ഇന്ത്യയിലെ സ്മാരകങ്ങൾ

ഇന്ത്യയിലെ സ്മാരകങ്ങൾ (Indian Monuments)

ചരിത്രത്തെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന കണ്ണികളാണ് സ്‌മാരകങ്ങൾ. ഭൂതകാല - ഭാരതത്തെ അടുത്തറിയാൻ ഈ സ്മാരകങ്ങൾ സഹായിക്കും. ഇന്ത്യയിലെ പ്രധാന സ്മാരകങ്ങൾ ഇവയാണ്.

◆ ഇന്ത്യാഗേറ്റ് - ഒന്നാം ലോകമഹായുദ്ധത്തിനു രാഷ്ട്രത്തിനുവേണ്ടി വീരമൃത്യു പ്രാപിച്ച 90,000 ഇന്ത്യൻ ജവാന്മാരുടെ യുദ്ധസ്മാരകമാണിത്.

◆ ഗ്രാന്റ് ട്രങ്ക് റോഡ് - ദക്ഷിണേഷ്യയിലെ ഏറ്റവും പഴയതും നീളമേറിയതുമായ റോഡാണ് ഗ്രാന്റ് ട്രങ്ക് റോഡ് അഥവാ ജി.ടി.റോഡ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കുപടിഞ്ഞാറൻ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിച്ച പാതയായിരുന്നു ഇത്. ബംഗാൾ മുതൽ പാകിസ്താനിലെ പെഷവാർ വരെ 2500 കിലോമീറ്ററാണ് നീളം. ഇതിനെ ഒരു പ്രധാന പാതയാക്കി ഉയർത്തിയത് ഷേർഷാ സൂരിയാണ്.

◆ ഷാലിമാർ പൂന്തോട്ടം - ഡൽഹി സർവകലാശാലയുടെ പിന്നിൽ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പൂന്തോട്ടം പഴയ ഡൽഹിയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണിത്. 1658ൽ ഔറംഗസീബ് മുഗൾ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ച സ്ഥലത്താണ് ഈ പൂന്തോട്ടം നിർമിച്ചതെന്നാണ് ചില ചരിത്രകാരന്മാർ പറയുന്നത്. ആദ്യകാലത്ത് ഐസാബാദ് ബാഗ് എന്നായിരുന്നുവത്രേ ഇതിന്റെ പേര്. ജമ്മുകാശ്മീരിലും ലാഹോറിലും ഷാലിമാർ പൂന്തോട്ടങ്ങളുണ്ട്.

◆ ഹുമയൂണിന്റെ ശവകുടീരം - ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ഉദ്യാനശവകുടീരമാണ് മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിന്റേത്. ഹുമയൂണിന്റെ ഭാര്യ ഹമിദബാനു ബീഗമാണ് 1569ൽ നിർമാണം തുടങ്ങിയത്. 1570ൽ ഡൽഹിയിലാണ് ഇത് പണികഴിപ്പിച്ചത്.

◆ താജ് മഹൽ - ലോകപ്രശസ്തമായ പ്രണയകുടീരം. ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയപത്നി മുംതാസിനായി പണിത സ്മാരകമാണിത്. 1632 മുതൽ 1648 വരെയുള്ള കാലയളവിലാണ് യമുനാ തീരത്ത് വെണ്ണക്കല്ലിൽ താജ് മഹൽ പണിതീർത്തത്. ഇന്തോ - ഇസ്ലാമിക് വാസ്തുവൈദഗ്ധ്യത്തിന്റെ മകുടോദാഹരണമായാണ് താജ് മഹൽ കണക്കാക്കപ്പെടുന്നത്.

◆ ഫത്തേപ്പൂർ സിക്രി - പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അക്ബർ ചക്രവർത്തിയാണ് ഫത്തേപ്പൂർ സിക്രി പണിതീർത്തത്. അക്ബർ തന്റെ ഗുരുവായ ഷെയ്ഖ് സലിം ചിശ്തിയുടെ ഓർമയ്ക്കായി പണികഴിപ്പിച്ച മനോഹര നഗരമാണ് ഫത്തേപ്പൂർ സിക്രി. ഹിന്ദു - മുസ്ലിം വാസ്തുവിദ്യകളുടെ സംഗമമാണ് ഇവിടം.

◆ കുത്തബ് മിനാർ - കുത്തബുദ്ദീൻ ഐബക്കിന്റെ കാലത്ത് തുടങ്ങിയ കുത്തബ് മിനാറിന്റെ നിർമാണം ഇൽത്തുമിഷാണു പൂർത്തിയാക്കിയത്. 'കുത്തബുദ്ദീൻ ഭക്തിയാർ കാക്കി' എന്ന സൂഫി സന്യാസിയോടുള്ള ആദരസൂചകമായാണ് കുത്തബ് മിനാറിനു ആ പേരു നൽകപ്പെട്ടത്.

◆ ആഗ്ര കോട്ട - പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച ഈ മുഗൾ കോട്ട ആഗ്രയുടെ ചെങ്കോട്ട എന്നറിയപ്പെടുന്നു. അക്ബറുടെ കാലത്ത് നിർമിച്ചവയിൽ പ്രധാനപ്പെട്ടതും ആദ്യത്തേതുമാണ് ആഗ്ര കോട്ട. 1565 - 75 വരെയുള്ള കാലത്താണ് ഇത് നിർമിച്ചത്.

◆ ജാലിയൻവാലാബാഗ് സ്മാരകം - 1919 ഏപ്രിൽ 13 ലെ ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയിൽ മരിച്ചവരുടെ സ്മരണയ്ക്കായി 1961ൽ പണിതുയർത്തിയ ഈ സ്മാരകത്തിന് ഒരു തീനാളത്തിന്റെ രൂപമാണ്. 45 അടിയിൽ ചെങ്കല്ലുകൊണ്ടുണ്ടാക്കിയ സ്മാരകം അന്നത്തെ പ്രസിഡന്റ് രാജേന്ദ്രപ്രസാദാണ് ഉദ്‌ഘാടനം ചെയ്തത്. ഇവിടെ തെളിയിച്ചിരിക്കുന്ന ദീപമാണ് 'അമർജ്യോതി'. 

◆ ഹവാ മഹൽ - 'കാറ്റിന്റെ കൊട്ടാരം' എന്നാണ് രാജസ്ഥാന്റെ പൈതൃകം വിളിച്ചോതുന്ന ജയ്‌പൂരിലെ ഈ കൊട്ടാരത്തെ വിശേഷിപ്പിക്കുന്നത്. മഹാരാജാ സവായ് പ്രതാപ് സിങ് 1799ൽ പണികഴിപ്പിച്ച ഈ പ്രൗഢമായ കൊട്ടാരം രജപുത്ര കലാവിരുതിന്റെ നേർക്കാഴ്ചയാണ്. ആരെയും അദ്ഭുതപ്പെടുത്തുന്ന അഞ്ചു നില കൊട്ടാരം ചുവപ്പും പിങ്കും നിറമുള്ള മണൽക്കല്ലിൽ പണിതതാണ്.

◆ എല്ലോറ ഗുഹകൾ - ഔറംഗാബാദ് ജില്ലയിലുള്ള മറ്റൊരു ഗുഹാസമുച്ചയമാണ് എല്ലോറ ഗുഹകൾ. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നിന്ന് 30 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ചന്ദ്രഗിരിക്കുന്നുകളിലാണ് ഈ ഗുഹകൾ. രണ്ടുകിലോമീറ്ററിലേറെ ദൂരത്തിൽ പരന്നുകിടക്കുന്ന 34 സന്ന്യാസാശ്രമങ്ങളുടെയും ക്ഷേത്രങ്ങളുടെയും സമന്വയമാണ് എല്ലോറ. ഹിന്ദു-ബുദ്ധ-ജൈന മതങ്ങളെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രനിർമിതിയാണിവിടെ. 

◆ അജന്ത ഗുഹകൾ - 200 ബി.സി.ക്കും 650 എ.ഡി.ക്കും ഇടയിൽ നിർമിക്കപ്പെട്ടിട്ടുള്ള അജന്താ ഗുഹകൾ ബുദ്ധസന്ന്യാസിമാരുടെ പ്രധാന കേന്ദ്രമായിരുന്നു. ഗുപ്ത രാജാക്കന്മാർ ഈ ഗുഹ മോടിപിടിപ്പിക്കുകയും കൂടുതൽ ചിത്രങ്ങളും ശില്പങ്ങളും ചേർക്കുകയും ചെയ്തു. പാറതുരന്ന് നിർമിച്ച പുരാതന ബുദ്ധവിഹാരങ്ങളും ചൈത്യ എന്നറിയപ്പെടുന്ന ആരാധനാ ഹാളും കൊത്തുപണികളുമൊക്കെ ഇവിടെ കാണാം.

◆ എലഫന്റാ ഗുഹകൾ - 'ഗുഹകളുടെ നഗരം' എന്നാണ് മഹാരാഷ്ട്രയിലെ കൊളാബ ജില്ലയിലെ ഈ ദ്വീപ് അറിയപ്പെടുന്നത്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് മുംബൈ നഗരത്തോടുചേർന്ന് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപാണ് എലഫന്റാ. ഘാരാപുരി എന്നാണ് ഇതിന്റെ പ്രാദേശിക നാമം. ബി.സി രണ്ടാം നൂറ്റാണ്ടുമുതലുള്ള പുരാവസ്തുശേഷിപ്പുകൾ ദ്വീപിൽ കാണാം. 

◆ ഗേറ്റ് വേ ഓഫ് ഇന്ത്യ - ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത് മുംബൈ തുറമുഖത്താണ്. ബ്രിട്ടനിലെ രാജാവായിരുന്ന ജോർജ് അഞ്ചാമനും രാജ്ഞിയായ മേരിയും 1911ൽ ഇന്ത്യയിൽ വന്നതിന്റെ സ്മരണയ്ക്കായി പണിതതാണ് മുംബൈ തുറമുഖത്തുള്ള ഈ സ്മാരകം. ബ്രിട്ടീഷ് ഭരണം കഴിഞ്ഞ് ഇന്ത്യയിൽ നിന്നുള്ള അവസാനത്തെ കപ്പൽ ബ്രിട്ടനിലേക്ക് യാത്രയായത് ഈ കവാടത്തിനരികിൽ നിന്നാണ്.

◆ വിക്ടോറിയ ടെർമിനസ് - വിക്ടോറിയ ടെർമിനസ് എന്നറിയപ്പെട്ടിരുന്ന മുംബൈയിലെ ഈ റെയിൽവേ സ്റ്റേഷൻ കെട്ടിടസമുച്ചയം ഇന്ന് ഛത്രപതി ശിവജി ടെർമിനസ് എന്നാണ് അറിയപ്പെടുന്നത്. 1878ൽ ബ്രിട്ടീഷുകാരനായ എഫ്.ഡബ്ല്യൂ.സ്റ്റീവന്റെ രൂപകല്പനയിൽ പണി തുടങ്ങിയ വിക്ടോറിയ ടെർമിനസ്സിന്റെ പണി പൂർത്തിയാക്കാൻ 10 വർഷം എടുത്തു. എങ്കിലും 1882ൽ പുതുവർഷദിനത്തിൽ ഇവിടന്ന് തീവണ്ടി ഓടിച്ചുതുടങ്ങി.

◆ ചാർമിനാർ - നാല് ഗോപുരങ്ങൾ ചേർന്ന കൂറ്റൻ സ്മാരകമാണ് ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് നഗരത്തിലുള്ള ചാർമിനാർ. 1591ലാണ് ഇതു പണിതുയർത്തിയത്. മുഹമ്മദ് ക്വുലി കുത്തബ്ഷാ എന്ന ഭരണാധികാരി പണിത ചാർമിനാറിന്റെ ഓരോ മിനാരത്തിനും 48.7 മീറ്റർ വീതം ഉയരമുണ്ട്.

◆ ഖജുരാഹോയിലെ ശില്പങ്ങൾ - ഝാൻസിയിൽ നിന്ന് 175 കിലോമീറ്റർ തെക്കു കിഴക്കാണ് ഖജുരാവോ. നാഗര മാതൃകയിലുള്ള ഹിന്ദുക്ഷേത്രങ്ങളും ജൈനക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഛന്ദേലാ രാജവംശത്തിന്റെ ഭരണകാലത്ത് നിർമിച്ച ക്ഷേത്രങ്ങളാണ് ഖജുരാഹോയിലേത്. ഹിന്ദുമതവും ജൈനമതവുമായി ബന്ധപ്പെട്ട ഇരുപതോളം ക്ഷേത്രങ്ങളുടെ ശേഷിപ്പുകളാണ് ഇവിടെയുള്ളത്. ഭാരതീയ ശില്പകലയുടെ മകുടോദാഹരണങ്ങളാണ് ഖജുരാഹോയിലെ ശില്പങ്ങൾ. 

◆ കൊണാർക്കിലെ സൂര്യക്ഷേത്രം - കൊണാർക്കിൽ ബംഗാൾ ഉൾക്കടലിന്റെ തീരത്തോടുചേർന്ന് സ്ഥിതിചെയ്യുന്ന മനോഹരക്ഷേത്രം. ഒഡിഷയിലെ പുരി ജില്ലയിലാണ് ഇന്ത്യയിലെ മഹാക്ഷേത്രങ്ങളിലൊന്നായ കൊണാർക്ക് സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ കിഴക്കൻ ഗംഗാ രാജവംശത്തിലെ നരസിംഹദേവ ഒന്നാമൻ (1236 - 1264) നിർമിച്ചതെന്നു കരുതപ്പെടുന്ന സൂര്യക്ഷേത്രം കലിംഗൻ ക്ഷേത്രവാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ്.

◆ ഹംപി സ്മാരകങ്ങൾ - വിജയനഗര സാമ്രാജ്യത്തിന്റെ അവസാനത്തെ തലസ്ഥാനമായിരുന്ന ഹംപിയിലെ നിർമിതികൾ ദ്രവീഡിയൻ വാസ്തുശില്പകലയുടെ സമാനതകളില്ലാത്ത ഉദാഹരണമാണ്. കോട്ടകൾ, ക്ഷേത്രങ്ങൾ, ഉദ്യാനങ്ങൾ, മണ്ഡപങ്ങൾ, കവാടങ്ങൾ, വിഗ്രഹങ്ങൾ തുടങ്ങി 1600 ലേറെ പുരാവസ്തുശേഷിപ്പുകൾ ഹംപിയിൽ കാണാം.

◆ തിരുവള്ളുവർ പ്രതിമ - 'തിരുക്കുറൽ' എന്ന തമിഴ് മഹാകാവ്യത്തിന്റെ കർത്താവ് തമിഴ് മഹാകവി തിരുവള്ളുവരുടെ കൂറ്റൻ പ്രതിമ കന്യാകുമാരിയാനുള്ളത്. 133 അടി ഉയരമുള്ള കൽപ്രതിമയാണിത്. പ്രതിമയ്ക്ക് മാത്രം 95 അടി ഉയരമാണുള്ളത്. 38 അടി ഉയരമുള്ള ഒരു തറയിലാണ് പ്രതിമ നിൽക്കുന്നത്. പ്രതിമയ്ക്ക് മുൻപിലെ 38 പടികൾ തിരുക്കുറലിലെ 38 അധ്യായങ്ങളെ സൂചിപ്പിക്കുന്നു. 133 അടി എന്ന പ്രതിമയുടെ ഉയരത്തിനുമുണ്ട് തിരുക്കുറലുമായി ബന്ധം. തിരുക്കുറലിലെ 133 അധ്യായങ്ങൾ. കന്യാകുമാരിയിലെ ഒരു ചെറുദ്വീപിൽ പണിതുയർത്തിയ ഇതിന്റെ പണി 2000ത്തിൽ തീർന്നു.

◆ തഞ്ചാവൂർ ക്ഷേത്ര നഗരം - ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ക്ഷേത്രനഗരമാണ് തഞ്ചാവൂർ. സി.ഇ ഒമ്പതാം നൂറ്റാണ്ടുമുതൽ തഞ്ചാവൂരിലും പരിസരപ്രദേശങ്ങളിലും ആധിപത്യമുറപ്പിച്ച ചോളരാജാക്കന്മാർ തെന്നിന്ത്യയിലും സമീപ ദ്വീപുകളിലുമായി പണിതീർത്ത ക്ഷേത്രങ്ങളാണ് ഗ്രേറ്റ് ലിവിങ് ചോള ക്ഷേത്രങ്ങൾ. പതിനൊന്നാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലും നിർമിച്ച മൂന്ന് മഹാക്ഷേത്രങ്ങളാണ് ഇവയിലുൾപ്പെടുന്നത്. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം, ഗംഗൈകൊണ്ട ചോളപുരത്തെ ബൃഹദീശ്വര ക്ഷേത്രം, ദാരാസുരത്തെ ഐരാവതേശ്വര ക്ഷേത്രം എന്നിവയാണവ.

◆ മഹാബലിപുരത്തെ ക്ഷേത്ര സമുച്ചയം - ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കേ തീരമായ കോറമാൻഡൽ തീരത്ത് ഏഴ്, എട്ട് നൂറ്റാണ്ടുകളിൽ പല്ലവരാജവംശം നിർമിച്ച ശിലാശില്പങ്ങളാണ് മഹാബലിപുരത്തിന്റെ പ്രത്യേകത. ഗുഹാക്ഷേത്രങ്ങളും ഒറ്റക്കൽമണ്ഡപങ്ങളും ക്ഷേത്രങ്ങളും മഹാബലിപുരത്ത് തലയുയർത്തിനിൽക്കുന്നു. തിരുക്കടൽ മല്ലൈ എന്ന വിഷ്ണുക്ഷേത്രം, ശിലാശില്പങ്ങളായ 'ഗംഗയുടെ പതനം', അർജുനന്റെ തപസ്സ്, വരാഹഗുഹാക്ഷേത്രം, പഞ്ചരഥങ്ങൾ തുടങ്ങിയവയാണ് ഏറ്റവും പ്രശസ്തം.

◆ സെല്ലുലാർ ജയിൽ - ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ തലസ്ഥാനമായ പോർട്ട് ബ്ലയറിൽ ബ്രിട്ടീഷുകാർ പണിതതാണ് ഈ കൂറ്റൻ തടവറ. 'കാലാപാനി' എന്നാണിവിടം അറിയപ്പെട്ടത്. 1896ൽ ഈ തടവറയുടെ പണി തുടങ്ങി. 14 വർഷംകൊണ്ട് പൂർത്തിയായി. 1910ൽ പണി പൂർത്തിയാവുമ്പോൾ 698 സെല്ലുകൾ ഇതിലുണ്ടായിരുന്നു. ഓരോ തടവറയ്ക്കും 4.5 മീറ്റർ നീളവും 2.7 മീറ്റർ വീതിയും. സെല്ലുലാർ ജയിലിൽ തെളിയിച്ചിരിക്കുന്ന കെടാദീപമാണ് 'സ്വാതന്ത്ര്യജ്യോതി'.

◆ കുംഭമേള - ലോകത്തിൽ ഏറ്റവും കൂടുതൽ ഹൈന്ദവ വിശ്വാസികൾ ഒത്തുകൂടുന്ന ഉത്സവമാണ് കുംഭമേള. പന്ത്രണ്ടുവർഷത്തിൽ നാലുതവണ നാല് പ്രധാന സ്ഥലങ്ങളിലായാണ് കുംഭമേള നടക്കുന്നത്. പ്രയാഗ്, ഹരിദ്വാർ, ഉജ്ജയിനി, നാസിക് എന്നിവിടങ്ങളിലാണിത്. പന്ത്രണ്ടാം വർഷം മഹാകുംഭമേള നടത്തും. ആറു വർഷം കൂടുമ്പോൾ നടത്തുന്നതാണ് അർധ കുംഭമേള.

◆ ഗോവയിലെ പള്ളികൾ - പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ഗോവയിലെ പുരാതന പള്ളികളും കോൺവെന്റുകളും ഏഷ്യയിലെ സുവിശേഷപ്രവർത്തനങ്ങളെ വരച്ചുകാട്ടുന്നവയാണ്. ബോം ജീസസ് ബസിലിക്ക, സെന്റ് ഫ്രാൻസിസിന്റെ ശവകുടീരം, സെന്റ് കാതറീൻ ചാപ്പൽ, ചർച്ച് ഓഫ് അവർ ലേഡി ഓഫ് റോസറി തുടങ്ങിയവ മാനുവെലൈൻ, മാന്നെറിസ്റ്റ്, ബറോക്ക് ശൈലികളിലുള്ള കലയുടെയും വാസ്തുവിദ്യയുടെയും ഉത്തമോദാഹരണങ്ങളായ നിർമിതികളാണ്. 

◆ പട്ടഡക്കലിലെ ക്ഷേത്ര സമുച്ചയങ്ങൾ - ഏഴ് - എട്ട് നൂറ്റാണ്ടുകളിൽ ചാലൂക്യ രാജവംശം നിർമിച്ച ഹിന്ദു, ജൈനക്ഷേത്രങ്ങളുടെ സമന്വയമാണ് പട്ടടക്കൽ കാണാനാവുക. വടക്കേ ഇന്ത്യയുടെയും തെന്നിന്ത്യയുടെയും കലാപാരമ്പര്യത്തിന്റെ സമ്മേളനം കൂടിയാണ് ഈ നിർമിതികൾ. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് ഈ പുരാതന ഗ്രാമം സ്ഥിതിചെയ്യുന്നത്.

◆ സാഞ്ചി സ്‌തൂപം - ബി.സി മൂന്നാം നൂറ്റാണ്ടു മുതൽ എ.ഡി.പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള നീണ്ട ചരിത്രമാണ് സാഞ്ചിയുടേത്. സാഞ്ചിയിലെ ബുദ്ധസ്തൂപം ലോകപ്രശസ്തമാണ്. അശോക ചക്രവർത്തിയാണ് ഇത് പണികഴിപ്പിച്ചത്. കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും ബുദ്ധവിഹാരങ്ങളുടെയും അവശിഷ്ടങ്ങളും ഒറ്റക്കൽത്തൂണുകളുമൊക്കെ സാഞ്ചിയിൽ കാണാം.

◆ മൗണ്ടൻ റെയിൽവേസ് - 1881ൽ ആണ് ഡാർജിലിങ് ഹിമാലയൻ റെയിൽവേ പ്രവർത്തനം ആരംഭിച്ചത്. ഹിമാലയൻ പർവതനിരകളുടെ അതുല്യഭംഗിയിൽ മലനിരകളെ ബന്ധിപ്പിച്ചുകൊണ്ടാണിതിന്റെ നിർമാണം. തമിഴ്‌നാട്ടിലാണ് നീലഗിരി മൗണ്ടൻ റെയിൽവേ സ്ഥിതിചെയ്യുന്നത്.  96 കി.മീ ദൂരത്തിലാണ് കൽക്ക - ഷിംല റെയിൽപ്പാത കടന്നുപോകുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ സിംഗിൾ - ട്രാക്ക് തീവണ്ടിപ്പാതയുടെ നിർമാണം. ഈ മൂന്ന് റെയിൽവേകളും ഇന്നും പ്രവർത്തനക്ഷമമാണ്. 

◆ മഹാബോധി ക്ഷേത്രം - ശ്രീബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാല് വിശുദ്ധ ഭൂമികളിൽ ഒന്നാണ് ബുദ്ധഗയയിലെ മഹാബോധി ക്ഷേത്ര സമുച്ചയം.  ബി.സി.മൂന്നാം നൂറ്റാണ്ടിൽ മഹാനായ അശോക ചക്രവർത്തിയാണ് മഹാബോധി ക്ഷേത്ര സമുച്ചയം നിർമിച്ചത്. എ.ഡി അഞ്ച് - ആറ് നൂറ്റാണ്ടുകളിലാണ് മറ്റ് ക്ഷേത്രങ്ങളുടെ നിർമാണം. 

◆ ഭീംബേട്കയിലെ കൽക്കൂടാരങ്ങൾ - ആദിമ മനുഷ്യന്റെ ആവാസകേന്ദ്രമായിരുന്നു മധ്യപ്രദേശിലെ ഭീംബെട്കയിലെ ഗുഹകൾ. മധ്യ ഇന്ത്യൻ പീഠഭൂമിയുടെ തെക്കേ അറ്റത്തായി വിന്ധ്യപർവതത്തിന്റെ താഴ്വരയിലാണ് ഭീംബെട്ക ശിലാഗൃഹങ്ങൾ ഉള്ളത്. ഒൻപതിനായിരത്തിൽ അധികം വർഷങ്ങൾ പഴക്കമുള്ള ഗുഹാചിത്രങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ആദിമ മനുഷ്യർ പല പരിണാമഘട്ടങ്ങളിലായി വരച്ച ചിത്രങ്ങളാണിവ.

◆ ചമ്പാനിർ പാവാഗഡ് ആർക്കിയോളജിക്കൽ പാർക്ക് - ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലാണ് ഈ പുരാവസ്തു ഉദ്യാനം സ്ഥിതിചെയ്യുന്നത്. പാവാഗഡ് മലയുടെ മുകളിലും ചെരിവുകളിലുമായി കൊട്ടാരങ്ങളും പ്രവേശനകവാടങ്ങളും കമാനങ്ങളും മസ്ജിദുകളും ക്ഷേത്രങ്ങളും കോട്ടകളും കിണറുകളും ജലസംഭരണികളുമൊക്കെ ഇന്നും കാര്യമായ കേടുപാടുകളില്ലാതെ നിലനിൽക്കുന്നു. 

◆ ചെങ്കോട്ട - ചുവന്ന കല്ലുകൊണ്ടു നിർമിക്കപ്പെട്ട ഈ കോട്ട പണികഴിപ്പിച്ചതു ഷാജഹാനാണ്. തലസ്ഥാനം ആഗ്രയിൽ നിന്നു ഡൽഹിയിലേക്കുമാറ്റിക്കൊണ്ട് 'ചുവപ്പുകോട്ട' ആസ്ഥാനമാക്കി അദ്ദേഹം ഭരണം നടത്തി. ചുവപ്പുകോട്ടയിൽ നിന്നുകൊണ്ടാണ് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്.

◆ ജന്തർ മന്തർ - പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ജയ്‌പുരിൽ ജന്തർ മന്തർ നിർമിക്കപ്പെട്ടത്. പുരാതന ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രമാണിത്. ഉറപ്പിച്ചുനിർത്തിയ പത്തൊൻപത് ഉപാധികളുടെ കൂട്ടമാണിത്. രജപുത്രഭരണത്തിന്റെ വാസ്തുവിദ്യാ മികവിന്റെയും ജ്യോതിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങളുടെയും സാക്ഷ്യപ്പെടുത്തലാണ് ഈ വിസ്മയനിർമിതി.

◆ രാജസ്ഥാൻ കുന്നുകളിലെ കോട്ടകൾ - രാജസ്ഥാനിലെ ആറ് മഹത്തായ കോട്ടകളടങ്ങുന്നതാണിത്. ചിത്തോർഗഢ്, കുംഭൽഗഢ്, സവായ് മാധോപുർ, ഝാലാവാർ, ജയ്‌പുർ, ജയ്‌സാൽമേർ എന്നിവയാണിവ. എട്ടാം നൂറ്റാണ്ടുമുതൽ പതിനെട്ടാം നൂറ്റാണ്ടുവരെ ഈ പ്രദേശങ്ങൾ ഭരിച്ചിരുന്ന രജപുത്രരാജാക്കന്മാരുടെ അധികാരത്തിന്റെയും സമ്പന്നതയുടെയും അടയാളങ്ങളാണ് ഈ കോട്ടകൾ.

◆ റാണി കി വാവ് - ഗുജറാത്തിലെ പഠാനിൽ പതിനൊന്നാം നൂറ്റാണ്ടിൽ നിർമിച്ച പടിക്കിണറാണ് റാണി കി വാവ്. സരസ്വതീനദിയുടെ കരയിൽ മാരു - ഗുർജര വാസ്തുശൈലിയിൽ പല നിലകളിലായാണ് ഈ സൗധം നിർമിച്ചിട്ടുള്ളത്.  

◆ നളന്ദ സർവകലാശാല - അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തരാജവംശത്തിലെ കുമാരഗുപ്തൻ ഒന്നാമൻ സ്ഥാപിച്ച പുരാതന ഇന്ത്യയിലെ സർവകലാശാലയാണ് നളന്ദ. ഹര്‍ഷന്റെ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തമായ വിജ്ഞാനകേന്ദ്രം നളന്ദ സര്‍വകലാശാലയായിരുന്നു. നളന്ദ ഒരു ബുദ്ധവിഹാരമായിരുന്നു. പിന്നീട് ഇന്ത്യയിലെ ഒരു ഉന്നത വിദ്യാപീഠമായി അതു വളര്‍ന്നുവന്നു.

◆ ലെ കോർബസിയറുടെ വാസ്തുവിദ്യാ സൃഷ്ടികൾ - ചണ്ഡീഗഢിന്റെ ശില്പി ലെ കോർബസിയറുടെ ഏറ്റവും മനോഹരമായ വാസ്തുശില്പമാണ് ക്യാപിറ്റോൾ കോംപ്ലക്സ്. പഞ്ചാബ്, ഹരിയാന സർക്കാരുകളുടെ ആസ്ഥാനമാണിത്. ശിവാലിക് മലകൾക്ക് അഭിമുഖമായി ഈ 'വാസ്തുശില്പം' നിലകൊള്ളുന്നു. ഇതിൽ മൂന്ന് മന്ദിരങ്ങളുണ്ട്. സെക്രട്ടേറിയറ്റ്, ഹൈക്കോടതി, നിയമനിർമാണ സഭ എന്നിവ ഓരോ മന്ദിരത്തിലും പ്രവർത്തിക്കുന്നു. ഈ മന്ദിരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് നിർമിച്ച നടപ്പുരകളുമുണ്ട്.

◆ വിക്ടോറിയൻ ഗോഥിക് ആൻഡ് ആർട്ട് ഡെക്കോ എൻസെമ്പിൾസ് - ഇന്ത്യൻ കാലാവസ്ഥയ്ക്ക് ചേരുന്ന രീതിയിൽ മട്ടുപ്പാവും വരാന്തകളും ഉൾക്കൊള്ളിച്ചതാണ് വിക്ടോറിയൻ കെട്ടിടങ്ങൾ. തിയേറ്ററുകളും സിനിമാ തിയേറ്ററുകളും അടങ്ങുന്ന ആർട്ട് ഡെക്കോ നിർമിതികളാകട്ടെ ഇന്ത്യൻ മാതൃകയുടെയും ആർട്ട് ഡെക്കോ ഭാവനയുടെയും സമന്വയമാണ്. ഈ തനതുശൈലി ഇൻഡോ-ഡെക്കോ എന്നറിയപ്പെടുന്നു.

◆ കാകതീയ രുദ്രേശ്വര (രാമപ്പ) ക്ഷേത്രം - തെലങ്കാനയിലെ ഹൈദരാബാദ് നഗരത്തിൽ നിന്ന് 200 കി.മീ മാറി സ്ഥിതിചെയ്യുന്ന പാലംപേട്ട് ഗ്രാമത്തിലാണ് രുദ്രേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാമപ്പ ക്ഷേത്രം എന്നാണ് ഇവിടം പൊതുവേ അറിയപ്പെടുന്നത്. എ.ഡി 1123 നും 1323 നും ഇടയിൽ കാകതീയ രാജവംശത്തിന്റെ ഭരണകാലത്താണ് ഈ ശിവക്ഷേത്രം നിർമ്മിക്കപ്പെട്ടത്.

◆ ധൊലാവിര - ഹാരപ്പൻ സംസ്കാരത്തിന്റെ ദക്ഷിണകേന്ദ്രമായിരുന്നു പുരാതന നഗരമായ ധൊലാവിര. ഗുജറാത്തിലെ വരണ്ട ഭൂപ്രദേശമായ ഖാദിർ ദ്വീപിലാണ് ഈ നഗരത്തിന്റെ ശേഷിപ്പ് കണ്ടെത്തിയത്. ബി.സി.3000 ത്തിനും 1500 നും ഇടയിലാണ് ഈ നഗരം സജീവമായിരുന്നത്. 

◆ ശാന്തിനികേതൻ - 1901ൽ പശ്ചിമബംഗാളിലെ ഗ്രാമപ്രദേശത്താണ് ശാന്തിനികേതൻ സ്ഥാപിതമായത്. പശ്ചിമ ബംഗാളിലെ ബിർ ബൂം ജില്ലയിൽ സ്ഥിതിചെയ്യുന്ന ശാന്തിനികേതൻ.പുരാതന ഇന്ത്യൻ സാംസ്‌കാരിക കലകളുടെ കേന്ദ്രം എന്ന നിലയിലും മതത്തിന്റെയും സംസ്കാരത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം മാനവിക ഐക്യത്തിന്റെ ദർശനം എന്ന നിലയിലും ശാന്തിനികേതൻ നിലകൊള്ളുന്നു.

◆ ഹൊയ്‌സാല ക്ഷേത്രങ്ങൾ - ദക്ഷിണേന്ത്യയിൽ 12 - 13 നൂറ്റാണ്ടുകളിലായി ഹൊയ്‌സാല രാജാക്കന്മാർ നിർമിച്ച ക്ഷേത്രങ്ങളാണിവ. ഹാസൻ ജില്ലയിലെ ബേലൂർ ചെന്നകേശവ ക്ഷേത്രം, ഹാലേബീഡുവിലെ ഹൊയ്‌സാലേശ്വര ക്ഷേത്രം, മൈസൂരു ജില്ലയിലെ സോമനാഥപുര കേശവക്ഷേത്രം എന്നിങ്ങനെ ഹൊയ്‌സാല വാസ്തുവിദ്യയുടെ അഴകും പ്രൗഢിയും ചേർന്ന ക്ഷേത്രങ്ങളാണ് ഇവ. അപൂർവമായ കൊത്തുപണികളും ശിലാലിഖിതങ്ങളുമുള്ള മൂന്ന് ക്ഷേത്രങ്ങളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണുള്ളത്.

◆ രാഷ്‌ട്രപതി ഭവൻ - 1931ൽ പണി കഴിപ്പിച്ച ഈ മന്ദിരം അക്കാലത്ത് 'വൈസ്രോയിയുടെ ഭവനം' എന്നറിയപ്പെട്ടിരുന്നു. സർ എഡ്വേർഡ് ലുട്ടെൻസ് ആണ് ഈ കൊട്ടാരം രൂപകൽപന ചെയ്‌തത്‌. 4.5 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്നു. 340 മുറികൾ ഈ മന്ദിരത്തിലുണ്ട്.

◆ മുഗൾ ഗാർഡൻസ് - രാഷ്‌ട്രപതി ഭവൻ മന്ദിരത്തിനു പടിഞ്ഞാറു ഭാഗത്താണു മനോഹരമായ മുഗൾ ഗാർഡൻസ് സ്ഥിതിചെയ്യുന്നത്. ശലഭോദ്യാനം കൂടിയായ ഇവിടെ ധാരാളം പൂമ്പാറ്റകൾ വന്നെത്തും. ഫെബ്രുവരിയിൽ ഈ ഉദ്യാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാറുണ്ട്.

◆ രാജ്ഘട്ട് - മഹാത്മാഗാന്ധിയുടെ സമാധിസ്ഥലം. കറുത്ത മാർബിളിൽ ഹേറാം എന്നു രേഖപ്പെടുത്തിയിരിക്കുന്നു. യമുനാനദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.

◆ ഫ്രഞ്ച് യുദ്ധസ്‌മാരകം - പുതുച്ചേരിയിൽ സ്ഥിതിചെയ്യുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ ഫ്രാൻസിനു വേണ്ടി ജീവത്യാഗം ചെയ്‌ത സൈനികർക്കുള്ള സ്മാരകമാണിത്. ഗൂബർട്ട് അവന്യൂവിലാണിത്.

◆ ലൈറ്റ് ഹൗസ് - പുതുച്ചേരിയിൽ സ്ഥിതിചെയ്യുന്നു. 1836 ജൂലൈ 1ന് സ്ഥാപിച്ചു. 1979 വരെ ഇത് പ്രവർത്തിച്ചിരുന്നു.

◆ ആയി മണ്ഡലം - പുതുച്ചേരിയിൽ സ്ഥിതിചെയ്യുന്നു. ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയന്റെ കാലത്താണ് ഈ സ്മാരകം നിർമ്മിച്ചത്. നഗരത്തിൽ വെള്ളം എത്തിക്കുവാനുള്ള സൗകര്യവും ഇതിൽ ഉണ്ടായിരുന്നു.

◆ രാജ് നിവാസ് - പുതുച്ചേരി ലഫ്റ്റനന്റ് ഗവർണറുടെ ഔദ്യോഗിക വസതിയാണിത്. ഫ്രഞ്ച് വാസ്തു വിദ്യയിൽ പണിത ഈ കെട്ടിടം മുമ്പ് ഫ്രഞ്ച് ഗവർണറുടെ വസതിയായിരുന്നു.

◆ റൊമയ്ൻ റോളണ്ട് ലൈബ്രറി - പുതുച്ചേരിയിൽ സ്ഥിതിചെയ്യുന്നു. 1872 ലാണ് ഇത് സ്ഥാപിച്ചത്. ഫ്രഞ്ചിലും ഇംഗ്ലീഷിലുമുള്ള 3 ലക്ഷം പുസ്തകങ്ങൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

◆ അവ്ർ ലേഡി ഓഫ് എയ്ഞ്ചൽസ് പള്ളി - പുതുച്ചേരിയിൽ സ്ഥിതിചെയ്യുന്നു. 1855 ലാണ് ഗ്രീക്കു റോമൻ വാസ്തു ശൈലിയിൽ പള്ളി പണികഴിപ്പിച്ചത്. നെപ്പോളിയൻ സമ്മാനിച്ച അപൂർവ എണ്ണഛായ ചിത്രങ്ങൾ പള്ളിയെ അലങ്കരിക്കുന്നു. ഫ്രഞ്ച് ധീര വനിത ജോൻ ഓഫ് ആർക്കിന്റെ ഒരു പ്രതിമയും പള്ളിക്ക് മുമ്പിലുണ്ട്.

◆ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് - പുതുച്ചേരിയിൽ സ്ഥിതിചെയ്യുന്നു. ലോക പ്രശസ്തമായ ഈ ഗവേഷണ കേന്ദ്രം മനോഹരമായ രണ്ടുകെട്ടിടങ്ങളിലാണ്. ഇൻഡോളജി, ചരിത്രം എന്നീ വിഷയങ്ങളിൽ ഇവിടെ ഗവേഷണം നടക്കുന്നു.

◆ ബോട്ടാണിക്കൽ ഗാർഡൻ - തെക്കേ ഇന്ത്യയിലെ ഏറ്റവും നല്ല ബോട്ടാണിക്കൽ ഗാർഡനുകളിൽ ഒന്ന് പുതുച്ചേരിയിലാണ്. 1826ൽ ഫ്രഞ്ചുകാരാണ് ഇത് സ്ഥാപിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1500 ഓളം ഇനം ചെടികളും വൃക്ഷങ്ങളും ഇവിടെയുണ്ട്. ഫ്രഞ്ച് ശൈലിയിലുള്ളതാണ് ഈ പൂന്തോട്ടം.

Post a Comment

Previous Post Next Post