ആധുനിക തിരുവിതാംകൂർ

ആധുനിക തിരുവിതാംകൂർ നാൾവഴി (Modern Travancore)

എ.ഡി 1729: മാർത്താണ്ഡവർമ തിരുവിതാംകൂർ ഭരണാധികാരിയായി. നിരവധി സമാന്തരസ്വരൂപങ്ങളെ യുദ്ധത്തിൽ തോൽപ്പിച്ച് അവ സ്വന്തം രാജ്യത്ത് ലയിപ്പിച്ച് വിസ്തൃതമാക്കിയ ഇദ്ദേഹത്തെ 'ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായി' വിശേഷിപ്പിക്കുന്നു.


എ.ഡി 1739: തിരുവിതാംകൂറിൽ ആദ്യമായി കണ്ടെഴുത്ത് നടത്തി. മല്ലൻ ശങ്കരൻ എന്നൊരുദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. വസ്തുക്കളെ ദേവസ്വം, ബ്രഹ്മസ്വം, ദാനം, പണ്ടാരവക എന്നിങ്ങനെ നാലായി വിഭജിച്ചു. പാട്ടം പുതുക്കി നിശ്ചയിക്കുകയും ഭൂവുടമകൾക്ക് പട്ടയം നൽകുകയും ചെയ്തു.


1741: കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപ്പിച്ചു. ആദ്യമായാണ് ഒരു യൂറോപ്യൻ ശക്തി ഏഷ്യയിലെ ഒരു ഭരണാധികാരിക്കു മുമ്പിൽ മുട്ടുകുത്തിയത്. ഡച്ചുസേനയിലെ മികച്ച സൈനികരെ മാർത്താണ്ഡവർമ്മ തന്റെ സൈന്യത്തിൽ ചേർക്കുകയും അവരെ ഉപയോഗിച്ച് തിരുവിതാംകൂർ സൈന്യത്തെ യൂറോപ്യൻമാതൃകയിൽ പരിഷ്‌കരിക്കുകയും ചെയ്തു. ഡച്ചു ക്യാപ്റ്റനായിരുന്ന ഡിലനോയ് തിരുവിതാംകൂറിലെ 'വലിയ കപ്പിത്താനായി' ഉയർന്നു.


1742: ഇളയിടത്തു സ്വരൂപത്തെ (കൊട്ടാരക്കര) മാർത്താണ്ഡവർമ്മ തിരുവിതാകൂറിനോട് ചേർത്തു.


1746: മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചടക്കി.


1749: മാർത്താണ്ഡവർമ്മ തെക്കുംകൂർ തിരുവിതാകൂറിനോട് ചേർത്തു.


1750: മാർത്താണ്ഡവർമ്മയുടെ തൃപ്പടിദാനം. ഇതിലൂടെ ഇദ്ദേഹം രാജ്യം തന്റെ കുലദൈവമായ ശ്രീപത്മനാഭനു സമർപ്പിക്കുകയും 'ശ്രീപത്മനാഭദാസൻ' എന്ന സ്ഥാനപ്പേരോടെ ഭരണനിർവഹണം നിർവഹിക്കുമെന്നും പ്രഖ്യാപിച്ചു. ഇതേ വർഷം മാർത്താണ്ഡവർമ്മ വടക്കുംകൂർ കീഴടക്കി.


1753: തിരുവിതാംകൂറും ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടി.


1758: മാർത്താണ്ഡവർമ്മ അന്തരിച്ചു. കാർത്തിക തിരുനാൾ ബാലരാമവർമ പിൻഗാമിയായി. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറിൽ നിന്നും പലായനം ചെയ്ത രാജകുടുംബാംഗങ്ങളുൾപ്പടെയുള്ളവർക്ക് ഇദ്ദേഹം ധാർമികബോധത്തോടെ അഭയം നൽകിയതിനാൽ 'ധർമ്മരാജാവ്' എന്നറിയപ്പെട്ടു.


1789: രാജാ കേശവദാസൻ തിരുവിതാംകൂർ ദിവാൻ. 'ദളവ' എന്ന സ്ഥാനപ്പേര് ദിവാനാക്കി മാറ്റിയത് കേശവദാസൻ ആണ്. ദിവാൻ എന്നറിയപ്പെട്ട തിരുവിതാംകൂറിലെ ആദ്യ ഭരണാധികാരിയാണിദ്ദേഹം. മോർണിങ്‌ടൺ പ്രഭു 'രാജാ' ബഹുമതി നൽകിയപ്പോൾ അത് സ്വീകരിച്ച് വിനയപൂർവം തന്റെ പേരിനൊപ്പം 'ദാസൻ' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയെ തുറമുഖ പട്ടണമായി വികസിപ്പിച്ചതും തിരുവനന്തപുരത്ത് ചാലക്കമ്പോളം സ്ഥാപിച്ചതും രാജാ കേശവദാസനാണ്.


1795: തിരുവിതാംകൂർ ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ചു. അങ്ങനെ രാജ്യത്തിൻറെ ഭരണനിയന്ത്രണത്തിൽ ബ്രിട്ടീഷുക്കാരുടെ സ്വാധീനമാരംഭിച്ചു. ധർമ്മരാജാവായിരുന്നു ഭരണാധികാരി.


1798: ധർമ്മരാജാവ് അന്തരിച്ചു. നാൽപതു വർഷം (1758-98) ഭരിച്ച ഇദ്ദേഹത്തിന് ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവെന്ന വിശേഷണം സ്വന്തം.


1799: രാജാ കേശവദാസൻ അന്തരിച്ചു. തിരുവനന്തപുരത്തെ കേശവദാസപുരം ആ നാമം അനശ്വരമാക്കുന്നു.


1800: കേണൽ മെക്കാളെ തിരുവിതാംകൂറിലും കൊച്ചിയിലും റസിഡന്റ്. മേൽക്കോയ്മ അംഗീകരിച്ച നാട്ടുരാജ്യങ്ങളിലേക്ക് ഭരണകാര്യങ്ങളുടെ മേൽനോട്ടത്തിന് നിയോഗിക്കപ്പെടുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് റസിഡന്റ്.


1802: വേലുത്തമ്പി തിരുവിതാംകൂറിൽ ദളവയായി.


1809: ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചു (ജനുവരി 11). ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ധീരമായ ചെറുത്തുനിൽപ്പിനൊടുവിൽ മണ്ണടി ക്ഷേത്രത്തിൽ (പത്തനംതിട്ട) വെച്ച് വേലുത്തമ്പി ആത്മഹത്യ ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ കൊച്ചിയിൽ സമരം ആസൂത്രണം ചെയ്ത മന്ത്രി പാലിയത്തച്ചനെ ബ്രിട്ടീഷുകാർ കൊച്ചിയിൽ നിന്നും നാടുകടത്തി.


1810: കേണൽ ജോൺ മൺറോ തിരുവിതാംകൂറിലും കൊച്ചിയിലും റസിഡന്റായി. രണ്ടു സ്ഥലത്തും നീതിന്യായ-ഭരണസംവിധാനങ്ങൾ പരിഷ്കരിക്കുന്നതിൽ അദ്ദേഹം ഗണ്യമായ സംഭാവന നൽകി. തിരുവിതാംകൂറിൽ സെക്രട്ടറിയേറ്റ് സമ്പ്രദായം ആരംഭിക്കാൻ മുൻകൈയെടുത്തത് മൺറോ ആയിരുന്നു.


1810: തിരുവിതാംകൂറിൽ ഗൗരി ലക്ഷ്മിഭായി ഭരണമേറ്റെടുത്തു.


1815: പർവതീഭായി തിരുവിതാംകൂറിൽ ഭരണമേറ്റു.


1829: തിരുവിതാംകൂറിൽ സ്വാതിതിരുനാൾ രാജാവിന്റെ സ്ഥാനാരോഹണം. ജനിക്കുന്നതിനു മുമ്പു തന്നെ രാജ്യത്തിൻറെ അടുത്ത ഭരണാധികാരിയെന്ന് തീരുമാനിക്കപ്പെട്ടതിനാൽ 'ഗർഭശ്രീമാൻ' എന്നറിയപ്പെട്ടു.


1830: ഹജൂർ കച്ചേരി കൊല്ലത്തുനിന്ന് തിരുവനന്തപുരത്ത് കോട്ടയ്ക്കകത്തേക്ക് മാറ്റി.


1834: തിരുവനന്തപുരത്ത് ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ.


1834: തിരുവിതാംകൂറിൽ ആദ്യത്തെ കാനേഷുമാരി.


1836: തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ്.


1846: സ്വാതിതിരുനാൾ അന്തരിച്ചു. ദക്ഷിണഭോജനെന്നറിയപ്പെട്ട അദ്ദേഹത്തിന്റെ ഭരണകാലം 'ആധുനിക തിരുവിതാംകൂറിന്റെ സുവർണകാലം' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.


1853: തിരുവിതാംകൂറിൽ അടിമകൾക്ക് മോചനം നൽകി.


1853: ചട്ടമ്പിസ്വാമികൾ ജനിച്ചു.


1856: ശ്രീ നാരായണ ഗുരു, തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിലെ വയൽവാരത്ത്‌ വീട്ടിൽ ജനിച്ചു. 


1858: സർ.ടി.മാധവറാവു, തിരുവിതാംകൂർ ദിവാനായി. ആധുനിക തിരുവിതാംകൂറിലെ ഏറ്റവും പ്രഗല്ഭരായ ദിവാന്മാരിലൊരാൾ. ഇപ്പോഴത്തെ സെക്രട്ടറിയേറ്റ് മന്ദിരം ഇദ്ദേഹത്തിന്റെ കാലത്താണ് പണികഴിപ്പിച്ചത്.


1859: കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറിയായ 'ഡാറാസ് മെയിൽ' ആലപ്പുഴയിൽ ജെയിംസ് ഡാറ സ്ഥാപിച്ചു.


1860: കേരളത്തിലെ ആദ്യത്തെ കോളേജായ സി.എം.എസ് കോളേജ് കോട്ടയത്ത് സ്ഥാപിതമായി.


1861: തിരുവിതാംകൂറിൽ ആയില്യം തിരുനാൾ രാജാവിന്റെ സ്ഥാനാരോഹണം.


1861: സാമൂഹിക പരിഷ്‌കർത്താവ് അയ്യങ്കാളി തിരുവനന്തപുരത്തിനടുത്ത് വെങ്ങാനൂരിൽ ജനിച്ചു.


1864: കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു.


1865: പണ്ടാരപ്പാട്ടം വിളംബരം.


1866: 1834-ൽ സ്വാതിതിരുനാളിന്റെ കാലത്ത് ആരംഭിച്ച ഇംഗ്ലീഷ് സ്കൂൾ കോളേജിന്റെ പദവിയിലേക്ക് ഉയർന്നു. അതാണ് ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്.


1869: തിരുവനന്തപുരത്ത് പുതിയ സെക്രട്ടേറിയറ്റ് മന്ദിരം ഉദ്‌ഘാടനം ചെയ്തു. വില്യം ബാർട്ടനായിരുന്നു നിർമാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർ. റോമൻ വാസ്തുവിദ്യയിൽ നിർമിച്ച ഈ മന്ദിരം പിന്നീട് തിരു-കൊച്ചിയുടെയും കേരളത്തിന്റെയും ഭരണസിരാകേന്ദ്രമായി.


1874: കേരളത്തിലാദ്യമായി തിരുവനന്തപുരത്ത് നിയമ പഠന സൗകര്യം തുടങ്ങി.


1877: മെയിൽ സെൻട്രൽ റോഡിന്റെ പണി തീർന്നു. തിരുവനന്തപുരം മുതൽ അങ്കമാലി വരെ നീളുന്ന ഈ പാത ഇപ്പോൾ സ്റ്റേറ്റ് ഹൈവേ നമ്പർ - 1 എന്ന് അറിയപ്പെടുന്നു.


1880: തിരുവിതാംകൂറിൽ വിശാഖം തിരുനാൾ രാജാവായി. രാജ്യത്ത് മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ചു.


1883: തിരുവിതാംകൂറിൽ ഭൂസർവ്വേ വിളംബരം.


1885: ശ്രീമൂലം തിരുനാൾ തിരുവിതാംകൂറിൽ രാജാവായി. ധർമരാജാവ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ചത് ഇദ്ദേഹമാണ് (1885-1924).


1887: കോട്ടയത്തിനടുത്ത് മാന്നാനത്തുനിന്ന് ദീപിക പത്രം പ്രസിദ്ധീകരണമാരംഭിച്ചു. ഇന്ന്, മലയാളത്തിലെ ഏറ്റവും പഴക്കമുള്ള ദിനപത്രമാണിത്.


1888: മലയാള മനോരമ കമ്പനി സ്ഥാപിതമായി.


1888: തിരുവിതാംകൂറിൽ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽവന്നു. കൗൺസിലിന്റെ ആദ്യയോഗത്തിൽ ദിവാൻ രാമറാവു അധ്യക്ഷത വഹിച്ചു.


1888: അരുവിപ്പുറം പ്രക്ഷോഭം


1889: 'ആയുർവേദ പാഠശാല' എന്ന പേരിൽ കേരളത്തിലെ ആദ്യത്തെ ആയുർവേദ കോളേജ് തിരുവനന്തപുരത്ത് സ്ഥാപിതമായി. പിൽക്കാലത്ത് സംസ്കൃത കോളേജായ സംസ്കൃത ഹൈസ്കൂളും പ്രവർത്തനമാരംഭിച്ചത് ഇതേ വർഷമാണ്.


1891: മലയാളി മെമ്മോറിയൽ പ്രക്ഷോഭം


1896: ഈഴവ മെമ്മോറിയൽ


1896: തിരുവിതാംകൂറിൽ ജന്മി-കുടിയാൻ റെഗുലേഷൻ.


1990: ബ്രിട്ടീഷ് വൈസ്രോയി കഴ്‌സൺ പ്രഭുവിന്റെ തിരുവിതാംകൂർ സന്ദർശനം. തിരുവിതാംകൂർ സന്ദർശിച്ച ആദ്യത്തെ വൈസ്രോയി ഇദ്ദേഹമാണ്. ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്' എന്ന് വിശേഷിപ്പിച്ചത് കഴ്‌സണാണ്.


1901: തിരുവനന്തപുരത്തുനിന്ന് കെ.രാമകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ 'കേരള പഞ്ചിക' മാസിക ആരംഭിച്ചു.


1903: ഈഴവ സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യമാക്കി ശ്രീനാരായണ ധർമപരിപാലന യോഗം രജിസ്റ്റർ ചെയ്തു. ആജീവനാന്ത അധ്യക്ഷൻ ശ്രീനാരായണ ഗുരു.


1904: ശ്രീമൂലം പ്രജാസഭ (പോപ്പുലർ അസംബ്ലി) പ്രവർത്തനമാരംഭിച്ചു.


1904: എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി തിരുവനന്തപുരത്തുനിന്ന് കുമാരനാശാൻ പത്രാധിപരായി 'വിവേകോദയം' ദ്വൈമാസികയായി ആരംഭിച്ചു.


1905: തിരുവനന്തപുരത്തിനടുത്ത് അഞ്ചുതെങ്ങിൽ പ്രസ് സ്ഥാപിച്ച് വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി 'സ്വദേശാഭിമാനി' പത്രം ആരംഭിച്ചു. ആദ്യ പത്രാധിപർ ചിറയിൻകീഴ് സി.പി.ഗോവിന്ദപിള്ള. 


1905: അയ്യങ്കാളി വെങ്ങാനൂരിൽ അധഃകൃതർക്കുവേണ്ടി ഒരു കുടിപ്പള്ളിക്കൂടം കെട്ടി. അധഃകൃതർക്കുവേണ്ടി കേരളത്തിൽ ആദ്യമുണ്ടായ പള്ളികൂടമാണിത്.


1906: കെ.രാമകൃഷ്ണപിള്ള 'സ്വദേശാഭിമാനി'യുടെ പത്രാധിപരായി.


1907: അധഃകൃതരുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിലെ ഉന്നതി ലക്ഷ്യമാക്കി അയ്യൻകാളിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തിനടുത്തുള്ള വെങ്ങാനൂരിൽ 'സാധുജനപരിപാലനസംഘം' രൂപം കൊണ്ടു. 


1909: കേരളത്തിലെ ആദ്യത്തെ സംഘടിത കർഷക തൊഴിലാളി പണിമുടക്ക് സമരം വെങ്ങാനൂരിൽ അയ്യങ്കാളി സംഘടിപ്പിച്ചു.


1909: ഗണപതിശാസ്ത്രികൾ തിരുവനന്തപുരത്തിനടുത്ത് മുഞ്ചിറയുള്ള മണലിക്കര മഠത്തിൽനിന്നു, ഭാസൻ സംസ്കൃതത്തിൽ രചിച്ച 11 നാടകങ്ങൾ ഒരുമിച്ചു പകർത്തിവെച്ച അപൂർവ താളിയോലഗ്രന്ഥം കണ്ടെത്തി.


1910: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തി (സെപ്റ്റംബർ 26). പത്രം നിരോധിച്ച് പ്രസ്സും ഉപകരണങ്ങളും കണ്ടുകെട്ടി. രാജാധികാരത്തെ ചോദ്യംചെയ്യുകയും പൗരാവകാശങ്ങൾക്കുവേണ്ടി വാദിക്കുകയുംചെയ്ത 'സ്വദേശാഭിമാനി'യുടെ താളുകളിൽ സർക്കാരിന്റെ അഴിമതിയും ഭരണവൈകല്യങ്ങളും വിമർശന വിധേയമാക്കിയതായിരുന്നു രാമകൃഷ്ണപിള്ള ചെയ്ത കുറ്റം.


1911: സി.വി.കുഞ്ഞിരാമന്റെ നേതൃത്വത്തിൽ ആലൂർ എസ് പത്മനാഭപ്പണിക്കർ പത്രാധിപരായി മയ്യനാട്ടുനിന്ന് 'കേരള കൗമുദി' വാരികയായി ആരംഭിച്ചു.


1912: കമ്മ്യൂണിസത്തിന്റെ ആചാര്യനായ കാൾ മാർക്സിനെക്കുറിച്ച് ഇന്ത്യൻ ഭാഷയിൽ ആദ്യമായി മലയാളത്തിൽ പുസ്തകമിറങ്ങി. സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയുടെ 'കാൾ മാർക്സ്' 


1913: വർക്കലയിൽ ശ്രീനാരായണഗുരു ശാരദാപ്രതിഷ്ഠ നടത്തി.


1914: മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ ആദ്യരൂപമായ 'നായർ ഭൃത്യജനസംഘം' ചങ്ങനാശ്ശേരി പെരുന്നയിലുള്ള മന്നത്തുഭവനിൽ രൂപംകൊണ്ടു. ആദ്യ പ്രസിഡന്റ് കെ.കേളപ്പൻ, മന്നം ആദ്യ സെക്രട്ടറി (ഒക്ടോബർ 31).


1914: ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചു.


1915: അയ്യൻകാളിയുടെ നേതൃത്വത്തിൽ ഊരുട്ടമ്പലം ലഹള (തൊണ്ണൂറാമാണ്ട് ലഹള). അതേവർഷം കൊല്ലത്ത് പെരിനാട്ടിൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ 'കല്ലുമാല സമരം' നടന്നു.


1915: തിരുവിതാംകൂറിൽ മുസ്ലിം ലീഗ് തുടങ്ങി.


1916: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള അന്തരിച്ചു. 1910-ൽ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തപ്പെട്ട അദ്ദേഹം ഭാര്യയുമൊന്നിച്ച് മദ്രാസ്, പാലക്കാട് പ്രദേശങ്ങളിൽ സഞ്ചരിച്ചശേഷം കണ്ണൂരിൽ താമസമാക്കി. അദ്ദേഹമെഴുതിയ 'വൃത്താന്ത പത്രപ്രവർത്തനം' മലയാളത്തിലെ, പത്ര പ്രവർത്തനത്തെക്കുറിച്ചെഴുതിയ ആദ്യ കൃതിയാണ്.


1918: 1891-ൽ 'മാർത്താണ്ഡവർമ്മ'യും 1913-ൽ 'ധർമരാജ'യും രചിച്ച സി.വി.രാമൻപിള്ള തിരുവിതാംകൂർ രാജകുടുംബത്തെ പശ്ചാത്തലമാക്കിയുള്ള തന്റെ മൂന്നാമത്തെ നോവലായ 'രാമരാജ ബഹാദൂറി'ന്റെ ഒന്നാംഭാഗം രചിച്ചു. രണ്ടാം ഭാഗം 1919-ലാണ് പുറത്തുവന്നത്.


1919: തിരുവിതാംകൂറിൽ സാംബവർ സംഘം രൂപം കൊണ്ടു. പറയർ സമർപ്പിച്ച നിവേദനപ്രകാരം ശ്രീമൂലം തിരുനാൾ രാജാവാണ് തമിഴ്‌നാട്ടിലെ ശിവഭക്തരായ പറയർക്കുള്ള 'സാംബവർ' എന്ന പേരിന് അംഗീകാരം നൽകിയത്.


1922: സി.വി.രാമൻപിള്ള കഥാവശേഷനായി. മഹാകവി ടാഗോർ ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചു.


1924: മലയാളത്തിന്റെ സ്നേഹഗായകൻ കുമാരനാശാൻ പല്ലനയാറ്റിൽ 'റെഡീമർ' ബോട്ട് മറിഞ്ഞ് മുങ്ങിമരിച്ചു (ജനുവരി 16). 


1924: വൈക്കം സത്യാഗ്രഹം ആരംഭിച്ചു (മാർച്ച് 30). അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരമായി ഇത്. 1924-25 കാലത്ത് 603 ദിവസം നീണ്ടുനിന്നു.


1924: ചട്ടമ്പി സ്വാമികൾ പന്മനയിൽ (മെയ് 3) അന്തരിച്ചു.


1924: 1884 മുതൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ അന്തരിച്ചു. തിരുവനന്തപുരത്ത് ഗവ. ആയുർവേദ കോളേജ്, വിമൻസ് കോളേജ്, ലോ കോളേജ്, വി.ജെ.ടി.ഹാൾ എന്നിവ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. 1888 ലാണ് തിരുവിതാംകൂറിൽ നിയമസഭ ആരംഭിച്ചത്.


1925: വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യവുമായി ഗാന്ധിജി രണ്ടാം കേരള സന്ദർശനത്തിനെത്തി (മാർച്ച് 8). ശിവഗിരിയിലെത്തി അദ്ദേഹം ശ്രീനാരായണ ഗുരുവിനെയും സന്ദർശിച്ചു (മാർച്ച് 12).


1926: തിരുവിതാകൂർ വർത്തമാനപത്രനിയമം (അഞ്ചാം റെഗുലേഷൻ) പത്രങ്ങൾക്കുമേൽ ലൈസൻസും നിയന്ത്രണവും കർശനമാക്കി.


1928: ശ്രീനാരായണ ധർമസംഘം രജിസ്റ്റർ ചെയ്യപ്പെട്ടു (ജനുവരി 8). അതേ വർഷമാണ് ശ്രീനാരായണ ഗുരു സമാധിയായതും (സെപ്റ്റംബർ 20).


1928: മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ 'വിഗതകുമാരൻ' തിരുവനന്തപുരത്ത് പ്രദർശനത്തിനെത്തി. അഗസ്തീശ്വരം സ്വദേശി ജെ.സി. ഡാനിയൽ 1926ൽ തിരുവനന്തപുരം പട്ടത്ത് സ്ഥാപിച്ച ദി ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ് എന്ന സ്റ്റുഡിയോവിൽ ഡാനിയേൽ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്തതാണ് ഈ ചിത്രം.


1929: സർ എം.വിശ്വേശ്വരയ്യയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നാട്ടുരാജ്യപ്രജാസമ്മേളനം നടന്നു.


1930: പി.സുബ്രഹ്മണ്യം തിരുവനന്തപുരത്ത് ആദ്യത്തെ സ്ഥിരം ചലച്ചിത്രപ്രദർശനശാലയായ 'ന്യൂ തിയേറ്റർ' സ്ഥാപിച്ചു.


1931: തിരുവിതാംകൂറിൽ നിവർത്തനപ്രക്ഷോഭം


1933: ശ്രീചിത്രതിരുനാൾ ബാലരാമവർമ മഹാരാജാവിന് കടൽയാത്ര നടത്തിയ ആദ്യത്തെ തിരുവിതാംകൂർ രാജാവെന്ന വിശേഷണം സ്വന്തമായി.


1935: മുംബൈ-തിരുവനന്തപുരം വിമാനസർവീസ് തുടങ്ങി.


1936: സർ സി.പി.രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായി.


1936: ജാതിമതഭേദമില്ലാതെ എല്ലാ ഹിന്ദുക്കൾക്കും സർക്കാറുടമസ്ഥയിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശനത്തിന് അനുമതി നൽകുന്ന 'ക്ഷേത്രപ്രവേശനവിളംബരം' തിരുവിതാംകൂറിലെ ചിത്തിര തിരുനാൾ മഹാരാജാവ് പുറപ്പെടുവിച്ചു (നവംബർ 12).


1939: തിരുവിതാംകൂറിൽ ഉത്തരവാദഭരണ പ്രക്ഷോഭം. അക്കാമ്മ ചെറിയാന്റെ നേതൃത്വത്തിൽ രാജധാനി മാർച്ച് (ഒക്ടോബർ 23).


1941: അയ്യങ്കാളി അന്തരിച്ചു.


1943: തിരുവനന്തപുരത്ത് റേഡിയോ സ്റ്റേഷൻ തുടങ്ങി.


1944: വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ നോവൽ 'ബാല്യകാലസഖി' പ്രസിദ്ധീകരിച്ചു.


1945: കോട്ടയത്ത് നാഷണൽ ബുക്ക് സ്റ്റാൾ ആരംഭിച്ചു. കോട്ടയത്ത് സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രവർത്തനമാരംഭിച്ചു. പ്രസിഡന്റ് എം.പി.പോൾ, സെക്രട്ടറി കാരൂർ നീലകണ്ഠപ്പിള്ള. 'തകഴിയുടെ കഥകൾ' ആണ് എസ്.പി.സി.എസ് പ്രസിദ്ധീകരിച്ച ആദ്യ കൃതി.


1946: ദിവാൻ സി.പി.രാമസ്വാമി അയ്യർ തിരുവിതാംകൂറിൽ 'അമേരിക്കൻ മോഡൽ' ഭരണപരിഷ്‌കാരം പ്രഖ്യാപിച്ചു (ജനുവരി 16).


1946: പുന്നപ്ര-വയലാർ സമരം. ഒക്ടോബർ 27-ന് വയലാറിൽ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു.


1947: ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്രമാകുന്നതോടെ തിരുവിതാംകൂറും സ്വാതന്ത്രരാജ്യമായിത്തീരുമെന്ന് ജൂൺ 11-ലെ പത്രസമ്മേളനത്തിൽ ദിവാൻ സി.പി.രാമസ്വാമി അയ്യർ പ്രഖ്യാപിച്ചത് പ്രക്ഷുബ്ധമായ സംഭവവികാസങ്ങൾക്ക് വഴിതെളിയിച്ചു. ജൂലൈ 13-ന് പേട്ടയിൽ നടന്ന പൊതുയോഗത്തിനുനേരെ പോലീസ് വെടിവെച്ചു. രാജേന്ദ്രൻ എന്ന വിദ്യാർത്ഥിയുൾപ്പെടെ മൂന്നുപേർ മരിച്ചു. ജൂലൈ 25-ന് സി.പി.രാമസ്വാമി അയ്യർക്കു വെട്ടേറ്റു. പദവിയൊഴിഞ്ഞ് അദ്ദേഹം തിരുവിതാംകൂർ വിട്ടു.


1948: തിരുവിതാംകൂറിൽ പട്ടംതാണുപിള്ള പ്രധാനമന്ത്രിയായും ടി.എം.വർഗീസ്, സി.കേശവൻ എന്നിവർ സഹമന്ത്രിമാരുമായുള്ള ആദ്യ ജനകീയ മന്ത്രിസഭ ഭരണമേറ്റു.


1949: തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരു-കൊച്ചി നിലവിൽ വന്നു (ജൂലൈ 1). തിരുവിതാംകൂർ രാജാവ് ചിത്തിര തിരുനാൾ 'രാജപ്രമുഖ'നായി. തിരുവിതാംകൂർ ഭരണസാരഥിയായിരുന്ന പറവൂർ ടി.കെ.നാരായണപിള്ള മുഖ്യമന്ത്രിയും ടി.എം.വർഗീസ് സ്‌പീക്കറുമായി. തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്ത് എ.കെ.ജോൺ, ഡോ.ഇ.കെ.മാധവൻ, ടി.ഇ.അബ്ദുള്ള എന്നിവരും കൊച്ചിയുടെ പ്രതിനിധികളായി ഇക്കണ്ട വാര്യർ, കെ.അയ്യപ്പൻ, പനമ്പിള്ളി ഗോവിന്ദമേനോൻ എന്നിവരും മന്ത്രിമാരായി.

0 Comments