പരിസ്ഥിതി ശാസ്ത്രം
ജീവിയ - അജീവിയ ഘടകങ്ങളുടെയും മനുഷ്യ ജീവിതത്തിലുള്ള അവയുടെ സ്വാധീനങ്ങളുടെയും ആകെ തുകയാണ് പരിസ്ഥിതി. ജീവികൾ പരസ്പരവും അവയുടെ ചുറ്റുപാടുകളുമായും നടത്തുന്ന ഇടപെടലുകളെക്കുറിച്ചുള്ള പഠനശാഖയാണ് പരിസ്ഥിതി ശാസ്ത്രം അഥവാ ഇക്കോളജി. ഏണെസ്റ്റ് ഹെക്കലാണ് ഇക്കോളജി എന്ന പദം ആദ്യമായി നിർവചിച്ചത്. വാസസ്ഥലം എന്നർത്ഥം വരുന്ന ഓയ്‌ക്കോസ് (Oikos) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഇക്കോളജി എന്ന പദം ഉത്ഭവിച്ചത്.
ജൈവമണ്ഡലം
(Biosphere)
ഭൂമിയിലെ
എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖലയാണ് ജൈവമണ്ഡലം. ശിലാമണ്ഡലം, ജലമണ്ഡലം, വായുമണ്ഡലം എന്നീ മൂന്ന്
മണ്ഡലങ്ങളുടെയും പരസ്പര പ്രവർത്തനങ്ങളുടെ ഫലമായാണ് ജൈവമണ്ഡലം നിലനിൽക്കുന്നത്.
ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും ജീവജാലങ്ങളുടെ വൈവിധ്യത്തിന്റെയുമൊക്കെ
അടിസ്ഥാനത്തിൽ ലോകത്തിലെ വിവിധ പ്രദേശങ്ങളെ പല ജൈവമേഖലകളായി തിരിക്കാം. ഓരോ
ജൈവമേഖലയിലും വ്യത്യസ്തമായ ബയോമുകൾ (Biomes) ഉണ്ടായിരിക്കും.
ഘടന, ഭൂപ്രകൃതി, കാലാവസ്ഥ, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
എന്നിവയിൽ സമാനത പുലർത്തുന്ന ആവാസകേന്ദ്രങ്ങളാണ് ബയോമുകൾ. ഉഷ്ണമേഖലാകാടുകൾ, മരുഭൂമി, സമശീതോഷ്‌ണ വനപ്രദേശങ്ങൾ, മുൾക്കാടുകൾ എന്നിവയൊക്കെ ഇത്തരം
ബയോമുകൾക്ക് ഉദാഹരണങ്ങളാണ്. സമുദ്രത്തിലും ഇത്തരം ബയോമുകൾ ഉണ്ടാകും. ഓരോ ബയോമിലും
വ്യത്യസ്ത രീതിയിലാണ് ജീവജാലങ്ങൾ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഭൂമധ്യരേഖയോട്
അടുത്ത പ്രദേശങ്ങളിൽ ജീവജാലങ്ങളുടെ എണ്ണം കൂടുതലും ധ്രുവപ്രദേശങ്ങളിൽ അവയുടെ എണ്ണം
കുറവുമായിരിക്കും.
ജീവമണ്ഡലം
(Biosphere)
ഭൂമിയിൽ
ജീവൻ കാണപ്പെടുന്ന ഭാഗമാണ് ജീവമണ്ഡലം. ജീവമണ്ഡലം ഭൗമോപരിതലത്തിലും
അന്തരീക്ഷത്തിലും സമുദ്രത്തിനടിയിലുമായി വ്യാപിച്ചുകിടക്കുന്നു. അതിസൂക്ഷമജാലങ്ങൾ, പ്രോട്ടൊസോവകൾ, സസ്യങ്ങൾ, കുമിളികൾ, ജന്തുജാലങ്ങൾ തുടങ്ങി കരയിലും
കടലിലുമായി കാണപ്പെടുന്ന മറ്റു ജീവജാലങ്ങൾ ഉൾപ്പെടുന്നതാണ് ജീവലോകം. ജീവലോകത്തിലെ
സസ്യങ്ങളെ സൂചിപ്പിക്കാൻ 'ഫ്ലോറ' എന്ന പദം ഉപയോഗിക്കുന്നു. മൃഗങ്ങളെ
ഒന്നാകെ സൂചിപ്പിക്കാൻ 'ഫോണ' എന്ന പദം ഉപയോഗിക്കുന്നു. ഇവ രണ്ടിലും
പെടാത്ത സൂക്ഷമജീവികളിലെ ജീവജാതികളും ജീവലോകത്തിലുണ്ട്.
ജീവഗ്രഹ
റിപ്പോർട്ട് :
ജീവമണ്ഡലത്തിൽ ജീവിക്കുന്നവ ജീവജാലങ്ങളുടെ കണക്കെടുപ്പാണ് ജീവഗ്രഹ റിപ്പോർട്ട്.
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറാണ് ജീവഗ്രഹ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 1998ൽ ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങി.
ഓരോ രണ്ടു വർഷവും പരിഷ്‌കരിച്ച പതിപ്പുകൾ ഇറങ്ങും. 2022ലാണ് ഏറ്റവും പുതിയ ജീവഗ്രഹ
റിപ്പോർട്ട് പുറത്തുവന്നത്. ജീവിവർഗങ്ങൾ നഷ്ടപ്പെടുന്നതിന്റെ വേഗത്തെക്കുറിച്ച് ഈ
റിപ്പോർട്ട് ആശങ്കപ്പെടുന്നു. 1970 മുതൽ 2022 വരെയുള്ള കാലയളവിൽ മാത്രം പക്ഷികൾ, മീനുകൾ, സസ്തനികൾ, ഉഭയജീവികൾ, ഉരഗങ്ങൾ എന്നിവയടങ്ങുന്ന മൊത്തം
ജീവജാലങ്ങളുടെ എണ്ണത്തിൽ 69% കുറവുണ്ടായി.
ആവാസവ്യവസ്ഥ
(Ecosystem)
ചെടികൾ, മനുഷ്യനടക്കമുള്ള ജന്തുക്കൾ, പക്ഷികൾ തുടങ്ങി വ്യത്യസ്ത ജീവജാലങ്ങൾ
പരസ്പരം സഹകരിച്ചും മത്സരിച്ചും ചിലത് മറ്റു ചിലതിനെ ഭക്ഷണമാക്കിയും
കഴിഞ്ഞുപോരുന്നു. ഇങ്ങനെ ജീവജാലങ്ങൾ പരസ്പരം ബന്ധപ്പെട്ടു കഴിയുന്ന
ചുറ്റുപാടിനെയാണ് 'ആവാസവ്യവസ്ഥ' എന്നു വിളിക്കുന്നത്. ഒരു
ആവാസവ്യവസ്ഥയിൽ അന്യോനം സഹകരിച്ചുകഴിയുന്ന ജീവജാലങ്ങളും അവയ്ക്കു വേണ്ടതൊക്കെ
നൽകുന്ന പ്രകൃതിയുമുണ്ടാകും. ആവാസവ്യവസ്ഥയിൽ ഉൾപ്പെടുന്ന ഘടകങ്ങളാണ് ജീവിയ
ഘടകങ്ങളും അജീവിയ ഘടകങ്ങളും. ജീവികൾ, സസ്യങ്ങൾ, മത്സ്യങ്ങൾ, പക്ഷികൾ തുടങ്ങിയവ അടങ്ങുന്നതാണ് ജീവിയ
ഘടകങ്ങൾ. കാലാവസ്ഥ,
ജലം, മണ്ണ്, വായു, മഴ, താപനില, സൂര്യപ്രകാശം തുടങ്ങിയവ അടങ്ങുന്നതാണ്
അജീവിയ ഘടകങ്ങൾ. വനങ്ങൾ,
മരുഭൂമി, കടൽ എന്നിങ്ങനെ വലിയ ആവാസവ്യവസ്ഥകളും
കുളം, മൈതാനം എന്നിങ്ങനെ ചെറിയ
ആവാസവ്യവസ്ഥകളുമുണ്ട്. പ്രകൃതിയിലുള്ളതും മനുഷ്യൻ നിർമിച്ചതുമായ രണ്ടിനം
ആവാസവ്യവസ്ഥകളുണ്ട്. വനങ്ങൾ,
പുഴ, കടൽ എന്നിവയൊക്കെ പ്രകൃതിയിലുള്ളതിനും
മൃഗശാലകൾ, അക്വേറിയം തുടങ്ങിയവ
മനുഷ്യനിർമിത ആവാസവ്യവസ്ഥകൾക്കും ഉദാഹരണങ്ങളാണ്.
ജീവിയ
& അജീവിയ ഘടകങ്ങൾ (Biotic and Abiotic
Factors)
ആവാസവ്യവസ്ഥയിൽ
ഉൾപ്പെടുന്ന ഘടകങ്ങളാണ് ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങളും. ജീവികൾ, സസ്യങ്ങൾ, മത്സ്യങ്ങൾ, പക്ഷികൾ തുടങ്ങിയവ അടങ്ങുന്നതാണ് ജീവിയ
ഘടകങ്ങൾ. കാലാവസ്ഥ,
ജലം, മണ്ണ്, വായു, മഴ, താപനില, സൂര്യപ്രകാശം തുടങ്ങിയവ അടങ്ങുന്നതാണ്
അജീവിയ ഘടകങ്ങൾ.
ജീവിയ
ഘടകങ്ങൾ (Biotic
Factors)
ഒരു
ജീവിയുടെ ചുറ്റുപാടിലുള്ളതും അതിന്റെ നിലനിൽപ്പിൽ സ്വാധീനം ചെലുത്തുന്നതുമായ മറ്റു
ജീവികളും അവയുടെ പ്രശ്‌നങ്ങളുമാണ് ജീവിയ ഘടകങ്ങൾ. ജീവികൾ, സസ്യങ്ങൾ, മത്സ്യങ്ങൾ, പക്ഷികൾ തുടങ്ങിയവയാണ് ജീവിയ
ഘടകങ്ങൾക്ക് ഉദാഹരണങ്ങൾ. സ്വപോഷികൾ, പ്രകാശപോഷികൾ, പരപോഷികൾ, രാസപോഷികൾ എന്നിവ ആവാസവ്യവസ്ഥയിലെ
ജീവിയ ഘടകങ്ങളാണ്.
സ്വപോഷികൾ
(Autotrophs)
: ആവാസവ്യവസ്ഥയിലെ
ഉൽപാദകർ എന്നറിയപ്പെടുന്നത് സ്വപോഷികളാണ്. ഹരിതസസ്യങ്ങളാണ് ആവാസവ്യവസ്ഥയിലെ
സ്വപോഷികൾ. മറ്റ് ജീവജാലങ്ങളെ ആശ്രയിക്കാതെ സ്വയം ആഹാരം നിർമ്മിച്ച് 100 ശതമാനവും സ്വയംപര്യാപ്തമായ ജീവിതം
നയിക്കുന്ന ജീവജാലങ്ങളാണ് സ്വപോഷികൾ.
പ്രകാശപോഷികൾ
(Phototrophs)
: ആഹാരനിർമ്മിതിക്ക്
സൗരോർജം ഉപയോഗിക്കുന്ന സ്വപോഷികളാണ് പ്രകാശപോഷികൾ. ഇവയ്ക്ക് ജന്തുക്കളെപ്പോലെ
ചലിക്കാനാവില്ല. ഒരിടത്ത് വേരുറപ്പിച്ച് നിന്ന് 'പ്രകാശസംശ്ലേഷണം' എന്ന വിദ്യയിലൂടെ അവ സ്വയം ആഹാരം
നിർമ്മിക്കുന്നു.
പരപോഷികൾ
(Heterotrophs)
: സ്വന്തമായി
ആഹാരം നിർമ്മിക്കാൻ കഴിവില്ലാത്തതും ആഹാരത്തിനായി നേരിട്ടോ അല്ലാതെയോ സ്വപോഷികളെ
ആശ്രയിക്കുന്നതുമായ ജീവികളാണ് പരപോഷികൾ. ആഹാരത്തിനായി സ്വപോഷികൾ
ഉൽപ്പാദിപ്പിക്കുന്ന ആഹാരത്തെ ആശ്രയിക്കുന്നതിനാൽ ഇവ ഉപഭോക്താക്കൾ എന്നും
അറിയപ്പെടുന്നു.
രാസപോഷികൾ
(Chemotrophs)
: രാസോർജം
ഉപയോഗിച്ച് ആഹാര നിർമ്മാണം നടത്തുന്ന ജീവജാലങ്ങളെ പറയുന്നതാണ് രാസപോഷികൾ. അകാർബണിക
ലവണങ്ങളുടെ ഓക്സീകരണത്തിൽ നിന്നും ലഭിക്കുന്ന രാസോർജമുപയോഗിച്ചാണ് ആഹാരം
നിർമ്മിക്കുന്നത്. ഉദാഹരണത്തിന് സൾഫർ ഓക്സിഡൈസിംഗ് ബാക്ടീരിയം, അയൺ ബാക്ടീരിയം, നൈട്രിഫൈയിങ് ബാക്ടീരിയം, സൾഫർ ബാക്ടീരിയം.
അജീവിയ
ഘടകങ്ങൾ (Abiotic
Factors)
നമ്മുടെ
ചുറ്റുപാടുമുള്ള ജീവനില്ലാത്ത വസ്തുക്കൾ അറിയപ്പെടുന്നത് അജീവിയ ഘടകങ്ങൾ എന്നാണ്.
കാലാവസ്ഥ, ജലം, മണ്ണ്, വായു, മഴ, താപനില, സൂര്യപ്രകാശം തുടങ്ങിയവയാണ്
ആവാസവ്യവസ്ഥയിലെ അജീവിയ ഘടകങ്ങൾ.
ഭക്ഷ്യ
ശൃംഗല (Food
Chain)
ഭക്ഷിക്കുകയും
ഭക്ഷിക്കപ്പെടുകയും ചെയ്യുന്നതിലൂടെ ജീവികളിലെ ഭക്ഷ്യോർജ്ജം വിവിധ തലങ്ങളിലൂടെ
കൈമാറ്റം ചെയ്യപ്പെടുന്ന ശൃംഖലയാണ് ഭക്ഷ്യശൃംഗല. ഭക്ഷ്യശൃംഖലയിലെ ഒരു ജീവിയുടെ
സ്ഥാനത്തെക്കുറിക്കുന്ന പദമാണ് പോഷണതലം (Trophic Level). ഉൽപ്പാദകർ, പ്രാഥമിക ഉപഭോക്താക്കൾ, ദ്വിതീയ ഉപഭോക്താക്കൾ, തൃതീയ ഉപഭോക്താക്കൾ എന്നീ
പോഷകതലങ്ങളാണ് ഭക്ഷ്യശൃംഖലയിലുള്ളത്. ആഹാരശൃംഖലയിൽ ഒരു ട്രോപിക് ലെവലിന് കിട്ടുന്ന
ഊർജം അതിന്റെ തൊട്ട് മുമ്പിലുള്ള ട്രോപിക് ലെവലിന് കിട്ടിയതിന്റെ പത്ത് ശതമാനം
മാത്രമേ വരുന്നുള്ളൂ. രണ്ടുതരത്തിലുള്ള ഭക്ഷ്യശൃംഖലകളാണ് ഉള്ളത്. ഗ്രേസിങ്
ഭക്ഷ്യശൃംഖല, ഡെട്രിറ്റസ് ഭക്ഷ്യശൃംഖല
എന്നിവയാണ് അവ.
ഗ്രേസിങ്
ഭക്ഷ്യശൃംഖല (Grazing
Food Chain) : ഹരിതസസ്യങ്ങളിൽ
നിന്ന് ആരംഭിക്കുന്ന ഭക്ഷ്യശൃംഖലയാണ് ഗ്രേസിങ് ഭക്ഷ്യശൃംഖല. ഹരിതസസ്യങ്ങൾ --> സസ്യഭോജി --> മാംസഭോജി --> വിഘാടകർ എന്നരീതിയിലുള്ള
ഭക്ഷ്യശൃംഖലയാണ് ഗ്രേസിങ് ഭക്ഷ്യശൃംഖല. ഉദാഹരണം : പുല്ല് --> മുയൽ --> സിംഹം --> ബാക്ടീരിയ. ഗ്രേസിങ് ഭക്ഷ്യശൃംഖല
സൗരോർജത്തെ ആശ്രയിക്കുന്നു.
ഡെട്രിറ്റസ്
ഭക്ഷ്യശൃംഖല (Detritus
Food Chain) : മൃതകാർബണിക
വസ്തുക്കളിൽ നിന്ന് ആരംഭിക്കുന്ന ഭക്ഷ്യശൃംഖലയാണ് ഡെട്രിറ്റസ് ഭക്ഷ്യശൃംഖല. ഡെട്രിറ്റസ്
ഭക്ഷ്യശൃംഖല സൗരോർജത്തെ നേരിട്ടല്ലാതെ ആശ്രയിക്കുന്നു. ഉദാഹരണം : കൊഴിഞ്ഞ ഇല --> മണ്ണിര --> പക്ഷി --> വിഘാടകർ.
ഭക്ഷ്യ
ശൃംഖല ജാലം : വിവിധ ഭക്ഷ്യശൃംഖലകൾ ഒന്നിച്ചു ചേർന്നുണ്ടാകുന്നതാണ് ഭക്ഷ്യ ശൃംഖല
ജാലം. ഭക്ഷ്യ ശൃംഖല ജാലത്തിലെ ജീവികൾക്ക് ഭക്ഷണത്തിനായി ഒന്നിലധികം സ്രോതസ്സുകൾ
ലഭ്യമായതിനാൽ അവയ്ക്ക് അതിജീവനത്തിന്റെ സാധ്യതകൾ കൂടുതലാണ്.
ഇക്കോളജിക്കൽ
പിരമിഡുകൾ
1920കളിൽ ചാൾസ് എൾട്ടോൺ ആണ്
ഇക്കോളജിക്കൽ പിരമിഡ് എന്ന ആശയം കൊണ്ടുവന്നത്. എൾട്ടോണിയൻ പിരമിഡ് എന്നാണ്
ഇക്കോളജിക്കൽ പിരമിഡിന്റെ മറ്റൊരു പേര്. ഭക്ഷ്യശൃംഖലയുടെ വിവരാത്മകമായ
ചിത്രീകരണമാണ് ഇക്കോളജിക്കൽ പിരമിഡിലൂടെ ലഭിക്കുന്നത്. പിരമിഡിന്റെ താഴെയുള്ള ഭാഗം
ഉൽപ്പാദകരെ (ഒന്നാമത്തെ പോഷണബലം) സൂചിപ്പിക്കുന്നു. രണ്ടാമത്തെ പോഷണബലം പ്രാഥമിക
ഉപഭോക്താക്കളെയും മൂന്നാമത്തെ പോഷണബലം ദ്വിതീയ ഉപഭോക്താക്കളെയും ഏറ്റവും മുകൾ ഭാഗം
തൃതീയ അല്ലെങ്കിൽ ഉയർന്ന തലത്തിലുള്ള ഉപഭോക്താക്കളെ സൂചിപ്പിക്കുന്നു.
ഇക്കോളജിക്കൽ പിരമിഡുകൾ പ്രധാനമായും മൂന്ന് തരത്തിലുണ്ട് - സംഖ്യാ പിരമിഡ്, ജൈവപിണ്ഡ പിരമിഡ്, ഊർജ പിരമിഡ്.
സംഖ്യാ
പിരമിഡ് : ട്രോഫിക് ലെവലുകളിലുള്ള ജീവികളുടെ എണ്ണത്തെ കാണിക്കുന്ന പിരമിഡ്.
ഉദാഹരണം:
പുല്ല് (1 ലക്ഷം) --> മുയൽ (1000) --> കടുവ (100)
ജൈവപിണ്ഡ
പിരമിഡ് : ട്രോഫിക് തലത്തിലെ ജീവജാലങ്ങളുടെ ഭാരം കാണിക്കുന്ന പിരമിഡ്.
ഉദാഹരണം
: മാവ് (200
kg) --> കിളികൾ
(200 g)
--> പാരസൈറ്റ്
(200 mg)
--> ഹൈപ്പർ
പാരസൈറ്റ് (200
microgram)
ഊർജ
പിരമിഡ് : ഒരു പോഷണതലത്തിൽ നിന്നും മറ്റൊരു പോഷണതലത്തിലേക്ക് ഊർജം കൈമാറ്റം
നടക്കുമ്പോൾ ഓരോ ഘട്ടത്തിലും കുറച്ച് ഊർജം താപത്തിന്റെ രൂപത്തിൽ നഷ്ടമാകും.
ഉദാഹരണം
: പുല്ല് (10000
J) --> പുൽച്ചാടി
(1000 J)
--> തവള (100 J) --> പാമ്പ് (10 J)
ജീവി
ബന്ധങ്ങൾ (Symbiosis)
രണ്ട്
വ്യത്യസ്‌ത സ്പീഷീസുകളുടെ ജീവിത ഗണങ്ങൾ തമ്മിലുള്ള പരസ്പരാശ്രയത്വം വഴിയാണ്
സ്പീഷീസുകൾക്കിടയിലുള്ള ബന്ധം ഉണ്ടാകുന്നത്. സഹോപകാരിത, മത്സരം, ഇരപിടിക്കൽ, പരാദജീവനം, സഹജീവനം, അമൻസാലിസം എന്നിവയാണ് ജീവി ബന്ധങ്ങൾ.
സഹോപകാരിത
(Mutualism): ഇരുകൂട്ടർക്കും ഗുണകരമായ
വിധത്തിൽ രണ്ടു ജീവികൾ തമ്മിലുള്ള സഹജീവിതം. ഉദാഹരണം: പയർവർഗ ചെടിയും അവയുടെ വേരു
മുടിയിലെ ബാക്ടീരിയയും തമ്മിലുള്ള സഹോപകാരിത, കാക്കയും പശുവും തമ്മിലുള്ള സഹോപകാരിത, സീബ്ര/കാണ്ടാമൃഗവും ഒക്‌സ്‌പെകർ
കിളിയും തമ്മിലുള്ള സഹോപകാരിത,
മനുഷ്യനും
ലാക്ടോബാസിലസ് ബാക്ടീരിയയും തമ്മിലുള്ള സഹോപകാരിത, കടൽപൂവും സന്ന്യാസി ഞണ്ടും തമ്മിലുള്ള
സഹോപകാരിത, ആൽഗയും ഫംഗസും തമ്മിലുള്ള
സഹോപകാരിത (ലൈക്കൺ),
ഫംഗസും വലിയ
മരങ്ങളുടെ വേരും തമ്മിലുള്ള സഹോപകാരിത (മൈക്കോറൈസ).
മത്സരം
(Competition):
തുടക്കത്തിൽ
രണ്ടിനും ദോഷകരം പിന്നീട് ജയിക്കുന്നവയ്ക്ക് ഗുണകരം. ഉദാഹരണം: പുലിയും സിംഹവും
ആഹാരത്തിനായി മത്സരിക്കുന്നത്,
അബിങ്ടൺ ആമയും
ആടും തമ്മിലുള്ള മത്സരം. ഗാലപ്പഗോസ് ദ്വീപിൽ ഉണ്ടായിരുന്ന അബിങ്ടൺ ആമകൾക്ക്
അവിടേക്ക് പുതുതായി അവതരിക്കപ്പെട്ട ജീവി വർഗ്ഗമായ ആടുകൾ ദോഷമായി മാറി. അബിങ്ടൺ
ആമകളുടെ പ്രധാന ആഹാരമായിരുന്ന ചെറു പുല്ലുകളും മറ്റും ആടുകൾ വേഗത്തിൽ കഴിച്ചു
തീർക്കുകയാണുണ്ടായത്.
ഇരപിടിക്കൽ
(Predation): രണ്ട് ജീവികൾ തമ്മിലുള്ള
ബന്ധത്തിൽ ഒന്നിന് ഗുണവും മറ്റേതിന് ദോഷവും ഉണ്ടാകുന്ന ബന്ധം. ഇര ഇരപിടിയന്
ഭക്ഷണമാകുന്നു. ഉദാഹരണം: കടുവയും മാനും
പരാദജീവനം
(Parasitism):
ഒന്നിന് ഗുണകരം
മറ്റേതിനു ദോഷകരം. പരാദം പോഷണത്തിനായി ആതിഥേയനെ ആശ്രയിക്കുന്നു.
പരാദ
ജീവികൾ (Parasitic
Animals): മറ്റു
ജീവികളുടെ ശരീരത്തിന് പുറത്തോ ശരീരത്തിനകത്തോ ജീവിച്ച് അവയിൽ നിന്നും ആഹാരം
സ്വീകരിക്കുന്ന ജീവികളാണ് പരാദജീവികൾ. ഏത് ജീവിയിൽ നിന്നാണോ ആഹാരം സ്വീകരിച്ച് പരാദജീവികൾ
ജീവിക്കുന്നത് ആ ജീവിയെ ആതിഥേയൻ എന്ന് പറയുന്നു. പരാദജീവികളെ മൂന്നായി തിരിക്കാം -
ആന്തരിക പരാദം (Endo
Parasites), ബാഹ്യ
പരാദം (Exo
Parasites), ബ്രൂഡ്
പരാദം (Brood
Parasites). പ്ലാസ്മോഡിയം
വൈവാക്‌സും മനുഷ്യനും തമ്മിലുള്ള ബന്ധം ആന്തരിക പരാദത്തിന് ഉദാഹരണങ്ങളാണ്. മാവും
ഇത്തിൾക്കണ്ണിയും,
മനുഷ്യനും പേനും, കന്നുകാലിയും ചെള്ളും എന്നിവ ബാഹ്യ
പരാദത്തിന് ഉദാഹരണങ്ങളാണ്. കാക്കക്കൂട്ടിൽ കുയിൽ മുട്ടയിടുന്നത് ബ്രൂഡ് പരാദത്തിന്
ഉദാഹരണമാണ്.
പരാദ
സസ്യങ്ങൾ (Parasitic
Plants): മറ്റു
സസ്യങ്ങളിൽ വളർന്ന് അവയിൽ നിന്ന് ആഹാരവും ജലവും വലിച്ചെടുക്കുന്ന സസ്യങ്ങളാണ് പരാദ
സസ്യങ്ങൾ. മൂടില്ലാത്താളി,
റഫ്‌ളീഷ്യ എന്നിവ
പൂർണ്ണ പരാദ സസ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്. ആതിഥേയ സസ്യങ്ങളിൽ നിന്ന് ജലവും ലവണവും
വലിച്ചെടുത്ത് ഇലകളുടെ സഹായത്തോടെ സ്വയം ആഹാരം നിർമ്മിക്കുന്ന സസ്യങ്ങളാണ് അർധപരാദ
സസ്യങ്ങൾ. ഇത്തിക്കണ്ണി,
ചന്ദന മരം എന്നിവ
അർധ പരാദത്തിന് ഉദാഹരണങ്ങളാണ്.
സഹജീവനം
(Commensalism):
ഒരു പങ്കാളിക്ക്
ഗുണമുണ്ടാകുകയും മറ്റേ പങ്കാളിക്ക് ഗുണമോ ദോഷമോ ഇല്ലാതിരിക്കുകയും ചെയ്യുന്ന
തരത്തിൽ രണ്ട് ജീവികൾ തമ്മിലുള്ള പരസ്പര ബന്ധമാണ് സഹഭോജിത അഥവാ സഹജീവനം. ഉദാഹരണം:
മരവാഴയും പറ്റിപിടിച്ചു വളരുന്ന മരവും തമ്മിലുള്ള ബന്ധം, റിമോറ മത്സ്യവും ഷാർക്കും തമ്മിലുള്ള
ബന്ധം.
അമൻസാലിസം
(Amensalism):
രണ്ട് ജീവിഗണങ്ങൾ
തമ്മിലുള്ള ബന്ധത്തിൽ ഒന്നിന് വല്ലാതെ ദോഷമുണ്ടാക്കുകയും രണ്ടാമത്തേതിന് ഗുണമോ
ദോഷമോ ഉണ്ടാകാത്തതുമായ ബന്ധമാണ് അമൻസാലിസം. ഉദാഹരണം: പൈൻ മരവും അവയ്ക്ക്
ചുറ്റുമുള്ള സസ്യങ്ങളും തമ്മിലുള്ള ബന്ധം, റബർ ചെടിയും അവയ്ക്ക് ചുറ്റുമുള്ള
ചെടികളും തമ്മിലുള്ള ബന്ധം,
പെൻസിലിയം
നൊട്ടേറ്റവും ബാക്‌ടീരിയയും തമ്മിലുള്ള ബന്ധം.
റെഡ്
ഡാറ്റാ ബുക്ക് (Red
Data Book)
വംശനാശഭീഷണി
നേരിടുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കുന്ന ബുക്കാണ് റെഡ് ഡാറ്റാ
ബുക്ക്. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ (IUCN) ആണ് ഇത് പ്രസിദ്ധീകരിക്കുന്നത്. 1964 മുതൽ ഓരോ വർഷവും വംശനാശഭീഷണിയുള്ള
ജീവജാലങ്ങളുടെ ലിസ്റ്റ് ഈ ബുക്കുവഴി പ്രസിദ്ധീകരിക്കുന്നു. വംശനാശം സംഭവിച്ചത്, വംശനാശഭീഷണി നേരിടുന്നവ, ഭാവിയിൽ വംശനാശഭീഷണി നേരിടാൻ സാധ്യത
ഇല്ലാത്തവ തുടങ്ങിയ ജീവജാലങ്ങളാണ് റെഡ് ഡാറ്റാ ബുക്കിൽ പ്രധാനമായും
ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻപ് വംശനാശ ഭീഷണി നേരിട്ടതും എന്നാൽ ഇപ്പോൾ വംശനാശ
ഭീഷണിയിൽനിന്നും കരകയറിയതുമായ ജീവി വർഗ്ഗങ്ങളാണ് റെഡ് ഡാറ്റാ ബുക്കിലെ പച്ച
പേജുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ജീവി
വർഗ്ഗങ്ങളാണ് റെഡ് ഡാറ്റാ ബുക്കിലെ പിങ്ക് പേജുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2019ലെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്നും 132 ജീവജാലങ്ങൾ അതീവ ഗുരുതരഭീഷണി
നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിൽ 48 സസ്യങ്ങളും അടങ്ങുന്നു.
ഗ്രീൻ
ലിസ്റ്റ് : റെഡ് ഡാറ്റാ ബുക്കിന് 50
വർഷം തികഞ്ഞ 2014ൽ ഐ.യു.സി.എൻ മറ്റൊരു ലിസ്റ്റ്
കൂടി പുറത്തുവിടാൻ തുടങ്ങി. അതാണ് 'ഗ്രീൻ
ലിസ്റ്റ്'. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലെ
മാതൃകകളെ പരിചയപ്പെടുത്തുന്ന ലിസ്റ്റാണിത്. വിവിധ ജീവിവർഗങ്ങളുടെ സംരക്ഷണത്തിന്
ആഗോളതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കേന്ദ്രങ്ങളെയാണ് ഈ ലിസ്റ്റിൽ
ഉൾപ്പെടുത്തുക. ഇന്ത്യയിൽ നിന്നുള്ള കേന്ദ്രങ്ങൾ ഒന്നുംതന്നെ ഇതിൽ ഇതുവരെ ഇടം
നേടിയിട്ടില്ല.
പരിസ്ഥിതി
സമ്മേളനങ്ങൾ (Environmental
Conventions)
റാംസർ
കൺവെൻഷൻ (1971):
തണ്ണീർത്തടങ്ങളുടെയും
ചതുപ്പു നിലയങ്ങളുടെയും സംരക്ഷണത്തിനായി 1971 ഫെബ്രുവരി രണ്ടിന് ഇറാനിലെ റാംസറിൽ
ചേർന്ന അന്താരാഷ്ട്ര സമ്മേളനമാണ് റാംസർ കൺവെൻഷൻ. ഇതേത്തുടർന്ന് ധാരാളം
തണ്ണീർത്തടങ്ങളെ റാംസർ സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. റാംസർ കൺവെൻഷൻ നടന്ന
ഫെബ്രുവരി രണ്ടാണ് ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത്.
സ്റ്റോക്ക്ഹോം
സമ്മേളനം (1972):
സ്വീഡനിലെ
സ്റ്റോക്ക്ഹോമിൽ 1972 ജൂൺ 5 മുതൽ 16 വരെ ഐക്യരാഷ്ട്രസംഘടനയുടെ
ആഭിമുഖ്യത്തിൽ സമ്മേളനം നടന്നു. സ്റ്റോക്ക്ഹോം തത്വങ്ങൾ, പരിസ്ഥിതി ആക്ഷൻ പ്ലാനുകൾ എന്നിവ ഇതിൽ
അംഗീകരിക്കപ്പെട്ടു. ഈ സമ്മേളനത്തെ തുടർന്നാണ് ജൂൺ 5 പരിസ്ഥിതി ദിനമായി
ആചരിച്ചുതുടങ്ങിയത്.
നെയ്‌റോബി
പ്രഖ്യാപനം (1982):
സുസ്ഥിര വികസനം
കൈവരിക്കുന്നതിനായി ദീർഘകാല തന്ത്രങ്ങൾ രൂപപ്പെടുത്തുവാൻ ഒരു പ്രത്യേക കമ്മീഷനെ
നിയമിക്കാൻ നിർദേശിച്ച പ്രഖ്യാപനമാണ് 1982ലെ
നെയ്‌റോബി പ്രഖ്യാപനം.
വിയന്ന
കൺവെൻഷൻ (1985):
ഓസോൺ പാളിയുടെ
സംരക്ഷണത്തിനുവേണ്ടിയുള്ള ആഗോള സഹകരണമാണ് വിയന്ന കൺവെൻഷൻ. 1985 മാർച്ച് 22ന് വിയന്ന കൺവെൻഷൻ ഒപ്പുവെച്ചു. 1988ൽ വിയന്ന കമ്മീഷൻ പ്രാബല്യത്തിൽ വന്നു.
മോൺട്രിയൽ
പ്രോട്ടോകോൾ (1987):
ഓസോൺ പാളിയുടെ
നാശം ലഘൂകരിക്കുന്നതിനായി യു.എൻ.ഇ.പിയുടെ ആഭിമുഖ്യത്തിൽ കാനഡയിലെ മോൺട്രിയലിൽ 1987 സെപ്റ്റംബർ 16ന് നടന്ന അന്താരാഷ്ട്ര സമ്മേളനമാണ്
മോൺട്രിയൽ പ്രോട്ടോകോൾ. ക്ലോറോ ഫ്ലൂറോ കാർബണിന്റെ ഉൽപാദനം കുറയ്ക്കുക എന്നത്
പ്രധാന തീരുമാനമായി. ഇതേത്തുടർന്ന് സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിച്ചുതുടങ്ങി.
ബേസൽ
കൺവെൻഷൻ (1989):
1980 കളിൽ
ആഫ്രിക്കയിലും മറ്റ് ഭാഗങ്ങളിലും,
മറ്റു വിദേശരാജ്യങ്ങളിൽ
നിന്നുള്ള അപകടകരമായ മാലിന്യങ്ങളുടെ കൈമാറ്റം കുറയ്ക്കുന്നതിനും പ്രത്യേകിച്ച്
വികസിത രാജ്യങ്ങളിൽ നിന്ന് വികസ്വരരാജ്യങ്ങളിലേക്ക് മാലിന്യങ്ങൾ കൈമാറുന്നത്
തടയുന്നതിനുമായി രൂപീകരിച്ച കൺവെൻഷനാണ് ബേസൽ കൺവെൻഷൻ. 1989ൽ സ്വിറ്റ്സർലാൻഡിലാണ് ബേസൽ കൺവെൻഷൻ
നടന്നത്. 1992ൽ ബേസൽ കൺവെൻഷൻ പ്രാബല്യത്തിൽ
വന്നു.
റിയോ
ഭൗമ ഉച്ചകോടി (1992):
ബ്രസീലിലെ
റിയോയിൽ വച്ച് 1992ൽ നടന്ന ഈ സമ്മേളനത്തിൽ
സുസ്ഥിര വികസനത്തിൽ രാജ്യങ്ങൾക്ക് മാർഗനിർദേശമായി 27 തത്വങ്ങൾ അംഗീകരിക്കപ്പെട്ടു. ഈ
തത്വങ്ങളാണ് 'റിയോ ഡിക്ലറേഷൻ' എന്ന പേരിൽ അറിയപ്പെടുന്നത്.
ക്വോട്ടോ
പ്രോട്ടോകോൾ (1997):
കാലാവസ്ഥാമാറ്റം
സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയാണിത്. 1997 ഡിസംബർ 1 മുതൽ 11 വരെ ജപ്പാനിലെ ക്യോട്ടോയിൽ ചേർന്ന
സമ്മേളനത്തിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുന്നതിൽ ധാരണയായി. 2012ൽ ക്യോട്ടോ ഉടമ്പടിയുടെ കാലാവധി
തീർന്നു.
റോട്ടർഡാം
കൺവെൻഷൻ (1998):
1998ൽ
നെതർലാന്റിലാണ് റോട്ടർഡാം കൺവെൻഷൻ നടന്നത്. ചില അപകടകരമായ രാസവസ്തുക്കൾ
അന്തർദേശീയമായി വ്യാപാരം ചെയ്യുമ്പോൾ പാലിക്കേണ്ട കൂട്ടുത്തരവാദിത്തങ്ങളും സഹകരണ
ശ്രമങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടിയാണ് റോട്ടർഡാം കൺവെൻഷൻ. വ്യാപാരം ചെയ്യുന്ന
അപകടകരമായ രാസവസ്തുക്കളെക്കുറിച്ചുള്ള സവിശേഷ വിവരങ്ങൾ കൈമാറാനും ഇതിൽ ധാരണയുണ്ട്.
സ്റ്റോക്ക്ഹോം
കൺവെൻഷൻ (2001):
പോപ് എന്ന അതീവ
മാരകമായ രാസപദാർത്ഥങ്ങളുടെ നിരോധനമോ ഉൽപാദനവും ഉപയോഗവും നിയന്ത്രിക്കലോ
ലക്ഷ്യമിട്ട ഒരു അന്താരാഷ്ട്ര കരാറാണ് സ്റ്റോക്ക്ഹോം കൺവെൻഷൻ. 2001 മെയ് 22ന് സ്റ്റോക്ക്ഹോം കൺവെൻഷൻ അംഗീകരിച്ചു.
2004 മെയ് 17ന് പ്രാബല്യത്തിൽ വന്നു.
ജോഹന്നാസ്
ബർഗ് ഉച്ചകോടി (2002):
2002 ഓഗസ്റ്റ് 26 മുതൽ 2002 സെപ്റ്റംബർ 4 വരെയാണ് സുസ്ഥിര വികസനത്തിനായുള്ള ലോക
ഉച്ചകോടിയായ വേൾഡ് സമ്മിറ്റ് ഓൺ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് നടന്നത്. ജോഹന്നാസ്
ബർഗ് ഉച്ചകോടിയെന്നും അറിയപ്പെടുന്നു. പരിസ്ഥിതി സൗഹൃദവും സാമൂഹിക സൗഹൃദവുമായ
വികസനം, ദാരിദ്ര്യനിർമ്മാർജ്ജനം, ശുദ്ധജല സംരക്ഷണം, ശുചിത്വം, ജൈവ കൃഷി എന്നിവയാണ് പ്രധാന
ലക്ഷ്യങ്ങൾ.
കോപ്പൻഹേഗൻ
ഉച്ചകോടി (2009):
2009ൽ
ഡെൻമാർക്കിൽ ചേർന്ന ഈ ഉച്ചകോടിയിൽ വച്ച് ആഗോള താപനിലയുടെ വർദ്ധനവ് 2 ഡിഗ്രിയിൽ താഴെ നിലനിർത്താൻ
ശ്രമിക്കണമെന്ന ആശയം എല്ലാ പ്രതിനിധികളും അംഗീകരിച്ചു.
റിയോ
പ്ലസ് 20 ഉച്ചകോടി (2012): 2012 ജൂൺ 20 മുതൽ ജൂൺ 22 വരെയാണ് സുസ്ഥിര വികസനത്തിനുള്ള യു.എൻ
സമ്മേളനമായ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് നടന്നത്. ഈ
സമ്മേളനം റിയോ പ്ലസ് 20 എന്നും അറിയപ്പെടുന്നു.
മിനാമാതാ
കൺവെൻഷൻ (2013):
ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്ന
മെർക്കുറിയുടെ ഉപയോഗം കുറയ്ക്കാൻ ജനീവയിൽ ചേർന്ന 140 രാഷ്ട്രങ്ങളുടെ കൺവെൻഷനിൽ ധാരണയായി.
മെർക്കുറി നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിൽ വന്ന ലോകത്തിലെ ഏറ്റവും വലിയ
ഉടമ്പടിയാണിത്. ജപ്പാനിലെ പട്ടണമായ മിനാമാതായിൽ 1956ൽ ഉണ്ടായ മെർക്കുറി ദുരന്തത്തിന്റെ
ഓർമയ്ക്കാണ് ഈ ഉടമ്പടിയ്ക്ക് മിനാമാതാ കൺവെൻഷൻ എന്ന പേരുനൽകിയത്. 2013ലാണ് മിനാമാതാ കൺവെൻഷൻ നടന്നത്.
പാരീസ്
ഉടമ്പടി (2015):
2015 നവംബർ 30 മുതൽ ഡിസംബർ 12 വരെ ഫ്രാൻസിലെ പാരിസിൽ ചേർന്ന
സമ്മേളനത്തിൽ കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നതിനുള്ള നിർദേശങ്ങളാണ്
മുന്നോട്ടുവച്ചത്. വർദ്ധിച്ചുവരുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ
നിയന്ത്രിക്കുമെന്ന ഉടമ്പടിയിൽ ഇതുവരെ ഭൂരിപക്ഷം ലോക രാജ്യങ്ങളും
ഒപ്പുവച്ചിട്ടുണ്ട്.
ജൈവവൈവിധ്യം
(Biodiversity)
ബയോ
(ജീവൻ), ഡൈവേഴ്‌സിറ്റി (വൈവിധ്യം)
എന്നിങ്ങനെ രണ്ടു പദങ്ങൾ ചേർന്നതാണ് ബയോഡൈവേഴ്‌സിറ്റി (ജൈവവൈവിധ്യം). ഭൂമിയിൽ
വസിക്കുന്ന കുഞ്ഞുചെടികൾ മുതൽ മാനംമുട്ടെ വളരുന്ന വൻമരങ്ങൾ വരെയും, വെറും കണ്ണുകൊണ്ട് കാണാനാവാത്ത
സൂക്ഷമജീവികൾ തൊട്ട് കണ്ണുനിറയെ കാണാവുന്ന വമ്പൻ ജന്തുക്കൾ തുടങ്ങി വൈവിധ്യമാർന്ന
മുഴുവൻ ജീവസമൂഹങ്ങളും അവയുടെ ആവസ്ഥവ്യവസ്ഥകളും ചേർന്നതാണ് ജൈവവൈവിധ്യം. കൂടുതൽ
വിശാലമായ അർഥത്തിൽ,
ഭൂമിയിലെ
വ്യത്യസ്തങ്ങളായ ജീവജാതികളും അവ ഉൾക്കൊള്ളുന്ന ജനിതകഘടകങ്ങളും അവ വസിക്കുന്ന
ആവാസവ്യവസ്ഥയും ചേരുന്നതിനാണ് 'ജൈവവൈവിധ്യം' എന്നു പറയുന്നത്. കോടാനുകോടി വർഷത്തെ
പരിണാമപ്രക്രിയയുടെ ഫലമായാണ് ഇന്ന് നാം കാണുന്ന ജൈവവൈവിധ്യം രൂപപ്പെട്ടത്.
പ്രധാന
ജൈവവൈവിധ്യതലങ്ങൾ
ഭൂമിയിലെ
ജൈവവൈവിധ്യം പ്രധാനമായും മൂന്നു തരത്തിലുണ്ട്. ആവാസവ്യവസ്ഥ വൈവിധ്യം, ജീവജാതി വൈവിധ്യം, ജനിതക വൈവിധ്യം എന്നിവയാണവ.
ഇവയോരോന്നും നേരിട്ടും അല്ലാതെയും നൽകുന്ന സേവനങ്ങളാണ് ഭൂമിയിൽ ജീവൻ നിലനിർത്തുന്നത്.
ആവാസവ്യവസ്ഥ
വൈവിധ്യം (Ecosystem
Diversity)
അനേകം
ആവാസവ്യവസ്ഥകൾക്കിടയിലുള്ള വൈവിധ്യമാണ് ആവാസവ്യവസ്ഥ വൈവിധ്യം. ഓരോ പ്രദേശത്തും
കാണുന്ന കാടും കാവും കായലും പുഴയും ചതുപ്പുനിലവും കണ്ടൽക്കാടുമൊക്കെ ഓരോ
ആവാസവ്യവസ്ഥയാണ്. ഒരിടത്തെ ജീവജാലങ്ങൾ, അവയുടെ
എണ്ണം ഇനം തുടങ്ങിയവയുടെയൊക്കെ അടിസ്ഥാനത്തിൽ ഓരോ ആവാസവ്യവസ്ഥയും പരസ്പരം
വ്യത്യാസപ്പെട്ടിരിക്കും. ഇവയോരോന്നിലെയും കാലാവസ്ഥ മണ്ണിന്റെ സ്വഭാവം
തുടങ്ങിയവയും വ്യത്യസ്തമായിരിക്കും. ഇതെല്ലാമാണ് ആവാസവ്യവസ്ഥയിലെ വൈവിധ്യം കൊണ്ട്
അർഥമാക്കുന്നത്. മരുഭൂമികൾ,
മഴക്കാടുകൾ, കണ്ടൽക്കാടുകൾ, പവിഴപ്പുറ്റുകൾ, തണ്ണീർത്തടങ്ങൾ, നദീമുഖങ്ങൾ, പുൽമേടുകൾ തുടങ്ങിയവയാൽ ഇന്ത്യയുടെ
ആവാസ ജൈവവൈവിധ്യം വളരെ സമ്പന്നമാണ്.
സ്‌പീഷീസ്
വൈവിധ്യം (Species
Diversity)
സ്‌പീഷീസ്
തലത്തിലുള്ള വൈവിധ്യമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഓരോ ആവാസവ്യവസ്ഥയിലും
കണ്ടുവരുന്ന ജീവജാതികളിലെ വൈവിധ്യമാണ് സ്‌പീഷീസ് വൈവിധ്യം. ജീവികളുടെ ഇനം, വർഗം, എണ്ണം തുടങ്ങിയവയിലെ വൈവിധ്യമാണ് ഇതിൽ
കണക്കിലെടുക്കുക. ജീവജാതിവൈവിധ്യത്താൽ സമ്പന്നമാണ് നമ്മുടെ കേരളം. ഒരു പ്രദേശത്തെ
ജൈവവൈവിധ്യത്തിന്റെ അളവുകോലായി അവിടുത്തെ ജീവജാതിയിലെ വൈവിധ്യത്തെ
കണക്കാക്കാറുണ്ട്.
ജനിതക
വൈവിധ്യം (Genetic
Diversity)
ഓരോ
ജീവജാതിയിൽത്തന്നെ പലയിനം ജീവികളുണ്ടാകാം. ഇവയോരോന്നിലെയും ജനിതകഘടന
വ്യത്യസ്തമായിരിക്കും. അതായത്,
അവയിലെ ജീനുകളുടെ
എണ്ണവും ധർമവുമൊക്കെ വ്യത്യാസപ്പെട്ടിരിക്കും. ഈ വൈവിധ്യങ്ങളാണ് ജനിതക വൈവിധ്യം
കൊണ്ട് അർഥമാക്കുന്നത്. മനുഷ്യനടക്കമുള്ള ജന്തുക്കളിലും സസ്യങ്ങളിലുമൊക്കെ
ജനിതകവൈവിധ്യം വേർതിരിച്ചറിയാനാകും. ഉദാ: ഹിമാലയത്തിന്റെ വിവിധ മലനിരകളിൽ വളരുന്ന 'റാവുൾഫിയ വമറ്റോറിയ' എന്ന ഔഷധസസ്യം വളരെയധികം ജനിതകവൈവിധ്യം
പ്രകടിപ്പിക്കുന്നു.
ജൈവവൈവിധ്യത്തിന്റെ
സൂചികകൾ
ആൽഫാ
വൈവിധ്യം: ഒരു ആവാസവ്യവസ്ഥയിൽ ഉൾപ്പെടുന്ന സ്പീഷീസുകളുടെ എണ്ണത്തെ അല്ലെങ്കിൽ ഒരു
ആവാസവ്യവസ്ഥയിലെ ജൈവവൈവിധ്യത്തെ സൂചിപ്പിക്കുന്നു.
ബീറ്റാ
വൈവിധ്യം: രണ്ട് ആവാസവ്യവസ്ഥകളിൽ
പൊതുവായിട്ടുള്ള സ്പീഷീസുകളെ ഒഴിച്ചുള്ള സ്പീഷീസുകളുടെ എണ്ണത്തെ കാണിക്കുന്നു.
ഗാമാ
വൈവിധ്യം: ഒരു പ്രദേശത്തെ വിവിധ ആവാസവ്യവസ്ഥയുടെ മൊത്തത്തിലുള്ള വൈവിധ്യമാണ് ഗാമാ
വൈവിധ്യം. ജൈവവൈവിധ്യത്തിന്റെ സൂചികകളിൽ ഏറ്റവും വലിയ എണ്ണത്തെ കാണിക്കുന്നത് ഗാമാ
വൈവിധ്യമാണ്. ആവാസവ്യവസ്ഥയെയും സ്പീഷീസ് സമ്പന്നതയെയും കുറിച്ച് റിവറ്റ് - പോപ്പർ
പരികൽപ്പന സിദ്ധാന്തം മുന്നോട്ടുവച്ച വ്യക്തിയാണ് പോൾ എർലിക്.
ജൈവവൈവിധ്യത്തിന്റെ
പ്രാധാന്യം
◆ ആവാസവ്യവസ്ഥയുടെ
സ്ഥിരത നിലനിൽക്കാൻ സഹായിക്കുന്നു.
◆ മലിനീകരണം
നിയന്ത്രിക്കാൻ സഹായിക്കുന്നു.
◆ കാലാവസ്ഥാ
വ്യതിയാനം കുറയ്ക്കാൻ സഹായിക്കുന്നു.
◆ മണ്ണ്
രൂപീകരണത്തിന് സഹായിക്കുന്നു.
◆ ആഹാരത്തിന്റെയും
മരുന്നുകളുടെയും ഇന്ധനങ്ങളുടെയും സ്രോതസ്സായി പ്രവർത്തിക്കുന്നു.
ജൈവവൈവിധ്യ
വിതരണക്രമം
ലോകത്തെമ്പാടുമുള്ള
സസ്യങ്ങളുടെയും ജന്തുക്കളുടെയും വിതരണത്തിൽ ഒരു ക്രമം കാണപ്പെടുന്നു. പൊതുവെ ഈ
ക്രമത്തെ ജൈവവൈവിധ്യ വിതരണക്രമമെന്നാണ് പറയപ്പെടുന്നത്. അക്ഷാംശ ശ്രേണീകരണം, ജീവിവർഗ്ഗ - ഭൂവിസ്തീർണ ബന്ധങ്ങൾ
എന്നിവ രണ്ടു തരത്തിലുള്ള ജൈവവൈവിധ്യ വിതരണക്രമങ്ങളാണ്.
അക്ഷാംശ
ശ്രേണീകരണം : വിതരണ ക്രമം എന്നും അക്ഷാംശ ശ്രേണീകരണം അറിയപ്പെടുന്നു. പൊതുവെ, ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്കു
പോകുന്തോറും സ്‌പീഷീസുകളുടെ വൈവിധ്യം കുറഞ്ഞു കുറഞ്ഞു വരുന്നു. സൂര്യപ്രകാശം
കൂടുതലും ഉഷ്ണമേഖലയിൽ ലഭിക്കുന്നതിനാൽ ഉത്പാദനം ഈ മേഖലയിൽ കൂടുതലാകുകയും
ജൈവവൈവിധ്യ സമ്പന്നതയ്ക്ക് മുതൽക്കൂട്ടാവുകയും ചെയ്യും.
ജീവിവർഗ്ഗ
- ഭൂവിസ്തീർണ ബന്ധങ്ങൾ : ജർമൻകാരനായ പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞനും ഭൗമ
ശാസ്ത്രജ്ഞനുമായ അലക്‌സാണ്ടർ വോൺ ഹംബോൾട്ട് തെക്കേ അമേരിക്കൻ കാടുകളിൽ വ്യാപകമായി
നടത്തിയ പഠനങ്ങളിൽ നിന്ന് നിരീക്ഷിച്ചത് ഒരു പ്രദേശത്തിന്റെ ഭൂവിസ്തൃതി
കൂടുന്നതിനനുസരിച്ച് ഒരു പരിധി വരെ അവിടത്തെ ജീവിവർഗങ്ങളുടെ സമ്പന്നത
വർധിക്കുന്നു.
ജൈവവൈവിധ്യ
സംരക്ഷണങ്ങൾ (Biodiversity
Conservation)
ജന്തുക്കളും
സസ്യങ്ങളും മുതൽ ഇത്തിരിപ്പോന്ന കൂണുകൾ വരെയുള്ളവ വംശനാശഭീഷണി നേരിടുന്നുണ്ട്.
അതുകൊണ്ടുതന്നെ എല്ലാത്തരം ജീവജാലങ്ങളെയും സംരക്ഷിക്കാൻ സഹായിക്കുന്ന പദ്ധതികളാണ്
തൽസ്ഥല സംരക്ഷണം,
ബഹിർസ്ഥല
സംരക്ഷണം എന്നിവ.
തൽസ്ഥല
സംരക്ഷണം - ആവാസവ്യവസ്ഥയ്ക്കുള്ളിലെ സംരക്ഷണം (In situ conservation (on site)).
ബഹിർസ്ഥല
സംരക്ഷണം - ആവാസവ്യവസ്ഥയ്ക്ക് പുറത്തുള്ള സംരക്ഷണം (Ex situ conservation (off site)).
ജൈവവൈവിധ്യ
പൈതൃക കേന്ദ്രങ്ങൾ (Biodiversity
Heritage Sites)
കര, ഉൾനാടൻ ജലാശയങ്ങൾ, തീരപ്രദേശം, സമുദ്രം തുടങ്ങിയ ജൈവ വൈവിധ്യങ്ങൾ
സമ്പന്നമായ അനന്യമായിട്ടുള്ള പരിസ്ഥിതി ലോല ആവാസവ്യവസ്ഥകളാണ് ജൈവവൈവിധ്യ പൈതൃക
കേന്ദ്രങ്ങൾ. കൊല്ലം ജില്ലയിലെ ആശ്രാമം കണ്ടൽവനമാണ് കേരളത്തിലെ ആദ്യ ജൈവ വൈവിധ്യ
പൈതൃകകേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട പ്രദേശം. ആശ്രാമത്തെ കണ്ടൽവന സംരക്ഷണ
പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് പ്രൊഫ.എൻ.രവി എന്ന വ്യക്തിയാണ്. വംശനാശഭീഷണി
നേരിടുന്ന കുളവെട്ടി മരങ്ങൾ ആശ്രാമത്തെ കണ്ടൽവനത്തിന്റെ സവിശേഷതയാണ്.
ലോക
ജൈവവൈവിധ്യ നാശത്തിന്റെ കാരണങ്ങൾ
ആവാസവ്യവസ്ഥയുടെ
നാശവും വിഭജനവും,
അമിതചൂഷണം, അന്യദേശ ജീവികളുടെ അധിനിവേശം, സഹവംശനാശം എന്നിവയാണ് ലോക ജൈവവൈവിധ്യ
നാശത്തിന്റെ കാരണങ്ങൾ. ഇവ നാലും തിന്മയുടെ 'ചതുഷ്കോണം' എന്നറിയപ്പെടുന്നു. ഡോഡോ പക്ഷി
(മൗറീഷ്യസ്), സഞ്ചാരിപ്രാവ് (വടക്കേ
അമേരിക്ക), തൈലസിൻ (ആസ്‌ട്രേലിയ), സ്റ്റെല്ലറുടെ കടൽപ്പശു (റഷ്യ), ബാലി, ജാവൻ, കാസ്പിയൻ എന്നീ കടുവകൾ തുടങ്ങിയവ
വംശനാശം സംഭവിച്ച ജീവികൾക്ക് ഉദാഹരണങ്ങളാണ്.
ലോക
ജൈവവൈവിധ്യ ദിനം
ഓരോ
വർഷവും മെയ് 22
'ലോക ജൈവവൈവിധ്യ' ദിനമായി ആചരിക്കുന്നു. ആഗോള ജൈവവൈവിധ്യ
വർഷമായി തിരഞ്ഞെടുത്തത് 2010 നെയാണ്.
ജൈവവൈവിധ്യത്തിന്റെയും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകളെയും കുറിച്ചുള്ള
അവബോധമായിരുന്നു ആചരണത്തിന്റെ ലക്ഷ്യം. 2011
മുതൽ 2020 വരെ ഐക്യരാഷ്ട്രസഭ ജൈവവൈവിധ്യ
സംരക്ഷണത്തിനുള്ള ദശകമായി ആചരിച്ചു. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുകയെന്നതാണ്
ഇതിന്റെ മുദ്രാവാക്യം.
തൽസ്ഥല
സംരക്ഷണം (In
situ conservation (on site))
വന്യജീവിസംരക്ഷണ
കേന്ദ്രങ്ങൾ, നാഷണൽ പാർക്കുകൾ, ബയോസ്ഫിയർ റിസർവുകൾ, കമ്മ്യൂണിറ്റി റിസർവുകൾ, കാവുകൾ, ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ
എന്നിവയൊക്കെ ആവാസവ്യവസ്ഥയ്ക്കുള്ളിലെ സംരക്ഷണത്തിനുദാഹരണങ്ങളാണ്. ലോകമെമ്പാടുമായി
ആയിരക്കണക്കിന് വനമേഖലകൾ സംരക്ഷിത പ്രദേശങ്ങളായി തിരിച്ചിട്ടുണ്ട്. പ്രകൃതി
ദുരന്തങ്ങളോ വികസനപ്രവർത്തനങ്ങളോ നാശം വിതച്ച മേഖലകളിലെ ജൈവവൈവിധ്യം
വീണ്ടെടുക്കാനായി പ്രാദേശിക - ദേശീയ - രാജ്യാന്തര സംഘടനകളും സ്ഥാപനങ്ങളും
സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. യുനെസ്‌കോയുടെ 'ലോക പൈതൃക കേന്ദ്രം' പദ്ധതിയും ഇക്കൂട്ടത്തിലുണ്ട്.
ബഹിർസ്ഥല
സംരക്ഷണം (Ex
situ Conservation)
ജീവജാലങ്ങളെ
അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും പുറത്തുകൊണ്ടുവന്ന് സംരക്ഷിക്കുന്ന
രീതിയാണ് ബഹിർസ്ഥല സംരക്ഷണം. സുവോളജിക്കൽ ഗാർഡനുകൾ, ബൊട്ടാണിക്കൽ ഗാർഡനുകൾ, ജീൻ ബാങ്കുകൾ, വിദ്യാലയ കാർഷിക പൂന്തോട്ടങ്ങൾ, മൃഗശാലകൾ എന്നിവയൊക്കെ ബഹിർസ്ഥല
സംരക്ഷണത്തിന് ഉദാഹരണങ്ങളാണ്. ആവാസവ്യവസ്ഥകൾ സംരക്ഷിക്കപ്പെട്ടാൽ സ്വാഭാവികമായും
ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടും.
ജൈവവൈവിധ്യ
കലവറകൾ (Biodiversity
Hotspots)
ജൈവവൈവിധ്യം
നിറഞ്ഞ പ്രദേശങ്ങളാണ് ജൈവവൈവിധ്യ കലവറകൾ. ബയോഡൈവേഴ്‌സിറ്റി ഹോട്ട്സ്പോട്ടുകളെന്നും
ഇവ അറിയപ്പെടാറുണ്ട്. കാരണം,
ഇവിടത്തെ
വിവിധതരം ജീവജാലങ്ങൾ അവയുടെ നിലനിൽപ്പിന് കടുത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. 1988 ലാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ നോർമൻ
മയേർസ് 'ബയോഡൈവേഴ്‌സിറ്റി ഹോട്ട്സ്പോട്ട്' എന്ന ആശയം മുന്നോട്ടുവച്ചത്.
ജൈവവൈവിധ്യ പ്രദേശങ്ങൾ മനുഷ്യന്റെ ഇടപെടലുകൾ മൂലം നാശത്തിന്റെ പാതയിലാണെന്ന്
തിരിച്ചറിഞ്ഞ അദ്ദേഹം ഇവയുടെ സംരക്ഷണം മനസ്സിൽ കണ്ടാണ് ഈ ആശയം നിർദ്ദേശിച്ചത്.
ലോകത്താകെ 36 ജൈവവൈവിധ്യ കലവറകളുണ്ട്.
ഇവയെല്ലാം ചേർന്നാൽ ഭൂമിയുടെ കരവിസ്തൃതിയുടെ 2.5 ശതമാനം വരും. പരിസ്ഥിതി
സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന അമേരിക്കൻ സംഘടനയായ കൺസർവേഷൻ
ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം ജൈവവൈവിധ്യ കലവറയായി പ്രഖ്യാപിക്കാൻ വേണ്ടത്
കുറഞ്ഞത് 1500 സസ്യ സ്പീഷീസുകൾ ഉണ്ടാകണം.
ഇവയിൽ 30 ശതമാനമെങ്കിലും ആവാസ വ്യവസ്ഥയ്ക്ക്
കോട്ടം സംഭവിച്ചിരിക്കണം. ഹിമാലയം, വടക്കു-കിഴക്കൻ
ഭാഗങ്ങൾ, പശ്ചിമഘട്ടം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ്
ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ജൈവവൈവിധ്യ കലവറകൾ.
മാൻ
ആൻഡ് ബയോസ്ഫിയർ പ്രോഗ്രാം (MAB)
മനുഷ്യരും
അവരുൾപ്പെടുന്ന പരിസ്ഥിതിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒരു
ശാസ്ത്രീയ അടിത്തറ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്രതലത്തിലുള്ള
പദ്ധതിയാണ് മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാം. 1971ലാണ് യുനെസ്‌കോ മാൻ ആൻഡ് ബയോസ്ഫിയർ
പ്രോഗ്രാം ആരംഭിച്ചത്. ലോകത്തിൽ നിലവിൽ 738
ബയോസ്ഫിയർ റിസർവുകളാണുള്ളത്. 1979 ലാണ് ലോകത്തിലെ ആദ്യ
ബയോസ്ഫിയർ റിസർവ് സ്ഥാപിതമായത്. യുനെസ്കോയുടെ റിപ്പോർട്ട് പ്രകാരം നിലവിൽ 134 രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്ന 738 MAB സൈറ്റുകളിൽ 22 എണ്ണം സംയുക്ത രാജ്യ അതിർത്തി
ഉള്ളവയാണ്. 18 ബയോസ്ഫിയർ റിസർവുകളാണ്
ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ ആകെ ബയോസ്ഫിയർ റിസർവുകളിൽ യുനെസ്കോ മാൻ ആൻഡ്
ബയോസ്ഫിയർ പ്രോഗ്രാമിൽ ഉൾപ്പെട്ടിരിക്കുന്നത് 11 എണ്ണമാണ്.
കാലാവസ്ഥാ
വ്യതിയാനം (Climate
Change)
ദീർഘകാലമായി
ഒരു പ്രദേശത്ത് നിലനിൽക്കുന്ന താപനില, വായുമർദ്ദം, ഊഷ്മാവ്, മഴ, വെയിൽ, മേഘങ്ങളുടെ മൂടിക്കെട്ടൽ, കാറ്റ് തുടങ്ങിയ ഋതുവിശേഷണങ്ങളാണ്
കാലാവസ്ഥ. കാലാവസ്ഥയിലുണ്ടാകുന്ന ദശാബ്ദങ്ങളോ അതിലധികമോ നീണ്ടുനിൽക്കാവുന്ന
അനുക്രമവും സ്ഥിരവുമായ വ്യതിയാനമാണ് കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥാ വ്യതിയാനം
പ്രകൃതിദത്തമോ മാനുഷിക പ്രേരണയിലുള്ളതോ ആകാം.
പ്രകൃതിദത്തമായ
ഘടകങ്ങൾ : തീവ്രകാലാവസ്ഥ,
സൗരോർജ്ജത്തിലുണ്ടാകുന്ന
വ്യതിയാനങ്ങൾ,
ഭൂമിയുടെ ആകൃതി, ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടാകുന്ന
വ്യതിയാനങ്ങൾ,
ഭൂഖണ്ഡങ്ങളുടെ
സ്ഥാനഭ്രംശം, ചൂടിലും മഴയിലും ഉണ്ടാകുന്ന വൻ
വ്യത്യാസം, ഭൂമി അച്ചുതണ്ടിൽ അല്പം ചരിഞ്ഞ
നിൽപ്പ്, ആഗോളതാപനം, ഉൽക്കകൾ, സമുദ്രജല പ്രവാഹങ്ങൾ, അഗ്നിപർവ്വതങ്ങൾ.
മനുഷ്യർ
കാരണമുള്ള ഘടകങ്ങൾ : അശാസ്ത്രീയമായി വളർന്നുപെരുകുന്ന നഗരങ്ങൾ, ജൈവ ഇന്ധനം കത്തിക്കൽ, കന്നുകാലി വളർത്തൽ, ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം, അന്തരീക്ഷ മലിനീകരണം, നെൽകൃഷി, ഭൂവിനിയോഗവും
ചതുപ്പുനിലങ്ങളിലുണ്ടാകുന്ന മാറ്റവും, വനനശീകരണം, അടിസ്ഥാന സൗകര്യ വികസനം.
കാലാവസ്ഥ
വ്യതിയാനത്തിന്റെ അനന്തര ഫലങ്ങൾ : ശീതക്കാറ്റ്, ഉയർന്ന മഞ്ഞു വീഴ്ച, ഉയർന്ന താപനില, സമുദ്രനിരപ്പിലെ ഉയർച്ച, കൊടുങ്കാറ്റ്, വരൾച്ച, വാസസ്ഥലനശീകരണം, ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്നു, മുങ്ങുന്ന ദ്വീപുകളും വെള്ളപ്പൊക്കവും, ക്രമം തെറ്റിയ മഴ, വംശനാശം, കടുത്ത ഉഷ്ണകാലം, ഇടവിട്ടുള്ള പ്രളയം, മത്സ്യസമ്പത്തിനെ പ്രതികൂലമായി
ബാധിക്കുന്നു,
മഞ്ഞുപാളികൾ
ഉരുകുന്നു, ശക്തികൂടിയ കൊടുങ്കാറ്റുകൾ.
ഗ്രീൻ
ക്ലൈമറ്റ് ഫണ്ട് : കാലാവസ്ഥ വ്യതിയാനം തടയുന്നതിനുള്ള ഒരു പ്രധാന സാമ്പത്തിക
സംവിധാനമാണ് ഗ്രീൻ ക്ലൈമറ്റ് ഫണ്ട്. വികസ്വര രാജ്യങ്ങളിലെ ഹരിതഗൃഹവാതകങ്ങളുടെ
പുറന്തള്ളൽ പരിമിതപ്പെടുത്തുന്നതിനും കുറയ്ക്കുന്നതിനും വേണ്ടി 194 സർക്കാരുകളാണ് ഗ്രീൻ ക്ലൈമറ്റ് ഫണ്ട്
രൂപീകരിച്ചത്.
പരിസ്ഥിതി
പ്രക്ഷോഭങ്ങൾ (Environment
Movements)
ബിഷ്‌ണോയി
പ്രസ്ഥാനം (Bishnoi
Movement)
1700 കളിൽ രാജസ്ഥാനിലെ ഖജാർലി
പ്രദേശത്ത് അവിടത്തെ രാജാവിന്റെ ഭടൻമാരുടെ മരം മുറിക്കൽ തടയുന്നതിനായിരുന്നു ബിഷ്‌ണോയി
പ്രസ്ഥാനം ആരംഭിച്ചത്. ബിഷ്‌ണോയി പ്രസ്ഥാനത്തിന് ആരംഭിച്ചത് സോംബാജി എന്ന
സന്ന്യാസിയായിരുന്നു. അമൃതാ ദേവിയായിരുന്നു പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത്.
ചിപ്കോ
പ്രസ്ഥാനം (Chipko
Movement)
ഉത്തരാഖണ്ഡിലെ
ചമോലി ജില്ലയിലെ മണ്ഡൽഗ്രാമത്തിൽ 1973ൽ
വനനശീകരണത്തിനെതിരെ രൂപംകൊണ്ട സംഘടനയാണ് ചിപ്കോ പ്രസ്ഥാനം. ചണ്ഡിപ്രസാദ് ഭട്ട്
എന്ന ഗ്രാമീണന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഈ പ്രസ്ഥാനം മരങ്ങളെ
കെട്ടിപിടിച്ചുനിന്ന് മരങ്ങളെ സംരക്ഷിക്കുന്ന സമരമുറയാണ് സ്വീകരിച്ചത്. ചിപ്കോ
എന്ന വാക്കിനർഥം മരത്തെ ആലിംഗനം ചെയ്യുക എന്നാണ്. ചിപ്കോ പ്രസ്ഥാനത്തെ
ലോകശ്രദ്ധയിലെത്തിച്ച നേതാവ് സുന്ദർലാൽ ബഹുഗുണയാണ്.
സൈലന്റ്
വാലി പ്രസ്ഥാനം (Save
Silent Valley Movement)
പശ്ചിമഘട്ടത്തിലെ
നിത്യഹരിത വനപ്രദേശമായ സൈലന്റ് വാലിയിൽ (കുന്തിപ്പുഴയിൽ) ജലവൈദ്യുത പദ്ധതി
ആരംഭിക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭമാണ് സൈലന്റ് വാലി പ്രക്ഷോഭം.
ജംഗിൾ
ബചാവോ ആന്തോളൻ (Jungle
Bachao Andolan)
1980 കളിൽ ബീഹാറിൽ സ്വാഭാവിക വനം
നശിപ്പിച്ച് പകരം കൂടുതൽ വിലകിട്ടുന്ന തേക്കു മരങ്ങൾ വളർത്താൻ തീരുമാനിച്ച
പദ്ധതിക്കെതിരെ നടന്ന പ്രക്ഷോഭമാണ് ജംഗിൾ ബചാവോ ആന്തോളൻ. ബീഹാറിലെ സിങ്‌ഭം
ജില്ലയിലെ ആദിവാസികളാണ് ജംഗിൾ ബചാവോ ആന്തോളന് നേതൃത്വം നൽകിയത്.
അപ്പിക്കോ
പ്രസ്ഥാനം (Appiko
Movement)
വൃക്ഷങ്ങളെയും
വനങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി കർണ്ണാടകയിൽ 1983ൽ നിലവിൽ വന്ന പ്രസ്ഥാനമാണ് അപ്പിക്കോ
പ്രസ്ഥാനം. പാണ്ഡുരംഗ ഹെഡ്ഗെയാണ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. കന്നടയിൽ
അപ്പിക്കോ എന്ന പദത്തിനർത്ഥം മരത്തെ ആലിംഗനം ചെയ്യുക എന്നതാണ്.
നർമ്മദ
ബചാവോ ആന്തോളൻ (Narmada
Bachao Andolan)
സർദാർ
സരോവർ ഡാം നിർമ്മാണത്തിൽ സ്ഥലം നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനായി
രൂപീകരിച്ച പ്രസ്ഥാനമാണ് നർമ്മദ ബചാവോ ആന്തോളൻ. 1985ൽ ആരംഭിച്ച പ്രസ്ഥാനത്തിന് നേതൃത്വം
നൽകിയത് മേധാ പട്കറാണ്.
തെഹ്‌രി
ഡാം സംഘർഷം (Tehri
Dam Conflict Movement)
ഉത്തരാഖണ്ഡിലെ
തെഹ്‌രിയിൽ നടന്ന പരിസ്ഥിതി പ്രക്ഷോഭമാണ് തെഹ്‌രി ഡാം സംഘർഷം. തെഹ്‌രി ഡാം
പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് സുന്ദർലാൽ ബഹുഗുണ. തെഹ്‌രി അണക്കെട്ടിന്റെ
നിർമ്മാണത്തിനെതിരെ പ്രതിഷേധസൂചകമായി അദ്ദേഹം ഭഗീരഥി തീരത്ത് ഉപവാസ സമരം നടത്തി.
നവധാന്യ
പ്രസ്ഥാനം (Navdanya
Movement)
ജൈവവൈവിധ്യ
പരിപാലനം, ജൈവകൃഷി പ്രോത്സാഹനം, വിത്തു സൂക്ഷിക്കൽ, കാർഷിക അവകാശ സംരക്ഷണം തുടങ്ങിയ
ലക്ഷ്യങ്ങളോടെ 1987ൽ കർണാടകയിൽ നവധാന്യ പ്രസ്ഥാനം
സ്ഥാപിതമായി. വന്ദന ശിവയായിരുന്നു പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. മദർ എർത്ത്
എന്ന അന്താരാഷ്ട്ര സംഘടനയുമായി സഹകരിച്ചാണ് ഇപ്പോൾ നവധാന്യ പ്രവർത്തിക്കുന്നത്.
തരുൺ
ഭാരത് സംഘ് (Tarun
Bharat Sangh Movement)
രാജസ്ഥാനിലെ
ജനങ്ങളിൽ ജല സംരക്ഷണം എന്ന ലക്ഷ്യം വളർത്തുകയും അതിനുവേണ്ട മാർഗങ്ങൾ
അവരിലെത്തിക്കുവാനും വേണ്ടി ആരംഭിച്ച പ്രസ്ഥാനമാണ് തരുൺ ഭാരത് സംഘ്. 1975ൽ രൂപീകരിച്ചെങ്കിലും 1985 ഒക്ടോബർ രണ്ട് മുതലാണ് പ്രവർത്തനം
ആരംഭിച്ചത്. 'വാട്ടർ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന രാജേന്ദ്ര
സിംഗായിരുന്നു പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. 2015ൽ 'നൊബേൽ പ്രൈസ് ഫോർ വാട്ടർ' എന്നറിയപ്പെടുന്ന സ്റ്റോക്ഹോം വാട്ടർ
പ്രൈസ് ലഭിച്ച ഇന്ത്യക്കാരനായിരുന്നു രാജേന്ദ്ര സിംഗ്.
മുത്തങ്ങ
സമരം (Muthanga
Land Struggle)
ഭൂരഹിതരായ
ആദിവാസികൾക്ക് സ്വന്തമായി ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദിവാസി നേതാവ്
സി.കെ.ജാനുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ 48 ദിവസം ആദിവാസികൾ കുടിൽക്കെട്ടി സമരം
ചെയ്തു. വയനാടിലാണ് മുത്തങ്ങ സമരം നടന്നത്.
ചാലിയാർ
പ്രക്ഷോഭം (Chaliyar
Struggle)
മാവൂരിലെ
ഗ്വാളിയോർ റയോൺസ് പൾപ്പ് ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ ചാലിയാർപ്പുഴ
മലിനമാക്കുന്നതിനെതിരെ 1970കളിൽ ആരംഭിച്ച സമരമാണ് ചാലിയാർ
പ്രക്ഷോഭം. കെ.എ റഹ്മാനാണ് സമരത്തിന് നേതൃത്വം നൽകിയത്.
വയൽക്കിളി
സമരം (Vayalkili
Strike)
നെൽവയൽ
നികത്തി ബൈപാസ് നിർമ്മിക്കുന്നതിനെതിരെ കണ്ണൂരിലെ കീഴാറ്റൂരിൽ നടന്ന കർഷക സമരമാണ്
വയൽക്കിളി സമരം. സുരേഷ് കീഴാറ്റൂർ സമരത്തിന് നേതൃത്വം നൽകി.
പ്ലാച്ചിമട
സമരം (Plachimada
Movement)
പ്ലാച്ചിമടയിൽ
സ്ഥാപിച്ച കൊക്കക്കോള ഫാക്ടറി മൂലം പ്രദേശത്തെ ജലസ്രോതസ്സുകളെ പ്രതികൂലമായി
ബാധിക്കുകയും പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമാകുകയും ചെയ്‌തു. കൂടാതെ മണ്ണിൽ
അപകടകരമായ തോതിൽ കാഡ്മിയം,
ഈയം തുടങ്ങിയ
രാസവസ്തുക്കളുടെ അംശം കൂടുകയും ചെയ്തു. തുടർന്ന് 2002ൽ കേരളത്തിലെ പാലക്കാട് ജില്ലയിലെ
പെരുമാട്ടി പഞ്ചായത്തിൽ മയിലമ്മയുടെ നേതൃത്വത്തിൽ പ്ലാച്ചിമട പ്രക്ഷോഭം ആരംഭിച്ചു.
ഒടുവിൽ കൊക്കക്കോള ഫാക്ടറി 2004ൽ അടച്ചുപൂട്ടി.
ചെങ്ങറ
ഭൂസമരം (Chengara
Land Struggle)
ഭൂമിയും
പാർപ്പിടവും ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങറയിലെ ആദിവാസികൾ നടത്തിയ സമരമായിരുന്നു
ചെങ്ങറ ഭൂസമരം. 2007 ഓഗസ്റ്റ് നാലിനാണ് സാധുജന
വിമോചന സംയുക്ത വേദിയുടെയും ളാഹഗോപാലന്റെയും നേതൃത്വത്തിലുള്ള സമരക്കാര്‍
പത്തനംതിട്ടയിലെ ചെങ്ങറയിൽ ഹാരിസണ്‍ എസ്റ്റേറ്റിൽ കുടില്‍കെട്ടി സമരം തുടങ്ങിയത്. 2009 ഒക്ടോബർ 5ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള
സംഘവുമായി സാധുജന വിമോചന സംയുക്ത വേദി പ്രതിനിധികൾ നടത്തിയ ഒത്തുതീർപ്പ് ചർച്ചയെ
തുടർന്ന് സമരം അവസാനിപ്പിച്ചു.
ആരേയ്
പ്രക്ഷോഭം (Save
Aarey Movement)
മുംബൈ
മെട്രോ റെയിൽ കോർപ്പറേഷന്റെ 'മെട്രോ-3 കാർ ഷെഡി'ന്റെ നിർമാണത്തിന് മരങ്ങൾ
വെട്ടുന്നതിനെതിരെ ആരംഭിച്ച പ്രക്ഷോഭമാണ് ആരേയ് പ്രക്ഷോഭം. മഹാരാഷ്ട്രയിലെ സഞ്ജയ്
ഗാന്ധി നാഷണൽ പാർക്കിലാണ് ആരേയ് വനം സ്ഥിതിചെയ്യുന്നത്.
മാധവ്
ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് (Madhav Gadgil Report)
പശ്ചിമഘട്ടത്തിലെ
ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള നിർദ്ദേശങ്ങളുമായി പുറത്തുവന്ന റിപ്പോർട്ടാണ് മാധവ്
ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്. മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ട് പശ്ചിമഘട്ടത്തെ
മൂന്ന് സോണുകളായി (ഇക്കോളജിക്കൽ സെൻസിറ്റീവ് സോൺ) തിരിച്ചു. സോൺ ഒന്നിൽ
ഒരുവിധത്തിലുമുള്ള നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല എന്നായിരുന്നു നിർദേശം.
മൂന്നു വ്യത്യസ്‌ത പാരിസ്ഥിതിക പ്രദേശങ്ങളിൽ മനുഷ്യരുടെ ഇടയിൽ നടക്കുന്ന
പ്രവർത്തനങ്ങളെ പാടില്ലാത്തത്
എന്ന് തരംതിരിച്ചിരിക്കുന്നു.
ഗാഡ്‌ഗിൽ
കമ്മീഷന്റെ നിർദേശങ്ങൾ
◆ മൊത്തം
പശ്ചിമഘട്ട പ്രദേശത്തെ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കുക.
◆ പശ്ചിമഘട്ടത്തെ
മൂന്നു തരം പരിസ്ഥിതി ലോല മേഖലകളായി തരംതിരിക്കുന്നു - ഇക്കോളജിക്കൽ സെൻസിറ്റീവ്
സോൺ 1 (ESZ1),
ESZ2, ESZ3.
◆ പശ്ചിമഘട്ട
പാരിസ്ഥിതിക അതോറിറ്റി (WGEA)യുടെ രൂപീകരണം, അതിന്റെ സംസ്ഥാന ജില്ലാതല രൂപങ്ങൾ.
കസ്‌തൂരി
രംഗൻ കമ്മിറ്റി റിപ്പോർട്ട് (Kasturirangan Report)
പശ്ചിമഘട്ടത്തിലെ
ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള നിർദ്ദേശങ്ങളുമായി പുറത്തുവന്ന ഗാഡ്‌ഗിൽ കമ്മീഷന്റെ
നിർദേശങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് കൊടുക്കാൻ നിയമിക്കപ്പെട്ട
കമ്മിറ്റിയാണ് കസ്‌തൂരി രംഗൻ കമ്മിറ്റി. 2012ലാണ് കമ്മിറ്റിയെ നിയമിച്ചത്. കസ്‌തൂരി
രംഗൻ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തെ ജനവാസ - കൃഷി മേഖലയെന്നും ജൈവസമ്പുഷ്ട
പ്രദേശമെന്നും രണ്ടായി തിരിച്ചു. പരിസ്ഥിതി ലോലമേഖല എന്നറിയപ്പെടുന്ന ജൈവസമ്പുഷ്ട
പ്രദേശത്ത് വലിയ ഇടപെടലുകൾ പാടില്ല എന്നായിരുന്നു ഇതിലെ നിർദ്ദേശം.
കസ്‌തൂരി
രംഗൻ കമ്മീഷന്റെ നിർദ്ദേശങ്ങൾ
◆ പരിസ്ഥിതി
ലോല പ്രദേശങ്ങളിലെ ഖനനങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നിർത്തലാക്കുക.
◆ തെർമൽ
പവർ പ്ലാന്റുകൾ പശ്ചിമഘട്ടത്തിൽ അനുവദിക്കാതിരിക്കുക.
◆ ജലവൈദ്യുത
പദ്ധതികൾ പശ്ചിമഘട്ടത്തിൽ സമഗ്രപഠനത്തിനുശേഷം മാത്രം അനുവദിക്കുക.
ഉമ്മൻ.വി.ഉമ്മൻ
കമ്മിറ്റി
കസ്‌തൂരി
രംഗൻ റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മിറ്റിയാണ്
ഉമ്മൻ.വി.ഉമ്മൻ കമ്മിറ്റി. 2013ലാണ് ഉമ്മൻ.വി.ഉമ്മൻ
കമ്മിറ്റിയെ നിയമിച്ചത്. ജനസാന്ദ്രത കണക്കാക്കിയശേഷം ജനവാസ മേഖലകളെ പരിസ്ഥിതി ലോല
പ്രദേശങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ഉമ്മൻ.വി.ഉമ്മൻ കമ്മിറ്റി നിർദേശിച്ചു.
