പൗരസമത്വവാദ പ്രക്ഷോഭം

പൗരസമത്വവാദ പ്രക്ഷോഭം (Poura Samatvavadha Prakshobham)

തിരുവിതാംകൂറിൽ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രക്ഷോഭമായിരുന്നു പൗര സമത്വ വാദ പ്രക്ഷോഭം. ഹൈന്ദവസമുദായത്തിലെ പിന്നോക്കകാരായിരുന്നു പ്രക്ഷോഭത്തിന് ആരംഭം കുറിച്ചതെങ്കിലും അതിന്‌ ക്രിസ്ത്യന്‍-മുസ്ലിം സമുദായങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എ.ജെ.ജോണ്‍, ടി.കെ.മാധവന്‍, എൻ.വി.ജോസഫ് തുടങ്ങിയ നേതാക്കളായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ചത്‌. ഹൈന്ദവരുടെ ഇടയിലുള്ള അവര്‍ണ്ണരെ മാത്രമല്ല, മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും തിരുവിതാംകൂര്‍ രാജ്യത്ത് ലാന്‍ഡ്‌ റവന്യൂ വകുപ്പില്‍ നിയമിച്ചിരുന്നില്ല. അതിനുകാരണമായി പറഞ്ഞിരുന്നത്‌, പിന്നോക്ക ഹിന്ദുക്കള്‍ക്കും ഹൈന്ദവേതരര്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രങ്ങളുടെ ഭരണം റവന്യൂ വകുപ്പിന്റെ കീഴിലായതിനാലാണ്. ഇതിനെതിരെ ടി.കെ.മാധവൻ, എ.ജെ.ജോൺ മുതലായവരുടെ നേതൃത്വത്തിൽ 1919-ല്‍ ഒരു പൗരാവകാശലീഗിന്‌ രൂപം നൽകി. തുടർന്ന് ഗവൺമെന്റിന് ഒരു നിവേദനം നൽകുകയും ചെയ്തു. പൗരാവകാശ ലീഗ് നൽകിയ മെമ്മോറാണ്ടത്തിന്റെ ഫലമായി 1922 ഏപ്രിലില്‍ റവന്യൂ വകുപ്പിൽനിന്നു ദേവസ്വം വേർപെടുത്തി. ലാന്‍ഡ്‌ റവന്യൂ വകുപ്പ്‌ വിഭജിച്ചുകൊണ്ട്‌ റവന്യൂ, ദേവസ്വം എന്നീ രണ്ടു വകുപ്പുകള്‍ നിലവില്‍ വന്നു. പുതിയ റവന്യൂ വകുപ്പില്‍ നിയമിക്കപ്പെടാന്‍ അവര്‍ണ്ണരും ഹൈന്ദവേതരരും അര്‍ഹരാണെന്ന്‌ പ്രഖ്യാപിക്കപ്പെട്ടു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. തിരുവിതാംകൂറിൽ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രക്ഷോഭം - പൗരസമത്വവാദ പ്രക്ഷോഭം

2. പൗരസമത്വവാദ പ്രക്ഷോഭം ആരംഭിച്ച വർഷം - 1919

3. അവർണ്ണ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ എന്നിവർക്ക് ലാൻഡ് റവന്യൂ വകുപ്പിൽ നിയമനങ്ങൾ നിഷേധിച്ചതിനെതിരെ എല്ലാവർക്കും തുല്യ അവകാശങ്ങൾക്കായി നടന്ന പ്രക്ഷോഭം - പൗരസമത്വവാദ പ്രക്ഷോഭം

4. പൗരസമത്വവാദ പ്രക്ഷോഭത്തിലെ പ്രധാന നേതാക്കൾ - എ.ജെ.ജോണ്‍, ടി.കെ.മാധവന്‍, എൻ.വി.ജോസഫ്

5. പൗരസമത്വവാദ പ്രക്ഷോഭത്തെ പിന്തുണച്ച എ.കെ.പിള്ളയുടെ പത്രം - സ്വരാട് 

6. പൗരസമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് - ശ്രീമൂലം തിരുനാൾ 

7. പൗരസമത്വത്തിന് വേണ്ടി 1919-ല്‍ ടി.കെ.മാധവൻ, എ.ജെ.ജോൺ മുതലായവരുടെ നേതൃത്വത്തിൽ രൂപം നൽകിയ ലീഗ് - പൗരാവകാശ ലീഗ്

8. പൗരാവകാശ ലീഗ് നൽകിയ മെമ്മോറാണ്ടത്തിന്റെ ഫലമായി റവന്യൂ വകുപ്പിൽ നിന്നു ദേവസ്വം വേർപെടുത്തിയ വർഷം - 1922 

9. പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിനായി 'പൗരസമത്വവാദം' (1918ൽ) എന്ന ലേഖനം എഴുതിയതാര് - ടി.കെ.മാധവൻ

Post a Comment

Previous Post Next Post