ദേശിങ്ങനാട് സ്വരൂപം

ദേശിങ്ങനാട് സ്വരൂപം (Desinganadu)

കൊല്ലം ആസ്ഥാനമാക്കി ആറ്റിങ്ങലിനും കൊട്ടാരക്കരയ്ക്കും ഇടയിലായിരുന്ന ഒരു ചെറുരാജ്യമാണ് ദേശിങ്ങനാട്. 1468ലെ മതിലകം രേഖകളിൽ കൊല്ലം ഭരിച്ചിരുന്ന രവിവർമ്മ രാജാവിനെ കുറിച്ച് പരാമർശമുണ്ട്. കോകിലസന്ദേശം എന്ന കൃതിയിലും ഈ രാജവംശത്തെ കുറിച്ചു പറയുന്നുണ്ട്. പതിമൂന്നാം നൂറ്റാണ്ടുമുതൽ ദേശിങ്ങനാട് ഭരിച്ചിരുന്ന രാജാക്കന്മാർക്ക് ചിറവായ് മൂപ്പൻ എന്ന സ്ഥാനപ്പേരുണ്ടായിരുന്നു. ഇളയരാജാവ് തൃപ്പാപ്പൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്നു. കൊല്ലം ഭരിച്ചിരുന്ന ജയസിംഹൻ എന്ന രാജാവ് കൊല്ലത്തു നിന്ന് പാണ്ഡ്യന്മാരെ തുരത്തിയതായി ചില രേഖകളുണ്ട്. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണത്രേ രാജ്യത്തിന് ജയസിംഹനാട് എന്ന പേരു കിട്ടിയത്. ജയസിംഹന്റെ കാലശേഷം അദ്ദേഹത്തിന്റെ മകനായ രവിവർമ്മ കുലശേഖരൻ രാജാവായി. ഡച്ചുകാർക്ക് ദേശിങ്ങനാട് പണ്ടകശാലയും കോട്ടയും ഉണ്ടായിരുന്നു. ദേശിങ്ങനാട് ഡച്ചുകാർക്കെതിരെ പടപൊരുതുകയും ഒടുവിൽ തോൽക്കുകയും ചെയ്‌തു. കൊല്ലത്തെത്തിയ ഡച്ചു ക്യാപ്റ്റൻ ന്യൂഹോഫിന് ദേശിങ്ങനാട്ടെ റാണി വീരശൃംഖല നൽകി ആദരിക്കുകയുണ്ടായി.

Post a Comment

Previous Post Next Post