കേരളം മൈസൂർ ഭരണത്തിൻ കീഴിൽ

കേരളം മൈസൂർ ഭരണത്തിൻ കീഴിൽ (Mysorean Invasion of Malabar)

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ തെക്കേ ഇന്ത്യയിലെ ശക്തരായ ചോദ്യം ചെയ്യപ്പെടാത്ത മുസ്ലിം ഭരണാധികാരികളായിരുന്നു മൈസൂർ സുൽത്താന്മാർ. മൈസൂർ കേന്ദ്രീകരിച്ച് തന്റെ ബുദ്ധി വൈഭവം കൊണ്ടും സൈനിക സാമർഥ്യം കൊണ്ടും ഹൈദരാലി ഒരു സ്വതന്ത്രഭരണം സ്ഥാപിക്കുകയും എ.ഡി 1761 ഓടെ ശക്തനായ ഭരണാധികാരിയാവാൻ അദ്ദേഹത്തിനു സാധിക്കുകയും ചെയ്‌തു. പാലക്കാട് രാജാവായ കോമു അച്ഛന്റെ അപേക്ഷ അനുസരിച്ച് സാമൂതിരി രാജാവിനെതിരെയുള്ള യുദ്ധത്തിൽ അദ്ദേഹത്തെ സഹായിക്കാനാണ് ഹൈദരാലി ആദ്യമായി മലബാറിലേക്ക് വന്നത്. പിന്നീട് 1766ൽ മലബാറിലേക്ക് ഹൈദരാലി നേരിട്ട് ആക്രമണം നടത്തി. അന്നത്തെ കണ്ണൂരിലെ അറയ്ക്കൽ രാജാവിന്റെ ക്ഷണത്തിന്റെ അടിസ്ഥാനത്തിൽ മാപ്പിള മുസ്ലീമുകളുടെ സഹായത്തോടെ വടക്കൻ മലബാറും കോഴിക്കോടും ഹൈദരാലി പിടിച്ചടക്കി. ഹൈദരാലി വടകരയിൽ ഒരു കച്ചവട കേന്ദ്രം സ്ഥാപിക്കുകയും മലബാറിന്റെ കച്ചവടത്തിന്റെയും കയറ്റുമതിയുടെയും നിയന്ത്രണം കൈക്കലാക്കുകയും ചെയ്‌തു. മൈസൂർ സുൽത്താൻമാർക്ക് വാർഷിക കപ്പം കൊടുക്കാൻ സാമൂതിരി രാജാവിന് കഴിയാതെ വരികയും തന്റെ അധികാരം നഷ്ടപ്പെടുമെന്ന് മനസിലാക്കിയ സാമൂതിരി ആത്മഹത്യ ചെയ്യുകയും ചെയ്തു. 'മദന്ന' എന്ന തന്റെ നികുതി പിരിവ് ഉദ്യോഗസ്ഥനെ മലബാറിലെ ഗവർണ്ണറാക്കിക്കൊണ്ട് ഹൈദർ അലി മൈസൂറിലേക്ക് തിരിച്ചു പോവുകയുണ്ടായി. എ.ഡി.1768ൽ വീണ്ടും മലബാറിൽ എത്തുകയും തിരുവിതാംകൂർ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ബ്രിട്ടീഷ് സൈന്യത്തിന് മുമ്പിൽ പരാജയപ്പെടുകയും ചെയ്തു. എ.ഡി.1773ൽ മലബാർ മുഴുവനും എ.ഡി.1776ൽ തൃശ്ശൂരും ഹൈദരാലി പിടിച്ചടക്കി. എന്നാൽ അധികനാൾ കഴിയുന്നതിനു മുൻപ് ഇംഗ്ലീഷ് സൈന്യം ഉത്തരമലബാർ മുഴുവനും മൈസൂർ അധിപത്യത്തിൽനിന്ന് സ്വതന്ത്രമാക്കി പഴയ ഭരണാധികാരികൾക്ക് തിരിച്ചുനൽകി.

ഹൈദർ അലിയുടെ പുത്രനായിരുന്നു ടിപ്പു. 1782 നവംബറിൽ സൈന്യവുമായി മലബാറിലെത്തിയ ടിപ്പുസുൽത്താൻ പൊന്നാനിയിൽ ഇംഗ്ലീഷുകാരുമായി ഏറ്റുമുട്ടി. വിപുലമായ ഒരു ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെ ഹൈദരാലിയുടെ മരണവാർത്തയറിഞ്ഞ് ടിപ്പുവിന് മൈസൂരിലേക്ക് മടങ്ങേണ്ടിവന്നു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനുശേഷം 1784 മാർച്ചിലുണ്ടാക്കിയ മംഗലാപുരം സന്ധി പ്രകാരം മലബാർ വീണ്ടും മൈസൂരിന്റെ കീഴിലായി. മലബാറിലെ മൈസൂർവിരുദ്ധ കലാപങ്ങളുടെ ഫലമായി ടിപ്പു മലബാറിന്റെ ഭരണം നേരിട്ടേറ്റെടുത്തു. 1788-ൽ വലിയൊരു സേനയുമായി ടിപ്പു വയനാട്ടിലൂടെ മലബാറിൽ എത്തി. നാട്ടുരാജാക്കന്മാരെല്ലാം ടിപ്പുവിന് കീഴടങ്ങി. 1789 ഡിസംബറിൽ ടിപ്പുവിന്റെ സൈന്യം തിരുവിതാംകൂർ രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള നെടുങ്കോട്ട ആക്രമിച്ചു. ഈ സമയം ബ്രിട്ടീഷുകാർ തിരുവിതാംകൂറിലേക്ക് ബ്രിട്ടീഷ് പട്ടാളത്തെ അയയ്ക്കുകയും മൈസൂർ ആക്രമിക്കുകയും ചെയ്‌തു. സ്വന്തം രാജ്യം രക്ഷിക്കാനായി ടിപ്പു തിരിച്ചുപോയി. 1792ൽ ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും ശ്രീരംഗപട്ടണം ഉടമ്പടിയിൽ ഒപ്പുവെച്ചു. ഇതിലൂടെ ടിപ്പുവിന്റെ അധീനതയിലായിരുന്ന മലബാർ പ്രദേശം ബ്രിട്ടീഷുകാർക്കു ലഭിച്ചു. ഈ പ്രദേശത്തെ ഭരണം ചിട്ടപ്പെടുത്താൻ കമ്മീഷണർമാരെ നിയോഗിച്ചു. 

PSC ചോദ്യങ്ങൾ 

1. കേരളത്തിൽ ആദ്യമായി മൈസൂർ ഭരണകൂടം കൈകടത്തിയത് ഏതുപ്രദേശത്താണ് - പാലക്കാട് 

2. ഹൈദരലി ആദ്യമായി മലബാറിലേയ്ക്ക് വരാൻ കാരണം - പാലക്കാട് രാജാവിന്റെ അപേക്ഷ അനുസരിച്ച് സാമൂതിരി രാജാവിനെതിരെയുള്ള യുദ്ധത്തിൽ അദ്ദേഹത്ത സഹായിക്കാൻ

3. മലബാറിൽ ഹൈദർ അലി ആദ്യമായി നേരിട്ട് ആക്രമണം നടത്തിയ വർഷം - 1766 

4. കേരളത്തിൽ ആദ്യമായി ഒരു ബാഹ്യശക്തി ആധിപത്യം സ്ഥാപിക്കുന്നത് - ഹൈദരലിയുടെ മലബാർ ആഗമനത്തോടെ 

5. സമൂഹത്തിൽ ഉണ്ടായിരുന്ന ജാതി വ്യവസ്ഥയെയും ഉച്ച നീചത്വങ്ങളെയും തന്റെ രാജകീയ വിളംബരത്തിലൂടെ നിർത്തലാക്കിയ ഭരണാധികാരി - ഹൈദർ അലി 

6. ആരുടെ ആക്രമണമാണ് സാമൂതിരിയുടെ പതനം സംഭവിക്കാനായും മാമാങ്കം നിന്നു പോകാനും ഇടയാക്കിയത് - ഹൈദരലിയുടെ മലബാർ ആക്രമണം 

7. മൈസൂർ സുൽത്താനായ ഹൈദരലി എത്ര പ്രാവശ്യം മലബാർ ആക്രമിച്ചു - രണ്ട് 

8. ഹൈദരാലിയുടെ പിൻഗാമി - ടിപ്പു സുൽത്താൻ

9. ഹൈദരാലി തിരുവിതാംകൂറിർ ആക്രമിക്കാൻ തീരുമാനിച്ച വർഷം - 1768 

10. പെരിയാറിലെ വെള്ളപ്പൊക്കം കാരണം തിരുവിതാംകൂറിനെതിരായ സൈനിക നീക്കം ഉപേക്ഷിച്ചതാര് - ടിപ്പു സുൽത്താൻ 

11. സുൽത്താൻ ബത്തേരിക്ക് ആരുടെ പേരിൽനിന്നാണ് ആ പേരു കിട്ടിയത് - ടിപ്പു സുൽത്താന്റെ

12. നെടുങ്കോട്ട ആക്രമിച്ച മൈസൂർ ഭരണാധികാരി - ടിപ്പു സുൽത്താൻ

13. ടിപ്പു സുൽത്താന്റെ തലസ്ഥാനം - ശ്രീരംഗപട്ടണം

14. ടിപ്പു സുൽത്താൻ തന്റെ അധീനതയിലുള്ള മലബാർ പ്രദേശങ്ങളുടെ ഭരണകേന്ദ്രമായിരുന്നത് - ഫറോക്ക്

15. വികേന്ദ്രീകൃത ഭരണ സമ്പ്രദായം നടപ്പാക്കുകയും പ്രഭുക്കന്മാരുടെയും ഇടനിലക്കാരുടെയും പ്രവാസികളുടെയും സ്വാധീനം ഇല്ലാതാക്കുകയും ചെയ്‌തത്‌ - ടിപ്പു സുൽത്താൻ

16. ജന്മി-കുടിയാൻ വ്യവസ്ഥ പൂർണ്ണമായും നിർത്തലാക്കിയ മൈസൂർ ഭരണാധികാരി - ടിപ്പു സുൽത്താൻ 

17. താഴ്ന്ന ജാതിക്കാരായ സ്ത്രീകൾക്ക് പൊതുസമൂഹത്തിൽ മാന്യമായ വസ്ത്രം ധരിക്കാൻ എല്ലാ സ്ത്രീകൾക്കും ഒരുപോലെ അവകാശം നൽകിയ മൈസൂർ ഭരണാധികാരി - ടിപ്പു സുൽത്താൻ

18. ഏതു സന്ധിപ്രകാരമാണു ടിപ്പുസുൽത്താൻ മലബാർ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിക്കു വിട്ടുകൊടുത്ത് - 1792ലെ ശ്രീരംഗപട്ടണം സന്ധി

19. 1792-ൽ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തതാര് - ടിപ്പു സുൽത്താൻ

Post a Comment

Previous Post Next Post