സി.എൻ.അണ്ണാദുരൈ

സി.എൻ.അണ്ണാ ദുരൈ ജീവചരിത്രം (CN Annadurai)

ജനനം: 1909 സെപ്റ്റംബർ 15 

മരണം: 1969 ഫെബ്രുവരി 3

ദ്രാവിഡമുന്നേറ്റകഴകത്തിന്റെ സ്ഥാപകനും തമിഴ് ജനതയുടെ നേതാവുമായ സി.എൻ.അണ്ണാദുരൈ കാഞ്ചിപുരത്ത് ഒരു നെയ്ത്ത് തൊഴിലാളിയുടെ മകനായി ജനിച്ചു. ബി.എ.ഓണേഴ്‌സ് പാസ്സായ അദ്ദേഹം അധ്യാപകനായി ജീവിതം ആരംഭിച്ചു. ഇ.വി.രാമസ്വാമി നായ്ക്കരുടെ സ്വാഭിമാന പ്രസ്ഥാനത്തിൽ അംഗമായി, അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ചു. 1939 ൽ ജസ്റ്റീസ് പാർട്ടിയുടെ വിടുതലൈ എന്ന പത്രത്തിന്റെ സഹപത്രാധിപരായി. 1942ൽ ജസ്റ്റീസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. 1944ൽ ദ്രാവിഡ കഴകം സ്ഥാപിച്ചു. പിന്നീട് കാഞ്ചിപുരം നഗരസഭയുടെ അദ്ധ്യക്ഷനായി. രാമസ്വാമി നായ്ക്കരുമായുള്ള അഭിപ്രായ വ്യത്യാസംകൊണ്ട് ദ്രാവിഡ കഴകത്തിൽ നിന്നും പിന്മാറി. 1949ൽ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചു. തമിഴ്നാടിനോടും തമിഴ് ഭാഷയോടും അളവറ്റ സ്‌നേഹം ജനങ്ങൾക്ക് പകരുന്ന അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ തമിഴ് ജനതയിൽ ആവേശം കൊള്ളിച്ചു.

1950കളിൽ തമിഴ്‌നാട്ടിൽ ഹിന്ദി നിർബന്ധമാക്കിയതിന് എതിരായുള്ള സമരത്തിൽ പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ചു. 1962ൽ ലോകസഭാംഗമായി. അതോടെ അദ്ദേഹത്തിന്റെ വീക്ഷണങ്ങളിലും ചിന്താഗതികളിലും പുരോഗമനപരമായ പല മാറ്റങ്ങളും ഉണ്ടായി. 1967ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിയായ ഡി.എം.കെ യ്ക്ക് ഭൂരിപക്ഷം ലഭിച്ചു. അണ്ണാദുരൈ മദ്രാസ് സംസ്ഥാനത്തിന്റെ നാലാമത്തേതും അവസാനത്തേതുമായ മുഖ്യമന്ത്രിയായി. തുടർന്ന് 1969ൽ തമിഴ്‌നാടിന്റെ ആദ്യ മുഖ്യമന്ത്രിയായി. 1968ൽ മദ്രാസിൽവെച്ച് ഒന്നാംലോക തമിഴ്‌സമ്മേളനം സംഘടിപ്പിച്ച അണ്ണാദുരൈ മികച്ച വാഗ്മിയും പത്രപ്രവർത്തകനും സാഹിത്യകാരനുമായിരുന്നു. അദ്ദേഹത്തിന്റെ പല കഥകളും ചലച്ചിത്രമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കമ്പരാമായണം എന്ന പഠനഗ്രന്ഥം ശ്രദ്ധാർഹമാണ്. 'നല്ലവൻ വാഴ്‌ക', 'കെട്ടിയതാലി' എന്നീ ആഖ്യായികകളും സാമൂഹികപരിവർത്തനവാദം ഉൾക്കൊള്ളുന്ന ചലച്ചിത്രകഥകളും അണ്ണാദുരൈ രചിച്ചിട്ടുണ്ട്. 1969ൽ അർബുദരോഗം പിടിപെട്ടാണ് അണ്ണാദുരൈ മരിച്ചത്. രാജ്യത്ത് പ്രാദേശികപാർട്ടികളുടെ ഉദയത്തിന് തുടക്കം കുറിച്ചത് അണ്ണാദുരൈ ആണ്. ബദ്ധവൈരികളായ രണ്ടുരാഷ്ട്രീയ പാർട്ടികൾ - ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും അദ്ദേഹത്തെ ഒരുപോലെ ആദരിക്കുന്നു.

PSC ചോദ്യങ്ങൾ 

1. അണ്ണാ എന്ന അപരനാമത്തില്‍ അറിയപ്പെട്ട നേതാവ്‌ - അണ്ണാ ദുരൈ

2. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകന്‍ - അണ്ണാ ദുരൈ

3. ഇന്ത്യയില്‍ ആരുടെ ശവസംസ്കാരച്ചടങ്ങിലാണ്‌ ഏറ്റവും കൂടുതല്‍പേര്‍ പങ്കെടുത്തത്‌ - അണ്ണാ ദുരൈ

4. 1967-ല്‍ മദ്രാസ്‌ മുഖ്യമന്ത്രിയായതാര്‌ - അണ്ണാദുരൈ

5. ചെന്നൈ മറീനാ ബീച്ചില്‍ എം.ജി.ആറിന്റേതുകൂടാതെ ഏത്‌ മുന്‍ തമിഴ്നാട്‌ മുഖ്യമന്ത്രിയുടെ ശവകുടീരമാണുള്ളത്‌ - അണ്ണാദുരൈ

6. ഇന്ത്യാ മഹാരാജ്യത്ത് പ്രാദേശികപാർട്ടികളുടെ ഉദയത്തിന് തുടക്കം കുറിച്ചത് - അണ്ണാദുരൈ

7. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൽ ആദ്യമായി അധികാരത്തിൽ വന്ന പ്രാദേശിക പാർട്ടി - ഡി.എം.കെ (തമിഴ്‌നാട്)

Post a Comment

Previous Post Next Post