ലോക്‌പാൽ

ലോക്‌പാൽ എന്നാൽ എന്ത്? (Lokpal)

പൊതുഭരണം അഴിമതിമുക്തമാക്കാൻ 2014 ജനുവരി 16 ൽ നടപ്പാക്കിയ നിയമം. പാർലമെന്റംഗമായിരുന്ന എൽ.എം.സിങ്‌വിയാണ് 1963 ൽ ലോക്പാൽ എന്ന പ്രയോഗം ഉപയോഗിച്ചത്. പൊതുഭരണത്തലത്തിലെ അഴിമതിയാരോപണങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തയും നിയമം വ്യവസ്ഥചെയ്യുന്നു. ചെയർപേഴ്‌സണടക്കം ഒമ്പതംഗങ്ങളുള്ള സമിതിയാണ് ലോക്‌പാൽ. ഇതിൽ 50 ശതമാനം ജുഡീഷ്യൽ അംഗങ്ങളും ബാക്കി പിന്നാക്ക, ന്യൂനപക്ഷ, സ്ത്രീവിഭാഗങ്ങളിൽനിന്നുള്ളവരുമായിരിക്കണം. രാഷ്ട്രപതിക്കാണ് അംഗങ്ങളുടെ നിയമനാധികാരം. ലഭ്യമാവുന്ന പരാതികളിൽ ലോക്പാലിന്റെ മേൽനോട്ടത്തിൽ കേന്ദ്ര വിജിലൻസ് കമ്മിഷനെയോ സി.ബി.ഐയെയോകൊണ്ട് അന്വേഷണം നടത്തിക്കാം.

പ്രാഥമികപരിശോധനയ്ക്ക് മൂന്നുമാസവും (മൂന്നുമാസംകൂടി നീട്ടാം), അന്വേഷണത്തിന് ആറുമാസവും (ആറുമാസംകൂടി നീട്ടാം), വിചാരണയ്ക്ക് ഒരുവർഷവും (ഒരുവർഷംകൂടി നീട്ടാം) അനുവദിക്കും. പ്രധാനമന്ത്രി, മന്ത്രിമാർ, എം.പി.മാർ, ഈ പദവി മുൻപ് വഹിച്ചവർ, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ, സർക്കാർസഹായം സ്വീകരിച്ച് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ, വിദേശ ധനസഹായ നിയന്ത്രണ നിയമപ്രകാരം പ്രതിവർഷം പത്തുലക്ഷം രൂപയിലധികം വിദേശത്തു നിന്ന് സംഭാവന സ്വീകരിക്കുന്ന സ്ഥാപനങ്ങൾ എന്നിവ ലോക്പാലിന്റെ പരിധിയിൽ വരും. എന്നാൽ മത, ധർമസ്ഥാപനങ്ങൾക്ക് ഈ നിയമം ബാധകമാവില്ല. പ്രധാനമന്ത്രിക്കെതിരെയുള്ള പരാതികളിൽ പ്രാഥമികാന്വേഷണത്തിന് ലോക്പാലിന്റെ ഫുൾബെഞ്ചിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ അംഗീകാരം ഉണ്ടായിരിക്കണം. വ്യാജപരാതികൾ നൽകുന്നവർക്ക് ഒരുലക്ഷംരൂപ പിഴയും ഒരുവർഷംവരെ തടവും വിധിക്കാം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ലോക്പാൽ എന്ന വാക്കിനർത്ഥം - ജനസംരക്ഷകൻ 

2. ആദ്യമായി ലോക്പാൽ എന്ന പ്രയോഗം ഉപയോഗിച്ചത് - എൽ.എം.സിങ്‌വി (1963ൽ)

3. ആദ്യമായി ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് - ശാന്തിഭൂഷൺ (1968ൽ)

4. ലോക്പാൽ ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ച വർഷം - 2014 ജനുവരി 1 

5. ലോക്പാൽ നിയമം നിലവിൽ വന്നത് - 2014 ജനുവരി 16

6. ഇന്ത്യയുടെ ആദ്യത്തെ ലോക്പാല്‍ ചെയർപേഴ്‌സൺ (നിലവിലെ) ആര് - ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്

7. ഇന്ത്യയുടെ ആദ്യത്തെ ലോക്പാലിനെ രാഷ്‌ട്രപതി നിയമിച്ചത് - 2019 മാർച്ച് 19 

8. ഇന്ത്യയുടെ പ്രഥമ ലോക്പാലിലെ ജുഡീഷ്യൽ അംഗങ്ങൾ - ദിലീപ് ബി. ഭോസലേ, അജയ് കുമാർ ത്രിപാഠി, പ്രദീപ് കുമാർ മൊഹന്തി, അഭിലാഷാ കുമാരി

9. ഇന്ത്യയുടെ പ്രഥമ ലോക്പാലിലെ നോൺ ജുഡീഷ്യൽ അംഗങ്ങൾ - ദിനേശ് കുമാർ ജയിൻ, മഹേന്ദർ സിങ്, അർച്ചന രാമസുന്ദരം, ഇന്ദ്രജീത് പ്രസാദ് ഗൗതം

10. ലോക്പാൽ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് - പ്രസിഡന്റ് 

11. എത്ര അംഗങ്ങളുള്ള സമിതിയാണ് ലോക്‌പാൽ - ചെയർപേഴ്‌സണടക്കം 9 അംഗങ്ങൾ 

12. ലോക്പാലിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായം - 45

13. ലോക്പാൽ അംഗങ്ങളെ നിയമിക്കുന്നത് - പ്രസിഡന്റ്

14. ലോക്പാലിനെ നീക്കം ചെയ്യുന്നത് - പ്രസിഡന്റ് 

15. ലോക്പാൽ ചെയർപേഴ്‌സന്റെ യോഗ്യത - സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചയാളായിരിക്കണം. അല്ലെങ്കിൽ പൊതുസമ്മതനും 25 വർഷത്തിലധികം അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയ വ്യക്തിയെ സംവരണ മാനദണ്ഡങ്ങൾ പാലിച്ച്കൊണ്ട് സെലക്ഷൻ സമിതിയ്ക്ക് നിയമിക്കാവുന്നതാണ്

16. ലോക്പാലിൽ എത്ര ശതമാനം ജുഡീഷ്യൽ അംഗങ്ങളുണ്ടാവണം - 50 ശതമാനം

17. SC/ST, പിന്നാക്ക, ന്യൂനപക്ഷ, സ്ത്രീവിഭാഗങ്ങളിൽനിന്നുള്ളവർ എത്ര ശതമാനം ലോക്പാലിൽ ഉണ്ടായിരിക്കണം - 50 ശതമാനം

18. പ്രധാനമന്ത്രിക്കെതിരെയുള്ള പരാതികളിൽ പ്രാഥമികാന്വേഷണത്തിന് ലോക്പാലിന്റെ ഫുൾബെഞ്ചിൽ എത്ര അംഗങ്ങളുടെ പിന്തുണ ഉണ്ടായിരിക്കണം - മൂന്നിൽ രണ്ട് അംഗങ്ങളുടെ

19. ലോക്പാൽ സെലക്ഷൻ സമിതിയിലെ അംഗങ്ങൾ എത്രപേർ - അഞ്ച് 

20. ലോക്പാൽ സെലക്ഷൻ സമിതിയിലെ അംഗങ്ങൾ - പ്രധാനമന്ത്രി (അദ്ധ്യക്ഷൻ), പ്രതിപക്ഷ നേതാവ്, ലോകസഭ സ്പീക്കർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് / സുപ്രീം കോടതി ജഡ്ജി, രാഷ്‌ട്രപതി നാമനിർദ്ദേശം ചെയ്ത ഒരു നിയമ വിദഗ്ദ്ധൻ

21. ലോക്പാൽ ബിൽ പാസാക്കുന്നതിനുവേണ്ടി നിരാഹാരം അനുഷ്ഠിച്ച വ്യക്തി - അണ്ണാ ഹസാരെ 

22. അണ്ണാ ഹസാരെയുടെ ജന്മസ്ഥലം - മഹാരാഷ്ട്ര

23. ലോക്പാൽ ബിൽ പാസാക്കുന്നതിന് വേണ്ടി അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ സമരം നടത്തിയ സംഘടന - ജനതന്ത്ര മോർച്ച (ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ)

Post a Comment

Previous Post Next Post