ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ
ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്‌പേസ് റിസർച്ച് (INCOSPAR)
ഐ.എസ്.ആർ.ഓയുടെ
രൂപീകരണത്തിനുമുൻപു തന്നെ ഇന്ത്യയിൽ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങൾ
തുടങ്ങിയിരുന്നു. 1961ൽ ഭാരത സർക്കാർ ബഹിരാകാശ
ഗവേഷണങ്ങളെക്കുറിച്ച് പഠിക്കാനായി ആണവോർജ വകുപ്പിനെ ചുമതലപ്പെടുത്തി. 1962ൽ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്‌പേസ്
റിസർച്ച് (INCOSPAR)
രൂപവത്കരിച്ചു.
സംഘടനയുടെ നിരീക്ഷകനായി ബഹിരാകാശ രംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയ വിക്രം
സാരാഭായിയെ നിയോഗിച്ചു. 1960കളുടെ തുടക്കത്തിൽത്തന്നെ
വിക്രം സാരാഭായി നാസയുമായി കൈകോർത്ത് കൃത്രിമോപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി പുതിയ
സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠിച്ചു. INCOSPARന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ
തുമ്പയിൽ ഭൗമാന്തരീക്ഷണത്തിന് മുകളിലെ പാളികളുടെ ഗവേഷണങ്ങൾക്കായി തുമ്പ
ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ (TERLS) ആരംഭിച്ചു. തുടർന്ന് 1963 നവംബർ 21ന് TERLSൽ നിന്നും ആദ്യ റോക്കറ്റായ നൈക്ക്
അപ്പാച്ചെ വിക്ഷേപിച്ചു. 1969ൽ INCOSPAR ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിക്ക്
കീഴിലുള്ള ഒരു ഉപദേശക സമിതിയാക്കി മാറ്റി. അതിനുശേഷമാണ് ISRO സ്ഥാപിതമാകുന്നത്.
ഐ.എസ്.ആർ.ഒ
(Indian
Space Research Organisation)
ബഹിരാകാശ
ഗവേഷണ മേഖലയിൽ ഐ.എസ്.ആർ.ഒ ലോകത്തിന് നൽകിയ സംഭാവനകൾ വിലമതികാനാകാത്തതാണ്.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങൾ ശ്രദ്ധനേടിയത് ഭാരത സർക്കാർ സ്ഥാപിച്ച ഐ.എസ്.ആർ.ഒ
എന്നറിയപ്പെടുന്ന ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിലൂടെയാണ്. 1969 ഓഗസ്റ്റ് 15 നാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം
(ISRO) നിലവിൽ വന്നത്. ആസ്ഥാന
മന്ദിരമായ 'അന്തരീക്ഷ് ഭവൻ' ബാംഗ്ലൂരിലാണ്. തുടക്കത്തിൽ ആണവോർജ
വകുപ്പിനു കീഴിലായിരുന്ന ഐ.എസ്.ആർ.ഒ 1972
മുതൽ ബഹിരാകാശ വകുപ്പിനു കീഴിലാണ്. ഐ.എസ്.ആർ.ഒ യ്ക്ക് രണ്ട് പ്രധാന റോക്കറ്റ്
വിക്ഷേപണ കേന്ദ്രങ്ങളാണുള്ളത് - തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ
(TERLS, തിരുവനന്തപുരം, കേരളം), സതീഷ് ധവാൻ സ്പേസ് സെന്റർ (SDSC, ശ്രീഹരിക്കോട്ട, ആന്ധ്രാപ്രദേശ്) എന്നിവ.
ഐ.എസ്.ആർ.ഒ
ചെയർമാൻ പദവി അലങ്കരിച്ചവർ
◆ വിക്രം
സാരാഭായി (1963
- 1971)
◆ എം.ജി.കെ.മേനോൻ
(1972)
◆ സതീഷ്
ധവാൻ (1972 -
1984)
◆ യു.ആർ.റാവു
(1984 - 1994)
◆ കെ.കസ്തൂരി
രംഗൻ (1994 -
2003)
◆ ജി.മാധവൻ
നായർ (2003 -
2009)
◆ കെ.രാധാകൃഷ്ണൻ
(2009 - 2014)
◆ ശൈലേഷ്
നായക് (ഇടക്കാല ചെയർമാൻ)
◆ എ.എസ്.കിരൺ
കുമാർ (2015 -
2018)
◆ കെ.ശിവൻ
(2018 - 2022)
◆ എസ്.സോമനാഥ്
(2022 - 2025)
◆ ഡോ. വി. നാരായണൻ (2025 - തുടരുന്നു)
ഐ.എസ്.ആർ.ഒ
യുടെ ബഹിരാകാശ ഏജൻസികളും ആസ്ഥാനങ്ങളും
◆ വിക്രം
സാരാഭായി സ്‌പേസ് സെന്റർ (VSSC)
- തിരുവനന്തപുരം
(കേരളം)
◆ ഐ.എസ്.ആർ.ഒ/സാറ്റലൈറ്റ്
സെന്റർ - ബാംഗളൂർ (കർണാടക)
◆ സതീഷ്
ധവാൻ സ്പേസ് സെന്റർ (SDSC)
- ശ്രീഹരിക്കോട്ട
(ആന്ധ്രാപ്രദേശ്)
◆ തുമ്പ
ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ (TERLS) - തുമ്പ (തിരുവനന്തപുരം)
◆ ലിക്വിഡ്
പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (LPSC)
- വലിയമല
(തിരുവനന്തപുരം,
കേരളം), മഹേന്ദ്രഗിരി (ബാംഗ്ലൂർ, കർണാടക)
◆ സ്‌പേസ്
ആപ്ലിക്കേഷൻ സെന്റർ - അഹമ്മദാബാദ് (ഗുജറാത്ത്)
◆ നാഷണൽ
റിമോട്ട് സെൻസിങ് സെന്റർ (NRSC)
- ഹൈദരാബാദ്
(തെലങ്കാന)
◆ ഐ.എസ്.ആർ.ഒ
ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക്
- ബാംഗ്ലൂർ (കർണാടക)
◆ മാസ്റ്റർ
കൺട്രോൾ ഫെസിലിറ്റി (MCF)
- ഭോപ്പാൽ
(മധ്യപ്രദേശ്),
ഹാസ്സൻ (കർണാടക)
◆ ഐ.എസ്.ആർ.ഒ
ഇനേഷ്യൽ സിസ്റ്റം യൂണിറ്റ് (IISU)
- തിരുവനന്തപുരം
(കേരളം)
◆ ലബോറട്ടറി
ഫോർ ഇലക്ട്രോ - ഓപ്റ്റിക് സിസ്റ്റംസ് - ബാംഗ്ലൂർ (കർണാടക)
◆ ഡവലപ്മെന്റ്
ആൻഡ് എജുക്കേഷണൽ കമ്മ്യൂണിക്കേഷൻ യൂണിറ്റ് - അഹമ്മദാബാദ് (ഗുജറാത്ത്)
◆ ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST) - വലിയമല (തിരുവനന്തപുരം, കേരളം)
◆ ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (IIRS) - ഡെറാഡൂൺ (ഉത്തരാഖണ്ഡ്)
◆ ഫിസിക്കൽ
റിസർച്ച് ലബോറട്ടറി - അഹമ്മദാബാദ് (ഗുജറാത്ത്)
◆ നാഷണൽ
അറ്റ്‌മോസ്ഫറിക് റിസർച്ച് ലബോറട്ടറി - ഗാഡങ്കി (തിരുപ്പതി, ആന്ധ്രാപ്രദേശ്)
◆ നോർത്ത്
- ഈസ്റ്റേൺ സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ - ഷിലോങ് (മേഘാലയ)
◆ സെമി-കണ്ടക്ടർ
ലബോറട്ടറി - ചണ്ഡീഗഡ് (പഞ്ചാബ്)
◆ ആൻട്രിക്‌സ്
കോർപ്പറേഷൻ ലിമിറ്റഡ് - ബാംഗ്ലൂർ (കർണാടക)
◆ സോളാർ
ഒബ്‌സർവേറ്ററി - ഉദയ്‌പൂർ (രാജസ്ഥാൻ)
◆ ഇന്ത്യൻ
ഡീപ് സ്‌പേസ് നെറ്റ്‌വർക്ക് (IDSN)
- ബാംഗ്ലൂർ
(കർണാടക)
◆ ന്യൂ
സ്‌പേസ് ഇന്ത്യാ ലിമിറ്റഡ് - ബാംഗ്ലൂർ (കർണാടക)
◆ ഹ്യൂമൻ
സ്‌പേസ് ഫ്‌ളൈറ്റ് സെന്റർ - ബാംഗ്ലൂർ (കർണാടക)
◆ UR Rao സാറ്റലൈറ്റ്
സെന്റർ (URSC)
- ബാംഗ്ലൂർ
(കർണാടക)
◆ അമോണിയം
പെർക്ലോറൈറ്റ് എക്‌സ്‌പിരിമെന്റൽ പ്ലാന്റ് - ആലുവ (കേരളം)
◆ ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് (IIA) - ബാംഗ്ലൂർ (കർണാടക)
◆ സ്‌പേസ്
ടെക്നോളജി ഇൻക്യുബേഷൻ സെന്റർ - അഗർത്തല NIT (ത്രിപുര)
◆ നെറ്റ്‌വർക്ക്
ഫോർ സ്പേസ് ഒബ്‌ജക്‌ട് ട്രാക്കിംഗ് ആൻഡ് അനാലിസിസ് (NETRA)
തുമ്പ
ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ (TERLS)
വർഷം
1963 നവംബർ 21. തിരുവനന്തപുരം ജില്ലയിലെ തുമ്പ എന്ന
കൊച്ചുഗ്രാമത്തിൽ INCOSPARയുടെ നേതൃത്വത്തിൽ സ്ഥാപിച്ച
ബഹിരാകാശ ഗവേഷണകേന്ദ്രത്തിൽ നിന്ന് 'നൈക്ക്
അപ്പാച്ചേ' എന്ന റോക്കറ്റ്
കുതിച്ചുയർന്നു. ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണമായിരുന്നു അത്! ബഹിരാകാശ
ഗവേഷണങ്ങളിലേക്കുള്ള നമ്മുടെ ആദ്യകാൽവയ്‌പും. ഐക്യരാഷ്ട്ര സംഘടനയുടെ സ്‌പേസ്
റിസർച്ച് കമ്മിറ്റിയുടെ സഹായത്തോടെയാണ് തുമ്പയെ റോക്കറ്റ് വിക്ഷേപണകേന്ദ്രമാക്കി
മാറ്റിയത്. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ഈ റോക്കറ്റ് വിക്ഷേപണത്തിനും
പിന്നീടുള്ള ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിനും ചുക്കാൻ പിടിച്ചു. വിക്രം
സാരാഭായിയെപ്പോലെയുള്ള ശാസ്ത്രജ്ഞന്മാർ അതിന് നേതൃത്വം നൽകി. ഭൂമിയുടെ കാന്തിക
ഭൂമധ്യരേഖയ്ക്ക് സമീപമായാണ് തുമ്പയുടെ സ്ഥാനം. അതിനാലാണ് ഇത് തുമ്പ ഇക്വിറ്റോറിയൽ
റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ എന്നറിയപ്പെടുന്നത്. 1972ൽ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ
വിക്രം സാരാഭായിയുടെ സ്മരണാർത്ഥം വിക്രം സാരാഭായി സ്‌പേസ് സെന്റർ എന്ന്
പുനർനാമകരണം ചെയ്തു. ഇപ്പോൾ ഐഎസ്ആർഒ TERLSൽ
സൗണ്ടിംഗ് റോക്കറ്റുകളുടെ വിക്ഷേപണം നടത്തുന്നു.
വിക്രം
സാരാഭായി സ്‌പേസ് സെന്റർ (VSSC)
തിരുവനന്തപുരത്ത്
തുമ്പയിലും വേളിയിലുമായി സ്ഥിതിചെയ്യുന്ന വിക്രം സാരാഭായ് സ്‌പേസ് സെന്റർ
(വി.എസ്.എസ്.സി) ഐ.എസ്.ആർ.ഓയുടെ കേന്ദ്രങ്ങളിൽ ഏറ്റവും വലുതാണ്. ഉപഗ്രഹവിക്ഷേപണ
വാഹനങ്ങളും അതിനോട് അനുബന്ധിച്ചുള്ള സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുക്കുന്നതിൽ
മികവു പുലർത്തുന്ന കേന്ദ്രമെന്ന പ്രശസ്തി വി.എസ്.എസ്.സിയ്ക്കുണ്ട്. 1962ൽ കേന്ദ്ര സർക്കാരിന്റെ ആണവോർജ
വകുപ്പിന് കീഴിൽ ഇൻകോസ്പാർ നിലവിൽ വന്നപ്പോൾ ഡോ.വിക്രം സാരാഭായ് അതിന്റെ
ചെയർമാനായി നിയമിക്കപ്പെട്ടു. ഇൻകോസ്പാറിന്റെ ആദ്യ ദൗത്യം തുമ്പയിൽ ഗവേഷണ കേന്ദ്രം
തുടങ്ങുകയായിരുന്നു. 1963 നവംബർ 21ന് തുമ്പയിൽ നിന്ന് ആദ്യ റോക്കറ്റ്
പറന്നുയർന്നു. ജിയോ - മാഗ്നറ്റിക് രേഖയുടെ സമീപ സ്ഥലമെന്ന പ്രത്യേകതയായിരുന്നു
തുമ്പ തിരഞ്ഞെടുക്കാനുള്ള കാരണം. 1968
ഫെബ്രുവരി 2ന് അന്നത്തെ
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കേന്ദ്രം ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു. 1971 ഡിസംബർ 31ന് കോവളത്തുവച്ചാണ് ഡോ.വിക്രം സാരാഭായ്
മരണമടഞ്ഞത്. അദ്ദേഹത്തോടുള്ള ആദരവിന്റെ അടയാളമായി തിരുവനന്തപുരം കേന്ദ്രത്തിന്
വിക്രം സാരാഭായ് സ്‌പേസ് സെന്റർ എന്ന പേരു നൽകി. റോക്കറ്റ് ബഹിരാകാശ സാങ്കേതിക
രംഗത്തെ മികച്ച ഗവേഷണങ്ങളോടൊപ്പം തന്നെ ഗ്രാമീണ വിവരകേന്ദ്രം, ടെലി മെഡിസിൻ, ടെലി എഡ്യൂക്കേഷൻ, ദുരന്തനിവാരണ മാനേജ്‌മെന്റ്
എന്നിവയ്ക്കും വി.എസ്.എസ്.സി സാങ്കേതിക സഹായം നൽകുന്നുണ്ട്. ബഹിരാകാശ റോക്കറ്റ്
സാങ്കേതിക വിദ്യയിൽ ഭാരതത്തെ സ്വയം പര്യാപ്തമാക്കുകയും ലോകത്തിന്റെ മുൻനിരയിലേക്ക്
എത്തിക്കുകയുമാണ് തിരുവനന്തപുരത്തുള്ള വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ പ്രധാന
ലക്ഷ്യം.
ഫിസിക്കൽ
റിസർച്ച് ലബോറട്ടറി (PRL)
1947 നവംബറിൽ ചുരുങ്ങിയ
സൗകര്യങ്ങളോടെ വിക്രം സാരാഭായിയുടെ വീട്ടിലാണ് ഫിസിക്കൽ റിസർച്ച് ലബോറട്ടറി (PRL) പ്രവർത്തനം ആരംഭിച്ചത്. ക്രമേണ
ലബോറട്ടറി പ്രശസ്തിയിലേക്കുയർന്നു. 1952
ഫെബ്രുവരിയിൽ സി.വി.രാമനാണ് പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടത്. ശാന്തിസ്വരൂപ്
ഭട്നാഗർ, ഹോമി ജെ.ഭാഭ, കസ്തൂർഭായ് ലാൽഭായ് എന്നീ പ്രഗത്ഭരും
ചടങ്ങിൽ പങ്കെടുത്തു. 1954ൽ പ്രധാന കെട്ടിടം ഉദ്‌ഘാടനം
ചെയ്‌തത് ജവഹർലാൽ നെഹ്രുവായിരുന്നു. പി.ആർ.എല്ലിൽ വിക്രം തന്റെ ഡോക്ടറേറ്റിന്റെ
തുടർ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൂടാതെ വിവരശേഖരണം നടത്താനും കൂടുതൽ
മേഖലകളിലേയ്ക്ക് നിരീക്ഷണം നടത്താനുമൊക്കെ അദ്ദേഹം സമയം കണ്ടെത്തി. ഇതിനിടെ ഹോമി
ജെ.ഭാഭയെ പുതുതായി രൂപീകരിച്ച അറ്റോമിക് എനർജി കമ്മീഷന്റെ സെക്രട്ടറിയായി
നിയമിച്ചത് വിക്രത്തിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകർന്നു. പിൽക്കാലത്ത്
ഐ.എസ്.ആർ.ഓയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുടെ പ്രധാന പഠന ഗവേഷണ കേന്ദ്രമായി
ഫിസിക്കൽ റിസർച്ച് ലബോറട്ടറി മാറി.
സതീഷ്
ധവാൻ സ്പേസ് സെന്റർ (SDSC)
ഐ.എസ്.ആർ.ഒ
യുടെ ഉപഗ്രഹവിക്ഷേപണ കേന്ദ്രമാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ. 2002 ലാണ് ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിന് ഈ
പേരുനൽകിയത്. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹവിക്ഷേപണ കേന്ദ്രം തുടക്കത്തിൽ 'ശ്രീഹരിക്കോട്ട റേഞ്ച് (SHAR)' എന്നാണറിയപ്പെട്ടിരുന്നത്.
ഇപ്പോഴും SHAR
എന്ന പേര്
ഉപയോഗത്തിലുണ്ട്. ഐ.എസ്.ആർ.ഓയുടെ മുൻ ചെയർമാനായ പ്രൊഫ.സതീഷ് ധവാന്റെ
സ്മരണാർത്ഥമാണ് ശ്രീഹരിക്കോട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തെ സതീഷ് ധവാൻ സ്പേസ്
സെന്റർ എന്ന് പുനർനാമകരണം ചെയ്‌തത്. ശ്രീഹരിക്കോട്ടയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചത്
1971 ഒക്ടോബറിലാണ്. മൂന്ന് രോഹിണി
റോക്കറ്റുകളാണ് ഇവിടെ നിന്ന് ആദ്യമായി വിക്ഷേപിച്ചത്. രാജ്യത്തെ ഏക ഉപഗ്രഹവിക്ഷേപണ
കേന്ദ്രമാണിത്.
UR
റാവു
സാറ്റലൈറ്റ് സെന്റർ (URSC)
ഐ.എസ്.ആർ.ഒ
യുടെ കൃത്രിമ ഉപഗ്രഹങ്ങൾ നിർമിക്കുന്ന അനുബന്ധ ഏജൻസിയാണ് ഐ.എസ്.ആർ.ഒ സാറ്റലൈറ്റ്
സെന്റർ. മുൻ ഐ.എസ്.ആർ.ഒ ചെയർമാനും ഐ.എസ്.എ.സിയുടെ സ്ഥാപക ഡയറക്ടറുമായ ഡോ. ഉഡുപ്പി
രാമചന്ദ്ര റാവു (UR
റാവു) വിന്റെ
പേരിൽ 2018 ഏപ്രിൽ 2 മുതൽ യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ
(URSC) എന്ന് പുനർനാമകരണം
ചെയ്യപ്പെട്ടു. ഇപ്പോഴും ഐ.എസ്.ആർ.ഒ സാറ്റലൈറ്റ് സെന്റർ (ISAC) എന്ന പേര് ഉപയോഗത്തിലുണ്ട്. 1972ൽ ബാംഗ്ലൂരിലാണ് ഇന്ത്യൻ സയന്റിഫിക്
സാറ്റലൈറ്റ് പ്രോജക്ടിന്റെ (ISSP)
ഭാഗമായി
ഐ.എസ്.ആർ.ഒ സാറ്റലൈറ്റ് സെന്റർ സ്ഥാപിതമായത്.
Laboratory
for Electro-Optics Systems (LEOS), ISRO Satellite Integration and Testing
Establishment (ISITE) എന്നിവ
URSCയുടെ കീഴിൽ പ്രവർത്തിക്കുന്ന
സംഘടനകളാണ്.
സ്‌പേസ്
ആപ്ലിക്കേഷൻ സെന്റർ (SAC)
ഐ.എസ്.ആർ.ഓയുടെ
പ്രധാനപ്പെട്ട അനുബന്ധ ഏജൻസികളിൽ ഒന്നാണ് സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ (SAC). 1972ൽ സ്ഥാപിതമായ സ്‌പേസ്
ആപ്ലിക്കേഷൻ സെന്ററിന്റെ ആസ്ഥാനം അഹമ്മദാബാദാണ്. ബഹിരാകാശ
പര്യവേഷണത്തെക്കുറിച്ചുള്ള പദ്ധതിരേഖ തയ്യാറാക്കുക എന്ന കടമയാണ് സ്‌പേസ്
ആപ്ലിക്കേഷൻ സെന്റർ വഹിക്കുന്നത്. ഐ.എസ്.ആർ.ഒ ദൗത്യങ്ങൾക്കായുള്ള ബഹിരാകാശ
ഉപകരണങ്ങളുടെ രൂപകൽപ്പനയിലും സാമൂഹിക നേട്ടങ്ങൾക്കായി ബഹിരാകാശ സാങ്കേതികവിദ്യയുടെ
ആപ്ലിക്കേഷനുകളുടെ വികസനത്തിലും പ്രവർത്തനത്തിലും SAC ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കമ്മ്യൂണിക്കേഷൻ,
ബ്രോഡ്‍കാസ്റ്റിംഗ്, നാവിഗേഷൻ, ദുരന്ത നിരീക്ഷണം, കാലാവസ്ഥാ ശാസ്ത്രം, സമുദ്രശാസ്ത്രം, പരിസ്ഥിതി നിരീക്ഷണം, പ്രകൃതിവിഭവ സർവേ എന്നിവ ഈ
ആപ്ലിക്കേഷനുകൾ ഉൾക്കൊള്ളുന്നു. INSAT
ഉപഗ്രഹങ്ങളുടെയും
IRS ഉപഗ്രഹങ്ങളുടെയും
നിർമ്മാണത്തിൽ സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ സുപ്രധാന പങ്ക് വഹിച്ചു.
നാഷണൽ
റിമോട്ട് സെൻസിങ് സെന്റർ (NRSC)
ഇന്ത്യയിൽ
റിമോട്ട് സെൻസിങ് ഉപകരണങ്ങൾ നൽകുന്ന വിവരങ്ങളുടെ ശേഖരണം, സംഭരണം, സംസ്‌കരണം, വിതരണം എന്നിവയ്ക്ക് മുഖ്യപങ്ക്
വഹിക്കുന്ന ഐ.എസ്.ആർ.ഓയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നാഷണൽ റിമോട്ട്
സെൻസിങ് സെന്റർ (NRSC).
തുടക്കത്തിൽ
നാഷണൽ റിമോട്ട് സെൻസിങ് ഏജൻസി (NRSA)
എന്നാണ്
അറിയപ്പെട്ടിരുന്നത്. 2008 സെപ്റ്റംബർ 1 മുതൽ നാഷണൽ റിമോട്ട് സെൻസിങ് സെന്റർ (NRSC) എന്ന് പുനർനാമകരണം
ചെയ്യപ്പെട്ടു. 1974 സെപ്റ്റംബർ രണ്ടിനാണ് നാഷണൽ
റിമോട്ട് സെൻസിങ് ഏജൻസി (NRSA)
സ്ഥാപിതമായത്.
ആൻട്രിക്‌സ്
കോർപ്പറേഷൻ (Antrix
Corporation)
ഇന്ത്യൻ
ബഹിരാകാശ വകുപ്പിന്റെ വാണിജ്യസ്ഥാപനമാണ് ആൻട്രിക്‌സ് കോർപ്പറേഷൻ ലിമിറ്റഡ്. 1992 സെപ്റ്റംബറിൽ സ്ഥാപിതമായ ആൻട്രിക്‌സ്
കോർപ്പറേഷന്റെ ആസ്ഥാനം ബംഗളൂരാണ്. രാജ്യാന്തര തലത്തിൽ ബഹിരാകാശ സേവനങ്ങൾ
ലഭ്യമാക്കുന്ന ഐ.എസ്.ആർ.ഓയുടെ ഏജൻസിയായി പ്രവർത്തിക്കുന്നു. ഇന്ത്യക്ക് ബഹിരാകാശ
രംഗത്തുണ്ടായിരിക്കുന്ന പുരോഗതിയുടെ പശ്ചാത്തലത്തിൽ, മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ
ഭ്രമണപഥത്തിലെത്തിക്കുക എന്നതാണ് ആൻട്രിക്‌സ് കോർപ്പറേഷന്റെ ദൗത്യം. ഇതുവഴി
രാജ്യത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ
ഉപഗ്രഹവിക്ഷേപണം നടത്തിയത് 1999 മെയിലാണ്. PSLV C2 വാഹനത്തിൽ കൊറിയൻ ഉപഗ്രഹമായ
കിറ്റ്‌സാറ്റ് 3നെയും, ജർമൻ ഉപഗ്രഹമായ
ഡി.എൽ.ആർ.ട്യൂബ്സാറ്റിനെയും ഭ്രമണപഥത്തിൽ എത്തിക്കുകയുണ്ടായി. എന്നാൽ ISRO പൂർണമായ തോതിൽ ആദ്യ വാണിജ്യ വിക്ഷേപണം
നടത്തിയത് 2007 ഏപ്രിൽ 23നിനാണ്. PSLV C8 വാഹനത്തിൽ 350 കിലോ ഭാരമുള്ള ഇറ്റലിയുടെ ഏജിൽ
ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു.
ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST)
ഇന്ത്യൻ
ബഹിരാകാശ ഗവേഷണത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബഹിരാകാശ ശാസ്ത്രത്തിലും
ബഹിരാകാശ സാങ്കേതികവിദ്യയിലും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുകയെന്ന
ലക്ഷ്യത്തോടെ 2007ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ
സർവകലാശാലയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST). ഐ.ഐ.എസ്.ടി ഒരു കൽപ്പിത
സർവകലാശാലയാണ്. ഏഷ്യയിലെ ആദ്യത്തെ ബഹിരാകാശ സർവകലാശാലയാണ് IIST. ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിൽ
ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ, ഗവേഷണ പഠനങ്ങൾ നടത്തുക എന്നതാണ് IISTയുടെ ധർമ്മം. തിരുവനന്തപുരം നഗരത്തിൽ
നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ വലിയമലയിലാണ്
IIST സ്ഥിതിചെയ്യുന്നത്.
ഹ്യൂമൻ
സ്‌പേസ് ഫ്ലൈറ്റ് സെന്റർ (HSFC)
ഐ.എസ്.ആർ.ഓയുടെ
കീഴിലുള്ള മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്ന
സ്ഥാപനമാണ് ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ (HSFC). ഗഗൻയാൻ പദ്ധതിയുടെ ചുമതലയും ഹ്യൂമൻ സ്‌പേസ്
ഫ്ലൈറ്റ് സെന്ററിനാണ്. 2019 ജനുവരി 30ന് മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കസ്‌തൂരി
രംഗൻ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്ററിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ബാംഗ്ലൂരിലാണ് HSFCയുടെ ഹെഡ് ക്വാർട്ടേഴ്‌സ്
സ്ഥിതിചെയ്യുന്നത്. 2024ൽ ആഭ്യന്തരമായി വികസിപ്പിച്ച
ജിഎസ്എൽവി-III
റോക്കറ്റിൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ആദ്യ
ദൗത്യമായ ഗഗൻയാൻ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
ന്യൂ
സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (NSIL)
ഐ.എസ്.ആർ.ഓയുടെ
ഒരു വാണിജ്യ വിഭാഗവും,
ഇന്ത്യാ
ഗവൺമെന്റിന്റെ പൊതുമേഖലാ സ്ഥാപനവുമാണ് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (NSIL). വ്യവസായ കൺസോർഷ്യത്തിന്റെ
സഹായത്തോടെ ലോഞ്ച് വെഹിക്കിൾ നിർമ്മിക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും
സംയോജിപ്പിക്കുന്നതിനുമായി 2019 മാർച്ച് ആറിന് സ്ഥാപിതമായ
ഐ.എസ്.ആർ.ഓയുടെ അനുബന്ധ ഏജൻസിയാണ് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ്. 2019 ജൂലൈ 5ന് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായ
നിർമ്മല സീതാരാമൻ നടത്തിയ ബജറ്റ് പ്രസംഗത്തിലൂടെ പൊതുമേഖലയിൽ ന്യൂ സ്‌പേസ് ഇന്ത്യ
ലിമിറ്റഡ് എന്ന സ്ഥാപനം സ്ഥാപിച്ചതിനെക്കുറിച്ച് പരാമർശിച്ചു. ആൻട്രിക്‌സ്
കോർപ്പറേഷൻ ലിമിറ്റഡിന് ശേഷം ഐ.എസ്.ആർ.ഒ ആരംഭിച്ച രണ്ടാമത്തെ വാണിജ്യ വിഭാഗമാണ്
ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (NSIL).
സാങ്കേതിക
കൈമാറ്റങ്ങളിലൂടെ ഇന്ത്യയിലെ സ്വകാര്യമേഖലയുമായി സഹകരിച്ച് SSLVയും കൂടുതൽ ശക്തിയായ PSLVയും
വൻതോതിൽ ഉൽപ്പാദിപ്പിക്കുകയാണ് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ദൗത്യം.
അതിലൂടെ ഇന്ത്യൻ ബഹിരാകാശ പരിപാടികളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം
വർദ്ധിപ്പിക്കുക എന്നതാണ് NSILന്റെ പ്രധാന ലക്ഷ്യം.
SITE
and STEP Projects of ISRO
സാറ്റലൈറ്റ്
ഇൻസ്ട്രക്ഷണൽ ടെലിവിഷൻ എക്‌സ്പിരിമെന്റ് (SITE)
ഉപഗ്രഹത്തിന്റെ
സഹായത്തോടെ ടെലിവിഷനിലൂടെ ആധുനിക വിദ്യാഭ്യാസ പാഠങ്ങൾ 2400 പിന്നോക്ക ഗ്രാമങ്ങളിൽ എത്തിക്കാനുള്ള
ഒരു പദ്ധതി വിക്രം സാരാഭായ് ആവിഷ്‌ക്കരിച്ചിരുന്നു. ഈ പദ്ധതിയാണ് സൈറ്റ്
(സാറ്റലൈറ്റ് ഇൻസ്ട്രക്ഷണൽ ടെലിവിഷൻ എക്‌സ്പിരിമെന്റ്). നാസയുടെ സാങ്കേതിക
സഹകരണത്തോടെ അമേരിക്കൻ ഉപഗ്രഹമായ ATS - 6
ഉപയോഗിച്ച് നടത്തിയ ഈ പരീക്ഷണം ലോകവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. 1975 ജനുവരി ഒന്നു മുതൽ ഒരു വർഷമാണ് ഈ
പരീക്ഷണം അരങ്ങേറിയത്. നാലുഭാഷകളിലായി ദിവസേന രാവിലെയും വൈകുന്നേരവുമായി
നാലുമണിക്കൂർ നീളുന്നതായിരുന്നു ഈ വിദ്യാഭ്യാസ പരിപാടി. ഗ്രാമങ്ങളിലെ
പൊതുസ്ഥലങ്ങളിൽ ടെലിവിഷനുകളും തരംഗങ്ങൾ സ്വീകരിക്കുന്നതിനുള്ള ഉപകരണങ്ങളും ഈ
പദ്ധതിക്കു വേണ്ടി ഘടിപ്പിച്ചിരുന്നു. ഇതിന്റെ സാങ്കേതിക - സാമൂഹിക പ്രയോജനങ്ങൾ
വിശകലനം ചെയ്‌തിരുന്നത് ഐ.എസ്.ആർ.ഓയുടെ നേതൃത്വത്തിലായിരുന്നു. രാജസ്ഥാൻ, ബീഹാർ, ഒറീസ, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ ആറ് സംസ്ഥാനങ്ങളിലായി 20 ജില്ലകളിലെ 2400 വില്ലേജുകളിലായാണ് പദ്ധതി
നടപ്പിലാക്കിയത്. പൊതുവായ പരിപാടികൾ ഡൽഹി കേന്ദ്രത്തിൽ നിന്നും ഗ്രാമപ്രദേശത്തെ
ടെലിവിഷനുകളിൽ തെളിഞ്ഞു. നിലവിലുള്ള വിദ്യാഭ്യാസ പദ്ധതിയിൽ ഒരു പുതുമ
തന്നെയായിരുന്നു ഇത്. ഏകദേശം 150 ഗ്രാമങ്ങളിൽ വൈദ്യുതിപോലും
എത്തിയിട്ടില്ലായിരുന്നു. അവിടെയൊക്കെ സൗരോർജവും മറ്റും ഉപയോഗിച്ചാണ് പരിപാടി
സംപ്രേക്ഷണം ചെയ്‌തത്.
സാറ്റലൈറ്റ്
ടെലികമ്മ്യൂണിക്കേഷൻ എക്സ്പിരിമെന്റ് പ്രോജക്റ്റ് (STEP)
ഐ.എസ്.ആർ.ഓയും
പോസ്റ്റ് ആൻഡ് ടെലഗ്രാഫ് വകുപ്പും ചേർന്ന് നടപ്പാക്കിയ പദ്ധതിയാണ് സാറ്റലൈറ്റ്
ടെലികമ്മ്യൂണിക്കേഷൻ എക്സ്പിരിമെന്റ് പ്രോജക്റ്റ് (STEP). 1977 ജനുവരി 1 മുതൽ 1979 ജനുവരി 1 വരെയുള്ള കാലയളവിലാണ് ഈ പദ്ധതി
നടപ്പിലാക്കിയത്. ടെലിവിഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ച SITEയുടെ തുടർച്ചയായി വിഭാവനം ചെയ്യപ്പെട്ട
പദ്ധതിയാണ് STEP.
ഫ്രാങ്കോ-ജർമൻ
ഉപഗ്രഹമായ Symphonieയാണ് STEP പദ്ധതിക്കായി ഉപയോഗിച്ചത്.
Launch
Vehicles of ISRO
റീയൂസബിൾ
ലോഞ്ച് വെഹിക്കിൾ - ടെക്നോളജി ഡെമോൺസ്‌ട്രേഷൻ പ്രോഗ്രാം (RLV - TD)
വിക്ഷേപണ
വാഹനത്തിൽ ഘടിപ്പിച്ചാണ് ഉപഗ്രഹങ്ങളും ബാഹിരാകാശ നിലയങ്ങളും ബഹിരാകാശത്ത്
എത്തിക്കുന്നത്. റോക്കറ്റുകളാണ് ഉപഗ്രഹ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ.
സാധാരണ വിക്ഷേപണ വാഹനങ്ങൾ ഒരിക്കൽ ഉപയോഗിച്ചാൽ നശിച്ചുപോകും. അവ വീണ്ടും
ഉപയോഗിക്കാനാവില്ല. റോക്കറ്റിന്റെ ഏതെങ്കിലും ഭാഗങ്ങൾ തിരിച്ചെടുക്കാൻ കഴിഞ്ഞാൽ ആ
ഭാഗം അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കാനാവും. പൂർണമായും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ഇപ്പോഴില്ല. വിമാനം പോലെ ഭൂമിയിൽ ലാൻഡ്
ചെയ്യിച്ച ഏതെങ്കിലും ഭാഗം മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. അമേരിക്കയുടെ
ഫാൽക്കൺ 9 ഫുൾ ത്രസ്റ്റ് റോക്കറ്റും
ഇന്ത്യയുടെ RLV
- TD റോക്കറ്റും
റീയൂസബിൾ റോക്കറ്റുകളാണ്.
2016 മെയ് 23നാണ് ഐ.എസ്.ആർ.ഒ RLV - TD റോക്കറ്റ് വിക്ഷേപിച്ചത്.
ഇന്ത്യയുടെ ആദ്യത്തെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമാണ് RLV - TD. ആദ്യ പരീക്ഷണത്തിൽ വാഹനത്തെ
തിരിച്ചിറക്കിയത് വെള്ളത്തിലാണ്. നിലവിൽ ഐ.എസ്.ആർ.ഒ റീയൂസബിൾ റോക്കറ്റുകളെ
കരയിലിറക്കാനുള്ള പരീക്ഷണങ്ങൾ നടത്താനുള്ള ശ്രമത്തിലാണ്. കർണാടകയിലെ ചിത്രദുർഗ്ഗ
ജില്ലയിലെ ചല്ലകേറ എന്ന സ്ഥലത്താണ് ലാൻഡിംഗ് പാഡ് തയ്യാറാക്കുന്നത്.
സ്‌ക്രാംജെറ്റ്
എൻജിൻ ടെക്‌നോളജി ഡെമോൺസ്‌ട്രേറ്റർ (Scramjet Engine Technology
Demonstator)
ശബ്ദത്തേക്കാൾ
വേഗത്തിൽ കുതിക്കുന്ന വിമാനങ്ങളാണ് സൂപ്പർസോണിക് ജെറ്റ് വിമാനങ്ങൾ. സ്‌ക്രാംജെറ്റ്
ഒരു സൂപ്പർസോണിക് ജെറ്റ് വിമാനമാണ്. റാംജെറ്റ് എന്ന വിഭാഗത്തിലെ പുത്തൻ മാതൃകയാണ്
സ്‌ക്രാംജെറ്റ് എഞ്ചിനുകൾ. സൂപ്പർസോണിക് കംബസ്റ്റിങ് റാംജെറ്റ് എന്നാണ് സ്‌ക്രാംജെറ്റിന്റെ
പൂർണരൂപം. റാംജെറ്റിൽ നിന്ന് വ്യത്യസ്തമായി സൂപ്പർസോണിക് വേഗത്തിലാണ് ഇവ വായു
വലിച്ചെടുക്കുന്നത്. അതുകൊണ്ട് മികച്ച വേഗവും ശക്തിയും നേടാൻ സ്‌ക്രാംജെറ്റിന്
കഴിയുന്നു. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്‌ക്രാംജെറ്റ് എൻജിൻ റഷ്യയാണ്
ആദ്യമായി വിജയകരമായി പരീക്ഷിച്ചത്. 1991ൽ
പിന്നീട് നാസയും മറ്റും സ്‌ക്രാംജെറ്റ് എൻജിനുകൾ വികസിപ്പിച്ചു. റഷ്യ, അമേരിക്ക, യൂറോപ്യൻ സ്‌പേസ് ഏജൻസി എന്നീ
രാജ്യങ്ങൾക്ക് ശേഷം സ്‌ക്രാംജെറ്റ് പരീക്ഷണം വിജയകരമായി നടത്തിയ നാലാമത്തെ
രാജ്യമാണ് ഇന്ത്യ.
എസ്.എൽ.വി
(സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ)
എസ്.എൽ.വിയാണ്
ഉപഗ്രഹ വിക്ഷേപണം വിജയകരമായി നടത്തിയ ഐ.എസ്.ആർ.ഒ യുടെ ആദ്യ വാഹനം. 1979 ഓഗസ്റ്റ് 10ന് നടത്തിയ എസ്.എൽ.വി-3 ന്റെ ആദ്യ വിക്ഷേപണ ദൗത്യം
പരാജയപ്പെട്ടെങ്കിലും 1980 ജൂലൈ 18ന് നടത്തിയ രണ്ടാം ദൗത്യം വിജയകരമായി.
രോഹിണി (ആർ.എസ്-1)
ഉപഗ്രഹത്തെയാണ് ഈ
ദൗത്യത്തിൽ വിജയകരമായി വിക്ഷേപിച്ചത്. നാല് വിക്ഷേപണങ്ങളാണ് എസ്.എൽ.വി
നടത്തിയിട്ടുള്ളത്. എസ്.എൽ.വിയുടെ നാലാമത്തെയും അവസാനത്തെയും വിക്ഷേപണം നടന്നത് 1983 ഏപ്രിൽ 17നാണ്. SLV ന്റെ നാല് വിക്ഷേപണവും നടന്നത്
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ്.
എ.എസ്.എൽ.വി
(Augmented
Satellite Launch Vehicle)
പി.എസ്.എൽ.വി
റോക്കറ്റിന്റെ മുന്നോടിയായുള്ള മിക്ക പരീക്ഷണങ്ങളും നടത്തിയത് എ.എസ്.എൽ.വിയിലാണ്. 1987 മാർച്ച് 24ന് നടത്തിയ എ.എസ്.എൽ.വിയുടെ ആദ്യ
വിക്ഷേപണ ദൗത്യമായ ASLV
D1 പരാജയപെട്ടു.
തുടർന്ന് നടന്ന രണ്ടാമത്തെ ദൗത്യമായ ASLV D2
പരാജയപ്പെടുകയും മൂന്നാമത്തെ ദൗത്യമായ ASLV D3
ഭാഗികമായി വിജയിക്കുകയും ചെയ്‌തു. എ.എസ്.എൽ.വിയുടെ പൂർണമായും വിജയിച്ച ആദ്യ
ദൗത്യമായിരുന്നു ASLV
D4. 1994 മെയ്
നാലിനായിരുന്നു വിക്ഷേപണം. 106
kg ഭാരമുള്ള SROSS C2 എന്ന ഉപഗ്രഹത്തെ വിജയകരമായി
വിക്ഷേപിക്കാൻ എ.എസ്.എൽ.വി D4നു കഴിഞ്ഞു. നാല്
വിക്ഷേപണങ്ങളാണ് എ.എസ്.എൽ.വി നടത്തിയിട്ടുള്ളത്. എസ്.എൽ.വിയുടെ നാലാമത്തെയും
അവസാനത്തെയും വിക്ഷേപണമായിരുന്നു ASLV D4. എ.എസ്.എൽ.വിയുടെ
നാല് വിക്ഷേപണവും നടന്നത് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ
നിന്നാണ്.
ജിയോ
സിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജി.എസ്.എൽ.വി)
ജിയോ
സിൻക്രണസ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ പര്യാപ്തമായ വിക്ഷേപണ വാഹനമാണ്
ജി.എസ്.എൽ.വി. വാർത്താവിനിയ ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കുക എന്ന
ലക്ഷ്യത്തോടെയാണ് ഐ.എസ്.ആർ.ഒ ജി.എസ്.എൽ.വി റോക്കറ്റ് വികസിപ്പിച്ചത്. ജിയോ
സിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്നാണ് മുഴുവൻ പേര്. 2001 ഏപ്രിൽ 18നാണ് ജി.എസ്.എൽ.വി ഉപയോഗിച്ചുള്ള ആദ്യ
വിക്ഷേപണം നടന്നത്. ജിസാറ്റ് 1 എന്ന പരീക്ഷണ ഉപഗ്രഹത്തെ
ഭ്രമണപഥത്തിലെത്തിച്ചു. GSLV
മാർക്ക് I, GSLV മാർക്ക് II, GSLV മാർക്ക് III എന്നിവയാണ് ജി.എസ്.എൽ.വിയുടെ വിവിധ
വിക്ഷേപണ വാഹനങ്ങൾ. ഇതിൽ GSLV
മാർക്ക് III ഒഴിച്ച് മറ്റു രണ്ട് വാഹനങ്ങളിലായി 2021 ഓഗസ്റ്റ് 12 വരെ നടത്തിയ 14 വിക്ഷേപണങ്ങളിൽ നാലെണ്ണം
പരാജയമായിരുന്നു. ഇൻസാറ്റ് - 4CR,
എഡ്യുസാറ്റ്, ജിസാറ്റ് - 1, ജിസാറ്റ് - 2, ജിസാറ്റ് - 14, ജിസാറ്റ് - 6, ഇൻസാറ്റ് 3DR, ജിസാറ്റ് - 9, ജിസാറ്റ് - 6A, ജിസാറ്റ് - 7A എന്നിവയാണ് GSLV മാർക്ക് I ലും GSLV മാർക്ക് II ലുമായി വിജയകരമായി വിക്ഷേപിച്ച
ഉപഗ്രഹങ്ങൾ. GSLV
മാർക്ക് I എന്നത് റഷ്യൻ ടെക്‌നോളജി ഉപയോഗിച്ച
റോക്കറ്റുകളാണ്. ഇവ 2001 മുതൽ 2010 വരെ ഉപയോഗിച്ചുപോരുന്നു.
ജി.എസ്.എൽ.വി
മാർക്ക് III
ജി.എസ്.എൽ.വി
വിഭാഗത്തിൽ പെടുന്ന ഈ റോക്കറ്റ് മൂന്നു ഘട്ടങ്ങളുള്ള വിക്ഷേപണ വാഹനമാണ്.
ജി.എസ്.എൽ.വി റോക്കറ്റിന്റെ പരിഷ്‌കരിച്ച രൂപമാണ് ജി.എസ്.എൽ.വി മാർക്ക് III. ജി.എസ്.എൽ.വിയെക്കാൾ ഉയർന്ന
വാഹകശേഷിയുള്ള മാർക്ക് III
അമേരിക്കയുടെ 'ഫാൾക്കൻ' 9 എന്ന ആധുനിക റോക്കറ്റിനോട്
കിടപിടിക്കും. 43.4 മീറ്റർ ഉയരവും നാലുമീറ്റർ
വ്യാസവും 6,40,000 കിലോ ഭാരവുമുള്ള പടുകൂറ്റൻ
റോക്കറ്റാണ് ജി.എസ്.എൽ.വി മാർക്ക് III. രണ്ടുതരം
ഭ്രമണപഥങ്ങളിലേക്കായി 8000 കിലോഗ്രാമും 4000 കിലോഗ്രാമും വീതമുള്ള പേലോഡുകൾ
കൊണ്ടുപോകാൻ ഈ റോക്കറ്റിന് ശേഷിയുണ്ട്. 2014
ഡിസംബർ 18ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ്
ജി.എസ്.എൽ.വി മാർക്ക് III
ആദ്യമായി
വിക്ഷേപിച്ചത്. ആദ്യഘട്ടത്തിൽ ഖര ഇന്ധന എഞ്ചിനും രണ്ടാം ഘട്ടത്തിൽ ദ്രവ ഇന്ധനം
കൊണ്ട് പ്രവർത്തിക്കുന്ന രണ്ടു വികാസ് എഞ്ചിനും മൂന്നാം ഘട്ടത്തിൽ CE 20 എന്ന ക്രയോജനിക് റോക്കറ്റ്
എഞ്ചിനുമാണ് ഉപയോഗിക്കുന്നത്.
സ്‌മോള്‍
സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (SSLV)
ചെറിയ
ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിന് ഐ.എസ്.ആർ.ഒ
രൂപകൽപ്പന ചെയ്‌ത ഉപഗ്രഹ വിക്ഷേപണ വാഹനമാണ് സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച്
വെഹിക്കിള്‍ (SSLV).
500 കിലോഗ്രാം
വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ ലോഞ്ച് ഓൺ ഡിമാൻഡ് അടിസ്ഥാനത്തിൽ ഭൂമിയുടെ
ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാൻ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്
കഴിയും. ഐ.എസ്.ആർ.ഒ യുടെ ആദ്യത്തെ എസ്.എസ്.എൽ.വി വാഹനമായ SSLV-D1 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ
ബഹിരാകാശ കേന്ദ്രത്തിൽ നിന്നും 2022 ഓഗസ്റ്റ് ഏഴിന്
വിക്ഷേപ്പിച്ചെങ്കിലും പരാജയപ്പെട്ടു. ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-02 നെയും രാജ്യത്തെ 75 സർക്കാർ സ്‌കൂളുകളിലെ 750 പെൺകുട്ടികൾ ചേർന്നു നിർമ്മിച്ച 'ആസാദി സാറ്റിനെയും' ഭ്രമണപഥത്തിൽ എത്തിക്കാനായിരുന്നു SSLVയുടെ ആദ്യ ദൗത്യം. ബഹിരാകാശ ഗവേഷണ
സ്ഥാപനമായ സ്‌പേസ് കിഡ്‌സിന്റെ നേതൃത്വത്തിൽ ഈ ഉപഗ്രഹ നിർമ്മാണത്തിൽ
പങ്കാളികളായവരിൽ കേരളത്തിലെ മങ്കട, ചേരിയം
എന്നീ ജി.എച്ച്.എസിലെ പത്തു കുട്ടികളും ഉൾപ്പെടുന്നു. ഇന്ത്യ തദ്ദേശീയമായി
നിർമ്മിച്ച രണ്ടാമത്തെ വാഹനമായ SSLV-D2
2023 ഫെബ്രുവരി 10ന് വിക്ഷേപിച്ചു. ISROയുടെ EOS 07, അമേരിക്ക ആസ്ഥാനമായ ആന്റിസിസിന്റെ
ജാനസ്-1, ചെന്നൈ ആസ്ഥാനമായ സ്‌പേസ് കിഡ്‌സിന്റെ
ആസാദ് സാറ്റ് 2 എന്നിവയെ SSLV-D2 വിജയകരമായി
ഭ്രമണപഥത്തിലെത്തിച്ചു.
പി.എസ്.എൽ.വി
(Polar
Satellite Launch Vehicle)
ഇന്ത്യയുടെ
ഏറ്റവും വിശ്വസ്തനായ ഉപഗ്രഹ വിക്ഷേപണ വാഹനമാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച്
വെഹിക്കിൾ. ISROയുടെ മൂന്നാം തലമുറ
റോക്കറ്റാണ് പി.എസ്.എൽ.വി. 44m
ഉയരവും 320 ടൺ ഭാരവും 1750 kg വാഹകശേഷിയുമാണ് PSLVയുടെ ഘടകങ്ങൾ. പി.എസ്.എൽ.വിയുടെ 2023 മെയ് 22 വരെ നടത്തിയ 57 വിക്ഷേപണങ്ങളിൽ 54 ഉം വിജയകരമായിരുന്നു.
പി.എസ്.എൽ.വിയുടെ ആദ്യ വിക്ഷേപണം പരാജയമായിരുന്നു. 1994 ഒക്ടോബർ 15ന് PSLV, IRS P2 എന്ന ഉപഗ്രഹത്തെ വിജയകരമായി സൗരസ്ഥിര
ഭ്രമണപഥത്തിൽ എത്തിച്ചു. 2008ലെ ചന്ദ്രയാൻ, 2013ലെ മംഗൾയാൻ, ഇന്ത്യൻ ഗതിനിർണയ ഉപഗ്രഹ ശൃംഖലയായ NAVIC എന്നിവയും PSLV ദൗത്യങ്ങളിലെ നാഴികക്കല്ലാണ്. ലോകത്ത്
ആദ്യമായി 104 ഉപഗ്രഹങ്ങൾ ഒറ്റ
വിക്ഷേപണത്തിൽ പൂർത്തിയാക്കിയ റോക്കറ്റാണ് പി.എസ്.എൽ.വി (PSLV C37). PSLVൽ ഒന്നും മൂന്നും സ്റ്റേജുകളിൽ ഖര
ഇന്ധനവും രണ്ടും നാലും സ്റ്റേജുകളിൽ ദ്രവ ഇന്ധനവും ഉപയോഗിക്കുന്നു. അടുത്തിടെ ISRO, PSLV റോക്കറ്റ് നിർമാണത്തിൽ നിന്നും
പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. ഇനി മുതൽ PSLVയുടെ നിർമ്മാണം സ്വകാര്യ മേഖലയ്ക്ക്
കൈമാറും. ടെസ്റ്റിംഗ്,
അസംബ്ലിങ് എന്നിവ
മാത്രം ISRO നിർവഹിക്കും.
ക്രയോജനിക്
എഞ്ചിൻ (Cryogenic
Rocket Engine)
ക്രയോജനിക്
സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ക്രയോജനിക് ഇന്ധനങ്ങൾ നിർമ്മിക്കുന്നത്. ദ്രാവക
ഹൈഡ്രജനും ദ്രാവക ഓക്‌സിജനും ക്രയോജനിക് ഇന്ധനങ്ങൾക്ക് ഉദാഹരണങ്ങളാണ്.
റോക്കറ്റുകളിലെ ക്രയോജനിക് എഞ്ചിനുകളിൽ സാധാരണയായി ദ്രാവക ഹൈഡ്രജനാണ് ഇന്ധനമായി
ഉപയോഗിക്കുന്നത്. ഹൈഡ്രജനെ -253 ഡിഗ്രി സെൽഷ്യസും ഓക്സിജനെ -183 ഡിഗ്രി സെൽഷ്യസും താപം താഴ്ത്തി
ദ്രാവകരൂപത്തിലാക്കിയാണ് ക്രയോജനിക് എഞ്ചിനുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നത്.
ക്രയോജനിക് എഞ്ചിൻ തദ്ദേശീയമായി വിജയകരമായി വികസിപ്പിച്ചെടുത്ത ആറാമത്തെ രാജ്യമാണ്
ഇന്ത്യ. അമേരിക്ക,
ജപ്പാൻ, ചൈന, റഷ്യ, യൂറോപ്യൻ സ്‌പേസ് ഏജൻസി എന്നിവയാണ്
ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമായി വികസിപ്പിച്ച മറ്റ് രാജ്യങ്ങൾ. ഇന്ത്യ
സ്വന്തമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ
വാഹനമാണ് GSLV
D5. ഇതിന്റെ ആദ്യ
വിക്ഷേപണം 2014 ജനുവരി 5ന് ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു.
വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 14
ആണ് വിക്ഷേപിച്ചത്.
ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ
ആര്യഭട്ട
ഉപഗ്രഹം (Aryabhata
Satellite)
ഇന്ത്യയുടെ
ആദ്യത്തെ കൃത്രിമോപഗ്രഹമാണ് 1975 ഏപ്രിൽ 19ന് വിക്ഷേപിച്ച 'ആര്യഭട്ട'. എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന
ആര്യഭടൻ എന്ന ഗണിതശാസ്ത്രജ്ഞന്റെ സ്മരണാർത്ഥമാണ് ഈ കൃത്രിമോപഗ്രഹത്തിന് ആര്യഭട്ട
എന്ന പേരു നൽകിയത്. ഐ.എസ്.ആർ.ഒ ആണ് ഉപഗ്രഹം നിർമ്മിച്ചത്. എക്സ്റേ, ജ്യോതിശാസ്ത്രം, സൗര ഭൗതികശാസ്ത്രം, വ്യോമയാന വിജ്ഞാനം തുടങ്ങിയവ സംബന്ധമായ
പരീക്ഷണങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് ആര്യഭട്ട നിർമ്മിച്ചത്. റഷ്യയിലെ വോൾഗോഗ്രാഡ്
വിക്ഷേപണകേന്ദ്രത്തിൽ നിന്ന് സോവിയറ്റ് റോക്കറ്റായ 'കോസ്മോസ്' വാഹനത്തിൽ വിക്ഷേപിച്ച ആര്യഭട്ടയ്ക്ക് 360 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളുടെ ആദ്യ ചുവടുവെയ്പ്പായിരുന്നു ആര്യഭട്ടയുടെ
വിക്ഷേപണം.
ഭാസ്‌കര
ഉപഗ്രഹം (Bhaskara
Satellite)
ഇന്ത്യയുടെ
രണ്ടാമത്തെ കൃത്രിമോപഗ്രഹമാണ് ഭാസ്കര I. ആര്യഭട്ടയുടെ
വിക്ഷേപണത്തിനുശേഷം റഷ്യയിലെ വോൾഗോഗ്രാഡിൽ നിന്ന് വിക്ഷേപിച്ച മറ്റ് രണ്ട് ഇന്ത്യൻ
കൃത്രിമോപഗ്രഹങ്ങളാണ് ഭാസ്കര I,
ഭാസ്കര II എന്നിവ. ഇന്ത്യയുടെ ആദ്യത്തെ വിദൂര
സംവേദന പരീക്ഷണ ഉപഗ്രഹമായിരുന്നു ഭാസ്കര I. 1979 ജൂൺ 7ന് വിക്ഷേപിച്ച ഭാസ്കര Iന് 444 കിലോഗ്രാം ഭാരമുണ്ടായിരുന്നു. 1981 നവംബർ 20 നാണ് ഭാസ്കര II വിക്ഷേപിച്ചത്. ഐ.എസ്.ആർ.ഒ ആണ്
ഉപഗ്രഹങ്ങൾ നിർമ്മിച്ചത്. സമുദ്രശാസ്ത്രത്തിന്റെയും ജലശാസ്ത്രത്തിന്റെയും വിവരങ്ങൾ
ശേഖരിക്കുകയായിരുന്നു ഭാസ്കര ഉപഗ്രഹ വിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യം. രണ്ട്
ഉപഗ്രഹങ്ങൾക്കും പുരാതനക്കാലത്ത് ജീവിച്ചിരുന്ന ഇന്ത്യൻ ഗണിതശാസ്ത്രജ്ഞരായ ഭാസ്കര
ഒന്നാമന്റെയും ഭാസ്കര രണ്ടാമന്റെയും പേരുകളാണ് നൽകിയിരിക്കുന്നത്.
രോഹിണി
ഉപഗ്രഹം (Rohini
Satellite)
ഐ.എസ്.ആർ.ഒ
വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ ഒരു സീരീസാണ് രോഹിണി. രോഹിണി സീരീസിൽ നാല് ഉപഗ്രഹങ്ങൾ
ഉൾപ്പെടുന്നു. അവയെല്ലാം സാറ്റലൈറ്റ്
ലോഞ്ച് വെഹിക്കിളിൽ (SLV)
വിക്ഷേപിച്ചു.
അതിൽ മൂന്നെണ്ണം വിജയകരമായി ഭ്രമണപഥത്തിലെത്തി. ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച
ആദ്യ ഉപഗ്രഹമാണ് 'രോഹിണി'. 1979 ഓഗസ്റ്റ് 10നാണ് ആദ്യത്തെ രോഹിണി ഉപഗ്രഹം
വിക്ഷേപിച്ചത്. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനമായ 'എസ്.എൽ.വി' ഉപയോഗിച്ച് വിക്ഷേപിച്ചവയാണ് രോഹിണി
ഉപഗ്രഹങ്ങൾ. ഇതിൽ ആദ്യത്തേത് വിജയകരമായില്ല. രണ്ടാമത്തെ രോഹിണി ഉപഗ്രഹം 1980 ജൂലൈ 18നും മൂന്നാമത്തേത് 1981 മെയ് 31നും നാലാമത്തേത് 1983 ഏപ്രിൽ 17നും വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ
നിന്നാണ് 'രോഹിണി' വിക്ഷേപിച്ചത്.
ആപ്പിൾ
ഉപഗ്രഹം (APPLE
Satellite)
ഇന്ത്യയുടെ
ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് ആപ്പിൾ. പരീക്ഷണാടിസ്ഥാനത്തിലാണ് ഉപഗ്രഹം
വിക്ഷേപിച്ചത്. ഐ.എസ്.ആർ.ഒ നിർമിച്ച ഈ ഉപഗ്രഹം 1981 ജൂൺ 19ന് തെക്കേ അമേരിക്കയിലെ ഫ്രഞ്ച്
ഗയാനയിലെ 'കൗറു' വിക്ഷേപണകേന്ദ്രത്തിൽ നിന്ന്
ബഹിരാകാശത്തേക്ക് കുതിച്ചു. 670 കിലോഗ്രാം ഭാരമുണ്ടായിരുന്ന
ആപ്പിളിനെ ആശ്രയിച്ചാണ് ഇന്ത്യയിലെ റേഡിയോ - ടെലിവിഷൻ മാധ്യമങ്ങൾ പുരോഗമിച്ചത്.
ഇൻസാറ്റ്
ഉപഗ്രഹങ്ങൾ (INSAT
Series)
1983ൽ കമ്മിഷൻ ചെയ്‌തതും ഏഷ്യ
പസഫിക് മേഖലയിലെ ഏറ്റവും വലുതുമായ ഉപഗ്രഹശൃംഖലയാണ് ഇൻസാറ്റ് പരമ്പരയിൽ പെട്ട
ഭൂസ്ഥിര ഉപഗ്രഹങ്ങൾ. ഈ പരമ്പരയിലെ ഉപഗ്രഹങ്ങൾ 1 (A,B,C,D), 2 (A,B,C,D,E), 3
(A,B,C,D,DR,E), 4 (A,B,C,CR) എന്നിവയാണ്.
പ്രധാനമായും വാർത്താവിനിമയത്തിനും ടെലിവിഷൻ പ്രക്ഷേപണത്തിനുമായി ഉപയോഗിക്കുന്ന ഈ
ഉപഗ്രഹങ്ങളിൽ മിക്കവയും ഏരിയൻ സ്‌പേസ് ആണ് ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ളത്.
ബഹിരാകാശ വകുപ്പ്,
ടെലികമ്മ്യൂണിക്കേഷൻ
വകുപ്പ്, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്, ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ എന്നിവയുടെ സംയുക്ത
സംരംഭമാണിത്.
SROSS
ഉപഗ്രഹങ്ങൾ
(Stretched
Rohini Satellite Series)
രോഹിണി
ഉപഗ്രഹത്തിന്റെ തുടർച്ചയായി ഐ.എസ്.ആർ.ഒ വികസിപ്പിച്ച ശാസ്ത്ര പര്യവേഷണ ഉപഗ്രഹമാണ് SROSS (സ്‌ട്രെച്ച്ഡ് രോഹിണി
സാറ്റലൈറ്റ് സിരീസ്). 1987 മാർച്ച് 24ന് SROSS സീരീസിലെ ആദ്യ ഉപഗ്രഹം
വിക്ഷേപിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ 1992 മെയ് 20ന് വിക്ഷേപിച്ച SROSS Cയാണ് വിജയകരമായി വിക്ഷേപിച്ച SROSS സീരിസിലെ ആദ്യ ഉപഗ്രഹം. ASLV D3 ആയിരുന്നു വിക്ഷേപണ വാഹനം. ഐ.എസ്.ആർ.ഒ
ആണ് SROSS സീരിസിലെ ഉപഗ്രഹങ്ങൾ
നിർമ്മിച്ചത്. ആസ്ട്രോഫിസിക്സ്,
എർത്ത് റിമോട്ട്
സെൻസിംഗ്, അപ്പർ അറ്റ്‌മോസ്പിയർ
തുടങ്ങിയവ സംബന്ധമായ പരീക്ഷണങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് SROSS നിർമ്മിച്ചത്.
ശ്രീഹരിക്കോട്ടയിൽ നിന്നാണ് 'SROSS'
വിക്ഷേപിച്ചത്.
ഐ.ആർ.എസ്
ഉപഗ്രഹങ്ങൾ (IRS
Satellites)
പര്യവേഷണം, പ്രകൃതി വിഭവങ്ങളുടെ വിവരം ശേഖരിക്കൽ
എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളാണ് ഐ.ആർ.എസ്. ഭൂമിയെക്കുറിച്ച്, പ്രധാനമായും ഭൗമോപരിതലത്തെക്കുറിച്ച്
കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാണ് ഇവ ഉപയോഗിക്കുന്നത്. റിമോട്ട് സെൻസിങ് എന്ന സാങ്കേതിക
വിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത് ഓരോ
വസ്തുവും ഓരോതരത്തിലാണാലോ. അതിനാൽ പ്രതിഫലിക്കപ്പെട്ട തരംഗങ്ങളെ സെൻസ് ചെയ്താൽ ആ
വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. ഈ തത്ത്വമാണ് ഇവിടെ
ഉപയോഗിക്കപ്പെടുന്നത്. ഇന്ത്യയുടെ ആദ്യ വിദൂര സംവേദന ഉപഗ്രഹമാണ് ഐ.ആർ.എസ് സീരീസിലെ
ആദ്യ ഉപഗ്രഹമായ ഐ.ആർ.എസ് 1A.
ഐ.ആർ.എസ് 1A ഒരു സൗരസ്ഥിര ഉപഗ്രഹമാണ്. IRS 1B, IRS 1C, IRS 1E (പരാജയം), IRS 1D എന്നിവയാണ് ഐ.ആർ.എസ്
പരമ്പരയിലെ ഉപഗ്രഹങ്ങൾ.
ഓഷ്യൻ
സാറ്റ് (Oceansat
Series)
സമുദ്രപഠനങ്ങൾക്കുവേണ്ടിയുള്ള
ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമാണ് ഓഷ്യൻ സാറ്റ് - 1. ഐ.ആർ.എസ്.പി-4 എന്നും ഇതറിയപ്പെടുന്നു. 1999 മെയ് 26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ
സ്പേസ് സെന്ററിൽ നിന്നാണിത് വിക്ഷേപിച്ചത്. സമുദ്രപഠനങ്ങൾക്കുവേണ്ടിയുള്ള
ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹമാണ് ഓഷ്യൻ സാറ്റ് - 2.
ശ്രീഹരിക്കോട്ടയിൽ
നിന്ന് 2009 സെപ്റ്റംബർ 23നാണ് ഓഷ്യൻ സാറ്റ് 2 വിക്ഷേപിച്ചത്. 952 കിലോഗ്രാമാണ് ഓഷ്യൻസാറ്റ് 2ന്റെ ഭാരം. ഓഷ്യൻ സാറ്റ് പരമ്പരയിലെ
മൂന്നാമത്തെ ഉപഗ്രഹമാണ് ഓഷ്യൻ സാറ്റ് - 3. 2022
നവംബർ 26ന് ശ്രീഹരിക്കോട്ടയിൽ
നിന്നാണിത് വിക്ഷേപിച്ചത്.
ജി
സാറ്റ് (Geosynchronous
Satellite, GSAT)
ഇന്ത്യ
തദ്ദേശീയമായി വികസിപ്പിച്ച ആശയവിനിമയ ഉപഗ്രഹങ്ങളാണ് ജിസാറ്റ്. ഇത് ഡിജിറ്റൽ ഓഡിയോ, ഡാറ്റ, വീഡിയോ പ്രക്ഷേപണത്തിനായി
ഉപയോഗിക്കുന്നു.
ടി.ഇ.എസ്
(Technology
Experiment Satellite(TES))
ഇന്ത്യയുടെ
ചാര ഉപഗ്രഹമായി കരുതപ്പെടുന്ന ടെക്‌നോളജി എക്‌സ്‌പിരിമെന്റ് സാറ്റലൈറ്റ് (TES) 2001 ഒക്ടോബർ 22-ന് വിക്ഷേപിച്ചു. ആറ്റിറ്റ്യൂഡ്, ഓർബിറ്റ് കൺട്രോൾ സിസ്റ്റം, ഹൈ-ടോർക്ക് റിയാക്ഷൻ ചക്രങ്ങൾ, പുതിയ റിയാക്ഷൻ കൺട്രോൾ സിസ്റ്റം, ലൈറ്റ് എന്നിവ പോലുള്ള
സാങ്കേതികവിദ്യകൾ തെളിയിക്കാനും സാധൂകരിക്കാനുമുള്ള ഒരു പരീക്ഷണാത്മക ഉപഗ്രഹമാണ്
ടി.ഇ.എസ്. റിമോട്ട് സെൻസിംഗ് പരീക്ഷണങ്ങൾക്കായി TES ഒരു പാൻക്രോമാറ്റിക് ക്യാമറയും
വഹിച്ചു. ഐ.എസ്.ആർ.ഒ ആണ് ഉപഗ്രഹം നിർമ്മിച്ചത്. ശ്രീഹരിക്കോട്ട
വിക്ഷേപണകേന്ദ്രത്തിൽ നിന്ന് 'PSLV
C3' വാഹനത്തിൽ
വിക്ഷേപിച്ച TESന് 1108 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
മെറ്റ്സാറ്റ്
(കല്പന - 1)
(METSAT (Kalpana-1))
ഇന്ത്യയുടെ
ആദ്യ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം. മെറ്റീരിയോളജിക്കൽ സാറ്റലൈറ്റ് (കാലാവസ്ഥാ
നിരീക്ഷണ ഉപഗ്രഹം) അല്ലെങ്കിൽ മെറ്റ്സാറ്റ് എന്ന ഈ ഉപഗ്രഹം പൂർണമായും കാലാവസ്ഥാ
നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഇസ്രോ ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണ്. 2002 സെപ്റ്റംബർ 12ന് വിക്ഷേപിച്ചു. മെറ്റ്സാറ്റ് എന്ന
പേരിലുള്ള ഈ ഉപഗ്രഹത്തിന് 2003ൽ കൊളംബിയ സ്‌പേസ് ഷട്ടിൽ
അപകടത്തിൽ മരിച്ച ബഹിരാകാശ സഞ്ചാരി കല്പന ചൗളയുടെ ബഹുമാനാർഥം ഭാരത സർക്കാർ കല്പന -
1 എന്ന പേരു നൽകി.
റിസോഴ്‌സ്
സാറ്റ് (RESOURCESAT)
ഐ.എസ്.ആർ.ഒ
വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ ഒരു സീരീസാണ് റിസോഴ്‌സ് സാറ്റ്. അതിൽ ആദ്യത്തെ
ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ് - 1
IRS സീരീസിലെ
ഇസ്രോയുടെ പത്താമത്തെ ഉപഗ്രഹമാണ്. രണ്ടാമത്തെ ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ് - 2, 2011 ഏപ്രിൽ 20നും ഒടുവിലത്തെ ഉപഗ്രഹമായ റിസോഴ്‌സ്
സാറ്റ് - 2A
2016 ഡിസംബർ 7നും വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ
നിന്നാണ് 'റിസോഴ്‌സ് സാറ്റ്' ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.
എഡ്യുസാറ്റ്
(EDUSAT/GSAT-3)
ഇന്ത്യയുടെ
സമ്പൂർണ വിദ്യാഭ്യാസ ഉപഗ്രഹമാണ് എഡ്യുസാറ്റ്. 2004 സെപ്റ്റംബർ 20ന് ശ്രീഹരിക്കോട്ടയിൽ നിന്ന്
വിക്ഷേപിച്ച GSAT
3 യാണ്
എഡ്യൂസാറ്റ് എന്നു വിളിക്കപ്പെടുന്നത്. GSLVMK1F01
വാഹനത്തിലാണ് ഉപഗ്രഹത്തെ വിക്ഷേപിച്ചത്. 1950 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണിത്.
എഡ്യൂസാറ്റ് വഴി ഇന്ത്യയിലെ എല്ലാ സ്കൂളുകളിലും കലാലയങ്ങളിലും നേരിട്ട്
വിദ്യാഭ്യാസം എത്തിക്കുവാൻ വേണ്ടി വിഭാവനം ചെയ്‌ത പദ്ധതിയാണ് VICTERS പ്രോഗ്രാം. എഡ്യുസാറ്റിന്റെ
കീഴിലുള്ള ഇന്ത്യയുടെ ആദ്യത്തെ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കാണ് VICTERS. ഈ ഉപഗ്രഹം വഴി പ്രമുഖ
ആശുപത്രികളിൽ ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്താനും കഴിയും.
കാർട്ടോസാറ്റ്
(CARTOSAT)
ഭൂപടങ്ങളും
വിഭവഭൂപടങ്ങളും തയ്യാറാക്കാൻ സഹായിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹങ്ങളാണ്
കാർട്ടോസാറ്റ്. മാപ്പുകൾ,
പ്രത്യേകിച്ച്
ടോപ്പോഗ്രാഫിക്കൽ മാപ്പുകൾ പുതുക്കാൻ ഇവ നൽകുന്ന വിവരങ്ങൾ വളരെ ഉപകാരപ്രദമാണ്.
ഇതിനുപുറമെ വിഭവ ഭൂപട നിർമ്മാണം,
കാട്ടുതീ
കണ്ടെത്തൽ, റോഡുകളും പുഴകളും മാപ്പുചെയ്യൽ, ജലലഭ്യതയുടെ പഠനം, വനത്തിന്റെ അളവുകളെയും തരങ്ങളെയും
കുറിച്ചുള്ള പഠനം തുടങ്ങി അനേകം കാര്യങ്ങൾക്ക് ഇവ ഉപയോഗപ്രദമാണ്.
ശ്രീഹരിക്കോട്ടയിൽ നിന്ന് പി.എസ്.എൽ.വി - C6ൽ 2005 മെയ് 5 നാണ് കാർട്ടോസാറ്റ് - 1 വിക്ഷേപിച്ചത്. കാർട്ടോസാറ്റ് - 1 നൊപ്പം വിക്ഷേപിച്ച ലഘു ഉപഗ്രഹമാണ്
ഹാംസാറ്റ്. അമച്വർ റേഡിയോ സർവീസുകളെ (ഹാം റേഡിയോ) വിപുലീകരിക്കാൻ സഹായിക്കുന്ന
ഉപഗ്രഹമാണിത്.
എസ്.ആർ.ഇ
- 1
(Space Capsule Recovery Experiment, SRE - 1)
ഭ്രമണപഥത്തിൽ
നിന്നും വീണ്ടെടുക്കാൻ കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ എസ്.ആർ.ഇ - 1, 2007 ജനുവരി 10ന് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ
സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 'PSLV C7' വാഹനത്തിൽ വിക്ഷേപിച്ച എസ്.ആർ.ഇ - 1 ന് 550 കിലോഗ്രാം ഭാരമുണ്ടായിരുന്നു. 2007 ജനുവരി 22 ന് എസ്.ആർ.ഇ - 1 ബംഗാൾ ഉൾക്കടലിൽ പതിച്ചു. ഇന്ത്യൻ
നാവിക സേനയും തീരദേശ സംരക്ഷണ സേനയും ചേർന്ന് എസ്.ആർ.ഇ - 1നെ കരയിലെത്തിച്ചതോടെ ഇന്ത്യയും
ഉപഗ്രഹങ്ങളെ തിരികെ ഭൂമിയിലെത്തിക്കാൻ ശേഷിയുള്ള ഏതാനും ചില രാജ്യങ്ങളിലൊന്നായി.
ചന്ദ്രയാൻ
1
(Chandrayaan 1)
ആന്ധ്രാപ്രദേശിലെ
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 2008 ഒക്ടോബർ 22നാണ് ചന്ദ്രയാൻ 1 വിക്ഷേപിച്ചത്. PSLV C11 റോക്കറ്റ് ബഹിരാകാശ
പേടകവുമായി ആകാശത്തേക്ക് കുതിച്ചു. സൂര്യനിൽ നിന്നാണ് ചന്ദ്രയാൻ
പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം ലഭിക്കുന്നത്. സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ
ചന്ദ്രയാന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം നൽകുന്നതിനായി ലിഥിയം അയൺ ബാറ്ററി
ഘടിപ്പിച്ചിരുന്നു. 1308 കിലോഗ്രാം ഭാരമുള്ള ഈ പേടകം
ഏകദേശം 386 കോടി രൂപ ചെലവിൽ നാലു വർഷം
കൊണ്ടാണ് യാഥാർഥ്യമാക്കിയത്. ചന്ദ്രയാൻ 1
ബഹിരാകാശ പേടകത്തിൽ ലൂണാർ ഓർബിറ്റർ, ഇംപാക്റ്റർ
എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ഉണ്ടായിരുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുന്നതോടെ
സ്വയം വിഘടിച്ച് മാറുന്ന രീതിയിലാണ് ഓർബിറ്ററും ഇംപാക്റ്ററും
ബന്ധിപ്പിച്ചിരുന്നത്. ചന്ദ്രനെ വലംവച്ച് നിരീക്ഷണം നടത്തുന്ന റിമോട്ട് സെൻസിങ്
ഉപഗ്രഹമായിരുന്നു ഓർബിറ്റർ. ഭൂമിയിലെ കൺട്രോൾ സെന്ററിൽ നിന്നാണ് ഇതിനെ
നിയന്ത്രിച്ചിരുന്നത്.
2008 നവംബർ എട്ടിന് പേടകം
ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തി. നവംബർ 14ന്
ഓർബിറ്ററും ഇംപാക്റ്ററും വേർപ്പെട്ടു. ഇംപാക്റ്റർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറക്കി.
ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ നിന്ന്
ചന്ദ്രനെ വലംവച്ചുകൊണ്ട് ഓർബിറ്റർ നിരീക്ഷണം ആരംഭിച്ചു. ചന്ദ്രോപരിതലത്തെപ്പറ്റി
വിശദമായി പഠിക്കുകയായിരുന്നു ചന്ദ്രയാൻ 1
ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഐസ് രൂപത്തിൽ
ജലമുണ്ടാകുമെന്ന ധാരണയായിരുന്നു കാരണം. 2009
സെപ്റ്റംബർ 24ന് ചന്ദ്രനിൽ മുൻപ്
കരുതിയിരുന്നതിനേക്കാളധികം ജലമുണ്ടെന്ന സുപ്രധാന കണ്ടെത്തലും ചന്ദ്രയാൻ നടത്തി. 2009 ഓഗസ്റ്റ് വരെ ഓർബിറ്റർ പ്രവർത്തനക്ഷമമായിരുന്നു.
അതിനുശേഷം വാർത്താവിനിമയബന്ധം നഷ്ടമായി. ഭ്രമണപഥത്തിലെത്തി 312 ദിവസത്തിനുശേഷമാണ് ചന്ദ്രയാൻ 1 ദൗത്യം അവസാനിപ്പിച്ചത്. അതിനകം തന്നെ
ലക്ഷ്യത്തിന്റെ 95 ശതമാനവും കൈവരിക്കാൻ
പേടകത്തിന് കഴിഞ്ഞതായി ഐ.എസ്.ആർ.ഒ വ്യക്തമാക്കി. ഇക്കാലയളവിൽ ഓർബിറ്റർ ചന്ദ്രനെ 3400 തവണ വലംവച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ
സ്ഥാപനമായ ഐ.എസ്.ആർ.ഒയുടെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണിത്. ചന്ദ്രനെക്കുറിച്ച്
പഠിക്കാൻ പേടകം വിക്ഷേപിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
റിസാറ്റ്
(RISAT)
ഇന്ത്യ
തദ്ദേശീയമായി നിർമ്മിച്ച റഡാർ ഇമേജിങ് ഉപഗ്രഹമാണ് റിസാറ്റ് - I. റിസാറ്റ് എന്നത് റഡാർ ഇമേജിങ്
സാറ്റലൈറ്റ് എന്നതിന്റെ ചുരുക്കപ്പേരാണ്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ
സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് PSLV C-19 വാഹനത്തിൽ 2012 ഏപ്രിൽ 26നായിരുന്നു വിക്ഷേപണം. 1850 കിലോഭാരമുള്ള ഉപഗ്രഹം തദ്ദേശീയമായി നിർമിച്ചതിൽ
ഏറ്റവും ഭാരമേറിയതാണ്. ദുരന്ത നിവാരണത്തിന് സഹായിക്കുന്ന സംവിധാനവും സൂക്ഷ്‌മ
കാലാവസ്ഥാ നിരീക്ഷണവും ലക്ഷ്യമിട്ടുള്ളതാണ് റിസാറ്റ് - I. ഇതിന്റെ കാലാവധി അഞ്ചു വർഷമാണ്.
ഭൗമനിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് 2,
ദുരന്ത
നിവാരണത്തിന് സഹായകരമാകാൻ പോകുന്ന കൃത്യമോപഗ്രഹമാണ്. PSLV C-12 വാഹനത്തിൽ 2009 ഏപ്രിൽ 20നാണിത് വിക്ഷേപിച്ചത്.
അനുസാറ്റ്
(ANUSAT)
ഐ.എസ്.ആർ.ഒയുടെ
മേൽനോട്ടത്തിൽ ഇന്ത്യയിലെ ഒരു യൂണിവേഴ്‌സിറ്റി നിർമിച്ച ആദ്യത്തെ ഉപഗ്രഹമാണ്
അനുസാറ്റ്. തമിഴ്‌നാട്ടിലെ അണ്ണാ യൂണിവേഴ്‌സിറ്റി നിർമിച്ച അനുസാറ്റ് (Anna University Satellite)
ശ്രീഹരിക്കോട്ടയിലെ
സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് PSLV C-12 വാഹനത്തിൽ 2009 ഏപ്രിൽ 20നാണ് വിക്ഷേപിച്ചത്. ഈ ഉപഗ്രഹത്തിൽ
അമേച്വർ റേഡിയോയും ടെക്നോളജി ഡെമോസ്ട്രേഷൻ പരീക്ഷണങ്ങളും ഉൾപ്പെടുത്തിയിരുന്നു.
വിക്ഷേപിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയ ഐ.എസ്.ആർ.ഒ തന്നെയാണ് ഉപഗ്രഹത്തിന്റെ
വികസനത്തിന് ചെലവ് വഹിച്ചതും.
മേഘാ
ട്രോപിക്സ് (MEGHA-TROPIQUES)
കാലാവസ്ഥാ
വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്നതിന് സഹായിക്കുന്ന ഉപഗ്രഹമാണ് മേഘാ ട്രോപിക്സ്.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 2011 ഒക്ടോബർ 12ന് PSLV C 18 വാഹനത്തിലാണ് മേഘാ ട്രോപിക്സ്
വിക്ഷേപിച്ചത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ജലചക്രം, ഊർജ്ജവിനിമയം എന്നിവയെക്കുറിച്ചുള്ള
വിവരങ്ങൾ ഈ ഉപഗ്രഹം ശേഖരിക്കും. ഇന്ത്യ - ഫ്രാൻസ് സംയുക്ത സംരംഭമാണിത്. 1000 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് മേഘാ
ട്രോപിക്സ്. ജുഗ്നുവിനൊപ്പമായിരുന്നു ഇതിന്റെയും വിക്ഷേപണം.
ജുഗ്നു
ഉപഗ്രഹം (Jugnu
Satellite)
കാൺപുർ
ഐ.ഐ.ടി.യിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് നിർമിച്ച മൂന്നു കിലോ ഭാരമുള്ള
റിമോട്ട് സെൻസിങ് ഉപഗ്രഹമാണ് ജുഗ്നു. ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹമാണിത്. കൃഷി, ദുരന്തനിവാരണം, എന്നിവയ്ക്ക് സഹായിക്കും. 2011 ഒക്ടോബർ 12 നായിരുന്നു ഉപഗ്രഹത്തിന്റെ വിക്ഷേപണം.
ശ്രീഹരിക്കോട്ടയിൽ നിന്നും PSLV
C 18
വാഹനത്തിലായിരുന്നു വിക്ഷേപണം.
സരൾ
ഉപഗ്രഹം (SARAL
Satellite)
സമുദ്ര
പഠനത്തിനുവേണ്ടിയുള്ള ഇന്ത്യയുടേയും ഫ്രാൻസിന്റെയും സംയുക്ത സംരംഭമാണ് സരൾ
ഉപഗ്രഹം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ
നിന്ന് 2013 ഫെബ്രുവരി 25ന് 'PSLV C20' വാഹനത്തിൽ വിക്ഷേപിച്ചു. സമുദ്രങ്ങളുടെ
ഉപരിതലം സൂക്ഷ്‌മമായി പഠിക്കുകയാണ് സരളിന്റെ പ്രധാന ലക്ഷ്യം. ഫ്രാൻസ്
വികസിപ്പിച്ചെടുത്ത ആർഗോസ്,
ആൾട്ടിക എന്നീ
ഉപകരണങ്ങളുടെ സഹായത്തോടെയാണ് സരൾ പ്രവർത്തിക്കുന്നത്. 407 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് സരൾ.
നാവിക്
(NavIC)
ഇന്ത്യ
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ഗതി നിർണയ ഉപഗ്രഹമാണ് ഇന്ത്യൻ റീജണൽ
നാവിഗേഷൻ സാറ്റ്‌ലൈറ്റ് സിസ്റ്റം (IRNSS). നാവിക്
(Navigation
with Indian Constellation) എന്നാണ്
ഇപ്പോൾ IRNSS അറിയപ്പെടുന്നത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററാണ് നാവിക് ഉപഗ്രഹ ശൃംഖലയുടെ
വിക്ഷേപണ കേന്ദ്രം. വ്യോമ,
നാവിക, കര ഗതാഗതം, ദുരന്ത നിവാരണം, മൊബൈൽ ഫോൺ വഴിയുള്ള നാവിക നിയന്ത്രണം
തുടങ്ങിയ മേഖലകൾക്ക് സഹായകരമായ വിവരങ്ങൾ നൽകാനും രാജ്യത്തിന്റെ 1500 കിലോമീറ്റർ ചുറ്റളവിലുള്ള കാര്യങ്ങൾ
നിരീക്ഷിക്കാനും ഈ ഉപഗ്രഹ സംവിധാനത്തിന് കഴിയും. ഇന്ത്യയുടെ പ്രാദേശിക ഉപഗ്രഹ
ദിശാനിർണയ സംവിധാനമായ നാവിക്കിന്റെ ഭൂമിയിൽ നിന്നുള്ള നിയന്ത്രണകേന്ദ്രം
സ്ഥിതിചെയ്യുന്നത് മൈസൂരിനടുത്തുള്ള ബ്യാലലുവിലാണ്. ഗതിനിർണയ ഉപഗ്രഹ സംവിധാനം
തദ്ദേശീയമായി വികസിപ്പിക്കുന്നതിൽ യു.എസ് (നവ്‌സ്റ്റാർ GPS), റഷ്യ (GLONASS), ചൈന (BeiDou), ജപ്പാൻ, ഫ്രാൻസ് (DORIS), യൂറോപ്യൻ യൂണിയൻ (Galileo) എന്നീ രാജ്യങ്ങൾക്കൊപ്പമെത്താൻ
ഈ ഉപഗ്രഹ വികസനത്തിലൂടെ ഇന്ത്യക്കായി.
IRNSS
ഉപഗ്രഹങ്ങളുടെ
വാഹനവും വിക്ഷേപിച്ച തീയതിയും
◆ IRNSS 1A - PSLV C22 (2013 ജൂലൈ 1)
◆ IRNSS 1B - PSLV C24 (2014 ഏപ്രിൽ 4)
◆ IRNSS 1C - PSLV C26 (2014 ഒക്ടോബർ 16)
◆ IRNSS 1D - PSLV C27 (2015 മാർച്ച് 28)
◆ IRNSS 1E - PSLV C31 (2016 ജനുവരി 20)
◆ IRNSS 1F - PSLV C32 (2016 മാർച്ച് 10)
◆ IRNSS 1G - PSLV C33 (2016 ഏപ്രിൽ 28)
◆ IRNSS 1H (പരാജയം)
- PSLV C39
(2017 ഓഗസ്റ്റ് 31)
◆ IRNSS 1I - PSLV C41 (2018 ഏപ്രിൽ 12)
മംഗൾയാൻ
(Mars
Orbiter Mission)
2013 നവംബർ അഞ്ചിന് ചൊവ്വയിലേക്ക്
ഇന്ത്യയുടെ ആദ്യ ഗോളാന്തരപേടകം മംഗൾയാൻ വിക്ഷേപിച്ചു. ഇന്ത്യയുടെ ആദ്യ ചൊവ്വ
പര്യവേക്ഷണ ദൗത്യമാണ് മംഗൾയാൻ. PSLV
C25 എന്ന
റോക്കറ്റിലാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് മംഗൾയാൻ
കുതിച്ചുയർന്നത്. 1337 കിലോഗ്രാമാണ് വിക്ഷേപണ
സമയത്തെ മംഗൾയാന്റെ ഭാരം. 2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണ
പഥത്തിലെത്തി. ചൊവ്വയിലെ മീഥെയിൽ സാന്നിധ്യം പഠിക്കുകയായിരുന്നു മംഗൾയാന്റെ
ലക്ഷ്യം. ആദ്യ ചൊവ്വാ ദൗത്യം വിജയിപ്പിച്ച ഏക രാജ്യവും ചൊവ്വാ ദൗത്യം വിജയിപ്പിച്ച
ആദ്യ ഏഷ്യൻ രാജ്യവുമാണ് ഇന്ത്യ. ചൊവ്വയിലെത്തിയ നാലാമത്തെ ബഹിരാകാശ ശക്തിയാണ്
ഇന്ത്യ. റോസ്കോസ്മോസ് (റഷ്യ),
നാസ (യു.എസ്.എ), യൂറോപ്യൻ ബഹിരാകാശ ഏജൻസി എന്നിവയ്ക്ക്
ശേഷം ഭ്രമണപഥത്തിലെത്തുന്ന നാലാമത് ബഹിരാകാശ ഏജൻസിയാണ് ഐ.എസ്.ആർ.ഒ. യു.എസ്, റഷ്യ, യൂറോപ്യൻ യൂണിയൻ, ചൈന, യു.എ.ഇ എന്നിവയാണ് ചൊവ്വാ ദൗത്യം
വിജയിപ്പിച്ച മറ്റ് രാജ്യങ്ങൾ.
ആസ്‌ട്രോസാറ്റ്
(Astrosat)
ഇന്ത്യയുടെ
ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ദൗത്യമാണ് ആസ്‌ട്രോസാറ്റ് എന്ന ബഹിരാകാശ ടെലിസ്കോപ്പ്.
ലോകത്തിൽ യു.എസ്.എ,
റഷ്യ, ജപ്പാൻ, യൂറോപ്യൻ സ്‌പേസ് ഏജൻസി (ESA) എന്നിവയ്‌ക്കുശേഷം ബഹിരാകാശ നിരീക്ഷണ
ദൗത്യമുള്ള അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. 'പ്രപഞ്ചത്തിന് നേർക്ക്
തുറന്നുവയ്ക്കുന്ന ഇന്ത്യയുടെ കണ്ണ്' എന്നാണ്
അസ്‌ട്രോസാറ്റിനെ വിശേഷിപ്പിക്കുന്നത്. 2015
സെപ്റ്റംബർ 27ന് ശ്രീഹരിക്കോട്ടയിലെ സതീഷ്
ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിജയകരമായ വിക്ഷേപണം. ഏഴ്
ഉപഗ്രഹങ്ങൾക്കൊപ്പം PSLV
C30 എന്ന
വാഹനത്തിൽ അസ്‌ട്രോസാറ്റിനെ ഭ്രമണപഥത്തിലെത്തിച്ചു. ഇന്തോനേഷ്യയുടെ LAPAN - A2, കാനഡയുടെ NLS-14, യു.എസ്.എ യുടെ നാല് LEMUR സാറ്റലൈറ്റുകൾ എന്നിവയാണ് അസ്‌ട്രോസാറ്റിനൊപ്പം
ഭ്രമണപഥത്തിലെത്തിയ മറ്റ് ഉപഗ്രഹങ്ങൾ. ആദ്യമായാണ് അമേരിക്കയിൽ നിന്നുള്ള ഉപഗ്രഹം
ഇന്ത്യ വിക്ഷേപിക്കുന്നത്. അൾട്രാവയലറ്റ്, ഒപ്റ്റിക്കൽ, എക്‌സറേ തരംഗരാജിയിലുള്ള വികിരണങ്ങൾ
ഉപയോഗിച്ച് പ്രപഞ്ചനിരീക്ഷണം നടത്താൻ ശേഷിയുള്ള ബഹിരാകാശ ടെലിസ്കോപ്പാണ് ആസ്‌ട്രോസാറ്റ്.
1513 കിലോഗ്രാം ഭാരമുള്ള ആസ്‌ട്രോസാറ്റിന്
അഞ്ചുവർഷമാണ് പ്രവർത്തന കാലാവധി. വിദൂര ഗാലക്സികൾ മുതൽ തമോഗർത്തങ്ങൾ വരെ
നിരീക്ഷിക്കാൻ ആസ്‌ട്രോസാറ്റിനാകും. ഭൂമധ്യരേഖാ പ്രദേശത്ത് നിന്നും 650 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ്
സഞ്ചാരം.
സൗത്ത്
ഏഷ്യ സാറ്റ്‌ലൈറ്റ് (South
Asia Satellite)
ദക്ഷിണേഷ്യയിൽ
ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്ക് ബഹിരാകാശ സാങ്കേതിക വിദ്യയിലൂടെ വാർത്താവിതരണ -
ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യമിട്ട് വിക്ഷേപിച്ച
കൃത്രിമോപഗ്രഹമാണ് സൗത്ത് ഏഷ്യ സാറ്റ്‌ലൈറ്റ്. 2014ൽ നേപ്പാളിൽ നടന്ന പതിനെട്ടാമത്
സാർക്ക് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സാർക്ക് അംഗരാജ്യങ്ങളുടെ
ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു ഉപഗ്രഹത്തിന്റെ ആശയം മുന്നോട്ടുവെച്ചതിനെ തുടർന്നാണ്
സൗത്ത് ഏഷ്യ സാറ്റ്‌ലൈറ്റ് നടപ്പിലായത്. 2017 മെയ് 5ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ
ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിജയകരമായ വിക്ഷേപണം. GSLV F09 എന്ന വാഹനത്തിലാണ് ഉപഗ്രഹം
ഭ്രമണപഥത്തിലെത്തിയത്. ജിസാറ്റ് 9 ആണ് സൗത്ത് ഏഷ്യ സാറ്റ്‌ലൈറ്റ്
എന്ന പേരിൽ അറിയപ്പെടുന്നത്.
നിയുസാറ്റ്
(NIUSAT)
ഐ.എസ്.ആർ.ഒയുടെ
മേൽനോട്ടത്തിൽ കന്യാകുമാരി ജില്ലയിലെ തക്കല നൂറുൽ ഇസ്‌ലാം യൂണിവേഴ്സിറ്റി (തമിഴ്‌നാട്)
നിർമിച്ച 15 കിലോഗ്രാം ഭാരമുള്ള
നിയുസാറ്റ് എന്ന നാനോ ഉപഗ്രഹം പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചു. ഐഎസ്ആർഒ നിർമിച്ച
ഭൗമനിരീക്ഷണത്തിനുള്ള കാർട്ടോസാറ്റിനൊപ്പം PSLV C38 എന്ന വാഹനത്തിലായിരുന്നു വിക്ഷേപണം.
ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, സുനാമി, വെള്ളപ്പൊക്കം, കാട്ടുതീ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍
മുന്‍കൂട്ടി നിര്‍ണയിക്കാൻ കഴിയുന്ന സെൻസറിംഗ് സാങ്കേതികവിദ്യയാണ് നിയുസാറ്റില്‍
ഘടിപ്പിച്ചിരിക്കുന്നത്. ദുരന്തനിവാരണം, കൃഷി
തുടങ്ങിയ മേഖലകളിലും ഈ ഉപഗ്രഹത്തിന്റെ സേവനം ലഭിക്കും. നിയുസാറ്റിന്റെ ഭൂമിയിൽ
നിന്നുള്ള നിയന്ത്രണത്തിനായി ഒരു മിഷൻ
കൺട്രോൾ സെന്റർ സർവകലാശാലയിൽ സ്ഥാപിച്ചിട്ടുണ്ട്. ടെലിമെട്രി/ടെലി-കമാൻഡ്
ഓപ്പറേഷനുകൾക്കായി UHF/VHF
ആന്റിനയും പേലോഡ്
ഡാറ്റ റിസപ്ഷനുള്ള എസ്-ബാൻഡ് ആന്റിനയും സർവകലാശാലയിലെ കൺട്രോൾ സെന്ററിൽ
സ്ഥാപിച്ചിട്ടുണ്ട്.
ഹൈസിസ്
(HySIS)
ഇന്ത്യയുടെ
ആദ്യത്തെ ഹൈസ്‌പെക്‌സ് ഉപഗ്രഹമാണ് ഹൈസിസ് (Hyper Spectaral Imaging Satellite). അഹമ്മദാബാദിലെ സ്‌പേസ്
ആപ്ലിക്കേഷൻ സെന്ററാണ് 380 കിലോഗ്രാം ഭാരമുള്ള ഹൈസിസ്
വികസിപ്പിച്ചത്. 2018 നവംബർ 29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ
ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിജയകരമായ വിക്ഷേപണം. ഭൂമിയുടെ ഉപരിതലം
കൂടുതൽ മികവോടെയും സൂക്ഷ്മതയോടെയും പഠിക്കുകയാണ് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസിന്റെ
ഉപഗ്രഹത്തിന്റെ ലക്ഷ്യം. ആധുനിക സാങ്കേതിക വിദ്യയായ ഹൈപ്പർ സ്പെക്ട്രൽ ഇമേജിങ്ങാണ്
ഉപഗ്രഹത്തിന്റെ പ്രത്യേകത. PSLV
C43 എന്ന
വാഹനത്തിലാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയത്. ഹൈസിസിനൊപ്പം 30 വിദേശ ഉപഗ്രഹങ്ങളെയും വിക്ഷേപണ
വാഹനമായ PSLV
C43
ഭ്രമണപഥത്തിലെത്തിച്ചു.
എക്സീഡ്
സാറ്റ്- 1
(Exseedsat-1)
ഇന്ത്യയിലെ
ആദ്യത്തെ സ്വകാര്യമായി നിർമ്മിച്ച വാർത്തവിനിമയ ഉപഗ്രഹമാണ് ‘എക്സീഡ് സാറ്റ്- 1'. അമേരിക്കയിലെ റോക്കറ്റ് വിക്ഷേപണ
കേന്ദ്രമായ സ്പേസ് എക്സിൽ നിന്ന് 17 രാജ്യങ്ങളിലെ മറ്റ് 63 ഉപഗ്രഹങ്ങൾക്കൊപ്പം വിക്ഷേപിച്ചു. Falcon 9 എന്ന വിക്ഷേപണ
വാഹനത്തിലായിരുന്നു വിക്ഷേപണം. ഹൈദരാബാദിലെ ഹാം റേഡിയോ ഓപ്പറേറ്ററും
സാമൂഹിക പ്രവർത്തകനുമായ അഷർ ഫർഹാന്റെ നേതൃത്വത്തിൽ നഗരത്തിലെ ചില
സ്വകാര്യ സംരംഭകർ ചേർന്ന് നിർമ്മിച്ചതാണ് എക്സീഡ് സാറ്റ്- 1. ഇസ്രോ ഉൾപ്പെടെയുള്ള മറ്റ് സർക്കാർ ഏജൻസികളുടെയൊന്നും
സഹായമില്ലാതെ രണ്ട് വർഷംകൊണ്ട് രണ്ട് കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ
സ്വകാര്യ ഉപഗ്രഹമാണ് എക്സീഡ് സാറ്റ്- 1.
കലാംസാറ്റ്
V2
(Kalamsat-V2)
ISRO
വിജയകരമായി
ഭ്രമണപഥത്തിൽ എത്തിച്ച ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കുറഞ്ഞ മനുഷ്യ നിർമ്മിത
ഉപഗ്രഹമാണ് കലാംസാറ്റ് V2.
1.26
കിലോഗ്രാമായിരുന്നു കലാംസാറ്റ് V2യുടെ ഭാരം. 2019 ജനുവരി 24ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ
ബഹിരാകാശകേന്ദ്രത്തിൽ നിന്ന് PSLV
C-44 എന്ന
വാഹനത്തിലായിരുന്നു വിക്ഷേപണം. ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന
വിദ്യാഭ്യാസ സ്ഥാപനമാണ് കലാംസാറ്റ് രൂപകല്പന ചെയ്‌തത്. ഒരു സ്വകാര്യ മേഖല
നിർമ്മിച്ച് ISRO
വിക്ഷേപ്പിച്ച
ആദ്യ ഉപഗ്രഹമാണ് കലാംസാറ്റ് V2.
കലാംസാറ്റ് V2നെക്കാൾ ഭാരം കുറഞ്ഞ ഉപഗ്രഹങ്ങളായ
കലാംസാറ്റ് (64
gm), Jai Hind 1s (33.39 gm) എന്നിവ
ഭ്രമണപഥത്തിലെത്തിയിട്ടില്ല. കലാംസാറ്റ് V2നോടൊപ്പം ISRO വിജയകരമായി പരീക്ഷിച്ച ഉപഗ്രഹമാണ് Microsat - R.
എമിസാറ്റ്
(EMISAT)
ഡി.ആർ.ഡി.ഒയും
ഐ.എസ്.ആർ.ഒയും ചേർന്ന് വികസിപ്പിച്ചെടുത്ത റഡാർ ഡിറ്റക്റ്റ് ചെയ്യാൻ കഴിയുന്ന ഒരു
ചാര ഉപഗ്രഹമാണ് EMISAT
(Electro Magnetic Intelligence Satellite). പ്രോജക്റ്റ് കൗടില്യയുടെ കീഴിലാണ്
എമിസാറ്റ് വികസിപ്പിച്ചത്. 2019 ഏപ്രിൽ ഒന്നിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ
നിന്ന് PSLV
C-45 എന്ന
വാഹനത്തിൽ വിക്ഷേപിച്ചു. 436 കിലോഗ്രാം ഭാരമുള്ള എമിസാറ്റ്, അമേരിക്ക, സ്പെയിൻ, സ്വിറ്റ്സർലൻഡ് ഉൾപ്പടെയുള്ള
രാജ്യങ്ങളിൽ നിന്നുള്ള മറ്റ് 29 ഉപഗ്രഹങ്ങൾക്കൊപ്പം
വിജയകരമായി ഭ്രമണപഥത്തിൽ എത്തി. ഇസ്രായേലിന്റെ ചാര ഉപഗ്രഹമായ സരലിനെ
അടിസ്ഥാനമാക്കിയാണ് ഡി.ആര്‍.ഡി.ഒ എമിസാറ്റ് രൂപകൽപ്പന ചെയ്‌തത്. കപ്പലുകളിൽ
നിന്ന് സന്ദേശം പിടിച്ചെടുക്കുന്ന ഓട്ടോമാറ്റിക്ക് ഐഡന്റിഫിക്കേഷൻ സിസ്റ്റം, ഇലക്ട്രോ മാഗനറ്റിക്ക് സംവിധാനം എന്നീ
സാങ്കേതികവിദ്യകൾ ഉപഗ്രഹത്തിൽ ഒരുക്കിയിട്ടുണ്ട്.
ചന്ദ്രയാൻ
2
(Chandrayaan 2)
ഇന്ത്യയുടെ
രണ്ടാമത്തെ ചാന്ദ്രപര്യവേഷണ ദൗത്യമാണ് ചന്ദ്രയാൻ 2. ചന്ദ്രയാൻ-1 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ
കണ്ടെത്തിയ ഐസിന്റെ സാന്നിധ്യം ഉറപ്പിക്കുവാനും അതിനെക്കുറിച്ച് പഠിക്കുവാനും
വേണ്ടിയാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ഒരു ലാൻഡറും
റോവറും ഓർബിറ്ററും ഈ ദൗത്യത്തിലുണ്ടായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്
സെന്ററിൽ നിന്ന് ജി.എസ്.എൽ.വി മാർക്ക് 3
വിക്ഷേപണ വാഹനത്തിൽ 2019 ജൂലൈ 22 നാണ് ചന്ദ്രയാൻ 2 വിക്ഷേപണം നടന്നത്. ഇതുവരെ ഒരു
രാജ്യവും പര്യവേക്ഷണത്തിന് മുതിരാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവമാണ് ചന്ദ്രയാൻ 2 ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. 2019 സെപ്റ്റംബർ ഏഴിന് ചന്ദ്രന്റെ രണ്ട്
കിലോമീറ്റർ അടുത്തുവരെയെത്തിയ ചന്ദ്രയാൻ 2 മുൻപ് നിശ്ചയിച്ച പാതയിൽ നിന്നു
തെന്നി മാറുകയും വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെടുകയും
ചെയ്തതിനെത്തുടർന്ന് ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം പൂർണ ലക്ഷ്യത്തിലെത്തിയില്ല.
ഏകദേശം 978 കോടി രൂപയാണ് ദൗത്യത്തിന്റെ
ചെലവ്.
ഇ.ഒ.എസ്
(Earth
Observation Satellite)
റിമോട്ട്
സെൻസിംഗ് സാങ്കേതികവിദ്യയുള്ള ഉപഗ്രഹങ്ങളാണ് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ (Earth Observation
Satellites). ഭൂമിയുടെ
ഭൗതിക, രാസ, ജൈവ സംവിധാനങ്ങളെക്കുറിച്ചുള്ള
വിവരങ്ങളുടെ ശേഖരണമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെ ചുമതല. കൃഷി, വനം, തോട്ടം, മണ്ണിന്റെ ഈർപ്പം, ദുരന്ത നിവാരണം, ജലശാസ്ത്രം, ഫ്ളഡ് മാപ്പിംഗ് തുടങ്ങിയവയ്‌ക്കായി
വിക്ഷേപിച്ച ഉപഗ്രഹ ശ്രേണിയാണ് ഇ.ഒ.എസ്. ഇ.ഒ.എസ് ശ്രേണിയിൽ ഉൾപ്പെടുന്ന ഉപഗ്രഹങ്ങളാണ്
EOS 01, EOS
02, EOS 03, EOS 04, EOS 05, EOS 06
എന്നിവ. റിസോഴ്‌സ് സാറ്റ് 2,
റിസോഴ്‌സ് സാറ്റ്
2A, കാർട്ടോസാറ്റ് 1, കാർട്ടോസാറ്റ് 2, കാർട്ടോസാറ്റ് 2A, കാർട്ടോസാറ്റ് 2B, റിസാറ്റ് 1, റിസാറ്റ് 2, ഓഷ്യൻ സാറ്റ് 2, മേഘാ ട്രോപിക്സ്, സരൾ, സ്കാറ്റ്സാറ്റ് 1, ഇൻസാറ്റ് 3DR, ഇൻസാറ്റ് 3D തുടങ്ങിയവ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച
മറ്റ് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളാണ്.
സിന്ധു
നേത്ര (Sindhu
Netra)
ഡി.ആർ.ഡി.ഓയിലെ
യുവശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് സിന്ധു നേത്ര. ഇന്ത്യന്‍
മഹാസമുദ്രത്തിലെ യുദ്ധക്കപ്പലുകളും ചരക്കുകപ്പലുകളും നിരീക്ഷിക്കാന്‍
ലക്ഷ്യമിട്ടുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് സിന്ധുനേത്ര. 2021 ഫെബ്രുവരി 28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ
ബഹിരാകാശകേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചു. PSLV C-51 എന്ന വാഹനത്തിൽ മറ്റ് 18 ഉപഗ്രഹങ്ങൾക്കൊപ്പം സിന്ധു നേത്ര
വിജയകരമായി ഭ്രമണപഥത്തിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം, ഭഗവത്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25000 ഇന്ത്യൻ പൗരൻമാരുടെ പേരുകൾ
എന്നിവ ഈ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേയ്ക്ക് അയച്ചു.
ശ്രീശക്തിസാറ്റ്
(Sri
Shakthi Sat)
2021 ഫെബ്രുവരി 28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ
ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച ഇന്ത്യൻ ഉപഗ്രഹമാണ് ശ്രീശക്തിസാറ്റ്.
കോയമ്പത്തൂരിലെ ശ്രീശക്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് & ടെക്നോളജിയിലെ വിദ്യാർത്ഥികൾ
രൂപ കൽപ്പന ചെയ്‌ത നാനോ ഉപഗ്രഹമാണ് ശ്രീശക്തിസാറ്റ്. PSLV C-51 എന്ന വാഹനത്തിൽ മറ്റ് 18 ഉപഗ്രഹങ്ങൾക്കൊപ്പം ശ്രീശക്തിസാറ്റ്
വിജയകരമായി ഭ്രമണപഥത്തിൽ എത്തി. ഇതേ വാഹനത്തിൽ തന്നെയാണ് സ്പേസ് കിഡ്‌സ്
ഇന്ത്യയുടെ സതീഷ് ധവാൻ SAT
(SD SAT) ഉം
വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. JITSAT (Jeppiaar Institute of Technology, Sriperumbudur),
GHRCESAT (G.H.Raisoni College of Engineering, Nagpur) എന്നിവ PSLV C-51ൽ വിക്ഷേപിച്ച മറ്റ് ഇന്ത്യൻ
ഉപഗ്രഹങ്ങളാണ്. Sri
Shakthi Sat, JITSAT, GHRCESAT സംയുക്തവുമായി
UNITYSat എന്നറിയപ്പെടുന്നു.
ആമസോണിയ
1
(Amazonia-1)
ഐ.എസ്.ആർ.ഒ
യുടെ നേതൃത്വത്തിൽ വിക്ഷേപിച്ച ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ആമസോണിയ 1. 2021 ഫെബ്രുവരി 28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ
ബഹിരാകാശകേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചു. PSLV C-51 എന്ന വാഹനത്തിൽ മറ്റ് 18 ഉപഗ്രഹങ്ങൾക്കൊപ്പം ആമസോണിയ 1 വിജയകരമായി ഭ്രമണപഥത്തിൽ എത്തി. PSLVയുടെ 53-ാം ദൗത്യമാണിത്. കൂടാതെ
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നുള്ള 78 മത് വിക്ഷേപണ വാഹന ദൗത്യവും 2021ലെ ഐ.എസ്.ആർ.ഒ യുടെ ആദ്യ
ദൗത്യവുമാണിത്. ആമസോൺ കാടുകളിലെ വന നശീകരണം കണ്ടുപിടിക്കലാണ് ആമസോണിയ 1ന്റെ പ്രധാന ദൗത്യം. ഐ.എസ്.ആർ.ഒയുടെ
വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ (NSIL) ആദ്യ സമ്പൂർണ വാണിജ്യ വിക്ഷേപണമാണ്
ആമസോണിയ 1. ഈ ദൗത്യത്തോടെ പണം വാങ്ങി
ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ബഹിരാകാശ ഗവേഷണ ഏജൻസികളുടെ ഗണത്തിലേക്ക് ഐ.എസ്.ആർ.ഒ
എത്തി.
വിക്രം
എസ് റോക്കറ്റ് (Vikram-S
Rocket)
രാജ്യത്തെ
ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം-എസ് 2022
നവംബർ 18ന് ശ്രീഹരിക്കോട്ടയിലെ സതീഷ്
ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഹൈദരാബാദിലെ സ്കൈറൂട്ട്
എയ്‌റോ സ്‌പേസ് നിർമിച്ച റോക്കറ്റാണ് വിക്രം എസ്. പ്രാരംഭ് എന്ന പേരിട്ട പദ്ധതിയിൽ
ആറു മീറ്റർ ഉയരവും 545 കിലോഗ്രാം ഭാരവുമുള്ള കുഞ്ഞൻ
റോക്കറ്റാണ് വികസിപ്പിച്ചത്. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ
എത്തിക്കുന്നതിന് വിക്രം ശ്രേണിയിലുള്ള മൂന്ന് റോക്കറ്റുകളാണ് സ്കൈറൂട്ട്
വികസിപ്പിച്ചിരുന്നത്. ചെന്നൈയിലെ സ്‌പേസ് കിഡ്‌സിന്റെ നേതൃത്വത്തിൽ അമേരിക്ക, സിംഗപ്പുർ, ഇന്ത്യ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ
നിർമിച്ച രണ്ടര കിലോ ഭാരമുള്ള ഫൺസാറ്റും രണ്ട് നാനോ ഉപഗ്രഹങ്ങളുമാണ്
റോക്കറ്റിനൊപ്പം വിക്ഷേപിച്ചത്.
ഇൻസ്പെയർ
സാറ്റ് 1
ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർത്ഥികളും
അമേരിക്കയിലെ കൊളറാഡോയിലെ അറ്റ് മോസ്ഫെറിക് ആൻഡ് സ്‌പേസ് ഫിസിക്‌സ് യൂണിവേഴ്‌സിറ്റിയിലെ
വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ ഉപഗ്രഹം.
ചന്ദ്രയാൻ
3
(Chandrayaan-3)
2023ൽ നടക്കാനിരിക്കുന്ന
ഐ.എസ്.ആർ.ഒ യുടെ മൂന്നാമത്തെ ചന്ദ്രദൗത്യമാണ് ചന്ദ്രയാൻ 3. ചന്ദ്രയാൻ 2 പോലെ ഇതും റോബട്ടിക് ബഹിരാകാശ
ദൗത്യമാണ്. ചന്ദ്രന്റെ ധ്രുവപ്രദേശമാണ് റോവറും ലാൻഡറും ഉൾപ്പെട്ട ഈ ദൗത്യത്തിന്റെ
ലക്ഷ്യം. ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്റെ ആദ്യ ചിത്രങ്ങൾ സ്‌പേസ് ഓൺ
വീൽസ് എന്ന ഡോക്യുമെന്ററിയിലൂടെ പുറത്തുവിട്ടു. ആസാദി കാ അമൃത് മഹോത്സവ്
ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ വിക്ഷേപിച്ച 75 ഉപഗ്രഹങ്ങൾ പ്രദർശിപ്പിക്കുന്ന ISROയുടെ സൈറ്റിൽ പോസ്റ്റ് ചെയ്‌ത സ്‌പേസ്
ഓൺ വീൽസ് എന്ന ഡോക്യുമെന്ററിയുടെ ഭാഗമായാണ് ചന്ദ്രദൗത്യ ചിത്രങ്ങൾ പുറത്തുവിട്ടത്.
ആദിത്യ
L1
(Aditya-L1)
സൂര്യനെയും
ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനത്തിനായി ഇന്ത്യയുടെ ആദ്യ സൗദൗത്യമായ ആദിത്യ എൽ 1 വിക്ഷേപണത്തിനൊരുങ്ങുന്നു. 2023ൽ വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ
ലക്ഷ്യമിടുന്നത്. 400 കി.ഗ്രാം ഭാരമുള്ള ആദിത്യയെ
ഭൂമിയുടെ 800 കി.മീ ഉയരമുള്ള പ്രദക്ഷിണ
പഥത്തിൽ ഉയർത്തി സ്ഥാപിക്കുവാനാണ് ഉദ്ദേശിക്കുന്നത്. PSLV XL എന്ന വാഹനത്തിലായിരിക്കും വിക്ഷേപണം.
സൂര്യനെ പഠിക്കാനായി ഭൂമിയിൽ നിന്ന് 15
ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാജിയന്റ് പോയിന്റ് 1 (L1) ലേക്കാണ് വിക്ഷേപിക്കുന്നത്. സൂര്യനെ
മുഴുവൻ സമയവും തടസ്സങ്ങൾ ഇല്ലാതെ കാണാൻ കഴിയുമെന്നതാണ് ലഗ്രാജിയന്റ് പോയിന്റിന്റെ
പ്രത്യേകത. സൂര്യന്റെ കാന്തികക്ഷേത്രത്തെക്കുറിച്ചും പ്ലാസ്മാ
പ്രവാഹത്തെക്കുറിച്ചും പഠിക്കുന്ന ആദിത്യക്ക് സൗരവാതകങ്ങളുടെ ആക്രമണം
പ്രവചിക്കുന്നതിനും കഴിയും. ആദിത്യ എൽ 1
ഉപഗ്രഹത്തിൽ ഏഴ് പേലോഡുണ്ടാകും. വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ്, സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ്, സോളാർ ലോ എനർജി എക്‌സ് റേ
സ്പെക്ട്രോമീറ്റർ,
ഹൈ എനർജി എൽ 1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ
എക്സ്പിരിമെന്റ്,
പ്ലാസ്മ അനലൈസർ
പാക്കേജ് ഫോർ ആദിത്യ,
മാഗ്‌നെറ്റോമീറ്റർ
എന്നിവയാണ് പേലോഡുകൾ.
ഗഗൻയാൻ
ദൗത്യം (Gaganyaan
Mission)
ജി.എസ്.എൽ.വി
മാർക്ക് III റോക്കറ്റ് ഉപയോഗിച്ച്
ഐ.എസ്.ആർ.ഒ പദ്ധതിയിടുന്ന ബഹിരാകാശ വിനോദ സഞ്ചാര യാത്രയാണ് ഗഗൻയാൻ. മൂന്നുപേർക്ക്
സഞ്ചരിക്കാവുന്ന മൊഡ്യൂളാണ് ഇതിന് ഉപയോഗിക്കുക. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള 'ലോ എർത്ത് ഓർബിറ്റി'ൽ യാത്രികരെ എത്തിക്കും. മൂന്നു മുതൽ
ഏഴു ദിവസം വരെ ബഹിരാകാശത്ത് തങ്ങുന്ന പേടകം കടലിലാണ് തിരിച്ചിറക്കുക. മൂന്ന്
വിമാനങ്ങളാണ് ഓർബിറ്റിലേക്ക് അയക്കുന്നത്. അതിൽ രണ്ട് എണ്ണം ആളില്ലാത്തതാണ്.
ഗഗൻയാൻ പദ്ധതിക്കായി ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കുന്നതിനും പരിശീലിക്കുന്നതിനുമായി
റഷ്യൻ കമ്പനിയായ Glavkosmosമായി ഐ.എസ്.ആർ.ഒ
കരാറിലേർപ്പെട്ടു. ഫ്രഞ്ച് സ്‌പേസ് ഏജൻസിയായ CNES ആണ് Space Medicine, Astronaut Health
Monitoring, Life Support, Radiation Protection, Space Debris Protection,
Personal Hygiene System എന്നിവയ്ക്ക്
സഹായിക്കുന്നത്.
ജെമിനി
(GEMINI
Device)
Gagan
Enabled Mariner's Instrument for Navigation and Information എന്നാണ് GEMINIയുടെ പൂർണരൂപം. Gagan എന്നാൽ GPS Aided GEO Augmented
Navigation എന്നാണ്.
ഐ.എസ്.ആർ.ഒ ഉപഗ്രഹങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു പോർട്ടബിൾ റെസീവറാണ് ജെമിനി.
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവ്വീസും എയർപോർട്ട് അതോറിറ്റി ഓഫ്
ഇന്ത്യയും സഹകരിച്ച് വികസിപ്പിച്ചെടുത്ത ഉപകരണമാണ് GEMINI. ഈ ഉപകരണം ഉപയോഗിച്ച് ഫോൺ കമ്പനികളുടെ
സിഗ്നൽ പരിധിക്ക് പുറത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകാൻ സാധിക്കും.
300 നോട്ടിക്കൽ മൈൽ വരെ സിഗ്നലുകൾ
അയയ്ക്കാൻ കഴിയും. ദുരന്ത മുന്നറിയിപ്പുകൾ, ഫിഷിംഗ് സാധ്യതയുള്ള സോണുകൾ, ഓഷ്യൻ സ്റ്റേറ്റ് ഫോർകാസ്റ്റ്
എന്നിവയ്ക്ക് ഉപയോഗിക്കുന്നു. USA,
European Union എന്നീ
രാജ്യങ്ങൾക്കുശേഷം Satellite
based navigation ഉള്ള
മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
മിഷൻ
ശക്തി (Mission
Shakti)
ഡി.ആർ.ഡി.ഓയും ഐ.എസ്.ആർ.ഓയും സംയുക്തമായി വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച ഉപഗ്രഹവേധ മിസൈലാണ് A - SAT (Anti-Satellite Missile Test). A - SAT പരീക്ഷണ ദൗത്യത്തെ പറയുന്ന പേരാണ് മിഷൻ ശക്തി. 2019 മാർച്ച് 27ന് ഒഡീഷാതീരത്തെ ബാലസോറിൽ ഡോ.എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് A - SAT വിക്ഷേപിച്ചത്. ബഹിരാകാശത്തുവച്ച് ഉപഗ്രഹത്തെ മിസൈൽ ഉപയോഗിച്ച് തകർക്കാൻ കഴിയും എന്നതാണ് A - SATന്റെ സവിശേഷത. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കുശേഷം A - SAT സാങ്കേതിക വിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. പ്രഥമ പ്രതീക്ഷണത്തിൽ A - SAT തകർത്തത് Microsat - R എന്ന ഉപഗ്രഹത്തെയാണ്.
