കരിവെള്ളൂർ സമരം

കരിവെള്ളൂർ സമരം (Karivellur Struggle)

കേരളത്തിലെ കരിവെള്ളൂരിൽ 1946ൽ ജന്മിവ്യവസ്ഥക്കെതിരെ കർഷകത്തൊഴിലാളികളും കൈത്തൊഴിലാളികളും നടത്തിയ ഒരു സുപ്രധാന കർഷക സമരമായിരുന്നു കരിവെള്ളൂർ സമരം. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ നടന്ന കരിഞ്ചന്തയും പൂഴ്ത്തിവയ്‌പുംമൂലം ഭക്ഷ്യവസ്തുക്കൾ കിട്ടാതായി. കൂടാതെ കോളറ പിടിപെട്ട് ജനങ്ങൾക്ക് ജീവഹാനി സംഭവിച്ചിട്ടുകൂടി ചിറക്കൽ കോവിലകത്തെ ജന്മികൾ ഇത്തരം കെടുതികൾ ഒന്നും കണ്ടെന്നു വച്ചില്ല. എന്നാലും കുടിയാന്മാരിൽ നിന്നും ലഭിക്കേണ്ട പാട്ടവും, വരവും ഒന്നും തന്നെ അവർ കുറയ്ക്കാൻ തയ്യാറായിരുന്നില്ല. കൂടാതെ, സാധാരണക്കാർ വിളയിച്ച നെല്ല് വാരമായും പാട്ടമായും അക്രമപ്പിരിവുകളായും ചിറക്കൽ രാജാവ് കടത്തിക്കൊണ്ടുപോയി അവരുടെതന്നെ പത്തായത്തിൽ പൂഴ്ത്തിവെച്ചു. പട്ടിണിയിലായ കർഷകർ നെല്ല് കടത്തരുതെന്നും ന്യായവില സ്റ്റോറിലൂടെ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഈ പൂഴ്ത്തിവെയ്പ്പിനെതിരെ അഭിനവ ഭാരത് യുവക് സംഘവും കർഷകസംഘവും കമ്യൂണിസ്റ്റ് പാർട്ടിയും ചേർന്ന് ജനങ്ങളെ സമരസജ്ജരാക്കി. കരിവെള്ളൂരിൽ നിന്ന് ചിറയ്ക്കൽ കോവിലകത്തേക്ക് കൊണ്ട് പൊയ്‌ക്കൊണ്ടിരുന്ന നെല്ല് നേതാക്കൾ തടയുകയും ഗ്രാമനിവാസികൾക്ക് അത് വിതരണം ചെയ്യുകയും ചെയ്‌തു. എന്നാൽ ചിറക്കൽ തമ്പുരാന്റെ കാര്യസ്ഥർ പോലീസിനെക്കൂടാതെ ഗുണ്ടകളുടെയും എംഎസ്‌‌പിയുടെയും പിൻബലത്തിൽ നെല്ല് കടത്താനെത്തി. പോലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി. എം.എസ്.പി. തോക്കുപയോഗിച്ച് നിറയൊഴിച്ചു. നിരവധി കർഷകർക്ക് വെടിയേൽക്കുകയും മുറിവേൽക്കുകയും ചെയ്തു. നേതാക്കളായ തിടിൽ കണ്ണനും കീനേരി കുഞ്ഞമ്പുവും രക്തസാക്ഷികളായി.

PSC ചോദ്യങ്ങൾ 

1. പ്രഭുക്കന്മാരുടെ നെല്ല് പൂഴ്ത്തിവയ്‌പിനെതിരെ മലബാറിൽ നടന്ന സമരം - കരിവെള്ളൂർ സമരം

2. കരിവെള്ളൂർ സ്ഥിതിചെയ്യുന്ന ജില്ല - കണ്ണൂർ 

3. കരിവെള്ളൂർ സമരം നടന്ന വർഷം - 1946 

4. കരിവെള്ളൂർ സമരത്തിന് നേതൃത്വം നൽകിയ സംഘടനകൾ - കമ്യൂണിസ്റ്റ് പാർട്ടിയും ഭാരത് യുവക് സംഘവും കർഷകസംഘവും 

5. കരിവെള്ളൂർ സമരത്തിന് നേതൃത്വം നൽകിയ കർഷക നേതാക്കൾ - എ.വി.കുഞ്ഞമ്പു, കെ.കൃഷ്ണൻ മാസ്റ്റർ, പി.കുഞ്ഞിരാമൻ 

6. കരിവെള്ളൂർ സമരനായിക - കെ.ദേവയാനി 

7. കരിവെള്ളൂർ സമരത്തിലെ രക്തസാക്ഷികൾ - തിടിൽ കണ്ണൻ, കീനേരി കുഞ്ഞമ്പു

Post a Comment

Previous Post Next Post