ചമ്പു പ്രസ്ഥാനം

ചമ്പു പ്രസ്ഥാനം

വൃത്തവും താളവും ഒപ്പിച്ച് എഴുതുന്നതിനെയാണല്ലോ നാം പദ്യം എന്നു വിളിക്കുന്നത്. ഇതൊന്നുമില്ലാതെ എഴുതുന്നതാണ് ഗദ്യം. ഇനി, ഗദ്യവും പദ്യവും ചേർന്ന ഒരു രചനാരീതിയുണ്ട്. അതാണ് ചമ്പുക്കൾ. പതിമൂന്ന്, പതിനാല് നൂറ്റാണ്ടുകളിലാണ് ആദ്യകാല ചമ്പുക്കൾ എഴുതപ്പെട്ടത്. മണിപ്രവാളസാഹിത്യത്തിലെ മുഖ്യ ഇനങ്ങളായിരുന്നു ആദ്യകാല ചമ്പുക്കൾ. ചമ്പൂഗദ്യങ്ങൾക്ക് വൃത്തമുണ്ടായിരുന്നു. ചമ്പുവിലെ പദ്യഭാഗങ്ങൾക്ക് സംസ്കൃത വൃത്തവും ഗദ്യഭാഗങ്ങൾക്ക് മലയാള ഭാഷാവൃത്തങ്ങളും എന്നതായിരുന്നു രീതി. പണ്ടു മുതലേ മലയാളത്തിൽ ചമ്പുക്കളുണ്ടായിരുന്നു. ആദ്യകാല മണിപ്രവാള കൃതികളിൽ നല്ലൊരു പങ്കും ചമ്പുക്കളായിരുന്നു. ഉണ്ണിയച്ചീചരിതം, ഉണ്ണിയാടി ചരിതം, ഉണ്ണിച്ചിരുതേവീചരിതം എന്നിവയാണ് ആദ്യകാല മണിപ്രവാള ചമ്പുക്കൾ. അച്ചീചരിതങ്ങളെന്നും ഈ മൂന്ന് ചമ്പുക്കൾ അറിയപ്പെടുന്നു. ഈ മൂന്ന് പ്രാചീന മണിപ്രവാള കൃതികളും ഇന്ന് വായിച്ചു മനസിലാക്കാൻ പ്രയാസമാണ്. സംസ്കൃത പദങ്ങൾ അവയിൽ ധാരാളമുണ്ട്. ഈ മൂന്ന് പ്രാചീന ചമ്പുക്കളെ കൂടാതെ ഏതാനും മണിപ്രവാള കൃതികൾ കൂടി കണ്ടുകിട്ടിയിട്ടുണ്ട്. അവയെല്ലാം അച്ചീചരിതങ്ങളെപോലെ വലിയ കാവ്യങ്ങളായിരുന്നില്ല. ചെറിയച്ചി, മല്ലീനിലാവ്, മേദിനീവെണ്ണിലാവ്, തച്ചപ്പിള്ളി ഇട്ടിമാ എന്നിങ്ങനെയാണ് ആ കൃതികളുടെ പേരുകൾ.

പതിനാറാം നൂറ്റാണ്ടായതോടെ അനേകം ചമ്പുക്കൾ മലയാളത്തിലുണ്ടായി. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് രാമായണം ചമ്പു. പുനം നമ്പൂതിരിയാണ് രാമായണം ചമ്പു എഴുതിയത്. രാമായണം ചമ്പു കൂടാതെ ഭാരതം ചമ്പുവും പുനം നമ്പൂതിരി എഴുതിയതാണെന്ന് പറയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട നൈഷധം ചമ്പുവിന്റെ കർത്താവ് മഴമംഗലത്ത് നാരായണൻ നമ്പൂതിരിയാണ്. രാജരത്‌നാവലീയം, കൊടിയ വിരഹം, ബാണയുദ്ധം എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു ചമ്പുക്കൾ. മഴമംഗലത്തിന്റെ കാലത്ത് ജീവിച്ചിരുന്ന മറ്റൊരു കവിയാണ് നീലകണ്ഠൻ നമ്പൂതിരി. ചെല്ലൂർനാഥോദയം, തെങ്കൈലനാഥോദയം എന്നിവയാണ് അദ്ദേഹത്തിന്റെ ചമ്പുക്കൾ. പതിനാറാം നൂറ്റാണ്ടിലുണ്ടായ ഈ ചമ്പുക്കൾ പൊതുവെ മധ്യകാല ചമ്പുക്കൾ എന്നാണ് പറയുന്നത്.

Post a Comment

Previous Post Next Post