സി.എഫ്. ആൻഡ്രൂസ്

സി.എഫ്. ആൻഡ്രൂസ് (CF Andrews)

ജനനം: 1871 ഫെബ്രുവരി 12 (ഇംഗ്ലണ്ട്)

മരണം: 1940 ഏപ്രിൽ 5 (കൽക്കത്ത)


'ദീനബന്ധു' എന്നറിയപ്പെടുന്ന സി.എഫ്. ആൻഡ്രൂസ് 1904-ൽ ഇന്ത്യയിലെത്തി സെന്റ് സ്റ്റീഫൻസ് കോളേജ് (ഡൽഹി)ൽ ജോലിയിൽ പ്രവേശിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം വഹിച്ചു. 1914-ൽ ഗാന്ധിജിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായി. 1914-ൽ ശാന്തിനികേതനിൽ അദ്ധ്യാപകനായി. 1925 ലും, 1927 ലും അഖിലേന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ പ്രസിഡന്റായി.


സി.എഫ്. ആൻഡ്രൂസ് ജീവചരിത്രം


ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാവായിരുന്ന സി.എഫ്. ആൻഡ്രൂസ് ഇംഗ്ലണ്ടിലെ ന്യൂകാസ്സിൽ ജനിച്ചു. ബർമിങ്ഹാമിലും കേംബ്രിഡ്‌ജിലുമായിരുന്നു വിദ്യാഭ്യാസം. വൈദികപട്ടം നേടിയെങ്കിലും അനാരോഗ്യം നിമിത്തം വൈദികവൃത്തി ഉപേക്ഷിച്ച് അദ്ധ്യാപകനായി. 1904-ൽ ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ അധ്യാപകനാകാനുള്ള ക്ഷണം സ്വീകരിച്ച് ഇന്ത്യയിൽ എത്തി. ഇവിടെ വന്ന അദ്ദേഹം ഹിന്ദു, മുസ്ലിം, സിക്ക് മതങ്ങളെക്കുറിച്ച് പഠിച്ചു. ക്രിസ്തുമത തത്വങ്ങളും ഇന്ത്യൻ മതദർശനങ്ങളുമായി ധാരാളം സാമ്യങ്ങളുണ്ടെന്ന് മനസ്സിലാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അദ്ദേഹം വാദിച്ചു.


1906ൽ കൽക്കട്ടയിലെ കോൺഗ്രസ് സമ്മേളനത്തിൽ ആൻഡ്രൂസ് പങ്കെടുത്തു. നവറോജി, ഗോഖലെ, ടാഗോർ, സ്വാമി ശ്രദ്ധാനന്ദ എന്നിവരുമായി ബന്ധപ്പെട്ടു. 1911-ൽ ഇംഗ്ലണ്ടിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് രവീന്ദ്രനാഥ് ടാഗോറിനെ പരിചയപ്പെടുന്നത്. 1911-ൽ ശാന്തിനികേതനിലെത്തിയ ആൻഡ്രൂസ് ടാഗോറിന്റെ ആരാധകനായി മാറി. കുറച്ചുനാൾ ശാന്തിനികേതനിൽ അധ്യാപകനായും പ്രവർത്തിച്ചു.  ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ കഷ്ടപ്പാടുകളെക്കുറിച്ചു മനസിലാക്കിയ ഇദ്ദേഹം 1914-ൽ ദക്ഷിണാഫ്രിക്കയിലെത്തി മഹാത്മാഗാന്ധിയെ കണ്ടു. ഇവിടെവെച്ച് ആൻഡ്രൂസ്-ഗാന്ധി ബന്ധം ദൃഢമായി. 


1919-ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് നേരിട്ടന്വേഷിക്കാൻ ഓടിയെത്തിയ ആൻഡ്രൂസിനെതിരെ അധികാരികൾ നിരോധനം ഏർപ്പെടുത്തി. അത് ലംഘിച്ച അദ്ദേഹം അറസ്റ്റിലായി. കൂലിക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ രണ്ടു തവണ ഇദ്ദേഹം ഫിജി സന്ദർശിച്ചു. ഫിജിയിലെ ഇന്ത്യക്കാർ ഇദ്ദേഹത്തെ 'ദീനബന്ധു' എന്നു വിളിച്ചു. തുടർന്ന് ഇദ്ദേഹം 'ദീനബന്ധു' എന്ന പേരിലും അറിയപ്പെട്ടു. ഫിജി, കെനിയ, ബ്രിട്ടീഷ് ഗയാന എന്നിവിടങ്ങളിലെ ഇന്ത്യക്കാരെ ഇദ്ദേഹം പ്രതിനിധീകരിച്ചു. ഗാന്ധിജി സ്വാതന്ത്ര്യസമരം ആരംഭിച്ചപ്പോൾ ദീനബന്ധുവും അതിൽ ചേർന്നു. വൈക്കം സത്യാഗ്രഹത്തിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. വിശ്വഭാരതി സർവ്വകലാശാലയ്ക്ക് പണം കണ്ടെത്താനായി ടാഗോർ വിദേശപര്യടനം നടത്തിയപ്പോൾ സർവകലാശാലയുടെ ചുമതല ആൻഡ്രൂസിനെ ഏല്പിച്ചിട്ടാണ് അദ്ദേഹം പോയത്. 1925 ലും, 1927 ലും ആൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ഇന്ത്യയെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചും ഇദ്ദേഹം എഴുതിയ ഗ്രന്ഥങ്ങൾ പ്രസിദ്ധമാണ്. 1940 ഏപ്രിൽ 5-ന് കൊൽക്കത്തയിൽ അന്തരിച്ചു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഏത് രാജ്യത്തെ ഇന്ത്യൻ വംശജരുടെ പ്രശ്നങ്ങളുമായി സഹകരിച്ചപ്പോഴാണ് ആൻഡ്രൂസിന് "ദീനബന്ധു" എന്ന പേര് ലഭിച്ചത് - ഫിജി


2. ദീനബന്ധു എന്ന അപരനാമത്തിലറിയപ്പെട്ടത് - സി.എഫ്. ആൻഡ്രൂസ്


3. "ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു", ശ്രീ നാരായണ ഗുരുവുമായിട്ടുള്ള കൂടികാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞതാര് - ദീനബന്ധു സി.എഫ്.ആൻഡ്രൂസ്

0 Comments