മറ്റ് അന്താരാഷ്ട്ര സംഘടനകൾ

മറ്റ് അന്താരാഷ്ട്ര സംഘടനകൾ

ലോക സോഷ്യൽ ഫോറം (World Social Forum)

ആഗോളീകരണം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ ചെറുക്കുക എന്ന ഉദ്ദേശ്യത്തോടെ നടക്കുന്ന സമ്മേളനമാണ് ലോക സോഷ്യൽ ഫോറം. വംശ - വർണ്ണ - ലിംഗ വിവേചനങ്ങൾക്കതീതമായ "ഒരു നവലോകം" എന്ന ലക്ഷ്യം വയ്ക്കുന്ന സമ്മേളനമാണ് ലോക സോഷ്യൽ ഫോറം. സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ തുല്യത ഉറപ്പാക്കുന്നതിലൂടെ ജനാധിപത്യത്തെ പുനർനിർമ്മിക്കുക എന്നതാണ് ലോക സോഷ്യൽ ഫോറം സംഘടിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം. 2001ലെ ആദ്യത്തെ ലോക സമ്മേളന വേദി ബ്രസീലായിരുന്നു. 2004ൽ ഇന്ത്യയിലെ മുംബൈയായിരുന്നു ലോക സോഷ്യൽ ഫോറത്തിന്റെ സമ്മേളന വേദി.

സീറ്റോ (SEATO)

സൗത്ത് ഈസ്റ്റ് ഏഷ്യ ട്രീറ്റി ഓർഗനൈസേഷൻ എന്നാണ് സീറ്റോയുടെ പൂർണ്ണമായ പേര്. 1954ൽ മനിലയിലാണ് സീറ്റോ നിലവിൽ വന്നത്. 1955 മുതൽ ബാങ്കോക്കാണ് സീറ്റോയുടെ ആസ്ഥാനം. തെക്കുകിഴക്കൻ ഏഷ്യയിൽ പടരുന്ന സ്ഥിതി സമത്വവാദത്തെ (Communism) ഇല്ലാതാക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. എന്നാൽ നിരന്തരമായ ആഭ്യന്തര പ്രശ്നങ്ങൾ കാരണം സീറ്റോയുടെ പ്രാധാന്യം നഷ്ടപ്പെട്ടു. 1977ൽ സീറ്റോയെ പിരിച്ചുവിട്ടു.

സെന്റോ (CENTO)

ഇറാൻ, ഇറാക്ക്, പാക്കിസ്ഥാൻ, തുർക്കി, യുണൈറ്റഡ് കിങ്ഡം എന്നീ രാജ്യങ്ങൾ ചേർന്ന് 1955ൽ  രൂപീകരിച്ച സംഘടനയാണ് സെന്റോ (CENTO). ബാഗ്‌ദാദ്‌ ഉടമ്പടി എന്നും ഇതറിയപ്പെടുന്നു. തുർക്കിയിലെ അങ്കോറയാണ് സെന്റോയുടെ ആസ്ഥാനം. 1979ൽ സെന്റോയെ പിരിച്ചുവിട്ടു.

ജി 15 (G 15)

വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടനയാണ് ജി 15. 1989 ലാണ് ജി 15 രൂപംകൊണ്ടത്. 1990ൽ ക്വാലാലംപൂരിലാണ് ജി 15ന്റെ ആദ്യ സമ്മേളനം നടന്നത്.

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO)

ബെയ്‌ജിങ്‌ ആസ്ഥാനമായി 2001ൽ സ്ഥാപിതമായ സംഘടനയാണ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO). നിലവിൽ എട്ട് അംഗങ്ങളാണ് സംഘടനയിലുള്ളത്. ചൈന, റഷ്യ, ഇന്ത്യ, കസാഖിസ്താൻ, കിർഗിസ്താൻ, തജിക്കിസ്താൻ, ഉസ്‌ബസ്‌കിസ്താൻ, പാകിസ്താൻ എന്നിവയാണ് അംഗരാജ്യങ്ങൾ. വിവിധമേഖലകളിൽ അംഗരാജ്യങ്ങളുടെ പരസ്പര സഹകരണം ശക്തിപ്പെടുത്തുക, സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്നിവയാണ് SCOയുടെ ലക്ഷ്യങ്ങൾ. ഷാങ്ഹായ് കോ-ഓപ്പറേഷന്റെ എട്ട് വണ്ടേഴ്‌സ് ഓഫ് SCO ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ സ്മാരകമാണ് സ്റ്റാച്യു ഓഫ് യൂണിറ്റി (ഗുജറാത്ത്). 2023 മെയ് മാസം നടന്ന SCO വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായത് ഗോവയിലെ ബെനോലിം ആണ്.

വടക്കേ അമേരിക്കൻ രാജ്യങ്ങളുടെ സ്വതന്ത്ര വ്യാപാര ഉടമ്പടി (North American Free Trade Agreement - NAFTA)

1994ൽ വാഷിങ്ടൺ ഡി.സി ആസ്ഥാനമായാണ് NAFTA രൂപീകരിച്ചത്. അമേരിക്കൻ ഐക്യനാടുകൾ, കാനഡ, മെക്‌സിക്കോ തുടങ്ങിയവയാണ് അംഗരാജ്യങ്ങൾ. വ്യാപാര പ്രതിസന്ധികൾ ഒഴിവാക്കുക, അംഗ രാഷ്ട്രങ്ങൾക്കിടയിൽ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും സ്വതന്ത്രമായ ഒഴുക്ക് സാധ്യമാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

QUAD (Quadrilateral Security Dialogue)

ഇന്ത്യ, യു.എസ്.എ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ അനൗപചാരിക കൂട്ടായ്മയാണ് QUAD. 

ഫ്രീഡം നൗ

രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭ അംഗീകാരം നൽകിയ സംഘടന.

ആൻഡിയൻ സംഘടന (Andean Group)

1969ൽ പെറുവിലെ ലിമ ആസ്ഥാനമായി സ്ഥാപിതമായ സംഘടനയാണ് ആൻഡിയൻ സംഘടന. ബൊളീവിയ, ഇക്വഡോർ, കൊളംബിയ, പെറു എന്നിവയാണ് സംഘടനയുടെ സ്ഥാപക രാജ്യങ്ങൾ. 

V20 (The Vulnerable 20)

രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്ന രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാർ ചേർന്ന് രൂപം നൽകിയ സംഘടന.

Doctors Without Borders

ദുരന്തബാധിത മേഖലകളിലും വികസ്വര രാജ്യങ്ങളിലെ രോഗബാധിത പ്രദേശങ്ങളിലും സഹായമെത്തിക്കുവാനായി സ്ഥാപിതമായ അന്താരാഷ്ട്ര സർക്കാരിതര സംഘടനയാണ് Doctors Without Borders. 1971ൽ ഫ്രാൻസിലെ പാരീസിലാണ് സംഘടന സ്ഥാപിതമായത്. ജനീവയാണ് സംഘടനയുടെ നിലവിലെ ആസ്ഥാനം. 1999ൽ സംഘടനയ്ക്ക് സമാധാന നൊബേൽ ലഭിച്ചു.

IOR - ARC

ഇന്ത്യൻ സമുദ്രാതിർത്തിയിലുള്ള രാഷ്ട്രങ്ങളുടെ സംഘടനയാണ് IOR - ARC. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ ഫോർ റീജിയണൽ കോ - ഓപ്പറേഷൻ എന്നാണ് പൂർണരൂപം.

ബെനലക്‌സ് സാമ്പത്തിക സംഘടന 

ബൽജിയം, നെതർലാൻഡ്‌സ്, ലക്സംബർഗ് എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ബെനലക്‌സ് സാമ്പത്തിക സംഘടന.

കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡൻഡ് സ്റ്റേറ്റ്സ് (CIS)

സോവിയറ്റ് യൂണിയൻ ശിഥിലമായതിനെ തുടർന്ന് രൂപംകൊണ്ട സ്വതന്ത്ര രാഷ്ട്രങ്ങളുടെ സംഘടനയാണ് കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡൻഡ് സ്റ്റേറ്റ്സ്. അലമാട്ടാ പ്രഖ്യാപനമാണ് CISന്റെ രൂപീകരണത്തിന് കാരണമായ പ്രഖ്യാപനം.

ലോബയാൻ 

വൃക്ഷലതാദികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതും പിന്നീട് യൂറോപ്പിലേയ്ക്ക് കൂടി പ്രവർത്തനം വ്യാപിപ്പിച്ചതുമായ സംഘടന.

ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (AIIB)

2016 ജനുവരി 16ന് ചൈനയിലെ ബീജിങ് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ഏഷ്യയിലെ സാമൂഹിക - സാമ്പത്തിക മേഖലകൾ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി രൂപംകൊണ്ട ബാങ്കാണ് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (AIIB). 57 രാജ്യങ്ങളാണ് AIIBയിലെ സ്ഥാപക അംഗങ്ങൾ. 2016 ജനുവരി 11നാണ് ഇന്ത്യ AIIBയിൽ അംഗമായത്.

ഏഷ്യ - പസഫിക് പോസ്റ്റൽ യൂണിയൻ (APPU)

1962 ഏപ്രിൽ ഒന്നിനാണ് തായ്‌ലൻഡിലെ ബാങ്കോക്ക് ആസ്ഥാനമായി 32 അംഗരാജ്യങ്ങളുള്ള ഏഷ്യ - പസഫിക് പോസ്റ്റൽ യൂണിയൻ സ്ഥാപിതമായത്. ഏഷ്യ-പസഫിക് മേഖലയിലുള്ള 32 രാജ്യങ്ങൾ തമ്മിലുള്ള തപാൽ മേഖലയിലെ സഹകരണം ഉറപ്പാക്കുക എന്നതാണ് ഏഷ്യ - പസഫിക് പോസ്റ്റൽ യൂണിയന്റെ ലക്ഷ്യം. 1973ലാണ് ഇന്ത്യ APPU-ൽ അംഗമായത്. സെക്രട്ടറി ജനറലാണ് APPUന്റെ തലവൻ.

ബിഗ് ഫോർ 

'ബിഗ് ഫോർ' എന്നറിയപ്പെടുന്ന ജി 4 കൂട്ടായ്‌മയിൽ ഫ്രാൻസ്, ജർമനി, ഇറ്റലി, യു.കെ എന്നിവരാണ് അംഗങ്ങൾ. യൂറോപ്പിലെ പ്രധാന സാമ്പത്തിക ശക്തികളാണിവർ. അന്താരാഷ്ട്ര വിഷയങ്ങളിൽ ഇവർ ചർച്ചകൾ നടത്താറുണ്ട്. മറ്റ് രാജ്യങ്ങളുടെ തലവന്മാരുമായി സംയുക്ത വീഡിയോ സമ്മേളനങ്ങളും നടത്തും.

Post a Comment

Previous Post Next Post