ഹെൻ‌റി കാവൻഡിഷ്

ഹെൻ‌റി കാവൻഡിഷ് ജീവചരിത്രം (Henry Cavendish in Malayalam)

ജനനം: 1731 ഒക്ടോബർ 10 

മരണം: 1810 ഫെബ്രുവരി 24 

കേംബ്രിഡ്ജിലെ ലോകപ്രസിദ്ധമായ ന്യൂക്ലിയര്‍ഫിസിക്സ്‌ പരീക്ഷണശാലയുടെ പേര്‌ കാവൻഡിഷ് ലബോററട്ടറി എന്നാണ്‌. ഹെൻ‌റി കാവൻഡിഷ് എന്ന മഹാനായ ശാസ്ത്രജ്ഞന്റെ ഓര്‍മയ്ക്കായാണ്‌ ഈ പേര്. രസതന്ത്രത്തില്‍ കാവൻഡിഷിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന ഹൈഡ്രജന്റെ കണ്ടുപിടിത്തമാണ്‌. ജലം ഒരു മൂലകമാണെന്നായിരുന്നു കാവന്‍ഡിഷിന്റെ കാലത്ത്‌ എല്ലാവരുടേയും വിശ്വാസം. അപ്പോഴാണ്‌ ഹൈഡ്രജന്‍ വാതകം വായുവില്‍ കത്തുമ്പോള്‍ വെള്ളമുണ്ടാകുമെന്ന്‌ കാവന്‍ഡിഷ്‌ തെളിയിച്ചത്‌. ആ കണ്ടുപിടിത്തം രസതന്ത്രത്തിലെ നാഴികക്കല്ലായി മാറി. വായുവില്‍ നിന്ന്‌ വേറെയും വാതകങ്ങള്‍ കാവെന്‍ഡിഷ്‌ വേര്‍തിരിച്ചെടുത്തു. ഫിസിക്സിലും കാവന്‍ഡിഷ്‌ മികച്ച സംഭാവന നല്‍കിയിട്ടുണ്ട്‌. ഗുരുത്വസ്ഥിരാങ്കത്തിന്റെ വില പരീക്ഷണം വഴി നിര്‍ണയിച്ചതായിരുന്നു അതിലൊന്ന്‌. 1798-ലായിരുന്നു കാവെന്‍ഡിഷിന്റെ ഈ നേട്ടം. 

1731-ല്‍, ഇംഗ്ലണ്ടിലെ നൈസ്‌ എന്ന സ്ഥലത്താണ്‌ ഹെൻ‌റി കാവന്‍ഡിഷിന്റെ ജനനം. അച്ഛന്‍ ചാള്‍സ്‌ കാവെന്‍ഡിഷ്‌ പ്രഭു. അമ്മ ലേഡി ആനി. ഹെൻറിക്കു രണ്ടു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. അത്‌ കൊച്ചു ഹെൻറിയുടെ മനസിനെ വല്ലാതെ ബാധിച്ചു. ജീവിതകാലം മുഴുവന്‍ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെട്ട് ഒരു വിചിത്ര മനുഷ്യനായി കഴിയുന്ന മാനസികാവസ്ഥയിലാണ്‌ അതവനെ എത്തിച്ചത്‌. കുട്ടിക്കാലം മുതല്‍ക്കേ കാവന്‍ഡിഷിന്‌ ശാസ്ത്രത്തില്‍ താല്‍പര്യമുണ്ടായിരുന്നു. കേംബ്രിഡ്ജില്‍ കുറേക്കാലം പഠിച്ചുവെങ്കിലും കാവന്‍ഡിഷ്‌ അവിടെ നിന്നു ബിരുദമെടുത്തില്ല. പിന്നെ പാരീസില്‍ പോയി പഠിച്ചു. സമ്പന്നനായ പിതാവ് വീടിനോടനുബന്ധിച്ചു തന്നെ ഒരു പരീക്ഷണശാല മകനുവേണ്ടി പണിതുകൊടുത്തിരുന്നു. ആ പരീക്ഷണശാലയും വീട്ടിലെ വലിയ ലൈബ്രറിയുമായിരുന്നു കാവന്‍ഡിഷിന്റെ ലോകം. നീണ്ട അമ്പതുവര്‍ഷക്കാലം സ്വന്തം പരീക്ഷണശാലയില്‍ അദ്ദേഹം ഒറ്റയ്ക്കു ഗവേഷണം ചെയ്തു! മനുഷ്യരുമായി കൂടിക്കാണുന്നത്‌ റോയല്‍ സൊസൈറ്റിയോഗത്തില്‍ പങ്കെടുക്കുമ്പോള്‍ മാത്രം! 1760 മുതല്‍ കാവെന്‍ഡിഷ്‌ റോയല്‍ സൊസൈറ്റി അംഗമായിരുന്നു.

“പണ്ഡിതന്മാര്‍ക്കിടയിലെ സമ്പന്നന്‍, സമ്പന്നര്‍ക്കിടയിലെ പണ്ഡിതന്‍" - കാവന്‍ഡിഷിന്‌ ഇങ്ങനെയും വിശേഷണമുണ്ട്‌. തന്റെ കാലത്ത്‌ ഇംഗ്ലണ്ടില്‍ ഏറ്റവും സമ്പത്തുള്ളവരിലൊരാളായിരുന്നു കാവന്‍ഡിഷ്‌. പക്ഷേ, കാവന്‍ഡിഷിന്റെ ശ്രദ്ധ മുഴുവന്‍ ശാസ്ത്രത്തിലായിരുന്നു. തനിക്ക്‌ എത്ര സ്വത്തുണ്ടെന്നുപോലും അദ്ദേഹത്തിനറിയില്ലായിരുന്നു.സമ്പത്തിന്റെ നടുവില്‍ ഒരു ദരിദ്രനെപ്പോലെയായിരുന്നു ആ ശാസ്ത്രജ്ഞന്റെ ജീവിതം! വിചിത്രമായ പെരുമാറ്റശീലമായിരുന്നു കാവന്‍ഡിഷിന്റേത്. ആരോടും അധികം സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. പ്രത്യേകിച്ച് സ്ത്രീകളോട്. അവിവാഹിതനായി ജീവിച്ച കാവന്‍ഡിഷ്‌ സ്ത്രീകളോട് വല്ലാത്ത അകൽച്ച പുലർത്തിയിരുന്നു. വഴിയിൽ സ്ത്രീകളാരെങ്കിലുമുണ്ടെങ്കിൽ അദ്ദേഹം വഴിമാറിപ്പൊയ്ക്കളയും! വീടിന്റെ പിൻഭാഗത്ത് തനിക്കു മാത്രം ഉപയോഗിക്കാനായി ഒരു കോണിപ്പടി കാവന്‍ഡിഷ്‌ പണിതിരുന്നു. എന്തിനെന്നോ? വേലക്കാരികളായ സ്ത്രീകളെ കാണാതെ വീട്ടിലെത്താൻ. 1810 ൽ കാവന്‍ഡിഷ്‌ അന്തരിച്ചു; എഴുപത്തൊമ്പതാമത്തെ വയസിൽ.

Post a Comment

Previous Post Next Post