കേരളം ഭൂമിശാസ്ത്രം
കേരളത്തിലെ കായലുകൾ (Lakes in Kerala)
34 കായലുകളാണ് കേരളത്തിലുള്ളത്.
ഇവയിൽ 27 എണ്ണവും കടലിനോട് ചേർന്നോ
കടലിന് സമാന്തരമായോ കേരളത്തിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നു. കടലുമായി
ചേർന്നുകിടക്കുന്നവയും മഴക്കാലത്തു മാത്രം കടലിനോട് ചേരുന്നവയും
ഇക്കൂട്ടത്തിലുണ്ട്. ഏഴ് ഉൾനാടൻ ജലാശയങ്ങളെയും കായലുകളായി കണക്കാക്കുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ
വ്യാപിച്ചുകിടക്കുന്ന വേമ്പനാട്ടുകായൽ കേരളത്തിലെ ഏറ്റവും വലിയ കായലാണ്. ഈ
കായലിലാണ് പാതിരാമണൽ ദ്വീപ്. ശാസ്താംകോട്ട കായലാണ് കേരളത്തിലെ ഏറ്റവും വലിയ
ശുദ്ധജല തടാകം. അഷ്ടമുടി,
ശാസ്താംകോട്ട, വേമ്പനാട് എന്നീ കായലുകൾ റംസാർ
പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ
പ്രധാന മണ്ണിനങ്ങൾ (Soils
in Kerala)
കേരളത്തിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണാണ് ലാറ്ററൈറ്റ്. തീരദേശമണ്ണ്, എക്കൽ മണ്ണ്, കരിമണ്ണ്, ചുവന്നമണ്ണ്, മലയോരമണ്ണ്, കനത്ത പരുത്തിമണ്ണ്, വനമണ്ണ് എന്നിവയും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കാണപ്പെടുന്നു. കേരളത്തിലെ പടിഞ്ഞാറൻതീരത്തും സമതലപ്രദേശങ്ങളിലുമാണ് തീരദേശമണ്ണ് കാണപ്പെടുന്നത്. മഞ്ഞ കലർന്ന തവിട്ടുനിറമുള്ള ഈ മണ്ണിന് ഫലഭൂയിഷ്ഠിയും ഈർപ്പം നിലനിർത്താനുള്ള കഴിവും കുറവാണ്. തീരദേശമണ്ണിൽ തെങ്ങ് നന്നായി വളരും. മലയോരമണ്ണ് നല്ല വളക്കൂറുള്ളതാണ്. തവിട്ടുനിറമുള്ള ഈ മണ്ണ് വളരെ ആഴത്തിൽവരെ കാണപ്പെടുന്നു. കേരളത്തിലെ വനപ്രദേശങ്ങളിൽ കാണപ്പെടുന്ന വനമണ്ണിനും തവിട്ടു നിറമാണ്. പാലക്കാടൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന കറുത്ത പരുത്തിമണ്ണിൽ കരിമ്പ്, നെല്ല് എന്നിവ നന്നായി വളരും. കേരളത്തിലെ ആദ്യത്തെ മണ്ണ് മ്യൂസിയം 2014 ൽ തിരുവനന്തപുരം ജില്ലയിലെ പാറോട്ടുകോണത്ത് ആരംഭിച്ചു. സെൻട്രൽ സോയിൽ അനാലിറ്റിക്കൽ ലബോറട്ടറിയോട് ചേർന്നാണീ മ്യൂസിയം പ്രവർത്തിക്കുന്നത്. കേരളത്തിലെ 82 മണ്ണിനങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ
കാലാവസ്ഥ (Kerala
Climate)
ഇന്ത്യയിൽ
ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് കേരളം. തെക്കുപടിഞ്ഞാറൻ മൺസൂൺ
ആദ്യമെത്തുന്നത് കേരളത്തിലാണ്. ശരാശരി വാർഷിക വർഷപാതം 300 സെന്റിമീറ്ററിനടുത്താണ്.
തെക്കുപടിഞ്ഞാറൻ മൺസൂണിൽ (ഇടവപ്പാതി) നിന്നാണ് കേരളത്തിൽ ഏറ്റവുമധികം മഴ
ലഭിക്കുന്നത്. ഇക്കാലത്ത് ശരാശരി 200
സെന്റിമീറ്റർ വരെ മഴ കിട്ടാറുണ്ട്. ജൂലായിലാണ് ഏറ്റവുമധികം മഴ കിട്ടുന്നത്. വടക്കു
കിഴക്കൻ മൺസൂൺ (തുലാവർഷം) കാലത്ത് ശരാശരി 50 സെന്റിമീറ്റർ വരെ മഴ പെയ്യുന്നു.
വേനൽമഴയായി ശരാശരി 40 സെന്റിമീറ്റർ മഴയും ലഭിക്കാറുണ്ട്.
ഏറ്റവും കുറവ് മഴ ലഭിക്കുന്നത് ജനുവരിയിലാണ്. അടുത്തകാലത്തായി കേരളത്തിൽ
ലഭിക്കുന്ന മഴയുടെ അളവിലും സമയത്തിലും ചില ഏറ്റക്കുറച്ചിലുകൾ
അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഞാറ്റുവേല എന്നാൽ ഞായറിന്റെ (സൂര്യന്റെ) വേല
(സഞ്ചാരം). കേരളത്തിൽ ഞാറ്റുവേലകളെ അടിസ്ഥാനമാക്കി ഒരു കാർഷിക ക്രമം
നിലനിന്നിരുന്നു. മഴ,
കാലാവസ്ഥ
എന്നിവയെക്കുറിച്ചുള്ള മുന്നറിവുകൾ ഉൾപ്പെടുത്തിയാണ് ഈ കാർഷിക ക്രമം
രൂപപ്പെടുത്തിയിരുന്നത്.
കേരളത്തിലെ
ധാതുക്കൾ (Minerals
in Kerala)
ധാതുസമ്പത്ത്
നിറഞ്ഞ മണ്ണിനങ്ങൾ കേരളത്തിന്റെ പലഭാഗങ്ങളിലുമുണ്ട്. തീരപ്രദേശത്ത് കാണപ്പെടുന്ന
കരിമണലാണ് ഏറ്റവും പ്രധാനം. ഇൽമനൈറ്റ്, മോണോസൈറ്റ്, തോറിയം, ടൈറ്റാനിയം തുടങ്ങിയവ കരിമണലിൽ
കാണപ്പെടുന്നു. കേരളത്തിൽ കാണപ്പെടുന്ന മണ്ണിൽ ഇൽമനൈറ്റിന്റെ അളവ് വളരെ കൂടുതലാണ്.
കേരളത്തിലെ മണ്ണിൽനിന്ന് ലിഗ്നൈറ്റും ലഭിക്കാറുണ്ട്. ട്രാവൻകൂർ ടൈറ്റാനിയം, ഇന്ത്യൻ റയർ എർത്ത്‌സ്, കേരള മിനറൽസ് ആൻഡ് മെറ്റൽസ് (KMML) എന്നിവ ധാതുസമ്പത്ത്
ഉപയോഗപ്പെടുത്തുന്നു.
ആനമുടി
(Anamudi
Peak)
തെക്കേ
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി സ്ഥിതിചെയ്യുന്നത് ഇരവികുളം നാഷണൽ
പാർക്കിലാണ്; ആനമുടി! 2695 മീറ്ററാണ് ആനമുടിയുടെ ഉയരം. പൊതുവേ
നല്ല ഉയരമുള്ള പ്രദേശമാണ് ഇരവികുളം. ഇവിടുത്തെ ഏറ്റവും ഉയരംകുറഞ്ഞ ഭാഗം പോലും
സമുദ്രനിരപ്പിൽ നിന്നും 920 മീറ്റർ മുകളിലാണ്. ആനമുടി
കൂടാതെ ഇവിടെ വേറെയും മലകളുണ്ട്. ഇരവികുളം മല, ഉമയമല, കരിങ്കൊമ്പ് മല, സാംബമല, ഭീമമല, കൊളുക്കൻ മല, എരുമമല, കുമരിക്കൽ മല, സിലുമല, കാറ്റ് മല, പെരുമാൾമല, തിരുമുടി, രാജമല, നായ്‌ക്കൊല്ലി മല എന്നിവയാണവ.
അഗസ്ത്യാർകൂടം
(Agasthyarkoodam)
ആനമുടി
കഴിഞ്ഞാൽ കേരളത്തിൽ സ്ഥിതിചെയ്യുന്ന മറ്റൊരു പ്രധാന മലയാണ് തിരുവനന്തപുരം
ജില്ലയിലെ അഗസ്ത്യമല. നിത്യഹരിതവനങ്ങളും ഇല പൊഴിയും അർദ്ധഹരിതവനങ്ങളും പുൽമേടുകളും
ശുഷ്ക്കവനങ്ങളും കൊണ്ട് സമ്പന്നമായ നെയ്യാർ വന്യജീവി സങ്കേതത്തിലാണ് ഇതിന്റെ
സ്ഥാനം. ഇവിടെ ധാരാളം പാറക്കെട്ടുകളും മലകളുമുണ്ട്. സമുദ്രനിരപ്പിൽനിന്ന് 1868 മീറ്റർ ഉയരമുള്ള അഗസ്ത്യകൂടമാണ് അതിൽ
ഏറ്റവും വലിയ കൊടുമുടി. ജൈവവൈവിധ്യത്തിന്റെ കലവറയായ ഇവിടം അത്യപൂർവമായ
ഔഷധസസ്യങ്ങളും ഓർക്കിഡുകളും ധാരാളമുണ്ട്. നെയ്യാർ നദി ഉത്ഭവിക്കുന്നത്
അഗസ്ത്യമലയിൽ നിന്നാണ്. കേരളത്തിലെ ഒരേയൊരു ബയോളജിക്കൽ പാർക്ക് കൂടിയാണ്
അഗസ്ത്യകൂടം.
കേരളത്തിലെ
ചുരങ്ങൾ (Mountain
Passes in Kerala)
ഉയരമുള്ള
പർവതങ്ങൾക്കു കുറുകെയുള്ള പ്രകൃതിദത്തമായ വിടവുകളാണ് ചുരങ്ങൾ. ചുരങ്ങൾ രണ്ടു
പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ചുരത്തിൽ ഹെയർപിൻ വളവുകളും കാണും.
കേരളത്തിലെ ചുരങ്ങളിൽ നിന്നാൽ പശ്ചിമഘട്ട മലനിരകൾ കാണാം. ചുരത്തിൽ പലയിടത്തും വ്യൂ
പോയിന്റുകളുണ്ട്. പ്രതീക്ഷിക്കാതെയെത്തുന്ന കോടമഞ്ഞും തണുപ്പുമൊക്കെ ചുരത്തിന്റെ
പ്രത്യേകതകളാണ്.
കേരളത്തിലെ
കാറ്റാടി ഫാമുകൾ (Wind
Farm in Kerala)
കാറ്റിൽ
നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ഉപകരണമാണ് വിൻഡ് ജനറേറ്റർ. കാറ്റാടിയന്ത്രവും
അതോടു ബന്ധിപ്പിച്ച ജനറേറ്ററുമാണിത്. യന്ത്രത്തിന്റെ ബ്ലേഡുകൾ കറങ്ങുന്നതിനൊത്ത്
ജനറേറ്റർ പ്രവർത്തിക്കുന്നു. കാറ്റിന്റെ ശക്തി നിശ്ചിതമല്ലാത്തതിനാൽ വിൻഡ്
ജനറേറ്ററിൽ നിന്നുണ്ടാകുന്ന വൈദ്യുതിയുടെ അളവ് എപ്പോഴും ഒരു പോലെയാവില്ല, കൂടിയും കുറഞ്ഞും ഇരിക്കും. വിൻഡ്
ജനറേറ്ററുകൾ പല തരത്തിലുണ്ട്. ബാറ്ററി ചാർജ് ചെയ്യുന്നതിനും ലൈറ്റും ഫ്രിഡ്ജും
ടി.വി.യുമുൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും വിൻഡ്
ജനറേറ്ററുകൾക്കു കഴിയും. ഒന്നിലധികം വിൻഡ് ജനറേറ്ററുകൾ ഒരുമിച്ച്
പ്രവർത്തിപ്പിച്ച് ഒരു നഗരത്തിന് ആവശ്യമുള്ളത്ര വൈദ്യുതി ഉൽപാദിപ്പിക്കുന്ന 'വിൻഡ് ഫാമുകൾ' പല രാജ്യങ്ങളിലും ഇന്നുണ്ട്. ഇതിനായി
സ്ഥാപിച്ചിട്ടുള്ള കാറ്റാടിയന്ത്രങ്ങൾ പൊതുവെ ഭീമാകാരങ്ങളാണ്. വിൻഡ് ജനറേറ്ററുകൾ
നന്നായി പ്രവർത്തിക്കുന്നതിന് കാറ്റ് സ്ഥിരമായി വീശേണ്ടത് അത്യാവശ്യമാണ്. അതിനാൽ
അവ സ്ഥാപിക്കുന്നത് കാറ്റ് നന്നായി വീശുന്ന പ്രദേശങ്ങളിലാണ്, പലപ്പോഴും തരിശുനിലങ്ങളിൽ.
കേരളത്തിലെ
ജലവൈദ്യുത പദ്ധതികള്‍ (Hydroelectric
Projects in Kerala)
കേരളത്തിൽ
വൈദ്യുതിയുടെ പ്രധാന ഉറവിടം ജലവൈദ്യുത പദ്ധതികളാണ്. വെള്ളച്ചാട്ടത്തിന്റെ ശക്തി
ഉപയോഗിച്ചാണ് ജലവൈദ്യുതപദ്ധതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. അണക്കെട്ടിൽ
സംഭരിക്കുന്ന വെള്ളം തുരങ്കങ്ങളും ഉരുക്കുകുഴലുകളും വഴി വൈദ്യുതിനിലയങ്ങളിലേക്ക്
ഒഴുക്കുന്നു. വൈദ്യുതനിലയങ്ങളിൽ കൂറ്റൻ ജനറേറ്ററുകൾ ഉണ്ടാകും. അതിലുള്ള ടർബൈൻ
കറങ്ങിയാണ് വൈദ്യുതി ഉണ്ടാക്കുന്നത്. ഉയരത്തിൽ നിന്നു വരുന്ന വെള്ളം ശക്തിയായി
വീഴുമ്പോൾ കറങ്ങുന്ന വിധത്തിലാണ് ടർബൈന്റെ ഘടന. 1906ൽ മൂന്നാറിലെ പള്ളിവാസലിൽ കണ്ണൻ ദേവൻ
കമ്പനി സ്ഥാപിച്ച പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്കാണ് കേരളത്തിലെ ആദ്യത്തെ വൈദ്യുത
പദ്ധതി, ആദ്യത്തെ സ്വകാര്യ വൈദ്യുത
പദ്ധതി എന്നീ ബഹുമതികൾ. എട്ടര ലക്ഷം രൂപ ചെലവിട്ട് രൂപം കൊടുത്ത പള്ളിവാസൽ
പദ്ധതിയുടെ ശേഷി 200 കിലോവാട്ട് ആയിരുന്നു.
ഒരുകാലത്ത് മൂന്നാറിലെ ഫാക്ടറികൾക്കും സ്കൂളുകൾക്കും വീടുകൾക്കുമെല്ലാം വേണ്ട
വൈദ്യുതി ലഭ്യമാക്കിയിരുന്നത് ഈ പദ്ധതിയിൽ നിന്നാണ്. പിന്നീട് ഇതേ പള്ളിവാസലിൽ
തന്നെ 1940ൽ സർക്കാർ ഉടമസ്ഥതയിലുള്ള
കേരളത്തിലെ ആദ്യത്തെ വൈദ്യുതനിലയം സ്ഥാപിച്ചു.
കേരളത്തിലെ
സൗരോർജ നിലയങ്ങൾ (Solar
Plants in Kerala)
പ്രപഞ്ചത്തിൽ
നമുക്കു ലഭിക്കുന്ന ഏറ്റവും വലിയ ഊർജ്ജസ്രോതസ്സാണ് സൂര്യൻ. സൂര്യനിൽ നിന്നും
ലഭിക്കുന്ന സൗരോർജം പാരമ്പര്യേതര പുനരാവർത്തക ഊർജ്ജസ്രോതസ്സാണ്. യാതൊരു
മലിനീകരണവുമില്ലാതെ ഉത്പാദിപ്പിക്കാനുള്ള ഊർജം സൂര്യനിൽനിന്ന് എത്തുന്നുണ്ട്. അത്
ഉപയോഗപ്പെടുത്താനുള്ള മാർഗമാണ് സോളാർ സെൽ. സോളാർ സെൽ സൂര്യപ്രകാശത്തെ
വൈദ്യുതിയാക്കി മാറ്റുന്നു. സൗരോർജ്ജത്തിൽ നിന്ന് വൻതോതിൽ വൈദ്യുതി
ഉത്പാദിപ്പിക്കാനുള്ള സംവിധാനമാണ് സോളാർ ഫർണസ്. വലിയൊരു കോൺകേവ് മിററിന്റെ
ആകൃതിയാണ് ഇതിന്. ഒട്ടേറെ കണ്ണാടികൾ സ്ഥാപിച്ച് ഇതിൽനിന്ന് സൗരോർജം ഒരു ബിന്ദുവിൽ
കേന്ദ്രീകരിച്ച് ഉയർന്ന താപം സൃഷ്ടിച്ച്, വൈദ്യുതോല്പാദനത്തിന്
ഉപയോഗിക്കുന്നതാണ് പ്രധാന രീതി. കേരളത്തിൽ കെ.എസ്.ഇ.ബിയുടെ ആദ്യത്തെ സോളാർ
പ്ലാന്റ് സ്ഥാപിതമായത് കഞ്ചിക്കോടാണ്. പാരമ്പര്യേതര ഊർജ്ജവികസനത്തിനായി സ്ഥാപിതമായ
സ്വാതന്ത്രാധികാര സ്ഥാപനമായ അനെർട്ടിന്റെ കീഴിലാണ് കേരളത്തിൽ സൗരോർജ്ജ പദ്ധതികൾ
നടപ്പാക്കുന്നത്.
കേരളത്തിലെ
താപവൈദ്യുത നിലയങ്ങൾ (Thermal
Power Plants in Kerala)
കേരളത്തിൽ
ഇന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയിൽ 22%
താപ നിലയങ്ങൾ വഴിയാണ്. താപനിലയങ്ങളിൽ കൽക്കരി, എണ്ണ മുതലായവ കത്തിച്ച് വെള്ളം നീരാവിയാക്കുന്നു.
ആ നീരാവിയിൽ വൈദ്യുത ടർബൈൻ കറക്കി ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി
ഉണ്ടാക്കുന്നു.
കെ.എസ്.ഇ.ബി
(Kerala
State Electricity Board, KSEB)
1957 മാർച്ച് 31ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ബോർഡ് നിലവിൽവന്നു. ആദ്യ ചെയർമാൻ കെ. ശ്രീധരൻ നായർ. 2011 ജനുവരി 14ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ്
ലിമിറ്റഡ് എന്ന പേരിൽ കമ്പനിയാക്കി. 2013ൽ
ഇതിന്റെ തുടർനടപടിക്ക് മന്ത്രിസഭ അനുമതി നൽകി. 1958ൽ കെ.എസ്.ഇ.ബിയുടെ സ്ഥാപിതശേഷി 109.5 മെഗാവാട്ട് മാത്രമായിരുന്നു. ഇപ്പോൾ
മൊത്തം ഊർജ ആവശ്യകതയുടെ 34 ശതമാനവും കെ.എസ്.ഇ.ബിയുടെ
വിവിധ പദ്ധതികളിൽ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. കേരളത്തിന്റെ
വൈദ്യുതോപഭോഗത്തിന്റെ 50 ശതമാനം ഗാർഹിക മേഖലയിലാണ്.
നിലവിൽ കെ.എസ്.ഇ.ബിയുടെ കീഴിൽ 31 ജലവൈദ്യുത പദ്ധതികളും രണ്ട്
ഡീസൽ പവർ പ്ലാന്റുകളും ഒരു കാറ്റാടി ഫാമും ഏഴ് സോളാർ പ്ലാന്റും ഉണ്ട്.
കേരളത്തിലെ
അണക്കെട്ടുകൾ (Dams
in Kerala)
കേരളത്തിലെ
ആദ്യത്തെ അണക്കെട്ടാണ് മുല്ലപെരിയാർ അണക്കെട്ട്. പക്ഷേ, അതു കേരളത്തിന്റെ
ആവശ്യത്തിനായിരുന്നില്ല. അന്ന് മദ്രാസ് ഗവൺമെന്റിന്റെ കീഴിലായിരുന്ന തമിഴ്‌നാട്ടിലെ
ചില പ്രദേശങ്ങളിൽ ജലസേചനത്തിനായാണ് ഈ അണക്കെട്ട് നിർമിച്ചത്. ബ്രിട്ടീഷുകാരുടെ
മേൽനോട്ടത്തിൽ 1895ൽ ഈ അണക്കെട്ടിന്റെ പണി
പൂർത്തിയാക്കി. അന്നത്തെ തിരുവിതാംകൂറിൽ ഉൾപ്പെട്ട തേക്കടി വനത്തിൽനിന്നുദ്ഭവിച്ച
പെരിയാർ നദിയിൽ അണകെട്ടി അതിലെ ജലം തമിഴ്‌നാട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു
മുല്ലപെരിയാർ അണക്കെട്ടിന്റെ ഉദ്ദേശ്യം. ചുണ്ണാമ്പ്, ചുടുകട്ടപൊടി, മണൽ എന്നിവ ചേർത്തുണ്ടാക്കിയ സുർക്കി
എന്ന മിശ്രിതം ഉപയോഗിച്ചായിരുന്നു ഡാമിന്റെ നിർമാണം.
ഇന്ത്യയിലെ
ആദ്യത്തെ കോൺക്രീറ്റ് കമാന അണക്കെട്ട് അഥവാ ആർച്ച് ഡാമാണ് ഇടുക്കിയിലേത്. കുറവൻ -
കുറത്തി മലകൾക്കിടയിലുള്ള ഈ അണക്കെട്ടിന് 168.91 മീറ്റർ ഉയരമുണ്ട്. ഷട്ടറുകളില്ലാതെ
നിർമിച്ച ഡാം കാനഡ സർക്കാരിന്റെ സഹായത്തോടെ 1974ൽ പൂർത്തിയാക്കി. കേരളത്തിൽ
ജലസേചനത്തിനും വൈദ്യുതോത്പാദനത്തിനും വേണ്ടി ചെറുതും വലുതുമായി അൻപതിനടുത്ത്
അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്. ചില അണക്കെട്ടുകൾ ജലസേചനത്തിനും
വൈദ്യുതോത്പാദനത്തിനും ഒരുപോലെ ഉപയോഗപ്പെടുത്തുന്നു.
ടെക്നോപാർക്ക്
(Technopark)
ഏഷ്യയിലെ
ഏറ്റവും വലിയ ഐ.ടി പാർക്കായ കഴക്കൂട്ടം ടെക്നോപാർക്ക് കാൽ നൂറ്റാണ്ട് പിന്നിട്ടു. 1990ൽ 8000 ചതുരശ്ര അടിയുള്ള പമ്പ എന്ന
കെട്ടിടത്തിൽ 50 ജീവനക്കാരുമായി തുടങ്ങിയ
ടെക്നോപാർക്കിൽ ഇപ്പോൾ 465 കമ്പനികൾ ഉണ്ട്. 64000 ജീവനക്കാരാണ് ജോലിചെയ്യുന്നത്.
ഒന്നേകാൽ ലക്ഷം പേരാണ് പരോക്ഷമായി ടെക്നോപാർക്കുമായി ബന്ധപ്പെട്ടു
ജോലിചെയ്യുന്നത്. പെരിയാർ,
പമ്പ, നിള, ചന്ദ്രഗിരി, ഗായത്രി, ഭവാനി, തേജസ്വിനി എന്നീ കെട്ടിടങ്ങളിലാണ്
കമ്പനികൾ പ്രവർത്തിക്കുന്നത്. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേരള
സർവകലാശാലയുടെ കീഴിലായിരുന്ന വൈദ്യൻകുന്ന് എന്ന കുറ്റിക്കാടും കുന്നുകളും നിറഞ്ഞ 50 ഏക്കർ സ്ഥലം ഏറ്റെടുത്ത് ആദ്യത്തെ
ഐ.ടി പാർക്ക് ഉദ്‌ഘാടനം ചെയ്തത്. മൂന്നാംഘട്ട വികസനം പൂർത്തിയാകുമ്പോൾ ഇന്നു
ടെക്നോപാർക്കിന് 800 ഏക്കർ ഭൂമി
സ്വന്തമായിട്ടുണ്ട്. മൂന്ന് പ്രത്യേക സാമ്പത്തിക മേഖലകളാണ് ഇതിനുള്ളിൽ ഉള്ളത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐ.ടി ഫ്രഫഷനലുകളാണ് ഇവിടത്തെ കമ്പനികളിൽ
ജോലിചെയ്യുന്നവരിൽ ഭൂരിഭാഗവും. ടെക്‌നോപാർക്കിന്റെ നിർദ്ദിഷ്ട നാലാംഘട്ട വികസന
പദ്ധതിയാണ് ടെക്നോ സിറ്റി. ബയോടെക്നോളജിയും നാനോടെക്‌നോളജിയും ഉൾപ്പെടെ ഐ.ടി
മേഖലയ്ക്കായി വിശാലമായ കവാടം തുറന്നിടുകയാണ് ടെക്നോസിറ്റി. പള്ളിപ്പുറം സി.ആർ.പി
ക്യാംപിനു സമീപം 423 ഏക്കർ സ്ഥലത്താണ്
ടെക്നോസിറ്റി ഒരുങ്ങുന്നത്.
കിൻഫ്ര
പാർക്ക് (KINFRA)
വ്യവസായങ്ങൾക്കാവശ്യമായ
അടിസ്ഥാന പശ്ചാത്തല സൗകര്യം വികസിപ്പിക്കുകയും അതുവഴി വ്യവസായ വികസനത്തിന്
അനുയോജ്യമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിനായും കേരള സർക്കാർ ആരംഭിച്ച സ്ഥാപനമാണ്
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കിൻഫ്ര). വ്യവസായ
പാർക്കുകൾ, ടൗൺഷിപ്പുകൾ, പ്രത്യേക വ്യവസായ മേഖലകൾ എന്നിവ
സ്ഥാപിക്കുക എന്ന ഉദ്ദേശ്യവുമായി 1993ൽ
ആണ് കിൻഫ്ര പ്രവർത്തനം തുടങ്ങിയത്. വ്യവസായ യൂണിറ്റുകൾക്കുവേണ്ട
പശ്ചാത്തലമൊരുക്കുകയാണ് കിൻഫ്ര പാർക്കുകളുടെ സ്ഥാപിത ലക്ഷ്യം. തുണിത്തരങ്ങൾ, വിജ്ഞാന വിനോദം, കടൽ വിഭവങ്ങൾ, റബർ കയറ്റുമതി, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ബയോടെക്നോളജി, ഭക്ഷ്യസംസ്കരണം, ചെറുകിട - ഇടത്തരം സംരംഭങ്ങൾ എന്നീ
മേഖലകളിൽ ഇതുവരെ 24 വ്യവസായ പാർക്കുകൾ കിൻഫ്ര
സ്ഥാപിച്ചിട്ടുണ്ട്.
കിൻഫ്രയുടെ
കീഴിൽ പ്രവർത്തിക്കുന്ന വ്യവസായ പാർക്കുകൾ
■ അന്താരാഷ്ട്ര അപ്പാരൽ പാർക്ക്
(തിരുവനന്തപുരം)
■ കയറ്റുമതി വികസന വ്യവസായ പാർക്ക്
(എറണാകുളം)
■ ഗ്രീൻഫീൽഡ് ഇലക്ട്രോണിക് പാർക്ക്
(എറണാകുളം)
■ ഫിലിം ആൻഡ് വീഡിയോ പാർക്ക്
(തിരുവനന്തപുരം)
■ ഭക്ഷ്യ സംസ്കരണ വ്യവസായ പാർക്ക്
(മലപ്പുറം)
■ കടൽ ഭക്ഷ്യ സംസ്കരണ പാർക്ക് (അരൂർ, ആലപ്പുഴ)
■ ഗ്ലോബൽ ആയുർവേദ വില്ലേജ്
(തിരുവനന്തപുരം)
■ ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റൈൽ
പാർക്ക് (പാലക്കാട്)
■ ഡിഫൻസ് പാർക്ക് (ഒറ്റപ്പാലം, പാലക്കാട്)
■ റബ്ബർ പാർക്ക് (ഐരാപുരം, എറണാകുളം)
കേരളത്തിലെ
നദികൾ (Rivers
in Kerala)
44 നദികളാണ് കേരളത്തിലൂടെ
ഒഴുകുന്നത്. പശ്ചിമഘട്ടത്തിൽനിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി കായലുകളിലോ
കടലിലോ ചെന്നെത്തുന്നവയാണ് 41 എണ്ണം. വളരെ ദൂരം ഒരേ ദിശയിൽ
ഒഴുകുന്നവയാണ് കേരളത്തിലെ നദികൾ. മൂന്ന് നദികൾ കിഴക്കോട്ടും ഒഴുകുന്നു. കബനി, ഭവാനി, പാമ്പാർ എന്നിവയാണ് കിഴക്കോട്ട്
ഒഴുകുന്നത്. മറ്റു സംസ്ഥാനങ്ങളിലെ നദികളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ നദികൾ
ചെറുതാണ്. 1974 ലെ കേരള സർക്കാരിന്റെ
വിജ്ഞാപനപ്രകാരം 15 കിലോമീറ്ററിലധികം നീളമുള്ള
ജലപ്രവാഹങ്ങളെയാണ് നദികളുടെ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുപതു
കിലോമീറ്ററിൽ താഴെ നീളമുള്ള മൂന്നു നദികളുണ്ട്. രാമപുരം പുഴ, അയിരൂർ പുഴ, മഞ്ചേശ്വരം പുഴ. നൂറു കിലോമീറ്ററിൽ
കൂടുതൽ നീളമുള്ള പതിനൊന്നു നദികളാണ് കേരളത്തിലുള്ളത്. 244 കിലോമീറ്റർ നീളമുള്ള പെരിയാറാണ്
നീളത്തിലും നീരൊഴുക്കിലും കേരളത്തിലെ ഏറ്റവും വലിയ നദി. 16 കിലോമീറ്റർ നീളമുള്ള മഞ്ചേശ്വരം
പുഴയാണ് ഏറ്റവും ചെറുത്. ഇത് കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദികൂടിയാണ്.
നെയ്യാറാണ് കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുകൂടി ഒഴുകുന്ന നദി.
കേരളത്തിലെ
പ്രധാന നദികൾ
■ തിരുവനന്തപുരം - കരമന നദി, നെയ്യാർ, വാമനപുരം നദി, കിള്ളിയാർ
■ കൊല്ലം - കല്ലട, ഇത്തിക്കരയാർ, പള്ളിക്കൽ നദി
■ പത്തനംതിട്ട - പമ്പ, അച്ചൻകോവിലാർ, മണിമലയാർ, പള്ളിക്കൽ നദി
■ ആലപ്പുഴ - മണിമലയാർ, പമ്പ, അച്ചൻകോവിലാർ
■ കോട്ടയം - മീനച്ചിലാർ, മൂവാറ്റുപുഴ, മണിമലയാർ
■ ഇടുക്കി - പെരിയാർ, തൊടുപുഴയാർ, പാമ്പാർ
■ എറണാകുളം - പെരിയാർ, മൂവാറ്റുപുഴ, ചാലക്കുടിപ്പുഴ, കോതമംഗലം, തൊടുപുഴയാർ
■ തൃശൂർ - ചാലക്കുടിപ്പുഴ, ഭാരതപ്പുഴ, കീച്ചേരി, മണലി നദി, ചിമ്മിനി
■ പാലക്കാട് - ഭാരതപ്പുഴ, കൽപ്പാത്തിപ്പുഴ, ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, തൂതപ്പുഴ, ഭവാനി, കരീംപുഴ, ശിരുവാണി, കുന്തിപ്പുഴ
■ മലപ്പുറം - ചാലിയാർ, കുറ്റ്യാടിപ്പുഴ, കടലുണ്ടിപ്പുഴ, കോരപ്പുഴ, കല്ലായി
■ വയനാട് - കബനി, പനമരം നദി, മാനന്തവാടിപ്പുഴ
■ കണ്ണൂർ - വളപട്ടണം നദി, കുപ്പംനദി, അഞ്ചരക്കണ്ടി, ബവാലി നദി
■ കാസർഗോഡ് - ചന്ദ്രഗിരിപ്പുഴ, മഞ്ചേശ്വരം നദി, കവ്വായി നദി, ഉപ്പള, ചിറ്റാരി നദി, ഷിറിയ, കരിയൻഗോഡ് നദി, കുംബള, മോഗ്രൽ നദി
പെരിയാർ
നദി (Periyar
River)
കേരളത്തിലെ
ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ. പെരിയാർ ആരംഭിക്കുന്നിടത്തുള്ള കൃതിമ
തടാകമാണ് പെരിയാർ തടാകം. സഹ്യപർവ്വതത്തിലെ ശിവഗിരി മലയാണ് പെരിയാറിന്റെ ഉത്ഭവ
സ്ഥാനം. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ സമർത്ഥിച്ചിരിക്കുന്നത്
പെരിയാറിന്റെ ഉത്ഭവം കേരളത്തിന്റെ ഭാഗമായിട്ടുള്ള ചൊക്കാംപെട്ടിയിൽ നിന്ന്
എന്നാണ്. മുല്ലയാർ,
മുതിരപ്പുഴ, പെരിഞ്ഞാൻകുട്ടി പുഴ, പെരുതുറയാർ, കട്ടപ്പനയാർ, ചെറുതോണിയാർ, തൊട്ടിയാര്‍ എന്നിവയാണ് പെരിയാറിന്റെ
പ്രധാന പോഷകനദികൾ. പള്ളിവാസൽ,
ചെങ്കുളം, പന്നിയാർ, നേര്യമംഗലം, ലോവർ പെരിയാർ എന്നീ ജലവൈദ്യുതപദ്ധതികൾ
നിർമിച്ചിരിക്കുന്നത് പെരിയാർ നദിയിലാണ്.
പമ്പ
നദി (Pamba
River)
കേരളത്തിലെ
നദികളിൽ നീളത്തിൽ മൂന്നാം സ്ഥാനമാണ് പമ്പയ്ക്ക്. പമ്പാ നദി 'ബാരിസ്' എന്നാണ് പ്രാചീനകാലത്ത്
അറിയപ്പെട്ടിരുന്നത്. പമ്പ,
കക്കി, അഴുത, കക്കാട്ടാർ, കല്ലാർ എന്നിവ ചേർന്നാണ് പമ്പ രൂപം
കൊള്ളുന്നത്. പെരുന്തേനരുവി വെള്ളച്ചാട്ടം പമ്പാനദിയിലാണ്. കുട്ടനാടു പ്രദേശത്തെ
പമ്പ സമ്പുഷ്ടമാക്കുന്നു. കുട്ടനാടിനെ 'പമ്പയുടെ
ദാനം' എന്നു വിളിക്കാറുണ്ട്.
പീരുമേട് പീഠഭൂമി മേഖലയിലെ നീരൊഴുക്കുകളിൽ നിന്നാണ് പമ്പ ഉദ്ഭവിക്കുന്നത്. ഒടുവിൽ
പല ശാഖകളായി പിരിഞ്ഞ് വേമ്പനാട്ടു കായലിൽ പമ്പ അതിന്റെ ഒഴുക്ക്
അവസാനിപ്പിക്കുന്നു.
ചാലക്കുടി
പുഴ (Chalakudy
River)
കേരളത്തിലെ
അഞ്ചാമത്തെ വലിയ നദി. 145.5 കി.മീറ്ററാണ് നീളം. തമിഴ്‌നാട്ടിലെ
ആനമലയിൽ നിന്നാണിവയുടെ ഉത്ഭവമെങ്കിലും കേരളത്തിലെ പറമ്പിക്കുളം, കുരിയാർകുട്ടി, ഷോളയാർ, കർപ്പാറ, ആനക്കയം എന്നീ പുഴകൾ ചേർന്നാണ്
ചാലക്കുടിയാറ് രൂപം കൊള്ളുന്നത്. തമിഴ്‌നാട്ടിലൂടെ ഒഴുകി കേരളത്തിലെത്തുന്ന
ചാലക്കുടിപ്പുഴ,
പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്നു.
തൃശൂർ ജില്ലയിൽ,
ചാലക്കുടിയാറ്
രൂപം കൊടുക്കുന്ന രണ്ടു വെള്ളച്ചാട്ടങ്ങളാണ് അതിരപ്പിള്ളി, വാഴച്ചാൽ എന്നിവ. ഇലന്തിക്കരയിൽ
(പുത്തൻവേലിക്കര,
എറണാകുളം) വച്ച്
ചാലക്കുടിപ്പുഴ പെരിയാറുമായി ചേരുന്നു. പിന്നീട്, ഇവ ഒന്നിച്ചൊഴുകി കൊടുങ്ങല്ലൂർ
കായലുമായും അതിനുശേഷം അറബിക്കടലുമായും ചേരുന്നു.
മഞ്ചേശ്വരം
പുഴ (Manjeswaram
River)
കേരളത്തിൽ
ഏറ്റവും കൂടുതൽ പുഴകൾ ഒഴുകുന്നത് കാസർഗോഡ് ജില്ലകളിലൂടെയാണ് (12). അതിൽ ഷിറിയ, ഉപ്പള, മഞ്ചേശ്വരം, നീലേശ്വരം, മൊഗ്രാൽ പുഴകളാണ് പ്രധാനപ്പെട്ടവ.
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള പുഴയായ മഞ്ചേശ്വരം പുഴ, തലപ്പാടിപ്പുഴ
എന്നും അറിയപ്പെടുന്നു. കർണാടക - കേരള അതിർത്തിയിലെ 60 മീറ്റർ ഉയരത്തിലുള്ള ബാലെപ്പൂണി
കുന്നുകളിൽനിന്ന് ഉദ്ഭവിക്കുന്ന ഈ പുഴ കാസർഗോഡ് ജില്ലയിലെ ഉപ്പള കായലിൽ
പതിക്കുന്നു. പിന്നീട്,
ഇവ ഒന്നിച്ചൊഴുകി
ബാഗ്രയ്ക്കും മഞ്ചേശ്വരത്തിനും ഇടയിലുള്ള മഞ്ചേശ്വരം അഴിമുഖത്ത് വച്ച്
അറബിക്കടലുമായും ചേരുന്നു. കേരളത്തിലെ ഏറ്റവും ചെറിയ പുഴ എന്ന വിശേഷണവും
മഞ്ചേശ്വരം പുഴയ്ക്കാണ്. 16 കിലോമീറ്ററാണ് ഈ പുഴയുടെ
നീളം. പാവുറുവാണ് മഞ്ചേശ്വരം പുഴയുടെ പ്രധാന പോഷകനദി. കേരളത്തിൽ കാസർഗോഡ്
ജില്ലയിലൂടെ മാത്രമാണ് ഈ പുഴ ഒഴുകുന്നത്.
ചന്ദ്രഗിരിപ്പുഴ
(Chandragiri
River)
കർണാടകത്തിൽ
നിന്നും ഉദ്ഭവിച്ച് കേരളത്തിലേക്കൊഴുകുന്ന നദിയാണ് ചന്ദ്രഗിരിപ്പുഴ. മൗര്യ
സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യന്റെ പേരിൽ ഈ നദി അറിയപ്പെടുന്നു. പെരുമ്പുഴ, പയസ്വിനി എന്നീ പേരുകളിലും ഈ നദി
അറിയപ്പെടുന്നു. കാസർഗോഡ് പട്ടണത്തെ 'U' ആകൃതിയിൽ
ചുറ്റിയൊഴുകുന്ന നദിയുടെ ഉത്ഭവം കർണാടകത്തിലെ തലകാവേരി വന്യജീവി സങ്കേതത്തിലെ
മലനിരകളിൽനിന്നാണ്. പതനം അറബിക്കടലിൽ. 105
കിലോമീറ്ററാണ് ഈ പുഴയുടെ നീളം. പതിനാലാം നൂറ്റാണ്ടിനുശേഷം മുതൽ മലയാളക്കരയുടെയും
തുളുനാടിന്റെയും പരമ്പരാഗത അതിരായി ഈ പുഴയെ കണക്കാക്കിയിരുന്നു. പയസ്വിനിപ്പുഴയാണ്
പ്രധാന പോഷകനദി. പയസ്വിനിപ്പുഴയുടെ ഉദ്ഭവം കർണാടകത്തിലെ പട്ടിഘാട്ട് വനത്തിലാണ്.
ചന്ദ്രഗിരിപ്പുഴയുടെ മറ്റൊരു പോഷകനദിയായ കുടുബൂർ പുഴ തലകാവേരി മലനിരകളിൽ നിന്ന്
ഉദ്ഭവിച്ച് കേരളത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവേശിച്ച് മലബാർ സമതലത്തിലൂടെ ഒഴുകി
ചന്ദ്രഗിരി പുഴയിൽ പതിക്കുന്നു. കാസർഗോഡിലെ അതിമനോഹരമായ ചരിത്രസ്മാരകമായ
ചന്ദ്രഗിരിക്കോട്ട പടിഞ്ഞാറ് അറബിക്കടലിനും വടക്ക് ചന്ദ്രഗിരിപ്പുഴയ്ക്കും
അഴിമുഖത്തിനും അഭിമുഖമായി സ്ഥിതിചെയ്യുന്നു.
ഭാരതപ്പുഴ
(Bharathapuzha)
കേരളത്തിലെ
രണ്ടാമത്തെ വലിയ നദി. 209 കി.മീറ്ററാണ് നീളം. ഭാരതപ്പുഴ
തമിഴ്‌നാട്ടിലെ ആനമലയിൽ ഉത്ഭവിക്കുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലൂടെ
ഒഴുകി കേരളത്തിലെത്തുന്ന ഭാരതപ്പുഴ, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലൂടെ ഒഴുകുന്നു.
ഗായത്രിപ്പുഴ,
കണ്ണാടിപ്പുഴ
(ചിറ്റൂർ പുഴ),
കൽപ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവയാണ് ഭാരതപ്പുഴയുടെ
പ്രധാന പോഷകനദികൾ. കേരളത്തിലെ ആദ്യത്തെ ഉരുക്കു തടയണ നിർമിച്ചിരിക്കുന്നത്
ഭാരതപ്പുഴയ്ക്ക് കുറുകെയാണ്. ഇത് പാലക്കാട് ജില്ലയിലെ മാന്നനൂരിനെയും തൃശൂർ
ജില്ലയിലെ പൈങ്കുളത്തെയും ബന്ധിപ്പിക്കുന്നു.
ചാലിയാർ
നദി (Chaliyar
River)
നാലാമത്തെ
വലിയ നദിയായ ചാലിയാർ,
ബേപ്പൂർ പുഴ
എന്നും അറിയപ്പെടുന്നു. 169 കി.മീറ്ററാണ് നീളം. തമിഴ്‌നാട്ടിലെ
ഇളമ്പലേരിക്കുന്നുകളിലാണ് ഉത്ഭവം. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലൂടെ ഒഴുകി
കേരളത്തിലെത്തുന്ന ചാലിയാർ,
വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്നു.
ചാലിപ്പുഴ, പുന്നപ്പുഴ, പാണ്ടിയാർ, കരിമ്പുഴ, ചെറുപുഴ, കാഞ്ഞിരപ്പുഴ, കരുമ്പൻപുഴ, വാടപ്പുറം പുഴ, ഇരിഞ്ഞിപ്പുഴ, ഇരുനില്ലിപ്പുഴ എന്നിവയാണ്
ചാലിയാറിന്റെ പ്രധാന പോഷകനദികൾ.
നെയ്യാർ
നദി (Neyyar
River)
കേരളത്തിലെ
ഏറ്റവും തെക്കേയറ്റത്തെ നദിയാണ് നെയ്യാർ. തിരുവനന്തപുരത്തിലൂടെ ഒഴുക്കുന്നു. 56 കി.മീറ്ററാണ് നീളം. പശ്ചിമഘട്ടത്തിലെ
അഗസ്ത്യമലയിലാണ് ഉത്ഭവം. അഗസ്ത്യമലയിലൂടെ ഒഴുകി കേരളത്തിലെത്തുന്ന നെയ്യാർ, കള്ളിക്കാട്, കാട്ടാക്കട, ഒറ്റശേഖരമംഗലം, കീഴാറ്റൂർ, ആനാവൂർ, അരുവിപ്പുറം, നെയ്യാറ്റിൻകര, തിരുപ്പുറം എന്നീ പട്ടണങ്ങളിലൂടെ
ഒഴുകുന്നു. കോവളത്തിനും വിഴിഞ്ഞത്തിനും അടുത്ത് സ്ഥിതിചെയ്യുന്ന പൂവാറിൽ വച്ചാണ്
നെയ്യാർ നദി അറബിക്കടലിൽ പതിക്കുന്നത്. നെയ്യാറിന്റെ തീരത്ത് സ്ഥിതി
ചെയ്യുന്നതുകൊണ്ടാണ് നെയ്യാറ്റിൻകരയ്ക്ക് ആ പേര് ലഭിച്ചത്. തെക്കൻ കേരളത്തിലെ
ഏറ്റവും പ്രമുഖ വന്യജീവിസങ്കേതങ്ങളിലൊന്നായ നെയ്യാർ തിരുവനന്തപുരത്തുനിന്ന് 32 കിലോമീറ്റർ അകലെയാണ്. നെയ്യാർ ഡാമും
പൂന്തോട്ടവും ഇവിടുത്തെ മറ്റ് ആകർഷണങ്ങളാണ്. ഈ സങ്കേതത്തിനുള്ളിലാണ് അഗസ്ത്യകൂടം, ചോറ്റുപാറ, വരയാട്ടുമുടി, അഗസ്ത്യശൈല താഴ്വര എന്നീ പ്രദേശങ്ങൾ.
കേരളത്തിലെ ഒരേയൊരു ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത് നെയ്യാറിലാണ്. കൂടാതെ
സ്റ്റീവ് ഇർവിൻ ചീങ്കണ്ണി വളർത്തുകേന്ദ്രവും നെയ്യാറിലാണ്. ബോട്ടിങ്ങിനും
ട്രെക്കിങ്ങിനും ഇവിടെ സൗകര്യമുണ്ട്.
കബനി, ഭവാനി, പാമ്പാർ നദികൾ (East Flowing Rivers in
Kerala)
കബനി, ഭവാനി, പാമ്പാർ എന്നിവയാണ് കേരളത്തിലെ
കിഴക്കോട്ടൊഴുകുന്ന നദികൾ. വയനാട് ജില്ലയിൽനിന്ന് ഉദ്ഭവിച്ച്, കർണാടകത്തിലേക്കൊഴുകുന്ന നദിയാണ് കബനി.
കേരള-കർണാടക അതിർത്തിയിലൂടെ 12 കി.മീറ്റർ ഒഴുകിയശേഷം കബനി
കർണാടകത്തിൽ പ്രവേശിക്കുന്നു. പനമരം, മാനന്തവാടി, നൂൽപ്പുഴ, ബാവലി എന്നിവ കബനിയെ
ജലസമൃദ്ധമാക്കുന്നു. കബനിനദിയിലാണ് വിനോദസഞ്ചാരകേന്ദ്രമായ 'കുറവാ ദ്വീപ്'.
തമിഴ്‌നാട്ടിലെ
നീലഗിരിയിൽ ഉദ്ഭവിച്ച്,
13 കിലോമീറ്റർ
ഒഴുകിയശേഷം കേരളത്തിൽ എത്തുന്ന നദിയാണ് ഭവാനി. പാലക്കാട് ജില്ലയിലൂടെ ഒഴുകി
കൽക്കണ്ടിയൂരിൽവെച്ച് ഭവാനി തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു. ശിരുവാണിപ്പുഴ, വരഗാർ എന്നിവ ഭവാനിയുടെ പോഷകനദികളാണ്.
ഇടുക്കി
ജില്ലയിലെ ദേവികുളത്തുനിന്ന് ഉദ്ഭവിച്ച്, 25
കിലോമീറ്റർ കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക്
പ്രവേശിക്കുന്ന നദിയാണ് പാമ്പാർ. 'തലയാർ' എന്നും പേരുണ്ട്. ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർ എന്നിവ പാമ്പാറിന്റെ പ്രധാന
ഉപനദികളാണ്. പാമ്പാറും തേനാറും തമിഴ്‌നാട്ടിൽവെച്ച് സംഗമിച്ചാണ് കാവേരിയുടെ പ്രധാന
പോഷകനദികളിലൊന്നായ അമരാവതി രൂപമെടുക്കുന്നത്. തൂവാനം വെള്ളച്ചാട്ടം പാമ്പാറിലാണ്.
കബനി, ഭവാനിപ്പുഴ, പാമ്പാർ എന്നിവ കാവേരിനദിയുടെ പോഷകനദികളാണ്.
കേരളത്തിലെ
തൂക്കുപാലങ്ങൾ (Suspension
Bridges in Kerala)
കൊല്ലം
ജില്ലയിലെ പുനലൂരിനെക്കുറിച്ചോർക്കുമ്പോൾ പലർക്കും ആദ്യം ഓർമവരിക അവിടത്തെ
ചരിത്രപ്രസിദ്ധമായ തൂക്കുപാലമാണ്. കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ
രണ്ടാമത്തേതുമായ തൂക്കുപാലമാണ് പുനലൂരിലേത്. തിരുവിതാംകൂർ സർക്കാരിന്റെ
താൽപര്യമനുസരിച്ച് ചെങ്കോട്ടയും കൊല്ലവും തമ്മിൽ ബന്ധിപ്പിക്കാൻ ബ്രിട്ടീഷുകാർ
കണ്ടെത്തിയ മാർഗമാണ് ഈ തൂക്കുപാലം. അയർലൻഡിൽ നിന്ന് ഇറക്കുമതി ചെയ്‌ത
ഉരുക്കുസാമഗ്രഹികൾ ഉപയോഗിച്ചു പണിത ഈ പാലം 1877-ൽ ആയില്യം തിരുനാൾ മഹാരാജാവ് ഉദ്‌ഘാടനം
ചെയ്തു. സ്കോട്ട്ലൻഡുകാരൻ ആൽബർട്ട് ഹെൻട്രിയാണ് തൂക്കുപാലം രൂപകൽപന ചെയ്തത്.
ചങ്ങലയിൽ തൂക്കിയിട്ട നിലയിലുള്ള പാലത്തിന്റെ ബലത്തെക്കുറിച്ച് നാട്ടുകാർക്കുള്ള
പേടി മാറാൻ ഉദ്‌ഘാടന ദിവസം ഏഴ് ആനകളെ അതിലൂടെ നടത്തിക്കുകയും ഹെൻട്രിയും കുടുംബവും
വള്ളത്തിൽ പാലത്തിനു ചുവട്ടിൽ നിൽക്കുകയും ചെയ്തു! കൃത്യം ഒരു നൂറ്റാണ്ടിനുശേഷം 1977ൽ ഇതിനുസമീപം പുതിയ കോൺക്രീറ്റുപാലം
പണിതതോടെ തൂക്കുപാലത്തിലൂടെയുള്ള വാഹനഗതാഗതം നിർത്തി. ഇന്ന് ഈ പാലം
പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്. ഇഞ്ചത്തൊട്ടി, കനോലി, തൈക്കൂട്ടം, പന്തളം, പെരളശ്ശേരി, മാടക്കാൽ എന്നിവയാണ് കേരളത്തിലെ മറ്റ്
തൂക്കുപാലങ്ങൾ. ഈ തൂക്കുപാലങ്ങൾ നിർമിച്ചത് കേരള സർക്കാറാണ്.
നേപ്പിയർ
മ്യൂസിയം (Napier
Museum and Zoo)
കേരളത്തിലെ
ആദ്യത്തെ മൃഗശാല തിരുവനന്തപുരത്താണ്. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ മൃഗശാല
ലോകത്തിലെതന്നെ പഴക്കമുള്ള മൃഗശാലകളിലൊന്നാണ്. 1853ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ഉത്രം
തിരുനാൾ ആണ് ഇത് സ്ഥാപിച്ചത്. ലണ്ടനിൽ നിന്നുള്ള വിദഗ്ധരാണ് മൃഗങ്ങളുടെ കൂടുകൾ
നിർമിച്ചത്. മൃഗശാലയ്ക്ക് സമീപമുള്ള നേപ്പിയർ മ്യൂസിയമാണ് കേരളത്തിലെ ആദ്യത്തെ
മ്യൂസിയം. കൊട്ടാരം ശേഖരത്തിലെ കലാവസ്തുക്കൾ പ്രദർശിപ്പിക്കാനൊരിടം എന്ന
രീതിയിലാണ് ഈ മ്യൂസിയം ആരംഭിച്ചത്. ചില ബ്രിട്ടീഷുകാരുടെ സഹകരണവും ഇതിനുണ്ടായിരുന്നു.
1879ൽ മ്യൂസിയം പുതുക്കിപ്പണിതു.
ആരെയും ആകർഷിക്കുന്ന ഇൻഡോ-യൂറോപ്യൻ വാസ്തുവിദ്യയിൽ പണിത മ്യൂസിയത്തിന് ലോർഡ്
നേപ്പിയറോടുള്ള ആദരസൂചകമായി 'നേപ്പിയർ മ്യൂസിയം' എന്നു പേരിട്ടു. ചരിത്രപ്രാധാന്യമുള്ള
രേഖകളും കേരളീയവീടുകളുടെ മാതൃകകളുമൊക്കെ ആദ്യകാലത്ത് അവിടെ പ്രദർശിപ്പിച്ചു.
കഥകളിരൂപങ്ങൾ,
വെങ്കലപ്രതിമകൾ, കൽശില്പങ്ങൾ, തടിയിൽ തീർത്ത കൊത്തുപണികൾ, ആനക്കൊമ്പിൽ തീർത്ത ശില്പങ്ങൾ തുടങ്ങി
ഒട്ടനവധി പ്രദർശന വസ്തുക്കൾ മ്യൂസിയത്തിലുണ്ട്.
കേരളത്തിലെ
ജലസേചന പദ്ധതികൾ (Irrigation
Projects in Kerala)
ജലവിഭവ
വകുപ്പിന് കീഴിലാണ് സംസ്ഥാനത്തെ ജലസേചന പദ്ധതികൾ നടപ്പാക്കുന്നത്. പതിനായിരം
ഹെക്ടറിൽ കൂടുതൽ പ്രദേശത്തു ജലസേചനം ലഭ്യമാക്കുന്ന ജലസേചന പദ്ധതികളെ വൻകിട ജലസേചന
പദ്ധതികൾ എന്നും,
2000 ഹെക്ടർ മുതൽ
പതിനായിരം ഹെക്ടർ വരെ ജലസേചനം സാധ്യമാകുന്ന പദ്ധതികളെ ഇടത്തരം ജലസേചന പദ്ധതികൾ
എന്നും, 2000 ഹെക്ടർ വരെയുള്ള പദ്ധതികളെ
ചെറുകിട ജലസേചന പദ്ധതികളെന്നും തരം തിരിച്ചിരിക്കുന്നു. കേരളത്തിൽ ജലസേചനത്തിന്റെ
പ്രയോജനം ഏറ്റവും അധികം ലഭിക്കുന്നത് നാളികേരത്തിനും നെൽകൃഷിയ്ക്കും ആണ്.
കേരളത്തിന്റെ കുടിവെള്ള വിതരണത്തിൽ ഭൂരിഭാഗവും നിർവഹിക്കുന്നത് കേരള ജല അതോറിറ്റിയാണ്. കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി, ത്രിതലപഞ്ചായത്തുക്കൾ എന്നിവയും
ചെറിയതോതിൽ കുടിവെള്ള വിതരണം നിർവഹിക്കുന്നു.
കേരളത്തിലെ
കാർഷിക ഗവേഷണ കേന്ദ്രങ്ങൾ (Agricultural Research Institutes in Kerala)
1.
ഭാരതീയ സുഗന്ധവിള
ഗവേഷണ കേന്ദ്രം - കോഴിക്കോട്
2.
കാപ്പി ഗവേഷണ
കേന്ദ്രം - ചൂണ്ടൽ (വയനാട്)
3.
ടിഷ്യുകൾച്ചർ
ഗവേഷണ കേന്ദ്രം - ടി.ബി.ജി.ആർ.ഐ (പാലോട്)
4.
അടയ്ക്ക ഗവേഷണ
കേന്ദ്രം - പാലക്കാട്,
തിരുവനന്തപുരം, തൃശ്ശൂർ (പീച്ചി)
5.
വന റിസർച്ച്
ഇൻസ്റ്റിറ്റ്യൂട്ട് - പീച്ചി (തൃശ്ശൂർ)
6.
റബ്ബർ റിസർച്ച്
ഇൻസ്റ്റിറ്റ്യൂട്ട് - കോട്ടയം
7.
ഏലം റിസർച്ച്
ഇൻസ്റ്റിറ്റ്യൂട്ട് - പാമ്പാടുംപാറ (ഇടുക്കി)
8.
ഇഞ്ചി റിസർച്ച്
ഇൻസ്റ്റിറ്റ്യൂട്ട് - അമ്പലവയൽ (വയനാട്)
9.
പുൽത്തൈല
റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ഓടക്കാലി (എറണാകുളം)
10.
നെല്ല് ഗവേഷണ
കേന്ദ്രങ്ങൾ - വൈറ്റില,
കായംകുളം, പട്ടാമ്പി, മങ്കൊമ്പ്
11.
ഏത്തവാഴ റിസർച്ച്
ഇൻസ്റ്റിറ്റ്യൂട്ട് - കണ്ണാറ (തൃശ്ശൂർ)
12.
കരിമ്പ് റിസർച്ച്
ഇൻസ്റ്റിറ്റ്യൂട്ട് - തിരുവല്ല (പത്തനംതിട്ട), മേനോൻപാറ (പാലക്കാട്)
13.
നാളികേര റിസർച്ച്
ഇൻസ്റ്റിറ്റ്യൂട്ട് - ബാലരാമപുരം (തിരുവനന്തപുരം)
14.
കുരുമുളക്
റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - പന്നിയൂർ (കണ്ണൂർ)
15.
കശുവണ്ടി
റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ആനക്കയം (മലപ്പുറം), മടക്കത്തറ (തൃശ്ശൂർ)
16.
കൈതച്ചക്ക ഗവേഷണ
കേന്ദ്രം - വെള്ളാനിക്കര (തൃശ്ശൂർ)
17.
കൈതച്ചക്ക
റിസർച്ച് സ്റ്റേഷൻ - വാഴക്കുളം (എറണാകുളം)
18.
നാളികേര വികസന
ബോർഡ് - കൊച്ചി
19.
കാർഷിക ഗവേഷണ
കേന്ദ്രം - മണ്ണുത്തി (തൃശ്ശൂർ)
20.
കന്നുകാലി
വളർത്തൽ കേന്ദ്രം - തുമ്പൂർമുഴി (തൃശ്ശൂർ)
21.
വിളവെടുപ്പ്
ഗവേഷണ കേന്ദ്രം - കരമന (തിരുവനന്തപുരം)
22.
ലൈവ് സ്റ്റോക്ക്
റിസർച്ച് കേന്ദ്രം - തിരുവാഴാംകുന്ന് (പാലക്കാട്)
23.
ഫാമിംഗ് സിസ്റ്റം
റിസർച്ച് സ്റ്റേഷൻ - സദാനന്ദപുരം (കൊല്ലം)
24.
മണ്ണ് സംരക്ഷണ
ഗവേഷണ കേന്ദ്രം - കോന്നി (പത്തനംതിട്ട)
25.
കേന്ദ്ര ജലവിഭവ
വികസന നിർവ്വഹണ സമിതി - കുന്നമംഗലം (കോഴിക്കോട്)
26.
രാജീവ്ഗാന്ധി
സെന്റർ ഫോർ ബയോടെക്നോളജി - പൂജപ്പുര (തിരുവനന്തപുരം)
കേരളത്തിലെ
കാർഷിക സ്ഥാപനങ്ങൾ
1.
മിൽമ -
തിരുവനന്തപുരം
2.
നബാർഡ് - പാളയം
(തിരുവനന്തപുരം)
3.
സുഗന്ധഭവൻ -
പാലാരിവട്ടം (എറണാകുളം)
4.
കേരഫെഡ് -
തിരുവനന്തപുരം
5.
ബീഫെഡ് -
പാപ്പനംകോട് (തിരുവനന്തപുരം)
6.
സെറിഫെഡ് - പട്ടം
(തിരുവനന്തപുരം)
7.
മാർക്കറ്റ്‌ഫെഡ്
- ഗാന്ധിഭവൻ (കൊച്ചി)
8.
ബാംബൂ കോർപറേഷൻ -
അങ്കമാലി (എറണാകുളം)
9.
റബ്ബർ ബോർഡ് -
കോട്ടയം
10.
സ്‌പൈസസ് ബോർഡ് -
കൊച്ചി
11.
ഇന്ത്യയിലെ
ഏറ്റവും വലിയ ഏലത്തോട്ടം (ഏലം ലേല കേന്ദ്രം) സ്ഥിതിചെയ്യുന്ന സ്ഥലം - വണ്ടൻമേട്
(ഇടുക്കി)
12.
കേരള ലൈവ്
സ്റ്റോക് ഡവലപ്മെന്റ് കോർപറേഷൻ - പട്ടം (തിരുവനന്തപുരം)
13.
സെൻട്രൽ
സ്റ്റേറ്റ്‌ഫാം - ആറളം (കണ്ണൂർ)
14.
ഫാം ഇൻഫർമേഷൻ
ബ്യൂറോ - കവടിയാർ (തിരുവനന്തപുരം)
15.
കേരള കാർഷിക
സർവ്വകലാശാല - വെള്ളാനിക്കര (മണ്ണുത്തി)
16.
നാഷണൽ സീഡ്
കോർപറേഷൻ - കരമന (തിരുവനന്തപുരം)
17.
ഓയിൽ പാം ഇന്ത്യാ
ലിമിറ്റഡ് - കോട്ടയം
18.
സെൻട്രൽ
ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്‌മെന്റ് സെന്റർ - കൊച്ചി
19.
സെൻട്രൽ സോയിൽ
ടെസ്റ്റ് കേന്ദ്രം - പാറോട്ടുകോണം (തിരുവനന്തപുരം)
കേരളത്തിലെ
വന്യജീവി സങ്കേതങ്ങൾ
സൈലന്റ്
വാലി (Silent
Valley)
കേരളത്തിലെ
ഏറ്റവും വലിയ ദേശീയോദ്യാനമായ സൈലന്റ് വാലി (237.52 ച.കി.മീ) 1984 ൽ നിലവിൽവന്നു. പാലക്കാട് ജില്ലയിലെ
മണ്ണാർക്കാടിനടുത്ത് സ്ഥിതി ചെയ്യുന്ന സൈലന്റ് വാലിയാണ് കേരളത്തിലെ ഏറ്റവും വലിയ
മഴക്കാട്. കുന്തിപ്പുഴയിൽ അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് കേരള വൈദ്യുതി
ബോർഡ് സമർപ്പിച്ച പദ്ധതി പരിസ്ഥിതിസ്നേഹികളുടെ എതിർപ്പിന് ഇടയാക്കി. വംശനാശഭീഷണി
നേരിടുന്ന സിംഹവാലൻ കുരങ്ങുകളുടെയും അപൂർവ സസ്യജാതികളുടെയും വാസസ്ഥലമായ ഈ പ്രദേശം
സംരക്ഷിക്കണമെന്ന ആവശ്യം ദേശീയതലത്തിൽ തന്നെ ശ്രദ്ധനേടി. 1984 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 89.52 ചതുരശ്രകിലോമീറ്റർ പ്രദേശങ്ങൾ
ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. 1985 സെപ്റ്റംബർ 7 ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്
ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത്. 2007 ജൂൺ 11 ന് 148 ചതുരശ്ര കിലോമീറ്റർ കൂടി ബഫർസോണായി
സൈലന്റ് വാലി ദേശീയോദ്യാനത്തിനൊപ്പം ചേർത്തു. ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളിൽ ഉയരം
കൂടിയ വൃക്ഷങ്ങളുള്ള ഇടങ്ങളിലാണ് സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്നത്.
ദക്ഷിണേന്ത്യയിലെ നിത്യഹരിത വനങ്ങളിൽ മാത്രമേ ഇവയുടെ ആവാസം കണ്ടെത്തിയിട്ടുള്ളൂ. IUCN ന്റെ കണക്കുപ്രകാരം കാട്ടിലുള്ളവയുടെ
എണ്ണം 4000 ത്തിൽ താഴെയാണ്. വളരെ
ചെറിയൊരു പ്രദേശത്ത് മാത്രം കാണപ്പെടുന്നു എന്നത് ഇവയുടെ വംശനാശഭീഷണി
വർധിപ്പിക്കുന്നു.
'നിശ്ശബ്‌ദ താഴ്വര' എന്നാണ് സൈലന്റ് വാലിയുടെ അർത്ഥം.
ചീവീടുകളുടെ ശബ്ദം കേൾക്കാത്തതിനാലാണ് ഈ പേര് കിട്ടിയത്. കാടിന്റെ യഥാർത്ഥ
സൗന്ദര്യം ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. അട്ടപ്പാടിയുടെ അടിവാരത്ത്
ഭവാനിപ്പുഴയുടെയും ജലസമൃദ്ധി സമ്പന്നമാക്കിയ ഈ പ്രദേശത്ത് പല അപൂർവ സസ്യങ്ങളും
വളരുന്നുണ്ട്. കൂടാതെ സിംഹവാലൻ കുരങ്ങുകളും മലമുഴക്കി വേഴാമ്പലുകളും ഇവിടെ
ധാരാളമായി കാണപ്പെടുന്നു. കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനമായ സൈലന്റ് വാലി, നീലഗിരി ബയോസ്പിയർ റിസർവിന്റെ കോർ മേഖല
കൂടിയാണ്. അപൂർവ ഇനം ചിത്രശലഭങ്ങൾ, തവളകൾ, സസ്യങ്ങൾ തുടങ്ങിയവ ഇവിടെനിന്ന്
കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ട നിരകളിലെ ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ് സൈലന്റ്
വാലി. ഇവിടെ വനം-വന്യജീവി വകുപ്പിന്റെ നിയന്ത്രണത്തിൽ ട്രെക്കിങ്ങും മറ്റ് ഇക്കോ
ടൂറിസം പദ്ധതികളും നടപ്പിലാക്കിവരുന്നു.
പറമ്പിക്കുളം
വന്യജീവി സങ്കേതം (Parambikulam
Wildlife Sanctuary)
പാലക്കാട്
ജില്ലയിൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്നാണ് പറമ്പിക്കുളം വന്യജീവി സങ്കേതവും
കടുവാസങ്കേതവും സ്ഥിതിചെയ്യുന്നത്. ആനമലനിരകൾക്കും നെല്ലിയാമ്പതി
മലനിരകൾക്കുമിടയിലാണ് ഇതിന്റെ സ്ഥാനം. കേരളത്തിലൂടെ ഔദ്യോഗിക പ്രവേശനകവാടം
ഇല്ലാത്ത ഏക സംരക്ഷണ മേഖലയാണ് പറമ്പിക്കുളം. തമിഴ്‌നാട്ടിലെ ഇന്ദിരാഗാന്ധി നാഷണൽ
പാർക്കുമായി ചേർന്നുകിടക്കുന്ന പറമ്പിക്കുളത്ത് പ്രവേശിക്കണമെങ്കിൽ തമിഴ്‌നാട്ടിലെ
പൊള്ളാച്ചിയിലെത്തണം. ലോകത്തിലെ ഏറ്റവും വലിയ തേക്കായ കണ്ണിമാറ തേക്ക്
പറമ്പിക്കുളത്താണ്. പറമ്പിക്കുളം,
തൂണക്കടവ്, പെരുവാരപ്പാലം എന്നിവയാണ് ഇവിടുത്തെ
മൂന്ന് ഡാമുകൾ. ട്രെക്കിങ്,
ഡാമിലൂടെയുള്ള
ചങ്ങാടയാത്ര, വന്യജീവി നിരീക്ഷണം എന്നീ
ആകർഷണങ്ങൾ സഞ്ചാരികൾക്കായി പറമ്പിക്കുളത്ത് ഒരുക്കിയിട്ടുണ്ട്. കാട്ടുപോത്തുകളെയും
കടുവകളെയും ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്ന കേരളത്തിലെ സങ്കേതങ്ങളിൽ ഒന്ന്
കൂടിയാണ് ഇവിടം. 2010 ൽ ടൈഗർ റിസർവ് ആയി
പ്രഖ്യാപിച്ചു.
ആറളം
വന്യജീവി സങ്കേതം (Aralam
Wildlife Sanctuary)
പശ്ചിമഘട്ടത്തിന്റെ
ചരിവിലാണ് ആറളം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. കണ്ണൂർ ജില്ലയിലെ ഏറ്റവും
പ്രധാനപ്പെട്ട വന്യജീവി സങ്കേതമാണ് ആറളം. ഇരിട്ടിയിൽനിന്ന് 11 കിലോമീറ്റർ സഞ്ചരിച്ചാൽ
ഇവിടേക്കെത്താം. വിവിധ സസ്യജീവജാലങ്ങളുടെ സ്പീഷീസുകളുടെ വിശാലമായ സാന്നിധ്യം ഇവിടെ
കാണാം. പലതരം വന്യമൃഗങ്ങൾ ഉണ്ടെങ്കിലും ആന, കലമാൻ, കാട്ടുപോത്ത്, മലയണ്ണാൻ, പന്നി, കുരങ്ങ്, കാട്ടുപ്പൂച്ച എന്നിവയാണ്
പ്രധാനപ്പെട്ടവ. മലനിരകളും അരുവികളുമൊക്കെയുള്ള മനോഹരമായ വനപ്രദേശമാണ് ആറളം. 55 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ വനത്തിലെ
ഏറ്റവും ഉയരമുള്ള മലയാണ് കാട്ടിബേട്ട. ഈ വനപ്രദേശത്ത് 490 ഹെക്ടറുകളിലായി തേക്കും
യൂക്കാലിപ്റ്റസും വളർന്നു നിൽക്കുന്നു. ട്രെക്കിങ്ങാണ് ആറളത്തെ പ്രധാന ആകർഷണം.
ചീങ്കണ്ണിപ്പുഴയും ചാവച്ചി വെള്ളച്ചാട്ടവും അമ്പലപ്പാറ മുടിയുമാണ് മറ്റ് പ്രധാന
കാഴ്ചകൾ. ആറളം ഫാമും സഞ്ചാരികൾക്ക് സന്ദർശിക്കാവുന്നതാണ്.
ചിന്നാർ
വന്യജീവി സംരക്ഷണകേന്ദ്രം (Chinnar Wildlife Sanctuary)
പശ്ചിമഘട്ടമലനിരകളിലെ
മഴനിഴൽ പ്രദേശമാണ് ചിന്നാർ. ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രമാണ് ഇവിടുത്തെ പ്രമുഖ
ആകർഷണം. വടക്ക് തമിഴ്‌നാട്ടിലെ ഇന്ദിരാഗാന്ധി വന്യജീവി സങ്കേതത്തോടു ചേർന്നും
കിഴക്ക് കൊടൈക്കനാൽ വന്യജീവി സങ്കേതത്തോടു ചേർന്നുമാണ് ഇതിന്റെ സ്ഥാനം. 1984ൽ വന്യജീവി സങ്കേതമായ ഇതിന് 90.44 ചതുരശ്രകിലോമീറ്ററാണ് ആകെ വിസ്തീർണം.
ചോലവനങ്ങളാൽ സമ്പന്നമായ ഇവിടെ കാട്ടുപോത്ത്, ആന, ചാമ്പൽ മലയണ്ണാൻ തുടങ്ങി ഒട്ടനവധി
വന്യജീവികളെ കാണാം. ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക
വന്യജീവി സങ്കേതമാണ് ചിന്നാർ. സഞ്ചാരികൾക്കായി വനംവകുപ്പ് ഇവിടെ ട്രെക്കിങ്ങും
സംഘടിപ്പിക്കുന്നുണ്ട്. തൂവാനത്തേക്കും കൂട്ടാറിലേക്കുമാണ് പ്രധാനമായും ട്രെക്കിങ്
നടത്തുന്നത്. കേരള - തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചിന്നാർ
മേഖലയിലേക്ക് മറയൂരിൽനിന്ന് പതിനഞ്ച് കിലോമീറ്ററാണ് ദൂരം.
നെയ്യാർ
വന്യജീവി സങ്കേതം (Neyyar
Wildlife Sanctuary)
കേരളത്തിന്റെ
തെക്കേയറ്റത്തു സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതമാണ് നെയ്യാർ. 128 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്.
തിരുവനന്തപുരത്ത് നിന്ന് 32 കിലോമീറ്റർ അകലെയാണ്. 1958 ൽ ഈ പ്രദേശത്തെ സംരക്ഷണ മേഖലയായി
പ്രഖ്യാപിച്ചു. നെയ്യാർ ഡാമും പൂന്തോട്ടവും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
നെയ്യാർ നദിയുമായി ബന്ധപ്പെട്ടാണ് ഈ പേര് ലഭിച്ചത്. ഈ സങ്കേതത്തിനുള്ളിലാണ്
അഗസ്ത്യകൂടം, അഗസ്ത്യശൈല താഴ്വര, ചോറ്റുപാറ, വരയാട്ടുമുടി എന്നീ പ്രദേശങ്ങൾ.
കേരളത്തിൽ ആനമുടി കഴിഞ്ഞാൽ ഏറ്റവും ഉയരം കൂടിയ മലയാണ് അഗസ്ത്യമല.
നിത്യഹരിതവനങ്ങളും ഇലപൊഴിയും അർദ്ധഹരിതവനങ്ങളും പുൽമേടുകളും ശുഷ്ക്കവനങ്ങളും
കൊണ്ട് സമ്പന്നമായ നെയ്യാർ വന്യജീവി സങ്കേതത്തിലാണ് ഇതിന്റെ സ്ഥാനം. ഇവിടെ ധാരാളം
പാറക്കെട്ടുകളും മലകളുമുണ്ട്. 1890 മീറ്റർ ഉയരമുള്ള
അഗസ്ത്യകൂടമാണ് നെയ്യാർ വന്യജീവി സങ്കേതത്തിലെ ഏറ്റവും വലിയ കൊടുമുടി. കേരളത്തിൽ
പശ്ചിമഘട്ടം അവസാനിക്കുന്നത് നെയ്യാർ വന്യജീവി സങ്കേതത്തിലാണ്. ഇതിന്റെ ഒരതിര്
തമിഴ്നാടാണ്.
പെരിയാർ
വന്യജീവി സങ്കേതം (Periyar
Wildlife Sanctuary)
കേരളത്തിന്റെ
'ഇക്കോ ടൂറിസം ക്യാപിറ്റൽ' ആയി വിശേഷിപ്പിക്കപ്പെടുന്ന
വിനോദസഞ്ചാരകേന്ദ്രമാണ് തേക്കടി. പെരിയാർ
വന്യജീവി സങ്കേതമാണ് ഇവിടുത്തെ മുഖ്യ ആകർഷണം. 777 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഈ
സങ്കേതം കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതവും കടുവാ സങ്കേതവും കൂടിയാണ്. നിരവധി
ഇനം മൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ
ആവാസവ്യവസ്ഥയാണ് പെരിയാർ വന്യജീവി സങ്കേതം. വനംവകുപ്പും വിനോദസഞ്ചാര വകുപ്പും
പെരിയാർ തടാകത്തിൽ ബോട്ടിങ് സൗകര്യം സഞ്ചാരികൾക്ക് ഒരുക്കിയിട്ടുണ്ട്. ആനകളെ
ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്ന സങ്കേതങ്ങളിലൊന്നു കൂടിയാണ് പെരിയാർ. ജംഗിൾ
പട്രോൾ, ടൈഗർ ട്രെയിൻ എന്നിങ്ങനെ
വ്യത്യസ്തങ്ങളായ ഇക്കോ ടൂറിസം പാക്കേജുകൾ വനവകുപ്പ് ഇവിടെ സഞ്ചാരികൾക്കായി
ഒരുക്കിയിരിക്കുന്നു.
ചെന്തുരുണി
വന്യജീവി സങ്കേതം (Shendurney
Wildlife Sanctuary, Kollam)
കേരളത്തിൽ
ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സംരക്ഷണ കേന്ദ്രമാണ്
ചെന്തുരുണി വന്യജീവി സങ്കേതം. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ഇത് 1984 ൽ സ്ഥാപിതമായി. തെന്മലയാണ്
വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. പുനലൂരിൽനിന്ന് അരമണിക്കൂർ സഞ്ചരിച്ചാൽ
തെന്മലയിലെത്താം. കല്ലട-പരപ്പാർ അണക്കെട്ട്, തൂക്കുപാലം, ബോട്ടിങ്, ശില്പോദ്യാനം, മരപ്പാലത്തിലൂടെയുള്ള നടത്തം, റിവർ ക്രോസിങ്, സൈക്ലിങ്, ബട്ടർഫ്ലൈ പാർക്ക്, മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ, ഏറുമാടം, ട്രെക്കിങ് എന്നിവയാണ് തെന്മലയിലെ
പ്രധാന ആകർഷണങ്ങൾ. കുളത്തൂപ്പുഴ റിസർവ് വനത്തിന്റെ ഭാഗമാണ് ഈ വന്യജീവി സംരക്ഷണ
കേന്ദ്രം. 171 ചതുരശ്ര കിലോമീറ്ററുള്ള ഇവിടെ
ദേശജാതിയും അപൂർവവുമായ ചെങ്കുറുഞ്ഞി മരങ്ങൾ കാണപ്പെടുന്നു. ചെന്തുരുണിയുടെ
ശാസ്ത്രീയ നാമം ഗ്ലൂട്ടാ ട്രാവൻകൂറിക്ക എന്നാണ്. പലതരം വന്യമൃഗങ്ങൾ ഉണ്ടെങ്കിലും
കരിങ്കുരങ്ങ്,
കാട്ടുപോത്ത്, മാന്‍, ഹനുമാന്‍ കുരങ്ങ് എന്നിവയാണ്
പ്രധാനപ്പെട്ടവ.
വയനാട്
/ മുത്തങ്ങ വന്യജീവി സങ്കേതം (Muthanga wildlife Sanctuary, Wayanad)
കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി
അതിർത്തി പങ്കിടുന്ന ഏക വന്യജീവി സങ്കേതമാണ് മുത്തങ്ങ വന്യജീവി സങ്കേതം.
കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സംരക്ഷണകേന്ദ്രമായ മുത്തങ്ങയുടെ ആസ്ഥാനം
സുൽത്താൻ ബത്തേരിയാണ്. 1973 ൽ സംരക്ഷിത കേന്ദ്രമായി
പ്രഖ്യാപിച്ച ഇതിന് 344.44 ചതുരശ്ര കിലോമീറ്റർ
ചുറ്റളവുണ്ട്. മാനന്തവാടി,
സുൽത്താൻ ബത്തേരി
താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന മുത്തങ്ങ നീലഗിരി ബയോസ്ഫിയർ റിസർവിന്റെ
ഭാഗമാണ്. ബേഗൂർ വന്യജീവി സങ്കേതം,
തോൽപ്പെട്ടി
വന്യജീവി സങ്കേതം എന്നീ പേരുകളിലും അറിയപ്പെടുന്നു. 1992 ൽ ഈ പ്രദേശം പ്രോജക്ട് എലിഫന്റിനു
കീഴിൽ കൊണ്ടുവന്നു. പലതരം വന്യമൃഗങ്ങൾ ഉണ്ടെങ്കിലും കടുവ, പുള്ളിപ്പുലി, കാട്ടുപോത്ത്, മ്ലാവ്, വരയാട്, പുള്ളിമാന്‍ എന്നിവയാണ്
പ്രധാനപ്പെട്ടവ. വിവിധ സസ്യജീവജാലങ്ങളുടെ സ്പീഷീസുകളുടെ വിശാലമായ സാന്നിധ്യം ഇവിടെ
ഉള്ളതിനാല്‍ പക്ഷികള്‍, ഉരഗങ്ങള്‍, ചിത്രശലഭങ്ങള്‍, മറ്റ് സസ്തനികള്‍ എന്നിവയും
ധാരാളമായുണ്ട്. കർണാടകയിലെ നാഗർഹോള, ബന്ദിപ്പൂർ
ദേശീയോദ്യാനങ്ങൾക്കും തമിഴ്‌നാട്ടിലെ മുതുമല ദേശീയോദ്യാനത്തിനുമിടയിലാണ് ഇതിന്റെ
സ്ഥാനം. ട്രെക്കിങ്ങാണ് മുത്തങ്ങയുടെ പ്രധാന ആകർഷണം.
പേപ്പാറ
വന്യജീവി സങ്കേതം (Peppara
Wildlife Sanctuary)
തിരുവനന്തപുരം
ജില്ലയിലെ പ്രമുഖ വന്യജീവി സങ്കേതമാണ് പേപ്പാറ. നെടുമങ്ങാട് താലൂക്കിൽ
സ്ഥിതിചെയ്യുന്നു. 1983 ൽ നിലവിൽ വന്നു. 53 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇത്
അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ്. കരമനയാറിനു കുറുകെ നിർമിച്ച പേപ്പാറ
അണക്കെട്ടും ഇവിടെത്തന്നെ. പാലോട്, കോട്ടൂർ
റിസർവോയറുകളും പേപ്പാറ വന്യജീവിസങ്കേതത്തിന്റെ പരിധിയിൽ പെടുന്നു. വന്യജീവികളുടെ
പറുദീസയായി വിശേഷിപ്പിക്കുന്ന ഈ സങ്കേതത്തിൽ ചേരക്കോഴി, നീർക്കാക്ക, വിവിധയിനം കൊക്കുകൾ, പൊന്മാൻ തുടങ്ങിയ നീർപ്പക്ഷികളും
ചിത്രശലഭങ്ങളും ധാരാളമുണ്ട്. വനം-വന്യജീവി വകുപ്പ് ഇവിടുത്തെ ഇക്കോ ടൂറിസം
പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.
പീച്ചി-വാഴാനി
വന്യജീവി സങ്കേതം (Peechi
Vazhani Wildlife Sanctuary)
പീച്ചി-വാഴാനി
ഡാമുകളോട് ചേർന്നുകിടക്കുന്ന 125 കിലോമീറ്റർ വിസ്തൃതിയുള്ള
വനപ്രദേശമാണ് പീച്ചി- വാഴാനി വന്യജീവി സങ്കേതം. തൃശൂർ, തലപ്പള്ളി എന്നീ താലൂക്കുകളിൽ
സ്ഥിതിചെയ്യുന്ന ഈ സങ്കേതം 1958 ഓഗസ്റ്റ് മാസം നിലവിൽ വന്നു.
പലതരം സസ്യങ്ങളുടെയും ജന്തുക്കളുടെയും സംരക്ഷിതപ്രദേശമാണ് ഇത്. പുലി, മാൻ, മ്ലാവ്, ആന, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെയൊക്കെ
ഇവിടെ കാണാം. പീച്ചി തടാകത്തിലെ ബോട്ടിങ് വഴി വനസൗന്ദര്യം ആസ്വദിക്കാൻ
സഞ്ചാരികൾക്ക് സൗകര്യമുണ്ട്. തൃശ്ശൂരിൽ നിന്ന് കണ്ണാറ വഴി പീച്ചി ഡാമിൽ എത്താം. ഈ
വന്യജീവി സങ്കേതം പീച്ചി,
വാഴാനി എന്നീ
രണ്ട് അണക്കെട്ടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരള ഫോറസ്റ്റ് റിസർച്ച്
ഇൻസ്റ്റിറ്റ്യൂട്ടിന്റെ (KFRI)
ആസ്ഥാനവും
പീച്ചിയിലാണ്.
ചിമ്മിനി
വന്യജീവി സങ്കേതം (Chimmini
Wildlife Sanctuary)
തൃശൂർ
ജില്ലയിൽ നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന വന്യജീവി
സങ്കേതമാണ് ചിമ്മിനി. പീച്ചി-വാഴാനി, പറമ്പിക്കുളം
വന്യജീവിസങ്കേതങ്ങളോട് ചേർന്നാണ് ഇതിന്റെ കിടപ്പ്. ചിമ്മിനി ഡാമും ഈ
വന്യജീവിസങ്കേതത്തിന്റെ ഭാഗമാണ്. നിത്യഹരിതവനങ്ങളാൽ സമ്പന്നമായ വനപ്രദേശമാണിത്.
പുലി,ആന, കരടി, കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയ
വന്യജീവികളെല്ലാം ഇവിടെയുണ്ട്. ഡാമിലൂടെ മുളംചങ്ങാടത്തിലുള്ള യാത്രയാണ് ഇവിടുത്തെ
പ്രധാന ആകർഷണം. കാട്ടിലൂടെയുള്ള സവാരിക്കും വനംവകുപ്പ് അവസരമൊരുക്കുന്നുണ്ട്.
ആമ്പല്ലൂരിൽ നിന്ന് റോഡ് മാർഗം എളുപ്പത്തിൽ ചിമ്മിനിയിലെത്താം.
കുറിഞ്ഞിമല
വന്യജീവി സങ്കേതം (Kurinjimala
Sanctuary)
ദേവികുളം
താലൂക്കിലാണ് ഇതിന്റെ സ്ഥാനം. 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതി.
12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന
നീലകുറിഞ്ഞികളുടെ സംരക്ഷണത്തിനു വേണ്ടിയാണ് കുറിഞ്ഞിമല വന്യജീവി സങ്കേതം 2006 ഒക്ടോബർ ആറിനു നിലവിൽ വന്നത്.
കേരളത്തിൽ ഒരു പ്രത്യേക സസ്യത്തിനുവേണ്ടി നിലവിൽ വന്ന ആദ്യ സംരക്ഷിത മേഖലയാണ്
കുറിഞ്ഞിമല വന്യജീവി സങ്കേതം. നീലക്കുറിഞ്ഞിയുടെ ശാസ്ത്രനാമം സ്ട്രോബിലാന്തസ്
കുന്തിയാനസ്.
ചൂളന്നൂർ
പക്ഷി സങ്കേതം (Chulanur
Peafowl Sanctuary)
തൃശ്ശൂർ
- പാലക്കാട് അതിർത്തിയിലാണ് ചൂളന്നൂർ മയിൽ സങ്കേതം സ്ഥിതിചെയ്യുന്നത്. കെ.കെ
നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എന്നാണ് ഈ സങ്കേതത്തിന്റെ മുഴുവൻ പേര്. കേരളത്തിലെ
പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന കെ.കെ നീലകണ്ഠന്റെ സ്മരണാർത്ഥമാണ് നാമകരണം
ചെയ്തിരിക്കുന്നത്. തിരുവില്വാമലയിൽ നിന്നും
പാലക്കാടുനിന്നും ചൂളന്നൂർ മയിൽ സങ്കേതത്തിൽ എത്താം. കേരളത്തിൽ
മയിലുകൾക്കായിട്ടുള്ള ഏക സംരക്ഷിത സങ്കേതം കൂടിയാണ് ചൂളന്നൂർ. പാറക്കൂട്ടങ്ങളും
മുളങ്കൂട്ടങ്ങളും നിറഞ്ഞ ഈ സങ്കേതം സഞ്ചാരികൾക്ക് ട്രക്കിങ്ങിനും വന്യജീവി
നിരീക്ഷണത്തിനും അവസരമൊരുക്കുന്നു. പീച്ചി വൈൽഡ് ലൈഫ് ഡിവിഷന്റെ കീഴിലാണ് ചൂളന്നൂർ
മയിൽ സങ്കേതമുള്ളത്. നക്ഷത്രവനമാണ് ഈ സങ്കേതത്തിലെ മറ്റൊരു പ്രധാന ആകർഷണം.
തട്ടേക്കാട്
പക്ഷി സങ്കേതം (Thattekad
Bird Sanctuary)
കേരളത്തിലെ
ഏറ്റവും പ്രമുഖ പക്ഷിസങ്കേതമാണ് തട്ടേക്കാട്. കോതമംഗലത്തുനിന്ന് പതിമൂന്നു
കിലോമീറ്റർ അകലെ ഇത് സ്ഥിതിചെയ്യുന്നു. പ്രശസ്‌ത പക്ഷിനിരീക്ഷകനായ ഡോ സാലിം
അലിയുടെ പേരിലാണ് ഈ സങ്കേതം അറിയപ്പെടുന്നത്. അപൂർവപക്ഷിയായ മാക്കാച്ചിക്കാടകളുടെ ആവാസവ്യവസ്ഥ
എന്ന പേരിലും പ്രശസ്തമാണ് ഈ സ്ഥലം. പലയിനം വേഴാമ്പൽ, തീക്കാക്ക, ചൂളക്കാക്ക, മൂങ്ങ മുതലായ പക്ഷികളെ ഇവിടെ കാണാം.
ഒക്ടോബർ മുതൽ പലതരം ദേശാടന പക്ഷികൾ തട്ടേക്കാട് എത്തുന്നു. സഞ്ചാരികൾക്കായി
ട്രക്കിങ്, വാച്ച് ടവർ ഇന്റർപ്രട്ടേഷൻ
സെന്റർ എന്നിവയൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
മംഗളവനം
പക്ഷിസങ്കേതം (Mangalavanam
Bird Sanctuary)
നഗരമധ്യത്തിലൊരു
കാട്! അതാണ് മംഗളവനം. എറണാകുളം നഗരത്തിൽ ഹൈക്കോടതി കെട്ടിടസമുച്ചയത്തിന്
സമീപത്തായി ഈ ചെറിയ തുരുത്ത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ചെറിയ
സംരക്ഷണ മേഖലയാണിത്. 2004 ൽ നിലവിൽ വന്ന ഇതിന്റെ ആകെ
വലുപ്പം 0.0274 ച.കി.മീ ആണ്. കണ്ടൽക്കാടുകളും
മറ്റു സ്വാഭാവിക വനങ്ങളും ചേർന്ന ഒരു ചെറിയ ദ്വീപാണ് മംഗളവനം. 24 ഇനം കണ്ടൽ സസ്യങ്ങളെ ഇവിടെ
തിരിച്ചറിഞ്ഞിട്ടുണ്ട്. പലതരം പക്ഷികൾ, ഉരഗങ്ങൾ, വവ്വാലുകൾ എന്നിവയെ ഇവിടെ കാണാം.
സന്ദർശകർക്കായി ഒരു വാച്ച് ടവറും ഇവിടെയുണ്ട്.
ഇരവികുളം
ദേശീയോദ്യാനം (Eravikulam
National Park)
വംശനാശഭീഷണി
നേരിടുന്ന വരയാടുകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ചതാണ് ഇരവികുളം ദേശീയോദ്യാനം.
സമുദ്രനിരപ്പിൽ നിന്ന് 7000 അടി ഉയരത്തിലാണ് ഈ ഉദ്യാനം.
വരയാടുകൾക്ക് പുറമെ പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയും
ഇവിടത്തെ പ്രധാന ആകർഷണമാണ്. സംരക്ഷിത പ്രദേശമായതിനാൽ ട്രെക്കിങ് പോലുള്ള വിനോദങ്ങൾ
ടൂറിസം മേഖലയിൽ മാത്രമായി നിയന്ത്രിച്ചിരിക്കുന്നു. ഇരവികുളം ദേശീയോദ്യാനത്തിൽ
നിന്നാൽ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ആനമുടി കാണാം. ഏറ്റവും കൂടുതൽ
വരയാടുകൾ ഉള്ള സംരക്ഷിതമേഖലയായിട്ടാണ് ഇരവികുളത്തെ ദേശീയോദ്യാനം അറിയപ്പെടുന്നത്.
മൂന്നാറിൽ നിന്ന് വളരെ അടുത്താണ് ഇരവികുളം.
കേരളത്തിലെ
ആന സംരക്ഷണ കേന്ദ്രങ്ങൾ
പണ്ടുകാലത്ത്
കാട്ടിൽനിന്ന് പിടിക്കുന്ന ആനകൾക്കും ആനക്കുട്ടികൾക്കുമൊക്കെ പരിശീലനം നൽകുന്ന സ്ഥലങ്ങളെ
ആനക്കൂട് എന്നാണ് വിളിച്ചിരുന്നത്. പുതുതായി എത്തുന്ന ആനകളെ മെരുക്കാൻ പ്രത്യേകം
പരിശീലനം കിട്ടിയ ആനകളും പരിശീലന സംവിധാനങ്ങളും ഇവിടെയുണ്ടായിരുന്നു. കേരളത്തിലെ
ആന പരിശീലന കേന്ദ്രങ്ങളാണ് കോന്നി (പത്തനംതിട്ട), കോടനാട് (എറണാകുളം) എന്നിവ. ആനകളെയും
അവയുടെ വാസസ്ഥലങ്ങളെയും വഴിത്താരകളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി
പ്രവർത്തിക്കുന്നവയാണ് ആന സംരക്ഷണ കേന്ദ്രങ്ങൾ. കേരളത്തിലെ പ്രധാന ആന സംരക്ഷണ
കേന്ദ്രങ്ങളാണ് വയനാട്,
നിലമ്പൂർ, ആനമുടി, പെരിയാർ എന്നിവ. കേരളത്തിലെ ആന
പുനരധിവാസ കേന്ദ്രം സ്ഥിതിചെയ്യുന്നത് തിരുവനന്തപുരത്തിലെ കോട്ടൂരിലാണ്
(കാപ്പുകാട്).
ഗതാഗതം
കേരളത്തിലെ
ജലഗതാഗതം (Waterways
in Kerala)
സംസ്ഥാനത്തെ
ഉൾനാടൻ ജലഗതാഗത പാതയുടെ ദൈർഘ്യം 1687 കി.മീറ്ററാണ്. പടിഞ്ഞാറൻ
തീരക്കനാൽ (വെസ്റ്റ് കോസ്റ്റ് കനാൽ) ആണ് ഇതിൽ മുഖ്യമാർഗം. വടക്ക് ഹോസ്ദുർഗ് മുതൽ
തിരുവനന്തപുരത്ത് പൂവാർ വരെ 590 കിലോമീറ്റർ നീളമുണ്ടിതിന്.
പടിഞ്ഞാറൻ കനാൽ സംവിധാനത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. നീലേശ്വരം മുതൽ കോട്ടപ്പുറം
വരെയുള്ള 348 കിലോമീറ്റർ, കോട്ടപ്പുറം മുതൽ കൊല്ലം വരെയുള്ള 168 കിലോമീറ്റർ, കൊല്ലം മുതൽ കോവളം വരെയുള്ള 74 കിലോമീറ്റർ എന്നിവയാണിവ. സംസ്ഥാന
ജലഗതാഗത വകുപ്പ് പ്രതിദിനം 80000 യാത്രക്കാർക്ക് യാത്രാ
സൗകര്യമൊരുക്കുന്നു. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ 1989ൽ
ആണ് രൂപവത്കരിച്ചത്. കേരളത്തിൽ ആകെ അഞ്ച് ദേശീയ ജലപാതകളാണ് ഉള്ളത്.
■ ദേശീയ ജലപാത - 3 (കൊല്ലം - കോഴിക്കോട്, 365 കി.മീ)
■ ദേശീയ ജലപാത - 8 (ആലപ്പുഴ - ചങ്ങനാശ്ശേരി, 28 കി.മീ)
■ ദേശീയ ജലപാത - 9 (ആലപ്പുഴ - കോട്ടയം, 38 കി.മീ)
■ ദേശീയ ജലപാത - 13 (പൂവാർ - ഇരയിമ്മൻതുറൈ (എ.വി.എം കനാൽ, തമിഴ്‌നാട്), 11 കി.മീ)
■ ദേശീയ ജലപാത - 59 (കോട്ടയം - വൈക്കം, 28 കി.മീ)
കൊച്ചി
തുറമുഖം (Cochin
Port)
1928 മെയ് 26 നാണ് കൊച്ചിയിലെ ആധുനിക തുറമുഖം ഉദ്‌ഘാടനം
ചെയ്തത്. ബ്രിട്ടീഷ് തുറമുഖ എൻജിനീയറായ റോബർട്ട് ബ്രിസ്റ്റോയുടെ
മേല്നോട്ടത്തിലായിരുന്നു നിർമാണം. രണ്ടുകോടി രൂപ ചെലവ് വന്ന പദ്ധതിക്ക്
തിരുവിതാംകൂർ,
കൊച്ചി, മദ്രാസ് സർക്കാരുകൾ യോജിച്ച് ചെലവു
വഹിച്ചു. ആഴം കൂട്ടുന്നതിനായി ഡ്രെഡ്ജറുപയോഗിച്ച് ഇവിടെനിന്ന് നീക്കം ചെയ്ത മണ്ണിട്ടാണ്
വിലിങ്ടൺ ഐലൻഡിന് രൂപം നൽകിയത്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപവത്കരിച്ചത് 1964 ലാണ്. ആദ്യ പോർട്ട് ട്രസ്റ്റ് ചെയർമാൻ
പി.ആർ.സുബ്രഹ്മണ്യൻ ആയിരുന്നു. ഇന്ത്യയിൽ ആദ്യമായി കണ്ടെയ്‌നർ കപ്പൽ എത്തിയത്
കൊച്ചിയിലാണ്. 1973ൽ 'പ്രസിഡന്റ് ടൈലർ' ആയിരുന്നു തുറമുഖത്തെത്തിയത്.
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖം (Vizhinjam
International Seaport)
നമ്മുടെ
രാജ്യത്തെ തന്നെ ഏറ്റവും ബൃഹദ് വികസന പദ്ധതികളിലൊന്ന്. പൂർത്തിയായി കഴിഞ്ഞാൽ
ഏഷ്യയുടെ കവാടമെന്നു വിശേഷിപ്പിക്കാൻ പോന്ന പദ്ധതി. തലസ്ഥാന നഗരിയിൽ നിന്ന് ഏകദേശം
23 കി.മീ ദൂരം മാത്രമുള്ള
വിഴിഞ്ഞം - മുല്ലൂർ തീരത്താണ് മൂന്നുഘട്ടങ്ങളിലായി പൂർത്തിയാകുന്ന പദ്ധതി നിർമാണ
പ്രദേശം. ബാലരാമപുരം ദേശീയപാതയിൽ നിന്നു കേവലം 10 കി.മീ ദൂരം. ലോകത്ത് ഇതുവരെയും
ഭാവിയിലും നിർമിക്കുന്ന ഏതുതരം കപ്പലുകൾക്കും അടുക്കാവുന്ന ആധുനിക തുറമുഖമാണ്
ഇവിടെ വരുന്നത്. പരിസ്ഥിതി സൗഹൃദ തുറമുഖമെന്നതാണു പ്രത്യേകത. രണ്ടു കി.മീ
ദൂരത്തിലുള്ള ബർത്ത്,
3.2 കി.മീ
ദൂരത്തിലുള്ള പുലിമുട്ട് എന്നിവയാണ് തുറമുഖത്തിനുണ്ടാവുക. ആകെ 7250 കോടി രൂപയുടേതാണ് പദ്ധതി. അടിസ്ഥാന
സൗകര്യവും ഭൂമിയും സർക്കാർ ലഭ്യമാക്കും. ശേഷിച്ചത് പി.പി.പി ആയിട്ടാവും നടപ്പാക്കുക.
60 ശതമാനം നിർമാണ കമ്പനിയും
ശേഷിച്ച 40 ശതമാനത്തിൽ 20 വീതം സംസ്ഥാന-കേന്ദ്ര സർക്കാരുകളും
പങ്കിടും. ആദ്യഘട്ടത്തിൽ പ്രതിവർഷം ഒരു മില്യൺ ടിഇയു കണ്ടെയ്നറുകൾ കൈകാര്യം
ചെയ്യും. പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിനു പേർക്ക് തൊഴിലവസരം ഉണ്ടാവും.
കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ഇനത്തിൽ രാജ്യത്തിനു വൻതുകയാണ് ചെലവു വരുന്നത്.
ഏഷ്യയിൽ സിംഗപ്പൂർ,
കൊളംബോ
തുറമുഖങ്ങളാണ് കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റിന്റെ മുഖ്യപങ്കും കൈകാര്യം ചെയ്യുന്നത്.
അതിൽ തന്നെ കൊളംബോയാണ് നമ്മുടെ രാജ്യത്തെ കണ്ടെയ്നറുകളുടെ കൈകാര്യത്തിൽ മുന്നിൽ.
വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായാൽ കൊളംബോയുടെയും സിംഗപ്പൂരിന്റെയും പ്രാധാന്യം
കുറയുമെന്നു മാത്രമല്ല വിദേശനാണ്യ വരവിലും വൻ വർധനവുണ്ടാകും. തലസ്ഥാന ജില്ലയുടെ
മാത്രമല്ല, സംസ്ഥാനത്തിന്റെ തന്നെ
മുഖഛായയാവും വിഴിഞ്ഞം പദ്ധതി മാറ്റിവരയ്ക്കുക.
കേരളത്തിലെ
റോഡ് ഗതാഗതം (Road
Transport in Kerala)
റോഡ്
ഗതാഗതമാണ് പൊതുഗതാഗത മേഖലയിൽ മുഖ്യപങ്ക് വഹിക്കുന്നത്. പ്രാഥമിക ശൃംഖലയായി
കണക്കാക്കപ്പെടുന്ന ദേശീയ പാതകൾ,
മൊത്തം
ഗതാഗതത്തിന്റെ 40 ശതമാനം വഹിക്കുന്നു. സംസ്ഥാന
പാതകളും പ്രധാന ജില്ലാ റോഡുകളും റോഡ് ഗതാഗതത്തിന്റെ 40 ശതമാനം കൂടി വഹിക്കുന്നു. കേരളത്തിലെ
സംസ്ഥാന പാതകൾ,
പ്രധാന ജില്ലാ
റോഡുകൾ തുടങ്ങിയവ പരിപാലിക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. കേരളത്തിലെ ദേശീയ
പാതകൾ പരിപാലിക്കുന്നത് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ്. കേരളത്തിലെ സ്ഥലങ്ങൾ
ബന്ധിപ്പിക്കുന്ന 11 ദേശീയപാതകൾ ഇവയാണ്.
■ എൻ.എച്ച് 66 : തലപ്പാടി - കളിയിക്കാവിള
■ എൻ.എച്ച് 85 : ബോഡിമേട് - കുണ്ടന്നൂർ
■ എൻ.എച്ച് 183 : കൊട്ടാരക്കര - കുമളി
■ എൻ.എച്ച് 544 : വാളയാർ - ഇടപ്പള്ളി
■ എൻ.എച്ച് 744 : കൊല്ലം - കഴുത്തുരുത്തി
■ എൻ.എച്ച് 766 : കോഴിക്കോട് - മുത്തങ്ങ
■ എൻ.എച്ച് 966 : ഫറോക്ക് - പാലക്കാട്
■ എൻ.എച്ച് 966 A : കളമശ്ശേരി - വല്ലാർപാടം
■ എൻ.എച്ച് 966 B :കുണ്ടന്നൂർ - വെല്ലിങ്ടൺ ദ്വീപ്
■ എൻ.എച്ച് 185 : അടിമാലി - കുമളി
■ എൻ.എച്ച് 183 A : ടൈറ്റാനിയം ജംഗ്ഷൻ (കൊല്ലം) -
വണ്ടിപ്പെരിയാർ
കെ.എസ്.ആർ.ടി.സി
(KSRTC)
ശ്രീ
ചിത്തിര തിരുനാൾ ബാലരാമവർമയെയും കുടുംബാംഗങ്ങളെയും കയറ്റി 1938 ഫെബ്രുവരി 20ന് തിരുവനന്തപുരത്തെ തമ്പാനൂരിൽ നിന്ന്
കവടിയാറിലേക്കൊരു യാത്ര! പിൽക്കാലത്ത് കെഎസ്ആർടിസി എന്നറിയപ്പെട്ട തിരുവിതാംകൂർ
സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സർവീസിന്റെ തുടക്കമായിരുന്നു അത്. തിരുവിതാംകൂർ
ദിവാനായിരുന്ന സർ സി.പി രാമസ്വാമി അയ്യരാണ് സർക്കാർ ബസ് സർവീസ് എന്ന ആശയത്തിനു
തുടക്കമിട്ടത്. 1965ൽ ഇതിന് കെഎസ്ആർടിസി എന്ന
പേരിട്ടു. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ ഗതാഗത സംരംഭമാണ് കേരള സ്റ്റേറ്റ്
റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ. വെറും 901
ബസ്സുമായി തുടങ്ങിയ കെഎസ്ആർടിസി ഇന്ന് കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തിന്റെ 38 ശതമാനം കയ്യടക്കിയ വൻ പ്രസ്ഥാനമായി
വളർന്നു. നഗരപ്രദേശങ്ങളിലെ പൊതുഗതാഗത സംവിധാനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാരിന്റെ
ധനസഹായത്താൽ നടത്തുന്ന സ്ഥാപനമാണ് "കേരളാ അർബൻ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ"
അഥവാ കെയുആർടിസി. കെഎസ്ആർടിസിയുടെ മേൽനോട്ടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
കൊച്ചിയിലെ തേവരയാണ് കെയുആർടിസിയുടെ ആസ്ഥാനം.
കേരളത്തിലെ
റെയിൽ ഗതാഗതം (Rail
Transport in Kerala)
ഗതാഗതരംഗത്ത്
മാറ്റത്തിനു തുടക്കമിട്ടുകൊണ്ട് കേരളത്തിൽ റെയിൽവേ എത്തിയത് 1861 മാർച്ചിലാണ്. ബേപ്പൂർ മുതൽ തിരൂർ
വരെയുള്ള 30.5 കിലോമീറ്റർ. അതാണ് കേരളത്തിലെ
ആദ്യ റെയിൽവേ ലൈൻ. ബ്രിട്ടീഷുകാർ ആരംഭിച്ച മലബാർ റെയിൽവേ കമ്പനി ഇതിനു
തുടക്കമിട്ടു. 1888ൽ കോഴിക്കോട്ടേക്കും
തീവണ്ടിയെത്തി. തിരുവിതാംകൂറിൽ തീവണ്ടി ഓടിത്തുടങ്ങിയത് 1904 മുതലാണ്. 1908 മുതൽ 1924 വരെ ഹിൽ സ്റ്റേഷനായ മൂന്നാറിലും
ട്രെയിനുണ്ടായിരുന്നു. തിരുവനന്തപുരം, പാലക്കാട്, മധുര റെയിൽവേ ഡിവിഷനുകൾ ചേർന്നാണ്
കേരളത്തിലെ റെയിൽ ഗതാഗതം നിയന്ത്രിക്കുന്നത്. ദക്ഷിണ റെയിൽവേയുടെ ഭാഗമാണിത്.
സംസ്ഥാനത്ത് 1050 കി.മീ റെയിൽവേ റൂട്ട്
ദൈർഘ്യവും 13 റെയിൽവേ റൂട്ടുകളുമാണുള്ളത്.
ദക്ഷിണ റെയിൽവേയിൽ ഏറ്റവുമധികം കോച്ചുകൾ കൈകാര്യം ചെയ്യുന്നത് തിരുവനന്തപുരം
ഡിവിഷനാണ്.
കേരളത്തിലെ
പ്രധാന ട്രെയിനുകളും റൂട്ടുകളും
■ ജനശതാബ്ദി : തിരുവനന്തപുരം -
കോഴിക്കോട്, തിരുവനന്തപുരം - കണ്ണൂർ
■ പാലരുവി എക്‌സ്പ്രസ് : തിരുനെൽവേലി -
പാലക്കാട്
■ രാജധാനി : തിരുവനന്തപുരം - ഹസ്രത്ത്
നിസാമുദ്ദീൻ (ന്യൂഡൽഹി)
■ വേണാട് എക്‌സ്പ്രസ് : തിരുവനന്തപുരം -
ഷൊർണൂർ
■ അമൃത എക്‌സ്പ്രസ് : തിരുവനന്തപുരം -
മധുരൈ
■ അഹല്യനഗരി എക്‌സ്പ്രസ് : തിരുവനന്തപുരം
- ഇൻഡോർ (മദ്ധ്യപ്രദേശ്)
■ ഏറനാട് എക്‌സ്പ്രസ് : നാഗർകോവിൽ -
മംഗലാപുരം
■ എക്സിക്യൂട്ടീവ് എക്‌സ്പ്രസ് : കണ്ണൂർ
- ആലപ്പുഴ
■ കേരള എക്‌സ്പ്രസ് : തിരുവനന്തപുരം -
ന്യൂഡൽഹി
■ ലോകമാന്യതിലക് - ഗരീബ് രഥ് എക്‌സ്പ്രസ്
: കൊച്ചുവേളി - മുംബൈ
■ രാജ്യറാണി എക്‌സ്പ്രസ് : നിലമ്പൂർ -
കൊച്ചുവേളി
■ പരശുറാം എക്‌സ്പ്രസ് : നാഗർകോവിൽ -
മംഗലാപുരം
■ മലബാർ എക്‌സ്പ്രസ് : മംഗലാപുരം -
തിരുവനന്തപുരം
■ മാവേലി എക്‌സ്പ്രസ് : മംഗലാപുരം -
തിരുവനന്തപുരം
■ രപ്തിസാഗർ എക്‌സ്പ്രസ് : തിരുവനന്തപുരം
- ഗോരഖ്പൂർ (ഉത്തർപ്രദേശ്),
എറണാകുളം - ബറൗണി
(ബീഹാർ)
■ ശബരി എക്‌സ്പ്രസ് : തിരുവനന്തപുരം -
ഹൈദരാബാദ്
കൊച്ചി
മെട്രോ (Kochi
Metro)
ആലുവ
മുതൽ പേട്ട വരെ 22 സ്റ്റേഷനുകളെ റെയിൽ മാർഗം
ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. 2012 സെപ്റ്റംബർ 13ന് തറക്കലിട്ടു. ഒന്നാംഘട്ടം ആലുവ മുതൽ
പേട്ടവരെയുള്ള 25.6 കി.മീറ്റർ. കൊച്ചി മെട്രോയുടെ
ഔദ്യോഗിക ഉദ്‌ഘാടനം 2017 ജൂലൈ 17ന് പ്രധാനമന്ത്രി നിർവഹിച്ചു. ആദ്യഘട്ടത്തിലെ
ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13.4 കിലോമീറ്റർ പാതയിലെ സർവീസാണ്
പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. പാലാരിവട്ടം മുതൽ മഹാരാജാസ് വരെ ദീർഘിപ്പിച്ച
പാതയുടെ ഉദ്‌ഘാടനം 2019 സെപ്റ്റംബർ ആദ്യ വാരമാണ്
നടന്നത്. തൈക്കുടം മുതൽ പേട്ടവരെയുള്ള പാതയുടെ ഉദ്‌ഘാടനം 2020ൽ നടന്നു.
കേരളത്തിലെ
വ്യോമഗതാഗതം (Air
Transport in Kerala)
കേരളത്തിലേക്ക്
ആദ്യമായി വിമാന സർവീസ് നടന്നത് 1935 ഒക്ടോബറിലാണ്. മുംബൈക്കും
തിരുവനന്തപുരത്തിനുമിടയ്ക്ക് 'ടാറ്റാ സൺസ് കമ്പനി' തുടങ്ങിയ 'എയർമെയിൽ' സർവീസായിരുന്നു കേരളത്തിലേക്കുള്ള
ആദ്യത്തെ വിമാന സർവീസ്. തിരുവനന്തപുരത്തേക്ക് യാത്രാവിമാന സർവീസ് ആരംഭിച്ചത് 1946ലാണ്. ദിവാൻ സി.പി രാമസ്വാമി അയ്യരുടെ
നിർദേശപ്രകാരം,
ടാറ്റാ എയർലൈൻസ്
വിമാനം മദ്രാസിൽ നിന്നും ബെംഗളൂരു, കോയമ്പത്തൂർ, കൊച്ചി വഴിയാണ് തിരുവനന്തപുരത്തേക്ക്
സർവീസ് നടത്തിയത്. ഏതാണ്ട് ഇതേ കാലയളവിൽത്തന്നെ കൊച്ചിയിലെ വെല്ലിങ്ടൺ
ദ്വീപിൽനിന്നും വിമാന സർവീസുകൾ ആരംഭിച്ചിരുന്നു.
കൊച്ചി
അന്താരാഷ്ട്ര വിമാനത്താവളം (Cochin International Airport)
കേന്ദ്രസർക്കാരിന്റെ
സഹായമില്ലാതെ,
സ്വകാര്യ
മേഖലയുടെ പങ്കാളിത്തത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താളമാണ്
കൊച്ചിയിലേത്. 1994 മാർച്ചിൽ 'കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്
ലിമിറ്റഡ്' എന്ന പേരിൽ ഒരു പബ്ലിക്
ലിമിറ്റഡ് കമ്പനി രജിസ്റ്റർ ചെയ്യപ്പെട്ടു. കേരള മുഖ്യമന്ത്രിയാണ് ഇതിന്റെ ഡയറക്ടർ
ബോർഡ് ചെയർമാൻ. സർക്കാരിന്റെയും സ്വകാര്യ കമ്പനികളുടെയും പൊതുജനങ്ങളുടെയും
പങ്കാളിത്തത്തോടെയാണ് ഇത് നിർമിച്ചത്. കേരളത്തിൽ വിജയമായ ഈ വികസനമാതൃക പിന്നീട്
ഇന്ത്യയിൽ പലയിടത്തും ആവർത്തിച്ചു. മലയാളിയുടെ അഭിമാനമായ രാഷ്‌ട്രപതി
കെ.ആർ.നാരായണൻ 1999 മേയിൽ ഉദ്‌ഘാടനം ചെയ്ത വിമാനത്താവളത്തിന്
1999ൽ രാജ്യാന്തര പദവി ലഭിച്ചു. 30 രാജ്യങ്ങളിൽ നിന്നായി 11000 ഓളം എൻ.ആർ.ഐകൾ 'സിയാലി'ന്റെ ഷെയർ ഉടമകളാണ്. കൂടാതെ കേരള
സർക്കാർ, വ്യവസായ പ്രമുഖർ, സാമ്പത്തിക സ്ഥാപനങ്ങൾ തുടങ്ങിയവരും
ഇതിന്റെ മേൽനോട്ടം വഹിക്കുന്നവരിൽ പെടുന്നു.
തിരുവനന്തപുരം
അന്താരാഷ്ട്ര വിമാനത്താവളം (Trivandrum International Airport)
വെറുമൊരു
ഷെഡ്. അതായിരുന്നു കേരളത്തിലെ ആദ്യ വിമാനത്താവളത്തിന്റെ 'പാസഞ്ചർ ടെർമിനൽ'! 1930 കളിൽ കേരള ഫ്ലയിങ്
ക്ലബ്ബിന്റെ ഭാഗമായാണ് വിമാനത്താവളം നിലവിൽ വന്നത്. ശ്രീ ചിത്തിര തിരുനാൾ
മഹാരാജാവ് മുൻകൈയെടുത്ത് ആരംഭിച്ച തിരുവനന്തപുരം വിമാനത്താവളത്തിൽ 1935 ഒക്ടോബറിൽ മുംബൈയിൽ നിന്നുള്ള ടാറ്റാ സൺസ് കമ്പനിയുടെ എയർ
മെയിൽ സർവീസ് എന്ന ആദ്യ വിമാനം പറന്നിറങ്ങി. 1946 ലാണ് കേരളത്തിലെ ആദ്യയാത്രാവിമാന
സർവീസ് ആരംഭിച്ചത്. അകാലത്ത് തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്കുള്ള യാത്രക്കൂലി
150 രൂപയായിരുന്നു. 1977-78 കാലത്ത് നടന്ന വികസന
പ്രവർത്തനങ്ങളുടെ ഫലമായാണ് തിരുവനന്തപുരത്തു നിന്നും കൊളംബോ, മാലി, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക്
അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനായത്. 1991 ജനുവരി 1ന് തിരുവനന്തപുരം വിമാനത്താവളത്തെ
അന്തർദേശീയ വിമാനത്താവളമായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ, ഒരു മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത്, ആദ്യമായി പ്രഖ്യാപിക്കപ്പെട്ട
അന്താരാഷ്ട്ര വിമാനത്താവളമാണ് തിരുവനന്തപുരം.
