സുബ്രഹ്മണ്യ ഭാരതി

സുബ്രഹ്മണ്യ ഭാരതി ജീവചരിത്രം (Subramania Bharati)

ജനനം: 1882 ഡിസംബർ 11

മരണം: 1921 സെപ്റ്റംബർ 11

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമിഴ് കവിയായി വാഴ്ത്തപ്പെടുന്ന സുബ്രഹ്മണ്യ ഭാരതി തമിഴ്‌നാട്ടിൽ തിരുനെൽവേലിയിൽ എടയപുരം ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. എടയപുരത്തെ ആംഗ്ലോവെർനാക്കുലർ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. തുടർന്ന് തിരുനെൽവേലിയ്ക്കടുത്ത് ഹിന്ദു കോളേജിലും പഠിച്ചു. പതിനഞ്ചാം വയസ്സിൽ ഏഴുവയസ്സുകാരിയായ ചെല്ലമ്മാളെ വിവാഹം കഴിച്ചു. കുട്ടിക്കാലം മുതൽ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഹിന്ദിയും ഇംഗ്ലീഷും സംസ്കൃതവും പഠിച്ചശേഷം രാജസദസ്സിൽ ആസ്ഥാന വിദ്വാനായിരുന്നു. എടയപുരം സുബ്ബയ്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രാജാവാണ് 'ഭാരതി' എന്ന പേര് കൊടുത്തത്. അന്നുമുതൽ സുബ്രഹ്മണ്യ ഭാരതി എന്നറിയപ്പെട്ടു. അച്ഛന്റെ മരണശേഷം കാശിയിലുള്ള അമ്മായിയുടെ ക്ഷണപ്രകാരം അങ്ങോട്ടുപോയി. കാശിയിൽ വച്ചാണ് തലപ്പാവും കട്ടിമീശയും ധരിച്ചുതുടങ്ങിയത്. 1901ൽ എടയപുരത്ത് മടങ്ങിയെത്തി. കൊട്ടാരത്തിൽ ജോലി ലഭിച്ചുവെങ്കിലും പിന്നീട് ഉപേക്ഷിച്ചു. 

സ്വാതന്ത്ര്യസമരം ഭാരതിയെ സ്വാധീനിച്ചതോടെ അദ്ദേഹം ഊർജ്ജസ്വലനായ ഒരു പത്രപ്രവർത്തകനായി മാറി. 'സ്വദേശിമിത്രൻ' എന്ന പത്രത്തിൽ സഹപത്രാധിപരായി. 'ഇന്ത്യ' എന്ന വാരികയിലൂടെ ഗവൺമെന്റിനെ വിമർശിച്ചതിനെതിരെ കേസ്സെടുക്കുകയും വാരിക നിരോധിക്കുകയും ചെയ്തു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തതോടെ 1910 മുതൽ കുറേക്കാലം പുതുശ്ശേരിയിൽ സാഹിത്യപ്രവർത്തനവുമായി കഴിഞ്ഞു. പുതുശ്ശേരിയിൽ വച്ച് അരവിന്ദഘോഷുമായി പരിചയപ്പെട്ടു. അവർ സുഹൃത്തുക്കളായി. അരവിന്ദഘോഷിന്റെ സ്വാധീനത്തിൽ രാജ്യസ്നേഹപരമായ കവിതകളിൽ നിന്നും ആദ്ധ്യാത്മികപരമായ കവിതകളിലേക്ക് തിരിഞ്ഞു. 1918ൽ പുതുശ്ശേരിയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടു. ജയിൽ മോചിതനായ അദ്ദേഹം വീണ്ടും സ്വദേശിമിത്രൻ എന്ന പത്രത്തിൽ സഹപത്രാധിപരായി പ്രവർത്തിച്ചു. 1921 സെപ്റ്റംബർ 11ന് അന്തരിച്ചു.   

തൊട്ടുകൂടായ്‌മക്കും മറ്റു സാമൂഹിക അനാചാരങ്ങൾക്കുമെതിരെ അദ്ദേഹം പോരാടി. ഇംഗ്ലീഷ് റൊമാന്റിക് കവികളുടെ സ്വാധീനത്താൽ തന്റെ കവിതകളിൽ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ഇതിവൃത്തമാണ് അദ്ദേഹം ഉപയോഗിച്ചത്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിൽ അഭിമാനം കൊണ്ട അദ്ദേഹം രാജ്യസ്നേഹി, പത്രപ്രവർത്തകൻ, സാമൂഹ്യപരിഷ്കർത്താവ്, കവി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. 

പ്രധാന കൃതികൾ 

■ സ്വാതന്ത്ര്യഗാനങ്ങൾ 

■ കണ്ണൻപാട്ടുകൾ 

■ പാഞ്ചാലീശപഥം 

■ കുയിൽപാട്ട് 

■ ജ്ഞാനരഥം 

■ മാതാമണിവാശകം 

■ മണിവാശകം 

PSC ചോദ്യങ്ങൾ

1. തമിഴ്‌നാട്ടിലെ ദേശീയകവി - സുബ്രഹ്മണ്യ ഭാരതി

2. ഓടിവിളയാടുപാപ്പ എന്ന പ്രശസ്തമായ ദേശഭക്തിഗാനത്തിന്റെ കര്‍ത്താവ്‌ - സുബ്രഹ്മണ്യ ഭാരതി

3. വന്ദേമാതരം തമിഴിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര്‌ - സുബ്രഹ്മണ്യ ഭാരതി

4. ആനയുടെ ചവിട്ടേറ്റ്‌ പരിക്കുകളെത്തുടര്‍ന്ന്‌ മരണമടഞ്ഞ തമിഴ്‌ കവി - സുബ്രഹ്മണ്യ ഭാരതി

5. 'ഷെല്ലിദാസൻ' എന്ന തൂലികാനാമത്തിൽ കവിതകൾ എഴുതിയിരുന്ന കവി - സുബ്രഹ്മണ്യ ഭാരതി

6. സുബ്രഹ്മണ്യ ഭാരതിയുടെ അപൂർണ്ണമായ ആത്മകഥ - ചിന്നശങ്കരൻ കഥൈ

Post a Comment

Previous Post Next Post