അന്താരാഷ്ട്ര സംഘടനകൾ

Arun Mohan
0

അന്താരാഷ്ട്ര സംഘടനകൾ

ലീഗ് ഓഫ് നേഷൻസ്

ഒന്നാം ലോകമഹായുദ്ധം അവസാനിക്കാൻ കാരണമായ വേഴ്‌സായി ഉടമ്പടി (1919) യുടെ ഫലമായി രൂപീകൃതമായ സംഘടനയാണ് സർവരാജ്യ സഖ്യം. ഒന്നാം ലോക മഹായുദ്ധാനന്തരം ലോക സമാധാനം സംരക്ഷിക്കാനായി 1920ൽ രൂപംകൊണ്ട സർവരാജ്യസഖ്യത്തിൽ തുടക്കം മുതൽതന്നെ ഇന്ത്യ (ബ്രിട്ടീഷ് ഇന്ത്യ) അംഗമായിരുന്നു. ലോക സമാധാനം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആഗോളതലത്തിൽ രൂപവത്കരിക്കപ്പെട്ട ആദ്യ സംഘടനയാണ് സർവരാജ്യസഖ്യം. ഒന്നാം ലോക മഹായുദ്ധാനന്തരം 1919 ലെ പാരീസ് സമാധാന സമ്മേളനത്തിൽവെച്ച് അമേരിക്കൻ പ്രസിഡന്റായ വുഡ്രോ വിൽസനാണ് ഈ ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. ഐക്യരാഷ്ട്ര സംഘടന നിലവിൽ വരുന്നതിനു മുൻപ് സാർവദേശീയ സമാധാനം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന സംഘടനയാണിത്. അസംബ്ലി, കൗൺസിൽ, സെക്രട്ടറിയേറ്റ് എന്നിവയായിരുന്നു പ്രധാന ഘടകങ്ങൾ. അന്താരാഷ്ട്ര നീതിന്യായ കോടതി, അന്താരാഷ്ട്ര തൊഴിൽ സംഘടന എന്നിവ ഉപഘടകങ്ങളായിരുന്നു. യു.എസ്.എ, യു.എസ്.എസ്.ആർ, ജർമ്മനി എന്നീ പ്രബലശക്തികൾ സഖ്യത്തിന്റെ ഭാഗമായിരുന്നില്ല. കൂടാതെ സഖ്യത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കാൻ പോന്ന ഒരു സൈന്യം ഇല്ലായിരുന്നു. ഈ കാരണങ്ങളാൽ സർവരാജ്യസഖ്യം രണ്ടാം ലോക മഹായുദ്ധം തടയുന്നതിൽ പരാജയപ്പെടുകയാണുണ്ടായത്. 1946 ഏപ്രിൽ 20ന് ലീഗ് ഓഫ് നേഷൻസ് പിരിച്ചുവിട്ടു.

ഐക്യരാഷ്ട്ര സംഘടന

രണ്ടാം ലോകയുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ തന്നെ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും പുതിയൊരു ലോക സംഘടനയ്ക്കുള്ള ശ്രമം തുടങ്ങി. ഇതിനായി 1942ൽ ഒപ്പുവച്ച 'ഐക്യരാഷ്ട്ര പ്രമാണം' എന്ന പ്രയോഗത്തിൽ നിന്നാണ് ഐക്യരാഷ്ട്ര സംഘടന (യു.എൻ) എന്ന പേര് ഉരുത്തിരിഞ്ഞത്. സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നവരെ ഒരുമിപ്പിച്ച് നിർത്തുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. 1945 ഏപ്രിൽ 25ന് സാൻഫ്രാൻസിസ്‌കോയിൽ സംഘടനയുടെ ആദ്യ സമ്മേളനം നടന്നു. 46 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുത്തു. പിന്നീട് അഞ്ച് രാജ്യങ്ങൾ കൂടി ചേർന്ന് 1945 ഒക്ടോബർ 24നാണ് സംഘടന ഔദ്യോഗികമായി നിലവിൽ വന്നത്. യുദ്ധത്തിന്റെ യാതനകളിൽ നിന്നും വരും തലമുറകളെ രക്ഷിക്കാൻ ദൃഢ നിശ്ചയം ചെയുന്ന 111 വകുപ്പുകൾ ഉൾപ്പെടുന്നതായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ ഭരണഘടന. ഇത് 'ഐക്യരാഷ്ട്ര ചാർട്ടർ' എന്നറിയപ്പെടുന്നു. ചാർട്ടർ പ്രാബല്യത്തിൽ വന്ന ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനമായി ലോകം മുഴുവൻ ആചരിക്കാൻ തുടങ്ങി.

യു.എൻ. ചാർട്ടർ

ഐക്യരാഷ്ട്രസഭാ പ്രമാണത്തിന് 19 അധ്യായങ്ങളുണ്ട്. ഐക്യരാഷ്ട്രസഭാ പ്രമാണത്തിന് ആമുഖവും 111 വകുപ്പുകളുമാണുള്ളത്. ഇവയെ 19 അധ്യായങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. യു.എൻ. പ്രമാണത്തിന്റെ ഒന്നാമധ്യായത്തിൽ സംഘടനയുടെ ഉദ്ദേശ്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. യു.എൻ. അംഗത്വത്തിനുള്ള നിബന്ധനകളാണ് രണ്ടാമധ്യായത്തിൽ. ആറ്, ഏഴ് അധ്യായങ്ങൾ സെക്യൂരിറ്റി കൗൺസിലിന്റെ അധികാരങ്ങൾ വിവരിക്കുന്നു. പതിന്നാലാമധ്യായം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധികാരങ്ങൾ പ്രതിപാദിക്കുന്നു. യു.എൻ. പ്രമാണത്തിന്റെ ഒന്നാംവകുപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉദ്ദേശ്യങ്ങൾ ഇനി പ്പറയുന്നു: അന്താരാഷ്ട്രസമാധാനവും സുരക്ഷിതത്വവും പാലിക്കുക, രാഷ്ട്രങ്ങൾ തമ്മിൽ സൗഹാർദബന്ധം വളർത്തുക, പ്രശ്നങ്ങൾ അന്താരാഷ്ട്രസഹകരണത്തിലൂടെ പരിഹരിക്കുക, അന്താരാഷ്ട്ര നിയമങ്ങൾ, ധാരണകൾ എന്നിവ ലംഘിക്കുന്ന രാജ്യത്തിനെതിരേ നടപടിയെടുക്കുക, ഈ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള കേന്ദ്രമായി പ്രവർത്തിക്കുക. യു.എൻ. പ്രമാണത്തിന്റെ രണ്ടാമധ്യായത്തിൽ സംഘടനയുടെ ഏഴു തത്ത്വങ്ങൾ വിവരിക്കുന്നു.

മനുഷ്യാവകാശപ്രഖ്യാപനം

മനുഷ്യാവകാശപ്രഖ്യാപനം യു.എൻ.പൊതുസഭ അംഗീകരിച്ചത് 1948 ഡിസംബർ 10-നാണ്. യു.എന്നിന്റെ മനുഷ്യാവകാശപ്രഖ്യാപനത്തിന് ആമുഖവും 30 വ്യവസ്ഥകളുമുണ്ട്. ഡിസംബർ 10 ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിക്കുന്നു. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായി മനുഷ്യർക്കുണ്ടായിരിക്കേണ്ട അവകാശങ്ങളെ മനുഷ്യാവകാശപ്രഖ്യാപനം പ്രതിപാദിക്കുന്നു. യു.എൻ. അംഗീകരിച്ച പ്രധാന മനുഷ്യാവകാശങ്ങൾ: ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, മതവിശ്വാസത്തിനുള്ള അവകാശം, തുല്യതയ്ക്കുള്ള അവകാശം, ചിന്താ സ്വാതന്ത്ര്യം, ജോലിചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, സ്വത്തിനുള്ള അവകാശം, വോട്ടവകാശം, സംഘടനാസ്വാതന്ത്ര്യം.

യു.എൻ അനുബന്ധ സംഘടനകൾ

അന്തർദേശീയ തപാൽ സംഘടന (UPU): വിവിധ തപാൽ സേവനങ്ങൾ മെച്ചപ്പെടുത്തുക. ആസ്ഥാനം : ബേൺ. രൂപീകരിച്ച വർഷം : 1874.

അന്തർദേശീയ തൊഴിൽ സംഘടന (ILO): സാമൂഹികനീതി, തൊഴിലാളികളുടെ ജീവിത നിലവാരം എന്നിവ ഉയർത്തുക എന്നതാണ് ലക്ഷ്യം. ആസ്ഥാനം : ജനീവ. രൂപീകരിച്ച വർഷം : 1919.

രാജ്യാന്തര വ്യോമയാന സംഘടന (ICAO): വ്യോമഗതാഗത സുരക്ഷ ഉറപ്പാക്കലാണ് ഈ സംഘടനയുടെ ലക്ഷ്യം. ആസ്ഥാനം : മോൺട്രിയാൽ. രൂപീകരിച്ച വർഷം : 1944.

ലോക ബാങ്ക് (WB): പാവപ്പെട്ട രാജ്യങ്ങൾക്ക് ദാരിദ്ര്യ നിർമാർജനത്തിന് പണം അനുവദിക്കുകയാണ് ലക്ഷ്യം. ഇന്റർനാഷണൽ ഡെവലപ്മെന്റ് ഓർഗനൈസേഷൻ, ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്‌ട്രക്‌ഷൻ ആൻഡ് ഡെവലപ്മെന്റ് എന്നീ രണ്ട് വിഭാഗങ്ങളുണ്ടിതിൻ. ആസ്ഥാനം : വാഷിങ്ടൺ. രൂപീകരിച്ച വർഷം : 1945.

രാജ്യാന്തര നാണയനിധി (IMF): രാജ്യാന്തരതലത്തിൽ സാമ്പത്തിക സഹകരണവും വ്യാപാരവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. ആസ്ഥാനം : വാഷിങ്ടൺ. രൂപീകരിച്ച വർഷം : 1945.

രാജ്യാന്തര പുനർനിർമാണ വികസന സംഘടന (IBRD): അംഗരാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിനായി വായ്പയിലൂടെ മൂലധനത്തിനും വിദേശനിക്ഷേപത്തിനും സൗകര്യം ഏർപ്പെടുത്തുകയാണ് ലക്ഷ്യം. ആസ്ഥാനം : വാഷിങ്ടൺ ഡി.സി. രൂപീകരിച്ച വർഷം : 1945.

ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടന (UNESCO): മനുഷ്യാവകാശം, നീതി, സ്വാതന്ത്ര്യം എന്നിവ ലക്ഷ്യമാക്കി രാജ്യങ്ങൾക്കിടയിൽ വിദ്യാഭ്യാസ - ശാസ്ത്ര - സാംസ്‌കാരിക സഹകരണം വർധിപ്പിക്കുക. ആസ്ഥാനം : പാരീസ്. രൂപീകരിച്ച വർഷം : 1946.

ഐക്യരാഷ്ട്ര ശിശു വികസന ഫണ്ട് (UNICEF): ലോകമെമ്പാടുമുള്ള കുട്ടികളുടെ ക്ഷേമമാണ് ഈ സംഘടനയുടെ ലക്ഷ്യം. ആസ്ഥാനം : ന്യൂയോർക്ക്. രൂപീകരിച്ച വർഷം : 1946.

ഭക്ഷ്യ-കാർഷിക സംഘടന (FAO): പോഷകനിലവാരവും ഭക്ഷ്യ - കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉയർത്തുക, ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. ആസ്ഥാനം : റോം. രൂപീകരിച്ച വർഷം : 1947.

രാജ്യാന്തര വാർത്താവിനിമയ യൂണിയൻ (ITU): ടെലിഗ്രാഫ്, ടെലിഫോൺ, സ്‌പേസ് റേഡിയോ വിനിമയങ്ങൾക്കായി രാജ്യാന്തര ചട്ടങ്ങൾ രൂപീകരിക്കുക പ്രധാന ലക്ഷ്യം. ആസ്ഥാനം : ജനീവ. രൂപീകരിച്ച വർഷം : 1947.

രാജ്യാന്തര സമുദ്രഗതാഗത സംഘടന (IMO): സമുദ്രയാത്രാ സുരക്ഷ, സമുദ്രമലിനീകരണ നിയന്ത്രണം, കപ്പൽ യാത്ര തുടങ്ങിയവയിൽ സഹകരണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ആസ്ഥാനം : ലണ്ടൻ. രൂപീകരിച്ച വർഷം : 1948.

ലോകാരോഗ്യ സംഘടന (WHO): ഏവർക്കും മെച്ചപ്പെട്ട ആരോഗ്യ നിലവാരം ഉറപ്പാക്കലാണ് ലക്ഷ്യം. ആസ്ഥാനം : ജനീവ. രൂപീകരിച്ച വർഷം : 1948.

ലോക കാലാവസ്ഥാ സംഘടന (WMO): കാലാവസ്ഥാ വിവരങ്ങൾ രാജ്യാന്തര തലത്തിൽ പരസ്പരം കൈമാറുക. ആസ്ഥാനം : ജനീവ. രൂപീകരിച്ച വർഷം : 1950.

ഐക്യരാഷ്ട്ര അഭയാർഥി ഹൈക്കമ്മീഷൻ (UNHCR): അഭയാർഥികൾക്ക് രാജ്യാന്തര തലത്തിൽ സംരക്ഷണം ഉറപ്പാക്കുക. ആസ്ഥാനം : ജനീവ. രൂപീകരിച്ച വർഷം : 1950.

രാജ്യാന്തര ആണവോർജ ഏജൻസി (IAEA): ആണവോർജത്തിന്റെ സമാധാനപരമായ ഉപയോഗം ഉറപ്പാക്കലാണ് ഇതിന്റെ ലക്ഷ്യം. ആസ്ഥാനം : വിയന്ന. രൂപീകരിച്ച വർഷം : 1957.

രാജ്യാന്തര വികസന അസോസിയേഷൻ (IDA): ജീവിത നിലവാരം ഉയർത്താൻ അവികസിത രാജ്യങ്ങളെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യം. ആസ്ഥാനം : വാഷിങ്ടൺ. രൂപീകരിച്ച വർഷം : 1960.

ഐക്യരാഷ്ട്ര വ്യാപാര - വികസന സമ്മേളനം (UNCTAD): വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് രാജ്യാന്തര വ്യാപാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ആസ്ഥാനം : ജനീവ. രൂപീകരിച്ച വർഷം : 1964.

ഐക്യരാഷ്ട്ര വികസന സമിതി (UNDP): വികസ്വര രാജ്യങ്ങളുടെ പ്രകൃതി, മാനവ വിഭവശേഷി എന്നിവ വർധിപ്പിക്കുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. ആസ്ഥാനം : ന്യൂയോർക്ക്. രൂപീകരിച്ച വർഷം : 1964.

രാജ്യാന്തര സാമ്പത്തിക കോർപ്പറേഷൻ (IFC) : സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള സാമ്പത്തിക വളർച്ച പ്രധാന ലക്ഷ്യം. ആസ്ഥാനം : വാഷിങ്ടൺ. രൂപീകരിച്ച വർഷം : 1965.

ഐക്യരാഷ്ട്ര വ്യവസായ വികസന സംഘടന (UNIDO): വ്യവസായങ്ങളുടെ വികസനത്തിനും ആധുനിക വത്ക്കരണത്തിനും വികസ്വര രാഷ്ട്രങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം. ആസ്ഥാനം വിയന്ന. രൂപീകരിച്ച വർഷം : 1967.

ലോക ബൗദ്ധിക സ്വത്ത് സംഘടന (WIPO): ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുക. കരാറുകൾ രൂപവൽക്കരിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യം. ആസ്ഥാനം : ജനീവ. രൂപീകരിച്ച വർഷം : 1967.

ഐക്യരാഷ്ട്ര ജനസംഖ്യാ നിയന്ത്രണ പ്രവർത്തന ഫണ്ട് (UNFPA): ജനസംഖ്യാ നിയന്ത്രണ പദ്ധതികളെ പ്രോത്സാഹിപ്പിക്കുക പ്രധാന ലക്ഷ്യം. ആസ്ഥാനം : ന്യൂയോർക്ക്. രൂപീകരിച്ച വർഷം : 1967.

ഐക്യരാഷ്ട്ര വിനോദസഞ്ചാര സംഘടന (UNWTO): രാജ്യാന്തര തലത്തിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നു. ആസ്ഥാനം : മാഡ്രിഡ്. രൂപീകരിച്ച വർഷം : 1975.

ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (UNEP): പരിസ്ഥിതി പ്രശ്നങ്ങളിൽ രാജ്യാന്തര സഹകരണം പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ആസ്ഥാനം : നെയ്‌റോബി. രൂപീകരിച്ച വർഷം : 1972.

ഐക്യരാഷ്ട്ര സ്ത്രീ വികസന ഫണ്ട് (UNIFEM): ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ക്ഷേമം പ്രധാന ലക്ഷ്യം. ആസ്ഥാനം : ന്യൂയോർക്ക്. രൂപീകരിച്ച വർഷം : 1976.

രാജ്യാന്തര കാർഷിക വികസന നിധി (IFAD): ഭക്ഷ്യോത്പാദനവും പോഷകനിലവാരവും ഉയർത്തുകയാണ് പ്രധാന ലക്ഷ്യം. ആസ്ഥാനം : റോം. രൂപീകരിച്ച വർഷം : 1977.

ഐക്യരാഷ്ട്ര മയക്കുമരുന്ന് കുറ്റകൃത്യ നിയന്ത്രണ പരിപാടി (UNIDCP): മയക്കുമരുന്ന് ഉപയോഗം കുറ്റകൃത്യങ്ങൾ എന്നിവ കുറയ്ക്കാൻ ശ്രമിക്കുന്നു. ആസ്ഥാനം : ന്യൂയോർക്ക്. രൂപീകരിച്ച വർഷം : 1993.

ഐക്യരാഷ്ട്ര വന സമിതി (UNFF): വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക പ്രധാന ലക്ഷ്യം. ആസ്ഥാനം : ന്യൂയോർക്ക്. രൂപീകരിച്ച വർഷം : 2000.

ഐക്യരാഷ്ട്ര ജനാധിപത്യ നിധി (UNDEF): ലോകത്തിലെ ജനാധിപത്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക പ്രധാന ലക്ഷ്യം. ആസ്ഥാനം : ന്യൂയോർക്ക്. രൂപീകരിച്ച വർഷം : 2005.

യു.എൻ സെക്രട്ടറി ജനറൽ (UN Secretary General)

യു.എന്നിന്റെ ദൈനംദിന ഭരണം നടത്തുക എന്നുള്ളത് യു.എൻ സെക്രട്ടേറിയറ്റിന്റെ മുഖ്യ ചുമതലയാണ്. യു.എൻ രക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭ നിയമിക്കുന്ന സെക്രട്ടറി ജനറലും ലോകത്താകെ പരന്നുകിടക്കുന്ന 8900 ഓളം ഉദ്യോഗസ്ഥന്മാരുമടങ്ങുന്നതാണ് സെക്രട്ടേറിയറ്റ്. ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടേറിയറ്റിലെ ചീഫ്‌ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറാണ് സെക്രട്ടറി ജനറൽ. പൊതുസഭയുടെയും രക്ഷാസമിതിയുടെയും പ്രമേയങ്ങൾ പാസാക്കുക, വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുക, അന്താരാഷ്‌ട്ര പ്രാധാന്യമുള്ള കാര്യങ്ങൾ രക്ഷാസമിതിയുടെ ശ്രദ്ധയിൽ പെടുത്തുക തുടങ്ങിയ ചുമതലകൾ സെക്രട്ടറി ജനറലിന്റേതാണ്. സെക്യൂരിറ്റി കൗണ്‍സിലിന്റെ നിര്‍ദ്ദേശമനുസരിച്ചാണ്‌ ജനറൽ അസംബ്ലി സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും നിയമിക്കുന്നത്‌. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഒരു രാജ്യത്തോടും ഒരു ജനവിഭാഗത്തോടും പ്രത്യേക താത്പര്യം വെച്ചുപുലർത്താത്ത ആളാകണം സെക്രട്ടറി ജനറൽ. സെക്രട്ടറി ജനറലിനെ സഹായിക്കുവാൻ അണ്ടർ സെക്രട്ടറി ജനറൽമാർ, അസി. സെക്രട്ടറി ജനറൽമാർ, ഡെപ്യൂട്ടി ജനറൽ എന്നിവരുമുണ്ട്. യു.എൻ ഉദ്യോഗസ്ഥർ സ്വന്തം രാജ്യത്തെ പൗരന്മാരായി തുടരുമെങ്കിലും സംഘടനയുടെ താല്‍പര്യങ്ങൾക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന്‌ പ്രതിജ്ഞയെടുക്കണം. യു.എൻ അസിസ്‌റ്റന്‍റ്‌ സെക്രട്ടറി ജനറൽ ആയിരുന്ന റോബര്‍ട്ട്‌ മുള്ളറുടെ വാക്കുകൾ കേൾക്കു. ഒരു തരത്തിൽ മനുഷ്യത്വത്തിന്റെ കണ്ണും കാതും മനസ്സും ഹൃദയവുമാണ്‌ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ".

ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലുകൾ

ട്രിഗ്വേ ലി (1946-1952)

രണ്ടാം ലോകമഹായുദ്ധത്തിൽ അച്ചുതണ്ട്‌ ശക്തികൾക്കെതിരെ ഒന്നിച്ച്‌ നില്‍ക്കാനുള്ള തീരുമാനമായ ഐക്യരാഷ്ട്ര പ്രമാണത്തിലെ വ്യവസ്ഥകൾ എഴുതിയുണ്ടാക്കിയ കമ്മിഷന്റെ ചെയര്‍മാൻ. നോര്‍വേക്കാരനായ അദ്ദേഹം 1946-ൽ യു.എന്നിന്റെ ആദ്യ മേധാവിയായി. യൂറോപ്പുകാരനായ ആദ്യ സെക്രട്ടറി ജനറൽ. ഐക്യരാഷ്ട്ര സഭാ സെക്രട്ടറിസ്ഥാനം രാജിവെച്ച ആദ്യത്തെ സെക്രട്ടറി ജനറൽ.

ഡാഗ്‌ ഹാമര്‍ഷോൾഡ്‌ (1952-1961)

നിരവധി തര്‍ക്കപരിഹാരങ്ങളിൽ യു.എൻ ഇടപെടലുകൾ നിര്‍ണായകമായ കാലത്താണ്‌ സ്വീഡ൯കാരനായ ഹാമര്‍ഷോൾഡ്‌ സെക്രട്ടറി ജനറലായത്‌. സൂയസ്‌ കനാൽ തര്‍ക്ക പരിഹാരം, ഇസ്രയേല്‍-അറബ്‌ വെടിനിര്‍ത്തൽ എന്നിവ അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ചിലതാണ്‌. 1961 ൽ നോബൽ സമ്മാനം ലഭിച്ചു. അധികാരത്തിലിരിക്കുമ്പോൾ അന്തരിച്ച ആദ്യത്തെ സെക്രട്ടറി ജനറൽ. വിമാനാപകടത്തിൽ മരിച്ച ഡാഗ്‌ ഹാമര്‍ഷോൾഡിന്റെ പേരിലാണ് യു.എൻ ലൈബ്രറി സ്ഥിതിചെയ്യുന്നത്. ഇതിന്റെ ആസ്ഥാനം ന്യൂയോർക്കിലാണ്.

ഊ താന്‍റ്‌ (1962-1971)

ഐക്യരാഷ്ട്ര സംഘടനയുടെ തലപ്പത്തെത്തിയ ആദ്യ ഏഷ്യക്കാരനാണ്‌ മ്യാന്‍മറിൽ നിന്നുള്ള ഊ താന്‍റ്‌. അധ്യാപകനും പത്രപ്രവര്‍ത്തകനുമായ അദ്ദേഹം മുന്നുതവണ (1962, 1967, 1971) യു.എന്നിന്റെ സെക്രട്ടറി ജനറലായി.

കൂര്‍ട്ട്‌ വാല്‍ഡ്‌ ഹൈം (1972-1982)

ഓസ്ട്രിയയുടെ സ്ഥിരം പ്രതിനിധിയായിരുന്ന ഡോ.കൂര്‍ട്ട്‌ വാൽഡ്‌ ഹൈം ആണ്‌ പിന്നീട്‌ സെക്രട്ടറി ജനറൽ പദവിയിൽ എത്തിയത്‌. പത്തുവര്‍ഷം അദ്ദേഹം ഐക്യരാഷ്ട്രസംഘടനയെ നയിച്ചു. സെക്രട്ടറി ജനറൽ ആയ ശേഷം ഒരു രാഷ്ട്രത്തിലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ജാവിയസ്‌ പെരസ്‌ ഡിക്വയർ (1982-1991)

അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള ആദ്യത്തെ സെക്രട്ടറി ജനറലാണ്‌ ജാവിയസ്‌ പെരസ്‌ ഡിക്വയര്‍. പെറുവിൽ നിന്നാണ്‌ അദ്ദേഹം ഐക്യരാഷ്ട്ര സംഘടനയിലെത്തിയത്‌. രണ്ടാം ഊഴത്തിൽ എതിരില്ലാതെയായിരുന്നു അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

ബുത്റോസ് ബുത്റോസ് ഖാലി (1992-1996)

ഈജിപ്തുകാരനായ ബുത്റോസ്‌ ഖാലി സെക്രട്ടറി ജനറലായിരിക്കെ ഒട്ടേറെ പ്രതിസന്ധികൾ യു.എന്നിൻ നേരിടേണ്ടിവന്നു. റുവാണ്ടയിലെ വംശഹത്യ, യൂഗോസ്ലാവ്യയിലെയും അംഗോളയിലെയും യുദ്ധങ്ങൾ തുടങ്ങിയവയിലൊന്നും ഫലപ്രദമായി ഇടപെടാൻ ഖാലിക്കു കീഴിൽ യു.എന്നിന് കഴിഞ്ഞില്ല. ആഫ്രിക്കക്കാരനായ ആദ്യ സെക്രട്ടറി ജനറൽകൂടിയാണ് അദ്ദേഹം.

കോഫി അന്നൻ (1997-2006)

സുസംഘടിതവും സമാധാനപൂര്‍ണവുമായ പുതുലോകം” - പ്രത്യാശയുടെ ഈ മുദ്രാവാകൃവുമായാണ്‌ ഘാനക്കാരനായ കോഫി അന്നൻ യു.എന്നിന്റെ തലവനായത്‌. അമേരിക്കയുടെ ഇറാഖ്‌ യുദ്ധത്തെ തള്ളിപ്പറഞ്ഞ അന്നൻ നടത്തിയ ഫലപ്രദമായ ഇടപെടലുകൾ അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേൽ നേടിക്കൊടുത്തു.

ബാൻ കി മൂൺ (2007-2016)

ആഗോളതാപനം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാൻ ആഗോളകുട്ടായ്മയെ സജ്ജമാക്കിയത്‌ ബാൻ കി മൂണിന്റെ വരവോടെയാണ്‌. കൊറിയക്കാരനായ അദ്ദേഹം ഇന്ത്യൻ പ്രതിനിധി ആയ ശശി തരൂരിനെ പരാജയപ്പെടുത്തിയാണ്‌ 2007 ജനുവരി ഒന്നിന് യുഎൻ സെക്രട്ടറി ജനറലായത്‌.

അന്റോണിയോ ഗുട്ടറസ്സ് (2017-തുടരുന്നു)

ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടറസ്സ് 2017 ജനുവരി 1-ന് ബാൻ കി മൂണിൻറെ പിൻ‌ഗാമിയാണ് ചുമതലയേറ്റത്. പോര്‍ച്ചുഗലിന്റെ മുൻ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതിനുശേഷം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലാകുന്ന ആദ്യത്തെ വ്യക്തികൂടിയാണ്.

അന്താരാഷ്ട്ര സംഘടനകൾ

ലോകബാങ്ക് (World Bank)

1945 ഡിസംബർ 27-നാണ് ലോകബാങ്ക് സ്ഥാപിതമായത്. 1946-ൽ പ്രവർത്തനം തുടങ്ങി. അഞ്ച് ഏജൻസികൾ ചേരുന്ന വിശാലമായ കൂട്ടായ്മയാണ് ലോകബാങ്ക്. ലോകത്തിലെതന്നെ ഏറ്റവും വലിയ ബാങ്കാണിത്. വാഷിങ്ടൺ ഡി.സിയാണ് ആസ്ഥാനം. അന്താരാഷ്ട്ര പുനർനിർമാണ വികസന ബാങ്ക്, അന്താരാഷ്ട്ര ധനകാര്യ കോർപ്പറേഷൻ, അന്താരാഷ്ട്ര വികസന സമിതി, ബഹുകക്ഷി നിക്ഷേപസുരക്ഷാസമിതി, നിക്ഷേപ തർക്കപരിഹാരത്തിനുള്ള അന്താരാഷ്ട്ര കേന്ദ്രം എന്നിവയാണ് ലോക ബാങ്കിന്റെ ഏജൻസികൾ. ലോകബാങ്കിന്റെ ഏജൻസിയായ അന്താരാഷ്ട്ര പുനർനിർമാണ വികസന ബാങ്കിൽ നിലവിൽ 189 രാജ്യങ്ങൾ അംഗങ്ങളാണ്.

ഭരണസമിതി : അമേരിക്കൻ പ്രസിഡന്റാണ് ലോക ബാങ്ക് പ്രസിഡന്റിനെ നിർദേശിക്കുന്നത്. അഞ്ചുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി. ലോകബാങ്കിൽ ഏറ്റവും കൂടുതൽ ഓഹരി പങ്കാളിത്തമുള്ള അമേരിക്കയിൽനിന്നുള്ള പൗരനായിരിക്കും എപ്പോഴും ബാങ്കിന്റെ പ്രസിഡന്റ്. അമേരിക്കൻ പൗരനായ ഡേവിഡ് മാൽപാസ് ആണ് നിലവിലുള്ള പ്രസിഡന്റ്.

ലോക വികസന റിപ്പോർട്ട് : ലോകബാങ്ക് എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന വാർഷിക വിശകലന റിപ്പോർട്ടാണ് ലോകവികസന റിപ്പോർട്ട്. ലോകത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക അവസ്ഥകളെപ്പറ്റി ഈ റിപ്പോർട്ട് വിശദമായി ചർച്ചചെയ്യുന്നു.

ഒപെക് (OPEC)

ക്രൂഡ് ഓയിലിന്റെ ഉത്പാദനവും വിലനിലവാരവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഇറാൻ, ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ, വെനിസ്വേല എന്നീ അഞ്ച് രാജ്യങ്ങൾ 1960 ൽ തുടങ്ങിയതാണ് ഒപെക്. (OPEC - ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ്). ഇറാഖിലെ ബാഗ്ദാദിൽ ചേർന്ന സമ്മേളനത്തിലാണ് ഈ സംഘടന സ്ഥാപിതമായത്. ഒപെക്കിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ആസ്ട്രിയയിലെ വിയന്നയിലാണ്. നിലവിൽ 13 അംഗ രാജ്യങ്ങളുമുണ്ട്. കുവൈറ്റ്‌, അൾജീരിയ, അംഗോള, വെനസ്വേല, ഇറാഖ്‌, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറാൻ, സൗദി അറേബ്യ, നൈജീരിയ, ലിബിയ, ഗാബോൺ, ഇക്വറ്റോറിയൽ ഗിനിയ, കോംഗോ എന്നിവരാണ് അംഗരാജ്യങ്ങൾ. ഒപെക്കിൽ നിന്ന് ഒഴിവായ അംഗരാജ്യങ്ങൾ - ഇന്തൊനീഷ്യ (2016), ഇക്വഡോർ (2020), ഖത്തർ (2019). ലോകത്തിലെ ക്രൂഡ് ഓയിൽ നിക്ഷേപത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും, ഉൽപാദനത്തിന്റെ മൂന്നിൽ ഒന്ന് ഭാഗവും ഒപെക് രാജ്യങ്ങളിലാണ്‌.

ഗ്രീൻപീസ് ഫൗണ്ടേഷൻ (Greenpeace Foundation)

ലോകത്തിന്റെ പച്ചപ്പ് കാത്തുസൂക്ഷിക്കാൻ കാവൽ നിൽക്കുന്ന സംഘടനയാണ് ഗ്രീൻപീസ് ഫൗണ്ടേഷൻ. അലാസ്കയിലുള്ള ഒരു ദ്വീപസമൂഹമായ അല്യൂഷൻ ദ്വീപുകളിൽ ഒന്നായ ആംചിഡ്കയുടെ സംരക്ഷണാർത്ഥം കാനഡയിലെ വാൻകൂറിൽ ആരംഭിച്ച സംഘടനയാണ് ഗ്രീൻപീസ്. ബോബ് ഹണ്ടർ, ഡൊറോത്തി സ്റ്റോവ്, ഡേവിഡ് മക്തഗാർട്ട്, ഇർവിങ് സ്റ്റോവ് എന്നിവർ ചേർന്നാണ് അന്തർദേശീയ പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് സ്ഥാപിച്ചത്. ആംസ്റ്റർഡാം ആണ് ഇതിന്റെ ആസ്ഥാനം. 1971 ൽ പ്രവർത്തനം തുടങ്ങിയ ഗ്രീൻപീസ് ഇന്ന് 55 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതി കമാൻഡോകൾ എന്ന് വിശേഷിപ്പിക്കുന്ന ലോക പരിസ്ഥിതി സംഘടനയാണിത്. അമേരിക്കൻ ഐക്യനാടുകൾ അലാസ്‌കയിൽ നടത്തുന്ന ആണവപരീക്ഷണങ്ങൾക്കെതിരെയാണ് ഗ്രീൻപീസ് ആദ്യമായി രംഗത്തെത്തിയത്. തിമിംഗലവേട്ട, ഉൾക്കടൽ മത്സ്യബന്ധനം, ട്രോളിങ്, ആഗോളതാപനം തുടങ്ങിയവയ്‌ക്കെതിരെ ശക്തമായ പ്രതിഷേധ പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഗ്രീൻപീസ് സംഘടിപ്പിക്കുന്നുണ്ട്. ജൈവവൈവിധ്യം സംരക്ഷിക്കുക, ഓസോൺ പാളിയുടെ സംരക്ഷണം, ആണവഭീഷണി ദൂരീകരിക്കുക, തിമിംഗലവേട്ട അവസാനിപ്പിക്കുക, ആവാസവ്യവസ്ഥയുടെ സംരക്ഷണം, സമുദ്രങ്ങൾ - നദികൾ - ഭൗമാന്തരീക്ഷം എന്നിവയുടെ മലിനീകരണം തടയുക എന്നിവയാണ് ഗ്രീൻപീസിന്റെ പ്രധാന ലക്ഷ്യങ്ങൾ.

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് (Scout and Guide)

സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി കൗമാരക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ തുടക്കം കുറിച്ചതാണ് 'സ്കൗട്ട് ആൻഡ് ഗൈഡ്സ് മൂവ്മെന്റ്'. ശാരീരികവും മാനസികവുമായ ഉണർവിലൂടെ ലോകത്തിന് മികച്ച പൗരന്മാരെ സംഭാവന ചെയ്യുകയാണ് സംഘടനയുടെ ലക്ഷ്യം. 1907 ൽ ബ്രിട്ടീഷ് ആർമിയിലെ ലഫ്റ്റനന്റ് ജനറൽ ആയിരുന്ന ബേഡൻ പവ്വലാണ് ഇത് സ്ഥാപിച്ചത്. ആൺകുട്ടികൾക്കുള്ള സ്കൗട്ട് മൂവ്മെന്റിന് ശേഷം 1910 ൽ തന്റെ സഹോദരിയായ ആഗ്നസ് ബേഡൻ പവ്വലുമായി ചേർന്ന് അദ്ദേഹം പെൺകുട്ടികൾക്കുള്ള ഗൈഡ്സ് പ്രസ്ഥാനത്തിനും തുടക്കം കുറിച്ചു. 1909 ൽ ബ്രിട്ടീഷ് ക്യാപ്റ്റൻ ടി.എച്ച്.ബേക്കറാണ് ഇന്ത്യയിൽ സ്കൗട്ട് മൂവ്മെന്റ് ആരംഭിച്ചത്.

ആഫ്രിക്കൻ യൂണിയൻ (African Union)

ആഫ്രിക്കൻ വൻകരയിലെ 55 രാജ്യങ്ങൾ ചേർന്ന കൂട്ടായ്മയാണ് ആഫ്രിക്കൻ യൂണിയൻ. ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി എന്ന സംഘടനയുടെ പിൻഗാമിയായാണ് ആഫ്രിക്കൻ യൂണിയൻ നിലവിൽ വന്നത്. ആഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയാണ് ആഫ്രിക്കൻ യൂണിയന്റെ ലക്ഷ്യം. 2002 ജൂലൈ 9-നാണ് ഈ കൂട്ടായ്മ രൂപവൽക്കരിച്ചത്. എത്യോപ്യയിലെ അഡിസ് അബാബയാണ് ഇതിന്റെ ആസ്ഥാനം. ആഫ്രിക്കൻ യൂണിയന്റെ നിയമനിർമാണസഭയാണ് പാൻ ആഫ്രിക്കൻ പാർലമെന്റ്. അംഗരാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 265 അംഗങ്ങളാണ് പാൻ ആഫ്രിക്കൻ പാർലമെൻറിൽ ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് പാർലമെന്റ് നിയന്ത്രിക്കുന്നത്. വർഷത്തിൽ രണ്ടുതവണ നടക്കുന്ന ആഫ്രിക്കൻ രാഷ്ട്രത്തലവന്മാരുടെ കൂട്ടായ്മയാണ് 'അസംബ്ലി ഓഫ് ആഫ്രിക്കൻ യൂണിയൻ'. പാൻ ആഫ്രിക്കൻ പാർലമെന്റിന്റെ തീരുമാനങ്ങൾക്ക് അംഗീകാരം നൽകുന്നത് ഈ അസ്സംബ്ലിയാണ്.

കോമൺവെൽത്ത് (Commonwealth)

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന രാജ്യങ്ങളുടെ (കോളനികൾ) കൂട്ടായ്മയാണ് കോമൺവെൽത്ത്. (ബ്രിട്ടീഷ് കോമൺവെൽത്ത് ഓഫ് നേഷൻസ്). ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മിക്ക രാഷ്ട്രങ്ങളും ഇപ്പോൾ കോമൺവെൽത്തിൽ അംഗങ്ങളാണ്. ബ്രിട്ടനെയും അതിന്റെ കോളനികളെയും അധീനതയിലുള്ള മറ്റു പ്രദേശങ്ങളെയും ഉൾപ്പെടുത്തി കോമൺവെൽത്ത് രൂപീകരിക്കുക എന്ന ആശയം അംഗീകരിക്കപ്പെട്ടത് 1926 ലെ ഇംപീരിയൽ സമ്മേളനത്തിലാണ്. 1931 ൽ സ്റ്റാച്യൂ ഓഫ് വെസ്റ്റമിൻസ്റ്റർ കോളനികളുടെ പദവി അംഗീകരിച്ച് കോളനികളും ബ്രിട്ടീഷ് സാമ്രാജ്യവും തമ്മിലുള്ള ബന്ധം തീരുമാനിച്ചു. കോമൺവെൽത്തിന് ഒരു ലിഖിത ഭരണഘടനയില്ല. അതേസമയം മിക്ക അംഗരാജ്യങ്ങളുടെയും ഭരണഘടനയിൽ സമാനതകളുണ്ട്. നിലവിൽ 54 രാഷ്ട്രങ്ങൾ കോമൺവെൽത്തിൽ അംഗങ്ങളാണ്. (ലോക ജനസംഖ്യയുടെ 30 ശതമാനം). ലണ്ടനാണ് ആസ്ഥാനം. കോമൺവെൽത്ത് അംഗങ്ങൾക്കിടയിലുള്ള നയതന്ത്ര പ്രതിനിധി ഹൈക്കമ്മീഷണർ എന്നാണ് അറിയപ്പെടുന്നത്. കോമൺവെൽത്ത് ഇതര രാജ്യങ്ങളിൽ ഇത് അംബാസഡറാണ്. ബ്രിട്ടീഷ് രാജ്ഞിയാണ് കോമൺവെൽത്തിന്റെ പ്രതീകാത്മക മേധാവി. കോമൺവെൽത്തിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രം സെക്രട്ടറിയേറ്റാണ്. സെക്രട്ടറി ജനറലാണ് ഇതിന്റെ മേധാവി. രണ്ടുവർഷത്തിലൊരിക്കൽ അംഗരാജ്യങ്ങളുടെ ഭരണത്തലവന്മാരുടെ ഉച്ചകോടി സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കും. സെക്രട്ടറിയേറ്റിൽ സ്ഥിരാംഗങ്ങളില്ല. നാല് വർഷത്തിലൊരിക്കൽ അംഗരാജ്യങ്ങൾ പങ്കെടുക്കുന്ന കോമൺവെൽത്ത് ഗെയിംസ് നടത്താറുണ്ട്. 2010 ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിലാണ് നടന്നത്.

റെഡ്ക്രോസ് (Red Cross Society)

റെഡ് ക്രോസ് - കാരുണ്യത്തിന്റെയും സേവനത്തിന്റെയും ചിഹ്നമാണ് നെടുകെയും കുറുകെയുമുള്ള ഈ ചുവപ്പ് വരകൾ. 'ലോകത്തിന്റെ ആശുപത്രി'യെന്ന് വേണമെങ്കിൽ റെഡ്‌ക്രോസിനെ വിശേഷിപ്പിക്കാം. കെടുതിയും ദുരിതവും അനുഭവിക്കുന്ന ലോകത്തിന്റെ മുക്കിലും മൂലയിലും ആതുര സേവനവുമായി റെഡ് ക്രോസ് കടന്നുചെല്ലും. 188 രാജ്യങ്ങളിൽ പല സംഘടനകളായി പടർന്നു കിടക്കുന്ന റെഡ്‌ക്രോസിന് ഒറ്റ ലക്ഷ്യമേയുള്ളൂ - മനുഷ്യർക്ക് ആശ്വാസമേകുക. യുദ്ധക്കെടുതികളിലും പ്രകൃതി ദുരന്തങ്ങളിലും ദാരിദ്ര്യത്തിലും കഷ്ടത അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുകയാണ് റെഡ് ക്രോസിന്റെ മുഖ്യ പ്രവർത്തനം.

സന്നദ്ധ സേവകരും ജീവനക്കാരുമായി പത്തുകോടിയോളം ആളുകളാണ് റെഡ് ക്രോസിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായിരിക്കുന്നത്. ദുരിതബാധിത മേഖലകളിൽ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ റെഡ്ക്രോസ് പ്രവർത്തകർ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ലോകത്തിന്റെ മുറിവുണക്കുക എന്ന ലക്ഷ്യത്തോടെ 1863 ൽ സ്വിറ്റ്സർലാൻഡിലെ ജനീവയിലാണ് റെഡ്‌ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഹെൻറി ഡ്യുനൻറ്, ഗുസ്‌താവ്‌ മെയ്നിയർ എന്നിവരാണ് ആ മഹാപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. 'ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ്ക്രോസ്' എന്നായിരുന്നു പേര്.

1919 ൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് (IFRC) എന്നും പിന്നീട് നാഷണൽ റെഡ് ക്രോസ് ആൻഡ് റെഡ് ക്രെസന്റ് എന്നും പ്രത്യേകം സംഘടനകളായി പ്രവർത്തനം വേർതിരിച്ചു. ഇന്ത്യയിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി എന്ന പേരിൽ എഴുനൂറോളം സജീവ ശാഖകൾ പ്രവർത്തിക്കുന്നുണ്ട്.

സാർക്ക് (SAARC)

സാർക്ക് എന്ന് അറിയപ്പെടുന്ന ഈ കൂട്ടായ്‌മ 1985 ഡിസംബർ 8 ന് നിലവിൽ വന്നു. South Asian Association for Regional Cooperation എന്നാണ് ഇതിന്റെ പൂർണനാമം. പരസ്‌പര സഹകരണം സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്താനായി ദക്ഷിണ ഏഷ്യയിലെ ഏഴുരാജ്യങ്ങൾ ചേർന്ന് രൂപം നൽകിയ സാർക്കിൽ ഇപ്പോൾ അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ എട്ട് അംഗരാഷ്ട്രങ്ങളുണ്ട്. 1985 ഡിസംബർ മാസത്തിൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ ചേർന്ന സമ്മേളനത്തിലാണ് സാർക്ക് രൂപവത്കൃതമായത്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് സാർക്കിന്റെ സ്ഥിരം ആസ്ഥാനം സ്ഥിതിചെയ്യുന്നത്. സാർക്ക് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ബംഗ്ലാദേശ് പ്രസിഡന്റായിരുന്ന സിയ-ഉർ-റഹ്മാനാണ് (1979). ബംഗ്ലാദേശ്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവയാണ് സാർക്കിലെ അംഗരാജ്യങ്ങൾ. ജനസംഖ്യാടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്രാദേശിക രാഷ്ട്രക്കൂട്ടായ്മയാണ് സാർക്ക്. അംഗരാഷ്ട്രങ്ങളിലെ സാമൂഹിക-സാമ്പത്തിക വികസനമാണ് സംഘടനയുടെ ലക്ഷ്യം.

യൂറോപ്യൻ യൂണിയൻ (European Union)

1951 ൽ യൂറോപ്പിലെ ആറ് രാജ്യങ്ങളുടെ കൂട്ടായ്‌മയായി ആരംഭിച്ചതാണ് 'യൂറോപ്യൻ യൂണിയൻ'. പാരീസ് സന്ധിയിൽ ഒപ്പുവച്ച ആ ആറു രാജ്യങ്ങൾ ബെൽജിയം, ഫ്രാൻസ്, വെസ്റ്റ് ജർമനി, ഇറ്റലി, ലക്‌സംബർഗ്, നെതർലാൻഡ്‌സ് എന്നിവയായിരുന്നു. 1967 ൽ ഇതിന്റെ പേര് 'യൂറോപ്യൻ കമ്മ്യൂണിറ്റി' എന്നായി. 1992 ലെ മാസ്ട്രിച്ച് സന്ധിയെത്തുടർന്ന് വിദേശകാര്യം, പ്രതിരോധം തുടങ്ങിയ കാര്യങ്ങളിൽ സഹകരണം ശക്തിപ്പെടുത്താനും പൊതുവായ നാണയത്തിന് രൂപം നൽകാനും തീരുമാനമായി. ഇതോടെ യൂറോപ്യൻ യൂണിയൻ യാഥാർഥ്യമായി. 1999 ൽ യൂറോ എന്ന പേരിൽ പൊതുവായ ഒരു കറൻസി നിലവിൽ വന്നു. 2002 മുതൽ അവ 12 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഉപയോഗിച്ചു തുടങ്ങി. ഇപ്പോൾ യൂറോപ്യൻ യൂണിയനിൽ 27 അംഗരാജ്യങ്ങളുണ്ട്. ബെൽജിയത്തിലെ ബ്രസൽസാണ് യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം. 1951 ൽ ആരംഭിച്ച യൂറോപ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്മ്യൂണിറ്റി, 1958 ൽ ആരംഭിച്ച യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റി എന്നിവയാണ് യൂറോപ്യൻ യൂണിയന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. 2012 ലെ സമാധാനത്തിനുള്ള നൊബേൽ നേടിയത് യൂറോപ്യൻ യൂണിയനായിരുന്നു.

ബ്രെക്സിറ്റ്‌ കരാർ

യൂറോപ്യൻ യൂണിയനിൽ ബ്രിട്ടന്റെ അംഗത്വം തുടരണമോ എന്ന് തീരുമാനിക്കുന്നതിനായി നടന്ന ജനഹിത പരിശോധനയാണ് ബ്രെക്സിറ്റ്‌. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ പിന്മാറുന്നതു സംബന്ധിച്ച് 'ബ്രെക്സിറ്റ്‌ കരാർ' 2020 ജനുവരി 31 അർധരാത്രി നിലവിൽ വന്നു. മൂന്നു വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ബ്രെക്സിറ്റ്‌ ബില്ലിന് ബ്രിട്ടനിൽ അംഗീകാരം ലഭിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി മുൻപുതന്നെ ഒപ്പുവച്ച കരാർ ജനുവരി 29 ന് യൂറോപ്യൻ പാർലമെന്റിന്റെ അന്തിമ അംഗീകാരം നേടി.

നിലവിലെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ

ഓസ്ട്രിയബൽജിയംബൾഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ഡെന്മാർക്ക്എസ്റ്റോണിയഫിൻലാൻഡ്ഫ്രാൻസ്ജർമനി, ഗ്രീസ്, ഹംഗറി, അയർലൻഡ്ഇറ്റലി, ലാത്‌വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്‌സ്‌, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലോവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ

ആംനെസ്റ്റി ഇന്റർനാഷണൽ (Amnesty International)

മനുഷ്യാവകാശ വിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ 1961 ലാണ് ആംനെസ്റ്റി ഇന്റർനാഷണൽ ആരംഭിച്ചത്. ലണ്ടനാണ് ആസ്ഥാനം. പൊതുമാപ്പ് എന്നാണ് 'ആംനെസ്റ്റി' എന്ന വാക്കിന്റെ അർഥം. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇവർ ശക്തമായി പോരാടുന്നു. 150 രാജ്യങ്ങളിൽ നിന്നായി 12 ലക്ഷത്തോളം അംഗങ്ങൾ ഈ സംഘടനയിലുണ്ട്. 1977 ലെ സമാധാനത്തിനുള്ള നൊബേൽ ഈ സംഘടന നേടി.

ഏഷ്യൻ വികസന ബാങ്ക് (Asian Development Bank)

ഏഷ്യയുടെ സാമൂഹികവും സാമ്പത്തികവുമായ  പുരോഗതിക്കും സാമ്പത്തിക സഹായത്തിനുമായി സ്ഥാപിച്ചതാണ് 'ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്'. അമേരിക്കയുടെയും ജപ്പാന്റെയും സഹായത്തോടെയാണ്  ഈ ബാങ്ക് സ്ഥാപിതമായത്. എ.ഡി.ബി എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. 1966 ലാണ് പ്രവർത്തനം തുടങ്ങിയത്. രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി കുറഞ്ഞ നിരക്കിൽ പണം ലഭ്യമാക്കുന്നതാണ് ബാങ്കിന്റെ മുഖ്യപ്രവർത്തനം. വായ്പകളായും സാമ്പത്തിക സഹായമായും എ.ഡി.ബി പണം നൽകാറുണ്ട്. ഉദാരവ്യവസ്ഥയിൽ അംഗരാജ്യങ്ങൾക്ക് പണം കൊടുക്കുന്ന എ.ഡി.ബിയുടെ ആസ്ഥാനം ഫിലിപ്പീൻസിലെ മനിലയിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യ ഉൾപ്പെടെ 67 രാജ്യങ്ങൾ എ.ഡി.ബി.യിൽ അംഗങ്ങളാണ്. 48 ഏഷ്യാ പസഫിക് രാജ്യങ്ങളെ കൂടാതെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള പത്തൊമ്പത് രാജ്യങ്ങളും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിലെ അംഗങ്ങളാണ്. 1974 ൽ എഡിബി ഏഷ്യൻ വികസന നിധി ആരംഭിച്ചു.

ബ്രിക്‌സ് (BRICS)

വിവിധ മേഖലകളിലെ സഹകരണത്തിനായി രൂപവത്കരിച്ച ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ സംഘടനയാണ് BRICS. BRIC എന്ന ചുരുക്കരൂപം ആദ്യം ഉപയോഗിച്ചത് 2001 ൽ ഗോൾഡ്‌മാൻ സാച്ചസാണ്. ഒരു അന്താരാഷ്ട്ര ദിനപത്രത്തിലെ സാമ്പത്തിക വിശകലന ലേഖനത്തിലാണ് BRIC എന്ന ചുരുക്കരൂപം സാച്ച് ഉപയോഗിച്ചത്. 2009 ൽ ന്യൂയോർക്കിലാണ് ഒരു ഔദ്യോഗിക കൂട്ടായ്മയായി BRIC രാജ്യങ്ങളിലെ നേതാക്കൾ യോഗം ചേർന്നത്. ആദ്യ സമ്മേളനം 2009 ൽ റഷ്യയിൽ നടന്നു. തുടക്കത്തിൽ BRIC എന്നറിയപ്പെട്ടിരുന്ന സംഘടന ദക്ഷിണാഫ്രിക്ക അംഗമായതിനുശേഷമാണ് BRICS ആയി മാറിയത്. 2010 ഡിസംബറിലാണ് ദക്ഷിണാഫ്രിക്ക അംഗമായത്. 2011 ൽ ചൈനയിൽ വെച്ച് നടന്ന BRICS സമ്മേളനത്തിലാണ് ദക്ഷിണാഫ്രിക്കൻ ഔദ്യോഗിക പ്രതിനിധി ആദ്യമായി പങ്കെടുത്തത്. 2012 ലെ BRICS സമ്മേളനം ഇന്ത്യയിൽ വെച്ചും, 2013 ലെ BRICS ഉച്ചകോടി ദക്ഷിണാഫ്രിക്കയിൽ വെച്ചും നടന്നു. 2014 ലെ സമ്മേളനം ബ്രസീലിലും 2015 ലേത് റഷ്യയിലുമാണ് നടന്നത്. 2016 ലെ എട്ടാമത് ബ്രിക്സ് സമ്മേളനത്തിന് വേദിയായത് ഇന്ത്യയാണ്. 2016 ഒക്ടോബർ 15 മുതൽ 17 വരെ ഗോവയിലാണ് എട്ടാമത് സമ്മേളനം നടന്നത്. ഒൻപതാമത് സമ്മേളനം സിയാമെൻ (ചൈന)-യിൽ 2017 സെപ്റ്റംബർ 3 മുതൽ 5 വരെ നടന്നു. 2018 ലെ ബ്രിക്‌സ് സമ്മേളനം ദക്ഷിണാഫ്രിക്കയിൽ വെച്ചും, 2019 ലെ ബ്രിക്‌സ് ഉച്ചകോടി ബ്രസീലിലും നടന്നു. 2020 ലെയും 2021 ലെയും സമ്മേളനങ്ങൾ കോവിഡ് മഹാമാരിയെത്തുടർന്ന് വീഡിയോ കോൺഫറൻസിലൂടെ നടന്നു. 2020 ലെ വേദി റഷ്യയും 2021 ലെ വേദി ഇന്ത്യയുമായിരുന്നു.

ബ്രിക്‌സ് ബാങ്ക്

ബ്രിക്‌സ് രാജ്യങ്ങളിലെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് 2014 ജൂലൈ 15 ന് രൂപവത്കരിച്ച വികസന ബാങ്കാണ് ന്യൂ ഡവലപ്മെന്റ് ബാങ്ക്. ചൈനയിലെ ഷാങ്ഹായ് ആണ് ആസ്ഥാനം. ഇന്ത്യയുടെ കെ.വി.കാമത്ത് ആണ് ബാങ്കിന്റെ ആദ്യ അധ്യക്ഷൻ. ബ്രസീൽ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തമുള്ള ബാങ്കിന്റെ പ്രഥമ മൂലധനം ആയിരം കോടി ഡോളറാണ്. ഇതിൽ ഇന്ത്യയും ബ്രസീലും റഷ്യയും 1800 കോടി ഡോളർ നിക്ഷേപിക്കും. 4100 കോടി ഡോളറാണ് ചൈനയുടെ നിക്ഷേപം.

ചേരി ചേരാ പ്രസ്ഥാനം (Non Alignment Movement - NAM)

ഇന്ത്യയടക്കമുള്ള പല ഏഷ്യൻ രാജ്യങ്ങളും ആഫ്രിക്കയിലെ പല രാജ്യങ്ങളും ഒരുകാലത്ത് ബ്രിട്ടന്റെയും ഫ്രാൻസിന്റെയുമൊക്കെ കോളനികളായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഈ രാജ്യങ്ങളുടെ പൊതുതാല്പര്യങ്ങൾക്കായി രൂപംകൊണ്ട കൂട്ടായ്‌മയാണ്‌ ചേരിചേരാ പ്രസ്ഥാനം. 1957 മാർച്ചിൽ നടന്ന ഏഷ്യൻ റിലേഷൻസ് കോൺഫറൻസിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ആണ് ഈ ആശയം അവതരിപ്പിച്ചത്. 1955 ഏപ്രിലിൽ ഇൻഡോനീഷ്യയിലെ ബന്ദുംഗിൽ ചേർന്ന സമ്മേളനമാണ് ഈ ചേരിചേരാ ആശയത്തിന് അടിത്തറയിട്ടത്.

ഓരോ അംഗരാജ്യത്തിന്റെയും പരമാധികാരത്തോടുള്ള പരസ്പരബഹുമാനം, പരസ്പരം അക്രമിക്കാതിരിക്കുക, മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കുക, തുല്യതയും പരസ്പര നേട്ടവും ഉറപ്പാക്കുക, സമാധാനപരമായ സഹവർത്തിത്വം പാലിക്കുക എന്നിവയാണ് ബന്ദുംഗ് സമ്മേളനത്തിൽ പൊതുതത്വമായി സ്വീകരിച്ചത്. 1956 ജൂലൈയിൽ യുഗോസ്ലാവിയയിലെ ബ്രിയോണിയിൽ ജവാഹർലാൽ നെഹ്‌റു (ഇന്ത്യ), മാർഷൽ ടിറ്റോ (യുഗോസ്ലാവിയ), ഗമാൽ അബ്ദുൾ നാസർ (ഈജിപ്ത്), അഹമ്മദ് സുക്കാർണോ (ഇന്തോനേഷ്യ) എന്നിവർ യോഗം ചേർന്ന് കൂട്ടായ്‌മയ്‌ക്ക് ഒരു രൂപരേഖയുണ്ടാക്കി.

1961 സെപ്റ്റംബറിൽ ബൽഗ്രേഡിലാണ് ചേരിചേരാ രാജ്യങ്ങളുടെ ആദ്യ ഉച്ചകോടി നടന്നത്. ഇരുപത്തിയഞ്ച് രാജ്യങ്ങൾ ഇതിൽ പങ്കെടുത്തു. ഈ ഉച്ചകോടിയിലാണ് ചേരിചേരാ പ്രസ്ഥാനം (NAM) ഔദ്യോഗികമായി നിലവിൽ വന്നത്. ഏതെങ്കിലും വൻകിട രാജ്യങ്ങളുടെ പക്ഷത്ത് നിൽക്കാൻ നിർബന്ധിതമാകുന്ന അവസ്ഥ ഒഴിവാക്കാൻ ചേരിചേരാ പ്രസ്ഥാനത്തിലൂടെ ഇത്തരം വികസ്വര-അവികസിത രാജ്യങ്ങൾക്ക് അവസരമുണ്ടായി.

ആസിയാൻ (Association of South East Asian Nations, ASEAN)

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക കൂട്ടായ്മയായ ആസിയാൻ 1967 ഓഗസ്റ്റ് എട്ടാം തീയതി ബാങ്കോക്ക് പ്രഖ്യാപനത്തിലൂടെ നിലവിൽ വന്നു. ഇൻഡോനേഷ്യ, തായ്‌ലൻഡ്, ഫിലിപ്പീൻസ്, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ ചേർന്നാണ് ആസിയാൻ കൂട്ടായ്‌മയ്‌ക്കു രൂപം കൊടുത്തത്. പിന്നീട് മ്യാന്മാർ, വിയറ്റ്നാം, ബ്രൂണൈ, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങൾ കൂടി ഇതിൽ അംഗമായി. ആസിയാനിൽ നിരീക്ഷകാംഗ പദവിയുള്ള രാജ്യമാണ് ഇന്ത്യ. ആസിയാനുമായുള്ള കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സഹകരണ സഖ്യത്തിലെ അംഗമാണ് ഇന്ത്യ. ആസിയാൻ രാജ്യങ്ങളുമായി സ്വാതന്ത്രവ്യാപാരത്തിന്റെ വാതിൽ തുറക്കുന്ന കരാറിൽ ഇന്ത്യ 2009 സെപ്റ്റംബറിൽ ഒപ്പുവച്ചു (നിലവിൽ വന്നത് 2010 ൽ). 1967 ൽ തുടങ്ങിയ ആസിയാന്റെ ലക്ഷ്യം തെക്കു കിഴക്കൻ ഏഷ്യൻ മേഖലയിലെ രാജ്യങ്ങൾ തമ്മിൽ ഉയർന്ന സാമ്പത്തിക വ്യാപാര ബന്ധങ്ങൾ വളർത്തുക, അംഗരാജ്യ പ്രദേശത്തെ സ്വാതന്ത്രവ്യാപാര മേഖലയാക്കി മാറ്റി സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ്. പത്ത് അംഗരാജ്യങ്ങളുള്ള ആസിയാന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലാണ്. ആസിയാൻ അംഗങ്ങളുടെ സാമ്പത്തിക സഖ്യമാണ് അപെക്.

ജി 20 (G20)

ലോകത്തെ സാമ്പത്തിക ശക്തികളായ ജി 8 രാജ്യങ്ങളും വളർന്നു വരുന്ന സാമ്പത്തിക ശക്തികളായ 11 രാജ്യങ്ങളും ഉൾപ്പടെ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അടങ്ങുന്നതാണ് ജി-20. ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളും പ്രശ്നങ്ങളുമാണ് ജി-20 ഉച്ചകോടികളിൽ ചർച്ച ചെയ്യാറ്. 2021 വരെ 16  തവണ ജി 20 യോഗം ചേർന്നു. ജി 20 യുടെ പ്രഥമ ഉച്ചകോടി നടന്നത് 2008 നവംബറിൽ വാഷിംഗ്ടണിലും, രണ്ടാമത്തെ ഉച്ചകോടി 2009 ഏപ്രിലിൽ ലണ്ടനിലും, മൂന്നാമത്തെ ഉച്ചകോടി 2009 സെപ്‌റ്റംബറിൽ പിറ്റസ്ബർഗിലും നടന്നു.  2021 ൽ പതിനാറാമത് ഉച്ചകോടിയുടെ വേദിയായത് റോമാണ് (ഇറ്റലി). ഇന്ത്യക്ക് 2023-ലാകും ജി 20 യുടെ അതിഥ്യം വഹിക്കാൻ അവസരം ലഭിക്കുക. അംഗരാജ്യങ്ങൾ: അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇൻഡോനേഷ്യ, ജപ്പാൻ, ഇറ്റലി, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുർക്കി, ബ്രിട്ടൻ, അമേരിക്ക, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ.

ജി 7 (G7)

ഫ്രാൻസ് മുൻകൈ എടുത്ത് തുടങ്ങിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയാണ് ജി-7. 1975 ലാണ് ഇത് രൂപീകരിക്കുന്നത്. ഫ്രാൻസിനെ കൂടാതെ ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക എന്നീ ആറു രാജ്യങ്ങളാണ് ആദ്യം ഈ സംഘത്തിലുണ്ടായിരുന്നത്. ജി-6 എന്നാണ് ഇത് അന്ന് അറിയപ്പെട്ടിരുന്നത്. 1976 ൽ കാനഡ കൂടി അംഗമായതോടെ ജി-7 ആയി. 1997 ൽ റഷ്യ അംഗമായതോടെ ജി-8 എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ഉക്രൈൻ അധിനിവേശത്തെ തുടർന്ന് 2014 ൽ റഷ്യയെ ജി-8 ൽ നിന്ന് സസ്പെൻഡ് ചെയ്തു. തുടർന്ന് 2017 ജനുവരിയിൽ റഷ്യ ജി -8 കൂട്ടായ്മയില്‍നിന്ന് പുറത്തുപോയി. ഈ രാജ്യങ്ങളെ കൂടാതെ യൂറോപ്യൻ യൂണിയനും ജി-7 ൽ അംഗമാണ്. ഇന്ത്യ, ബ്രസീൽ, ചൈന, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ കൂടി ക്ഷണിതാക്കളായി പിന്നീട് വിളിച്ചു തുടങ്ങി. ജി 20 പ്രഖ്യാപിക്കപ്പെട്ടതോടെ ജി 8 ന്റെ പ്രസക്തി കുറഞ്ഞു.

ലോക വ്യാപാര സംഘടന (World Trade Organization, WTO)

രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര - വാണിജ്യ ബന്ധങ്ങൾ നിയന്ത്രിക്കുന്ന ഏക ലോക സംഘടനയാണ് ലോക വ്യാപാര സംഘടന അഥവാ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (WTO). രാജ്യങ്ങൾ ഒപ്പുവച്ചിട്ടുള്ള WTO കരാറിനെ അടിസ്ഥാനമാക്കിയാണ് ലോക വ്യാപാര സംഘടന പ്രവർത്തിക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യം എളുപ്പമാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ജനീവയാണ്. 1948 ജനുവരി ഒന്നിന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി ഒന്നിന് ലോക വ്യാപാര സംഘടനയായി രൂപാന്തരപ്പെട്ടത്. ഡങ്കൽ വ്യവസ്ഥപ്രകാരമാണ് ഡബ്യു.ടി.ഒ രൂപവത്കരിച്ചത്. ലോക വ്യാപാര സംഘടനയുടെ മുഖ്യ ലക്ഷ്യം നികുതികൾ നിയന്ത്രിച്ച് അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുക എന്നുള്ളതാണ്. ലോക വ്യാപാര സംഘടന നിലവിൽ വരാൻ കാരണമായ ഉച്ചകോടി നടന്നത് 1994 ഏപ്രിൽ 15ന് മാരക്കേഷിൽ (മൊറോക്കോ) വെച്ചായിരുന്നു. 164 രാജ്യങ്ങൾ ഇപ്പോൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്. ഏറ്റവും ഒടുവിലായി അംഗത്വം ലഭിച്ച രാജ്യങ്ങളാണ് ലൈബീരിയയും അഫ്ഗാനിസ്ഥാനും. 2016 ജൂലൈയിലാണ് ഔദ്യോഗിക അംഗത്വം ലഭിച്ചത്.

അറബ് ലീഗ് (Arab League)

അറബ് രാജ്യങ്ങൾക്കിടയിൽ ഐക്യവും ധാരണയും വളർത്തുക എന്ന ലക്ഷ്യത്തോടെ 1945 മാർച്ച് 22ന് ഈജിപ്തിലെ തലസ്ഥാനമായ കെയ്‌റോയിൽ ചേർന്ന സമ്മേളനത്തിലാണ് അറബ് ലീഗ് സ്ഥാപിതമായത്. ഈജിപ്ത്, ഇറാഖ്, ജോർദാൻ, ലെബനൻ, സൗദി അറേബ്യ, സിറിയ എന്നീ ആറ് രാജ്യങ്ങളായിരുന്നു തുടക്കത്തിൽ ഇതിലെ അംഗങ്ങൾ. നിലവിൽ 22 അംഗരാജ്യങ്ങളുള്ള അറബ് ലീഗിന്റെ ആസ്ഥാനം ഈജിപ്തിലെ കെയ്‌റോയാണ്. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ് അംഗങ്ങളിലധികവും. ഇന്ത്യ നിരീക്ഷക അംഗമാണ്.

രാജ്യാന്തര വ്യോമഗതാഗത സംഘടന (IATA)

വ്യോമഗതാഗത്തിന് മേൽനോട്ടം വഹിക്കുന്ന ആഗോള സംഘടനയാണ് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) അഥവാ അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന. സുഗമവും സുരക്ഷിതമായ വ്യോമഗതാഗതമാണ് അയാട്ട ലക്ഷ്യമാക്കുന്നത്. കാനഡയിലെ മോൺ‌ട്രിയൽ ആസ്ഥാനമുള്ള അയാട്ട 1945 ഏപ്രിലിൽ ക്യൂബയിലെ ഹവാനയിലാണ് ആരംഭിച്ചത്. ഇന്റർനാഷണൽ എയർ ട്രാഫിക് അസോസിയേഷനാണ് അയാട്ടയുടെ മുൻഗാമി. 123 രാജ്യങ്ങളിൽ നിന്നായി 303 എയർലൈൻസുകൾ അയാട്ടയിൽ അംഗങ്ങളാണ്. വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾക്ക് കോഡുകൾ നൽകുന്നത് അയാട്ടയാണ്.

ഇന്റർപോൾ (International Criminal Police Organization - INTERPOL)

ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ എന്ന ഇന്റർപോൾ (INTERPOL) 1923ലാണ് തുടയത്. ഫ്രാൻസിലെ ലിയോൺസ് ആണ് ആസ്ഥാനം. ഇന്റർപോളിന്റെ മുൻഗാമിയാണ് ഇന്റർനാഷണൽ ക്രിമിനൽ പോലീസ് (1923). 1956 മുതൽ ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഇന്റർപോൾ എന്നറിയപ്പെടാൻ തുടങ്ങി. രാജ്യാന്തര കുറ്റാന്വേഷണങ്ങൾ ഏറ്റെടുത്തു നടത്തുകയാണ് ഇന്റർപോളിന്റെ ചുമതല. കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്ന ഇന്റർപോളിൽ ഇന്ത്യയും അംഗമാണ്. സി.ബി.ഐയാണ് ഇന്ത്യയിൽ നിന്ന് ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത്. നിലവിൽ 194 അംഗരാജ്യങ്ങളുള്ള ഇന്റർപോളിൻ നാല് ഔദ്യോഗിക ഭാഷകളാണ് ഉള്ളത്. ഫ്രഞ്ച്, ഇംഗ്ലീഷ്, അറബിക്, സ്പാനിഷ് എന്നിവയാണ് ഔദ്യോഗിക ഭാഷകൾ.

അന്താരാഷ്‌ട്ര തപാൽ യൂണിയൻ (Universal Postal Union - UPU)

സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനമായ ബേണിൽ 1874 ഒക്ടോബർ 9ന് യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയൻ (അന്താരാഷ്‌ട്ര തപാൽ യൂണിയൻ) സ്ഥാപിതമായി. അതോടെ ലോകത്തെവിടേക്കും കത്തുകൾ അയയ്ക്കാം എന്ന സൗകര്യം നിലവിൽ വന്നു. ഇതിന്റെ സ്മരണയ്ക്കാണ് ഒക്ടോബർ 9ന് ലോക തപാൽ ദിനം ആചരിക്കുന്നത്. 1969ൽ ജപ്പാനിലെ ടോക്കിയോയിൽ ചേർന്ന UPU യോഗമാണ് ലോകമാകെ തപാൽ ദിനം ആചരിക്കാൻ തീരുമാനിച്ചത്. ലോകത്ത് പോസ്റ്റൽ സർവീസ് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങൾ ഓർമിക്കുകയാണ് ഉദ്ദേശ്യം. 1948ലാണ് UPU ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത്. നിലവിൽ 192 അംഗരാജ്യങ്ങളുള്ള അന്താരാഷ്‌ട്ര തപാൽ യൂണിയന്റെ ആസ്ഥാനം സ്വിറ്റ്‌സർലന്റിലെ ബേനാണ്. ഫ്രഞ്ചാണ് UPUയുടെ ഔദ്യോഗിക ഭാഷ. ഇന്ത്യ 1876 ലാണ് അന്താരാഷ്‌ട്ര തപാൽ യൂണിയനിൽ അംഗമായത്. അന്താരാഷ്ട്ര തലത്തിൽ തപാൽ സഹകരണം നടപ്പാക്കി തപാൽ സംവിധാനം മെച്ചപ്പെടുത്തുക എന്നതാണ് UPUവിന്റെ പ്രധാന ലക്ഷ്യം.

അന്താരാഷ്ട്ര ടൂറിസം ഓർഗനൈസേഷൻ (UNWTO)

1975ൽ സ്പെയിനിലെ മാഡ്രിഡിലാണ് ഐക്യരാഷ്ട്ര സഭയുടെ അനുബന്ധ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) രൂപീകൃതമായത്. UNWTOയുടെ ആഭിമുഖ്യത്തിൽ 1980 മുതലാണ് സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാര ദിനമായി ആചരിച്ചു തുടങ്ങിയത്. 1979 സ്‌പെയിനിൽ കൂടിയ ലോക വ്യാപാര സംഘടനയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. 1970 സെപ്റ്റംബർ 27നാണ് UNWTOയുടെ ചട്ടങ്ങൾ അംഗീകരിച്ചത്. ഈ ചട്ടങ്ങൾ അംഗീകരിച്ചത് ആഗോള ടൂറിസത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. അതിനാലാണ് സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാര ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 1997ൽ വർഷം തോറും ഓരോ വൻകരകളെ കേന്ദ്രീകരിച്ച് ഈ ദിനം കൊണ്ടാടാൻ തീരുമാനിച്ചു. ലോകസൗഹൃദം, സഹകരണം, സംസ്‌കാരങ്ങളുടെ വിനിമയം എന്നിവ ടൂറിസത്തിലൂടെ സാധ്യമാക്കുക എന്നതാണ്  UNWTOയുടെ ലക്ഷ്യം.

ഭക്ഷ്യ കാർഷിക സംഘടന (Food and Agriculture Organization - FAO)

ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) 1945 ഒക്ടോബർ 16ന് രൂപംകൊണ്ടു. പട്ടിണിയും ദാരിദ്ര്യവും അകറ്റുക, കാർഷിക പുരോഗതിക്കായി പ്രവർത്തിക്കുക, ദുരന്ത സമയങ്ങളിലും മറ്റ് അടിയന്തര സന്ദർഭങ്ങളിലും അംഗരാജ്യങ്ങൾക്ക് ഭക്ഷ്യ സഹായം എത്തിക്കുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യങ്ങൾ. പോഷക നിലവാരം, ജീവിത നിലവാരം, കാർഷികോത്പന്നങ്ങളുടെ ഉത്പാദനം, വിതരണം തുടങ്ങിയവ ഉയർത്തുക, ഗ്രാമീണ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിവയാണ് ഭക്ഷ്യ കാർഷിക സംഘടനയുടെ പ്രവർത്തനങ്ങൾ. ഭക്ഷ്യ കാർഷിക സംഘടനയുടെ രൂപീകരണ ദിവസത്തിന്റെ ഓർമയ്ക്കാണ് ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഈ സംഘടന 1979 മുതലാണ് ഭക്ഷ്യ ദിനം ആചരിച്ചു തുടങ്ങിയത്. ഓരോ വർഷവും ഓരോ ആശയവുമായാണ് ഭക്ഷ്യദിനം ആചരിക്കുന്നത്. 2022ലെ ലോക ഭക്ഷ്യ ദിനത്തിന്റെ ആശയം Leave NO ONE behind എന്നാണ്. 2023നെ ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കണമെന്നതിനുള്ള ഇന്ത്യയുടെ ആവശ്യം ഭക്ഷ്യ കാർഷിക സംഘടന അംഗീകരിച്ചു. ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് റോമിലാണ്. നിലവിൽ 194 അംഗരാജ്യങ്ങളാണ് ഭക്ഷ്യ കാർഷിക സംഘടനയ്ക്കുള്ളത്.

ലോക പരിസ്ഥിതി സംഘടന (United Nations Environment Programme - UNEP)

പരിസ്ഥിതി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയാണ് യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (UNEP). 1972 ജൂൺ 5 മുതൽ 16 വരെ യു.എൻ ആഭിമുഖ്യത്തിൽ സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ നടന്ന യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ഹ്യൂമൻ എൻവയോൺമെന്റ് സമ്മേളനത്തിന്റെ റിപ്പോർട്ട് പ്രകാരം നിലവിൽ വന്ന സംഘടനയാണ് ലോക പരിസ്ഥിതി സംഘടന. മണ്ണ്, വായു, ജലം എന്നിവയെല്ലാമടങ്ങുന്ന നമ്മുടെ ചുറ്റുപാടിനെ സംരക്ഷിക്കണമെന്ന സന്ദേശവുമായി സ്റ്റോക്ക് ഹോം കൺവെൻഷന്റെ സ്മരണയ്ക്കായി 1973 മുതൽ 'ജൂൺ 5' ലോക പരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങി. ഈ ദിനത്തിൽ പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും വിപുലമായ പരിപാടികൾ ലോകമെങ്ങും നടക്കുന്നു. കെനിയയിലെ നെയ്‌റോബിയിലാണ് UNEPയുടെ ആസ്ഥാനം. എൻവയോൺമെന്റ് ഫോർ ഡെവലപ്മെന്റ് എന്നാണ് ലോക പരിസ്ഥിതി സംഘടനയുടെ മുദ്രാവാക്യം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട മേഖലകളിൽ അന്താരാഷ്ട്ര സമന്വയം നടപ്പിലാക്കുക എന്നതാണ് യു.എൻ.ഇ.പിയുടെ പ്രധാന ലക്ഷ്യം.

ഐ.പി.സി.സി (Intergovernmental Panel on Climate Change - IPCC)

കാലാവസ്ഥാ മാറ്റം എന്ന ഗുരുതര വിഷയത്തെ ലോകശ്രദ്ധയിലേക്കു കൊണ്ടുവന്ന ആഗോള സംഘടനയാണ് ഐ.പി.സി.സി. 1988ൽ ഐക്യരാഷ്ട്രസഭ രൂപം കൊടുത്ത ഈ സംഘടനയിൽ വിവിധ ലോകരാജ്യങ്ങളിലെ സർക്കാർ പ്രതിനിധികൾ ഉൾപ്പെടുന്നു. ജനീവയാണ് ആസ്ഥാനം. സംഘടനയുടെ മേധാവി 'ചെയർ ഓഫ് ദി ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച്' എന്നറിയപ്പെടുന്നു. ലോക കാലാവസ്ഥാ സംഘടന (WMO) ലോക പരിസ്ഥിതി സംഘടന (UNEP)യും ചേർന്നാണ് ഐ.പി.സി.സി രൂപീകരിച്ചത്. യു.എന്നിലോ WMOയിലോ അംഗത്വമുള്ളവർക്ക് ഇതിൽ അംഗങ്ങളാകാം. യു.എൻ ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (FCCC) ഉടമ്പടി എത്രമാത്രം നിറവേറിയിട്ടുണ്ടെന്ന് പരിശോധിക്കുകയാണ് ഐ.പി.സി.സിയുടെ മുഖ്യലക്ഷ്യം. ഇതിന്റെ ഭാഗമായി അവർ അഞ്ച് അവലോകന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങളുടെ കാരണം കണ്ടെത്തുക, കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക, പാരിസ്ഥിതിക, രാഷ്ട്രീയ ആഘാതങ്ങൾ അനന്തരഫലങ്ങൾ, അവയ്ക്കുള്ള പരിഹാരങ്ങൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഐ.പി.സി.സിയുടെ പ്രവർത്തനങ്ങൾ.

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF)

പ്രകൃതിസംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വാതന്ത്രസംഘടനയാണ് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF). നൂറിലധികം രാജ്യങ്ങളിലായി 1300 ഓളം പ്രകൃതി സംരക്ഷണ പ്രോജക്ടുകൾക്ക് ഇവർ പിന്തുണ നൽകുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ അവയുടെ ആവാസ കേന്ദ്രങ്ങളിൽ തന്നെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പ്രകൃതി സംരക്ഷണ സംഘടനയാണ് WWF. 1961ൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് എന്ന പേരിൽ സ്വിറ്റ്സർലൻഡിലെ ഗ്ലാൻഡ് ആസ്ഥാനമാക്കി രൂപംകൊണ്ടു. 1989ൽ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന പേര് സ്വീകരിച്ചു. ഭീമൻ പാണ്ടയാണ് WWFന്റെ ചിഹ്നം. WWFന്റെ ആദ്യ ചെയർമാനായ സർ.പീറ്റർ സ്‌കോട്ട് ആണ് ചിഹ്നം രൂപപ്പെടുത്തിയത്.

രാസായുധ നിരോധന സംഘടന (Organisation for the Prohibition of Chemical Weapons - OPCW)

രാസായുധങ്ങളുടെ നിരോധനത്തിനു വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ഓർഗനൈസേഷൻ ഫോർ ദി പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസ് (OPCW). 1997 ഏപ്രിൽ 29ന് നെതർലൻഡ്സിലെ ഹേഗിലാണ് ഈ സംഘടന നിലവിൽ വന്നത്. 193 അംഗരാജ്യങ്ങളുണ്ട്. അംഗരാജ്യങ്ങളിലെ രാസായുധങ്ങളുടെ നിർമ്മാർജനം സംബന്ധിച്ച പ്രഖ്യാപനങ്ങൾക്കും, ഇതുമായി ബന്ധപ്പെട്ട സ്ഥലപരിശോധനകൾക്കും രാസായുധ നിരോധന സംഘടന (OPCW) നേതൃത്വം നൽകിവരുന്നു. 2013ലെ സമാധാനത്തിനുള്ള നൊബേൽ നേടിയത് ഈ സംഘടനയാണ്. അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നിവയാണ് സംഘടനയുടെ ഔദ്യോഗിക ഭാഷകൾ.

വേൾഡ് കൺസർവേഷൻ യൂണിയൻ (IUCN)

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ സംഘടനയാണിത്. ഐ.യു.സി.എൻ എന്ന ചുരുക്കപ്പേരിൽ വേൾഡ് കൺസർവേഷൻ യൂണിയൻ അഥവാ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സസ് അറിയപ്പെടുന്നു. പ്രകൃതി സംരക്ഷണത്തിനായി സർക്കാരുകളെയും മറ്റു സംഘടനകളെയും ഐ.യു.സി.എൻ ഒരുമിപ്പിക്കുന്നു. 1948ൽ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സസ് (IUPN) എന്ന പേരിൽ സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായി രൂപംകൊണ്ടു. യുനെസ്‌കോയുടെ ആദ്യത്തെ ഡയറക്ടർ ജനറലായ ജൂലിയൻ ഹക്‌സ്‌ലെയുടെ പ്രവർത്തനഫലമായാണ് ഐ.യു.സി.എൻ രൂപംകൊണ്ടത്. 1956IUCN എന്ന പേരിലേക്ക് മാറി. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന റെഡ് ഡേറ്റ ബുക്ക് പ്രസിദ്ധീകരിക്കുന്നത് IUCN ആണ്.

ഗ്രീൻ ബെൽറ്റ് പ്രസ്ഥാനം (Green Belt Movement)

1977ൽ വാൻഗാരി മാതായി കെനിയയിൽ സ്ഥാപിച്ച പരിസ്ഥിതി പ്രസ്ഥാനമാണ് ഗ്രീൻ ബെൽറ്റ് മൂവ്മെന്റ്. വൃക്ഷതൈകൾ വെച്ചുപിടിപ്പിക്കൽ, മഴ വെള്ളസംരംഭം തുടങ്ങിയ പ്രവർത്തനങ്ങൾ ഈ പ്രസ്ഥാനത്തിന്റെ കീഴിൽ വനിതകൾ ചെയ്തുവരുന്നു. വനവത്കരണം, ജലസംരക്ഷണം എന്നിവയാണ് ഗ്രീൻ ബെൽറ്റ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. 2004ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം വാൻഗാരി മാതായിക്കാണ് ലഭിച്ചത്. കെനിയയിലെ നെയ്‌റോബിയാണ് ഗ്രീൻ ബെൽറ്റ് പ്രസ്ഥാനത്തിന്റെ ആസ്ഥാനം.

യു.എൻ വിമെൻ (UN Women)

സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രത്യേക ഏജൻസിക്ക് 2010ൽ ഐക്യരാഷ്ട്രസഭ രൂപംകൊടുത്തു. യു.എൻ വിമെൻ എന്നാണ് ഇത് അറിയപ്പെടുന്നത്. യു.എൻ എന്റിറ്റി ഫോർ ജെൻഡർ ഇക്വാലിറ്റി ആൻഡ് ദി എംപവർമെൻറ് ഓഫ് വിമെൻ എന്നാണ് പൂർണമായ പേര്. 2011 ജനുവരിയിൽ യു.എൻ വിമെൻ പ്രവർത്തനം തുടങ്ങി. ചിലിയുടെ മുൻ പ്രസിഡന്റ് മിഷേൽ ബാഷ്‌ലെയാണ് യു.എൻ.വിമെന്റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടർ.

ജി 12 (G12)

വ്യാവസായികമായി മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ജി 12. അന്താരാഷ്ട്ര നാണയ നിധി (IMF) യിൽ അംഗങ്ങളായ 10 രാജ്യങ്ങൾ ചേർന്ന കൂട്ടായ്മയായിരുന്നു ജി 10.  ജി 10 രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് ഓസ്‌ടേലിയ, സ്പെയിൻ എന്നിവ പിന്നീട് വന്നപ്പോഴാണ് പേര് മാറ്റി ജി 12 ആയത്. അന്താരാഷ്ട്ര ധനകാര്യം നിയന്ത്രിക്കുന്നതിന് ജി 12 രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ സഹകരിച്ച് പ്രവർത്തിക്കുന്നു. ഓസ്‌ട്രേലിയ, ബെൽജിയം, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, നെതർലൻഡ്‌സ്‌, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, യു.കെ, അമേരിക്ക എന്നിവയാണ് അംഗങ്ങൾ. 1984ൽ സ്വിറ്റ്‌സർലൻഡ് പതിമൂന്നാമത്തെ അംഗമായി ഇവരോടൊപ്പം ചേർന്നെങ്കിലും പേര് ജി 12 തന്നെയായി തുടർന്നു.

ജി 4 (G4)

2005ലാണ് ഇന്ത്യ, ജർമനി, ബ്രസീൽ, ജപ്പാൻ എന്നിവർ അംഗങ്ങളായുള്ള ജി 4 കൂട്ടായ്‌മ നിലവിൽ വന്നത്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ സ്ഥിര അംഗത്വത്തിന് വേണ്ടി വാദിക്കുകയും പരസ്പരം പിൻതാങ്ങുകയും ചെയ്യുന്ന സംഘടനയാണ് ജി 4. നിലവിൽ സുരക്ഷാസമിതിയിൽ അഞ്ച് സ്ഥിര അംഗങ്ങളാണ് ഉള്ളത്. ചൈന, ഫ്രാന്‍സ്‌, റഷ്യ, ബ്രിട്ടന്‍, അമേരിക്ക എന്നിവരാണ് സ്ഥിര അംഗങ്ങൾ. രണ്ടാം ലോകമഹായുദ്ധം വിജയിച്ച സഖ്യം എന്നതാണ് സ്ഥിര അംഗങ്ങളുടെ പൊതു പ്രത്യേകത. സുരക്ഷാസമിതിയുടെ അഞ്ചു സ്ഥിരാംഗങ്ങളിൽ ഏതെങ്കിലും ഒരു രാഷ്ട്രം എതിർത്ത് വോട്ടു ചെയ്യുന്ന ഏതു പ്രമേയവും സഭ തള്ളും. സ്ഥിരാംഗങ്ങൾക്കുള്ള ഈ പ്രത്യേക അധികാരത്തെ വീറ്റോ എന്നു വിളിക്കുന്നു. രാഷ്ട്രങ്ങൾക്കെതിരെ സാമ്പത്തികമായും വാണിജ്യപരവുമായ ഉപരോധം പ്രഖ്യാപിക്കാനും നടപ്പിലാക്കാനുമുള്ള അധികാരം സുരക്ഷാ സമിതിക്കാണ്.

ജി 77 (G-77)

ഐക്യരാഷ്ട്ര സഭയുടെ നിർദേശ പ്രകാരം മൂന്നാം ലോക രാഷ്ട്രങ്ങളുടെ വ്യാപാര - സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി രൂപവത്കരിച്ച സംഘടനയാണ് ജി 77. 1964 ജൂൺ 15 ന് ചേർന്ന യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റിന്റെ (UNCTAD) സമ്മേളനത്തിൽ 77 വികസ്വര രാജ്യങ്ങൾ '77 വികസ്വര രാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനം' ഒപ്പിട്ടുകൊണ്ട് ജി 77 രൂപവത്കരിച്ചു. ജി 77 സംഘടനയിൽ ഇപ്പോൾ 134 രാജ്യങ്ങളുണ്ട്. ഇന്ത്യ ഇതിലെ അംഗമാണ്. വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 77 ന്റെ ഒരു ഘടകമാണ് ജി 24. രാജ്യാന്തര നാണയ നിധിയുമായി (IMF) ബന്ധപ്പെട്ടാണ് ഈ കൂട്ടായ്മയുടെ പ്രവർത്തനം. ഇന്ത്യയും ജി 24ൽ അംഗമാണ്. വികസ്വര രാജ്യങ്ങൾക്ക് അവരുടെ സാമ്പത്തിക താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ജി 77യുടെ പ്രധാന ലക്ഷ്യം.

ലോക കാലാവസ്ഥ സംഘടന (World Meteorological Organization - WMO)

1950ൽ രൂപവത്കൃതമായ ലോക അന്തരീക്ഷ പഠന സംഘടന (ലോക കാലാവസ്ഥ സംഘടന) യുടെ ആസ്ഥാനം ജനീവയാണ്. കാലാവസ്ഥയും അതിനോട് ബന്ധപ്പെട്ടതുമായ വിവരങ്ങളും സേവനങ്ങളും അന്താരാഷ്ട്ര തലത്തിൽ പരസ്പരം കൈമാറുക എന്നതാണ് സംഘടനയുടെ പ്രധാന ദൗത്യം. ലോകം ആശങ്കയോടെ നോക്കിക്കാണുന്ന പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം. അന്തരീക്ഷ മലിനീകരണവും അമിത ബാഷ്പീകരണവും അതുമൂലം പ്രകൃതിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വിപത്തുകളും ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുകയും ആവശ്യമായ നടപടികൾ എടുക്കുകയുമാണ് ലോക കാലാവസ്ഥാ ദിനാചരണത്തിന്റെ ലക്ഷ്യം. 1950 മാർച്ച് 23ന് ലോക കാലാവസ്ഥ സംഘടന നിലവിൽ വന്നതിനെ തുടർന്നാണ് മാർച്ച് 23 ആഗോള കാലാവസ്ഥാ ദിനമായി ആചരിക്കാൻ തുടങ്ങിയത്. ലോക കാലാവസ്ഥ സംഘടനയുടെ മുൻഗാമിയായിരുന്നു ഇന്റർനാഷണൽ മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (IMO). 1947ലെ വേൾഡ് മെറ്റീരിയോളജിക്കൽ കൺവെൻഷൺ പ്രകാരമാണ് ഇന്റർനാഷണൽ മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (IMO) വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനായി (WMO) മാറിയത്. 193 അംഗരാജ്യങ്ങളുള്ള ലോക കാലാവസ്ഥ സംഘടന (WMO) ഇന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായി പ്രവർത്തിക്കുന്നു.

ലോകാരോഗ്യ സംഘടന (World Health Organization - WHO)

1948ൽ ജനീവ ആസ്ഥാനമായി രൂപവത്കരിച്ച സംഘടനയാണ് ലോകാരോഗ്യ സംഘടന. എല്ലാ ജനങ്ങൾക്കും സാധ്യമായ പരമാവധി ആരോഗ്യനിലവാരം കൈവരിക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ പ്രധാന ദൗത്യം. ലോകാരോഗ്യ സംഘടന രൂപവത്കരിച്ച ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. 1950 മുതലാണ് ഈ ദിനാചരണം തുടങ്ങിയത്. ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ജനങ്ങളെ ബോധവാൻമാരാക്കാനുള്ള പ്രവർത്തനങ്ങൾ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഈ ദിനത്തിൽ നടന്നുവരുന്നു. 194 അംഗരാജ്യങ്ങളുള്ള ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം ജനീവയാണ്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക, രോഗ നിവാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ലോകാരോഗ്യ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ.

ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് (OAS)

തെക്കേ അമേരിക്കയിലെയും വടക്കേ അമേരിക്കയിലെയും 35 രാജ്യങ്ങളുടെ സംഘടനയാണിത്. 1948ലാണ് ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് സ്ഥാപിതമായത്. അംഗരാജ്യങ്ങളുടെ സമാധാനവും സുരക്ഷയുമാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. തെക്കേ അമേരിക്കയിലെ രാജ്യങ്ങളിൽ സാമ്പത്തിക വികസനം, പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം വളർത്തുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. അമേരിക്കയിലെ വാഷിംഗ്ടൺ ആണ് ഇതിന്റെ ആസ്ഥാനം. ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനിഷ് എന്നിവയാണ് ഔദ്യോഗിക ഭാഷകൾ. 'സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനും വേണ്ടിയുള്ള ജനാധിപത്യം' എന്നതാണ് ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന്റെ മുദ്രാവാക്യം. ഇന്ത്യ നിരീക്ഷക അംഗമാണ്.

ബിംസ്ടെക് (Bay of Bengal Initiative for Multi Sectoral Technical and Economic Co-operation - BIMSTEC)

1997ലെ ബാങ്കോക്ക് പ്രഖ്യാപനത്തിൽ ഒപ്പുവെച്ചുകൊണ്ട് സ്ഥാപിതമായ ഒരു പ്രാദേശിക സംഘടനയാണ് ബിംസ്ടെക്. 1997ലാണ് തെക്കൻ ഏഷ്യയിലെയും തെക്ക് കിഴക്കൻ ഏഷ്യയിലെയും രാജ്യങ്ങൾ ചേർന്നുണ്ടാക്കിയ ബിംസ്ടെക് എന്ന സംഘടന നിലവിൽ വന്നത്. തുടക്കത്തിൽ BIST-EC (ബംഗ്ലാദേശ്-ഇന്ത്യ-ശ്രീലങ്ക-തായ്‌ലൻഡ് ഇക്കണോമിക് കോപ്പറേഷൻ) എന്നാണ് അറിയപ്പെട്ടത്. മ്യാൻമറിനെ ഉൾപ്പെടുത്തിയതിനെത്തുടർന്ന് 1997-ൽ ഇത് 'BIMST-EC' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2004-ൽ ഭൂട്ടാനും നേപ്പാളും ചേർന്നതോടെ ഇത് ഏഴംഗ സംഘടനയായി. 2022-ൽ ശ്രീലങ്കയിലെ കൊളംബോയിൽ വെർച്വൽ ഫോർമാറ്റിൽ നടന്ന അഞ്ചാമത് ബിംസ്റ്റെക് ഉച്ചകോടിയിലാണ് ബിംസ്റ്റെക് ചാർട്ടർ ഒപ്പിടുകയും അംഗീകരിക്കുകയും ചെയ്തത്. ഈ ചാർട്ടർ പ്രകാരം, അംഗങ്ങൾ രണ്ട് വർഷത്തിലൊരിക്കൽ യോഗം ചേരണം. ഏഴ് അംഗരാജ്യങ്ങളുള്ള ബിംസ്ടെക്കിന്റെ ആസ്ഥാനം ബംഗ്ലാദേശിലെ ധാക്കയാണ്. പരമാധികാര സമത്വം, പ്രദേശിക സമഗ്രത, രാഷ്ട്രീയ സ്വാതന്ത്ര്യം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക, സമാധാനപരമായ സഹവർത്തിത്വം, പരസ്പര ബഹുമാനം, പരസ്പര സഹകരണം, ആക്രമണമില്ലായ്മ എന്നിവയാണ് ബിംസ്ടെക്കിന്റെ പൊതുതത്വങ്ങൾ.

അന്താരാഷ്ട്ര വാർത്താവിനിമയ യൂണിയൻ (International Telecommunication Union - ITU)

1865 മെയ് 17ന് പാരീസിൽ നടന്ന ഇന്റർനാഷണൽ ടെലിഗ്രാഫ് കൺവെൻഷനിൽ ഒപ്പുവെച്ചതോടെയാണ് ITU രൂപീകരിച്ചത്. തുടക്കത്തിൽ ജനീവ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ITUവിന്റെ ആദ്യകാല നാമം അന്താരാഷ്ട്ര ടെലിഗ്രാഫ് യൂണിയൻ (ITU) എന്നായിരുന്നു. 1932, അതിന്റെ പേര് ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ എന്നാക്കി മാറ്റുകയും പിന്നീട് 1947ൽ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായി മാറുകയും ചെയ്തു. റേഡിയോ, ടെലിഗ്രാഫ്, ടെലിഫോൺ, ടെലിവിഷൻ, ബഹിരാകാശ കമ്മ്യൂണിക്കേഷൻ തുടങ്ങിയ വാർത്താ വിനിമയ സംവിധാനങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ നിയന്ത്രണം, സംവിധാനം, രൂപരേഖ എന്നിവ തയ്യാറാക്കുന്നത് അന്താരാഷ്ട്ര വാർത്താവിനിമയ യൂണിയനാണ്. അന്താരാഷ്ട്ര ടെലിഗ്രാഫ് യൂണിയൻ എന്നറിയപ്പെട്ടിരുന്ന ITU സ്ഥാപിതമായതിന്റെ സ്മരണയ്ക്കായി 1969 മെയ് 17 മുതലാണ് ലോക വാർത്താവിനിമയ ദിനം ആചരിച്ചു തുടങ്ങിയത്. ഇന്റർനെറ്റും സാങ്കേതിക വിദ്യകളും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാനായി ആചരിക്കുന്ന ദിനമാണ് ലോക ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ദിനം.

അന്താരാഷ്ട്ര തൊഴിൽ സംഘടന (International Labour Organisation - ILO)

ലീഗ് ഓഫ് നേഷൻസിന്റെ ഒരു അനുബന്ധ ഏജൻസിയായി 1919ൽ വേഴ്സായ് ഉടമ്പടി പ്രകാരം സ്ഥാപിതമായി. 1946ൽ ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ പ്രത്യേക ഏജൻസിയായി മാറി. ഗവൺമെന്റ്, തൊഴിൽ ദാതാവ്, തൊഴിലാളി എന്നീ പ്രതിനിധികൾ അടങ്ങുന്ന ത്രികക്ഷി ഭരണസംവിധാനമുള്ള ഒരേയൊരു യു.എൻ ഏജൻസിയാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക, തൊഴിൽ സംരക്ഷണം, ജോലി നിലവാരം, തൊഴിൽ സമയം എന്നിവയുമായി ബന്ധപ്പെട്ട് അനുസരിക്കേണ്ട കാര്യങ്ങൾ നിർദ്ദേശിക്കുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO). 187 അംഗരാജ്യങ്ങളുള്ള അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ആസ്ഥാനം ജനീവയാണ്. സാമൂഹികനീതി, തൊഴിലാളികളുടെ ജീവിത നിലവാരം എന്നിവ ഉയർത്തുക എന്നതാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ലക്ഷ്യം. 1969ൽ ഐ.എൽ.ഒ യ്ക്ക് നൊബേൽ സമ്മാനം ലഭിക്കുകയുണ്ടായി.

യൂണിസെഫ് (United Nations International Children's Emergency Fund - UNICEF)

1946ൽ രൂപവത്കരിച്ച യൂണിസെഫിന്റെ ദൗത്യം, ആഗോളതലത്തിൽ ശിശുക്ഷേമം നടപ്പാക്കുക എന്നതാണ്. 1953 ലാണ് യൂണിസെഫിനെ ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥിരം ഏജൻസിയായി അംഗീകരിച്ചത്. 1965ൽ നൊബേൽ സമ്മാനം ലഭിച്ച യൂണിസെഫിന്റെ പ്രവർത്തനങ്ങൾ സാമ്പത്തിക സാമൂഹിക സമിതിക്ക് കീഴിലാണ് നടപ്പാക്കുന്നത്. 190 അംഗങ്ങളുള്ള യൂണിസെഫിന്റെ ആസ്ഥാനം ന്യൂയോർക്കിലാണ് സ്ഥിതിചെയ്യുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ ക്ഷേമമാണ് ഈ സംഘടനയുടെ ലക്ഷ്യം.

അന്താരാഷ്ട്ര വ്യോമയാന സംഘടന (ICAO)

1944ൽ മോൺട്രിയൽ ആസ്ഥാനമായി സ്ഥാപിതമായതാണ് അന്താരാഷ്ട്ര വ്യോമയാന സംഘടന അഥവാ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO). അന്താരാഷ്ട്ര നിലവാരത്തിൽ നിയമങ്ങളുണ്ടാക്കി അന്താരാഷ്ട്ര വ്യോമയാനം സുഗമമാക്കുക എന്നതാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം. സംഘടനയിലെ അംഗരാജ്യങ്ങൾ മൂന്നു വർഷത്തിലൊരിക്കൽ സമ്മേളിക്കുന്നു. 193 അംഗങ്ങളാണ് അന്താരാഷ്ട്ര വ്യോമയാന സംഘടനയ്ക്കുള്ളത്. അന്താരാഷ്ട്ര വ്യോമയാന സംഘടന ആഹ്വാനമനുസരിച്ച് 1994ലാണ് വ്യോമ ഗതാഗത ദിനാചരണം തുടങ്ങിയത്. 1944 ഡിസംബർ ഏഴിനാണ് വ്യോമ ഗതാഗത മേഖലയിലെ ആഗോള കൂട്ടായ്മയായ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിലവിൽ വന്നത്. 1996ൽ ഈ ദിനത്തിന് യു.എൻ അംഗീകാരം ലഭിച്ചു. വ്യോമഗതാഗതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിക്കാനും സുരക്ഷിത വ്യോമയാത്ര എന്ന സന്ദേശം പ്രചരിപ്പിക്കാനുമാണ് ദിവസം.

ഐക്യരാഷ്ട്ര ജനസംഖ്യാ നിധി (United Nations Population Fund - UNFPA)

ജനസംഖ്യാ നിയന്ത്രണ പദ്ധതികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി രൂപീകൃതമായ സംഘടനയാണ് ഐക്യരാഷ്ട്ര ജനസംഖ്യാ നിധി (UNFPA). യൂണൈറ്റഡ് നേഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ടിവിറ്റീസ് എന്നാണ് ആദ്യ ഐക്യരാഷ്ട്ര ജനസംഖ്യാ നിധി അറിയപ്പെട്ടിരുന്നത്. 1969ൽ രൂപവത്കൃതമായ ഐക്യരാഷ്ട്ര ജനസംഖ്യാ നിധിയുടെ ആസ്ഥാനം ന്യൂയോർക്കാണ്. ജനസംഖ്യയുമായി ബന്ധപ്പെട്ട പരിപാടികൾ ത്വരിതപ്പെടുത്തുക എന്നതാണ് ഈ സംഘടനയുടെ പ്രധാന ദൗത്യം. ലോക ജനസംഖ്യാ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് ഐക്യരാഷ്ട്ര ജനസംഖ്യാ നിധിയുടെ നേതൃത്വത്തിലാണ്.

ഐക്യരാഷ്ട്ര ജനസംഖ്യാ നിധിയുടെ 2023ലെ റിപ്പോർട്ടിന്റെ പതിപ്പ് പ്രകാരം ലോകജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി. ഇന്ത്യയിൽ ജനസംഖ്യ 142.86 കോടിയിലെത്തി. 142.57 കോടിയാണ് ചൈനയിലെ ജനസംഖ്യ. 29 ലക്ഷത്തിലേറെപ്പേർ ഇന്ത്യയിൽ അധികമായിട്ടുണ്ട്. മുൻവർഷത്തേതിൽ നിന്ന് 1.56 ശതമാനമാണ് ഇന്ത്യയിൽ വർധനയുണ്ടായത്. ഐക്യരാഷ്ട്ര ജനസംഖ്യാ നിധിയുടെ റിപ്പോർട്ടിന്റെ (സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ട്) ഏറ്റവും പുതിയ പതിപ്പനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗവും (68 ശതമാനം) 15 നും 64 നും ഇടയിൽ പ്രായമുള്ളവരാണ്.

അന്താരാഷ്ട്ര മാരിടൈം സംഘടന (International Maritime Organization - IMO)

സുരക്ഷിതമായ സമുദ്രയാത്രയ്ക്കായി നിലകൊള്ളുന്ന യു.എൻ അനുബന്ധ ഏജൻസിയാണ് അന്താരാഷ്ട്ര മാരിടൈം സംഘടന (IMO). 1948ൽ ആരംഭിച്ച സംഘടനയുടെ ആസ്ഥാനം ലണ്ടനാണ്. രാജ്യാന്തര കപ്പൽ യാത്രോപദേശ സംഘടന (ഐ.എം.സി.ഒ) എന്നാണ് ആദ്യം ഐ.എം.ഒ അറിയപ്പെട്ടിരുന്നത്. 1982ൽ ഐ.എം.സി.ഒ, ഐ.എം.ഒ ആയി പുനർനാമകരണം ചെയ്തു.  അംഗരാജ്യങ്ങൾ തമ്മിലുള്ള നാവിക ബന്ധങ്ങൾ മെച്ചപ്പെടുത്തുക, സമുദ്രാതിർത്തി നിർണയിക്കുക എന്നീ കർത്തവ്യങ്ങൾ മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന സംഘടനയാണ് അന്താരാഷ്ട്ര മാരിടൈം സംഘടന. 175 അംഗരാജ്യങ്ങളും 3 അസോസിയേറ്റ് അംഗരാജ്യങ്ങളുമാണ് അന്താരാഷ്ട്ര മാരിടൈം സംഘടനയ്ക്കുള്ളത്. അന്താരാഷ്ട്ര മാരിടൈം സംഘടനയുടെ റിപ്പോർട്ട് പ്രകാരം കടൽ വഴിയുള്ള അന്താരാഷ്ട്ര വ്യാപാരത്തിന് മുന്നിൽ നിൽക്കുന്ന ആദ്യ പത്ത് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനാണ് ജൂൺ 25  ലോക നാവിക ദിനമായി ആഹ്വാനം ചെയ്തിരിക്കുന്നത്. സമുദ്ര വ്യാപാരം, സമുദ്ര സംരക്ഷണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന നാവികർ അന്താരാഷ്ട്ര ബന്ധങ്ങളും സാമ്പത്തിക വ്യവസ്ഥയും ശക്തമാക്കാൻ സഹായിക്കുന്നു. അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും സമുദ്ര വ്യാപാരത്തിനും മറ്റും വലിയ ഭീഷണിയാവുന്ന കടൽക്കൊള്ള പോലുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം നടത്തുകയുമാണ് ദിനാചരണത്തിൽ ചെയ്യുന്നത്. 2010 ലാണ് ആദ്യമായി ആഗോള നാവിക ദിനം ആചരിച്ചത്.

യുനെസ്‌കോ (United Nations Educational, Scientific and Cultural Organization, UNESCO)

രാഷ്ട്രങ്ങൾക്കിടയിലെ വിദ്യാഭ്യാസ, ശാസ്ത്ര - സാംസ്‌കാരിക മേഖലകളുടെ സമന്വയമുണ്ടാക്കി അന്താരാഷ്ട്ര തലത്തിൽ കൂടുതൽ നീതി, മനുഷ്യാവകാശം, സ്വാതന്ത്ര്യം തുടങ്ങിയവ ഉറപ്പാക്കുകയാണ് യുനെസ്‌കോയുടെ മുഖ്യലക്ഷ്യം. 1946ൽ രൂപം കൊണ്ട യുനെസ്‌കോയുടെ ആസ്ഥാനം പാരീസ് ആണ്. യുണൈറ്റഡ് നേഷൻസ് എജ്യൂക്കേഷണൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ എന്നാണ് യുനെസ്‌കോയുടെ പൂർണരൂപം. യുനെസ്കോയ്ക്ക് 194 അംഗരാജ്യങ്ങളും 12 അസോസിയേറ്റ് അംഗരാജ്യങ്ങളുമാണുള്ളത്. യുനെസ്കോയുടേ പ്രവർത്തനങ്ങളിൽ സംതൃപ്തി തോന്നാതെ അമേരിക്ക 1984ൽ യുനെസ്കോയിൽ നിന്ന് രാജിവെച്ചു. എന്നാൽ 1997ൽ അമേരിക്ക വീണ്ടും അംഗത്വം സ്വീകരിച്ചു. ലോകചരിത്രത്തിൽ ഏറെ പ്രാധാന്യം ലഭിക്കേണ്ട സവിശേഷമായ കെട്ടിടങ്ങളെയും സ്ഥലങ്ങളെയും ഉൾപ്പെടുത്തി യുനെസ്‌കോ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിലിടം പിടിക്കുന്നവയെ ലോക പൈതൃകകേന്ദ്രങ്ങളായിട്ടാണ് പരിഗണിക്കുക. 58 പൈതൃകകേന്ദ്രങ്ങളുള്ള ഇറ്റലിയാണ് എണ്ണത്തിൽ മുന്നിലുള്ള രാജ്യം. ഇന്ത്യയിൽ നിന്നും 40 പൈതൃക കേന്ദ്രങ്ങളാണ് പട്ടികയിലുള്ളത്. നിലവിൽ ലോക പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള നിരക്ക് 10 രൂപയിൽ നിന്നും 30 രൂപയായും, മറ്റ് സംരക്ഷിത സ്മാരകങ്ങൾ സന്ദർശിക്കാനുള്ള നിരക്ക് 5 രൂപയിൽ നിന്നും 15 രൂപയായി ഉയർത്തി.

അന്താരാഷ്ട്ര നാണയനിധി (International Monetary Fund - IMF)

ലോകസമ്പദ് വ്യവസ്ഥയ്ക്ക് സുസ്ഥിരത കൈവരിക്കുവാൻ കഴിയുന്ന പ്രവർത്തനങ്ങൾ രൂപപ്പെടുത്തുകയും സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന സങ്കീർണ്ണതകളിൽ ഇടപെടുകയും ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസിയാണ് അന്താരാഷ്ട്ര നാണയ നിധി (IMF). അന്താരാഷ്ട്ര കറൻസി വിനിമയനിരക്കുകളുടെ സ്ഥിരത നിലനിർത്തുകയാണ് അന്താരാഷ്ട്ര നാണയ നിധിയുടെ കടമ. അംഗരാജ്യങ്ങളുടെ ബാലൻസ് ഓഫ് പേയ്മെന്റ് പ്രശ്നങ്ങളിലും സംഘടന ഇടപെടുന്നു. 1944 ജൂലായിൽ സ്ഥാപിതമായ ഐ.എം.എഫ് പ്രവർത്തനം തുടങ്ങിയത് 1945 ഡിസംബറിലാണ്. 190 രാഷ്ട്രങ്ങളാണ് നിലവിൽ ഐ.എം.എഫിൽ അംഗങ്ങളായിട്ടുള്ളത്. വാഷിങ്ടൺ ഡി.സിയാണ് ആസ്ഥാനം. ഐ.എം.എഫിന്റെ വിനിമയ കറൻസിയാണ് എസ്.ഡി.ആർ അഥവാ സ്പെഷൽ ഡ്രോവിങ് റൈറ്റ്സ്. അന്താരാഷ്ട്ര വാണിജ്യവികസനം, രാജ്യങ്ങളുടെ കറൻസിയുടെ വിനിമയമൂല്യം സംരക്ഷിക്കൽ, സാമ്പത്തിക സഹകരണം, അംഗരാജ്യങ്ങൾക്ക് പ്രത്യേക പിൻവലിക്കൽ അധികാരങ്ങളിലൂടെ (സ്പെഷൽ ഡ്രോവിങ് റൈറ്റ്സ്) അധിക സാമ്പത്തികം പ്രധാനം ചെയ്യൽ എന്നിവയാണ് ഐ.എം.എഫിന്റെ പ്രധാന ലക്ഷ്യം. മാനേജിങ് ഡയറക്ടറാണ് സ്ഥാപനത്തിന്റെ മേധാവി. ഇത് എപ്പോഴും ഒരു യൂറോപ്യനായിരിക്കും.

ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ (United Nations Human Rights Council - UNHRC)

1946ൽ ജനീവ ആസ്ഥാനമായി രൂപവത്കരിക്കപ്പെട്ട സംഘടനയാണ് ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ (UNHRC). മനുഷ്യാവകാശ സംരക്ഷണമാണ് സംഘടനയുടെ മുഖ്യലക്ഷ്യം. 1948 ഡിസംബർ 10ന് പാരീസിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ, മനുഷ്യചരിത്രത്തിലെ സുപ്രധാന അധ്യായമായ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചു. ഇതിനെ തുടർന്ന് 1950 ഡിസംബർ 10 ആഗോള മനുഷ്യാവകാശ ദിനമായി പ്രഖ്യാപിച്ചു. അന്നു മുതൽ ഈ ദിനം ലോകമാകെ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നു. 30 വകുപ്പുകൾ അടങ്ങുന്നതാണ് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപന രേഖ. ലോകത്തിൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള രേഖയായും മനുഷ്യാവകാശ പ്രഖ്യാപനത്തെ പരിഗണിക്കുന്നു. കനേഡിയൻ നിയമവിദഗ്ദ്ധനായ ജോൺ പീറ്റേഴ്‌സ് ഹംഫ്രിയാണ് വിഖ്യാതമായ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പ്രധാന ശില്പി.

ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ (United Nations High Commissioner for Refugees - UNHCR)

1950 ഡിസംബർ 14ന് നിലവിൽ വന്ന ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷന്റെ ആസ്ഥാനം ജനീവയാണ്. അഭയാർഥികൾക്ക് അന്താരാഷ്ട്രതലത്തിൽ സംരക്ഷണം നൽകുക എന്നതാണ് കമ്മീഷന്റെ മുഖ്യലക്ഷ്യം. 120 രാജ്യങ്ങളിൽ പ്രവർത്തനമുള്ള സംഘടന, എല്ലാ വർഷവും ജൂൺ 20 ലോക അഭയാർഥി ദിനമായി ആചരിക്കുന്നു. 1959 - 60 വർഷത്തെ ലോക അഭയാർഥി വർഷമായും ഐക്യരാഷ്ട്ര സംഘടന ആചരിച്ചിരുന്നു. 1954ലും 1981ലും സംഘടനയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു.

അന്താരാഷ്ട്ര ആണവോർജ്ജസമിതി (International Atomic Energy Agency - IAEA)

അംഗരാജ്യങ്ങളിലെ ആണവോർജ ഉത്പാദനം, ഉപയോഗം, വികസനം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഐക്യരാഷ്ട്രസഭാ ഏജൻസിയാണ് അന്താരാഷ്ട്ര ആണവോർജ്ജസമിതി. 1957 ജൂലൈ 29ന് വിയന്ന ആസ്ഥാനമായായാണ് അന്താരാഷ്ട്ര ആണവോർജ്ജസമിതി രൂപീകൃതമായത്. ആണവായുധങ്ങൾ സമാധാനാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. 'ആറ്റം ഫോർ പീസ്' എന്നതാണ് അന്താരാഷ്ട്ര ആണവോർജ്ജസമിതിയുടെ ആപ്തവാക്യം. 176 അംഗരാജ്യങ്ങളാണ് അന്താരാഷ്ട്ര ആണവോർജ്ജസമിതിയ്ക്കുള്ളത്. 2005ൽ അന്താരാഷ്ട്ര ആണവോർജ്ജസമിതിയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു (IAEAയും അതിന്റെ മുൻ ഡയറക്ടറായിരുന്ന മുഹമ്മദ് എൽബരാദിയും പുരസ്‌കാരം പങ്കുവച്ചു).

ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതി (United Nations Conference on Trade and Development - UNCTAD)

വ്യാപാരത്തിലൂടെ വികസ്വര/വികസിത രാഷ്ട്രങ്ങളുടെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിന് 1964 ഡിസംബർ 30ന് രൂപവത്കൃതമായ സംഘടനയാണ് ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതി (UNCTAD). ജനീവയാണ് ഈ സമിതിയുടെ ആസ്ഥാനം. വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര വ്യാപാരം ശക്തിപ്പെടുത്തുക എന്നതാണ് ഈ സമിതിയുടെ മുഖ്യലക്ഷ്യം. UNCTADയ്ക്ക് 195 അംഗരാജ്യങ്ങളാണ് ഉള്ളത്.

ഐക്യരാഷ്ട്ര വികസന പരിപാടി (United Nations Development Programme - UNDP)

അംഗരാജ്യങ്ങളുടെ മാനവശേഷിയും ജീവിത നിലവാരവും വിലയിരുത്താൻ ആവശ്യമായ സ്ഥിതി വിവരക്കണക്കുകൾ ശേഖരിച്ച് സൂചിക തയ്യാറാക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഐക്യരാഷ്ട്ര വികസന പരിപാടി (UNDP). ന്യൂയോർക്ക് ആസ്ഥാനമായുള്ള ഐക്യരാഷ്ട്ര വികസന പരിപാടി (UNDP) നിലവിൽ വന്നത് 1965 നവംബർ 22നാണ്. പ്രകൃതി സമ്പത്തും മനുഷ്യവിഭവശേഷിയും വർധിപ്പിക്കുവാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുക എന്നതാണ് യു.എൻ.ഡി.പിയുടെ പ്രധാന ദൗത്യം. മാനവശേഷി വികസന റിപ്പോർട്ട് തയ്യാറാക്കുന്നത് ഐക്യരാഷ്ട്ര വികസന പരിപാടിയാണ്. സാക്ഷരതാ, ആയുർദൈർഘ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ വസ്തുതകൾ മാനദണ്ഡമാക്കിയാണ് മാനവശേഷി വികസന റിപ്പോർട്ട് തയ്യാറാക്കുന്നത്.

ഐക്യരാഷ്ട്ര വ്യവസായ വികസന സംഘടന (United Nations Industrial Development Organisation - UNIDO)

വ്യവസായങ്ങളുടെ ആധുനികവത്കരണത്തിനും വികസനത്തിനും വികസ്വര രാഷ്ട്രങ്ങൾക്ക് സഹായം നൽകുക എന്നതാണ് വിയന്ന ആസ്ഥാനമായുള്ള ഐക്യരാഷ്ട്ര വ്യവസായ വികസന സംഘടനയുടെ പ്രധാന ലക്ഷ്യം. 1966 നവംബർ 17ന് രൂപവത്കൃതമായ യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഓർഗനൈസേഷൻ (UNIDO) ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായി മാറിയത് 1979 ലാണെങ്കിലും പ്രത്യേക ഭരണഘടന നിലവിൽ വന്നത് 1985 ലാണ്. 170 അംഗരാജ്യങ്ങളാണ് ഐക്യരാഷ്ട്ര വ്യവസായ വികസന സംഘടനയ്ക്കുള്ളത്.

ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (World Intellectual Property Organization - WIPO)

പകർപ്പവകാശം, ഉപകരണങ്ങളുടെയോ കണ്ടെത്തലുകളുടെയോ പേറ്റന്റ്, വ്യാവസായിക ഡിസൈനുകളുടെയും ട്രേഡ് മാർക്കുകളുടെയും അവകാശം എന്നിങ്ങനെ ഒരു വ്യക്തിയോ സംഘമോ സ്വന്തം കഴിവ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന എന്തും ബൗദ്ധികസ്വത്തായി പരിഗണിക്കാം. ഇവ മറ്റാരും അനുകരിക്കാതെയും മോഷ്ടിക്കാതെയും സംരക്ഷിക്കാൻ മതിയായ നിയമങ്ങൾ ഇന്നുണ്ട്. ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുക, കരാറുകൾ രൂപവൽക്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 1967ൽ രൂപംകൊണ്ട അന്താരാഷ്ട്ര സംഘടനയാണ് ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (WIPO). യുണൈറ്റഡ് ഇന്റർനാഷണൽ ബ്യൂറോസ് ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ഇന്റലക്‌ച്വൽ പ്രോപ്പർട്ടി (BIPRI) എന്ന് മുൻപ് അറിയപ്പെട്ടിരുന്ന WIPO 1970ൽ വേൾഡ് ഇന്റലക്‌ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ എന്ന് പുനർനാമകരണം ചെയ്തു. ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന 1974ൽ ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായി. നിലവിൽ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയിൽ 193 അംഗരാജ്യങ്ങളാണുള്ളത്. 1970 ഏപ്രിൽ 26ന് WIPO പ്രവർത്തനം തുടങ്ങിയതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും ഏപ്രിൽ 26 ലോക ബൗദ്ധിക സ്വത്തവകാശ ദിനമായി ആചരിക്കുന്നു.

അപ്പെക് (Asia Pacific Economic Co-operation - APEC)

ഏഷ്യ പസഫിക്ക് മേഖലയിലെ സുതാര്യ വാണിജ്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങൾ ചേർന്നു രൂപീകരിച്ച സാമ്പത്തിക സഹകരണ സംഘടനയാണ് അപ്പെക് (ഏഷ്യ പസിഫിക് ഇക്കണോമിക് കോപ്പറേഷൻ). പസഫിക് സമുദ്രത്തിന്റെ തീരത്തുള്ള രാജ്യങ്ങളാണ് സംഘടനയിലുള്ളത്. 1989ലാണ് സിംഗപ്പൂർ ആസ്ഥാനമായ സംഘടന നിലവിൽ വന്നത്. 21 അംഗരാജ്യങ്ങളാണ് അപ്പെകിലുള്ളത്. വിയറ്റ്നാം, പെറു, റഷ്യ എന്നീ രാജ്യങ്ങളാണ് അവസാനമായി സംഘടനയിൽ അംഗങ്ങളായത്. ഏഷ്യ - പസഫിക്ക് മേഖലയിലെ രാജ്യങ്ങൾ തമ്മിൽ ഉയർന്ന സാമ്പത്തിക വ്യാപാര ബന്ധങ്ങൾ വളർത്തുക, അംഗരാജ്യ പ്രദേശത്തെ സ്വാതന്ത്രവ്യാപാര മേഖലയാക്കി മാറ്റി സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

അന്താരാഷ്ട്ര കാർഷിക വികസന നിധി (International Fund for Agricultural Development - IFAD)

വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും അകറ്റാൻ ഗ്രാമീണ ജനതയുടെ വികസനം ലക്ഷ്യമാക്കി 1977 ഡിസംബറിൽ സ്ഥാപിതമായ സംഘടനയാണ് അന്താരാഷ്ട്ര കാർഷിക വികസന നിധി (IFAD). ഐ.എഫ്.എ.ഡിയുടെ ആസ്ഥാനം ഇറ്റലിയിലെ റോമാണ്. പോഷക നിലവാരം ഉയർത്തുവാനും ഭക്ഷ്യോത്പാദനം വർധിപ്പിക്കാനുമുള്ള കാർഷിക സംരംഭങ്ങൾക്ക് ധനസഹായം നൽകുക എന്നതാണ് സംഘടനയുടെ മുഖ്യലക്ഷ്യം. 100 രാജ്യങ്ങളിലായി ഇരുനൂറോളം പ്രോജക്ടുകൾക്കാണ് അന്താരാഷ്ട്ര കാർഷിക വികസന നിധി നേതൃത്വം കൊടുക്കുന്നത്. 177 രാജ്യങ്ങളാണ് അന്താരാഷ്ട്ര കാർഷിക വികസന നിധിയിൽ അംഗങ്ങളായുള്ളത്.

ലോക സോഷ്യൽ ഫോറം (World Social Forum)

ആഗോളീകരണം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ ചെറുക്കുക എന്ന ഉദ്ദേശ്യത്തോടെ നടക്കുന്ന സമ്മേളനമാണ് ലോക സോഷ്യൽ ഫോറം. വംശ - വർണ്ണ - ലിംഗ വിവേചനങ്ങൾക്കതീതമായ "ഒരു നവലോകം" എന്ന ലക്ഷ്യം വയ്ക്കുന്ന സമ്മേളനമാണ് ലോക സോഷ്യൽ ഫോറം. സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ തുല്യത ഉറപ്പാക്കുന്നതിലൂടെ ജനാധിപത്യത്തെ പുനർനിർമ്മിക്കുക എന്നതാണ് ലോക സോഷ്യൽ ഫോറം സംഘടിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം. 2001ലെ ആദ്യത്തെ ലോക സമ്മേളന വേദി ബ്രസീലായിരുന്നു. 2004ൽ ഇന്ത്യയിലെ മുംബൈയായിരുന്നു ലോക സോഷ്യൽ ഫോറത്തിന്റെ സമ്മേളന വേദി.

സീറ്റോ (SEATO)

സൗത്ത് ഈസ്റ്റ് ഏഷ്യ ട്രീറ്റി ഓർഗനൈസേഷൻ എന്നാണ് സീറ്റോയുടെ പൂർണ്ണമായ പേര്. 1954ൽ മനിലയിലാണ് സീറ്റോ നിലവിൽ വന്നത്. 1955 മുതൽ ബാങ്കോക്കാണ് സീറ്റോയുടെ ആസ്ഥാനം. തെക്കുകിഴക്കൻ ഏഷ്യയിൽ പടരുന്ന സ്ഥിതി സമത്വവാദത്തെ (Communism) ഇല്ലാതാക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. എന്നാൽ നിരന്തരമായ ആഭ്യന്തര പ്രശ്നങ്ങൾ കാരണം സീറ്റോയുടെ പ്രാധാന്യം നഷ്ടപ്പെട്ടു. 1977ൽ സീറ്റോയെ പിരിച്ചുവിട്ടു.

സെന്റോ (CENTO)

ഇറാൻ, ഇറാക്ക്, പാക്കിസ്ഥാൻ, തുർക്കി, യുണൈറ്റഡ് കിങ്ഡം എന്നീ രാജ്യങ്ങൾ ചേർന്ന് 1955ൽ  രൂപീകരിച്ച സംഘടനയാണ് സെന്റോ (CENTO). ബാഗ്‌ദാദ്‌ ഉടമ്പടി എന്നും ഇതറിയപ്പെടുന്നു. തുർക്കിയിലെ അങ്കോറയാണ് സെന്റോയുടെ ആസ്ഥാനം. 1979ൽ സെന്റോയെ പിരിച്ചുവിട്ടു.

ജി 15 (G 15)

വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടനയാണ് ജി 15. 1989 ലാണ് ജി 15 രൂപംകൊണ്ടത്. 1990ൽ ക്വാലാലംപൂരിലാണ് ജി 15ന്റെ ആദ്യ സമ്മേളനം നടന്നത്.

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO)

ബെയ്‌ജിങ്‌ ആസ്ഥാനമായി 2001ൽ സ്ഥാപിതമായ സംഘടനയാണ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO). നിലവിൽ എട്ട് അംഗങ്ങളാണ് സംഘടനയിലുള്ളത്. ചൈന, റഷ്യ, ഇന്ത്യ, കസാഖിസ്താൻ, കിർഗിസ്താൻ, തജിക്കിസ്താൻ, ഉസ്‌ബസ്‌കിസ്താൻ, പാകിസ്താൻ എന്നിവയാണ് അംഗരാജ്യങ്ങൾ. വിവിധമേഖലകളിൽ അംഗരാജ്യങ്ങളുടെ പരസ്പര സഹകരണം ശക്തിപ്പെടുത്തുക, സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്നിവയാണ് SCOയുടെ ലക്ഷ്യങ്ങൾ. ഷാങ്ഹായ് കോ-ഓപ്പറേഷന്റെ എട്ട് വണ്ടേഴ്‌സ് ഓഫ് SCO ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ സ്മാരകമാണ് സ്റ്റാച്യു ഓഫ് യൂണിറ്റി (ഗുജറാത്ത്).

വടക്കേ അമേരിക്കൻ രാജ്യങ്ങളുടെ സ്വതന്ത്ര വ്യാപാര ഉടമ്പടി (North American Free Trade Agreement - NAFTA)

1994ൽ വാഷിങ്ടൺ ഡി.സി ആസ്ഥാനമായാണ് NAFTA രൂപീകരിച്ചത്. അമേരിക്കൻ ഐക്യനാടുകൾ, കാനഡ, മെക്‌സിക്കോ തുടങ്ങിയവയാണ് അംഗരാജ്യങ്ങൾ. വ്യാപാര പ്രതിസന്ധികൾ ഒഴിവാക്കുക, അംഗ രാഷ്ട്രങ്ങൾക്കിടയിൽ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും സ്വതന്ത്രമായ ഒഴുക്ക് സാധ്യമാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

QUAD (Quadrilateral Security Dialogue)

ഇന്ത്യ, യു.എസ്.എ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ അനൗപചാരിക കൂട്ടായ്മയാണ് QUAD.

ഫ്രീഡം നൗ

രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭ അംഗീകാരം നൽകിയ സംഘടന.

ആൻഡിയൻ സംഘടന (Andean Group)

1969ൽ പെറുവിലെ ലിമ ആസ്ഥാനമായി സ്ഥാപിതമായ സംഘടനയാണ് ആൻഡിയൻ സംഘടന. ബൊളീവിയ, ഇക്വഡോർ, കൊളംബിയ, പെറു എന്നിവയാണ് സംഘടനയുടെ സ്ഥാപക രാജ്യങ്ങൾ.

V20 (The Vulnerable 20)

രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്ന രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാർ ചേർന്ന് രൂപം നൽകിയ സംഘടന.

Doctors Without Borders

ദുരന്തബാധിത മേഖലകളിലും വികസ്വര രാജ്യങ്ങളിലെ രോഗബാധിത പ്രദേശങ്ങളിലും സഹായമെത്തിക്കുവാനായി സ്ഥാപിതമായ അന്താരാഷ്ട്ര സർക്കാരിതര സംഘടനയാണ് Doctors Without Borders. 1971ൽ ഫ്രാൻസിലെ പാരീസിലാണ് സംഘടന സ്ഥാപിതമായത്. ജനീവയാണ് സംഘടനയുടെ നിലവിലെ ആസ്ഥാനം. 1999ൽ സംഘടനയ്ക്ക് സമാധാന നൊബേൽ ലഭിച്ചു.

IOR - ARC

ഇന്ത്യൻ സമുദ്രാതിർത്തിയിലുള്ള രാഷ്ട്രങ്ങളുടെ സംഘടനയാണ് IOR - ARC. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ ഫോർ റീജിയണൽ കോ - ഓപ്പറേഷൻ എന്നാണ് പൂർണരൂപം.

ബെനലക്‌സ് സാമ്പത്തിക സംഘടന

ബൽജിയം, നെതർലാൻഡ്‌സ്, ലക്സംബർഗ് എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ബെനലക്‌സ് സാമ്പത്തിക സംഘടന.

കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡൻഡ് സ്റ്റേറ്റ്സ് (CIS)

സോവിയറ്റ് യൂണിയൻ ശിഥിലമായതിനെ തുടർന്ന് രൂപംകൊണ്ട സ്വതന്ത്ര രാഷ്ട്രങ്ങളുടെ സംഘടനയാണ് കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡൻഡ് സ്റ്റേറ്റ്സ്. അലമാട്ടാ പ്രഖ്യാപനമാണ് CISന്റെ രൂപീകരണത്തിന് കാരണമായ പ്രഖ്യാപനം.

ലോബയാൻ

വൃക്ഷലതാദികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതും പിന്നീട് യൂറോപ്പിലേയ്ക്ക് കൂടി പ്രവർത്തനം വ്യാപിപ്പിച്ചതുമായ സംഘടന.

ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (AIIB)

2016 ജനുവരി 16ന് ചൈനയിലെ ബീജിങ് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ഏഷ്യയിലെ സാമൂഹിക - സാമ്പത്തിക മേഖലകൾ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി രൂപംകൊണ്ട ബാങ്കാണ് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (AIIB). 57 രാജ്യങ്ങളാണ് AIIBയിലെ സ്ഥാപക അംഗങ്ങൾ. 2016 ജനുവരി 11നാണ് ഇന്ത്യ AIIBയിൽ അംഗമായത്.

ഏഷ്യ - പസഫിക് പോസ്റ്റൽ യൂണിയൻ (APPU)

1962 ഏപ്രിൽ ഒന്നിനാണ് തായ്‌ലൻഡിലെ ബാങ്കോക്ക് ആസ്ഥാനമായി 32 അംഗരാജ്യങ്ങളുള്ള ഏഷ്യ - പസഫിക് പോസ്റ്റൽ യൂണിയൻ സ്ഥാപിതമായത്. ഏഷ്യ-പസഫിക് മേഖലയിലുള്ള 32 രാജ്യങ്ങൾ തമ്മിലുള്ള തപാൽ മേഖലയിലെ സഹകരണം ഉറപ്പാക്കുക എന്നതാണ് ഏഷ്യ - പസഫിക് പോസ്റ്റൽ യൂണിയന്റെ ലക്ഷ്യം. 1973ലാണ് ഇന്ത്യ APPU-ൽ അംഗമായത്. സെക്രട്ടറി ജനറലാണ് APPUന്റെ തലവൻ.

ബിഗ് ഫോർ

'ബിഗ് ഫോർ' എന്നറിയപ്പെടുന്ന ജി 4 കൂട്ടായ്‌മയിൽ ഫ്രാൻസ്, ജർമനി, ഇറ്റലി, യു.കെ എന്നിവരാണ് അംഗങ്ങൾ. യൂറോപ്പിലെ പ്രധാന സാമ്പത്തിക ശക്തികളാണിവർ. അന്താരാഷ്ട്ര വിഷയങ്ങളിൽ ഇവർ ചർച്ചകൾ നടത്താറുണ്ട്. മറ്റ് രാജ്യങ്ങളുടെ തലവന്മാരുമായി സംയുക്ത വീഡിയോ സമ്മേളനങ്ങളും നടത്തും.

Post a Comment

0 Comments
Post a Comment (0)