എട്ടുവീട്ടിൽ പിള്ളമാർ

എട്ടുവീട്ടിൽ പിള്ളമാർ (Ettuveetil Pillamar in Malayalam)

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണനിർവാഹക സമിതിയായിരുന്നു എട്ടരയോഗം. ദേവസ്വം കാര്യങ്ങൾ തീരുമാനിക്കുന്നതിൽ എട്ടു പോറ്റിമാർക്കും ഓരോ വോട്ടുവീതവും, മഹാരാജാവിന് അരവോട്ടുമാണ് ഉണ്ടായിരുന്നത്. ക്ഷേത്രം വക അളവറ്റ സ്വത്തുക്കളുടെ കരം പിരിക്കാൻ എട്ടരയോഗം ഏൽപിച്ച എട്ടു പ്രഭുക്കന്മാരാണ് എട്ടുവീട്ടിൽ പിള്ളമാർ. ക്ഷേത്രം വക വസ്തുക്കൾ എട്ടായി ഭാഗിച്ച് കരം പിരിക്കുന്നതിനും മറ്റുമായി ഓരോ ഭാഗവും ഓരോ നായർ മാടമ്പിമാരെ ഏൽപ്പിച്ചു. ഈ നായർ മാടമ്പിമാർ എട്ടുവീട്ടിൽ പിള്ളമാർ എന്നറിയപ്പെട്ടു. കുളത്തൂർ, കഴക്കൂട്ടം, ചെമ്പഴന്തി, കുടമൺ, പള്ളിച്ചൽ, വെങ്ങാനൂർ, രാമനാമഠം, മാർത്താണ്ഡ മഠം, എന്നിങ്ങനെ വ്യത്യസ്തമായ എട്ടു ഗ്രാമങ്ങളിലെ കുടുംബക്കാരായിരുന്നു എട്ടുവീട്ടിൽ പിള്ളമാർ. അരയോഗകാരനായതിനാൽ മഹാരാജാവിന് ക്ഷേത്രഭരണത്തിൽ കാര്യമായ പങ്കുണ്ടായിരുന്നില്ല. മാത്രമല്ല മഹാരാജാവിന്റെ ആസ്ഥാനം തിരുവാംകോടായിരുന്നതിനാൽ അദ്ദേഹത്തിന് തിരുവനന്തപുരത്തെ ഭരണനിർവഹണത്തിൽ കണ്ണും കൈയും എത്തുക അത്ര എളുപ്പവുമായിരുന്നില്ല. അതിനാൽ ഈ അരാജകാവസ്ഥയെ നേരിടുന്നതിന് സ്വന്തം അനന്തരവനായ അനിഴം തിരുനാൾ മാർത്താണ്ഡവർമയ്ക്ക് അനുമതി നൽകി. അക്കാലത്ത് മലയാളനാട്ടിലാകെ മരുമക്കത്തായം നിലനിന്നിരുന്നതിനാൽ മാർത്താണ്ഡവർമ ഇളയരാജാവായി. മാർത്താണ്ഡവർമ അധികാരത്തിലേറിയപ്പോൾ എട്ടുവീട്ടിൽ പിള്ളമാരും യോഗക്കാരും മാടമ്പിമാരുമൊക്കെ ബദ്ധശത്രുക്കളായിത്തീരുകയും ചെയ്തു. ഇക്കൂട്ടരൊക്കെ മഹാരാജാവിന്റെ മക്കളായ തമ്പിമാരെ രാജാവാക്കുവാൻ അനുകൂല നിലപാട് സ്വീകരിച്ചു. മാർത്താണ്ഡവവർമയ്‌ക്കെതിരെ കലാപം നടത്തിയ തമ്പിമാരെ (പത്മനാഭൻ തമ്പി, രാമൻ തമ്പി) ഇവർ സഹായിച്ചു. കൂടാതെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ യോഗക്കാരായ പോറ്റിമാരും ഇവരോടൊന്നിച്ചു ചേർന്നു. മാർത്താണ്ഡവർമ തമ്പിമാരെയും പിള്ളമാരെയും യോഗക്കാരെയും അമർച്ച ചെയ്തു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾക്കു ചുമതലപ്പെട്ടിരുന്ന സമിതിയായിരുന്നു - എട്ടരയോഗം 

2. എട്ടരയോഗം കൂടുമ്പോൾ അധ്യക്ഷപദം അലങ്കരിച്ചിരുന്നത് - പുഷ്പാഞ്ജലി സ്വാമിയാർ 

3. യോഗക്കാർ ക്ഷേത്രം വക സ്വത്തുക്കൾ എട്ടായി ഭാഗിച്ച് കരം പിരിക്കുന്നതിനും മറ്റുമായി ഏല്പിച്ചിരുന്ന നായർ മാടമ്പിമാർ അറിയപ്പെട്ടിരുന്നത് - എട്ടുവീട്ടിൽ പിള്ളമാർ

4. എട്ടുവീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി - മാർത്താണ്ഡവർമ

Post a Comment

Previous Post Next Post