അയിത്തോച്ചാടന പ്രസ്ഥാനം

അയിത്തോച്ചാടന പ്രസ്ഥാനം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിലെ ഏറ്റവും ശക്തമായ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങൾ ആരംഭിച്ചു. ഇവയിൽ ഏറ്റവും നിർണായകമായത് അയിത്തോച്ചാടന പ്രസ്ഥാനമാണ്. അയിത്തോച്ചാടന പ്രസ്ഥാനവുമായി ബന്ധപ്പെട്ട നിർണായക സമരങ്ങളാണ് വൈക്കം സത്യാഗ്രഹവും (1924 - 1925) ഗുരുവായൂർ സത്യാഗ്രഹവും (1931-1932). ഈ സമരങ്ങൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പിന്തുണയും ലഭിച്ചു. 

അയിത്തോച്ചാടന പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ കേരളത്തിൽ അയിത്തത്തിനെതിരെ സമരങ്ങൾ നടന്നിരുന്നു. അവയിൽ കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭമായി അറിയപ്പെടുന്നത് 1917ലെ തളി ക്ഷേത്ര സമരമാണ്. കോഴിക്കോട് തളിക്ഷേത്രത്തിനു പരിസരത്തുള്ള റോഡുകളിൽ താഴ്ന്ന ജാതിക്കാർ നടക്കരുത് എന്ന ഉത്തരവിനെതിരെ ആയിരുന്നു തളി റോഡ് സമരം നടന്നത്. ഉത്തരവ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ സി.കൃഷ്‌ണൻ റോഡിലൂടെ കുതിരവണ്ടിയിൽ സഞ്ചരിക്കുകയും കലക്ടർക്ക് കത്തയക്കുകയും ചെയ്‌തു.

അയിത്തോച്ചാടന പ്രസ്ഥാനത്തിലെ ആദ്യത്തെ ഐതിഹാസിക സമരമായി അറിയപ്പെടുന്നത് വൈക്കം സത്യാഗ്രഹമാണ്. ഇന്ത്യൻ നവോത്ഥാന ചരിത്രത്തിൽ ഇടം നേടിയ ചരിത്രസംഭവമാണ് വൈക്കം സത്യാഗ്രഹം. പഴയ തിരുവിതാംകൂർ രാജ്യത്തെ വൈക്കം മഹാദേവക്ഷേത്രത്തിനു മുന്നിലെ വഴിയിൽ അവർണർക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപെട്ട് 1924 - 1925 കാലഘട്ടത്തിൽ നടന്ന സമരമാണിത്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, മഹാത്മാ ഗാന്ധി തുടങ്ങിയവരുടെയും നായർ സർവീസ് സൊസൈറ്റി, എസ്.എൻ.ഡി.പി തുടങ്ങിയ സംഘടനകളുടെയും പിന്തുണ വൈക്കം സത്യാഗ്രഹത്തിന് ലഭിച്ചു.

അയിത്തോച്ചാടന പ്രസ്ഥാനത്തിലെ മറ്റൊരു പ്രധാന സമരമായി അറിയപ്പെടുന്നത് ഗുരുവായൂർ സത്യാഗ്രഹമാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ജാതിയിലും പെട്ട ഹിന്ദുക്കൾക്കും പ്രവേശനം അനുവദിച്ചു കിട്ടുക എന്ന ലക്ഷ്യത്തോടെ 1931 - 1932 കാലഘട്ടത്തിൽ നടന്ന സത്യാഗ്രഹമാണിത്. സത്യാഗ്രഹക്കമ്മിറ്റിയുടെ അധ്യക്ഷൻ മന്നത്തു പദ്‌മനാഭനും സെക്രട്ടറി കെ.കേളപ്പനുമായിരുന്നു. ഗുരുവായൂർ സത്യാഗ്രഹത്തിന് അതിന്റെ ലക്ഷ്യം നേടാൻ സാധിച്ചില്ലെങ്കിലും അയിത്തോച്ചാടനത്തിനെതിരെ വലിയ പ്രചരണം ഉണ്ടാക്കാൻ സാധിച്ചു.

അയിത്തോച്ചാടന സമരങ്ങളുടെ ഫലമായി തിരുവിതാംകൂറിൽ സവർണ-അവർണ വ്യത്യാസമില്ലാതെ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ കയറി ആരാധന നടത്താനുള്ള അവകാശം നൽകികൊണ്ട് 1936 നവംബർ 12ന് അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ 'ക്ഷേത്രപ്രവേശന വിളംബരം' പുറപ്പെടുവിച്ചു. 1947ലാണ് കൊച്ചിയിലും മലബാറിലും ക്ഷേത്രപ്രവേശന വിളംബരം നടന്നത്. 1947ലെ മദ്രാസ് ക്ഷേത്രപ്രവേശന നിയമപ്രകാരം മലബാറിലെ എല്ലാ ജാതിയിൽ പെട്ടവർക്കും പ്രവേശനാനുമതി ലഭിച്ചു.

Post a Comment

Previous Post Next Post