പരിസ്ഥിതി പ്രക്ഷോഭങ്ങൾ

പരിസ്ഥിതി പ്രക്ഷോഭങ്ങൾ (Environment Movements)

ബിഷ്‌ണോയി പ്രസ്ഥാനം (Bishnoi Movement)

1700 കളിൽ രാജസ്ഥാനിലെ ഖജാർലി പ്രദേശത്ത് അവിടത്തെ രാജാവിന്റെ ഭടൻമാരുടെ മരം മുറിക്കൽ തടയുന്നതിനായിരുന്നു ബിഷ്‌ണോയി പ്രസ്ഥാനം ആരംഭിച്ചത്. ബിഷ്‌ണോയി പ്രസ്ഥാനത്തിന് ആരംഭിച്ചത് സോംബാജി എന്ന സന്ന്യാസിയായിരുന്നു. അമൃതാ ദേവിയായിരുന്നു പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത്.

ചിപ്കോ പ്രസ്ഥാനം (Chipko Movement)

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മണ്ഡൽഗ്രാമത്തിൽ 1973ൽ വനനശീകരണത്തിനെതിരെ രൂപംകൊണ്ട സംഘടനയാണ് ചിപ്കോ പ്രസ്ഥാനം. ചണ്ഡിപ്രസാദ് ഭട്ട് എന്ന ഗ്രാമീണന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഈ പ്രസ്ഥാനം മരങ്ങളെ കെട്ടിപിടിച്ചുനിന്ന് മരങ്ങളെ സംരക്ഷിക്കുന്ന സമരമുറയാണ് സ്വീകരിച്ചത്. ചിപ്കോ എന്ന വാക്കിനർഥം മരത്തെ ആലിംഗനം ചെയ്യുക എന്നാണ്. ചിപ്കോ പ്രസ്ഥാനത്തെ ലോകശ്രദ്ധയിലെത്തിച്ച നേതാവ് സുന്ദർലാൽ ബഹുഗുണയാണ്.

സൈലന്റ് വാലി പ്രസ്ഥാനം (Save Silent Valley Movement)

പശ്ചിമഘട്ടത്തിലെ നിത്യഹരിത വനപ്രദേശമായ സൈലന്റ് വാലിയിൽ (കുന്തിപ്പുഴയിൽ) ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭമാണ് സൈലന്റ് വാലി പ്രക്ഷോഭം.

ജംഗിൾ ബചാവോ ആന്തോളൻ (Jungle Bachao Andolan)

1980 കളിൽ ബീഹാറിൽ സ്വാഭാവിക വനം നശിപ്പിച്ച് പകരം കൂടുതൽ വിലകിട്ടുന്ന തേക്കു മരങ്ങൾ വളർത്താൻ തീരുമാനിച്ച പദ്ധതിക്കെതിരെ നടന്ന പ്രക്ഷോഭമാണ് ജംഗിൾ ബചാവോ ആന്തോളൻ. ബീഹാറിലെ സിങ്‌ഭം ജില്ലയിലെ ആദിവാസികളാണ് ജംഗിൾ ബചാവോ ആന്തോളന് നേതൃത്വം നൽകിയത്.

അപ്പിക്കോ പ്രസ്ഥാനം (Appiko Movement)

വൃക്ഷങ്ങളെയും വനങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി കർണ്ണാടകയിൽ 1983ൽ നിലവിൽ വന്ന പ്രസ്ഥാനമാണ് അപ്പിക്കോ പ്രസ്ഥാനം. പാണ്ഡുരംഗ ഹെഡ്ഗെയാണ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. കന്നടയിൽ അപ്പിക്കോ എന്ന പദത്തിനർത്ഥം മരത്തെ ആലിംഗനം ചെയ്യുക എന്നതാണ്.

നർമ്മദ ബചാവോ ആന്തോളൻ (Narmada Bachao Andolan)

സർദാർ സരോവർ ഡാം നിർമ്മാണത്തിൽ സ്ഥലം നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച പ്രസ്ഥാനമാണ് നർമ്മദ ബചാവോ ആന്തോളൻ. 1985ൽ ആരംഭിച്ച പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് മേധാ പട്കറാണ്.

തെഹ്‌രി ഡാം സംഘർഷം (Tehri Dam Conflict Movement)

ഉത്തരാഖണ്ഡിലെ തെഹ്‌രിയിൽ നടന്ന പരിസ്ഥിതി പ്രക്ഷോഭമാണ് തെഹ്‌രി ഡാം സംഘർഷം. തെഹ്‌രി ഡാം പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് സുന്ദർലാൽ ബഹുഗുണ. തെഹ്‌രി അണക്കെട്ടിന്റെ നിർമ്മാണത്തിനെതിരെ പ്രതിഷേധസൂചകമായി അദ്ദേഹം ഭഗീരഥി തീരത്ത് ഉപവാസ സമരം നടത്തി.

നവധാന്യ പ്രസ്ഥാനം (Navdanya Movement)

ജൈവവൈവിധ്യ പരിപാലനം, ജൈവകൃഷി പ്രോത്സാഹനം, വിത്തു സൂക്ഷിക്കൽ, കാർഷിക അവകാശ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളോടെ 1987ൽ കർണാടകയിൽ നവധാന്യ പ്രസ്ഥാനം സ്ഥാപിതമായി. വന്ദന ശിവയായിരുന്നു പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. മദർ എർത്ത് എന്ന അന്താരാഷ്ട്ര സംഘടനയുമായി സഹകരിച്ചാണ് ഇപ്പോൾ നവധാന്യ പ്രവർത്തിക്കുന്നത്.

തരുൺ ഭാരത് സംഘ് (Tarun Bharat Sangh Movement)

രാജസ്ഥാനിലെ ജനങ്ങളിൽ ജല സംരക്ഷണം എന്ന ലക്ഷ്യം വളർത്തുകയും അതിനുവേണ്ട മാർഗങ്ങൾ അവരിലെത്തിക്കുവാനും വേണ്ടി ആരംഭിച്ച പ്രസ്ഥാനമാണ് തരുൺ ഭാരത് സംഘ്. 1975ൽ രൂപീകരിച്ചെങ്കിലും 1985 ഒക്ടോബർ രണ്ട് മുതലാണ് പ്രവർത്തനം ആരംഭിച്ചത്. 'വാട്ടർ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗായിരുന്നു പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. 2015ൽ 'നൊബേൽ പ്രൈസ് ഫോർ വാട്ടർ' എന്നറിയപ്പെടുന്ന സ്റ്റോക്ഹോം വാട്ടർ പ്രൈസ് ലഭിച്ച ഇന്ത്യക്കാരനായിരുന്നു രാജേന്ദ്ര സിംഗ്.

മുത്തങ്ങ സമരം (Muthanga Land Struggle)

ഭൂരഹിതരായ ആദിവാസികൾക്ക് സ്വന്തമായി ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദിവാസി നേതാവ് സി.കെ.ജാനുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ 48 ദിവസം ആദിവാസികൾ കുടിൽക്കെട്ടി സമരം ചെയ്തു. വയനാടിലാണ് മുത്തങ്ങ സമരം നടന്നത്.

ചാലിയാർ പ്രക്ഷോഭം (Chaliyar Struggle)

മാവൂരിലെ ഗ്വാളിയോർ റയോൺസ് പൾപ്പ് ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ ചാലിയാർപ്പുഴ മലിനമാക്കുന്നതിനെതിരെ 1970കളിൽ ആരംഭിച്ച സമരമാണ് ചാലിയാർ പ്രക്ഷോഭം. കെ.എ റഹ്മാനാണ് സമരത്തിന് നേതൃത്വം നൽകിയത്.

വയൽക്കിളി സമരം (Vayalkili Strike)

നെൽവയൽ നികത്തി ബൈപാസ് നിർമ്മിക്കുന്നതിനെതിരെ കണ്ണൂരിലെ കീഴാറ്റൂരിൽ നടന്ന കർഷക സമരമാണ് വയൽക്കിളി സമരം. സുരേഷ് കീഴാറ്റൂർ സമരത്തിന് നേതൃത്വം നൽകി.

പ്ലാച്ചിമട സമരം (Plachimada Movement)

പ്ലാച്ചിമടയിൽ സ്ഥാപിച്ച കൊക്കക്കോള ഫാക്ടറി മൂലം പ്രദേശത്തെ ജലസ്രോതസ്സുകളെ പ്രതികൂലമായി ബാധിക്കുകയും പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമാകുകയും ചെയ്‌തു. കൂടാതെ മണ്ണിൽ അപകടകരമായ തോതിൽ കാഡ്മിയം, ഈയം തുടങ്ങിയ രാസവസ്തുക്കളുടെ അംശം കൂടുകയും ചെയ്തു. തുടർന്ന് 2002ൽ കേരളത്തിലെ പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തിൽ മയിലമ്മയുടെ നേതൃത്വത്തിൽ പ്ലാച്ചിമട പ്രക്ഷോഭം ആരംഭിച്ചു. ഒടുവിൽ കൊക്കക്കോള ഫാക്ടറി 2004ൽ അടച്ചുപൂട്ടി.

ചെങ്ങറ ഭൂസമരം (Chengara Land Struggle)

ഭൂമിയും പാർപ്പിടവും ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങറയിലെ ആദിവാസികൾ നടത്തിയ സമരമായിരുന്നു ചെങ്ങറ ഭൂസമരം. 2007 ഓഗസ്റ്റ് നാലിനാണ് സാധുജന വിമോചന സംയുക്ത വേദിയുടെയും ളാഹഗോപാലന്റെയും നേതൃത്വത്തിലുള്ള സമരക്കാര്‍ പത്തനംതിട്ടയിലെ ചെങ്ങറയിൽ ഹാരിസണ്‍ എസ്റ്റേറ്റിൽ കുടില്‍കെട്ടി സമരം തുടങ്ങിയത്. 2009 ഒക്ടോബർ 5ന്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവുമായി സാധുജന വിമോചന സംയുക്ത വേദി പ്രതിനിധികൾ നടത്തിയ ഒത്തുതീർപ്പ് ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു.

ആരേയ് പ്രക്ഷോഭം (Save Aarey Movement)

മുംബൈ മെട്രോ റെയിൽ കോർപ്പറേഷന്റെ 'മെട്രോ-3 കാർ ഷെഡി'ന്റെ നിർമാണത്തിന് മരങ്ങൾ വെട്ടുന്നതിനെതിരെ ആരംഭിച്ച പ്രക്ഷോഭമാണ് ആരേയ് പ്രക്ഷോഭം. മഹാരാഷ്ട്രയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലാണ് ആരേയ് വനം സ്ഥിതിചെയ്യുന്നത്.

Post a Comment

Previous Post Next Post