വട്ടിയൂർക്കാവ് സമ്മേളനം

വട്ടിയൂർക്കാവ് സമ്മേളനം (Vattiyoorkavu Conference)

1938 ഡിസംബര്‍ 22ന് അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സി.പി.രാമസ്വാമി അയ്യരുടെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് സ്റ്റേറ്റ് കോൺഗ്രസ് സംഘടിപ്പിച്ചതാണ് വട്ടിയൂർക്കാവ് സമ്മേളനം. ഉത്തരവാദ ഭരണപ്രക്ഷോഭത്തെ തുടര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസിനെയും യുവജനസംഘടനയായ യൂത്ത് ലീഗിനെയും നിയമവിരുദ്ധമായി സി.പി.രാമസ്വാമി അയ്യര്‍ പ്രഖ്യാപിച്ചു. ഇതേതുടർന്ന് സംസ്ഥാന വ്യാപകമായി 1938 ഓഗസ്റ്റ് 26ന് നിയമലംഘന പ്രസ്ഥാനത്തിന് രൂപം നൽകുവാൻ സ്റ്റേറ്റ് കോൺഗ്രസ് തീരുമാനിച്ചു. മുൻകൂട്ടിയുള്ള തീരുമാനം അനുസരിച്ച് ഓഗസ്റ്റ് 26ന് തിരുവനന്തപുരം ശംഖുമുഖത്തുവച്ച് സമ്മേളനം നടന്നു. സമ്മേളനത്തെത്തുടർന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ള അറസ്റ്റിലായി. ഇതേതുടര്‍ന്ന് ഡിസംബര്‍ നാലാം വാരം എ.നാരായണപിള്ളയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന വാർഷിക സമ്മേളനം തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവില്‍ നടത്താന്‍ തീരുമാനിച്ചു. സമ്മേളനവിവരമറിഞ്ഞ് ജില്ലാ മജിസ്‌ട്രേട്ട് ഡിസംബര്‍ 13 മുതല്‍ രണ്ടു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവ് പ്രദേശം പൊലീസും പട്ടാളവും വളഞ്ഞു. എന്നാൽ 1938 ഡിസംബര്‍ 22ന് പോലീസിന്റെ ശ്രദ്ധതിരിക്കാനായി എ.നാരായണപിള്ള തമ്പാനൂരില്‍ മറ്റൊരു യോഗത്തില്‍ പങ്കെടുത്തു. അതേസമയം പലവഴിക്കെത്തിയ പതിനായിരക്കണക്കിന് ജനങ്ങള്‍ പൊലീസിനെയും പട്ടാളത്തെയും തള്ളിമാറ്റി വട്ടിയൂർക്കാവ് സമ്മേളനത്തിനെത്തി. സമ്മേളനത്തിൽ എ.കുഞ്ഞന്‍നാടാർ അധ്യക്ഷത വഹിച്ചുകൊണ്ട് എ.നാരായണപിള്ളയുടെ പ്രസംഗം വായിച്ചു. തുടർന്ന് പ്രമേയം പാസാക്കികൊണ്ട് ആദ്യ വാർഷിക സമ്മേളനം നടത്തി. സർക്കാരിന്റെ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് വട്ടിയൂര്‍ക്കാവിൽവച്ച് സമ്മേളനം നടത്തിയതിനാൽ സംസ്ഥാന പോലീസ് ഉടൻതന്നെ സമ്മേളനത്തിന്റെ സംഘാടകരെ നിയമവിരോധ പ്രവർത്തനങ്ങൾ നടത്തി എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്‌തു. തിരുവിതാംകൂറില്‍ നടന്ന സ്വാതന്ത്ര്യസമരത്തിലെ പോരാട്ടങ്ങളിലെ നാഴികക്കല്ലുകൂടിയായിരുന്നു വട്ടിയൂര്‍ക്കാവ് സമ്മേളനം.

PSC ചോദ്യങ്ങൾ 

1. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത് - 1938 ഫെബ്രുവരി 25

2. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യത്തെ വാർഷികസമ്മേളനം - വട്ടിയൂർക്കാവ് സമ്മേളനം 

3. വട്ടിയൂർക്കാവ് സമ്മേളനം നടന്നത് - 1938 ഡിസംബർ 22 - 23

4. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യത്തെ വാർഷികസമ്മേളനം നടന്ന വേദി - വട്ടിയൂർക്കാവ് 

5. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് - പട്ടം താണുപിള്ള 

6. വട്ടിയൂർക്കാവ് സമ്മേളനത്തിന് നേതൃത്വം നൽകാൻ തീരുമാനിക്കപ്പെട്ട വ്യക്തി - എ.നാരായണപിള്ള

7. വട്ടിയൂർക്കാവ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് - എ.കുഞ്ഞന്‍ നാടാർ

8. വട്ടിയൂർക്കാവ് സ്വാതന്ത്ര്യ സ്‌മാരകത്തിനും മ്യൂസിയത്തിനും തറക്കലിട്ടത് - 2012 (ഉമ്മൻ ചാണ്ടി)

Post a Comment

Previous Post Next Post