തണുത്ത പ്രതലങ്ങളിലും ജലത്തുള്ളികൾ
പറ്റിയിരിക്കുന്ന പ്രതിഭാസമാണ് തുഷാരം. പകൽസമയത്ത് കര വേഗം ചൂടുപിടിക്കുകയും
രാത്രികാലങ്ങളിൽ പെട്ടെന്ന് തണുക്കുകയും ചെയ്യുന്നു. രാത്രി കാലങ്ങളിൽ ഭൗമോപരിതലം
തണുക്കുന്നതിനെ തുടർന്ന് ഉപരിതലത്തോട് ചേർന്നു സ്ഥിതിചെയ്യുന്ന അന്തരീക്ഷ ഭാഗവും
തണുക്കുന്നു. ഇതുമൂലം നീരാവി ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൂമിയുടെ ഉപരിതലത്തിലെ
തണുത്ത പ്രതലങ്ങളിൽ പറ്റിപിടിക്കുന്നു. സൂര്യോദയത്തോടെ തുഷാരം അപ്രത്യക്ഷമാകുന്നു.
തുഷാരത്തിന്
ഉദാഹരണം - പ്രഭാതങ്ങളിൽ പുൽക്കൊടികളിലും ഇലകളിലും മറ്റു തണുത്ത പ്രതലങ്ങളിലും
ജലത്തുള്ളികൾ പറ്റിയിരിക്കുന്നത്
ഹിമം
(Frost)
രാത്രി
കാലങ്ങളിൽ ഉപരിതല താപം പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെയായി കുറയുന്ന പ്രദേശങ്ങളിൽ
തുഷാരം നേർത്ത ഹിമകണങ്ങളായി രൂപംകൊള്ളുന്നു. ഈ രൂപത്തിലുള്ള ഘനീകരണത്തെ ഹിമം അഥവാ
മൂടൽ മഞ്ഞ് (Fog
and Mist) എന്നു
പറയുന്നു. ഭൂമിക്ക് മുകളിൽ നീരാവി ഘനീഭവിച്ച് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതാണ്
നേർത്ത മൂടൽമഞ്ഞും കനത്ത മൂടൽമഞ്ഞും. അന്തരീക്ഷത്തിലെ ഓരോ സൂക്ഷ്മധൂളികളും
നിബിഡമായ ജലകണികാ പടലങ്ങളെ ഉൾക്കൊള്ളുന്നതാണ് നേർത്ത മൂടൽമഞ്ഞ് (Mist). കനത്ത മൂടൽമഞ്ഞി (Fog) ന്റെ ജലകണികകൾ നേർത്ത മൂടൽമഞ്ഞിലെ
ജലകണികകളേക്കാൾ ചെറുതായിരിക്കും. പുകയും മൂടൽമഞ്ഞും സംയോജിപ്പിച്ചുണ്ടാകുന്ന
രൂപത്തെ പുകമഞ്ഞ് അഥവാ സ്മോഗ് എന്നു പറയുന്നു. വ്യവസായശാലകൾ ധാരാളമുള്ള
പ്രദേശങ്ങളിൽ കാണപ്പെടുന്നു.
മേഘങ്ങൾ
നേർത്ത
ജലകണികകളുടെയും ചെറിയ ഐസ് പരലുകളുടെയും വൻശേഖരമാണ് മേഘം. ഭൂമിയുടെ കാലാവസ്ഥയിൽ
മേഘങ്ങൾക്ക് നിർണായക പങ്കുണ്ട്. സൂര്യന്റെ ചൂടുകൊണ്ട് സമുദ്രങ്ങളിലെയും
തടാകങ്ങളിലെയും ജലം നീരാവിയായി മാറിയാണ് മേഘങ്ങൾ ഉടലെടുക്കുന്നത്. ഭൂമിക്കു
ചുറ്റുമുള്ള മേഘപടലത്തിന്റെ ബഹുഭൂരിപക്ഷവും ട്രോപോസ്ഫിയർ പാളിയിലാണ്
സ്ഥിതിചെയ്യുന്നത്. മേഘങ്ങളെ പ്രധാനമായും നാലായി തിരിക്കാം - നിമ്‌നമേഘങ്ങൾ, മധ്യമമേഘങ്ങൾ, ഉന്നതമേഘങ്ങൾ, ലംബമേഘങ്ങൾ.
നിമ്‌നമേഘങ്ങൾ
: ഭൗമോപരിതലത്തിൽ നിന്ന് 2000 മീറ്റർ വരെ ഉയരത്തിലാണ് ഇവ
കാണപ്പെടുന്നത്. സ്ട്രാറ്റസ്,
നിംബോ
സ്ട്രാറ്റസ്, സ്ട്രാറ്റോക്കുമുലസ് എന്നിവ
ഉദാഹരണങ്ങളാണ്.
മധ്യമമേഘങ്ങൾ
: ഭൗമോപരിതലത്തിൽ നിന്ന് 2000 മുതൽ 5000 മീറ്റർ വരെ ഉയരത്തിലാണ് ഇവ
കാണപ്പെടുന്നത്. അൾട്ടോസ്ട്രാറ്റസ്, അൾട്ടോകുമുലസ്
എന്നിവ ഉദാഹരണങ്ങളാണ്.
ഉന്നതമേഘങ്ങൾ
: ഭൗമോപരിതലത്തിൽ നിന്നും 5000 മീറ്റർ ഉയരെയാണ് ഇവയുടെ
സ്ഥാനം. സിറസ്,
സിറോസ്ട്രാറ്റസ്, സിറോക്കുമുലസ് എന്നിവ ഉദാഹരണങ്ങളാണ്.
ലംബമേഘങ്ങൾ
: 18 കിലോമീറ്റർ വരെ വ്യത്യസ്ത ഉയരങ്ങളിൽ
ലംബമേഘങ്ങൾ കാണപ്പെടുന്നു. കുമുലോ നിംബസ്, പൈറോകുമുലസ് എന്നിവ ഉദാഹരണങ്ങളാണ്.
വിവിധ
തരം മേഘങ്ങൾ
രൂപത്തിന്റെ
അടിസ്ഥാനത്തിൽ മേഘങ്ങളെ സിറസ് മേഘങ്ങൾ, സ്ട്രാറ്റസ്
മേഘങ്ങൾ, കുമുലസ് മേഘങ്ങൾ, നിംബസ് മേഘങ്ങൾ എന്നിങ്ങനെ നാലായി
തരംതിരിച്ചിരിക്കുന്നു.
സിറസ്
മേഘങ്ങൾ (Cirrus
Clouds)
ഉന്നതമേഘങ്ങൾക്ക്
ഉദാഹരണമാണ് സിറസ് മേഘങ്ങൾ. തെളിഞ്ഞ ദിനാന്തരീക്ഷസ്ഥിതിയിൽ വളരെ ഉയരത്തിൽ നേർത്ത
തൂവൽക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങളാണ് സിറസ് മേഘങ്ങൾ. ഭൗമോപരിതലത്തിൽ 5000 മീറ്ററിനും ഉയരെയാണിവയുടെ സ്ഥാനം.
കൈച്ചൂലിന്റെ ആകൃതിയിലും (wispy
shaped) പക്ഷിത്തൂവലുകൾപ്പോലെയും
കാണപ്പെടുന്നവയാണ് സിറസ് മേഘങ്ങൾ. ജെറ്റ് വിമാനങ്ങൾ കടന്ന് പോവുന്നതിന്റെ ഫലമായി
ഉടലെടുത്ത സിറസ് മേഘമാണ് കോൺട്രയിൽസ്.
സ്ട്രാറ്റസ്
മേഘങ്ങൾ (Stratus
Clouds)
ഭൗമോപരിതത്തിൽ
നിന്നും 2000 മീറ്റർ വരെ ഉയരത്തിൽ
കാണപ്പെടുന്ന നിമ്‌ന മേഘങ്ങൾക്ക് ഉദാഹരണമാണ്
സ്ട്രാറ്റസ് മേഘങ്ങൾ. ഭൗമോപരിതലത്തെ സ്പർശിക്കുന്ന സ്ട്രാറ്റസ് മേഘമാണ് 'മൂടൽമഞ്ഞ്' (Fog). സ്ട്രാറ്റസ് മേഘങ്ങൾ നേർത്ത മഴയ്ക്ക്
കാരണമാകുന്നു. ഇവ ശൈത്യകാല മേഘങ്ങളെന്നറിയപ്പെടുന്നു. മൂടൽ മഞ്ഞിന്റെ ആകൃതിയാണ്
ഉള്ളത്. മോശമായ കാലാവസ്ഥയിലും മഴച്ചാറ്റലുള്ള അവസരങ്ങളിലും കാണപ്പെടുന്നു.
തിരശ്ചീനമായ ഷീറ്റുകൾ അടുക്കിയതുപോലെ കാണപ്പെടുന്ന മേഘങ്ങളാണ് സ്ട്രാറ്റസ്
മേഘങ്ങൾ. സ്ട്രാറ്റോ വിഭാഗത്തിൽപ്പെടുന്ന മേഘമാണ് ആൾടോസ്ട്രാറ്റസ്.
ആൾട്ടോസ്ട്രാറ്റസ് മേഘങ്ങളും സ്ട്രാറ്റസ് മേഘങ്ങളും പാളികളുള്ള മേഘങ്ങളാണ്, അതിനാൽ അവ ഒരുപോലെ കാണപ്പെടും.
കുമുലസ്
മേഘങ്ങൾ (Cumulus
Clouds)
ചെമ്മരിയാടിന്റെ
രോമക്കെട്ടുകൾപോലെ കാണപ്പെടുന്നവയാണ് കുമുലസ് മേഘങ്ങൾ. ഉയർന്ന സംവഹനപ്രവാഹ ഫലമായി
രൂപംകൊള്ളുന്ന തൂവൽക്കെട്ടുകൾ പോലുള്ള ലംബദിശയിൽ കൂടുതൽ വ്യാപിച്ചിരിക്കുന്ന നിമ്‌ന
മേഘങ്ങളാണ് കുമുലസ് മേഘങ്ങൾ. ചെമ്മരിയാടിന്റെ രോമക്കെട്ടുകൾപ്പോലെയും ക്വാളിഫ്ളവർ
ആകൃതിയിലും കാണപ്പെടുന്ന മേഘങ്ങളാണ് കുമുലസ് മേഘങ്ങൾ.
നിംബസ്
മേഘങ്ങൾ (Nimbus
Clouds)
താഴ്ന്ന
വിതാനത്തിൽ കാണപ്പെടുന്ന മഴയ്ക്ക് കാരണമാകുന്ന മേഘങ്ങളാണ് നിംബസ് മേഘങ്ങൾ.
ഇടിമേഘങ്ങൾ എന്നും അറിയപ്പെടുന്നു. ജലകണികകൾ സാന്ദ്രമായതിനാൽ നിംബസ് മേഘങ്ങൾ
സൂര്യപ്രകാശത്തെ കടത്തി വിടാതെ ഇരുണ്ട നിറത്തിൽ കാണപ്പെടുന്നു. ആകാശത്തിൽ ഉയർന്നു
നിൽക്കുന്ന ചാരനിറത്തിലുള്ള കൂനകൾ പോലെയും നിംബസ് മേഘങ്ങൾ കാണപ്പെടുന്നു. നിംബസ്
മേഘങ്ങളും വിവിധതരം മേഘങ്ങളും കൂടിക്കലർന്ന് പുതിയ മേഘങ്ങൾ രൂപപ്പെടുന്നു.
ഉദാഹരണത്തിന് കുമുലസ്,
നിംബസ് എന്നീ
മേഘങ്ങൾ കൂടിക്കലർന്ന് കുമുലോനിംബസ് മേഘങ്ങൾ രൂപംകൊള്ളുന്നു.
ആലിപ്പഴം (Hail Stone)
ഭൂഗുരുത്വത്തെ
പ്രതിരോധിക്കാനാകാതെ മേഘങ്ങളിൽ നിന്നു ജലത്തുള്ളികൾ മോചിപ്പിക്കപ്പെടുകയും അത്
വിവിധ രൂപങ്ങളിൽ ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് വർഷണം. മഴ, മഞ്ഞുവീഴ്ച, ആലിപ്പഴം എന്നിവയാണ് വർഷണത്തിന്റെ
വിവിധ രൂപങ്ങൾ. മഞ്ഞുകട്ടയുടെ രൂപത്തിലുള്ള വർഷണമാണ് ആലിപ്പഴം. മഴത്തുള്ളികൾ
തണുത്ത വായുപാളികളുള്ള അറകളിലേക്ക് നീക്കം ചെയ്യപ്പെടുമ്പോൾ തണുത്തുറഞ്ഞാണ്
ആലിപ്പഴങ്ങൾ രൂപംകൊള്ളുന്നത്. മേഘങ്ങളിലെ തണുത്തുറഞ്ഞ ജലകണികകളുടെ വലിപ്പം
കൂടുമ്പോൾ വായുവിൽ തങ്ങിനിൽക്കാനാവാതെ ഭൂമിയിലേക്ക് മഞ്ഞുകട്ടയുടെ രൂപത്തിൽ
ആലിപ്പഴം വർഷിക്കുന്നു.
സ്മോഗ്
(SMOG)
അനിയന്ത്രിതമായ
വായുമലിനീകരണത്തിന്റെ പ്രതിഫലനമാണ് സ്മോഗ് അഥവാ പുകമഞ്ഞ്. ഇരുപതാം നൂറ്റാണ്ടിന്റെ
തുടക്കത്തിലാണ് ഈ വാക്ക് രൂപപ്പെട്ടത്. പുകയും മൂടൽമഞ്ഞും ചേർന്ന് സ്മോഗ്
ഉണ്ടാക്കുന്നു. ഈ പേരു വരാൻ കാരണവും അതുതന്നെ. കാഴ്ചയെ തടസ്സപ്പെടുത്തുന്ന സ്മോഗ്
വ്യവസായശാലകളും മറ്റും കൂടുതലുള്ള നഗരപ്രദേശങ്ങളിലാണ് സാധാരണ രൂപപ്പെടാറ്. ഫോസിൽ
ഇന്ധനങ്ങൾ കത്തിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണമാണ് ഇതിന്
പ്രധാന കാരണം. നൈട്രജന്റെയും സൾഫറിന്റെയും ഓക്സൈഡുകൾ, ഓസോൺ വാതകം, പുക, പൊടിപടലങ്ങൾ എന്നിവ ചേർന്നാണ് സ്മോഗ്
രൂപപ്പെടുന്നത്. 1952ൽ ലണ്ടൻ നഗരത്തെ വിഴുങ്ങിയ
പുകമഞ്ഞാണ് ബിഗ് സ്മോഗ് എന്ന് അറിയപ്പെടുന്നത്. അനിയന്ത്രിതമായി കൽക്കരി
കത്തിച്ചതിനെ തുടർന്നുണ്ടായ ഈ ദുരന്തം അഞ്ചുദിവസം നീണ്ടുനിന്നു.
അമ്ലമഴ (Acid Rain)
അമ്ലമഴയുടെ
പ്രധാന കാരണക്കാർ നൈട്രജൻ,
സൾഫർ എന്നീ
മൂലകങ്ങളാണ്. കൽക്കരിയും മറ്റും കത്തിക്കുമ്പോൾ അവയിൽ അടങ്ങിയിരിക്കുന്ന സൾഫർ, ഓക്സിജനുമായി ചേർന്ന് സൾഫർ ഡൈ ഓക്സൈഡ്
രൂപംകൊള്ളുന്നു. അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന മറ്റു മൂലകങ്ങളോട്
പ്രവർത്തിക്കാത്ത സൾഫർ ഡൈ ഓക്‌സൈഡ് ഓസോണുമായി ചേർന്ന് സൾഫർ ട്രൈ ഓക്സൈഡ്
ഉണ്ടാകുന്നു. സൾഫർ ട്രൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുചേരുന്നു.
അതുപോലെ
അന്തരീക്ഷത്തിലെ നൈട്രജനും ഓക്‌സിജനും ചേർന്ന് നൈട്രജൻ ഓക്സൈഡ് രൂപപ്പെടുന്നു.
സൾഫർ ട്രൈ ഓക്സൈഡും നൈട്രജൻ ഓക്സൈഡുകളും മേഘങ്ങളിലെ ജലകണങ്ങൾ ആഗിരണം ചെയ്യുന്നു.
ആസിഡ് കലർന്ന ജലകണങ്ങൾ ക്രമേണ മണ്ണിലെത്തുന്നു. തടാകങ്ങളിലെയും അരുവികളിലെയും
ജലത്തിന്റെ രാസസന്തുലനാവസ്ഥയെത്തന്നെ ആസിഡ് മഴ തകിടം മറിക്കുന്നു. ആസിഡ് മഴ കാരണം
ജലത്തിനുണ്ടാകുന്ന താഴ്ന്ന പി.എച്ച് മൂല്യവും മറ്റും മത്സ്യങ്ങളുടെയും മറ്റ്
ജലജീവികളുടെയും നാശത്തിനു കാരണമാകുന്നു. ജലത്തിന്റെ പി.എച്ച് മൂല്യം അഞ്ചിന്
താഴെയായാൽ മീൻമുട്ടകൾ വിരിയുകയില്ല.
താഴ്ന്ന
പി.എച്ച് മൂല്യം മണ്ണിലുള്ള ചില സൂക്ഷ്മജീവികളെയും നശിപ്പിക്കുന്നുണ്ട്. മാത്രമല്ല
ആസിഡ് മഴ മണ്ണിലെ ധാതുക്കളെ വിഘടിപ്പിക്കുന്നതിനാൽ ചെടികൾക്ക് ശരിയായ രീതിയിൽ
വളരാൻ കഴിയാതെ വരികയും ചെയ്യും. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് ആസിഡ് മഴ ആദ്യം
കണ്ടത്. 1852ൽ റോബർട്ട് ആംഗസ് സ്മിത്ത്
ആസിഡ് മഴയും അന്തരീക്ഷമലിനീകരണവുമായുള്ള ബന്ധം സ്ഥിരീകരിച്ചു. എന്നിരുന്നാലും 1960 കൾക്കു ശേഷം മാത്രമാണ്
ശാസ്ത്രജ്ഞന്മാർ ദോഷകരമായ ഈ പ്രതിഭാസത്തെക്കുറിച്ചുള്ള വിശദമായ പഠനം തുടങ്ങിയത്.
1.
അന്തരീക്ഷ
മലിനീകരണത്തിന്റെ ഫലമായി അന്തരീക്ഷത്തിലെ അമ്ല സ്വഭാവമുള്ള നൈട്രജന്റെയും
സൾഫറിന്റെയും സംയുക്തങ്ങൾ മഴയിൽ അലിഞ്ഞ് ചേരുന്നത് മൂലം ഉണ്ടാകുന്നതാണ് അമ്ലമഴ.
2.
അമ്ലസ്വഭാവമുള്ള
ജലം വഹിക്കുന്ന മഴയാണ് അമ്ലമഴ.
3.
അന്തരീക്ഷത്തിലെ
സൾഫർ ഡൈ ഓക്സൈഡിന്റെയും നൈട്രജൻ ഓക്സൈഡിന്റെയും പ്രവർത്തനഫലമായിട്ടാണ്
അമ്ലമഴയുണ്ടാകുന്നത്.
4.
അമ്ലമഴയുടെ
പി.എച്ച് മൂല്യം 5.6 ന് താഴെയാണ്.
5.
താജ്മഹൽ
സ്ഥിതിചെയ്യുന്ന അഗ്രനഗരത്തിനു ചുറ്റും ധാരാളം വ്യവസായശാലകളും വൈദ്യുത നിലയങ്ങളും
ഉള്ളതിനാൽ വായുവിൽ ഉയർന്ന അളവിൽ സൾഫറും നൈട്രജൻ ഓക്സൈഡുകളും അടങ്ങിയിരിക്കുന്നു.
തത്ഫലമായുണ്ടാകുന്ന അമ്ലമഴ താജ്മഹലിലെ മാർബിളുമായി പ്രവർത്തിച്ച് അതിനെ നശിപ്പിക്കുന്നു.
ഇതിന്റെ നാശം തടഞ്ഞ് വ്യവസായ സ്ഥാപനങ്ങളിലെ വിഷവാതകങ്ങളുടെ പുറന്തള്ളൽ
നിയന്ത്രിക്കുന്നതിന് ഭാരത സർക്കാർ 1995ൽ
കർമ്മ പദ്ധതി പ്രഖ്യാപിച്ചു.
ഋതുക്കൾ
(Seasons)
ഭൂമിയുടെ
പരിക്രമണം, അച്ചുതണ്ടിന്റെ സമാന്തരത, സൂര്യന്റെ അയനം എന്നിവയാണ് ഭൂമിയിൽ
ഋതുഭേദങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങൾ. ഒരു വർഷത്തെ വിവിധ കാലാവസ്ഥാ ഖണ്ഡങ്ങളായി
വിഭജിക്കാം. ഇവയാണ് ഋതുക്കൾ. കൃത്യമായ ഇടവേളകളിൽ ഇവ ആവർത്തിച്ചുവരുന്നു.എന്നാൽ, ഇതിന് മാറ്റമുണ്ടാകുന്ന പ്രഭാസമാണ്
കാലാവസ്ഥാ മാറ്റം. ഭൂമിയുടെ ആകൃതി, അച്ചുതണ്ടിൽ
അൽപം ചരിഞ്ഞ നിൽപ്പ്,
സൂര്യനു ചുറ്റുമുള്ള
സഞ്ചാരം എന്നിവയും കാലാവസ്ഥ നിർണയിക്കുന്നതിൽ പ്രമുഖ പങ്കുവഹിക്കുന്ന ഘടകങ്ങളാണ്.
ഋതുക്കളെ പ്രധാനമായും നാലായി തരംതിരിച്ചിരിക്കുന്നു - വസന്ത കാലം (Spring), ഗ്രീഷ്മ കാലം (Summer), ഹേമന്ത കാലം (Autumn/Fall), ശൈത്യ കാലം (Winter). പൊതുവെ ഋതുക്കളെ നാലായി തിരിച്ചിട്ടുണ്ടെങ്കിലും
ഇന്ത്യയിൽ അന്തരീക്ഷസ്ഥിതിയിലെ മാറ്റങ്ങൾ അടിസ്ഥാനമാക്കി ആറ് വ്യത്യസ്‌ത ഋതുക്കൾ
ഉള്ളതായി കണക്കാക്കുന്നു. വസന്ത കാലം (മാർച്ച് - ഏപ്രിൽ), ഗ്രീഷ്‌മ കാലം (മെയ് - ജൂൺ), വർഷ കാലം (ജൂലൈ - ഓഗസ്റ്റ്), ശരത് കാലം (സെപ്റ്റംബർ - ഒക്ടോബർ), ഹേമന്ത കാലം (നവംബർ - ഡിസംബർ), ശിശിര കാലം (ജനുവരി - ഫെബ്രുവരി) എന്നീ
ആറ് ഋതുക്കൾ ഇന്ത്യയിലെ പരമ്പരാഗത ഋതുക്കളായി കരുതുന്നു.
വിഷുവങ്ങൾ
(Equinoxes)
ഭൂമധ്യരേഖയ്ക്കുമുകളിൽ, സൂര്യന്റെ ലംബരശ്മികൾ പതിക്കുന്ന
വർഷത്തിലെ രണ്ടുദിവസങ്ങൾ വിഷുവങ്ങൾ എന്നറിയപ്പെടുന്നു. 'ഇക്വിനോക്‌സ്' എന്ന വാക്കിനർത്ഥം 'തുല്യരാത്രികൾ' എന്നാണ്. ഇവ യഥാക്രമം മാർച്ച് 20/21, സെപ്റ്റംബർ 22/23 എന്നിവയാണ്. മാർച്ചിലെ വിഷുവം 'മഹാവിഷുവം' എന്നും സെപ്റ്റംബറിലെ വിഷുവം 'കർക്കടകസംക്രമം' എന്നതും അറിയപ്പെടുന്നു.
ഉത്തരാർധഗോളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ 'ഉത്തരായന' ദിവസവും ദക്ഷിണാർധഗോളത്തിലേത് 'ദക്ഷിണായന' ദിവസവുമാണ്.
Note
: സമരാത്രദിനങ്ങളിൽ
സൂര്യരശ്മികൾ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഏഴ് നിലകളിലെ
വാതിലുകളിലൂടെയും കടന്നുപോകുന്നത് കാണാൻ കഴിയും. ഇത് ക്ഷേത്ര നിർമിതിയുടെ
പ്രത്യേകതയെന്നാണ് സൂചിപ്പിക്കുന്നത്.
അധിവർഷം (Leap year)
ഭൂമിക്ക്
സൂര്യന് ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കാൻ 365 ⅟4 ദിവസം (365 ദിവസം 5 മണിക്കൂർ 48 മിനിറ്റ് 45 സെക്കൻഡ്) വേണ്ടിവരുന്നു. സാധാരണ ഒരു
വർഷമായി കണക്കാക്കുന്നത് 365 ദിവസങ്ങളാണ്. പരിക്രമണ
കാലയളവിൽ ബാക്കിയുള്ള 6 മണിക്കൂറിനെ (⅟4 ദിവസം) തുടർച്ചയായ നാലാമത്തെ വർഷത്തിൽ
ഉൾപ്പെടുത്തി 366 ദിവസങ്ങളുള്ള വർഷമായി
കണക്കാക്കുന്നു. ഇപ്രകാരം നാല് വർഷത്തിലൊരിക്കൽ ഉള്ള ഫെബ്രുവരി മാസത്തിൽ 29 ദിവസങ്ങളാണുള്ളത്. ആ വർഷത്തെ
അധിവർഷമെന്ന് വിളിക്കുന്നു.
സൂര്യന്റെ
അയനം (Apparent
movement of the Sun)
സൂര്യന്റെ
ആപേഷികസ്ഥാനം ഉത്തരായന രേഖയ്ക്കും (23 ½° വടക്ക്) ദക്ഷിണായന രേഖയ്ക്കും (23 ½° തെക്ക്) ഇടയിൽ മാറിക്കൊണ്ടിരിക്കുന്ന
പ്രതിഭാസത്തെ പറയുന്നതാണ് സൂര്യന്റെ അയനം. വർഷത്തിന്റെ ഒരു പകുതിയിൽ ഉത്തരാർധ
ഗോളത്തിലും മറ്റു പകുതിയിൽ ദക്ഷിണാർധ ഗോളത്തിലുമാണ് സൂര്യന്റെ ലംബരശ്മികൾ
പതിക്കുന്നത്. സൂര്യന്റെ അയനം മൂലം വസന്ത കാലം, ഗ്രീഷ്മ കാലം, ഹേമന്ത കാലം, ശൈത്യ കാലം എന്നിങ്ങനെ വ്യത്യസ്ത
ഋതുക്കൾ ചാക്രികമായി ആവർത്തിക്കുന്നു. വർഷം മുഴുവൻ ഉയർന്ന തോതിൽ സൂര്യപ്രകാശം
ലഭിക്കുന്നതിനാൽ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പൊതുവെ ഋതുഭേദങ്ങൾ പ്രകടമായി അനുഭവപ്പെടുന്നില്ല.
◆ മാർച്ച്
21 മുതൽ ജൂൺ 21 വരെ സൂര്യന്റെ അയനം ഭൂമധ്യരേഖയിൽ
നിന്നും ഉത്തരായനരേഖയിലേക്കാണ്. ഈ കാലയളവിൽ ഉത്തരാർധ ഗോളത്തിൽ വസന്തകാലവും
ദക്ഷിണാർധ ഗോളത്തിൽ ഹേമന്തകാലവുമാണ്.
◆ ജൂൺ
21 മുതൽ സെപ്റ്റംബർ 23 വരെ സൂര്യന്റെ അയനം ഉത്തരായനരേഖയിൽ
നിന്നും ഭൂമധ്യരേഖയിലേക്കാണ്. ഈ കാലയളവിൽ ഉത്തരാർധ ഗോളത്തിൽ ഗ്രീഷ്മകാലവും
ദക്ഷിണാർധ ഗോളത്തിൽ ശൈത്യകാലവുമാണ്.
◆ സെപ്റ്റംബർ
23 മുതൽ ഡിസംബർ 22 വരെ സൂര്യന്റെ അയനം ഭൂമധ്യരേഖയിൽ
നിന്നും ദക്ഷിണായനരേഖയിലേക്കാണ്. ഈ കാലയളവിൽ ഉത്തരാർധ ഗോളത്തിൽ ഹേമന്തകാലവും
ദക്ഷിണാർധ ഗോളത്തിൽ വസന്തകാലവുമാണ്.
◆ ഡിസംബർ
22 മുതൽ മാർച്ച് 21 വരെ സൂര്യന്റെ അയനം ദക്ഷിണായനരേഖയിൽ
നിന്നും ഭൂമധ്യരേഖയിലേക്കാണ്. ഈ കാലയളവിൽ ഉത്തരാർധ ഗോളത്തിൽ ശൈത്യകാലവും ദക്ഷിണാർധ
ഗോളത്തിൽ ഗ്രീഷ്മകാലവുമാണ്.
ഗ്രീഷ്മ
അയനാന്ത ദിനം (Summer
Solstice Day)
മാർച്ച്
21 മുതൽ മധ്യരേഖയിൽ നിന്നും
വടക്കോട്ട് അയനം ചെയ്‌ത് ജൂൺ 21ന് സൂര്യൻ ഉത്തരായനരേഖയ്ക്ക് (23 ½° വടക്ക്) നേർമുകളിലെത്തുന്നു. ഈ ദിനത്തെ
ഉത്തരാർധഗോളത്തിൽ ഗ്രീഷ്മ അയനാന്ത ദിനം എന്ന് വിളിക്കുന്നു. ഗ്രീഷ്മ
അയനാന്തദിനത്തെ തുടർന്ന് ഉത്തരായന രേഖയിൽ നിന്നും ദക്ഷിണായനരേഖയിലേക്ക് അയനം
ആരംഭിക്കുകയും ഡിസംബർ 22ന് ദക്ഷിണായനരേഖയ്ക്ക്
നേർമുകളിലെത്തുകയും ചെയ്യുന്നു. ഈ ദിനത്തെ ഉത്തരാർധ ഗോളത്തിൽ ശൈത്യ അയനാന്ത ദിനം
എന്നു വിളിക്കുന്നു. ഉത്തരായന രേഖയിൽ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ
അയനം ദക്ഷിണായനം എന്ന് അറിയപ്പെടുന്നു.
ശൈത്യ
അയനാന്ത ദിനം (Winter
Solstice Day)
സെപ്റ്റംബർ
23 മുതൽ മധ്യരേഖയിൽ നിന്നും
തെക്കോട്ട് അയനം തുടരുന്ന സൂര്യൻ ഡിസംബർ 22ന് ദക്ഷിണായന രേഖയ്ക്ക് (23 ½° തെക്ക്) നേർമുകളിലെത്തുന്നു. ഈ ദിനത്തെ
ഉത്തരാർധ ഗോളത്തിൽ ശൈത്യ അയനാന്ത ദിനം എന്നു വിളിക്കുന്നു. ശൈത്യ അയനാന്ത ദിനത്തെ
തുടർന്ന് സൂര്യൻ ദക്ഷിണായന രേഖയിൽ നിന്നും ഉത്തരയന രേഖയിലേക്കുള്ള അയനം
ആരംഭിക്കുകയും ജൂൺ 21ന് ഉത്തരായന രേഖയ്ക്ക്
നേർമുകളിലെത്തുകയും ചെയ്യുന്നു. ഈ ദിനത്തെ
ഉത്തരാർധ ഗോളത്തിൽ ഗ്രീഷ്മ അയനാന്ത ദിനം എന്നു വിളിക്കുന്നു. ദക്ഷിണായന രേഖയിൽ
നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യന്റെ അയനം ഉത്തരായനം എന്ന് അറിയപ്പെടുന്നു.
കാറ്റ്
അന്തരീക്ഷവായുവിന്റെ
ഭൗമോപരിതലത്തിലൂടെയുള്ള തിരശ്ചീനചലനമാണ് കാറ്റ്. ഒരു സ്ഥലത്ത് വായുമർദം ഭൂതലത്തിൽ
ചെലുത്തുന്ന സമ്മർദമാണ് അന്തരീക്ഷമർദം. അടുത്തടുത്തു സ്ഥിതിചെയ്യുന്ന
പ്രദേശങ്ങളിലെ വ്യത്യസ്ത അന്തരീക്ഷമർദ്ദം നിമിത്തമാണ് വായു ചലനാത്മകമാകുന്നത്.
ജലപ്രവാഹങ്ങളെപ്പോലെ കാറ്റുകളും ഒരു പ്രദേശത്തിന്റെ താപനിലയെ നിയന്ത്രിക്കുന്നതിൽ
മുഖ്യപങ്കുവഹിക്കുന്നു. ഉഷ്ണക്കാറ്റ് ഒരു പ്രദേശത്തിന്റെ താപനില ഉയർത്തുമ്പോൾ
ശീതകാറ്റുകൾ അവിടുത്തെ താപനില കുറയ്ക്കാൻ സഹായിക്കുന്നു.
കോറിയോലിസ്
പ്രഭാവം
വാതങ്ങൾ
അഥവാ കാറ്റ് നീങ്ങുന്നത് എപ്പോഴും ഗുരുമർദപ്രദേശങ്ങളിൽ നിന്ന് താണ
മർദപ്രദേശങ്ങളിലേക്കായിരിക്കും. പക്ഷേ, ഇത്തരം
ചലനങ്ങളെല്ലാം ഉത്തരാർധഗോളത്തിൽ വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ ഇടത്തോട്ടും
വ്യതിചലിക്കാനുള്ള പ്രവണത പ്രകടിപ്പിക്കുന്നു. കോറിയോലിസ് പ്രഭാവം എന്ന
പേരിലറിയപ്പെടുന്ന ഈ പ്രതിഭാസത്തിന് പ്രധാന കാരണം പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള
ഭൂമിയുടെ കറക്കം തന്നെയാണ്.
കോറിയോലിസ്
ബലം
ഭൂമിയുടെ
ഭ്രമണഫലമായി, ഭൗമോപരിതലത്തിൽ
സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കൾക്ക് ഉത്തരാർധഗോളത്തിൽ സഞ്ചാരദിശയുടെ
വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ സഞ്ചാരദിശയുടെ ഇടത്തോട്ടും ദിശാവ്യതിയാനം
ഉണ്ടാകുന്നു. ഈ ദിശാവ്യതിയാനത്തിന് കാരണമാകുന്ന ബലമാണ് കോറിയോലിസ് ബലം. ഫ്രഞ്ച്
ഗണിതശാസ്ത്രജ്ഞനായിരുന്ന ഗുസ്തേവ് കോറിയോലിസ് ആണ് ഇതു കണ്ടെത്തിയത്.
നിർവാതമേഖല
ഭൂമധ്യരേഖാ
പ്രദേശത്ത്, ഇരുവശത്തും 5 ഡിഗ്രി അക്ഷാംശവ്യാപ്തി വരെ കനത്ത
ചൂട് കാരണം വായു മുകളിലേക്ക് പ്രവഹിക്കുന്നു. അതിനാൽ ഈ പ്രദേശത്ത് കനത്ത കാറ്റ്
ഇല്ല, ഈ പ്രദേശങ്ങളെ നിർവാതമേഖല (Doldrums) എന്ന് വിളിക്കുന്നു.
ആഗോളവാതങ്ങൾ
ഗുരുമർദമേഖലയിൽ
നിന്നും താണ മർദഭാഗങ്ങളിലേക്കു വീശുന്ന വാതങ്ങളെ ആഗോളവാതങ്ങളെന്നു വിളിക്കുന്നു.
അവയ്ക്കു പൊതുവെ സ്ഥാനീയ സ്ഥിരതയുള്ളതിനാൽ 'സ്ഥിരവാത'ങ്ങളെന്നും അറിയപ്പെടുന്നു.
അസ്ഥിരവാതങ്ങൾ
അന്തരീക്ഷമർദത്തിലെ
വ്യതിയാനങ്ങൾക്കനുസരിച്ച് രൂപംകൊള്ളുന്നവയാണ് അസ്ഥിരവാതങ്ങൾ. ചക്രവാതങ്ങൾ, പ്രതിചക്രവാതങ്ങൾ എന്നിവ
ഉദാഹരണങ്ങളാണ്. അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറഞ്ഞ മർദവും ചുറ്റുമുള്ള
പ്രദേശങ്ങളിൽ കൂടിയ മർദവും അനുഭവപ്പെടുമ്പോൾ അതിശക്തമായ കാറ്റ് കുറഞ്ഞ
മർദകേന്ദ്രത്തിലേക്ക് ചുഴറ്റിയടിക്കാറുണ്ട്. ഇതാണ് 'ചക്രവാതം' (Cyclone). എന്നാൽ, കേന്ദ്രഭാഗത്ത് കൂടിയ മർദവും
ചുറ്റുപാടും കുറഞ്ഞ മർദവും അനുഭവപ്പെടുമ്പോൾ കാറ്റ് കേന്ദ്രത്തിൽനിന്ന്
പുറത്തേക്ക് ചുഴറ്റിവീശുന്നു. ഇതാണ് 'പ്രതിചക്രവാതം' (Anti Cyclone).
ടൊർണാഡോ
'ടൊർണാഡോ' കാറ്റാണ് ഏറ്റവും ശക്തമായ
കൊടുങ്കാറ്റ്. ടൊർണാഡോ കൊടുങ്കാറ്റിന്റെ ശക്തി രേഖപ്പെടുത്തുന്നതിന് ഫൂജിതാ
സ്കെയിൽ ഉപയോഗിക്കുന്നു. ചോർപ്പിന്റെ ആകൃതിയിലുള്ള ചുഴലികാറ്റാണ് ടൊർണാഡോ. 'ട്വിസ്റ്റർ' ടൊർണാഡോയുടെ വകഭേദമാണ്.
പ്രാദേശിക
വാതങ്ങൾ
പ്രാദേശികമായുള്ള
താപ-മർദ വ്യത്യാസങ്ങൾമൂലമാണിവ ഉണ്ടാകുന്നത്. വളരെ ചെറിയൊരു ഭൂഭാഗത്തെ മാത്രമേ ഇവ
ബാധിക്കുന്നുള്ളൂ. പ്രാദേശികമായി ദിനാന്തരീക്ഷ സ്ഥിതിയെയും കാലാവസ്ഥയെയും
സ്വാധീനിച്ചുകൊണ്ട് ട്രോപ്പോസ്ഫിയറിന്റെ താണ വിതാനങ്ങളിൽ ഇവ ഒതുങ്ങിനിൽക്കുന്നു.
കാലിക
വാതങ്ങൾ
തികച്ചും
കാലികമായ സവിശേഷതകളാൽ ഉണ്ടാകുന്നവയാണിവ. ഋതുഭേദങ്ങൾക്കനുസരിച്ച് ഇവ വീശുന്ന
ദിശകൾക്ക് വ്യതിയാനം വന്നേക്കാം. കാലികവാതങ്ങൾക്ക് ഏറ്റവും മികച്ച ഉദാഹരണം
മൺസൂൺകാറ്റുകളാണ്. കരക്കാറ്റും കടൽക്കാറ്റും പർവതക്കാറ്റും താഴ്വരക്കാറ്റും
കാലികവാതങ്ങൾക്ക് മറ്റുദാഹരണങ്ങളാണ്. കടൽ കാറ്റ് പകൽ സമയത്തും കര കാറ്റ് രാത്രി
സമയത്തിലും വീശുന്നു.
മന്ദമാരുതൻ, ചണ്ഡമാരുതൻ
മണിക്കൂറിൽ
അഞ്ചുകിലോമീറ്റർ മുതൽ ഒമ്പതുകിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റുകളാണ്
മന്ദമാരുതൻ. ചണ്ഡമാരുതന്റെ വേഗം മണിക്കൂറിൽ 37 മുതൽ 68 കിലോമീറ്റർ വരെയാണ്. കൊടുങ്കാറ്റിന്റെ
വേഗം മണിക്കൂറിൽ 52 മുതൽ 96 കിലോമീറ്റർ വരെയാണ്.
വേലിയേറ്റം, വേലിയിറക്കം
പ്രധാനമായും
ചന്ദ്രന്റെ ഗുരുത്വാകർഷണം കാരണം ഭൂമിയുടെ സമുദ്രനിരപ്പിൽ സംഭവിക്കുന്ന
ഏറ്റക്കുറവുകളെയാണ് വേലിയേറ്റവും വേലിയിറക്കവും. സമുദ്രങ്ങളുടെ വേലിയേറ്റം
ദിവസത്തിൽ രണ്ടുതവണ ഉയരുന്നു. എന്നാൽ ഫുൾ മൂൺ (വെളുത്തവാവ്), ഡാർക്ക് മൂൺ (കറുത്തവാവ്) ദിവസങ്ങളിൽ
ശക്തമായ വേലിയേറ്റങ്ങൾ ഉണ്ടാകുന്നു. രണ്ട് സമുദ്രവേലിയേറ്റങ്ങൾക്കിടയിലുള്ള ഇടവേള 12 മണിക്കൂറും 25 മിനിറ്റും ആണ്. വെളുത്ത ചന്ദ്രന്റെയും
(full moon) ഇരുണ്ട ചന്ദ്രന്റെയും (dark moon)കാലത്തെ വേലിയേറ്റങ്ങളെ
സ്പ്രിംഗ് ടൈഡ് (spring
tide) എന്ന്
വിളിക്കുന്നു.
നദികൾ
അന്റാർട്ടിക്ക
ഒഴിച്ച് ഭൂമിയിലെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ധാരാളം നദികൾ ഒഴുകുന്നുണ്ട്. അപക്ഷരണം, പരിവഹനം, നിക്ഷേപം. ഈ മൂന്നുഘടകങ്ങളും ഒരു
നദിയുടെ സന്തുലിത പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ലോകത്തിലെ ഏറ്റവും വലിയ
നദി ആമസോൺ ആണ്. ആമസോൺ തെക്കേ അമേരിക്കയിൽ ഒഴുകുന്നു. ഇത് പ്രധാനമായും ബ്രസീലിലൂടെയാണ്
ഒഴുകുന്നത്. ആമസോൺ തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്നു. ലോകത്ത്
ഏറ്റവുമധികം പോഷകനദികൾ ഉള്ളത് ആമസോണിനാണ്. ലോകത്തിലെ ഏറ്റവും നീളമേറിയ നദി
ഈജിപ്തിലെ നൈൽ ആണ്. നൈൽ നദി മെഡിറ്ററേനിയൻ കടലിൽ പതിക്കുന്നു. ഏഷ്യയിലെ ഏറ്റവും
നീളമേറിയ നദിയാണ് ചൈനയിലെ യാങ്‌റ്റ്സി, ലോകത്തിലെ
ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയാണിത്.
ലോകത്തിലെ
പ്രധാന നദികൾ
ആമസോൺ:
ഏറ്റവും ജലപ്രവാഹം കൂടിയ ആമസോണാണ് ലോകത്തിലെ ഏറ്റവും വലിയ നദീതടം തീർക്കുന്നതും.
ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ളതും ആമസോണിനാണ്. ആൻഡീസ് പർവ്വതനിരയിൽ പെറുവിൽ
പെടുന്ന ഭാഗത്താണ് ആമസോണിന്റെ ഉദ്ഭവം. ലോകത്തിലെ ഏറ്റവും വലിയ നദിയാണ് ആമസോൺ.
നൈൽ:
6650 കിലോമീറ്ററാണ് നൈലിന്റെ നീളം.
നൈലിന്റെ രണ്ടു പ്രധാന പോഷകനദികളായ 'വൈറ്റ്
നൈൽ', 'ബ്ലൂനൈൽ' എന്നിവ സുഡാന്റെ തലസ്ഥാനമായ ഖാർത്തുമിൽ
വെച്ച് കൂടിച്ചേരുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് നൈൽ.
ഡാന്യൂബ്:
ജർമനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി, ക്രൊയേഷ്യ, സെർബിയ, ബൾഗേറിയ, റൊമേനിയ, യുക്രൈൻ, മോൾഡോവ എന്നീ പത്ത് രാജ്യങ്ങളിലൂടെ
ഡാന്യൂബ് ഒഴുകുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങൾ
സ്ഥിതിചെയ്യുന്നത് ഡാന്യൂബ് നദിയുടെ തീരത്താണ്. ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ
ഒഴുകുന്ന നദിയും ഡാന്യൂബ് ആണ്.
യാങ്‌റ്റ്സി:
ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയാണ് യാങ്‌റ്റ്സി. ഏഷ്യയിലെ ഏറ്റവും
നീളം കൂടിയ നദിയാണിത്. 'ചാങ് ജിയാങ്' എന്നും ഇതറിയപ്പെടുന്നു. പൂർണമായും
ചൈനയിലൂടെ ഒഴുകുന്ന യാങ്‌റ്റ്സിക്ക് 6300
കിലോമീറ്റർ നീളമുണ്ട്. ലോകത്തിലെ ഏറ്റവും ആഴംകൂടിയ നദിയാണ് യാങ്‌റ്റ്സി.
മിസ്സിസ്സിപ്പി:
മിസ്സിസ്സിപ്പിയെയും പ്രധാന പോഷകനദിയായ മിസൂറിയെയും ചേർത്ത് ഒറ്റ നദീസംവിധാനമായും
പറയാറുണ്ട്. 3780 കിലോമീറ്ററാണ്
മിസ്സിസ്സിപ്പിയുടെ നീളം. വടക്കേ അമേരിക്കയിലെ നീളം കൂടിയ നദിയാണ് മിസ്സിസ്സിപ്പി.
വോൾഗ:
യൂറോപ്പിലെ നീളകൂടിയ നദിയായ വോൾഗ റഷ്യയിലൂടെ ഒഴുകുന്നു. 3530 കിലോമീറ്റർ ദൈർഘ്യമുള്ള വോൾഗയുടെ
പതനസ്ഥാനം കാസ്‌പിയൻ കടലാണ്.
കോംഗോ:
ആഫ്രിക്കയിലെ നീളം കൂടിയ രണ്ടാമത്തെ നദിയാണ് കോംഗോ. 'സയർ നദി' എന്നും അറിയപ്പെട്ടിരുന്നു. 4700 കിലോമീറ്റർ നീളമുള്ള നദി
അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്നു. ഭൂമധ്യരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന
നദിയാണ് കോംഗോ.
ഹുവാങ്
ഹി: ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയായ ഹുവാങ് ഹിയാണ് മഞ്ഞനദി
എന്നറിയപ്പെടുന്നത്. നീളം 5464
കിലോമീറ്റർ. 'ചൈനീസ് നാഗരികതയുടെ കളിത്തൊട്ടിൽ' എന്നറിയപ്പെടുന്നതും ഈ നദിയാണ്. എന്നാൽ
തുടർച്ചയായി ഉണ്ടാകുന്ന പ്രളയങ്ങളും മറ്റു കെടുതികളും 'ചൈനയുടെ ദുഃഖം' എന്ന വിളിപ്പേരും മഞ്ഞനദിയ്ക്ക് നൽകി.
തടാകങ്ങൾ
വിവിധ
കാരണങ്ങളാൽ ഭൂതലത്തിൽ രൂപകൊള്ളുന്ന ഗർത്തങ്ങളിൽ ജലസംഭരണം നടന്ന് തടാകങ്ങൾ
രൂപകൊള്ളുന്നു. തടാകങ്ങൾക്കു ചുറ്റും ഉയരമുള്ള കരയുടെയോ അഥവാ ഹിമാനി നിരകളുടെയോ
സാന്നിധ്യം ഉണ്ടാകും.
ലോകത്തിലെ
പ്രധാന തടാകങ്ങൾ
കാസ്പിയൻ
കടൽ (മധ്യേഷ്യ): ലോകത്തിലെ ഏറ്റവും വലിയ തടാകമാണ് കാസ്പിയൻ കടൽ. അഞ്ച്
രാജ്യങ്ങളുമായാണ് കാസ്പിയൻ കടലിന് അതിർത്തിയുള്ളത് - റഷ്യ, കസാഖ്‌സ്ഥാന്‍, തുർക്ക് മെനിസ്താൻ, ഇറാൻ, അസർബൈജാൻ എന്നിവ. ഇത് ശുദ്ധജല
തടാകമല്ല.
സുപ്പീരിയർ
തടാകം (വടക്കേ അമേരിക്ക): ഏറ്റവും വലിയ ശുദ്ധജല തടാകമാണ് സുപ്പീരിയർ തടാകം.
പഞ്ചമഹാ തടാകങ്ങളിൽ വലുതാണ് സുപ്പീരിയർ തടാകം. യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങളിലായി
വ്യാപിച്ചുകിടക്കുന്നു.
ബെയ്‌ക്കൽ
(റഷ്യ): ഏറ്റവും ആഴമേറിയ തടാകമാണ് ബെയ്‌ക്കൽ. തെക്കൻ സൈബീരിയയിൽ സ്ഥിതിചെയ്യുന്നു.
ഏറ്റവും കൂടുതൽ ശുദ്ധജലം ഉൾക്കൊള്ളുന്ന തടാകവും ഇതുതന്നെയാണ്. ലോകത്തിലെ ഏറ്റവും
പഴക്കമുള്ള തടാകമായി കരുതപ്പെടുന്നതും ബെയ്‌ക്കലാണ്.
ടിറ്റികാക്ക
(തെക്കേ അമേരിക്ക): ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന നാവികയോഗ്യമായ തടാകമാണ്
ടിറ്റികാക്ക. ആൻഡീസ് പർവതനിരയിലെ പീഠഭൂമി പ്രദേശത്താണ് ടിറ്റികാക്ക തടാകം. പെറു, ബൊളീവിയ എന്നീ രാജ്യങ്ങളുടെ
അതിർത്തിയിലുള്ള ടിറ്റികാക്ക സമുദ്രനിരപ്പിൽനിന്ന് 3810 മീറ്റർ ഉയരത്തിലാണ്
സ്ഥിതിചെയ്യുന്നത്.
ചാവുകടൽ
(ജോർദാൻ, ഇസ്രയേൽ): സമുദ്രനിരപ്പിൽ
നിന്ന് ഏറ്റവും താഴ്ന്ന് സ്ഥിതിചെയ്യുന്ന തടാകമാണ് ചാവുകടൽ. സമുദ്രനിരപ്പിൽ നിന്ന്
400 മീറ്റർ താഴെയാണിത്.
സമുദ്രജലത്തെക്കാളും എട്ടരമടങ്ങ് ലവണാംശം കൂടുതലാണ് ചാവുകടലിന്. ജോർദാൻ നദി
ചാവുകടലിലാണ് ഒഴുകിയെത്തുന്നത്.
ഗലീലി
കടൽ (ഇസ്രയേൽ): സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴെ സ്ഥിതിചെയ്യുന്ന ശുദ്ധജല
തടാകമാണ് ഗലീലി കടൽ. 'കിന്നെരെറ്റ് തടാകം' 'ടൈബീരിയസ് തടാകം' എന്നിങ്ങനെയും അറിയപ്പെടുന്നു.
മരക്കെയ്ബോ:
തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകമാണ് മരക്കെയ്ബോ. ലാവണതടാകമാണിത്.
ടാംഗനിക്ക
തടാകം (ആഫ്രിക്ക): ഏറ്റവും നീളമുള്ള ശുദ്ധജല തടാകമാണ് ടാംഗനിക്ക തടാകം. ബുറുണ്ടി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ടാൻസാനിയ, സാംബിയ എന്നീ രാജ്യങ്ങളിലായി ടാംഗനിക്ക
വ്യാപിച്ചുകിടക്കുന്നു. 660 കിലോമീറ്ററാണ് തടാകത്തിന്റെ
നീളം.
വിക്ടോറിയ:
ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ. ലോകത്തിലെ രണ്ടാമത്തെ വലിയ
ശുദ്ധജലതടാകമാണിത്. ടാൻസാനിയ,
യുഗാണ്ട, കെനിയ എന്നീ രാജ്യങ്ങളിലായാണ്
വിക്ടോറിയ തടാകം വ്യാപിച്ചുകിടക്കുന്നത്.
ലഡോഗ:
വടക്കുപടിഞ്ഞാറൻ റഷ്യയിൽ സ്ഥിതിചെയ്യുന്നു. യൂറോപ്പിലെ ഏറ്റവും വലിയ തടാകമാണ്
ലഡോഗ.
സമുദ്രങ്ങൾ
ഭൂമിയുടെ
മൂന്നിൽ രണ്ട് ഭാഗവും സമുദ്രമാണ് (70.8
ശതമാനം). അതിനാൽ 'ജലഗ്രഹം' എന്ന
പേരിലാണ് ഭൂമി അറിയപ്പെടുന്നത്. എന്നാൽ 3 ശതമാനം മാത്രമാണ് ശുദ്ധം വെള്ളം.
വൻകരകൾക്കും ദ്വീപുകൾക്കും ദ്വീപസമൂഹങ്ങൾക്കും ചുറ്റുമായി പരന്നുകിടക്കുന്ന അതീവ
വിസ്തൃതിയുള്ള ലവണ ജലാശയങ്ങളാണ് സമുദ്രങ്ങൾ. നിർണയിക്കപ്പെട്ട അതിർത്തികൾ
അവയ്ക്കില്ലെങ്കിലും അഞ്ച് പ്രധാന സമുദ്രങ്ങൾ നിർവചിക്കപ്പെട്ടിട്ടുണ്ട് - പസിഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ, അന്റാർട്ടിക്, ആർട്ടിക്.
പസിഫിക്:
ഏറ്റവും വ്യാപ്തിയും താഴ്ചയുമുള്ള സമുദ്രമാണ് പസിഫിക് അഥവാ ശാന്തസമുദ്രം. നിമ്‌നതടങ്ങളും
അഗ്നിപർവതങ്ങളും ദ്വീപസമൂഹങ്ങളും ഉൾക്കൊള്ളുന്നത്. പസഫിക് സമുദ്രത്തിന് ആ പേരു
നൽകിയത് മഗല്ലനാണ്. ഭൂമിയിലെ സമുദ്രജലത്തിന്റെ 51 ശതമാനം വരെ ഇവിടെയാണുള്ളത്.
ശാന്തസമുദ്രത്തിലെ മരിയാന ട്രഞ്ചിലുള്ള 'ചലഞ്ചർ
ഡീപ്പ്' ആണ് ഭൂമിയിലെ ഏറ്റവും ആഴമേറിയ
ഭാഗം.
അറ്റ്ലാന്റിക്:
വിസ്തീർണത്തിൽ രണ്ടാമത്തെ വലിയ സമുദ്രം. ഇംഗ്ലീഷ് അക്ഷരമാലയിലെ 'S'ന്റെ ആകൃതിയിൽ സ്ഥിതിചെയ്യുന്നു.
വാണിജ്യപരമായും ഗതാഗതസൗകര്യത്തിനും ഏറെ പ്രസിദ്ധമാണിവിടം.
ഇന്ത്യൻ
മഹാസമുദ്രം: വിസ്തീർണത്തിൽ മൂന്നാമത്തെ വലിയ സമുദ്രം. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ
ദക്ഷിണഭാഗത്തായി സ്ഥിതിചെയ്യുന്നു. ബംഗാൾ ഉൾക്കടലും അറബിക്കടലും ഇതിന്റെ
ഭാഗങ്ങളാണ്. ഒരു രാജ്യത്തിന്റെ പേരിലറിയപ്പെടുന്ന ഏക മഹാസമുദ്രം. 'രത്നാകര' എന്നായിരുന്നു പ്രാചീനകാലത്തെ
വിളിപ്പേര്.
അന്റാർട്ടിക്
: ദക്ഷിണസമുദ്രമെന്നും അറിയപ്പെടുന്നു. അന്റാർട്ടിക്ക ഭൂഖണ്ഡത്തിനെ വലയം ചെയ്തുകിടക്കുന്നു.
ശീതകാലങ്ങളിൽ ഹിമപിണ്ഡങ്ങൾക്കൊണ്ടു നിറയുന്നു. തുറമുഖങ്ങളില്ലാത്ത സമുദ്രം.
ആർട്ടിക്:
ഏറ്റവും വലുപ്പം കുറഞ്ഞ സമുദ്രം. മധ്യത്തായി ഉത്തരധ്രുവം സ്ഥിതിചെയ്യുന്നു. കൂടുതൽ
സമയവും ഹിമപിണ്ഡങ്ങൾ നിറഞ്ഞുകാണുന്നു. ഒരു പ്രധാന തുറമുഖം മുർമാൻസ്ക് റഷ്യയുടെ ആർട്ടിക്
തീരത്താണുള്ളത്.
കടലിടുക്കുകൾ
(Strait)
രണ്ട്
സമുദ്രഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കരഭാഗത്തിനിടയിലൂടെ കടന്നുപോകുന്ന ജലമാർഗമാണ്
കടലിടുക്ക്. ബോസ്പറസ്,
ജിബ്രാൾട്ടർ, ഡോവർ കടലിടുക്ക്, മഗല്ലൻ, ബെറിങ്, ഹോർമൂസ്, മലാക്ക, ബാസ്, ഡേവിസ്, പാക്ക് കടലിടുക്ക്, ഡ്രേക്ക് പാസേജ് എന്നിവയാണ് ലോകത്തിലെ
പ്രധാന കടലിടുക്കുകൾ.
തിരമാലകൾ
തിരമാലകളുടെ
പ്രാവർത്തനഫലമായി സമുദ്രതീരങ്ങൾ അനുക്രമം മാറ്റങ്ങൾക്ക് വിധേയമാകാറുണ്ട്. ശക്തമായ
തിരമാലകൾ സമുദ്രതീരത്തെ ശിലകളിൽ അപരദനപ്രക്രിയയിലൂടെ വിവിധങ്ങളായ മാറ്റങ്ങൾ
വരുത്തുന്നു. ഇത് വിവിധ ഭൂരൂപങ്ങളുടെ ആവിർഭാവത്തിന് ഇടയാക്കുന്നു.
ബീച്ചുകൾ
തിരമാലകളുടെ
നിക്ഷേപണ പ്രക്രിയയിലൂടെ ഉടലെടുക്കുന്ന ഭൂരൂപമാണിത്. തിരമാലകൾ വഹിച്ചുകൊണ്ട്
വരുന്ന മണൽ, ചരൽ എന്നിവയുടെ താത്കാലിക
നിക്ഷേപമാണ് ബീച്ചുകൾ.
ടെറിട്ടോറിയൽ
വാട്ടർ,
ആഴക്കടൽ
രാജ്യത്തിന്റെ
തീരപ്രദേശത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള
കടലാണ് ടെറിട്ടോറിയൽ വാട്ടർ. ഈ പ്രദേശം രാജ്യത്തിന്റെ പൂർണമായ
നിയമപരിധിക്കുള്ളിലുള്ളതാണ്. തീരത്തുനിന്ന് 24 നോട്ടിക്കൽ മൈൽ വരെയുള്ള
സമുദ്രഭാഗമാണ് കണ്ടിജസ് സോൺ. രാജ്യത്തിന് പൂർണ നിയന്ത്രണമുള്ള പ്രദേശങ്ങളാണിവ.
ടെറിട്ടോറിയൽ വാട്ടറിൽ നിന്ന് 200 നോട്ടിക്കൽ മൈൽ വരെയുള്ള
സമുദ്രഭാഗം രാജ്യത്തിന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണാണ്. ഈ പ്രദേശത്ത്
മത്സ്യബന്ധനം,
എണ്ണ പര്യവേഷണം
എന്നിവയ്‌ക്കെല്ലാം രാജ്യത്തിന് അവകാശമുണ്ടാകും. 200 നോട്ടിക്കൽ മൈലിനും അപ്പുറമുള്ള
സമുദ്രഭാഗം ആഴക്കടലാണ്. ഇവിടെ ഒരു രാജ്യത്തിനും പ്രത്യേക അവകാശങ്ങൾ ഇല്ല.
എല്‍
നിനോ, ലാ നിനാ
ലോകത്തൊട്ടാകെയുള്ള
കാലാവസ്ഥയെ മാറ്റിമറിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഓരോ 2 മുതല്‍ 7 വര്‍ഷം വരെ കൂടുമ്പോഴാണ് ഈ പ്രതിഭാസം
ഉണ്ടാകുന്നത്. കിഴക്കന്‍ പസഫിക്ക് സമുദ്രത്തില്‍ ഇതിന്റെ ഫലമായി ജലം
ക്രമാതീതമായി ചൂടുപിടിക്കുന്നു. എല്‍ നിനോ എന്ന സ്പാനിഷ് വാക്കിനര്‍ത്ഥം ഉണ്ണിയേശു
എന്നാണ് . പെറുവിലെ മുക്കുവരാണീ പേരു നല്‍കിയത്. സാധാരണയായി 18 മാസം വരെ എല്‍ നിനോയുടെ പ്രഭാവം
നിലനില്‍ക്കാറുണ്ട്.
വെള്ളച്ചാട്ടങ്ങൾ
നദികളുടെ
ജലപ്രവാഹം രൂപം കൊടുക്കുന്ന ആകർഷകമായ കാഴ്ചകളാണ് വെള്ളച്ചാട്ടങ്ങൾ. കുന്നിൻ
പ്രദേശങ്ങളുടെ ചെങ്കുത്തായ ഭാഗങ്ങളിൽ വച്ച് നദീജലം കുത്തനെ താഴേക്ക് പതിക്കുന്നു.
നദിയുടെ ഇത്തരത്തിലുള്ള ഒഴുക്കിനെ വെള്ളച്ചാട്ടം എന്നു പറയുന്നു. തെക്കേ
അമേരിക്കയിലെ വെനസ്വേലയിലുള്ള ഏയ്ഞ്ചൽ വെള്ളച്ചാട്ടമാണ് ഏറ്റവും ഉയരം കൂടിയത് - 979 മീറ്റർ. ആഫ്രിക്കയിലെ വിക്ടോറിയ
വെള്ളച്ചാട്ടമാണ് ഏറ്റവും വിസ്തൃതി കൂടിയത്. വിക്ടോറിയ വെള്ളച്ചാട്ടം കണ്ടെത്തിയ
യുറോപ്യനാണ് ഡേവിഡ് ലിവിങ്സ്റ്റൺ.
ഡെൽറ്റ
നദികൾ
വഹിച്ചുകൊണ്ടുവരുന്ന വസ്തുക്കളെ നദീമുഖങ്ങളിൽ നിക്ഷേപിക്കുന്നതുമൂലമാണ് ഇവ
ഉണ്ടാകുന്നത്. ഡെൽറ്റകൾ രൂപം കൊള്ളുന്നതോടെ നദി പല കൈവഴികളായി പിരിഞ്ഞ് ഒഴുകുന്നു.
ഗ്രീക്ക് അക്ഷരമാലയിലെ ഡെൽറ്റയോട് രൂപസാദൃശ്യമുള്ളതിനാൽ ഈ നിക്ഷേപങ്ങൾ ഡെൽറ്റകൾ
എന്നറിയപ്പെടുന്നു.
ഹിമാനികൾ
ഉയരം
കൂടിയ പർവതപ്രദേശങ്ങളിലും ശൈത്യമേഖലാ പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്.
ഇപ്രകാരം അടിഞ്ഞുകൂടുന്ന മഞ്ഞ് കാലാന്തരത്തിൽ ഒരു നിശ്ചിത കനമായി കഴിയുമ്പോൾ
താഴ്ന്ന പ്രദേശങ്ങളിലേക്ക് വളരെ സാവധാനത്തിൽ ചലിക്കുവാൻ ആരംഭിക്കുന്നു. ഇത്തരത്തിൽ
ചലിക്കുന്ന മഞ്ഞാണ് ഹിമാനികൾ. ഹിമാനികളുടെ പ്രവർത്തനഫലമായി രൂപംകൊള്ളുന്ന
ഭൂരൂപങ്ങളാണ് ഹിമാനീയ താഴ്വരകൾ, തൂക്കുതാഴ്വരകൾ
എന്നിവ.
ഭൂഗർഭജലം
ചുണ്ണാമ്പുകല്ലു
പോലുള്ള മൃദുവായ ശിലകളുള്ള പ്രദേശത്താണ് ഭൂഗർഭജലം വിവിധങ്ങളായ അപരദന - നിക്ഷേപണ
ഭൂരൂപങ്ങൾ ഉണ്ടാക്കുന്നത്.
ഗുഹകൾ
ചുണ്ണാമ്പുകല്ല്
വളരെ ആഴത്തിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലാണ് ഇത്തരത്തിലെ ഗുഹകൾ
രൂപപ്പെടുന്നത്. ചുണ്ണാമ്പുകല്ലിന്റെ പ്രതലത്തിലൂടെ ഒഴുകുന്ന ജലം ശിലയിലെ
വിടവുകളിലൂടെ ഊർന്നിറങ്ങുന്നു. ഇങ്ങനെ ഊർന്നിറങ്ങിയ ജലം വിടവുകളോട് ചേർന്നുള്ള
ചുണ്ണാമ്പുകല്ലിനെ ലയിപ്പിക്കുന്നു. ഈ പ്രവർത്തനം ദീർഘകാലം തുടരുമ്പോൾ
ഭൗമാന്തർഭാഗത്ത് ഗുഹകൾ രൂപം കൊള്ളുന്നതിന് കാരണമാകുന്നു. പ്രാചീനകാലത്ത്
മനുഷ്യവാസത്തിന് ഈ ഗുഹകൾ പ്രയോജനപ്പെട്ടിട്ടുണ്ട്.
ദ്വീപുകൾ
സമുദ്രത്തിലോ
തടാകങ്ങളിലോ കരയുടെ എല്ലാ വശങ്ങളിലും ജലമുള്ള ഭാഗങ്ങളാണ് ദ്വീപുകൾ. സമുദ്രത്തിലാണ്
ദ്വീപുകൾ അധികമുള്ളത്. തടാകങ്ങളിലും നദികളിലും ദ്വീപുകൾ കാണാറുണ്ട്. ഒരു
ഭൂഖണ്ഡത്തിന്റെ കരയുടെ തുടർച്ചയായാണ് പല ദ്വീപുകളും സ്ഥിതിചെയ്യുന്നത്. ഹവായ്
ദ്വീപ്, ഐസ്‌ലൻഡ് തുടങ്ങിയവ പോലെ
സമുദ്രത്തിലെ അഗ്നിപർവ്വതങ്ങൾ വഴി ഉത്ഭവിക്കുന്ന ദ്വീപുകളും ഉണ്ട്. ലോകത്തിലെ
ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലൻഡ്. ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ
സ്ഥിതിചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമാണ് 'ആയിരം ദ്വീപുകളുടെ നാട്' എന്നറിയപ്പെടുന്ന ഇന്തോനേഷ്യ.
മരുഭൂമികൾ
വാർഷിക
വർഷപാതം 250 മില്ലിമീറ്ററിന് താഴെയുള്ള
പ്രദേശങ്ങളാണ് മരുഭൂമി. ഭൂമിയുടെ കരഭാഗത്തിന്റെ അഞ്ചിലൊന്നോളം മരുഭൂമികളാണ്.
ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമായി
അറിയപ്പെടുന്നത് തെക്കേ അമേരിക്കയിലെ അറ്റക്കാമ മരുഭൂമിയാണ്. ഏഷ്യയിലെ ഏറ്റവും
വലിയ മരുഭൂമി അറേബ്യൻ മരുഭൂമിയാണ്. ലോകത്ത് ഏറ്റവും കുറച്ച് മരുപ്രദേശമുള്ള
ഭൂഖണ്ഡം യൂറോപ്പാണ്.
പർവതങ്ങൾ
സമുദ്രനിരപ്പിൽ
നിന്നും 900 മീറ്ററോ അതിന് മുകളിലോ
ഉയരമുള്ള ഭൂരൂപങ്ങളാണ് പർവതങ്ങൾ. ഉത്ഭവത്തെ അടിസ്ഥാനമാക്കി പർവതങ്ങളെ പൊതുവെ
നാലായി തരംതിരിച്ചിരിക്കുന്നു. മടക്കു പർവതങ്ങൾ, ഖണ്ഡ പർവതങ്ങൾ, അവശിഷ്ട പർവതങ്ങൾ, അഗ്നി പർവതങ്ങൾ എന്നിവയാണവ.
മടക്കു
പർവതങ്ങൾ : ഇന്ന് ലോകത്തിൽ കാണുന്ന ഭൂരിഭാഗം പർവതങ്ങളും മടക്കു പർവതങ്ങളാണ്. മറ്റു
പർവതങ്ങളെ അപേക്ഷിച്ച് ഉയരം കൂടിയ പർവതങ്ങളാണ് മടക്കു പർവതങ്ങൾ. വലനപ്രക്രിയയുടെ
ഫലമായാണ് മടക്കു പർവതങ്ങൾ രൂപംകൊള്ളുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ
എവറസ്റ്റ് സ്ഥിതിചെയ്യുന്നത് മടക്കുപർവതനിരയായ ഹിമാലയത്തിലാണ്. ആൽപ്‌സ്, റോക്കീസ്, ആന്റീസ് എന്നിവയാണ് മറ്റു പ്രധാന
മടക്കു പർവതങ്ങൾ.
ഖണ്ഡ
പർവതങ്ങൾ : ഭ്രംശത്തിന്റെ ഫലമായി ഉയർത്തപ്പെടുന്ന ഭൂഭാഗങ്ങളാണ് ഖണ്ഡ പർവതങ്ങൾ.
ഇത്തരം പർവതങ്ങളുടെ പ്രതലം പരന്നതും പാർശ്വങ്ങൾ ചെങ്കുത്തായ ചരിവോടുകൂടിയതുമാണ്.
ഉദാ: ജർമ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റ്, ഫ്രാൻസിലെ
വോസ്‌ജസ്.
അവശിഷ്ട
പർവതങ്ങൾ : നീണ്ട കാലയളവുകളിലെ വിവിധ അപക്ഷയ പ്രവർത്തനങ്ങളുടെ ഫലമായി പർവതങ്ങളിലെ
കടുപ്പം കുറഞ്ഞ ശിലകൾ ശിഥിലീകരിച്ച് നീക്കം ചെയ്യപ്പെടുകയും ദൃഢമായ ശിലാഭാഗങ്ങൾ
അവശേഷിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള പർവതങ്ങളാണ് അവശിഷ്ട പർവതങ്ങൾ. ഉദാ:
ഇന്ത്യയിലെ ആരവല്ലി നിരകൾ,
നീലഗിരിക്കുന്നുകൾ
എന്നിവ.
അഗ്നി
പർവതങ്ങൾ : തുടർച്ചയായുള്ള ലാവാ പ്രവാഹങ്ങൾ ഒരു വിള്ളലിന് ചുറ്റുമായോ ഒരു
കേന്ദ്രദ്വാരം നിമിത്തമോ ഒരു വിടവിൽകൂടിയോ മേല്പോട്ട് ആവർത്തിച്ചുവന്ന് ഘനീഭവിച്ച്
പർവതങ്ങൾ ഉടലെടുക്കുന്നു. മൗണ്ട് വെസൂവിയസ് ഉദാഹരണം.
പീഠഭൂമികൾ
(Plateaus)
താരതമ്യേന
പരന്ന പ്രതലവും സമീപത്തുള്ള സമതലങ്ങൾ, ജലാശയങ്ങൾ
എന്നിവയെക്കാൾ ഉയരവുമുള്ള ഭൂവിഭാഗമാണ് പീഠഭൂമി. മറ്റ് പ്രദേശങ്ങളുമായി താരതമ്യം
ചെയ്യുമ്പോൾ 'പീഠം' പോലെ ഉയർന്നു നിൽക്കുന്നതുകൊണ്ടാണ്
ഇതിന് ഈ പേര് വന്നത്. ചെങ്കുത്തായ ചരിവുകളോടുകൂടിയ വശങ്ങളും പരന്ന
മുകൾപ്പരപ്പുമാണ് പീഠഭൂമികളുടെ സവിശേഷത. പീഠഭൂമികളെ അവ സ്ഥിതിചെയ്യുന്ന
സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു വിഭാഗങ്ങളായി തിരിക്കാം. പൂർണ്ണമായോ ഭാഗികമായോ
പർവതങ്ങളാൽ വലയം ചെയ്യപ്പെട്ടുകിടക്കുന്ന പീഠഭൂമികളാണ് പർവതാവൃത പീഠഭൂമികൾ.
പർവതങ്ങളുടെ തുടർച്ചയായി അടിവാരങ്ങളിൽ കാണപ്പെടുന്ന പീഠഭൂമികളാണ് പർവതങ്ങളുടെ
ചരിവുകളിൽ സ്ഥിതിചെയ്യുന്നവ. സമീപത്തുള്ള സമതലങ്ങളെ അപേക്ഷിച്ച് ഉയർന്നു
കാണപ്പെടുന്ന പീഠഭൂമികളാണ് ഭൂഖണ്ഡമധ്യത്തിലുള്ളവ.
സമതലങ്ങൾ
(Plains)
അധികം
കയറ്റിറക്കങ്ങൾ ഇല്ലാതെ നിരപ്പായി സമുദ്രനിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ലാതെ
സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണ് സമതലങ്ങൾ. രൂപീകരണസ്വഭാവത്തെ അടിസ്ഥാനമാക്കി
സമതലങ്ങളെ മൂന്നായി വർഗ്ഗീകരിച്ചിട്ടുണ്ട്. ഉയർത്തപ്പെട്ട സമതലങ്ങൾ (Structural Plains),അപരദനസമതലങ്ങൾ (Erosional Plains), നിക്ഷേപണസമതലങ്ങൾ (Depositional Plains) എന്നിങ്ങനെ അവ അറിയപ്പെടുന്നു.
ശിലകൾ
ശിലകളെക്കുറിച്ചുള്ള
പഠനമാണ് പെട്രോളജി. പ്രകൃതിയിലെ ശിലകളെ രൂപപ്പെടലിന്റെ അടിസ്ഥാനത്തിൽ മൂന്നായി
തരംതിരിച്ചിരിക്കുന്നു - ആഗ്നേയ ശിലകൾ, അവസാദ
ശിലകൾ, കായാന്തരിക ശിലകൾ.
ആഗ്നേയ
ശിലകൾ (Igneous
Rocks): മാഗ്മ
തണുത്ത് ഖരരൂപം പ്രാപിച്ചാണ് ആഗ്നേയ ശിലകൾ രൂപംകൊള്ളുന്നത്. ആഗ്നേയ ശിലകളെ
പ്രാഥമിക ശിലകൾ എന്നും വിളിക്കുന്നു. എഴുനൂറിലേറെ തരം ആഗ്നേയ ശിലകൾ ഉണ്ട്. ആഗ്നേയ
ശിലകളുടെ രണ്ടു തരങ്ങളാണ് പ്ലൂട്ടോണിക് ശിലകളും അഗ്നിപർവത ജന്യ ശിലകളും.
ഗ്രാനൈറ്റ്, ഗാബ്രോ, ഡിയോറൈറ്റ്, പെഗ്മടെറ്റ്, പെരിഡോടെറ്റ് മുതലായവ പ്ലൂട്ടോണിക്
ശിലകൾക്ക് ഉദാഹരണങ്ങളാണ്. ബസാൾട്ട്, പ്യൂമിസ്, ഒബ്‌സിഡിയൻ, ടഫ്, സ്കോറിയ, റൈയേലൈറ്റ് എന്നിവ അഗ്നിപർവത ജന്യ
ശിലകൾക്ക് ഉദാഹരണങ്ങളാണ്.
അവസാദ
ശിലകൾ (Sedimentary
Rocks): നിരന്തരമായ
കാലാവസ്ഥാ മാറ്റങ്ങൾ മൂലവും അപക്ഷയംമൂലവും ഉണ്ടാവുന്ന അവസാദങ്ങൾ കാറ്റിന്റെയും
വെള്ളത്തിന്റെയും മഞ്ഞിന്റെയുമൊക്കെ പ്രവർത്തനത്താൽ നിക്ഷേപിക്കപ്പെട്ടാണ് അവസാദ
ശിലകൾ രൂപപ്പെടുന്നത്. അവസാദ ശിലകൾക്കുള്ളിലാണ് കൽക്കരിയും ഫോസിൽ ഇന്ധനങ്ങളും
കാണപ്പെടുന്നത്. ഫോസിലുകൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നതും ഇത്തരം
ശിലകൾക്കിടയിലാണ്. രൂപപ്പെടലിന് കാരണമായ പ്രക്രിയകളുടെ അടിസ്ഥാനത്തിൽ അവസാദ ശിലകളെ
മൂന്നായി തരംതിരിച്ചിരിക്കുന്നു - ക്ലാസിക് അവസാദ ശിലകൾ, രാസിക അവസാദ ശിലകൾ, ജൈവിക അവസാദ ശിലകൾ.
കായാന്തരിത
ശിലകൾ (Metamorphic
Rocks): ഉയർന്ന
ചൂടിനും മർദത്തിനും വിധേയമാവുന്ന ആഗ്നേയ ശിലകൾക്കും അവസാദ ശിലകൾക്കും കാതലായ രാസ
ഭൗതിക മാറ്റങ്ങൾ സംഭവിക്കുന്നതുവഴിയാണ് കായാന്തരിത ശിലകൾ രൂപംകൊള്ളുന്നത്. ഉദാ:
സ്ലേറ്റ്, മാർബിൾ, ക്വാർട്സൈറ്റ്.
ഭൂകമ്പം
ഭൗമോപരിതലത്തിനടിയിലെ
പാറകളുടെയും പാളികളുടെയും ഇലാസ്തികമോ ഗുരുത്വപരമോ ആയ സമതുലനം തെറ്റുന്നതുമൂലം
ഉപരിതലത്തിലുണ്ടാകുന്ന കമ്പനമാണ് ഭൂകമ്പം.ഭൂകമ്പം സംഭവിക്കുന്ന ഭൗമാന്തർഭാഗത്തെ
ബിന്ദുവിനെ ഹൈപ്പോസെന്റർ അഥവാ ഫോക്കസ് എന്ന് പറയുന്നു. ഭൂകമ്പത്തിന്റെ തീവ്രത
അനുസരിച്ച് ലോലം (4.9 വരെ), ഇടത്തരം (5 മുതൽ 6.9 വരെ), ശക്തം (7 മുതൽ 7.9 വരെ), അതിശക്തം (8 മുതൽ) എന്നിങ്ങനെ
വർഗീകരിച്ചിരിക്കുന്നു.
സുനാമികൾ
സമുദ്രാന്തർഭാഗത്തുണ്ടാകുന്ന
ഭൂകമ്പം, അഗ്നിപർവത സ്ഫോടനം എന്നിവയുടെ
ഫലമായുണ്ടാകുന്ന വൻതിരമാലകളാണ് സുനാമി. അനേകം മീറ്ററുകളോളം ഉയർന്നുപൊങ്ങാൻ
ശേഷിയുള്ള കടൽത്തിരകളാണ് സുനാമികൾ. ജപ്പാൻ പദമായ സുനാമി എന്നതിന്റെ അർത്ഥം
തുറമുഖതിരമാലകൾ എന്നാണ്. തുറന്ന സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 800 മുതൽ 970 കിലോമീറ്റർ വരെയാണ്
സുനാമിത്തിരമാലകളുടെ വേഗം.
ഭൂമിശാസ്ത്രപരമായ
ആഗോള പ്രശ്നങ്ങൾ (Environmental
Issues)
ആഗോളതാപനം, ഓസോൺ ശോഷണം, മലിനീകരണം, വനനശീകരണം, മണ്ണൊലിപ്പ് എന്നിവയാണ്
ഭൂമിശാസ്ത്രപരമായ പ്രധാന ആഗോളപ്രശ്നങ്ങൾ.
ആഗോളതാപനം
:
വ്യവസായവൽക്കരണംമൂലം
അന്തരീക്ഷത്തിലേക്ക് എത്തിച്ചേരുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് വർദ്ധിക്കുവാനിടയായി.
നഗരവൽക്കരണവും വാഹനങ്ങളുടെ വർദ്ധനവും ഇതിന് ആക്കം കൂട്ടി. അന്തരീക്ഷത്തിലെ കാർബൺ
ഡയോക്സൈഡ്, മീഥെയ്ൻ തുടങ്ങിയ വാതകങ്ങളുടെ
അളവ് വർദ്ധിക്കുന്നതിന്റെ ഫലമായി ഭൂമിയിൽ തങ്ങിനിൽക്കുന്ന താപത്തിന്റെ അളവും
വർദ്ധിക്കുന്നു. അന്തരീക്ഷമലിനീകരണത്തിന്റെ തോത് ഇനിയും വർദ്ധിക്കുകയാണെങ്കിൽ
ഹരിതഗൃഹവാതകങ്ങളുടെ അളവ് കൂടുകയും ഭൂമിയിലെ ചൂട് വർദ്ധിക്കുകയും ചെയ്യും.
ഭൗമോപരിതലത്തോട് ചേർന്നുള്ള അന്തരീക്ഷഭാഗത്തിന്റെ ശരാശരി ഊഷ്മാവിനുണ്ടാകുന്ന
വർദ്ധനവാണ് ആഗോളതാപനം.
ഓസോൺ
ശോഷണം :
ഓസോണ്‍
എന്നാല്‍ മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന വാതകമാണ്. സാധാരണ
ഓക്സിജന്‍ എന്നത് ഓക്സിജന്റെ രണ്ട് ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്നതാണ്. ഇളം നീല
നിറത്തിലുള്ള ഈ വാതകം ശക്തിയേറിയ വൈദ്യുതസ്ഫുരണങ്ങള്‍ കാരണമാണ് ഉണ്ടാകുന്നത്.
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് വികിരണങ്ങൾ അന്തരീക്ഷത്തിൽ പ്രവേശിക്കാതെ
തടയുന്നത് അന്തരീക്ഷത്തിന്റെ മേൽത്തട്ടില്‍ സ്ഥിതിചെയ്യുന്ന ഓസോണ്‍ വാതക പാളിയാണ്.
ഈ ഓസോണ്‍ പുതപ്പിനു തകരാറുണ്ടായാല്‍ മാരകമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍
പതിക്കുകയും മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് ഹാനികരമാവും ചെയ്യും. സൂര്യന്റെ
ചൂട് നമുക്കാവശ്യമായ തോതില്‍ അന്തരീക്ഷത്തില്‍ നിലനിര്‍ത്താനും ഓസോണ്‍ ആവരണം
സഹായിക്കുന്നുണ്ട്. അന്തരീക്ഷത്തിലെ ഈ ഓസോണ്‍ പുതപ്പിന് പത്തുമുതല്‍ അമ്പതു
കിലോമീറ്റര്‍ വരെ കട്ടിയുണ്ട്. എന്നാല്‍, നാം ഉപയോഗിക്കുന്ന സ്പ്രേ, പെയിന്റ് മുതലായ വസ്തുക്കളിൽനിന്നു
പുറത്തുവരുന്ന ക്ലോറോ ഫ്ലൂറോ കാർബൺ പോലെയുള്ള വാതകങ്ങളാണ് ഓസോൺ പാളിയുടെ നാശത്തിന്
ഇടയാക്കുന്നത്. ഇത്തരത്തിൽ ഓസോൺ പാളിക്കുണ്ടാകുന്ന ശോഷണത്തെയാണ് ഓസോൺ സുഷിരം എന്നു
വിശേഷിപ്പിക്കുന്നത്.
മലിനീകരണം
:
ഭൂമിയുടെ
അന്തരീക്ഷസംരചനയിൽ മാറ്റങ്ങളുണ്ടാവുമ്പോൾ അത് പരിസ്ഥിതിയെ സാരാമായി ബാധിക്കുന്നു.
അവ അന്തരീക്ഷ മലിനീകരണത്തിന് കാരണമാവുന്നു. പരിസ്ഥിതിയിലെ വായു, മണ്ണ്, ജലം എന്നിവയുടെ ഭൗതികവും, രാസപരവുമായ സ്വാഭാവിക ഗുണങ്ങളിൽ
മനുഷ്യനോ മറ്റു ജന്തുക്കൾക്കോ ഹാനികരമാംവിധം പ്രതികൂലമാറ്റങ്ങൾ സംഭവിക്കുന്ന
പ്രക്രിയയാണ് മലിനീകരണം. വായു മലിനീകരണം, ജല
മലിനീകരണം, മണ്ണ് മലിനീകരണം, ശബ്ദ മലിനീകരണം, ആണവ മലിനീകരണം, സമുദ്ര മലിനീകരണം എന്നിവയാണ് പ്രധാന
മലിനീകരണങ്ങൾ.
1.
വായു മലിനീകരണം :
അന്തരീക്ഷ വാതകങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ അളവ് ജീവന്റെ നിലനിൽപ്പിന്
ഹാനികരമാകാവുന്ന തോതിൽ കൂടുന്നതും കുറയുന്നതും മറ്റ് വാതകങ്ങൾ അന്തരീക്ഷത്തിന്റെ
ഭാഗമായി മാറുന്നതുമാണ് വായു മലിനീകരണം. മനുഷ്യ സമൂഹത്തിനും ചുറ്റുമുള്ള ആവാസ
വ്യവസ്ഥയ്ക്കും ഹാനികരമാകുന്ന രീതിയിൽ അന്തരീക്ഷ വായു വിഷലിപ്തമാകുന്ന
അവസ്ഥകൂടിയാണിത്.
2.
ജല മലിനീകരണം :
ജലത്തിന്റെ ഭൗതികഗുണങ്ങളിലും രാസഗുണങ്ങളിലും ജൈവപരമായ സവിശേഷതകളിലും വരുന്ന
ഹാനികരമായ മാറ്റമാണ് ജലമലിനീകരണം. പ്രകൃതിയിലെ ജലാശയങ്ങളിലും ജലസ്രോതസ്സുകളിലും
മാലിന്യങ്ങൾ വലിച്ചെറിയുകയും വിഷാംശമുള്ള രാസപദാർത്ഥങ്ങൾ, മലിന ജലം എന്നിവ പുറന്തള്ളുകയും
ചെയ്യുന്നതുമൂലമാണ് ജല മലിനീകരണം ഉണ്ടാകുന്നത്.
3.
മണ്ണ്
മലിനീകരണം :
വനനശീകരണം, രാസവളങ്ങളുടെ ഉപയോഗം, പ്ലാസ്റ്റിക് ഉപയോഗം, അശാസ്ത്രീയമായ കൃഷിരീതികൾ, അജൈവ വസ്തുക്കളുടെ നിക്ഷേപം എന്നിവ
മൂലം മണ്ണിനുണ്ടാകുന്ന മലിനീകരണമാണ് മണ്ണ് മലിനീകരണം.
4.
ശബ്ദ
മലിനീകരണം :
മനുഷ്യന്റെയും
മറ്റ് ജന്തുവിഭാഗങ്ങളുടെയും സ്വൈര്യമായ ജീവിതത്തെ ബാധിക്കുന്ന അസഹ്യമായ
ശബ്ദത്തെയാണ് ശബ്ദമലിനീകരണം എന്നു പറയുന്നത്. ഉദാഹരണം : അമിതമായ ഉച്ചഭാഷിണി, യന്ത്രസാമഗ്രിഹികളുടെ ശബ്ദം, വിമാനം - തീവണ്ടി എന്നിവയുടെ ശബ്ദം, ഉത്സവങ്ങളിലെ വെടിക്കെട്ട്.
5.
ആണവ
മലിനീകരണം :
ആണവ
വസ്തുക്കളുടെയും ധാതുക്കളുടെയും സാന്നിധ്യം മൂലം പരിസ്ഥിതിക്കുണ്ടാകുന്ന
അനഭിലഷണീയമായ മാറ്റങ്ങളാണ് ആണവ മലിനീകരണം. ഊർജ ഉത്പാദനത്തിന്റെ ഭാഗമായി യുറേനിയം, തോറിയം എന്നീ ധാതുക്കളിൽ നിന്നാണ്
റേഡിയോ ആക്ടീവ് മാലിന്യം ഉണ്ടാകുന്നത്. റേഡിയോ ആക്ടീവ് വസ്തുക്കളാൽ വായു-ജലം-മണ്ണ്
എന്നിവ മലിനമാകുന്നതാണ് ആണവ മലിനീകരണം. റേഡിയോ ആക്ടീവ് പദാർത്ഥങ്ങളുടെ ആകസ്മിക
ചോർച്ച, റേഡിയോ ആക്ടീവ് മാലിന്യങ്ങളുടെ
സുരക്ഷിതമായ നിർമാർജനം എന്നിവയാണ് ആണവോർജം ഉപയോഗിക്കുന്നതുമൂലമുള്ള രണ്ട്
ഗുരുതരമായ പ്രശ്നങ്ങൾ. റേഡിയോ ആക്ടീവ് മാലിന്യങ്ങളിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ
മൂലം ജീവജാലങ്ങൾക്ക് വളരെയധികം അപകടമുണ്ടാക്കുന്നു. ഇത് വളരെ ഉയർന്ന നിരക്കിൽ
ഉൽപ്പരിവർത്തന (Mutation)
ത്തിന്
കാരണമാകുന്നു. ഉയർന്ന അളവിലുള്ള ആണവവികിരണങ്ങൾ മരണത്തിലേക്ക് നയിക്കുന്നു. കുറഞ്ഞ
അളവിലുള്ളത് പലതരം വൈകല്യങ്ങൾക്ക് കാരണമാകുന്നു.
ഇ
മാലിന്യം (Electronic
Waste)
ഉപേക്ഷിക്കപ്പെട്ട
ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ഉപകരണങ്ങളെയും ചേർത്ത് പറയുന്നതാണ് ഇ മാലിന്യങ്ങൾ
അഥവാ ഇ വേസ്റ്റ്. ലോകത്ത് ഇ-മാലിന്യങ്ങൾ സൃഷ്ടിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം
സ്ഥാനത്താണ്. ചൈനയും യു.എസ് എയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. യു.എൻ ഗ്ലോബൽ ഇ
വേസ്റ്റ് മോണിറ്റർ 2020ൽ നടത്തിയ പഠന റിപ്പോർട്ടിലാണ്
ഈ വിവരം. പ്രതിവർഷം 20 ലക്ഷം ടൺ ഇ-മാലിന്യമാണ്
ഇന്ത്യയിലുണ്ടാവുന്നത്. ഇതിൽ 70 ശതമാനം കമ്പ്യൂട്ടർ
ഉപകരണങ്ങളും 12 ശതമാനം ടെലികോം അനുബന്ധ
മേഖലയിൽ നിന്നും 8 ശതമാനം മെഡിക്കൽ ഉപകരണങ്ങളും 7 ശതമാനം ഇലക്ട്രിക്കൽ ഉപകരണങ്ങളുമാണ്.
ഗവൺമെന്റ് സ്ഥാപനങ്ങൾ,
പൊതുമേഖല
സ്ഥാപനങ്ങൾ, സ്വകാര്യ മേഖല സ്ഥാപനങ്ങൾ
എന്നിവയിൽ നിന്നുമാണ് 75% ഇ മാലിന്യവും ഉണ്ടാകുന്നത്. 16% ഇ മാലിന്യം വീടുകളിൽ നിന്നും. ടെലികോം
റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) റിപ്പോർട്ട്
പ്രകാരം ഇന്ത്യയിൽ 114.3 കോടി മൊബൈൽ
വരിക്കാറുള്ളതായാണ് കണക്ക്.
വനനശീകരണം
:
വനമേഖലയെ
ക്രമേണ വനേതര മേഖലകളാക്കി മാറ്റുന്ന പ്രവർത്തനത്തെയാണ് വനനശീകരണം എന്നു പറയുന്നത്.
ഇന്ധനത്തിനും കൃഷിഭൂമിക്കും വാണിജ്യാവശ്യത്തിനും മരം മുറിക്കുന്നത്, നഗരവൽക്കരണം, മണ്ണൊലിപ്പ് എന്നിവയാണ്
വനനശീകരണത്തിന്റെ പ്രധാന കാരണങ്ങൾ. വനനശീകരണം, അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ
അളവ് കൂട്ടുന്നു. ഇതുകാരണം ആഗോള താപനം കൂടുന്നു.
ലോക
വനദിനം :
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വനനശീകരണം. കാടിനെ
ആശ്രയിച്ച് ജീവിച്ചിരുന്ന മനുഷ്യൻ ഇന്ന് കാട് നശിപ്പിക്കുകയാണ്. ഒരു കാലത്ത്
ഇന്ത്യയുടെ മുക്കാൽ ഭാഗത്തോളം വനമായിരുന്നു. 1865 ലാണ് ഇന്ത്യയിൽ ഒരു വനസംരക്ഷണ
നിയമമുണ്ടായത്. 1887ൽ ബ്രിട്ടീഷുകാർ തന്നെ
തിരുവിതാംകൂറിലും ഇത്തരമൊരു നിയമം നടപ്പിലാക്കി. നമ്മുടെ പ്രാണവായുവും
ഭക്ഷണവുമെല്ലാം വനങ്ങളുടെ ദാനമാണ്. കാടുകൾ ഇല്ലാതായാൽ പിന്നെ നാടുകളില്ല.
വഴിയോരങ്ങളിലും പരിസരങ്ങളിലും തണൽ മരത്തൈകൾ നട്ട് പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ
വനനശീകരണം ഒഴുവാക്കാം. ലോക വന ദിനമായി എല്ലാ വർഷവും മാർച്ച് 21 ആചരിച്ചുവരുന്നു.
മണ്ണൊലിപ്പ്
:
ഫലപുഷ്ടിയുള്ള മേൽമണ്ണ് നഷ്ടപ്പെടുന്ന പ്രവർത്തനമാണ് മണ്ണൊലിപ്പ്. അമിതമായ കൃഷി, അനിയന്ത്രിതമായി മൃഗങ്ങൾ മേയുന്നത്, വനനശീകരണം, മോശമായ ജലസേചന രീതികൾ എന്നിവയാണ്
മണ്ണൊലിപ്പിനു പ്രധാന കാരണങ്ങൾ.
ഹരിത
ഗൃഹ വാതകങ്ങൾ (GHG
- Greenhouse Gases)
ആഗോളതാപനത്തിന്
ഇടയാക്കുന്നവയാണ് ഹരിതഗൃഹ വാതകങ്ങൾ. ചൂടിനെ തടഞ്ഞുനിർത്തുന്ന 'ഗ്രീൻഹൗസ്' പോലെ അന്തരീക്ഷതാപനില
നിലനിർത്തുന്നതിനാലാണ് ഇവയ്ക്ക് ഈ പേരു വന്നത്. ഇത്തരം അമ്പതിലേറെ വാതകങ്ങളുണ്ട്.
ഭൂമിയിലെത്തുന്ന സൂര്യതാപം ഭൗമ പ്രതലം തിരിച്ച് അന്തരീക്ഷത്തിലേക്ക്
പ്രസരിപ്പിക്കുന്നു. ഈ സൂര്യതാപം ഒരു കെണിപോലെ ഭൗമാന്തരീക്ഷത്തിൽ
തടഞ്ഞുനിർത്തിയാണ് ഇവ ഭൂമിയുടെ ചൂട് കൂട്ടുന്നത്. ഈ പ്രതിഭാസത്തെ ഹരിതഗൃഹ പ്രഭാവം
എന്നു വിളിക്കുന്നു. കാർബൺ ഡയോക്സൈഡ്, നൈട്രസ്
ഓക്സൈഡ്, ജലബാഷ്പം എന്നിവ ഹരിതഗൃഹ
വാതകങ്ങൾക്ക് ഉദാഹരണങ്ങളാണ്. ഭൂമിക്ക് ചൂട് നൽകുന്നതിൽ നിർണായക പങ്കുവഹിക്കുന്ന
ഹരിതഗൃഹ വാതകങ്ങൾ വാസ്തവത്തിൽ വില്ലന്മാരല്ല. അവയുടെ അളവ് കൂടുന്നതാണ് പ്രശ്‌നം.
ഇത്തരം വാതകങ്ങൾ ഒന്നും തന്നെ വളരെ ഉയർന്ന അളവിൽ അന്തരീക്ഷത്തിൽ കാണപ്പെടുന്നില്ല.
എന്നാൽ ഹരിതഗൃഹ വാതകങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നത് ഭൂമിയിലെ ജീവന്റെ
നിലനിൽപ്പിനെ ബാധിക്കുന്നു.
വിദൂര
സംവേദനം (Remote
Sensing)
1960കളിലാണ് ആദ്യമായി ഉപഗ്രഹങ്ങൾ
വിവശേഖരണം ആരംഭിച്ചത്. തുടർന്ന് വിദൂര സംവേദനത്തിന്റെ സഹായത്തോടെ ബഹിരാകാശത്തിൽ
നിന്നും വിവശേഖരണം ആരംഭിച്ചു. ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ
സംബന്ധിക്കുന്ന വിവരങ്ങൾ സ്പർശബന്ധം കൂടാതെ ശേഖരിക്കുന്ന സാങ്കേതികവിദ്യയാണ് വിദൂര
സംവേദനം. ക്യാമറ,
സ്‌കാനർ തുടങ്ങിയ
സംവേദകങ്ങൾ (Sensors)
ഉപയോഗിച്ചാണ്
വിദൂര സംവേദനത്തിലൂടെ വിവരങ്ങൾ ശേഖരിക്കുന്നത്. ഉപഗ്രഹങ്ങളുടെ പ്രതലത്തിലാണ് (Platforms) സംവേദകങ്ങൾ
ഘടിപ്പിച്ചിരിക്കുന്നത്. വിദൂരസംവേദനത്തിൽ ഒരു ഊർജ ഉറവിടം അത്യന്താപേക്ഷിതമാണ്.
ഇത് വൈദ്യുത കാന്തിക വികിരണങ്ങൾ ഉൾക്കൊള്ളുന്ന സൂര്യപ്രകാശമോ കൃത്രിമമായി
സൃഷ്ടിക്കുന്ന പ്രകാശ സ്രോതസോ ആകാം. സൂര്യപ്രകാശമോ അല്ലെങ്കിൽ കൃത്രിമമായി
സൃഷ്ടിക്കുന്ന പ്രകാശമോ വസ്തുക്കളിൽ പതിക്കുമ്പോഴുണ്ടാകുന്ന പ്രകാശത്തിന്റെ
പ്രതിഫലനത്തെ ഉപയോഗപ്പെടുത്തി വിദൂര സംവേദന പ്രക്രിയ സാധ്യമാക്കുന്നു. ഒരു ക്യാമറ
ഉപയോഗിച്ച് ചിത്രങ്ങളെടുക്കുമ്പോൾ ക്യാമറ ഒരു സംവേദകവും ക്യാമറയിൽ നിന്നും
പുറപ്പെടുന്ന ഫ്ലാഷ് കൃത്രിമമായി സൃഷ്‌ടിച്ച ഊർജ്ജവുമാണ്. വസ്തുക്കൾ
പ്രതിഫലിപ്പിക്കുന്നതും വികിരണം ചെയ്യപ്പെടുന്നതുമായ വൈദ്യുത കാന്തിക തരംഗങ്ങളാണ്
വിദൂര സംവേദന സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്നത്. സമുദ്രപര്യവേക്ഷണം, ഭൂവിനിയോഗം മനസ്സിലാക്കൽ, ഉൾവനങ്ങളിലെ കാട്ടുതീ കണ്ടെത്തൽ, വിളകളുടെ വിസ്തൃതി - കീടബാധ, എണ്ണപര്യവേക്ഷണം, ഭൂഗർഭജലലഭ്യത എന്നിവയ്ക്ക് വിദൂര
സംവേദനം ഉപയോഗിക്കുന്നു.
ഊർജ്ജ
ഉറവിടത്തെ അടിസ്ഥാനമാക്കിയുള്ള വർഗീകരണം
ഊർജ്ജ
ഉറവിടത്തെ അടിസ്ഥാനമാക്കി വിദൂരസംവേദനത്തെ രണ്ടായി തിരിക്കാം - പരോക്ഷ വിദൂര
സംവേദനം, പ്രത്യക്ഷ വിദൂര സംവേദനം.
സൗരോർജ്ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനമാണ് പരോക്ഷ വിദൂര സംവേദനം (Passive Remote Sensing). എന്നാൽ സംവേദകം
പുറപ്പെടുവിക്കുന്ന കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊർജ്ജത്തിന്റെ സഹായത്തോടെ
നടത്തുന്ന വിദൂര സംവേദനമാണ് പ്രത്യക്ഷ വിദൂര സംവേദനം (Active Remote Sensing).
പ്ലാറ്റ്‌ഫോമിനെ
അടിസ്ഥാനമാക്കിയുള്ള വർഗീകരണം
വിവരങ്ങൾ
ശേഖരിക്കുന്നതിനുള്ള ക്യാമറയോ സ്‌കാനറുകളോ സ്ഥാപിച്ചിരിക്കുന്ന പ്രതലമാണ് പ്ലാറ്റ്‌ഫോം.
ഉദാഹരണം: ബലൂണുകൾ,
വിമാനങ്ങൾ, ഉപഗ്രഹങ്ങൾ. പ്ലാറ്റ്‌ഫോമിനെ
അടിസ്ഥാനമാക്കി വിദൂര സംവേദനത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നു - ഭൂതലഛായാഗ്രഹണം, ആകാശീയ വിദൂരസംവേദനം, ഉപഗ്രഹ വിദൂരസംവേദനം.
◆ ഭൂതലഛായാഗ്രഹണം
(Terrestrial
Photography): ഭൂപ്രതലത്തിൽ
നിന്നോ അതിലെ ഉയർന്ന തലങ്ങളിൽ നിന്നോ ഭൗമോപരിതലത്തിന്റെ ചിത്രങ്ങൾ ക്യാമറ
ഉപയോഗിച്ച് പകർത്തുന്ന രീതി അറിയപ്പെടുന്നത് ഭൂതലഛായാഗ്രഹണം എന്നാണ്.
◆ ആകാശീയ
വിദൂരസംവേദനം (Aerial
Remote Sensing): വിമാനത്തിൽ
ഉറപ്പിച്ചിട്ടുള്ള ക്യാമറകളുടെ സഹായത്തോടെ ആകാശത്തു നിന്ന് ഭൂപ്രതലത്തിന്റെ
ചിത്രങ്ങൾ പകർത്തുന്ന രീതിയാണ് ആകാശീയ വിദൂരസംവേദനം
◆ ഉപഗ്രഹ
വിദൂരസംവേദനം (Satellite
Remote Sensing): കൃത്രിമ
ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സംവേദകങ്ങൾ വഴി വിവരശേഖരണം നടത്തുന്ന
പ്രക്രിയയാണ് ഉപഗ്രഹ വിദൂരസംവേദനം. വിസ്‌തൃതമായ പ്രദേശങ്ങളുടെ ചിത്രീകരണത്തിന്
അനുയോജ്യമായ വിദൂര സംവേദനമാണ് ഉപഗ്രഹ വിദൂര സംവേദനം. കൃത്രിമ ഉപഗ്രഹങ്ങളെ രണ്ടായി
തരം തിരിച്ചിരിക്കുന്നു - ഭൂസ്ഥിര ഉപഗ്രഹങ്ങൾ, സൗരസ്ഥിര ഉപഗ്രഹങ്ങൾ.
വിദൂരസംവേദന
സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങൾ
◆ വിളകളുടെ
വിസ്തൃതി, കീടബാധ എന്നിവയെക്കുറിച്ച്
വിവരങ്ങൾ ശേഖരിക്കാം
◆ വളർച്ച
ബാധിത പ്രദേശങ്ങൾ,
വെള്ളപ്പൊക്ക
ബാധിത പ്രദേശങ്ങൾ കണ്ടെത്താം
◆ ഉൾവനങ്ങളിലെ
കാട്ടുതീ കണ്ടെത്തുന്നതിനും നിയന്ത്രണ നടപടികൾ സ്വീകരിക്കാനും കഴിയും
◆ സമുദ്ര
പര്യവേഷണം
◆ എണ്ണ
പര്യവേഷണം
◆ കാലാവസ്ഥാ
നിർണയം
◆ ഭൂവിനിയോഗം
മനസിലാക്കാം
◆ ഭൂഗർഭ
ജലലഭ്യതയ്ക്കു സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താം
◆ വിളകളുടെ
വളർച്ച നിരീക്ഷണം
◆ കീടബാധയുടെ
വ്യാപനം കണ്ടെത്താം
ആകാശീയ
വിദൂര സംവേദനം (Aerial
Remote Sensing)
ബലൂണുകളിലോ
വിമാനങ്ങളിലോ ഉറപ്പിച്ചിട്ടുള്ള ക്യാമറയുടെ സഹായത്താൽ ആകാശത്തുനിന്ന്
ഭൂപ്രതലത്തിന്റെ ചിത്രങ്ങൾ തുടർച്ചയായി പകർത്തുന്ന പ്രക്രിയയാണ് ആകാശീയ വിദൂര
സംവേദനം. താരതമ്യേന വിസ്തൃതി കുറഞ്ഞ പ്രദേശങ്ങളുടെ വിവരശേഖരണത്തിന് ഉപയോഗിക്കുന്ന
വിദൂര സംവേദന രീതിയാണ് ആകാശീയ വിദൂര സംവേദനം. ആകാശീയ വിദൂര സംവേദനത്തിന്റെ മേന്മ
വിമാനം കടന്നുപോകുന്ന പ്രദേശങ്ങളുടെ തുടർച്ചയായുള്ള ചിത്രങ്ങൾ ലഭ്യമാകുന്നു.
തുടർച്ച നിലനിർത്തുന്നതിനും സ്റ്റീരിയോസ്കോപ്പിന്റെ സഹായത്താൽ ത്രിമാനതല വീക്ഷണം
ലഭ്യമാക്കുന്നതിനും വേണ്ടി ഓരോ ആകാശീയ ചിത്രത്തിലും തൊട്ടുമുമ്പു ചിത്രീകരിച്ച
പ്രദേശത്തിന്റെ ഏകദേശം 60 ശതമാനത്തോളം ഭാഗം കൂടി
പകർത്തിയെടുക്കുവാൻ സാധിക്കുന്നു. ഇത് അറിയപ്പെടുന്നത് ആകാശീയ ചിത്രങ്ങളിലെ
ഓവർലാപ്പ് എന്നാണ്. എന്നാൽ ആകാശ വിദൂരസംവേദനത്തിൽ വിസ്തൃതമായ പ്രദേശങ്ങളുടെ
ചിത്രീകരണം പ്രായോഗികമല്ല.
ഭൂസ്ഥിര
ഉപഗ്രഹങ്ങൾ (Geosynchronous
Satellites)
ഭൂസ്ഥിര
ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്നും ഏകദേശം 36,000
കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഇവയുടെ ഭ്രമണവേഗം ഭൂമിയുടെതിന് തുല്യമാണ്.
ഇന്ത്യയുടെ ഇൻസാറ്റ് ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഉപഗ്രഹങ്ങളാണ്. ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഒരു
പ്രദേശത്തിന്റെ സ്ഥിരമായുള്ള വിവരശേഖരണത്തിനുപയോഗിക്കുന്നു (വാർത്താ വിനിമയം, ദിനാന്തരീക്ഷ സ്ഥിതി).
സൗരസ്ഥിര
ഉപഗ്രഹങ്ങൾ (Sun
Synchronous Satellites)
ഭൂമിയുടെ
ഉത്തര ദക്ഷിണ ധ്രുവങ്ങളെ ചുറ്റി സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാണ് സൗരസ്ഥിര
ഉപഗ്രഹങ്ങൾ. ഭൗമോപരിതലത്തിൽ നിന്നും 800 - 950
കിലോമീറ്റർ ഉയരത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്. ഐ.ആർ.എസ്, ലാൻഡ്‌സാറ്റ് എന്നിവ സൗരസ്ഥിര
ഉപഗ്രഹങ്ങളാണ്. സൗരസ്ഥിര ഉപഗ്രഹങ്ങൾ ഒരു പ്രദേശത്തിന്റെ ഇടവിട്ടുള്ള
വിവരശേഖരണത്തിനുപയോഗിക്കുന്നു. ഭൂസ്ഥിര ഉപഗ്രഹങ്ങളേക്കാൾ താഴ്ന്ന വിതാനത്തിലാണ്
സൗരസ്ഥിര ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്. കൂടാതെ ഭൂസ്ഥിര ഉപഗ്രഹങ്ങളേക്കാൾ കുറഞ്ഞ
നിരീക്ഷണ പരിധിയാണ് സൗരസ്ഥിര ഉപഗ്രഹങ്ങളുടേത്.
ഉപഗ്രഹ
ചിത്രങ്ങൾ (Satellite
Imageries)
ഓരോ
വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊർജ്ജത്തിന്റെ അളവാണ് ആ വസ്തുവിന്റെ സ്പെക്ട്രൽ
സിഗ്നേച്ചർ. കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറുകൾ ഭൂതലത്തിലെ വിവിധ
വസ്‌തുക്കളെ അവയുടെ സ്പെക്ട്രൽ സിഗ്നേച്ചറിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ്
വിവരങ്ങൾ സംഖ്യാ രൂപത്തിൽ ഭൂതല കേന്ദ്രത്തിലേക്ക് എത്തിക്കുന്നു. സംഖ്യാ രൂപത്തിലെ
വിവരങ്ങൾ കമ്പ്യൂട്ടറിന്റെ സഹായത്താൽ വ്യാഖ്യാനിച്ച് ചിത്രരൂപത്തിലാക്കുന്നതാണ്
ഉപഗ്രഹ ചിത്രങ്ങൾ. ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഒരു സെൻസറിന് തിരിച്ചറിയാൻ
സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമാണ് ആ സെൻസറിന്റെ സ്‌പെഷ്യൽ
റെസല്യൂഷൻ.
ഉപഗ്രഹങ്ങളും
അവയുടെ റെസല്യൂഷൻ വിവരങ്ങളും
◆ ലാൻഡ്‌സാറ്റ്
1,2,3,4,5 (സംവേദകം : മൾട്ടിസ്പെക്ട്രൽ സ്‌കാനർ)
- 79 x 79 ചതുരശ്ര മീറ്റർ
◆ സ്പോട്ട്
(സംവേദകം : പാൻക്രോമാറ്റിക് ക്യാമറ) - 20 x 20
ചതുരശ്ര മീറ്റർ
◆ ഐ.ആർ.എസ്
(സംവേദകം : PAN
LISS III) - 5.8 x 5.8
ചതുരശ്ര മീറ്റർ
◆ ജിയോ
ഐ (സംവേദകം : പാൻക്രോമാറ്റിക് മൾട്ടിസ്പെക്ട്രൽ സ്‌കാനർ) - 0.46 ചതുരശ്ര മീറ്റർ
വിദൂര
സംവേദനം ഇന്ത്യയിൽ (Remote
Sensing in India)
1924 മുതൽ തന്നെ ഇന്ത്യൻ വ്യോമ
ചിത്രങ്ങളുടെ ഉപയോഗം ഡൽറ്റ ചിത്രീകരണത്തോടെ ആരംഭിച്ചു തുടങ്ങിയിരുന്നു. എന്നാൽ 1966 ലാണ് ഇന്ത്യൻ വ്യോമചിത്രങ്ങളുടെ
വിശകലത്തിനും പഠനത്തിനുമായി ആദ്യത്തെ സ്ഥാപനമായ ഫോട്ടോ ഇന്റർപ്രെട്ടേഷൻ
ഇൻസ്റ്റിറ്റ്യൂട്ട് ഡെറാഡൂണിൽ സ്ഥാപിതമാകുന്നത്. പിൽക്കാലത്ത് ഫോട്ടോ
ഇന്റർപ്രെട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
റിമോട്ട് സെൻസിങ് (IIRS)
എന്നായി മാറി.
ഇന്ത്യയിൽ ഉപഗ്രഹ വിദൂരസംവേദന ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചത് 1970 ലാണ്. ഭാസ്‌കര 1, 2 ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തോടെ
ഇന്ത്യയിൽ ഉപഗ്രഹ വിദൂരസംവേദനത്തിന് തുടക്കമായി. ഇന്ത്യയിൽ റിമോട്ട് സെൻസിങ്
ഉപകരണങ്ങൾ നൽകുന്ന വിവരങ്ങളുടെ ശേഖരണം, സംഭരണം, സംസ്‌കരണം, വിതരണം എന്നിവയ്ക്ക് മുഖ്യപങ്ക്
വഹിക്കുന്ന ഐ.എസ്.ആർ.ഓയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നാഷണൽ റിമോട്ട്
സെൻസിങ് സെന്റർ (NRSC).
ഐ.എസ്.ആർ.ഒ, ബഹിരാകാശ വകുപ്പ് (DOS), സ്‌പേസ് അപ്ലിക്കേഷൻ സെന്റർ (SAC) എന്നീ സ്ഥാപനങ്ങളാണ് ഇന്ത്യയിൽ
ബഹിരാകാശ സാങ്കേതിക വിദ്യ സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നതിൽ സദാ
വ്യാപൃതരായിരിക്കുന്നത്.
ഭൂവിവര
വ്യവസ്ഥ (Geographic
Information System - GIS)
വിദൂരസംവേദന
മാർഗങ്ങളിലൂടെയും അല്ലാതെയും ലഭിക്കുന്ന ഭൂവിവരങ്ങൾ വിശകലനം നടത്തി ഭൂപടങ്ങൾ, പട്ടികകൾ, ഗ്രാഫുകൾ എന്നിവ തയ്യാറാക്കാനും
ശാസ്ത്രീയ നിഗമനങ്ങളിലെത്താനും സഹായകമായ കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതികവിദ്യയാണ്
ഭൂവിവര വ്യവസ്ഥ അഥവാ ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്). സ്ഥാനീയ
വിവരങ്ങൾ, വിശേഷണങ്ങൾ എന്നീ രണ്ടുതരം
വിവരങ്ങളെ ആധാരമാക്കിയാണ് ഭൂവിവരവ്യവസ്ഥയിൽ വിശകലനങ്ങൾ നിർവ്വഹിക്കുന്നത്. നിയതമായ
അക്ഷാംശ - രേഖാംശ സ്ഥാനമുള്ള ഭൗമോപരിതല സവിശേഷതകൾ അറിയപ്പെടുന്നത് സ്ഥാനീയ
വിവരങ്ങൾ എന്നാണ്. ഭൗമോപരിതലത്തിലെ ഒരു സ്ഥാനീയ വിവരത്തെ സംബന്ധിച്ചും
കൂട്ടിച്ചേർക്കാവുന്ന അധിക വിവരങ്ങളാണ് വിശേഷണങ്ങൾ. ഭൂവിവര വ്യവസ്ഥയിൽ
വിശകലനത്തിനായി തയ്യാറാക്കി സൂക്ഷിക്കുന്ന വിഷയാധിഷ്ഠിത ഭൂപടങ്ങൾ അറിയപ്പെടുന്നത്
പാളികൾ എന്നാണ്. ശൃംഖലാ വിശകലനം,
ആവൃത്തി വിശകലനം, ഓവർലേ വിശകലനം എന്നിവയാണ്
ഭൂവിവരവ്യവസ്ഥയുടെ പ്രധാന വിശകലന സാധ്യതകൾ.
ശൃംഖലാ
വിശകലനം (Network
Analysis): ഭൂപടത്തിലെ
റോഡ്, റയിൽവേ, നദികൾ തുടങ്ങിയ രേഖീയ സവിശേഷതകളെ
മാത്രം വിശകലനത്തിന് വിധേയമാക്കുന്ന വിശകലനമാണ് ശൃംഖലാ വിശകലനം. ഏറ്റവും ദൂരം
കുറഞ്ഞ യാത്രാമാർഗ്ഗം,
തിരക്ക് കുറഞ്ഞ
പാത, ടോൾ ഇല്ലാത്ത പാത, വഴിയിലുള്ള പെട്രോൾ പമ്പ്, ഹോട്ടൽ, ആശുപത്രി മുതലായവ കണ്ടെത്താൻ
സഹായിക്കുന്നു.
ആവൃത്തി
വിശകലനം (Buffer
Analysis): ഒരു
ബിന്ദുവിന് ചുറ്റുമോ രേഖീയ സവിശേഷതകൾക്ക് നിശ്ചിത ദൂരത്തിലോ നടക്കാവുന്ന പ്രവർത്തനങ്ങളെ
വിശകലനം ചെയ്യാനുപയോഗിക്കുന്ന സാങ്കേതിക വിശകലനമാണ് ആവൃത്തി വിശകലനം. ഒരു പ്രത്യേക
ചുറ്റളവിലുള്ള വീടുകളുടെ എണ്ണം കണ്ടെത്തുന്നതിനും സർക്കാർ ആവശ്യങ്ങൾക്ക് ഭൂമി
ഏറ്റെടുക്കേണ്ടി വരുമ്പോൾ ഭൂമിയുടെ അളവും അതിർത്തിയും നിശ്ചയിക്കുന്നതിനും ഭവന
രഹിതരുടെ എണ്ണം മനസിലാക്കുന്നതിനും ആവൃത്തി വിശകലനം ഉപയോഗിക്കുന്നു.
ഓവർലേ
വിശകലനം (Overlay
Analysis): ഒരു
പ്രദേശത്തിന്റെ വിവിധ ഭൗമോപരിതല സവിശേഷതകളുടെ പരസ്പര ബന്ധത്തെക്കുറിച്ചും
കാലാനുസൃതമായി അവയിലുണ്ടായ മാറ്റത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന്
ഉപയോഗിക്കുന്ന വിശകലനം.
ഭൂവിവര
വ്യവസ്ഥകളുടെ ഉപയോഗങ്ങൾ
◆ ഭൂപടങ്ങൾ, ഗ്രാഫുകൾ, പട്ടികകൾ എന്നിവ തയ്യാറാക്കുന്നതിന്
◆ ഭൂതല
സവിശേഷതകളെ സ്ഥാനീയമായി പ്രദർശിപ്പിക്കാൻ
◆ വിവരങ്ങളുടെ
നവീകരണവും കൂട്ടിച്ചേർക്കലും.
◆ പല
സ്രോതസുകളിൽ നിന്നുള്ള വിവരങ്ങളുടെ സംയോജനം.
◆ വിഷയാധിഷ്ഠിത
പഠനം
◆ ശേഖരിച്ച
വിവരങ്ങൾ ഉപയോഗിച്ച് ഭാവിയിലെ പ്രവർത്തനങ്ങൾക്ക് ദൃശ്യ മാതൃകകൾ സൃഷ്ടിക്കുക
ഗ്ലോബൽ
പൊസിഷനിങ് സിസ്റ്റം (Global
Positioning System/GPS)
ഗ്ലോബൽ
പൊസിഷനിങ് സിസ്റ്റം എന്നതിന്റെ ചുരുക്കെഴുതാണ് ജി.പി.എസ്. ഉപഗ്രഹങ്ങളുടെ
സഹായത്തോടെ കൃത്യമായ സ്ഥാനനിർണയം നടത്തുന്ന സംവിധാനമാണിത്. ഭൂമിയിൽ എവിടെയുമുള്ള
ഏതു സ്ഥലത്തിന്റെയും കൃത്യമായ സ്ഥാന നിർണയം നടത്താൻ ഇതിലൂടെ സാധിക്കും.
സൈനികാവശ്യങ്ങൾക്കായി അമേരിക്കൻ പ്രതിരോധവകുപ്പ് 1973ലാണ് ജി.പി.എസ് പദ്ധതി തുടങ്ങിയത്.
എന്നാൽ, ഇന്ന് അത് സൈനികേതരവും
വാണിജ്യപരവുമായ ആവശ്യങ്ങൾക്കാണ് കൂടുതലായും ഉപയോഗിക്കുന്നത്. 1995ൽ ജി.പി.എസ് സംവിധാനം പൂർണമായും
പ്രവർത്തനക്ഷമമായി. ഭൗമോപരിതലത്തിൽ നിന്ന് 20,000 മുതൽ 20,200 കിലോമീറ്റർവരെയുള്ള ഉയരത്തിൽ ആറ്
വ്യത്യസ്ത ഭ്രമണപഥങ്ങളിലായി സ്ഥിതിചെയ്യുന്ന 24 ഉപഗ്രഹങ്ങളുടെ ഒരു ശ്രേണിയുടെ
സഹായത്താലാണ് ജി.പി.എസ് സ്ഥാനനിർണയം നടത്തുന്നത്. ഏറ്റവും കുറഞ്ഞത് നാല്
ഉപഗ്രഹങ്ങളിൽ നിന്നും വരുന്ന സിഗ്നലുകളെങ്കിലും ലഭിച്ചാലാണ് ജി.പി.എസിന് അക്ഷാംശം, രേഖാംശം, ഉയരം, സമയം തുടങ്ങിയ വിവരങ്ങൾ കൃത്യതയോടെ
പ്രദർശിപ്പിക്കാൻ സാധിക്കുന്നത്. ജി.പി.എസിനു തുല്യമായ റഷ്യൻ ഉപഗ്രഹ സ്ഥാനനിർണയ
സംവിധാനമാണ് ഗ്ലോനാസ് (Glonass).
ഇന്ത്യയുടെ
ജി.പി.എസാണ് IRNSS.
'നാവിക്' എന്നാണ് ഇതിന്റെ പ്രവർത്തന നാമം. 'നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ' എന്നതിന്റെ ചുരുക്കെഴുത്താണിത്.
ഐ.എസ്.ആർ.ഒ ആണ് ഇത് നിയന്ത്രിക്കുന്നത്.
ഭുവൻ
(Bhuvan)
ഗൂഗിൾ
എർത്തിനു ബദലായി ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനമാണ് ഭുവൻ. 2009 മാർച്ചിൽ പ്രവർത്തനക്ഷമമായ ഈ
ഉപഗ്രഹാധിഷ്ഠിത ഭൂപട നിർമാണ സോഫ്റ്റ്‌വെയർ ഐ.എസ്.ആർ.ഓയാണ് നിർമിച്ചത്. സ്വന്തം ഉപഗ്രഹങ്ങൾ
മാത്രം പ്രയോജനപ്പെടുത്തി ഇന്ത്യൻ മേഖലയുടെ സമ്പൂർണ ഭൂപട നിർമാണം എന്ന
ആവശ്യത്തിലേക്കായാണ് ഐ.എസ്.ആർ.ഒ ഈ ഭൂപട നിർമാണ സംവിധാനം നിർമിച്ചത്.
അടിസ്ഥാനപരമായി ഒരു റിമോട്ട് സെൻസിങ് ഇമേജ് പോർട്ടലാണ് ഭുവൻ. GIS സാങ്കേതിക വിദ്യ, വിദൂര സംവേദനം എന്നിവയുടെ പരമാവധി സാധ്യതകൾ
പ്രയോജനപ്പെടുത്തി ഓൺലൈൻ ഭൂപടം നിർമ്മിക്കുക എന്നതാണ് ഭുവന്റെ മുഖ്യധർമം.
