ഇന്ത്യൻ പ്രതിരോധം
ഇന്ത്യൻ
പ്രതിരോധ സംവിധാനത്തെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു - കരസേന, നാവികസേന, വ്യോമസേന. ഭരണഘടനപ്രകാരം ഇന്ത്യൻ
പ്രതിരോധസേനയുടെ 'സുപ്രീം കമാൻഡർ' രാഷ്ട്രപതി (53 ആം വകുപ്പ്) യാണെങ്കിലും
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഭരണപരമായ ചുമതലകൾ നിർവഹിക്കുന്നത് പ്രതിരോധ
മന്ത്രാലയമാണ്. പ്രതിരോധകാര്യങ്ങളിൽ പ്രധാന തീരുമാനങ്ങളെടുക്കുന്നത് പ്രധാനമന്ത്രി
തലവനായുള്ള രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയാണ്. പ്രതിരോധ മന്ത്രിക്ക് വകുപ്പിനെ
സംബന്ധിച്ച് എല്ലാ കാര്യങ്ങളിലും പാർലമെന്റിനോട് ഉത്തരവാദിത്തമുണ്ട്. സേനകളുടെ
ഭരണപരവും പ്രവർത്തനപരവുമായ കാര്യങ്ങളിൽ യുക്തമായ നടപടികൾ കൈക്കൊള്ളുന്നത് പ്രതിരോധ
മന്ത്രാലയവും മൂന്ന് സേനാവിഭാഗങ്ങളുമാണ്. മൂന്ന് സേനകളുടെയും ആസ്ഥാനം
ന്യൂഡൽഹിയാണ്. അംഗബലത്തിൽ ലോകത്തിലെ നാലാം സൈനിക ശക്തിയാണ് ഇന്ത്യ. തീരസംരക്ഷണ സേന, ടെറിറ്റോറിയൽ ആർമി, എൻ.സി.സി തുടങ്ങിയവ പ്രതിരോധ സേനയുടെ
അവാന്തര വിഭാഗങ്ങളാണ്. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര
ആഭ്യന്തര വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക സുരക്ഷാസേനകളാണ് കേന്ദ്ര
പോലീസ് സേനകൾ. കേന്ദ്ര പോലീസ് സേനകൾക്ക് കേന്ദ്ര പോലീസ് ഓർഗനൈസേഷൻ, കേന്ദ്ര സായുധ പോലീസ് സേന
എന്നിങ്ങനെയുള്ള രണ്ട് ഘടകങ്ങളാണ് ഉള്ളത്.
പ്രതിരോധ
മന്ത്രാലയത്തിന് അഞ്ച് വകുപ്പുകളാണുള്ളത് - ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് (DOD), ഡിപ്പാർട്ട്മെന്റ് ഓഫ്
മിലിറ്ററി അഫയേഴ്‌സ് (DMA),
ഡിപ്പാർട്ട്മെന്റ്
ഓഫ് ഡിഫൻസ് പ്രൊഡക്‌ഷൻ (DDP),
ഡിപ്പാർട്ട്മെന്റ്
ഓഫ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (DRDO), ഡിപ്പാർട്ട്മെന്റ് ഓഫ് എക്‌സ്-സർവീസ്
മാൻ വെൽഫെയർ (DESW).
ഇന്ത്യൻ
പ്രതിരോധ സേനകൾ
◆ കരസേന
◆ നാവികസേന
◆ വ്യോമസേന
കേന്ദ്ര
പോലീസ് ഓർഗനൈസേഷൻ (CPO)
◆ ഇന്റലിജൻസ്
ബ്യൂറോ (IB)
◆ റിസർച്ച്
ആൻറ് അനാലിസിസ് വിങ് (RAW)
◆ സെൻട്രൽ
ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI)
◆ നാഷണൽ
ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA)
◆ നാഷണൽ
ക്രൈം റെക്കോഡ്‌സ് ബ്യൂറോ
◆ പോലീസ്
റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ബ്യൂറോ
◆ സർദാർ
വല്ലഭ് ഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി (ഹൈദരാബാദ്)
◆ നോർത്ത്
ഈസ്റ്റേൺ പോലീസ് അക്കാദമി (ഷില്ലോങ്)
◆ നാഷണൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസ്
കേന്ദ്ര
സായുധ പോലീസ് സേന (Central
Armed Police Forces, CAPF)
◆ അസം
റൈഫിൾസ് (AR)
◆ ബോർഡർ
സെക്യൂരിറ്റി ഫോഴ്‌സ് (BSF)
◆ സെൻട്രൽ
റിസർവ് പോലീസ് ഫോഴ്‌സ് (CRPF)
◆ സെൻട്രൽ
ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF)
◆ ഇന്തോ
- ടിബറ്റൻ ബോർഡർ പോലീസ് (ITBP)
◆ നാഷണൽ
സെക്യൂരിറ്റി ഗാർഡ് (NSG)
◆ സശസ്‌ത്ര
സീമാബെൽ (SSB)
ഇന്ത്യയിലെ
മറ്റ് അർദ്ധസൈനിക വിഭാഗങ്ങൾ
◆ സ്പെഷ്യൽ
ഫ്രോണ്ടിയർ ഫോഴ്‌സ് (SFF)
◆ കോബ്ര
(COBRA)
◆ റാപ്പിഡ്
ആക്ഷൻ ഫോഴ്‌സ് (RAF)
◆ സ്പെഷ്യൽ
പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (SPG)
◆ തീരസംരക്ഷണ
സേന (Coast
Guard)
◆ ടെറിറ്റോറിയൽ
ആർമി (TA)
◆ നാഷണൽ
കേഡറ്റ് കോർപ്സ് (NCC)
◆ റെയിൽവേ
പ്രൊട്ടക്‌ഷൻ ഫോഴ്‌സ് (RPF)
◆ മറൈൻ
കമാൻഡോസ് (MARCOS)
◆ ഘാതക്
ഫോഴ്‌സ്
◆ പാരാ
കമാൻഡോകൾ
◆ ഗരുഡ്
കമാൻഡോ ഫോഴ്‌സ് (GCF)
സംസ്ഥാന
സേനകൾ
◆ തണ്ടർബോൾട്ട്
(കേരളം)
◆ ഫോഴ്‌സ്
വൺ (മുംബൈ)
◆ SWATT (പഞ്ചാബ്, ഡൽഹി, ജമ്മു കാശ്മീർ)
◆ ഗ്രേഹൗണ്ട്സ്
(ആന്ധ്രാപ്രദേശ്)
ചീഫ്
ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS)
കര, നാവിക, വ്യോമസേനകളെ ഏകോപിപ്പിക്കാൻ രൂപീകരിച്ച
പദവിയാണ് ചീഫ് ഓഫ് ഡിഫൻസ് (CDS).
1999ലെ
കെ.സുബ്രഹ്മണ്യം തലവനായ കാർഗിൽ റിവ്യു കമ്മിറ്റിയാണ് സി.ഡി.എസ് എന്ന പദവി
രൂപീകരിക്കാൻ ശിപാർശ ചെയ്‌തത്. ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി (COSC) യിലെ തലവനെയാണ് ചീഫ് ഓഫ്
ഡിഫൻസായി നിയമിക്കുന്നത്. ചീഫ് ഓഫ് ആർമി സ്റ്റാഫ്, ചീഫ് ഓഫ് നേവൽ സ്റ്റാഫ്, ചീഫ് ഓഫ് എയർ സ്റ്റാഫ്, ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ്
സ്റ്റാഫ് എന്നിവ ഉൾപ്പെടുന്ന കമ്മിറ്റിയാണ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി (COSC). ചീഫ് ഓഫ് സ്റ്റാഫ്
കമ്മിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ COSCന്റെ
ചെയർമാനായി നിയമിക്കുന്നു. മൂന്ന് വർഷമോ 62 വയസ്സോ ഏതാണോ ആദ്യം അതാണ് CDSന്റെ ഔദ്യോഗിക കാലാവധി. 2020 ജനുവരി 1ന് ജനറൽ ബിപിൻ റാവത്ത് ആദ്യത്തെ
സി.ഡി.എസ് ചെയർമാനായി നിയമിതനായി. സർവീസിലിരിക്കെ 2021 ഡിസംബർ 8ന് ഉണ്ടായ കുനൂർ ഹെലികോപ്ടർ അപകടത്തിൽ
അദ്ദേഹം മരണപ്പെട്ടു. ജനറൽ അനിൽ ചൗഹാനാണ് നിലവിലെ CDS ചെയർമാൻ.
കന്റോൺമെന്റ്
ബോർഡ്
സൈനികത്താവളങ്ങളാണ്
കന്റോൺമെന്റുകൾ. 1765ൽ, റോബർട്ട് ക്ലൈവാണ് ഇന്ത്യയിൽ ആദ്യമായി
കന്റോൺമെന്റ് സ്ഥാപിച്ചത്. സൈനികരെ സ്ഥിരമായി ഒരിടത്ത് പാർപ്പിച്ച്, അവർക്ക് അച്ചടക്കവും
സൈനികജീവിതാന്തരീക്ഷവും പ്രദാനം ചെയ്യുകയായിരുന്നു കന്റോൺമെന്റുകളുടെ ലക്ഷ്യം.
നിലവിൽ രാജ്യത്ത് 62 കന്റോൺമെന്റ് ബോർഡുകളുണ്ട്.
പഞ്ചാബിലെ ബട്ടിൻഡയാണ് രാജ്യത്തിലെ ഏറ്റവും വലിയ കന്റോൺമെന്റ്. കേരളത്തിലെ
കന്റോൺമെന്റ് ബോർഡ് കണ്ണൂരിലാണ്.
കരസേന
പതിനൊന്നു
ലക്ഷത്തിലേറെ സ്ഥിര അംഗങ്ങളും പത്തുലക്ഷത്തോളം റിസർവ് അംഗങ്ങളും അടങ്ങുന്നതാണ്
ഇന്ത്യയുടെ കരസേന. മേജർ സ്ട്രിങ്ങർ ലോറൻസാണ് 'ഇന്ത്യൻ ആർമിയുടെ പിതാവ്' എന്നറിയപ്പെടുന്നത്. 1748 ലാണ് അദ്ദേഹം ഇംഗ്ലീഷ് ഈസ്റ്റ്
ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള സേനകളുടെ കമാൻഡർ ഇൻ ചീഫായി ചുമതലയേറ്റത്. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം
ലഭിക്കുമ്പോഴത്തെ കരസേനാ മേധാവി ജനറൽ സർ.റോബർട്ട് ലോക്ക് ഹാർട്ടായിരുന്നു.
ഇന്ത്യൻ
ആർമി കമാൻഡുകളും ആസ്ഥാനങ്ങളും
■ സെൻട്രൽ കമാൻഡ് (ലക്നൗ)
■ ഈസ്റ്റേൺ കമാൻഡ് (കൊൽക്കത്ത)
■ നോർത്തേൺ കമാൻഡ് (ഉദംപൂർ)
■ വെസ്റ്റേൺ കമാൻഡ് (ചാന്ദിമന്ദിർ)
■ സതേൺ കമാൻഡ് (പൂനെ)
■ സൗത്ത് വെസ്റ്റേൺ കമാൻഡ് (ജയ്‌പൂർ)
■ ആർമി ട്രെയിനിങ് കമാൻഡ് (സിംല)
ഇന്ത്യൻ
ആർമി റാങ്കുകൾ
■ ജനറൽ
■ ലെഫ്റ്റനന്റ് ജനറൽ
■ മേജർ ജനറൽ
■ ബ്രിഗേഡിയർ
■ കേണൽ
■ ലെഫ്റ്റനന്റ് കേണൽ
■ മേജർ
■ ക്യാപ്റ്റൻ
■ ലെഫ്റ്റനന്റ്
നാവികസേന
(INDIAN
NAVY)
ലോകത്തിലെ
ഏറ്റവും വലിയ നാലാമത്തെ നാവികസേനയാണ് ഇന്ത്യയുടേത്. സ്വാതന്ത്ര്യത്തിന് മുൻപ്
നാവികസേന ബോംബെ മറൈൻ,
ഇന്ത്യൻ നേവി, ഇന്ത്യൻ മറൈൻ എന്നീ പേരുകളിൽ
അറിയപ്പെട്ടിരുന്നു. 1934ൽ റോയൽ ഇന്ത്യൻ നേവി
സ്ഥാപിതമായി. നേവിയിൽ കമ്മിഷൻഡ് റാങ്ക് ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരൻ
ഡി.എൻ.മുഖർജിയാണ് (1928).
1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കായതോടെ 'ഇന്ത്യൻ നേവി' എന്ന പേരായി.
ഇന്ത്യൻ
നാവികസേന കമാൻഡുകൾ (ആസ്ഥാനം ബ്രാക്കറ്റിൽ)
■ ഈസ്റ്റേൺ നേവൽ കമാൻഡ് (വിശാഖപട്ടണം)
■ വെസ്റ്റേൺ നേവൽ കമാൻഡ് (മുംബൈ)
■ സതേൺ നേവൽ കമാൻഡ് (കൊച്ചി)
ഇന്ത്യൻ
നാവികസേന റാങ്കുകൾ
■ അഡ്‌മിറൽ
■ വൈസ് - അഡ്‌മിറൽ
■ റിയർ അഡ്‌മിറൽ
■ കമ്മഡോർ
■ ക്യാപ്റ്റൻ
■ കമാൻഡർ
■ ലഫ്റ്റനന്റ് കമാൻഡർ
■ ലഫ്റ്റനന്റ്
■ സബ് ലഫ്റ്റനന്റ്
വ്യോമസേന
(INDIAN
AIR FORCE)
1932 ഒക്ടോബർ 8-ന് സ്ഥാപിതമായ റോയൽ ഇന്ത്യൻ
എയർഫോഴ്സാണ് 1950 ജനുവരി 26 മുതൽ ഇന്ത്യൻ എയർ ഫോഴ്സ്
എന്നറിയപ്പെട്ടുതുടങ്ങിയത്. ചീഫ് ഓഫ് എയർ സ്റ്റാഫാണ് മേധാവി. വ്യോമസേനയ്ക്ക് ഏഴു
കമാൻഡുകളുണ്ട്. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് സമാനമായിയുള്ള വ്യോമസേനയിലെ
പദവിയാണ് മാർഷൽ ഓഫ് ദ എയർഫോഴ്സ്. ഈ ബഹുമതി ലഭിച്ച ഏക വ്യക്തിയാണ് എയർ ചീഫ് മാർഷൽ
അർജൻസിംഗ് (2002-ൽ). ന്യൂഡൽഹിയിലെ പാലം എയർഫോഴ്‌സ്
സ്റ്റേഷനിലാണ് എയർഫോഴ്‌സ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ
നാലാമത്തെ വ്യോമസേനയാണ് ഇന്ത്യയുടെത്. 1.2
ലക്ഷത്തോളമാണ് ഇപ്പോഴത്തെ അംഗബലം. വ്യോമസേനയുടെ ഭാഗമായ പ്രത്യേക കമാൻഡോ വിഭാഗമാണ് 'ഗരുഡ്'. 2003ലാണ് ഇത് രൂപവത്കരിച്ചത്.
ഇന്ത്യൻ
എയർഫോഴ്സ് കമാൻഡുകൾ (ആസ്ഥാനം ബ്രാക്കറ്റിൽ)
■ സെൻട്രൽ എയർകമാൻഡ് (അലഹബാദ്)
■ ഈസ്റ്റേൺ എയർകമാൻഡ് (ഷില്ലോങ്)
■ വെസ്റ്റേൺ എയർകമാൻഡ് (ന്യൂ ഡൽഹി)
■ സതേൺ എയർകമാൻഡ് (ട്രിവാൻഡ്രം)
■ സൗത്ത് വെസ്റ്റേൺ എയർകമാൻഡ്
(ഗാന്ധിനഗർ)
■ മെയിൻറൻസ് കമാൻഡ് (നാഗ്പുർ)
■ ട്രെയിനിങ് കമാൻഡ് (ബാംഗ്ലൂർ)
ഇന്ത്യൻ
എയർഫോഴ്‌സ് റാങ്കുകൾ
■ എയർ ചീഫ് മാർഷൽ
■ എയർമാർഷൽ
■ എയർ വൈസ് മാർഷൽ
■ എയർ കമ്മഡോർ
■ ഗ്രൂപ്പ് ക്യാപ്റ്റൻ
■ വിങ് കമാൻഡർ
■ സ്ക്വാഡ്രൺ ലീഡർ
■ ഫ്ലൈറ്റ് ലെഫ്റ്റനന്റ്
■ ഫ്ലയിങ് ഓഫീസർ
കേന്ദ്ര പോലീസ് ഓർഗനൈസേഷൻ (CPO)
ഇന്റലിജൻസ്
ബ്യൂറോ (IB)
ഇന്ത്യയുടെ
ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇന്‍റലിജന്‍സ് ബ്യൂറോ. 1887ലാണ് ഇന്‍റലിജന്‍സ് ബ്യൂറോ
രൂപീകൃതമായത്. കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലാണ് ഇന്‍റലിജന്‍സ് ബ്യൂറോയുടെ
പ്രവര്‍ത്തനം. സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച് എന്നായിരുന്നു ആദ്യത്തെ പേര്. 1920ൽ പേര് ഇന്റലിജൻസ് ബ്യൂറോ എന്നാക്കി.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഏജൻസി പ്രവർത്തിക്കുന്നത്. രാജ്യസുരക്ഷയുമായി
ബന്ധപ്പെട്ടുള്ള രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതാണ് ഐ.ബിയുടെ ദൗത്യം.
റോ
(റിസർച്ച് ആൻറ് അനാലിസിസ് വിങ് (RAW))
ഇന്ത്യയുടെ
വിദേശരഹസ്യാന്വേഷണ ഏജൻസിയാണ് റോ (RAW). റിസർച്ച്
ആൻഡ് അനാലിസിസ് വിങ് എന്നതാണ് റോയുടെ മുഴുവന്‍ രൂപം. 1968 സെപ്റ്റംബർ 21 നാണ് റോ സ്ഥാപിതമായത്. 1962ലെ ഇന്തോ - ചൈന യുദ്ധത്തിലെ
തിരിച്ചടിയാണ് പ്രത്യേക അന്താരാഷ്ട്ര രഹസ്യ പോലീസ് എന്ന ആശയത്തിന് അടിത്തറയിട്ടത്.
അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ.യുടെ മാതൃകയിലാണ് റോ രൂപം നല്‍കിയിരിക്കുന്നത്.
ആര്‍.എന്‍.കാവു ആണ് റോയുടെ സ്ഥാപക ഡയറക്ടര്‍. പ്രധാനമന്ത്രിയുടെ
നിയന്ത്രണത്തിലാണ് റോ പ്രവര്‍ത്തിക്കുന്നത്. സായുധസേനകൾ, സംസ്ഥാന പോലീസുകൾ തുടങ്ങിയവയില്‍
നിന്നുള്ളവര്‍ ഡെപ്യൂട്ടേഷനില്‍ എത്തി മാത്രം പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ
ഏജന്‍സിയാണ് റോ.
സെൻട്രൽ
ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI)
ഇന്ത്യയിലെ
ഏറ്റവും പ്രധാന അന്വേഷണ ഏജൻസിയാണ് സി.ബി.ഐ. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സ്
എന്നതാണ് സി.ബി.ഐ.യുടെ മുഴുവന്‍ രൂപം. സി.ബി.ഐ.യുടെ മുന്‍ഗാമിയായി അറിയപ്പെടുന്ന
സംഘടനയാണ് സ്പെഷ്യല്‍ പോലീസ് എസ്‌റ്റാബ്ലിഷ്മെന്‍റ്. 1941ലാണ് സ്പെഷ്യല്‍ പോലീസ് എസ്‌റ്റാബ്ലിഷ്മെന്‍റ്
നിലവില്‍ വന്നത്. സി.ബി.ഐ.സ്ഥാപിതമായത് 1963 ഏപ്രില്‍ 1നാണ് . കേന്ദ്രജീവനക്കാരുടെ അഴിമതി
കേസുകളാണ് തുടക്കത്തില്‍ സി.ബി.ഐ കൈകാര്യം ചെയ്തിരുന്നത്. സി.ബി.ഐ.യുടെ സ്ഥാപക
ഡയറകര്‍ ഡി.പി.കോഹ്‌ലി ആയിരുന്നു. ഏറ്റവും കൂടുതല്‍ കാലം സി.ബി.ഐ ഡയറക്ടര്‍ ആയി
സേവനമനുഷ്ഠിച്ചത് ഡി.സെന്നാണ്. ഇന്ത്യയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഭീകരാക്രമണം തുടങ്ങിയവ സി.ബി.ഐ
അന്വേഷിച്ചു തുടങ്ങിയത് 1965 മുതലാണ്. സി.ബി ഐ.യുടെ
ആസ്ഥാനം ന്യൂഡല്‍ഹിയാണ്. അഴിമതി അന്വേഷണ വിഭാഗം, സാമ്പത്തിക കുറ്റകൃത്യ വിഭാഗം, പ്രത്യേക കുറ്റാന്വേഷണ വിഭാഗം
എന്നിവയാണ് സി.ബി.ഐ.യിലെ മൂന്ന് അന്വേഷണ വിഭാഗങ്ങൾ. കേരളത്തില്‍ സി.ബി.ഐ. ഓഫീസ്
കൊച്ചിയിലാണ്. ഇന്‍റര്‍പോളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അന്വേഷണ ഏജന്‍സി
സി.ബി.ഐ ആണ്. കേന്ദ്രസര്‍ക്കാരിന്റെ പെഴ്‌സണല്‍ പെന്‍ഷന്‍ ആന്‍ഡ് പബ്ലിക്
ഗ്രീവന്‍സസ് വകുപ്പിന് കിഴിലാണ് സി.ബി.ഐ പ്രവര്‍ത്തിക്കുന്നത്. സി.ബി.ഐ.യുടെ
പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് പ്രധാന മന്ത്രിയുടെ ഓഫീസാണ്.
നാഷണൽ
ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA)
തീവ്രവാദ
പ്രവർത്തനങ്ങൾ നേരിടാൻ കേന്ദ്ര സർക്കാർ രൂപം നൽകിയ പ്രത്യേക ഏജൻസിയാണിത്. 2008 ഡിസംബർ 16ന് ഇതുമായി ബന്ധപ്പെട്ട ബിൽ പാർലമെൻറിൽ
അവതരിപ്പിച്ചു. 2009 ജനുവരി ഒന്നിന് ഡൽഹി
ആസ്ഥാനമായി പ്രവർത്തനം തുടങ്ങി. മലയാളിയായ രാധാ വിനോദ് രാജുവായിരുന്നു ഏജൻസിയുടെ
ആദ്യത്തെ ഡയറക്ടർ ജനറൽ. തീവ്രവാദത്തിനു പുറമേ കള്ളനോട്ടിടപാട്, കുഴൽപ്പണം, മയക്കുമരുന്ന്, കള്ളക്കടത്ത് തുടങ്ങിയ കുറ്റങ്ങളും
ഏജൻസിയുടെ അന്വേഷണ പദ്ധതിയിൽപ്പെടും. സംസ്ഥാനസർക്കാരുകളുടെ അനുമതി ഇല്ലാതെ തന്നെ
അന്വേഷണങ്ങളിൽ ഏർപ്പെടാനും കഴിയും.
അർധസൈനിക
വിഭാഗങ്ങൾ (Paramilitary
Forces)
ഇന്ത്യൻ
പ്രതിരോധ സേനയിലുള്ളതുപോലെ ആയുധമേന്തിയ സൈനികർ തന്നെയാണ് അർധസൈനിക വിഭാഗങ്ങളിലും
ഉള്ളത്. അതിർത്തിസംരക്ഷണം,
സമാധാനപാലനം, രാജ്യത്തിനകത്തും പുറത്തുമുള്ള സുരക്ഷ, യുദ്ധസമയത്ത് സൈന്യത്തെ സഹായിക്കൽ
തുടങ്ങിയ ചുമതലകൾക്കായി വിവിധ കാലഘട്ടങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു
കീഴിൽ രൂപീകരിക്കപ്പെട്ട സായുധ സേനാവിഭാഗങ്ങളാണ് അർധസൈനിക വിഭാഗങ്ങൾ. മുൻപ്
അർധസൈനിക വിഭാഗമെന്ന് അറിയപ്പെട്ടിരുന്ന സേനാവിഭാഗങ്ങൾ ഇപ്പോൾ ആഭ്യന്തര വകുപ്പിനു
കീഴിൽ കേന്ദ്ര സായുധ പോലീസ് സേന (CAPF) എന്നാണ്
അറിയപ്പെടുന്നത്.
അസം
റൈഫിൾസ് (Assam
Rifles)
ഇന്ത്യയിലെ
ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗമാണ് അസം റൈഫിൾസ്. 1835ൽ ബ്രിട്ടീഷ് ഗവൺമെന്റിനു കീഴിൽ
രൂപംകൊണ്ട 'കച്ചാർ ലെവി' എന്ന സൈനിക വിഭാഗം 1917ൽ അസം റൈഫിൾസ് എന്ന പേര്
സ്വീകരിക്കുകയായിരുന്നു. 'ഫ്രണ്ട്സ് ഓഫ് ദ് ഹിൽ പീപ്പിൾ' എന്നതാണ് അസം റൈഫിൾസിന്റെ ആപ്തവാക്യം.
വിവിധ കാലയളവുകളിൽ അസം ഫ്രോണ്ടിയർ പോലീസ് (1883), അസം മിലിട്ടറി പോലീസ് (1891), ഈസ്റ്റേൺ ബംഗാൾ ആൻഡ് അസം
മിലിട്ടറി പോലീസ് (1913)
തുടങ്ങി വിവിധ
പേരുകൾ സ്വീകരിക്കുകയുണ്ടായി. ഒടുവിൽ 1917ൽ
അസം റൈഫിൾസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. വടക്കുകിഴക്കിന്റെ കാവൽക്കാർ എന്ന്
അറിയപ്പെടുന്ന അസം റൈഫിൾസിന്റെ ആസ്ഥാനം ഷില്ലോങ് ആണ്. അന്താരാഷ്ട്ര അതിർത്തികൾ
സംരക്ഷിക്കുക,
വടക്ക് കിഴക്കൻ
സംസ്ഥാനങ്ങളിലെ കലാപകാരികളെ പ്രതിരോധിക്കുക, ഇന്ത്യ-മ്യാൻമാർ അതിർത്തി സംരക്ഷിക്കുക
തുടങ്ങിയവയാണ് ഈ സേനയുടെ പ്രധാന ദൗത്യം. ഒന്നാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിലും
രണ്ടാം ലോകമഹായുദ്ധകാലത്ത് ബർമയിലും സേവനമനുഷ്ഠിച്ചു. 2002 മുതൽ 'വൺ ബോർഡർ വൺ ഫോഴ്‌സ്' എന്ന കേന്ദ്രസർക്കാർ നയത്തിന്റെ
ഭാഗമായി.
ബോർഡർ
സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്)
ബോർഡർ
സെക്യൂരിറ്റി ഫോഴ്‌സ് അഥവാ അതിർത്തി സംരക്ഷണ സേന എന്നറിയപ്പെടുന്നു. രാജ്യത്തിന്റെ
അതിർത്തികൾ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുക, അതിർത്തി വഴിയുള്ള നിയമവിരുദ്ധ
പ്രവർത്തനങ്ങൾ തടയുക,
അയൽ രാജ്യങ്ങളിൽ
നിന്നുള്ള അനധികൃത കുടിയേറ്റങ്ങൾ തടയുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് 1965 ഡിസംബർ ഒന്നിന് രൂപീകരിച്ച വിഭാഗമാണ്
ബി.എസ്.എഫ്. 'ഡ്യൂട്ടി അപ്ടു ഡെത്ത്' എന്നതാണ് അവരുടെ ആപ്തവാക്യം. അതിർത്തി
കടന്നുള്ള നുഴഞ്ഞു കയറ്റക്കാരെ നിയന്ത്രിച്ച് സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി
സംരക്ഷിക്കുക എന്നതാണ് ബി.എസ്.എഫിന്റെ പ്രധാന ചുമതല. 1965ലെ ഇന്ത്യ-പാക് യുദ്ധത്തെത്തുടർന്ന്, ശക്തമായ ഒരു അതിർത്തി സംരക്ഷണ സേനയുടെ
ആവശ്യകത മനസ്സിലാക്കിയാണ് കേന്ദ്ര സർക്കാർ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന് രൂപം
നൽകിയത്. 1947 മുതൽ 1965 വരെ ഇന്ത്യൻ അതിർത്തികളുടെ
സംരക്ഷണച്ചുമതല അതത് സംസ്ഥാനങ്ങളിലെ പോലീസിനായിരുന്നു. 1971ലെ ഇന്ത്യ-പാക് യുദ്ധം, ഓപ്പറേഷൻ ബ്ലൂസ്റ്റാർ, ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ, കാർഗിൽ യുദ്ധം തുടങ്ങിയ സൈനിക
നടപടികളുടെ ഭാഗമായിരുന്നു ബി.എസ്.എഫ്. സ്വന്തമായി ഹെലികോപ്റ്ററുകളും വിമാനങ്ങളും
ബി.എസ്.എഫിനു കീഴിലുണ്ട്. വാഗാ അതിർത്തിയിലെ 'ബീറ്റിങ് റിട്രീറ്റ്' ആചാരം ദിവസവും നടത്തുന്നതും ബി.എസ്.എഫ്
തന്നെ. വനിതകൾ ഉൾപ്പെടെ രണ്ടര ലക്ഷത്തോളം ഉദ്യോഗസ്ഥരുള്ള ലോകത്തിലെ തന്നെ ഏറ്റവും
വലിയ അതിർത്തി സംരക്ഷണ സേനയാണ് ബി.എസ്.എഫ്.
സെൻട്രൽ
ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്)
ചരിത്ര
സ്മാരകങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, തന്ത്രപ്രധാന സ്ഥാപനങ്ങൾ, ആണവനിലയങ്ങൾ എന്നിവയുടെ സംരക്ഷണ
ചുമതലയുള്ള സേനാ വിഭാഗമാണ് കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്).
ഇന്ത്യയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെയും
സുരക്ഷയ്ക്കായി ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പ്രത്യേക നിയമത്തിലൂടെ 1969ൽ രൂപീകരിച്ച സായുധസേനാ വിഭാഗമാണ്
സി.ഐ.എസ്.എഫ്. സംരക്ഷണവും സുരക്ഷയും എന്നതാണ് സി.ഐ.എസ്.എഫിന്റെ ആപ്തവാക്യം.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സി.ഐ.എസ്.എഫിൽ ഇന്ന് ഒന്നരലക്ഷത്തിലധികം
അംഗങ്ങളുണ്ട്. ഇന്ത്യയിലെ അറുപതോളം വിമാനത്താവളങ്ങളും സ്വകാര്യ മേഖലയിലെ
പതിനൊന്നോളം സ്ഥാപനങ്ങളുമടക്കം മുന്നൂറോളം യൂണിറ്റുകൾക്ക് സി.ഐ.എസ്.എഫ് സേനാംഗങ്ങൾ
സുരക്ഷ നൽകുന്നു. പ്രതിരോധ സ്ഥാപനങ്ങൾ, വൈദ്യുതി നിലയങ്ങൾ, തുറമുഖങ്ങൾ, ആർ.ബി.ഐ, ഡൽഹി മെട്രോ, അറ്റോമിക പവർ സ്റ്റേഷനുകൾ, സ്റ്റീൽ പ്ലാന്റുകൾ എന്നിവയൊക്കെ ഇതിൽ
ഉൾപ്പെടും. സ്പെഷൽ സെക്യൂരിറ്റി ഗ്രൂപ്പ്, ഫയർ വിങ് എന്നിവ സി.ഐ.എസ്.എഫ്
രൂപീകരിച്ച വിഭാഗങ്ങളാണ്. സമുദ്ര - വ്യോമ - കര മേഖലകളിലെ പ്രധാനപ്പെട്ട
സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരേയൊരു സായുധസേനാ വിഭാഗമാണ്
സി.ഐ.എസ്.എഫ്. സംസ്ഥാന പോലീസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പ്രത്യേക
ബറ്റാലിയനുകൾ സി.ഐ.എസ്.എഫിനുണ്ട്.
സെൻട്രൽ
റിസർവ് പോലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്)
ഇന്ത്യയിലെ
ഏറ്റവും വലിയ അർദ്ധ സൈനിക വിഭാഗമാണ് സി.ആർ.പി.എഫ്. ബ്രിട്ടീഷ് ഗവൺമെന്റിന് കീഴിൽ
ക്രൗൺ റെപ്രസന്റേറ്റീവ്സ് പോലീസ് എന്ന പേരിൽ 1939 ജൂലൈ 27ന് രൂപീകൃതമായി. ബ്രിട്ടീഷ്
വസതികൾക്കും അവിടത്തെ താമസക്കാർക്കും സംരക്ഷണം നൽകുകയെന്നതായിരുന്നു ഈ സേനയുടെ പ്രധാന
ജോലി. പിന്നീട് സ്വാതന്ത്ര്യത്തിനു ശേഷം പ്രത്യേക നിയമഭേദഗതിയിലൂടെ ഇവർ
സി.ആർ.പി.എഫ് ആയി മാറി. രണ്ട് ബറ്റാലിയനുകളിലായി മധ്യപ്രദേശിൽ പ്രവർത്തനം ആരംഭിച്ച
സി.ആർ.പി.എഫിൽ ഇന്ന് മൂന്നുലക്ഷത്തിലധികം അംഗങ്ങളുണ്ട്. കലാപം
അടിച്ചമർത്തുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും തിരഞ്ഞെടുപ്പു ജോലികൾക്കും
യു.എൻ ദൗത്യങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുമൊക്കെ കേന്ദ്ര സംസ്ഥാന
പോലീസ് സേനകളെ സഹായിക്കുന്നതാണ് സി.ആർ.പി.എഫിന്റെ പ്രധാന ചുമതല. 2001ൽ ഇന്ത്യൻ പാർലമെന്റ് മന്ദിരം
ആക്രമിച്ച തീവ്രവാദികളെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്.
കോബ്ര, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ഗ്രീൻ ഫോഴ്‌സ് എന്നിവ സി.ആർ.പി.എഫിന്റെ
ഭാഗമാണ്.
ഇൻഡോ
ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി)
1962 ഒക്ടോബർ 24നാണ് അതിർത്തി സംരക്ഷണസേനയായ ഇൻഡോ
ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി) സ്ഥാപിതമായത്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ തുടർന്ന്
ചൈനയുടെ അതിർത്തി പങ്കിടുന്ന ടിബറ്റൻ മേഖലകളിലെ സംരക്ഷണത്തിന് ശക്തമായൊരു അർധസൈനിക
വിഭാഗം വേണമെന്ന് മനസിലാക്കിയ കേന്ദ്ര ഗവൺമെന്റ് ഐ.ടി.ബി.പിയ്ക്ക് രൂപംനൽകി. 1992ൽ പാർലമെന്റ് ഐ.ടി.ബി.പി നിയമം
പ്രത്യേകം നടപ്പിലാക്കി. 'ശൗര്യവും ദൃഢതയും കൃത്യമായ
കർമവും' എന്നതാണ് ഐ.ടി.ബി.പിയുടെ
ആപ്തവാക്യം. മഞ്ഞുമൂടിക്കിടക്കുന്ന ലഡാക്കിലെ കാരക്കോറം ചുരം മുതൽ അരുണാചൽ
പ്രദേശിലെ ജലപ് ലാ വരെയുള്ള ഇന്ത്യ ചൈന
അതിർത്തിയിലെ ഹിമാലയൻ പർവതപ്രദേശം ഇവർ സംരക്ഷിക്കുന്നു. വടക്കൻ അതിർത്തികളിൽ
ജാഗ്രത പുലർത്തുക,
പ്രാദേശിക ജനവിഭാഗങ്ങളുടെ
സുരക്ഷ ഉറപ്പുവരുത്തുക,
അതിർത്തിലംഘനം
തടയുക നിയമവിരുദ്ധ കുടിയേറ്റങ്ങൾ തടയുക തുടങ്ങിയവയാണ് ഐ.ടി.ബി.പിയുടെ പ്രധാന
ചുമതല. 2002 മുതൽ കാബൂളിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ
എന്നിവിടങ്ങളിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതും ഐ.ടി.ബി.പി ഉദ്യോഗസ്ഥരാണ്.
ദേശീയ ദുരന്ത നിവാരണത്തിന് ഐ.ടി.ബി.പിയുടെ രണ്ട് ബറ്റാലിയനെ നിയമിച്ചിട്ടുണ്ട്.
നാഷണൽ
സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി)
ഇന്ത്യാ
മഹാരാജ്യത്തെ എല്ലാത്തരം തീവ്രവാദ പ്രവർത്തനങ്ങളിൽനിന്നും രക്ഷിക്കുക എന്ന
ലക്ഷ്യത്തോടെ രൂപംകൊണ്ട സ്‌പെഷൽ സേനയാണ് ദേശീയ സുരക്ഷാ ഗാർഡ്. തീവ്രവാദി
ആക്രമണങ്ങൾ, വിമാന റാഞ്ചൽ എന്നിവയടക്കം
സംസ്ഥാന പോലീസിനോ മറ്റ് അർദ്ധസൈനിക വിഭാഗങ്ങൾക്കോ കൈകാര്യം ചെയ്യാൻ പറ്റാത്ത
ദൗത്യങ്ങളിലാണ് ഈ പ്രത്യേക സേനയെ രംഗത്തിറക്കുന്നത്. 1984ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖ്
തീവ്രവാദികളാൽ വധിക്കപ്പെട്ടതിനെ തുടർന്നാണ് പ്രത്യേക കമാൻഡോ വിഭാഗമായ
എൻ.എസ്.ജിയ്ക്ക് രൂപംനൽകിയത്. 1988ൽ സുവർണക്ഷേത്രത്തിന് നേരെ
നടന്ന ആക്രമണത്തെ നേരിട്ടതും 1993ൽ ഇന്ത്യൻ എയർലൈൻസിന്റെ ബോയിങ്
737 വിമാനം തീവ്രവാദികൾ
റാഞ്ചിയപ്പോൾ ബന്ദികളെ രക്ഷിച്ചതും 2008ലെ
മുംബൈ ഭീകരാക്രമണത്തെ ചെറുത്തതും എൻ.എസ്.ജി കമാൻഡോകളാണ്. എൻ.എസ്.ജിയ്ക്ക് കറുത്ത
നിറമുള്ള യൂണിഫോമായതിനാൽ കരിമ്പൂച്ചകളെന്നും വിളിക്കുന്നു. സ്പെഷൽ ആക്ഷൻ ഗ്രൂപ്പ്
(SAG), സ്പെഷൽ റേഞ്ചർ ഗ്രൂപ്പ് (SRG) എന്നിവ എൻ.എസ്.ജിയുടെ രണ്ട്
വിഭാഗങ്ങളാണ്.
സശസ്ത്ര
സീമ ബാൽ (എസ്.എസ്.ബി)
1962ൽ ഇന്ത്യയും ചൈനയും തമ്മിൽ
നടന്ന യുദ്ധത്തെ തുടർന്നാണ് സശസ്ത്ര സീമ ബാൽ എന്ന സേനയ്ക്ക് രൂപംനൽകിയത്. സേവനം, സുരക്ഷ, സാഹോദര്യം എന്നിവ ആദർശമായി സ്വീകരിച്ച
സേന 'സ്പെഷൽ സർവീസ് ബ്യൂറോ' എന്ന് ആദ്യം അറിയപ്പെട്ടു. തുടക്കത്തിൽ
അതിർത്തി ഗ്രാമങ്ങളിലെ ഗ്രാമീണർക്ക് ചെറിയ ആയുധങ്ങളിലുള്ള പരിശീലനം നൽകിക്കൊണ്ട്
എസ്.എസ്.ബി സേനയിൽ ചേർക്കുകയും അതിർത്തികളിൽ നിയമിക്കുകയും ചെയ്തു. ഇതോടെ ചൈനീസ്
ചാരന്മാരുടെ ശല്യം കുറഞ്ഞു. 1963ൽ ഇത് പൂർണമായി സജ്‌ജമായ ഒരു
സേനയായി. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയ്ക്ക് സായുധ സഹായം നൽകുക
എന്നതായിരുന്നു പ്രധാന ദൗത്യം. 2001
ജനുവരിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി സേന സശസ്ത്ര സീമ
ബാൽ എന്ന് അറിയപ്പെടാൻ തുടങ്ങി. കലാപകാരികളെ തുരത്തുന്നതിനും നക്‌സലുകളെ
ചെറുക്കുന്നതിനും എസ്.എസ്.ബിയാണ് മുന്നിൽ നിന്ന് പ്രവർത്തിക്കുന്നത്. ഇന്ന് ഏകദേശം
80000 ഗ്രാമങ്ങളിലും നേപ്പാൾ -
ഭൂട്ടാൻ ഉൾപ്പെടുന്ന രാജ്യാന്തര അതിർത്തി പ്രദേശങ്ങൾക്കും എസ്.എസ്.ബി സംരക്ഷണം
നൽകുന്നു. ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ബോർഡർ ഗാർഡിങ് ഫോഴ്‌സായും ലീഡ് ഇന്റലിജൻസ്
ഏജൻസിയായും എസ്.എസ്.ബി പ്രവർത്തിക്കുന്നു.
നാഷണൽ
കേഡറ്റ് കോർപ്സ് (എൻ.സി.സി)
1917ലെ ഇന്ത്യൻ ഡിഫൻസ് ആക്ട്
പ്രകാരം സ്ഥാപിതമായ യൂണിവേഴ്‌സിറ്റി കോറിന്റെ പിൻഗാമിയായിട്ടാണ് എൻ.സി.സി. നിലവിൽ
വന്നത്. യൂണിവേഴ്‌സിറ്റി കോർ,
1920ൽ യൂണിവേഴ്‌സിറ്റി
ട്രെയിനിങ് കോർ (UTC)
എന്നും 1942ൽ യൂണിവേഴ്‌സിറ്റി ഓഫിസേഴ്‌സ്
ട്രെയിനിങ് കോർ എന്നും പുനർനാമകരണം ചെയ്യപ്പെട്ടു. 1948ലെ എൻ.സി.സി ആക്ട് പ്രകാരം പുതിയ പരിഷ്‌ക്കാരങ്ങൾ
വരുത്തി എൻ.സി.സി എന്ന പേരിൽ രാജ്യത്ത് യൂണിവേഴ്‌സിറ്റി കോറിനെ നിലനിർത്തി. 1948 ജൂലൈ 15നാണ് എൻ.സി.സി നിലവിൽ വന്നത്. ഒരു
ഇന്ത്യൻ അർദ്ധസൈനിക വിഭാഗമായി പരിഗണിക്കപ്പെടുന്ന എൻ.സി.സി 1946-ൽ നിയമിക്കപ്പെട്ട എച്ച്.എൻ.ഖുൻസ്രു
കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് സ്ഥാപിക്കപ്പെട്ടത്. ഇന്ത്യൻ പ്രതിരോധ
മന്ത്രാലയത്തിന് കീഴിലാണ് എൻ.സി.സി പ്രവർത്തിക്കുന്നത്. 1948 നവംബറിൽ ഡൽഹിയിൽ എൻ.സി.സിയുടെ ആദ്യ
യൂണിറ്റ് നിലവിൽ വന്നു. 1957 ഡിസംബർ 23ന് എൻ.സി.സി.യുടെ ആപ്തവാക്യമായി
ഐക്യവും അച്ചടക്കവും എന്ന പദ പ്രയോഗം നിലവിൽ വന്നു. നവംബർ മാസത്തിലെ നാലാമത്തെ
ഞായറാഴ്ചയാണ് എൻ.സി.സി ദിനമായി ആചരിക്കുന്നത്. ഹൈസ്‌ക്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ്
എൻ.സി.സിയുടെ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. എൻ.സി.സി.യിൽ അംഗമായിട്ടുള്ള
വിദ്യാർത്ഥിയെ കേഡറ്റ് എന്നു വിളിക്കുന്നു. കേഡറ്റുകൾക്ക് ലഘു ആയുധങ്ങൾ
ഉപയോഗിച്ചുള്ള പരേഡും ചിട്ടയായ സൈനിക ക്ലാസുകളും സൈനിക ക്യാമ്പുകളും
സംഘടിപ്പിക്കുന്നു.
കോബ്രാ
ഫോഴ്‌സ് (Commando
Battalion for Resolute Action)
നക്‌സൽ
ബാധിത പ്രദേശങ്ങളിലെ സായുധ പ്രവർത്തനങ്ങൾക്കും ഗറില്ലാ യുദ്ധ മുറകൾക്കും
വനമേഖലകളിലുള്ള യുദ്ധത്തിനുമൊക്കെ പ്രത്യേകം പരിശീലനം ലഭിച്ച സി.ആർ.പി.എഫ്
വിഭാഗമാണ് കോബ്ര. ആക്രമണകാരികളായ നക്‌സലൈറ്റുകളിൽ നിന്ന് സുരക്ഷാ സേനയ്ക്ക് ഭീഷണി
ഉണ്ടായതിനെത്തുടർന്നാണ് 2008ൽ കോബ്ര രൂപീകരിച്ചത്. നക്‌സലൈറ്റ്
ശക്തി കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. അപകടം പിടിച്ച
മേഖലകളിൽ പലതരം ജോലികൾ ചെയ്യാൻ കഠിനമായ പരിശീലനം ലഭിച്ചവരാണ് കോബ്ര കമാൻഡുകൾ. 'ഗ്ലോറി ഓർ ഡെത്ത്' എന്നാണ് കോബ്ര സേനയുടെ ആപ്തവാക്യം.
നിലവിൽ പത്ത് ബറ്റാലിയനുകളിലായി 10000 പേരടങ്ങുന്ന കോബ്ര ഫോഴ്‌സിന്റെ
നക്‌സൽ ഭീഷണി നിലനിൽക്കുന്ന 70 ജില്ലകളിലാണ്
വിന്യസിച്ചിരിക്കുന്നത്.
റാപ്പിഡ്
ആക്ഷൻ ഫോഴ്‌സ് (ആർ.എ.എഫ്)
വർഗീയ
- ആഭ്യന്തര കലാപങ്ങൾ നിയന്ത്രിക്കുക, ദുരിതാശ്വാസ
പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക, ജനക്കൂട്ടത്തെ
നിയന്ത്രിക്കുക തുടങ്ങിയ വ്യത്യസ്‌ത സേവനങ്ങൾക്കായി പ്രത്യേക പരിശീലനം ലഭിച്ച
സി.ആർ.പി.എഫ് വിഭാഗമാണ് ദ്രുതകർമ്മസേന (ആർ.എ.എഫ്). സെർവിങ് ഹ്യുമാനിറ്റി വിത്ത്
സെൻസിറ്റീവ് പൊലീസിങ് എന്ന ആപ്തവാക്യവുമായി 1991 ഡിസംബർ 11ന് ഡൽഹിയിലാണ് ദ്രുതകർമ്മസേന
സ്ഥാപിതമായത്. 1992 ഒക്ടോബറിൽ ഈ സേന പൂർണതോതിൽ
പ്രവർത്തനം തുടങ്ങി. നിലവിൽ പതിനഞ്ച് ബറ്റാലിയനുകൾ ദ്രുതകർമ്മസേനയ്ക്കുണ്ട്.
സ്പെഷ്യൽ
പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്.പി.ജി)
പ്രധാനമന്ത്രിയുടെയും
കുടുംബാംഗങ്ങളുടെയും മുൻ പ്രധാനമന്ത്രിമാരുടെയും സംരക്ഷണ ചുമതല നിർവഹിക്കുവാൻ 1985ൽ സ്ഥാപിതമായ പ്രത്യേക സേനാ വിഭാഗമാണ്
സ്പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്.പി.ജി). ആദ്യകാലത്ത് ഡൽഹി പോലീസ് കമ്മീഷണറുടെ
നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു പ്രധാനമന്ത്രിമാരുടെ സംരക്ഷണ ചുമതല. 1981ൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് എന്നൊരു
സേനയെ രൂപീകരിച്ച് പ്രധാനമന്ത്രിമാരുടെ സംരക്ഷണം അവരെ ഏൽപിച്ചു. പിന്നീട്
ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷമാണ് പ്രധാനമന്ത്രിമാരുടെ സുരക്ഷ
വർധിപ്പിക്കുന്നതിന്റെ ഭാഗമായി സ്പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് രൂപംകൊണ്ടത്. 1985 മുതൽ 1988 വരെ ഒരു പ്രത്യേക ഏജൻസിയായി
പ്രവർത്തിക്കുകയും 1988ലെ നിയമപ്രകാരം പാർലമെന്റിന്റെ
അംഗീകാരം ലഭിക്കുകയും ചെയ്‌തു.
ഹോം
ഗാർഡുകൾ (Home
Guards)
വിവിധ
സംസ്ഥാന പോലീസുകൾക്ക് സഹായം എത്തിക്കുന്ന അനുബന്ധ സേനയാണ് ഹോം ഗാർഡുകൾ. ആഭ്യന്തര
സുരക്ഷ, പ്രകൃതിക്ഷോഭം തുടങ്ങിയ
അവസരങ്ങളിൽ ഹോം ഗാർഡുകളുടെ സേവനം ലഭ്യമാകുന്നു. 1946 ഡിസംബറിലാണ് ഹോം ഗാർഡുകൾ
രൂപകൊണ്ടതെങ്കിലും 1962ലെ ചൈനീസ് ആക്രമണത്തെ
തുടർന്നാണ് വിപുലമാക്കിയത്. 1962ലെ ചൈനീസ് ആക്രമണത്തിന്റെ
പശ്ചാത്തലത്തിൽ നിലവിലുള്ള സന്നദ്ധ സംഘടനകളെ ലയിപ്പിച്ച് ഹോം ഗാർഡുകൾ
എന്നറിയപ്പെടുന്ന ഒരു ഏകീകൃത സന്നദ്ധ സേനയായി ഉയർത്താൻ കേന്ദ്രം സംസ്ഥാനങ്ങളെയും
കേന്ദ്രഭരണ പ്രദേശങ്ങളെയും ഉപദേശിച്ചു. കേരളത്തിലൊഴികെ മറ്റ് എല്ലാ
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സംഘടന വ്യാപിച്ചു കിടക്കുന്നു.
രാഷ്ട്രീയ
റൈഫിൾസ് (Rashtriya
Rifles)
ജമ്മു, കശ്മീർ എന്നിവിടങ്ങളിലെ
ഭീകരപ്രവർത്തനങ്ങൾ അമർച്ചചെയ്യാനായി 1990ൽ
രൂപംകൊണ്ട അർദ്ധസൈനിക വിഭാഗമാണ് രാഷ്ട്രീയ റൈഫിൾസ്. പ്രധാനമായും ജമ്മു, കശ്മീർ എന്നിവിടങ്ങളിലാണ് സൈന്യം
കേന്ദ്രീകരിച്ചിരിക്കുന്നത്. ദൃഢത അല്ലെങ്കിൽ വീരത എന്നതാണ് രാഷ്ട്രീയ റൈഫിൾസിന്റെ
ആപ്തവാക്യം. ജനറൽ ബി.സി.ജോഷിയാണ് ഇതിന്റെ രൂപവത്കരണത്തിനു പിന്നിൽ പ്രവർത്തിച്ചത്.
തീരസംരക്ഷണ
സേന (Coast
Guard)
ഇന്ത്യയുടെ
തീരദേശ അതിർത്തികളുടെ സംരക്ഷണ ചുമതല നിർവഹിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ
പ്രവർത്തിക്കുന്ന സേനയാണ് തീരസംരക്ഷണ സേന. സമുദ്രാതിർത്തികളുടെയും
സമുദ്രസമ്പത്തിന്റെയും സംരക്ഷണവും ഈ സേനയുടെ ചുമതലയാണ്. 1960കളിൽ വർദ്ധിച്ചുവന്ന കടൽ വഴിയുള്ള
കള്ളക്കടത്തുകൾ കസ്റ്റംസിന് ഒറ്റയ്ക്ക് നേരിടാൻ കഴിയാതെ വന്നതോടെ ഇന്ത്യൻ നേവിയുടെ
സഹായം തേടാൻ തുടങ്ങി. ഇതോടെയാണ് കടലിലെ നിരീക്ഷണത്തിനും കള്ളക്കടത്ത്
തടയുന്നതിനുമായി തീരസംരക്ഷണ സേന രൂപീകരിച്ചത്. തീരസംരക്ഷണ സേനയുടെ രൂപീകരണത്തോടെ
കടൽ വഴിയുള്ള കള്ളക്കടത്ത് ഒരു പരിധിവരെ കുറയുകയും ചെയ്‌തു. 1977 ഫെബ്രുവരി 1ന് നിലവിൽ വന്ന ഇന്ത്യൻ കോസ്റ്റ്
ഗാർഡിന് 1978ലെ കോസ്റ്റ് ഗാർഡ് ആക്ട്
പ്രകാരം പാർലമെന്റിന്റെ അംഗീകാരം ലഭിക്കുകയും തുടർന്ന് 1978 ഓഗസ്റ്റ് 18ന് സ്ഥാപിതമാകുകയും ചെയ്തു. നാവികസേന, മത്സ്യവകുപ്പ്, കസ്റ്റംസ്, സംസ്ഥാന പോലീസ് എന്നിവയുമായെല്ലാം
ചേർന്ന് ഇവർ പ്രവർത്തിക്കുന്നു. മീൻപിടിത്തക്കാരുടെ സംരക്ഷണവും
രക്ഷാപ്രവർത്തനവുമൊക്കെ തീരസംരക്ഷണ സേനയുടെ ചുമതലയാണ്.
ടെറിട്ടോറിയൽ
ആർമി (റ്റി.എ)
ബ്രിട്ടീഷുകാർ
സ്ഥാപിച്ച ഇന്ത്യൻ ഡിഫൻസ് ഫോഴ്‌സിന്റെ (1917-1920) പിൻഗാമിയായി
1920ലെ ഇന്ത്യൻ ടെറിട്ടോറിയൽ ആക്ട്
പ്രകാരം 1920ൽ നിലവിൽ വന്ന സേനയാണ് ഇന്ത്യൻ
ടെറിട്ടോറിയൽ ഫോഴ്‌സ്. ഇന്ത്യൻ ടെറിട്ടോറിയൽ ഫോഴ്‌സിന്റെ (1920-1948) പിൻഗാമിയായി 1948ലെ ടെറിട്ടോറിയൽ ആർമി ആക്‌ട്
പ്രകാരമാണ് ടെറിട്ടോറിയൽ ആർമി രൂപീകരിച്ചത്. രാജ്യത്തിന്റെ പ്രതിരോധത്തിന്
അത്യാവശ്യഘട്ടങ്ങളിൽ ഇന്ത്യൻ പട്ടാളത്തെ സഹായിക്കാനായി പട്ടാള പരിശീലനം ലഭിച്ച
ഇന്ത്യൻ പൗരന്മാരുടെ സന്നദ്ധ സംഘടനയാണ് ടെറിട്ടോറിയൽ ആർമി. പ്രതിരോധ വകുപ്പിന്റെ
കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സമാന്തരസേനയായി ഇതിനെ കണക്കാക്കാം.
സ്ഥിരം പട്ടാളക്കാരല്ലാത്ത ഇവർ മറ്റേതെങ്കിലും മേഖലയിൽ നിന്നുള്ളവരായിരിക്കും.
മോഹൻലാലും, മഹേന്ദ്രസിങ് ധോണിയും, അഭിനവ് ബിന്ദ്രയുമെല്ലാം ടെറിട്ടോറിയൽ
ആർമിയുടെ ഭാഗമാണ്. രാജ്യത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഇവർക്ക് സൈനിക
പദവി നൽകുന്നത്. ഇവരുടെ സേവനത്തിന് പ്രതിഫലമില്ല.
മാർകോസ്
(Marine
Commandos)
മറൈൻ
കമാൻഡോ ഫോഴ്‌സ് (MCF)
എന്ന്
ഔദ്യോഗികമായി അറിയപ്പെടുന്ന മാർകോസ് ഇന്ത്യൻ നാവിക സേനയിലെ പ്രത്യേക കമാൻഡോ
യൂണിറ്റാണ്. 1987 ഫെബ്രുവരിയിലാണ് മാർകോസ്
രൂപീകരിച്ചത്. വെള്ളത്തിലും കരയിലും ആകാശത്തുമുള്ള പോരാട്ടങ്ങൾക്കും അപകടമേഖലയിലെ
തിരച്ചിലിനുമൊക്കെ ഇവർക്ക് വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ
ഝലം നദിയിലും വൂളാർ തടാകത്തിലുമൊക്കെയുള്ള തീവ്രവാദ പോരാട്ടങ്ങൾക്ക് ഇവർക്ക്
പ്രത്യേകം വൈദഗ്ധ്യമുണ്ട്. ഇവിടങ്ങളിലെ ജനവാസമേഖലകളിൽ താടിവച്ച് വേഷം
മാറിനടക്കുന്നതുകൊണ്ട് ഇവരെ 'ദാഡിവാലാ ഫൗജ്' (താടിയുള്ള സൈനികർ) എന്നും
വിളിക്കാറുണ്ട്. വ്യത്യസ്ത യുദ്ധതന്ത്രങ്ങൾ പ്രയോഗിക്കുന്നതിന് പേരുകേട്ട ഇവർ
കാർഗിൽ യുദ്ധം,
ഓപ്പറേഷൻ പവൻ, ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ, ഓപ്പറേഷൻ കാക്റ്റസ് തുടങ്ങി നിരവധി
സൈനിക ദൗത്യങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ഗരുഡ്
കമാൻഡോ ഫോഴ്‌സ് (Garud
Commando Force)
ഇന്ത്യൻ
വ്യോമസേനയിലെ പ്രത്യേക കമാൻഡോ വിഭാഗമാണ് ഗരുഡ് കമാൻഡോ ഫോഴ്‌സ്. 2004ലാണ് ഈ സേന രൂപീകരിച്ചത്. ജമ്മു
കാശ്മീരിലെ രണ്ട് പ്രധാനപ്പെട്ട വ്യോമസേനാത്താവളങ്ങൾക്കുനേരെ 2001ൽ നടന്ന തീവ്രവാദി അക്രമണശ്രമങ്ങൾക്കു
ശേഷമാണ് ഇത്തരമൊരു കമാൻഡോ ഫോഴ്‌സ് രൂപീകരിക്കാൻ തീരുമാനിച്ചത്. ഹിന്ദുപുരാണത്തിലെ
മഹാവിഷ്‌ണുവിന്റെ വാഹനമായ ഗരുഡന്റെ പേരാണ് ഗരുഡ് കമാൻഡോ ഫോഴ്‌സ്
സ്വീകരിച്ചിരിക്കുന്നത്. വ്യോമസേനാ താവളങ്ങൾക്ക് സംരക്ഷണം നൽകുകയാണ് ഈ കമാൻഡോകളുടെ
പ്രധാന ദൗത്യം. പ്രകൃതിദുരന്തങ്ങളുടെയും മറ്റും സമയത്ത് തിരച്ചിലിനും
രക്ഷാപ്രവർത്തനങ്ങൾക്കും ഗരുഡിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു. ഐക്യരാഷ്ട്ര സംഘടന
കോംഗോയിൽ നടത്തുന്ന സമാധാനശ്രമങ്ങൾക്കും ഗരുഡ് കമാൻഡോകളെ നിയമിച്ചിട്ടുണ്ട്.
യുദ്ധസമയത്ത് വ്യോമാക്രമണങ്ങളെ സഹായിക്കുക, പരുക്കേറ്റു വീണ എയർഫോഴ്‌സ് സൈനികരെ
രക്ഷിക്കുക, ശത്രുക്കളുടെ വ്യോമ പ്രതിരോധം
തകർക്കുക, റഡാർ സംവിധാനം തകരാറിലാക്കുക
തുടങ്ങിയവ ഇവരുടെ ചുമതലകളാണ്.
റെയിൽവേ
പ്രൊട്ടക്‌ഷൻ ഫോഴ്‌സ് (ആർ.പി.എഫ്)
ഇന്ത്യൻ റെയിവേയുടെ വസ്തുവകകൾക്കും തീവണ്ടി യാത്രക്കാർക്കും സംരക്ഷണം നൽകുന്നതിനുവേണ്ടി രൂപീകരിച്ച പോലീസ് സേനയാണ് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് (ആർ.പി.എഫ്). റെയിൽവേ മന്ത്രാലയത്തിനു കീഴിൽ വരുന്ന ഈ സേനയ്ക്ക് മറ്റ് സായുധസേനകൾക്കില്ലാത്ത ഒരു പ്രത്യേകതയുണ്ട്: കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും നിയമനടപടികൾ സ്വീകരിക്കാനും അന്വേഷണം നടത്താനുമുള്ള അധികാരം. 1872 ജൂലൈ 2നാണ് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് രൂപീകൃതമായമായത്. സ്വാതന്ത്ര്യത്തിനുശേഷം 1957ലെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് ആക്ട് പാർലമെന്റ് നടപ്പിലാക്കിയതിനെത്തുടർന്ന് ആർ.പി.എഫ് റെയിൽവേ മന്ത്രാലയത്തിനു കീഴിലായി. നിലവിൽ 75,000 ത്തോളം ഉദ്യോഗാർത്ഥികൾ ഉണ്ട്.
ഡി.ആർ.ഡി.ഒ
(ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ)
ഇന്ത്യയുടെ
തദ്ദേശീയ ആയുധ വികസന,
നിര്‍മാണപദ്ധതികൾ
നടപ്പിലാക്കുന്നത് ഡി.ആര്‍.ഡി.ഒ. (Defence Research Development Organisation) ആണ്. 1958ൽ നിലവിൽ വന്നു. ഇന്ത്യയുടെ
പ്രതിരോധരംഗത്തേക്കാവശ്യമായ ഉപകരണങ്ങളുടെ ഗവേഷണവും വികസനവുമാണ് ലക്ഷ്യം.
പ്രതിരോധമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവാണ് ഇതിന്റെ തലവൻ. DRDO യുടെ ആസ്ഥാനം ന്യൂഡെല്‍ഹിയിൽ സ്ഥിതി
ചെയ്യുന്നു.
ഡി.ആർ.ഡി.ഒ
യുടെ വിഷൻ ആൻഡ് മിഷൻ
◆ തദ്ദേശീയമായ
പ്രതിരോധ സാങ്കേതിക വിദ്യകൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്തുക.
◆ ആയുധങ്ങളുടെ
ഉത്പാദനം, രൂപകൽപന, വികസിപ്പിക്കൽ എന്നിവയ്ക്ക് മേൽനോട്ടം
വഹിക്കുക.
◆ മിസൈലുകൾ
വികസിപ്പിക്കുക.
◆ സേനകൾക്ക്
സാങ്കേതിക വിദ്യകൾ പ്രദാനം ചെയ്യുക, ആവശ്യമായവ
വികസിപ്പിക്കുക.
◆ അടിസ്ഥാനസൗകര്യങ്ങൾ
വികസിപ്പിക്കുക,
ഗുണമേന്മയുള്ള
മാനവവിഭവം ഉറപ്പുവരുത്തുക,
ശക്തമായ തദ്ദേശീയ
സാങ്കേതിക അടിത്തറ കെട്ടിപ്പടുക്കുക.
മിസൈലുകൾ
സ്വാതന്ത്ര്യത്തിനു
ശേഷം രാജ്യത്തിന്റെ സുരക്ഷയ്ക്കായി പുതിയ സാങ്കേതിക വിദ്യകൾ
നേടിയെടുക്കേണ്ടതുണ്ടെന്ന ചിന്തയുടെ ഭാഗമായി ഇന്ത്യയിൽ മിസൈലുകളെക്കുറിച്ചുള്ള ഗവേഷണങ്ങൾ
ആരംഭിച്ചു. സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഒരു പ്രത്യേക ലക്ഷ്യത്തെ തകർക്കാനായി
നിർമ്മിക്കുന്ന ശക്തമായി പൊട്ടിത്തെറിക്കുന്ന ആയുധങ്ങളാണ് മിസൈലുകൾ. ബാലിസ്റ്റിക്
മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ആന്റി ഷിപ്പ് മിസൈലുകൾ, ആന്റി ടാങ്ക് മിസൈലുകൾ എന്നിവ പലതരം
മിസൈലുകൾക്ക് ഉദാഹരണങ്ങളാണ്. വിക്ഷേപിക്കുന്ന പ്രതലത്തിന്റെ അടിസ്ഥാനത്തിൽ
മിസൈലുകളെ പ്രധാനമായും രണ്ടായി തരംതിരിക്കാം - സർഫസ് ടു സർഫസ്, സർഫസ് ടു എയർ.
ഇന്ത്യയുടെ
മിസൈൽ വികസന പദ്ധതിയുടെ പിതാവ്
അഗ്നി, പൃഥ്വി എന്നീ ഇന്ത്യൻ നിർമ്മിത
മിസൈലുകളുടെ ശില്പി,
ശേഷം ഡിഫൻസ്
റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) ഡയറക്ടർ, തുടർന്ന് സമഗ്ര മിസൈൽ പദ്ധതിയുടെ
മേധാവി, രാജ്യരക്ഷാമന്ത്രിയുടെ ശാസ്ത്രകാര്യ
ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിച്ച എ.പി.ജെ.അബ്ദുൾ കലാമാണ് ഇന്ത്യയുടെ മിസൈൽ
വികസന പദ്ധതിയുടെ പിതാവായി അറിയപ്പെടുന്നത്.
ഇന്ത്യയുടെ
മിസൈൽ വനിത
ടെസ്സി
തോമസ് ആണ് ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത്. കേരളത്തിലെ ആലപ്പുഴയിലാണ്
ടെസ്സി ജനിച്ചത്. ഒരു മിസൈൽ പ്രോജക്ടിന്റെ നേതൃത്വം വഹിച്ച ആദ്യ ഇന്ത്യൻ വനിതയാണ്
ടെസ്സി തോമസ്. അഗ്നി 4 ബാലിസ്റ്റിക് മിസൈലിന്റെ
പ്രോജക്ട് ഡയറക്ടറായിരുന്നു ടെസ്സി തോമസ്. 2011-ൽ അഗ്നി 4 വിജയകരമായി പരീക്ഷിച്ചു. 5000 കി.മീ ദൂര പരിധിയുള്ള അഗ്നി 5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ
പ്രോജക്ട് ഡയറക്ടറായി ടെസ്സി നിയമിതനായി. 2012 ഏപ്രിൽ 19നും 2013 സെപ്റ്റംബർ 15നും അഗ്നി 5 വിജയകരമായി പരീക്ഷിച്ചു.
ഇന്റഗ്രേറ്റഡ്
ഗൈഡഡ് മിസൈൽ ഡെവലപ്‌മെന്റ് പ്രോഗ്രാം (ഐ.ജി.എം.ഡി.പി)
ഇന്ത്യ
വ്യത്യസ്ത വിഭാഗത്തിൽ പെടുന്ന മിസൈലുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി രൂപം
നൽകിയ പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്‌മെന്റ് പ്രോഗ്രാം (IGMDP). മിസൈൽ രംഗത്ത് സ്വയംപര്യാപ്തത
കൈവരിക്കാൻ വേണ്ടിയുള്ള ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതികൂടിയാണിത്. 1983 ജൂലൈ 26ന് സർക്കാർ അനുമതി
നൽകിയതിനെത്തുടർന്നാണ് IGMDP
പദ്ധതി ആരംഭിച്ചത്.
2012ന് പൂർത്തിയാക്കിയ പദ്ധതിയുടെ
ഭാഗമായി പൃഥ്വി,
അഗ്നി, ത്രിശൂൽ, ആകാശ്, നാഗ് എന്നീ മിസൈലുകൾ വികസിപ്പിച്ചു.
എ.പി.ജെ.അബ്ദുൾ കലാമായിരുന്നു IGMDPയുടെ തലവൻ.
IGMDP
വികസിപ്പിച്ചെടുത്ത
മിസൈലുകൾ
◆ പൃഥ്വി
: ഭൂതല - ഭൂതല ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ
◆ അഗ്നി
: ഭൂതല - ഭൂതല ഇടത്തര ബാലിസ്റ്റിക് മിസൈൽ
◆ ത്രിശൂൽ
: ഭൂതല - വായു ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ
◆ ആകാശ്
: ഭൂതല - വായു ഇടത്തര ബാലിസ്റ്റിക് മിസൈൽ
◆ നാഗ്
: തേർഡ് ജനറേഷൻ ടാങ്ക് വേധ മിസൈൽ
ബാലിസ്റ്റിക്
മിസൈൽ (Ballistic
Missile)
രണ്ടാം
ലോകമഹായുദ്ധത്തിന്റെ മികച്ച കണ്ടിപിടിത്തങ്ങളിലൊന്നാണ് ബാലിസ്റ്റിക് മിസൈൽ.
ജർമനിയാണ് ഇതിന്റെ സ്വദേശം. 'പ്രതികാര ആയുധങ്ങൾ' എന്നാണ് ഇവയ്ക്ക് നൽകിയിരുന്ന വിശേഷണം.
വി-1, വി-2 എന്നിങ്ങനെ രണ്ടുതരം
മിസൈലുകളായിരുന്നു അവ. 'പറക്കുന്ന ബോംബ്' എന്ന് വിളിക്കപ്പെട്ട വി-1 നേക്കാൾ ഭീകരനായിരുന്നു വി-2 സൂപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ.
ദ്രവ ഇന്ധന റോക്കറ്റ് എൻജിൻ ഉപയോഗിച്ചിരുന്ന ഇത് ശബ്ദത്തിന്റെ നാലിരട്ടി
വേഗത്തിലായിരുന്നു പാഞ്ഞിരുന്നത്. ജർമൻ റോക്കറ്റ് ശാസ്ത്രജ്ഞനായ വേണെർ വോൺ ബ്രൗൺ
ആണ് ഈ മിസൈൽ രൂപകൽപ്പന ചെയ്‌തത്. യുദ്ധത്തിനു ശേഷം ഇതുണ്ടാക്കിയ സാങ്കേതികവിദഗ്‌ധരെല്ലാം
അമേരിക്കയുടെ സ്വന്തമായി. അമേരിക്ക, റഷ്യ, ഇസ്രായേൽ എന്നിവയ്ക്ക് ശേഷം
ബാലിസ്റ്റിക് മിസൈൽ സംവിധാനം വിജയകരമായി വികസിപ്പിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ.
അഗ്നി, പൃഥ്വി, ത്രിശൂൽ, ആകാശ്, സാഗരിക, കെ.അഞ്ച്, പ്രളയ് എന്നിവ ഇന്ത്യ നിർമിച്ച
ബാലിസ്റ്റിക് മിസൈലുകൾക്ക് ഉദാഹരണങ്ങളാണ്.
ബാലിസ്റ്റിക്
മിസൈലുകളുടെ പ്രത്യേകതകൾ
◆ വിക്ഷേപണശേഷവും
നിശ്ചിത സമയം നിയന്ത്രിക്കാൻ കഴിയും.
◆ നിശ്ചിത
ലക്ഷ്യത്തിൽ ഭൂഗുരുത്വാകർഷണത്തെ ആശ്രയിച്ച് ഇറങ്ങുന്നു.
◆ കുറഞ്ഞ
കൃത്യത.
◆ പാരാബോളിക്
പാതയിൽ സഞ്ചരിക്കുന്നു.
◆ വളരെ
ഉയരത്തിൽ പറക്കാൻ കഴിവുണ്ട്.
◆ ദീർഘദൂരം
സഞ്ചരിക്കുന്നു (12000
km വരെ).
◆ എളുപ്പത്തിൽ
ട്രാക്ക് ചെയ്യാൻ സാധിക്കുന്നു.
ഇന്ത്യൻ
ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് പ്രോഗ്രാം (IBMDP)
ബാലിസ്റ്റിക്
മിസൈൽ ആക്രമണങ്ങളിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കുന്നതിനായുള്ള ഒരു വ്യോമപ്രതിരോധ
കവചം നൽകാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ പദ്ധതിയാണ് IBMDP. പ്രതിരോധ സംവിധാനം വികസിപ്പിക്കാനും
വിന്യസിക്കാനുമായുള്ള ഒരു സംരംഭമാണ് ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ
പ്രോഗ്രാം. ശത്രു രാജ്യങ്ങളിൽ നിന്നുമുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ
നേരിടാൻ കരയിലും കടലിലും അധിഷ്ഠിതമായ
രണ്ട് ഇന്റർസെപ്റ്റർ മിസൈലുകൾ ഈ പദ്ധതിയുടെ കീഴിൽ വികസിപ്പിച്ചു. പൃഥ്വി എയർ
ഡിഫൻസ് (PAD),
അഡ്വാൻസ് എയർ
ഡിഫൻസ് (AAD) എന്നിവയാണ് അവ. PAD/AAD വിജയകരമായി പരീക്ഷിച്ചതിലൂടെ
അമേരിക്ക, റഷ്യ, ഇസ്രായേൽ എന്നിവയ്ക്ക് ശേഷം
ബാലിസ്റ്റിക് വിരുദ്ധ മിസൈൽ സംവിധാനം വിജയകരമായി വികസിപ്പിച്ച നാലാമത്തെ രാജ്യമായി
ഇന്ത്യ.
പൃഥ്വി
എയർ ഡിഫൻസ് (PAD):
ഇന്ത്യയ്ക്ക്
നേരെ വരുന്ന ശത്രു രാജ്യത്തിന്റെ ബാലിസ്റ്റിക് മിസൈലുകളെ അന്തരീക്ഷത്തിന്
പുറത്തുവച്ച് തടയുന്നതിനായി വികസിപ്പിച്ച ബാലിസ്റ്റിക് വിരുദ്ധ മിസൈലാണ് പൃഥ്വി
എയർ ഡിഫൻസ് (PAD).
2000 കി.മീറ്റർ
ദൂര പരിധിയുള്ള PAD
മാക് 5+ വേഗതയിലാണ് സഞ്ചരിക്കുന്നത്. 2006 നവംബറിലാണ് പരീക്ഷണം നടത്തിയത്.
അഡ്വാൻസ്
എയർ ഡിഫൻസ് (AAD):
പൃഥ്വി എയർ
ഡിഫൻസ് മിസൈലിനു തടയാൻ കഴിയാത്ത ശത്രു രാജ്യത്തിന്റെ ബാലിസ്റ്റിക് മിസൈലുകളെ
അന്തരീക്ഷത്തിൽ വച്ച് തടയുന്നതിനായി വികസിപ്പിച്ച ബാലിസ്റ്റിക് വിരുദ്ധ മിസൈലാണ്
അഡ്വാൻസ് എയർ ഡിഫൻസ് (AAD).
15 - 25
കി.മീറ്റർ ഉയര പരിധിയുള്ള AAD
മാക് 4.5 വേഗതയിലാണ് സഞ്ചരിക്കുന്നത്. 2007 ഡിസംബറിലാണ് പരീക്ഷണം നടത്തിയത്.
പൃഥ്വി
ഡിഫൻസ് വെഹിക്കിൾ (PDV):
ശത്രുമിസൈലുകളെ
ബാഹ്യാകാശത്തുവെച്ചുതന്നെ പ്രതിരോധിക്കാൻ ശേഷിയുള്ള 'പൃഥ്വി ഡിഫൻസ് വെഹിക്കിൾ' മിസൈൽ വേധ മിസൈൽ (ഇന്റർസെപ്റ്റർ)
ഇന്ത്യൻ വിജയകരമായി പരീക്ഷിച്ചു. ഭൂമിയിൽ നിന്ന് 50 മുതൽ 100 km വരെ ഉയരത്തിൽവെച്ചു തന്നെ ശത്രുമിസൈൽ
തകർക്കാൻ പൃഥ്വിക്ക് ശേഷിയുണ്ട്. ഒഡിഷ തീരത്തായിരുന്നു പരീക്ഷണം. ഇന്ത്യ
വികസിപ്പിക്കുന്ന ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചത്തിന്റെ ഭാഗമാണ് പൃഥ്വി ഡിഫൻസ്
വെഹിക്കിൾ. പൃഥ്വി ഡിഫൻസ് വെഹിക്കിലിന്റെ ആദ്യ പരീക്ഷണം ഡി.ആർ.ഡി.ഒ വിജയകരമായി
നടത്തിയത് 2014 ഏപ്രിൽ 27നാണ്. PDVയുടെ 2017 ഫെബ്രുവരി 11ന് നടന്ന രണ്ടാമത്തെ പരീക്ഷണവും 2019 ഫെബ്രുവരി 12ന് നടന്ന മൂന്നാമത്തെ പരീക്ഷണവും
വിജയകരമായിരുന്നു.
ക്രൂയിസ്
മിസൈൽ (Cruise
Missile)
സാങ്കേതികവിദ്യകൾ
ഉപയോഗിച്ച് കര അല്ലെങ്കിൽ സമുദ്ര ലക്ഷ്യത്തെ തകർക്കാനായി ഉപയോഗിക്കുന്ന ഒരു ഗൈഡഡ്
മിസൈലാണ് ക്രൂയിസ് മിസൈൽ. അത് അന്തരീക്ഷത്തിൽ നിലനിൽക്കുകയും സ്വയം ഗതിനിർണയം
നടത്തുകയും അതിന്റെ ഫ്ലൈറ്റ് പാതയുടെ പ്രധാന ഭാഗം ഏകദേശം സ്ഥിരമായ വേഗതയിൽ
സഞ്ചരിക്കുകയും ചെയ്യുന്നു. ക്രൂയിസ് മിസൈലുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് ഉയർന്ന
കൃത്യതയോടെ ദീർഘദൂരങ്ങളിലേക്ക് വളരെ ചെറിയ പേലോഡ് വഹിക്കുന്നതിനാണ്. ആധുനിക ക്രൂയിസ്
മിസൈലുകൾ ഉയർന്ന സബ്‌സോണിക്,
സൂപ്പർസോണിക്
അല്ലെങ്കിൽ ഹൈപ്പർസോണിക് വേഗതയിൽ സഞ്ചരിക്കാൻ പ്രാപ്തമാണ്. കൂടാതെ ബാലിസ്റ്റിക്
അല്ലാത്തതും വളരെ താഴ്ന്നതുമായ വിതാനത്തിൽ സഞ്ചരിക്കാൻ കഴിവുള്ളവയാണ്. കരയിൽ
നിന്നെന്നതിനു പുറമേ,
അന്തർവാഹിനികൾ, കപ്പലുകൾ, വിമാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം
ക്രൂയിസ് മിസൈലുകൾ വിക്ഷേപിക്കാനാകും. ബ്രഹ്മോസ്, നിർഭയ് എന്നിവ ഇന്ത്യൻ വികസിപ്പിച്ച
ക്രൂയിസ് മിസൈലുകൾക്ക് ഉദാഹരണങ്ങളാണ്.
ക്രൂയിസ്
മിസൈലിന്റെ പ്രത്യേകതകൾ
◆ സ്വയം
ഗതിനിർണയം നടത്തുന്നു.
◆ സഞ്ചരിക്കാൻ
നിശ്ചിത പാതയില്ല.
◆ വളരെ
ചെറിയ പേലോഡ് വഹിക്കുന്നു.
◆ താഴ്ന്ന
വിതാനത്തിൽ സഞ്ചരിക്കുന്നു.
◆ ട്രാക്ക്
ചെയ്യാൻ പ്രയാസമാണ്.
ഇന്ത്യൻ മിസൈലുകൾ
പൃഥ്വി
മിസൈൽ (Prithvi
Missile)
ഭൂതല
ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് പൃഥ്വി. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്മെന്റ്
പ്രോഗ്രാമിന് കീഴിൽ ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്തതാണിത്. ഇന്ത്യ തദ്ദേശീയമായി
വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈലാണ് 'പൃഥ്വി'. 1993ൽ ഇന്ത്യൻ സായുധസേനയുടെ
ഭാഗമായി മാറിയ ആദ്യത്തെ തദ്ദേശീയ മിസൈലായി പൃഥ്വി. 150 മുതൽ 600 കി.മീ വരെയുള്ള I, II, III പതിപ്പുകളാണ് പൃഥ്വിക്കുള്ളത്.
ഭൂതല - ഭൂതല മിസൈലായ (Surface
to Surface) പൃഥ്വി
കര, വ്യോമ, നാവിക സേനകൾ ഉപയോഗിക്കുന്നു. നാവികസേന
ഉപയോഗിക്കുന്ന,
പൃഥ്വി II മിസൈലിന്റെ രൂപാന്തരമാണ് 'ധനുഷ്'. IGMDPയ്ക്ക് കീഴിൽ ഡി.ആർ.ഡി.ഒ വികസിപ്പിച്ച
അഞ്ച് മിസൈലുകളിൽ ഒന്നാണ് ധനുഷ്. കപ്പലിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന പൃഥ്വി
മിസൈലാണ് ധനുഷ്.
അഗ്നി
മിസൈൽ (Agni
Missile)
വ്യത്യസ്ത
ദൂരപരിധികളുള്ള ഭൂതല - ഭൂതല ഇടത്തര ബാലിസ്റ്റിക് മിസൈലുകളാണ് അഗ്നി. ഇന്റഗ്രേറ്റഡ്
ഗൈഡഡ് മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാമിന് (IGMDP) കീഴിൽ ഡി.ആർ.ഡി.ഒ
വികസിപ്പിച്ചെടുത്തതാണിത്. 700 മുതൽ 10000 കി.മീ വരെയുള്ള I, II, III, IV, V, VI പതിപ്പുകളാണ്
അഗ്നിയ്ക്കുള്ളത്. ഹ്രസ്വദൂര മിസൈലായ അഗ്നി I, മധ്യദൂര മിസൈലായ അഗ്നി II, ഇന്റർമീഡിയേറ്റ് ദൂര മിസൈലുകളായ അഗ്നി III, അഗ്നി IV, ദീർഘദൂര മിസൈലുകളായ അഗ്നി V, അഗ്നി VI എന്നിവയാണ് അഗ്നി ശ്രേണിയിലുള്ളത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഭൂതല - ഭൂതല ബാലിസ്റ്റിക് മിസൈലാണ് അഗ്നി I.
അഗ്നി
മിസൈൽ (ദൂര പരിധി)
◆ അഗ്നി
I - 700-1250 കി.മീ
◆ അഗ്നി
II -
2000-2500 കി.മീ
◆ അഗ്നി
III -
3000-3500 കി.മീ
◆ അഗ്നി
IV -
3000-4000 കി.മീ
◆ അഗ്നി
V - 5000-8000 കി.മീ
◆ അഗ്നി
VI -
8000-10000 കി.മീ
അഗ്നി
പ്രൈം (Agni
P): ആണവായുധം
വഹിക്കാൻ ശേഷിയുള്ള പുതുതലമുറ ബാലിസ്റ്റിക് മിസൈലായ അഗ്നി പ്രൈം ഡി.ആർ.ഡി.ഒ
വിജയകരമായി പരീക്ഷിച്ചു. അഗ്നി ശ്രേണിയിലെ ഏറ്റവും പുതിയ മിസൈലായ പ്രൈം 2021 ജൂൺ 28ന് ഒഡിഷ തീരത്ത് ബാലസോറിലെ
ഡോ.എ.പി.ജെ.അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് വിക്ഷേപിച്ചത്. 1000 മുതൽ 2000 വരെ കിലോമീറ്ററാണ് മിസൈലിന്റെ
ദൂരപരിധി. അഗ്നി പ്രൈമിന്റെ 2021 ഡിസംബറിൽ നടന്ന രണ്ടാമത്തെ
പരീക്ഷണവും 2022 ഒക്ടോബറിലെ മൂന്നാമത്തെ
പരീക്ഷണവും വിജയകരമായിരുന്നു. റോഡിൽ നിന്നും റെയിലിൽ നിന്നും
വിക്ഷേപിക്കാവുന്നവയാണ് അഗ്നി പ്രൈം മിസൈലുകൾ.
ആകാശ്
മിസൈൽ (Akash
Missile)
ഇന്ത്യ
തദ്ദേശീയമായി വികസിപ്പിച്ച ഭൂതല-വ്യോമ ബാലിസ്റ്റിക് മിസൈലാണ് ആകാശ്.
തന്ത്രപ്രധാനമായ മേഖലകളെ ശത്രുക്കളുടെ വ്യോമാക്രമണത്തിൽ നിന്ന്
രക്ഷിക്കാനുദ്ദേശിച്ചുള്ള മിസൈലാണിത്. 30
കിലോമീറ്റർ വരെ പരിധിയുള്ള ഈ മിസൈലിന് 18
കിലോമീറ്റർ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളെ ലക്ഷ്യം വെയ്ക്കാൻ കഴിയും.
ആകാശ്
NG: ഉപരിതലത്തിൽനിന്ന് വായുവിലെ
ലക്ഷ്യത്തിനുനേരെ പ്രയോഗിക്കാവുന്ന ആകാശ് NG മിസൈൽ ഒഡിഷ തീരത്തുനിന്ന് 2021 ജൂലൈ 21ന് വിജകരമായി വിക്ഷേപിച്ചു. ആകാശ്
മിസൈലുകളുടെ മൂന്നാം തലമുറയിലെ പുതിയ പതിപ്പാണ് പരീക്ഷിച്ചത്. ആകാശത്തുകൂടി
ശത്രുക്കളുടെ എത്ര വേഗമേറിയ ആക്രമണങ്ങളെയും തകർക്കാൻ പര്യാപ്തമാണ് പുതുതലമുറ ആകാശ്
മിസൈൽ (ആകാശ് NG).
ആകാശ്
പ്രൈം: ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് 'ആകാശ്
പ്രൈം' ഒഡീഷയിലെ ചന്ദിപ്പുരിൽ 2021 സെപ്റ്റംബർ 27ന് വിജയകരമായി പരീക്ഷിച്ചു. നിലവിലുള്ള
ആകാശ് മിസൈലിൽ നിന്ന് വ്യത്യസ്തമായി തദ്ദേശീയമായി വികസിപ്പിച്ച റേഡിയോ ഫ്രീക്വൻസി
(ആർ.എഫ്) സംവിധാനമാണ് ഇതിലുള്ളത്. കൂടുതൽ കൃത്യതയോടെ ലക്ഷ്യത്തിൽ
പ്രഹരമേൽപ്പിക്കാൻ ഇത് സഹായിക്കും. ഏത് താപനിലയിലും മികച്ച പ്രകടനം നടത്താൻ
കഴിയുംവിധമുള്ള പരിഷ്‌കാരങ്ങളും വരുത്തിയിട്ടുണ്ട്.
ത്രിശൂൽ
മിസൈൽ (Trishul
Missile)
ഇന്ത്യ
വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര ഭൂതല - വ്യോമ ബാലിസ്റ്റിക് മിസൈലാണ് ത്രിശൂൽ.
ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാമിന് കീഴിൽ ഡി.ആർ.ഡി.ഒ
വികസിപ്പിച്ചെടുത്തതാണിത്. താഴ്ന്നു പറക്കുന്ന ശത്രു വിമാനങ്ങളെയും
കോപ്റ്ററുകളെയും മറ്റും തകർക്കാൻ ഇതിനു കഴിയും. 9 കി.മീ പരിധിയുള്ളതാണ് ത്രിശൂൽ.
സൂപ്പർസോണിക് വേഗത്തിലാണ് ത്രിശൂൽ സഞ്ചരിച്ചിരുന്നത്. ഇന്ത്യൻ നാവികസേനയ്ക്ക്
വേണ്ടി ഉപയോഗിച്ചിരുന്ന ത്രിശൂൽ ഇപ്പോൾ സേവനത്തിൽ ഇല്ല.
നാഗ്
മിസൈൽ (NAG
Missile)
ഇന്ത്യ
തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറയിൽപ്പെട്ട ടാങ്ക് വേധ ഗൈഡഡ് മിസൈൽ നാഗ്
വിജയകരമായി പരീക്ഷിച്ചു. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാമിന്
കീഴിൽ ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്തതാണിത്. നാല് മുതൽ ഏഴ് കിലോമീറ്റർവരെയാണ്
പരിധി. 30 വർഷം നീണ്ട ഗവേഷണത്തിലൂടെയാണ്
നാഗ് വികസിപ്പിച്ചത്.
ബ്രഹ്മോസ്
മിസൈൽ (BrahMos
Missile)
കരയിൽ
നിന്നും, വിമാനങ്ങളിൽ നിന്നും, അന്തർവാഹിനികളിൽ നിന്നും
വിക്ഷേപിക്കാവുന്ന മധ്യദൂര റാംജെറ്റ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്.
ബ്രഹ്മോസ് എയ്‌റോ സ്‌പെയ്‌സിൽ റഷ്യയുമായി ചേർന്നാണ് ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ
വികസിപ്പിക്കുന്നത്. ബ്രഹ്മോസ് എന്ന പേര് വന്നത് ഇന്ത്യയിലെ ബ്രഹ്മപുത്ര
നദിയുടെയും റഷ്യയിലെ മോസ്‌കോ നദിയുടെയും പേരുകൾ ചേർന്നാണ്. അന്തർവാഹിനികൾ, കപ്പലുകൾ, വിമാനം, നിരത്തുകൾ എന്നിവിടങ്ങളിൽ നിന്ന്
വിക്ഷേപിക്കുവാൻ സാധിക്കുന്ന തരത്തിലാണ് ബ്രഹ്മോസ് മിസൈലിന്റെ നിർമ്മാണം. രണ്ട്
ഘട്ടങ്ങളാണ് ബ്രഹ്മോസിനുള്ളത് - ഒരു ഖര ഇന്ധന റോക്കറ്റ് ബൂസ്റ്റർ, ദ്രാവകരൂപ ഇന്ധന റാംജെറ്റ്.
ആന്റിഷിപ്പ് ലാൻഡ് അറ്റാക് റോളുകൾക്കായി രണ്ട് രൂപാന്തരങ്ങളോടെയാണ് ഇതിന്റെ
സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു സാർവത്രിക ലോങ് റേഞ്ച് സൂപ്പർസോണിക്
ക്രൂയിസ് മിസൈൽ സംവിധാനം കൂടിയാണിത്. 2006
നവംബറിൽ സായുധസേനയുടെ ഭാഗമായ ബ്രഹ്മോസ് കര-വ്യോമ-നാവിക സേനകളാണ് ഉപയോഗിക്കുന്നത്.
ബ്രഹ്മോസിന്റെ അന്തർവാഹിനി പതിപ്പ് പരീക്ഷിച്ചത് 2013 മാർച്ച് 20നാണ്. ഇതോടെ വെള്ളത്തിനടിയിൽവെച്ച്
ശബ്ദാതിവേഗ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിക്കുന്ന ലോകത്തിലെ ആദ്യ രാഷ്ട്രമായി
ഇന്ത്യ.
ബ്രഹ്മോസിന്റെ
വിവിധ പതിപ്പുകൾ
◆ കരയിൽ
നിന്നു കരയിലേക്കു വിക്ഷേപിക്കുന്നത്.
◆ കരയിൽ
നിന്നു വിക്ഷേപിച്ച് കപ്പലിനെ തകർക്കുന്നത്.
◆ കപ്പലിൽനിന്നു
വിക്ഷേപിച്ചു മറ്റു കപ്പലുകളെ തകർക്കുന്നത്.
◆ വിമാനത്തിൽനിന്നു
വിക്ഷേപിച്ചു കരയിലെ ലക്ഷ്യത്തെ തകർക്കുന്നത്.
നിർഭയ്
മിസൈൽ (Nirbhay
Missile)
ഇന്ത്യ
തദ്ദേശീയമായി വികസിപ്പിച്ചെടുത്തതും ആണവായുധ വാഹക ശേഷിയുള്ളതുമായ ദീർഘദൂര സബ്‌സോണിക്
മിസൈലാണ് നിർഭയ്. പൂർണമായും ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യ ക്രൂസ്
മിസൈലാണ് നിർഭയ്. ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത ഈ മിസൈലിന് 300 കിലോഗ്രാം പോർമുന 1000 കിലോമീറ്റർ ദൂരത്തിലെത്തിക്കാൻ
ശേഷിയുണ്ട്. 0.7
- 0.9 മാക് വരെ
വേഗത്തിലാണ് നിർഭയ് സഞ്ചരിക്കുന്നത്. റോക്കറ്റ് പോലെ ലംബമായി ഉയർന്ന് തീരശ്ചീനമായി
പറക്കാനും തടസ്സങ്ങളെ മറികടക്കാനും റഡാറുകളുടെ കണ്ണുവെട്ടിക്കാനും ഇവയ്ക്കു
കഴിയും. യുദ്ധവിമാനം,
യുദ്ധക്കപ്പൽ, മുങ്ങിക്കപ്പൽ എന്നിവയിൽ നിന്നും കരയിൽ
നിന്നും ഈ മിസൈൽ വിക്ഷേപിക്കാം. ഒഡീഷയിലെ ബാലസോറിലാണ് നിർഭയുടെ ഏഴ് പരീക്ഷണങ്ങളും
നടന്നത്. 2013 മാർച്ചിലാണ് ഈ മിസൈൽ ആദ്യം
പരീക്ഷിച്ചത്. 2014 ഒക്ടോബർ, 2015 ഒക്ടോബർ, 2016 ഡിസംബർ, 2017 നവംബർ, 2019 ഏപ്രിൽ, 2021 ജൂൺ തുടങ്ങിയ വർഷങ്ങളിലാണ്
രണ്ടാമത്തേതു മുതൽ ഏഴാമത്തെ പരീക്ഷണം വരെ നടന്നത്.
സാഗരിക
മിസൈൽ (Sagarika
Missile)
അന്തർവാഹിനിയിൽ
നിന്ന് വിക്ഷേപിക്കുന്ന ആണവായുധ വാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് സാഗരിക.
ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത സാഗരികയ്ക്ക് 750 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. 8.5 മീറ്റർ നീളമുള്ള സാഗരികയ്ക്ക് 500 കിലോഗ്രാം വരെ ഭാരം വഹിക്കാനാവും. 2008 ഫെബ്രുവരി 26ന് വിശാഖപട്ടണ തീരത്ത് സാഗരിക ആദ്യമായി
വിജയകരമായി പരീക്ഷിച്ചു. കെ-15 എന്നായിരുന്നു മിസൈലിന്റെ
തുടക്കത്തിലെ പേര്. ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടിയാണ് സാഗരിക പരീക്ഷിക്കുന്നത്.
അസ്ത്ര
മിസൈൽ (Astra
Missile)
പ്രതിരോധ
ശാസ്ത്രജ്ഞർ 'ഭാവിയിലെ മിസൈൽ' എന്നു വിശേഷിപ്പിക്കുന്നതാണ് 'അസ്ത്ര'. യുദ്ധ വിമാനങ്ങളിൽ ഘടിപ്പിക്കാൻ
രൂപകൽപ്പന ചെയ്‌തിരിക്കുന്ന എയർ ടു എയർ മിസൈൽ (AAM) സംവിധാനത്തിന്റെ ബിയോണ്ട് വിഷ്വൽ
റേഞ്ച് ക്‌ളാസാണ് അസ്ത്ര. അതിശക്തമായ സൂപ്പർസോണിക് വിമാനങ്ങളെ ഇടിച്ചു
നശിപ്പിക്കുന്നതിന് മിസൈൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ദൃശ്യപരിധിക്കപ്പുറമുള്ള
വ്യോമ ലക്ഷ്യങ്ങളിലേക്ക് യുദ്ധവിമാനങ്ങളിൽ നിന്ന് തൊടുത്തു വിടാൻ കഴിയും. 90 - 120 കിലോമീറ്റർ വരെ അകലെയുള്ള
ശത്രുവിമാനങ്ങളെപ്പോലും കണ്ടുപിടിക്കാനും വീഴ്ത്താനും ഈ മിസൈൽ ഉപകരിക്കും. റഡാറിനെ
വെട്ടിക്കാൻ കഴിയുന്ന മിസൈലാണിത്. 2000
മേയിലായിരുന്നു ആദ്യ പരീക്ഷണം. ഇന്ത്യൻ വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി
തദ്ദേശീയമായി നിർമ്മിക്കപ്പെട്ട വ്യോമ-വ്യോമ മിസൈലാണിത്. നിലവിൽ നിർദിഷ്ട
ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മിസൈൽ ഒന്നിലധികം വേരിയന്റുകളിൽ വികസിപ്പിക്കുന്നു.
അസ്ത്ര Mk-1, അസ്ത്ര Mk-2 എന്നിവയാണ് അസ്ത്രയുടെ വേരിയന്റുകൾ. SU-30 Mk-1 വിമാനവുമായി സംയോജിപ്പിച്ച്
അസ്ത്ര Mk-1 വെപ്പൺ സിസ്റ്റം ഇന്ത്യൻ
എയർഫോഴ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ശൗര്യ
മിസൈൽ (Shaurya
Missile)
ഇന്ത്യൻ
സായുധ സേനയ്ക്ക് വേണ്ടി ഡി.ആർ.ഡി.ഒ വികസിപ്പിച്ച ഭൂതല - ഭൂതല ഹൈപ്പർസോണിക്
ബാലിസ്റ്റിക് മിസൈലാണ് ശൗര്യ. ഇന്ത്യയുടെ K-15 മിസൈലിന്റെ ലാൻഡ് വേരിയന്റായ
ശൗര്യയ്ക്ക് 700 കിലോമീറ്റർ മുതൽ 1000 കിലോമീറ്റർ വരെ സ്ട്രൈക്ക് റേഞ്ച്
ഉണ്ട്. 50 കിലോമീറ്ററാണ് ഉയര പരിധി.
രണ്ട് ഘട്ട ഖര പ്രൊപ്പലന്റുകൾ ഇതിൽ ഉപയോഗിക്കുന്നു. 7.5
മാക് വരെ വേഗത്തിലാണ് ആണവവാഹക മിസൈലായ ശൗര്യ സഞ്ചരിക്കുന്നത്. 10 മീറ്റർ നീളമുള്ള ശൗര്യയ്ക്ക് 200 മുതൽ 1000 കിലോഗ്രാം പേയ്‌ലോഡ് വരെ ഭാരം
വഹിക്കാനാവും.
പ്രളയ്
മിസൈൽ (Pralay
Missile)
ഇന്ത്യ
തദ്ദേശീയമായി നിർമ്മിച്ച സർഫസ് ടു സർഫസ് ബാലിസ്റ്റിക് മിസൈലാണ് പ്രളയ്. പ്രതിരോധ
ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ) നിർമ്മിച്ച ഹ്രസ്വദൂര ഉപരിതല മിസൈലാണ് പ്രളയ്.
വിക്ഷേപിച്ചു കഴിഞ്ഞ് നിശ്ചിത ദൂരം പിന്നിട്ടു കഴിഞ്ഞാൽ ഗതിമാറാൻ കഴിയും. 150 മുതൽ 500 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യത്തെ
തകർക്കാൻ കഴിയും. 350 മുതൽ 700 കിലോഗ്രാം വരെയുള്ള പോർമുന
വഹിക്കാനുള്ള ശേഷിയുണ്ട്. ഒഡീഷതീരത്തെ ബാലസോറിലെ എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ
നിന്നും 2021 ഡിസംബർ 22ന് ആദ്യത്തെ പരീക്ഷണവും 2021 ഡിസംബർ 23ന് രണ്ടാമത്തെ പരീക്ഷണവും നടത്തി. 2015ലാണ് പ്രളയ് മിസൈൽ പദ്ധതിക്ക് അനുമതി
ലഭിച്ചത്. ഇത് 2011ൽ ആദ്യമായി പരീക്ഷിച്ച
പ്രഹാറിന്റെ രൂപാന്തരമാണ്. ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല-ഭൂതല
മിസൈലാണ് പ്രഹാർ. ഒന്നിലധികം തരം വാർഹെഡുകൾ വഹിക്കാനും വൈവിധ്യമാർന്ന ലക്ഷ്യങ്ങളെ
നിർവീര്യമാക്കാനും സാധിക്കുന്ന ആയുധമാണ് പ്രഹാർ.
ബാറക്
8 മിസൈൽ (Barak 8 Missile)
2010ൽ ഇന്ത്യയും ഇസ്രായേലും
സംയുക്തമായി മിസൈൽ വികസിപ്പിക്കുന്നതായി റിപോർട്ടുകൾ പുറത്തുവന്നിരുന്നു. 2017ൽ ഇസ്രേയിലുമായി ചേർന്ന് മധ്യദൂര മിസൈൽ
വികസിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രതിരോധ പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ അനുമതി
ലഭിച്ചു. കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന 70 കിലോമീറ്റർ ദൂരം പരിധിയുള്ളതുമായ
മിസൈൽ വികസിപ്പിക്കാനായിരുന്നു പദ്ധതി. ഇതേത്തുടർന്നാണ് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ
കേന്ദ്രവും (ഡി.ആർ.ഡി.ഒ) ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസും (ഐ.എ.ഐ) ചേർന്ന്
ബാറക് 8 മിസൈൽ വികസിപ്പിച്ചത്.
ഇസ്രയേലും ഇന്ത്യയും ചേർന്ന് ആദ്യമായി വികസിപ്പിച്ചെടുത്ത മിസൈലാണ് ബാറക് 8. LR-SAM, MR-SAM എന്നീ പേരുകളിലും ബാറക് 8 മിസൈൽ അറിയപ്പെടുന്നു. 2015ൽ ആദ്യമായി ഇന്ത്യൻ നാവിക സേന ബാറക് 8 LR-SAM മിസൈൽ വിജയകരമായി പരീക്ഷിച്ചു.
ഭൂതല - വ്യോമ മിസൈലാണിത്.
ഡ്രോണുകൾ (Drones)
ആളില്ലാ
വിമാനങ്ങളാണ് ഡ്രോണുകൾ. സൈനിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന 'അൺമാൻഡ് ഏരിയൽ വീക്കിൾസ്' മുതൽ വിഡിയോയും ചിത്രങ്ങളും പകർത്താനും
സാധനങ്ങൾ അയച്ചു കൊടുക്കാനും ഉപയോഗിക്കുന്ന ഇത്തിരിക്കുഞ്ഞൻ വിമാനങ്ങൾ വരെ
ഇക്കൂട്ടത്തിൽ പെടും. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഡ്രോണുകളും
പൂർണമായും സ്വയം നിയന്ത്രിക്കുന്ന ഡ്രോണുകളും ഉണ്ട്. ഡ്രോണുകളുടെ ചരിത്രം
സൈന്യത്തിൽ നിന്നാണ് തുടങ്ങുന്നത്. ലോകമഹായുദ്ധങ്ങളുടെ കാലം തൊട്ടേ
ആളില്ലാവിമാനങ്ങൾ പരീക്ഷിച്ചിരുന്നു. ഇന്നും സൈനിക ആവശ്യങ്ങൾക്ക് ഡ്രോണുകൾ
ഉപയോഗിക്കുന്നുണ്ട്.
ടോർപിഡോ
(Torpedo)
ശത്രുക്കപ്പലുകൾ
തകർക്കാനും കടലിനടയിൽ പര്യവേക്ഷണം നടത്താനും വേണ്ടി കടലിനടിയിലൂടെ സഞ്ചരിക്കാൻ
സഹായിക്കുന്ന വാഹനങ്ങളാണ് അന്തർവാഹിനികൾ. ശത്രുക്കപ്പലുകൾ തകർക്കാനായി
അന്തർവാഹിനികളിൽ നിന്നോ കപ്പലുകളിൽ നിന്നോ വിക്ഷേപിക്കുന്ന ബോംബുകളാണ് ടോർപിഡോകൾ.
ലോഹമഹായുദ്ധങ്ങളിൽ വ്യാപകമായി ഇവ ഉപയോഗിച്ചിരുന്നു. ഇന്ത്യൻ നാവികസേനയ്ക്കുവേണ്ടി
ഡി.ആർ.ഡി.ഒ തദ്ദേശീയമായി രൂപകൽപന ചെയ്‌ത ടോർപിഡോകളാണ് വരുണാസ്ത്ര, തക്ഷക് എന്നീ ഹെവി വെയിറ്റ് ടോർപിഡോയും
ഷെയ്‌ന എന്ന ലൈറ്റ് വെയിറ്റ് ടോർപിഡോയും, സ്മാർട്ട്
മിസൈലും.
വരുണാസ്ത്ര
(Varunastra)
: ഇന്ത്യ
തദ്ദേശീയമായി നിർമ്മിച്ച ഭാരമേറിയ ഹെവി വെയിറ്റ് ടോർപിഡോയാണ് വരുണാസ്ത്ര. 2016 ജൂൺ 29ന് ഇത് നാവികസേനയുടെ ആയുധശേഖരത്തിന്റെ
ഭാഗമായി. ഡി.ആർ.ഡി.ഒ യുടെ കീഴിൽ വിശാഖപട്ടണത്തിൽ സ്ഥിതിചെയ്യുന്ന നേവൽ സയൻസ് ആൻഡ്
ടെക്നോളജി ലബോറട്ടറി (NSTL)
യാണ് വരുണാസ്ത്ര
വികസിപ്പിച്ചത്.
തക്ഷക്
(Takshak) : മുങ്ങിക്കപ്പലുകൾക്കും, കപ്പലുകൾക്കുമെതിരെ വെള്ളത്തിൽകൂടി
പ്രയോഗിക്കാവുന്ന മിസൈൽ രൂപത്തിലുള്ള ഹെവി വെയിറ്റ് ടോർപിഡോയാണ് തക്ഷക്.
സ്മാർട്ട്
(SMART) :
2020 ഒക്ടോബറിൽ
ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച പുതിയ ആയുധ
സംവിധാനമാണ് SMART
(Supersonic Missile Assisted Release of Torpedo). അന്തർവാഹിനികളിൽ നിന്ന് സൂപ്പർ സോണിക്
മിസൈലിന്റെ സഹായത്തോടെ വിക്ഷേപിക്കാവുന്ന ടോർപിഡോയാണ് SMART.
ഷെയ്‌ന
(Shyena) :
2021 മാർച്ചിൽ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച ലൈറ്റ് വെയിറ്റ്
ടോർപിഡോയാണ് ഷെയ്‌ന. ഡി.ആർ.ഡി.ഒ യുടെ കീഴിൽ NSTL യാണ് ഷെയ്‌ന വികസിപ്പിച്ചത്.
ഹൈപ്പർസോണിക്
ടെക്നോളജി ഡെമോൺസ്‌ട്രേറ്റർ വെഹിക്കിൾ (HSTDV)
മിസൈലുകൾക്ക്
ശബ്ദത്തെക്കാൾ ആറു മടങ്ങ് വേഗം നൽകുന്ന അത്യാധുനിക സാങ്കേതിക വിദ്യ ഇന്ത്യ
പരീക്ഷിച്ചു. ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്‌ട്രേറ്റർ വെഹിക്കിൾ എന്നാണ് 2020 സെപ്റ്റംബർ ഏഴിനു പരീക്ഷിച്ച ഈ
സാങ്കേതികവിദ്യയുടെ പേര്. അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്കു പിന്നാലെ
ഹൈപ്പർസോണിക് സാങ്കേതിക വിദ്യ സ്വന്തമായി വികസിപ്പിച്ച നാലാമത്തെ രാജ്യമാണ്
ഇന്ത്യ. ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് (ഡി.ആർ.ഡി.ഒ) ഇത്
വികസിപ്പിച്ചത്.
ലേസർ
ഗൈഡഡ് ബോംബ് (Laser
Guided Bomb)
ലക്ഷ്യസ്ഥാനത്ത്
കിറുകൃത്യമായി പതിച്ച് നാശം വിതയ്ക്കുന്ന ബോംബുകളാണ് സ്മാർട്ട് ബോംബുകൾ അഥവാ ലേസർ
ഗൈഡഡ് ബോംബുകൾ. ഇടുന്ന ബോംബ് ലക്ഷ്യസ്ഥാനത്ത് വീഴിക്കുക എന്നതാണ് യുദ്ധത്തിലെ
ഏറ്റവും വലിയ വെല്ലുവിളി. ഇതിന് പരിഹാരമായാണ് സ്മാർട്ട് ബോംബുകൾ രംഗത്തെത്തിയത്.
ലേസർ രശ്മികളാണ് സ്മാർട്ട് ബോംബുകൾക്ക് വഴികാട്ടുക. 1968ൽ ആദ്യത്തെ ലേസർ ഗൈഡഡ് ബോംബ് അമേരിക്കൻ
വ്യോമസേന വികസിപ്പിച്ചു. ജെറ്റു വിമാനത്തിൽ കൊണ്ടുപോയി ഇട്ടായിരുന്നു പരീക്ഷണം.
പ്രത്യേക ഉപകരണത്തിൽ നിന്ന് ലേസർ രശ്‌മികളയച്ച് ലക്ഷ്യസ്ഥാനത്തെ പ്രകാശിപ്പിച്ച
ശേഷമായിരുന്നു ബോംബിടൽ. ഇന്നത്തെ പുതുപുത്തൻ സ്മാർട്ട് ബോംബുകൾ മറ്റൊരു തന്ത്രമാണ്
പ്രയോഗിക്കുന്നത്. യുദ്ധമുന്നണിയിലെ സേനാവിഭാഗങ്ങൾ ലേസർ രശ്മികളയച്ച് ലക്ഷ്യസ്ഥാനം
തെളിച്ചുകാട്ടുന്നു. പിന്നാലെയെത്തുന്ന പോർവിമാനങ്ങൾ ലേസറിൽ തിളങ്ങുന്ന
ലക്ഷ്യത്തിലേക്ക് കൃത്യമായി ബോംബിടും. കാലാവസ്ഥ ശരിയല്ലെങ്കിൽ സ്മാർട്ട് ബോംബ്
പലപ്പോഴും പിഴയ്ക്കാറുണ്ട്. ലക്ഷ്യസ്ഥാനം വ്യക്തമാകാതെ വരുമ്പോഴാണ് ബോംബിന്റെ
ലക്ഷ്യം പിഴയ്ക്കുന്നത്. അമേരിക്കയ്ക്കുശേഷം റഷ്യ, ഫ്രാൻസ്, ബ്രിട്ടൺ, ഇന്ത്യ എന്നീ രാജ്യങ്ങളും ലേസർ ഗൈഡഡ്
ബോംബ് നിർമ്മിച്ചിട്ടുണ്ട്.
പിനാക
മൾട്ടിബാരൽ റോക്കറ്റ് ലോഞ്ചർ (Pinaka multi barrel rocket launcher)
യുദ്ധമുഖത്തേക്ക്
ഒരേസമയം ഒന്നിലേറെ മിസൈലുകൾ പ്രയോഗിക്കാവുന്ന റോക്കറ്റ് ലോഞ്ചിങ് സിസ്റ്റമാണ് 'പിനാക'. പൂർണമായും തദ്ദേശീയമായി
വികസിപ്പിച്ചെടുത്ത മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ വിഭാഗത്തിൽ പെടുന്ന പിനാകയ്ക്ക്, 44 സെക്കൻഡിനുള്ളിൽ 12 റോക്കറ്റുകൾ വിക്ഷേപിക്കാനാവും. 1.2 ടൺ സ്ഫോടകവസ്തുക്കൾ വഹിക്കാൻ കഴിവുള്ള
റോക്കറ്റുകൾക്ക് 60 കിലോമീറ്റർ വരെ ദൂരത്ത്
പ്രഹരമേല്പിക്കാൻ കഴിയും. 2021 ഡിസംബറിൽ പിനാക റോക്കറ്റിന്റെ
കൂടിയ ദൂരപരിധി (പിനാക എക്സ്റ്റൻഡഡ് റേഞ്ച്) പരീക്ഷണം പൊഖ്‌റാനിലെ (രാജസ്ഥാൻ)
പരീക്ഷണസ്ഥലത്ത് വിജയകരമായി നടന്നു. അക്രമണപരിധി 60 കിലോമീറ്ററിൽ നിന്ന് 75 കിലോമീറ്ററായി വർധിപ്പിച്ച് പിനാക
റോക്കറ്റ് വ്യൂഹത്തിന്റെ പരിഷ്കരിച്ച പതിപ്പായ പിനാക ഇ.ആർ ആണ് വിക്ഷേപിച്ചത്.
പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO)
കൈമാറിയ
സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വകാര്യ കമ്പനിയാണ് പിനാക റോക്കറ്റുകൾ
നിർമ്മിക്കുന്നത്. നിലവിൽ ഇന്ത്യൻ കരസേനയുടെ കൈവശമുള്ളത് പിനാക MK1 എന്ന പതിപ്പാണ്. അവസാനമായി 2022ലാണ് പിനാക ഇ.ആർ വിജയകരമായി
വിക്ഷേപിച്ചത്.
ഇന്ത്യൻ
യുദ്ധ ടാങ്കുകൾ (Indian
Battle Tanks)
ഏതുതരത്തിലുള്ള
പ്രദേശങ്ങളിലൂടെയും സഞ്ചരിക്കാൻ കഴിയുന്ന ഭീമാകാരൻ യുദ്ധവാഹനങ്ങളാണ് ടാങ്കുകൾ.
ട്രാക്കുകളുപയോഗിച്ച് സഞ്ചരിക്കുന്ന ഈ കരുത്തൻ വണ്ടിയിൽ ഒരു പ്രദേശമപ്പാടെ
തകർക്കാൻ പോന്ന പീരങ്കിയും ഒപ്പം,
അതിനെ
നിയന്ത്രിക്കുന്ന പട്ടാളക്കാരും കാണും. ഒരുവിധം അക്രമണങ്ങളിലൊന്നും തകരാത്ത
വിധത്തിലാണ് ഇതിന്റെ നിർമ്മാണം. ബ്രിട്ടീഷ് സേനയാണ് ആദ്യമായി ടാങ്കുകൾ
ഉപയോഗിച്ചത്. ഒന്നാം ലോകമഹായുദ്ധകാലത്തായിരുന്നു അത്. ടാങ്കുകളെ
തകർക്കാനുപയോഗിക്കുന്ന ആയുധമാണ് ബസൂക്ക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത
യുദ്ധ ടാങ്കുകളാണ് അർജുൻ,
വൈജയന്ത എന്നിവ.
ഇന്ത്യൻ കരസേനയ്ക്കുവേണ്ടിയുള്ള യുദ്ധടാങ്കുകൾ നിർമ്മിക്കുന്നത് മദ്രാസിലെ
ആവഡിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയിലാണ്. റഷ്യയുടെ പക്കൽ നിന്നും ഇന്ത്യ
വാങ്ങിയ ടാങ്കുകളാണ് ഭീഷ്‌മ,
അജെയ എന്നിവ.
◆ അർജുൻ
(Arjun) : ഇന്ത്യ തദ്ദേശീയമായി
വികസിപ്പിച്ചെടുത്ത മെയിൻ ബാറ്റിൽ ടാങ്കാണ് അർജുൻ. ആവഡിയിലുള്ള ഹെവി വെഹിക്കിൾസ്
ഫാക്ടറിയിലാണ് നിർമിച്ചത്. അർജുൻ ശ്രേണിയിൽപ്പെട്ട ടാങ്കാണ് Arjun Mark II. ഇന്ത്യൻ കരസേനയുടെ ബാറ്റിൽ
ടാങ്കാണിത്. അതികഠിനമായ പ്രതലങ്ങളിൽകൂടി സഞ്ചരിക്കാൻ സാധിക്കുന്ന ഇവയിൽ
യുദ്ധസാമഗ്രികളും മെഷീൻ ഗണ്ണും ഘടിപ്പിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയിൽ ഡി.ആർ.ഡി.ഒ തദ്ദേശീയമായി
നിർമ്മിച്ച് ഇന്ത്യൻ സേനയ്ക്ക് കൈമാറിയ യുദ്ധ ടാങ്കാണ് Arjun Mk 1A.
◆ വൈജയന്ത
(Vijayanta) :
ഇന്ത്യ
കരസേനയ്ക്കുവേണ്ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ടാങ്കാണ് വൈജയന്ത. 1970കളിൽ സായുധസേനയുടെ ഭാഗമായി.
◆ ഭീഷ്‌മ
(Bhishma) : റഷ്യയുടെ പക്കൽനിന്ന് വാങ്ങിയ
ടി-90 മോഡൽ ടാങ്കാണ് ഭീഷ്‌മ.
◆ അജെയ
(Ajeya) : റഷ്യയിൽ നിന്ന് വാങ്ങിയ ടി-72 മോഡൽ ടാങ്കാണ് അജെയ.
◆ മുന്ത്ര
(Muntra): ഇന്ത്യ തദ്ദേശീയമായി നിർമിച്ച
ആദ്യത്തെ ആളില്ലാ ടാങ്കാണ് മുന്ത്ര. ചെന്നൈയിലെ ആവഡിയിലുള്ള CVRDEൽ ആണ് മുന്ത്ര ടാങ്ക്
വികസിപ്പിച്ചെടുത്തത്. ഡി.ആർ.ഡി.ഒ യുടെ കീഴിലുള്ള ഗവേഷണ കേന്ദ്രമാണിത്. സൈനിക നിരീക്ഷണം
(Muntra S), മൈൻ കണ്ടെത്തൽ (Muntra M), ജൈവ-ആണവ ആക്രമണ സമയങ്ങളിലെ
ഉപയോഗം (Muntra
N) എന്നീ മൂന്നു
തരം ആവശ്യങ്ങൾക്കുള്ള മൂന്നു തരം ടാങ്കുകളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.
ഇന്ത്യൻ
യുദ്ധവിമാനങ്ങൾ (Indian
Fighter Aircrafts)
◆ ഷംഷേർ
: 'ജഗ്വാർ' യുദ്ധവിമാനങ്ങളാണിവ.
◆ വജ്ര
: 'മിറാഷ് 2000' ഗണത്തിലുള്ള യുദ്ധവിമാനം. 1985 മുതൽ സേനയുടെ ഭാഗം.
◆ ചേതക്, ചീറ്റ : സിംഗിൾ എഞ്ചിൻ
ഹെലികോപ്റ്ററുകളാണിവ. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് വികസിപ്പിച്ചത്.
◆ ദീപക്
: വ്യോമസേനയുടെ പരിശീലന വിമാനം.
◆ തേജസ്സ്
: ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ലൈറ്റ് വെയിറ്റ് യുദ്ധവിമാനമാണ് 'തേജസ്സ്'.
◆ വിക്രം, ത്രിശൂൽ : മിഗ് - 21 ഗണത്തിൽപെടുന്ന യുദ്ധവിമാനങ്ങളാണിവ. 1963ൽ സേനയുടെ ഭാഗമായി.
◆ വിജയ്, രക്ഷക് : മിഗ് - 23 യുദ്ധവിമാനങ്ങളാണിവ. 1981 മുതൽ സേനയിലുണ്ട്.
◆ ഗരുഡ
: മിഗ് - 25 യുദ്ധവിമാനം. 1981 മുതൽ സേനയുടെ ഭാഗം. എട്ട് ഗരുഡ
വിമാനങ്ങളാണ് വ്യോമസേനയ്ക്കുള്ളത്. ഇവ ചേരുന്ന 102 സ്ക്വാഡ്രൺ 'ട്രൈസോണിക്‌സ്' എന്നറിയപ്പെടുന്നു.
◆ ബഹാദൂർ
: മിഗ് - 27 യുദ്ധവിമാനമാണ് ഇന്ത്യൻ
എയർഫോഴ്‌സിൽ ബഹാദൂർ എന്നറിയപ്പെടുന്നത്. 1981 മുതൽ വ്യോമസേനയ്ക്കുണ്ട്.
◆ ബാസ്
: മിഗ് - 29 യുദ്ധവിമാനമാണ് ഇന്ത്യൻ
എയർഫോഴ്‌സിൽ ബാസ് എന്നറിയപ്പെടുന്നത്.
◆ ഗജരാജ്
: IL-76MD യുദ്ധവിമാനമാണ് ഇന്ത്യൻ
എയർഫോഴ്‌സിൽ ഗജരാജ് എന്നറിയപ്പെടുന്നത്.
◆ സുഖോയ്
: റഷ്യയിലെ സുഖോയ് കോർപ്പറേഷനും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സും ചേർന്ന്
വികസിപ്പിച്ച യുദ്ധവിമാനം. ഇന്ത്യൻ വ്യോമസേനയിലെ ഏറ്റവും മികച്ച ദീർഘദൂര
പോർവിമാനമായ സുഖോയ് Su
- 30 MKi യുടെ
വേഗം മണിക്കൂറിൽ 2120 കിലോമീറ്ററാണ്. ദേശീയപാതയിൽ
(രാജസ്ഥാൻ) ഇറങ്ങിയ ഇന്ത്യൻ വ്യോമസേനയുടെ ആദ്യ സുഖോയ് വിമാനമാണ് സുഖോയ് Su - 30 MKi.
◆ ലക്ഷ്യ
1 : ഇന്ത്യ തദ്ദേശീയമായി
വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത ഭാരം കുറഞ്ഞ വിമാനമാണ് ലക്ഷ്യ 1. 2012 ജനുവരിയിൽ വിജയകരമായി
പരീക്ഷിച്ചു. വിദൂരനിയന്ത്രക സംവിധാനം ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. ഇന്ത്യ
വികസിപ്പിച്ച ഏറ്റവും ചെറിയ യുദ്ധവിമാനമാണ് ലക്ഷ്യ.
◆ ധ്രുവ്
: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററാണിത്.
ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിലാണ് നിർമ്മിച്ചത്.
◆ രുദ്ര
: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററാണ്
രുദ്ര. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച ധ്രുവ് - 4 വിവിധോദ്ദേശ്യ ഹെലികോപ്റ്ററിന്റെ
സായുധപ്പതിപ്പാണിത്. 2013 ഫെബ്രുവരി 8ന് രുദ്ര കരസേനയ്ക്ക് കൈമാറി.
◆ റുസ്തം
- I, II : ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന
സ്ഥാപനം വികസിപ്പിച്ചെടുത്ത പുതിയ പൈലറ്റില്ലാ വിമാനമാണ് റുസ്തം - I. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ
ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനമാണ് റുസ്തം - II (Tapas 201).
◆ നിഷാന്ത്
: ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൈലറ്റില്ലാ വിമാനം.
◆ മിറാഷ്
- 2000 : ഇന്ത്യ ഫ്രാൻസിൽ നിന്നും
വാങ്ങിയ യുദ്ധവിമാനമാണ് മിറാഷ് - 2000. ഇന്ത്യയിൽ
ഒരു യുദ്ധവിമാനം ആദ്യമായി ഹൈവേയിൽ ഇറക്കി പരീക്ഷണം നടത്തിയത് മിറാഷ് - 2000 ലാണ്.
◆ റാഫേൽ
: ദീർഘകാലയളവിനുശേഷം വിദേശത്തുനിന്ന് ഇന്ത്യൻ വ്യോമസേന സ്വന്തമാക്കുന്ന
യുദ്ധവിമാനമാണ് റാഫേൽ. ഫ്രാൻസിൽ നിന്നുമാണ് ഇന്ത്യ റാഫേൽ വിമാനം വാങ്ങിയത്.
തേജസ്
യുദ്ധവിമാനം (Tejas
Fighter Plane)
ഇന്ത്യ
തദ്ദേശീയമായി നിർമിച്ച ലഘുയുദ്ധവിമാനം തേജസ്സ് 2016 ജൂലൈ 1ന് വ്യോമസേനയുടെ ഭാഗമായി. 32 വർഷത്തെ ഗവേഷണ
പരീക്ഷണങ്ങൾക്കൊടുവിലാണ് ഇത് വ്യോമസേനയുടെ ഭാഗമായത്. ഒരു സീറ്റും ഒറ്റ
എഞ്ചിനുമുള്ള വിവിധോദ്ദേശ്യ യുദ്ധവിമാനമായ തേജസ്സിന് 13.2 മീറ്റർ നീളവും 6500 കിലോഗ്രാം ഭാരവുമുണ്ട്. ഇതിന്റെ
പരമാവധിവേഗം 1350 കിലോമീറ്ററാണ്. ഇതിന്
ശബ്ദാതിവേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും. വ്യോമസേനയുടെ ദക്ഷിണമേഖലാ എയർ കമാൻഡിനു
കീഴിൽ ഫ്ളയിങ് ഡാഗേഴ്‌സ് എന്ന സ്ക്വാഡ്രനാണ് തേജസ്സ് ഉപയോഗിക്കുക. റഷ്യയുടെ മിഗ്ഗ്
21ന് പകരമായാണ് തേജസ്സ്
എത്തിയത്. അരനൂറ്റാണ്ടോളം മിഗ്ഗ് 21നെയായിരുന്നു
വ്യോമസേന ആശ്രയിച്ചിരുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയായിരുന്നു ലഘു
യുദ്ധവിമാനത്തിന് തേജസ്സ് എന്ന പേര് നൽകിയത്. സൂപ്പർസോണിക് വിമാനമായ തേജസ്സിന്
ലേസർ നിയന്ത്രിത ബോംബ്,
മിസൈലുകൾ, റോക്കറ്റുകൾ, കപ്പൽവേധ മിസൈലുകൾ തുടങ്ങിയ ആയുധങ്ങൾ
പ്രയോഗിക്കാനാവും. ആദ്യമായി 'അറസ്റ്റ് ലാൻഡിങ്' നടത്തിയ ഇന്ത്യൻ വിമാനമാണ് തേജസ്.
റൺവേയിലിറങ്ങുന്ന വിമാനം അധികദൂരം ഓടും മുമ്പ് പിടിച്ചുകെട്ടി നിർത്തുന്നതിനെയാണ്
അറസ്റ്റ് ലാൻഡിങ് എന്നറിയപ്പെടുന്നത്. വിമാനങ്ങൾ ലാൻഡ് ചെയ്യാനാവുന്ന എയർ
ക്രാഫ്റ്റ് ക്യാരിയറുകൾ എന്ന് വിളിക്കപ്പെടുന്ന യുദ്ധക്കപ്പലുകളിൽ ലാൻഡ്
ചെയ്യിക്കാനാണ് ഈ സാങ്കേതികം പ്രധാനമായും ഉപയോഗിക്കുന്നത്.
റാഫേൽ
യുദ്ധവിമാനം (Rafale
Fighter Aircraft)
ദീർഘകാലയളവിനുശേഷം
വിദേശത്തുനിന്ന് ഇന്ത്യൻ വ്യോമസേന സ്വന്തമാക്കുന്ന യുദ്ധവിമാനമായ റാഫേൽ 2020 ജൂലൈ 29ന് ഇന്ത്യയിലെത്തി. ഫ്രാൻസിൽനിന്ന്
ഇന്ത്യ സ്വന്തമാക്കിയ 36 റാഫേൽ യുദ്ധവിമാനങ്ങളിലെ ആദ്യ
അഞ്ചു വിമാനങ്ങളാണ് അംബാലയിലെ വ്യോമസേനാ താവളത്തിൽ പറന്നിറങ്ങിയത്. ഹരിയാനയിലെ
അംബാലയിൽ സജ്‌ജമാക്കിയ വ്യോമസേനയുടെ പതിനേഴാം നമ്പർ സ്ക്വാഡ്രന്റെ (ഗോൾഡൻ ആരോസ്)
ഭാഗമായാണ് ആദ്യഘട്ടത്തിലെ റാഫേൽ,
2020 സെപ്റ്റംബർ 10ന് കമ്മിഷൻ ചെയ്‌തത്.
യുദ്ധക്കപ്പലുകൾ
(Warships)
പഴയ
കാലത്തെ യുദ്ധങ്ങളിൽ നാവികസേനയുടെ തേരാളികളായിരുന്നു യുദ്ധക്കപ്പലുകൾ. സാധാരണ
കപ്പലുകളെക്കാൾ വലുതും ശക്തവും ആയുധങ്ങൾ നിറച്ചതുമായിരിക്കും ഇവ. മനുഷ്യൻ
പണ്ടുമുതലേ യുദ്ധക്കപ്പലുകൾ ഉപയോഗിച്ചിരുന്നു. ആദ്യകാലത്ത് തടിക്കപ്പലുകളും
പിന്നീട് പായ്ക്കപ്പലുകളുമായിരുന്നു യുദ്ധരംഗത്ത് ഉണ്ടായിരുന്നത്. പിന്നീട്
ഇരുമ്പുപാളികൾ പൊതിഞ്ഞ തടിക്കപ്പലുകൾ രംഗത്തെത്തി. ഇത് കപ്പലുകളെ തിരയടിയിൽ നിന്ന്
കൂടുതൽ പ്രതിരോധിച്ചു. പൂർണമായും ഇരുമ്പിലും ഉരുക്കിലും തീർത്ത യഥാർത്ഥ
യുദ്ധക്കപ്പൽ 1876 ലാണ് കടലിലിറങ്ങിയത്. ഫ്രഞ്ച്
യുദ്ധക്കപ്പലായ റീഡൗട്ടബിൾ ആയിരിക്കുന്നു ഇത്. ആവിശക്തികൊണ്ട് പ്രവർത്തിച്ച
ആദ്യത്തെ യുദ്ധക്കപ്പൽ എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. 1906ൽ ബ്രിട്ടീഷ് നാവികസേന
യുദ്ധക്കപ്പലുകളുടെ നിർമാണത്തിൽ മികച്ച മുന്നേറ്റം നടത്തി. ആവി എൻജിനിൽ
പ്രവർത്തിക്കുന്ന എച്ച്.എം.എസ് ഡ്രെഡ്നട്ട് എന്ന കപ്പലാണ് അവർ ആദ്യം കടലിൽ
ഇറക്കിയത്. 21 നോട്ടിക്കൽ മൈൽ വേഗവും പത്ത്
വലിയ തോക്കുകൾ ഉറപ്പിച്ചിരുന്ന ഈ കപ്പലായിരുന്നു അക്കാലത്ത് ലോകത്തിലെ ഏറ്റവും
വേഗം കൂടിയ കപ്പൽ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുദ്ധക്കപ്പലുകൾ വിമാനവാഹിനികളും
അന്തർവാഹിനികളുമായി മാറി.
ഇന്ത്യൻ
യുദ്ധക്കപ്പലുകൾ
◆ ഐ.എൻ.എസ്
വിക്രാന്ത് (1961)
: ഇന്ത്യയുടെ
ആദ്യ വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ് വിക്രാന്ത്. 1961 മാർച്ച് നാലിന് ഈ കപ്പൽ ഇന്ത്യൻ
നാവികസേനയുടെ ഭാഗമായി. വൈദ്യുത - വാതക ശേഷിയിൽ പ്രവർത്തിക്കുന്ന ഇവ 80 മെഗാവാട്ടിലധികം ഊർജം
ഉത്പാദിപ്പിക്കുന്നു. 1997 വരെ ഇത്
ഉപയോഗത്തിലുണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ യുദ്ധക്കപ്പലായ എച്ച്.എം.എസ്
ഹെർക്കുലീസാണ് പിന്നീട് ഐ.എൻ.എസ് വിക്രാന്ത് ആയത്. 'ഇന്ത്യൻ നേവിഷിപ്പ്' എന്നതിന്റെ ചുരുക്കപ്പേരാണ് ഐ.എൻ.എസ്.
നേവൽ മ്യൂസിയമായി കപ്പൽ പ്രവർത്തിച്ചു.
◆ ഐ.എൻ.എസ്
വിക്രാന്ത് : ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെതും ഏറ്റവും വലുതുമായ
വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ് വിക്രാന്ത്. ഇന്ത്യയുടെ ആദ്യത്തെ
വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിന്റെ (1961) പേരാണ് ഈ വിമാനവാഹിനിക്കും
നൽകിയിരിക്കുന്നത്. 262 മീറ്റർ നീളമുള്ള ഈ
വിമാനവാഹിനി കൊച്ചി കപ്പൽ നിർമാണശാലയിലാണ് നിർമിച്ചത്. 2013ൽ ഇതിന്റെ നിർമാണം പൂർത്തിയായി. 2022ൽ ഇത് പ്രവർത്തനക്ഷമമായി. ഐ.എൻ.എസ്
വിക്രാന്തിന്റെ നിർമ്മാണത്തോടെ സ്വന്തമായി വിമാനവാഹിനി രൂപകൽപ്പന ചെയ്‌ത്
നിർമ്മിക്കുന്ന രാജ്യങ്ങളിൽ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.
◆ ഐ.എൻ.എസ്
മർമഗോവ : 2022 ഡിസംബറിൽ ഇന്ത്യൻ
നാവികസേനയ്ക്ക് കൈമാറിയ ഇന്ത്യയുടെ മിസൈൽ നശീകരണ യുദ്ധക്കപ്പലാണ് ഐ.എൻ.എസ് മർമഗോവ.
ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും കരുത്തുള്ള യുദ്ധക്കപ്പലാണ് ഐ.എൻ.എസ് മർമഗോവ.
പോർച്ചുഗീസ് ഭരണത്തിൽനിന്ന് ഗോവ മോചിക്കപ്പെട്ടതിന്റെ അറുപതാം വാർഷികമായ 2021 ഡിസംബർ 19 നാണ് ഐ.എൻ.എസ് മർമഗോവ ആദ്യമായി
കടലിലിറങ്ങിയത്. മസ്ഗാവ് ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡാണ് കപ്പൽ
നിർമ്മിച്ചത്. പ്രോജക്ട് 15B
യുടെ ഭാഗമായി
നിർമ്മിക്കുന്ന രണ്ടാമത്തെ യുദ്ധക്കപ്പലാണിത്.
◆ ഐ.എൻ.എസ്
താരഗിരി : അടുത്തിടെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മസഗോൺ ഡോക്ക് ഷിപ്പ്
ബിൽഡേഴ്‌സ് ലിമിറ്റഡും ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സും ചേർന്ന് പ്രോജക്ട് 17A യുടെ ഭാഗമായി നിർമ്മിച്ച മൂന്നാമത്തെ
യുദ്ധക്കപ്പലാണ് ഐ.എൻ.എസ് താരഗിരി. ഐ.എൻ.എസ് നീലഗിരി, ഐ.എൻ.എസ് ഉദയഗിരി എന്നിവയാണ്
ആദ്യത്തെയും രണ്ടാമത്തെയും യുദ്ധക്കപ്പലുകൾ. ഹിമാലയത്തിലെ ഗർവാളിൽ സ്ഥിതിചെയ്യുന്ന
ഒരു കുന്നിന്റെ പേരാണ് താരഗിരി. സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റുകളുടെ ഒരു
പരമ്പര നിർമിക്കുന്നതിനായി 2019ൽ ഇന്ത്യൻ നാവികസേന പ്രോജക്ട് 17A ആൽഫ ഫ്രിഗേറ്റുകൾ വിക്ഷേപിച്ചു.
◆ ഐ.എൻ.എസ്
വാഗിർ : നാവികസേനയുടെ പ്രോജക്ട് 75ന്റെ ഭാഗമായി നിർമിച്ച കൽവാരി
ശ്രേണിയിൽപ്പെട്ട അഞ്ചാമത്തെ അന്തർവാഹിനിയായ ഐ.എൻ.എസ് വാഗിർ 2023 ജനുവരി 23ന് രാഷ്ട്രത്തിന് സമർപ്പിച്ചു.
പ്രതിരോധമേഖലയിൽ ആത്മനിർഭർ ഭാരത്തിന്റെ ഭാഗമായി തദ്ദേശീയമായി മസ്ഗാവ് കപ്പൽശാലയിൽ
നിർമിച്ച അന്തർവാഹിനിയാണിത്. സമുദ്രോപരിതലത്തിലും അടിത്തട്ടിലും എതിരാളികളെ
നേരിടാനുള്ള ശേഷിയുണ്ട്. നിരീക്ഷണം, വിവരശേഖരണം
എന്നീ ദൗത്യങ്ങൾ നിറവേറ്റാനും കഴിയും. അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതി, എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള
കഴിവ് എന്നിവ സവിശേഷതകളാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന മാരകമായ വാഗിർ
സാൻഡ് മത്സ്യത്തിന്റെ പേരാണ് അന്തർവാഹിനിക്ക് നൽകിയത്. ആദ്യ വാഗിർ അന്തർവാഹിനി 1973 ഡിസംബർ മൂന്നിനാണ് നാവികസേനയുടെ
ഭാഗമായത്. റഷ്യയിൽ നിർമിച്ചതായിരുന്നു ഇത്. 28 വർഷത്തെ സേവനത്തിനുശേഷം 2001 ജൂൺ ഏഴിനാണ് ഇതിന്റെ സേവനം
അവസാനിപ്പിച്ചത്. ഫ്രാൻസിലെ M/s
നേവൽ ഗ്രൂപ്പ്
എന്ന കമ്പനിയുമായി ചേർന്ന് മസ്ഗാവ് കപ്പൽശാലയിൽ നിർമ്മിക്കുന്ന സ്‌കോർപീൻ ക്ലാസ്
ആക്രമണ അന്തർവാഹിനി വിഭാഗത്തിൽപ്പെട്ട ആറ് അന്തർവാഹിനികളിൽ അഞ്ചാമത്തേതാണ്
ഐ.എൻ.എസ് വാഗിർ. ഐ.എൻ.എസ് കൽവാരി,
ഐ.എൻ.എസ് ഖണ്ഡേരി, ഐ.എൻ.എസ് കരഞ്ച്, ഐ.എൻ.എസ് വേല എന്നിവയാണ് പ്രോജക്ട് 75ന്റെ ഭാഗമായി നിർമിച്ച ആദ്യ നാല്
അന്തർവാഹിനികൾ.
◆ ഐ.എൻ.എസ്
വേല : ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ മുങ്ങിക്കപ്പലാണ് ഐ.എൻ.എസ് വേല. ഫ്രഞ്ച്
നേവൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ മുംബൈയിലെ മസ്ഗാവ്ഡോക്കിൽ നിർമിച്ച കപ്പൽ 2021 നവംബറിൽ നീറ്റിലിറക്കി. സമുദ്രത്തിലെ
എല്ലാ യുദ്ധമുറകൾക്കും ശേഷിയുള്ള കപ്പലിന് 18 കപ്പൽവേധ മിസൈലുകൾ, 30 മൈനുകൾ സൂക്ഷിക്കാം. ഒരേസമയം എട്ട്
ഓഫീസർമാരടക്കം 43 പേർക്ക് കഴിയാം.
◆ ഐ.എൻ.എസ്
കരഞ്ച് : ഇന്ത്യൻ നാവികസേനയുടെ സമുദ്രോപരിതലത്തിലും കടലിനടിയിലും ഒരുപോലെ ആക്രമണം
നടത്താൻ ശേഷിയുള്ള അന്തർവാഹിനിയാണ് ഐ.എൻ.എസ് കരഞ്ച്. 2018ൽ ഉദ്‌ഘാടനം ചെയ്‌ത കപ്പൽ 2021ലാണ് കമ്മീഷൻ ചെയ്‌തത്. ഫ്രഞ്ച്
കമ്പനിയായ ഡി.സി.എൻ.എസുമായി 2005ൽ ഒപ്പിട്ട കരാർ പ്രകാരം
നിർമ്മിക്കുന്ന ആറ് അന്തർവാഹിനികളിൽ മൂന്നാമത്തേതാണ് ഐ.എൻ.എസ് കരഞ്ച്.
◆ ഐ.എൻ.എസ്
നീലഗിരി : പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്
ലിമിറ്റഡും ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സും ചേർന്ന് പ്രോജക്ട് 17A യുടെ ഭാഗമായി നിർമ്മിച്ച ആദ്യത്തെ
കപ്പലാണ് ഐ.എൻ.എസ് നീലഗിരി. 2019ൽ കടലിലിറക്കി.
◆ ഐ.എൻ.എസ്
ഉദയഗിരി : പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്
ലിമിറ്റഡും ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സും ചേർന്ന് പ്രോജക്ട് 17A യുടെ ഭാഗമായി നിർമ്മിച്ച രണ്ടാമത്തെ
കപ്പലാണ് ഐ.എൻ.എസ് ഉദയഗിരി. 2022ൽ കടലിലിറക്കി.
◆ ഐ.എൻ.എസ്
സൂററ്റ് : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിശാഖപട്ടണം ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ്
മിസൈൽ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട നാലാമത്തേതും അവസാനത്തേതുമായ കപ്പലാണ്
ഐ.എൻ.എസ് സൂററ്റ്. 2022ൽ കടലിലിറക്കി.
◆ ഐ.എൻ.എസ്
ദുണഗിരി : പ്രോജക്ട് 17A
യുടെ ഭാഗമായി
ഗാർഡൻ റീച്ച് കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച നാവികസേനയുടെ പുതിയക്കപ്പലാണ്
ഐ.എൻ.എസ് ദുണഗിരി.
◆ ഐ.എൻ.എസ്
സന്ധായക് : ഗാർഡൻ റീച്ച് കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച ഇന്ത്യൻ നേവി
പുറത്തിറക്കിയ ലാർജ് സർവ്വേ വെസ്സൽ.
◆ ഐ.എൻ.എസ്
ധ്രുവ് : ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ആൻഡ് ന്യൂക്ലിയർ മിസൈൽ ട്രാക്കിംഗ് ഷിപ്പ്. 2021ൽ കമ്മീഷൻ ചെയ്‌തു.
◆ ഐ.എൻ.എസ്
തുശിൽ : 2021 ഒക്ടോബറിൽ റഷ്യയിൽ ഇന്ത്യൻ
നാവികസേന സ്വന്തമാക്കിയ P1135.6 ക്ലാസ്സിലെ ഏഴാമത്തെ
സ്റ്റെൽത്ത് ഫ്രിഗേറ്റ്.
◆ ഐ.എൻ.എസ്
വിരാട് : 1959ൽ കമ്മീഷൻ ചെയ്‌ത ഇന്ത്യയുടെ
വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ് വിരാട്. 2016 വരെ ഇത് ഉപയോഗത്തിലുണ്ടായിരുന്നു.
◆ ഐ.എൻ.എസ്
റാണിപത്മിനി : 'അറബിക്കടലിന്റെ റാണി'യായ കൊച്ചിയിലാണ് കേരളത്തിലെ ആദ്യ
കപ്പൽ കടലിലിറക്കിയത്. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കുവേണ്ടി 32 കോടി രൂപ ചെലവിട്ട് 'റാണി പത്മിനി' എന്ന കപ്പൽ 1980 ജനുവരി 28ന് കൊച്ചി ഷിപ്പ്‌യാർഡിൽ നിന്ന് ഉദ്‌ഘാടനം
ചെയ്‌തു.
◆ ഐ.എൻ.എസ്
അരിഹന്ത് : ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ആണവ അന്തർവാഹിനിയാണ് ഐ.എൻ.എസ് അരിഹന്ത്.
ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ള ഐ.എൻ.എസ് അരിഹന്തിന്റെ നിർമാണം 2009ൽ പൂർത്തിയായി. 112 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ള അരിഹന്തിന്റെ
ഭാരശേഷി 6000 ടണ്ണാണ്. 100 സേനാംഗങ്ങളെയും വഹിക്കാനാകും.
◆ ഐ.എൻ.എസ്
സിന്ധുശാസ്ത്ര : ഇന്ത്യയുടെ ആദ്യ മിസൈൽ വാഹക അന്തർവാഹിനിയാണ് ഐ.എൻ.എസ്
സിന്ധുശാസ്ത്ര. 73 മീറ്റർ നീളമുള്ള ഐ.എൻ.എസ്
സിന്ധുശാസ്ത്ര 1999ൽ ഉദ്‌ഘാടനവും 2000ൽ കമ്മീഷനും ചെയ്‌തു.
◆ ഐ.എൻ.എസ്
സിന്ധുരക്ഷക് : ഇന്ത്യൻ നേവിയുടെ റഷ്യൻ നിർമ്മിത കപ്പലായ ഐ.എൻ.എസ് സിന്ധുരക്ഷക് 1997ലാണ് ഉദ്‌ഘാടനം ചെയ്‌തത്. 2013ൽ മുംബൈ തീരത്തുവച്ച് തീപിടിച്ചു
മുങ്ങിയതിനെത്തുടർന്ന് പ്രവർത്തനം നിലച്ചു.
◆ ഐ.എൻ.എസ്
സിന്ധുധ്വജ് : ഇന്ത്യൻ നേവിയുടെ അന്തർവാഹിനി കപ്പലായ ഐ.എൻ.എസ് സിന്ധുധ്വജ് 1987ലാണ് കമ്മീഷൻ ചെയ്‌തത്. 2022 ജൂലൈയിൽ ഇന്ത്യൻ നേവി കപ്പൽ
ഡീക്കമ്മീഷൻ ചെയ്തു.
◆ ഐ.എൻ.എസ്
പോണ്ടിച്ചേരി : മൈനുകൾ നീക്കം ചെയ്യാനുള്ള ഇന്ത്യയുടെ ചെറുകപ്പലായിരുന്നു
ഐ.എൻ.എസ്.പോണ്ടിച്ചേരി. 1978 മുതൽ 2007 വരെ ഇന്ത്യ ആർമിയുടെ ഭാഗമായിരുന്നു. 2007ൽ ഡീക്കമ്മീഷൻ ചെയ്തു.
◆ ഐ.എൻ.എസ്
തല്‍വാര്‍, ഐ.എൻ.എസ് ത്രിശൂല്‍ :
ഇന്ത്യന്‍ നേവിക്കു വേണ്ടി റഷ്യയില്‍ നിര്‍മിച്ച സ്റ്റെല്‍ത്ത് യുദ്ധക്കപ്പലുകൾ.
◆ ഐ.എൻ.എസ്
ശിവാലിക് : ഇന്ത്യന്‍ നേവി തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ സ്റ്റെല്‍ത്ത്
യുദ്ധക്കപ്പല്‍.
◆ ഐ.എൻ.എസ്
പ്രഹാര്‍ : 1997ൽ കമ്മീഷൻ ചെയ്‌ത 40 നോട്ടിനധികം വേഗതയുള്ള ആദ്യത്തെ
ഇന്ത്യൻ മിസൈല്‍ ബോട്ട്.
◆ ഐ.എൻ.എസ്
ഡല്‍ഹി : ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ വിഭാഗത്തിൽ പെടുന്ന ഇന്ത്യയില്‍ നിര്‍മിച്ച
ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യൻ നേവിയുടെ യുദ്ധക്കപ്പലാണ് ഐ.എൻ.എസ് ഡല്‍ഹി. 1997ൽ കമ്മീഷൻ ചെയ്‌ത കപ്പൽ മുംബൈയിലെ
മസഗോൺ ഡോക്കാണ് നിർമിച്ചത്.
◆ ഐ.എൻ.എസ്
ശല്‍ക്കി : ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ച ആദ്യത്തെ അന്തര്‍വാഹിനി.
◆ ഐ.എൻ.എസ്
ചക്ര : ഇന്ത്യന്‍ നാവികസേനയുടെ (റഷ്യയില്‍ നിന്നും പാട്ടത്തിനെടുത്ത) ആദ്യത്തെ
ന്യൂക്ലിയര്‍ അന്തര്‍വാഹിനി. 2021ൽ റഷ്യയ്ക്ക് കൈമാറി.
◆ ഐ.എൻ.എസ്
ബ്രഹ്മപുത്ര : 'കുതിക്കുന്ന കാണ്ടാമൃഗം' എന്നറിയപ്പെടുന്ന ഇന്ത്യൻ കപ്പലാണ്
ഐ.എൻ.എസ്.ബ്രഹ്മപുത്ര. 126 മീറ്റർ നീളമുള്ള ഐ.എൻ.എസ്
ബ്രഹ്മപുത്ര 1994ൽ ഉദ്‌ഘാടനവും 2000ൽ കമ്മീഷനും ചെയ്‌തു.
◆ ഐ.എൻ.എസ്
തരംഗിണി : ഇന്ത്യൻ നാവികസേനയുടെ പ്രഥമ സെയിൽ ട്രെയിനിങ് പായ്ക്കപ്പലാണ് ഐ.എൻ.എസ്
തരംഗിണി. ലോകപര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പായ്ക്കപ്പലാണ് ഐ.എൻ.എസ് തരംഗിണി.
കോളിൻ മഡ്ഡി എന്ന ബ്രിട്ടീഷ് ഡിസൈനറാണ് ഐ.എൻ.എസ് തരംഗിണി രൂപകൽപ്പന ചെയ്‌തത്. ഗോവ
ഷിപ്പ്യാർഡാണ് നിർമ്മിച്ചത്. 54 മീറ്റർ നീളമുള്ള തരംഗിണി 1995ൽ ഉദ്‌ഘാടനവും 1997 നവംബർ 11ന് കമ്മീഷനും ചെയ്‌തു. ലോകയാൻ 07 എന്നാണ് 2007ൽ തരംഗിണി നടത്തിയ ലോകപര്യടനം
അറിയപ്പെടുന്നത്. 2022ൽ കൊച്ചിയിൽ നിന്നും
പുറപ്പെട്ടശേഷം ഏഴ് മാസം തരംഗിണി നടത്തിയ ലോകപര്യടനം അറിയപ്പെടുന്നത് ലോകയാൻ 22 എന്നാണ്.
◆ ഐ.എൻ.എസ്
ജലാശ്വ : വലുപ്പത്തിൽ നാവികസേനയുടെ രണ്ടാമത്തെ വലിയ കപ്പലാണ് ഐ.എൻ.എസ് ജലാശ്വ. 173.7 മീറ്റർ നീളമുള്ള ജലാശ്വയുടെ പരമാവധി
ഭാരശേഷി 16,600 ടണ്ണാണ്. 1968 ഉദ്ഘടനം ചെയ്‌ത ജലാശ്വ 2007ലാണ് കമ്മീഷൻ ചെയ്‌തത്. ഐ.എൻ.എസ്
ജലാശ്വ തുടക്കത്തിൽ അറിയപ്പെട്ടിരുന്നത് യു.എസ്.എസ്.ട്രെന്റൺ എന്നാണ്. മിഷൻ സാഗർ IVന്റെ ഭാഗമായി 1000 മെട്രിക് ടൺ അരി Comoros ദ്വീപിൽ എത്തിച്ചത് ഐ.എൻ.എസ്
ജലാശ്വയിലാണ്.
◆ ഐ.എൻ.എസ്
വിക്രമാദിത്യ : റഷ്യയിൽ നിന്നും പുതുക്കി പണിത ശേഷം ഇന്ത്യ വാങ്ങിയ
വിമാനവാഹിനിയാണ് അഡ്‌മിറൽ ഗോർഷ്കോവ്. അഡ്‌മിറൽ ഗോർഷ്കോവിന് ഇന്ത്യൻ നേവി നൽകിയ
പേരാണ് ഐ.എൻ.എസ് വിക്രമാദിത്യ. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും മികച്ച
വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ് വിക്രമാദിത്യ. 36 യുദ്ധവിമാനങ്ങളെവരെ വഹിക്കാനുള്ള
ശേഷിയുണ്ട്. റഷ്യയുടെ കീവ് വിഭാഗത്തിൽപ്പെട്ട വിമാനവാഹിനിയുടെ പരിഷ്‌കൃത രൂപമാണിത്.
◆ ഐ.എൻ.എസ്
രാജ്പുത്ത് : 41 വർഷത്തെ സർവീസിനു ശേഷം
ഡീക്കമ്മീഷൻ ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ ഡിസ്ട്രോയർ ഷിപ്പാണ്
ഐ.എൻ.എസ് രാജ്പുത്ത്. 1980ലാണ് കമ്മീഷൻ ചെയ്‌തത്.
◆ ഐ.എൻ.എസ്
വിശാഖപട്ടണം : ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് വിശാഖപട്ടണം യുദ്ധക്കപ്പൽ 2021 നവംബറിൽ രാജ്യത്തിന് സമർപ്പിച്ചു.
ഐ.എൻ.എസ് വിശാഖപട്ടണം കമ്മീഷൻ ചെയ്‌തതോടെ അത്യാധുനിക യുദ്ധക്കപ്പലുകൾ
രൂപകല്പനചെയ്യാനും നിർമിക്കാനും കഴിവുള്ള പ്രമുഖ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും
സ്ഥാനംപിടിച്ചു.
◆ ഐ.എൻ.എസ്
കൊൽക്കത്ത : കൊൽക്കത്ത ക്ലാസിൽ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ക്ലാസിൽപ്പെട്ട ആദ്യത്തെ
യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊൽക്കത്ത 2014ൽ
കമ്മീഷൻ ചെയ്‌തു. 7500 ടൺ കേവുഭാരമുള്ള കപ്പലിന് 164 മീറ്റർ നീളവും 18 മീറ്റർ വീതിയുമുണ്ട്. 30 നോട്ടാണ് വേഗം. ഇന്ത്യൻ നാവിക സേന
രൂപകൽപ്പന ചെയ്‌ത കപ്പൽ,
മുംബൈയിലെ മസഗോൺ
ഡോക്കാണ് നിർമിച്ചത്. ആൽഫ പ്രോജക്ട് പ്രകാരമാണ് മിസൈൽ നശീകരണ കപ്പലായ ഐ.എൻ.എസ്
കൊൽക്കത്ത നിർമ്മിച്ചത്.
◆ ഐ.എൻ.എസ്
കൊച്ചി : കൊൽക്കത്ത ക്ലാസിൽ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുദ്ധക്കപ്പലിൽ രണ്ടാമത്തേതാണ്
ഐ.എൻ.എസ് കൊച്ചി. 164 മീറ്റർ നീളവും 7500 ടൺ ഭാരവും 17 മീറ്റർ വീതിയും ഉണ്ട്. മണിക്കൂറിൽ 56 കിലോമീറ്ററാണ് പരമാവധി വേഗത. ഇന്ത്യൻ
നാവിക സേന രൂപകൽപ്പന ചെയ്‌ത കപ്പൽ, മുംബൈയിലെ
മസഗോൺ ഡോക്കാണ് നിർമിച്ചത്. കേരളത്തിന്റെ ചുണ്ടൻ വള്ളവും വാളും പരിചയും കപ്പലിന്റെ
മകുടത്തിൽ കൊത്തിവച്ചിട്ടുണ്ട്. 'ശത്രുവിനെ കീഴടക്കാൻ സായുധ
സജ്ജം' എന്നതാണ് കപ്പലിന്റെ
മുദ്രാവാക്യം.
◆ ഐ.എൻ.എസ്
ചെന്നൈ : ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐ.എൻ.എസ് ചെന്നൈ. 2016 നവംബർ 21ന് കപ്പൽ കടലിലിറക്കി. കൊൽക്കത്ത
ക്ലാസിൽ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുദ്ധക്കപ്പലിൽ മൂന്നാമത്തെതും അവസാനത്തെതുമാണ്
ഐ.എൻ.എസ് ചെന്നൈ. 164 മീറ്റർ നീളമുള്ള കപ്പൽ
മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡാണ് നിർമ്മിച്ചത്. ശത്രുസംഹാരം
എന്നതാണ് കപ്പലിന്റെ മുദ്രാവാക്യം.
◆ ഐ.എൻ.എസ്
സുകന്യ : ഇന്ത്യയുടെ നാവികസേനയുടെ പ്രമുഖ നിരീക്ഷണ കപ്പലാണ് ഐ.എൻ.എസ് സുകന്യ.
◆ ഐ.എൻ.എസ്
ഹിമഗിരി : ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി GRSE ലിമിറ്റഡ് നിർമിച്ച ആദ്യത്തെ പ്രോജക്ട്
17A രഹസ്യ കപ്പൽ.
◆ ഐ.എൻ.എസ്
ദർശക് : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഹൈഡ്രോഗ്രാഫിക് സർവേ ഷിപ്പ്.
◆ ഐ.എൻ.എസ്
ബംഗാരം : അത്യാധുനിക വാർത്താവിനിമയ സംവിധാനങ്ങളുള്ള നാവികസേനയുടെ അതിവേഗ ആക്രമണ
കപ്പൽ.
◆ ഐ.സി.ജി.എസ്
അര്യമാൻ, ഐ.സി.ജി.എസ് അതുല്യ :
പെട്രോളിംഗിനായി കോസ്റ്റ് ഗാർഡ് കമ്മീഷൻ ചെയ്‌ത കപ്പലുകളാണ് അര്യമാൻ, അതുല്യ.
◆ ഐ.സി.ജി.എസ്
വരദ് : ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമ്മീഷൻ ചെയ്‌ത നിരീക്ഷണ കപ്പൽ.
◆ ഐ.സി.ജി.എസ്
വിഗ്രഹ : 2021 ഒക്ടോബറിൽ ഇന്ത്യൻ കോസ്റ്റ്
ഗാർഡിലേയ്ക്ക് കമ്മീഷൻ ചെയ്‌ത Offshore
Patrol Vessel ശ്രേണിയിലെ
ഏഴാമത്തെ കപ്പൽ.
◆ ഐ.സി.ജി.എസ്
ആയുഷ് : 2017ൽ കമ്മീഷൻ ചെയ്‌ത ഇന്ത്യൻ
കോസ്റ്റ് ഗാർഡിന്റെ കപ്പലാണ് ഐ.സി.ജി.എസ് ആയുഷ്. 50 മീറ്റർ നീളമുള്ള ആയുഷ് കള്ളക്കടത്ത്
തടയൽ, തീരദേശ സുരക്ഷ, അടിയന്തര വൈദ്യസഹായം, പരിസ്ഥിതി സംരക്ഷണം, മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം എന്നിവ
ലക്ഷ്യമിടുന്നു.
◆ ഐ.സി.ജി.എസ്
അമോഘ് : ഇന്ത്യൻ തീരദേശ സംരക്ഷണ സേനയ്ക്ക് സ്വന്തമായിട്ടുള്ള അതിവേഗ പെട്രോളിംഗ്
കപ്പൽ.
സംയുക്ത
സൈനിക അഭ്യാസങ്ങൾ (Joint
Military Exercises)
യു.എൻ.ഓയുടെ
ഉത്തരവിന് കീഴിലുള്ള ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ സംയുക്തമായി ആസൂത്രണം
ചെയ്യുന്നതിനും നടത്തുന്നതിനുമായി രാജ്യങ്ങൾ തമ്മിൽ നടത്തുന്ന അഭ്യാസ
പരിശീലനങ്ങളാണ് സംയുക്ത സൈനികാ അഭ്യാസങ്ങൾ. കര-നാവിക-വ്യോമസേനകൾ സംയുക്തമായും
അല്ലാതെയും അന്താരാഷ്ട്രതലത്തിൽ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു.
നാഷണൽ
ഡിഫൻസ് അക്കാദമി (National
Defence Academy)
സ്വാതന്ത്ര്യത്തിന്
മുമ്പുള്ള കാലത്ത് ഇന്ത്യൻ സായുധസേനയിലേക്കുള്ള ഉദ്യോഗസ്ഥരെ
പരിശീലിപ്പിച്ചിരുന്നത് ഇന്ത്യയിലുണ്ടായിരുന്ന മിലിറ്ററി അക്കാദമികളിലായിരുന്നു.
എന്നാൽ റോയൽ ഇന്ത്യൻ നേവിയിലെയും റോയൽ ഇന്ത്യൻ എയർഫോഴ്‌സിലെയും ഓഫീസർമാരെ
പരിശീലിപ്പിച്ചിരുന്നത് ഇംഗ്ലണ്ടിലായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ
കര-വ്യോമ-നാവിക സേനകൾ ഉൾപ്പെടുന്ന സായുധസേനയിലേക്കുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും
പരിശീലിപ്പിക്കാനുള്ള സംവിധാനം ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. കൂടാതെ കൂടുതൽ
യുവജനങ്ങൾ സായുധസേനയിൽ എത്തിത്തുടങ്ങിയതോടെ സ്ഥിരമായ പരിശീലന കേന്ദ്രങ്ങൾ
ആവശ്യമായി വന്നു. അങ്ങനെ 1954ൽ രൂപംകൊണ്ട ഇന്ത്യൻ സായുധ
സേനയുടെ സംയുക്ത സൈനിക പരിശീലകേന്ദ്രമാണ് നാഷണൽ ഡിഫൻസ് അക്കാദമി. കര-വ്യോമ-നാവിക
സേനകളിലേക്ക് ആവശ്യമായ ഓഫീസർമാരെ പരിശീലിപ്പിക്കുന്ന സ്ഥാപനമാണ് നാഷണൽ ഡിഫൻസ്
അക്കാദമി. മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ ഖഡക് വാസ്‌ലയാണ് എൻ.ഡി.എയുടെ ആസ്ഥാനം.
സേവാ പരമോ ധർമ്മ എന്നാണ് എൻ.ഡി.എയുടെ മുദ്രാവാക്യം.
ഏഴിമല
നാവിക അക്കാദമി (Indian
Naval Academy)
കണ്ണൂർ
നഗരത്തിൽ നിന്ന് 35 കിലോമീറ്റർ ദൂരെയാണ് ഏഴിമല
നാവിക അക്കാദമി സ്ഥിതിചെയ്യുന്നത്. 1987
ജനുവരി 17ന് മുൻ പ്രധാനമന്ത്രി രാജീവ്
ഗാന്ധി അക്കാദമിക്ക് തറക്കല്ലിട്ടു. 2005ൽ
അക്കാദമി കമ്മീഷൻ ചെയ്യപ്പെട്ടു. അക്കാദമിക്ക് തറക്കല്ലിട്ട് 22 വർഷത്തെ കാത്തിരിപ്പിനുശേഷം 2009 ജനുവരി എട്ടിന് അന്നത്തെ
പ്രധാനമന്ത്രിയായ മൻമോഹൻ സിങ് നാവിക അക്കാദമി രാഷ്ട്രത്തിന് സമർപ്പിച്ചു. 700 കോടിയിലധികം രൂപയാണ് സർക്കാർ ഈ നാവിക
അക്കാദമിയുടെ നിർമാണത്തിനുവേണ്ടി ചെലവഴിച്ചത്. നേവിയിലെയും കോസ്റ്റ് ഗാർഡിലെയും
ഓഫിസർമാർക്കുള്ള പരിശീലനവും നാവികസേനയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകളും ഇവിടെ
നടത്തിവരുന്നു. നേവൽ അക്കാദമിയുടെ പ്രധാന ഭാഗങ്ങളിലൊന്നാണ് ഐ.എൻ.എച്ച്.എസ് നവജീവനി
എന്ന ആശുപത്രി. ഇവിടത്തെ ബേസ് ഡിപ്പോയാണ് ഐ.എൻ.എസ്.സാമൂതിരി (INS Zamorin). നേവൽ അക്കാദമിയുടെ
പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് ഐ.എൻ.എസ്.സാമൂതിരി. നേവൽ
ആശുപത്രിയുടെയും അക്കാദമിയിൽ പ്രവർത്തിക്കുന്ന മൂന്ന് സ്‌കൂളുകളുടെയും കാര്യങ്ങൾ ഈ
കേന്ദ്രമാണ് നിയന്ത്രിക്കുന്നത്. സായുധസേനാ യൂണിറ്റിന് ലഭിക്കാവുന്ന ഏറ്റവും വലിയ
ബഹുമതിയായ പ്രസിഡന്റ്‌സ് കളർ അവാർഡ് 2019
നവംബറിൽ ഏഴിമല നാവിക അക്കാദമിക്ക് ലഭിച്ചു.
നാവിക
പരിശീലന കേന്ദ്രങ്ങൾ (Indian
Navy Training Centers)
സ്വാതന്ത്ര്യത്തിന്
മുമ്പുള്ള കാലത്ത് റോയൽ ഇന്ത്യൻ നേവി എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ നേവിയിലെ
ഓഫീസർമാരെ പരിശീലിപ്പിച്ചിരുന്നത് ഇംഗ്ലണ്ടിലായിരുന്നു. 1954ൽ ഇന്ത്യയിൽ നാഷണൽ ഡിഫൻസ് അക്കാദമി
രൂപംകൊണ്ടതോടെ നേവൽ ഓഫീസർമാരുടെ പരിശീലന പരിപാടി അവർ ഏറ്റെടുത്തു. എന്നാൽ ഇന്ത്യൻ
നേവിക്കുവേണ്ട മുഴുവൻ ഉദ്യോഗസ്ഥരെയും പരിശീലിപ്പിക്കാനുള്ള സംവിധാനം നാഷണൽ ഡിഫൻസ്
അക്കാദമിക്ക് ഉണ്ടായിരുന്നില്ല. 1969ൽ 'ഇന്ത്യൻ നേവൽ അക്കാദമി' എന്ന പേരിൽ നാവികസേനയ്ക്കുവേണ്ടി
മാത്രമായി കൊച്ചിയിൽ ഒരു താൽകാലിക പരിശീലന കേന്ദ്രം സ്ഥാപിച്ചു. 1970ൽ ഇവിടെനിന്നുള്ള ആദ്യ ബാച്ച്
പുറത്തിറങ്ങി. 1976ൽ അക്കാദമിയുടെ പ്രവർത്തനം
ഗോവയിലെ മൻഡോവിലേക്ക് മാറ്റി. നാവികസേനയിലേയ്ക്ക് കൂടുതൽ യുവജനങ്ങൾ
എത്തിത്തുടങ്ങിയതോടെ സ്ഥിരമായ പരിശീലന കേന്ദ്രങ്ങൾ ആവശ്യമായി വന്നു. അങ്ങനെ
രാജ്യത്തൊട്ടാകെ നിരവധി നാവിക പരിശീലന കേന്ദ്രങ്ങൾ സ്ഥാപിതമായി.
ഇന്ത്യയിലെ
നാവിക പരിശീലന കേന്ദ്രങ്ങൾ
◆ ഐ.എൻ.എസ്
ഗരുഡ (കൊച്ചി) - ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട്
◆ ഐ.എൻ.എസ്
വെണ്ടുരുത്തി (വില്ലിങ്ടൺ ഐലൻഡ്,
കൊച്ചി) - നേവൽ
ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്
◆ ഐ.എൻ.എസ്
കുഞ്ഞാലി (കൊളാബ,
മുംബൈ) -
മ്യൂസിക് ട്രെയിനിങ് സ്‌കൂൾ
◆ ഐ.എൻ.എസ്
ശതവാഹന (വിശാഖപട്ടണം) - സബ്‌മറൈൻ ട്രെയിനിങ് സ്‌കൂൾ
◆ ഐ.എൻ.എസ്
ഗോമന്തക് (വാസ്കോ-ഡാ-ഗാമ,
ഗോവ)
◆ ഐ.എൻ.എസ്
വൽസുര (ജംനഗർ ഗുജറാത്ത്) - ഇലക്ട്രിക്കൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്. സായുധസേനാ
യൂണിറ്റിന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയായ പ്രസിഡന്റ്‌സ് കളർ അവാർഡ് ലഭിച്ച
1942ൽ കമ്മീഷൻ ചെയ്‌ത ഇന്ത്യൻ
നാവിക സേന സ്റ്റേഷനാണ് ഐ.എൻ.എസ് വൽസുര.
◆ ഐ.എൻ.എസ്
അഗ്രണി (കോയമ്പത്തൂർ) - ലീഡർഷിപ്പ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്
◆ ഐ.എൻ.എസ്
ചിൽക്ക (ഖുർദ,
ഒഡീഷ) - നേവൽ
ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്
◆ ഐ.എൻ.എസ്
ദ്രോണാചാര്യ (കൊച്ചി) - ഫയർ ട്രെയിനിങ് സ്‌കൂൾ
◆ ഐ.എൻ.എസ്
ഹംല (മലാഡ് വെസ്റ്റ്,
മുംബൈ) - ഡിഫൻസ്
സ്‌കൂൾ
◆ ഐ.എൻ.എസ്
മണ്ഡോവി (വെർമ്മ,
ഗോവ) - ബോർഡർ
ആൻഡ് ഫിസിക്കൽ ട്രെയിനിങ് സ്‌കൂൾ
◆ ഐ.എൻ.എസ്
ശിവജി (ലോണാവാല,
പൂനെ, മഹാരാഷ്ട്ര) - എഞ്ചിനീറിങ് ട്രെയിനിങ്
ഇൻസ്റ്റിറ്റ്യൂട്ട്
◆ ഐ.എൻ.എസ്
വിശ്വകർമ്മ (വിശാഖപട്ടണം) - Shipwright
School
◆ നേവൽ
മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (കൊളാബ, മുംബൈ)
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേവൽ മെഡിസിൻ
◆ NIETT (വില്ലിങ്ടൺ
ഐലൻഡ്, കൊച്ചി) - നേവൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണൽ ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്
◆ നാഷണൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി (വാസ്കോ-ഡാ-ഗാമ, ഗോവ)
◆ ഇന്റർ-സർവീസസ്
(ഘടക്വാസ്‌ല, പുണെ, മഹാരാഷ്ട്ര) - നാഷണൽ ഡിഫൻസ് അക്കാദമി
◆ ഇന്റർ-സർവീസസ്
(വില്ലിങ്ടൺ, തമിഴ്‌നാട്) - ഡിഫൻസ് സർവീസസ്
സ്റ്റാഫ് കോളേജ്
◆ ഇന്റർ-സർവീസസ്
(ന്യൂഡൽഹി) - നാഷണൽ ഡിഫൻസ് കോളേജ്
വ്യോമസേന
പരിശീലന കേന്ദ്രങ്ങൾ (Airforce
Training Centers)
1932 ഒക്ടോബറിൽ 'റോയൽ ഇന്ത്യൻ എയർഫോഴ്‌സ്' എന്ന പേരിൽ ബ്രിട്ടീഷ് ഇന്ത്യയിലാണ്
ഇന്ത്യൻ എയർഫോഴ്‌സ് സ്ഥാപിതമായത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്ത് റോയൽ ഇന്ത്യൻ
എയർഫോഴ്‌സിലെ പൈലറ്റുമാരെ പരിശീലിപ്പിച്ചിരുന്നത് ലണ്ടനിലായിരുന്നു.
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ എയർഫോഴ്‌സ് രൂപീകൃതമായപ്പോൾ വ്യോമസേനയിലേയ്ക്ക്
കൂടുതൽ യുവജനങ്ങൾ എത്തിത്തുടങ്ങിയതോടെ സ്ഥിരമായ പരിശീലന കേന്ദ്രങ്ങൾ ആവശ്യമായി
വന്നു. അങ്ങനെ രാജ്യത്തൊട്ടാകെ നിരവധി വ്യോമസേന പരിശീലന കേന്ദ്രങ്ങൾ സ്ഥാപിതമായി.
വ്യോമസേനയിൽ ഉദ്യോഗസ്ഥ തലത്തിൽ പൈലറ്റ്, ഉയർന്ന
റാങ്കിലെ എയർഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവരെ പരിശീലിപ്പിക്കാൻ ഇന്ത്യയിൽ നിരവധി
വ്യോമസേനാ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിതമായി. ഇന്ത്യയിലുടനീളമുള്ള വ്യോമസേനാ
പരിശീലന സ്ഥാപനങ്ങൾ താഴെപ്പറയുന്നവയാണ്.
◆ എയർഫോഴ്‌സ്
അഡ്മിനിസ്ട്രേറ്റിവ് കോളേജ് - കോയമ്പത്തൂർ
◆ എയർഫോഴ്‌സ്
അക്കാദമി - ദുണ്ഡിഗൽ (ഹൈദരാബാദ്)
◆ എയർഫോഴ്‌സ്
ടെക്‌നിക്കൽ കോളേജ് - ബംഗളുരൂ
◆ ആർമി
എയർ ഡിഫൻസ് കോളേജ് - ഗോപാൽപൂർ
◆ കോളേജ്
ഓഫ് എയർ വാർഫെയർ - സെക്കന്തരാബാദ്
◆ നാവിഗേഷൻ
ട്രെയിനിങ് സ്‌കൂൾ - ഹൈദരാബാദ്
◆ പാരാട്രൂപ്പേഴ്‌സ്
ട്രെയിനിങ് സ്‌കൂൾ - ആഗ്ര
◆ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് എയറോസ്‌പേസ് മെഡിസിൻ - ബംഗളുരൂ
◆ ഫ്ളയിങ്
ഇൻസ്ട്രക്റ്റേഴ്‌സ് സ്‌കൂൾ - താമ്പരം (ചെന്നൈ)
◆ എയർഫോഴ്‌സ്
സ്‌കൂൾ - ബിഡാർ (കർണാടക)
കരസേന
പരിശീലന കേന്ദ്രങ്ങൾ (Military
Training Centers)
സ്വാതന്ത്ര്യത്തിന്
മുമ്പുള്ള കാലത്ത് ഇന്ത്യൻ ആർമിയിലേക്കുള്ള ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചിരുന്നത്
ഇന്ത്യയിലുണ്ടായിരുന്ന മിലിട്ടറി അക്കാദമികളിലായിരുന്നു. ഇന്ത്യയുടെ ആദ്യകാല
മിലിട്ടറി അക്കാദമികളിൽ ഒന്നായ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് (RIMC) സ്ഥിതിചെയ്യുന്നത്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ്. 1922 മാർച്ച് 13നാണ് RIMC നിലവിൽ വന്നത്. ഇന്ത്യൻ ആർമിയുടെ
ഏറ്റവും വലുതും പഴക്കമുള്ളതുമായ പരിശീലനകേന്ദ്രമാണ് മധ്യപ്രദേശിലെ മോ എന്ന
സ്ഥലത്തുള്ള ഇൻഫന്ററി സ്ക്കൂൾ. സ്വന്തന്ത്ര്യത്തിനുശേഷം കൂടുതൽ യുവജനങ്ങൾ കരസേനയിൽ
എത്തിത്തുടങ്ങിയതോടെ സ്ഥിരമായ പരിശീലന കേന്ദ്രങ്ങൾ ആവശ്യമായി വന്നു. അങ്ങനെ നിരവധി
പരിശീലന കേന്ദ്രങ്ങൾ നിലവിൽ വന്നു. 1961ലാണ്
സൈനിക സ്‌കൂളുകൾ ആരംഭിക്കുന്നത്. സൈനിക സ്‌കൂളുകൾ എന്ന ആശയം അവതരിപ്പിച്ചത്
വി.കെ.കൃഷ്‌ണമേനോനാണ്. സൈനിക ശാസ്ത്രം, യുദ്ധ
കമാൻഡ്, യുദ്ധ തന്ത്രം, അനുബന്ധ സാങ്കേതികവിദ്യകൾ എന്നിവയിൽ
പ്രൊഫഷണൽ സൈനികരെ പരിശീലിപ്പിക്കുന്നതിനായി ഇന്ത്യൻ സായുധസേന ഇന്ത്യയിലുടനീളം
നിരവധി അക്കാദമികളും സ്റ്റാഫ് കോളേജുകളും സ്ഥാപിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട
കരസേന പരിശീലന കേന്ദ്രങ്ങൾ ചുവടെകൊടുത്തിരിക്കുന്നു.
◆ ഇന്ത്യൻ
മിലിട്ടറി അക്കാദമി - ഡെറാഡൂൺ
◆ രാഷ്ട്രീയ
ഇന്ത്യൻ മിലിട്ടറി കോളേജ് - ഡെറാഡൂൺ
◆ ആർമി
കേഡറ്റ് കോളേജ് - ഡെറാഡൂൺ
◆ നാഷണൽ
ഡിഫൻസ് കോളേജ് - ന്യൂഡൽഹി
◆ ആംഡ്
ഫോഴ്‌സ് മെഡിക്കൽ കോളേജ് - പൂനെ
◆ കോളേജ്
ഓഫ് മിലിട്ടറി എഞ്ചിനീറിങ് - പൂനെ
◆ ഓഫീസേഴ്‌സ്
ട്രെയിനിങ് സ്‌കൂൾ - ചെന്നൈ
◆ നാഷണൽ
ഡിഫൻസ് യൂണിവേഴ്‌സിറ്റി - ബിനോല (ഗുർഗോവോൺ, ഹരിയാന)
◆ കോളേജ്
ഓഫ് ഡിഫൻസ് മാനേജ്‌മെന്റ് - സെക്കന്തരാബാദ്
◆ ഡിഫൻസ്
സർവീസസ് സ്റ്റാഫ് കോളേജ് - വെല്ലിംങ്‌ടൺ (ഊട്ടി, തമിഴ്‌നാട്)
◆ നാഷണൽ
ഡിഫൻസ് അക്കാദമി - ഖഡക്ക്വാസല (മഹാരാഷ്ട്ര)
◆ കോളേജ്
ഓഫ് കോംബാറ്റ് (ആർമി വാർ കോളേജ്) - മോ (മധ്യ പ്രദേശ്)
◆ ഹൈ
അൾട്ടിറ്റ്യൂഡ് വാർഫെയർ സ്കൂൾ - ഗുൽമാർഗ് (കാശ്മീർ)
◆ കൗണ്ടർ
- ഇൻസർജൻസി ജംഗിൾ വാർഫെയർ സ്കൂൾ - വെയ്റെങ്ങ്തെ (മിസോറാം)
ഇന്ത്യൻ
സൈനിക നീക്കങ്ങൾ / ഓപ്പറേഷനുകൾ
◆ ഓപ്പറേഷൻ
പോളോ (Operation
Polo)
1948ൽ ഹൈദരാബാദിനെ ഇന്ത്യൻ
യൂണിയനിൽ ലയിപ്പിക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ പോളോ.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹൈദരാബാദിൽ നിലവിൽ വന്ന രാജവംശമാണ് 'നൈസാം'. ഹൈദരാബാദ് സംസ്ഥാനത്തിലെ
ഭരണാധികാരിയുടെ സ്ഥാനപ്പേരായിരുന്നു നൈസാം. 1800ൽ നൈസാം രാജവംശത്തിന്
ബ്രിട്ടീഷുകാരുമായി ഒരു കരാർ ഒപ്പിടേണ്ടിവന്നു. അതോടെ ഭരണകാര്യങ്ങളിൽ
ബ്രിട്ടീഷുകാർ ഇടപെട്ടുതുടങ്ങി. ഇന്ത്യ സ്വാതന്ത്രമാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും
വലിയ നാട്ടുരാജ്യമായിരുന്നു ഹൈദരാബാദ്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ യൂണിയനിൽ
ചേരാൻ ഹൈദരാബാദിലെ ഭരണാധികാരിയായിരുന്ന നൈസാം വിസമ്മതിച്ചിരുന്നു. 1947കളിൽ ഹൈദരാബാദിലെ നൈസാമിന്റെ
ഭരണത്തിനെതിരെ തെലങ്കാന മേഖലകളിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. പ്രക്ഷോഭകാരികളെ
അടിച്ചമർത്താൻ ഹൈദരാബാദിലെ നൈസാം റസാക്കർ എന്ന അർദ്ധസൈനിക വിഭാഗം രൂപവത്കരിച്ചു.
റസാക്കർ രൂപവത്കരിക്കുന്നതിന് വിദേശരാജ്യമായിരുന്ന പാക്കിസ്ഥാന്റെ രഹസ്യ സഹായം
നൈസാമിന് ലഭിച്ചിരുന്നു. ഹൈദരാബാദിലെ പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻ സേന 1948 സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 18 വരെ 'ഓപ്പറേഷൻ പോളോ' എന്ന പേരിൽ സൈനിക നീക്കം നടത്തി.
ഓപ്പറേഷൻ പോളോയിലൂടെ ഇന്ത്യൻ യൂണിയനിൽ ഹൈദരാബാദ് ലയിപ്പിച്ചു.
◆ ഓപ്പറേഷൻ
വിജയ് (Operation
Vijay, 1961)
ഗോവ, ദാമൻ ദിയു എന്നീ പ്രദേശങ്ങളെ
പോർച്ചുഗീസ് അധീനതയിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യൻ കര-നാവിക-വ്യോമസേനകൾ
ഒന്നിച്ചു നടത്തിയ സൈനിക നീക്കമാണ് ഓപ്പറേഷൻ വിജയ് എന്നറിയപ്പെടുന്നത്. 36 മണിക്കൂർ നീണ്ട അക്രമണത്തിനൊടുവിൽ 451 വർഷം നീണ്ട പോർച്ചുഗീസ് ആധിപത്യം
ഗോവയിൽ അവസാനിപ്പിച്ചു. രണ്ടു ദിവസമായി നടന്ന ആക്രമണത്തിൽ ഇന്ത്യക്ക് 22 സൈനികരെയും പോർച്ചുഗീസിന് 30 സൈനികരെയും നഷ്ടപ്പെട്ടു. ഇന്ത്യയുടെ
ഈ നീക്കത്തെ അമേരിക്ക,
ബ്രിട്ടൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ
വിമർഷിച്ചപ്പോൾ സോവിയറ്റ് യൂണിയൻ,
ചൈന, അറബ് രാജ്യങ്ങൾ എന്നിവ പിൻതാങ്ങി. നെഹ്‌റു
പ്രധാനമന്ത്രിയും പ്രതിരോധമന്ത്രി വി.കെ.കൃഷ്ണമേനോനുമായിരുന്നു ഈ സമയത്ത്.
വി.കെ.കൃഷ്ണമേനോന്‍ ഈ നടപടിയെ പോലീസ് ആക്ഷന്‍ എന്നാണ് വിശേഷിപ്പിച്ചത്.
◆ ഓപ്പറേഷൻ
ബ്ലൂസ്റ്റാർ (Operation
Blue Star)
പഞ്ചാബിലെ
സുവർണ്ണക്ഷേത്രത്തിൽ സിഖ് ഭീകരർക്കെതിരെ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ
ബ്ലൂസ്റ്റാർ. അമൃത്സറിലെ സുവർണക്ഷേത്രത്തിൽ തമ്പടിച്ച സിഖ് തീവ്രവാദികളെ തുരത്താൻ
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം നടന്ന സൈനികനടപടിയാണ് ഓപ്പറേഷൻ
ബ്ലൂസ്റ്റാർ. 1984 ജൂൺ ഒന്നിനും എട്ടിനും
ഇടയിലാണ് ഇത് നടന്നത്. ഖാലിസ്ഥാൻ എന്ന പേരിൽ സിഖ് ജനതയ്ക്കായി പ്രത്യേക രാജ്യം
ആവശ്യപ്പെട്ടായിരുന്നു തീവ്രവാദികളുടെ പ്രക്ഷോഭം. ജർണയിൽ സിങ് ബിന്ദ്രൻവാലയുടെ
നേതൃത്വത്തിൽ സായുധരായ പ്രക്ഷോഭകാരികൾ ക്ഷേത്രത്തിൽ തമ്പടിച്ചു. ഇവരെ കീഴ്‌പ്പെടുത്താനാണ്
സൈന്യം ഇറങ്ങിയത്. സൈനികനടപടിയിലും പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട്
തീർഥാടകരായി ക്ഷേത്രത്തിൽ എത്തിയ നൂറുക്കണക്കിന് ആളുകളാണ് അന്ന് മരിച്ചുവീണത്.
ബിന്ദ്രൻവാലയടക്കം ഇരുനൂറോളം തീവ്രവാദികൾ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ കൊല്ലപ്പെട്ടു. ഈ
നടപടി ഒരു സൈനിക വിജയമായിരുന്നെങ്കിലും കേന്ദ്രസർക്കാരിന് ഇതിന്റെ പേരിൽ വളരെയധികം
വിമർശനങ്ങൾ കേൾക്കേണ്ടിവന്നു. ഈ സൈനിക നടപടിക്കുശേഷം 1984 ഒക്ടോബർ 31ന് സിഖുകാരനായ സ്വന്തം കാവൽക്കാരുടെ
വെടിയേറ്റ് ഇന്ദിരാഗാന്ധി മരണമടഞ്ഞു.
◆ ഓപ്പറേഷൻ
വുഡ്റോസ് (1984)
: ഓപ്പറേഷൻ
ബ്ലൂസ്റ്റാറിനെ തുടർന്ന് ഉണ്ടായ പ്രശ്‌നങ്ങളെ അടിച്ചമർത്തുന്നതിനായി
ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം നടത്തിയ സൈനിക നീക്കമാണ് ഓപ്പറേഷൻ വുഡ്റോസ്.
◆ ഓപ്പറേഷൻ
മേഘദൂത് (Operation
Meghdoot)
സിയാച്ചിൻ
മഞ്ഞുമലയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കമാണ്
ഓപ്പറേഷൻ മേഘദൂത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക അതിർത്തിയായ ലൈൻ ഓഫ്
കൺട്രോളിന് വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന മഞ്ഞുമലയാണ് സിയാച്ചിൻ. 1983ൽ പാക്കിസ്ഥാൻ സൈനികമേധാവികൾ സിയാച്ചിൻ
മഞ്ഞുമലയിലേയ്ക്ക് സൈനികരെ അയച്ചുകൊണ്ട് തങ്ങളുടെ അവകാശമുന്നയിക്കാൻ തീരുമാനിച്ചു.
ഇതറിഞ്ഞ ഇന്ത്യ ഒരു സൈനിക ഓപ്പറേഷനിലൂടെ സിയാച്ചിൻ ഗ്ലേഷ്യർ പിടിച്ചടക്കാൻ
പദ്ധതിയിട്ടു. പ്രാചീന കവിയായ കാളിദാസന്റെ
പ്രസിദ്ധകൃതിയുടെ പേര് ഓപ്പറേഷന്റെ രഹസ്യനാമമായി സ്വീകരിച്ചു. ഓപ്പറേഷൻ
അവസാനിച്ചപ്പോഴേക്കും സിയാച്ചിനിൽ ഇരു രാജ്യങ്ങളും സ്ഥാപിച്ച താത്ക്കാലിക
ക്യാമ്പുകൾ സ്ഥിരം ക്യാമ്പുകളായി പരിണമിച്ചു. ഈ സൈനിക ഓപ്പറേഷന്റെ ഫലമായി
ഇന്ത്യയ്ക്ക് സിയാച്ചിൻ മഞ്ഞുമലകളുടെ നിയന്ത്രണം കൈവശപ്പെടുത്താൻ കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിലെ ആദ്യ സൈനിക
നീക്കമായിരുന്നു ഇത്.
◆ ഓപ്പറേഷൻ
ബ്ലാക്ക് തണ്ടർ (Operation
Black Thunder, 1986, 1988)
അമൃത്സറിലെ
സുവർണ ക്ഷേത്രത്തിൽ തമ്പടിച്ച സിഖ് തീവ്രവാദികളെ കീഴടക്കാൻ NSG കമാൻഡോകൾ നടത്തിയ സൈനിക നടപടിയാണ്
ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ ഒന്നും രണ്ടും. 1986ൽ നടന്ന ആദ്യ ഓപ്പറേഷനിൽ 300 കമാൻഡോകളും 700 ബി.എസ്.എഫ് ജവാന്മാരും പങ്കെടുത്തു.
എട്ടുമണിക്കൂർ നീണ്ട പോരാട്ടത്തിൽ 300
തീവ്രവാദികളെ പിടികൂടി. 1988 മെയ് ഒൻപതിന് നടന്ന
രണ്ടാമത്തെ ഓപ്പറേഷൻ,
തീവ്രവാദികളുടെ
കീഴടങ്ങലോടെയാണ് അവസാനിച്ചത്. ഇതിൽ 41
തീവ്രവാദികൾ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർ കീഴടങ്ങുകയും ചെയ്‌തു.
◆ ഓപ്പറേഷൻ
പവൻ (Operation
Pawan)
ശ്രീലങ്കയിലെ
തമിഴ്‌പുലികൾക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കമാണ് ഓപ്പറേഷൻ പവൻ. LTTE യിൽ നിന്നും ശ്രീലങ്കൻ പട്ടണമായ ജാഫ്‌നയുടെ
നിയന്ത്രണം തിരിച്ചുപിടിക്കാൻ ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്‌സിന്റെ നേതൃത്വത്തിൽ 1987 അവസാനം ആരംഭിച്ച സൈനികനടപടിയാണ്
ഓപ്പറേഷൻ പവൻ. ഇന്ത്യ-ശ്രീലങ്ക കരാറനുസരിച്ച് ആയുധം ഉപേക്ഷിക്കാൻ തമിഴ്‌പുലികൾ
തയാറാകാതിരുന്നതാണ് ഈ സൈനികനടപടിക്ക് വഴിവച്ചത്. അതിശക്തമായ ഏറ്റുമുട്ടലാണ്
പിന്നീടുണ്ടായത്. ആയുധബലത്തിലും ഗറില യുദ്ധതന്ത്രങ്ങളിലും മികച്ചുനിന്ന LTTE ഇന്ത്യൻ സേനയ്ക്ക് വൻ
നാശനഷ്ടങ്ങളുണ്ടാക്കി. നിരവധി ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും ചെയ്‌തു.
◆ ഓപ്പറേഷൻ
കാക്ടസ് (Operation
Cactus)
മാലിദ്വീപിലെ
സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യ നടത്തിയ സൈനിക നീക്കമാണ് ഓപ്പറേഷൻ കാക്ടസ്. 1988ൽ മാലിദ്വീപിലെ സർക്കാരിനെ
അട്ടിമറിക്കാൻ ഒരു ശ്രമം നടന്നു. PLOTE എന്നറിയപ്പെടുന്ന
ശ്രീലങ്കൻ തമിഴ് സേനയുടെ സഹായത്തോടെ മാലിദ്വീപുകാരനായ അബ്ദുള്ള ലുത്തൂഫിയുടെ
സംഘമാണ് ഇത് നടത്തിയത്. മാലിദ്വീപ് പ്രസിഡന്റ് സൈനികസഹായം അഭ്യർത്ഥിച്ചതിനെ
തുടർന്ന് ഇന്ത്യൻ സേന വിഷയത്തിൽ ഇടപ്പെട്ടു മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തിന്റെ
നിയന്ത്രണം തിരിച്ചുപിടിക്കുകയും ചെയ്‌തു.
◆ ഓപ്പറേഷൻ
റൈനോ (Operation
Rhino)
അസമിലെ
ULFA വിഘടനവാദികൾക്കെതിരെ ഇന്ത്യ
നടത്തിയ ആക്രമണമാണ് ഓപ്പറേഷൻ റൈനോ. 1991ലാണ്
ഓപ്പറേഷൻ റൈനോ നടത്തിയത്. അസമിലുള്ള ഉൾഫാ തീവ്രവാദികളുടെ ക്യാമ്പുകൾക്കുനേരെ
ഇന്ത്യന്‍ സേന ആക്രമണം നടത്തിക്കൊണ്ട് ഉൾഫാ തീവ്രവാദികളെ കീഴ്‌പ്പെടുത്തി. ഇന്ത്യൻ
ആർമി, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്, അസം റൈഫിൾസ്, സംസ്ഥാന പോലീസ് എന്നിവർ സംയുക്തമായാണ്
സൈനിക നീക്കം നടപ്പാക്കിയത്.
◆ ഓപ്പറേഷൻ
വിജയ് (Operation
Vijay, 1999)
ജമ്മു
കാശ്മീരിലെ കാർഗിൽ നുഴഞ്ഞുകയറ്റം തടയാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കമാണ്
ഓപ്പറേഷൻ വിജയ്. 1999 മെയ്-ജൂൺ മാസങ്ങളുടെ ഇടയിലായി
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കാശ്മീരിലെ കാർഗിലിൽ നടന്ന പോരാട്ടമാണ് കാർഗിൽ
യുദ്ധം. കാർഗിലിൽ ഇന്ത്യയും പാകിസ്ഥാനും തത്വത്തിൽ അംഗീകരിച്ചിരുന്ന അതിർത്തിരേഖ
ലംഘിച്ച് പാക് സൈന്യവും തീവ്രവാദികളും നുഴഞ്ഞു കയറിയതായിരുന്നു യുദ്ധത്തിന് കാരണം.
ബി.എസ്.എഫിലെയും എസ്.എഫ്.എഫിലെയുമൊക്കെ ജവാന്മാർ ഈ യുദ്ധത്തിൽ പങ്കെടുത്തു. യുദ്ധം
കാശ്‌മീർ കലാപകാരികളുടെ സൃഷ്ടിയാണെന്ന് പറഞ്ഞ് പാകിസ്ഥാൻ ആദ്യം
പ്രതിരോധിച്ചെങ്കിലും പാകിസ്ഥാന്റെ പങ്ക് പിന്നീട് വ്യക്തമായി പുറത്തുവന്നു. 'ഓപ്പറേഷൻ വിജയ്' എന്നായിരുന്നു ഈ സൈനിക നടപടിയുടെ പേര്.
ഇന്ത്യൻ എയർഫോഴ്‌സിന്റെ സഹായത്തോടെയാണ് ഇന്ത്യൻ മിലിട്ടറി പാക് കയ്യേറ്റസ്ഥലം
തിരിച്ചുപിടിച്ചത്. 1999 ജൂലൈ 26 കാർഗിൽ വിജയദിവസമായി ആചരിച്ചു.
◆ ഓപ്പറേഷൻ
പരാക്രമം (Operation
Parakram)
ഇന്ത്യൻ
പാർലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ സൈന്യം നടത്തിയ സൈനിക
നീക്കമാണ് ഓപ്പറേഷൻ പരാക്രമം. ലെഷ്‌കറെ തയിബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുടെ
നേതൃത്വത്തിലുള്ള അഞ്ച് തീവ്രവാദികൾ 2001
ഡിസംബർ 13ന് ന്യൂഡൽഹിയിലെ ഇന്ത്യൻ
പാർലമെന്റ് മന്ദിരത്തിൽ ആക്രമണം നടത്തി. സി.ആർ.പി.എഫ് സൈനികരായിരുന്നു ഭീകരരെ
തുരത്താൻ അന്ന് പോരാടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും പാർലമെന്റിന്റെയും
ലേബലുകളുള്ള കാറും വ്യാജ തിരിച്ചറിയൽ കാർഡും സംഘടിപ്പിച്ച തീവ്രവാദികൾ പാർലമെന്റ്
മന്ദിരത്തിലേക്ക് നുഴഞ്ഞുകയറിയാണ് ആക്രമണം നടത്തിയത്. സി.ആർ.പി.എഫ് സുരക്ഷാ
ഉദ്യോഗസ്ഥർ തീവ്രവാദികളെ വധിച്ചു. അഞ്ച് തീവ്രവാദികളും ആറ് പോലീസ് ഉദ്യോഗസ്ഥരും
രണ്ട് സെക്യൂരിറ്റികളും അന്നത്തെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
◆ ഓപ്പറേഷൻ
വജ്രശക്തി (2002)
: ഗാന്ധിനഗറിലെ
അക്ഷർധാം ക്ഷേത്രം ആക്രമിച്ച ഭീകരരെ തുരത്താൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം.
◆ ഓപ്പറേഷൻ
റെയിൻബോ (2004)
: ശ്രീലങ്കയിൽ
സുനാമി ബാധിതരെ സഹായിക്കാൻ ഇന്ത്യൻ നാവികസേന ഓപ്പറേഷൻ.
◆ ഓപ്പറേഷൻ
സിവേവ്‌സ് (2004)
: ആൻഡമാൻ
നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ നാവികസേന നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം.
◆ ഓപ്പറേഷൻ
കൊക്കൂൺ (2004)
: വീരപ്പനെ
പിടിക്കൂടാനായി പ്രത്യേക ദൗത്യസേന നടത്തിയ നീക്കം.
◆ ഓപ്പറേഷൻ
ഗംഭീർ (2005)
: ഇന്തോനേഷ്യയിൽ
ഇന്ത്യൻ നാവികസേന നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം.
◆ ഓപ്പറേഷൻ
സുക്കൂൺ (2006)
: ഇസ്രായേൽ-ലബനൻ
യുദ്ധത്തെത്തുടർന്ന് ഇന്ത്യക്കാരെ അവിടെ നിന്നും ഒഴിപ്പിക്കാനായി ഇന്ത്യൻ നാവികസേന
നടത്തിയ ഓപ്പറേഷൻ.
◆ ഓപ്പറേഷൻ
സൈക്ലോൺ/ ബ്ലാക്ക് ടൊർണാഡോ (2008)
: മുംബൈ
ഭീകരാക്രമണം നടന്ന താജ് ഹോട്ടലിൽ നിന്ന് ഭീകരരെ തുരത്താൻ നടത്തിയ സൈനിക നീക്കം.
◆ ഓപ്പറേഷൻ
നല്ലമല (2009)
: ആന്ധ്രാ
മുഖ്യമന്ത്രി രാജശേഖര റെഡ്ഢി കൊല്ലപ്പെട്ട ഹെലികോപ്റ്റർ ദുരന്തം അന്വേഷിക്കാൻ
നടപ്പാക്കിയ ഓപ്പറേഷൻ.
◆ ഓപ്പറേഷൻ
ഗംഗ പ്രഹാർ (2013)
: ഉത്തരാഖണ്ഡിലെ
പ്രളയ ബാധിത പ്രദേശങ്ങളിൽ ഇന്ത്യൻ കരസേന നടത്തിയ രക്ഷാപ്രവർത്തനം.
◆ ഓപ്പറേഷൻ
റാഹത്ത് (2013)
: ഉത്തരാഖണ്ഡിലെ
പ്രളയ ബാധിത പ്രദേശങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ രക്ഷാപ്രവർത്തനം.
◆ ഓപ്പറേഷൻ
സൂര്യ ഹോപ് (2013)
: ഉത്തരാഖണ്ഡ്
പ്രളയത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം.
◆ ഓപ്പറേഷൻ
വൈപ്പ്ഔട്ട് (2015)
: അസമിലെ
അക്രമണക്കാരികൾക്കെതിരെ നടത്തിയ സൈനിക നീക്കം.
◆ ഓപ്പറേഷൻ
മൈത്രി (2015)
: ഇന്ത്യൻ കരസേന, നേപ്പാൾ ഭൂകമ്പ ബാധിത പ്രദേശത്ത്
നടത്തിയ രക്ഷാപ്രവർത്തനം.
◆ ഓപ്പറേഷൻ
റാഹത്ത് (2015)
: യമൻ-സൗദി
അറേബ്യ യുദ്ധത്തിൽ അകപ്പെട്ടുപോയ ഇന്ത്യക്കാരെ രക്ഷിക്കാൻ സൈന്യം നടത്തിയ
രക്ഷാപ്രവർത്തനം.
◆ ഓപ്പറേഷൻ
ധൻഗു (2016) :
പത്താൻകോട്ടിൽ
നുഴഞ്ഞു കയറിയ ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ ആക്രമണം.
◆ ഓപ്പറേഷൻ
കാം ഡൗൺ (2016)
: കശ്മീർ
പ്രദേശങ്ങളിലെ അക്രമം അവസാനിപ്പിച്ച് സമാധാനം നിലനിർത്താൻ വേണ്ടി ഇന്ത്യൻ കരസേന
ആരംഭിച്ച അഭ്യാസ പരിപാടി.
◆ ഓപ്പറേഷൻ
സങ്കട്മോചൻ (2016)
: കലാപ ബാധിതമായ
ദക്ഷിണ സുഡാണിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനായി
കേന്ദ്ര സർക്കാർ നടപ്പാക്കിയ രക്ഷാപ്രവർത്തനം.
◆ ഓപ്പറേഷൻ
തലാഷ് (2016)
: ഇന്ത്യൻ
വ്യോമസേനയുടെ എ.എൻ.32 വിമാനത്തെ കണ്ടെത്തുന്നതിനായി
നടത്തിയ രക്ഷാപ്രവർത്തനം.
◆ ഓപ്പറേഷൻ
ഇൻസാനിയത് (2017)
: ബംഗ്ലാദേശിലെ
റോഹിംഗ്യാൻ' അഭയാർത്ഥികൾക്ക് സഹായം
നൽകുന്നതിനായി വ്യോമസേന നടത്തിയ രക്ഷാപ്രവർത്തനം.
◆ ഓപ്പറേഷൻ
നിസ്‌താർ (2018)
: യെമനിൽ
വീശിയടിച്ച മെഖ്നു ചുഴലിക്കാറ്റിൽ സെകോട്ര ദ്വീപിൽ ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ
രക്ഷിക്കുന്നതിന് നാവികസേന നടത്തിയ ഓപ്പറേഷൻ.
◆ ഓപ്പറേഷൻ
ബന്ദർ (2019)
: പുൽവാമ
ആക്രമണത്തിനു പകരമായി 2019 ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെ
ബാലക്കോട്ടിൽ നടത്തിയ വ്യോമാക്രമണം.
◆ ഓപ്പറേഷൻ
വാനില്ല (2020)
: മഡഗാസ്ക്കറിലെ
പ്രളയത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിന് ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ.
◆ ഓപ്പറേഷൻ
ഗംഗ (2022) : റഷ്യ - യുക്രൈൻ സംഘർഷത്തിൽ
കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച ദൗത്യമാണ്
ഓപ്പറേഷൻ ഗംഗ. 2022
ഫെബ്രുവരി 26ന് ആരംഭിച്ച ദൗത്യത്തിലൂടെ 25000 ത്തോളം ഇന്ത്യക്കാരെ
സംഘർഷമേഘലയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞു.
