ഇന്ത്യൻ ഭൂമിശാസ്ത്രം
ഹിമാലയൻ നദികൾ (Himalayan Rivers)
ഇന്ത്യൻ
നദികളെ പ്രധാനമായും ഹിമാലയൻ നദികളെന്നും, ഉപദ്വീപീയൻ
നദികളെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകി
രൂപംകൊള്ളുന്ന നീർച്ചാലുകൾ ചേർന്ന് ജന്മമെടുക്കുന്നവയാണ് ഹിമാലയൻ നദികൾ.
ഹിമാലയനിരകളിൽനിന്നുദ്ഭവിക്കുന്ന ഹിമാലയൻ നദികളിൽ വർഷം മുഴുവൻ വെള്ളമുണ്ടാകും.
മഞ്ഞുരുകിയും മഴപെയ്തുമാണ് ഇവ ജലസമൃദ്ധമാകുന്നത്. സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവ ഇത്തരം
നദികൾക്കുദാഹരണങ്ങളാണ്. ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിച്ച് ഹിമാലയൻ നദികളിൽ ചേരുന്ന
ഉപദ്വീപീയ പോഷകനദികളാണ് സോൺ,
ചമ്പൽ, ബേത്വ, കെൻ, സിന്ധ് എന്നിവ. സോൺ ഗംഗയിൽ ചേരുന്നു.
ചമ്പൽ, ബേത്വ, കെൻ, സിന്ധ് എന്നിവ യമുനയുമായി ചേർന്നശേഷം
ഗംഗയിൽ പതിക്കുന്നു.
ഇന്ത്യയിലെ
ഹിമാലയൻ നദികൾ
സിന്ധു
നദി (Indus
River)
പാശ്ചാത്യലോകത്ത്
ഇന്ന് നാം കാണുന്ന പലപരിഷ്കൃതസമൂഹങ്ങളും നായാടികളായി കഴിഞ്ഞിരുന്ന കാലത്ത്
ലോകത്തെ അമ്പരപ്പിച്ചു ഒരു നാഗരികത നമ്മുടെ നാട്ടില്‍ പിറന്നു വീണത് സിന്ധു
നദിയുടെ തീരത്താണ്. ഈ നദിയില്‍ നിന്നാണ് നമ്മുടെ രാജ്യത്തിന് ഇന്ത്യ എന്ന പേര്
കിട്ടിയതും. ലോകത്തിലെ നീളമേറിയ നദികളിലൊന്നായ സിന്ധു ഹിമാലയത്തിലെ മാനസസരോവര്‍
തടാകത്തിനു സമീപമാണ് ഉദ്ഭവിക്കുന്നത്. അവിടെനിന്ന് വടക്കു പടിഞ്ഞാറേക്കൊഴുകി
കശ്മീരിലെ ലഡാക്ക് ജില്ലയിലൂടെ ഇന്ത്യയിലേക്ക് കടക്കുന്നു. ഇന്ത്യയിൽ സിന്ധു നദി
കടന്നുപോകുന്ന സംസ്ഥാനം ജമ്മു കശ്മീര്‍ ആണ്. ആകെ ഏതാണ്ട് 3,200 കിലോമിറ്റര്‍ ദൂരം ഒഴുകി
പാക്കിസ്ഥാനിലെ കറാച്ചിയില്‍ വച്ച് സിന്ധു നദി അറബിക്കടലില്‍ പതിക്കുന്നു.
ഹിമാലയം, ഹിന്ദുക്കുഷ്, കാരക്കോറം പര്‍വതമേഖലകളിലൂടെ
കടന്നുപോകുന്ന സിന്ധുവിന്റെ പാക്കിസ്ഥാനിലെ പ്രധാന പോഷകനദികൾ ഷ്യോക്, ഷിഗർ, ഗിൽജിത് തുടങ്ങിയവയാണ്. സിന്ധു നദിയുടെ
ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പോഷകനദികളാണ് ഝലം, ചിനാബ്, രവി, ബിയാസ്, സത്ലജ് എന്നിവ. അഞ്ച് നദികളുടെ നാട്
എന്നാണ് പഞ്ചാബ് എന്ന പേരിന്റെ അര്‍ഥം. സിന്ധുവിന്റെ കൈവഴികളായ ഝലം, ചിനാബ്, രവി,ബിയാസ്, സത്ലജ് എന്നിവയാണവ. ബി.സി നാലാം
നൂറ്റാണ്ടില്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യയിലെത്തിയത് സിന്ധു നദി കടന്നാണ്.
വെള്ളപ്പൊക്കങ്ങൾ:
പോഷകനദികളില്‍ നിന്നും ഹിമാനികളില്‍നിന്നുമൊക്കെ ധാരാളം വെള്ളമാണ് സിന്ധുവിൽ
ഒഴുകിയെത്തുന്നത്. അതിനാല്‍ പലപോഴും ഈ നദിയില്‍ വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. 1947-ലും 1958-ലും 2010-ലും ഇത്തരം വെള്ളപ്പൊക്കങ്ങളുണ്ടായി.
വന്‍ വെള്ളപ്പൊക്കങ്ങളുടെ സമയത്ത് ചിലപ്പോള്‍ നദി വഴിമാറി ഒഴുകാറുമുണ്ട്.
പാക്കിസ്ഥാന്റെ ദേശീയ നദി കൂടിയായ സിന്ധുവിലെ ഒരു വര്‍ഷത്തെ നീരൊഴുക്ക് ലോകത്തിലെ
ഏറ്റവും നീളമുള്ള നദിയായ നൈലിന്റെ ഇരട്ടിയാണ്. ടൈഗ്രിസ്, യൂഫ്രട്ടീസ്, നദികൾ ചേരുന്നതിന്റെ മൂന്നിരട്ടിയും.
സിന്ധു
നദിജല കരാര്‍: സിന്ധു നദിയിലെ ജലം പങ്കുവയ്ക്കുന്ന കാര്യത്തില്‍ ഇന്ത്യയും
പാക്കിസ്ഥാനുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മു൯ ഇന്ത്യന്‍
പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവും അന്നത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി അയൂബ്
ഖാനും തമ്മില്‍ 1960 സെപ്റ്റംബർ 19-ന് പാക്കിസ്ഥാനിലെ ലഹോറില്‍ വച്ച്
സിന്ധു നദീജല കരാറില്‍ ഒപ്പുവച്ചു. ഈ കരാറിന് മധ്യസ്ഥത വഹിച്ചത് വേള്‍ഡ് ബാങ്ക്
ആയിരുന്നു. കരാര്‍ പ്രകാരം രവി,
ബിയാസ്, സത്ലജ് നദികളിലെ വെള്ളത്തിനുള്ള
അവകാശം ഇന്ത്യയ്ക്കും സിന്ധു,
ഝലം, ചിനാബ് നദികളിലെ ജലത്തിന്റെ അവകാശം
പാക്കിസ്ഥാനും ലഭിച്ചു
പല
പേരുകൾ: സിന്ധു നദി പല ഭാഷകളില്‍ പല പേരുകളിൽ അറിയപ്പെടുന്നു. ആ പേരുകള്‍ ഇതാ: ഇന്‍ഡസ്
(ഇംഗ്ലീഷ്), സിന്ധ് (ഉറുദു, സംസ്കൃതം), സിന്ധു (ഹിന്ദി), ഹിന്ദു (പേര്‍ഷ്യ൯), സെന്‍ഗെ ചു (ടിബറ്റ൯), യിൻ ഡു (ചൈനീസ്), ഇന്‍ഡോസ് (ഗ്രീക്ക്), ആദ്യവേദമായ ഋഗ്വേദത്തിൽ 'സിന്ധു' എന്ന പേരിൽത്തന്നെ ഈ നദിയെ
പരാമർശിക്കുന്നുണ്ട്.
സിന്ധു
നദിയുടെ പോഷകനദികൾ
സിന്ധുവിന്റെ
പാക്കിസ്ഥാനിലൂടെ ഒഴുകുന്ന ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പോഷകനദികളാണ് ഷ്യോക്, ഷിഗർ, ഗിൽജിത് എന്നിവ. സിന്ധുവിന്റെ
ഇന്ത്യയിലെ പ്രധാന പോഷകനദികൾ ഝലം,
ചിനാബ്, രവി,ബിയാസ്, സത്ലജ് തുടങ്ങിയവയാണ്.
ഝലം:
കശ്മീരിലെ വെരിനാഗ് ജലധാരയിൽ നിന്നാണ് ഝലം നദി ഉദ്ഭവിക്കുന്നത്. അവിടെ നിന്ന്
ശ്രീനഗറിലൂടെ കശ്മീരിലെ വൂളാർ തടാകത്തിലെത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ
ശുദ്ധജല തടാകമാണ് വൂളാർ. പിന്നീട് പാകിസ്താനിലേക്ക് പ്രവേശിക്കുന്ന ഝലം, ചിനാബ് നദിയുമായി ചേരുന്നു. ഏതാണ്ട് 725 കിലോമീറ്റർ നീളമുള്ള ഝലം നദിയുടെ
ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.
ചിനാബ്:
"മൂണ്‍ റിവര്‍” അഥവാ 'ചന്ദ്രനദി' എന്നാണ് ചിനാബ് എന്ന വാക്കിന്റെ
അർഥം. ഹിമാചൽ പ്രദേശിലെ ബാര ലച്ച പാസിൽനിന്നും ചന്ദ്ര, ഭാഗ എന്നീ രണ്ട് നദികളായി ചിനാബ് നദി
ഉദ്ഭവിക്കുന്നു. ഇവ രണ്ടും അപ്പർ ഹിമാലയത്തിലെ താണ്ടി എന്ന പ്രദേശത്തു വച്ച്
ഒന്നിക്കുന്നു. ചിനാബ് നദിക്ക് ഹിമാചല്‍ പ്രദേശിൽ 'ചന്ദ്രഭാഗ' എന്നും പേരുണ്ട്. ഹിമാചലിലൂടെ ജമ്മു
കശ്മീരില്‍ പ്രവേശിക്കുന്ന ചിനാബ് പിന്നീട് തെക്കുപടിഞ്ഞാറേക്കൊഴുകി
പാക്കിസ്ഥാനിലെത്തുന്നു. ട്രിമ്മു എന്ന സ്ഥലത്തുവച്ച് ഝലം നദിയുമായി
കൂടിച്ചേരുന്ന ചിനാബ് പിന്നീട് സത്ലജ് നദിയില്‍ പതിക്കുന്നു. ആകെ നീളം ഏതാണ്ട്
974 കിലാമീറ്റര്‍.
രവി:
ഹിമാചൽ പ്രദേശിൽ നിന്നാണ് രവി നദി ഉദ്ഭവിക്കുന്നത്. ഏകദേശം 720 കിമീ നീളമുണ്ട്. ഹിമാചലില്‍ നിന്നും
പഞ്ചാബിലെ ഗുരുരുദാസ്പൂര്‍, അമൃത്‌സര്‍ എന്നീ അതിര്‍ത്തി
ജില്ലകളിലൂടെ ഒഴുകി രവി പാക്കിസ്ഥാനില്‍ പ്രവേശിക്കുന്നു. പിന്നീട് ചിനാബുമായി
കൂടിച്ചേര്‍ന്ന് സിന്ധുവിലേക്കെത്തുന്നു. പാക്കിസ്ഥാനിലെ പ്രധാന നഗരമായ ലഹോര്‍
സ്ഥിതിചെയ്യുന്നത് രവിനദിയുടെ കരയിലാണ്.
സത്ലജ്:
സിന്ധു നദിയുടെ ഏറ്റവും വലിയ പോഷക നദിയാണ് സത്ലജ്. ഏതാണ്ട് 1,500 കിലോമീറ്റര്‍ നീളമുള്ള സത്ലജ് നദി
ടിബറ്റിലെ രക്ഷസ്താള്‍ തടാകത്തില്‍ ഉദ്ഭവിച്ച് ഹിമാചല്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ
ഒഴുകി പാക്കിസ്ഥാനില്‍ ചെല്ലുന്നു. പഞ്ചാബില്‍വച്ച് ബിയാസ് നദിയും
പാക്കിസ്ഥാനില്‍ ചിനാബും ഇതിനോടുചേരുന്നു. പിന്നീടിവ പഞ്ച്നദ് എന്ന പേരിലൊഴുകി
സിന്ധുവില്‍ പതിക്കുന്നു.
ബിയാസ്:
സത്ലജുമായി ചേർന്നൊഴുകി സിന്ധുവിൽ പതിക്കുന്ന ബിയാസ് നദി ഹിമാചൽ പ്രദേശിലെ
റോഹ്താങ് പാസിൽനിന്ന് ഉദ്ഭവിക്കുന്നു. പിന്നീട് തെക്കോട്ടൊഴുകി കുളു താഴ്വര
പിന്നിട്ട് ഒടുവിൽ പഞ്ചാബിൽവച്ച് സത്ലജുമായി കൂടിച്ചേരുന്ന ഈ നദിയുടെ ആകെ നീളം 470 കിലോമീറ്റർ. പൂർണമായും ഇന്ത്യയിലൂടെ
ഒഴുകുന്ന നദിയാണിത്. 2018 മേയിൽ ഉണ്ടായ
രാസമലിനീകരണത്തെത്തുടര്‍ന്ന് ബിയാസ് നദിയിലെ ധാരാളം മീനുകള്‍ നശിച്ചിരുന്നു. 'ഇന്‍ഡസ് ഡോൾഫിൻ' എന്നയിനം ഡോൾഫിനുകളെ ഈ നദിയിൽ
കണ്ടെത്തിയിട്ടുണ്ട്.
പ്രാചീന
നാമങ്ങളും ഗ്രീക്ക് നാമങ്ങളും
■ സത്ലജ് - ശതദ്രു - ഹെസിഡ്രോസ്
■ ഝലം - വിതാസ്ത - ഹൈഡാസ്പെസ്
■ ചിനാബ് - അസ്കിനി - എസസൈൻസ്
■ ബിയാസ് - വിപാസ - ഹൈഫസിസ്
■ രവി - പരുഷ്നി/ഐരാവതി - ഹൈഡ്രോറ്റിസ്
ഗംഗ
നദി (Ganga
River)
ഇന്ത്യയുടെ
ദേശീയനദിയാണ് ഗംഗ. ഭാരതീയ വിശ്വാസമനുസരിച്ച് ഗംഗ പുണ്യനദിയും ദേവിയുമാണ്.
ഹിമാലയത്തിലെ "ഗംഗോത്രി" ഹിമപാടത്തിലെ പ്രസിദ്ധമായ ഗായ്‌മുഖ് ഗുഹയിൽ
(ഉത്തരാഖണ്ഡ് ) നിന്നാണ് ഗംഗയുടെ ഉദ്ഭവം. ബദരീനാഥിൽ നിന്ന് ഉദ്ഭവിക്കുന്ന അളകനന്ദ, ഗംഗോത്രിയിൽ നിന്ന് ഉദ്ഭവിക്കുന്ന
ഭാഗീരഥി എന്നീ രണ്ടു നദികൾ ചേർന്നാണ് ഗംഗ രൂപം കൊള്ളുന്നത്. ഈ നദികൾ ഉത്തരാഖണ്ഡിലെ
ദേവപ്രയാഗിൽവച്ച് ഒന്നിച്ച് ഗംഗയായി മാറുന്നു. ഹിമാലയത്തിലൂടെ കിലോമീറ്ററുകൾ ഒഴുകി
തീർത്ഥാടനകേന്ദ്രമായ ഹരിദ്വാറിലൂടെ ഗംഗാസമതലത്തിലേക്ക് എത്തുന്ന ഗംഗ അവസാനം
ബംഗ്ലാദേശിലൂടെ ഒഴുകിയാണ് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്. ഏറ്റവും അധികം
പോഷകനദിയുള്ള ഇന്ത്യൻ നദിയാണ് ഗംഗ. പോഷകനദികളെ ഇടത്, വലത് കൈവഴികളായി തിരിച്ചിരിക്കുന്നു. സോൺ, യമുന, ദാമോദർ എന്നിവയാണ് ഗംഗയുടെ
വലതുകരയിലുള്ള പ്രധാന പോഷക നദികൾ. രാംഗംഗ, ഗോമതി, ഗാഘ്ര, ഗന്ധകി, കോസി, മഹാനന്ദ, രപ്തി എന്നിവയാണ് ഗംഗയുടെ
ഇടതുകരയിലുള്ള പോഷകനദികൾ.
ഗംഗ
നദിയുടെ പോഷകനദികൾ (Tributaries
of Ganga River)
ഏറ്റവുമധികം
പോഷകനദികളുള്ള ഇന്ത്യന്‍ നദിയാണ് ഗംഗ. ഭാഗീരഥി, അളകനന്ദ, മന്ദാകിനി, ധൗളിഗംഗ, പിണ്ഡാര്‍, യമുന, ദാമോദർ, രാംഗംഗ, ഗോമതി, മഹാനന്ദ, രപ്തി, സോന്‍, ഘാഘ്ര, കോസി, ഗന്ധക് എന്നിവയാണ് ഇവയില്‍ പ്രധാനം.
പോഷകനദികളെ ഇടത്,
വലത് കൈവഴികളായി
തിരിച്ചിരിക്കുന്നു. അഞ്ച് നദികള്‍ അളകനന്ദയുമായി ചേരുന്ന ഭാഗങ്ങളാണ് പഞ്ച്
പ്രയാഗ് എന്നറിയപ്പെടുന്നത്. ഇതില്‍ ദേവപ്രയാഗ് എന്ന അവസാന സ്ഥലത്തുവച്ചാണ്
ഭാഗീരഥിയും അളകനന്ദയും ചേര്‍ന്ന് ഗംഗയാകുന്നത്.
ഗംഗയുടെ
വലത് കൈവഴികൾ
യമുന:
പുരാണങ്ങളിൽ കാളിന്ദി എന്ന് പറയപ്പെടുന്ന പുണ്യനദിയാണ് യമുന. ഈ നദി ഉത്തരാഖണ്ഡിലെ യമുനോത്രിയിൽനിന്നും
ഉദ്ഭവിച്ച് അലഹബാദിലുള്ള ത്രിവേണി സംഗമത്തിൽ വച്ച് ഗംഗയിൽ ചേരുന്നു. യമുനയുടെ
മൂന്ന് പ്രധാന കൈവഴികളാണ് ചമ്പൽ,
ബെറ്റ്വ, സിന്ധ്. ഇവ മൂന്നും മധ്യപ്രദേശിൽ
ഉദ്ഭവിക്കുന്നു. 1376 കിലോമീറ്ററാണ് യമുന നദിയുടെ
നീളം.
സോൺ:
മധ്യപ്രദേശിലെ അമർകാന്തക് പീഠഭൂമിയിൽ നിന്നാണ് സോൺ നദിയുടെ ഉദ്ഭവം. 784 കിലോമീറ്റർ നീളമുള്ള ഈ നദി ബിഹാറിലെ
പട്നയ്ക്ക് സമീപത്തുവച്ച് ഗംഗയുമായി ചേരുന്നു. അമർകാന്തക് പീഠഭൂമിക്ക് മുകളിലായി
മനോഹരമായ ഒരു വെള്ളച്ചാട്ടവും ഈ നദിയിലുണ്ട്.
ദാമോദർ:
'ബംഗാളിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദിയാണ് ദാമോദർ.
ഒരുപാട് വെള്ളപ്പൊക്കങ്ങൾക്ക് കാരണമായിട്ടുള്ളതു കൊണ്ടാണ് ഇങ്ങനെയൊരു വിശേഷണം.
ജാർഖണ്ഡിലെ ഛോട്ടാനാഗ്പൂർ പീഠഭൂമിയിൽ നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്. അവിടെനിന്ന്
പശ്ചിമ ബംഗാളിലേക്കൊഴുകുന്ന ദാമോദർ ഹുഗ്ലി നദിയുമായി ചേരുന്നു. 592 കിലോമീറ്ററാണ് ഈ നദിയുടെ നീളം.
ഗംഗയുടെ
ഇടത് കൈവഴികൾ
രാംഗംഗ:
ഉത്തരാഖണ്ഡിലെ ഗാർവാളിൽനിന്ന് ഉദ്ഭവിക്കുന്ന നദിയാണ് രാംഗംഗ. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഈ
നദിക്ക് 596 കിലോമീറ്റർ നീളമുണ്ട്.
ഉത്തർപ്രദേശിലെ കനൗജ് എന്ന സ്ഥലത്തിനടുത്തുവച്ച് രാംഗംഗ ഗംഗാനദിയുമായി കൂടിച്ചേരുന്നു.
ഉത്തരാഖണ്ഡിലാണ് രാംഗംഗ ഡാം സ്ഥിതി ചെയ്യുന്നത്.
ഗോമതി:
വടക്കൻ ഉത്തർപ്രദേശിൽനിന്ന് ഉദ്ഭവിക്കുന്ന ഗോമതി ഉത്തർപ്രദേശിലൂടെ മാത്രം ഒഴുകുന്ന
നദിയാണ്. ലക്‌നൗ നഗരം ഈ നദിക്കരയിൽ സ്ഥിതി ചെയ്യുന്നു. 900 കിലോമീറ്റർ നീളമുള്ള ഗോമതി
വാരാണാസിക്കടുത്ത് വച്ചാണ് ഗംഗയിൽ ചേരുന്നത്.
ഘാഘ്ര:
'പുണ്യപര്‍വതത്തില്‍നിന്നുള്ള
വിശുദ്ധജലം' എന്നാണ് ഘാഘ്ര എന്ന പേരിനര്‍ഥം.
1080 കിലോമീറ്റര്‍ നീളമുള്ള ഘാഘ്ര
ടിബറ്റില്‍ ഉദ്ഭവിച്ച് നേപ്പാൾ വഴി ഉത്തര്‍പ്രദേശിലെത്തുന്നു. ഉത്തര്‍പ്രദേശിലെ
ബ്രഹ്മഘട്ടില്‍വെച്ച് ശാരദ നദിയുമായി ചേരുന്ന ഈ നദി ബിഹാറില്‍ വച്ചാണ് ഗംഗയുമായി
കൂടിച്ചേരുന്നത്.
മഹാനന്ദ:
പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ നിന്ന് തുടങ്ങുന്ന നദിയാണ് മഹാനന്ദ.
ബംഗ്ലാദേശിൽ വച്ച് ഇത് ഗംഗയുമായി കൂടിച്ചേരുന്നു.
ഗണ്‍ഡക്:
ഹിമാലയത്തെക്കാള്‍ പഴക്കുമുള്ള നദിയാണ് ഗണ്‍ഡക്. 630 കിലോമീറ്റര്‍ നീളമുള്ള ഈ നദി
ടിബറ്റില്‍ നേപ്പാൾ അതിര്‍ത്തിക്കു സമീപത്തുനിന്ന് ഉദ്ഭവിക്കുന്നു. നാരായണി
എന്നും ഗണ്‍ഡകി എന്നുമൊക്കെ ഇതിന് പേരുകളുണ്ട്. നേപ്പാളിൽനിന്ന് ഹിമാലയത്തിലൂടെ
ഇന്ത്യയിലെത്തുന്ന ഗണ്‍ഡക് ബിഹാറിൽ വച്ച് ഗംഗയുമായി ചേരുന്നു.
കോസി:
'ബിഹാറിന്റെ ദുഃഖം' എന്നാണ് കോസി നദി അറിയപ്പെടുന്നത്.
ടിബറ്റില്‍നിന്ന് ഉദ്ഭവിക്കുന്ന കോസി ചില സ്ഥലത്ത് സപ്തകോശി എന്നും
അറിയപ്പെടുന്നു. 729 കിലോമീറ്റര്‍ നീളമുള്ള ഈ നദി
വടക്കന്‍ ബിഹാറിലൂടെ ഒഴുകിയാണ് ഗംഗയില്‍ ചേരുന്നത്.
രപ്തി:
നേപ്പാളില്‍നിന്ന് ഉദ്ഭവിക്കുന്ന നദിയാണ് രപ്തി. ഈ നദി ഉത്തര്‍പ്രദേശിലെ അവധ്, പൂർവാഞ്ചൽ മേഖലകളിലൂടെ കടന്ന് ഘാഘ്ര
നദിയുമായി കൂടിച്ചേരുന്നു.
ബ്രഹ്മപുത്ര
നദി (Brahmaputra
River)
ഏഷ്യയിലെ
വമ്പൻ നദികളിലൊന്നാണ് ബ്രഹ്മപുത്ര. ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന്
രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ നദി ടിബറ്റിലെ മാനസസരോവർ തടാകത്തിനു സമീപത്തുനിന്നാണ്
ഉദ്ഭവിക്കുന്നത്. ഹിമാലയത്തിന്റെ ചെരിവുകളിലൂടെ ഒഴുകി അരുണാചൽ പ്രദേശും അസമും
കടന്ന് പടിഞ്ഞാറോട്ട് ഒഴുകുന്ന ബ്രഹ്മപുത്ര ബംഗ്ലാദേശിൽ എത്തിച്ചേരുന്നു.
അവിടെവച്ച് പദ്‌മ (ഗംഗ) നദിയുമായി കൂടിച്ചേരുന്ന ബ്രഹ്മപുത്ര ഒടുവിൽ മേഘ്ന എന്ന
നദിയുമായി ചേർന്ന് ആ പേരിൽ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. ഏകദേശം 2900 കിലോമീറ്റർ നീളമുള്ള ബ്രഹ്മപുത്രയുടെ 916 കിലോമീറ്റർ മാത്രമാണ് ഇന്ത്യയിലൂടെ
ഒഴുകുന്നത്. വലുതും ചെറുതുമായ ഒട്ടേറെ പോഷകനദികൾ ബ്രഹ്മപുത്രയ്ക്കുണ്ട്. ലോഹിത്, ദിബാങ്, കാമോങ്, ധനുശ്രീ, ടീസ്റ്റ, മനാസ്, സുബൻസിരി എന്നിവയാണ് ബ്രഹ്മപുത്രയുടെ
പ്രധാനപ്പെട്ട പോഷകനദികൾ. ഓരോ നാട്ടിലും ഓരോ പേരാണ് ബ്രഹ്മപുത്രയ്ക്ക്. ടിബറ്റിൽ 'സാങ്‌പോ' എന്നും അരുണാചൽ പ്രദേശിൽ 'ഡിഹാങ്' എന്നും 'സിയാങ്' എന്നും ഇതറിയപ്പെടുന്നു. അസമിൽ
എത്തുമ്പോഴാണ് ബ്രഹ്മപുത്ര എന്ന പേര് കിട്ടുന്നത്. ബംഗ്ലാദേശിൽ ജമുന എന്നാണ്
ബ്രഹ്മപുത്ര അറിയപ്പെടുന്നത്.
യമുന
നദി (Yamuna
River)
പുരാണങ്ങളിൽ
കാളിന്ദി എന്നറിയപ്പെടുന്ന പുണ്യനദിയാണ് യമുന. ജമുന എന്നും പേരുള്ള ഈ നദി
ഉത്തരാഖണ്ഡിലെ ഉത്തർ കാശിയിലുള്ള യമുനോത്രിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. അലഹബാദിലുള്ള
ത്രിവേണി സംഗമത്തിൽ വച്ച് യമുന ഗംഗയിൽ ചേരുന്നു. ഈ പ്രദേശം പ്രയാഗ് എന്നാണ്
അറിയപ്പെടുന്നത്. ഡൽഹി,
മഥുര, ആഗ്ര തുടങ്ങിയ ഉത്തരേന്ത്യൻ
നഗരങ്ങളിലൂടെ കടന്നുപോകുന്ന യമുന നേരിട്ട് കടലിൽ പതിക്കാത്ത ഇന്ത്യൻ നദികളിൽ
ഏറ്റവും നീളം കൂടിയതാണ്. 1376 കിലോമീറ്ററാണ് യമുനയുടെ നീളം.
യമുനയുടെ
പോഷക നദികൾ
യമുനയുടെ
മൂന്ന് പ്രധാന കൈവഴികളാണ് ചമ്പൽ,
സിന്ധ്, ബെറ്റവ അഥവാ ബെത്രാവതി എന്നിവ. ഇവ
മൂന്നും മധ്യപ്രദേശിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. ഏറ്റവും നീളമുള്ള കൈവഴിയായ ചമ്പൽ
ഉത്തർപ്രദേശിൽ വച്ച് യമുനയുമായി കൂടിച്ചേരുന്നു. ഉത്തർപ്രദേശിലെ ഇറ്റാവയിൽ വച്ചാണ്
സിന്ധ് യമുനയിൽ ചേരുന്നത്. കെൻ നദിയാണ് യമുനയുടെ മറ്റൊരു പ്രധാന പോഷകനദി.
ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ വച്ച് ഇത് യമുനയുമായി ചേരുന്നു.
ഉപദ്വീപീയ
നദികൾ (Peninsular
Rivers in India)
വിന്ധ്യ
- സത്പുര മലനിരകൾ,
ഛോട്ടാ നാഗ്പുർ
പീഠഭൂമി, പശ്ചിമഘട്ടം എന്നിങ്ങനെയുള്ള
ഇന്ത്യയുടെ ഉപദ്വീപീയ മേഖലയിൽനിന്നുദ്ഭവിക്കുന്നവയാണ് പെനിൻസുലാർ നദികൾ. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, നർമദ, താപ്തി, ലൂണി എന്നിവയാണ് ഇന്ത്യയിലെ പ്രധാന
ഉപദ്വീപീയ നദികൾ. ഹിമാലയൻ നദികളെക്കാൾ മുൻപ് രൂപംകൊണ്ട ഇവയിൽ മഴക്കാലത്താണ്
സമൃദ്ധമായ ജലസമ്പത്തുണ്ടാവുക. ഈ നദികളിലെ നീരൊഴുക്ക് പൂർണമായും മഴയെ ആശ്രയിച്ചായതിനാൽ
വേനൽക്കാലത്ത് വെള്ളം വളരെ കുറവായിരിക്കും. നർമദ, താപ്തി, ലൂണി എന്നിവയൊഴികെ ബാക്കി എല്ലാ പ്രധാന
ഉപദ്വീപീയ നദികളും കിഴക്ക് ബംഗാൾ ഉൾക്കടലിലാണ് അവസാനിക്കുന്നത്. നർമദയും താപ്തിയും
പടിഞ്ഞാറ് അറബിക്കടലിൽ പതിക്കുന്നു. ഹിമാലയൻ നിരപ്പിൽനിന്ന് പെനിൻസുലാർ പീഠഭൂമിയുടെ
വടക്കുഭാഗം താണപ്പോൾ ഉണ്ടായ ചരിവാണ് നർമദ, താപ്തി നദികൾ പടിഞ്ഞാറേക്കൊഴുകാൻ
കാരണം. പെനിൻസുലാർ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറുനിന്ന് തെക്കുപടിഞ്ഞാറേക്കുള്ള
ചരിവാണ് മറ്റുള്ളവയെ കിഴക്കോട്ടൊഴുകുന്നത്. ഭാരതപ്പുഴ, സബർമതി, ധൻധർ, മാഹി, പാലാർ, വൈഗൈ, ശരാവതി, കാളി നദി, താമിരബരണി, നേത്രാവതി, പെന്ന, ബ്രാഹ്മണി, ബൈതരണി, സുബർണരേഖ തുടങ്ങിയവയാണ് മറ്റ് പ്രധാന
ഉപദ്വീപീയ നദികൾ.
ഗോദാവരി
നദി (Godavari
River)
ഉപദ്വീപീയ
നദികളിൽ ഏറ്റവും വലുതും ഇന്ത്യയിലെ നീളമേറിയ നദികളിൽ രണ്ടാമത്തേതുമാണ് ഗോദാവരി. 1465 കിലോമീറ്റർ നീളമുള്ള ഈ നദി 'ദക്ഷിണഗംഗ', വൃദ്ധഗംഗ എന്നീ പേരുകളിലൊക്കെ
അറിയപ്പെടുന്നു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ നിന്ന് ഉദ്ഭവിക്കുന്ന ഗോദാവരി
മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ
ഒഴുകി അവസാനം ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.
ഗോദാവരി
നദിയുടെ പോഷകനദികൾ
വാർധ:
സത്പുര മലനിരകളുടെ തെക്ക് മഹാദേബോ കുന്നുകളുടെ താഴെ നിന്ന് തുടങ്ങുന്ന വാർധ
ഗോദാവരിയുടെ പ്രധാന പോഷകനദിയായ വെയ്ൻഗംഗയിലേക്ക് ഒഴുകിച്ചേരുന്നു.
പൂർണ:
മഹാരാഷ്ട്രയിലെ അജന്ത മലനിരകളിൽ നിന്നാണ് പൂർണ ഉദ്ഭവിക്കുന്നത്. 373 കിലോമീറ്റർ നീളമുള്ള ഈ നദി
നാൻദേബിൽവച്ച് ഗോദാവരിയുമായി ചേരുന്നു.
പെൻഗംഗയും
മാനെറും: അജന്ത മലനിരകളിൽനിന്ന് തുടങ്ങി മഹാരാഷ്ട്രയുടെ കിഴക്കൻ പ്രദേശത്തുകൂടി
ഒഴുകി വാർധ നദിയിൽ ചേരുന്ന നദിയാണ് പെൻഗംഗ. വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന ഈ നദിയിലൂടെ
ഗതാഗതം ബുദ്ധിമുട്ടാണ്. അജന്ത മലനിരകളിൽനിന്നുതന്നെ തുടങ്ങുന്ന മറ്റൊരു നദിയാണ് മാനെർ
ഇതും ഗോദാവരിയുടെ പോഷകനദിയാണ്.
വെയ്ൻഗംഗ:
മധ്യപ്രദേശിൽ നിന്ന് ഉദ്ഭവിക്കുന്ന വെയ്ൻഗംഗ ഗോദാവരിയുടെ മറ്റൊരു പ്രധാന
പോഷകനദിയാണ്. വാർധ നദിയുമായി കൂടിച്ചേർന്ന് മഹാരാഷ്ട്ര-തെലുങ്കാന അതിർത്തിയിലൂടെ
തെക്കോട്ട് ഒഴുകിയാണ് ഈ നദി ഗോദാവരിയുമായി കൂടിച്ചേരുന്നത്. വെയ്ൻഗംഗ വാർധയുമായി
ചേർന്നുകഴിഞ്ഞാൽ പ്രണഹിത എന്നാണ് അറിയപ്പെടുന്നത്.
ഇന്ദ്രാവതി:
ഒഡീഷയിൽ നിന്നാണ് ഇന്ദ്രാവതി നദിയുടെ തുടക്കം. ഒഡീഷയിൽ നിന്ന് പടിഞ്ഞാറോട്ടൊഴുകി
ഛത്തീസ്‌ഗഡിലൂടെ കടന്നുപോകുന്ന ഇന്ദ്രാവതി തെലുങ്കാന-മഹാരാഷ്ട്ര-ഛത്തീസ്ഗഡ്
അതിർത്തികളിൽ വച്ച് ഗോദാവരിയുമായി കൂടിച്ചേരുന്നു. ഛത്തീസ്ഗഡിലെ ബസ്താർ ജില്ലയുടെ 'ഓക്സിജൻ ബെൽറ്റ്' എന്നാണ് ഇന്ദ്രാവതി നദി
അറിയപ്പെടുന്നത്.
ശബരി:
ഒഡീഷയിൽ ഉദ്ഭവിച്ച്,
ഒഡീഷ-ഛത്തീസ്ഗഢ്
അതിർത്തിയിലൂടെ ഒഴുകി ആന്ധ്രാപ്രദേശിൽ വച്ച് ഗോദാവരിയുമായി ചേരുന്ന നദിയാണ് ശബരി.
ആന്ധ്രാപ്രദേശിൽനിന്ന് തുടങ്ങുന്ന സിലെരു നദി ശബരിയുടെ പ്രധാന പോഷകനദിയാണ്.
മഞ്ജീര:
ഗോദാവരി നദിയുടെ വലതുഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന പോഷകനദികളിൽ ഏറ്റവും
പ്രധാനപ്പെട്ടതാണ് മഞ്ജീര. മഹാരാഷ്ട്രയിൽ നിന്ന് ഉദ്ഭവിച്ച് തെക്കുകിഴക്ക്
ദിശയിലേക്ക് ഒഴുകുന്ന ഈ നദി തെലങ്കാനയിൽ എത്തുമ്പോൾ വടക്കോട്ട് തിരിഞ്ഞ്
മഹാരാഷ്ട്ര-തെലുങ്കാന അതിർത്തിയായ കരിംനഗറിൽവച്ച് ഗോദാവരിയുമായി കൂടിച്ചേരുന്നു.
കൃഷ്ണ
നദി (Krishna
River)
മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ
പ്രധാന ജലസ്രോതസ്സാണ് കൃഷ്ണ നദി. മഹാരാഷ്ട്രയിൽ സഹ്യപർവതത്തിനടുത്തുള്ള
മഹാബലേശ്വറിലെ ജലധാരയിൽ നിന്നാണ് ഈ നദിയുടെ തുടക്കം. ഏറ്റവും വലിയ രണ്ടാമത്തെ
ഉപദ്വീപീയ നദിയായ കൃഷ്ണയ്ക്ക് ഏതാണ്ട് 1300
കിലോമീറ്റർ നീളമുണ്ട്. ദൂതഗംഗ,
പഞ്ചഗംഗ, വർണ, കൊയ്‌ന, ഭീമ, മുസി തുടങ്ങിയവയാണ് പ്രധാന പോഷകനദികൾ.
കൃഷ്ണവേണി എന്നും പേരുള്ള കൃഷ്ണ നദിയിലാണ് പ്രശസ്തമായ നാഗാർജുനസാഗർ ഡാം
നിർമിച്ചിരിക്കുന്നത്.
ദൂതഗംഗ:
മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ നിന്ന് ഉത്ഭവിക്കുന്ന ദൂതഗംഗ കർണാടകയിലെ കോലാപ്പൂർ, ബെൽഗാം ജില്ലകളിലൂടെ ഒഴുകി കൃഷ്ണയിൽ
എത്തുന്നു.
പഞ്ചഗംഗ:
കസാരി, കുംബി, തുൾസി, ഭോഗവതി എന്നീ നദികളുടെ സംഗമമാണ്
മഹാരാഷ്ട്രയിലെ പഞ്ചഗംഗ നദി. മഹാരാഷ്ട്രയിൽവച്ച് ഇത് കൃഷ്ണയുമായി ചേരുന്നു.
കൊയ്‌ന
നദി: മഹാരാഷ്ട്രയുടെ "ജീവനാഡി" എന്നറിയപ്പെടുന്ന നദിയാണ് കൊയ്‌ന.
മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ ഉദ്ഭവിക്കുന്ന ഈ നദി തെക്കോട്ടൊഴുകി
കർണാടകത്തിലെത്തുന്നു. മഹാരാഷ്ട്ര-കർണാടക അതിർത്തിയ്ക്കടുത്തുവച്ചാണ് ഇത് കൃഷ്ണയിൽ
ചേരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ 'കൊയ്‌ന ജലവൈദ്യുത പദ്ധതി' ഈ നദിയിലാണ്.
ഭീമ:
മഹാരാഷ്ട്രയിലെ പൂണെയ്ക്കടുത്തുള്ള ഭീമശങ്കറിൽ നിന്നാണ് 861 കിലോമീറ്റർ നീളമുള്ള ഭീമ നദിയുടെ
ഉദ്ഭവം. വടക്കുകിഴക്കേ ദിശയിൽ ഒഴുകുന്ന ഭീമ കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലൂടെ
ഒഴുകിയ ശേഷം കൃഷ്ണ നദിയുമായി കൂടിച്ചേരുന്നു.
മുസി:
കൃഷ്ണയുടെ പ്രധാന പോഷകനദിയാണ് മുസി. ഇതിന്റെ കരയിലാണ് ഹൈദരാബാദ് നഗരം സ്ഥിതിചെയ്യുന്നത്.
ആന്ധ്രയിൽവച്ച് മുസി കൃഷ്ണയിൽ ചേരുന്നു. ഹിമയത് സാഗർ, ഒസ്മാൻ സാഗർ എന്നീ കൃതിമ തടാകങ്ങൾ ഈ
നദിയിലെ വെള്ളം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
മാലപ്രഭ, തുംഗഭദ്ര: കൃഷ്ണ നദിയുടെ
വലതുഭാഗത്തുള്ള പ്രധാന പോഷകനദികളാണ് മാലപ്രഭ, തുംഗഭദ്ര എന്നിവ. കർണാടകയിലെ ബെൽഗാം
ജില്ലയിൽനിന്നാണ് മാലപ്രഭ ഉദ്ഭവിക്കുന്നത്. അവിടെനിന്ന് കിഴക്കോട്ട് ഒഴുകി
ബാഗാൽകോട്ട് ജില്ലയിൽവച്ച് ഇത് കൃഷ്ണയുമായി കൂടിച്ചേരുന്നു. തുംഗ, ഭദ്ര എന്നീ രണ്ടു നദികളായിട്ടാണ്
തുംഗഭദ്രയുടെ തുടക്കം. ഇവ രണ്ടും ഒരുമിച്ച് കിഴക്കോട്ടൊഴുകി ആന്ധ്രാപ്രദേശിൽവച്ച്
കൃഷ്ണയുമായി ചേരുന്നു.
കാവേരി
നദി (Kaveri
River)
കർണാടക
- തമിഴ്‌നാട് ജലതർക്കത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നദിയാണ് കാവേരി.
കർണാടകയിലെ കുടക് ജില്ലയിൽ ബ്രഹ്മഗിരി കുന്നിലുള്ള തലക്കാവേരിയാണ് ഈ നദിയുടെ
ഉദ്ഭവസ്ഥാനം. കർണാടക,
തമിഴ്‌നാട് എന്നീ
സംസ്ഥാനങ്ങളിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിലെത്തുന്ന കാവേരി ഇവിടങ്ങളിലെ കൃഷിക്കുള്ള
പ്രധാന ജലസ്രോതസ്സാണ്. 765 കിലോമീറ്റർ നീളമുള്ള കാവേരി
മറ്റ് ഉപദ്വീപീയ നദികളിൽനിന്ന് വ്യത്യസ്തമായി വർഷം മുഴുവൻ ജലസമ്പത്തുള്ള നദിയാണ്.
വേനലിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മൂലം നദിയുടെ മുകൾ ഭാഗത്ത് മഴ ലഭിക്കുന്നതും മറ്റു
സമയത്ത് വടക്കുകിഴക്കൻ മൺസൂൺ മൂലം താഴെ ഭാഗത്ത് മഴ ലഭിക്കുന്നതാണ് കാരണം.
പ്രശസ്തമായ ഹൊഗനക്കൽ വെള്ളച്ചാട്ടം, കൃഷ്ണസാഗർ
ഡാം എന്നിവയൊക്കെ കാവേരിയിലാണ്. കബനി, ഭവാനി, അമരാവതി, പാമ്പാർ, ലക്ഷ്മണതീർത്ഥം, അർക്കാവതി, നോയൽ എന്നിവയാണ് കാവേരി നദിയുടെ പ്രധാന
പോഷകനദികൾ.
മഹാനദി
(Mahanadi
River)
ഛത്തീസ്‌ഗഡിലെ
റായ്‌പൂർ ജില്ലയിലെ സിഹാവ മലനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന നദിയാണ് മഹാനദി. ഛത്തീസ്‌ഗഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലൂടെ 857 കിലോമീറ്റർ ദൂരം ഒഴുകുന്ന ഈ നദി
അവസാനം ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. പണ്ട് വെള്ളപ്പൊക്കങ്ങൾ മൂലം കുപ്രസിദ്ധി
നേടിയ നദിയാണ് മഹാനദി. പിന്നീട് ഈ നദിയിൽ ഹിരാക്കുഡ് ഡാം നിർമിച്ചതോടെ സ്ഥിതി
മാറി. മണ്ണുകൊണ്ട് നിർമിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡാം ആണിത്. ഷിയോനാഥ്, ഹസ്ദോ, ഇബ്, ടെൽ എന്നിവയൊക്കെയാണ് മഹാനദിയുടെ
പ്രധാന പോഷകനദികൾ. ഒഡിഷയിലെ കട്ടക് നഗരം ഈ നദീതീരത്ത് സ്ഥിതിചെയ്യുന്നു. കട്ടക്കിൽ
എത്തുമ്പോൾ മഹാനദി കത്ജോഡി എന്ന മറ്റൊരു കൈവരിയായി തിരിയും. ഇത് വീണ്ടും പലതായി
പിരിഞ്ഞ് അവസാനം ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. മഹാനദി, ബൈത്രൈണി, ബ്രാഹ്മണി എന്നീ നദികൾ ചേർന്ന്
കട്ടക്കിനടുത്തുള്ള ഫാൾസ് പോയിന്റിൽ രൂപീകരിക്കുന്ന ഡെൽറ്റ ഇന്ത്യയിലെ ഏറ്റവും
വലിയ ഡെൽറ്റകളിൽ ഒന്നാണ്.
നർമ്മദാ
നദി (Narmada
River)
ഇന്ത്യയിലൂടെ
മാത്രം ഒഴുകുന്ന നദികളിൽ നീളത്തിൽ മൂന്നാം സ്ഥാനമുള്ള നദിയാണ് നർമദ. മധ്യപ്രദേശിലെ
അമർകാന്തക് പീഠഭൂമിയിൽനിന്ന് ഉദ്ഭവിക്കുന്ന നർമദ പടിഞ്ഞാറോട്ടൊഴുകി മഹാരാഷ്ട്രയും
ഗുജറാത്തും കടന്ന് അറബിക്കടലിന്റെ ഭാഗമായ ഖംഭത് ഉൾക്കടലിൽ പതിക്കുന്നു. ഏകദേശം 1312 കിലോമീറ്റർ നീളമുള്ള നർമദയെ
ഗുജറാത്തിന്റെയും മധ്യപ്രദേശത്തിന്റെയും ജീവരേഖ എന്ന് വിളിക്കുന്നു. മേധാ പട്കർ
നടത്തിയ പരിസ്ഥിതി സമരത്തിലൂടെ പ്രശസ്തമായ സർദാർ സരോവർ അണക്കെട്ട്
നർമദയിലാണുള്ളത്. ഷേർ,
ഷക്കർ, ദുധി, തവ, ഗൻജൽ, ഹിരൺ, ബർണർ, കോറൽ, ഉറി എന്നിവയൊക്കെയാണ് നർമദയുടെ
പ്രധാനപ്പെട്ട പോഷകനദികൾ.
നർമ്മദ
ബചാവോ ആന്ദോളൻ
രാജ്യത്തെ
ജനപങ്കാളിത്തമുള്ള ഏറ്റവും വലിയ രാഷ്ട്രീയേതര സംഘടനയാണ് നർമ്മദാ ബച്ചാവോ ആന്തോളൻ.
ഗുജറാത്തിലെ സർദാർ സരോവർ പദ്ധിതിക്കെതിരെ മേധാ പട്കർ രൂപീകരിച്ച സംഘടനയായിരുന്നു
അത്. 1985 ൽ മേധാ ആദ്യമായി നർമദ താഴ്വര
സന്ദർശിച്ചു. സർദാർ സരോവർ പദ്ധതി നടപ്പാക്കുമ്പോൾ വീടും കിടപ്പാടാവും
നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് മേധാ 1987 മുതൽ സമരത്തിലേർപ്പെട്ടു. പട്കർ 22 ദിവസം നീണ്ടുനിന്ന നിരാഹാരസത്യാഗ്രഹം
അനുഷ്ഠിക്കുകയും പ്രശ്നം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അണക്കെട്ട്
നിർമ്മിക്കുന്നതിനെതിരെ 1989 ൽ നർമ്മദ ബചാവോ ആന്ദോളൻ
(എൻ.ബി.എ) രൂപവത്കരിച്ചു. ഇതിന്റെ ഫലമായി പദ്ധതിക്കുവേണ്ടി എത്ര ഭൂമി ഗവൺമെന്റ്
ഏറ്റെടുക്കുന്നുവോ അത്രയും ഭൂമി പദ്ധതിബാധിതർക്ക് പകരം നൽകാമെന്നതിനെക്കുറിച്ച്
സംസ്ഥാന, കേന്ദ്രഗവൺമെന്റുകൾ വ്യക്തമായ
ഒരു നയം കൈകൊണ്ടു. 1991 ൽ എൻ.ബി.എ.യ്ക്ക് 'റൈറ്റ് ടു ലൈവ്ലിഹുഡ്' അവാർഡ് ലഭിച്ചു.
സരസ്വതി
നദി (Sarasvati
River)
ഹിമാചൽ
പ്രദേശിൽ ഉൾപ്പെടുന്ന ഹിമാലയപർവതനിരകളിൽ നിന്നും ഉത്ഭവിച്ച് തെക്കോട്ടും തുടർന്ന്
തെക്ക്-പടിഞ്ഞാറ് ദിശയിൽ രാജസ്ഥാനിലൂടെയും ഒഴുകിയിരുന്ന നദി. ഹിമാലയ പർവതരൂപീകരണ
പ്രക്രിയകളുടെ ഫലമായി ഈ നദി അപ്രത്യക്ഷമായി. ഉപഗ്രഹങ്ങളുടെ സഹായത്തോടെ നടത്തിയ
പഠനങ്ങൾ സൂചിപ്പിക്കുന്നത് സരസ്വതി നദി ഇന്നും ഭൂമിക്കടിയിലൂടെ ഒഴുകുന്നുവെന്നാണ്.
താപ്തി
നദി (Tapti
River)
മധ്യപ്രദേശിലെ
മുൾതായ് പ്രദേശത്തുനിന്നാണ് താപ്തി നദി ഉദ്ഭവിക്കുന്നത്. താപി എന്നും താപ്തി
നദിക്ക് പേരുണ്ട്. ചൂട് എന്നർഥമുള്ള താപം എന്ന വാക്കിൽനിന്നാണത്രേ നദിക്ക് ഈ പേര്
വന്നത്. 724 കിലോമീറ്റർ നീളമുള്ള താപ്തി
മധ്യപ്രദേശിൽ നിന്ന് പടിഞ്ഞാറോട്ട് ഒഴുകി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ കടന്ന്
അറബിക്കടലിൽ പതിക്കുന്നു. പൂർണ,
സുകി, ഗിർന, അനർ, ബേത്തൽ, പത്കി, ബോറി, പഞ്ച്ഹാര എന്നിവയാണ് താപ്തിയുടെ പ്രധാന
പോഷക നദികൾ.
ലൂണി
നദി (Luni
River)
രാജസ്ഥാനിലെ
ഏറ്റവും വലിയ നദിയാണ് ലൂണി. രാജസ്ഥാനിലെ അജ്മീറിനടുത്തുള്ള പുഷ്കർ തടാകത്തിന്
അടുത്തുനിന്നാണ് ഈ നദിയുടെ തുടക്കം. സാഗർമതി എന്ന് പേരുള്ള ഈ നദി രാജസ്ഥാനിലെ
ഗോവിന്ദ്ഗറിൽ വച്ച് സരസ്വതി നദിയുമായി കൂടിച്ചേരുന്നതോടെ ലൂണി ആകുന്നു.
ഗുജറാത്തിലെ റാൻ ഓഫ് കച്ചിലാണ് ഈ നദി ചെന്നുചേരുന്നത്.
Indian
Geography
ഉത്തര
പർവത മേഖല (Northern
Mountains of India)
ലഡാക്കിനു
വടക്കു പടിഞ്ഞാറ് മുതൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തി (അരുണാചൽ പ്രദേശ്) വരെയുള്ള
പ്രദേശങ്ങളിലാണ് ഉത്തരപർവതമേഖലയുടെ സ്ഥാനം. ജമ്മു - കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പുർ, അസം, മിസോറം, ത്രിപുര, മേഘാലയ, എന്നീ സംസ്ഥാനങ്ങളിൽ ഉത്തരപർവത മേഖല
വ്യാപിച്ചുകിടക്കുന്നു. ഉത്തരപർവതമേഖലയെ ആ മേഖലയിൽ സ്ഥിതി ചെയ്യുന്ന പർവതനിരകളുടെ
അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ട്രാൻസ് - ഹിമാലയൻ
നിരകൾ, ഹിമാലയൻ നിരകൾ, പൂർവാചൽ/കിഴക്കൻ മലനിരകൾ. ശരാശരി 9800 അടി ഉയരമുള്ള പീഠഭൂമിയായ
ട്രാൻസ്-ഹിമാലയൻ പ്രദേശം 'ടിബറ്റൻ ഹിമാലയം' എന്നറിയപ്പെടുന്നു. ഭൂമിശാസ്ത്രപരമായ
പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഹിമാലയൻ നിരകളെ സിവാലിക് ഹിൽസ്, ഹിമാചൽ (ലെസ്സർ ഹിമാലയ), ഹിമാദ്രി (ഗ്രേറ്റർ ഹിമാലയ) എന്നിങ്ങനെ
മൂന്ന് സമാന്തര പർവതനിരകളായി തരം തിരിച്ചിരിക്കുന്നു. ഹിമാലയത്തിലെ വലിയ
പർവതങ്ങൾക്കു സമാന്തരമായി നിലകൊള്ളുന്നതും പരമാവധി 3200 അടിയോളം ഉയരമുള്ളതുമായ കുന്നുകൾ
നിറഞ്ഞ പ്രദേശമാണ് സിവാലിക് ഹിൽസ്. ഇതിനേക്കാൾ ഉയരമുള്ളതും പരമാവധി 10800 അടിയോളം ഉയരമുള്ളതുമായ മലനിരകളാണ്
ഹിമാചൽ നിരകളിലുള്ളത്. എവറസ്റ്റ് പോലുള്ള വമ്പൻ പർവതങ്ങൾ നിറഞ്ഞ, ഹിമാലയത്തിന്റെ നട്ടെല്ലായ പർവത
മേഖലയാണ് ഹിമാദ്രി. നാഗാ കുന്നുകൾ (നാഗാലാന്റ്), മണിപ്പൂർ കുന്നുകൾ, ത്രിപുര കുന്നുകൾ, ഖാസി - ഗാരോ കുന്നുകൾ (മേഘാലയ)
തുടങ്ങിയവയാണ് ഉത്തരപർവത മേഖലയിലെ കിഴക്കൻ മലനിരകളിൽ (പൂർവച്ചാൽ) സ്ഥിതിചെയ്യുന്ന
പ്രധാന കുന്നുകൾ.
ട്രാൻസ്
ഹിമാലയൻ നിരകൾ (Trans
Himalayan Ranges)
ജമ്മു-കാശ്മീരിന്റെ
വടക്കും വടക്കുകിഴക്കുമായി സ്ഥിതിചെയ്യുന്ന പർവതമേഖലയാണ് ട്രാൻസ് ഹിമാലയം. ലഡാക്ക്, കാരക്കോറം, സസ്കർ എന്നീ പർവതനിരകൾ ഉൾപ്പെട്ടതാണ്
ട്രാൻസ് ഹിമാലയം. ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയായ മൗണ്ട് K2 (ഗോഡ്‌വിൻ ആസ്റ്റിൻ) കാരക്കോറം പർവത
നിരകളിലാണ്. ഗോഡ്‌വിൻ ആസ്റ്റിന്റെ ഉയരം 8661
മീറ്ററാണ്. ഇത് പാക് അധീന കശ്മീരിലാണ് സ്ഥിതിചെയ്യുന്നത്.
ഹിമാലയൻ
നിരകൾ (Himalayan
Ranges)
ലോകത്തിലെ
ഏറ്റവും ഉയരം കൂടിയ പർവതനിരയായ ഹിമാലയം, ഇന്ത്യയ്ക്കു
പുറമേ ചൈന, ഭൂട്ടാൻ, നേപ്പാൾ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലായാണ്
പരന്നുകിടക്കുന്നത്. പടിഞ്ഞാറ് സിന്ധു മുതൽ കിഴക്ക് ബ്രഹ്മപുത്ര വരെ ഏകദേശം 2400 കി.മീ ദൂരം ഹിമാലയം വ്യാപിച്ച്
കിടക്കുന്നു. കിഴക്കോട്ട് പോകുംതോറും ഹിമാലയത്തിന്റെ ഉയരവും വീതിയും
കുറഞ്ഞുവരുന്നു. ഹിമാലയ പർവതത്തിന്റെ വീതി കാശ്മീർ - ലഡാക്ക് ഭാഗത്ത് 400 കി.മീ ഉം അരുണാചൽ പ്രദേശിൽ 150 കി.മീ ഉം ആണ്. ഗ്രേറ്റർ ഹിമാലയം അഥവാ
ഹിമാദ്രി, ലെസ്സർ ഹിമാലയം അഥവാ ഹിമാചൽ, ഔട്ടർ ഹിമാലയം അഥവാ സിവാലിക്
എന്നിങ്ങനെ സമാന്തരങ്ങളായ മൂന്നു നിരകൾ ചേരുന്നതാണ് ഹിമാലയം. ഹിമാലയത്തിന്റെ
ഭാഗമായി വരുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ - ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, പശ്ചിമ ബംഗാൾ, മേഘാലയ, അസം, ത്രിപുര, മിസോറാം, മണിപ്പുർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്. ഹിമാലയത്തിന്റെ
ഭാഗമായി വരുന്ന ഇന്ത്യൻ കേന്ദ്രഭരണ പ്രദേശങ്ങൾ - ജമ്മു & കാശ്മീർ, ലഡാക്ക്.
ഹിമാദ്രി
(Himadri)
ഏറ്റവും
ഉയരമേറിയ പർവതനിരയാണ് ഹിമാദ്രി (ഹിമാലയം). ഇത് ഹിമാലയത്തിന്റെ നട്ടെല്ല്
എന്നറിയപ്പെടുന്നു. ഹിമാദ്രിയുടെ ഉപരിതലം ഗ്രാനൈറ്റാൽ നിർമ്മിതമാണ്.
ഹിമാലയത്തിന്റെ വടക്കൻ ഭാഗമായ ഹിമാദ്രിയിൽ നിരവധി കൊടുമുടികളുണ്ട്. ലോകത്തെ
ഉയരംകൂടിയ 10 കൊടുമുടികളിൽ ഒൻപതും
സ്ഥിതിചെയ്യുന്നത് ഹിമാദ്രിയിലാണ്. എവറസ്റ്റ്, കാഞ്ചൻജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങിയവ ഹിമാദ്രിയിലെ
കൊടുമുടികളാണ്.
ഹിമാദ്രിയിലെ
പ്രധാന കൊടുമുടികൾ
■ മൗണ്ട് എവറസ്റ്റ് (നേപ്പാൾ) - 8850 മീറ്റർ
■ കാഞ്ചൻജംഗ (ഇന്ത്യ) - 8586 മീറ്റർ
■ ലോത്സെ (നേപ്പാൾ) - 8516 മീറ്റർ
■ മകലു (നേപ്പാൾ) - 8481 മീറ്റർ
■ ദൗലാഗിരി (നേപ്പാൾ) - 8172 മീറ്റർ
■ നംഗ പർവതം (ഇന്ത്യ) - 8126 മീറ്റർ
■ അന്നപൂർണ്ണ (നേപ്പാൾ) - 8078 മീറ്റർ
■ നന്ദാദേവി (ഇന്ത്യ) - 7817 മീറ്റർ
■ കാമേത് (ഇന്ത്യ) - 7756 മീറ്റർ
■ നംചാബറുവ (ഇന്ത്യ) - 7756 മീറ്റർ
മൗണ്ട്
എവറസ്റ്റ് (Mount
Everest)
നേപ്പാളിൽ
“സാഗര്‍മാത" എന്നും
ടിബറ്റില്‍ 'ചോമോലുങ്മ' എന്നുമറിയപ്പെടുന്ന എവറസ്റ്റ്
കൊടുമുടി നേപ്പാളിലാണ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ
കൊടുമുടിയായ മൗണ്ട് എവറസ്റ്റിന്റെ ഉയരം 8,848 മീറ്ററാണ് (29,029 അടി). തുടക്കത്തില്‍, 'പീക്ക് XV' എന്നാണ് എവറസ്റ്റ് കൊടുമുടിക്കു നല്‍കിയിരുന്ന
പേര്. 1862-ല്‍ ബംഗാളില്‍നിന്നുള്ള സര്‍വേയറായ
രാധാനാഥ് സിക്ദറാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 'പീക്ക്-XV' ആണെന്ന് തിരിച്ചറിഞ്ഞത്. 1865-ല്‍ ഇന്ത്യയിലെ സര്‍വേയര്‍
ജനറലായിരുന്ന ആന്‍ഡ്രൂ വോയാണ് കൊടുമുടിക്ക് 'എവറസ്റ്റ്' എന്ന പേരുനല്‍കിയത്. ദീര്‍ഘകാലം ഇന്ത്യയില്‍
സര്‍വേയര്‍ ജനറലായിരുന്ന സര്‍ ജോര്‍ജ് എവറസ്റ്റിന്റെ സ്മരണാര്‍ഥമാണ്
കൊടുമുടിക്ക് ആ പേരുനല്‍കിയത്.
ടെൻസിങ്
നോർഗെ, എഡ്മണ്ട് ഹിലാരി എന്നിവർ
ചേർന്ന് എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയത്, 1953 മെയ് 29ന് പ്രാദേശിക സമയം രാവിലെ 11.30 നാണ്. ജോൺ ഹണ്ടിന്റെ നേതൃത്വത്തിലുള്ള
ഒൻപതാം ബ്രിട്ടീഷ് പര്യവേഷണ സംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. ടെൻസിങ് ജനിച്ചത്
നേപ്പാളിലാണെങ്കിലും ദീർഘകാലം കഴിഞ്ഞത് ഇന്ത്യയിലാണ്. ഹിലാരി ന്യൂസിലൻഡുകാരനാണ്.
എവറസ്റ്റിന്റെ നെറുകയിലെത്തിയ ആദ്യത്തെ വനിത, ജപ്പാൻകാരിയായ ജുങ്കോ താബേയാണ്; 1975 മെയ് 16നായിരുന്നു ഇത്. ആദ്യമായി ഇന്ത്യൻസംഘം
എവറസ്റ്റ് കീഴടക്കുന്നത് 1965ൽ ലഫ്റ്റനന്റ് കമാൻഡർ എം.എസ്.
കോഹ്‌ലിയുടെ നേതൃത്വത്തിലാണ്. ഈ സംഘത്തിലെ 9 പേർ എവറസ്റ്റിന്റെ നെറുകയിലെത്തി.
ബചേന്ദ്രിപാലാണ് എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത. 1984 മേയിലായിരുന്നു ഇത്.
കാഞ്ചൻജംഗ
കൊടുമുടി (Kanchenjunga
Peak)
ലോകത്തിലെ
ഏറ്റവും വലിയ മൂന്നാമത്തെ കൊടുമുടിയാണ് കാഞ്ചൻജംഗ. 8586 മീറ്റർ ഉയരമുള്ള ഈ പർവതം സിക്കിമിനും
നേപ്പാളിനും ഇടയ്ക്കായി സ്ഥിതിചെയ്യുന്നു. അഞ്ച് പർവതശിഖരങ്ങൾ ചേർന്നതാണ്
കാഞ്ചൻജംഗ. 'അഞ്ചു മഞ്ഞുനിധികൾ' എന്നാണ് ഈ പേരിന് അർഥം. 1955ൽ ചാൾസ് ഇവാൻസ് എന്ന ബ്രിട്ടീഷുകാരന്റെ
നേതൃത്വത്തിലുള്ള സംഘമാണ് ഈ പർവതം ആദ്യമായി കീഴടക്കിയത്.
ഗോഡ്വിൻ
ഓസ്റ്റിൻ (K2
/ Mount Godwin-Austen)
ലോകത്തിലെ
ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയാണ് കെ 2 (ഗോഡ്വിൻ ആസ്റ്റിൻ). 8611 മീറ്റർ ഉയരമുള്ള ഈ പർവതഭീമൻ കാരക്കോറം
മേഖലയിൽ ചൈന-പാക്കിസ്ഥാൻ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. 1856ൽ ടി.ജി.മോണ്ട്ഗോമെറി എന്ന ബ്രിട്ടീഷ്
കേണൽ ഈ പർവതം ആദ്യമായി സർവേ ചെയ്തു. 1902
മുതൽ ഈ കൊടുമുടി കീഴടക്കാൻ ശ്രമം തുടങ്ങിയെങ്കിലും 1954 ജൂലൈ 31ന് ഒരു ഇറ്റാലിയൻ പർവതാരോഹക സംഘമാണ്
വിജയിച്ചത്. പർവതാരോഹണത്തിന് ഏറ്റവും ദുർഘടമായ കൊടുമുടിയാണ് ഗോഡ്വിൻ ആസ്റ്റിൻ.
ഹിമാചൽ
(Himachal)
ഹിമാദ്രിക്കും
സിവാലിക്കിനും ഇടയിൽ സ്ഥിതിചെയ്യുന്ന പർവതനിരയാണ് ഹിമാചൽ. കാശ്മീർ, കുളു, കാംഗ്ര എന്നീ താഴ്വരകൾ ഈ മേഖലയിലാണ്.
സുഖവാസ കേന്ദ്രങ്ങളായ സിംല,
മസൂറി, നൈനിറ്റാൾ, അൽമോറ, ഡാർജിലിങ് എന്നിവയും ഹിമാചലിന്റെ
ഭാഗമാണ്. ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരം ഈ മേഖലയിലെ പ്രധാന ചുരമാണ്.
സിവാലിക്
(Sivalik)
ഹിമാലയൻ
നിരകളിൽ ഏറ്റവും തെക്കുഭാഗത്തുള്ള ഉയരം കുറഞ്ഞ മലനിരകളാണ് സിവാലിക് പർവതനിരകൾ.
സിവാലിക് പർവതനിരകൾക്ക് സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉയരം 1220 മീറ്ററാണ്. ഈ പർവതനിരയ്ക്കു ലംബമായി
കാണപ്പെടുന്ന വിസ്തൃതമായ താഴ്വരകളാണ് ഡൂണുകൾ.
ഹിമാനികൾ
(Glaciers)
'മഞ്ഞിന്റെ വീട്' എന്നാണ് ഹിമാലയം എന്ന വാക്കിനർഥം.
മഞ്ഞുപാളികൾ (Glaciers)
മൂടിയ മലനിരകളാണ്
ഹിമാലയത്തിലേത്. ഹിമാനികൾ എന്നാണ് ഇവയെ വിളിക്കാറ്. ഇന്ത്യയിൽ ഹിമാലയ മേഖലയിലാണ്
ഹിമാനികൾ കാണപ്പെടുന്നത്. ഹിമാലയത്തിൽ ഹിന്ദുകുഷ് കാരക്കോറം പർവതനിരകൾക്കും
പട്കായ് പർവത നിരകൾക്കുമിടയിലായി 15000
ത്തോളം ഗ്ലേസിയറുകൾ ഉണ്ടെന്നാണ് കണക്ക്. ഇവയെ പ്രധാനമായും ഏഴ് മേഖലകളിലായി
വിഭജിച്ചിരിക്കുന്നു. ധ്രുവപ്രദേശങ്ങൾ കഴിഞ്ഞാൽ ലോകത്തിലെ വലുപ്പം കൂടിയ
ഗ്ലേസിയറുകൾ കാണപ്പെടുന്നതും ലോകത്തിൽ ഏറ്റവും കൂടുതൽ ഉയരത്തിൽ ഗ്ലേസിയറുകൾ
കാണപ്പെടുന്നതും ഹിമാലയത്തിലാണ്. ധ്രുവപ്രദേശങ്ങൾക്ക് പുറത്തുള്ള ഏറ്റവും നീളം
കൂടിയ ഹിമാനിയാണ് സിയാച്ചിൻ (76 കി.മീ). ഹിമാലയൻ
പ്രദേശത്തെയും ഇന്ത്യയിലെയും ഏറ്റവും നീളം കൂടിയതും ഇതാണ്. കിഴക്കൻ കാരക്കോറം
മേഖലയിലാണ് ഈ മഞ്ഞുപാളിയുള്ളത്. ഗംഗോത്രി, യമുനോത്രി, സെമു, കുംഭു തുടങ്ങിയവയൊക്കെ ഇവിടത്തെ വമ്പൻ
ഹിമാനികളാണ്. ഹിമാലയൻ പ്രദേശത്തെ രണ്ടാമത്തെ വലിയ ഹിമാനിയാണ് ബാൽതോറോ ഹിമാനി.
ബാൽതോറോ ഹിമാനി സ്ഥിതിചെയ്യുന്നത് കാരക്കോറം നിരകളിലാണ്.
കിഴക്കൻ
മലനിരകൾ/പൂർവാചൽ (Purvanchal
Range or Eastern Mountains)
മേഘാലയത്തിലെ
ഖാസി, ഗാരോ, ജയന്തിയ കുന്നുകളും മിസോറമിലെ
മിസോക്കുന്ന്,
നാഗാലാൻഡിലെ നാഗ, പട്കായ്ബും കുന്നുകൾ എന്നിവ
ഉൾപ്പെട്ടതാണ് കിഴക്കൻ മലനിരകൾ. ഇവയുടെ ഉയരം 900 മീറ്ററിനു താഴെയായതിനാൽ ഇവയെ
കുന്നുകൾ/മലനിരകൾ എന്നു വിളിക്കുന്നു. പട്കായ് നിരകൾ ഇന്ത്യയുടെ വടക്കു
കിഴക്കുഭാഗത്ത് മ്യാൻമാർ അതിർത്തിയിലേക്കു നീണ്ടുകിടക്കുന്നു. പൂർവാചൽ എന്ന
പേരിലും പട്കായ് നിരകൾ അറിയപ്പെടുന്നു. പട്കായി, ഗാരോ-ഖാസി, ലുഷായി, ജയന്തിയ കുന്നുകൾ ചേർന്ന ഈ നിര
ഹിമാലയത്തോടൊപ്പം തന്നെ സൃഷ്ടിക്കപ്പെട്ടതാണ്.
ഇന്ത്യയിലെ
ചുരങ്ങൾ (Passes
in India)
ചുരങ്ങൾ
ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
■ ബനിഹാൾ : ജമ്മു - ശ്രീനഗർ
■ ദെബ്സാ : കുളു - സ്പിതി താഴ്വര
■ ലിപുലേഖ് : ഉത്തരാഖണ്ഡ് - ടിബറ്റ്
■ ഷിപ്കിലാ : ഹിമാചൽ പ്രദേശ് - ടിബറ്റ്
■ സോജിലാ : ശ്രീനഗർ - കാർഗിൽ
■ നാഥുലാ : സിക്കിം - ടിബറ്റ്
■ ബോംഡിലാ : അരുണാചൽ പ്രദേശ് - ടിബറ്റ്
(ലാസ)
■ റോഹ്താങ് : കുളു - ലഹൂൾ - സ്പിതി
താഴ്വര
■ ദിഹാങ് ചുരം : അരുണാചൽ പ്രദേശ് -
മാൻഡലെ (മ്യാൻമാർ)
■ ബാരാലാച്ലാ : ഹിമാചൽ പ്രദേശ് - ലേ, ലഡാക്ക്
■ ജെലപ്പ്ലാ : സിക്കിം - ലാസ
■ കുംഭർലിഘട്ട് : രത്നഗിരി - സത്താറ
(കൊങ്കൺ സമതലം)
■ താൽഘട്ട് : നാസിക്ക് - മുംബൈ
■ ബോർഘട്ട് : മുംബൈ - പൂനെ
മജുലി
(നദീജന്യ ദ്വീപ്)
ബ്രഹ്മപുത്രാ
നദിയിലുള്ള മജുലി ദ്വീപാണ് ദക്ഷിണേഷ്യയിലെ (ലോകത്തിലെ) ഏറ്റവും വലിയ നദീദ്വീപ്.
ബ്രസീലിലെ മരാജോ ദ്വീപിനെ പിന്തള്ളിയാണ് മജുലി ഗിന്നസ് റെക്കോഡ്
സ്വന്തമാക്കിയത്. അസമിലെ ജോർഹത്
ജില്ലയിലായിരുന്നു മജുലി ദ്വീപ് സ്ഥിതിചെയ്തിരുന്നത്. 880 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള
മജുലി ദ്വീപിൽ ഒന്നര ലക്ഷത്തോളം പേർ വസിക്കുന്നു. 2016ൽ ഈ ദ്വീപിനെ ഒരു ജില്ലയായി
പ്രഖ്യാപിച്ചു. അസമിലെ 34-
മത്തെ ജില്ലയായ
മജുലി ഇന്ത്യയിലെ ആദ്യത്തെ ദ്വീപ് ജില്ല കൂടിയാണ്. ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ
നദീജന്യ ദ്വീപായ നോങ്നും സ്ഥിതിചെയ്യുന്നത് മേഘാലയയിലാണ്.
ഇന്ത്യയിലെ
അണക്കെട്ടുകള്‍
'ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങൾ' എന്നാണ് ജവഹർലാൽ നെഹ്‌റു അണക്കെട്ടുകളെ
വിശേഷിപ്പിച്ചത്. ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനും സൗകര്യമൊരുക്കി
അണക്കെട്ടുകൾ നാടിനെ പുരോഗതിയിലേക്കു നയിക്കുന്നു. വൈദ്യുതിതോത്പാദനവും ജലസേചനവുമുൾപ്പെടെയുള്ള
ആവശ്യങ്ങൾക്കായി നിരവധി വലുതും ചെറുതുമായ 3200 ഓളം അണക്കെട്ടുകൾ ഇന്ത്യയിൽ
നിർമിച്ചിട്ടുണ്ട്.
ഇന്ത്യയിലെ
പാലങ്ങൾ (Bridges
in India)
ഇന്ത്യയിലുടനീളം
നടപ്പാതയ്ക്കും ഗതാഗതസൗകര്യത്തിനായും ചെറുതും വലുതുമായി നിരവധി പാലങ്ങൾ
നിർമിച്ചിട്ടുണ്ട്. അസമിൽ ബ്രഹ്മപുത്രയുടെ കൈവഴിയായ ലോഹിത് നദിയിലാണ് ഇന്ത്യയിലെ
ഏറ്റവും ദൈർഘ്യമുള്ള പാലം സ്ഥിതിചെയ്യുന്നത്. 2017 മെയ് 26ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം
ചെയ്തു. പ്രശസ്ത ഗായകൻ ഭൂപൻ ഹസാരികയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. 9.1 കിലോമീറ്റർ ദൈർഘ്യലുള്ള പാലം അരുണാചൽപ്രദേശിന്
സമീപമുള്ള ടിൻസുകിയ ജില്ലയിലെ സാദിയ, ധോള
എന്നീ സ്ഥലങ്ങളെ ഈ പാലം ബന്ധിപ്പിക്കുന്നു. ബീഹാറിന്റെ തലസ്ഥാനമായ പട്നയിൽ
ഗംഗാനദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന മഹാത്മാഗാന്ധി സേതുവായിരുന്നു ഇതുവരെ
ഇന്ത്യയിലെ നദിക്കു കുറുകെയുള്ള ഏറ്റവും നീളമേറിയ പാലം. 5575 മീറ്ററാണിതിന്റെ നീളം. 1982 മേയിലാണ് ഈ പാലത്തിന്റെ ഉദ്‌ഘാടനം
നിർവഹിച്ചത്.
ഉത്തര
മഹാ സമതലം (Northern
Great Plains)
ഉത്തരപർവത
മേഖലയിൽ നിന്ന് ഉദ്ഭവിക്കുന്ന നദികളാണ് ഹിമാലയൻ നദികൾ. സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവയാണ് പ്രധാന ഹിമാലയൻ
നദികൾ. ഈ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങൾ
നിക്ഷേപിച്ചുണ്ടായ ഫലഭൂയിഷ്ഠമായ സമതലപ്രദേശമാണ് ഉത്തര മഹാസമതലം. ലോകത്തിലെ ഏറ്റവും
വിസ്തൃതമായ എക്കൽ സമതലമാണ് ഉത്തരമഹാസമതലം. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മധ്യ പ്രദേശ്, ത്രിപുര, രാജസ്ഥാനിലെ പ്രദേശങ്ങൾ എന്നിവ
ഉത്തരമഹാസമതലത്തിൽ ഉൾപ്പെടുന്നു. അവസാദ നിക്ഷേപത്തിനു കാരണമാവുന്ന നദികളെ
അടിസ്ഥാനമാക്കി ഉത്തരമഹാസമതലത്തെ നാലായി തരംതിരിച്ചിരിക്കുന്നു.
■ പഞ്ചാബ്-ഹരിയാന സമതലം - സിന്ധു നദി, പോഷകനദികളായ ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ്.
■ ഗംഗാ സമതലം - ഗംഗ, കോസി, ഗോമതി, യമുന, ഗണ്ഡക്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങൾ ഈ പ്രദേശത്ത്
ഉൾപ്പെടുന്നു.
■ ബ്രഹ്മപുത്ര സമതലം - ബ്രഹ്മപുത്ര, മാനസ് നദികൾ. അസമിലെ ബ്രഹ്മപുത്ര
താഴ്വര.
■ മരുസ്ഥലി-ബാഗർ സമതലം - ലൂണി നദി, സരസ്വതി നദി, രാജസ്ഥാനിലെ മരുസ്ഥലി-ബാഗർ പ്രദേശങ്ങൾ
ഉൾക്കൊള്ളുന്നു.
താർ
(ഥാർ) മരുഭൂമി (Thar
Desert)
ഇന്ത്യയിലെ
ഏറ്റവും വലിയ മരുഭൂമിയാണ് താർ. രാജസ്ഥാനിലാണ് താർ മരുഭൂമിയുടെ കൂടുതൽ ഭാഗവും
സ്ഥിതിചെയ്യുന്നത് (61 ശതമാനം). ഗുജറാത്ത്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും താർ
മരുഭൂമിയുടെ ഭാഗങ്ങൾ സ്ഥിതിചെയ്യുന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ 'ചോലിസ്താൻ മരുഭൂമി' എന്നാണ് താർ അറിയപ്പെടുന്നത്.
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ 'നാരാ
മരുഭൂമി' എന്നാണ് താർ
വിളിക്കപ്പെടുന്നത്. ലോകത്തിലെ ഏഴാമത്തെ വലിയ മരുഭൂമിയാണ് താർ. ഏതാണ്ട് 2,38,700 ചതുരശ്ര കിലോമീറ്ററാണ് താർ
മരുഭൂമിയുടെ വിസ്തൃതി.
സുന്ദർബൻസ്
ഡെൽറ്റ
ബംഗ്ലാദേശിൽ
വച്ച് ഗംഗയും ബ്രഹ്മപുത്രയും മേഘ്ന നദിയുമായി ചേർന്ന് ബംഗാൾ ഉൾക്കടലിലേക്ക്
ഒഴുകുന്നു. ആ യാത്രയ്ക്കിടയിൽ ഈ നദികൾ ബംഗ്ലാദേശിലും ഇന്ത്യയിലുമായി രൂപംകൊടുത്ത
ഡെൽറ്റയാണ് സുന്ദർബൻസ്. ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും വേഗത്തിൽ വളരുന്നതുമായ
ഡെൽറ്റയാണിത്! തീരപ്രദേശത്തുള്ള ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട്
ഇവിടെയാണുള്ളത്. കൂടാതെ ബംഗാൾ കടുവയുടെ വാസസ്ഥാനവുമാണ് സുന്ദർബെൻസ്. സുന്ദർബെൻസ്
ഡെൽറ്റയെ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപദ്വീപീയ
പീഠഭൂമി (The
Peninsular Plateau)
ഉത്തരമഹാസമതലത്തിനും
തീരസമതലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഭൂപ്രദേശം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 400 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നവയാണ്
ഇവിടെയുള്ള പീഠഭൂമികൾ. ഉപദ്വീപീയ പീഠഭൂമി പ്രദേശത്തിന് 15 ലക്ഷം ച.കി.മീ വിസ്തീർണമുണ്ട്.
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഈ പ്രദേശങ്ങൾ അഗ്നിപർവത സ്ഫോടനങ്ങളുടെ
ഫലമായുണ്ടായതാണ്. ആഗ്നേയശിലകൾ ഇവിടെ പ്രധാനമായും കാണപ്പെടുന്നു. പന്ത്രണ്ടോളം
സംസ്ഥാനങ്ങൾ ഉപദ്വീപീയ പീഠഭൂമിയുടെ ഭാഗമാണ്. മധ്യപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും.
രാജസ്ഥാൻ, ഗുജറാത്ത്, ഒഡിഷ, പശ്ചിമ ബംഗാൾ, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ചില
പ്രദേശങ്ങളും.
ഉപദ്വീപീയ
പീഠഭൂമിയുടെ പ്രധാനപ്പെട്ട ഭൂപ്രകൃതി വിഭാഗങ്ങൾ
■ ഡെക്കാൻ പീഠഭൂമി
■ മധ്യമേടുകൾ
■ വടക്കു-കിഴക്കൻ പീഠഭൂമി
ഉപദ്വീപീയ
പീഠഭൂമിയുടെ അതിരുകൾ
■ വടക്ക്-പടിഞ്ഞാറ് - ആരവല്ലി
■ കിഴക്ക് - രാജ്മഹൽ കുന്നുകൾ
■ പടിഞ്ഞാറ് - ഗീർ മലനിരകൾ
■ വടക്ക്-കിഴക്ക് - ഷില്ലോങ് & കാർബി ആംഗ്ലോഗ് പീഠഭൂമി
■ തെക്ക് - നീലഗിരി
ഡെക്കാൻ
പീഠഭൂമി (Deccan
Plateau)
ഉപദ്വീപീയ
പീഠഭൂമിയുടെ തെക്ക് ഭാഗത്ത് പശ്ചിമഘട്ടം, പൂർവഘട്ടം
എന്നീ മലനിരകൾക്കിടയിലായി ഡെക്കാൻ പീഠഭൂമി സ്ഥിതിചെയ്യുന്നു. ഡെക്കാൻ പീഠഭൂമിയെ
മൂന്നായി തരം തിരിക്കാം - മഹാരാഷ്ട്ര പീഠഭൂമി, കർണാടക (മൈസൂർ) പീഠഭൂമി, തെലങ്കാന പീഠഭൂമി.
മധ്യമേടുകൾ
(Central
Highlands of India)
നർമ്മദ
നദിയ്ക്ക് വടക്കായി സ്ഥിതിചെയ്യുന്ന ഭൂപ്രകൃതി വിഭാഗം. മധ്യ മേടുകൾ പടിഞ്ഞാറ്
ഭാഗത്ത് വിസ്തൃതി കൂടിയും കിഴക്ക് ഭാഗത്ത് വിസ്തൃതി കുറഞ്ഞും കാണപ്പെടുന്നു.
മധ്യമേടുകൾ പ്രധാനമായും ഏഴായി തരാം തിരിക്കാം. ആരവല്ലി പർവതനിരകൾ, കിഴക്കൻ രാജസ്ഥാൻ മലപ്രദേശങ്ങൾ, മാൾവ പീഠഭൂമി, ബുന്ദേൽ ഖണ്ഡ്, ബാഗേൽ ഖണ്ഡ്, ഛോട്ടാനാഗ്‌പൂർ പീഠഭൂമി, വിന്ധ്യാ പർവത നിരകൾ. മധ്യമേടുകളുടെ
ഭൂരിഭാഗവും മാൾവ പീഠഭൂമിയുടെ ഭാഗമാണ്. മധ്യമേഖലയുടെ കിഴക്ക് കാണപ്പെടുന്നത്
ഛോട്ടാനാഗ്‌പൂർ പീഠഭൂമിയാണ്. റാഞ്ചി പീഠഭൂമി, ഹസാരിബാഗ് പീഠഭൂമി, കോഡർമ പീഠഭൂമി എന്നിവയെ ചേർത്താണ്
ഛോട്ടാനാഗ്‌പൂർ പീഠഭൂമി എന്നറിയപ്പെടുന്നത്.
വടക്ക്
കിഴക്കൻ പീഠഭൂമി (The
North Eastern Plateau)
ഉപദ്വീപീയ
പീഠഭൂമിയുടെ കിഴക്ക് ഭാഗത്താണ് വടക്ക് കിഴക്കൻ പീഠഭൂമി വ്യാപിച്ചു കിടക്കുന്നത്.
മേഘാലയ പീഠഭൂമിയും കാർബി ആംഗ്ലോഗ് പീഠഭൂമിയും വടക്ക് കിഴക്കൻ പീഠഭൂമിയുടെ പ്രധാന
ഭൂസവിശേഷതകളാണ്.
ആരവല്ലി
പർവ്വതനിര (Aravalli
Range)
ഡൽഹി
അതിർത്തിക്കു തെക്കുപടിഞ്ഞാറുനിന്നു തുടങ്ങി ഹരിയാനയും രാജസ്ഥാനും കടന്ന് കിഴക്കൻ
ഗുജറാത്ത് വരെ 700 കി.മീ നീളത്തിൽ ആരവല്ലി
സ്ഥിതിചെയ്യുന്നു. സിന്ധു ഗംഗാ നദീവ്യവസ്ഥകളെ വേർതിരിക്കുന്ന വാട്ടർഷെഡ് ആയും
ആരവല്ലി വർത്തിക്കുന്നു. രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി ആരവല്ലി വിഭജിക്കുന്നു.
വടക്കുപടിഞ്ഞാറ് ഭാഗം മരുപ്രദേശമാണ്. തെക്കുകിഴക്കൻ ഭാഗത്തെ കാലാവസ്ഥ താരതമ്യേന
സുഖകരമാണ്. മൗണ്ട് അബുവിലെ ഗുരു ശിഖർ (1722
മീ) ആണ് ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയർന്ന കൊടുമുടി. ലോകത്തിലെ ഏറ്റവും
പ്രാചീനമായ പർവതനിരകളിൽ ഒന്നാണ് ആരവല്ലി. ആരവല്ലി രൂപീകൃതമായത് മടക്കുപർവതം
ആയിട്ടാണെങ്കിലും അപക്ഷയ പ്രവർത്തനങ്ങളുടെ ഫലമായി അവശിഷ്ട പർവതത്തിന്റെ
പ്രത്യേകതകളും കാണിക്കുന്നുണ്ട്.
വിന്ധ്യ
- സത്പുര പർവതനിരകൾ (Vindhya
Satpura Mountain Ranges)
ഗംഗാ
സമതലത്തെ (വടക്കേ ഇന്ത്യ) തെക്കേ ഇന്ത്യയിൽ നിന്ന് വിഭജിക്കുന്നത്
വിന്ധ്യാനിരകളാണ്. ഉത്തർപ്രദേശ്,
മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലായി ഇത്
വ്യാപിച്ചു കിടക്കുന്നു. കിഴക്കുപടിഞ്ഞാറ് ദിശയിൽ വടക്കോട്ട് ചരിവുമായാണ് വിന്ധ്യ
നിരകൾ സ്ഥിതിചെയ്യുന്നത്. യമുനയുടെ പോഷകനദികളായ ചമ്പൽ, കെൻ, ബെത്വ നദികൾ ഇവിടെനിന്ന്
ഉദ്ഭവിക്കുന്നു. ആരവല്ലിയിൽ നിന്നു ഖാദനം സംഭവിച്ച് നീക്കം ചെയ്യപ്പെട്ട
പർവതഭാഗങ്ങളിൽനിന്നാണ് വിന്ധ്യ നിരകളുടെ പിറവി.
വിന്ധ്യനു
സമാന്തരമായി തെക്കുഭാഗത്ത് സത്പുര നിരകൾ സ്ഥിതിചെയ്യുന്നു. ഗുജറാത്തിന്റെ കിഴക്കു
ഭാഗത്തുനിന്ന് ആരംഭിച്ച് മഹാരാഷ്ട്രയും മധ്യപ്രദേശും കടന്ന് ഛത്തീസ്ഗഡിലേക്ക്
സത്പുര നീണ്ടുചെല്ലുന്നു. സത്പുരയിലെ അമർകാണ്ടക് കൊടുമുടിക്കു സമീപത്തുനിന്ന്
ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിൽ ചേരുന്ന നർമദാ നദിയിലെ വിവിധ ഡാമുകൾ
മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ പ്രദേശങ്ങളിൽ ജലവും
വൈദ്യുതിയും ലഭ്യമാക്കുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന താപ്തി നദിയും സത്പുര നിരകളിൽ
ഉദ്ഭവിക്കുന്നു. സത്പുര എന്ന പേരു സൂചിപ്പിക്കുന്നതുപോലെ സമാന്തരങ്ങളായ പല
മടക്കുപർവതങ്ങൾ ചേർന്നതാണീ പർവതനിര.
പൂർവഘട്ടം
(Eastern
Ghats in India)
ബംഗാൾ
ഉൾക്കടൽ തീരത്തിനു സമാന്തരമായി വൈഗ നദിക്കും മഹാനദിക്കും ഇടയിലായി 1750 കി.മീ നീളത്തിൽ ഒറീസ, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി
സ്ഥിതിചെയ്യുന്ന ഇടമുറിഞ്ഞതും ഉയരം കുറഞ്ഞതുമായ മലനിരകളാണ് പൂർവഘട്ടം.
പശ്ചിമഘട്ടത്തെക്കാൾ പഴക്കമുള്ളതാണ് പൂർവഘട്ടം. വിശാഖപട്ടണം ജില്ലയിലാണ് ഏറ്റവും
ഉയരം കൂടിയ പ്രദേശം (1680 മീ). രണ്ടാംസ്ഥാനത്ത്
മഹേന്ദ്രഗിരിയാണ് (1501 മീ). പൂർവഘട്ടത്തിന്റെ
തെക്കേയറ്റം തമിഴ്‌നാട്ടിലെ സിരുമലയും കരന്താമലയുമാണ്. ചെറിയ നദികൾ മാത്രമേ
ഇവിടെനിന്ന് ഉദ്ഭവിക്കുന്നുള്ളൂ. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, തെക്കുവടക്ക് പെണ്ണാറുകൾ, വൈഗ എന്നീ നദികളും അവയുടെ പോഷകനദികളും
പൂർവഘട്ടത്തെ പലയിടത്തായി കീറിമുറിക്കുന്നു. തിരുമല തിരുപ്പതി ക്ഷേത്രം
പൂർവഘട്ടത്തിലാണ് സ്ഥിതിചെയ്യുന്നത്.
പശ്ചിമഘട്ടം
(Western
Ghats in India)
ഡെക്കാൻ
പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിൽ,
അറബിക്കടലിനു
സമാന്തരമായാണ് പശ്ചിമഘട്ടം. 'സഹ്യാദ്രി'യെന്നും പശ്ചിമഘട്ടം അറിയപ്പെടുന്നു.
ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും അതിർത്തിയിൽ താപ്തി നദീതടംമുതൽ കന്യാകുമാരിവരെ
1600 കിലോമീറ്ററോളം പശ്ചിമഘട്ടം
നീണ്ടുകിടക്കുന്നു. ഗുജറാത്ത്,
മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലൂടെ
പശ്ചിമഘട്ടം കടന്നുപോകുന്നു. പശ്ചിമഘട്ടത്തിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി
ഉയരം 1200 മീറ്ററാണ്.
പശ്ചിമഘട്ടത്തിന്റെ വീതി 100 കിലോമീറ്ററും. പശ്ചിമഘട്ടവും
പൂർവഘട്ടവും സന്ധിക്കുന്നത് തമിഴ്‌നാട്ടിലെ നീലഗിരി പീഠഭൂമിയിലാണ്. അഗസ്ത്യമല, പെരിയാർ, ആനമല, നീലഗിരി, തലക്കാവേരി, കുന്ദ്രേമുഖ്, സഹ്യാദ്രി എന്നിങ്ങനെ ഏഴു ഖണ്ഡങ്ങൾ
പശ്ചിമഘട്ടത്തിലുണ്ട്.
ഇന്ത്യയിലെ
ദ്വീപുകൾ (Islands
in India)
ദ്വീപ്
എന്നാൽ വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലം. ആയിരത്തിലധികം ദ്വീപുകൾ ഇന്ത്യയിലുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപസമൂഹം ആൻഡമാൻ നിക്കോബർ ദ്വീപുകളാണ്. ആൻഡമാൻ
നിക്കോബാർ കൂട്ടത്തിൽ 572 ദ്വീപുകളാണുള്ളത്.
തീരപ്രദേശം
(Eastern
and Western Coastal Plains of India)
ഇന്ത്യയുടെ
തീരപ്രദേശം ഗുജറാത്തിലെ റാൻ ഓഫ് കച്ച് മുതൽ ഗംഗാ - ബ്രഹ്മപുത്ര ഡെൽറ്റ പ്രദേശം
(സുന്ദർബെൻസ് ഡെൽറ്റ) വരെ വ്യാപിച്ചിരിക്കുന്നു. (ഏകദേശം 6100 കി.മീ നീളം). ഇന്ത്യൻ തീരപ്രദേശത്തെ
കിഴക്കൻ തീര സമതലമെന്നും (പൂർവതീരം) പടിഞ്ഞാറൻതീരസമതലമെന്നും (പശ്ചിമതീരം) രണ്ടായി
തിരിച്ചിരിക്കുന്നു. അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലാണ് പശ്ചിമതീര സമതലം. ഈ
സമതലത്തിന് ശരാശരി 50 കിലോമീറ്റർ വീതിയുണ്ട്.
ഗുജറാത്തിലെ കച്ച് മുതൽ കന്യാകുമാരി വരെയാണ് പശ്ചിമതീര സമതലം. പശ്ചിമതീര സമതലത്തെ
മൂന്നായി തരം തിരിച്ചിരിക്കുന്നു - ഗുജറാത്ത് തീരം, കൊങ്കൺ തീരം, മലബാർ തീരം.
ഗംഗാനദിമുതൽ, ഏതാണ്ട് കന്യാകുമാരി വരെ
നീണ്ടുകിടക്കുന്നതാണ് പൂർവതീര സമതലം. ഇതിന്റെ ശരാശരി വീതി 100 കിലോമീറ്ററാണ്. കൃഷ്ണാനദിയുടെ ബംഗാൾ
ഉൾക്കടലിലെ പതനസ്ഥാനം മുതൽ,
കാവേരിയുടെ
പതനസ്ഥാനംവരെയാണിത്. മഹാനദി,
ഗോദാവരി, കൃഷ്ണ, കാവേരി എന്നീ നദികൾ സൃഷ്ടിക്കുന്ന
ഡെൽറ്റകൾ കിഴക്കൻ തീരസമതലത്തിന്റെ പ്രത്യേകതയാണ്. പടിഞ്ഞാറൻ തീരസമതലത്തെക്കാളും
വിസ്തൃതമാണ് കിഴക്കൻ തീരസമതലം. കിഴക്കൻ തീരപ്രദേശത്തെ രണ്ടായി
തരംതിരിച്ചിരിക്കുന്നു - കോറമാൻഡൽ തീരം, വടക്കൻ
സിർക്കാർസ്.
ഇന്ത്യൻ
കാലാവസ്ഥ (Climate
in India)
ഇന്ത്യയിൽ
അനുഭവപ്പെടുന്ന കാലാവസ്ഥയെ 'ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ' എന്നാണ് പറയാറുള്ളത്. അക്ഷാംശീയസ്ഥാനം, ഭൂപ്രകൃതി, സമുദ്ര സാമീപ്യം, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, സമുദ്രത്തിൽ നിന്നുള്ള അകലം, ഹിമാലയ പർവതനിര, മൺസൂൺ കാറ്റുകൾ എന്നിവയാണ് ഇന്ത്യയുടെ
കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. ഇന്ത്യയിൽ പ്രധാനമായും നാല് ഋതുക്കളാണ്
അനുഭവപ്പെടുന്നത് - ശൈത്യകാലം,
ഉഷ്ണകാലം, തെക്ക് പടിഞ്ഞാറൻ മൺസൂൺ, വടക്ക് കിഴക്കൻ മൺസൂൺ. ഡിസംബർ മുതൽ
ഫെബ്രുവരി വരെയുള്ള കാലയളവാണ് ശൈത്യകാലം. ശൈത്യകാലത്ത് ഉത്തരേന്ത്യയുടെ ചില
ഭാഗങ്ങളിൽ ഇടയ്ക്കിടെ മഴപെയ്യാറുണ്ട്. മാർച്ച് മുതൽ മേയ് വരെയാണ് ഇന്ത്യയിലെ
ഉഷ്ണകാലം. ഇക്കാലത്ത് ഉത്തരേന്ത്യയിൽ താപനില കുതിച്ചുയരുന്നു. ജൂൺ മുതൽ സെപ്റ്റംബർ
വരെയുള്ള നാലുമാസങ്ങളാണ് ഇന്ത്യയിൽ പ്രധാന മഴക്കാലമായ തെക്കു-പടിഞ്ഞാറൻ
മൺസൂൺ. മൺസൂൺ കാറ്റുകൾ ജൂൺ ആദ്യംതന്നെ
കേരളതീരത്തെത്തുകയും വടക്കുകിഴക്ക് ദിശയിൽ മുന്നേറുകയും ചെയ്യുന്നു. ഒക്ടോബർ -
നവംബർ മാസങ്ങളാണ് മൺസൂണിന്റെ പിൻവാങ്ങൽകാലം. വടക്കു-കിഴക്കൻ മൺസൂൺ കാലമെന്നും
ഇതറിയപ്പെടുന്നു. ഇക്കാലത്ത്,
ഇന്ത്യയുടെ
വടക്കു-കിഴക്കൻ ഭാഗങ്ങളിൽനിന്ന് കാറ്റുവീശുന്നതിനാൽ, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും ചുഴലിക്കാറ്റും
രൂപംകൊള്ളുന്നു. ഇതിനെത്തുടർന്ന് തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ കനത്ത മഴ
ലഭിക്കുന്നു.
ഇന്ത്യയിലെ
പരമ്പരാഗത ഋതുക്കൾ
പൊതുവെ
ഋതുക്കളെ നാലായി തിരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ അന്തരീക്ഷസ്ഥിതിയിലെ മാറ്റങ്ങൾ
അടിസ്ഥാനമാക്കി ആറ് വ്യത്യസ്‌ത ഋതുക്കൾ ഉള്ളതായി കണക്കാക്കുന്നു - ശിശിര കാലം, ഹേമന്ത കാലം, ശരത് കാലം, വർഷ കാലം, ഗ്രീഷ്‌മ കാലം, വസന്ത കാലം.
ഇന്ത്യയിലെ
ധാതുക്കൾ (Minerals
of India)
ധാതുവിഭവങ്ങളെ
ലോഹധാതുക്കൾ, അലോഹ ധാതുക്കൾ എന്നിങ്ങനെ
തിരിച്ചിരിക്കുന്നു. ലോഹധാതുക്കളെ ഇരുമ്പിന്റെ അംശമുള്ളവയെന്നും ഇരുമ്പിന്റെ
അംശമില്ലാത്തവയെന്നും തരംതിരിക്കാം. അലോഹ ധാതുക്കൾ ധാതു ഇന്ധനങ്ങൾ മറ്റു ധാതുക്കൾ
എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഇരുമ്പ്, മാംഗനീസ്
എന്നിവ ഇരുമ്പിന്റെ അംശമുള്ളവയുടെ ഉദാഹരണങ്ങളാണ്. സ്വർണം, വെള്ളി, ചെമ്പ്, ബോക്സൈറ്റ്, സിങ്ക്, ടങ്സ്റ്റൻ, നിക്കൽ, ക്രോമൈറ്റ് എന്നിവ ഇരുമ്പിന്റെ
അംശമില്ലാത്തവയുടെ ഉദാഹരണങ്ങൾ. കൽക്കരി, പെട്രോളിയം
എന്നിവ ധാതു ഇന്ധനങ്ങളും അഭ്രം (മൈക്ക), ചുണ്ണാമ്പുകല്ല്
എന്നിവ മറ്റു ധാതുക്കൾക്കും ഉദാഹരണങ്ങളാണ്. യുറേനിയം, തോറിയം, ഇൽമനൈറ്റ്, സിർക്കോണിയം എന്നിവയാണ് ഇന്ത്യയിൽ കാണപ്പെടുന്ന
പ്രധാന ആണവ ധാതുക്കൾ.
ഇന്ത്യയിലെ
ലോഹ ധാതുക്കൾ (Metallic
Minerals in India)
ലോഹധാതുക്കളെ
ഇരുമ്പിന്റെ അംശമുള്ളവയെന്നും ഇരുമ്പിന്റെ അംശമില്ലാത്തവയെന്നും തരംതിരിക്കാം.
ഇരുമ്പ്, മാംഗനീസ് എന്നിവ ഇരുമ്പിന്റെ
അംശമുള്ള ലോഹ ധാതുക്കൾക്ക് ഉദാഹരണങ്ങളാണ്. സ്വർണം, വെള്ളി, ചെമ്പ്, ബോക്സൈറ്റ്, സിങ്ക്, ടങ്സ്റ്റൻ, നിക്കൽ, ക്രോമൈറ്റ് എന്നിവ ഇരുമ്പിന്റെ
അംശമില്ലാത്ത ലോഹ ധാതുക്കൾക്ക് ഉദാഹരണങ്ങളാണ്.
അലോഹ
ധാതുക്കൾ (Non
Metallic Minerals)
അലോഹ
ധാതുക്കൾ ധാതു ഇന്ധനങ്ങൾ,
മറ്റു ധാതുക്കൾ
എന്നിങ്ങനെ തിരിച്ചിരിക്കുന്നു. കൽക്കരി, പെട്രോളിയം
(ധാതു ഇന്ധനങ്ങൾ),
അഭ്രം (മൈക്ക), ചുണ്ണാമ്പുകല്ല് (മറ്റു ധാതുക്കൾ)
എന്നിവ അലോഹ ധാതുക്കൾക്ക് ഉദാഹരണങ്ങളാണ്.
Types
of Crops in India
സുഗന്ധ
വ്യഞ്ജനങ്ങൾ (Spices
in India)
ഇന്ത്യയിൽ
ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. ഏലം, കറുവാ, ഗ്രാമ്പൂ, കുരുമുളക്, ജാതി, ഇഞ്ചി, മഞ്ഞൾ, വാനില തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന
സുഗന്ധവ്യഞ്ജന വിളകൾ. ഏലക്ക,
തക്കോലം, കറുക പട്ട, ജാതിപൂവ് / ജാതിപതരി, കസ് കസ്, എള്ള്, അയമോദകം, കുങ്കുമപൂവ്, വെളുത്തുള്ളി, ഉലുവ/ഉലുവ ഇല, തുളസി, പുതീന ഇല, വേപ്പില / കറിവേപ്പില, മല്ലിയില / കൊത്തമല്ലി, മഞ്ഞൾ, ചുക്ക്, നെല്ലിക്ക, കുടംപുളി/പുളി, കായം, ജീരകം, മുളക് തുടങ്ങിയവയാണ് മറ്റ്
സുഗന്ധവ്യഞ്ജനങ്ങൾ.
ധാന്യങ്ങൾ
(Cereals
in India)
ഗോതമ്പും
ബാർലിയും നെല്ലും ഓട്സുമൊക്കെയായിരുന്നു മനുഷ്യൻ ആദ്യമായി കൃഷി ചെയ്ത ധാന്യങ്ങൾ.
പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ ആരംഭിച്ച ധാന്യകൃഷി പിന്നീട് യൂറോപ്യൻ
പ്രദേശങ്ങളിലേക്കും ഈജിപ്തിലേക്കും സിന്ധുനദീതടത്തിലേക്കും വ്യാപിച്ചു. നിലം
ഉഴുതുമറിക്കാന്നുള്ള കലപ്പയുടെയും ചക്രങ്ങളുള്ള വണ്ടികളുടെയും ഉപയോഗം
സിന്ധുനദീതടവാസികൾ മനസ്സിലാക്കുന്നത് സുമേറിയക്കാരിൽ നിന്നാണ്. നെല്ല്, ഗോതമ്പ്, മക്കച്ചോളം, മണിച്ചോളം, ഓട്സ്, ബാർലി, റൈ, ബജ്‌റ, തിന, വരക്, പനിവരക്, കൂവരക്, ചാമ, കുതിരവാലി തുടങ്ങിയവയാണ് ഇന്ത്യയിൽ
കൃഷിചെയ്യുന്ന പ്രധാന ധാന്യവിളകൾ.
പയറുവിളകൾ
(Pulses
in India)
മനുഷ്യൻ
ഭക്ഷണത്തിനുപയോഗിക്കുന്ന വിളകളിൽ ധാന്യവിളകൾ കഴിഞ്ഞാൽ അടുത്ത സ്ഥാനം
പയറുവിളകൾക്കാണ്. പ്രോട്ടീൻ (മാംസ്യം) സ്രോതസ്സാണ്. മിക്ക ചെടികളുടെയും വേരുകളിലും
വേരു മുഴകൾ ഉണ്ട്. ഈ മുഴകളിൽ റൈസോബിയം എന്നു പേരായ ബാക്ടീരിയ ഉണ്ട്. ഈ ബാക്‌ടീരിയയുടെ
സാന്നിധ്യം കൊണ്ടാണ് പയർചെടികളുടെ വേരുകളിൽ മുഴകൾ ഉണ്ടാകുന്നത്. ഈ ബാക്ടീരിയ അന്തരീക്ഷ
നൈട്രജൻ ആഗിരണം ചെയ്‌ത് മണ്ണിൽ ചേർക്കുന്നു. അങ്ങനെ മണ്ണിന്റെ വളക്കൂറു കുറഞ്ഞ
മണ്ണിനെ വളസമൃദ്ധമാക്കാൻ പയർകൃഷി ചെയ്യുന്നത്. കേരളത്തിലും ഈ പതിവു നിലവിലുണ്ട്.
എല്ലാ പയറുചെടികളും ഫാബേസി (പാപ്പിലിയോണേസി) എന്ന സസ്യകുടുംബത്തിലെ അംഗങ്ങളാണ്.
ഉഴുന്ന്, വൻപയർ, ചെറുപയർ, മുതിര, തുവരപ്പരിപ്പ്, സോയാ പയർ, കടല, ഗ്രീൻ ബീൻ, തുടങ്ങിയവയാണ് ഇന്ത്യയിൽ കൃഷിചെയ്യുന്ന
പ്രധാന പയറുവിളകൾ.
കിഴങ്ങുവിളകൾ
(Tuber
Crops in India)
ഉഷ്ണമേഖലാ
പ്രദേശങ്ങളിൽ താമസിക്കുന്ന ഏകദേശം 400
ദശലക്ഷം ആളുകളുടെ പ്രധാന ഭക്ഷ്യവിഭവം. ധാന്യവിളകളും പയറുവിളകളും കഴിഞ്ഞാൽ
മനുഷ്യരുടെ മുഖ്യ ഭക്ഷണ പദാർഥം. വികസ്വര രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷയുടെയും
വരുമാനത്തിന്റെയും പ്രധാന സ്രോതസ്സാണിവ. വ്യത്യസ്തമായ കാലാവസ്ഥയിലും മണ്ണിലും
വളരുമെന്നതും ധാന്യവിളകളെക്കാൾ അധികം വിളവും ഊർജവും സവിശേഷതയാണ്. മരച്ചീനി, മധുരക്കിഴങ്ങ്, കാച്ചിൽ, ചേമ്പ്, ചേന, കൂർക്ക, കൂവ, ഉരുളക്കിഴങ്ങ് തുടങ്ങിയവയാണ് പ്രധാന
കിഴങ്ങുവിളകൾ.
എണ്ണക്കുരു
വിളകൾ (Oil
Seeds)
നാളികേരം, നിലക്കടല, എള്ള്, സൂര്യകാന്തി, കടുക്, എണ്ണപ്പന, ആവണക്ക് തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രധാന
എണ്ണക്കുരു വിളകൾ. നാളികേരം ഉണക്കി കൊപ്രയാക്കിയാണ് എണ്ണ ഉല്പാദിപ്പിക്കുന്നത്.
കൊപ്രയിൽ 65 -
72 ശതമാനം എണ്ണ
അടങ്ങിയിരിക്കുന്നു. ഒരു ടൺ കൊപ്ര കിട്ടാൻ 6000 നാളികേരം വേണം. നിലക്കടലയിൽ നിന്നും
എണ്ണ ഉല്പാദിപ്പിക്കുന്നു. മറ്റൊരു എണ്ണക്കുരുവായ എള്ളിൽ 40 - 50 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു.
കടുകിൽ 25-35 ശതമാനം ഭക്ഷ്യ എണ്ണ
അടങ്ങിയിരിക്കുന്നു. സൂര്യകാന്തി വിത്തിൽ 48-53 ശതമാനം വരെ ഭക്ഷ്യ എണ്ണ
അടങ്ങിയിരിക്കുന്നു. എണ്ണപ്പന കായുടെ ഉൾഭാഗത്തെ പൾപ്പിൽ നിന്നും വിത്തിന്റെ
പരിപ്പിൽ നിന്നും എണ്ണ വേർതിരിച്ചെടുക്കുന്നുണ്ട്. ഇതിൽ പൾപ്പിൽ
നിന്നെടുക്കുന്നതാണ് ഭക്ഷ്യ എണ്ണയായ പാമോയിൽ. വിത്തിൽ നിന്നെടുക്കുന്ന എണ്ണ സോപ്പ്
നിർമാണത്തിനും മറ്റും ഉപയോഗിക്കുന്നു.
പാനീയ
വിളകൾ (Beverage
Crops in India)
കൊക്കോ, കാപ്പി, തേയില തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രധാന
പാനീയ വിളകൾ. കൊക്കോയുടെ ഏറ്റവും പ്രധാന ഉപയോഗം ചോക്ലേറ്റ് നിർമാണമാണ്. കൊക്കോ
ബീൻസിന് ആകർഷകമായ ചോക്ലേറ്റ് ഗന്ധം കൈവരാൻ രണ്ടു മുതൽ പത്ത് ദിവസം വരെ
പുളിപ്പിക്കൽ നടത്തണം. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള പാനീയ വിളകളാണ് കാപ്പിയും
തേയിലയും. ഇന്ത്യയിൽ ദക്ഷിണേന്ത്യയാണ് കാപ്പിക്കൃഷിയുടെ കേന്ദ്രം; പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ മലനിരകൾ.
ഏഷ്യൻ സ്വദേശിയാണ് തേയിലച്ചെടി. ഇന്ത്യയിലെ തേയില ഉല്പാദനത്തിന്റെ 52 ശതമാനവും അസമിൽ നിന്നാണ്.
പച്ചക്കറികൾ
(Vegetables)
ചീര, വെണ്ട, പാവയ്ക്ക, പടവലം, മത്തൻ, വെള്ളരി, ചുരയ്ക്ക, കുമ്പളം, വഴുതന, തക്കാളി, കാബേജ്/മുട്ടക്കൂസ്, കോളി ഫ്‌ളവർ, മുളക്, കാരറ്റ്, ബീറ്റ് റൂട്ട്, റാഡിഷ്/മുള്ളങ്കി, അമര, ഉള്ളി തുടങ്ങിയവയാണ് ഇന്ത്യയിൽ
കൃഷിചെയ്യുന്ന പ്രധാന പച്ചക്കറികൾ.
പഴങ്ങൾ
(Fruits)
പഴങ്ങളെക്കുറിച്ചുള്ള
സമഗ്രപഠനശാഖയാണ് (പഴങ്ങളെ കുറിച്ചുള്ള പഠനം) 'പോമോളജി'. പഴങ്ങൾ പാകമാകാന്‍ സഹായിക്കുന്ന
സസ്യഹോര്‍മോണ്‍ എതിലിന്‍. പഴങ്ങളെ കൃത്രിമമായി പഴുപ്പിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന
രാസവസ്തുവാണ് കാല്‍സ്യം കാര്‍ബൈഡ്. പഴങ്ങളില്‍ സമൃദ്ധമായുള്ള പഞ്ചസാര ഫ്രക്ടോസ്.
ഏറ്റവും വലിയ പഴമായി അറിയപ്പെടുന്നത് ചക്കപ്പഴം (Jack Fruit). ആര്‍ട്ടോകാര്‍പ്പസ്
ഹെറ്റെറോഫില്ലസ് എന്നതാണ്
ചക്കപ്പഴത്തിന്റെ ശാസ്ത്രീയനാമം. ഇന്ത്യയുടെ ദേശീയഫലം മാമ്പഴം. ബംഗ്ലാദേശിന്റെത്
ചക്കപ്പഴം. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്.
ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യ.
വാണിജ്യ
വിളകൾ (Commercial
Crops in India)
പരുത്തി, ചണം, തേയില, കാപ്പി, തെങ്ങ്, കരിമ്പ്, റബ്ബർ, പുകയില, കശുമാവ് തുടങ്ങിയവയാണ് ഇന്ത്യയിലെ
പ്രധാന നാണ്യവിളകൾ. ഷുഗർ ബീറ്റ്,
വാഴ, നെല്ലിക്ക, മന്ദാരിൻ ഓറഞ്ച്, ചെറുനാരങ്ങ, പേരയ്ക്ക, കമ്പിളി നാരങ്ങ, പപ്പായ, കൈതച്ചക്ക, സീതപ്പഴം/ആത്തച്ചക്ക, പ്ലാവ്, മാമ്പഴം, ആപ്പിൾ, സപ്പോട്ട, കരോണ്ട ചെറി, അരിനെല്ലി/ശീമനെല്ലി, ശീമച്ചക്ക, ഞാവൽപ്പഴം, തണ്ണിമത്തൻ, ധാന്യങ്ങൾ, പയറുകൾ, എണ്ണക്കുരുവിളകൾ, പച്ചക്കറി, പഴങ്ങൾ, കിഴങ്ങുകൾ, സുഗന്ധ വ്യഞ്ജനങ്ങൾ, പാനീയ വിളകൾ തുടങ്ങിയവ ഇന്ത്യയിലെ
മറ്റ് വാണിജ്യവിളകളാണ്.
ഗതാഗതം
ബുള്ളറ്റ്
ട്രെയിൻ (Bullet
Train in India)
ഇന്ത്യയിലെ
ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ
പ്രധാനമന്ത്രി ഷിൻസൊ ആബെയും ചേർന്ന് 2017
സെപ്റ്റംബർ 14ന് ഉദ്‌ഘാടനം ചെയ്തു. മുംബൈ
മുതൽ അഹമ്മദാബാദ് വരെയുള്ള 508 കി.മീ ദൈർഘ്യമുള്ള ബുള്ളറ്റ്
ട്രെയിൻ പദ്ധതിക്ക് 1.10 ലക്ഷം കോടി രൂപയാണ് ചെലവ്
പ്രതീക്ഷിക്കുന്നത്. ഇതിൽ 88,000 കോടി രൂപ ജപ്പാനാണ് ലോൺ
ഇനത്തിൽ നിക്ഷേപിക്കുന്നത്. 50 വർഷത്തിനുള്ളിൽ ഒരു ശതമാനം
പലിശയോടെ ഇത് തിരിച്ചടച്ചാൽ മതി. 2023ന്
മുമ്പ് പദ്ധതി പൂർത്തീകരിക്കാനാണ് ശ്രമം. ബുള്ളറ്റ് ട്രെയിനിന്റെ വഴിയിൽ 27 കിലോമീറ്റർ തുരങ്കപാതയും 13 കിലോമീറ്റർ ഭൂഗർഭ പാതയുമാണ്. ഏഴ്
കിലോമീറ്റർ സമുദ്രത്തിനടിയിലൂടെയുള്ള തുരങ്ക പാതയിലൂടെയും ബുള്ളറ്റ് ട്രെയിൻ
കടന്നു പോവും. മണിക്കൂറിൽ ശരാശരി 250
കിലോമീറ്ററാണ് ബുള്ളറ്റ് ട്രെയിനിന്റെ വേഗം. അഹമ്മദാബാദിലെ സബർമതി സ്റ്റേഷൻ മുതൽ
മുംബൈയിലെ ബാന്ദ്രാ കുർള കോംപ്ലക്സ് വരെയുള്ള 508 കിലോമീറ്റർ ദൂരം മൂന്ന് മണിക്കൂർ
കൊണ്ട് മറികടക്കാം.
മോണോ
റെയില്‍ (Monorail
in India)
ഒരു
പാളത്തിലൂടെ മാത്രമുള്ള റെയിൽ ഗതാഗത രീതിയാണ് മോണോ റെയിൽ. ടണലുകൾ സ്ഥാപിച്ചോ, അല്ലെങ്കിൽ ഉയർന്ന പ്രതലങ്ങളിലൂടെയോ
ആണ് സാധാരണ മോണോ റെയിലുകൾ സ്ഥാപിക്കപ്പെടുന്നത്. വൻനഗരങ്ങളിലെ യാത്രാക്ലേശം
പരിഹരിക്കാനാരംഭിച്ച മോണോ റെയിൽ തീവണ്ടികൾ ഇപ്പോൾ ഇന്ത്യയിലുമുണ്ട്. ഇന്ത്യയിലെ
ആദ്യ മോണോ റെയിൽ നിലവിൽ വന്നത് മുംബൈയിലാണ്. 2014 ഫെബ്രുവരി 1നാണ് മുംബൈ മോണോ റെയിൽ നിലവിൽ വന്നത്.
വഡാല മുതൽ ചെമ്പൂർ വരെ 8.26 കിലോമീറ്ററാണ് ദൂരം. മുംബൈ
മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റിയാണ് (MMRDA) മുംബൈ മോണോറെയിൽ പദ്ധതി
നടപ്പിലാക്കിയത്. കേരളത്തിലെ മോണോറെയിൽ പദ്ധതികൾ ആലോചനയിൽ ഉണ്ടായിരുന്നത്
തിരുവനന്തപുരം,
കോഴിക്കോട് എന്നീ
ജില്ലകളിലാണ്.
മെട്രോ റെയിൽവേ (Metro Rail Projects in
India)
ഇന്ത്യയിൽ
ആദ്യത്തെ മെട്രോ റെയിൽ ആരംഭിച്ചത് 1984
ഒക്ടോബർ 24ന് കൊൽക്കത്തയിലാണ്.
ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ തീവണ്ടിപ്പാതയാണിത്. 22.3 കി.മീറ്ററാണ് നീളം. ഡൽഹി, ബംഗളൂരു, ഗുരുഗ്രാം, മുംബൈ, ജയ്‌പുർ, ചെന്നൈ, കൊച്ചി, ലഖ്‌നൗ, ഹൈദരാബാദ്, നോയിഡ, അഹമ്മദാബാദ്, നാഗ്പുർ, കാൺപൂർ എന്നിവയാണ് മറ്റു പ്രധാന മെട്രോ
റെയിലുകൾ.
ഇന്ത്യയിലെ
റെയിൽവേ സോണുകൾ (Railway
Zones in India)
ഇന്ത്യൻ
റെയിൽവേയിൽ കൊൽക്കത്ത മെട്രോ റെയിൽവേ ഉൾപ്പെടെ 18 സോണുകളാണുള്ളത്. ഏറ്റവും കൂടുതൽ
റൂട്ട് ദൈർഘ്യമുള്ളത് നോർത്ത് സോണിനാണ്. കേരളം, റെയിൽവേയുടെ തെക്കൻ സോണിലാണ്
പെടുന്നത്. ചെന്നൈ,
മധുര, പാലക്കാട്, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം, സേലം എന്നിവയാണ് ദക്ഷിണ റെയിൽവേയുടെ
കീഴിലുള്ള ഡിവിഷനുകൾ.
കൊങ്കൺ
റെയിൽവേ (Konkan
Railways)
മഹാരാഷ്ട്രയിലെ
റോഹ മുതൽ കർണാടകയിലെ മംഗളൂരു വരെ 760
കിലോമീറ്റർ ദൂരമാണ് കൊങ്കൺ റെയിൽവേ. 1990
ജൂലായ് 19ന് പബ്ലിക് ലിമിറ്റഡ്
കമ്പനിയായി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) രൂപംകൊണ്ടു. ഇ.ശ്രീധരനായിരുന്നു
ചെയർമാനും മാനേജിങ് ഡയറക്ടറും. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കൊങ്കൺ
റെയിൽവേ പദ്ധതിയിൽ പങ്കാളികളാണ്. നവി മുംബൈയിലെ ബേലാപ്പൂർ ഭവനാണ് ആസ്ഥാനം. 59 സ്റ്റേഷനുകളാണ് കൊങ്കൺ
റെയിൽപ്പാതയിലുള്ളത്. 92 തുരങ്കങ്ങളും 1998 റെയിൽപ്പാലങ്ങളുമാണ് കൊങ്കൺ
റെയിൽപ്പാതയിലുള്ളത്.
റെയിൽവേ
പാതകൾ (Railway
Lines in India)
1853ൽ താനെയ്ക്കും ബോംബെയ്ക്കും
ഇടയിലാണ് ഇന്ത്യയുടെ ആദ്യ റെയിൽപ്പാത ഉണ്ടായത്. ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ
ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലർ ആക്റ്റിനെ തുടർന്ന് ഈസ്റ്റ് ഇന്ത്യാ
കമ്പനിയുമായുണ്ടാക്കിയ ധാരണ പ്രകാരമാണ് ഈ റെയിൽപ്പാത നിലവിൽ വന്നത്. 33.79 കിലോമീറ്റർ നീളമുള്ള താനെ-ബോംബെ
റെയിൽപ്പാത 1853 ഏപ്രിൽ 16ന് ഉദ്‌ഘാടനം ചെയ്തു. ദ് ഗ്രേറ്റ്
ഇന്ത്യ പെനിൻസുലർ റെയിൽവേയും ബോംബെ ബറോഡ ആൻഡ് സെൻട്രൽ റെയിൽവേ ഇന്ത്യയും 1860ൽ സ്ഥാപിതമായി. 1869 മുതൽ പടിഞ്ഞാറൻ തീരങ്ങളിൽ സ്ഥിരം
റെയിൽവേ എന്ന ആശയം ഇന്ത്യയിൽ നടപ്പാക്കുകയും ചെയ്തു. 2020
മാർച്ചിലെ കണക്കനുസരിച്ച്,
ലോകത്തിലെ
നാലാമത്തെ വലിയ റെയിൽശൃംഖലയാണ് ഇന്ത്യൻ റെയിൽവേ. ഏകദേശം 1,26,366 കി.മീ ദൈർഘ്യം വരുന്ന പാതകളും 7,325 സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നു. ആകെ
വൈദ്യുതീകരിച്ച പാതയുടെ നീളം 39,329 കി.മീ ആണ്.
റെയിൽവേ
ഗേജ് (Railway
Gauges in India)
റെയിൽവേ
ലൈനിൽ രണ്ടു പാളങ്ങൾ തമ്മിലുള്ള അകലമാണ് ഗേജ്. പ്രധാനമായും മൂന്നുതരം
ഗേജുകളാണുള്ളത് - ബ്രോഡ് ഗേജ്,
മീറ്റർ ഗേജ്, നാരോ ഗേജ്.
ബ്രോഡ്
ഗേജ്: 1.676 മീറ്റർ അഥവാ 1676 മില്ലിമീറ്റർ ആണ് ബ്രോഡ്‍ഗേജിൽ രണ്ടു
പാളങ്ങൾ തമ്മിലുള്ള അകലം. ഇന്ത്യൻ റെയിൽവേയുടെ റൂട്ട് ദൈർഘ്യത്തിൽ ബഹുഭൂരിപക്ഷവും
ബ്രോഡ് ഗേജ് പാതകളാണ്.
മീറ്റർ
ഗേജ്: 1 മീറ്റർ (1000 മി.മീ) ആണ് പാളങ്ങൾ തമ്മിലുള്ള അകലം.
ഇന്ത്യൻ റെയിൽവേയുടെ ആകെ റൂട്ട് ദൈർഘ്യത്തിൽ രണ്ടാം സ്ഥാനം മീറ്റർ ഗേജ്
പാതകൾക്കാണ്.
നാരോ
ഗേജ്: 762 മി.മീ, 610 മി.മീ എന്നിങ്ങനെ രണ്ടുതരത്തിൽ
പാളങ്ങൾക്കിടയിൽ അകലമുള്ള പാതകൾ ആണ് നാരോ ഗേജിൽ ഉള്ളത്.
റെയിൽവേ
നിർമ്മാണ യൂണിറ്റുകൾ
■ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്‌സ്
(പശ്ചിമ ബംഗാൾ)
■ ഡീസൽ ലോക്കോമോട്ടീവ് വർക്ക്‌സ്
(വാരണാസി, ഉത്തർപ്രദേശ്)
■ ഡീസൽ - ലോക്കോ മോഡേണൈസേഷൻ വർക്ക്‌സ്
(പട്യാല)
■ ഇന്റഗ്രൽ കോച്ച് ഫാക്ടറി (പേരാമ്പൂർ, ചെന്നൈ)
■ റെയിൽ കോച്ച് ഫാക്ടറി (കപൂർത്തല, പഞ്ചാബ്)
■ റെയിൽ വീൽ ഫാക്ടറി (യെലഹങ്ക, ബംഗളൂരു)
ഇന്ത്യയിലെ
റെയിൽവേ സ്ഥാപനങ്ങൾ
■ ഇന്ത്യൻ റെയിൽവേയ്‌സ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എഞ്ചിനീയറിംഗ് (പൂനെ (മഹാരാഷ്ട്ര))
■ ഇന്ത്യൻ റെയിൽവേയ്‌സ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ എഞ്ചിനീയറിംഗ് ആൻഡ് ടെലി കമ്യൂണിക്കേഷൻ
(സെക്കന്തരാബാദ്)
■ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് (ജമാൽപൂർ)
■ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് (നാസിക്)
■ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് (ലഖ്‌നൗ)
■ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് (സെക്കന്തരാബാദ്)
■ റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ്
ഇക്കണോമിക് സർവീസസ് ലിമിറ്റഡ് (RITES)(ഗുരുഗ്രാം, ഹരിയാന)
■ ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ കമ്പനി
ലിമിറ്റഡ് (IRCON)(ന്യൂഡൽഹി)
■ കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ
ലിമിറ്റഡ് (CONCOR)(ന്യൂഡൽഹി)
■ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം
(CRIS)(ചാണക്യപുരി, ന്യൂഡൽഹി)
■ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം
കോർപ്പറേഷൻ ലിമിറ്റഡ് (IRCTC)(ന്യൂഡൽഹി)
■ റെയിൽ ടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ
ലിമിറ്റഡ് (ന്യൂഡൽഹി)
ടൂറിസ്റ്റ്
ട്രെയിനുകൾ (Tourist
Trains in India)
തീർത്ഥാടന
- വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന നിരവധി ടൂറിസ്റ്റ് ട്രെയിനുകൾ
ഇന്ത്യയിലുണ്ട്. ഇവയിലെ മിക്ക ട്രെയിനുകളുടെ പ്രവർത്തനം നടത്തുന്നത് സംസ്ഥാന
ടൂറിസം വകുപ്പും ഇന്ത്യൻ റെയിൽവേയും ചേർന്നാണ്. ഫെയറി ക്വീൻ, മഹാരാജാസ് എക്‌സ്‌പ്രസ്, പാലസ് ഓൺ വീൽസ്, ഡെക്കാൻ ഒഡീസി, ഗോൾഡൻ ചാരിയറ്റ്, റോയൽ ഓറിയന്റ് ട്രെയിൻ, ഹെറിറ്റേജ് ഓൺ വീൽസ്, മഹാ പരിനിർവാൺ സ്പെഷ്യൽ ട്രെയിൻ, ജനം ഭൂമി ഗൗരവ് എക്‌സ്പ്രസ്, ബുദ്ധപരിക്രമ എന്നിവയാണ് ഇന്ത്യയിലെ
പ്രധാന ടൂറിസ്റ്റ് ട്രെയിനുകൾ.
എക്‌സ്പ്രസ്
ട്രെയിനുകൾ (Express
Trains in India)
എക്‌സ്പ്രസ്
ട്രെയിനുകളെ പാസഞ്ചർ ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ സർവീസ് തുടങ്ങുന്ന
സ്റ്റേഷൻ മുതൽ അന്തിമ സ്റ്റേഷനുമിടയിൽ വളരെ പ്രധാനപ്പെട്ട സ്റ്റോപ്പുകളിൽ മാത്രം
നിർത്തുന്നു. അതിനാൽ എക്‌സ്പ്രസ് ട്രെയിനുകൾക്ക് ലോക്കൽ ട്രെയിനുകളേക്കാൾ വേഗത്തിൽ
സർവീസ് നടത്താൻ സാധിക്കുന്നു. എക്‌സ്പ്രസ് ട്രെയിനുകൾക്ക് പാസഞ്ചർ സർവീസുകളെക്കാൾ
വേഗത കൂടുതൽ ഉള്ളതിനാൽ അവയെ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ എന്നും വിളിക്കുന്നു.
റെയിൽ
ഗതാഗതം (Rail
Transport in India)
ലോകത്തിലെ
ഏറ്റവും വലിയ റെയിൽ ഗതാഗത ശൃംഖലകളിൽ നാലാമതാണ് ഇന്ത്യൻ റെയിൽവേ. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് ആദ്യ മൂന്നു
സ്ഥാനങ്ങളിൽ. ഏകദേശം 1,26,366 കി.മി ദൈർഘ്യം വരുന്ന പാതകളും
7325 സ്റ്റേഷനുകളും ഇതിൽ
ഉൾപ്പെടുന്നു. വരുമാനത്തിന്റെ 67 ശതമാനവും ചരക്ക്
ഗതാഗതത്തിലൂടെയാണ് റെയിൽവേ നേടുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾക്ക് തൊഴിൽ
കൊടുക്കുന്ന സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. ഏകദേശം 12 ലക്ഷത്തോളം ആളുകൾ ഇന്ത്യൻ റെയിൽവേയിൽ
ജോലിചെയ്യുന്നുണ്ട്.
എയർപോർട്ട്
അതോറിറ്റി ഓഫ് ഇന്ത്യ (AAI)
ഇന്ത്യയിൽ
വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ
(എ.എ.ഐ) ആണ്. 1995 ഏപ്രിൽ ഒന്നിനാണ് എയർപോർട്ട്
അതോറിറ്റി രൂപംകൊണ്ടത്. ന്യൂഡൽഹിയിലെ രാജീവ് ഗാന്ധി ഭവൻ ആണ് ആസ്ഥാനം. എയർപോർട്ട്
അതോറിറ്റി ഓഫ് ഇന്ത്യയുടെ 2019
- 2020 ലെ വാർഷിക
റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 137 വിമാനത്താവളങ്ങളാണ്
ആകെയുള്ളത്. ഇതിൽ 23 എണ്ണം അന്താരാഷ്ട്ര
വിമാനത്താവളങ്ങളാണ്. 10 എണ്ണം കസ്റ്റംസ്
വിമാനത്താവളങ്ങളും 81 എണ്ണം ആഭ്യന്തര സർവീസിനായുള്ള
വിമാനത്താവളങ്ങളുമാണ്. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 21 എണ്ണമാണ് യാത്രാ ആവശ്യത്തിനായി
ഉപയോഗിക്കുന്നത്. മൂന്നെണ്ണം സൈനിക ആവശ്യങ്ങൾക്കായുള്ളതാണ്.
വ്യോമഗതാഗതം
(Air
Transport In India)
ലോക
വ്യോമയാനഭൂപടത്തിൽ ഇന്ത്യ ആദ്യമായി ഇടംനേടിയത് 1927ലാണ്. മറ്റു ലോകരാഷ്ട്രങ്ങളുമായി
ആകാശമാർഗം ഇന്ത്യയെ ബന്ധിപ്പിക്കുന്ന 'എയർ
നെറ്റ്‌വർക്കിൽ'
ആ വർഷം ഇന്ത്യയും
അംഗമായി. ബ്രിട്ടന്റെ 'ഇംപീരിയൽ എയർവെയ്‌സ്' ആണ് ഇന്ത്യയിലേക്ക് സർവീസ് നടത്തിയ
ആദ്യ വിമാനക്കമ്പനി. കെയ്‌റോ-ബസ്ര-കറാച്ചി-ജോധ്പൂർ-ഡൽഹി റൂട്ടിൽ ഈ വിമാനം സർവീസ്
നടത്തി. ഇന്ത്യയിൽ സർവീസ് നടത്തിയ ആദ്യത്തെ യാത്രാവിമാനവും ഇതുതന്നെ.
1932 ഒക്ടോബർ 15. ഇന്ത്യയുടെ ചരിത്രത്തിൽ ഏറെ
പ്രാധാന്യമുള്ള ഒരു ദിവസമാണിത്. ഇന്ത്യയിലെ ആദ്യ വിമാനം പറന്ന ദിവസം.
പറത്തിയതാരെന്നോ?
സാക്ഷാൽ
ജെ.ആർ.ഡി. ടാറ്റ! കറാച്ചിയിലെ ഡ്രിഗ് റോഡ് എയറോഡ്രോമിൽ നിന്ന് അഹമ്മദാബാദ് വഴി
ബോംബയിലേക്കായിരുന്നു ചരിത്രം കുറിച്ച ഈ പറക്കൽ.
1932 ജൂലൈയായിരുന്നു ടാറ്റയുടെ
ഏവിയേഷൻ കമ്പനി ആരംഭിച്ചത്. നെവിൽ വിൻസെന്റ് എന്ന വൈമാനികന്റെയും ജെ.ആർ.ഡി
ടാറ്റയുടെയും ശ്രമഫലമായി തപാലുകൾ കൊണ്ടുപോകാനുള്ള ഒരു കരാർ അവർക്ക് ലഭിച്ചു.
വിൻസെന്റിന്റെ ആശയമായിരുന്നു ഇത്. ഈ ആവശ്യത്തിന് വേണ്ടി ഒക്ടോബർ 15ന് ആദ്യമായി വിമാനം പറത്താൻ ടാറ്റ
തീരുമാനിച്ചു. ഇംപീരിയൽ എയർവേയ്‌സിന്റെ തപാലുമായി ഒരു എൻജിൻ മാത്രമുള്ള
കൊച്ചുവിമാനത്തിൽ അങ്ങനെ ടാറ്റയും വിൻസെന്റും പറന്നുയർന്നു!
ഇന്ത്യയിലെ
വിമാന കമ്പനികൾ (Airlines
Companies in India)
1953 ഓഗസ്റ്റ് ഒന്നിന് ഇന്ത്യൻ
വ്യോമസേനരംഗം ദേശസാത്കരിച്ചു. ഇന്ത്യൻ എയർലൈൻസും, എയർ ഇന്ത്യയുമായിരുന്നു ആദ്യകാല ദേശീയ
വിമാന കമ്പനികൾ. വിദേശ സർവീസുകൾക്കായി എയർ ഇന്ത്യ ഇന്റർനാഷണലിനെ ആ പേരിൽ
നിലനിർത്തി. ആഭ്യന്തര സർവീസുകാർക്കായി 'ഇന്ത്യൻ
എയർലൈൻസ്' രൂപവത്കരിച്ചു. അപ്പോൾ
ഇന്ത്യയിൽ ആഭ്യന്തര വിമാനസർവീസ് നടത്തിയിരുന്ന എട്ട് കമ്പനികളാണുണ്ടായിരുന്നത്.
ഡെക്കാൻ എയർവേസ്,
എയർവേസ് ഇന്ത്യ, ഭാരത് എയർവേസ്, ഹിമാലയൻ ഏവിയേഷൻ, കലിംഗ എയർലൈൻസ്, ഇന്ത്യൻ നാഷണൽ എയർവേസ്, എയർ ഇന്ത്യ, എയർ സർവീസസ് ഓഫ് ഇന്ത്യ എന്നിവയാണവ. ഇവ
കൂട്ടിച്ചേർത്താണ് ഇന്ത്യൻ എയർലൈൻസ് രൂപവത്കരിച്ചത്. 2007ൽ ഇന്ത്യൻ എയർലൈൻസ്, എയർ ഇന്ത്യയിൽ ലയിപ്പിച്ചു. പിന്നീട്
നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് (NACIL) എന്ന കമ്പനി രൂപവത്കരിച്ചു. NACILന്റെ പേര് 2010ൽ എയർ ഇന്ത്യ ലിമിറ്റഡ് എന്നാക്കി. 2021ൽ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ്
ഏറ്റെടുത്തു.
എയർ
ഇന്ത്യയുടെ അനുബന്ധ കമ്പനികൾ
■ എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട്
സർവീസസ് ലിമിറ്റഡ് (AIATSL)
■ എയർ ഇന്ത്യ എക്‌സ്‌പ്രസ് ലിമിറ്റഡ് (AIXL)
■ എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ്
ലിമിറ്റഡ് (AIESL)
■ എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡ് (AASL)
പ്രധാന
എയർലൈൻസ് കമ്പനികളും പരസ്യവാചകങ്ങളും
■ എയർ ഇന്ത്യ - യുവർ പാലസ് ഇൻ ദ സ്കൈ
■ ജെറ്റ് എയർവേയ്‌സ് - ദി ജോയ് ഓഫ് ഫ്‌ളൈയിങ്
■ എയർ ഡെക്കാൻ - സിംപ്ലി ഫ്‌ളൈ
■ എയർ ഏഷ്യ - നൗ എവരിവൺ കാൻ ഫ്‌ളൈ
■ എയർ ഇന്ത്യ എക്‌സ്പ്രസ് - സിംപ്ലി
പ്രൈസ്‌ലെസ്
■ സ്‌പൈസ് ജെറ്റ് - ഫ്‌ളൈയിങ് ഫോർ എവരിവൺ
ജെറ്റ്
വിമാനം (Jet
Planes in India)
ഇന്ധനവും
വായുവും ചേർന്ന മിശ്രിതം കത്തിയാണ് സാധാരണ ജെറ്റ് എൻജിനുകൾ പ്രവർത്തിക്കുന്നത്.
ശബ്ദത്തേക്കാൾ വേഗത്തിൽ കുതിക്കുന്ന വിമാനങ്ങളാണ് സൂപ്പർസോണിക് ജെറ്റ് വിമാനങ്ങൾ.
ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ജെറ്റ് വിമാന സർവീസ് എയർ ഇന്ത്യ തുടങ്ങിയത് 1960ലാണ്. അമേരിക്കയിലേക്കായിരുന്നു ഇത്.
ബോയിങ് 707 -
437 വിമാനമാണ്
സർവീസിനുപയോഗിച്ചത്. 'നന്ദാദേവി' എന്നാണ് വിമാനത്തിന് നൽകിയ പേര്.
ഏതെങ്കിലും ഇന്ത്യൻ കമ്പനി അമേരിക്കയിലേക്ക് നടത്തുന്ന ആദ്യത്തെ
വിമാനസർവീസായിരുന്നു ഇത്. ലണ്ടൻ വഴി ന്യൂയോർക്കിലേക്കായിരുന്നു ഈ സർവീസ്.
ഗ്രീൻഫീൽഡ്
എയർപോർട്ട് (Greenfield
Airport)
നിലവിലുള്ള ഒരു വിമാനത്താവളത്തിന് വർധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾ കൈകാര്യം ചെയ്യാനാവാതെ വരുമ്പോൾ അതിനുപകരം സ്ഥാപിക്കപ്പെടുന്നതാണ് ഗ്രീൻഫീൽഡ് എയർപോർട്ട്. കേന്ദ്ര സർക്കാരാണ് അനുമതി നൽകുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിർമാണം. 2008 മാർച്ച് 14ന് ഉദ്‌ഘാടനം ചെയ്‌ത ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് പ്രവർത്തനക്ഷമമായ രാജ്യത്തെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്. ബെംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളവും ഈ ഗണത്തിൽപെട്ടതാണ്.
