ക്ലോറോ ഫ്ലൂറോ കാർബൺ

ക്ലോറോ ഫ്ലൂറോ കാർബൺ (Chlorofluorocarbons in Malayalam)

പ്രകൃതിയില്‍ കാണപ്പെടുന്ന ചില വാതകങ്ങള്‍ അന്തരീക്ഷത്തിലെ താപനില ഉയരാന്‍ കാരണമാവുന്നു. അതുപോലെ മനുഷ്യ നിര്‍മിതയമായ മറ്റു ചില വാതകങ്ങള്‍ കൂടി ഗ്ലോബല്‍ വാമിംഗിനു കാരണമാകുന്നു. ഇവയാണ്‌ സി. എഫ്‌. സികള്‍ (ക്ലോറോ ഫ്ലൂറോ കാർബൺ). തികച്ചും കൃത്രിമമായ ഒന്നാണ്‌ സി.എഫ്‌. സി.കള്‍ അഥവാ ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍. എഴുപതിലേറേ വര്‍ഷം മുൻപ് ഇതു കണ്ടുപിടിക്കുമ്പോള്‍ മനുഷ്യന്‌ ഏറ്റവും ഉപകാരപ്രദമായ ഒന്നായി മാത്രമാണ്‌ സി. എഫ്‌. സി.കളെ കരുതിയിരുന്നത്‌. വ്യാവസായിക ആവശ്യങ്ങള്‍ക്ക്‌ വന്‍ തോതില്‍ ഉപയോഗിച്ചു തുടങ്ങിയ ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു.

എന്താണ്‌ ഈ സി.എഫ്‌.സി.കള്‍ എന്നല്ലേ? പ്രത്യക്ഷത്തില്‍ ഒരു ദോഷവുമില്ലാത്ത ഏതാനും വാതകങ്ങളെയാണ്‌ ഈ വാക്കു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇവ എളുപ്പത്തില്‍ മര്‍ദ്ദമുപയോഗിച്ച്‌ ദ്രാവകമാക്കാനും സാധിക്കും. റെഫ്രിജറേറ്ററുകളിലും എയര്‍ കണ്ടീഷണറിലും മറ്റും വായുവിനെ തണുപ്പിക്കുന്ന വസ്തുവായി ഇത്‌ ഉപയോഗിക്കുന്നു. നിരവധി ഉപയോഗങ്ങളുണ്ട്‌ ക്ലോറോ ഫ്‌ളുറോ കാര്‍ബണുകള്‍കൊണ്ട്‌. പല ഉപയോഗങ്ങള്‍ക്ക്‌ പല നമ്പരുകളിലുള്ള സി.എഫ്‌. സി. കള്‍ ആണ്‌. ഫോം റബ്ബര്‍ ഉണ്ടാക്കുന്നതിനും ഫര്‍ണിച്ചറുകളിലെ ഫോം തയ്യാറാക്കുന്നതിനും ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ വലിയ സഹായമാണ്‌ ചെയ്യുന്നത്‌. ഈ പറഞ്ഞ വ്യാവസായിക ആവശ്യങ്ങള്‍ക്ക്‌ ഒക്കെ ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ ഉപകാരിയാണെങ്കിലും അന്തരീക്ഷത്തിന്റെ മുകള്‍ തട്ടിലെത്തിയാല്‍ ഇവര്‍ വില്ലന്മാരാകും. സൂര്യപ്രകാശത്തില്‍ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഇവ ഓസോണ്‍ പാളിയെ തകര്‍ത്തു കളയും!

എന്താണ്‌ ഈ ഓസോണ്‍ പാളി എന്നല്ലേ? ഓസോണ്‍ എന്നാല്‍ മൂന്ന്‌ ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന വാതകമാണ്‌. സാധാരണ ഓക്സിജന്‍ എന്നത്‌ ഓക്സിജന്റെ രണ്ട്‌ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്നതാണ്‌. ഇളം നീല നിറത്തിലുള്ള ഈ വാതകം ശക്തിയേറിയ വൈദ്യുതസ്ഫുരണങ്ങള്‍ കാരണമാണ്‌ ഉണ്ടാകുന്നത്‌. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ്‌ രശ്മികള്‍ നമുക്ക്‌ ദോഷകരമാണന്നറിയില്ലേ. ഈ അപകടകാരിയായ വികിരണങ്ങൾ അന്തരീക്ഷത്തിൽ പ്രവേശിക്കാതെ തടയുന്നത് അന്തരീക്ഷത്തിന്റെ മേൽത്തട്ടില്‍ സ്ഥിതിചെയ്യുന്ന ഓസോണ്‍ വാതക പാളിയാണ്‌. ഈ ഓസോണ്‍ പുതപ്പിനു തകരാറുണ്ടായാല്‍ മാരകമായ അള്‍ട്രാവയലറ്റ്‌ രശ്മികള്‍ ഭൂമിയില്‍ പതിക്കുകയും വലിയ കുഴപ്പങ്ങള്‍ക്കു കാരണമാകുകയും ചെയ്യും.

സൂര്യന്റെ ചൂട്‌ നമുക്കാവശ്യമായ തോതില്‍ അന്തരീക്ഷത്തില്‍ നിലനിര്‍ത്താനും ഓസോണ്‍ ആവരണം സഹായിക്കുന്നുണ്ട്‌. അന്തരീക്ഷത്തിലെ ഈ ഓസോണ്‍ പുതപ്പിന്‌ പത്തുമുതല്‍ അമ്പതു കിലോമീറ്റര്‍ വരെ കട്ടിയുണ്ട്‌. എന്നാല്‍, ഈ പാളിയില്‍ വിള്ളല്‍ ഉണ്ടായിരിക്കുന്നു എന്നതാണ്‌ സി.എഫ്‌.സികളെ വില്ലനായി കാണാന്‍ ശാസ്ത്രലോകത്തെ പ്രേരിപ്പിച്ചത്‌. 1987- ലെ ഒരു കണക്കനുസരിച്ച്‌ അന്‍റാര്‍ട്ടിക്ക ധ്രുവത്തിനു മുകളിലെ ഓസോണ്‍ പാളിയിലെ വിള്ളലിന്‌ അമേരിക്കയോളം വലിപ്പമുണ്ടായിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം ആര്‍ട്ടിക്ക്‌ ധ്രുവപ്രദേശത്തും ഓസോണ്‍ പാളിയുടെ കനം തീരെ കുറഞ്ഞിരിക്കുന്നതായി കണ്ടെത്തി. ഓസോണ്‍ പാളിയുടെ നാശത്തിനും അന്തരീക്ഷത്തിലെ ചൂട്‌ വര്‍ദ്ധിക്കാനും സി.എഫ്‌.സി.കളുടെ പങ്ക് എത്രത്തോളമുണ്ടന്ന പഠനത്തിലാണ്‌ ശാസ്ത്രജ്ഞര്‍.

ഒരു സി.എഫ്‌.സി തന്മാത്ര ഒരു കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ തന്മാത്രയേക്കാള്‍ ആയിരക്കണക്കിന്‌ മടങ്ങ്‌ കുഴപ്പക്കാരനാണ്‌. ഗ്രീന്‍ ഹൗസ്‌ വാതകങ്ങളുണ്ടാക്കുന്ന ആകെ ചൂടിന്റെ ഇരുപതു ശതമാനം വരെ കൂടാന്‍ ഇവ കാരണമാകുന്നു. അന്തരീക്ഷത്തില്‍ എല്ലായിടത്തും ഒരു പോലെയല്ല ഈ വര്‍ദ്ധന. ഭൂമദ്ധ്യരേഖാ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതലും ധ്രുവപ്രദേശങ്ങളിൽ ഏറ്റവും കുറവുമാണ്. സി.എഫ്.സി കളുടെ അളവ് അന്തരീക്ഷത്തിൽ കുറയ്ക്കാനുളള ശ്രമങ്ങളുടെ ഫലമായി അവയുടെ ഉപയോഗം നിയന്ത്രിച്ചിരിക്കുകയാണിപ്പോള്‍. എങ്കിലും അന്തരീക്ഷത്തിലെത്തിയവ അവിടെ കാലങ്ങളോളം നിലനില്‍ക്കുമെന്നാണ്‌ പഠനങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്‌.

Post a Comment

Previous Post Next Post