ജ്യോതിശാസ്ത്രം

Arun Mohan
0

ജ്യോതിശാസ്ത്രം

പ്രപഞ്ചം

ഭൂമിയും ഗ്രഹങ്ങളും ബഹിരാകാശവും നക്ഷത്രങ്ങളും ഗാലക്സികളുമടങ്ങുന്നതാണ് പ്രപഞ്ചം. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് 1929ൽ അമേരിക്കൻ ആസ്ട്രോണമാറായ എഡ്വിൻ ഹബ്ബിൾ കണ്ടുപിടിച്ചു. ആകാശഗംഗയ്ക്ക് വെളിയിലുള്ള ഗാലക്സികൾ പരസ്പരം അകലുന്നുവെന്ന കാര്യം മാത്രമല്ല, കൂടുതൽ അകലെയുള്ളവ കൂടുതൽ വേഗത്തിൽ അകലുന്നു എന്നും ഹബ്ബിൾ കണ്ടെത്തി.

സൗരയൂഥം

460 കോടി വർഷം മുൻപ് ഏതാണ്ട് 2400 കോടി കിലോമീറ്റര്‍ വിസ്താരമുള്ള പ്രദേശത്ത്‌, വാതകങ്ങളും ധൂളീപടലങ്ങളും ഗുരുത്വാകര്‍ഷണബലത്താല്‍ അമര്‍ന്നടിഞ്ഞു. അതില്‍ 99.8 ശതമാനം ദ്രവ്യവും സുര്യന്റെ നിര്‍മിതിക്ക്‌ ചെലവായി. ബാക്കിയുള്ളവ സൂര്യനുചുറ്റും ചുഴികളായിച്ചേര്‍ന്ന്‌ ഗോളരൂപം പ്രാപിച്ച്‌ ഗ്രഹങ്ങളായി. സൂര്യന്‍ കഴിഞ്ഞാല്‍ സൗരയൂഥത്തില്‍ ബാക്കിയുള്ള മുഴുവന്‍ പിണ്ഡത്തില്‍ 90 ശതമാനവും വ്യാഴത്തിലും ശനിയിലുമായി സ്ഥിതിചെയ്യുന്നു. ഏതാണ്ട്‌ 20 കോടി വര്‍ഷമെടുത്തു ഭൂമി രൂപപ്പെടാന്‍. 440 കോടി വര്‍ഷം മുന്‍പ്‌ ചൊവ്വയുടെ വലുപ്പമുള്ള ഒരു വസ്തു ഭൂമിയുമായി കൂട്ടിയിടിച്ചു. ആ കൂട്ടിയിടിയുടെ ശക്തിയില്‍ ഭൂമിയുടെ ഒരു ഭാഗം അടര്‍ന്ന്തെറിച്ച്‌ മറ്റൊരു ആകാശഗോളമായി പരിണമിച്ചു; അതാണ്‌ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍.

സൂര്യനും എട്ടു ഗ്രഹങ്ങളും അവയുടെ അറിയപ്പെടുന്ന 173 ഉപഗ്രഹങ്ങളും, 6 കുള്ളന്‍ ഗ്രഹങ്ങളും അവയുടെ 8 ഉപഗ്രഹങ്ങളും, ധൂമകേതുക്കൾ, ഉല്‍ക്കകൾ, ക്ഷുദ്രഗ്രഹങ്ങൾ, കിയ്പര്‍ ബെല്‍റ്റ്‌ വസ്തുക്കൾ, ധൂളീപടലങ്ങൾ തുടങ്ങി ചെറുതും വലുതുമായ ലക്ഷക്കണക്കിന്‌ വസ്തുക്കളും ഉൾപ്പെട്ട സംവിധാനമാണ് സൗരയൂഥം. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്‌, നെപ്ട്യൂൺ എന്നിവയാണ്‌ ഗ്രഹങ്ങൾ. വ്യാഴമാണ്‌ ഏറ്റവും വലിയ ഗ്രഹം; ബുധന്‍ ഏറ്റവും ചെറുതും. ഇതിൽ ആദ്യ നാല് ഗ്രഹങ്ങൾക്ക്‌ ശേഷം, ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍, ക്ഷുദ്രഗ്രഹ ബെല്‍റ്റ് സ്ഥിതിചെയ്യുന്നു. അടുത്ത നാല് ഗ്രഹങ്ങൾക്കപ്പുറം ഹിമവസ്തുക്കളും ധൂളീപടലങ്ങളും നിറഞ്ഞ കിയ്പര്‍ ബെല്‍റ്റ്‌. അതിനപ്പുറം അതിവിശാലമായ ഊർറ്റ്‌ മേഘം. സൂര്യനെ ഗ്രഹങ്ങൾ ചുറ്റുന്നത്‌ വര്‍ത്തുള ഭ്രമണപഥത്തിലാണ്‌. അതിനാല്‍ വര്‍ഷത്തില്‍ എല്ലാ സമയത്തും സൂര്യനും ഗ്രഹവും തമ്മിലുള്ള അകലം തുല്യമായിക്കൊള്ളണം എന്നില്ല.

സൂര്യനും ചന്ദ്രനും

സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ്. സൗരയൂഥത്തിന്റെ ഊർജ്ജ സ്രോതസ്സ് സൂര്യനാണ്. സൂര്യനിൽ ധാരാളമായി അടങ്ങിയിരിക്കുന്ന മൂലകമാണ് ഹൈഡ്രജൻ. സൂര്യനിൽ, ന്യൂക്ലിയർ ഫ്യൂഷൻ പ്രക്രിയ നടക്കുന്നു, അവിടെ ഹൈഡ്രജൻ ആറ്റങ്ങൾ സംയോജിച്ച് ഹീലിയം രൂപം കൊള്ളുന്നു. ക്ഷീരപഥത്തിന്റെ കേന്ദ്രം ചുറ്റാൻ സൂര്യന് 226 ദശലക്ഷം വർഷങ്ങൾ ആവശ്യമാണ്. ഇതിനെ കോസ്മിക് ഇയർ എന്ന് വിളിക്കുന്നു.

അഞ്ചാമത്തെ വലിയ ഉപഗ്രഹമാണ് ചന്ദ്രൻ. 59 ശതമാനം ചന്ദ്രനെ ഭൂമിയിൽ നിന്ന് കാണാൻ കഴിയും. ഭൂമിയിലെ 60 കിലോ വസ്തുവിന്റെ ഭാരം ചന്ദ്രനിൽ 6 കിലോ മാത്രമാണ്. ഭൂമിയെ ചുറ്റാൻ ചന്ദ്രന് 27 ദിവസവും 7 മണിക്കൂറും 43 മിനിറ്റും ആവശ്യമാണ്. ചന്ദ്രനെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട ശാഖയാണ് സെലനോളജി. ചന്ദ്രനിൽ ആകാശത്തിന്റെ നിറം കറുപ്പാണ്, കാരണം ചന്ദ്രന് അന്തരീക്ഷമില്ല.

ബുധൻ (മെർക്കുറി) ഗ്രഹം

സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ബുധൻ. സൂര്യനിൽ നിന്നുള്ള അകലം 6 കോടി കി.മീ. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹവും ബുധൻ തന്നെയാണ്. ഉപഗ്രഹങ്ങളിത്ത ഗ്രഹമാണ് ബുധൻ. ഏറ്റവും വേഗത്തിൽ സൂര്യനെ വലം വയ്ക്കുന്ന ഗ്രഹം. അതായത് ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷം ബുധന്റേതാണ്. സുര്യനെ ചുറ്റാൻ വെറും 88 ഭൗമ ദിവസങ്ങൾ മാത്രം മതി. ബുധന്റെ ഭ്രമണകാലം 58.65 ദിവസമാണ്. വായുമണ്ഡലമില്ലാത്തതിനാൽ ദിവസങ്ങൾക്ക് കടുത്ത ചൂടും രാത്രികൾക്ക് കടുത്ത തണുപ്പും അനുഭവപ്പെടുന്നു. സിലിക്കേറ്റ് എന്ന പാളികൾകൊണ്ട് ഉപരിതലം മൂടപ്പെട്ടിട്ടുള്ളതാണ്. ബുധനെക്കുറിച്ചുള്ള പഠനത്തിനായി ആദ്യമായി വിക്ഷേപിക്കപ്പെട്ട വാഹനം Mariner 10 ആണ്. 1973 ൽ അമേരിക്കയാണ് ഇത് വിക്ഷേപിച്ചത്. 2004 ൽ വിക്ഷേപിക്കപ്പെട്ട നാസയുടെ മെസ്സഞ്ചർ പര്യവേഷണ വാഹനം 2011-ൽ ബുധനിനടുത്തെത്തി.

ശുക്രൻ (വീനസ്) ഗ്രഹം

ഏറ്റവും ചൂട് കൂടിയ ഗ്രഹം ശുക്രനാണ്. ഹരിതഗൃഹപ്രഭാവമാണ് ശുക്രനിൽ ചൂട് കൂടാൻ കാരണം. ഭൂമിക്ക് പുറമെ ഹരിതഗൃഹപ്രഭാവമുള്ള ഏകഗ്രഹം ശുക്രനാണ്. പ്രഭാത നക്ഷത്രം (Morning Star), സായാഹ്‌ന നക്ഷത്രം (Evening Star) എന്നിങ്ങനെ അറിയപ്പെടുന്നത് ശുക്രനാണ്. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്നു. ഭൂമിക്ക് സമാനമായ വലുപ്പം ഉള്ളതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്. ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നതും വലുപ്പത്തിൽ ആറാം സ്ഥാനത്തുള്ളതുമായ ഗ്രഹമാണ് ശുക്രൻ. കിഴക്കുനിന്നും പടിഞ്ഞാറോട്ട് കറങ്ങുന്ന ഗ്രഹം, അതായത് സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നു. റോമക്കാരുടെ പ്രണയദേവതയുടെ പേരാണ് ഈ ഗ്രഹത്തിന് നൽകപ്പെട്ടിരിക്കുന്നത്.

ഏറ്റവും തിളക്കമുള്ള ഗ്രഹം ശുക്രനാണ്. സൂര്യപ്രകാശത്തെ ഏറ്റവും പ്രതിഫലിക്കുന്ന ഗ്രഹമായതിനാലാണിത്. വർഷത്തേക്കാളും ദിനത്തിന് ദൈർഘ്യം കൂടിയ ഗ്രഹമാണ് ശുക്രൻ. ശുക്രന്റെ ഭ്രമണകാലം 243 ദിവസമാണ്. (ഏറ്റവും വേഗം കുറഞ്ഞ സ്വയം ഭ്രമണമാണിത്). സൂര്യനെ വലം വെക്കാൻ 244 ദിവസമാണ് വേണ്ടത്. ശുക്രനിലെ ഉപരിതലത്തിലെ പല പ്രദേശങ്ങൾക്കും പുരാണങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളുടെ പേരുകളാണ് നൽകപ്പെട്ടിട്ടുള്ളത്.

സൾഫ്യൂറിക് ആസിഡ് നിറഞ്ഞ മേഘപാളികളാൽ മൂടപെട്ടതാണ് ശുക്രൻ. അതിനാൽ ആസിഡ് മഴ തുടർച്ചയായി വീനസിൽ പെയ്യുന്നു. അഗ്നിപർവ്വതങ്ങളും, സമതലങ്ങളും ചേർന്നതാണ് ശുക്രന്റെ ഉപരിതലം. ശുക്രനിലെ വിശാലമായ പീഠഭൂമിയാണ് ലക്ഷ്മിപ്ലാനം. ശുക്രനിൽ പര്യവേഷണം നടത്താൻ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച വാഹന പരമ്പരയാണ് വെനീറ.

ഭൂമി ഗ്രഹം (Earth Planet)

സൂര്യന് ഒരു വലിയ വാതിലിന്റെ അത്ര വലുപ്പമുണ്ടെന്ന് കരുതിയാൽ ഭൂമി ഒരു ചെറുനാണയത്തിന്റെ അത്രയേ ഉണ്ടാകൂ! ഭൂമിയിൽ ഉണ്ടായിരുന്ന ജീവജാലങ്ങളിൽ 99 ശതമാനവും അന്യംനിന്നുപോയി എന്നാണ് കരുതപ്പെടുന്നത്. സൂര്യനിൽ നിന്ന് മൂന്നാം സ്ഥാനത്തുള്ള ഗ്രഹമാണിത്. നൈട്രജൻ - ഓക്സിജൻ നിറഞ്ഞ അന്തരീക്ഷം കാണപ്പെടുന്നു. 71 ശതമാനം മഹാസമുദ്രമാണ്. കേന്ദ്രത്തിലെ ഖരഭാഗം വളരെ വേഗത്തിൽ കറങ്ങുന്നതുമൂലം ഭൂമിയുടെ ശക്തമായ കാന്തികമണ്ഡലം രൂപംകൊള്ളുന്നു. നിക്കൽ-അയൺ എന്നീ മൂലകങ്ങൾ പ്രധാനമായുള്ളതാണ് 1390 കി.മീ വ്യാസാർധമുള്ള കേന്ദ്രഭാഗം. കേന്ദ്രഭാഗത്തെ താപം 5500 - 7500 കെൽവിനാണ്. അയൺ, ഓക്സിജൻ, സിലിക്കോൺ, മഗ്നീഷ്യം, നിക്കൽ എന്നിവയാണ് ഭൂമിയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകങ്ങൾ.  ഏറ്റവും സാന്ദ്രതയേറിയ ഗ്രഹം. സൂര്യനിൽ നിന്നുള്ള അകലം 1 AU (15 കോടി കിലോമീറ്റർ). ഒരു തവണ സൂര്യനെ പ്രദക്ഷിണം വെക്കാൻ 365 ദിവസം വേണം. അതാണ് ഒരു ഭൗമവർഷം. പലായന പ്രവേഗം സെക്കൻഡിൽ 11.186 കിലോമീറ്റർ. പ്ലേറ്റ് ടെക്റ്റോണിക്സ് (ഫലക ചലനങ്ങൾ) പോലുള്ള പ്രതിഭാസങ്ങൾ നിലനിൽക്കുന്നതായി കണ്ടിട്ടുള്ള ഏക ഗ്രഹവും ഭൂമിയാണ്. ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ് 14 ഡിഗ്രി സെൽഷ്യസ്. ഭൗമാന്തരീക്ഷം ഗുരുത്വാകർഷണത്താൽ നിലകൊള്ളുന്നു. സ്ട്രാറ്റോസ്ഫിയറിലാണ് ഓസോൺ പാളി. ഇതിനുമുകളിൽ തെർമോസ്ഫിയർ, അതിനുമപ്പുറം എക്സോസ്ഫിയർ. ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹം. ചന്ദ്രൻ ഒരേയൊരു ഉപഗ്രഹമാണ്. ഭൂമിക്ക് വലയങ്ങളില്ല. ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്നായിരുന്നു ഒരുകാലത്ത് പൊതുവേ വിശ്വസിച്ചിരുന്നത്!

ചൊവ്വ ഗ്രഹം (Mars)

'ചുവപ്പുഗ്രഹം' എന്നറിയപ്പെടുന്നു. അന്തരീക്ഷത്തിലെ അയൺ ഓക്സൈഡിന്റെ സാന്നിധ്യം കാരണമാണ് ഈ ഗ്രഹത്തിന് ചുവപ്പുനിറം ലഭിച്ചത്. സൂര്യനിൽ നിന്നുള്ള ശരാശരി അകലം 1.5 AU. സൂര്യനെ ഒരു തവണ പ്രദക്ഷിണം വെക്കാൻ 687 ഭൗമദിനങ്ങൾ വേണം. ഭൂമിയുടേതിനു സമാനമാണ് ദിനരാത്രങ്ങൾ. ഭൂമിയെക്കാളും ശുക്രനെക്കാളും വലുപ്പം കുറവാണ് ചൊവ്വയ്ക്ക്. ഭൂമിയുടെ 0.107 ഭാഗം പിണ്ഡം മാത്രം. സൂര്യന് ഒരു വലിയ മുൻവാതിലിന്റെ വലുപ്പമാണെങ്കിൽ ഭൂമിക്ക് ഒരു ചെറു നാണയത്തിന്റെയും ചൊവ്വയ്ക്ക് ആസ്പിരിൻ ഗുളികയുടെയും വലുപ്പമേ കാണൂ! അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡാണ് കൂടുതൽ. സൗരയൂഥത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ഒളിംപസ് മോൺസും, ഒട്ടേറെ താഴ്വരകളും ചൊവ്വയുടെ പ്രതലത്തിലുണ്ട്. അടുത്തകാലം വരെ ഗ്രഹം ഭൗതികമായി വളരെ സജീവമായിരുന്നു എന്നതിന് തെളിവാണിത്. ദ്രവകാവസ്ഥയിലുള്ള കേന്ദ്രഭാഗത്ത് മുഖ്യമായും അയൺ മൂലകമാണ്. ചുറ്റിനും ഖരാവസ്ഥയിലുള്ള ഭാഗം. അയൺ ഓക്സീകരിക്കുന്നതുമൂലം ഈ ഗ്രഹത്തിന് തുരുമ്പിന്റെ ചുവപ്പ് നിറമാണ്. നേരിയ കാന്തിക മണ്ഡലമുണ്ട്. വർഷത്തിന്റെ ദൈർഘ്യം ഭൂമിയുടെ ഇരട്ടി. ഭൗമദിനത്തെക്കാൾ 37 മിനുട്ട് ദൈർഘ്യമേറിയതാണ് ചൊവ്വാദിനം. ഭൂമി കഴിഞ്ഞാൽ മനുഷ്യർ ഏറ്റവുമധികം പഠനം നടത്തിയിട്ടുള്ള ഗ്രഹമാണ് ചൊവ്വ. ചൊവ്വയെക്കുറിച്ചു പഠിക്കുന്നതിനായി 2014 ൽ ഇന്ത്യ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് മംഗൾയാൻ.

വ്യാഴം (ജൂപ്പിറ്റർ) ഗ്രഹം

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം. സൂര്യനിൽ നിന്ന് അഞ്ചാമതായി ഭ്രമണം ചെയ്യുന്ന വാതകഭീമൻ ഗ്രഹം. സൂര്യനിൽ നിന്ന് 5.2 AU (77.8 കോടി കിലോമീറ്റർ) അകലെ സ്ഥിതിചെയ്യുന്നു. സൂര്യനെ ഒരുതവണ വലംവെക്കാൻ 11.86 ഭൗമവർഷം വേണം.പത്തുമണിക്കൂറിൽ ഒരു തവണ എന്ന കണക്കിൽ വ്യാഴം സ്വയം കറങ്ങും. ഭൂമിയുടെതിന്റെ 318 മടങ്ങാണ് വ്യാഴത്തിന്റെ പിണ്ഡം. മറ്റ് എല്ലാ ഗ്രഹങ്ങളും കൂടി ചേർന്നാലുള്ളതിന്റെ രണ്ടര ഇരട്ടി വരും വ്യാഴം! എന്നാൽ, വാതകഭീമനായ ഇവന് ഖരരൂപത്തിലുള്ള ഒരു ഉൾഭാഗം ഉണ്ടെങ്കിൽപോലും അതിന് കഷ്ടിച്ച് ഭൂമിയുടെ വലുപ്പമേ കാണൂ! വ്യാഴത്തിന്റെ മധ്യരേഖയിൽ പതിനൊന്ന് ഭൂമികൾ വയ്ക്കാം! വേറൊരുതരത്തിൽ പറഞ്ഞാൽ ഭൂമിക്ക് ഒരു മുന്തിരിയോളം വലുപ്പമേയുള്ളുവെങ്കിൽ വ്യാഴത്തിന് ഒരു ബാസ്‌ക്കറ്റ് ബോളിന്റെ വലുപ്പമുണ്ട്! ഹൈഡ്രജൻ, ഹീലിയം, കാർബൺ, നൈട്രജൻ എന്നീ മൂലകങ്ങളാണ് ഈ വാതകഭീമനിലുള്ളതെന്നു കരുതുന്നു. ഭാരമേറിയ മൂലകങ്ങൾ അടങ്ങിയ കേന്ദ്രഭാഗത്തിനു ഭൂമിയുടെ 15 മടങ്ങ് ദ്രവ്യമാനമുണ്ട്. അറിയപ്പെടുന്ന 79 - ഓളം ഉപഗ്രഹങ്ങളുണ്ട്. വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡിന് ബുധനെക്കാൾ വലുപ്പമുണ്ട്. സ്വന്തം കാന്തികമണ്ഡലമുള്ളത് ഗാനിമീഡിനു മാത്രം. ഗ്രേറ്റ് റെഡ് സ്പോട്ട് എന്ന ചലനാവസ്ഥയിലുള്ള ചുവന്ന പ്രദേശം ഭൂമിയിൽനിന്നു ദൃശ്യമാകുന്നു. ദീർഘവൃത്താകൃതിയിലെ മേഘവ്യൂഹമാണിത്. ഭൂമിയെക്കാൾ വലുപ്പമുണ്ടിതിന്. വ്യാഴത്തിന്റെ മേഘാവരണത്തിനു കുറച്ചു മണിക്കൂറുകൾ കൊണ്ട് മാറ്റം വരുന്നു. ഇരുണ്ട മേഖലകളെ ബെൽറ്റ് എന്നും തെളിച്ചമുള്ളവയെ സോൺ എന്നും വിളിക്കുന്നു.

വ്യാഴവട്ടം

വ്യാഴത്തിനാണ് ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രികളും പകലുകളും ഉള്ളത്. പത്തു മണിക്കൂറിൽ താഴെ മാത്രമാണ് ഒരു തവണ സ്വയം ഭ്രമണത്തിന് വ്യാഴത്തിന് വേണ്ടത്. ഭൂമിയിലെ ഏകദേശം 12 വർഷം കൊണ്ടാണ് (11.86 വർഷം) വ്യാഴം സൂര്യനെ ഒരുതവണ വലംവെക്കുന്നത്. ഇത് 'വ്യാഴവട്ടം' എന്നറിയപ്പെടുന്നു. യൂറാനസ്, ശുക്രൻ എന്നീ ഗ്രഹങ്ങൾ സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നു.

ശനി ഗ്രഹം (സാറ്റേൺ)

വലയങ്ങളുള്ള ഗ്രഹം. ശനിയുടെ ഭൂമധ്യരേഖാതലത്തിലാണ് വലയങ്ങൾ. ഇവയ്ക്ക് 275000 കി.മീ വ്യാസമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ഗലീലിയോ ഗലീലിയാണ് ശനിയുടെ വലങ്ങൾ കണ്ടെത്തിയത്. സൗരയൂഥത്തിലെ വലുപ്പത്തിൽ രണ്ടാംസ്ഥാനത്തുള്ള ഗ്രഹം. ഏകദേശം ഒൻപത് ഭൂമികൾ ചേരുന്നതാണ് ശനിയുടെ വ്യാസം! വളയങ്ങൾ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. സൂര്യനിൽ നിന്ന് ആറാമതായി ഭ്രമണം ചെയ്യുന്നു. സൂര്യനിൽ നിന്ന് 9.5 AU അകലെ സ്ഥിതിചെയ്യുന്നു. സൂര്യനെ ഒരുതവണ വലംവെക്കാൻ 29.5 വർഷം വേണം. വ്യാഴത്തെപ്പോലുള്ള വാതകഭീമനാണ് ഇതും. ചിലപ്പോൾ അതിന് ഖരരൂപത്തിലുള്ള ഉൾഭാഗം കണ്ടേക്കാം. ഭൂമിയുടെ പിണ്ഡത്തിന്റെ 95 മടങ്ങുണ്ട് ശനിക്ക്. 745 ഭൂമികളെ ഉൾക്കൊള്ളാനുള്ള വ്യാപ്തമുണ്ട്. ശനിക്ക് ജലത്തെക്കാൾ സാന്ദ്രതക്കുറവാണ്. അക്ഷത്തിന് 27 ഡിഗ്രി ചരിവുള്ളതുകൊണ്ട് ധ്രുവപ്രദേശങ്ങളിൽ സൂര്യപ്രകാശം പതിക്കുന്നതിൽ വ്യതിയാനമുണ്ടാകുന്നു.  ഹൈഡ്രജൻ, ഹീലിയം എന്നിവയാണ് മുഖ്യഘടകങ്ങൾ. അറിയപ്പെടുന്ന 62 ഉപഗ്രഹങ്ങൾ ശനിക്കുണ്ട്. അവയിൽ ടൈറ്റൻ ഭൂമിയുടെ അപരനെന്നറിയപ്പെടുന്നു. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ കാര്യമായ അന്തരീക്ഷമുള്ളത് ടൈറ്റനാണ്. ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹമായ ടൈറ്റൻ ഒരു ഗ്രഹത്തിനു സമാനമാണ്. 1655 ൽ ക്രിസ്റ്റ്യൻ ഹൈജൻസ് കണ്ടെത്തി. 29.5 വർഷം കൂടുമ്പോൾ രണ്ടുതവണ വീതം ശനി വലയങ്ങളില്ലാതെ പ്രത്യക്ഷപ്പെടാറുണ്ട്. ഭൂമിയിൽ നിന്ന് നോക്കുമ്പോഴുള്ള ഒരു മായക്കാഴ്ച മാത്രമാണിത്.

യുറാനസ് ഗ്രഹം (Uranus Planet)

സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹത്തിന് ഭൂമിയുടെ നാലു മടങ്ങ് വലുപ്പവും 14 മടങ്ങ് ദ്രവ്യമാനവുമുണ്ട്. ഭ്രമണത്തിനിടെ ധ്രുവപ്രദേശം ഭൂമിക്കും സൂര്യനും നേരെയാകുന്നു. 1781 മാർച്ച് 13ന് വില്ല്യം ഹെർഷലാണ് യുറാനസ് കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചത്. നല്ലൊരു കാന്തികമണ്ഡലമുണ്ട്. മഞ്ഞുകട്ട നിറഞ്ഞതാണ് ഈ ഗ്രഹം. സൂര്യനിൽ നിന്ന് 19.6 AU അകലെയാണ് ഈ ഗ്രഹത്തിന്റെ സ്ഥാനം. ഒരുതവണ സൂര്യനെ പ്രദക്ഷിണം വെക്കാൻ 84 ഭൗമ വർഷം വേണം. ഭൂമിയുടെ പിണ്ഡത്തിന്റെ 14 മടങ്ങ്. യുറാനസിന്റെ 27 ഉപഗ്രഹങ്ങളെ ഇതുവരെ കണ്ടുപിടിച്ചിട്ടുണ്ട്. യുറാനസ് ഗ്രഹത്തെച്ചുറ്റി സഞ്ചരിച്ച ഏക ബഹിരാകാശ പര്യവേക്ഷണ വാഹനം വോയേജർ-2 ആണ്. 1986 ൽ. വലയങ്ങൾ നേരിയതാണ്. 13 വലയങ്ങളുണ്ട്. ഏറ്റവും ഉള്ളിലുള്ള വലയമാണ് സീറ്റ. ഏറ്റവും പുറത്തുള്ള എപ്സിലോൺ വലയം നല്ല തെളിച്ചമുള്ളതാണ്. വലയങ്ങളിൽ ഹിമക്കട്ടകളാണ്. മീഥേൻ വാതകം മൂലം നീല, പച്ച നിറമായി കാണപ്പെടുന്നു. നെപ്റ്റ്യൂണിനെക്കാൾ താപമുണ്ടെങ്കിലും ആന്തരികതാപം പുറത്തു പ്രസരിക്കുന്നില്ല. വീനസിനെപ്പോലെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് യുറാനസിന്റെ കറക്കം. പക്ഷേ, യുറാനസ് അതിന്റെ വശങ്ങളിലേക്കാണ് കറങ്ങുന്നതെന്ന് മാത്രം. പണ്ടെങ്ങൊ ഉണ്ടായ ഒരു കൂട്ടിയിടിയിൽ അച്ചുതണ്ട് വല്ലാതെ ചരിഞ്ഞുപോയതാണ് ഇതിന് കാരണം. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവിനെക്കാളൊക്കെ (23.5 ഡിഗ്രി) ഒരുപാട് അധികമാണ് യുറാനസിന്റെ ചരിവ് (97.77 ഡിഗ്രി). ഗ്രീക്ക് പുരാണത്തിൽനിന്ന് നേരിട്ട് പേരുകിട്ടിയ ഒരേയൊരു ഗ്രഹമാണ് യുറാനസ്. ബാക്കി ഗ്രഹങ്ങളുടെയെല്ലാം പേരുകൾ റോമൻ പുരാണത്തിൽനിന്നാണ്. സൗരയൂഥത്തിലെ ഏറ്റവും തണുത്തുറഞ്ഞ കാലാവസ്ഥയുള്ള ഗ്രഹമാണിത്.

നെപ്ട്യൂൺ ഗ്രഹം (Neptune Planet)

1846 സെപ്റ്റംബർ 23 ന് ഉർബയിൻ ലി വെരിയർ എന്ന ഗണിതശാസ്ത്രജ്ഞനാണ് നെപ്ട്യൂൺ കണ്ടുപിടിച്ചത്. ദ്രവ്യമാനത്തിൽ മൂന്നാം സ്ഥാനമുള്ളതും എട്ടാമതായി സൂര്യനു ചുറ്റും ഭ്രമണംചെയ്യുന്ന ഗ്രഹം. യുറാനസുമായി സമാനതകളുണ്ട്. സൗരയൂഥത്തിലെ വലുപ്പത്തിൽ നാലാം സ്ഥാനത്തുള്ള ഗ്രഹമാണ് നെപ്ട്യൂൺ. ഭൂമിയുടെ ഏകദേശം നാലുമടങ്ങ് വലുപ്പമുണ്ട് നെപ്ട്യൂണിന്. ഈ ഗ്രഹത്തിനു ചുറ്റും ആറു വലയങ്ങളുണ്ട്. സൂര്യനിൽനിന്നുള്ള അകലം 30 AU ആണ്. ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ ഏകദേശം 30 മടങ്ങ് അകലമുണ്ട് നെപ്ട്യൂണും സൂര്യനും തമ്മിൽ! 165 ഭൗമ വർഷം കൊണ്ട് ഒരുതവണ സൂര്യനെ ചുറ്റുന്നു. യുറാനസിനെക്കാൾ അല്പം വലുപ്പം കുറവാണ്. ഭൂമിയുടെ പിണ്ഡത്തിന്റെ 17 മടങ്ങ്. തണുത്തുറഞ്ഞ ഗ്രഹമാണിത്. ജലം, മീഥേൻ, അമോണിയ എന്നിവയുടെ സമുദ്രങ്ങളുണ്ട്. മീഥേൻ മൂലം നീലനിറം. സൂര്യനിൽനിന്നു ലഭിക്കുന്നതിന്റെ 2705 മടങ്ങ് ഊർജം വികിരണം ചെയ്യുന്നു. ഭ്രമണപഥത്തിന് 296 ഡിഗ്രി ചരിഞ്ഞാണ് ഭൂമധ്യരേഖ. യുറാനസിനെപ്പോലെതന്നെ മഞ്ഞുകട്ട നിറഞ്ഞ ഗ്രഹമാണ് നെപ്ട്യൂൺ. ഗ്രഹപ്രതലത്തിലെ ഊഷ്മാവ് മൈനസ് 218 ഡിഗ്രിയാണെന്നു കണക്കാക്കുന്നു. ദക്ഷിണാർധഗോളത്തിൽ സൂര്യപ്രകാശം കൂടുതലായി ഏൽക്കുന്നു. അതിനാലവിടെ മീഥേൻ മേഘങ്ങൾ കൂടുതലാണ്. മറ്റ് വാതകഗ്രഹങ്ങളേക്കാൾ സാന്ദ്രതയുണ്ട്.14 ഉപഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ട്രൈറ്റൻ ഉപഗ്രഹം എതിർദിശയിലേക്കു കറങ്ങുന്നു. ട്രൈറ്റനിൽ നൈട്രജൻ നിറഞ്ഞ അന്തരീക്ഷമുണ്ട്. മണിക്കൂറിൽ 2000 കിലോമീറ്റർ വരെയൊക്കെ വേഗമുണ്ട് ഇവിടത്തെ കാറ്റിന്! ഭൂമിയിലാകട്ടെ, മണിക്കൂറിൽ ഏകദേശം 400 കിലോമീറ്ററാണ് ഏറ്റവും ശക്തമായ കാറ്റിന്റെ വേഗം.

ക്ഷീരപഥം (ആകാശഗംഗ)

സൂര്യനുൾപ്പെടുന്ന നമ്മുടെ മാതൃഗാലക്സിയാണ് (നക്ഷത്രസമൂഹം) ആകാശഗംഗ അഥവാ ക്ഷീരപഥം. ഇരുപതിനായിരം കോടിയിലേറെ നക്ഷത്രങ്ങൾ ആകാശഗംഗയിലുണ്ടെന്നു കരുതുന്നു. കൂടാതെ ആയിരക്കണക്കിന് നക്ഷത്രധൂളീപഥങ്ങളും നെബുലകളും ഈ വർത്തുള ഗാലക്സിയിലുൾപ്പെടുന്നു. സൂര്യന്റെ 75000 കോടി മുതൽ ഒരുലക്ഷം കോടിവരെ മടങ്ങ് പിണ്ഡം ആകാശഗംഗയ്ക്കുണ്ടെന്നു കണക്കാക്കുന്നു. ഗാലക്സിയുടെ വ്യാസം ഒരു ലക്ഷം പ്രകാശവർഷമാണ്. മൂന്ന് ഭീമൻ ഗാലക്സികളും 30 ചെറുഗാലക്സികളും ഉൾപ്പെടുന്ന, 'പ്രാദേശികഗ്രൂപ്പ്' എന്ന ഗാലക്സിഗണത്തിലാണ് ആകാശഗംഗ ഉൾപ്പെടുന്നത്. 'ആൻഡ്രൊമിഡ ഗാലക്‌സി' കഴിഞ്ഞാൽ ഈ ഗണത്തിലെ രണ്ടാമത്തെ വലിയ ഗാലക്സിയാണ് ആകാശഗംഗ. ആകാശഗംഗയുടെ മധ്യഭാഗം അതിഭീമമായ ഒരു തമോഗർത്തമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഗാലക്സിയുടെ കേന്ദ്രത്തിൽ നിന്ന് 25000 പ്രകാശവർഷമകലെയാണ് സൂര്യന്റെ സ്ഥാനം. ആകാശഗംഗയുടെ 'വർത്തുളകര'ങ്ങളിൽ ഒന്നായ 'ഓറിയോൺകര'ത്തിലാണ് സൂര്യൻ സ്ഥിതിചെയ്യുന്നത്. സൂര്യൻ ആകാശഗംഗയുടെ കേന്ദ്രത്തെ സെക്കൻഡിൽ 225 കിലോമീറ്റർ വേഗത്തിൽ ചുറ്റുന്നു. ആകാശഗംഗയെ സൂര്യൻ ഒരുതവണ ചുറ്റാൻ എടുക്കുന്ന സമയം 'കോസ്മിക് ഇയർ' എന്നാണ് അറിയപ്പെടുന്നത്. അത് 22.6 കോടി വർഷമാണ്.

ആൻഡ്രൊമിഡ ഗാലക്‌സി

ആകാശഗംഗയുടെ അയൽ ഗാലക്സിയാണ് ആൻഡ്രൊമിഡ. M31 എന്നും ഇത് അറിയപ്പെടുന്നു. ഇതൊരു വർത്തുള ഗാലക്സിയാണ്. ഭൂമിയിൽനിന്ന് 25 ലക്ഷം പ്രകാശവർഷമകലെ സ്ഥിതിചെയ്യുന്നു. എന്നുവെച്ചാൽ, നമ്മൾ നിരീക്ഷിക്കുന്ന ആൻഡ്രൊമിഡ 25 ലക്ഷം വർഷം മുൻപുള്ളതാണ്.

നെബുല

ഗാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിലുള്ള വാതകങ്ങളുടെയും ധൂളികളുടെയും മേഘപടലങ്ങളാണ് നെബുലകൾ. നക്ഷത്രങ്ങൾ പിറവിയെടുക്കുന്നത് ഇവിടെയാണ്.

ക്വാസറുകൾ

പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും അകലെയുള്ള വസ്തുക്കളാണ് ക്വാസറുകൾ. 'ക്വാസി-സ്റ്റെല്ലാർ റേഡിയോ സോഴ്‌സസ്' എന്നതിന്റെ ചുരുക്കമാണ് 'ക്വാസർ'. കോടിക്കണക്കിന് സൂര്യൻമാരുടെ പിണ്ഡമുള്ള അതിഭീമമായ തമോഗർത്തങ്ങളാണ് ക്വാസറുകൾ എന്നാണ് ഗവേഷകർ എത്തിയിട്ടുള്ള നിഗമനം.

നക്ഷത്രങ്ങൾ (STARS)

പ്രപഞ്ചം വികസിച്ചുതുടങ്ങിയപ്പോൾ ആറ്റങ്ങൾ കൂടിച്ചേർന്ന് ഉണ്ടായതാണ് നക്ഷത്രങ്ങൾ. ഗാലക്സികളുടെ അടിസ്ഥാന ഘടകങ്ങളാണ് ഇവ. ചൂടും പ്രകാശവും പുറപ്പെടുവിക്കുന്ന ഒരു വലിയ വാതകപ്പന്ത്: അതാണ് നക്ഷത്രം. ഗാലക്സികളിലുള്ള വാതകങ്ങളുടെയും പൊടികളുടെയും മേഘങ്ങളിലാണ് ഇവയുടെ ജനനം. ഓരോ ഗാലക്സിയിലും കോടാനുകോടി നക്ഷത്രങ്ങളുണ്ട്. അണുസംയോജനമാണ് നക്ഷത്രങ്ങളിൽ നടക്കുന്നത്. വെട്ടിത്തിളങ്ങുന്ന ഭീമാകാരമാർന്ന പ്ലാസ്മാ ഗോളങ്ങളാണ് നക്ഷത്രങ്ങൾ. ഹൈഡ്രജനും ഹീലിയവും ഒഴികെ ഭാരമേറിയ മറ്റ് മൂലകങ്ങളെല്ലാം സൃഷ്ടിക്കപ്പെടുന്നത് നക്ഷത്രക്കാമ്പുകളിൽ ആണ്. സാധാരണഗതിയിൽ നൂറുകോടി മുതൽ ആയിരം കോടിവർഷംവരെയാണ് നക്ഷത്രങ്ങളുടെ ആയുസ്സ്. നക്ഷത്രങ്ങളുടെ പിണ്ഡമാണ് അതിന്റെ പ്രകാശമാനം നിർണയിക്കുന്ന മുഖ്യഘടകം. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പ്രായമേറിയ നക്ഷത്രം 'HE 1523-0901' ആണ്. 1320 കോടി വർഷമാണിതിന്റെ പ്രായം. വലുപ്പം കൂടുന്നതിനനുസരിച്ച് നക്ഷത്രങ്ങളുടെ ആയുസ്സ് കുറയുന്നു. കാരണം വലുപ്പം കൂടിയ നക്ഷത്രങ്ങളുടെ അകക്കാമ്പിന്, കൂടിയ ഗുരുത്വാകർഷണത്താൽ അതീവസമ്മർദമാണ് അനുഭവപ്പെടുക. അതിനാൽ ഹൈഡ്രജൻ വേഗത്തിൽ എരിഞ്ഞുതീരും. എന്നാൽ, പരിമിതമായ പിണ്ഡമുള്ള നക്ഷത്രങ്ങൾ വളരെ സാവധാനത്തിലേ എരിഞ്ഞുതീരു. നക്ഷത്രങ്ങളുടെ അന്ത്യം നിർണയിക്കുന്ന ഘടകം അതിന്റെ പിണ്ഡമാണ്. ന്യൂട്രോൺതാരങ്ങൾ, തമോഗർത്തങ്ങൾ, വെള്ളകുള്ളൻ എന്നിവയൊക്കെ നക്ഷത്രങ്ങൾ അന്ത്യത്തിലെത്തുന്ന അവസ്ഥകൾ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പേരുകളാണ്. നക്ഷത്രങ്ങളെ വർഗീകരിച്ചിരിക്കുന്നത് അവയുടെ ഘടന, താപനില എന്നിവയുടെ അടിസ്ഥാനത്തിലാണ്. ഒ, ബി, , എഫ്, ജി, കെ, എം എന്നിങ്ങനെ താപനിലയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിരിക്കുന്നു. ഒ, ബി എന്നിവ സാധാരണമല്ല. പക്ഷേ, വളരെ തെളിച്ചമുള്ളവയാണ്. എം നക്ഷത്രങ്ങൾ സർവ്വസാധാരണവും മങ്ങിയതുമാണ്. ഏറ്റവും ചൂടേറിയ നക്ഷത്രം ഒ വിഭാഗത്തിലും ഏറ്റവും ചൂടുകുറഞ്ഞത് M ഗ്രൂപ്പിലും വരും. ഓരോ ഗ്രൂപ്പിനെയും പൂജ്യം മുതൽ 9 വരെയുള്ള ഉപവിഭാഗങ്ങളായും തിരിച്ചിട്ടുണ്ട്.

ഒ വിഭാഗം - നീലനിറം - 30000 K - 50000 K,

ബി വിഭാഗം - നീല-വെള്ള - 9500 K - 30000 K,

എ വിഭാഗം - വെള്ള - 7000 K - 9500 K,

എഫ് വിഭാഗം - മഞ്ഞ - വെള്ള - 6000 K - 7000 K,

ജി വിഭാഗം - മഞ്ഞ - 5200 K - 6000 K,

കെ വിഭാഗം - ഓറഞ്ച് - 3900 K - 5200 K,

എം വിഭാഗം - ഓറഞ്ച് - ചുവപ്പ് - 2000 K - 3900 K

വാൽ നക്ഷത്രങ്ങൾ (ധൂമകേതുക്കൾ, Comets)

സൗരയൂഥത്തിൽ സൂര്യനെ ചുറ്റുന്ന ചെറു വസ്തുക്കളാണ് ധൂമകേതുക്കൾ അഥവാ വാൽ നക്ഷത്രങ്ങൾ. പേര് വാൽ നക്ഷത്രം എന്നാണെങ്കിലും കൂടുതൽ സമയവും ധൂമകേതുക്കൾക്ക് വാലില്ല എന്നതാണ് വാസ്തവം. ധൂമകേതുവിനെ സംബന്ധിച്ച് സ്ഥിരമായുള്ള പ്രത്യേകത അതിന്റെ ശിരസ്സാണ് (ന്യൂക്ലിയസ്). ചെറിയൊരു വസ്തുവാണത്. ടെലിസ്കോപ്പിലൂടെ കാണുമ്പോൾ നക്ഷത്രത്തെ അനുസ്മരിപ്പിക്കും. രണ്ട് കാര്യങ്ങളിലാണ് ക്ഷുദ്രഗ്രഹങ്ങളും ധൂമകേതുക്കളും വ്യത്യസ്തമാകുന്നത്. ഭ്രമണപഥത്തിന്റെ കാര്യത്തിലും രാസഘടനയുടെ കാര്യത്തിലും. വളരെയേറെ വർത്തുളമായ ഭ്രമണപഥമാണ് വാൽ നക്ഷത്രങ്ങളുടേത്. രാസഘടനയാണെങ്കിൽ, തണുത്തുറഞ്ഞ വെള്ളമാണ് ധൂമകേതുവിന്റെ ശിരസ്സിൽ കൂടുതലും എന്നാണ് കരുതുന്നത്. വാൽനക്ഷത്രങ്ങൾ അശുദ്ധ ഹിമപദാർത്ഥങ്ങളാണ്.

സൂര്യനോടടുക്കുമ്പോൾ കുറെ വെള്ളം ബാഷ്പമാകും അതാണ് വാലായി രൂപപ്പെടുക. ധൂമകേതുക്കളെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കാൻ ആദ്യം ശ്രമിച്ച ശാസ്ത്രജ്ഞൻ എഡ്‌മണ്ട് ഹാലി ആണ്. 24 ധൂമകേതുക്കളുടെ സഞ്ചാരപാത അദ്ദേഹം കണക്കുകൂട്ടി. ഐസക് ന്യൂട്ടൺ വികസിപ്പിച്ച മാർഗം ഉപയോഗിച്ച് തന്റെ പേരിൽ അറിയപ്പെടുന്ന വാൽനക്ഷത്രത്തിന്റെ വരവ് 76 വർഷത്തിലൊരിക്കൽ ആണെന്നും, ആ ധൂമകേതു വീണ്ടും 1758 ൽ എത്തുമെന്നും അദ്ദേഹം പ്രവചിച്ചു. അത് ശരിയാണെന്ന് തെളിഞ്ഞു.

'ഹാലിയുടെ വാൽനക്ഷത്രം' 1758/59 ൽ പ്രത്യക്ഷപ്പെട്ടശേഷം 1835, 1910, 1986 വർഷങ്ങളിൽ വീണ്ടുമെത്തി. എന്നാൽ, പല ധൂമകേതുക്കളും സുദീർഘമായ കാലയളവിലാണ് നമ്മുടെ സമീപമെത്തുന്നത്. 1970 ൽ വളരെ പ്രകാശതീവ്രതയുള്ള 'ബെന്നെറ്റ് ധൂമകേതു' ഭൂമിക്കരികിലെത്തി. 1700 വർഷം കഴിഞ്ഞേ അത് വീണ്ടും എത്തൂ. 1976 ൽ പ്രത്യക്ഷപ്പെട്ട 'വെസ്റ്റ് ധൂമകേതു' ഇനി എത്താൻ അഞ്ചുലക്ഷം വർഷം കാക്കണം.

ഉൽക്കകൾ (Meteoroids)

സൂര്യനെ ചുറ്റുന്ന കുഞ്ഞൻ ഗ്രഹങ്ങളാണ് ഛിന്നഗ്രഹങ്ങൾ. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലാണ് സൗരയൂഥത്തിലെ മിക്ക ഛിന്നഗ്രഹങ്ങളും കാണപ്പെടുന്നത്. ചിലപ്പോൾ ഛിന്നഗ്രഹങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അവയുടെ ചെറു കഷണങ്ങൾ അടർന്നുപോകാറുണ്ട്. ആ കഷണങ്ങൾക്കു പറയുന്ന പേരാണ് ഉൽക്കകൾ അഥവാ കൊള്ളി മീനുകൾ.  ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന അപകടകാരികളായ ബഹിരാകാശ വസ്തുക്കളാണ് അവ. ഭൂമിയുടെ അന്തരീക്ഷത്തിൽ കടന്നാൽ വായുവുമായി കൂട്ടിയുരഞ്ഞ് ചൂടുപിടിച്ച് അവ കത്തിനശിക്കും. ആകാശത്ത് പ്രകാശരേഖയായി മറയുന്നതുകൊണ്ട് ഇവയെ 'ഷൂട്ടിംഗ് സ്റ്റാർ' എന്നും വിളിക്കാറുണ്ട്. ചിലപ്പോൾ ഉൽക്കകൾ പൂർണമായി കത്തിനശിക്കാതെയുമിരിക്കാം. അപ്പോൾ ബാക്കിഭാഗം ഭൂമിയിൽ പതിക്കും. ഇവയാണ് ഉൽക്കശിലകൾ.

വീഴുന്ന നക്ഷത്രം എന്നറിയപ്പെടുന്നതും കൊള്ളിമീനുകളാണ്. ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിലെത്തുമ്പോൾ കത്തുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പ്രകാശ രേഖാ ഖണ്ഡമാണ് കൊള്ളിമീനുകൾ. ഉൽക്കകളേക്കാൾ വലിപ്പം കൂടിയ ഛിന്നഗ്രഹങ്ങളുടെ ഭൂമിയിൽ പതിയ്ക്കുന്ന അവശിഷ്ടങ്ങളെ ഉൽക്കാശിലകൾ എന്നു പറയുന്നു. ഭൂമിയുടെ ഉപരിതലത്തിൽ (1920 ൽ നമീബിയയിൽ) വീണ ഏറ്റവും വലിയ ഉൽക്കാശിലയാണ് ഹോബവെസ്റ്റ് (ഭാരം - 60 ടൺ). വാൽനക്ഷത്രാവശിഷ്ടങ്ങളും ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് കടന്ന് വായുവിലെ ഉരസൽ മൂലമുണ്ടാകുന്ന ചൂടിൽ കത്തി അന്തരീക്ഷത്തിൽ വച്ചുതന്നെ ഇല്ലാതാകുന്ന ഉൾക്കകളാണ്.

കുള്ളൻ ഗ്രഹങ്ങൾ (Dwarf Planets)

സൗരയൂഥത്തിൽ കാണപ്പെടുന്ന ഗോളാകൃതിയിലുള്ള കുഞ്ഞന്മാരാണ് കുള്ളൻ ഗ്രഹങ്ങൾ (Dwarf Planets). നിലവിൽ സൗരയൂഥത്തിൽ അഞ്ച് കുള്ളൻ ഗ്രഹങ്ങളാണുള്ളത്. നെപ്ട്യൂണിന് അപ്പുറത്തുള്ള കൈപ്പെർ ബെൽറ്റിലുള്ള ഇറിസ്, സൈറസ്, മേക്ക്‌മേക്ക്‌, ഹൗമിയ തുടങ്ങിയവയെല്ലാം കുള്ളൻ ഗ്രഹങ്ങളാണ്. ഇക്കൂട്ടത്തിലാണ് പ്ലൂട്ടോയും. 1930 ൽ ക്ലൈഡ് ടോംബോയെന്ന അമേരിക്കൻ വാനനിരീക്ഷകൻ പ്ലൂട്ടോയെ കണ്ടുപിടിച്ചു. കിയ്പ്പർ ബെൽറ്റിൽ സ്ഥിതിചെയ്യുന്ന ഈ ഗോളത്തിന്, 1999 ഫെബ്രുവരിയിൽ അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ (ഐ.എ.യു) ഒൻപതാം ഗ്രഹപദവി നൽകി. 2006 ഓഗസ്റ്റ് 24 ന് ഐ.എ.യു. പ്ലൂട്ടോയുടെ ഗ്രഹപദവി റദ്ദാക്കുകയും അതിനെ കുള്ളൻഗ്രഹങ്ങളുടെ പട്ടികയിൽ പെടുത്തുകയും ചെയ്തു. 'ഷാരൺ' ആണ് പ്ലൂട്ടോയെ ചുറ്റുന്ന ഏറ്റവും വലിയ ഗോളം. നിക്സ്, ഹൈഡ്ര, ഷാരൺ, കെർബെറോസ്, സ്റ്റൈക്‌സ് എന്നിവയും പ്ലൂട്ടോയെ ചുറ്റുന്ന ഉപഗ്രഹങ്ങളാണ്‌. നെപ്റ്റ്യൂൺ ഗ്രഹത്തിനും പുറത്തായി സൂര്യനെ ചുറ്റുന്നവയാണ് 'ട്രാൻസ് നെപ്റ്റ്യൂണിയൻ ഒബ്ജക്ട്സ്'. സെഡ്ന, ക്വോഓവാർ, വരുണ എന്നിവ ഉദാഹരണങ്ങൾ.

ക്ഷുദ്രഗ്രഹങ്ങൾ (ഛിന്നഗ്രഹങ്ങൾ, Asteroids)

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയ്ക്ക് നിറഞ്ഞിരിക്കുന്ന ചെറുഗ്രഹങ്ങൾ പോലുള്ള പാറക്കഷ്ണങ്ങളാണ് ക്ഷുദ്രഗ്രഹങ്ങൾ (ആസ്റ്ററോയ്ഡ്). ഇവ കാണപ്പെടുന്ന പ്രദേശത്തെയാണ് ആസ്റ്ററോയ്ഡ് ബെൽറ്റ് എന്ന് പറയുന്നത്. എന്നോ തകർന്നുപോയ ഒരു ഗ്രഹത്തിന്റെ അവശിഷ്ടങ്ങളാണിവ എന്നു കരുതപ്പെടുന്നു. അതുകൊണ്ടാണ് ഇവയെ ഛിന്നഗ്രഹങ്ങൾ എന്നും വിളിക്കുന്നത്. സിറസ് ആണ് ഏറ്റവും വലിയ ക്ഷുദ്രഗ്രഹം. സി.വി. രാമൻ, ചന്ദ്ര, ഹനുമാൻ, ഗരുഡ, അരുണ എന്നീ പേരുകളിൽ ക്ഷുദ്രഗ്രഹങ്ങളുണ്ട്. സൈറസ് ഇപ്പോൾ കുള്ളൻ ഗ്രഹങ്ങൾ എന്ന വിഭാഗത്തിൽപെടുത്തിയിരിക്കുന്നു. 1950 ഡി എ ക്ഷുദ്രഗ്രഹം 2880 മാർച്ച് 16 ന് ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഛിന്നഗ്രഹങ്ങളും ഗ്രഹങ്ങളെപ്പോലെ നിശ്ചിത ഭ്രമണപഥത്തിലൂടെ സൂര്യനെ വലം വച്ചുകൊണ്ടിരിക്കുകയാണ്. 2001 ഫെബ്രുവരി 14 നാണ് നിയർ എന്ന ബഹിരാകാശ പേടകം ഇറോസ് എന്ന ഛിന്നഗ്രഹത്തിൽ ഇറങ്ങുന്നത്. ഛിന്നഗ്രഹം എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1802 ൽ വില്യം ഹേർഷൽ ആണ്. ഇന്ത്യയിലെ പുതിയ തലമുറയിലെ അക്ഷത്സിംഗ്, അനുപമ കോത്ത, നീരജ് രാമനാഥൻ, പത്മനാഭൻ, ഹരീഷ് ചന്ദ്ര എന്നിവരുടെ പേരിലും ക്ഷുദ്രഗ്രഹങ്ങൾ നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളിയായ പരിസ്ഥിതി പ്രവർത്തകൻ സൈനുദ്ദീൻ പട്ടാഴിയുടെ പേരിൽ ഒരു ക്ഷുദ്രഗ്രഹം നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പേര് '5178 പട്ടാഴി' എന്നാണ്.

ഉപഗ്രഹങ്ങൾ (Satellites)

ഒരു ഗ്രഹത്തെയോ വലുപ്പം കൂടിയ ആകാശഗോളത്തെയോ പ്രദക്ഷിണം വെക്കുന്ന, മനുഷ്യനിർമിതമല്ലാത്ത വസ്തുക്കളെ സ്വാഭാവിക ഉപഗ്രഹങ്ങൾ എന്നു വിളിക്കുന്നു. ഉപഗ്രഹങ്ങൾ ചുറ്റുന്നത് ഗ്രഹങ്ങളെയാകാം, കുള്ളൻ ഗ്രഹങ്ങളെയാകാം, അതുമല്ലെങ്കിൽ ഏതെങ്കിലും ശുഷ്‌കഗ്രഹങ്ങളെയാകാം. സൗരയൂഥത്തിൽ ഇത്തരം 240 ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ 169 എണ്ണം ഗ്രഹങ്ങളെ ചുറ്റുമ്പോൾ, 8 എണ്ണം പ്ലൂട്ടോയുൾപ്പെടെയുള്ള കുള്ളൻ ഗ്രഹങ്ങളെയും, ബാക്കിയുള്ളവ സൗരയൂഥത്തിലെ ചെറുവസ്തുക്കളെയും പ്രദക്ഷിണം വെക്കുന്നു. ചന്ദ്രൻ ഉൾപ്പെടെ സൗരയൂഥത്തിലെ ഏഴ് ഉപഗ്രഹങ്ങൾക്ക് 3000 കിലോമീറ്ററിലേറെ വിസ്താരമുണ്ട്. ചന്ദ്രനെ കൂടാതെ, വ്യാഴത്തിന്റെ ഗലീലിയൻ ഉപഗ്രഹങ്ങളായ ഇയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നിവയും ശനിയുടെ ഉപഗ്രഹമായ ടൈറ്റനും, നെപ്ട്യൂണിന്റെ ട്രീറ്റണുമാണ് അവ. ചന്ദ്രനുശേഷം മനുഷ്യൻ തിരിച്ചറിയുന്ന ആദ്യ ഉപഗ്രഹങ്ങളാണ്‌ വ്യാഴത്തിന്റെ ഗലീലിയൻ ഉപഗ്രഹങ്ങൾ. 1610 ൽ ഗലീലിയോ ആണ് അവയെ കണ്ടുപിടിച്ചത്. ടൈറ്റനെ കണ്ടുപിടിച്ചത് ക്രിസ്റ്റ്യൻ ഹൈജൻസാണ്.

മനുഷ്യൻ ചന്ദ്രനിൽ (Moon Landing)

ബഹിരാകാശയുഗം പുതിയൊരു നാഴികക്കല്ല് പിന്നിട്ടത് മനുഷ്യൻ ചന്ദ്രനിലിറങ്ങിയതോടെയാണ്; 1969 ജൂലൈ 20 ന് (ഇന്ത്യൻ സമയമനുസരിച്ച് ജൂലൈ 21). അമേരിക്കയുടെ 'അപ്പോളോ 11' വാഹനത്തിൽ എത്തിയ നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തി. എഡ്വിൻ ആൾഡ്രിൻ,  മൈക്കേൽ കോളിൻസ് എന്നിവരായിരുന്നു അപ്പോളോ 11 ൽ ആംസ്‌ട്രോങിന്റെ സഹയാത്രികർ. ഭൂമിയിൽ നിന്നും ഏകദേശം 3,84,400 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിലേക്ക് അപ്പോളോ 11 കുതിച്ചുയർന്നു. അപ്പോളോ 11 ലെ മുഖ്യവാഹനമായ കൊളംബിയയിലെ പൈലറ്റ് മൈക്കേൽ കോളിൻസായിരുന്നു. കോളിൻസ് മുഖ്യവാഹനം നിയന്ത്രിച്ചുകൊണ്ടിരിക്കെ 1969 ജൂലൈ 21 ന് രാവിലെ 8.26 ന് നീൽ ആംസ്‌ട്രോങും തുടർന്ന് എഡ്വിൻ ആൾഡ്രിനും ചന്ദ്രനിലിറങ്ങി. ചെറുവാഹനമായ 'ഈഗിൾ' ആണ് ഇരുവരെയും അപ്പോളോയിൽ നിന്ന് ചന്ദ്രപ്രതലത്തിലെത്തിച്ചത്. ചന്ദ്രോപരിതലത്തിലെ 'പ്രശാന്തിയുടെ സമുദ്രം' എന്ന പ്രദേശത്താണ് ഇരുവരും ഇറങ്ങിയത്. ഗുരുത്വാകർഷണബലം കുറവായതിനാൽ ചന്ദ്രനിലെ നടത്തം അവർക്ക് വളരെ വിഷമമായിരുന്നു. മടങ്ങി വരുന്നതിനു മുമ്പ് അവർ ചന്ദ്രനിൽ നിന്ന് മണ്ണും പാറയും ശേഖരിച്ചു. തിരിച്ച് മുഖ്യവാഹനത്തിൽ കയറി സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി.

1972 നകം അഞ്ച് അപ്പോളോ ദൗത്യങ്ങൾകൂടി ചന്ദ്രനിൽ ആളെയെത്തിച്ചു. ആകെ പന്ത്രണ്ടു പേർ ചന്ദ്രപ്രതലത്തിലിറങ്ങി. ചന്ദ്രപ്രതലത്തിന് ഏതാനും കിലോമീറ്റർ മാത്രം അകലെയെത്തി. ഭ്രമണപഥത്തിൽ കറങ്ങി തിരികെ പോന്നവരുമുണ്ട്. അപ്പോളോ-8, അപ്പോളോ-10, അപ്പോളോ-13, എന്നീ വാഹനങ്ങളിലും മറ്റ് അപ്പോളോ ദൗത്യങ്ങളിലും പോയ 14 പേർ അങ്ങനെ മടങ്ങിയിട്ടുണ്ട്. അവരിൽ രണ്ടുപേർ പിന്നീട് മറ്റ് അപ്പോളോ വാഹനങ്ങളിൽ ചന്ദ്രനിലിറങ്ങി. അപ്പോളോ വിജയത്തിന് പിന്നിൽ ഏകദേശം നാല് ലക്ഷം ശാസ്ത്രജ്ഞന്മാരാണ് പ്രവർത്തിച്ചത്. ബഹിരാകാശസഞ്ചാരികൾ അമേരിക്കയുടെ ദേശീയ പതാക ചന്ദ്രനിൽ നാട്ടിയെങ്കിലും 1967 ലെ ഒരു രാജ്യാന്തര നിയമമനുസരിച്ച് ബഹിരാകാശത്തെ ഏതെങ്കിലും ഗ്രഹത്തെയോ ഉപഗ്രഹത്തെയോ നക്ഷത്രത്തെയോ ഒന്നും ഒരു രാജ്യത്തിനും സ്വന്തമാക്കാനാവില്ല.

ചന്ദ്രനിൽ ഇറങ്ങിയ പ്രായം കൂടിയ വ്യക്തിയും കുറഞ്ഞ വ്യക്തിയും അലൻ ഷെപ്പേഡ് ആണ് ചന്ദ്രനിലിറങ്ങിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ. 1971 ഫെബ്രുവരിയിൽ അപ്പോളോ പതിന്നാലിൽ ചന്ദ്രനിലെത്തുമ്പോൾ 47 വർഷവും 2 മാസവും 18 ദിവസവുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം. ചാൾസ് ഡ്യൂക്കാണ് ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 1972 ൽ അപ്പോളോ പതിനാറിൽ ചന്ദ്രനിലെത്തുമ്പോൾ ഡ്യൂക്കിന് 36 വയസ്സും 6 മാസവും 18 ദിവസവും പൂർത്തിയായിരുന്നു.

ചന്ദ്രനിൽ കാലുകുത്തിയ 12 പേർ : നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൽ (അപ്പോളോ-11, ജൂലൈ 21, 1969), പീറ്റ് കോൺറാഡ്, അലൻ ബീൻ (അപ്പോളോ-12, നവംബർ 19-20, 1969), അലൻ ഷെപ്പേഡ് , എഡ്‌ഗാർ മിച്ചെൽ (അപ്പോളോ-14, ഫെബ്രുവരി 5 - 6, 1971), ഡേവിഡ് സ്കോട്ട്, ജെയിംസ് ഇർവിൻ (അപ്പോളോ-15, ജൂലൈ-31 - ഓഗസ്റ്റ് 2, 1971), ജോൺ ഡബ്ള്യു. യങ്, ചാൾസ് ഡ്യൂക്ക് (അപ്പോളോ-16, ഏപ്രിൽ 21 - 23, 1972), യൂജിൻ സെർനാൻ, ഹാരിസൺ ഷിമിറ്റ് (അപ്പോളോ-17, ഡിസംബർ 11-14, 1972)

അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ - ISS)

ചന്ദ്രൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും നഗ്നനേത്രങ്ങൾകൊണ്ട് കാണാൻകഴിയുന്ന ഏറ്റവും തിളക്കമുള്ള വസ്തുവാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഭൂമിയിൽ നിന്ന് 400 കി.മീ ഉയരത്തിലാണ് ബഹിരാകാശ നിലയത്തിന്റെ പരിക്രമണപാത. മണിക്കൂറിൽ 17500 മൈൽ വേഗത്തിലാണ് ഇത് സഞ്ചരിക്കുന്നത്. 1960 കളുടെ അവസാനം ചന്ദ്രപര്യവേഷണം ഒഴിവാക്കി സോവിയറ്റ് യൂണിയൻ ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. 1971 ൽ സല്യൂട്ട് പേടക ശൃംഖലയുടെ വിക്ഷേപങ്ങൾ ഇതിന് തുടക്കംകുറിച്ചു. 1982 ൽ സല്യൂട്ട്-7 വിക്ഷേപണത്തോടെ സല്യൂട്ട് മിഷൻ അവസാനിപ്പിച്ചു. ഇതിന്റെ തുടർച്ചയായിരുന്നു മിർ സ്പേസ് സ്റ്റേഷൻ.

ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ ആയ 'Zarya' വിക്ഷേപിച്ചത് 1998 നവംബർ 20-നായിരുന്നു. കസാഖിസ്ഥാനിലെ ബേക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് പ്രോട്ടോൺ റോക്കറ്റ് ഉപയോഗിച്ചാണ് 420 കി.മീ ഉയരത്തിലുള്ള ഓർബിറ്റിലേക്ക് റഷ്യ 'Zarya' മൊഡ്യൂൾ എത്തിച്ചത്. രണ്ടാഴ്ചയ്ക്കുശേഷം 1998 ഡിസംബറിൽ യൂണിറ്റി എന്ന മൊഡ്യൂൾ എൻഡവർ സ്പേസ് ഷട്ടിലിലെ യാത്രികർ 'Zarya' യുമായി ബന്ധിപ്പിച്ചു. വ്യത്യസ്‌ത സമയങ്ങളിൽ വിവിധ ഭാഗങ്ങൾ ബഹിരാകാശത്തെത്തിച്ച് കൂട്ടി യോജിപ്പിച്ചാണ് ISS പൂർത്തിയാക്കിയത്. ബഹിരാകാശ നിലയത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. റഷ്യൻ ഓർബിറ്റൽ സെഗ്‌മെന്റ് (ROS), യുണൈറ്റഡ് സ്റ്റേറ്റ് ഓർബിറ്റൽ സെഗ്‌മെന്റ് (USOS). നാസ, റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി (ROSCOSMOS), ജപ്പാൻ എയ്‌റോ സ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസി (Jaxa), യൂറോപ്യൻ സ്പേസ് ഏജൻസി (ESA), കനേഡിയൻ സ്പേസ് ഏജൻസി എന്നിവയുടെ കൂട്ടായ്മയിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളും പരീക്ഷണങ്ങളും നടത്തുന്നത്.

സൂര്യ ഗ്രഹണം (Solar Eclipse)

ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുമ്പോൾ സൂര്യഗ്രഹണം ഉണ്ടാവുന്നു. ഈ നിഴൽ ഒരു മണിക്കൂറിൽ 3200 കി.മീറ്റർ വേഗത്തിൽ ഭൂതലത്തിൽ സഞ്ചരിക്കുന്നു. സൂര്യഗ്രഹണങ്ങളെ മൂന്നായി തിരിക്കാറുണ്ട്.

1. പൂർണസൂര്യഗ്രഹണം: സൂര്യന്റെ ദൃശ്യത ഏതാണ്ട് മുഴുവനും തടസ്സപ്പെടുന്നു. പരമാവധി 7 മിനിറ്റ് 40 സെക്കൻഡ് വരെ ദൈർഘ്യം പൂർണസൂര്യഗ്രഹണത്തിനുണ്ടാകാമെങ്കിലും, രണ്ടര മിനിറ്റ് വരെയാണ് ശരാശരി കാണാനാവുന്നത്. പൂർണസൂര്യഗ്രഹണസമയത്ത്, 10000 മൈലുകളോളം നീളമുള്ള ചന്ദ്രന്റെ നിഴൽ ഭൗമോപരിതലത്തിലൂടെ കടന്നുപോകുന്നു. ഇതിന് 100 മൈലുകളോളം വീതിയേ ഉണ്ടാവൂ. ചന്ദ്രൻ ഭൂമിയിൽ പതിപ്പിക്കുന്ന ഈ നിഴൽപ്പാതയാണ് 'പാത്ത് ഓഫ് ടോട്ടാലിറ്റി'. ടോട്ടാലിറ്റിയുടെ സമയത്തു മാത്രമാണ് സൂര്യന്റെ കൊറോണ കാണാനാവുക. പൂർണസൂര്യഗ്രഹണത്തിനിടയ്ക്ക് സൂര്യകിരണങ്ങൾ ചന്ദ്രോപരിതലത്തിലെ നിമ്ന്നോന്നതങ്ങൾക്കിടയിലൂടെ പുറത്തുവരുമ്പോൾ രൂപംനൽകുന്ന മനോഹര കാഴ്ചയാണ് വജ്രമോതിരപ്രഭാവം. ബെയ്ലീസ് ബീഡ്‌സ് എന്നും ഇതറിയപ്പെടുന്നു.

2. വലയ സൂര്യഗ്രഹണം: ചന്ദ്രൻ ഭൂമിയിൽ നിന്നു പരമാവധിയകന്നുള്ള അവസ്ഥയിൽ സൂര്യഗ്രഹണം സംഭവിച്ചാൽ, സൂര്യന്റെ മധ്യഭാഗം കറുത്തിരുളുകയും ചുറ്റും ഒരു വലയ രൂപത്തിൽ സൂര്യപ്രകാശം ദൃശ്യമാവുകയും ചെയ്യും. ഇതാണ് വലയ ഗ്രഹണം. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ വലയ സൂര്യഗ്രഹണം 2010 ജനുവരി 15നാണുണ്ടായത്. 11 മിനിറ്റ്, 7.8 സെക്കൻഡ് ആയിരിന്നു ഇതിന്റെ പരമാവധി സമയം.

3. ഭാഗിക സൂര്യഗ്രഹണം: ചന്ദ്രൻ സൂര്യന്റെ ദൃശ്യത ഭാഗികമായി തടസ്സപ്പെടുത്തുമ്പോൾ ഉണ്ടാകുന്നതാണ് ഭാഗികസൂര്യഗ്രഹണം.

ചന്ദ്രഗ്രഹണം (Lunar Eclipse)

ഭൂമിയുടെ നിഴൽ ചന്ദ്രതലത്തിൽ പതിക്കുമ്പോൾ ചന്ദ്രൻ ഭാഗികമായോ പൂർണമായോ അദൃശ്യമാകുന്ന അവസ്ഥയാണിത്. പൂർണചന്ദ്രഗ്രഹണ സന്ദർഭങ്ങളിൽപോലും ചന്ദ്രന്റെ രൂപം പാടെ അപ്രത്യക്ഷമാകാറില്ല. ഭൂമിയുടെ അന്തരീക്ഷം അപഭംഗം ചെയ്യുന്ന പ്രകാശത്തിൽനിന്നു വേർതിരിയുന്ന ചുവന്ന രശ്മികൾ തട്ടുന്നത് നിമിത്തം ചന്ദ്രന് ഒരു ചുവന്ന നിറം ഉണ്ടാകും. അങ്ങനെ ചന്ദ്രഗ്രഹണം ഒരു ചുവന്ന ചന്ദ്രദർശനമായിത്തീരാറുണ്ട്. വെളുത്തവാവു ദിവസങ്ങളിൽ മാത്രമാണ് ചന്ദ്രഗ്രഹണം സംഭവിക്കാറുള്ളത്. പരമാവധി ദൈർഘ്യം ഒരു മണിക്കൂർ 40 മിനിറ്റ്.

സാറോസ് സൈക്കിൾ

ഗ്രഹണങ്ങളുടെ ഒരു ചക്രത്തെ സൂചിപ്പിക്കുന്നതാണ് സാറോസ് സൈക്കിൾ. 18 വർഷവും 11 ദിവസവും 8 മണിക്കൂറും ചേരുന്ന കാലയളവാണിത് (6585.3 ദിനങ്ങൾ). സാറോസ് സൈക്കിൾ ഉപയോഗിച്ച്, ഗ്രഹണങ്ങൾ പ്രവചിക്കാനാവും. പ്രാചീന ബാബിലോണിയക്കാരാണ് ഈ ഗ്രഹണചക്രം കണ്ടുപിടിച്ചത്.

Post a Comment

0 Comments
Post a Comment (0)