രാസബന്ധനം

രാസബന്ധനം (Chemical Bonding)

വ്യത്യസ്ത രാസസ്പീഷീസുകളിലുള്ള വിവിധതരം ഘടകങ്ങളെ ഒരുമിച്ചു പിടിച്ചുനിർത്തുന്ന ആകർഷണ ബലം അറിയപ്പെടുന്നത് രാസബന്ധനം എന്നാണ്. തന്മാത്രാ രൂപീകരണത്തിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്തു നിർത്തുന്ന ആകർഷണ ബലത്തെ രാസബന്ധനം എന്നു പറയുന്നു. അയോണിക ബന്ധനം, സഹസംയോജക ബന്ധനം, ഹൈഡ്രജൻ ബന്ധനം എന്നിവ വിവിധ തരം രാസബന്ധനങ്ങളാണ്.

അയോണിക ബന്ധനം - ഇലക്ട്രോൺ കൈമാറ്റം മൂലമുണ്ടാകുന്ന രാസബന്ധനമാണ് അയോണിക ബന്ധനം. ഇവിടെ വിപരീത ചാർജ്ജുകളുള്ള അയോണുകൾ തമ്മിലുള്ള വൈദ്യുതാകർശനമാണ് അയോണുകളെ ബന്ധിപ്പിക്കുന്നത്. ഒരു സംയുക്തത്തിലെ ഘടകമൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി വിലകൾ തമ്മിലുള്ള വ്യത്യാസം 1.7 ഓ അതിൽ കൂടുതലോ ആണെങ്കിൽ അവ അയോണിക സ്വഭാവം ആയിരിക്കും. അയോണിക ബന്ധനം വഴിയുണ്ടാകുന്ന സംയുക്തങ്ങളാണ് അയോണിക സംയുക്തങ്ങൾ.

സഹസംയോജക ബന്ധനം - ഇലക്ട്രോൺ പങ്കുവെയ്ക്കൽ മൂലമുണ്ടാകുന്ന രാസബന്ധനത്തെ സഹസംയോജക ബന്ധനം എന്നു പറയുന്നു. ഒരു സംയുക്തത്തിലെ ഘടകമൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി വിലകൾ തമ്മിലുള്ള വ്യത്യാസം 1.7 ൽ കുറവാണെങ്കിൽ അവ സഹസംയോജക സ്വഭാവം ആയിരിക്കും. സഹസംയോജക ബന്ധനം മൂന്നുതരമാണ്. ഒരു ജോഡി ഇലക്ട്രോണുകൾ പങ്ക് വയ്ക്കുന്ന രാസബന്ധനം ഏകബന്ധനവും രണ്ടു ജോഡി ഇലക്ട്രോണുകൾ പങ്ക് വച്ചുണ്ടാകുന്ന ബന്ധനം ദ്വിബന്ധനവും മൂന്ന് ജോഡി ഇലക്ട്രോണുകൾ വച്ചുണ്ടാകുന്ന രാസബന്ധനം ത്രിബന്ധനവുമാണ്. ഓക്‌സിജന്റെ തന്മാത്രയിൽ നടക്കുന്നത് ദ്വിബന്ധനവും നൈട്രജൻ തന്മാത്രയിൽ നടക്കുന്നത് ത്രിബന്ധനവുമാണ്. സഹസംയോജക ബന്ധനം വഴി ഉണ്ടാകുന്ന സംയുക്തങ്ങളാണ് സഹസംയോജക സംയുക്തങ്ങൾ.

ഹൈഡ്രജൻ ബന്ധനം - നൈട്രജൻ, ഓക്‌സിജൻ, ഫ്ലൂറിൻ തുടങ്ങിയ മൂലകങ്ങൾക്ക് ഇലക്ട്രോനെഗറ്റിവിറ്റി വളരെ കൂടുതലാണ്. ഒരു സഹസംയോജക ബന്ധനം രൂപീകരിക്കുന്നതിനായി ഇവ ഒരു ഹൈഡ്രജൻ ആറ്റവുമായി ബന്ധിപ്പിക്കപ്പെടുമ്പോൾ സഹസംയോജക ബന്ധനത്തിലേർപ്പെട്ട ഇലക്ട്രോണുകൾ ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ആറ്റത്തിനടുത്തേക്ക് നീങ്ങുന്നു. ഇങ്ങനെ ഭാഗിക പോസിറ്റീവ് ചാർജുള്ള ഹൈഡ്രജൻ ആറ്റം സമീപത്തുള്ള മറ്റൊരു തന്മാത്രയിലെ ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ആറ്റവുമായി ഒരു ബന്ധനമുണ്ടാകുന്നു. ഇത് അറിയപ്പെടുന്നത് ഹൈഡ്രജൻ ബന്ധനം എന്നാണ്. ഹൈഡ്രജൻ ബന്ധനം സഹസംയോജക ബന്ധനത്തെക്കാൾ ദുർബലമാണ്. ഹൈഡ്രജൻ ബന്ധനത്തിന്റെ മൂല്യം സംയുക്തത്തിന്റെ ഭൗതികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ഹൈഡ്രജൻ ബന്ധനത്തിന്റെ മൂല്യം ഖരാവസ്ഥയിൽ ഏറ്റവും കൂടുതലും വാതകാവസ്ഥയിൽ ഏറ്റവും കുറവുമാണ്. സംയുക്തങ്ങളുടെ ഘടനയിലും സ്വഭാവങ്ങളിലും ഹൈഡ്രജൻ ബന്ധനത്തിന് ശക്തമായ സ്വാധീനമുണ്ട്. അന്തർതന്മാത്ര ഹൈഡ്രജൻ ബന്ധനം, ആന്തരതന്മാത്രാ ഹൈഡ്രജൻ ബന്ധനം എന്നിങ്ങനെ രണ്ടുതരം ഹൈഡ്രജൻ ബന്ധനങ്ങളാണുള്ളത്. ഒരേ സംയുക്തത്തിന്റെയോ വ്യത്യസ്ത സംയുക്തങ്ങളുടെയോ രണ്ട് വ്യത്യസ്ത തന്മാത്രകൾ തമ്മിലുണ്ടാകുന്ന ഹൈഡ്രജൻ ബന്ധനമാണ് അന്തർതന്മാത്ര ഹൈഡ്രജൻ ബന്ധനം. ഒരേ തന്മാത്രയിലെ ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ രണ്ട് ആറ്റങ്ങൾക്കിടയിൽ ഹൈഡ്രജൻ ആറ്റം സ്ഥിതി ചെയ്യുമ്പോൾ ഉണ്ടാകുന്ന ബന്ധനമാണ് ആന്തരതന്മാത്രാ ഹൈഡ്രജൻ ബന്ധനം.

PSC ചോദ്യങ്ങൾ 

1. സഹസംയോജക ബന്ധനം, അയോണിക ബന്ധനം എന്നീ രാസബന്ധനങ്ങളിലടങ്ങിയിരിക്കുന്ന ബലങ്ങളൊഴികെ, സൂക്ഷ്മ കണങ്ങൾ തമ്മിലുള്ള ആകർഷണ - വികർഷണ ബലങ്ങളെ വിളിക്കുന്നത് - അന്തർ തന്മാത്രാ ബലങ്ങൾ 

2. അടുത്തടുത്തുള്ള മൂലകങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന ദുർബ്ബലമായ പരസ്പര ആകർഷണ ബലം - വാണ്ടർ വാൾസ് ബലം 

3. അന്തർ തന്മാത്രാ ആകർഷണ ബലങ്ങളെ വിളിക്കുന്നത് - വാണ്ടർ വാൾസ് ബലങ്ങൾ 

4. തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലങ്ങളെ പൊതുവെ വിളിക്കുന്നത് - വാണ്ടർ വാൾസ് ബലങ്ങൾ

5. പ്രധാന വാണ്ടർ വാൾസ് ബലങ്ങൾ - പരിക്ഷേപണ ബലം (Dispersion Forces), ദ്വിധ്രുവ - ദ്വിധ്രുവ ബലം (Dipole-Dipole Forces), ദ്വിധ്രുവ - പ്രേരിത ദ്വിധ്രുവ ബലം (Dipole-Induced Dipole Forces)

6. സ്ഥിരമായി വൈദ്യുത ധ്രുവീകരണം നടന്നിട്ടുള്ള തന്മാത്രകൾ തമ്മിലുള്ള - ദ്വിധ്രുവ - ദ്വിധ്രുവ ബലം

7. ഏറ്റവും ശക്തിയേറിയ രസബന്ധനം - സഹസംയോജക ബന്ധനം 

8. ഏറ്റവും ദുർബ്ബലമായ രാസബന്ധനം - വാണ്ടർ വാൾസ് ബലം

9. മൂലക ആറ്റങ്ങളുടെ സംയോജിക്കുവാനുള്ള കഴിവാണ് - സംയോജകത (Valency)

10. രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഒരു ആറ്റം വിട്ടുകൊടുക്കുകയോ, സ്വീകരിക്കുകയോ, പങ്കുവയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണിന്റെ എണ്ണമാണ് അതിന്റെ - സംയോജകത

11. ഹൈഡ്രജൻ ബന്ധനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത് - ഇടവിട്ടുള്ള വര 

12. സഹസംയോജകത ബന്ധനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത് - കട്ടിയുള്ള വര

Post a Comment

Previous Post Next Post