ഏഴിമല രാജവംശം

ഏഴിമല രാജവംശം (Ezhimala Kingdom)

പ്രധാനമായും മൂന്നു വൻശക്തികളാണ് സംഘകാലത്ത് കേരളം ഭരിച്ചിരുന്നത്. തെക്ക് ആയ് രാജാക്കന്മാർ, വടക്ക് ഏഴിമല രാജാക്കന്മാർ, ഇവർക്കിടയിൽ ചേര രാജാക്കന്മാർ. കേരളത്തിലെ കണ്ണൂർ ജില്ലയിൽ അറബിക്കടലിനോടു ചേർന്ന് 260 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലമ്പ്രദേശമാണ് ഏഴിമല. തദ്ദേശീയരായ ആളുകൾ ഏഴിമലയെ 'ദെലിയില്ലി മല' എന്നാണ് വിളിച്ചുപോന്നിരുന്നത്. രണ്ടായിരത്തിലധികം വർഷങ്ങൾക്കുമുമ്പ് വടക്കൻ കേരളം ഭരിച്ച രാജവംശമാണ് ഏഴിമല രാജവംശം. ഉത്തരഭാഗം മംഗലാപുരം വരെയും കിഴക്ക് സഹ്യാദ്രിഭാഗങ്ങളും ഉൾപ്പെട്ടിരുന്ന പ്രദേശങ്ങൾ ഏഴിമല രാജവംശത്തിന്റെ കീഴിലായിരുന്നു. കൊങ്കാനം എന്നായിരുന്നു ഏഴിമലയുടെ മറ്റൊരു പേര്. നന്നന്‍ ആയിരുന്നു ഏഴിമലയിലെ പേരുകേട്ട രാജാവ്. നിരവധി സംഘട്ടനങ്ങളിൽ പങ്കെടുത്ത വീരനായ യോദ്ധാവ് എന്ന നിലയിലാണ് പാട്ടുകളിൽ നന്നൻ പ്രകീർത്തിക്കപ്പെടുന്നത്. 

ചേരന്മാരെ നിരവധി യുദ്ധങ്ങളിൽ പരാജയപ്പെടുത്തി. പാഴി യുദ്ധത്തിൽ ചേരന്മാരെ പരാജയപ്പെടുത്തിയതിനെക്കുറിച്ച് കൊട്ടാരം കവിയായ പഴനാർ വിവരിക്കുന്നുണ്ട്. പഴയൻ, പിണ്ടൻ എന്നീ മുഖ്യന്മാരെ തോൽപ്പിച്ചു. ഇക്കാലത്ത് റോമാസാമ്രാജ്യവുമായി ഏഴിമലയ്ക്ക് കച്ചവടബന്ധം ഉണ്ടായിരുന്നു. നന്നന്റെ പിൻമുറക്കാരായിരിക്കാം മൂഷകവംശക്കാർ. മൂഷകവംശക്കാർ കോലത്തുനാട് രാജാക്കന്മാരാണ്. ഏഴിമല ഏലിമലയും എലിമലയുമായിട്ടാണ് സംസ്കൃതത്തിൽ മൂഷകവംശമായത്. പുരാതന കോലത്തിരി രാജവംശത്തിന്റെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ കൊട്ടാരമാണ് 'ഏലി കോവിലകം'. ഇത് ഏഴിമലയിലായിരുന്നു. അതിനാലാകണം മലയ്ക്ക് ഏഴിമല എന്ന പേരുകിട്ടിയതെന്നും അതല്ല മലയുടെ പേരാണ് കൊട്ടാരത്തിനു കിട്ടിയതെന്നും പറയപ്പെടുന്നു. ഇപ്പോള്‍ നാവിക അക്കാദമിയുടെ കേന്ദ്രമാണ്‌ ഏഴിമല. അകനാനൂറ്‌, പുറനാനൂറ്‌ എന്നീ കൃതികളില്‍ ഏഴിമലയെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌.

PSC ചോദ്യങ്ങൾ

1. ഏഴിമല രാജവംശത്തിന്റെ കീഴിലായിരുന്ന പ്രദേശങ്ങൾ - കിഴക്ക് സഹ്യാദ്രിഭാഗങ്ങളും ഉത്തരഭാഗം മംഗലാപുരം വരെയുമുള്ള പ്രദേശങ്ങൾ

2. ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്തനായ രാജാവ് - നന്നൻ 

3. നന്നന്റെ കാലത്ത് നടന്ന പ്രധാന പോരാട്ടം - പാഴി യുദ്ധം 

4. പാഴി യുദ്ധത്തിൽ വിജയിച്ച ഏഴിമല രാജാവ് - നന്നൻ

5. മൗര്യരാജാവായ ബിന്ദുസാരന്റെ സമകാലീനനായിരുന്നെന്ന് കരുതപ്പെടുന്ന ഏഴിമല രാജാവ് - നന്നൻ 

6. ഏഴിമലയുടെ മറ്റൊരു പേര് - കൊങ്കാനം 

7. ഏഴിമലയെക്കുറിച്ച് പരാമർശമുള്ള കൃതികൾ - അകനാനൂറ്‌, പുറനാനൂറ്‌

8. യൂറോപ്യൻ രേഖകളിൽ 'മൗണ്ട് എലി' എന്ന് പരാമർശിക്കുന്ന സ്ഥലം - ഏഴിമല

9. കേരളത്തിൽ നാവിക അക്കാദമിയുടെ കേന്ദ്രം സ്ഥിതിചെയ്യുന്നത് - ഏഴിമല

Post a Comment

Previous Post Next Post